Search

mahonnathan

Slide - in Bible

JA slide show
ദാവീദിന്റെ പ്രഭു Print E-mail

യേശുവിനെകുറിച്ച സങ്കീര്‍ത്തന പുസ്തകത്തിലെ പ്രവചനങ്ങളിലൊന്നായി പരിചയപ്പെടുത്തപ്പെടുന്ന ദാവീദിന്റെ പ്രസിദ്ധമായ ഒരു കാവ്യമുണ്ട്. അത് തുടങ്ങുന്നത് ഇങ്ങനെയാണ്: ‘കര്‍ത്താവ് എന്റെ കര്‍ത്താവിനോട് അരുള്‍ ചെയ്യുന്നു. നീ എന്റെ വലതു ഭാഗം ഇരിക്കുക; നിശ്ചയമായും ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കും’ (സങ്കീര്‍ത്തനം 110:1).

ആരാണ് രണ്ട് കര്‍ത്താക്കള്‍?
ഇവിടെ രണ്ട് വ്യക്തികളെ കര്‍ത്താവ് എന്ന് ദാവീദ് വിളിച്ചതായി കാണാന്‍ കഴിയും. ഇതില്‍നിന്ന് ദാവീദ് രണ്ട് ദൈവങ്ങളില്‍ വിശ്വസിച്ചിരുന്നയാളായി കരുതുന്നത് മൌഢ്യമാണ്. അതുപോലെതന്നെ ഒരു കര്‍ത്താവ് പിതാവും മറ്റേത് പുത്രനുമാണെന്നും അവരുടെ ഐക്യമാണ് ഈ വചനത്തില്‍ ദാവീദ് ഉദ്ദേശിച്ചതെന്ന് പറയുന്നതും അടിസ്ഥാനരഹിതമാണ്. മൂലഗ്രന്ഥത്തില്‍നിന്ന് ബൈബിള്‍ പഠി ക്കാനുള്ള സാഹചര്യമില്ലാത്തതുകൊണ്ടാണ് ഈ ആശയക്കുഴപ്പങ്ങ ള്‍ അത്രയും ഉണ്ടായിരിക്കുന്നത്. ഇതില്‍ ആദ്യമായി പ്രതിപാദിക്കപ്പെട്ട കര്‍ത്താവിന് ഹിബ്രുമൂലത്തില്‍ ഉപയോഗിച്ചിരിക്കുന്നത് യാഹശവ (ഥമവംമവ) എന്ന പദമാണ്. രണ്ടാമത്തെ കര്‍ത്താവിന് അഡോ ണ്‍ (അറീി) എന്ന പദവും. യാഹ്വെ (സാധാരണയായി യഹോവയെന്ന് പറയപ്പെടാറുള്ള പദം) ഇസ്രായേലിന്റെ ദൈവത്തിന്റെ വിശുദ്ധനാമമാണ്. അത് സാധാരണയായി യഹൂദന്മാര്‍ ഉപയോഗിക്കാറില്ല. ദൈവനാമത്തിന് കല്‍പിക്കപ്പെട്ട അമിത ബഹുമാനം കാരണമാകാം ഇത്. അവര്‍ സാധാരണയായി ദൈവത്തെ വിളിക്കാറ് എലോ ഹിം (ഋഹീവശാ) എന്നാണ്. യാഹ്വെ എന്ന പദം വേദപാരായണത്തിനിടയിലോ മറ്റോ ഉച്ചരിക്കേണ്ടിവന്നാല്‍ അതിന് പകരമായി അവര്‍ അഡോണി (അറീിശ) എന്നാണ് ഉച്ചരിക്കുക. ഈ പദത്തിന് യജമാനന്‍, കര്‍ത്താവ്, നേതാവ് എന്നിങ്ങനെ അര്‍ത്ഥങ്ങളുണ്ട്. ദാവീദ് ഈ പദം പ്രയോഗിച്ചത് യജമാനന്‍ എന്നോ നേതാവ് എന്നോ ഉള്ള അര്‍ത്ഥത്തിലായിരിക്കുമെന്ന് കരുതാന്‍ മാത്രമെ ന്യായമുള്ളൂ. അപ്പോള്‍ നമുക്ക് നടേ ഉദ്ദേശിച്ച സങ്കീര്‍ത്തന വചനം ഇങ്ങനെ വായിക്കാനാവും. ‘യഹോവ എന്റെ യജമാന(നേതാവ്)നോട് അരുള്‍ ചെയ്യുന്നു………’.

ഈ വചനത്തില്‍ ദാവീദ് എന്റെ യജമാനന്‍ എന്ന് വിളിച്ചത് ആരെയാണ്? ഒരു രാജാവെന്ന നിലയില്‍ ഓരോ ഇസ്രായീല്യന്റെയും നേതാവും രാജ്യത്തിന്റെ യജമാനനുമായിരുന്നു ദാവീദ്. പിന്നെ ആരുടെ ദാസനായിരുന്നു അദ്ദേഹം? അദ്ദേഹത്തിന്റെ കാലത്ത് ജീവിച്ചിരുന്ന ആരുടെയെങ്കിലും ദാസനായിരുന്നില്ല അദ്ദേഹമെന്ന് ഉറപ്പാണ്. കഴിഞ്ഞുപോയ പ്രവാചകന്മാരെ ആരെയെങ്കിലുമായിരുന്നു അദ്ദേഹം ഉദ്ദേശിച്ചിരുന്നതെങ്കില്‍ അന്നത്തെ പ്രയോഗപ്രകാരം ‘എന്റെ പിതാവ്’ എന്നായിരുന്നു വിളിക്കേണ്ടിയിരുന്നത്. തന്റെ സന്താന പരമ്പരയില്‍പെട്ട ആരെയെങ്കിലുമായിരുന്നുവെങ്കില്‍ ‘എന്റെ പുത്രന്‍’ എന്നായിരുന്നു പറയേണ്ടിയിരുന്നത്. പിന്നെ ആരെയാണ് ദാവീദ് തന്റെ നേതാവായി അംഗീകരിച്ചത്?
യേശുവിനെയല്ല

യേശുവിനെകുറിച്ചാണ് ദാവീദ് ‘എന്റെ പ്രഭു’വെന്ന് പറഞ്ഞതെന്നാണ് പരമ്പരാഗത ക്രൈസ്തവ വിശ്വാസം. ഇത് എത്രത്തോളം ശരിയാണെന്ന് പരിശോധിക്കപ്പെടണം. ഇവ്വിഷയകമായി യേശു തന്നെ സ്വയം പറയുന്നൊരു കാര്യമുണ്ട്. മത്തായിയുടെ സുവിശേഷത്തില്‍ അത് നമുക്കിങ്ങനെ വായിക്കാം: ‘ഫരിസേയര്‍ ഒത്തുചേര്‍ന്ന അവസരത്തില്‍ യേശു അവരോട് ചോദിച്ചു: ‘ക്രിസ്തുവിനെകുറിച്ച് നിങ്ങള്‍ എന്ത് വിചാരിക്കുന്നു? അവന്‍ ആരുടെ പുത്രനാണ്?’ ‘ദാവീദിന്റെ പുത്രന്‍’ എന്ന് അവര്‍ പറഞ്ഞു. അവര്‍ അവരോട് ചോദിച്ചു: ‘എങ്കില്‍ ദാവീദ് ആത്മാവിനാല്‍ പ്രചോദിതനായി അവനെ കര്‍ത്താവ് എന്ന് വിളിച്ചത് എങ്ങനെ?’. അയാള്‍ പറഞ്ഞു: ‘കര്‍ത്താവ് എന്റെ കര്‍ത്താവിനോട് അരുള്‍ ചെയ്തു: ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ ചവിട്ടടിയിലാക്കുവോളം എന്റെ വലതുവശത്തിരിക്കുന്നു’ കര്‍ത്താ വ് എന്ന് ദാവീദ് അവനെ വിളിക്കുന്നെങ്കില്‍ അവന്‍ ദാവീദിന്റെ പുത്രനാകുന്നത് എങ്ങനെ’? (മത്തായി 22:41-45). ഈ സംഭവം മാര്‍ക്കോസും (മാര്‍ക്കോസ് 12:35-37) ലൂക്കോസും (ലൂക്കോസ് 20:41-44)ഉദ്ധരിക്കുന്നുണ്ട്.

ഇവിടെ, ഫരിസേയരോട് യേശു ചോദിക്കുന്നത് ക്രിസ്തുവിനെകുറിച്ചാണ്. ക്രിസ്തുവെന്ന പദം ‘ക്രിസ്റ്റോസ് (ഇവൃശീ) എന്ന ഗ്രീക്ക് പദത്തില്‍നിന്നും നിഷ്പന്നമായതാണ്. മിശിഹാ (ങമവെശമവ) എന്ന ഹിബ്രു പദത്തിന്റെ പരിഭാഷയാണ് ക്രിസ്റ്റോസ്. ഈ പദ ത്തിന് തൈലാഭിഷേകം ചെയ്യപ്പെട്ടവന്‍ എന്ന് മാത്രമെ അര്‍ത്ഥമുള്ളൂ. പഴയ നിയമ പുസ്തകത്തില്‍ ഈ പദത്തിന് രാഷ്ട്രീയവും മതപരവുമായ അര്‍ത്ഥകല്‍പനകള്‍ നല്‍കപ്പെട്ടതായി കാണാന്‍ കഴിയുന്നു. ആ ഗ്രന്ഥങ്ങളില്‍ കുറെയധികം മിശിഹമാരെകുറിച്ച് പറയുന്നുമുണ്ട്. അവരില്‍ ചിലരെങ്കിലും ആത്മാര്‍ത്ഥത്തിലുള്ള മിശിഹമാരായിരുന്നുവെന്ന് കാണാന്‍ കഴിയും. ദൈവത്താല്‍ അയക്കപ്പെട്ടവന്‍ എന്ന അര്‍ത്ഥത്തിലും മിശിഹയെന്ന് പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. യേശുവിനെ മാത്രം മിശിഹയായി വ്യവഹരിക്കുന്ന ക്രൈസ്തവ സമ്പ്രദായമാരംഭിച്ചത് ഒന്നാം നൂറ്റാണ്ടിലാണെന്ന് കരുതപ്പെടുന്നു.അപ്പോള്‍ യേശു നടേ സൂചിപ്പിച്ച തന്റെ ചോദ്യത്തില്‍ ക്രിസ്തു (മിശിഹ) വിശേഷിപ്പിച്ചത് തന്നെ സ്വയം സൂചിപ്പിക്കാനാണെന്ന് കരുതുന്നതിന് അടിസ്ഥാനമൊന്നുമില്ല. വരാനിരിക്കുന്ന ദൈവദൂതനെയോ മറ്റോ ഉദ്ദേശിച്ചുകൊണ്ട് യേശു പറഞ്ഞ പദം എഴുത്തുകാരന്‍ ക്രിസ്തുവെന്നാക്കി മാറ്റിയതാവാനുള്ള സാധ്യതയും നിഷേധിച്ചുകൂടാ. അതുകൊണ്ടുതന്നെ സംഹിത സുവിശേഷങ്ങളില്‍ വിവരിക്കപ്പെട്ട യേശു സൂചിത സംഭാഷണത്തിലെ ക്രിസ്തുവെന്ന പദം മാത്രമുപയോഗിച്ചുകൊണ്ട് സങ്കീര്‍ത്തനങ്ങളില്‍ ദാവീദ് പറഞ്ഞത് ക്രിസ്തുവിനെകുറിച്ചാണെന്ന് വ്യാഖ്യാനിക്കുവാന്‍ നിവൃത്തിയില്ല.

മാത്രവുമല്ല, വരാനിരിക്കുന്ന മിശിഹ താനാണെന്ന് വാദിക്കുന്നതിന് പകരം അത് നിഷേധിക്കുകയാണ് യഥാര്‍ത്ഥത്തില്‍ സംഹിത സുവിശേഷങ്ങളിലെ യേശുവിന്റെ സംഭാഷണം ചെയ്യുന്നത്. അദ്ദേഹം ഫരിസേയരോട് ചോദിക്കുന്നത് കാണുക: ‘കര്‍ത്താവ് എന്ന് ദാവീദ് അവനെ വിളിക്കുന്നുവെങ്കില്‍ അവന്‍ ദാവീദിന്റെ പുത്രനാവുന്നത് എങ്ങനെ? ഇതില്‍നിന്ന് മനസ്സിലാവുന്നതെന്താണ്? വരാനിരിക്കുന്ന പ്രവാചകനെകുറിച്ച് ദാവീദ് ‘എന്റെ കര്‍ത്താവ്’ എന്ന് പറഞ്ഞതിനാല്‍ അദ്ദേഹം ഒരിക്കലും ദാവീദിന്റെ പുത്രപാരമ്പര്യത്തില്‍ പെട്ടവനാവുകയില്ല. ഈ വസ്തുതയാണ് യേശു ഈ വചനത്തില്‍ പഠിപ്പിക്കുന്നത്. യേശു ദാവീദിന്റെ പുത്രപാരമ്പര്യത്തില്‍പെട്ടയാളാണെന്ന കാര്യം സുവിദിതമാണ്. മത്തായിയും ലൂക്കോസും യേശുവിന്റെ വംശാവലിയില്‍ പ്രധാനമായി എടുത്തുപറയുന്ന പേര് ദാവീദിന്റേതാണ്. യേശു ദാവീദിന്റെ പുത്രനാണെന്ന് സ്ഥാപിക്കുകയാണ് രണ്ടുപേരും ചെയ്യുന്നത്. അപ്പോള്‍ ദാവീദ് ‘എന്റെ കര്‍ത്താവ്’ എന്ന് വിളിച്ചത് യേശുവിനെയാകുവാന്‍ യാതൊരു സാധ്യതയുമില്ല. യേശു സ്വയംതന്നെയാണ് ഈ സാധ്യതയെ നിഷേധിക്കുന്നതെന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ്.

‘എന്റെ യജമാനന്‍’ ആര്?
പിന്നെ ആരെകുറിച്ചാണ് ദാവീദ് ‘എന്റെ യജമാനന്‍’ എന്ന് പറഞ്ഞത്? യേശുവിന് മുമ്പുള്ള ആരെക്കുറിച്ചുമല്ല അത് പറഞ്ഞതെന്ന് സംഹിത സുവിശേഷങ്ങള്‍ ഉദ്ധരിച്ച യേശുവിന്റെ സംഭാഷണം വ്യക്തമാക്കുന്നു. യേശുവിനെകുറിച്ചല്ലെന്ന് അദ്ദേഹം തന്നെ നിഷേധിക്കുകയും ചെയ്യുന്നു. യേശുവിനുശേഷം ജീവിച്ച ആരാണ് ചരിത്രത്തില്‍ മഹാനെന്ന് വിളിക്കപ്പെടുവാന്‍ യഥാര്‍ത്ഥത്തില്‍ അര്‍ഹനെന്ന ചോദ്യത്തിന് സത്യസന്ധമായ ഒരൊറ്റ ഉത്തരം മാത്രമെയുള്ളൂ- മുഹമ്മദ് നബി (സ്വ)- പ്രവാചകപ്രഭു (സയ്യിദുല്‍ മുര്‍സലീന്‍) എന്ന് വിളിക്കപ്പെട്ട സര്‍വോല്‍കൃഷ്ടനായ മനുഷ്യനെയായിരിക്കണം ദാവീദ് ‘എന്റെ പ്രഭു’ എന്ന് വിളിച്ചതെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

ദാവീദ് എന്റെ യജമാനന്‍ എന്ന് വിളിച്ചത് മുഹമ്മദ് നബി(സ്വ)യെയാണ് എന്ന് വരികില്‍ സങ്കീര്‍ത്തന പുസ്തകത്തില്‍ ശേഷം പറയുന്ന പ്രവചനവും പൂര്‍ത്തീകരിക്കപ്പെട്ടതായി മനസ്സിലാക്കാന്‍ കഴിയും. ‘നിശ്ചയമായും ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കും’ എന്നാണല്ലോ ദാവീദിന്റെ പ്രഭുവിനോടുള്ള ദൈവ വാഗ്ദാനം. മുഹമ്മദ് നബി(സ്വ)യുടെ മതപ്രബോധന വേളയില്‍ അദ്ദേഹത്തിന്റെ ശത്രുക്കളായിരുന്നവര്‍ മുഴുവന്‍ അദ്ദേഹത്തിന്റെ വിയോഗമായപ്പോഴേക്കും ഒന്നുകില്‍ മുസ്ലിംകളാവുകയോ അല്ലെങ്കില്‍ മരണപ്പെടുകയോ ചെയ്തിരുന്നുവെന്നത് ഒരു ചരിത്രസത്യമാണ്. ചരിത്രപ്രസിദ്ധമായ മക്കാവിജയത്തോടെ അദ്ദേഹത്തെ പീഡിപ്പിക്കുകയും ദ്രോഹിക്കുകയും ചെയ്തവര്‍ മുഴുവന്‍ ഇസ്ലാമിന്റെ കൊടിക്കീഴില്‍ അണിനിരന്നതായി നമുക്ക് കാണാന്‍ കഴിയുന്നു. മക്കാവിജയത്തിന്റെ വേളയില്‍ അദ്ദേഹത്തിന്റെ ശത്രുക്കളായിരുന്നവര്‍ പ്രവാചകന് മുമ്പില്‍ എന്ത് കല്‍പനയും ശിരസാവഹിക്കുവാന്‍ സന്നദ്ധരായി നില്‍ക്കുന്നതാണ് ചരിത്രത്തില്‍ കാണാന്‍ കഴിയുന്നത്. ‘നിശ്ചയമായും ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കും’ എന്ന ദൈവിക വാഗ്ദാനം ഇത്ര വ്യക്തമായി പൂര്‍ത്തീകരിക്കപ്പെട്ട മറ്റൊരു സംഭവം ചരിത്രത്തിലില്ല.

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH