Search

mahonnathan

Slide - in Bible

JA slide show
സമാധാനത്തിന്റെ പ്രവാചകന്‍ Print E-mail

ഇസ്രായീല്യരിലേക്ക് ദൈവം ഒരുപാട് പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ടെന്ന് നമുക്കറിയാം. അതോടൊപ്പം തന്നെ നാം മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട ഒരു വസ്തുത കൂടിയുണ്ട്. പ്രവാചകന്മാരാണെന്ന് അവകാശപ്പെട്ടു കൊണ്ട് കുറെപേര്‍ ഇസ്രാഈല്‍ സന്തതികളെ വഞ്ചിക്കുവാന്‍വേണ്ടി ശ്രമിച്ചിട്ടുണ്ടെന്ന കാര്യമാണത്. പതിനായിരക്കണക്കിന് വ്യാജ പ്രവാചകര്‍ തങ്ങള്‍ക്ക് ദൈവിക ബോധനം ലഭിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് ഇസ്രായീല്‍ സമൂഹത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടത്രെ. ഇത്തരം പ്രവാചകന്മാര്‍ ഒരിക്കലും സത്യത്തിനുവേണ്ടി നിലകൊള്ളുകയില്ലല്ലോ. അതുകൊണ്ടുതന്നെ ദൈവത്തിന്റെ ദൂതുമായി വരുന്ന യഥാര്‍ത്ഥ പ്രവാചകന്മാരെ നശിപ്പിക്കുവാന്‍ തങ്ങളാല്‍ കഴിയുന്നത്ര ശ്രമിച്ചവരായിരുന്നു അവര്‍.


കള്ള പ്രവാചകന്മാരില്‍നിന്ന് ഏറ്റവുമധികം പീഡനങ്ങളേല്‍ക്കേണ്ടി വന്നിട്ടുള്ള പ്രവാചകനാണ് യിരെമ്യാ. ക്രിസ്തുവിന് ഏഴു നൂറ്റാ ണ്ടുകള്‍ക്ക് മുമ്പ് ജീവിച്ച യിരെമ്യാവിന് വ്യാജ പ്രവാചകന്മാരുടെ ശല്യം ഒരുപാട് സഹിക്കേണ്ടിവന്നതിനാല്‍തന്നെ യഥാര്‍ത്ഥ പ്രവാചകനെ വ്യാജ പ്രവാചകനില്‍നിന്ന് എങ്ങനെ തിരിച്ചറിയാം എന്ന് അദ്ദേഹം തന്നെ ജനതയെ പഠിപ്പിച്ചിട്ടുണ്ട്. യിരെമ്യാ പ്രവാചകന്‍ പഠിപ്പിച്ച പ്രവാചകത്വത്തിന്റെ മാനദണ്ഡം മലയാളം ബൈബിളില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത് ഇങ്ങനെയാണ്: സമാധാനം പ്രവചിക്കുന്ന പ്രവാചകന്റെ കാര്യത്തിലാകട്ടെ, അയാളുടെ വചനം സത്യമായിത്തീരുമ്പോള്‍ അയാളെ കര്‍ത്താവ് അയച്ചതാണെന്ന് അറിയാം’. (യിരെമ്യാ 28:9).

 

കര്‍ത്താവ് അയച്ച പ്രവാചകന്റെ അടയാളങ്ങളാണ് ഈ വചനത്തില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്.

 

1) അയാള്‍ ‘സമാധാനം’ പ്രവചിക്കുന്നവനായിരിക്കും.

2) അയാളുടെ വചനങ്ങളെല്ലാം സത്യമായി പുലരും.

 

‘ഷാലോം’ എന്നാല്‍

ഇതില്‍ ‘സമാധാനം’ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഷാ’ലോം (Shalom) എന്ന ഹിബ്രു പദത്തെയാണ്. ഷാ’ലോം എന്ന ഹിബ്രുപദവും ഷ്ലാ’മ (Shlama) എന്ന സുറിയാനി പദവും സലാം, ഇസ്ലാം തുടങ്ങിയ അറബിപദങ്ങളും വ്യുല്‍പന്നമായിരിക്കുന്നത് ഷ’ലാം (Shalam) എന്ന സെമിറ്റിക് മൂലത്തില്‍നിന്നാണ്. ഷലാം എന്ന സെമിറ്റിക് മൂലക്രിയ കീഴ്വഴങ്ങുക, കീഴടങ്ങുക, സമാധാനമുണ്ടാവുക എന്ന അര്‍ത്ഥങ്ങളുള്‍ക്കൊള്ളുന്നതാണ്. അതില്‍നിന്നുണ്ടായതാണ് ഷാ’ലോം എന്ന ഹിബ്രുപദം. ഇതിന് നേരിട്ട് അറബിയില്‍ ഇസ്ലാം എന്ന് പരിഭാഷ നല്‍കാവുന്നതാണ്. അപ്പോള്‍ നമുക്ക് യിരെമ്യാവിന്റെ വചനത്തെ ഇങ്ങനെ വായിക്കാന്‍ കഴിയും: ‘ഇസ്ലാം പ്രവചിക്കുന്ന പ്രവാചകന്റെ കാര്യത്തിലാകട്ടെ അയാളുടെ വചനം സത്യമായിത്തീരുമ്പോള്‍ അയാള്‍ കര്‍ത്താവ് അയച്ചതാണെന്ന് അറിയാം’.

 

എന്താണ് പ്രവചനം?

ഇതില്‍ പ്രവചനം എന്ന പദം അല്‍പം വിശദീകരണമര്‍ഹിക്കുന്നു. ‘നബ’( Naba) എന്ന ഹിബ്രു ക്രിയക്കര്‍ത്ഥം ‘മുന്‍കൂട്ടി പറയുക’, ‘പ്രവചിക്കുക’ എന്നിങ്ങനെയാണ്. ഈ ക്രിയയില്‍ നിന്നുണ്ടായ നാമമായതിനാല്‍ നബി (Nabi) യെന്ന പദത്തെ നാം പ്രവാചകന്‍ എന്ന് ഭാഷാന്തരം ചെയ്യുന്നു. ‘ദൈവത്തില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ വെളിച്ചത്തില്‍ ഭാവികാര്യങ്ങള്‍ മുന്‍കൂട്ടി പറയുന്നവര്‍’ എന്ന ധാരണയാണ് പൊതുവെ പ്രവാചകന്‍ എന്ന് പറയുമ്പോള്‍ ഉണ്ടാവുന്നത്. ഈ നിര്‍വചനം ഭാഗികമായി മാത്രമെ ശരിയാവൂ. ഭാവിയില്‍ വരാനിരിക്കുന്ന ഭൌതിക സംഭവങ്ങള്‍ വിവരിച്ചുകൊടുക്കുകയാണ് പ്രവാചകന്റെ പ്രധാനപ്പെട്ട പണിയെന്ന് സെമിറ്റിക് മതവിശ്വാസങ്ങളെ സംബന്ധിച്ച് അല്‍പമെങ്കിലും ധാരണയുള്ളവരൊന്നും പറയില്ല. ‘ദൈവികസന്ദേശങ്ങള്‍ സ്വീകരിച്ച് ഉത്തരവാദപ്പെട്ടവര്‍ക്ക് അത് എത്തിച്ചുകൊടുക്കുക’യാണ് പ്രവാചകന്റെ പ്രധാനപ്പെട്ട പണി. നബിയെന്ന നാമത്തിന് പ്രധാനമായും കല്‍പിക്കപ്പെടേണ്ടത് ഈ അര്‍ത്ഥമാണെങ്കില്‍ അതിന്റെ മൂലക്രിയയായ ‘നബ’ക്കും ഇതില്‍നിന്നുള്ള അര്‍ത്ഥമാണ് പ്രധാനമായും കല്‍പിക്കപ്പെടേണ്ടതെന്ന് വ്യക്തമാണല്ലോ. യിരെമ്യാവിന്റെ വചനത്തില്‍ പ്രയോഗിക്കപ്പെട്ടിട്ടുള്ള ‘പ്രവചനം’ എന്ന പദത്തിന് ഈ അര്‍ത്ഥമാണ് പ്രധാനമായി കല്‍പിക്കപ്പെടേണ്ടതെന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്.

 

അങ്ങനെയാവുമ്പോള്‍ യിരെമ്യാവിന്റെ നടേ സൂചിപ്പിച്ച വചനം ഇങ്ങനെ വായിക്കാന്‍ കഴിയും. ‘ഇസ്ലാമിനെകുറിച്ച സന്ദേശങ്ങള്‍ ദൈവത്തില്‍ നിന്ന് സ്വീകരിച്ച് ഉത്തരവാദപ്പെട്ടവര്‍ക്ക് എത്തിക്കുന്ന പ്രവാചകന്റെ കാര്യത്തിലാകട്ടെ, അയാളുടെ വചനം സത്യമായിത്തീരുമ്പോള്‍ അയാളെ കര്‍ത്താവ് അയച്ചതാണെന്ന് അറിയാം’.

 

യിരെമ്യാവിന്റെ മാനദണ്ഡം

ഇതാണ് യിരെമ്യാവിന്റെ മാനദണ്ഡം. ഒരു പ്രവാചകന്‍ അയാള്‍ യഥാര്‍ത്ഥ ഇസ്ലാമിനെയാണോ ജനങ്ങള്‍ക്ക് പ്രബോധനം ചെയ്യുന്നതെന്ന് നോക്കിക്കൊണ്ടാണ അയാള്‍ സത്യസന്ധനാണോ എന്ന് തീരുമാനിക്കേണ്ടത്. ഇതല്ലാതെ യിരെമ്യാവിന്റെ വചനത്തില്‍ കേവല സമാധാനത്തിന്റെ പ്രവചനമാണ് ഉദ്ദേശിക്കപ്പെടുന്നതെന്ന് വ്യാഖ്യാനിക്കുന്നത് വളരെ വലിയ അപകടം ക്ഷണിച്ചുവരുത്തും. യഥാര്‍ത്ഥ സമാധാനത്തിന്റെ -ഇസ്ലാം- സംസ്ഥാപനത്തിനുവേണ്ടി നാട്ടില്‍ നിലവിലുള്ള ‘സമാധാന’ത്തെ തകര്‍ത്തവരാണ് പ്രവാചകന്മാര്‍. ബഹുദൈവത്വത്തിനെതിരെ പോരാടിക്കൊണ്ട് നാട്ടിലെ ‘സമാധാനം’ തകര്‍ത്തവനാണ് അബ്രഹാം എന്ന് പറയാം. യേശുപോലും ‘സമാധാന’ത്തിന്റെ ഭഞ്ജകനായിരുന്നുവല്ലോ. അദ്ദേഹം പറഞ്ഞതായി ലൂക്കോസ് എഴുതുന്നു: ‘ഞാന്‍ വന്നത് ഭൂമിയില്‍ സമാധാനം സ്ഥാപിക്കാനാണ് എന്ന് നിങ്ങള്‍ ധരിക്കുന്നോ? അല്ല, മറിച്ച് ഞാന്‍ പറയുന്നു: ഭിന്നിപ്പുണ്ടാക്കാനാണ്. ഇനി മുതല്‍ ഒരു വീട്ടിലുള്ള അഞ്ചുപേരില്‍ മൂന്നുപേര്‍ രണ്ടുപേര്‍ക്കെതിരെയും രണ്ടുപേര്‍ മൂന്നു പേര്‍ക്കെതിരെയും ഭിന്നിച്ചിരിക്കും. അപ്പന്‍ മകനെതിരായും മകന്‍ അപ്പനെതിരായും അമ്മ മകള്‍ക്കെതിരായും മകള്‍ അമ്മക്കെതിരായും അമ്മായിയമ്മ മരുമകള്‍ക്കെതിരായും മരുമകള്‍ അമ്മായിഅമ്മക്കെതിരായും ഭിന്നിക്കും” (ലൂക്കോസ് 12:51-53).

 

അപ്പോള്‍ സമാധാനം പ്രവചിക്കുക എന്നത് യഥാര്‍ത്ഥ പ്രവാചകന്റെ അടയാളമാണെന്ന് പറയുന്നതില്‍ ചെറിയ ചില അസാംഗത്യങ്ങളുണ്ട്. യിരെമ്യാ പ്രവാചകന്‍ ഉപയോഗിച്ച പദം തന്നെ അവിടെ ഉപയോഗിക്കുന്നുവെങ്കില്‍ ഈ പ്രശ്നം പരിഹരിക്കപ്പെടും. ‘ഇസ് ലാം’-ദൈവത്തിന് സ്വന്തത്തെ സമ്പൂര്‍ണമായി സമര്‍പ്പിക്കുന്നതിലൂടെ കൈവരുന്ന സമാധാനം -പഠിപ്പിക്കുന്ന പ്രവാചകന്‍ മാത്രമാണ് യഥാര്‍ത്ഥ പ്രവാചകന്‍. നോഹ, അബ്രഹാം, മോശ, ദാവീദ്, യേശു (അ), മുഹമ്മദ്(സ) തുടങ്ങിയവരെല്ലാം ഇസ്ലാം ജനങ്ങളെ പഠിപ്പിച്ച പ്രവാചകരാണ്. അതുകൊണ്ടുതന്നെ അവരെല്ലാവരും യിരെമ്യാവിന്റെ മാനദണ്ഡപ്രകാരം യഥാര്‍ത്ഥ ദൈവദൂതന്മാരാണ്.

 

സത്യമായി പുലര്‍ന്ന പ്രവചനങ്ങള്‍

ഇസ്ലാം പ്രചരിപ്പിക്കുന്ന പ്രവാചകന്റെ പ്രവചനങ്ങളെല്ലാം സ ത്യമായി പുലരുമെന്നതിന് മുഹമ്മദ് നബി(സ)യിലൂടെ അവതരിപ്പിക്കപ്പെട്ട വിശുദ്ധ ഖുര്‍ആന്‍ തന്നെയാണ് ഏറ്റവും വലിയ തെളിവ്. ഖുര്‍ആനിലെ ഒരൊറ്റ വചനംപോലും അസത്യമാണെന്ന് തെളിയിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. അതിലെ വചനങ്ങളെല്ലാം സത്യമായി പുലര്‍ന്നിട്ടുണ്ട്. അതിനാല്‍തന്നെ യിരെമ്യാവിന്റെ മാനദണ്ഡപ്രകാരം മുഹമ്മദ് നബി(സ)സത്യസന്ധനായ ഒരു പ്രവാചകനാണെന്ന് കാണാന്‍ കഴിയും.

 

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH