Search

mahonnathan

Slide - Thirumozhikal

JA slide show

തിരുമൊഴികള്‍

തയമ്മും Print E-mail

ആയിശ(റ) നിവേദനം: ഞങ്ങള്‍ തിരുമേനി(സ) യോടൊപ്പം അവിടുത്തെ ഒരു യാത്രയില്‍ പുറപ്പെട്ടു. ബൈദാഇല്‍ അല്ലെങ്കില്‍ താത്തൂല്‍ ജൈശില്‍ എത്തിയപ്പോള്‍ എന്റെ മാല അറ്റു വീണുപോയി. തിരുമേനി(സ) അതു തിരഞ്ഞു പിടിക്കാന്‍ വേണ്ടി അവിടെ നിന്നു. ജനങ്ങളും തിരുമേനി(സ) യോടൊപ്പം നിന്നു. അവരുടെ കൂടെ വെള്ളമുണ്ടായിരുന്നില്ല. അവസാനം ജനങ്ങള്‍ അബൂബക്കര്‍(റ)ന്റെ അടുക്കല്‍ വന്നിട്ട് ആയിശ(റ)ചെയ്തതു ഇവിടുന്നു കാണുന്നില്ലേ? തിരുമേനി(സ)യുടെ യാത്ര അവര്‍ തടസ്സപ്പെടുത്തി. ജനങ്ങളുടേതും. ആളുകള്‍ക്കാണെങ്കില്‍ വെളളം കിട്ടാനില്ല. അവര്‍ കൂടെ വെള്ളം കൊണ്ടുവന്നിട്ടുമില്ല എന്നു പറഞ്ഞു. ഉടനെ അബൂബക്കര്‍(റ)വന്നു. തിരുമേനി(സ) എന്റെ മടിയില്‍ തലയും വെച്ച് കിടന്നുറങ്ങിക്കഴിഞ്ഞിരുന്നു. അബൂബക്കര്‍(റ) പറഞ്ഞു. തിരുമേനി(സ)യുടെയും ജനങ്ങളുടെയും യാത്ര നീ തടസ്സപ്പെടുത്തി. ആളുകള്‍ വെള്ള ഉള്ള സ്ഥലത്തല്ല ഉള്ളത്. അവര്‍ വെള്ളം കൂടെ കൊണ്ടുവന്നിട്ടുമില്ല. ആയിശ(റ) പറയുന്നു. അബൂബക്കര്‍(റ) എന്തെക്കെയോ പറഞ്ഞു എന്നെ കുറ്റപ്പെടുത്തി. മാത്രമല്ല. എന്റെ വാരിയെല്ലുകളുടെ താഴെ കൈകൊണ്ട് കുത്താന്‍ തുടങ്ങി. തിരുമേനി(സ) എന്റെ കാല്‍ തുടയിന്മേല്‍ തല വെച്ചു ഉറങ്ങിയിരുന്നതാണ് എന്നെ ചലനത്തില്‍ നിന്നും തടഞ്ഞത് (വേദനയുണ്ടായിട്ടും അവിടുത്തെ ഉറക്കത്തെ തടസ്സപ്പെടുത്തരുതെന്ന ചിന്ത) അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ തിരുമേനി(സ) നില കൊണ്ടിരുന്നത് വെള്ളമില്ലാത്തൊരു സ്ഥലത്തായിരുന്നു. അപ്പോള്‍ അല്ലാഹു തയമ്മും ചെയ്യുവാനുള്ള ആയത്തുകള്‍ അവതരിപ്പിച്ചു. അങ്ങനെ എല്ലാവരും തയമ്മും ചെയ്തു ഹുസൈദ്ബ്നുഹുളൈര്‍ പറഞ്ഞു. അബൂബക്കറിന്റെ കുടുംബമേ! ഇതു നിങ്ങളുടെ ഒന്നാമത്തെ ബറക്കത്തല്ല. ആയിശ(റ) പറയുന്നു. അവസാനം ഞാന്‍ യാത്ര ചെയ്തിരുന്ന ഒട്ടകത്തെ ഞങ്ങള്‍ എഴുന്നേല്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ അതിനിടയില്‍ നിന്ന് മാല കണ്ടു കിട്ടി. (ബുഖാരി. 1.7.330)

ജാബിര്‍(റ) നിവേദനം: തിരുമേനി(സ) അരുളി: എനിക്ക് മുമ്പുള്ളവര്‍ക്ക് നല്‍കാത്ത അഞ്ചു കാര്യങ്ങള്‍ എനിക്ക് അല്ലാഹു നല്‍കിയിരിക്കുന്നു. ഒരു മാസത്തെ വഴി ദൂരത്തെ ഭയം കൊണ്ട് ഞാന്‍ സഹായിക്കപ്പെട്ടു. ഭൂമിയെ (സര്‍വ്വവും) എനിക്ക് സാഷ്ടാംഗം ചെയ്യാനുള്ള സ്ഥലമായും ശുചീകരിക്കാനുള്ള ഒരു വസ്തുവായും അല്ലാഹു അംഗീകരിച്ചു തന്നു. എന്റെ അനുയായികള്‍ ഏതെങ്കിലും ഒരാള്‍ക്ക് നമസ്കാരസമയം എത്തിയാല്‍ (പള്ളിയും വെള്ളവുമില്ലെങ്കിലും) അവിടെ വെച്ച് അവന്‍ നമസ്കരിക്കട്ടെ. ശത്രുക്കളുമായുള്ള യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന ധനം ഉപയോഗിക്കുവാന്‍ എനിക്ക് അനുമതി നല്‍കിയിരിക്കുന്നു. എനിക്ക് മുമ്പ് ആര്‍ക്കും അതനുവദിച്ചുകൊടുത്തിരുന്നില്ല. ശുപാര്‍ശ എനിക്ക് അനുവദിച്ചു തന്നു. നബിമാരെ അവരവരുടെ ജനതയിലേക്ക് മാത്രമാണ് മുമ്പ് നിയോഗിച്ചയച്ചിരുന്നത്. എന്നെ നിയോഗിച്ചയച്ചിരിക്കുന്നതാവട്ടെ മനുഷ്യരാശിയിലേക്കാകമാനവും. (ബുഖാരി. 1.7.331)

അബൂജുഹൈം(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ ബിഅ്റുജമലിന്റെ ഭാഗത്ത് നിന്ന് വരുമ്പോള്‍ ഒരാള്‍ നബി(സ)യെ കണ്ടുമുട്ടി. സലാം പറഞ്ഞു. പക്ഷെ തിരുമേനി(സ) സലാം മടക്കിയില്ല. വേഗം ഒരു മതിലിനെ അഭിമുഖീകരിച്ചു അതിന്മേല്‍ കൈ വെച്ചെടുത്തു തന്റെ മുഖവും രണ്ടു കയ്യും തടവി. ശേഷം സലാം മടക്കി. (ബുഖാരി. 1.7.333)

സഈദ്(റ)തന്റെ പിതാവില്‍ നിന്ന് നിവേദനം: ഒരാള്‍ ഉമര്‍(റ)ന്റെ അടുത്തുവന്നു ചോദിച്ചു. എനിക്ക് വലിയ അശുദ്ധിയുണ്ടാവുകയും വെള്ളം ലഭിക്കാതിരിക്കുകയും ചെയ്യാറുണ്ട്. (അപ്പോള്‍ ഞാന്‍ എന്തുചെയ്യണം) ഉടനെ അമ്മാര്‍(റ) ഉമര്‍(റ)നോട് പറഞ്ഞു. താങ്കള്‍ ഓര്‍ക്കുന്നില്ലേ? ഞാനും താങ്കളും ഒരിക്കല്‍ സഹയാത്രികനായിരുന്നുവല്ലോ. എന്നിട്ട് എനിക്കും താങ്കള്‍ക്കും ജനാബത്തു കുളിക്കേണ്ടി വന്നു. അവസാനം താങ്കള്‍ നമസ്കരിച്ചില്ല. ഞാന്‍ ശരീരം മുഴുവന്‍ മണ്ണില്‍ പുരണ്ടിട്ട് നമസ്കരിക്കുകയും ചെയ്തു. താങ്കള്‍ അതിനെക്കുറിച്ച് തിരുമേനി(സ)യോട് ചോദിച്ചു. ഉടനെ നബി(സ) രണ്ടു കയ്യും ഭൂമിയില്‍ വെച്ചെടുത്തശേഷം അതിന്മേല്‍ ഊതിയശേഷം അതുകൊണ്ട് മുഖവും രണ്ടു മുന്‍കൈയും തടവി. എന്നിട്ട് നിനക്ക് ഇങ്ങിനെ ചെയ്താല്‍ മതിയായിരുന്നല്ലോയെന്ന് അരുളുകയും ചെയ്തു. (ബുഖാരി. 1.7.335)

അമ്മാറി(റ)ന്റെ ഹദീസില്‍ ശുഅ്ബ(റ) പറയുന്നു. ഭൂമിയില്‍ രണ്ടു കൈ വെച്ച് തന്റെ വായിലേക്ക് അടുപ്പിച്ചു. അനന്തരം മുഖവും ഇരു കൈപടങ്ങളും തടവി. (ബുഖാരി. 1.7.336)

അമ്മാര്‍(റ) നിവേദനം: അദ്ദേഹം ഉമര്‍(റ) ന് സാക്ഷി നിന്നുകൊണ്ട് പറഞ്ഞു. നാം ഒരു യാത്ര ചെയ്യുകയും നമുക്ക് വലിയ അശുദ്ധിയുണ്ടാവുകയും ചെയ്തത് താങ്കള്‍ക്ക് ഓര്‍മ്മയില്ലേ? അങ്ങനെ ഇരു കൈപടം തടവി. (ബുഖാരി. 1.7.337)

അബൂമൂസ:(റ) നിവേദനം: അദ്ദേഹം അബ്ദുല്ലാഹിബ്നു മസ്ഊദിനോട് പറഞ്ഞു. ഒരാള്‍ വെള്ളം കണ്ടില്ലെങ്കില്‍ നമസ്ക്കരിക്കരുത്. അബ്ദുല്ല പറഞ്ഞു അതെ, അവര്‍ക്ക് ഇതിന് അനുമതി നല്‍കിയാല്‍ (അല്പം) തണുപ്പ് ഉണ്ടായാലും അവര്‍ തയമ്മും ചെയ്യും. അമ്മാര്‍(റ) ഉമര്‍(റ)നോട് പറഞ്ഞ സംഭവത്തെക്കുറിച്ച് നീ എന്തുപറയുന്നു. എന്നു അബൂമൂസ: വീണ്ടും ചോദിച്ചപ്പോള്‍ ഉമര്‍(റ) അതുകൊണ്ട് തൃപ്തിപ്പെട്ടതായി ഞാന്‍ ദര്‍ശിക്കുന്നില്ലാ എന്ന് അബ്ദുല്ല മറുപടി പറഞ്ഞു. (ബുഖാരി. 1.7.341)

ശഖീഖ്: നിവേദനം: ഞാനൊരിക്കല്‍ അബ്ദുല്ല, അബൂമൂസ എന്നിവരുടെ അടുക്കലായിരുന്നു. അപ്പോള്‍ അബൂമൂസ അബ്ദുല്ലയോട് പറഞ്ഞു. അബ്ദുറഹ്മാന്‍! ഒരാള്‍ക്ക് ജനാബത്തു ഉണ്ടാവുകയും വെള്ളം ലഭിക്കാതിരിക്കുകയും ചെയ്താല്‍ എന്തു ചെയ്യണം? അബ്ദുല്ല പറഞ്ഞു വെള്ളം ലഭിക്കുന്നത് വരെ അവന്‍ നമസ്ക്കരിക്കരുത്. ഉടനെ, അബൂമൂസ പറഞ്ഞു: അമ്മാര്‍(റ) ഉമര്‍(റ)നോടു പറഞ്ഞ സംഭവത്തെക്കുറിച്ച് താങ്കള്‍ എന്തു പറയുന്നു? നബി(സ) അദ്ദേഹത്തോട് തയമ്മും മതിയെന്ന് പറഞ്ഞില്ലേ? അബ്ദുല്ല(റ) പറഞ്ഞു ഉമര്‍(റ) അതിനെ തൃപ്തിപ്പെട്ടില്ലാ എന്ന് നീ ദര്‍ശിക്കുന്നില്ലേ? അപ്പോള്‍ അബൂമൂസ(റ) പറഞ്ഞു എന്നാല്‍ അമ്മാറിന്റെ വാക്ക് നമുക്ക് ഉപേക്ഷിക്കാം. അല്ലാഹുവിന്റെ ആയത്തിനെ താങ്കള്‍ എന്തു ചെയ്യും. അതിന് അബ്ദുല്ല എന്തു മറുപടി നല്‍കിയെന്ന് അറിയുകയില്ല. നാം അനുമതി നല്‍കിയാല്‍ അല്‍പം തണുപ്പുണ്ടായാല്‍ പോലും അവര്‍ തയമ്മും ചെയ്യും. ശഖീഖിനോട് ഞാന്‍ ചോദിച്ചു. ഈ ഒരു കാരണത്താലാണോ അബ്ദുല്ല: ജനാബത്തുകാരന്‍ തയമ്മും ചെയ്യുന്നതിനെ വെറുത്തത്? അതെയെന്ന് അദ്ദേഹം മറുപടി നല്‍കി. (ബുഖാരി. 1.7.342)

ഇംറാന്‍(റ) നിവേദനം: തിരുമേനി(സ) നമസ്ക്കരിക്കാതെ അകന്നു നില്‍ക്കുന്ന ഒരു മനുഷ്യനെ കണ്ടു. അവിടുന്നു ചോദിച്ചു. ഇന്നവനെ! ഞങ്ങളുടെ കൂടെ നീ എന്തുകൊണ്ടു നമസ്ക്കരിച്ചില്ല. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെ! എനിക്ക് ജനാബത്തു ബാധിച്ചിരിക്കുന്നു. വെള്ളമില്ലതാനും. തിരുമേനി(സ) അരുളി: നീ ഉപരിതലത്തെ ഉദ്ദേശിക്കുക. നിശ്ചയം നിനക്കതുമതി. (ബുഖാരി. 1.7.344)

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH