Search

mahonnathan

Slide - in Bible

JA slide show
വെളിച്ചത്തിന്റെ ദൂതന്‍ Print E-mail

മുഹമ്മദ് നബി(സ്വ)യെകുറിച്ചാണെന്ന് വ്യാഖ്യാനിക്കാവുന്ന മറ്റൊരു പ്രവചനംകൂടി യെശയ്യാവിന്റെ പുസ്തകത്തിലുണ്ട്. അതിങ്ങനെയാണ്: ‘എഴുന്നേല്‍ക്കൂ, പ്രകാശിക്കൂ: നിന്റെ വെളിച്ചം എത്തിയിരിക്കുന്നു. കര്‍ത്താവിന്റെ തേജസ് നിന്റെ മേല്‍ ഉദയം ചെയ്തിരിക്കുന്നു. എങ്കിലും ഇതാ, ഭൂമിയെ ഇരുട്ട് വലയം ചെയ്തിരിക്കുന്നു; ജനപഥങ്ങളെ കൂരിരുട്ടും. പക്ഷെ, കര്‍ത്താവ് നിന്റെ മേല്‍ ഉദയം ചെയ്യും. അവന്റെ തേജസ്സ് നിന്റെ മേല്‍ കാണപ്പെടുകയും ചെയ്യും. ജനതകള്‍ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാര്‍ നിന്റെ പുലരി വെളിച്ചത്തിലേക്കും വരും. നീ ദൃഷ്ടി ഉയര്‍ത്തി, ചുറ്റുപാടും നോക്കി കാണുക. അവരെല്ലാം ഒരുമിച്ചുകൂടി നിന്റെ അടുക്കലേക്ക് വരുന്നു’ (യെശയ്യാ 60:1-4).

അന്ധകാരത്തില്‍നിന്ന് വെളിച്ചത്തിലേക്ക്
ലോകം മുഴുവന്‍ ഇരുട്ടിലായിരുന്ന കാലത്ത് മക്കയില്‍ ഉദിച്ച് മനുഷ്യര്‍ക്ക് മുഴുവന്‍ പ്രകാശം കാണിച്ചുകൊടുത്ത മുഹമ്മദ് നബി (സ്വ)യിലല്ലാതെ മറ്റൊരു മനുഷ്യനിലും യോജിക്കാത്തവയാണ് മുകളിലെ പ്രവചനത്തിലെ വിശേഷണങ്ങളെന്ന് അത് ഒരാവര്‍ത്തി വായിച്ചാല്‍ സുതരാം ബോധ്യമാകും. ഭൂമിയെ മുഴുവന്‍ അധര്‍മത്തിന്റെ ഇരുട്ട് വലയം ചെയ്തകാലത്ത്, ജനതതികളെ അന്ധവിശ്വാസനാചാരങ്ങളുടെ കൂരിരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാനായി കര്‍ത്താവിന്റെ തേജസ്സായ വിശുദ്ധ ഖുര്‍ആനും പ്രകാശമാനമായ സ്വന്തം ജീവിതവുമുപയോഗിച്ച മഹാനായ പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യല്ലാതെ മറ്റാരാണ്? ഒട്ടനവധി ജനങ്ങള്‍ കൂട്ടംകൂട്ടമായി ഇസ്ലാമിന്റെ വെളിച്ചത്തിലേക്ക് പ്രവാചകന്റെ കാലത്തുതന്നെ കടന്നുവരികയുണ്ടായി. അദ്ദേഹത്തിന് ശേഷമാകട്ടെ, ഒരുപാട് നാടുകളും അധികാരികളും ഇസ്ലാമിന് കീഴിലായി. ‘ജനതകള്‍ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാര്‍ നിന്റെ പുലരി വെളിച്ചത്തിലേക്കും വരും’ എന്ന യെശയ്യാവിന്റെ പ്രവചനം എത്ര കൃത്യമായാണ് മുഹമ്മദ് നബി(സ്വ)യില്‍ പുലര്‍ന്നിരിക്കുന്നത്.

കേദാറും നെബയോത്തും
യെശയ്യാവിന്റെ ഈ പ്രവചനം മുഹമ്മദ് നബി(സ്വ)യെകുറിച്ച് തന്നെയാണെന്ന് ഇതിലെ ബാക്കി ഭാഗങ്ങള്‍കൂടി പരിശോധിച്ചാല്‍ കൂടുതല്‍ ബോധ്യമാകും. ‘കേദാറിലെ ആട്ടിന്‍പറ്റം മുഴുവന്‍ നിന്റെ അടുക്കല്‍ വന്നുകൂടും; നെബയോത്തിലെ ആണാടുകള്‍ നിനക്ക് സേവ ചെയ്യും. അവ എനിക്ക് പ്രസാദജനകമായി എന്റെ ബലിപീഢത്തില്‍ എത്തും; എന്റെ മഹിമയാര്‍ന്ന ആലയത്തെ ഞാന്‍ മഹത്വപ്പെടുത്തും’ (യെശയ്യാവ് 60:7).

ഈ വചനത്തില്‍ രണ്ട് അറബ് ഗോത്രങ്ങളെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ഇസ്മായേലി(ൌ)ന്റെ പന്ത്രണ്ട് പുത്രന്മാരില്‍ ഒരാളാണ് കേദാറെന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. നെബയോത്ത് (ചലയമശീവേ) ഇസ്മായിലി(ൌ)ന്റെ ആദ്യത്തെ പുത്രന്റെ പേരാണ് (ഉല്‍പത്തി 25:13). കേദാറും നെബയോത്തും ഇസ്മാഈലി(ൌ)ന്റെ പുത്ര പാരമ്പര്യത്തിലുള്ള രണ്ട് അറബ് ഗോത്രങ്ങളാണ്. ‘കേദാറിലെ ആട്ടിന്‍പറ്റങ്ങളും ‘നെബയോത്തിലെ ആണാടു’കളും അറബികളെ കുറിക്കാനുപയോഗിച്ച പ്രയോഗങ്ങളാണെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ‘കേദാറിലെ ആട്ടിന്‍പറ്റം മുഴുവന്‍ നിന്റെ അടുത്ത് വന്നുകൂടും’ എന്ന പ്രവചനം മുഹമ്മദ് നബി(സ്വ)യില്‍ എല്ലാ അറബികളും വിശ്വസിക്കുമെന്ന സൂചനയായിരിക്കാം നല്‍കുന്നത്. അതല്ലെങ്കില്‍, തമ്മിലടിച്ചുകൊണ്ടിരുന്ന അറബികളെ വിശ്വാസത്തിന്റെ പാശത്താല്‍ ഐക്യപ്പെടുത്തിയ പ്രവര്‍ത്തനമായിരിക്കാം ഉദ്ദേശിക്കപ്പെടുന്നത്. എന്തുതന്നെയായിരുന്നാലും അറബ് ഗോത്രങ്ങളായ കേദാറിലെയും നെബയോത്തിലെയും ജനങ്ങളുടെ പ്രവാചകന്‍ എന്ന് വിശേഷിപ്പിക്കുവാന്‍ മുഹമ്മദ് നബി(സ്വ)യല്ലാതെ മറ്റാരും തന്നെ അര്‍ഹനായിട്ടില്ലെന്നതാണ് വാസ്തവം.

ദൈവത്തിന്റെ ബലിപീഠത്തില്‍
അറബ് ജനത പ്രവാചകന്റെ അടുത്ത് വന്നുകൂടുകയും അദ്ദേഹത്തിന് സേവനം നടത്തുകയും ചെയ്യുമെന്ന പ്രവചനം മാത്രമല്ല ഇതിലുള്ളത്. ‘അവ എനിക്ക് പ്രസാദജനകമായി എന്റെ ബലിപീഠത്തില്‍ എത്തും’ എന്നാണ് ഇതിലെ മറ്റൊരു പ്രവചനം. മുഹമ്മദ്നബി(സ്വ)യുടെ അനുയായികളില്‍ ഈ പ്രവചനവും അക്ഷരാര്‍ത്ഥത്തില്‍ പുലര്‍ന്നതായി കാണാന്‍ കഴിയും. ദൈവഹിതത്തിനുവേണ്ടി എന്ത് ത്യാഗവും ചെയ്യാന്‍ സന്നദ്ധരായവരായിരുന്നു അവര്‍. സത്യമതത്തെ നശിപ്പിക്കുവാനും ദിവ്യപ്രകാശത്തെ കെടുത്തുവാനും കഴിയുമെന്ന് കരുതി യുദ്ധത്തിനൊരുങ്ങിയ അവിശ്വാസികളോട് സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ചുകൊണ്ട് പടപൊരുതിയവരാണവര്‍. അതില്‍ പല പ്രവാചക സഖാക്കള്‍ക്കും സ്വന്തം ജീവന്‍ പോലും നല്‍കേണ്ടി വന്നിട്ടുണ്ട്. ആദര്‍ശത്തിനു വേണ്ടി സ്വന്തം ജീവന്‍ നല്‍കാന്‍ യാതൊരു വൈമനസ്യവും കാണിക്കാതിരുന്ന പ്രവാചക ശിഷ്യന്മാരെയായിരിക്കണം ഇവിടെ യെശയ്യാവ് തന്റെ പ്രവചനത്തില്‍ പരാമര്‍ശിച്ചത്.

മഹിമയാര്‍ന്ന ആലയം
പ്രവാചകന്റെ ശിഷ്യന്മാര്‍ ദൈവഹിതത്തിനുവേണ്ടി സ്വന്തം ജീവന്‍ നല്‍കുവാന്‍പോലും സന്നദ്ധമാകുമെന്ന പ്രവചനത്തിന് തൊട്ടുപിറകിലായി പറയുന്നത് ‘എന്റെ മഹിമയാര്‍ന്ന ആലയം? അത് അറേബ്യയിലെ കഅ്ബാലയമാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. കാരണമുണ്ട്. ദൈവത്തിനെ ആരാധിക്കുന്നതിനുവേണ്ടി ആദ്യമായി ഭൂമിയില്‍ കെട്ടിയുയര്‍ത്തപ്പെട്ട ആലയമാണത്. പ്രസ്തുത ആലയം ബഹുദൈവാരാധകരുടെ വിഗ്രഹങ്ങളാല്‍ നിബിഢമായിരുന്നു. മുഹമ്മദ് നബി (സ്വ)യും അനുയായികളുമാണ് കഅ്ബാലയത്തിലെ വിഗ്രഹങ്ങള്‍ മുഴുവന്‍ നിഷ്കാസനം ചെയ്ത് അതിനെ മഹത്വപ്പെടുത്തിയത്. ദൈവത്തിന്റെ മഹിമയായ ആലയത്തെ മഹത്വപ്പെടുത്തുന്നതിനു വേണ്ടിയുള്ള പടിപടിയായ പ്രവര്‍ത്തനങ്ങള്‍ക്കിടയി ല്‍ കുറെ പ്രവാചക ശിഷ്യന്മാര്‍ക്ക് ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നിട്ടുണ്ട്. ഇതായിരിക്കാം ‘അവ എനിക്ക് പ്രസാദജനകമായി എന്റെ ബലിപീഠത്തില്‍ എത്തും; എന്റെ മഹിമയാര്‍ന്ന ആലയത്തെ ഞാന്‍ മഹത്വപ്പെടുത്തും’ എന്ന പ്രവചനത്തില്‍ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

ലോകത്തിന് മുഴുവന്‍ വെളിച്ചം നല്‍കിക്കൊണ്ട് ജനതതികളെ അന്ധകാരത്തില്‍നിന്ന് രക്ഷിക്കുന്നവനായി വരാനിരിക്കുന്ന പ്രകാശത്തിന്റെ ദൂതനെന്ന് യെശയ്യാവിന്റെ പ്രവചനത്തില്‍ പരാമര്‍ശിച്ചത് മുഹമ്മദ് നബി (സ്വ)യാണെന്ന് തന്നെയാണ് മുകളില്‍ സൂചിപ്പിച്ച വസ്തുതകള്‍ വ്യക്തമാക്കുന്നത്.

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH