Search

mahonnathan

Slide - why nabi

JA slide show
മഹാനായ ദൈവദൂതന്‍ Print E-mail

പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പത്തെ അറേബ്യയുടെ ചിത്രം വളരെ ഇരുണ്ടതാണ്. ഉയര്‍ന്ന നിലയ്ക്കുള്ള യാതൊരു നാഗരികതയുമില്ലാതിരുന്ന അവിടെ പാഠശാലകളോ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഗ്രന്ഥശാലകളോ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. മദ്യത്തില്‍ മുങ്ങിക്കിടന്നിരുന്നു അന്നത്തെ സമൂഹം. തന്റെ ശവശരീരം മുന്തിരിവള്ളിയുടെ ചുവട്ടില്‍ കുഴിച്ചിട്ടാല്‍ ദ്രവിക്കുന്ന എല്ലുകള്‍ക്ക് വീഞ്ഞിന്റെ മത്ത് ലഭിക്കുമല്ലോയെന്ന് പാടിയ അറേബ്യന്‍ കവിയുടെ വരികള്‍, പ്രസ്തുത സമൂഹം എത്രത്തോളം മദ്യാസക്തരായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. നാരിമാരുടെ നഗ്നതാ വിവരണമായിരുന്നു അന്നത്തെ കവിതകളുടെ പ്രധാനപ്പെട്ട ഉള്ളടക്കം. പെണ്ണിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത സമൂഹമായിരുന്നു അത്. നഗ്നതാപ്രദര്‍ശനം നടത്തുന്നതില്‍ സ്ത്രീ പുരുഷഭേദമന്യേ യാതൊരു സങ്കോചവുമവര്‍ക്കുണ്ടായിരുന്നില്ല. കഅ്ബാലയത്തെ സ്ത്രീകളും പുരുഷന്മാരുമെല്ലാം നഗ്നരായിക്കൊണ്ടാണ് പ്രദക്ഷിണം ചെയ്തിരുന്നത്.

കലഹങ്ങളും കൊലപാതകങ്ങളും ആ സമൂഹത്തില്‍ സര്‍വ്വസാധാരണമായിരുന്നു. ഗോത്രവഴക്കുകളില്ലാത്ത ദിവസങ്ങള്‍ തുലോം വിരളമായിരുന്നു. മനുഷ്യര്‍ മനുഷ്യരെ നിഷ്ഠൂരം വധിക്കുന്നതില്‍ യാതൊരു തെറ്റും അവര്‍ കണ്ടിരുന്നില്ല. ശക്തര്‍ അശക്തരെ വധിക്കുകയും കൊള്ളയടിക്കുകയും ചെയ്യുക സാധാരണയായിരുന്നു. ഗോത്രമഹിമയില്‍ അഭിമാനംകൊണ്ടിരുന്ന അറബികള്‍ക്ക് ഗോത്രത്തിന്റെ പേരില്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നതില്‍ യാതൊരു വൈമനസ്യവുമുണ്ടായിരുന്നില്ല. അവരുടെ ആരാധ്യ വസ്തുക്കളാകട്ടെ ശിലാബിംബങ്ങളുമായിരുന്നു. സ്രഷ്ടാവും സംരക്ഷകനുമായ ദൈവത്തിന്റെ അസ്തിത്വം അവര്‍ അംഗീകരിച്ചിരുന്നുവെങ്കിലും അവനിലേക്ക് നേരിട്ട് അടുക്കുക അസാധ്യമായതിനാല്‍ ഇടയാളന്മാരെ സ്വീകരിക്കുകയെന്ന തത്വമാണ് അവര്‍ അംഗീകരിച്ചിരുന്നത്. ഈ ഇടയാളന്മാരില്‍ മഹാത്മാക്കള്‍ മുതല്‍ വിഗ്രഹങ്ങള്‍വരെയുണ്ടായിരുന്നു. കല്ലുകള്‍ക്ക് മുന്നിലായിരുന്നു അവര്‍ നമസ്ക്കരിച്ചിരുന്നത്.

മുഹമ്മദിന്റെ ജനനം

ഇത്തരമൊരു സമുദായത്തിലാണ് മുഹമ്മദ് ജനിക്കുന്നത്. മക്കയിലെ ഖുറൈശ് ഗോത്രത്തിലെ ഹാശിം കുടുംബത്തില്‍ അബ്ദുല്ല (ദൈവദാസന്‍ ) ആമിന (വിശ്വസ്ത) ദമ്പതിമാരുടെ മകനായിട്ടായിരുന്നു അദ്ദേഹത്തിന്റെ ജനനം. അദ്ദേഹം ജനിക്കുന്നതിന് മുമ്പുതന്നെ പിതാവും ഏഴുവയസ്സുള്ളപ്പോള്‍ മാതാവും മരണപ്പെട്ടതിനാല്‍ തികച്ചും അനാഥനായിട്ടാണ് അദ്ദേഹം വളര്‍ന്നത്. മാതാവിന്റെ മരണശേഷം പിതാമഹനായ അബ്ദുല്‍ മുത്തലിബ് അദ്ദേഹത്തിന്റെ സംരക്ഷണം ഏറ്റെടുത്തു. അല്‍പകാലത്തിനുശേഷം അദ്ദേഹവും മരണപ്പെട്ടതിനാല്‍ പിതൃസഹോദരനായ അബൂത്വാലിബിന്റെ സംരക്ഷണത്തിലാണ് പിന്നീടദ്ദേഹം വളര്‍ന്നത്. ഇരുപത്തിയഞ്ചാമത്തെ വയസില്‍ അദ്ദേഹം നാല്‍പതുകാരിയായ ഖദീജ (റ)യെ വിവാഹം ചെയ്തു.

ഇങ്ങനെ അനാഥനായി ജനിച്ച് അനാഥനായി വളര്‍ന്ന മുഹമ്മദാണ് ലോകം മുഴുവന്‍ കാത്തുകൊണ്ടിരുന്ന, പ്രവാചകന്മാര്‍ മുഴുവന്‍ പ്രവചിച്ച മഹാനായ അന്തിമ പ്രവാചകനായിത്തീര്‍ന്നത്. അങ്ങനെ ആവര്‍ത്തന പുസ്തകത്തി(33:2)ലെ പ്രവചനത്തിന്റെ പൂര്‍ത്തീകരണമായി. സീനയില്‍നിന്നും വന്ന മോശെയുടെയും സേയീ റില്‍ ഉദിച്ച യേശുവിന്റെയും പിന്‍ഗാമിയായ ദൈവദൂതന്‍ പാറാന്‍ പര്‍വ്വതത്തിന്റെ നാടായ അറേബ്യയില്‍നിന്ന് ലോകത്തിന് മുഴുവനുമായി പ്രകാശിച്ചു.

മണലാരണ്യത്തില്‍നിന്ന് വരുന്ന കല്‍ക്കിയെന്ന ധര്‍മ്മ സ്ഥാപകനെക്കുറിച്ച പ്രതീക്ഷയും ഒട്ടകത്തിന്റെ നാട്ടില്‍നിന്ന് ഉയര്‍ത്തപ്പെടുന്ന നരാശംസനെക്കുറിച്ച പ്രവചനവും മുഹമ്മദി(സ)ല്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നു. ‘നരാംശസ’യെന്നാല്‍ സ്തുതിക്കപ്പെട്ടവന്‍എന്നര്‍ത്ഥം! ‘മുഹമ്മദ്’ എന്ന അറബി പദത്തിന് തുല്യമായ സംസ്കൃതപദം! ഭവിഷ്യല്‍പുരാണത്തിലാണെങ്കില്‍ ‘മഹാമദ്’ എന്ന അറബി നാമം തന്നെയാണ് പ്രയോഗിച്ചിരിക്കുന്നത്. കല്‍ക്കിയുടെ അനാഥത്വത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ മുഹമ്മദ് (സ)യുടെ ജീവിതത്തില്‍ നാം കാണുന്നു. അദ്ദേഹത്തിന്റെ പിതാവിന്റെ പേര് അബ്ദുല്ലയെന്നും മാതാവിന്റെ പേര് ആമിനയെന്നുമായിരുന്നുവല്ലോ.*

സകല സത്യത്തിലേക്കും വഴി നടത്തുന്നതിന് കടന്നുവരാനിരിക്കുന്ന സഹായകനെക്കുറിച്ച യേശുവിന്റെ പ്രവചനവും ഇവിടെ പൂര്‍ത്തീകരിക്കപ്പെടുന്നതായി നാം കാണുന്നു. സഹായകന്‍ എന്ന് പരിഭാഷപ്പെടുത്തപ്പെട്ടിരിക്കുന്നത് ‘പാരക്ളിറ്റോസ്’ എന്ന ഗ്രീക്ക്** പദമാണ്. പാരക്ളിറ്റോസിന് ശബ്ദസാദൃശ്യമുള്ള പദമാണ് പെരിക്ളീറ്റസ്്. സ്തുതിക്കപ്പെട്ടത് എന്നര്‍ത്ഥം. അഹ്മദ് എന്ന അറബി പദത്തിന് തുല്യമാണിത്. മുഹമ്മദി (സ)ന്റെ മറ്റൊരു പേരായിരുന്നു അഹ്മദ്. രണ്ടും ഒരേ പദധാതുവില്‍നിന്നുണ്ടായ നാമങ്ങള്‍ തന്നെ!

ചരിത്രത്തിന്റെ തെളിച്ചം

അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് (സ). അതുകൊണ്ടുതന്നെ അദ്ദേഹം അവസാനത്തെ മനുഷ്യന്‍വരെയുള്ള സകലര്‍ക്കും മാതൃകയായിരിക്കണം. അതിനുവേണ്ടി അദ്ദേഹത്തിന്റെ ജീവിതംമുഴുവന്‍ രേഖപ്പെടുത്തപ്പെട്ടിരിക്കണം. അല്ലെങ്കില്‍ അദ്ദേഹത്തിന് ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ് ജീവിക്കുന്ന മനുഷ്യര്‍ മോക്ഷത്തിന്റെ മാര്‍ഗം പിന്‍പറ്റുന്നതെങ്ങനെ? അദ്ദേഹത്തെ പിന്തുടരുന്നതെങ്ങനെ?

അദ്ഭുതം! മുഹമ്മദ് നബി (സ)യുടെ മുഴുജീവിതവും ആര്‍ക്കും വായിക്കാന്‍ പറ്റുന്നവിധത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു അല്ല, അദ്ദേഹത്തിന്റേതുപോലെ ജീവിതത്തിലെ ചെറുതും വലുതുമായ മുഴുസംഭവങ്ങളും രേഖപ്പെടുത്തപ്പെട്ട ഒരു മനുഷ്യനും മാനവ ചരി ത്രത്തിലുണ്ടായിട്ടേയില്ല. മുമ്പുള്ള പ്രവാചകന്മാരാരുംതന്നെ രേഖപ്പെടുത്തപ്പെടുന്ന ചരിത്രത്തിന്റെ ഭാഗമായിട്ടില്ല. ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ലെന്നു പറയാന്‍ പലര്‍ക്കും അവസരമുണ്ടാക്കിയത്, ചരിത്രത്തിന്റെ ദൃഷ്ടിയില്‍ അവരുടെയെല്ലാം അസ്തിത്വം സംശയാസ്പദമായതാണ്.

എന്നാല്‍ മുഹമ്മദി(സ)ന്റെ അവസ്ഥ തികച്ചും ഭിന്നമാണ്. ‘മുഹമ്മദ് ചരിത്രത്തിന്റെ പൂര്‍ണ്ണമായ പ്രകാശത്തിലാണ് ജനിച്ചതെ’ന്ന ഫിലിപ്പ് ഹിറ്റിയുടെ പ്രസ്താവന തന്നെ അദ്ദേഹത്തിന്റെ ചരിത്രപരതയ്ക്കുള്ള വ്യക്തമായ അംഗീകാരമാണ്. മുഹമ്മദ് ജീവിച്ചിരുന്നില്ലെന്ന് പറയാന്‍ ആര്‍ക്കും ധൈര്യം വരാതിരിക്കുമാറ് ശക്തവും വ്യക്തവുമാണ് അദ്ദേഹത്തിന്റെ ചരിത്രം. അതുകൊണ്ടു തന്നെ അവസാന നാളുവരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും മാതൃകയാകുവാന്‍ യോഗ്യതയുള്ള ഏക പ്രവാചകന്‍ അദ്ദേഹമാണ്.

വിശ്വസ്തന്‍

അനാഥനായ മുഹമ്മദ് അന്ന് അറേബ്യയില്‍ ലഭ്യമായിരുന്ന സംരക്ഷണങ്ങള്‍തന്നെ ലഭിക്കാതെയാണ് വളര്‍ന്നുവന്നത്. വിദ്യാഭ്യാസം അല്‍പംപോലും ലഭിക്കാത്തതിനാല്‍ എഴുത്തും വായനയുമറിയാത്തവനായിട്ടാണ് അദ്ദേഹം ജീവിച്ചത്. കുട്ടിക്കാലത്ത് അറബിക്കുട്ടികളോടൊപ്പം ആടുമേയ്ക്കുകയും യുവാവായപ്പോള്‍ കച്ചവടത്തിലേര്‍പ്പെടുകയും ചെയ്ത മുഹമ്മദിന്റെ ജീവിതവും സഹവാസവുമെല്ലാം സാധാരണക്കാരായ അറബികളുടെ കൂടെതന്നെയായിരുന്നു. കള്ള് കുടിയന്മാരും പെണ്ണ് പിടിയന്മാരും യുദ്ധക്കൊതിയന്മാരും വിഗ്രഹാരാധകരുമായ അറബികളുടെ കൂടെ.

എന്നാല്‍ അവരുടെ ദുസ്വഭാവങ്ങളൊന്നും തന്നെ അദ്ദേഹത്തിലുണ്ടായിരുന്നില്ല. ഒരിക്കല്‍പോലും വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹം നമ്രശിരസ്കനായിരുന്നിട്ടില്ല. കളവോ, അസഭ്യവാക്കുകളോ അദ്ദേഹത്തില്‍നിന്നും ആരും ശ്രവിച്ചിട്ടില്ല. ഒരിക്കലെങ്കിലും അദ്ദേഹം കളവോ വഞ്ചനയോ ചെയ്തതായി ആരും ആരോപിച്ചിട്ടില്ല. സ്വബോധം വന്നശേഷം അദ്ദേഹത്തെ ആരുംതന്നെ നഗ്നനായി കണ്ടിട്ടില്ല. അന്യരുടെ ഒരു കാശുപോലും അദ്ദേഹം അന്യായമായി എടുത്തുവെന്ന് ആരും പറഞ്ഞിട്ടില്ല. ദുഃഖിക്കുന്നവരോടൊപ്പം പങ്കുചേരുന്ന പ്രകൃതക്കാരനായിരുന്ന അദ്ദേഹം, അനാഥകളെയും അഗതികളെയും സഹായിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു. അദ്ദേഹം വിധവകളുടെ പ്രശ്നങ്ങളെക്കുറിച്ചറിഞ്ഞ് സഹായിക്കാനായി പ്രയത്നിച്ചുകൊണ്ടിരുന്നു. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാനും യാത്രക്കാരെ ശുശ്രൂഷിക്കാനും ശ്രമിച്ചു. ജനങ്ങള്‍ക്കിടയില്‍ ശണ്ഠയും സംഘട്ടനങ്ങളുമുണ്ടാവുമ്പോള്‍ സന്ധിക്കും യോജിപ്പിനുംവേണ്ടി അദ്ദേഹം പരിശ്രമിച്ചു.

എല്ലാവിധ മാലിന്യങ്ങളുടെയും കൂത്തരങ്ങായ ആ സമൂഹത്തില്‍ അത്തരം യാതൊരു മാലിന്യവും തൊട്ടുതീണ്ടാത്തവനായി മുഹമ്മദ് ജീവിച്ചു. അദ്ദേഹത്തിന്റെ ഈ നല്ല സ്വഭാവങ്ങളെയെല്ലാം സമൂഹം അംഗീകരിച്ചു. ജനങ്ങള്‍ തങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ കൊണ്ടുവന്ന് സൂക്ഷിക്കാന്‍ കൊടുക്കാന്‍ മാത്രം അദ്ദേഹത്തിന്റെ വിശ്വസ്തതയില്‍ അവര്‍ക്കെല്ലാം വലിയ മതിപ്പായിരുന്നു. മുഹമ്മദിന്റെ സത്യസന്ധതയ്ക്കുള്ള അംഗീകാരമെന്നോണം ആ സമൂഹം ‘അല്‍ അമീന്‍ ‘-വിശ്വസ്തന്‍ എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്.

ദൈവികബോധനം

നാല്‍പതാമത്തെ വയസ്സുവരെ എല്ലാ അര്‍ത്ഥത്തിലും വിശിഷ്ടമായ ജീവിതം നയിച്ച മുഹമ്മദ് (സ), തന്റെ സമൂഹത്തിലുള്ള അജ്ഞതാന്ധകാരങ്ങളില്‍നിന്ന് അകന്ന് ജനവാസസ്ഥലങ്ങളില്‍നിന്ന് ദൂരെനില്‍ക്കുന്ന ‘ഹിറാ’യെന്ന പര്‍വതഗുഹക്കുള്ളില്‍ ദിവസങ്ങളോളം താമസിക്കുന്നു. അവിടുത്തെ ശാന്തവും ഏകാന്തവുമായ ചുറ്റുപാടില്‍ ചിന്താമഗ്നായി പല രാത്രികളും കഴിച്ചുകൂട്ടുന്നു. ഏകാന്ത ജീവിതമിഷ്ടപ്പെട്ട അദ്ദേഹം ഭക്ഷണം തയ്യാറാക്കിക്കൊണ്ട് ഗുഹയിലെത്തുന്നു. കയ്യില്‍ കരുതിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ തീരുമ്പോള്‍ വീട്ടിലെത്തി വീണ്ടും ഭക്ഷണം തയ്യാറാക്കി മടങ്ങുന്നു. തികഞ്ഞ ഏകാന്ത ജീവിതം!

ഒരുദിവസം അദ്ദേഹത്തിന്റെ ഏകാന്തതയെ ഭഞ്ജിച്ചുകൊണ്ട് ഒരു അപരിചിതന്‍ പ്രത്യക്ഷപ്പെട്ടു.
പ്രത്യക്ഷപ്പെട്ട വ്യക്തി ആവശ്യപ്പെട്ടു: ‘ഓതുക
മുഹമ്മദ് പ്രതിവചിച്ചു: ‘എനിക്ക് ഓതാനറിയില്ലല്ലോ’
അപരിചിതന്റെ ആഗമനവും ചോദ്യവും കേട്ട് അമ്പരന്നുനില്‍ക്കുന്ന മുഹമ്മദിനെ അദ്ദേഹം മാറോട് ചേര്‍ത്തി ശക്തിയായി അമര്‍ത്തിക്കൊണ്ട് വീണ്ടും കല്‍പിച്ചു: ‘ഓതുക’
മുഹമ്മദ് ആവര്‍ത്തിച്ചു: ‘എനിക്ക് ഓതാനറിയില്ലല്ലോ’

വീണ്ടും മാറോട് ചേര്‍ത്തമര്‍ത്തിക്കൊണ്ട് ആഗതന്‍ പറഞ്ഞുകൊടുത്ത വചനങ്ങള്‍, മുഹമ്മദ് ഓതാന്‍ തുടങ്ങി. ‘സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ ഓതുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ ഓതുക. പേന കൊണ്ട് പഠിപ്പിച്ചവനായ നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു’ (ഖുര്‍ആന്‍ 96:1-5)

അവസാനത്തെ വേദഗ്രന്ഥത്തിലേക്കായി അവതരിക്കപ്പെട്ട ആദ്യത്തെ വചനങ്ങളായിരുന്നു ഇവ. മലയില്‍വെച്ച് വിദ്യ സ്വീകരിക്കുന്ന കല്‍ക്കി സങ്കല്‍പത്തിന്റെ പൂര്‍ത്തീകരണം നമുക്ക് മുഹമ്മദി(സ)ന്ന് ദൈവികബോധനം ലഭിച്ച സംഭവത്തില്‍ കാണാന്‍ കഴിയുന്നു.

പ്രബോധനത്തിന്റെ ആരംഭം

മുഹമ്മദ് ദൈവത്തിന്റെ ദൂതനും അന്തിമ പ്രവാചകനുമായി നിയോഗിക്കപ്പെട്ടു. സത്യമതത്തിന്റെ പരസ്യപ്രബോധനത്തിന് തുടക്കം കുറിക്കാന്‍ അദ്ദേഹം കല്‍പിക്കപ്പെട്ടു. സഫാ മലക്കുമുകളില്‍ കയറിനിന്ന് തന്റെ ഗോത്രത്തിലെ കുടുംബ ശാഖകളില്‍ പെട്ടവരെ പേരെടുത്ത് വിളിക്കാന്‍ തുടങ്ങി. അല്‍ അമീനിന്റെ വിളികേട്ട് അവരെല്ലാവരും സസന്തോഷം പാഞ്ഞെത്തി.

അവരോട് അദ്ദേഹം ചോദിച്ചു: “ഈ മലയുടെ എതിര്‍വശത്ത് ഒരു വലിയ അശ്വസേന നിങ്ങളെ ആക്രമിക്കാനായി സജ്ജരായി നില്‍ക്കുന്നുവെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങളത് വിശ്വസിക്കുമോ?”

അവര്‍ ഒരേസ്വരത്തില്‍ പറഞ്ഞു. ‘തീര്‍ച്ചയായും. കാരണം ഇതിനുമുമ്പ് നീ കളവ് പറയുന്നതായി ഞങ്ങളാരും കേട്ടിട്ടില്ലല്ലോ’
അല്‍ അമീന്‍ തുടര്‍ന്നു: ‘എങ്കില്‍ മരണാനന്തര ജീവിതത്തിന്റെ വേദനാജനകമായ ശിക്ഷയെക്കുറിച്ച് ഞാനിതാ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. സ്രഷ്ടാവും ഏകനുമായ അല്ലാഹു മാത്രമാണ് ആരാധനകള്‍ക്ക് അര്‍ഹന്‍. അവനെ മാത്രം നിങ്ങള്‍ ആരാധിക്കുകയും ബഹുദൈവാരാധനയെ വര്‍ജ്ജിക്കുകയും ചെയ്യുക’.

ജനം ഞെട്ടി. തങ്ങളുടെ പിതാക്കളുടെ വിശ്വാസങ്ങള്‍ക്കെതിരായ സംഗതികളാണ് മുഹമ്മദ് പറയുന്നത്. തങ്ങളുടെ എല്ലാമെല്ലാമായ ദൈവങ്ങളെയെല്ലാം കയ്യൊഴിക്കാനാണ് മുഹമ്മദ് ആജ്ഞാപിക്കുന്നത്. ഇന്നലെവരെ തങ്ങളുടെയെല്ലാം പ്രിയങ്കരനായിരുന്ന മുഹമ്മദിനെ ഉപേക്ഷിക്കണമോ പിതൃസമ്പത്തായി ലഭിച്ചിരിക്കുന്ന വിശ്വാസങ്ങളെ കയ്യൊഴിക്കണമോ? എന്താണ് വേണ്ടതെന്ന് അവര്‍ ചിന്തിച്ചു. എങ്ങും നിശ്ശബ്ദത.

ഈ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് മുഹമ്മദി(സ)ന്റെ പിതൃവ്യരില്‍ ഒരാളായ അബൂലഹബിന്റെ ശബ്ദമുയര്‍ന്നു. “നിനക്ക് നാശമുണ്ടാവട്ടെ! ഇതിനുവേണ്ടിയായിരുന്നുവോ നീ ഞങ്ങളെ വിളിച്ച്കൂട്ടിയത്?”

പീഡനങ്ങള്‍! പ്രലോഭനങ്ങള്‍!

അന്തിമ പ്രവാചകനോടുള്ള സമൂഹത്തിന്റെ എതിര്‍പ്പിന്റെ ഉദ്ഘാടനമായിരുന്നു അബൂലഹബ് നിര്‍വഹിച്ചത്. മുഹമ്മദി(സ)ന്റെ റുഖിയ്യ, ഉമ്മുകുല്‍സും എന്നീ പുത്രിമാരെ വിവാഹം ചെയ്തിരുന്ന അബൂലഹബിന്റെ പുത്രന്മാരായ ഉത്ബയും ഉതൈബയും തങ്ങളുടെ ഭാര്യമാരെ വിവാഹമോചനം ചെയ്ത് തങ്ങളുടെ പിതാവിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

ഇന്നലെവരെ സമൂഹത്തിന്റെ സ്നേഹാദരവുകള്‍ക്ക് പാത്രമായിരുന്ന മുഹമ്മദി(സ)നെ പ്രപഞ്ചത്തിലെ ഏറ്റവും വലിയ യാഥാര്‍ത്ഥ്യം പറഞ്ഞുവെന്നതിന്റെ പേരില്‍ നാട്ടുകാര്‍ വെറുത്തു. സത്യസന്ധനായിരുന്ന മുഹമ്മദ്, സമൂഹത്തെ നേര്‍വഴിയിലേക്ക് നയിക്കാന്‍ നിയോഗിക്കപ്പെട്ടുവെന്ന ഏക കാരണത്താല്‍ ഭ്രാന്തനെന്നും മാരണക്കാരനെന്നും വിളിക്കപ്പെട്ടു. അദ്ദേഹം കല്ലെടുത്തെറിയപ്പെട്ടു. മര്‍ദ്ദിക്കപ്പെട്ടു. മൃഗീയമായ ആക്രമണങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടു. അദ്ദേഹത്തെ വധിക്കാനായി ഗൂഢാലോചന നടത്തപ്പെട്ടു.

അദ്ദേഹം പ്രബോധനം ചെയ്ത തത്വങ്ങള്‍ സ്വീകരിച്ചവരില്‍ പലരും മൃഗീയമായി വധിക്കപ്പെട്ടു. സ്വവസതികളില്‍നിന്നും പുറത്താക്കപ്പെട്ടു. മറ്റുചിലര്‍ക്ക് ഇണകളെ നഷ്ടപ്പെട്ടു. വിശ്വാസികളുടെ സമൂഹം ബഹിഷ്ക്കരിക്കപ്പെട്ടു. വെറും പച്ചിലകള്‍ മാത്രം തിന്ന് ജീവന്‍ നിലനിര്‍ത്തിയ ദിനരാത്രങ്ങള്‍ കഴിഞ്ഞുപോയി. എന്നിട്ടും സത്യമതത്തിന്റെ സന്ദേശപ്രചാരണത്തില്‍നിന്ന് അദ്ദേഹം പിന്നോട്ട് പോയില്ല. അവസാനം സ്വന്തം വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടി, അതനുസരിച്ച് ജീവിക്കുവാന്‍ അവസരം ലഭിക്കുന്നതിനുവേണ്ടി, പെറ്റുവളര്‍ന്ന നാടും വീടും വിട്ട് ദൂരദേശത്തേക്ക് പലായനം ചെയ്യേണ്ടിവന്നു, അദ്ദേഹത്തിന്.

അക്രമത്തിന്റെയും മര്‍ദ്ദനങ്ങളുടെയും മാര്‍ഗങ്ങള്‍ മാത്രമല്ല പ്രതിയോഗികള്‍ അദ്ദേഹത്തിനെതിരെ പ്രയോഗിച്ചത്. ഭീഷണികളുടെയും ഏഷണികളുടെയും മാര്‍ഗങ്ങള്‍ പരാജയപ്പെടുകയാണെന്ന് കണ്ട് ഖുറൈശികള്‍ പ്രലോഭനങ്ങളുടെയും പ്രീണനങ്ങളുടെയും പാതയും പരീക്ഷിച്ചുനോക്കി.

സമൂഹത്തിലെ നേതാക്കളെല്ലാംകൂടി ഒരു ദിവസം നബിയുടെ അടുക്കല്‍ ചെന്ന് അദ്ദേഹത്തെ വശീകരിക്കാനായി ശ്രമിച്ചു. അവര്‍ പറഞ്ഞു: ‘നീ സമ്പത്താണ് കൊതിക്കുന്നതെങ്കില്‍ ആവശ്യമുള്ള ധനം ഞങ്ങള്‍ തരാം. അധികാരമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഈ പ്രദേശത്തെ രാജാവായി നിന്നെ ഞങ്ങള്‍ വാഴിക്കാം. സൌന്ദര്യമാണ് മോഹിക്കുന്നതെങ്കില്‍ നിനക്കിഷ്ടപ്പെട്ട സുന്ദരിയെ വിവാഹം ചെയ്യാനുള്ള അവസരമുണ്ടാക്കിത്തരാം’.

ആരും വീണുപോകുന്ന വാക്കുകള്‍! ആശിച്ചുപോകുന്ന പ്രലോഭനങ്ങള്‍! ഒരൊറ്റവാക്ക് പറഞ്ഞാല്‍ മതി. താന്‍ ഈ പ്രദേശത്തെ ഏറ്റവും വലിയ ധനവാനാകും. നാട്ടുകാര്‍ മുഴുവന്‍ തന്റെ രാജധാ നിയിലെത്തി തനിക്ക് പാദസേവ ചെയ്യും. സൌന്ദര്യധാമങ്ങള്‍ തനിക്ക് മുന്നില്‍ നൃത്തമാടും.

പക്ഷേ, പ്രവാചകന്‍ പറഞ്ഞതിങ്ങനെയാണ്: ‘അധികാരമോ കവര്‍ച്ച മുതലോ എനിക്കാവശ്യമില്ല. മനുഷ്യര്‍ക്കുള്ള മുന്നറിയിപ്പുകാരനായിട്ടാണ് ദൈവം എന്നെ നിയോഗിച്ചിരിക്കുന്നത്. അവന്റെ സന്ദേശമാണ് ഞാന്‍ നിങ്ങള്‍ക്കെത്തിച്ചുതരുന്നത്. അത് സ്വീകരിക്കുന്നവര്‍ക്ക് ഇഹലോകത്ത് സുഖവും സമാധാനവും പരലോകത്ത് ശാശ്വത വിജയവും കരസ്ഥമാക്കാം. ദൈവിക സന്ദേശം സ്വീകരിക്കാത്തവര്‍ക്കിടയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് അവന്‍ തന്നെയാണ്’.

ഗോത്രത്തലവന്മാരുടെയും പൌരപ്രധാനികളുടെയും നിര്‍ബന്ധത്തിന് വഴങ്ങി തന്റെ ദൌത്യമുപേക്ഷിക്കാന്‍ ആവശ്യപ്പെട്ട സ്വന്തം പിതൃവ്യനായ അബൂത്വാലിബിനോട് അദ്ദേഹം പ്രതിവചിച്ചു: “പ്രിയ പിതൃവ്യാ, വലതുകയ്യില്‍ സൂര്യനെയും ഇടതുകയ്യില്‍ ചന്ദ്രനെയും അവര്‍ വെച്ചുതന്നാല്‍പോലും ഞാന്‍ എന്റെ ദൌത്യനിര്‍വഹണത്തില്‍നിന്ന് പിന്മാറുകയില്ല. ഒന്നുകില്‍ ഈ പരിശ്രമം സഫലമായി ദൈവിക സംതൃപ്തി കരഗതമാക്കുക. അല്ലെങ്കില്‍ ആ ശ്രമത്തിലേര്‍പ്പെട്ടു കൊണ്ട് നശിച്ചുപോവുക. രണ്ടിലൊന്ന് സംഭവിക്കുന്നത് വരെ ഞാനിത് തുടരുകതന്നെ ചെയ്യും”.

ജനം സത്യത്തിലേക്ക്

പ്രലോഭനങ്ങളും പ്രീണനങ്ങളും വിലപ്പോവുകയില്ലെന്ന് മനസ്സിലാക്കിയ ഖുറൈശികള്‍ അക്രമത്തിന്റെയും മര്‍ദ്ദനങ്ങളുടെയും മാര്‍ഗംതന്നെ പിന്‍തുടരാന്‍ തീരുമാനിച്ചു. പക്ഷേ, സത്യമതത്തിലേക്ക് ജനം പ്രവഹിച്ചുകൊണ്ടിരുന്നു. അവരില്‍ അടിമകളും ഉടമകളുമുണ്ടായിരുന്നു; പണക്കാരും പണിക്കാരുമുണ്ടായിരുന്നു; കറുത്തവരും വെളുത്തവരുമുണ്ടായിരുന്നു. പൌരോഹിത്യവും പ്രമാണിത്വവും സൃഷ്ടിച്ച വേലിക്കെട്ടുകള്‍ ഭേദിച്ച് സത്യാന്വേഷികളെല്ലാം സത്യമാര്‍ഗത്തിലെത്തിച്ചേര്‍ന്നു.

ഖുറൈശികള്‍ക്കിടയിലെ പ്രമുഖരും പ്രഗത്ഭരുമായ പലരും മാറിചിന്തിക്കാന്‍ തുടങ്ങി. ശക്തരും ധീരരുമായ ഉമറിന്റെയും ഹംസയുടെയും ഇസ്ലാമാശ്ളേഷണം അണികളില്‍ ആവേശവും ഉണര്‍വുമുണ്ടാക്കി. ‘സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന’ മുഹമ്മദിനെ വധിക്കാനായി ഊരിപ്പിടിച്ച വാളുമായി ഇറങ്ങിപ്പുറപ്പെട്ട ഉമര്‍, ഇസ്ലാംമത വിശ്വാസിയായ സ്വസഹോദരിയില്‍നിന്ന് ഖുര്‍ആന്‍ വചനങ്ങള്‍ ശ്രവിച്ചപ്പോള്‍ ‘ഇത് ദൈവവചനമല്ലാതെ മറ്റൊന്നുമല്ല’ എന്ന് ആത്മഗതം ചെയ്യുകയും പ്രവാചകനെ ചെന്നുകണ്ട് ഇസ്ലാമാശ്ളേഷിക്കുകയുമാണുണ്ടായത്.
ഉമറിന്റെയും ഹംസയുടെയും മനംമാറ്റത്തോടുകൂടി മനസ്സില്‍ വിശ്വാസവുമായി കഴിഞ്ഞിരുന്ന പലരും പരസ്യമായി വിശ്വാസ പ്രഖ്യാപനം നടത്തന്‍ സന്നദ്ധരായി. വിറളി പിടിച്ച ശത്രുക്കള്‍ പൂര്‍വാധികം ശക്തിയോടെ മര്‍ദ്ദനങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരുന്നു.

നീചമായ മര്‍ദ്ദനമുറകള്‍

മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്ന നീചമായ മര്‍ദ്ദനമുറകളായിരുന്നു സത്യനിഷേധികള്‍ മുസ്ലിംകള്‍ക്കെതിരെ അഴിച്ചിവുട്ടികൊണ്ടിരുന്നത്!
ഇരുമ്പ് പഴുപ്പിച്ച് മുന്‍ദ്വാരത്തിലൂടെ കുത്തിക്കയറ്റി കൊലചെയ്യപ്പെട്ട ധീരവനിത സുമയ്യ(റ).

തീകൊണ്ട് കരിക്കപ്പെടുകയും ഉരുകിയൊലിക്കുന്ന മുറിവുകളോടുകൂടി ചുട്ടുപൊള്ളുന്ന മണലില്‍ കിടത്തുകയും പിന്നീട് എടുത്ത് വെള്ളത്തില്‍ മുക്കുകയും ചെയ്യപ്പെട്ടുകൊണ്ടിരുന്ന അമ്മാറുബ്നു യാസിര്‍ (റ).

കൈകാലുകള്‍ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട് ചുട്ടുപൊള്ളുന്ന മരുഭുമിയില്‍ മലര്‍ത്തിക്കിടത്തി മാറത്ത് മലപോലുള്ള കല്ല് കയറ്റിവെച്ച് മര്‍ദ്ദിക്കപ്പെട്ടപ്പോഴും ദൈവം ഏകനാണെന്ന് ഉച്ചൈസ്തരം പ്രഖ്യാപിച്ച ബിലാലുബ്നു റബാഹ് (റ).

ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍! സത്യമതത്തില്‍ വിശ്വ സിച്ചുവെന്ന കാരണത്താല്‍ മാത്രം മര്‍ദ്ദിക്കപ്പെട്ടവരായിരുന്നു ഇവരെല്ലാം തന്നെ.

പ്രവാചകന്റെ സന്ദേശം

ഇതെല്ലാം എന്തിനുവേണ്ടിയായിരുന്നു?
മൃഗീയമായി മര്‍ദ്ദിക്കപ്പെടാനും നാട്ടില്‍നിന്നും അടിച്ചോടിക്കപ്പെടാനും മാത്രം എന്ത് തെറ്റായിരുന്നു ആ പ്രവാചകന്‍ ചെയ്തത്? സമൂഹത്തില്‍നിന്ന് ബഹിഷ്ക്കരിക്കപ്പെടാന്‍മാത്രം എന്ത് തത്വങ്ങളാണ് അദ്ദേഹം പ്രബോധനം ചെയ്തത്?

‘സൂര്യ ചന്ദ്ര നക്ഷത്രാദികളും ഭൂമിയിലെ അചേതനവും സചേതനവുമായ സകല വസ്തുക്കളും സൃഷ്ടിച്ചവനായ ദൈവം ഏകനാണ്. മനുഷ്യജീവിതത്തിന് അനുകുലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും വായുവും വെള്ളവും നല്‍കുകയും ആഹാരങ്ങള്‍ക്കാവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്ത, ഏവരെയും ജനിപ്പിക്കുകയും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന ആ ഏകദൈവത്തിന് മാത്രമെ ആരാധനകളര്‍പ്പിക്കാവൂ. നിങ്ങള്‍ ആരാധിച്ചുകൊണ്ടിരിക്കുന്ന വിഗ്രഹങ്ങളും ശവകുടീരങ്ങളും പുണ്യാത്മാക്കളുമൊന്നുംതന്നെ ആരാധനകള്‍ക്കര്‍ഹമല്ല. അവയെ മുഴുവന്‍ കൈവെടിഞ്ഞ് ഏകനായ ദൈവത്തെ മാത്രമെ ആരാധിക്കാന്‍ പാടുള്ളൂ. അവന്‍ എന്നെ ദൂതനായി തെരഞ്ഞെടുത്തിരിക്കുന്നു. എന്റെ കടമ ദൈവിക സന്ദേശം നിങ്ങള്‍ക്കെത്തിച്ചുതരിക മാത്രമാകുന്നു. എനിക്ക് ലഭിക്കുന്ന ദൈവിക ബോധനങ്ങള്‍ അംഗീകരിക്കുക എന്റെയും നിങ്ങളുടെയും ബാധ്യതയാകുന്നു. ദൈവത്തോട് ഭയഭക്തി പ്രകടിപ്പിക്കുകയും അവന്‍ അവതരിപ്പിക്കുന്ന സന്ദേശങ്ങള്‍ പിന്തുടരുകയും അവന്‍ കല്‍പിക്കുന്ന വിധിവിലക്കുകള്‍ പ്രയോഗിക്കുകയും ചെയ്യുന്നവര്‍ വിജയിച്ചിരിക്കുന്നു. സമാധാന സമ്പൂര്‍ണ്ണമായ ഒരു ഭൌതിക ജീവിതം മാത്രമല്ല ശാശ്വതവും ക്ളേശലേശമില്ലാത്തതുമായ പരലോക ജീവിതംകൂടി അവന്ന് ലഭിക്കും. മറിച്ച്, ആരാധനകള്‍ ദൈവസൃഷ്ടികള്‍ക്ക് അര്‍പ്പിക്കുകയും ദൈവിക സന്ദേശങ്ങളെ തൃണവല്‍ഗണിക്കുകയും അവന്റെ വിധി വിലക്കുകളെ അനുസരിക്കാതിരിക്കുകയും ചെയ്യുന്നവന് അത്യാര്‍ത്തിയും അരക്ഷിതബോധവും സൃഷ്ടിക്കുന്ന അസമാധാനം ഇഹലോകത്തും ശാശ്വത നരകവാസം പരലോകത്തും പ്രതിഫലമായി ലഭിക്കും. മരണാനന്തര ജീവിതം മിഥ്യയായ ഒരു സങ്കല്‍പമല്ല. സൃഷ്ടികര്‍ത്താവ് അറിയിച്ചുതന്നിരിക്കുന്ന അതിമഹത്തായ ഒരു യാഥാര്‍ത്ഥ്യമത്രെ അത്. സ്ഥലകാലാതീതനായ സര്‍വ്വശക്തനായിരിക്കും ആ ലോകത്തിന്റെ വിധികര്‍ത്താവെന്നതിനാല്‍ ശുപാര്‍ശകളോ മറ്റ് പ്രലോഭനങ്ങളോ അവിടെ വിലപ്പോവുകയില്ല’. ഇതാണ് പ്രവാചക പ്രബോധനത്തിന്റെ രത്നച്ചുരുക്കം!

കാരുണ്യത്തിന്റെ പ്രവാചകന്‍

ക്രൂരമായ മര്‍ദ്ദനങ്ങളില്‍ പ്രവാചകന്റെ വീര്യം ചോര്‍ന്നുപോയില്ല. സത്യമത പ്രബോധനം നിര്‍ത്തിവെക്കാന്‍ അദ്ദേഹം തീരുമാനിച്ചില്ല. എന്തിനധികം തന്നെ ഇത്രയെല്ലാം മര്‍ദ്ദിച്ച ആ സമൂഹത്തിന്റെ നന്മക്കുവേണ്ടിയായിരുന്നു ആ പ്രവാചകന്‍ പ്രാര്‍ത്ഥിച്ചത്. അദ്ഭുതം! ഏതൊരു സമൂഹത്തിന്റെ ശാശ്വത ക്ഷേമത്തിനുവേണ്ടി അദ്ദേഹം അക്ഷീണം പ്രവര്‍ത്തിക്കുന്നുവോ, അതേ സമൂഹംതന്നെ അദ്ദേഹത്തെ കല്ലെടുത്തെറിയുമ്പോള്‍പോലും ആ കാരുണ്യത്തിന്റെ പ്രവാചകന്‍ തന്റെ സമുദായത്തിന്റെ നന്മക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു. മര്‍ദ്ദിക്കപ്പെടുമ്പോള്‍ ആ മര്‍ദ്ദിതര്‍ക്ക് നേര്‍മാര്‍ഗം കാണിച്ചുകൊടുക്കണമേയെന്ന് പ്രാര്‍ത്ഥിക്കുന്ന കാരുണ്യത്തിന് മാനവ ചരിത്രത്തില്‍ വേറെ മാതൃകയുണ്ടോ?

ത്വാഇഫില്‍വെച്ചാണ് സംഭവം. പെറ്റുവളര്‍ന്ന നാട്ടില്‍, സത്യമത സന്ദേശം എത്തിച്ചുവെന്നതിന്റെ പേരില്‍ മര്‍ദ്ദനങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടപ്പോഴെല്ലാം അദ്ദേഹത്തിന് താങ്ങും തണലുമായി വര്‍ത്തിച്ചത് പിതൃവ്യന്‍ അബൂത്വാലിബും ഭാര്യ ഖദീജയുമായിരുന്നു. അവര്‍ രണ്ടുപേരുടെയും മരണം അദ്ദേഹത്തിനേറ്റ കനത്തൊരു ആഘാതമായി.

ഈ അവസരത്തിലാണ് കുടുംബക്കാരായ സഖീഫ് ഗോത്രത്തിന്റെ സഹായവും തേടി അദ്ദേഹം ത്വാഇഫിലെത്തിയത്. അവഹേളനങ്ങളില്‍നിന്നും അപമാനങ്ങളില്‍നിന്നും അല്‍പം ആശ്വാസം തേടി തങ്ങളുടെ പ്രദേശത്തെത്തിയ ബന്ധുവിനെ കൂടുതല്‍ അവഹേളിക്കുകയാണ് ത്വാഇഫുകാര്‍ ചെയ്തത്. തന്റെ കുടുംബക്കാര്‍ ഇളക്കിവിട്ട അങ്ങാടിപിള്ളേരും റൌഡികളും കൂടി കൂവിവിളിച്ചും പുലഭ്യം പറഞ്ഞും പരിഹസിച്ചും കല്ലെറിഞ്ഞും അദ്ദേഹത്തെ പിന്തുടര്‍ന്നു. അദ്ദേഹത്തിന്റെ പാദങ്ങളില്‍നിന്ന് മുറിവേറ്റ് ചോര വാര്‍ന്നൊഴുകി.

തളര്‍ന്ന് കുഴങ്ങിയ അദ്ദേഹം നീണ്ട മൂന്ന് നാഴിക ദൂരത്തെ കൂവിവിളികള്‍ക്കും കല്ലേറുകള്‍ക്കുംശേഷം ഉത്ത്ബത്ത് ബിന്‍ റബീഅയുടെ തോട്ടത്തില്‍ അഭയം തേടി. അവിടെ നിന്ന് അദ്ദേഹം പ്രാര്‍ത്ഥിച്ചു: ‘അല്ലാഹുവേ ഇവര്‍ക്ക് നീ സന്മാര്‍ഗ്ഗം കാണിച്ചുകൊടുക്കേണമേ. ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവര്‍ക്കു തന്നെ അറിയില്ല’.

പലായനം

അവസാനം സത്യമത പ്രവാചകനും അനുയായികള്‍ക്കും ആദര്‍ശ സുരക്ഷിതത്വത്തിനുവേണ്ടി നാട് വിടുകയല്ലാതെ ഗത്യന്തരമില്ലെന്ന അവസ്ഥയുണ്ടായി. പ്രവാചകനും അനുചരന്മാര്‍ക്കും അഭയം നല്‍കാമെന്നേറ്റ യഥ്രിബിലേക്ക് ചെറു സംഘങ്ങളായി ആദ്യം അനുയായികളാണ് യാത്ര തിരിച്ചത്.

മുസ്ലിംകള്‍ മിക്കവാറും പോയിക്കഴിഞ്ഞിരുന്നു. ഈ അവസരത്തില്‍ ശത്രുക്കള്‍ ആ മഹാനായ പ്രവാചകനെ വധിക്കാനുള്ള ഗൂഢാലോചന നടത്തുകയായിരുന്നു. അദ്ദേഹത്തെ വധിക്കാനായി ശത്രുക്കള്‍ വീട് വളഞ്ഞു. പക്ഷേ, ദൈവസഹായത്താല്‍ അവരൊന്നും കാണാതെ തികച്ചും വിസ്മയാവഹമായി പ്രവാചകന്‍ സന്തത സഹചാരിയായ അബൂബക്കറിനോ(റ )ടൊപ്പം യഥ്രിബിലെത്തിച്ചേര്‍ന്നു. ഈ സംഭവത്തോട് കൂടി യഥ്രിബ് പട്ടണം മദീനത്തുര്‍റസൂല്‍-ദൈവദൂതന്റെ പട്ടണം- ആയി അറിയപ്പെട്ടു.

ആ പട്ടണത്തിലുണ്ടായിരുന്നവര്‍ അന്‍സാറുകളും-സഹായികള്‍-മക്കയില്‍നിന്ന് വന്നവര്‍ മുഹാജിറുകളും-പലായനം ചെയ്തവര്‍-ആയി അറിയപ്പെട്ടു. നാടും വീടും കുടുംബവും സമ്പാദ്യങ്ങളുമെല്ലാം ഉപേക്ഷിച്ച് വിശ്വാസ സംരക്ഷണത്തിനായി നടത്തപ്പെട്ട ഈ മഹത്തായ പലായന-ഹിജ്റ-ത്തിന്റെ കണക്കുപിടിച്ചുകൊണ്ടാണ് ഹിജ്റ വര്‍ഷമെന്ന കാലഗണനാ സമ്പ്രദായം ആരംഭിച്ചത്.

സാഹോദര്യത്തിന്റെ പ്രായോഗിക മാതൃക

മദീനയില്‍ ഒരു പുതിയ സമൂഹം രൂപംകൊള്ളുകയായിരുന്നു. മുഹാജിറുകളുടെയും അന്‍സാറുകളുടെയും സമ്മിശ്രമായ ഒരു പുതിയ സമൂഹം. ഈ സമൂഹത്തിന് ആതിഥ്യമൊരുക്കിയത് അന്‍സാറുകളായിരുന്നു. സത്യവിശ്വാസികളായതിനാല്‍ നാടുവിടേണ്ടിവന്ന സഹോദരങ്ങളായ മുഹാജിറുകളുമായി സ്വന്തം വീടും നാടും സമ്പത്തും കുടുംബവുമെല്ലാം പങ്കുവെക്കാനവര്‍ സന്നദ്ധരായി. ഇസ്ലാം വിഭാവനം ചെയ്യുന്ന ഒരു മാതൃകാ സമൂഹത്തിന്റെ സൃഷ്ടിയായിരുന്നു അവിടെ നടന്നത്.

ആ സമൂഹത്തില്‍ നിന്ന് ആദ്യം ഉന്മൂലനം ചെയ്യപ്പെട്ടത് സൃഷ്ടികളോടുള്ള ആരാധനയായിരുന്നു. ആ സമൂഹത്തില്‍ ആദ്യം വേരുറപ്പിച്ചത് അചഞ്ചലമായ ദൈവവിശ്വാസവും പരലോക ബോധവുമായിരുന്നു. ഏകദൈവത്തിലുള്ള വിശ്വാസത്തിലെത്തിചേര്‍ന്ന ആസമൂഹത്തില്‍ പിന്നെയുണ്ടായ പരിവര്‍ത്തനങ്ങളെല്ലാം വളരെ പെട്ടെന്നായിരുന്നു.

ഏക ദൈവത്തിന്റെ മുന്നില്‍ ഏവരും സമന്മാരാണെന്ന് അവര്‍ പഠിപ്പിക്കപ്പെട്ടപ്പോള്‍ മക്കക്കാരനെന്നും മദീനക്കാരനെന്നുമുള്ള പ്രാദേശികത്വത്തിന്റെ വേലിക്കെട്ടുകള്‍ പൊളിച്ച് അവര്‍ രണ്ട് കൂട്ടരും സഹോദരങ്ങളായി മാറി. വിശ്വാസികള്‍ സഹോദരങ്ങളാണെന്ന് മനസ്സിലാക്കപ്പെട്ടപ്പോള്‍ അന്‍സാറുകള്‍ക്കിടയില്‍ നൂറ്റാണ്ടുകളായി പുകഞ്ഞുകൊണ്ടിരുന്ന ഔസ്-ഖസ്റജ് ഗോത്രവൈരം അവസാനിപ്പിച്ച് രണ്ട് ഗോത്രക്കാരും തമ്മില്‍ ആലിംഗനം ചെയ്തു.

സ്ത്രീകളും പുരുഷന്മാരെപ്പോലെ സ്വാതന്ത്യ്രവും അവകാശങ്ങളും ആശകളുമെല്ലാമുള്ളവരാണെന്ന് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ആഭിജാത്യത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ കുഴിച്ചുമൂടുന്ന സമ്പ്രദായത്തിന് അറുതിവന്നു. മദ്യപാനവും ചൂതാട്ടവും ലൈംഗിക ദുരാചാരങ്ങളും പിശാചിന്റെ പ്രവര്‍ത്തനങ്ങളും അവ നരകത്തിലേക്ക് അടുപ്പിക്കുന്നവയുമാണെന്ന് പ്രസ്താവിക്കപ്പെട്ടപ്പോള്‍ മസ്തിഷ്കത്തെയും സമ്പത്തിനെയും വികാരങ്ങളെയും അടിമകളാക്കിവെച്ചിരുന്ന സമ്പ്രദായങ്ങളില്‍നിന്ന് ആ സമൂഹം മുക്തമായി. പലിശയും സാമ്പത്തിക ചൂഷണങ്ങളും നിരോധിക്കപ്പെട്ടതോടെ ആ സമൂഹത്തിലെ സാമ്പത്തിക പ്രശ്നങ്ങള്‍ക്കുള്ള അടിസ്ഥാനപരായ പരിഹാരമുണ്ടായി.

മാറ്റങ്ങള്‍! മാറ്റങ്ങള്‍!

എത്ര പെട്ടെന്നായിരുന്നുവെന്നോ ഈ മാറ്റങ്ങള്‍! നിമിഷങ്ങള്‍കൊണ്ടാണ് പല നിയമങ്ങളും പ്രചാരത്തില്‍ വന്നത്. സര്‍വ്വശക്തനും സര്‍വ്വകാലജ്ഞാനിയും അതോടൊപ്പം, പരമ കാരുണികനുമായ ഒരു ദൈവത്തിലും അവന്ന് മാത്രം അധികാരമുള്ള മരണാനന്തര ജീവിതത്തിലും അവര്‍ക്കുള്ള വിശ്വാസം രൂഢമൂലമായപ്പോള്‍ ആ സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ എളുപ്പമായിരുന്നു.

മദ്യപാനികളായ, അല്ല, മദ്യത്തില്‍ മുങ്ങിക്കുളിച്ചിരുന്ന അറബികളോട് ‘നിങ്ങള്‍ അതില്‍നിന്ന് വിരമിക്കാനൊരുക്കമുണ്ടോ’ (ഖുര്‍ആന്‍ 5:91) യെന്ന് ചോദിക്കേണ്ട താമസമേ ഉണ്ടായിരുന്നുള്ളൂ അവരതില്‍നിന്ന് സമ്പൂര്‍ണ്ണമായി മുക്തരായി. ആ കല്‍പന വന്നപ്പോ ള്‍ മദീനയിലെ മദ്യമുതലാളിമാരാരുംതന്നെ തങ്ങള്‍ നിര്‍മിച്ചു വെച്ച മദ്യമെങ്കിലും വില്‍ക്കാന്‍ അനുവദിക്കണമെന്ന് പ്രവാചകന് നിവേദനം നല്‍കിയില്ല. അവിടെയുള്ള മദ്യത്തൊഴിലാളികളാരുംതന്നെ തങ്ങളുടെ തൊഴില്‍ നഷ്ടപ്പെട്ടുവെന്ന് മുദ്രാവാക്യം മുഴക്കിയില്ല. റവന്യൂ വരുമാനം നഷ്ടപ്പെടുമെന്ന് ആരുംതന്നെ ഗിരിപ്രഭാഷണം നടത്തിയില്ല. ദൈവിക കല്‍പ്പന ശ്രവിക്കേണ്ട താമസം അവിടെ മദ്യക്കുപ്പികള്‍ പൊട്ടിച്ചിതറി. വീപ്പകള്‍ മറിഞ്ഞുവീണു. മദീനയിലെ തെരുവീഥികളിലൂടെ മദ്യത്തിന്റെ ചാലുകള്‍ ഒഴുകി.

ഇതായിരുന്നു പ്രവാചകന്‍ സൃഷ്ടിച്ച വിപ്ളവം. അദ്ദേഹത്തിന്റെ ആയുധങ്ങള്‍ വാളോ അമ്പോ വെടിയുണ്ടകളോ ആയിരുന്നില്ല. ദൈവത്തിലുള്ള വിശ്വാസവും പരലോക ബോധവും മാത്രം.

ഭരണനേതൃത്വം

പ്രവാചകനെ അനുസരിക്കുന്ന ഒരു സമൂഹം അവിടെയുണ്ടായി. അവര്‍ക്ക് പാരത്രിക സൌഖ്യത്തിനാവശ്യമായ ഉപദേശങ്ങള്‍ നല്‍കുക മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ കടമ. പ്രത്യുത ആ സമൂഹത്തിന്റെ നിലനില്‍പ്പിനാവശ്യമായ നിയമ നിര്‍ദ്ദേശങ്ങള്‍ നല്‍കുകകൂടി അദ്ദേഹത്തിന്റെ കര്‍ത്തവ്യമായി മാറി. വിശ്വാസികളുടെ സമൂഹത്തെ നശിപ്പിക്കാനായി അവിശ്വാസികളായ മക്കക്കാര്‍ സകലവിധ തന്ത്രങ്ങളും ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ആ സമൂഹത്തിന് ശക്തമായ ഒരു ഭരണനേതൃത്വം തന്നെ ആവശ്യമായിരുന്നു.

‘നിന്നെപ്പോലെ ഒരു പ്രവാചകനെ അവരുടെ സഹോദരന്മാരില്‍നിന്ന് അവര്‍ക്കായി

ഉയര്‍ത്തു’(1)മെന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കര്‍ത്താവ് മോശെയോട് ചെയ്ത വാഗ്ദാനം നിറവേറ്റപ്പെടുകയായിരുന്നു. മോശെയും മുഹമ്മദും ജനിച്ചത്

അസാധാരണമായിട്ടല്ല2.രണ്ടുപേര്‍ക്കും മാതാവും പിതാവുമുണ്ടായിരുന്നു. രണ്ടുപേരും വിവാഹിതരാവുകയും കുഞ്ഞുങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ഇപ്പോഴിതാ മോശയെപ്പോലെ മുഹമ്മദും സമൂഹത്തിലെ ഭരണാധികാരിയായി മാറിയത് നാം കാണുന്നു മോശെയെപ്പോലെ മുഹമ്മദ് പുതിയ നിയമങ്ങളും ജീവിത രീതികളും

കൊണ്ടുവന്നിരിക്കുന്നു3.കര്‍ത്താവിന്റെ വാഗ്ദാനം ഒരിക്കലും പാഴായിപ്പോയില്ല. മോശെക്ക് സദൃശ്യനായ ഒരു പ്രവാചകനെത്തന്നെ അവന്‍ അന്തിമ പ്രവാചകനായി നിയോഗിച്ചു.

അങ്ങനെ പ്രവാചകത്വമാകുന്ന ചെങ്കോലും രാജദണ്ഡും യഹൂദായില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ വേണ്ടിയുള്ളഅവകാശിയുടെ4ആഗമനം ഇസ്രായീല്യരുടെ സഹോദരമാര്‍ക്കിടയില്‍ നിന്നുതന്നെയായിരുന്നു. അബ്രഹാമിന്റെ ഇളയ പുത്രനായ ഇസ്ഹാഖിന്റെ സന്തതിപരമ്പരകളായ ഇസ്രായീല്യരുടെ സഹോദരന്മാര്‍ അബ്രഹാമിന്റെ തന്നെ മൂത്തമകനായ ഇസ്മായേലിന്റെ സന്തതികളായ അറബികളാണെന്ന് വ്യക്തം. അറബികളില്‍നിന്നും ഉയര്‍ത്തപ്പെട്ട മുഹമ്മദ്(സ) തന്നെയാണ് ‘നിങ്ങളുടെ സഹോദരന്മാര്‍ക്കിടയില്‍നിന്ന് ഉയര്‍ത്തു’മെന്ന് ഇസ്രായീല്യരോട് നല്‍കിയ വാഗ്ദത്തത്തിന്റെ പൂര്‍ത്തീകരണമായി അയയ്ക്കപ്പെട്ട പ്രവാചകന്‍.

നീതിയുടെ പ്രവാചകന്‍

മുഹമ്മദ് നബി(സ) ഇപ്പോള്‍ സമൂഹത്തിന്റെ രാഷ്ട്രീയ നേതാവുകൂടിയാണ്. മദീനയുടെ രാഷ്ട്രപതി. മാതൃകായോഗ്യമായ ഒരു സമൂഹത്തിന്റെ ഭരണനേതൃത്വമേറ്റെടുത്ത് ഒരു ഭരണാധികാരി എങ്ങനെയായിരിക്കണമെന്ന് പഠിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. ലോകാവസാനം വരെയുള്ള മുഴുവന്‍ ഭരണാധികാരികള്‍ക്കും മാതൃകായോഗ്യനായിത്തീര്‍ന്ന രാഷ്ട്രനായകനായിത്തീര്‍ന്നു അദ്ദേഹം. നീതിനിര്‍വഹണമെന്ന കടമ എങ്ങനെയെന്ന്് ലോകത്തിന് പഠിപ്പിച്ചുകൊടുക്കുകയാണ് മുഹമ്മദ് നബി (സ) ചെയ്തത്.

നീതിനിര്‍വഹണത്തിന്റെ ചില തത്വങ്ങള്‍ പഠിപ്പിക്കുകയല്ല മുഹമ്മദ് നബി (സ) ചെയ്തത്. താന്‍ പഠിപ്പിച്ച തത്വങ്ങള്‍ നൂറ് ശതമാനം പ്രയോഗവല്‍ക്കരിക്കുവാന്‍ സാധിച്ചുവെന്നതാണ് ചരിത്രത്തില്‍ അദ്ദേഹത്തെ അതുല്യനാക്കുന്നത്. നീതിനിഷ്ഠമായ ഒരു രാഷ്ട്രം സ്ഥാപിക്കാനും അത്തരം ഒരു രാഷ്ട്രം എങ്ങനെയായിരിക്കണമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാനും സാധിച്ച പ്രവാചകനാണ്
മുഹമ്മദ് (സ). സമ്പന്നനും ദരിദ്രനുമിടയിലോ ഭരണാധികാരിക്കും സാധാരണ പൌരനുമിടയിലോ യാതൊരു രീതിയിലുമുള്ള വിവേചനവും നീതിനിര്‍വഹണത്തിന്റെ കാര്യത്തില്‍ പാടില്ലെന്ന ഇസ്ലാമിന്റെ തത്വം പ്രയോഗവല്‍ക്കരിച്ച വ്യക്തിയാണ് അദ്ദേഹം.

ഒരിക്കല്‍ കുലീനകുടുംബത്തില്‍പ്പെട്ട ഒരു സ്ത്രീ മോഷണക്കുറ്റത്തിന് പിടിക്കപ്പെട്ടു. പ്രവാചക(സ)ന്റെ അടുത്ത അനുയായികളില്‍ ഒരാളായ ഉസാമഃ അവരുടെ കാര്യത്തില്‍ ശുപാര്‍ശ ചെയ്യാനായി പ്രവാചക(സ)നെ സമീപിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: “നിങ്ങള്‍ക്ക് മുമ്പുള്ള സമൂഹങ്ങള്‍ നശിപ്പിക്കപ്പെട്ടത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ മൂലമാണ്. സമ്പന്നര്‍ കുറ്റം ചെയ്താല്‍ വെറുതെ വിടുകയും ദരിദ്രര്‍ കുറ്റം ചെയ്താല്‍ ശിക്ഷിക്കുകയുമായിരുന്നു അവരുടെ സമ്പ്രദായം. അല്ലാഹുവാണെ സത്യം! ഈ പ്രവൃത്തി ചെയ്തത് മുഹമ്മദിന്റെ മകള്‍ ഫാത്തിമ തന്നെയായാലും അവളുടെ കരം ഞാന്‍ ഛേദിച്ചുകളയുന്നതാണ്”.

നീതിയുടെ ഉജ്ജ്വലമായ ശബ്ദം! നീതിനിര്‍വഹണത്തിന്റെ അതുല്യമായ മാതൃക! യെശയ്യാ പ്രവാചകന്റെ പ്രവചനത്തിന്റെ (യെശ 42:1-12) പൂര്‍ത്തീകരണമാണ് നാം ഇവിടെ കാണുന്നത്. ഭൂമിയില്‍ നീതി സുസ്ഥാപിതമാകുന്നതുവരെ പരാജയപ്പെടുകയോ നിരാശപ്പെടുകയോ ചെയ്യാതിരുന്ന വ്യക്തി! വിശ്വസ്തതാപൂര്‍വ്വം നീതി നടത്തിയ പ്രവാചകന്‍! ഈ വിശേഷണങ്ങള്‍ മുഹമ്മദി(സ)നല്ലാതെ മറ്റാര്‍ക്കാണ് യോജിക്കുക. കേദാര്‍* പാര്‍ക്കുന്ന ഗ്രാമങ്ങള്‍ സ്വരമുയര്‍ത്തിയതും മുഹമ്മദിന്റെ ആഗമനത്തിന് ശേഷമാണല്ലോ.

യുദ്ധങ്ങള്‍! യുദ്ധങ്ങള്‍!

മദീനയില്‍ ഇസ്ലാമിക സമൂഹം വളരുന്നുവെന്നറിഞ്ഞ മക്കാ മുശ്രിക്കുകള്‍ക്ക് കലി കയറി. തങ്ങളുടെ പിതാക്കളില്‍നിന്ന് ലഭിച്ച വിശ്വാസാചാരങ്ങളുടെ സംരക്ഷണത്തിനായി പുതിയ മതത്തെ ഉന്മൂലനം ചെയ്യാനവര്‍ തീരുമാനിച്ചു. മദീനയിലെ ജൂതന്മാരുമായി ഉപജാപത്തിലേര്‍പ്പെട്ടും ഗൂഢാലോചനകള്‍ നടത്തിയും മുസ്ലിം സമൂഹത്തെ നശിപ്പിക്കാനവര്‍ ശ്രമിച്ചുകൊണ്ടിരുന്നു.

നിലനില്‍പിനുവേണ്ടി വാളെടുക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗം മുസ്ലിം സമൂഹത്തിന് മുന്നിലുണ്ടായിരുന്നില്ല. അങ്ങനെ അന്തിമ പ്രവാചകന്റെ കാലഘട്ടത്തിലെ ആദ്യത്തെ യുദ്ധമുണ്ടായി. സര്‍വവിധ സന്നാഹങ്ങളുമായി വന്ന ആയിരത്തില്‍പ്പരം ആളുകളുണ്ടായിരുന്ന ശത്രുസൈന്യവുമായി പരിമിതമായ സജ്ജീകരണങ്ങള്‍ മാത്രമുണ്ടായിരുന്ന മുന്നൂറ്റി പതിമൂന്ന് പേരുള്ള വിശ്വാസികളുടെ സൈന്യം ബദ്റില്‍വെച്ച് ഏറ്റുമുട്ടി.

അഥര്‍വ്വവേദത്തില്‍ മാമാഋഷിക്ക് നല്‍കുമെന്ന് പറഞ്ഞ മുന്നൂറ് അറബിക്കുതിരകളെക്കുറിച്ച പരാമര്‍ശം ബദ്റില്‍ പങ്കെടുത്ത മുന്നൂറുപേരെക്കുറിച്ചാകാം. അവര്‍ എല്ലാ അര്‍ത്ഥത്തിലും ത്യാഗത്തിന്റെയും ധീരതയുടെയും പ്രതീകങ്ങളായിരുന്നുവല്ലോ.

പ്രവാചകന്‍ കരളുരുകി പ്രാര്‍ത്ഥിച്ചു: ‘അല്ലാഹുവേ, ഈ ചെറുസംഘം ഇന്ന് നശിച്ചുപോവുകയാണെങ്കില്‍ പിന്നെ നിന്നെ മാത്രം ആരാധിക്കുന്നവരാരും ഭൂമുഖത്ത് ഉണ്ടാവുകയില്ല. നാഥാ, നീ ഞങ്ങളെ അനുഗ്രഹിക്കേണമേ’.

യുദ്ധം നടന്നു. ഇസ്ലാമിന്റെ പ്രഥമ യുദ്ധത്തില്‍ മുസ്ലിംകള്‍ വിജയിച്ചു. ബദ്റില്‍ എഴുപത് അവിശ്വാസികള്‍ മരണപ്പെട്ടപ്പോള്‍ സത്യവിശ്വാസികളില്‍പ്പെട്ട പതിനാലുപേര്‍ രക്തസാക്ഷികളായി.

പിന്നെയും പ്രവാചകനും അനുയായികള്‍ക്കും യുദ്ധം ചെയ്യേണ്ടി വന്നു.

ഉഹ്ദ്, ഖന്‍ദഖ്, അഹ്സാബ്, ഖൈബര്‍, ഹുനൈന്‍ തുടങ്ങി ഏതാനും യുദ്ധങ്ങള്‍. ഇവയൊന്നും തന്നെ നാട് വെട്ടിപ്പിടിക്കാനോ സാമ്രാജ്യം വിസ്തൃതമാക്കാനോ വേണ്ടിയായിരുന്നില്ല. വിശ്വാസ സംരക്ഷണത്തിനും ആദര്‍ശമനുസരിച്ച് ജീവിക്കാനുള്ള അവകാശത്തിനും വേണ്ടിയായിരുന്നു.

മഹത്തായ വിപ്ളവം

പ്രവാചകന്‍ ഒരു മഹത്തായ വിപ്ളവമാണ് നയിച്ചതെന്ന കാര്യത്തില്‍ ചരിത്രമറിയുന്നവര്‍ക്കൊന്നും സംശയമുണ്ടാവാനിടയില്ല. തികച്ചും സംസ്ക്കാരശൂന്യരായ ഒരു ജനതയെ ലോകത്തിന് മുഴുവന്‍ മാതൃകയായ ഒരു സമൂഹമാക്കി മാറ്റിയെടുക്കുവാന്‍ അദ്ദേഹത്തിന് വേണ്ടിവന്നത് വെറും ഇരുപത്തിമൂന്ന് വര്‍ഷങ്ങളാണ്. ഈ ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന് നേരിടേണ്ടിവന്ന രൂപത്തിലുള്ള എതിര്‍പ്പുകള്‍ എഴുതപ്പെട്ട ചരിത്രത്തില്‍ ആര്‍ക്കും നേരിടേണ്ടിവന്നിട്ടില്ല.

സ്വന്തം വിശ്വാസാദര്‍ശങ്ങള്‍ സംരക്ഷിക്കാനായി സമരം ചെയ്യേണ്ടിവന്ന നബി പങ്കെടുത്ത യുദ്ധങ്ങളിലെല്ലാം കൂടി കൊല്ലപ്പെട്ടത്കേവലം ആയിരത്തി ഒരുനൂറോളം പേര്‍ മാത്രമായിരുന്നു! വിപ്ളവങ്ങളുടെ പേരില്‍ ഈ ഭൂമിയില്‍ ചിന്തപ്പെട്ട ചോരയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് എത്രമാത്രം നിസ്സാരമാണ്. ഫ്രഞ്ച് വിപ്ളവത്തില്‍ കൊല്ലപ്പെട്ടത് 66 ലക്ഷം മനുഷ്യരാണ്. ഒരു കോടിയിലധികം പേരുടെ ചോര ചിന്തിക്കൊണ്ടാണ് റഷ്യയിലെ മഹത്തായ വിപ്ളവം നടന്നത്. ഒന്നാംലോക മഹായുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ സംഖ്യ 73 ലക്ഷമായിരുന്നുവെങ്കില്‍ രണ്ടാം ലോകമഹായുദ്ധത്തിലത് 106 ലക്ഷമായിരുന്നു.

ഈ വിപ്ളവങ്ങളെക്കൊണ്ട് മനുഷ്യരെന്ത് നേടി?
നാഗരികതക്ക് എന്തെന്ത് സംഭാവനകളാണ് ഈ വിപ്ളവങ്ങള്‍ നല്‍കിയത്?
ഉത്തരം വട്ടപ്പൂജ്യമെന്നാണ്.

ഇവ നയിച്ച മഹാത്മാക്കള്‍ക്കെതിരെ ആ രാജ്യങ്ങളിലുള്ള ജനങ്ങളുടെ തന്നെ രോഷം ഉയരാന്‍ തുടങ്ങിയിരിക്കുന്നു. കോടിക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കി ‘മഹത്തായ വിപ്ളവ’ത്തിലൂടെ സോഷ്യലിസ്റ്റ് സമൂഹത്തിന് ശ്രമിച്ചവരുടെ പ്രതിമകള്‍ക്കുനേരെ കല്ലെറിഞ്ഞ് പിഞ്ചുകുഞ്ഞുങ്ങള്‍ അവരോടുള്ള പ്രതിഷേധം പ്രകടിപ്പിക്കുമ്പോള്‍ അവരുടെ സിദ്ധാന്തങ്ങള്‍ മാറ്റിമറിച്ച് ഭരണാധികാരികള്‍ അവരോടുള്ള അവജ്ഞ അവതരിപ്പിക്കുന്നു. അപ്പോള്‍ ആ വിപ്ളവങ്ങള്‍ക്കുവേണ്ടി ചിന്തപ്പെട്ട രക്തം മുഴുവന്‍ വൃഥാവിലായിരുന്നുവെന്ന് നമുക്ക് ബോധ്യപ്പെടുന്നു.

എന്നാല്‍ പ്രവാചകന്റെ വിപ്ളവമോ?

വെറും ആയിരത്തിലധികം പേര്‍ മാത്രം കൊല്ലപ്പെട്ടുകൊണ്ട് നടന്ന ആ മഹത്തായ സാംസ്ക്കാരിക വിപ്ളവത്തിന് തുല്യമായൊരു വിപ്ളവം മാനവചരിത്രത്തിലുണ്ടായിട്ടുണ്ടോ?
ഇല്ല എന്നാണ് ഉത്തരം.

അറേബ്യയില്‍നിന്നും വരുന്ന മഹാചാര്യനായ മഹാമദ്, വിപ്ളവം സൃഷ്ടിക്കുകയും തീഷ്ണ സമരത്തിലൂടെ ശുദ്ധീകരണം ആഗ്രഹിക്കുകയും ചെയ്യുന്നവനായിരിക്കുമെന്ന ഭവിഷ്യല്‍പുരാണത്തിലൂടെയുള്ള വ്യാസമുനിയുടെ പ്രവചനത്തിന്റെ പൂര്‍ത്തീകരണം, മഹത്തായ വിപ്ളവങ്ങള്‍ സൃഷ്ടിക്കുകയും സത്യമത സ്വാതന്ത്യ്രത്തിനുവേണ്ടി തീക്ഷ്ണമായി സമരം ചെയ്യാന്‍ കല്‍പിക്കുകയുംചെയ്ത പ്രവാചകന്റെ ചരിത്രത്തിലാണ് നമുക്ക് കാണാന്‍ കഴിയുന്നത്.

മക്കാവിജയം

മദീനയില്‍ ഒരു ഇസ്ലാമിക സമൂഹം രൂപംകൊണ്ടുകഴിഞ്ഞിരുന്നു. അടിമകളും ഉടമകളും സമന്മാരായിമാറിയ സമൂഹം. മദ്യത്തില്‍നിന്നും ചൂതാട്ടങ്ങളില്‍നിന്നും തികച്ചും മുക്തമായൊരു സമൂഹം. അക്രമിയായ രാജാവിന്റെ മുന്നിലും സത്യം തുറന്നുപറയാന്‍ ധൈര്യം കാണിക്കുന്ന വ്യക്തികളുടെ സമൂഹം. സര്‍വോപരി സര്‍വശക്തന്റെ മുന്നില്‍ മാത്രം ശിരസ്സ് നമിക്കുന്ന ഒരു സമൂഹം.

ഈ സമൂഹത്തെ തകര്‍ക്കാനാണ് മക്കയിലെ പാരമ്പര്യ വിശ്വാസികള്‍ ശ്രമിച്ചുകൊണ്ടിരുന്നത്. പലതരം അക്രമങ്ങളും സത്യവിശ്വാസികള്‍ സഹിച്ചു. സന്ധിസംഭാഷണങ്ങള്‍ക്ക് അവര്‍ സന്നദ്ധരായി. പക്ഷേ, അവിശ്വാസികള്‍ അവരുടെ സകലവിധ സമ്പത്തും ശക്തികളും ഇസ്ലാമിക സമൂഹത്തെ നശിപ്പിക്കാനായി സമാഹരിച്ചുകൊണ്ടിരുന്നു. മക്കയിലേക്ക് ഒരു പടയോട്ടം നടന്നില്ലെങ്കില്‍, മദീനയിലെ മാതൃകാ സമൂഹത്തെ നാമാവശേഷമാക്കാന്‍ സര്‍വസന്നാഹങ്ങളോടുകൂടി അവിശ്വാസികള്‍ കടന്നുവരുമെന്നുറപ്പായിരുന്നു.

അവസാനം അതുതന്നെ സംഭവിച്ചു. പ്രവാചകനും സമൂഹവും പ്രതികരിച്ചു. വിശ്വാസികളുടെ ഒരു വന്‍സൈന്യം മക്കയിലേക്ക് നീങ്ങി. ‘ദൈവമാകുന്നു ഏറ്റവും വലിയവന്‍’ എന്ന് ഉച്ചൈസ്തരം പ്രഖ്യാപിച്ചുകൊണ്ട് ആ സേന മക്കയിലേക്ക് കടന്നു. ദൈവത്തിനെ ആരാധിക്കാനായി ഭൂമിയില്‍ നിര്‍മിക്കപ്പെട്ട ആദ്യത്തെ ഭവനം സ്ഥിതിചെയ്യുന്ന പട്ടണത്തിലേക്ക്. സ്രഷ്ടാവായ ദൈവം തമ്പുരാനെ മാത്രം ആരാധിക്കണമെന്നാവശ്യപ്പെട്ടതിന്റെ പേരില്‍ പ്രവാചകനും അനുയായികളും പുറത്താക്കപ്പെട്ട പ്രദേശത്തേക്ക്, ‘ദൈവമാകുന്നു ഏറ്റവും വലിയവന്‍’-അല്ലാഹു അക്ബര്‍- എന്ന ശബ്ദം അന്തരീക്ഷത്തില്‍ പ്രകമ്പനം കൊണ്ടു.

അല്ലാഹു അക്ബര്‍

-അല്ലാഹു അക്ബര്‍-ആ മുദ്രാവാക്യം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയവരായിരുന്നു അവര്‍. പരമ്പരാഗതമായി ആരാധിച്ചുവന്നിരുന്ന വിഗ്രഹങ്ങളെയും ശവകുടീരങ്ങളെയും വ്യാജദൈവങ്ങളെയും കയ്യൊഴിച്ചവര്‍. ദൈവത്തെ മാത്രം ആരാധിക്കാനുള്ള സ്വാതന്ത്യ്രത്തിനുവേണ്ടി പെറ്റുവളര്‍ന്ന സ്വന്തം നാടുപേക്ഷിച്ചവര്‍. വീടും കുടുംബവും വേണ്ടെന്നുവെച്ചവര്‍. ജീവിതകാലമത്രയും സമ്പാദിച്ച സ്വത്തുക്കള്‍മുഴുവന്‍ ആദര്‍ശത്തിനുവേണ്ടി ചെലവഴിച്ചവര്‍. അവരല്ലാതെ മറ്റാരാണ് ‘അല്ലാഹു അക്ബര്‍’ എന്ന് പറയാന്‍ അര്‍ഹതയുള്ളവര്‍?

മക്കയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് പതിനായിരത്തോളം പേര്‍ വരുന്ന ആ സൈന്യം മക്കയുടെ പ്രാന്തങ്ങളിലേക്ക് പ്രവേശിച്ചു. അത്ഭുതം! ആവര്‍ത്തന പുസ്തകത്തിലെ പ്രവചനം ഇവിടെ പൂര്‍ത്തീകരിക്കപ്പെട്ടു. പാറാന്‍ പര്‍വതത്തില്‍ പ്രകാശിക്കുന്ന ദൈവത്തിന്റെ അവസാനത്തെ പ്രവാചകന്‍ തന്റെ വലതുകയ്യില്‍ അഗ്നിജ്വാലയുമായി പതിനായിരക്കണക്കിന്വിശുദ്ധന്മാരില്‍നിന്ന് വരുക’(1)തന്നെ ചെയ്തു. അഥര്‍വ്വവേദത്തില്‍ പരാമര്‍ശിക്കപ്പെട്ട മാമാഋഷിയുടെ പതിനായിരം പശുക്കളെക്കുറിച്ച പ്രവചനവും ഇവിടെ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നു!

കാരുണ്യത്തിന്റെ ദിനം

സത്യവിശ്വാസികളുടേതായ ആ സൈന്യം മക്ക കീഴടക്കി. എതിര്‍പ്പിന്റെ ആരവങ്ങളോ രക്തത്തിന്റെ പ്രവാഹമോ ഇല്ലാതെ തികച്ചും ശാന്തമായിക്കൊണ്ടായിരുന്നു ലോകചരിത്രത്തിലെ അതുല്യമായ ആ വിപ്ളവം നടന്നത്. തികച്ചും സമാധാനപരവുമായിരുന്നു അത്. പ്രവാചകന്റെ സേനയുടെ നായകനായിരുന്ന സഅ്ദുബ്നു ഉബാദ(റ) ആവേശത്താല്‍ മക്കക്കടുത്തുനിന്ന് വിളിച്ചുപറഞ്ഞു: ‘ഇത് രക്തച്ചൊരിച്ചിലിന്റെ ദിവസമാകുന്നു’. സമാധാനത്തിന്റെ പ്രവാചകന്‍ അത് തിരുത്തി: ‘അല്ല; ഇന്ന് അനുഗ്രഹത്തിന്റെയും കരുണയുടെയും ദിനമാകുന്നു’.

മക്ക മുഴുവന്‍ തങ്ങളുടെ കാല്‍ക്കീഴില്‍ വന്നപ്പോഴും സമാധാനം പ്രവചിച്ച പ്രവാചകനില്‍ യിരെമ്യാ പ്രവാചകന്റെ ദീര്‍ഘദര്‍ശനത്തിന്റെ പൂര്‍ത്തീകരണം നമുക്ക് ദര്‍ശിക്കാം. ‘സമാധാനം പ്രവ ചിക്കുന്ന പ്രവാചകന്റെ കാര്യത്തിലാകട്ടെ, അയാളുടെ വചനം സത്യമായിത്തീരുമ്പോള്‍ അയാളെ കര്‍ത്താവ് അയച്ചതാണെന്ന് അറിയാം”(1)സമാധാനം പ്രവചിച്ച പ്രവാചകന്റെ2വചനങ്ങളില്‍ ഒന്നും അസത്യമായിട്ടില്ല. ഒരൊറ്റ പ്രവചനവും പുലരാതിരുന്നിട്ടില്ല. മക്കയിലെ ഈ വിജയംതന്നെ അദ്ദേഹത്തിന്റെ പ്രവചനത്തിന്റെ പൂര്‍ത്തീകരണമായിരുന്നല്ലോ.

മക്ക മുഴുവന്‍ പ്രവാചകന് കീഴടങ്ങിയപ്പോള്‍ യെശയ്യാവിന്റെ മറ്റൊരു പ്രവചനം പൂര്‍ത്തീകരിക്കപ്പെടുകയായിരുന്നു. ‘കേദാറിലെ ആട്ടിന്‍പറ്റം മുഴുവന്‍ നിന്റെ അടുക്കല്‍ വന്നുകൂടും; നെബയോത്തിലെ ആണാടുകള്‍ നിനക്ക് സേവ ചെയ്യും. അവ എനിക്ക് പ്രസാദജനകമായി എന്റെ ബലിപീഠത്തില്‍ എത്തും. എന്റെ മഹിമയാര്‍ന്ന ആലയത്തെ ഞാന്‍ മഹത്വപ്പെടുത്തും’ (യെശ 60:7) എന്ന പ്രവചനം.

കേദാറും നെബയോത്തും ഇശ്മയേലി(അ)ന്റെ പുത്രന്മാരാണ്. (ഉല്‍പത്തി 25:13) കേദാറിലെയും നെബയോത്തിലെയും ആടുകള്‍ എന്നത് മക്കയിലെ അറബി സമൂഹത്തെ മൊത്തത്തില്‍ കുറിക്കുന്ന പദപ്രയോഗമാണ്. കേദാറിലെയും നെബയോത്തിലെയും ആടുകളെല്ലാം പ്രവാചകന് അടുത്ത് വന്നുകൂടിയതാണ് മക്കാവിജയത്തില്‍ നാം കാണുന്നത്. ഇസ്ലാം ആശ്ളേഷിച്ചതിനുശേഷമുള്ള അറബികളുടെ ജീവിതം ‘അവ എനിക്ക് പ്രദാനജനകമായി എന്റെ ബലിപീഠത്തില്‍ എത്തും’ എന്ന പ്രവചനത്തിന്റെ പൂര്‍ത്തീകരണം കുറിക്കുന്നു. ദൈവഹിതത്തിന് വേണ്ടി എന്ത് ത്യാഗവും ചെയ്യാന്‍ സന്നദ്ധരായിരുന്നവര്‍! സത്യമതത്തെ നശിപ്പിക്കാനും ദിവ്യപ്രകാശത്തെ ഊതിക്കെടുത്താനും കഴിയുമെന്ന് കരുതി യുദ്ധത്തിനൊരുങ്ങിയ അവിശ്വാസികളോട് സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ച് പടപൊരുതിയവര്‍! പടക്കളത്തില്‍ ജീവന്‍ നല്‍കിയ പ്രവാചക സഖാക്കള്‍!

‘എന്റെ മഹിമയാര്‍ന്ന ആലയത്തെ ഞാന്‍ മഹത്വപ്പെടുത്തും’ എന്ന പ്രവചനവും ഇവിടെ പൂര്‍ത്തീകരിക്കപ്പെടുകയാണ്. സ്രഷ്ടാവായ ദൈവത്തെ ആരാധിക്കുന്നതിനായി ഭൂമിയില്‍ ആദ്യമായി കെട്ടി ഉയര്‍ത്തപ്പെട്ട ആലയമാണ് മക്കയിലെ കഅ്ബാലയം. അത് ബഹുദൈവാരാധകരുടെ വിഗ്രഹങ്ങളാല്‍ നിബിഢമായിരുന്നു. മക്കാ വിജയത്തോടെ വിഗ്രഹങ്ങളെ ആരാധിക്കുന്നവരായി ആരുംതന്നെ ബാക്കിയില്ലാത്ത അവസ്ഥ വന്നു. കഅ്ബാലയത്തിലെ വിഗ്രഹങ്ങള്‍ മുഴു വന്‍ നിഷ്കാസനം ചെയ്യപ്പെട്ടു. അങ്ങനെ ദൈവത്തിന്റെ മഹിമയാര്‍ന്ന ആലയത്തില്‍നിന്ന് ബഹുദൈവാരാധനയുടെ പ്രതീകങ്ങളെല്ലാം നിര്‍മ്മൂലനം ചെയ്തു; അങ്ങനെ അത് മഹത്വവല്‍ക്കരിക്കപ്പെട്ടു.

കാരുണ്യത്തിന്റെ പ്രവാചകന്‍

മക്കാ വിജയം കഴിഞ്ഞു! കാരുണ്യത്തിന്റെ പ്രവാചകനുമുന്നില്‍ ഇതാ കുറേ മനുഷ്യര്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നു.
ആരാണിവരെന്നല്ലേ?

സത്യം പറഞ്ഞുവെന്നതിന്റെ പേരില്‍ നബിയെ സ്വന്തം നാട്ടില്‍ നിന്ന് ആട്ടിയോടിച്ചവര്‍.

തിരുമേനി നമസ്ക്കരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കഴുത്തില്‍ ഒട്ടകത്തിന്റെ കുടല്‍മാലകള്‍ ചാര്‍ത്തിയവര്‍.
അദ്ദേഹത്തെ എറിഞ്ഞോടിച്ചവര്‍.

അദ്ദേഹത്തിന്റെ പിതൃവ്യനും ഇസ്ലാമിന്റെ സിംഹവുമായിരുന്ന ഹംസ(റ)യെ ഉഹ്ദില്‍വെച്ച് ചതിച്ചുകൊന്ന വഹ്ശി.

ഹംസയുടെ ചെവിയും മൂക്കും അരിഞ്ഞെടുത്ത് മാലകോര്‍ത്തണിഞ്ഞ് ഇസ്ലാമിനോടുള്ള വൈരം പ്രകടിപ്പിച്ച സ്ത്രീകള്‍.

ഇസ്ലാമിന്റെ ആ സിംഹത്തിന്റെ നെഞ്ച് കുത്തിപ്പിളര്‍ത്തി കരള്‍ വലിച്ചെടുത്ത് അത് ചവച്ചുതുപ്പി അമ്മാനമാടിയ ഹിന്ദ്. സത്യവിശ്വാസികളെ കൊടുംക്രൂരതകള്‍ക്ക് വിധേയരാക്കിയവര്‍.

സുമയ്യ (റ)യെ മൃഗീയമായി വധിച്ചവര്‍.

യാസിറി (റ)നെ ക്രൂരമായി കൊന്നവര്‍.

ബിലാലിനെ (റ)യും അമ്മാറി (റ)നെയും മര്‍ദ്ദിച്ചവര്‍.

സത്യമതത്തെ നശിപ്പിക്കാന്‍ സകലവിധ തന്ത്രങ്ങളും പയറ്റി പരാജയപ്പെട്ടവര്‍.

അവരുടെ കയ്യിലിന്ന് അധികാരമില്ല. ഉയരാന്‍ വാളുകളില്ല. മര്‍ദ്ദിക്കാന്‍ ചാട്ടവാറുകളില്ല. പ്രവാചകന്‍ എന്തുപറഞ്ഞാലും അനുസരിക്കാന്‍ സന്നദ്ധതയുള്ള, ആയിരക്കണക്കിന് അംഗങ്ങളുള്ള സര്‍വസന്നാഹങ്ങളോടും കൂടിയ സൈന്യം അവരെ പൊതിഞ്ഞ് നില്‍ക്കുന്നു. പ്രവാചകന്‍ ഒരൊറ്റ വാക്കുപറഞ്ഞാല്‍ ഇവരുടെയെല്ലാം തല കള്‍ തന്റെ കാല്‍ക്കീഴില്‍ കിടന്ന് ഉരുളും. ഇവരുടെ ഓരോരുത്തരുടെയും കരള്‍ കടിച്ചുതുപ്പാന്‍ ആയിരങ്ങള്‍ സന്നദ്ധരാവും. ഇവരുടെ കഴുത്തില്‍ ഒട്ടകത്തിന്റെ കുടല്‍മാലകള്‍ ചാര്‍ത്തപ്പെടും.

പക്ഷേ, പ്രവാചകന്‍ വിനയാന്വിതനായി ചോദിച്ചു: ‘ഇന്ന് നിങ്ങളെന്താണ് എന്നില്‍നിന്ന് പ്രതീക്ഷിക്കുന്നത്?’

അവര്‍ ദയനീയമായി പറഞ്ഞു: ‘നന്മ, താങ്കള്‍ മാന്യനും മാന്യന്റെ മകനുമാകുന്നു’.

കാരുണ്യത്തിന്റെ, ദയയുടെ, സ്നേഹത്തിന്റെ അനുകമ്പയുടെയെല്ലാം ലോകം കണ്ട ഏറ്റവും വലിയ മാതൃകാ പുരുഷന്‍മൊഴിഞ്ഞു: ‘പോവുക, നിങ്ങളെല്ലാവരും സ്വതന്ത്രരാവുന്നു’.

സമാധാനത്തിന്റെ ഉത്തുംഗമായ ഉദാഹരണം! കാരുണ്യത്തിന്റെ തുല്യതയില്ലാത്ത മാതൃക!

ഈ പ്രവാചകനല്ലാതെ മറ്റാരാണ് ആവര്‍ത്തന പുസ്തകത്തില്‍ പറഞ്ഞ സമാധാനത്തിന്റെ പ്രവാചകനാവാന്‍ അര്‍ഹതയുള്ള വ്യക്തിത്വം?

പൂര്‍ണനായ മനുഷ്യന്‍

പ്രവാചകന്‍ പൂര്‍ണനായ ഒരു മനുഷ്യനായിരുന്നു. മനുഷ്യത്വത്തിന്റെ എല്ലാവിധ ഗുണങ്ങളും അദ്ദേഹത്തില്‍ സമ്പൂര്‍ണമായി പ്രകാശിച്ചിരുന്നു. പ്രസംഗങ്ങളും ഉപദേശങ്ങളും മാത്രമായിരുന്നില്ല പ്രവാചകന്‍ ലോകത്തിന് സംഭാവന ചെയ്തത്. സ്വന്തം ജീവിതത്തെതന്നെ തന്റെ ആദര്‍ശങ്ങള്‍ക്കുള്ള പ്രായോഗിക മാതൃകയായി അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയം.

ലാമാര്‍ട്ടിന്‍ എഴുതി: “തത്വജ്ഞാനി, പ്രസംഗകന്‍, ദൈവദൂതന്‍, നിയമനിര്‍മ്മാതാവ്, പോരാളി, ആശയങ്ങളുടെ ജേതാവ്, അബദ്ധ സങ്കല്‍പങ്ങളില്‍നിന്ന് മുക്തമായ ആചാര വിശേഷങ്ങളുടെയും യുക്തിബന്ധുരമായ വിശ്വാസ പ്രമാണങ്ങളുടെയും പുനഃസ്ഥാപകന്‍, ഇരുപത് ഭൌതിക സാമ്രാജ്യങ്ങളുടെയും ഒരു ആത്മീയ സാമ്രാജ്യത്തിന്റെയും സംസ്ഥാപകന്‍-അതായിരുന്നു മുഹമ്മദ്. മനുഷ്യമഹത്വത്തിന്റെ എല്ലാ മാനദണ്ഡങ്ങളും വെച്ചുപരിഗണിക്കുമ്പോള്‍ നാം വ്യക്തമായും ചോദിച്ചേക്കാം: മുഹമ്മദിനേക്കാള്‍ മഹാനായ മറ്റുവല്ല മനുഷ്യനുമുണ്ടോ” ( la Martin :Histories de la Ture – quie, Vol ii,പേജ് 277)

മുഹമ്മദി(സ)ന്റെ അധികാര ജീവിതം പരിശോധിക്കുക. അധികാരത്തിന്റെ ഉയര്‍ന്ന വിതാനത്തിലായിരുന്നപ്പോഴും ശരീരത്തില്‍ പായക്കണ്ണികള്‍ പാടുകളുണ്ടാകുമാറ് പരുപരുത്ത പനയോലപ്പായയില്‍ കിടന്നുറങ്ങിയ പ്രവാചകന്‍. തന്റെ പള്ളിമുറ്റത്ത് യുദ്ധമുതലുകള്‍ കൂമ്പാരമായിക്കിടക്കുമ്പോഴും കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ അതില്‍നിന്നെടുക്കാത്ത ദൈവദൂതന്‍. യുദ്ധത്തടവുകാരെ മദീനാ നിവാസികള്‍ക്ക് ദാസന്മാരായി ഏല്‍പിച്ചുകൊടുക്കുമ്പോഴും വെള്ളം വലി ച്ച തഴമ്പുകളുടെ വേദനയെക്കുറിച്ച് വേവലാതിപ്പെടുന്ന സ്വന്തം പുത്രി ഫാത്വിമക്ക് ഒരു വേലക്കാരിയെ അതില്‍നിന്നും സ്വീകരിക്കാന്‍ അനുവാദം കൊടുക്കാത്ത റസൂല്‍. അറേബ്യയുടെ അര്‍ദ്ധഭാഗത്തിന്റെയും അധികാരിയായിരിക്കുമ്പോഴും തന്റെ വീട്ടില്‍ ഒരുപിടി ധാന്യവും ഒരു തുകല്‍പാത്രവും മാത്രം ബാക്കിവെച്ചിരുന്ന നബി. ആ ജീവിതത്തിന് അധികാരം സുഖലോലുപതക്കുള്ള മാര്‍ഗമായിരുന്നില്ല.

പ്രത്യുത, നീതിനിര്‍വഹണത്തിനുള്ള പാത മാത്രമായിരുന്നു.
മുഹമ്മദി(സ)ന്റെ കുടുംബജീവിതം നോക്കുക. ഭാര്യമാരോട് അദ്ദേഹം നീതി പുലര്‍ത്തിയിരുന്നു. സന്താനങ്ങളോട് അദ്ദേഹം സ്നേഹം പ്രകടിപ്പിച്ചിരുന്നു. പേരക്കുട്ടികളെ വാല്‍സല്യപൂര്‍വ്വം പരിലാളിക്കാനദ്ദേഹം ആര്‍ത്തി കാണിച്ചിരുന്നു. മുഹമ്മദ് എന്ന ഭര്‍ത്താവിനെക്കുറിച്ച് ഒരു പരാതിയും പറയാന്‍ അദ്ദേഹത്തിന്റെ ഭാര്യമാര്‍ക്കുണ്ടായിരുന്നില്ല. തന്റെ കുടുംബക്കാരോട് അദ്ദേഹം കരുണ കാണിച്ചിരുന്നു. കുടുംബബന്ധം പുലര്‍ത്താന്‍ അദ്ദേഹത്തിന് പ്രത്യേകം താല്‍പര്യമുണ്ടായിരുന്നു.

സ്നേഹത്തിന്റെ പ്രവാചകന്‍

സ്നേഹനിര്‍ഭരനും ദയാലുവുമായിരുന്നു പ്രവാചകന്‍ .
സാധാരണ സഞ്ചരിക്കുന്ന വഴിയിലെ ഒരു വീട്ടില്‍ നിന്നുമൊരു ജൂതവനിത എന്നും തന്നെ തുപ്പുന്നുവെങ്കിലും പ്രവാചകനൊന്നും പറയുന്നില്ല. ഒരു ദിവസം ആ വഴിയിലൂടെ നടക്കുമ്പോള്‍ തന്റെമേല്‍ തുപ്പല്‍ വന്നുവീഴുന്നത് കാണാത്ത അദ്ദേഹം ചോദിക്കുന്നു:
‘എന്റെ സ്നേഹിത ഇന്നെവിടെപ്പോയി? അവള്‍ ഇന്ന് എന്നെ കാണാന്‍ വന്നില്ലല്ലോ’. അവള്‍ അസുഖമായി കിടക്കുകയാണെന്നറിഞ്ഞ അദ്ദേഹം അവളെ സന്ദര്‍ശിച്ച് കുശലാന്വേഷണങ്ങള്‍ നടത്തുന്നു.

തന്നെ ഭത്സിച്ചവരെ ശപിക്കുകയോ, പീഡിപ്പിച്ചവരോട് പ്രതികാരം ചെയ്യുകയോ ചെയ്തില്ല. തന്നെ എറിഞ്ഞോടിക്കുന്നവരുടെ നന്മക്കുവേണ്ടി അദ്ദേഹം പ്രാര്‍ത്ഥിക്കുന്നതാണ് നാം കാണുന്നത്.

അന്തിമ പ്രസംഗം

ആ മഹാനായ വ്യക്തിത്വം ലോകത്തിന് മുഴുവന്‍ പ്രഭ വിതറി അറുപത്തിമൂന്ന് വര്‍ഷം ജീവിച്ചു. സ്വപത്നി ആഇശ (റ)യുടെ മടിയില്‍കിടന്ന് ആ മഹാനുഭാവന്‍ ഇഹലോകവാസം വെടിഞ്ഞു. അതിനുമുമ്പ്, ഹിജ്റ പത്താം വര്‍ഷം ഒരുലക്ഷം അനുയായികളോടൊപ്പം അദ്ദേഹം ആദ്യത്തെയും അവസാനത്തേതുമായ ഹജ്ജ് നിര്‍വഹിച്ചു.

അവിടെവെച്ച് അദ്ദേഹം ഹജ്ജത്തുല്‍ വിദാഇലെ പ്രസംഗം എന്ന് പ്രസിദ്ധമായ പ്രസംഗം ചെയ്തു. മഹത്തായൊരു മനുഷ്യാവ കാശ പ്രഖ്യാപനമായിരുന്നു അത്.

അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിനോട് കൂറും ഭക്തിയുമുള്ളവരായി വര്‍ത്തിക്കുവിന്‍. നിങ്ങളുടെ രക്തവും ധനവും അഭിമാനവും പാവനമാകുന്നു. നിങ്ങളുടെ നാഥനുമായി കണ്ടുമുട്ടുന്ന അവസരത്തില്‍ നിങ്ങളുടെ ചെയ്തികളെക്കുറിച്ച് അവന്‍ ചോദ്യം ചെയ്യും. പലിശ നിരോധിച്ചിരിക്കുന്നു. അനിസ്ലാമികത്വത്തിന്റേതായ എല്ലാവിധ രക്തപ്പകകളും പ്രതികാര നടപടികളും റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു. വഴിപിഴപ്പിക്കാന്‍ വേണ്ടിവരുന്ന പിശാചിന്റെ ദുര്‍ബോധനത്തെക്കുറിച്ച് ജാഗരൂകരായിരിക്കുക. നിങ്ങളോട് നിങ്ങളുടെ പത്നിമാര്‍ക്ക് കടപ്പാടുള്ളതുപോലെ നിങ്ങള്‍ക്ക് അവരോട് കടപ്പാടുകളുണ്ട്. നിങ്ങളുടെ മുമ്പില്‍ രണ്ട് കാര്യങ്ങള്‍ വിട്ടേച്ചുകൊണ്ടാണ് ഞാന്‍ പോകുന്നത്. അവ മുറുകെ പിടിക്കുന്നപക്ഷം എനിക്കുശേഷം നിങ്ങള്‍ വഴിപിഴച്ചുപോവുകയില്ല. അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യയുമത്രെ അത്. മുസ്ലിംകള്‍ പരസ്പരം സഹോദരന്മാരാണ്. നിങ്ങള്‍ പരസ്പരം കഴുത്തറുക്കരുത്. മനുഷ്യരേ, നിങ്ങളുടെ ദൈവം ഒന്ന്, നിങ്ങളുടെ പിതാവ് ഒന്ന്. നിങ്ങളെല്ലാം ആദമില്‍നിന്ന്. ആദമോ മണ്ണില്‍നിന്നും. കൂടുതല്‍ ദൈവഭക്തിയുള്ളവനാണ് അല്ലാഹുവിങ്കല്‍ ശ്രേഷ്ഠന്‍. അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയേക്കാളുമോ ഭയഭക്തികൊണ്ടല്ലാതെ യാതൊരു മഹത്വവുമില്ല; മുസ്ലിംകളേ…… എനിക്കുശേഷം ഒരു പ്രവാചകനില്ല. നിങ്ങള്‍ക്കുശേഷം ഒരു സമുദായവുമില്ല. നിങ്ങളുടെ നാഥനെ ആരാധിക്കുക. അഞ്ചുനേരം നമസ്ക്കരിക്കുകയും സക്കാത്ത് കൊടുക്കുകയും വ്രതം അനുഷ്ഠിക്കുകയും ഹജ്ജ് നിര്‍വ്വഹിക്കുകയും ചെയ്യുക. നിങ്ങളില്‍നിന്നുള്ള ഭരണകര്‍ത്താക്കളെ അനുസരിക്കുക. എങ്കില്‍ നിങ്ങളുടെ നാഥന്റെ സ്വര്‍ഗത്തില്‍ പ്രവേശിക്കാം’.

നാം ചിന്തിക്കുക!

നാല്‍പത് വയസ്സാകുന്നതിന് മുമ്പ് ആരായിരുന്നു മുഹമ്മദ്? നിരക്ഷരനായ ഒരു ഇടയബാലന്‍. അന്ധകാര നിബിഢമായ പ്രദേശത്തിലെ ഒരു സാധാരണക്കാരന്‍. സത്യസന്ധമായ ഒരു കച്ചവടക്കാരന്‍.

ഈ മുഹമ്മദിന് എവിടെനിന്നാണ് നാല്‍പതാമത്തെ വയസ്സില്‍ ഈ ജ്ഞാനമെല്ലാം ലഭിച്ചത്?

സര്‍വകാല പ്രസക്തങ്ങളായ ധാര്‍മിക നിയമങ്ങളെല്ലാം അദ്ദേഹം എങ്ങനെയാണ് മെനഞ്ഞെടുത്തത്?

രാഷ്ട്രീയവും സാമ്പത്തികവുമായ സിദ്ധാന്തങ്ങള്‍ എങ്ങനെയാണ് പടച്ചത്?

ഒരിക്കലും മാറ്റത്തിരുത്തലുകള്‍ വേണ്ടിവന്നിട്ടില്ലാത്ത സാന്മാര്‍ഗിക തത്വങ്ങള്‍ എവിടെ നിന്നാണ് അദ്ദേഹം ഉണ്ടാക്കിയത്?

ഒരേയൊരു വ്യക്തി തന്നെ ഉജ്ജ്വലനായ സാമൂഹിക പരിഷ്ക്കര്‍ത്താവും അതിസമര്‍ത്ഥനായ നിയമജ്ഞനും ശൂരനായ സൈന്യാധിപനും അതിശക്തനായ രാജ്യതന്ത്രജ്ഞനും അതിബുദ്ധിമാനായ തത്വജ്ഞാനിയും അതിതീവ്രമായ ഭയഭക്തി ഉള്ളവനും സ്നേഹസമ്പന്നനായ ഒരു കുടുംബനാഥനും സ്നേഹിതനും എല്ലാമെല്ലാമായിരിക്കുക.

എന്നിട്ട് അദ്ദേഹം പറയുന്നു: ‘ഇതൊന്നും തന്റെ കഴിവുകൊണ്ടല്ല. ദൈവത്തിന്റെ കഴിവ് കൊണ്ട് മാത്രമാണ്. അവന്‍ മാനവരാശിക്ക് മാതൃകയായി എന്നെ നിയോഗിച്ചിരിക്കുന്നു. നിങ്ങള്‍ എന്നെ അനുസരിക്കുക അതാണ് മോക്ഷത്തിനുള്ള മാര്‍ഗം’.
അദ്ദേഹം കളവ് പറഞ്ഞതായി തെളിവുണ്ടോ?
ഇല്ല.
ആ ജീവിതത്തില്‍ വല്ല മഹാപാപങ്ങളും ആരെങ്കിലും ആരോപിച്ചിട്ടുണ്ടോ?
ഇല്ല.
അതുപോലെ നിസ്തുലമായൊരു മാതൃക ലോകചരിത്രത്തില്‍ ആരുടേതെങ്കിലുമുണ്ടോ?
ഇല്ല.

എങ്കില്‍പിന്നെ എന്തുകൊണ്ട് നമുക്കദ്ദേഹത്തെ അനുസരിച്ചുകൂടാ?

എന്തുകൊണ്ട് അദ്ദേഹം പറഞ്ഞത് വിശ്വസിച്ചുകൂടാ?
എന്തുകൊണ്ടദ്ദേഹത്തെ മാതൃകയാക്കിക്കൂടാ?
എന്തുകൊണ്ടദ്ദേഹത്തെ പിന്‍തുടര്‍ന്നുകൂടാ?

അദ്ദേഹത്തിലൂടെ അവതരിക്കപ്പെട്ട വേദഗ്രന്ഥമോ?

അദ്ഭുതങ്ങളുടെ അദ്ഭുതവും വിജ്ഞാനസാഗരവുമാണത്. കേവലമൊരു മതഗ്രന്ഥമെന്നതിലുപരി മുഹമ്മദി(സ)ന്റെ പ്രവാചകത്വത്തിനുള്ള അമാനുഷിക ദൃഷ്ടാന്തം കൂടിയാണത്. ആ അമാനുഷിക ഗ്രന്ഥത്തെ വെല്ലുവിളിക്കാന്‍ മാനവരാശിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇനിയൊട്ട് കഴിയുകയുമില്ല.

മുമ്പുള്ള വേദഗ്രന്ഥങ്ങളിലെ വരാനിരിക്കുന്ന ദൈവദൂതനെക്കുറിച്ചുള്ള മുഴുവന്‍ പ്രവചനങ്ങളും മുഹമ്മദ് നബി(സ) യിലൂടെ പൂര്‍ത്തീകരിക്കപ്പെട്ടത് നാം മനസ്സിലാക്കി. മാനുഷിക കരവിരുതുകള്‍ക്ക് വിധേയമാക്കപ്പെട്ട് തെറ്റും ശരിയും സമ്മിശ്രമായി കിടക്കുന്ന വേദങ്ങളില്‍പോലും മുഹമ്മദി(സ)ന്റെ ആഗമനത്തെക്കുറിച്ച് വ്യക്തമായ പ്രവചനങ്ങള്‍ ബാക്കി നില്‍ക്കുന്നുവെങ്കില്‍ ദൈവാവതീര്‍ണമായ രൂപത്തില്‍ അവ ലഭ്യമായിരുന്നെങ്കില്‍ അദ്ദേഹത്തെക്കുറിച്ച കൂടുതല്‍ പ്രവചനങ്ങള്‍ നമുക്കവയില്‍ കാണാന്‍ കഴിയുമായിരുന്നു.

മോശെയെപ്പോലുള്ള പ്രവാചകനും സകലസത്യത്തിലും നീതിയിലും വഴിനടക്കാന്‍വേണ്ടി യേശുവിനുശേഷം വന്ന സത്യത്തിന്റെ ആത്മാവും മഹാചാര്യനായ മരുഭൂമിയിലെ മഹാമദുമെല്ലാം അന്തിമ പ്രവാചകനായ മുഹമ്മദാ(സ)യിരുന്നുവെന്ന് കാണാം. മഹാമദിന്റെ അനുയായികള്‍ ചേലാകര്‍മ്മം ചെയ്യുന്നവരും താടിവളര്‍ത്തുന്നവരും പരസ്യമായി പ്രാര്‍ത്ഥനക്ക് ക്ഷണിക്കുന്നവരും അസാന്മാര്‍ഗ്ഗികതയെ എതിര്‍ക്കുന്നവരും പന്നിമാംസമല്ലാത്ത മറ്റ് മാംസങ്ങള്‍ ഭക്ഷിക്കുന്നവരുമെന്ന വ്യാസമുനിയുടെ പ്രവചനം (ഭവിഷ്യല്‍പുരാണം 3:3:3:25-28) എത്രത്തോളം സത്യസന്ധമായിട്ടാണ് മുഹമ്മദി(സ)ന്റെ അനുയായികളില്‍ പുലര്‍ന്നിരിക്കുന്നത്!!!

-നമുക്ക് വിശ്വസിക്കാം- മുഹമ്മദ് (സ)

ലോകസ്രഷ്ടാവും നിയന്താവും ആരാധ്യനുമായ ദൈവത്തിന്റെ ദൂതനാകുന്നു. സമാധാനത്തിന്റെ ദൂതന്‍.
സത്യസന്ധനായ പ്രവാചകന്‍.
മുന്‍ പ്രവാചകന്മാരുടെയല്ലാം പിന്‍ഗാമി.
മനുഷ്യകുലത്തിന് സ്രഷ്ടാവിലേക്കുള്ള വഴികാട്ടി.
അദ്ദേഹത്തെ നിരുപാധികം അനുസരിക്കുക.
അതാണ് മോക്ഷത്തിലേക്കുള്ള മാര്‍ഗം.
__________________________________________________________

Ref:
* വൈഷ്ണവ മതപ്രകാരം ഏകദൈവത്തിന്റെ പേരാണ് വിഷ്ണു.
വിഷ്ണു ഭഗത്ത് എന്നാല്‍ ദൈവദാസന്‍ എന്നര്‍ത്ഥം; സുമതി എന്നാല്‍ വിശ്വസ്തയെന്നും, അബ്ദുല്ല, ആമിന തുടങ്ങിയ അറബിപേരുകള്‍ക്ക് ഏകദേശം സമാനമായ നാമങ്ങളാണിവ.
** യേശു സംസാരിച്ച അരമായ ഭാഷയിലല്ല അദ്ദേഹത്തിെന്റെ വചനങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഗ്രീക്കിലാണ്. പെരിക്ളീറ്റസ് എന്ന പദത്തിന് തുല്യമായ അരമായപദം യേശു ഉപയോഗിച്ചിരിക്കുവാനും ഗ്രീക്കിലേക്ക്
ഭാഷാന്തരം ചെയ്യപ്പെട്ടപ്പോള്‍ പാരക്ളിറ്റോസ് എന്നായി മറിയതുമാകാനാണ് സാധ്യത. ബൈബിള്‍ പകര്‍ത്തിയെഴുത്തുകാര്‍ ഇത്തരം കുറെ തെറ്റുകള്‍
വരുത്തിയതിന് ബൈബിളില്‍തന്നെ തെളിവുകളുണ്ട്. ഇക്കാര്യം ബൈബിള്‍ പണ്ഡിതന്മാര്‍ അംഗീകരിക്കുന്നതുമാണ്.
1. ആവര്‍ത്തനം 18:18
2. യേശു ജനിച്ചത് തികച്ചും അസാധാരണമായിട്ടായിരുന്നു.
3. യേശു പുതിയ നിയമങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല. മോശെ കൊണ്ടുവന്ന ന്യായപ്രമാണത്തിലെ നിയമങ്ങളെ നിവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. (മത്തായി 5:17-18)
4. ഉല്‍പത്തി 49:10
(*) ഇശ്മായേലിന്റെ പന്ത്രണ്ട് പുത്രന്മാരില്‍ ഒരാളാണ് കേദാര്‍. (ഉല്‍പത്തി 25:13) കേദാരികള്‍ എന്ന് വിളിക്കുന്നത് അറേബ്യയില്‍ വസിച്ചിരുന്ന അദ്ദേഹത്തിന്റെ പിന്‍മുറക്കാരെയാണ്. ‘കേദാര്‍ നിവസിക്കുന്ന ഗ്രാമങ്ങള്‍’ എനാല്‍ അറേബ്യന്‍ ഗ്രാമങ്ങള്‍ എന്നര്‍ത്ഥം.

1. ഭവിഷ്യല്‍ പുരാണം 3:3:25-28
1. ആവര്‍ത്തനം 33:2
1. യിരെമ്യാ 28:9
2. ‘ഇസ്ലാം’ എന്ന പദത്തിന് സമാധാനം എന്നും അര്‍ത്ഥമുണ്ടെന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ്.


 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH