Search

mahonnathan

Slide - in Vedas

JA slide show
അന്തിമാചാര്യന്റെ ജീവിതവും സന്ദേശവും Print E-mail

പതിനാലു നൂറ്റാണ്ടുകള്‍ക്കു മുമ്പത്തെ അറേബ്യയുടെ ചിത്രം വളരെ ഇരുണ്ടതാണ്. ഉയര്‍ന്ന നിലയ്ക്കുള്ള യാതൊരു നാഗരികതയുമില്ലായിരുന്ന അവിടെ പാഠശാലകളോ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഗ്രന്ഥശാലകളോ ഒന്നും തന്നെയുണ്ടായിരുന്നില്ല. മദ്യത്തില്‍ മുങ്ങിക്കിടന്നിരുന്നു അന്നത്തെ സമൂഹം തന്റെ ശവശരീരം മുന്തിരിവള്ളിയുടെ ചുവട്ടില്‍ കുഴിച്ചിട്ടാല്‍ ദ്രവിക്കുന്ന എല്ലുകള്‍ക്ക് വീഞ്ഞിന്റെ മത്തു ലഭിക്കുമല്ലോയെന്ന് പാടിയ അറേബ്യന്‍ കവിയുടെ വരികള്‍. പ്രസ്തുത സമൂഹം എത്രത്തോളം മദ്യാസക്തരായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. നാരിമാരുടെ നഗ്നതാ വിവണമായിരുന്നു അന്നത്തെ കവിതകളുടെ പ്രധാനപ്പെട്ട ഉള്ളടക്കം. പെണ്ണിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത സമൂഹമായിരുന്നു അത്. നഗ്നതാ പ്രദര്‍ശനം നടത്തുന്നതില്‍ സ്ത്രീ പുരുഷഭേദമെന്യേ യാതൊരു സങ്കോചവുമവര്‍ക്കുണ്ടായിരുന്നില്ല. കഅ്ബാലയത്തെ  സ്ത്രീകളും പുരുഷന്മാരുമെല്ലാം നഗ്നരായിക്കൊണ്ടാണ് പ്രദക്ഷിണം ചെയ്തിരുന്നത്. കലഹങ്ങളും കൊലപാതങ്ങളും ആ സമൂഹത്തില്‍ സര്‍വസാധാരണമായിരുന്നു. ഗോത്ര വഴക്കുകളില്ലാത്ത ദിവസങ്ങള്‍ തുലോം വിരളമായിരുന്നു. മനുഷ്യരെ നിഷ്ഠൂരം വധിക്കുന്നതില്‍ യാതൊരു തെറ്റും കണ്ടിരുന്നില്ല. ശക്തര്‍ അശക്തരെ വധിക്കുകയും കൊള്ളയടിക്കുകയും ചെയ്യുക സാധാരണയായിരുന്നു. ഗോത്രമഹിമയില്‍ അഭിമാനം കൊണ്ടിരുന്ന അറബികള്‍ക്ക് ഗോത്രത്തിന്റെ പേരില്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നതില്‍ യാതൊരു വൈമനസ്യവുമുണ്ടായിരുന്നില്ല. അവരുടെ ആരാധ്യവസ്തുക്കളാകട്ടെ, ശിലാബിംബങ്ങളുമായിരുന്നു സ്രഷ്ടാവും സംരക്ഷകനുമായ ഏകദൈവത്തിന്റെ അസ്തിത്വം അവര്‍ അംഗീകരിച്ചിരുന്നുവെങ്കിലും അവനിലേക്ക് നേരിട്ട് അടുക്കുക അസാധ്യമായതിനാല്‍ ഇടയാളന്മാരെ സ്വീകരിക്കുകയെന്ന തത്വമാണ് അവര്‍ അംഗീകരിച്ചിരുന്നത്. ഈ ഇടയാളന്മാരില്‍ മഹാത്മാക്കള്‍ മുതല്‍ വിഗ്രഹങ്ങള്‍വരെയുണ്ടായിരുന്നു. കല്ലുകള്‍ക്ക് മുന്നിലായിരുന്നു അവര്‍ നമസ്കരിച്ചിരുന്നത്.

 

ഇത്തരമൊരു സമുദായത്തിലാണ് മുഹമ്മദ് ജനിക്കുന്നത്. മക്കയിലെ ഖുറൈശ് ഗോത്രത്തിലെ ഹാശിം കുടുംബത്തില്‍ അബ്ദുല്ല-ആമിന ദമ്പതിമാരുടെ മകനായിട്ടായിരുന്നു അദ്ദേഹത്തിന്റെ ജനന. അദ്ദേഹം ജനിക്കുന്നതിന് മുമ്പുതന്നെ പിതാവും ഏഴു വയസ്സുള്ളപ്പോള്‍ മാതാവും മരണപ്പെട്ടതിനാല്‍ തികച്ചും അനാഥനായിട്ടാണ് അദ്ദേഹം വളര്‍ന്നത്. മാതാവിന്റെ മരണശേഷം പിതാമഹാനായ അബ്ദുല്‍മുത്തലിബ് അദ്ദേഹത്തിന്റെ സംരക്ഷണമേറ്റെടുത്തു. അല്പകാലത്തിനു ശേഷം അദ്ദേഹവും മരണപ്പെട്ടതിനാല്‍ പിതൃസഹോദരനായ അബൂത്വലിബിന്റെ സംരക്ഷണത്തിലാണ് പിന്നീടദ്ദേഹം വളര്‍ന്നത്. ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ അദ്ദേഹം നാല്‍പതുകാരിയായ ഖദീജ(റ)യെ വിവാഹം ചെയ്തു. ഇങ്ങനെ അനാഥനായി ജനിച്ച, അനാഥനായി വളര്‍ന്ന മുഹമ്മദാണ് ലോഗം മുഴുവന്‍ കാത്തുകൊണ്ടിരുന്ന, പ്രവാചകന്മാര്‍ മുഴുവന്‍ പ്രവചിച്ച മഹാനായ അന്തിമപ്രവാചകനായിത്തീര്‍ന്നത്.

ലേഖപ്പെടുത്തപ്പെട്ട ജീവിതം
അവസാനത്തെ പ്രവാചകനാണ് മുഹമ്മദ്(സ). അതുകൊണ്ട്തന്നെ അദ്ദേഹം അവസാനത്തെ മനുഷ്യന്‍വരെയുള്ള സകലര്‍ക്കും മാതൃകയായിരിക്കണം. അതിനുവേണ്ടി അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ രേഖപ്പെടുത്തപ്പെട്ടിരിക്കണം. അല്ലെങ്കില്‍ അദ്ദേഹത്തിന് ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ് ജീവിക്കുന്ന മനുഷ്യര്‍ മോക്ഷത്തിന്റെ മാര്‍ഗം പിന്‍പറ്റുന്നതെങ്ങനെ? അദ്ദേഹത്തെ പിന്തുടരന്നതെങ്ങനെ?

അത്ഭുതം! മുഹമ്മദ് നബി(സ)യുടെ മുഴു ജീവിതവും ആര്‍ക്കും വായിക്കാന്‍ പറ്റുന്ന വിധത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അല്ല അദ്ദേഹത്തിന്റെതുപോലെ ജീവിതത്തിലെ ചെറുതും വലുതുമായ മുഴുസംഭവങ്ങളും രേഖപ്പെടുത്തപ്പെട്ട ഒരു മനുഷ്യനും മാനവ ചരിത്രത്തിലുണ്ടായിട്ടേയില്ല. മുമ്പുള്ള പ്രവാചകന്മാരാരുംതന്നെ രേഖപ്പെടുത്തപ്പെടുന്ന ചരിത്രത്തിന്റെ ഭാഗമായിട്ടില്ല. ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ലെന്നു പറയാന്‍ പലര്‍ക്കും അവസരമുണ്ടാക്കിയത്. ചരിത്രത്തിന്റെ ദൃഷ്ടിയില്‍ അവരുടെയെല്ലാം അസ്തിത്വം സംശയാസ്പദമായതുകൊണ്ടാണ്. എന്നാല്‍ മുഹമ്മദ്(സ)ന്റെ അവസ്ഥ തികച്ചും ഭിന്നമാണ്. 'മുഹമ്മദ് ചരിത്രത്തിന്റെ പൂര്‍ണമായ പ്രകാശത്തിലാണ് ജനിച്ചതെ'ന്ന ഹിറ്റന്റെ പ്രസ്താവന തന്നെ അദ്ദേഹത്തിന്റെ ചരിത്രപരതയ്ക്കുള്ള വ്യക്തമായ അംഗീകാരമാണ്. മുഹമ്മദ് ജീവിച്ചിരുന്നില്ലെന്ന് പറയാന്‍ ആര്‍ക്കും ധൈര്യം വരാതിരിക്കുമാറ് ശക്തവും വ്യക്തവുമാണദ്ദേഹത്തിന്റെ ചരിത്രം. അതുകൊണ്ടുതന്നെ അവസാനനാളുവരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും മാതൃകയാവാന്‍ യോഗ്യതയുള്ള ഏകപ്രവാചകന്‍ അദ്ദേഹമാണ്.

 

വിശ്വസ്തന്‍:
അനാഥനായ മുഹമ്മദ് അന്ന് അറേബ്യയില്‍ ലഭ്യമായിരുന്ന സംരക്ഷണങ്ങള്‍ തന്നെ ലഭിക്കാതെയാണ് വളര്‍ന്നുവന്നത്. വിദ്യാഭ്യാസം അല്‍പം പോലും ലഭിക്കാത്തതിനാല്‍ എഴുത്തും വായനയുമറിയാത്തവനായിട്ടാണദ്ദേഹം ജീവിച്ചത്. കുട്ടിക്കാലത്ത് അറബിക്കുട്ടികളോടൊപ്പം ആടുമേയ്ക്കുകയും യുവാവായപ്പോള്‍ കച്ചവടത്തിലേര്‍പ്പെടുകയും ചെയ്ത മുഹമ്മദിന്റെ ജീവിതവും സഹവാസവുമെല്ലാം സാധാരണക്കാരായ അറബികളുടെ കൂടെ തന്നെയായിരുന്നു. കള്ളുകുടിയന്മാരും പെണ്ണുപിടിയന്മാരും യുദ്ധക്കൊതിയന്മാരും വിഗ്രഹാരാധകരുമായ അറബികളുടെകൂടെ എന്നാല്‍, അവരുടെ ദുസ്വഭാവങ്ങളൊന്നും തന്നെ അദ്ദേഹത്തിലുണ്ടായിരുന്നില്ല. ഒരിക്കല്‍ പോലും വിഗ്രഹങ്ങള്‍ക്കുമുന്നില്‍ അദ്ദേഹം നമ്രസിരസ്കനായിരുന്നിട്ടില്ല. കളവോ, അസഭ്യവാക്കുകളോ അദ്ദേഹത്തില്‍നിന്നും ആരും ശ്രവിച്ചിട്ടില്ല. ഒരിക്കലെങ്കിലും അദ്ദേഹം കളവോ വഞ്ചനയോ ചെയ്തതായി ആരും ആരോപിച്ചിട്ടില്ല. സ്വബോധം വന്നശേഷം അദ്ദേഹത്തെ ആരും തന്നെ നഗ്നനായി കണ്ടിട്ടില്ല. അന്യരുടെ ഒരു കാശുപോലും അദ്ദേഹം അന്യായമായി എടുത്തുവെന്ന് ആരും പറഞ്ഞിട്ടില്ല.

ദുഃഖിക്കുന്നവരോടൊപ്പം പങ്കുചേരുന്ന പ്രകൃതക്കാരനായിരുന്ന അദ്ദേഹം അനാഥകളെയും ഗതികളെയും സഹായിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു വിധവകളുടെ പ്രശ്നങ്ങളെക്കുറിച്ചറിഞ്ഞ് സഹായിക്കാനായി അദ്ദേഹം പ്രയത്നിച്ചുകൊണ്ടിരുന്നു. വിശക്കുന്നവര്‍ക്ക് ഭക്ഷം നല്‍കാനും യാത്രക്കാരെ ശുശ്രിക്കാനും അദ്ദേഹം ശ്രമിച്ചു. ജനങ്ങള്‍ക്കിടയില്‍ ശണ്ഠയും സംഘട്ടങ്ങളുമുണ്ടാവുമ്പോള്‍ സന്ധിക്കും യോജിപ്പിനും വേണ്ടി അദ്ദേഹവും പരിശ്രമിച്ചു. എല്ലാവിധ മാലിന്യങ്ങളുടെയും കുത്തരങ്ങായ ആ സമൂഹത്തില്‍ അത്തരം യാതൊരു മാലിന്യവും തൊട്ടുതീണ്ടാത്തവനായി അദ്ദേഹം ജീവിച്ചു.

മുഹമ്മദിന്റെ ഈ നല്ല സ്വഭാവങ്ങളെല്ലാം സമൂഹം അഗീകരിച്ചു. ജനങ്ങള്‍ തങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങള്‍കൊണ്ടുവന്ന് സൂക്ഷിക്കാന്‍കൊടുക്കാന്‍മാത്രം അദ്ദേഹത്തിന്റെ വിശ്വസ്തതയില്‍ അവര്‍ക്കെല്ലാംവലിയ മതിപ്പായിരുന്നു. അദ്ദേഹത്തിന്റെ സത്യസന്ധതയ്ക്കുള്ള അംഗീകാരമെന്നോണം ആ സമൂഹം 'അല്‍ അമീന്‍'-വിശ്വസ്തന്‍ എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്.

ദൂതിന്റെ തുടക്കം:
നാല്‍പതാമത്തെ വയസ്സ്വരെ ഈ രൂപത്തില്‍ വിശിഷ്ടമായ ജീവിതം നയിച്ച മുഹമ്മദ്(സ) തന്റെ സമൂഹത്തിലുള്ള അജ്ഞതാന്ധകാരങ്ങളില്‍ നിന്ന് അകന്ന് ജനവാസസ്ഥലങ്ങളില്‍നിന്ന് ദൂരെ നില്‍ക്കുന്ന 'ഹിറാ'യെന്ന പര്‍വതഗുഹക്കുള്ളില്‍ ദിവസങ്ങളോളം താമസിക്കുന്നു. അവിടുത്തെ ശാന്തവും ഏകാന്തവുമായ ചുറ്റുപാടില്‍ ചിന്താമഗ്നനായി പല രാത്രികളും കഴിച്ചുകൂട്ടുന്നു. ഏകാന്തജീവിതമിഷ്ടപ്പെട്ട അദ്ദേഹം ഭക്ഷണം തയ്യാറാക്കിക്കൊണ്ട് ഗുഹയിലെത്തുന്നു. കയ്യില്‍ കരുതിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ തീരുമ്പോള്‍ വീട്ടിലെത്തി വീണ്ടും ഭക്ഷണം തയ്യാറാക്കി മടങ്ങുന്നു. തികഞ്ഞ ഏകാന്ത ജീവിതം!

ഒരു ദിവസം മുഹമ്മദിന്റെ  ഏകാന്തതയെ ഭഞ്ജിച്ചുകൊണ്ട് ഒരു അപരിചിതന്‍ പ്രത്യക്ഷപ്പെട്ടു. അപരിചിതന്‍ ആവശ്യപ്പെട്ടു: 'ഓതുക' മുഹമ്മദ് പ്രതിവചിച്ചു: 'എനിക്ക് ഓതാനറിയില്ലല്ലോ'. അപരിചിതന്റെ ആഗമനവും ചോദ്യവും കേട്ട് അമ്പരന്നു നില്‍ക്കുന്ന മുഹമ്മദിനെ അദ്ദേഹം മാറോടു ചേര്‍ത്ത് ശക്തിയായി അമര്‍ത്തിക്കൊണ്ട് വീണ്ടും കല്‍പിച്ചും: 'ഓതുക'. മുഹമ്മദ് ആവര്‍ത്തിച്ചു: 'എനിക്കു ഓതാനറിയില്ല.' വീണ്ടും മാറോട് ചേര്‍ത്തമര്‍ത്തിക്കൊണ്ട് ആഗതന്‍ പറഞ്ഞുകൊടുത്ത വചനങ്ങള്‍. അദ്ദേഹം ഓതാന്‍ തുടങ്ങി: "സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ ഓതുക മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ ഓതുക. നിന്റെ രക്ഷിതാവ് പേനകൊണ്ട് പഠിപ്പിച്ചവനായ ഏറ്റവും വലിയ ഔദാര്യവനാകുന്നു. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു; (ഖുര്‍ആന്‍: 96: 1-5) അവസാനത്തെ വേദഗ്രന്ഥത്തിലേക്കായി അവതരിക്കപ്പെട്ട ആദ്യത്തെ വചനങ്ങളായിരുന്നു ഇവ.

പ്രബോധനത്തിന്റെ ആരംഭം:
മുഹമ്മദ് ദൈവത്തിന്റെ ദൂതനും അന്തിമ പ്രവാചകനുമായിനിയോഗിക്കപ്പെട്ടു. സത്യമതത്തിന്റെ പരസ്യപ്രബോധനത്തിന് തുടക്കം കുറിക്കാനദ്ദേഹം കല്‍പിക്കപ്പെട്ടു. സഫാ മലക്കുമുകളില്‍ കയറിനിന്നുകൊണ്ട് തന്റെ ഗോത്രത്തിലെ കുടുംബശാഖകളില്‍ പെട്ടവരെ പേരെടുത്ത് വിളിക്കാന്‍ തുടങ്ങി. 'അല്‍അമീനി'ന്റെ വിളികേട്ട് അവലെല്ലാവരും സസന്തോഷം പാഞ്ഞെത്തി. അവരോട് അദ്ദേഹം ചോദിച്ചു: 'ഈ മലയുടെ എതില്‍വശത്ത് ഒരു വലിയ അശ്വസേന നിങ്ങളെ ആക്രമിക്കാനായി സജ്ജരായി നില്‍ക്കുന്നുവെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങളത് വിശ്വസിക്കുമോ? അവര്‍ ഒരേ സ്വരത്തില്‍ ഉത്തരം പറഞ്ഞു: "തീര്‍ച്ചയായും കാരണം ഇതിനു മുമ്പ് നീ കളവു പറയുന്നതായി ഞങ്ങളാരും കേട്ടിട്ടില്ലോ'' അല്‍അമീന്‍ തുടര്‍ന്നു: "എങ്കില്‍ മരണാനന്തര ജീവിതത്തിലെ വേദനാജനകമായ ശിക്ഷയെക്കുറിച്ച് ഞാനിതാ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. സ്രഷ്ടാവും ഏകനുമായ അല്ലാഹു മാത്രമാണ് ആരാധനകള്‍ക്കര്‍ഹന്‍. അവനെ മാത്രം നിങ്ങള്‍ ആരാധിക്കുകയും ബഹുദൈവാരാധനയെ വര്‍ജിക്കുകയും ചെയ്യുക. "ജനം ഞെട്ടി തങ്ങളുടെ പിതാക്കളുടെ വിശ്വാസങ്ങള്‍ക്കെതിരായ സംഗതികളാണ് മുഹമ്മദ് പറയുന്നത്. തങ്ങളുടെ എല്ലാമെല്ലാമായ ദൈവങ്ങളെയെല്ലാം കയ്യൊഴിക്കാനാണ് മുഹമ്മദ് ആജ്ഞാപിക്കുന്നത്. ഇന്നലെവരെ തങ്ങളുടെയെല്ലാം പ്രിയങ്കരനായിരുന്നു മുഹമ്മദിനെ ഉപേക്ഷിക്കണമോ, പിതൃസമ്പത്തായി ലഭിച്ചിരിക്കുന്ന വിശ്വാസങ്ങളെ കയ്യൊഴിക്കണമോ? എന്താണ് വേണ്ടതെന്ന് അവര്‍ ചിന്തിച്ചു. എങ്ങും നിശ്ശബ്ദത ഈ നിസ്സബ്ദതയെ ഭേദിച്ചുകൊണ്ട് മുഹമ്മദി(സ)ന്റെ പതൃവ്യരില്‍ ഒരാളായ അബുലഹബിന്റെ ശബ്ദമുയര്‍ന്നു: "നിനക്കു നാശമുണ്ടാവട്ടെ! ഇതിനു വേണ്ടിയായിരുന്നുവോ നീ ഞങ്ങളെ വിളിച്ചു കൂട്ടിയത്?''

എതിര്‍പ്പുകള്‍ പ്രലോഭനങ്ങള്‍:
അന്തിമ പ്രവാചകനോടുള്ള സമൂഹത്തിന്റെ എതിര്‍പ്പിന്റെ ഉദ്ഘാടനം കൂടിയായിരുന്നു അത്. മുഹമ്മദ് (സ)ന്റെ  റുഖിയ്യ, ഉമ്മുകുല്‍സും എന്നീ പുത്രിമാരെ വിവാഹം ചെയ്തിരുന്ന അബുലഹബിന്റെ പുത്രന്മാരായ ഉത്ബയും ഉതൈബയും തങ്ങളുടെ ഭാര്യമാരെ വിവാഹമോചനം ചെയ്തുകൊണ്ട് തങ്ങളുടെ പിതാവിനോട് ഐക്യദാര്‍ഢ്യംപ്രകടിപ്പിച്ചു. ഇന്നലെവരെ സമൂഹത്തിന്റെ സ്നേഹാദരവുകള്‍ക്കു പാത്രമായിരുന്ന മുഹമ്മദിനെ പ്രപഞ്ചത്തിലെ ഏറ്റവും വലിയ യാഥാര്‍ത്ഥ്യം പറഞ്ഞുവെന്നതിന്റെ പേരില്‍ നാട്ടുകാര്‍ വെറുത്തു. സത്യസന്ധനായിരുന്ന മുഹമ്മദ്, സമൂഹത്തെ നേര്‍വഴിയിലേക്ക് നയിക്കാന്‍ നിയോഗിക്കപ്പെട്ടുവെന്ന ഏക കാരണത്താല്‍ ഭ്രാന്തനെന്നും മാരണക്കാരനെന്നും വിളിക്കപ്പെട്ടു. അദ്ദേഹം കല്ലെടുത്തെറിയപ്പെട്ടു. മര്‍ദ്ദിക്കപ്പെട്ടു. മൃഗീയമായ ആക്രമണങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടു. അദ്ദേഹത്തെ വധിക്കാനായി ഗൂഢാലോചന നടത്തപ്പെട്ടു. അദ്ദേഹം പ്രബോധനം ചെയ്ത തത്വങ്ങള്‍ സ്വീകരിച്ചവരില്‍ പലരും മൃഗീയമായി വധിക്കപ്പെട്ടു. ചിലര്‍ സ്വവസതികളില്‍ നിന്നും പുറത്താക്കപ്പെട്ടു. മറ്റു ചിലര്‍ക്ക് ഇണകളെ നഷ്ടപ്പെട്ടു. വിശ്വാസികളുടെ സമൂഹം ബഹിഷ്കരിക്കപ്പെട്ടു. വെറും പച്ചിലകള്‍ മാത്രം തിന്നുകൊണ്ട് ജീവന്‍ നിലനിര്‍ത്തിയ ദിനരാത്രങ്ങള്‍ കഴിഞ്ഞുപോയി. എന്നിട്ടും സത്യമതത്തിന്റെ സന്ദേശ പ്രചാരണത്തില്‍ നിന്ന് അദ്ദേഹം പിന്നോട്ടു പോയില്ല. അവസാനം സ്വന്തം വിശ്വാസം സംരക്ഷിക്കുന്നതിന്നുവേണ്ടി, അതനുസരിച്ച് ജീവിക്കുവാന്‍ അവസരം ലഭിക്കുന്നതിന്നുവേണ്ടി പെറ്റുവളര്‍ന്ന നാടും വീടും വിട്ട് ദൂരദേശത്തേക്ക് പലായനം ചെയ്യേണ്ടിവന്നു. അദ്ദേഹത്തിന്ന്.

അക്രമത്തിന്റെയും മര്‍ദ്ദനങ്ങളുടെയും മാര്‍ഗങ്ങള്‍ മാത്രമല്ല പ്രതിയോഗികള്‍ അദ്ദേഹത്തിനെതിരെ പ്രയോഗിച്ചത്. ഭീഷണികളുടെയും ഏഷണികളുടെയും മാര്‍ഗങ്ങള്‍ പരാജയപ്പെടുകയാണെന്ന് കണ്ട്, ഖുറൈശികള്‍ പ്രലോഭനങ്ങളുടെയും പ്രീണനങ്ങളുടെയും പാതയും പരീക്ഷിച്ചു നോക്കി. സമൂഹത്തിലെ നേതാക്കളെല്ലാംകൂടി ഒരു ദിവസം നബിയുടെ അടുക്കല്‍ ചെന്നു അദ്ദേഹത്തെ വശീകരിക്കാനായി ശ്രമിച്ചു. അവര്‍ പറഞ്ഞു: "നീ സമ്പത്താണ് കൊതിക്കുന്നതെങ്കില്‍ നിനക്ക് ആവശ്യമുള്ളത്രധനം ഞങ്ങള്‍ തരാം. അധികാരമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഈ പ്രദേശത്തെ രാജാവായി നിന്നെ ഞങ്ങള്‍ വാഴിക്കാം. സൌന്ദര്യമാണ് മോഹിക്കുന്നതെങ്കില്‍ നിനക്കിഷ്ടപ്പെട്ട സുന്ദരിയെ വിവാഹം ചെയ്യാനുള്ള അവസരമുണ്ടാക്കിത്തരാം.'' ആരും വീണുപോകുന്ന വാക്കുകള്‍! ആശിച്ചുപോകുന്നപ്രലോഭനങ്ങള്‍! ഒരൊറ്റവാക്ക് പറഞ്ഞാല്‍ മതി. താന്‍ ഈ പ്രദേശത്തെ ഏറ്റവും വലിയ ധനവാനാകും. നാട്ടാര്‍ മുഴുവനും തന്റെ രാജാധാനിയിലെത്തി തനിക്ക് പദസേവ ചെയ്യും. സൌന്ദര്യ ധാമങ്ങള്‍ തനിക്കുമുന്നില്‍ നൃത്തമാടും. പക്ഷെ, പ്രവാചകന്‍ പറഞ്ഞതിങ്ങനെയാണ്: "അധികാരമോ കവര്‍ച്ച മുതലോ എനിക്കാവശ്യമില്ല. മനുഷ്യര്‍ക്കുള്ള മുന്നറിയിപ്പുകാരനായിട്ടാണ് പടച്ചതമ്പുരാന്‍ എന്നെ നിയോഗിച്ചിരിക്കുന്നത്. അവന്റെ സന്ദേശമാണ് ഞാന്‍ നിങ്ങള്‍ക്കെത്തിച്ചുതരുന്നത്. അത് സ്വീകരിക്കുന്നവര്‍ക്ക് ഇഹലോകത്ത് സുഖവും സമാധാനവും പരലോകത്ത് ശാശ്വത വിജയവും കരസ്ഥമാക്കാം. ദൈവിക സന്ദേശം സ്വീകരിക്കാത്തവര്‍ക്കിടയില്‍ തീര്‍പ്പു കല്‍പ്പിക്കുന്നത് അവന്‍ തന്നെയാണ്.''

ഗോത്രത്തലവന്മാരുടെയും പൌരപ്രധാനികളുടെയും നിര്‍ന്ധത്തിനു വഴങ്ങി തന്റെ ദൌത്യമുപേക്ഷിക്കാന്‍ ആവശ്യപ്പെട്ട സ്വന്തം പിതൃവ്യനായ അബൂത്വാലിബിനോടദ്ദേഹം പ്രതിവചിച്ചു: "പ്രിയ പിതൃവ്യാ. വലതുകയ്യില്‍ സൂര്യനെയും ഇടതുകയ്യില്‍ ചന്ദ്രനെയും അവര്‍ വെച്ചുതന്നാല്‍ പോലും ഞാനെന്റെ ദൌത്യനിര്‍വഹണത്തില്‍നിന്ന് പിന്മാറുകയില്ല. ഒന്നുകില്‍ ഈ പരിശ്രമം സഫലമായി ദൈവികസംതൃപ്തി കരഗതമാക്കുക. അല്ലെങ്കില്‍ ആശ്രമത്തിലേര്‍പ്പെട്ടുകൊണ്ട് നശിച്ചുപോവുക, രണ്ടിലൊന്നു സംഭവിക്കുന്നത്വരെ ഞാനിത് തുടരുക തന്നെ ചെയ്യും.''

അക്രമങ്ങള്‍! അക്രമങ്ങള്‍
പ്രലോഭനങ്ങളും പ്രീണനങ്ങളും വിലപ്പോവുകയില്ലെന്ന് മനസ്സിലാക്കിയ ഖുറൈശികള്‍ അക്രമത്തിന്റെയും മര്‍ദ്ദനങ്ങളുടെയും മാര്‍ഗംതന്നെ പിന്തുടരാന്‍ തീരുമാനിച്ചു. പക്ഷെ, സത്യമതത്തിലേക്ക് ജനം പ്രവഹിച്ചുകൊണ്ടിരുന്നു. അവരില്‍ അടിമകളും ഉമടമകളുമുണ്ടായിരുന്നു. പണക്കാരും പണിക്കാരുമുണ്ടായിരുന്നു. കറുത്തവരും വെളുത്തവരുമുണ്ടായിരുന്നു. പൌരോഹിത്യവും പ്രമാണിത്വും സൃഷ്ടിച്ച വേലിക്കെട്ടുകള്‍ ഭേദിച്ച് സത്യാന്വേഷികളെല്ലാം സത്യമാര്‍ത്തിലെത്തിച്ചേര്‍ന്നു.

ഖുറൈശികള്‍ക്കിടയിലെ പ്രമുഖരും പ്രഗത്ഭരുമായ പലരും മാറിച്ചിന്തിക്കാന്‍ തുടങ്ങി. ശക്തരും ധീരരുമായ ഉമറിന്റെയും ഹംസയുടെയും ഇസ്ലാമാശ്ളേഷണം അണികളില്‍ ആവേശവും ഉണര്‍വുമുണ്ടാക്കി. 'സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന' മുഹമ്മദിനെ വധിക്കുവാനായി ഊരിപ്പിടിച്ച വാളുമായി ഇറങ്ങിപ്പുറപ്പെട്ട ഉമര്‍, ഇസ്ലാംമത വിശ്വാസിനിയായ സ്വസഹോദരിയില്‍നിന്ന് ഖുര്‍ആന്‍ വചനങ്ങള്‍ ശ്രവിച്ചപ്പോള്‍ 'ഇതു ദൈവവചനമല്ലാതെ മറ്റൊന്നുമല്ല' എന്ന് ആത്മഗതം ചെയ്യുകയും പ്രവാചകനെ ചെന്നുകണ്ട് ഇസ്ലാമാശ്ളേഷിക്കുകയുമാണുണ്ടായത്. ഉമറിന്റെയും ഹംസയുടെയും മനംമാറ്റത്തോടുകൂടി മനസ്സില്‍ വിശ്വാസവുമായി കഴിഞ്ഞിരുന്ന പലരും പരസ്യമായി വിശ്വാസപ്രഖ്യാപനം നടത്താന്‍ സന്നദ്ധരായി വിറളിപിടിച്ച ശത്രുക്കള്‍ പൂര്‍വ്വാധികം ശക്തിയോടെ മര്‍ദ്ദനങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരുന്നു.

മൃഗങ്ങളെപോലും നാണിപ്പിക്കുന്ന നീചമായ മര്‍ദ്ദനമുറകള്‍ ഇരുമ്പു പഴുപ്പിച്ച് മുന്‍ദ്വാരത്തിലൂടെ കുത്തിക്കയറ്റിക്കൊണ്ട് കൊല ചെയ്യപ്പെട്ട ധീരവനിത സുമയ്യ(റ) തീകൊണ്ടു കരിക്കപ്പെടുകയും ഉരുകിയൊലിക്കുന്ന മുറിവുകളോടുകൂടി ചുട്ടുപൊള്ളുന്ന മണലില്‍ കിടത്തുകയും പിന്നീട് എടുത്ത് വെള്ളത്തില്‍ മുക്കുകയും ചെയ്യപ്പെട്ടുകൊണ്ടിരുന്ന അമ്മാറുബ്നു യാസിര്‍(റ). കൈകാലുകള്‍ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട് ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ മലര്‍ത്തിക്കിടത്തി മാറത്ത് മലപോലുള്ള കല്ല് കയറ്റിവെച്ച് മര്‍ദ്ദിക്കപ്പെട്ടപ്പോഴും 'ദൈവം ഏകനാണെ'ന്ന് ഉച്ചൈസ്തരം പ്രഖ്യാപിച്ച ബിലാലുബ്നു റബാഹ്(റ). ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍! സത്യമതത്തില്‍ വിശ്വസിച്ചുവെന്ന കാരണത്താല്‍ മാത്രം മര്‍ദ്ദിക്കപ്പെട്ടവരായിരുന്നു ഇവരെല്ലാം തന്നെ.

എന്തിനുവേണ്ടി?
ഇതെല്ലാം എന്തിനുവേണ്ടിയായിരുന്നു?

 

മൃഗിയായി മര്‍ദ്ദിക്കപ്പെടാനും നാട്ടില്‍നിന്നും അടിച്ചോടിക്കപ്പെടാനും മാത്രം എന്തുതെറ്റായിരുന്നു ആ പ്രവാചകന്‍ ചെയ്തത്? സമൂഹത്തില്‍ നിന്ന് ബഹിഷ്കരിക്കപ്പെടാന്‍മാത്രം എന്തു തത്വങ്ങളാണദ്ദേഹം പ്രബോധനം ചെയ്തത്?

'സൂര്യചന്ദ്ര നക്ഷത്രാദികളും ഭൂമിയിലെ അചേതനവും സചേതനവുമായ സകല വസ്തുക്കളും സൃഷ്ടിച്ചവനായ ദൈവം ഏകനാണ് മനുഷ്യജീവിതത്തിന് അനുകൂല്യമായ സാഹചര്യങ്ങള്‍  സൃഷ്ടിക്കുകയും വായുവും വെള്ളവും നല്‍കുകയും ആഹാരങ്ങള്‍ക്കാവശ്യമായ സംവിധാനങ്ങളേര്‍പ്പെടുത്തുകയും ചെയ്ത, ഏവരെയും ജനിപ്പിക്കുകയും ജീവിപ്പിക്കുകയും മരിപ്പിക്കും ചെയ്യുന്ന ആ ഏകദൈവത്തിന് മാത്രമെ ആരാധനകളര്‍പ്പിക്കാവൂ. നിങ്ങള്‍ ആരാധിച്ചുകൊണ്ടിരിക്കുന്ന വിഗ്രഹങ്ങളും ശവകുടീരങ്ങളും പുണ്യാത്മാക്കളുമൊന്നും തന്നെ ആരാധനകള്‍ക്കര്‍ഹമല്ല. അവയെ മുഴുവന്‍ കൈവെടിയുക. ഏകനായ ദൈവത്തെ മാത്രമെ ആരാധിക്കാന്‍ പാടുള്ളു. അവന്‍ എന്നെ ദൂതനായി തെരഞ്ഞെടുത്തിരിക്കുന്നു. എന്റെ കടമ ദൈവിക സന്ദേശം നിങ്ങള്‍ക്കെത്തിച്ചു തരികമാത്രമാകുന്നു. എനിക്കു ലഭിക്കുന്നദൈവിക ബോധനങ്ങള്‍ അംഗീകരിക്കുക എന്റെയും നിങ്ങളുടെയും ബാധ്യതയാകുന്നു. ദൈവത്തോട് ഭയഭക്തി പ്രകടിപ്പിക്കുകയും അവന്‍ അവതരിപ്പിക്കുന്ന സന്ദേശങ്ങള്‍ പിന്തുടരുകയും അവന്‍ കല്‍പ്പിക്കുന്ന വിധിവിലക്കുകള്‍ പ്രയോഗിക്കുകയും ചെയ്യുന്നവര്‍ വിജയിച്ചിരിക്കുന്നു. സമാധാന സമ്പൂര്‍ണ്ണമായ ഒരു ഭൌതിക ജീവിതം മാത്രമല്ല ശാശ്വതവും ക്ളേശലേശമില്ലാത്തതുമായ പരലോക ജീവിതം കൂടി അവന്നു ലഭിക്കും. മറിച്ച്, ആരാധനകള്‍ ദൈവസൃഷ്ടികള്‍ക്ക് അര്‍പ്പിക്കുകയും ദൈവിക സന്ദേശങ്ങളെ തുണവല്‍ഗണിക്കുകയും അവന്റെ വിധിവിലക്കുകളെ അനുസരിക്കാതിരിക്കുകയും ചെയ്യുന്നവന് അത്യാര്‍ത്തിയും അരക്ഷിതബോധവും സൃഷ്ടിക്കുന്ന അസമാധാനം ഇഹലോകത്തും ശാശ്വത നരകവാസം പരലോകത്തും പ്രതിഫലമായി ലഭിക്കും. മരണാനന്തര ജീവിതം മിഥ്യയായ സങ്കല്‍പ്പമല്ല. സൃഷ്ടി കര്‍ത്താവ് അറിയിച്ചു തന്നിരിക്കുന്ന അതിമഹത്തായ ഒരു യഥാര്‍ത്ഥ്യമത്രെ അത്. ത്രികാലജ്ഞാനിയായ് സര്‍വശക്തനായിരിക്കും ആ ലോകത്തിന്റെ വിധികര്‍ത്താവെന്നതിനാല്‍ ശുപാര്‍ശകളോ മറ്റു പ്രലോഭനകളോ അവിടെ വിലപ്പോവുകയില്ല.''

ഇതു പറഞ്ഞതിന്റെ പേരിലായിരുന്നു മര്‍ദ്ദനങ്ങളെല്ലാം ഈ മര്‍ദ്ദനങ്ങളില്‍ പ്രവാചകന്റെ വീര്യം ചോര്‍ന്നു പോയില്ല. സത്യമത പ്രബോധനം നിര്‍ത്തിവെക്കാനദ്ദേഹം തീരുമാനിച്ചില്ല. എന്തിനധികം ഇത്രയെല്ലാം തന്നെ മര്‍ദ്ദിച്ച ആ സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടിയായിരുന്നു ആ പ്രവാചകന്‍ പ്രാര്‍ത്ഥിച്ചത്. അത്ഭുതം! ഏതൊരു സമൂഹത്തിന്റെ ശാശ്വത മോക്ഷത്തിനു വേണ്ടി  അദ്ദേഹം അക്ഷീണം പ്രവര്‍ത്തിക്കുന്നുവോ, അതേ സമൂഹംതന്നെ അദ്ദേഹത്തെ കല്ലെടുത്തെറിയുമ്പോള്‍ പോലും ആ കാരുണ്യത്തിന്റെ പ്രവാചകന്‍ തന്റെ സമുദായത്തിന്റെ നന്മയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു. മര്‍ദ്ദിക്കപ്പെടുമ്പോള്‍ ആ മര്‍ദ്ദിതര്‍ക്ക് നേര്‍മാര്‍ഗം കാണിച്ചുകൊടുക്കണമേയെന്നും പ്രാര്‍ത്ഥിക്കുന്ന കാരുണ്യത്തിന് മാനവ ചരിത്രത്തില്‍ വേറെ മാതൃകയുണ്ടോ!

ത്വാഇഹില്‍ വെച്ചാണ് സംഭവം. പെറ്റുവളര്‍ന്ന നാട്ടില്‍, സത്യമത സന്ദേശമെത്തിച്ചുവെന്നതിന്റെ പേരില്‍ മര്‍ദ്ദനങ്ങള്‍ക്കു വിധേയമാക്കപ്പെട്ടപ്പോഴെല്ലാം അദ്ദേഹത്തിന് താങ്ങും തണലുമായി വര്‍ത്തിച്ചത് പിതൃവ്യന്‍ അബുത്വാലിബും ഭാര്യ ഖദിജയുമായിരുന്നു. അവര്‍ രണ്ടുപേരുടെയും മരണം അദ്ദേഹത്തിനേറ്റ കനത്തൊരു ആഘാതമായി ഈയവസരത്തിലാണ് കുടുംബക്കാരായ സഖീഫ് ഗോത്രത്തിന്റെ സഹായവും തേടി അദ്ദേഹം ത്വാ ഇഫിലെത്തിയത്. അവഹേളനങ്ങളില്‍ നിന്നും അപമാനങ്ങളില്‍നിന്നും അല്പം ആശ്വാസം തേടി തങ്ങളുടെ പ്രദേശത്തെത്തിയ ബന്ധുവിനെ കൂടുതല്‍ അവഹേളിക്കുകയാണ് ത്വാഇഫുകാര്‍ ചെയ്തത്. തന്റെ കുടുംബക്കാര്‍ ഇളക്കിവിട്ട അങ്ങാടി പിള്ളേരും രൌഡികളും കൂടി കൂവിവിളിച്ചും പുലഭ്യം പറഞ്ഞും പരിഹസിച്ചും കല്ലെറിഞ്ഞും അദ്ദേഹത്തെ പിന്‍തുടര്‍ന്നു. അദ്ദേഹത്തിന്റെ പാദങ്ങളില്‍നിന്ന് മുറിവേറ്റ് ചോര വാര്‍ന്നൊഴികി. തളര്‍ന്നു കുഴങ്ങിയ അദ്ദേഹം നീണ്ട മൂന്നു നാഴിക ദൂരത്തെ കൂവിവിളികള്‍ക്കും കല്ലേറുകള്‍ക്കും ശേഷം ഉത്ത്ബത്ത്ബിന്റബിഅയുടെ തോട്ടത്തില്‍ അഭയം തേടി അവിടെ നിന്നദ്ദേഹം പ്രാര്‍ത്ഥിച്ചു: 'അല്ലാഹുവേ ഇവര്‍ക്ക് നീ സന്മാര്‍ഗം കാണിച്ചു കൊടുക്കേണമേ. ഇവര്‍  ചെയ്യുന്നതെന്താണെന്ന് ഇവര്‍ക്കു തന്നെ അറിയില്ല.'

പലായനം
അവസാനം ആദര്‍ശസുരക്ഷിതത്വത്തിനുവേണ്ടി നാടുവിടുകയല്ലാതെ ഗത്യന്തരമില്ലെന്ന അവസ്ഥയുണ്ടായിടുകയല്ലാതെ ഗത്യന്തരമില്ലെന്ന അവസ്ഥയുണ്ടായി. പ്രവാചകനും അതുചരന്മാര്‍ക്കും അഭയം നല്‍കാമെന്നേറ്റ യസ്രിബിലേക്ക് ചെറു സംഘങ്ങളായി ആദ്യം അനുയായികളാണ് യാത്രതിരിച്ചത്. മുസ്ലിംകള്‍ മിക്കവാറും പോയിക്കഴിഞ്ഞു; ഈ അവസരത്തില്‍ ശത്രുക്കള്‍ ആ മഹാനായ പ്രവാചകനെ വധിക്കാനുള്ള ഗൂഢാലോചന നടത്തുകയായിരുന്നു. അദ്ദേഹത്തെ വധിക്കാനായി ശത്രുക്കള്‍ വീടു വളഞ്ഞു. പക്ഷെ, ദൈവസഹായത്താല്‍ അവരൊന്നും കാണാതെ തികച്ചും വിസ്മയാവഹമായി പ്രവാചകന്‍ തന്റെ സന്തതസഹപാരിയായ അബൂബക്കറിനോ (റ)ടൊപ്പം യസ്രിബിലെത്തിച്ചേര്‍ന്നു.

ഈ സംഭവത്തോടു കൂടി യസ്രിബ് പട്ടണം 'മദീനത്തൂര്‍റസൂല്‍' ദൈവദൂതന്റെ പട്ടണം ആയി അറിയപ്പെട്ടു. ആ പട്ടണത്തിലുണ്ടായിരുന്നവര്‍ അന്‍സാറുകളും-സഹായികള്‍ മക്കയില്‍ നിന്നുവന്നവര്‍ 'മുഹാജിറു'കളു-പലായനം ചെയ്തവര്‍ മായി അറിയപ്പെട്ടു. നാടും വിടും കുടുംബവും സമ്പാദ്യങ്ങളുമെല്ലാം ഉപേക്ഷിച്ചുകൊണ്ട് വിശ്വാസ സംരക്ഷണത്തിനുവേണ്ടി നടത്തപ്പെട്ട ഈ മഹത്തായ പലായന-ഹിജ്റ-ത്തിന്റെ കണക്കുപിടിച്ചുകൊണ്ടാണ് ഹിജ്റ വര്‍ഷമെന്ന കാലഗണനാ സമ്പ്രദായം ആരംഭിച്ചത്.

മദീനയിലെ സമൂഹം:
മദീനയില്‍ ഒരു പുതിയ സമൂഹം രൂപംകൊള്ളുകയായിരുന്നു മുഹജിറുകളുടെയും അന്‍സാറുകളുടെയും സമ്മിശ്രമായ ഒരു പുതിയ സമൂഹം.

ഈ സമൂഹത്തിന് ആതിഥ്യമൊരുക്കിയത്, അന്‍സാറുകളായിരുന്നു. സത്യവിശ്വാസികളായതിനാല്‍ നാടുവിടേണ്ടിവന്ന സഹോദരന്മാരായ മുഹാജിറുകളുമായി സ്വന്തം വീടും നാടും സമ്പത്തും കുടുംബവുമെല്ലാം പങ്കുവെക്കാനവര്‍ സന്നദ്ധരായി. ഇസ്ലാം വിഭാവനം ചെയ്യുന്നഒരു മാതൃകാ സമൂഹത്തിന്റെ സൃഷ്ടിയായിരുന്നു അവിടെ നടന്നത്.

ആ സമൂഹത്തില്‍ നിന്നാദ്യം ഉന്മൂലനം ചെയ്യപ്പെട്ടത് സൃഷ്ടികളോടുള്ള ആരാധനയായിരുന്നു. ആ സമൂഹത്തില്‍ ആദ്യം വേരുറപ്പിച്ചത് അപഞ്ചലമായ ദൈവവിശ്വാസവും പരലോക ബോധവുമായിരുന്നു. ഏകദൈവത്തിലുള്ള വിശ്വാസത്തിലെത്തിച്ചേര്‍ന്ന ആ സമൂഹത്തില്‍ പിന്നെയുണ്ടായ പരിവര്‍ത്തനങ്ങളെല്ലാം വളരെ പെട്ടന്നായിരുന്നു. ഏകദൈവത്തിന്റെ മുന്നില്‍ ഏവരും സമന്മാരാണെന്ന് അവര്‍ പഠിപ്പിക്കപ്പെട്ടപ്പോള്‍ മക്കക്കാരനെന്നും മദീനക്കാരനെന്നുമുള്ള പ്രാദേശികത്വത്തിന്റെ വേലിക്കെട്ടുകള്‍ പൊളിച്ചുകൊണ്ട് അവര്‍ രണ്ടുകൂട്ടരും സഹോദരന്മാരായി മാറി. വിശ്വാസികള്‍ സഹോദരന്മാരാണെന്ന് മനസ്സിലാക്കപ്പെട്ടപ്പോള്‍ അന്‍സാറുകള്‍ക്കിടയില്‍ നൂറ്റാണ്ടുകളായി പുകഞ്ഞുകൊണ്ടിരുന്ന ഔസ്-ഖസ്റജ് ഗോത്രവൈരം അവസാനിപ്പിച്ചുകൊണ്ട് രണ്ട് ഗോത്രക്കാരും തമ്മില്‍ ആലിംഗനം ചെയ്തു. സ്ത്രീകളും പുരുഷന്മാരെപ്പോലെ സ്വാതന്ത്യ്രവും അവകാശങ്ങളും ആശകളുമെല്ലാമുള്ളവരാണെന്ന് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ആഭിജാത്യത്തിന്റെപേരില്‍ പെണ്‍കുട്ടികളെ കുഴിച്ചുമൂടുന്ന സമ്പ്രദായത്തിന് അറുതിവന്നു. മദ്യപാനവും ചൂതാട്ടവും ലൈംഗിക ദുരാചാരങ്ങളും പിശാചിന്റെ പ്രവര്‍ത്തനങ്ങളും  അവ നരകത്തിലേക്ക് അടുപ്പിക്കുന്നയുമാണെന്ന് പ്രസ്താവിക്കപ്പെട്ടപ്പോള്‍  മസ്തിഷ്കത്തെയും സമ്പത്തിനെയും വികാരങ്ങളെയും അടിമകളാക്കിവെച്ചിരുന്ന സമ്പ്രദായങ്ങളില്‍ നിന്ന് ആ സമൂഹം മുക്തമായി. പലിശയും സാമ്പത്തിക ചൂഷണങ്ങളും നിരോധിക്കപ്പെട്ടതോടെ ആ സമൂഹത്തിലെ സാമ്പത്തിക പ്രശ്നങ്ങള്‍ക്കുള്ള അടിസ്ഥാനപരമായ പരിഹാരമുണ്ടായി.

വിപ്ളവത്തിന്റെ വേര്:
എത്ര പെട്ടെന്നായിരുന്നുവെന്നോ ഈ മാറ്റങ്ങള്‍ നിമിഷങ്ങള്‍കൊണ്ടാണ്പല നിയമങ്ങളും പ്രചാരത്തില്‍ വന്നത്. സര്‍വശക്തനും സര്‍വകാല ജ്ഞാനിയും അതൊടൊപ്പം പകരകാരുമാണികനുമായ ഏകദൈവത്തിലും അവന്ന് മാത്രം അധികാരമുള്ള മരണാനന്തര ജീവിതത്തിലും അവര്‍ക്കുളള വിശ്വാസം രുഢമൂലമായപ്പോള്‍ ആ സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ എളുപ്പമായിരുന്നു.

മദ്യപാനികളായ അല്ല മദ്യത്തില്‍ മുങ്ങിക്കുളിച്ചിരുന്ന അറബികളോട് നിങ്ങളതില്‍ നിന്നു വിരമിക്കുവാനൊരുക്കമുണ്ടോ'യെന്ന് ചോദിക്കേണ്ട താമസമേ ഉണ്ടായിരുന്നുള്ളു അവരതില്‍നിന്നും സമ്പൂര്‍ണമായി മുക്തരായി. ആ കല്പന വന്നപ്പോള്‍ മദീനയിലെ മദ്യമുതലാളിമാരാരും തന്നെ തങ്ങള്‍ നിര്‍മിച്ചുവെച്ച മദ്യമെങ്കിലും വില്ക്കാനാനുവദിക്കണമെന്ന് പ്രവാചകന് നിവേദനം നല്‍കിയില്ല. അവിടെയുള്ള മദ്യത്തൊഴിലാളികളാരുംതന്നെ തങ്ങളുടെ തൊഴില്‍ നഷ്ടപ്പെട്ടുവെന്ന് മുദ്രാവാക്യം  മുഴക്കിയില്ല റവന്യു വരുമാനം നഷ്ടപ്പെട്ടുമെന്ന് ആരുംതന്നെ ഗിരിപ്രഭാഷണം നടത്തിയില്ല. ദൈവിക കല്‍പ്പന ശ്രവിക്കേണ്ട താമസം അവിടെ മദ്യക്കുപ്പികള്‍ പൊട്ടിച്ചിതറി. വീപ്പകള്‍ മറിഞ്ഞുവീണു. മദീനയിലെ തെരുവീഥികളിലൂടെ മദ്യത്തിന്റെ ചാലുകള്‍ ഒഴുകി ഇതായിരുന്നു പ്രവാചകന്‍ സൃഷ്ടിച്ച വിപ്ളവം. അദ്ദേഹത്തിന്റെ ആയുധങ്ങള്‍ വാളോ അമ്പോ വെടിയുണ്ടകളോ ആയിരുന്നില്ല. ദൈവത്തിലുള്ള വിശ്വാസവും പരലോകബോധവും മാത്രം.

ഇസ്ലാമിക സമൂഹം:
പ്രവാചകനെ അനുസരിക്കുന്ന ഒരു സമൂഹം അവിടെയുണ്ടായി. അവര്‍ക്ക് പാരത്രിക സൌഖ്യത്തിനാവശ്യമായ ഉപദേശങ്ങള്‍ നല്‍കുക മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ കടമ. പ്രത്യുത ആ സമൂഹത്തിന്റെ നിലനില്‍പ്പിനാവശ്യമായ നിയമ നിര്‍ദ്ദേശങ്ങള്‍ നല്‍കുക കൂടി അദ്ദേഹത്തിന്റെ കര്‍ത്തവ്യമായിമാറി. വിശ്വാസികളുടെ സമൂഹത്തെ നശിപ്പിക്കാനായി അവിശ്വാസികളായ മക്കക്കാര്‍ സകലവിധ തന്ത്രങ്ങളുമാവിഷ്കരിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ആ സമൂഹത്തിന് ശക്തമായ ഒരു ഭരണനേതൃത്വം തന്നെ ആവശ്യമായിരുന്നു. അങ്ങനെ അന്തിമ പ്രവാചകന്‍ ആ സമൂഹത്തിന്റെ ഭരണാധിപന്‍ കൂടിയായി.

യുദ്ധങ്ങള്‍:
മദീനയില്‍ ഇസ്ലാമിക സമൂഹം വളരുന്നുവെന്നറിഞ്ഞ മക്കാമുശ്രിക്കുകള്‍ക്ക് കലികയറി തങ്ങളുടെപിതാക്കളില്‍നിന്ന് ലഭിച്ച വിശ്വാസാചാരങ്ങളുടെ സംരക്ഷണത്തിനായി പുതിയ മതത്തെ ഉന്മൂലനം ചെയ്യാനവര്‍ തീരുമാനിച്ചും. മദീനയിലെ ജൂതന്മാരുമായി ഉപജാപത്തിലേര്‍പ്പെട്ടു. ഗൂഢാലോചനകള്‍ നടത്തിയും മുസ്ലിം സമൂഹത്തെ നശിപ്പിക്കാനവര്‍ ശ്രമിച്ചു. നിലനില്‍പ്പിനുവേണ്ടി വാളെടുക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗം മുസ്ലിം സമൂഹത്തിനു മുന്നിലുണ്ടായിരുന്നില്ല.

അങ്ങനെ അന്തിമ പ്രവാചകന്റെ കാലഘട്ടത്തിലെ ആദ്യത്തെ യുദ്ധമുണ്ടായി. സര്‍വവിധ സന്നാഹങ്ങളുമായി വന്ന ആയിരത്തില്‍പരം ആളുകളുണ്ടായിരുന്ന ശത്രുസൈന്യവുമായി പരിമിതമായ സജ്ജീകരണങ്ങള്‍ മാത്രമുണ്ടായിരുന്ന മുന്നൂറ്റിപതിമൂന്നു പേരുള്ള വിശ്വാസികളുടെ സൈന്യം ബദ്റില്‍വെച്ച് ഏറ്റുമുട്ടി പ്രവാചകന്‍ കരളുരുകിക്കൊണ്ട് പ്രാര്‍ത്ഥി#്ചചു. 'അല്ലാഹുവേ, ഈ ചെറു സംഘം ഇന്നു നശിച്ചുപോവുകയാണെങ്കില്‍ പിന്നെ നിന്നെമാത്രം ആരാധിക്കുന്നവരാരും ഭൂമുഖത്തുണ്ടാവുകയില്ല. നീ ഞങ്ങളെ അനുഗ്രഹിക്കേണമേ'.

യുദ്ധം നടന്നു. ഇസ്ലാമിന്റെ പ്രഥമ യുദ്ധത്തില്‍ മുസ്ലിംകള്‍ വിജയിച്ചും ബദ്റില്‍ വെച്ച് എഴുപത് അവിശ്വാസികള്‍ മരണപ്പെട്ടപ്പോള്‍ സത്യവിശ്വാസികളില്‍ പതിനാലുപേര്‍ രക്തസാക്ഷികളായി പിന്നെയും പ്രവാചകനും അനുയായികള്‍ക്കും യുദ്ധം ചെയ്യേണ്ടിവന്നു. ഉഹ്ദ്, ഖന്‍ദഖ്, അഹ്സാബ്ഖൈബര്‍, ഹുനൈന്‍ തുടങ്ങി ഏതാനും യുദ്ധങ്ങള്‍ ഇവയൊന്നും തന്നെ നാട് വെട്ടിപ്പിടിക്കാനോ സാമ്രാജ്യം വിസ്തൃതമാക്കാനോ വേണ്ടിയായിരുന്നില്ല. വിശ്വാസ സംരക്ഷണത്തിനും ആദര്‍ശമനുസരിച്ച് ജീവിക്കുവാനുള്ള അവകാശത്തിനും വേണ്ടിയായിരുന്നു.

മഹത്തായ വിപ്ളവം:
പ്രവാചകന്‍ ഒരു മഹത്തായ വിപ്ളവമാണ് നയിച്ചതെന്ന് കാര്യത്തില്‍ ചരിത്രമറിയുന്നവര്‍ക്കൊന്നും സംശയമുണ്ടാവാനിടയില്ല. തികച്ചും സംസ്കാരശൂന്യരായ ഒരു ജനതയെ ലോകത്തിന് മുഴുവന്‍ മാതൃകയായ ഒരു സമൂഹമാക്കി മാറ്റിയെടുക്കുവാന്‍ അദ്ദേഹത്തിന് വേണ്ടിവന്നത് വെറു ഇരുപത്തിമൂന്ന് വര്‍ഷങഅങളാണ്. ഈ ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കുള്ളതില്‍ അദ്ദേഹത്തിന് നേരിടേണ്ടിവന്ന രൂപത്തിലുള്ള എതിര്‍പ്പുകള്‍ എഴുതപ്പെട്ട ചരിത്രത്തില്‍ ആര്‍ക്കും നേരിടേണ്ടിവന്നിട്ടില്ല.

സ്വന്തം വിശ്വാസാദര്‍ശങ്ങള്‍ സംരക്ഷിക്കാനായി സമരം ചെയ്യേണ്ടിവന്ന നബി പങ്കെടുത്ത യുദ്ധങ്ങളിലെല്ലാംകൂടി കൊല്ലപ്പെട്ടത് കേവലം ആയിരത്തി ഒരുനൂറോളം പേര്‍ മാത്രമായിരുന്നു വിപ്ളവങ്ങളുടെ പേരില്‍ ഈ ഭൂമിയില്‍ ചിന്തപ്പെട്ട ചോരയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതെത്രമാത്രം നിസ്സാരമാണ്. ഫ്രഞ്ചുവിപ്ളവത്തില്‍ കൊല്ലപ്പെട്ടത് 66 ലക്ഷം മനുഷ്യരാണ് ഒരു കോടിയിലധികം പേരുടെ ചോര ചിന്തിക്കൊണ്ടാണ് റഷ്യയിലെ മഹത്തായ വിപ്ളവം നടന്നത്. ഒന്നാംലോക മഹായുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ സംഖ്യ 73 ലക്ഷ്യമായിരുന്നുവെങ്കില്‍ രണ്ടാം ലോക മഹായുദ്ധത്തിലത് 106 ലക്ഷമായിരുന്നു.

ഈ വിപ്ളവങ്ങളെക്കൊണ്ട് മനുഷ്യരെന്ത് നേടി നാഗരികതയ്ക്ക് എന്തെന്ത് സംഭാവനകളാണ് ഈ വിപ്ളവങ്ങള്‍ നല്‍കിയത്! ഇത്തരം വട്ടപൂജ്യമെന്നാണ് ഇവ നയിച്ച മഹാത്മാക്കള്‍ക്കെതിരെ ആ രാജ്യങ്ങളിലുള്ള ജനങ്ങളുടെ തന്നെ രോഷം ഉയരാന്‍ തുടങ്ങിയിരിക്കുന്നു. കോടിക്കണക്കിന് ജനങ്ങളെ കൊന്നെടുക്കിക്കൊണ്ട് 'മഹത്തായ വിപ്ളവ'ത്തിലൂടെ സോഷ്യലിസ്റ് സമൂഹത്തിന് ശ്രമിച്ചവരുടെ പ്രതിമകള്‍ക്കു നേരെ കല്ലെറിഞ്ഞുകൊണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ അവരോടുള്ള പ്രതിഷേധം പ്രകടിപ്പിക്കുമ്പോള്‍ അവരുടെ സിദ്ധാന്തങ്ങള്‍ മാറ്റിമറിച്ചുകൊണ്ട് ഭരണാധികാരികള്‍ അവരോടുള്ള അവ്ജഞ അവതരിപ്പിക്കുന്നു. അപ്പോള്‍ ആ വിപ്ളവങ്ങള്‍ക്കുവേണ്ടി ചിന്തപ്പെട്ട രക്തം മുഴുവന്‍ വൃഥാവിലായിരുന്നുവെന്ന് നമുക്ക് ബോധ്യപ്പെടുന്നു. എന്നാല്‍ പ്രവാചകന്റെ വിപ്ളവമോ? വെറും ആയിരത്തി ഒരുനൂറോളംപേര്‍മാത്രം കൊല്ലപ്പെട്ടുകൊണ്ട് നടന്ന ആ മഹത്തായ സാംസ്കാരിക വിപ്ളവത്തിന് തുല്യമായൊരു വിപ്ളവം മാനവ ചരിത്രത്തിലുണ്ടോ?

ഇല്ല എന്നാണ് ഉത്തരം

 

മക്കാ വിജയം
മദീനയില്‍ ഒരു ഇസ്ലാമിക സമൂഹം രൂപംകൊണ്ടു കഴിഞ്ഞിരുന്നു. അടിമകളും ഉടമകളും സമന്മാരായി മാറിയ സമൂഹം. മദ്യത്തില്‍നിന്നും ചൂതാട്ടത്തില്‍നിന്നും തികച്ചും മുക്തമായൊരു സമൂഹം. അക്രമിയായ രാജാവിന്റെ മുന്നിലും സത്യം തുറന്നു പറയാന്‍ ധൈര്യം കാണിക്കുന്ന വ്യക്തികളുടെ സമൂഹം സര്‍വോപരി സര്‍വശക്തന്റെ മുന്നില്‍ മാത്രം ശിരസ്സ്  നമിക്കുന്ന ഒരു സമൂഹം. ഈ സമൂഹത്തെ തകര്‍ക്കാനാണ് മക്കയിലെ പാരമ്പര്യ വിശ്വാസികള്‍ ശ്രമിച്ചുകൊണ്ടിരുന്നത്. പലതരം ആക്രമണങ്ങളും സത്യവിശ്വാസികള്‍ സഹിച്ചു സന്ധി സംഭാഷണങ്ങള്‍ക്ക് അവര്‍ സന്നദ്ധരായി പക്ഷെ, അവിശ്വാസികള്‍ അവരുടെ സകലവിധ സമ്പത്തും ശക്തികളും ഇസ്ലാമിക സമൂഹത്തെ നശിപ്പിക്കാന്‍വേണ്ടി സമാഹരിച്ചുകൊണ്ടിരുന്നു. മക്കയിലേക്ക് ഒരു പടയോട്ടം നടന്നില്ലെങ്കില്‍, മദീനയിലെ മാതൃകാ സമൂഹത്തെ നാമാവശേഷമാക്കാന്‍ സര്‍വ സന്നാഹങ്ങളോടും കൂടി അവിശ്വാസികള്‍ കടന്നുവരുമെന്നുറപ്പായിരുന്നു.

അവസാനം അതുതന്നെ സംഭവിച്ചു പ്രവാചകനും സമൂഹവും പ്രതികരിച്ചും. വിശ്വാസികളുടെ ഒരു വന്‍സൈന്യം മക്കയിലേക്ക് നീങ്ങി. 'ദൈവമാകുന്നു ഏറ്റവും വലിയവന്‍' എന്ന് ഉച്ചൈസ് തരം പ്രഖ്യാപിച്ചുകൊണ്ട് ആ സേന മക്കയിലേക്ക് കടന്നു. ദൈവത്തിനെ ആരാധിക്കാനായി ഭൂമിയില്‍ നിര്‍മിക്കപ്പെട്ട ആദ്യത്തെ ഭവനം സ്ഥിതി ചെയ്യുന്ന പട്ടണത്തിലേക്ക് സ്രഷ്ടാവായ ദൈവം തമ്പുരാനെ മാത്രം  ആരാധിക്കണമെന്നാവശ്യപ്പെട്ടതിന്റെ പേരില്‍ പ്രവാചകനും അനുയായികളും പുറത്താക്കപ്പെട്ട പ്രദേശത്തേക്ക്.

'ദൈവമാകുന്നു ഏറ്റവും വലിയവന്‍' അല്ലാഹു അക്ബര്‍ എന്ന ശബ്ദം അന്തരീക്ഷത്തില്‍ പ്രകമ്പനം കൊണ്ടു ആ മുദ്രാവാക്യം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയവരായിരുന്നു അവര്‍. പരമ്പരാഗതമായി ആരാധിച്ചു വന്നിരുന്ന വിഗ്രഹങ്ങളെയും ശവകുടീരങ്ങളെയും വ്യാദൈവങ്ങളെയും കയ്യൊഴിച്ചവര്‍  ദൈവത്തെമാത്രം ആരാധിക്കുവാനുള്ള സ്വാതന്ത്യ്രത്തിനുവേണ്ടി പെറ്റു വളര്‍ന്ന സ്വന്തം നാടുപേക്ഷിച്ചവര്‍ വീടും കുടുംബവും വേണ്ടെന്നുവെച്ചവര്‍ ജീവിതകാലമത്രയും സമ്പാദിച്ച സ്വത്തുക്കള്‍ മുഴുവന്‍ ആദര്‍ശത്തിനുവേണ്ടി ചെലവഴിച്ചവര്‍ അവരല്ലാതെ മറ്റാരാണ് അല്ലാഹു അക്ബര്‍ എന്നു പറയാന്‍ അര്‍ഹതയുള്ളവര്‍! മക്കയെ പ്രകമ്പനംകൊള്ളിച്ചുകൊണ്ട് പതിനായിരത്തോളം പേര്‍ വരുന്ന ആ സൈന്യം മക്കയുടെ പ്രാന്തങ്ങളിലേക്ക് പ്രവേശിച്ചു.

സത്യവിശ്വാസികളുടേതായ ആ സൈന്യം മക്ക കീഴടക്കി എതിര്‍പ്പിന്റെ ആരവങ്ങളോ രക്തത്തിന്റെ പ്രവാഹമോ ഇല്ലാതെ തികച്ചും ശാന്തമായി കൊണ്ടായിരുന്നു ലോക ചരിത്രത്തിലെ അതുല്യമായ ആ വിപ്ളവം നടന്നത്. തികച്ചും സമാധാനപരവുമായിരുന്നു. അത് പ്രവാചകന്റെ സേനയുടെ നായകനായിരുന്ന സഅ്ദുബ്നു ഉബാദ(റ) ആവേശത്താല്‍ മക്കക്കടുത്തു നിന്ന് വിളിച്ചു പറഞ്ഞഞ്ഞു 'ഇത് രക്തച്ചൊരിച്ചിലിന്റെ ദിവസമാകുന്നു'. സമാധാനത്തിന്റെ പ്രവാചകന്‍ അതു തിരുത്തി. 'അല്ലാ ഇന്ന് അനുഗ്രഹത്തിന്റെയും കരുണയുടെയും ദിനമാകുന്നു'

കാരുണ്യത്തിന്റെ പ്രവാചകന്‍
കാരുണ്യത്തിന്റെ പ്രവാചകനു മുന്നില്‍ ഇതാ കുറേ മനുഷ്യര്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നു.
ആരാണിവരെന്നല്ലേ?

സത്യം പറഞ്ഞുവെന്നതിന്റെ പേരില്‍ നബിയെ സ്വന്തം നാട്ടില്‍ നിന്ന് ആട്ടിയോടിച്ചവര്‍ തിരുമേനി നമസ്കരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കഴുത്തില്‍ ഒട്ടകത്തിന്റെ കുടല്‍മാലകള്‍ ചാര്‍ത്തിയവര്‍ അദ്ദേഹത്തെ ഏറിഞ്ഞോടിച്ചവര്‍. അദ്ദേഹത്തിന്റെ പിതൃവ്യനും ഇസ്ലാമിന്റെ സിംഹവുമായിരുന്ന ഹംസ(റ)യെ ഉഹ്ദില്‍വെച്ച് പതിച്ചുകൊന്ന വഹ്ശി ഹംസയുടെ ചെവിയും മൂക്കും അരിഞ്ഞെടുത്ത് മാലകോര്‍ത്തിണഞ്ഞ് ഇസ്ളാമിനോടുള്ള വൈരം പ്രകടിപ്പിച്ച സ്ത്രീകള്‍ ഇസ്ലാമിന്റെ ആ സിംഹത്തിന്റെനെഞ്ചു കുത്തിപ്പിളര്‍ത്തി കരള്‍ വലിച്ചെടുത്ത് അത് ചവച്ചുതുപ്പി യുദ്ധ ഭൂമിയില്‍ അമ്മാനമാടിയ ഹിന്ദ്. സത്യവിശ്വാസികളെ കൊടും ക്രൂരതകള്‍ക്ക് വിധേയമാക്കിയവര്‍. സുമയ്യ(റ)യെ മുഗീയമാക്കി വമ്പിച്ചവര്‍ യാസറി(റ)നെ ക്രൂരമായി കൊന്നവര്‍ ബിലാലിനെ(റ)യും അമ്മാറി(റ)നെയും മര്‍ദ്ദിച്ചവര്‍ സത്യമതത്തെ നശിപ്പിക്കാന്‍ സകലവിധ തന്ത്രങ്ങളും പയറ്റി പരാജയപ്പെട്ടവര്‍.

അവരുടെ കയ്യിലിന്ന് അധികാരമില്ല. ഉയരാന്‍ വാളുകളില്ല. മര്‍ദ്ദിക്കാന്‍ ചാട്ടവാറുകളില്ല. പ്രവാചകന്‍ എന്തു പറഞ്ഞാലും അനുസരിക്കാന്‍ സന്നദ്ധതയുള്ള, ആയിരക്കണക്കിന് അംഗങ്ങളുള്ള സാര്‍വസന്നാഹങ്ങളോടും കൂടിയ സൈന്യം അവരെ പൊതിഞ്ഞ് നില്‍ക്കുന്നു പ്രവാചകന്‍ ഒരൊറ്റ വാക്കു പറഞ്ഞാല്‍ ഇവരുടെയെല്ലാം തലകള്‍ തന്റെ കാല്‍ക്കീഴില്‍ കിടന്ന് ഉരുളും. ഇവരുടെ ഓരോരുത്തരുടെയും കരള്‍ കടിച്ചു തുപ്പാന്‍ ആയിരങ്ങള്‍ സന്നദ്ധരാവും. ഇവരുടെ കഴുത്തില്‍ ഒട്ടകത്തിന്റെ കുടല്‍മാലകള്‍ ചാര്‍ത്തപ്പെടും.

പ്രവാചകന്‍ വിനയാന്വിതനായി ചോദിച്ചു: 'ഇന്ന് നിങ്ങളെയാണ് എന്നില്‍ നിന്നും പ്രതീക്ഷിക്കുന്നത്' അവര്‍ ദയനീയമായി പറഞ്ഞു: 'നന്മ, താങ്കള്‍  മാന്യനും മാന്യന്റെ മകനുമാകുന്നു'  കാരുണ്യത്തിന്റെ ദയയുടെ, സ്നേഹത്തിന്റെ അനുകമ്പയുടെയെല്ലാം ലോകംകണ്ട ഏറ്റവും വലിയ മാതൃകാപുരുഷന്‍ മൊഴിഞ്ഞു: പോവുക, നിങ്ങളെല്ലാവരും സ്വതന്ത്രരാവുന്നു.'

സമാധാനത്തിന്റെ ഉത്തുംഗമായ ഉദാഹരണം! കാരുണ്യത്തിന്റെ തുല്യതയില്ലാത്ത മാതൃക.

പൂര്‍ണനായ മനുഷ്യന്‍:
പ്രവാചകന്‍ പൂര്‍ണനായ ഒരു മനുഷ്യനായിരുന്നു. മനുഷ്യത്വത്തിന്റെ എല്ലാവിധ ഗുണങ്ങളും അദ്ദേഹത്തില്‍ സമ്പൂര്‍ണമായി പ്രകാശിച്ചിരന്നു പ്രസംഗങ്ങളും ഉപദേശങ്ങളും മാത്രമായിരുന്നില്ല പ്രവാചകന്‍ ലോകത്തിന് സംഭാവന ചെയ്തത്. സ്വന്തം ജീവിതത്തെതന്നെ തന്റെ ആദര്‍ശങ്ങള്‍ക്കുള്ള പ്രായോഗിക മാതൃകയായി അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയം ലാമാര്‍ട്ടിന്‍ എഴുതി  'തത്വജ്ഞാനി പ്രസംഗകന്‍, ദൈവദൂതന്‍, നിയമനിര്‍മാതാവ്, പോരാളി, ആശയങ്ങളുടെ ജേതാവ്, അബദ്ധ സങ്കല്‍പ്പങ്ങളില്‍നിന്ന് മുക്തമായ ആചാര വിശേഷങ്ങളുടെയും യുക്തിബന്ധുരമായ വിശ്വാസ പ്രമാണങ്ങളുടെയും പുന:സ്ഥാപകന്‍. ഇരുപത് ഭൌതിക സാമ്രാജ്യങ്ങളുടെയും സംസ്ഥാപകന്‍ അതായിരുന്നു മുഹമ്മദ്. മനുഷ്യമഹത്വത്തിന്റെ എല്ലാമാനദണ്ഡങ്ങളും വെച്ചു പരിഗണിക്കുമ്പോള്‍ നാം വ്യക്തമായും ചോദിച്ചേക്കാം. മുഹമ്മദിനെക്കാള്‍ മഹാനായ മറ്റു വല്ല മനുഷ്യനുമുണ്ടോ? (ഘമ ങമൃശിേ: ഒശീൃശല റല ഹമ ഠൌൃൂൌശല ഢീഹ കക ജമഴല 277)

അദ്ദേഹത്തിന്റെ അധികാര ജീവിതം പരിശോധിക്കുക. അധികാരത്തിന്റെ ഉയര്‍ന്ന വിതാനത്തിലായിരുന്നപ്പോഴും ശരീരത്തില്‍ പായക്കണ്ണികള്‍ പാടുകളുണ്ടാക്കുമാറ് പരുപരുത്ത പനയോലപ്പായയില്‍ കിടന്നുറങ്ങിയ പ്രവാചകന്‍ തന്റെ പള്ളിമുറ്റത്ത് യുദ്ധമുതലുകള്‍ കൂമ്പാരമായിക്കിടക്കുമ്പോഴും കുടുംബത്തിന്റെ പട്ടിണിമാറ്റാന്‍ അതില്‍ നിന്നെടുക്കാത്ത ദൈവദൂതന്‍ യുദ്ധത്തടവുകാരെ മദീനാ നിവാസികള്‍ക്ക്ദാസന്മാരായി ഏല്‍പ്പിച്ചു കൊടുക്കുമ്പോഴും വെള്ളം വലിച്ച തഴമ്പുകളുടെ വേദനയെക്കുറിച്ച് വേവലാതിപ്പെടുന്ന സ്വന്തം പുത്രി ഫാത്വിമക്ക് ഒരു വേലക്കാരിയെ അതില്‍ നിന്നും സ്വീകരിക്കാന്‍ അനുവാദം കൊടുക്കാത്ത റസൂല്‍. അറേബ്യയുടെ അര്‍ദ്ധ ഭാഗത്തിന്റെയും അധികാരിയായിരിക്കുമ്പോഴും തന്റെ വീട്ടില്‍ഒരു പിടി ധാന്യവും ഒരു തുകല്‍പാത്രവുംമാത്രം ബാക്കിവെച്ചിരുന്ന നബി. ആ ജീവിതത്തിന് അധികാരം സുഖലോലുപതക്കുള്ള ഒരു മാര്‍ഗമായിരുന്നില്ല. പ്രത്യുത നീതി നിര്‍വഹണത്തിനുള്ള പാത മാത്രമായിരുന്നു.

അദ്ദേഹത്തിന്റെ കുടുംബ ജീവിതം നോക്കുക, ഭാര്യമാരോടദ്ദേഹം നീതി പുലര്‍ത്തിയിരുന്നു. സന്താനങ്ങളോടദ്ദേഹം സ്നേഹം പ്രകടിപ്പിച്ചിരുന്നു. പേരക്കുട്ടികളെ വാത്സല്യപൂര്‍വ്വം പരിലാളിക്കുവാനദ്ദേഹം ആര്‍ത്തികാണിച്ചിരുന്നു. മുഹമ്മദ് എന്ന ഭര്‍ത്താവിനെ കുറിച്ച്  ഒരു  പരാതിയും പറയാന്‍ അദ്ദേഹത്തിന്റെ ഭാര്യമാര്‍ക്കുണ്ടായിരുന്നില്ല. മുഹമ്മദെന്ന പിതാവിനെക്കുറിച്ച്  ഒരു കുറ്റവും പറയാന്‍ അദ്ദേഹത്തിന്റെ മക്കള്‍ക്കുണ്ടായിരുന്നില്ല. തന്റെ കുടുംബക്കാരോട് അദ്ദേഹം കരുണകാണിച്ചിരുന്നു കുടുംബ ബന്ധം പുലര്‍ത്തുവാന്‍ അദ്ദേഹത്തിന് പ്രത്യേകം താല്‍പര്യമുണ്ടായിരുന്നു.

സ്നേഹനിര്‍ഭരനും ദയാലുമായിരുന്നു പ്രവാചകന്‍.  സാധാരണ സഞ്ചരിക്കുന്ന വഴിയിലെ ഒരു വീട്ടില്‍ നിന്ന് ഒരു ജൂത വനിത എന്നും തന്നെ തുപ്പുന്നുവെങ്കിലും പ്രവാചകനൊന്നും പറയുന്നില്ല. ഒരു ദിവസം ആ വഴിയിലൂടെ നടക്കുമ്പോള്‍ തന്റെ മേല്‍ തുപ്പല്‍ വന്നു വീഴുന്നത് കാണാത്ത അദ്ദേഹം ചോദിക്കുന്നു: 'എന്റെ സ്നേഹിത ഇന്നെവിടെപ്പോയി അവള്‍ ഇന്നെന്നെ കാണാന്‍ വന്നില്ലല്ലോ.' അവള്‍ അസുഖമായി കിടക്കുകയാണെന്നറിഞ്ഞ അദ്ദേഹം അവളെ സന്ദര്‍ശിച്ച് കുശലാന്വേഷണങ്ങള്‍ നടത്തുന്നു. തന്നെ ഭത്സിച്ചവരെ ശപിക്കുകയോ പീഡിപ്പിച്ചവരോട് പ്രതികാരം ചെയ്യുകയോ ചെയ്തില്ല. അദ്ദേഹം തന്നെ എറിഞ്ഞോടിക്കുന്നവരുടെ നന്മയ്ക്കുവേണ്ടി അദ്ദേഹം പ്രാര്‍ത്ഥിക്കുന്നതാണ് നാം കാണുന്നത്.

അവസാനത്തെ പ്രഭാഷണം
ആ മഹാനായ വ്യക്തിത്വം ലോകത്തില്‍ മുഴുവന്‍ പ്രഭ വിതറിക്കൊണ്ട് അറുപത്തിമൂന്ന് വര്‍ഷം ജീവിച്ചു. സ്വപത്നി ആയിശ(റ)യുടെ മടിയില്‍ കിടന്ന് ആ മാഹനുഭാവന്‍ ഇഹലോകവാസം വെടിഞ്ഞു.

അതിനുമുമ്പ് ഹിജ്റ പത്താം വര്‍ഷം ഒരു ലക്ഷം അനുയായികളോടൊപ്പം അദ്ദേഹം ആദ്യത്തേതും അവസാനത്തേതുമായ ഹജ്ജു നിര്‍വഹിച്ചും. അവിടെവെച്ച് അദ്ദേഹം ഹജ്ജത്തുല്‍വിദാഇലെ പ്രസംഗം എന്ന് പ്രസിദ്ധമായ പ്രസംഗം ചെയ്തു മഹത്തായൊരു മനുഷ്യാവകാശ പ്രഖ്യാപനമായിരുന്നു അത്.

അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിനോട് കൂറും ഭക്തിയുമുള്ളവരായി വര്‍ത്തിക്കുവിന്‍. നിങ്ങളുടെ രക്തവും ധനവും അഭിമാനവും  പാവനമാകുന്നു. നിങ്ങളുടെ നാഥനുമായി നിങ്ങള്‍ കണ്ടുമുട്ടുന്ന അവസരത്തില്‍ നിങ്ങളുടെ ചെയ്തികളെ കുറിച്ചവന്‍ ചോദ്യം ചെയ്യും പലിശ നിഷേധിച്ചിരിക്കുന്നു. അനിസ്ലാമികത്വത്തിന്റെതായ എല്ലാവിധരക്തപ്പകകളും പ്രതികാര നടപടികളും റദ്ദു ചെയ്യപ്പെട്ടിരിക്കുന്നു. വഴിപിഴപ്പിക്കാന്‍വേണ്ടി വരുന്ന പിശാചിന്റെ ദുര്‍ബോധനത്തെ കുറിച്ച് ജാഗരൂകരായിരിക്കുക നിങ്ങളോട് നിങ്ങളുടെ പത്നിമാര്‍ക്ക് ഒരു കടപ്പാടുള്ളതുപോലെ നിങ്ങള്‍ക്ക് അവരോട് കടപ്പാടുകളുണ്ട്. നിങ്ങളുടെ മുമ്പില്‍ രണ്ടു കാര്യങ്ങള്‍ വിട്ടേച്ചു കൊണ്ടാണ് ഞാന്‍ പോകുന്നത്. അവ മുറുകെ പിടിക്കുന്ന പക്ഷം എനിക്കും ശേഷം നിങ്ങള്‍ പിഴച്ചുപോവുകയില്ല അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ പര്യയുമത്രെ അത് മുസ്ലിംകള്‍ പരസ്പരം സഹോദരന്മാരാണ്. നിങ്ങള്‍ പരസ്പരം കഴുത്തറുക്കരുത്. മനുഷ്യരെ, നിങ്ങളുടെ ദൈവം ഒന്ന്, നിങ്ങളുടെ പിതാവ് ഒന്ന്. നിങ്ങളെല്ലാം ആദമില്‍ നിന്ന് ആദമോ മണ്ണില്‍നിന്നും കൂടുതല്‍  ദൈവഭക്തിയുള്ളവനാണ് അല്ലാഹുവിങ്കല്‍ ശ്രേഷ്ഠന്‍. അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയേക്കാളോ അനറബിക്ക് അറബിയേക്കാളുമോ ഭയഭക്തികൊണ്ടല്ലാതെ യാതൊരു മഹത്വമില്ല. 'മുസ്ലിംകളെ... എനിക്കു ശേഷം ഒരു പ്രവാചകനില്ല. നിങ്ങള്‍ക്കു ശേഷം ഒരു സമുദായവുമില്ല. നിങ്ങളുടെ നാഥനെ ആരാധിക്കുക. അഞ്ചുനേരം നമസ്കരിക്കുകയും സകാത്ത് കൊടുക്കുകയും വ്രതമനുഷ്ഠിക്കുകയും ഹജ്ജ് നിര്‍വഹിക്കുകയും ചെയ്യുക. നിങ്ങളില്‍നിന്നുള്ള ഭരണകര്‍ത്താക്കളെ അനുസരിക്കുക. എങ്കില്‍ നിങ്ങളുടെ നാഥന്റെ സ്വര്‍ഗത്തില്‍ പ്രവേശിക്കാം.

ഇനി നാം ചിന്തിക്കുക. നാല്‍പ്പതും വയസ്സാകുന്നതിനു മുമ്പ് ആരായിരുന്നു മുഹമ്മദ്?

നിരക്ഷരനായ ഒരു ഇടയബാലന്‍ അന്ധകാര നിബിഢമായ പ്രദേശത്തിലെ ഒരു സാധാരണക്കാരന്‍, സത്യസന്ധനായ ഒരു കച്ചവടക്കാരന്‍.

ഈ മുഹമ്മദിന് എവിടെ നിന്നാണ് നാല്‍പ്പതാമത്തെ വയസ്സില്‍ ഈ ജ്ഞാനമെല്ലാം ലഭിച്ചത്? സര്‍വകലാ പ്രസ്തതങ്ങളായ ധാര്‍മിക നിയമങ്ങളെല്ലാം അദ്ദേഹം എങ്ങനെയാണ് മെനഞ്ഞെടുത്തത്? രാഷ്ട്രീയവും സാമ്പത്തികവുമായ സിദ്ധാന്തങ്ങള്‍ എങ്ങനെയാണ് പടച്ചത്? ഒരിക്കലും  മാറ്റത്തിരുത്തലുകള്‍ വേണ്ടി വന്നിട്ടില്ലാത്ത സാന്മാര്‍ഗികത്വങ്ങള്‍ എവിടുന്നാണദ്ദേഹം ഉണ്ടായിത്?

ഒരേയൊരു വ്യക്തിതന്നെ ഉജ്ജ്വലനായ സാമൂഹ്യ പരിഷ് കര്‍ത്താവും അതിസമര്‍ത്ഥനായ നിയമജ്ഞനും ശൂരനായ സൈന്യാധിപനും അതിശക്തനായ രാജ്യതന്ത്രജ്ഞനും  അതിബുദ്ധിമാനായ തത്വജ്ഞാനിയും അതി തീവ്രമായ ഭയഭക്തി ഉള്ളവനും സ്നേഹ സമ്പന്നനായ ഒരു കുടുംബനാഥനും സ്നേഹിതനും എല്ലാമായിരിക്കുക. എന്നിട്ടദ്ദേഹം പറയുന്നു: 'ഇതൊന്നും  തന്റെ കഴിവുകൊണ്ടല്ല. ദൈവത്തിന്റെ കഴിവ് കൊണ്ട് മാത്രമാണ് അവന്‍ മാനവരാശിക്ക് മാതൃകയായി എന്നെ നിയോഗിച്ചിരിക്കുന്നു. നിങ്ങള്‍ എന്നെ അനുസരിക്കുക. അതാണ് മോക്ഷത്തിനുള്ള മാര്‍ഗം.'

അദ്ദേഹം കളവു പറഞ്ഞതായി തെളിവുണ്ടോ?
ഇല്ല.

ആ ജീവിതത്തില്‍ വല്ല മഹാപാപങ്ങളും ആരെങ്കിലും ആരോപിച്ചിട്ടുണ്ടോ?
ഇല്ല.

അതുപോലെ നിസ്തുലമായൊരു മാതൃക ലോക ചരിത്രത്തില്‍ ആരുടേതെങ്കിലുമുണ്ടോ?
ഇല്ല.

എങ്കില്‍ പിന്നെ എന്ത്കൊണ്ട് നമുക്കദ്ദേഹത്തെ അനുസരിച്ചുകൂടാ? എന്തുകൊണ്ട് അദ്ദേഹം പറഞ്ഞത് വിശ്വസിച്ചുകൂടാ? എന്തുകൊണ്ടദ്ദേഹത്തെ പിന്‍തുടര്‍ന്നുകൂടാ?
ഇല്ല.

എങ്കില്‍ പിന്നെ എന്ത്കൊണ്ട് നമുക്കദ്ദേഹത്തെ അനുസരിച്ചുകൂടാ? എന്തുകൊണ്ട്  അദ്ദേഹം പറഞ്ഞത് വിശ്വസിച്ചുകൂടാ? എന്തുകൊണ്ടദ്ദേഹത്തെ പിന്‍തുടര്‍ന്നുകൂടാ?

വേദഗ്രന്ഥം:
അദ്ദേഹത്തിലൂടെ അവതരിക്കപ്പെട്ട വേദഗ്രന്ഥമോ? അത്ഭുതങ്ങളുടെ അത്ഭുതവും വിജ്ഞാനസാഗരവുമാണത്. കേവലമൊരു മതഗ്രന്ഥമെന്നതിലുപരി മുഹമ്മദ്(സ)ന്റെ  പ്രവാചകത്വത്തിനുള്ള അമാനുഷിക ദൃഷ്ടാന്തം കൂടിയാണിത്. ആ അമാനുഷിക ഗ്രന്ഥത്തെ വെല്ലുവിളിക്കാന്‍ മാനവരാശിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇനിയൊട്ട് കഴിയുകയുമില്ല.

മുമ്പുള്ള വേദഗ്രന്ഥങ്ങളിലെ വരാനിരിക്കുന്ന ദൈവദൂതനെക്കുറിച്ചുള്ള മുഴുവന്‍ പ്രവചനങ്ങളും മുഹമ്മദ് നബിയിലൂടെപൂര്‍ത്തീകരിക്കപ്പെട്ടതായി നാം മനസ്സിലാക്കുന്നു. മാനുഷിക കരവിരുതുകള്‍ക്ക് വിധേയമാക്കപ്പെട്ട് തെറ്റും ശരിയും സമ്മിശ്രമായി കിടക്കുന്ന വേദങ്ങളില്‍പോലും മുഹമ്മദി(സ)ന്റെ ആഗമനത്തെക്കുറിച്ച് വ്യക്തമായ പ്രവചനങ്ങള്‍ ബാക്കി നില്‍ക്കുന്നുവെങ്കില്‍ ദൈവാവതീര്‍ണമായ രൂപത്തില്‍ അവലഭ്യമായിരുന്നെങ്കില്‍ അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ പ്രവചനങ്ങള്‍ നമുക്കവയില്‍കാണാമായിരുന്നു. മോശെയെപ്പോലുള്ള പ്രവാചകനും സകല സത്യത്തിലും നീതിയിലും വഴിനടത്താന്‍ വേണ്ടി യേശുവിനുശേഷം വന്ന സത്യത്തിന്റെ ആത്മാവും മഹാചാര്യനായ മരുഭൂമിയിലെ മഹാമദുമെല്ലാം അന്തിമ പ്രവാചകനായി മുഹമ്മദ് (സ) യായിരുന്നു വെന്ന് കാണാം മഹമ്മദിന്റെ അനുയായികള്‍ ചേലാകര്‍മം ചെയ്യുന്നവരും താടി വളര്‍ത്തുന്നവരും പരസ്യമായി പ്രാര്‍ത്ഥനക്ക് ക്ഷണിക്കുന്നവരും അസാന്മാര്‍ഗികതയെ എതിര്‍ക്കുന്നവരും പന്നിമാംസമല്ലാത്ത മറ്റു മാംസങ്ങള്‍ ഭക്ഷിക്കുന്നവരുമെന്ന വ്യാസമുനിയുടെ പ്രവചനം എത്രത്തോളം സത്യ സന്ധമായിട്ടാണ് മുഹമ്മദി(സ)ന്റെ അനുയായികളില്‍ പുലര്‍ന്നിരിക്കുന്നത്.

നമുക്ക് വിശ്വസിക്കാം:-
മുഹമ്മദ്(സ) ലോകസ്രഷ്ടാവും നിയന്താവും ആരാധ്യനുമായ ദൈവത്തിന്റെ ദൂതനാകുന്നു. സത്യസന്ധനായ പ്രവാചകന്‍. മുന്‍ പ്രവാചകന്മാരുടെയെല്ലാം പിന്‍ഗാമി മനുഷ്യകുലത്തിന് സ്രഷ്ടാവിലേക്കുള്ള വഴികാട്ടി.

അദ്ദേഹത്തെ നിരുപാധികം അനുസരിക്കുക അതാണ് മോക്ഷത്തിലേക്കുള്ള മാര്‍ഗം.

 

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH