Search

mahonnathan

JA slide show
ഞങ്ങള്‍ക്ക്‌ പറയാനുള്ളത്‌... Print E-mail

"ദി ട്രൂത്ത്‌ എബൗട്ട്‌ മുഹമ്മദ്‌ - ഫൗണ്ടര്‍ ഓഫ്‌ ദി വേള്‍ഡ്സ്‌ മോസ്റ്റ്‌ ഇന്‍ടോളറന്റ്‌  റിലിജ്യന്‍"- 2006 ഒക്ടോബര്‍ 29ന്‌ പുറത്തിറങ്ങിയ 'ദി ന്യൂയോര്‍ക്ക്‌ ടൈംസി' ലുള്ള  ബെസ്റ്റ്‌ സെല്ലേഴ്സിന്റെ പട്ടികയില്‍ 31​‍ാം നമ്പറായി രേഖപ്പെടുത്തിയ പുസ്തകത്തിന്റെ  തലക്കെട്ടാണിത്‌. ഇസ്ലാമോഫോബിയ സൃഷ്ടിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ജിഹാദ്‌  വാച്ച്‌, ദിമ്മി വാച്ച്‌ എന്നീ ബ്ലോഗുകളിലൂടെ പ്രസിദ്ധനായ റോബര്‍ട്ട്‌ സ്പെന്‍സര്‍ രചിച്ച  പ്രസ്തുത പുസ്തകത്തിലൂടെ അന്തിമപ്രവാചക (സ്വ)നെ നിന്ദിക്കുകയും ഭത്സിക്കുകയും  ചെയ്യേണ്ടത്‌ എങ്ങനെയെന്ന്‌ പഠിപ്പിക്കുകയാണ്‌ ഗ്രന്ഥകാരന്‍ ചെയ്യുന്നത്‌. ത്വബ്‌രി,  ഇബ്നു ഇഷാഖ്‌, ഇബ്നു സഅദ്‌ തുടങ്ങിയവരുടെ നബിചരിത്രങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട  സംഭവങ്ങളെ സന്ദര്‍ഭങ്ങളില്‍ നിന്ന്‌ അടര്‍ത്തിമാറ്റി അവതരിപ്പിച്ചുകൊണ്ട്‌ നബിജീവിതത്തെ  തമസ്കരിക്കുവാനാണ്‌ അദേഹത്തിന്റെ പരിശ്രമം. ഏഴാം നൂറ്റാണ്ടിലെ അറേബ്യയേയോ അവിടുത്തെ  സാമൂഹ്യയാഥാര്‍ഥ്യങ്ങളെയോ പരിഗണിക്കാതെ, ജനാധിപത്യത്തിന്റെ മൂശയില്‍ വളര്‍ത്തപ്പെട്ട  തലച്ചോറുമായി ഒരു ഗോത്രാധിപത്യ സമൂഹത്തെയും അതിലുണ്ടായ വിപ്ലവത്തെയും അപഗ്രഥിക്കാന്‍  ശ്രമിച്ചതാണ്‌ സ്പെന്‍സര്‍ക്ക്‌ പറ്റിയ തെറ്റെന്ന്‌ ഗ്രന്ഥകാരിയും 2008ലെ ടെഡ്‌ പ്രൈസ്‌  ജേതാവും മതത്താരതമ്യപഠന രംഗത്തെ പ്രഗല്‍ഭ വ്യക്തിത്വവുമായ കരന്‍ ആംസ്ട്രോങ്ങ്‌  നിരീക്ഷിച്ചിട്ടുണ്ട്‌. സംഭവങ്ങളെ സന്ദര്‍ഭങ്ങളില്‍ നിന്ന്‌ അടര്‍ത്തിമാറ്റി  അവതരിപ്പിച്ചാല്‍ ആരുടെ ജീവിതത്തെയാണ്‌ തമസ്കരിക്കാനാവാത്തത്‌ എന്നാണ്‌ കരന്‍  ആംസ്ട്രോങ്ങ്‌ ചോദിക്കുന്നത്‌.

നബിജീവിതത്തെ വികൃതവത്കരിച്ച്കൊണ്ട്‌ എഴുതപ്പെട്ട ഒരു ഗ്രന്ഥം ഇക്കാലത്ത്‌  ഏറ്റവുമധികം വായിക്കപ്പെടുന്ന പുസ്തകമായിത്തീരുന്നതിന്റെ സാമൂഹിക മനഃശാസ്ത്രം  വിശദമായി അപഗ്രഥിക്കപ്പെടേണ്ടതാണ്‌. അമേരിക്കന്‍ വായനാ സംസ്കാരത്തിന്റെ അക്കാദമിക  നിലവാരവും ഇത്തരമൊരു പുസ്തകത്തിന്റെ ബെസ്റ്റ്‌ സെല്ലേഴ്സ്‌ ലിസ്റ്റിലേക്കുള്ള  പ്രവേശനവും താരതമ്യത്തിന്‌ വിധേയമാക്കുമ്പോള്‍ മനസ്സിലാകുന്ന വസ്തുതകള്‍ കൃത്യമായി  പഠിക്കേണ്ടതുണ്ട്‌. റഫറന്‍സുകളുടെ ആധിക്യത്താല്‍ ഉയര്‍ന്ന അക്കാദമിക നിലവാരം  പുലര്‍ത്തുന്നതാണെന്ന്‌ വരുത്തിത്തീര്‍ത്തതിനുശേഷം, ചരിത്രപഠനത്തിനുണ്ടായിരിക്കേണ്ട  അടിസ്ഥാന നൈതികതയെ പരിഗണിക്കാതെ പുസ്തകമെഴുതിയാലും അത്‌ മുഹമ്മദ്‌ നബി (സ്വ)യെ  കുറിച്ചുള്ളതാണെങ്കില്‍ നിലവാരമുള്ളതായി പരിഗണിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും  ചെയ്യുന്നുവേന്ന വസ്തുത സമൂഹത്തില്‍ നിലനില്‍ക്കുന്ന ഇസ്ലാമോഫോബിയ എന്തുമാത്രം  മാരകമാണെന്ന്‌ മനസ്സിലാക്കിത്തരുന്നുണ്ട്‌. തന്റെ ബ്ലോഗുകളിലൂടെ, ഇന്റര്‍നെറ്റില്‍  പരതുന്ന പുതുതലമുറയുടെ തലയില്‍ ഇസ്ലാം ഭീതി വളര്‍ത്താന്‍ മൂന്നുവര്‍ഷങ്ങളിലായി  നടത്തിക്കൊണ്ടിരിക്കുന്ന നിരന്തര പരിശ്രമങ്ങളുടെ പരിണതിയായിട്ടാണ്‌ പുസ്തകത്തിന്‌  ലഭിച്ച അംഗീകാരമെന്ന വസ്തുത സ്പെന്‍സര്‍ നിഷേധിച്ചിട്ടുണ്ട്‌. ആദ്യം ഇസ്ലാം ഭീതി  വളര്‍ത്തുക, പിന്നെ ലോകത്ത്‌ നടക്കുന്ന പ്രശ്നങ്ങളുടെയെല്ലാം കാരണം മുഹമ്മദ്‌ നബി  (സ്വ)യും ഖുര്‍ആനുമാണെന്ന്‌ വരുത്തിത്തീര്‍ക്കുക, അവസാനം നബി (സ്വ)യെ ക്രൂരനും  അധാര്‍മികനും പ്രാകൃതനുമായി ചിത്രീകരിക്കുക. ഇതാണ്‌ ഇസ്ലാമോഫോബിക്കുകളുടെ പതിവുശൈലി.  പ്രസ്തുത ശൈലിയുടെ നേര്‍ക്കുനേരെയുള്ള ഉദാഹരണമാണ്‌ സ്പെന്‍സറുടെ ബ്ലോഗുകളും  പുസ്തകങ്ങളും ഇന്റര്‍വ്യൂകളുമെല്ലാം എന്നതാണ്‌ വസ്തുത.

അമേരിക്കയില്‍ ഇന്നലെ നടന്നത്‌ ഇന്ന്‌ കേരളത്തില്‍ നടക്കുന്നുവേന്ന്‌ പറയാറുണ്ട്‌.  നബിനിന്ദയുടെയും നബിവിമര്‍ശനത്തിന്റെയുമെല്ലാം കാര്യത്തിലും സംഭവിക്കുന്നത്‌  മറിച്ചല്ലെന്ന വസ്തുതയാണ്‌ മലയാളം ആനുകാലികങ്ങളും വെബ്സൈറ്റുകളും  സൂക്ഷ്മനിരീക്ഷണത്തിന്‌ വിധേയമാക്കിയാല്‍ നമുക്ക്‌ ബോധ്യപ്പെടുക.  വായിക്കാനറിയുന്നവരുടെ മസ്തിഷ്കങ്ങളിലേക്ക്‌ 'ഇസ്ലാമാണ്‌ അപകടം' എന്ന സന്ദേശം  സമര്‍ഥമായി സന്നിവേശിപ്പിക്കാനാണ്‌ മലയാളമാധ്യങ്ങളും ആനുകാലികങ്ങളുമെല്ലാം ഇപ്പോള്‍  പരിശ്ര മിച്ചുകൊണ്ടിരിക്കുന്നത്‌. മുസ്ലിം പിന്നാക്കാവസ്ഥയെ അനുഭാവപൂര്‍വം  പരിഗണിക്കുകയും മറ്റുസമൂഹങ്ങള്‍ക്കൊപ്പം മുസ്ലിംകളും വളര്‍ന്നെത്തണമെന്ന്‌ ആത്മാര്‍ഥമായി  ആഗ്രഹിക്കുകയും ചെയ്യുന്ന സെക്ക്യുലര്‍ ബുദ്ധിജീവികള്‍ക്കിടയില്‍ പോലും മുസ്ലിംകളല്ല  ഇസ്ലാമാണ്‌ അപകടമെന്ന ചിന്തവളര്‍ത്തുന്നതില്‍ ഇവര്‍ വിജയിച്ചിരിക്കുന്നുവേന്ന്‌  വ്യക്തമാക്കുന്നതാണ്‌ നബിനിന്ദാചോദ്യക്കടലാസും കൈവെട്ട്‌ നാടകവുമെല്ലാം  നടന്നപ്പോഴുള്ള അവരില്‍ പലരുടെയും പ്രതികരണങ്ങള്‍. മുഹമ്മദ്‌ നബി (സ്വ)യെയും വിശുദ്ധ  ഖുര്‍ആനിനെയും തുറന്നെതിര്‍ക്കുകയും വിമര്‍ശിക്കുകയും നിന്ദിക്കുകയും  ചെയ്യുന്നതിനാവശ്യമായ ശാസ്കാരികഭൂമിക സൃഷ്ടിച്ചെടുക്കുന്നതില്‍ കേരളത്തിലെ  ഇസ്ലാമോഫോബിക്കുകള്‍ വിജയിച്ചുകൊണ്ടിരിക്കുന്നുവേന്നാണ്‌ ഇവ വ്യക്തമാക്കുന്നത്‌.

നബിജീവിതത്തിലെ സംഭവങ്ങളെ സന്ദര്‍ഭത്തില്‍നിന്ന്‌ അടര്‍ത്തിയെടുത്തവതരിപ്പിച്ചുകൊണ്ട്‌ ആ  വിശുദ്ധ ജീവിതത്തെ തമസ്കരിക്കുകയും വികൃതവത്കരിക്കുകയും ചെയ്യുമ്പോള്‍ അതിനെ  ബുദ്ധിപരമായി നേരിടുകയാണ്‌ മുസ്ലിംകള്‍ ചെയ്യേണ്ടത്‌. അതിന്നവര്‍  നബിജീവിതത്തെക്കുറിച്ച്‌ സമഗ്രമായി പഠിക്കേണ്ടതുണ്ട്‌. ലോകങ്ങള്‍ക്കെല്ലാം  കാരുണ്യമായി നിയോഗിക്കപ്പെട്ട മുഹമ്മദ്‌ നബി (സ്വ)യുടെ ജീവിതത്തത്തില്‍ ക്രൂരതയെന്ന്‌  സ്ഥാപിക്കുവാന്‍ സാധിക്കുന്ന സംഭവങ്ങളൊന്നുമുണ്ടാവില്ലെന്നുറപ്പാണ്‌.  വിട്ടുവീഴ്ചയില്ലാത്ത നീതിനിര്‍വഹണം എങ്ങനെയാണെന്ന്‌ ലോകത്തെ പഠിപ്പിച്ച  നബിജീവിതത്തിലെ സംഭവങ്ങളെ സന്ദര്‍ഭങ്ങളില്‍ നിന്ന്‌ അടര്‍ത്തിമാറ്റിക്കൊണ്ടാണ്‌ ആ  വിശുദ്ധജീവിതത്തില്‍ ക്രൂരത ആരോപിക്കുവാന്‍ ഇസ്ലാം ഭീതിയുടെ പ്രസാരകര്‍  പരിശ്രമിക്കുന്നത്‌. അവസാനനാളു വരെയുള്ളവര്‍ക്കെല്ലാം മാതൃകയാവുന്ന ധവളിമയാര്‍ന്ന  ജീവിതത്തിന്റെ ഉടമയില്‍ അധാര്‍മികതകള്‍ ആരോപിക്കുന്നതും ഇതേ രീതിയില്‍ തന്നെയാണ്‌.  അതുകൊണ്ടുതന്നെ, നബിജീവിതത്തെ പച്ചയായി പരിചയപ്പെടുത്തിക്കൊണ്ടാണ്‌ മുസ്‌ ലിംകള്‍  അവരുടെ ദൗത്യം നിര്‍വഹിക്കേ ണ്ടത്‌. അതിനാണ്‌ ഇസ്ലാമികപ്രബോധകര്‍ സന്നദ്ധമാവേണ്ടത്‌.

ചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച നൂറുപേരെ നയിക്കുവാന്‍ താന്‍ മുഹമ്മദ്‌ നബി(സ്വ)യെ  തെരെഞ്ഞെടുക്കുവാന്‍ കാരണം മതപരവും മതേതരവുമായ മേഖലകളില്‍ ഉന്നതമായ വിജയം  നേടിയെടുത്തവരില്‍ അദ്ദേഹത്തോട്‌ കിടപിടിക്കുവാന്‍ മറ്റാരും  തന്നെയില്ലാത്തതുകൊണ്ടാണെന്ന്‌ പ്രിന്‍സ്റ്റൺ സര്‍വകലാശാലയില്‍ നിന്ന്‌ ഖഗോളഭൗതികത്തില്‍  (അ​‍െ​‍്​‍ീ​‍ുവ്യശെര​‍െ) ഡോക്ടറേറ്റ്‌ നേടുകയും നാസയില്‍ ഗവേഷകനും ടെക്ശാസിലെ  ട്രിനിറ്റി സര്‍വകലാശാലയിലെ ഭൗതികശാസ്ത്രാധ്യാപകനുമായി ജോലിനോക്കുകയും ചെയ്ത മൈക്കല്‍  എച്ച്‌ ഹാര്‍ട്ട്‌ തന്റെ ഠവള 100: അ ഞമിസശിഴ ​‍ീള വേല ങീ​‍െ​‍േ കിളഹൗലിശേമഹ ജലൃ​‍്​‍ി​‍െ ശി ഒശ​‍െ​‍്​‍ൃ​‍്യ  എന്ന ഗ്രന്ഥത്തില്‍ എഴുതുന്നുണ്ട്‌. ശാസ്ത്രമേഖലയില്‍ മാത്രം വിരാജിച്ച സര്‍ ഐസക്‌  ന്യൂട്ടൺ ചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച രണ്ടാമനും മതമേഖലയില്‍ മാത്രം നിലനിന്ന  യേശുക്രിസ്തു മൂന്നാമനുമാണെന്ന ഹാര്‍ട്ടിന്റെ നിരീക്ഷണത്തോട്‌ ചേര്‍ത്തുവെച്ചുകൊണ്ട്‌  ഒന്നാം സ്ഥാനം നല്‍കപ്പെട്ട മുഹമ്മദ്‌ നബി(സ്വ)യെ കുറിച്ച്‌ അദ്ദേഹമെഴുതിയ കാര്യങ്ങള്‍  വായിക്കുമ്പോഴാണ്‌ ചരിത്രത്തെ സത്യസന്ധമായി നോക്കിക്കാണുന്നവര്‍ക്കൊന്നും തന്നെ  മുഹമ്മദ്‌ നബി(സ്വ)യുടെ സ്വാധീനത്തെ തമസ്കരിക്കാനാവില്ലെന്ന്‌ നമുക്ക്‌  ബോധ്യപ്പെടുക. മതപരവും മതേതരവുമായ മേഖലകളിലെല്ലാം ഉന്നതമായ വിജയം നേടിയെടുക്കുവാന്‍  കഴിഞ്ഞയാളായി മുഹമ്മദ്‌ നബി(സ്വ)യെ പ്രതിഷ്ഠിക്കുക മാത്രമല്ല, അത്തരം ഒരാളെ  ചരിത്രത്തിലെവിടെയും പരതികണ്ടെത്താന്‍ കഴില്ലെന്നുകൂടി സമര്‍ഥിക്കുന്നുണ്ട്‌ മൈക്കല്‍  എച്ച്‌ ഹാര്‍ട്ട്‌. ഇസ്ലാമിനോടൊ മുസ്ലിംകളോടൊ യാതൊരുവിധ അനുഭാവവും പ്രകടിപ്പിക്കാത്ത  ഒരാള്‍ക്കുപോലും അയാള്‍ ചരിത്രം പഠിക്കുവാന്‍ സന്നദ്ധമാണെങ്കില്‍ മാനവരില്‍ മഹോന്നതനായി  പ്രതിഷ്ഠിക്കുവാന്‍ മുഹമ്മദ്‌ നബി(സ്വ)യെയല്ലാതെ കഴിയുകയില്ല എന്ന വസ്തുതയാണ്‌ ഇവിടെ  അനാവൃതമാവുന്നത്‌. ഇസ്ലാം വിമര്‍ശകരുടെ നാവും തൂലികയുമെല്ലാം എന്തുകൊണ്ട്‌ മുഹമ്മദ്‌  നബി(സ്വ)ക്കു നേരെ തിരിച്ചുവെച്ചിരിക്കുന്നുവേന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ്‌  ഈ നിരീക്ഷണം. മാതൃകയന്വേഷിക്കുന്ന മനുഷ്യസമൂഹത്തിനു മുന്നില്‍ എല്ലാ തലത്തിലും  വിജയിച്ച ഒരേയൊരു ചിത്രം മാത്രമെയുള്ളൂവേന്ന്‌ വന്നാല്‍ അത്‌ ഇസ്ലാമിന്റെ  വ്യാപനത്തിനും തദ്വാരാ തങ്ങളുടെ ചൂഷണവലയത്തില്‍ നിന്നുള്ള ജനങ്ങളുടെ  സ്വാതന്ത്ര്യത്തിനും നിമിത്തമാകുമെന്ന്‌ കൃത്യമായി മനസ്സിലാക്കുന്നവരാണ്‌  നബിനിന്ദയുടെയും പ്രവാചകവിമര്‍ശനത്തിന്റെയും പിന്നിലുള്ളത്‌. അവര്‍ നിര്‍മിച്ച  കരിംപുതപ്പുകളില്‍ ഉറങ്ങിക്കിടക്കുന്നവര്‍ ഉണരാതിരിക്കുവാനാണ്‌ ഇടയ്ക്കിടക്ക്‌  നബിനിന്ദാ സംഭവങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നത്‌.

വിശ്വാസ-കര്‍മ മേഖലകളില്‍ വിമലീകരിക്കപ്പെടുകയും ജീവിതവിശുദ്ധിയാല്‍ ലോകത്തിന്‌  മാതൃകയാവുകയും ധാര്‍മികതയന്തെന്ന്‌ സമൂഹത്തെ പഠിപ്പിക്കുകയും ചെയ്ത ഒരു വന്‍സമൂഹത്തെ  സൃഷ്ടിക്കുവാന്‍ കഴിഞ്ഞുവേന്നതാണ്‌ മതരംഗത്തെ മുഹമ്മദ്‌ നബി(സ്വ)യുടെ വിജയമായി  ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നത്‌. നീതിയിലധിഷ്ഠിതമായ ഭരണസംവിധാനം  എങ്ങനെയാവാമെന്ന്‌ പ്രായോഗികമായി പഠിപ്പിക്കുകയും ഭരണയന്ത്രത്തിന്റെ വ്യത്യസ്ത  ഭാഗങ്ങളെ ചലിപ്പിക്കേണ്ടതെങ്ങനെയെന്ന്‌ കൃത്യമായി നിര്‍വചിക്കുകയും ചെയ്തുവേന്നതാണ്‌  മതേതരരംഗത്തെ നേതാക്കളുടെ മുന്‍പില്‍ നടക്കുവാന്‍ നബി(സ്വ)യെ പ്രാപ്തമാക്കുന്നതെന്നും  നിരീക്ഷിക്കപ്പെടുന്നു. കാരുണ്യവും ആര്‍ദ്രതയും ധാര്‍മികതയും സ്നേഹവുമെല്ലാം  പഠിപ്പിക്കുകയും പ്രയോഗകവല്‍കരിക്കേണ്ടതെങ്ങനെയെന്ന്‌ കാണിച്ചുകൊടുക്കുകയും  ചെയ്തതൊടൊപ്പം തന്നെ നീതിയെന്താണെന്ന്‌ നിര്‍വചിക്കുകയും നീതിനിര്‍വഹണത്തിന്റെ  രീതിശാസ്ത്രം മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തുവേന്നതാണ്‌ ചരിത്രകാലത്ത്‌ ജീവിച്ച  ആത്മീയ നേതാക്കളില്‍ നിന്ന്‌ നബി(സ്വ)യെ വ്യതിരിക്തമാക്കുന്നതെന്ന്‌ മൈക്കല്‍ എച്ച്‌  ഹാര്‍ട്ടിനെപ്പോലെയുള്ള ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

അന്തിമപ്രവാചകനെ കുറിച്ച പൂര്‍വവേദങ്ങളിലെ പരാമര്‍ശങ്ങളില്‍, നീതി നടപ്പാക്കാന്‍ വേണ്ടി  കടന്നുവരുന്നയാളായി അദ്ദേഹത്തെ പ്രത്യേകം പരിചയപ്പെടുത്തുന്നത്‌ കാണാം.  പ്രവാചകത്വത്തിന്റെ ചെങ്കോലും നീതിനിര്‍വഹണത്തിന്റെ രാജദണ്ഡും യഹൂദായില്‍ നിന്ന്‌  നീക്കുന്ന അവകാശി(ശിലോഹ്‌)യെ കുറിച്ചാണ്‌ യാക്കോബ്‌ പ്രവചിച്ചതു. (ഉല്‍പത്തി 49:10).  ഇസ്രായീല്യര്‍ക്കിടയില്‍ നീതിനടപ്പാക്കിയ മോശയെപ്പോലെ അവരുടെ സഹോദരന്മാരായ  ഇസ്മായീല്യരില്‍ നിന്ന്‌ കടന്നുവരാനിരിക്കുന്ന പ്രവാചകനെ കുറിച്ചാണ്‌ മോശക്ക്‌  നല്‍കപ്പെട്ട വാഗ്ദാനം. (ആവര്‍ത്തനം 18:18). ഭൂമിയില്‍ നീതി സംസ്ഥാപിക്കുന്നതുവരെ  വിശ്രമിക്കാതെ പണിയെടുക്കുന്ന, അറബികള്‍ (കേദാരികളും നെബയോത്തികളും) സന്തോഷിക്കുന്ന  പ്രവാചകനിയോഗത്തെപ്പറ്റിയാണ്‌ യെശയ്യാവിന്റെ (42:1-4; 60:1-4) പ്രവചനം. പാപത്തെയും  നീതിയെയും ന്യായവിധിയെയും കുറിച്ച്‌ ലോകത്തെ ബോധ്യപ്പെടുത്തുന്ന കാര്യസ്ഥനാകുന്ന  സത്യാത്മാവിനെ പ്രതീക്ഷിക്കുവാനാണ്‌ ക്രിസ്തുവിന്റെ ഉപദേശം(യോഹന്നാന്‍ 16:7-14).  പരമകാരുണികനാല്‍ നിയോഗിക്കപ്പെട്ട മറ്റു പ്രവാചകന്മാര്‍ ചെയ്തത്‌ പോലെ  ദൈവികകാരുണ്യത്തിന്റെ ദര്‍ശനം സമര്‍പിക്കുന്നതോടൊപ്പം തന്നെ നീതിനിര്‍വഹണം  എങ്ങനെയാവണമെന്നതുകൂടി പഠിപ്പിക്കുന്നയാളായിരിക്കും അന്തിമപ്രവാചകനെന്നാണ്‌  പൂര്‍വപ്രവാചകന്മാര്‍ പ്രവചിച്ചതെന്ന്‌ സാരം.

'ലോകര്‍ക്ക്‌ കാരുണ്യമായിക്കൊണ്ടല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല' (ഖുര്‍ആന്‍ 21:107)  എന്ന അല്ലാഹുവിന്റെ വചനത്തിന്റെ നിദര്‍ശനമായിരുന്നു മുഹമ്മദ്‌ നബി(സ്വ)യുടെ മുഴുവന്‍  ജീവിതവുമെന്നതാണ്‌ വസ്തുത. 'ഭൂമിയിലുള്ളവരോട്‌ കരുണകാണിക്കുക; ആകാശത്തുള്ളവന്‍  നിങ്ങളോട്‌ കരുണകാണിക്കു'മെന്ന്‌ പഠിപ്പിച്ച അന്തിമപ്രവാചകന്‍(സ്വ) കാരുണ്യത്തെ  എങ്ങനെ പ്രയോഗവല്‍കരിക്കണമെന്നാണ്‌ തന്റെ ദൂതകാലത്ത്‌ സ്വന്തം ജീവിതത്തിലൂടെ  കാണിച്ചുകൊടുത്തത്‌. നരകത്തിലേക്ക്‌ പാഞ്ഞടുത്തുകൊണ്ടിരിക്കുന്നവരെ  ആട്ടിയകറ്റുകയെന്ന കാരുണ്യത്തിന്റെ ദൗത്യമാണ്‌ തനിക്ക്‌ നിര്‍വഹിക്കാനുള്ളതെന്ന്‌  അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിന്റെ സംസ്കരണമാണ്‌, നാശമല്ല തന്റെ  നിയോഗലക്ഷ്യമെന്ന്‌ തന്നെ ആട്ടിയോടിച്ച ത്വാഇഫുകാര്‍ക്ക്‌ മാപ്പുകൊടുത്തുകൊണ്ട്‌  അദ്ദേഹം പഠിപ്പിച്ചു. വ്യക്തിപരമായ പ്രതികാരത്തില്‍ തനിക്ക്‌ താല്‍പര്യമില്ലെന്ന്‌  തന്നെ ചതിച്ചുകൊല്ലാന്‍ ശ്രമിച്ച ജൂതവനിതയോട്‌ പ്രതിക്രിയ ചെയ്യാതെ നബി(സ്വ)  കാണിച്ചുകൊടുത്തു. പ്രതികാരമല്ല, പ്രബോധനമാണ്‌ തന്റെ ദൗത്യമെന്ന്‌ തന്നെ കൊല്ലാന്‍  വാളുമായി വന്ന ദഅ​‍്ഥൂറിനെ വെറുതെവിട്ടുകൊണ്ട്‌ നബി(സ്വ) വ്യക്തമാക്കി. മുഴുവന്‍  മക്കയും തന്റെ കാല്‍ക്കീഴില്‍ വന്നപ്പോള്‍ തന്നെ പീഡിപ്പിക്കുകയും പ്രയാസപ്പെടുത്തുകയും  പലായനത്തിന്‌ നിര്‍ബന്ധിക്കുകയും തനിക്കെതിരെ പടയോട്ടങ്ങള്‍ നടത്തുകയും ചെയ്തവരെയെല്ലാം  പൊതുമാപ്പിലൂടെ വിട്ടയച്ചുകൊണ്ട്‌ ചരിത്രത്തില്‍ തുല്യതയില്ലാത്ത മാപ്പിന്റെ  മാതൃകക്ക്‌ അദ്ദേഹം സന്നദ്ധനായി. ലോകത്തിനാകെ കാരുണ്യമായിക്കൊണ്ട്‌  നിയോഗിക്കപ്പെട്ട പരമകാരുണികന്റെ ദൂതന്‍ അവസാന നാളുവരെയുള്ളവര്‍ക്കെല്ലാമുള്ള  കാരുണ്യത്തിന്റെ മാതൃകയാവുകയായിരുന്നു.

മദീനയിലെത്തിയ പ്രവാചക(സ്വ)ന്ന്‌ നീതിനിര്‍വഹണത്തിന്റെ പുതിയൊരു ദൗത്യം കൂടി  നിര്‍വഹിക്കാനുണ്ടായിരുന്നു. രാഷ്ട്രനായകനെന്ന നിലയിലുള്ള ദൗത്യം; നീതിനിര്‍വഹണത്തിന്റെ  രംഗത്ത്‌ അണുമണിത്തൂക്കം വിട്ടുവീഴ്ച ചെയ്യുവാന്‍ പ്രവാചകന്‍(സ്വ)  സന്നദ്ധമായിരുന്നില്ല. 'എന്റെ മകള്‍ ഫാത്വിമ കളവു നടത്തിയാല്‍ ഞാന്‍ അവളുടെ കരം ഛേദിക്കുക  തന്നെ ചെയ്യു'മെന്ന പ്രവാചകപ്രഖ്യാപനം കേവലം  പദക്കസര്‍ത്തുകളിലൊതുങ്ങുന്നതായിരുന്നില്ല. നീതിക്കുവേണ്ടി നിലനില്‍ക്കുമ്പോള്‍ മുഖം  നോക്കാതെയുള്ള നടപടികള്‍ ആവശ്യമായിവരും. ബദ്‌റിന്റെ അണി ശരിയാക്കുമ്പോള്‍ തന്റെ  ഈന്തപ്പന മടലുകൊണ്ട്‌ വയറില്‍ മര്‍ദനമേറ്റെന്ന ശിഷ്യന്റെ പരാതിക്കുമേല്‍ തിരിച്ച്‌  പ്രതികാരം ചെയ്യാന്‍ വയറുകാണിച്ചുകൊടുത്ത പ്രവാചകന്‍(സ്വ) നീതിനിര്‍വഹണരംഗത്ത്‌  ഭരണാധികാരിയും പ്രജകളുമെല്ലാം സമന്മാരാണെന്നാണ്‌ പഠിപ്പിച്ചതു. ഭരണാധികാരിയാണെന്ന  നിലക്ക്‌ നീതിനിര്‍വഹണത്തിനുവേണ്ടി അദ്ദേഹമെടുത്ത നടപടികളെല്ലാം സമൂഹത്തോടും  മനുഷ്യരാശിയോടുമുള്ള കാരുണ്യത്തിന്റെ നിദര്‍ശനമായാണ്‌ വസ്തുനിഷ്ഠമായി ചരിത്രാന്വേഷണം  നടത്തുന്നവര്‍ക്ക്‌ കാണാന്‍കഴിയുക.

പ്രവാചകജീവിതത്തിലെ സംഭവങ്ങളെ സന്ദര്‍ഭത്തില്‍ നിന്ന്‌ അടര്‍ത്തിമാറ്റി  അവതരിപ്പിച്ചുകൊണ്ട്‌ അദ്ദേഹം ക്രൂരനും പീഡകനുമാണെന്ന്‌ വരുത്തിത്തീര്‍ക്കുവാന്‍ വേണ്ടി  ശ്രമിക്കുകയാണ്‌ നബി വിമര്‍ശകന്‍മാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്‌. നീതിക്കുവേണ്ടി  നിലനില്‍ക്കുകയും നീതിനിര്‍വഹണമെങ്ങനെയാവണമെന്ന്‌ അവസാനനാളുവരെയുള്ള മനുഷ്യര്‍ക്കെല്ലാം  പഠിപ്പിച്ചുകൊടുക്കുകയും ചെയ്ത, പൂര്‍വവേദങ്ങള്‍ പ്രവചിച്ച അന്തിമപ്രവാചകന്റെ  നടപടികളെല്ലാം 'കാരുണ്യത്തിന്റെ ദൂതന്‍' എന്ന അല്ലാഹു നല്‍കിയ സ്ഥാനനാമത്തിന്റെ  നിദര്‍ശനങ്ങള്‍ തന്നെയായിരുന്നുവേന്ന്‌ നബിജീവിതം സമഗ്രമായി പഠിച്ചാല്‍ ബോധ്യപ്പെടും.  പ്രവാചകജീവിതത്തെ തമസ്കരിക്കുവാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുമ്പോള്‍ ആ  ജീവിതത്തിന്റെ ധവളിമയിലേക്ക്‌ സമൂഹത്തെ നയിക്കേണ്ട ബാധ്യത ഇസ്ലാമിക  പ്രബോധകര്‍ക്കുണ്ട്‌; ദൈവദൂതന്റെ യഥാര്‍ഥ വ്യക്തിത്വത്തെ സമൂഹത്തിന്റെ മുന്നില്‍ അനാവരണം  ചെയ്ത്‌ അവതരിപ്പിക്കുകയെന്ന ബാധ്യത. പ്രസ്തുത ബാധ്യത നിര്‍വഹിക്കാന്‍  സന്നദ്ധമാവുകയാണ്‌ നബിനിന്ദകര്‍ക്കുള്ള യഥാര്‍ഥ മറുപടി.

ചരിത്രത്തിന്റെ പൂര്‍ണമായ വെളിച്ചത്തിലാണ്‌ മുഹമ്മദ്‌ നബി (സ്വ) ജീവിച്ചതു. മറ്റേത്‌  ചരിത്രപുരുഷന്റേതും രേഖപ്പെടുത്തപ്പെട്ടതിലും സൂക്ഷ്മവും കൃത്യവുമായി ആ മഹദ്ജീവിതം  രേഖപ്പെടുത്തപ്പെടുകയും ചെയ്തിട്ടുണ്ട്‌. നബിജീവിതത്തിന്റെ ധവളിമയാണ്‌  ശത്രുക്കളായിരുന്നവരെ വരെ ആ ജീവിതത്തിലേക്ക്‌ ആകര്‍ഷിച്ചതു.  വിഗ്രഹവള്‍ക്കരിക്കപ്പെടുന്നവരില്‍ പലരും ആദരിക്കപ്പെടണമെങ്കില്‍ അവരുടെ ജീവിതത്തിന്റെ  ഉള്ളറകള്‍ മറച്ചുവെക്കപ്പെടണമെന്ന ഗതിയാണുള്ളത്‌. മുഹമ്മദ്‌ നബി (സ്വ)യുടെ  ജീവിതത്തിന്‌ ഈ ഗതികേടില്ല. അതുകൊണ്ടാണ്‌ നബിജീവിതത്തിന്റെ രഹസ്യവും പരസ്യവുമെല്ലാം  രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്‌; അത്‌ ആരുടെ മുന്നിലും തുറന്നുവെക്കാന്‍  മുസ്ലിംകള്‍ക്കൊന്നും മടിയൊന്നുമില്ലാത്തത്‌. അവസാനനാളുവരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും  മാതൃകയാക്കുവാനായി നിയോഗിക്കപ്പെട്ട അന്തിമപ്രവാചകന്റെ ജീവിതത്തെ മലയാളീ  സമൂഹത്തിനുമുമ്പില്‍ തുറന്നുവെക്കുന്നതിനുവേണ്ടിയുള്ളതാണീ സംരംഭം. നബിജീവിതം പച്ചയായി  അവതരിപ്പിക്കപ്പെടുകയാണിവിടെ. ഒപ്പം ആ ജീവിതത്തിന്റെ വിശുദ്ധിയും അതിനെ അനുധാവനം  ചെയ്യുന്നതിന്റെ പ്രായോഗികതയും വിശദമാക്കുകയും വിമര്‍ശിക്കുന്നവരുടെ വാദങ്ങള്‍ വിശകലനം  ചെയ്യപ്പെടുകയും ചെയ്യുന്നു. നബിജീവിതത്തെ ആരും വിഗ്രഹവള്‍ക്കരിക്കേണ്ടതില്ല. അത്‌  സ്വയം തന്നെ വിളക്കും വെളിച്ചവുമാണ്‌. ആത്മാര്‍ഥമായി അന്വേഷിക്കുന്നവര്‍ക്ക്‌ ആ  ജീവിതത്തില്‍ വിശുദ്ധമായ മാതൃക കണ്ടെത്താനാവും. അത്തരം മലയാളികള്‍ക്കുവേണ്ടിയുള്ളതാണീ  വെബ്സൈറ്റ്‌. നബിജീവിതത്തെ അറിയാനും വിമര്‍ശനങ്ങള്‍ക്ക്‌ മറുപടി കണ്ടെത്താനും അങ്ങനെ ആ  ജീവിതത്തെ അനുധാവനം ചെയ്യുവാന്‍ പ്രചോദിപ്പിക്കുവാനും ഈ വെബ്സൈറ്റ്‌ നിങ്ങളെ  സഹായിക്കും, ഇന്‍ശാ അല്ലാഹ്‌.

"വേദക്കാരേ, വേദഗ്രന്ഥത്തില്‍ നിന്ന്‌ നിങ്ങള്‍ മറച്ച്‌ വെച്ചുകൊണ്ടിരുന്ന പലതും  നിങ്ങള്‍ക്ക്‌ വെളിപ്പെടുത്തിത്തന്നുകൊണ്ട്‌ നമ്മുടെ ദൂതന്‍ (ഇതാ) നിങ്ങളുടെ അടുത്ത്‌  വന്നിരിക്കുന്നു. പലതും അദ്ദേഹം മാപ്പാക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്കിതാ  അല്ലാഹുവിങ്കല്‍ നിന്ന്‌ ഒരു പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു.  അല്ലാഹു തന്റെ പൊരുത്തം തേടിയവരെ അത്‌ മുഖേന സമാധാനത്തിന്റെ വഴികളിലേക്ക്‌  നയിക്കുന്നു. തന്റെ ഉത്തരവ്‌ മുഖേന അവരെ അന്ധകാരങ്ങളില്‍ നിന്ന്‌ അവന്‍  പ്രകാശത്തിലേക്ക്‌ കൊണ്ടുവരുകയും, നേരായ പാതയിലേക്ക്‌ അവരെ നയിക്കുകയും  ചെയ്യുന്നു." (ഖുര്‍ആന്‍ 5:15,16)

പ്രാര്‍ഥിക്കുക; നബിജീവിതത്തെ അറിയാനും അറിയിക്കുവാനും അങ്ങനെ നബി (സ്വ)യോടൊപ്പം  സ്വര്‍ഗത്തില്‍ ഒരുമിച്ചുകൂടുവാനും, നാഥാ... നീ ഞങ്ങളെ അനുഗ്രഹിക്കേണമേ... (ആമീന്‍)
പത്രാധിപര്‍

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH