Search

mahonnathan

Slide - why nabi

JA slide show
സമാധാനത്തിന്റെ ദൂതന്‍ PDF Print E-mail

മനുഷ്യന്‍ ജന്മനാ ജിജ്ഞാസുവാണ്. തന്നെയും തനിക്ക് ചുറ്റുമുള്ള ലോകത്തെയും കുറിച്ച അന്വേഷണം അവന്റെ കുട്ടിക്കാലംമുതല്‍തന്നെ ആരംഭിക്കുന്നു. കളിപ്പാട്ടം തല്ലിയുടച്ച് അതിനുള്ളിലുള്ളത് എന്തൊണെന്നറിയാനുള്ള ആര്‍ത്തി പ്രകടിപ്പിക്കുന്ന കൊച്ചുകുഞ്ഞ് ലോകത്തിന്റെ യാഥാര്‍ത്ഥ്യമറിയാനുള്ള മനുഷ്യധിഷണയുടെ ഒടുങ്ങാത്ത ആഗ്രഹത്തിന്റെ പ്രതീകമാണ്. ആകാശത്തിന്റെഅനന്തതകളിലും ആറ്റത്തിന്റെ സങ്കീര്‍ണതകളിലും കണ്ണും നട്ടിരിക്കുന്ന ശാസ്ത്രജ്ഞരും ഈ പ്രപഞ്ചത്തിന്റെ യാഥാര്‍ഥ്യമറിയാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

അറിഞ്ഞിടത്തോളം പ്രപഞ്ചത്തിലെ ചിന്താശക്തിയുള്ള ഏകജീവിയാണ് മനുഷ്യന്‍ . ഈ ബൃഹദ് പ്രപഞ്ചത്തിന് നടുവില്‍ നില്‍ക്കുന്ന മനുഷ്യന്‍ സ്വാഭാവികമായും ചോദിച്ചുപോകുന്ന കുറെ ചോദ്യങ്ങളുണ്ട്. തന്നെയും പ്രപഞ്ചത്തെയും കുറിച്ചറിയാനുള്ള മനുഷ്യ ധിഷണയുടെ സ്വാഭാവികമായ തേട്ടമാണ് ഈ ചോദ്യങ്ങളിലൂടെ പ്രകടമാക്കപ്പെടുന്നത്. നിരക്ഷരരായ മനുഷ്യര്‍ മുതല്‍ ശാസ്ത്രജ്ഞര്‍വരെ ഈ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യന് എന്ന് ബുദ്ധിശക്തിയും ചിന്താശേഷിയുമുണ്ടായോ അന്നുമുതല്‍ അവന്‍ ചോദിച്ചുകൊണ്ടിരിക്കുന്നതാണ് ഈ ചോദ്യങ്ങള്‍. വ്യത്യസ്ത നാഗരികതകളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇക്കാര്യം നമുക്ക് മനസ്സിലാക്കാം.

സ്രഷ്ടാവിനെക്കുറിച്ച അന്വേഷണം

മനുഷ്യന്‍ അഭിമുഖീകരിക്കുന്ന പ്രഥമ ചോദ്യം ഈ ബൃഹത്താ യ പ്രപഞ്ചം നിര്‍മിച്ചുനടത്തിക്കൊണ്ടിരിക്കുന്നത് ആരാണെന്നുള്ളതാണ്. ഒരു മഹാഗ്രന്ഥംപോലെ നമുക്കുമുന്നില്‍ തുറന്നുവെക്കപ്പെട്ടിട്ടുള്ള ഈ പ്രപഞ്ചത്തിലെവിടെയും അതിന്റെ നിര്‍മാതാവിന്റെ പേരെഴുതിവെച്ചിട്ടില്ല. പക്ഷേ, പ്രപഞ്ച പുസ്തകത്തിലെ ഓരോ അക്ഷരവും ഇതിന്നൊരു നിര്‍മാതാവ് ആവശ്യമാണെന്ന് വ്യക്തമായും പ്രഖ്യാപിക്കുന്നുണ്ട്. ആ നിര്‍മാതാവിന്റെ സ്വഭാവ സവിശേഷതകളെ സംബന്ധിച്ച് ഒരു ഏകദേശ ചിത്രം ഈ പുസ്തകത്തിലെ വാക്യങ്ങള്‍ നല്‍കുന്നുണ്ടെന്നതാണ് വാസ്തവം. പര്‍വ്വതത്തിന്റെ ഉച്ചിയിലോ ആഴിയുടെ അഗാധതകളിലോ ആകാശത്തിന്റെ അനന്തതയിലോ ഒന്നുംതന്നെ ഇവ സൃഷ്ടിച്ച് പരിപാലിക്കുന്ന വ്യക്തിയുടെ പേരെഴുതിവെച്ചിട്ടില്ലെന്നത് സത്യമാണ്. പക്ഷേ, പര്‍വ്വതത്തിന്റെ നിലനില്‍പ്പിനെയും ആകാശത്തിന്റെ സൃഷ്ടിപ്പിനെയും സമുദ്രത്തിന്റെനടത്തിപ്പിനെയും കുറിച്ചു പഠിക്കുമ്പോള്‍ ഇവക്കുപിന്നില്‍ അജയ്യനായ ഒരു സ്രഷ്ടാവുണ്ടെന്ന യാഥാര്‍ത്ഥ്യം നമുക്ക് മുന്നില്‍ തെളിഞ്ഞുവരും, തീര്‍ച്ച.

മനുഷ്യന്‍

നാം നമ്മെക്കുറിച്ചുതന്നെ ചിന്തിക്കുക. മനുഷ്യന്റെ സൃഷ്ടിപ്പിനെക്കുറിച്ച്. പിതാവ് സ്രവിക്കുന്ന ലക്ഷക്കണക്കിന് ബീജങ്ങളിലൊന്ന് മാതാവിന്റെ ഗര്‍ഭപാത്രത്തില്‍വെച്ച് അണ്ഡവുമായി സംയോജിച്ച് സിക്താണ്ഡമുണ്ടാകുന്നു. ഈ സിക്താണ്ഡത്തിന്നറിയില്ല, താന്‍ വളര്‍ന്ന് പുറത്തുപോകുന്ന ലോകത്തില്‍ ചൂടും തണുപ്പും കാറ്റും വെളിച്ചവും ശബ്ദവും സ്വാദുമെല്ലാമുണ്ടെന്ന്. പക്ഷേ, സിക്താണ്ഡം സ്വയംതന്നെ വിഭജിച്ചുണ്ടാവുന്ന 6x 10 (600000000000000) കോശങ്ങളാല്‍ ഇവയെല്ലാമറിയാവുന്ന കല (tissue) കളുണ്ടാവുന്നു. കാണാന്‍ കണ്ണും കേള്‍ക്കാന്‍ കാതും രൂപപ്പെടുന്നു. എരിവും പുളിയും കയ്പും മധുരവുമറിയാനുള്ള സ്വാദുമുകുളങ്ങള്‍ ഉണ്ടാകുന്നു. ചൂടും തണുപ്പും അറിയാനുള്ള ഞരമ്പുകള്‍ ഉടലെടുക്കുന്നു. ഹൃദയം, കരള്‍, ആമാശയം തുടങ്ങിയ ആന്തരാവയവങ്ങള്‍ രൂപപ്പെടുന്നു. എല്ലാറ്റിനുമുപരിയായി ഇവയെല്ലാം നിയന്ത്രിക്കുന്ന, അത്ഭുതങ്ങളില്‍ അത്ഭുതമായ മസ്തിഷ്കം രൂപംകൊള്ളുന്നു. ഇവയ്ക്കെല്ലാം പിന്നില്‍ ഒരു മഹാനായ സ്രഷ്ടാവിന്റെ ആസൂത്രിതവും സൂക്ഷ്മവുമായ പ്രവര്‍ത്തനങ്ങളാണോ, അതല്ല യാദൃശ്ചികതയാണോ ബുദ്ധിയുള്ളവര്‍ക്ക് കാണാന്‍ കഴിയുന്നത്?

സസ്യ-ജന്തു പാരസ്പര്യം

നമ്മുടെ ചുറ്റുപാടുകളിലേക്ക് കണ്ണോടിക്കുക. വ്യത്യസ്തങ്ങളായ ഫലങ്ങളുല്‍പാദിപ്പിക്കുന്ന സസ്യങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഭൂമിയില്‍ ജന്തുക്കളുടെ ജീവിതം അസാധ്യമാകുമായിരുന്നു. മനുഷ്യനടക്കമുള്ള ജന്തുക്കള്‍ ഉഛ്വസിക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് വലിച്ചെടുത്ത് ജീവികളുടെ നിശ്വാസവായുവായ ഓക്സിജന്‍ പുറത്തുവിടുന്നത് ഹരിത സസ്യങ്ങളാണ്. സസ്യങ്ങളില്ലെങ്കില്‍ ജന്തുക്കള്‍ക്കോ, ജന്തുക്കളില്ലെങ്കില്‍ സസ്യങ്ങള്‍ക്കോ ജീവിക്കാന്‍ വയ്യാത്ത അവസ്ഥ! ശ്വസനത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ഭക്ഷണത്തിന്റെയും രോഗപ്രതിരോധത്തിന്റെയുമെല്ലാം രംഗങ്ങളില്‍ ഈ പരസ്പര സഹകരണം കാണാം.

ഒരുദാഹരണം. സസ്യങ്ങള്‍ക്ക് പ്രത്യുല്‍പാദനം നടത്തണമെങ്കില്‍ ആണ്‍പൂവിലുള്ള പൂമ്പൊടി പെണ്‍പൂവിന്റെ കേസരത്തില്‍ പതിക്കണം. ജന്തുക്കളെപ്പോലെ ചലന സ്വാതന്ത്യ്രമുള്ളവയല്ലല്ലോ സസ്യങ്ങള്‍. ഇതിന് സസ്യങ്ങള്‍ ചില ഷഡ്പദങ്ങളുടെ സഹായം തേടുന്നു. ആണ്‍പൂവില്‍നിന്ന് പൂമ്പൊടി പെണ്‍പൂവിലെത്തിക്കുന്നത് ഈ ഷഡ്പദങ്ങളാണ്. ഷഡ്പദങ്ങളെ ആകര്‍ഷിക്കാനാണ് പുഷ്പങ്ങള്‍ക്ക് നിറങ്ങളും മണവുമുള്ളത്. പ്രത്യുല്‍പാദനത്തിന് പാകമായ പൂക്കള്‍ പ്രകടിപ്പിക്കുന്ന നിറത്തിലും തേനിലും ആകൃഷ്ടരായെത്തുന്ന ഷഡ്പദങ്ങളുടെ കാലുകളിലൂടെ അവ പോലുമറിയാതെ പരാഗണം നടക്കുന്നു. തങ്ങളുടെ പ്രത്യുല്‍പാദനത്തിന് സഹായിക്കുന്ന ഷഡ്പദങ്ങള്‍ക്ക് പൂക്കള്‍ നല്‍കുന്ന സമ്മനമാണ് തേന്‍ എന്ന് വേണമെങ്കില്‍ പറയാം.

എത്ര വ്യവസ്ഥാപിതമായാണ് കാര്യങ്ങള്‍ സംവിധാനിക്കപ്പെട്ടിരിക്കുന്നത്! ഇവയെല്ലാം അജയ്യനായ ഒരു സ്രഷ്ടാവിന്റെ ആസൂത്രി ത പ്രവര്‍ത്തനങ്ങളായിട്ടാണോ അതല്ല, കേവല യാദൃശ്ചികതയുടെ വേലകളായിട്ടാണോ ചിന്തിക്കുന്ന മനുഷ്യന്‍ മനസ്സിലാക്കേണ്ടത്?

ജൈവലോകത്തെ അത്ഭുതങ്ങള്‍

മറ്റുള്ള ജീവികളിലേക്ക് നോക്കുക. സമുദ്രത്തിലെ മത്സ്യങ്ങള്‍, ആകാശത്തിലെ പറവകള്‍, വന്യമൃഗങ്ങള്‍, വീട്ടുമൃഗങ്ങള്‍ എല്ലാത്തിനും അവയുടെ പരിതസ്ഥിതിക്കാവശ്യമായ പ്രത്യേകതകള്‍ നല്‍കപ്പെട്ടിരിക്കുന്നു.

പറക്കുന്ന പക്ഷികളുടെ അസ്ഥികള്‍ക്കിടയിലും തൂവലുകള്‍ക്കിടയിലും അനേകം വായുകോശങ്ങളില്‍ സദാ കാറ്റ് നിറഞ്ഞുനില്‍ക്കുന്നതിനാല്‍ അനുഭവപ്പെടുന്ന ഭാരക്കുറവ് അവയ്ക്ക് പറക്കാന്‍ സഹായകമായി ഭവിക്കുന്നു. എന്നാല്‍ വെള്ളത്തില്‍ നീന്തേണ്ട പക്ഷികള്‍ക്ക് ഈ സവിശേഷത ഉപകാരപ്രദമല്ലാത്തതിനാല്‍ അവയുടെ എല്ല് പൊള്ളയല്ല. പകല്‍ ഇരതേടുന്ന പക്ഷികള്‍ക്ക് അതിന്നനുകൂലമായ ശാരീരിക ഘടനയുള്ളപ്പോള്‍ രാത്രി ഇരതേടുന്ന മൂങ്ങ, പാതിരക്കൊക്ക് മുതലായവയ്ക്ക് അതിനനുകൂലമായ ശാരീരിക ഘടനയാണുള്ളത്. മുട്ടയിടുന്നതിനും കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനുമായി പക്ഷികള്‍ നിര്‍മ്മിക്കുന്ന കൂടുകള്‍ പരിശോധിക്കുന്ന ഏവരും അത്ഭുതപ്പെട്ടുപോകും. മരക്കൊമ്പിലിരുന്ന് ഉറങ്ങുന്ന പക്ഷികള്‍ ദേഹം കാലില്‍ അമരുന്നതോടെ കാലുകള്‍ മടങ്ങുകയും ചില മാംസപേശികളും തന്തുക്കളും വളഞ്ഞ് വിരലുകളെ കൊമ്പിനുചുറ്റും മുറുകിക്കിടക്കാന്‍ സഹായിക്കുകയും ചെയ്യുന്നതിനാല്‍ മരത്തില്‍നിന്ന് അവ വീണുപോകുന്നില്ല.

പക്ഷികള്‍ക്ക് പറക്കാനായി നല്‍കപ്പെട്ടിരിക്കുന്ന ചിറകുകളാണ് മറ്റൊരു അത്ഭുതാവയവം. പക്ഷികളുടെ ശരാശരി വേഗത മണിക്കൂറില്‍ മുപ്പത് മുതല്‍ അറുപത് വരെ കിലോമീറ്ററാണെങ്കിലും നൂറ്റിമുപ്പത് മുതല്‍ നൂറ്റിയമ്പതുവരെ കിലോമീറ്റര്‍ വേഗതയില്‍ പറക്കുന്ന പക്ഷികളുമുണ്ട്. ആല്‍ബട്രോസിനെപ്പോലെ വളരെ ദൂരം ചിറക് അനക്കാതെ ഒഴുകിപ്പറക്കുന്ന പക്ഷികള്‍ക്ക് വളരെ നീളം കൂടി വീതികുറഞ്ഞ ചിറകുകളാണുള്ളത്. കാടയെപ്പോലെ പെട്ടെന്ന് പൊന്തി ഉടനെ വളരെ വേഗം പറക്കേണ്ടിവരുന്ന പക്ഷികള്‍ക്ക് വീതികൂടി നീളം കുറഞ്ഞ ചിറകുകളാണുള്ളത്.

കരജീവികളില്‍ നിന്നൊരുദാഹരണം കൂടി. മരുക്കപ്പല്‍ എന്നറിയപ്പെടുന്ന ജീവിയാണല്ലോ ഒട്ടകം. എന്താണിങ്ങനെ വിളിക്കപ്പെടാനുള്ള കാരണം? മരുഭൂമിയിലൂടെ കനത്ത ഭാരം വഹിച്ചുകൊണ്ട് ജലവും ആഹാരവും കൂടാതെ ദീര്‍ഘദൂരം യാത്രചെയ്യാന്‍ കഴിയുന്നതുകൊണ്ടാണ് ഒട്ടകത്തെ ഇങ്ങനെ വിളിക്കുന്നത്. അഞ്ഞൂറ് കിലോഗ്രാമിലേറെ ഭാരം വഹിച്ചുകൊണ്ട് മരുഭൂമിയിലൂടെ മണിക്കൂറില്‍ പതിമൂന്ന് മുതല്‍ പതിനാറ് വരെ കിലോമീറ്റര്‍ വേഗതയില്‍ ദീര്‍ഘദൂരം സഞ്ചരിക്കാന്‍ അറബി ഒട്ടകങ്ങള്‍ക്ക് കഴിയും. ഇവയുടെ നീണ്ട കാലുകള്‍ക്ക് ഭാരമേറിയ ശരീരത്തെ താങ്ങാനുള്ള കരുത്തുണ്ട്. ഓരോ കാലിലുമുള്ള രണ്ട് വിരലുകള്‍ക്കിടയിലൂടെ മൃദുവായ മാംസപിണ്ഡങ്ങള്‍ അതിന്റെ പാദത്തെ മണലില്‍ പുതഞ്ഞുപോകാതെ സൂക്ഷിക്കുന്നു. കാല്‍മുട്ടുകളിലും ഉരസ്സിനടിയിലും കാണുന്ന കട്ടിയുള്ള ചര്‍മാവരണം ഒട്ടകം മുട്ടുകുത്തിക്കിടക്കുമ്പോള്‍ അതിന്റെ ശരീരഭാഗങ്ങള്‍ക്ക് ക്ഷതമേല്‍ക്കാതിരിക്കാന്‍ സഹായിക്കുന്നു. നല്ല കാഴ്ചശക്തിയുള്ള ഒട്ടകത്തിന്റെ കണ്ണുകള്‍ക്കുള്ള നീണ്ട പുരികങ്ങളോടുകൂടിയ വലിയ കണ്‍പോളകള്‍ ഉഗ്രമായ സൂര്യകിരണങ്ങളില്‍നിന്നും മണല്‍ക്കാറ്റുകളില്‍നിന്നും കണ്ണുകളെ രക്ഷിക്കുന്നു. ഒന്നര കിലോമീറ്ററോളം ദൂരത്തുള്ള ജലം മണത്തറിയാന്‍ കഴിയുന്ന ഒട്ടകങ്ങള്‍ക്ക് മണല്‍ക്കാറ്റടിക്കുമ്പോള്‍ മണല്‍ത്തരികള്‍ മൂക്കില്‍ കടന്നുകൂടാതിരിക്കാനായി ഇഷ്ടാനുസരണം നാസാരന്ധ്രങ്ങളെ അടയ്ക്കാനും തുറക്കാനും കഴിയും. ഒട്ടകത്തിന്റെ ആഹാരങ്ങളായ മരുഭൂമിയിലെ മിക്ക ചെടികളിലും മുള്ളുകളുള്ളതിനാല്‍ ചുണ്ടുകള്‍ക്ക് ക്ഷതമേല്‍ക്കാതിരിക്കാനായി അതിന്റെ മേല്‍ച്ചുണ്ട് രണ്ടായി പിളര്‍ന്നിരിക്കുന്നു. ഒട്ടകത്തിന്റെ മുതുകിലെ പൂഞ്ഞയാണ് ഏറ്റവും വലിയ അത്ഭുതം. വരണ്ട മണലാരണ്യത്തിലൂടെ അല്‍പംപോലും ജലപാനം കൂടാതെ ദിവസങ്ങളോളം സഞ്ചരിക്കാന്‍ ഒട്ടകത്തിന് കഴിവ് നല്‍കുന്നത് ഈ പൂഞ്ഞയാണ്.

ജീവികള്‍ അവയുടെ ചുറ്റുപാടുകള്‍ക്കനുയോജ്യമായ രീതി യില്‍ സൃഷ്ടിക്കപ്പെട്ടതിന് പിന്നില്‍ സര്‍ഗധനനായ ഒരു സ്രഷ്ടാവി ന്റെ കരവിരുതോ അന്ധമായ യാദൃശ്ചികതയുടെ പ്രവര്‍ത്തനങ്ങ ളോ എന്താണ് യുക്തിബോധമുള്ളവര്‍ക്ക് കാണാന്‍ കഴിയുന്നത്?

നാം ജീവിക്കുന്ന ഭൂമി

നാം ജീവിക്കുന്ന ഭൂമിയിലേക്ക് നോക്കുക. സൌരയൂഥത്തിലെ ഒരംഗമായ ഭൂമിയെ ജീവന്‍ സൃഷ്ടിക്കാന്‍ സജ്ജമാക്കപ്പെട്ട ഒരു തൊട്ടിലായിട്ടാണ് ചിന്തിക്കുന്നവര്‍ക്കെല്ലാം കാണാന്‍ കഴിയുക. ഭൂമി സ്വയം ഇരുപത്തിനാല് മണിക്കൂറില്‍ ഒരു പ്രാവശ്യം ഭ്രമണം ചെയ്യുന്നതിനാല്‍ രാവും പകലുമുണ്ടാവുന്നു. ഭുമി സൂര്യന് ചുറ്റും ദീര്‍ഘവൃത്താകാരമായ ഭ്രമണപഥത്തില്‍ ശരാശരി 365.2564 ദിവസത്തിലൊരിക്കല്‍ ചുറ്റുന്നു. സ്വയം ഭ്രമണം നടക്കുന്നത് 23 ഡിഗ്രി ചെരിഞ്ഞ നിലയിലാണ്. ഈ ചെരിവില്ലായിരുന്നുവെങ്കില്‍ ഭൂമിയിലെ ഋതുഭേദങ്ങളുണ്ടാകുമായിരുന്നില്ല.

ഭൌമാന്തരീക്ഷം അതിന്ന് ഒരു മേല്‍ക്കൂര പണിയുകയാണ് ചെയ്യുന്നത്. സൂര്യനില്‍നിന്ന് വരുന്ന മാരകങ്ങളായ അള്‍ട്രാവയലറ്റ് രശ്മികളെ തടഞ്ഞുനിര്‍ത്തുകയും നിര്‍ദോഷികളും ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കാന്‍ അനിവാര്യവുമായ രശ്മികളെ കടത്തിവിടുകയും ചെയ്യുന്ന ഓസോണ്‍ പാളിയില്ലായിരുന്നുവെങ്കില്‍ ഭൂമിയില്‍ ജീവന് നിലനില്‍പുണ്ടാകുമായിരുന്നില്ല. ഭൂമിയിലേക്ക് പതിച്ചുകൊണ്ടിരിക്കുന്ന ഉല്‍ക്കകളെ ഘര്‍ഷണംമൂലം കരിച്ചുകളഞ്ഞു നശിപ്പിക്കുന്ന അന്തരീക്ഷം ഭൂമിയുടെ മേല്‍ക്കൂരയല്ലെങ്കില്‍ മറ്റെന്താണ്? അന്തരീക്ഷ വായുവില്ലായിരുന്നുവെങ്കില്‍ പകല്‍ സമയത്ത് ഭൂമിയിലെ ജലം തിളച്ചുമറിയുകയും രാത്രി സമയത്ത് തണുത്ത് കട്ടിയാവുകയും ചെയ്യുമായിരുന്നു. താപനില നിയന്ത്രിച്ച് ഭൂമിയിലെ ശീതോഷ്ണാവസ്ഥയെ ക്രമപ്പെടുത്തുന്നതില്‍ പ്രധാന പങ്കുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ സന്തുലനം നിലനിര്‍ത്തപ്പെടുന്നത് ജന്തുക്കളുടെ ഉഛ്വാസവായുവിലുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡിലൂടെയാണ്. ഓരോ വര്‍ഷവും ശരാശരി 500 ബില്യണ്‍ ടണ്‍ കാര്‍ബണ്‍ ഡൈ ഓക് സൈഡ് വലിച്ചെടുക്കുന്നുണ്ട്, സസ്യങ്ങള്‍. ജന്തുക്കളുടെ ഉഛ്വാസവായുവില്ലായിരുന്നുവെങ്കില്‍ വെറും മൂന്നുവര്‍ഷംകൊണ്ട് ഭൂമിയിലെ കാര്‍ബണ്‍ ഡയോക്സൈഡ് തീര്‍ന്നുപോകുമായിരുന്നു. അങ്ങനെ ഭൂമിയില്‍ ജീവന്‍ അസാധ്യമാകുമായിരുന്നു.

നമ്മുടെ പ്രപഞ്ചം

സൌരയൂഥത്തിലെ ഊര്‍ജത്തിന്റെ ഉറവിടമായ സൂര്യന്‍ മറ്റൊരത്ഭുതമാണ്. ഭൂമിയുടേതിന്റെ മുപ്പത്തിമൂന്ന് ലക്ഷം ഇരട്ടിഭാരമുള്ള സൂര്യനിലെ ബാഹ്യഭാഗത്തെ ഊഷ്മാവ് 60000 മുതല്‍ 100000000 വരെയാണ്. സൂര്യനും സ്വയം ഭ്രമണം ചെയ്യുകയും ഗാലക്സിയുടെ കേന്ദ്രത്തിന് ചുറ്റും പരിക്രമണം നടത്തുകയും ചെയ്യുന്നു. സൂര്യന്റെ താപം 13 ശതമാനം കുറഞ്ഞാല്‍ ഭൂമി മഞ്ഞുപുതപ്പിനാല്‍ മൂടപ്പെടുകയും 30 ശതമാനം കൂടിയാല്‍ ഇവിടെയുള്ള എല്ലാ ജീവികളും നശിക്കുകയും ചെയ്യും. ഭൂമിയിലെ ഒരുവിധമെല്ലാ പ്രതിഭാസങ്ങള്‍ക്കുമുള്ള കാരണം സൂര്യനാണ്. സൂര്യനില്ലായിരുന്നുവെങ്കില്‍ മഞ്ഞ് ഉരുകുകയില്ല. നദി ഒഴുകുകയില്ല. മേഘങ്ങള്‍ ഉണ്ടാവുകയില്ല, കാറ്റടിക്കുകയില്ല, പൂക്കള്‍ വിടരുകയില്ല, മഴ പെയ്യുകയില്ല, ജീവന്‍ നില നില്‍ക്കുകയില്ല.

സൂര്യന്‍ ക്ഷീരപഥമെന്ന (milky way) താരകവ്യൂഹ (galaxy) ത്തിലെ ഒരംഗം മാത്രമാണ്. ക്ഷീരപഥത്തില്‍ സൂര്യനെക്കാള്‍ ചെറു തും വലുതുമായ പതിനയ്യായിരം കോടിയോളം നക്ഷത്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ താരകവ്യൂഹത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തിലേക്കുള്ള ദൂരം 1,20,0000 പ്രകാശവര്‍ഷമാണ്. ഇത്തരത്തിലുള്ള പതിനായിരം കോടിയിലധികം താരകവ്യൂഹങ്ങളെ ഇതിനകം കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്. ഇവയെല്ലാം അനുനിമിഷം അകന്നുകൊണ്ടിരിക്കുകയാണ്. പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നുവെന്നര്‍ത്ഥം. ഈ തത്വപ്രകാരം ആധുനിക പണ്ഡിതന്മാര്‍ പറയുന്നത്, നമുക്ക് ഒരിക്കലും കാണാന്‍ കഴിയാത്ത, പ്രകാശവേഗത്തില്‍ അകന്നുകൊണ്ടിരിക്കുന്ന നക്ഷത്രവ്യൂഹങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ്. ഇത് ശരിയാണെങ്കില്‍, ഭൌതിക പ്രപഞ്ചത്തിന്റെ തന്നെ പല ഭാഗങ്ങളും മനുഷ്യന്‍ എത്ര പുരോഗമിച്ചാലും അവന്ന് അജ്ഞാതമായിത്തന്നെ തുടരും.

സ്രഷ്ടാവിനെ അറിയുക

ഭൂമിയെ ജീവന്നനുയോജ്യമായ രീതിയില്‍ സംവിധാനിച്ചതിനും നക്ഷത്രങ്ങളുടെ സൃഷ്ടിക്കും സംവിധാനത്തിനുമെല്ലാം പിന്നില്‍ അതുല്യനായ ഒരു സ്രഷ്ടാവിന്റെ ശക്തി വിശേഷങ്ങളോ അതല്ല യാദൃശ്ചികതയോ, എന്താണ് ചിന്തിക്കുന്നവര്‍ക്ക് കാണാന്‍ കഴിയുന്നത്?

ഉത്തരം വ്യക്തമാണ്. ഉത്തരവാദിത്തബോധമുള്ള ഒരു നായകന്റെ അഭാവത്തില്‍ ഒരു കുടുംബത്തിന് നിലനില്‍ക്കാനാവില്ലെങ്കില്‍ ശക്തമായ ഒരു ഭരണ സംവിധാനമില്ലാതെ ഒരു രാജ്യത്തിനും പുരോഗതി നേടാനാവില്ലെങ്കില്‍ അജയ്യനും സര്‍വശക്തനുമായ ഒരു സ്രഷ്ടാവിന്റെ ആസൂത്രണം കൂടാതെ ഈ പ്രപഞ്ചം സ്വയം ഉണ്ടാവാനോ നിലനില്‍ക്കാനോ സാധ്യതയില്ല; സാധ്യവുമല്ല.

ഇത് സാധാരണക്കാര്‍ മുതല്‍ ശാസ്ത്രജ്ഞന്‍വരെയുള്ളവരുടെ തത്വശാസ്ത്രമാണ്. സാധാരണക്കാരന്‍ വേലിയേറ്റത്തിലും വേലിയിറക്കത്തിലും മഹാനായ സ്രഷ്ടാവിന്റെ അസ്തിത്വം കണ്ടെത്തുമ്പോള്‍ ശാസ്ത്രജ്ഞര്‍ ഈ പ്രതിഭാസങ്ങള്‍ക്കുകാരണമായ ഗുരുത്വാകര്‍ഷണത്തിന് നിദാനമായ സ്ഥലകാല നൈരന്തര്യങ്ങളുടെ നിലനില്‍പ്പില്‍ അജയ്യനായ സര്‍വ്വശക്തന്റെ വൈഭവം കണ്ടെത്തുന്നുവെന്നുമാത്രം. രണ്ടും ഫലത്തില്‍ ഒന്നുതന്നെ. ശാസ്ത്രം എത്ര തന്നെ പുരോഗമിച്ചാലും സ്രഷ്ടാവിന്റെ അസ്തിത്വത്തെ നിഷേധിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. മാത്രവുമല്ല, ശാസ്ത്രത്തിന്റെ പുരോഗതി അതുല്യനായ ഒരു രക്ഷിതാവിന്റെ കരവിരുത് ഈ പ്രപഞ്ചത്തിന്റെ നിലനില്‍പിന്റെ പിന്നിലുണ്ടെന്ന് വ്യക്തമാക്കുകയാണ് ചെയ്യുന്നത്.

ഇത് മനുഷ്യജിജ്ഞാസയുടെ പ്രഥമചോദ്യത്തിനുള്ള പൂര്‍ണമാ യ ഉത്തരമാകുന്നില്ല. ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിക്കും സ്ഥിതിക്കും പിന്നില്‍ ഒരു മഹത്തായ ശക്തിയുണ്ടെന്ന് മാത്രമേ പ്രാപഞ്ചിക വസ്തുതകളെക്കുറിച്ച പഠനത്തില്‍നിന്ന് നാം മനസ്സിലാക്കിയിട്ടുള്ളൂ ആ ശക്തി ആരാണ്? അതിന്റെ സ്വഭാവ സവിശേഷതകള്‍ എന്തൊ ക്കെയാണ്? അതിനെക്കുറിച്ച് മനസ്സിലാക്കാന്‍ നാം എന്തുചെയ്യണം? തുടങ്ങിയ പ്രശ്നങ്ങള്‍ ഇനിയും അവശേഷിക്കുന്നു.


 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH