Search

mahonnathan

Slide - in Vedas

JA slide show
കല്‍ക്കി, അവസാനത്തെ അവതാരം Print E-mail

ദശാവതാര സിദ്ധാന്തപ്രകാരവും ശ്രീദേവീമഹാഭാഗവതത്തിലെ ഇരുപത്തിയാറ് അവതാരങ്ങള്‍ എന്ന തത്വപ്രകാരവും കല്‍കിയാണ് അവസാനത്തെ അവതാരമെന്ന് പറഞ്ഞുവല്ലോ. കലിയുഗത്തിന്റെ പാരമ്യത്തില്‍ ദുഷ്ടജന മര്‍ദകനായി കല്‍ക്കി അവതരിക്കുമെന്നാണ് വിശ്വാസം. കല്‍ക്കിയെക്കുറിച്ച് ഹൈന്ദവ സങ്കല്‍പത്തിന്റെ ഒരു ഏകദേശചിത്രം ക്ഷേന്ദ്രന്‍ തന്റെ 'ദശാവതാര ചരിത്രത്തി'ലെ ധ്യാനശ്ളോകത്തിലൂടെ വരച്ചുകാണിക്കുന്നുണ്ട്. അതിങ്ങനെയാണ്.

സ്വഛന്ദ പ്രോച്ഛലന്‍ മ്ളേഛ തിമിരോദ്ഭേദ സച്ഛവി
കല്‍ക്കി വിഷ്ണു പ്രകാശായ പ്രഭാതാര്‍ക്ക ഇമാസ്തുവ

(സുകുമാര്‍ അഴിക്കോട് ഉദ്ധരിച്ചത്:  തത്ത്വവും മനുഷ്യനും. പുറം 77) (നീരന്ധ്രമായ ഇരുളിന്റെ ചുരുളില്‍ നിന്ന് വിശ്വത്തെ വിമോചിപ്പിക്കുന്ന പ്രഭാതാര്‍ക്കനെപ്പോലെ, മ്ളേഛദോഷം തീണ്ടാത്ത ശാന്തി സുന്ദരമായ ഒരു ലോകത്തിന്റെ ഉദയവുമായി കല്‍ക്കി പ്രത്യക്ഷപ്പെടും).

കല്‍ക്കി അവതാരത്തെക്കുറിച്ച് ഒരുപാട് കഥകള്‍ പുരാണങ്ങളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ പലതും വിചിത്രങ്ങളും വൈരുധ്യങ്ങള്‍ നിറഞ്ഞവയുമാണ്. അവയെല്ലാം ശരിയാണെന്ന് കരുതുക വയ്യ. കല്‍ക്കി അവതാരംകൊണ്ട് വിവക്ഷിക്കുന്നത് മുഹമ്മദ് നബി(സ)യാണെന്ന് പല ഗ്രന്ഥകാരന്മാരും സമര്‍ത്ഥിച്ചിട്ടുണ്ട്. വിഷ്ണുപുരാണത്തിലും കല്‍ക്കി പുരാണത്തിലും മഹാഭാഗവതത്തിലും വിവരിക്കപ്പെട്ടിരിക്കുന്ന കല്‍ക്കി സ്വഭാവങ്ങളില്‍ ചിലതെല്ലാം മുഹമ്മദ് നബി(സ)യുടെ ചരിത്രത്തിലെ സംഭവങ്ങളുമായി സാമ്യം പുലര്‍ത്തുന്നുവെന്നത് ഒരു വസ്തുതയാണ്. ഏതാനും സാമ്യങ്ങള്‍ നോക്കുക.

ഒന്ന്)    കല്‍ക്കി അവസാനത്തെ അവതാരമാണ്. കലിയുഗത്തിന്റെ പാരമ്യത്തിലാണ് അദ്ദേഹം അവതരിക്കുക. മുഹമ്മദ് നബി(സ) അവസാനത്തെ പ്രവാചകനാണ്. കലിയുഗം ആരംഭിക്കുന്നത് ബി.സി. 3102-ലാണെന്നാണ് വാദിക്കപ്പെടുന്നത്. അപ്പോള്‍ മുഹമ്മദ് നബി(സ) ജനിച്ചത് കലിയുഗത്തിന്റെ പാരമ്യത്തില്‍ തന്നെയാണ്.

രണ്ട്)    കല്‍ക്കി അവതരിക്കുക സിംഫാലയെന്ന മണല്‍ദ്വീപിലായിരിക്കും. മുഹമ്മദ് നബി(സ)യുടെ ജനനം അറേബ്യന്‍ മണലാരണ്യത്തിലായിരുന്നു.

മൂന്ന്)    കല്‍ക്കിയുടെ പിതാവിന്റെ നാമം വിഷ്ണുയശസ് എന്നും വിഷ്ണുഭഗത് എന്നും പറയപ്പെട്ടിരിക്കുന്നു. വൈഷ്ണവമതപ്രകാരം ഏകദൈവത്തിന്റെ പേരാണ് വിഷ്ണു. ഭഗത് എന്ന പദത്തിനര്‍ത്ഥം ദാസന്‍ എന്നാണ്. വിഷ്ണുഭഗത് എന്നാല്‍ ദൈവദാസന്‍ എന്നര്‍ത്ഥം. മുഹമ്മദ് നബി(സ)യുടെ പിതാവിന്റെ പേര് അബ്ദുല്ല അഥവാ ദൈവദാസന്‍ എന്നായിരുന്നു.

നാല്)    കല്‍ക്കിയുടെ മാതാവിന്റെ പേര് സുമതിയെന്നാണ്. ശാന്തിയെന്ന ധാതുവില്‍ നിന്നുണ്ടായ ഈ പദത്തിന്നര്‍ത്ഥം വിശ്വസ്തയെന്നാണ്. മുഹമ്മദ് നബി(സ)യുടെ മാതാവിന്റെ പേര് ആമിനയെന്നായിരുന്നു. ആമിനയെന്ന അറബി പദത്തിന് വിശ്വസ്ത എന്നര്‍ത്ഥം.

അഞ്ച്)    കല്‍ക്കി പരശുരാമനില്‍ നിന്ന് മലയില്‍വെച്ച് വിദ്യ സ്വീകരിക്കുമെന്ന് പറഞ്ഞി#ിരക്കുന്നു. മുഹമ്മദ് നബി(സ) ദൈവിക സന്ദേശങ്ങള്‍ ആദ്യമായി സ്വീകരിച്ചത് ജിബ്രീല്‍ എന്ന മലക്കില്‍ നിന്ന് ഒരു മലയില്‍ വെച്ചായിരുന്നു.

ആറ്)    കല്‍ക്കി അദ്ദേഹത്തിന്റെ നാല് കൂട്ടാളികളോടു കൂടെ നിന്നുകൊണ്ട് അധര്‍മ്മത്തെ നശിപ്പിക്കുമെന്ന് പറഞ്ഞിരിക്കുന്നു. മുഹമ്മദ്നബി(സ) തന്റെ പ്രധാനപ്പെട്ട നാല് കൂട്ടുകാരോട് അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി(റ) കൂടെയാണ് അസത്യത്തിനെതിരെ സമരം ചെയ്തത്.

ഏഴ്)    കല്‍ക്കിയുടെ ആകാശാരോഹണത്തെപ്പറ്റി പറഞ്ഞിരിക്കുന്നു. മുഹമ്മദ് നബി(സ)യും ആകാശരോഹണം (മിഅ്റാജ്) നടത്തി.

എട്ട്)    കല്‍ക്കിയുടെ പിതാവ് അദ്ദേഹത്തിന്റെ ജനനത്തിനു മുമ്പും മാതാവ് ജനിച്ചു കുറച്ചുകാലം കഴിഞ്ഞും മരണപ്പെടുമെന്ന് പ്രസ്താവിച്ചിരിക്കുന്നു. മുഹമ്മദ് നബി(സ)യുടെ പിതാവ് അദ്ദേഹത്തിന്റെ ജനനത്തിന് മുമ്പും മാതാവ് ജനിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷവും ഇഹലോകവാസം വെടിഞ്ഞു.

ഈ തെളിവുകളുടെഅടിസ്ഥാനത്തില്‍ കല്‍ക്കി, അറേബ്യയില്‍ ജനച്ച മുഹമ്മദ് നബി(സ)യാണെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരുണ്ട്. ധര്‍മ്മത്തിന്റെ സം#്സഥാപനത്തിനും അധര്‍മത്തിന്റെ സംഹാരത്തിനും വേണ്ടി പ്രത്യക്ഷപ്പെടുമെന്ന് ഹിന്ദുക്കള്‍ കരുതുന്ന കല്‍ക്കി അവതരിച്ചുകഴിഞ്ഞുവെന്നാണല്ലോഇതു വ്യക്തമാക്കുന്നത്. സത്യത്തില്‍, എല്ലാ അര്‍ത്ഥത്തിലും ധര്‍മത്തെ സംസ്ഥാപിക്കുകയും അധര്‍മത്തെ ഉച്ചാടനം ചെയ്യുകയും ചെയ്ത, ചരിത്രത്തിന്റെ തെളിച്ചത്തില്‍ ജീവിച്ച ഒരേയൊരു മനുഷ്യന്‍ മുഹമ്മദ് നബിയാണ്. അന്ധവിശ്വാസ അനാചാരങ്ങളാകുന്ന ഇരുളിന്റെ നീരന്ധ്രമായ ചുരുളില്‍ നിന്ന് വിശ്വത്തെ മോചിപ്പിച്ച് ദൈവിക മതത്തിന്റെ പ്രകാശമാനമായ ലോകത്തിലേക്ക് മനുഷ്യരെ നയിച്ച മഹാനായ പ്രവാചകനാണ് അദ്ദേഹം. ഇനിയൊരു ധര്‍മ സംസ്ഥാപകന്റെ ആവശ്യമില്ലാത്ത വിധം എന്താണ് ധര്‍മെന്നും എന്താണ് അധര്‍മമെന്നും വ്യക്തമായി കാണിച്ചുകൊടുക്കുകയും താന്‍ പഠിപ്പിച്ച ആശയങ്ങള്‍ പ്രായോഗികമാക്കി അവതരിപ്പിക്കുകയും ചെയ്ത മുഹമ്മദ് നബി(സ)യല്ലാതെ മറ്റ് ആര്‍ക്കാണ് അവസാനത്തെ അവതാരമെന്ന് വിളിക്കപ്പെടുവാന്‍ അര്‍ഹതയുള്ളത്?

വേദങ്ങളും പുരാണങ്ങളും പ്രവചിച്ച മഹാചാര്യനെയും അവസാനത്തെ അവതാരത്തെയും സംബന്ധിച്ച കാര്യങ്ങള്‍ മുഹമ്മദ് നബി(സ)യുടെ ആഗമനത്തോടെ പൂര്‍ത്തീകരിക്കപ്പെട്ടുവെന്ന് നാം മനസ്സിലാക്കി. ലോകത്തു മുഴുവന്‍ വന്ന പ്രവാചകന്മാരുടെ പിന്‍മുറക്കാരനാണ് താനെന്ന മുഹമ്മദ് നബി(സ)യുടെ അവകാശവാദം എന്തുമാത്രം അര്‍ത്ഥവത്താണ്! ധര്‍മ സംസ്ഥാപനാര്‍ത്ഥം വന്ന അവസാനത്തെ പ്രവാചകനെ അനുകരിച്ചുകൊണ്ടാണ് ഭാരതീയ പ്രവാചകന്മാരുടെ അനുയായികള്‍ മോക്ഷത്തിനു വേണ്ടി ശ്രമിക്കേണ്ടതെന്നാണല്ലോ വേദങ്ങളിലെയും പുരാണങ്ങളിലെയും പരാമര്‍ശങ്ങളില്‍നിന്ന് മനസ്സിലാക്കേണ്ടത്.

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH