Search

mahonnathan

Slide - why nabi

JA slide show
അന്തിമ പ്രവാചകനെക്കുറിച്ച പ്രവചനങ്ങള്‍ Print E-mail

പ്രവാചകന്മാരല്ലാവരും ലോകത്തിന് മുഴുവനും സ്വീകരിക്കാന്‍ പറ്റുന്ന സന്ദേശങ്ങളുമായി കടന്നുവരാനിരിക്കുന്ന ഒരു മഹാപ്രവാചകനെക്കുറിച്ച് ദീര്‍ഘദര്‍ശനം നടത്തിയിട്ടുണ്ട്. തങ്ങളുടെ ദൌത്യം ഒരു പ്രത്യേക ദേശത്തിലെയോ സമൂഹത്തിലെയോ മനുഷ്യരോട് മാത്രമാണെന്നും അന്തിമപ്രവാചകന്റെ ആഗമനത്തോടെ ലോകം ഐക്യപ്പെടുകയും ഒറ്റക്കെട്ടായി ഒരേ ആചാരങ്ങളും വിശ്വാസങ്ങളും സ്വീകരിക്കുകയും ദൈവത്തിങ്കല്‍നിന്ന് മാനവ സമുദായം അറിയേണ്ടതാവശ്യമായ എല്ലാ വിവരങ്ങളും അറിയിക്കപ്പെടുവാന്‍ അര്‍ഹത നല്‍കപ്പെടുകയും ചെയ്യുമെന്ന് മുന്‍ പ്രവാചകന്മാര്‍ പ്രവചിച്ചതായി മനസ്സിലാക്കാം. പുതിയതും പഴയതുമായ നിയമങ്ങളില്‍ മാത്രമല്ല ഹൈന്ദവ അടിസ്ഥാന ഗ്രന്ഥങ്ങളില്‍വരെ ഇത്തരം പ്രവചനങ്ങളില്‍ ചിലത് കാണാന്‍ കഴിയും.

പഴയ നിയമത്തിലെ പ്രവചനങ്ങള്‍

മോശെ പ്രവാചകനോട് ദൈവം നല്‍കിയ വാഗ്ദാനം ഇങ്ങനെയായിരുന്നു: "അവര്‍ പറഞ്ഞതെല്ലാം ശരി തന്നെ. നിന്നെപ്പോലെ ഒരു പ്രവാചകനെ അവരുടെ സഹോദരന്മാരില്‍നിന്ന് അവര്‍ക്കായി ഞാന്‍ ഉയര്‍ത്തും. ഞാന്‍ എന്റെ വചനങ്ങള്‍ അയാളുടെ നാവില്‍ നിവേശിപ്പിക്കും. ഞാന്‍ കല്‍പിക്കുന്നവയെല്ലാം അയാള്‍ അവരോട് സംസാരിക്കും. അയാള്‍ എന്റെ നാമത്തില്‍ ഉച്ചരിക്കുന്ന എന്റെ വാക്കുകള്‍ ചെവിക്കൊള്ളാത്തവനോട് ഞാന്‍ തന്നെ കണക്ക് ചോദിക്കും. എന്റെ നാമത്തില്‍ സംസാരിക്കാന്‍ ഞാന്‍ ആജ്ഞാപിച്ചിട്ടില്ലാത്ത ഒരു വാക്കെങ്കിലും സംസാരിക്കാന്‍ മുതിരുകയോ മറ്റു ദേവന്മാരുടെ നാമത്തില്‍ സംസാരിക്കുകയോ ചെയ്താല്‍ ആ പ്രവാചന്‍ മരിക്കും 'കര്‍ത്താവ് അരുള്‍ ചെയ്തിട്ടില്ലാത്ത വചനങ്ങള്‍ ഞങ്ങള്‍ എങ്ങനെ തിരിച്ചറിയും?' എന്ന് നീ ഹൃദയത്തില്‍ പറയുമായിരിക്കും. ഒരു പ്രവാചകന്‍ കര്‍ത്താവിന്റെ നാമത്തില്‍ സംസാരിച്ചിട്ട് ആ വചനം യാഥാര്‍ത്ഥ്യമാകാതിരിക്കുകയോ സംഭവിക്കാതിരിക്കുകയോ ചെയ്താല്‍, ആ വചനം കര്‍ത്താവ് അരുള്‍ ചെയ്തതല്ല, പ്രവാചകന്‍ അത് തോന്ന്യാസമായി പറഞ്ഞതാണ്, നീ അയാളെ ഭയപ്പെടേണ്ടതില്ല'' (ആവര്‍ത്തനം 18:18-22).
ആവര്‍ത്തനപുസ്തകത്തില്‍ നമുക്കിങ്ങനെ കാണാം: "കര്‍ത്താ വ് സീനായില്‍ നിന്ന് വന്നു. സേയീറില്‍വെച്ച് നമ്മുടെ മേല്‍ ഉദിച്ചു. പാറാന്‍ പര്‍വതത്തില്‍ അവന്‍ പ്രകാശിച്ചു. തന്റെ വലതു കയ്യില്‍ അഗ്നി ജ്വാലയുമായി പതിനായിരങ്ങളായ വിശുദ്ധന്മാരില്‍നിന്ന് അവന്‍ വരുന്നു''. (ആവര്‍ത്തനം 33:2)

ഉല്‍പ്പത്തി പുസ്തകം ഇങ്ങനെ പ്രവചിച്ചു: "അവകാശി വരുവോളം ചെങ്കോല്‍ യഹൂദായില്‍നിന്ന് ഒഴിഞ്ഞ് പോവുകയില്ല. രാജ ദണ്ഡ് അയാളുടെ പാദങ്ങള്‍ക്കിടയില്‍നിന്ന് മാറുകയില്ല. ജനതകളുടെ വിധേയത്വം അയാളോടായിരിക്കും''. (ഉല്‍പ്പത്തി 49:10)
യെശയ്യാ പ്രവാചകന്‍ പ്രവചിച്ചത് ഇങ്ങനെയാണ്: "ഇതാ ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍. എന്റെ തെരഞ്ഞെടുക്കപ്പെട്ടവന്‍; എന്റെ ഉള്ളം അയാളില്‍ പ്രസാദിച്ചിരിക്കുന്നു; ഞാന്‍ എന്റെ ആത്മാവ് അയാളില്‍ നിക്ഷേപിച്ചിരിക്കുന്നു. അയാള്‍ ജനങ്ങളുടെ മേല്‍ നീതി നടത്തും. അയാള്‍ നിലവിളിക്കുകയില്ല; സ്വരമുയര്‍ത്തുകയില്ല. അയാള്‍ വിശ്വസ്തതാപൂര്‍വ്വം നീതി നടത്തും. അയാള്‍ ഭൂമിയില്‍ നീതി സുസ്ഥാപിതമാക്കുംവരെ പരാജയപ്പെടുകയില്ല; നിരാശപ്പെടുകയുമില്ല. ദ്വീപുകള്‍ അയാളുടെ നിയമത്തിനുവേണ്ടി കാത്തിരിക്കുന്നു''. (യെശയ്യാ 42:1-4)
യെശയ്യാവിന്റെ പ്രവചനത്തില്‍ നാം വീണ്ടും ഇങ്ങനെ വായിക്കുന്നു: "കര്‍ത്താവിന് ഒരു പുതിയ ഗാനം ആലപിക്കൂ. ഭൂമിയുടെഅതിര്‍ത്തികളില്‍ നിന്ന് അവന്ന് സ്തുതി മുഴങ്ങട്ടെ. സമുദ്രവും അതുള്‍ക്കൊള്ളുന്ന സര്‍വവും ദ്വീപുകളും അവയിലെ നിവാസികളും അവന്ന് സ്തുതിപാടട്ടെ. മരുഭൂമിയും അതിലെ നഗരങ്ങളും കേദാര്‍ നിവസിക്കുന്ന ഗ്രാമങ്ങളും സ്വരമുയര്‍ത്തട്ടെ. സേലനിവാസികള്‍ ആനന്ദപൂര്‍വം പാടട്ടെ. കൊടുമുടികളില്‍നിന്ന് അവര്‍ ആര്‍ത്തു വിളിക്കട്ടെ. അവര്‍ കര്‍ത്താവിന് മഹത്വമര്‍പ്പിച്ച് ദ്വീപുകളില്‍ അവന്റെ സ്തുതി ഘോഷിക്കട്ടെ.'' (യെശയ്യാവ് 42:10-12)
വരാനിരിക്കുന്ന പ്രവാചകനെ ദൈവം അഭിസംബോധന ചെയ്യുന്ന രൂപത്തില്‍ യെശയ്യാവിന്റെ പുസ്തകം വീണ്ടും പറയുന്നു: "കേദാറിലെ ആട്ടിന്‍പറ്റം മുഴുവന്‍ നിന്റെ അടുക്കല്‍ വന്നുകൂടും; നെബയോത്തിലെ ആണാടുകള്‍ നിനക്ക് സേവ ചെയ്യും. അവ എനിക്ക് പ്രസാദജനകമായി എന്റെ ബലിപീഠത്തില്‍ എത്തും; എന്റെ മഹിമയാര്‍ന്ന ആലയത്തെ ഞാന്‍ മഹത്വപ്പെടുത്തും''. (യെശയ്യാ 60:7)

രക്ഷകനെ പ്രതീക്ഷിച്ച്.......

നൂറ്റാണ്ടുകളായി ഇസ്രായീല്‍ ജനത ആ രക്ഷകനെ കാത്തിരിക്കുകയായിരുന്നു. മോശെക്കുശേഷം വന്ന പ്രവാചകന്മാരൊന്നും തന്നെ മോശെയെപ്പോലുള്ള പ്രവാചകനല്ലെന്നും അവരൊന്നും ഇസ്രാഈല്യരുടെ സഹോദരന്മാരില്‍നിന്ന് ഉയര്‍ത്തപ്പെട്ടതല്ലെന്നും അവര്‍ മനസ്സിലാക്കി. മോശെ മുതല്‍ യേശു വരെയുള്ളവരെല്ലാം ഇസ്രാഈല്യരില്‍ നിന്നായിരുന്നു. നിയമങ്ങളോ മറ്റോ നല്‍കപ്പെട്ടവരായിരുന്നില്ല യേശുവരെയുള്ള പ്രവാചകന്മാരൊന്നും തന്നെ.

സീനാ പര്‍വതത്തില്‍നിന്നുള്ള കര്‍ത്താവിന്റെ ആഗമനംമോശെയോടു കൂടി പൂര്‍ത്തിയായി. ഫലസ്തീനിലുള്ള സേയീര്‍ മലയില്‍ നിന്നുള്ള കര്‍ത്താവിന്റെ ഉദയം യേശുവിന്റെ വരവോടു കൂടി പൂര്‍ത്തിയാക്കപ്പെട്ടു. അറേബ്യയിലെ ഹിജാസിലുള്ള പാറാന്‍ പര്‍വതത്തില്‍ നിന്നുള്ള കര്‍ത്താവിന്റെ പ്രകാശിക്കല്‍ എന്നാണെന്ന് കാത്തു കഴിയുകയായിരുന്നു ഇസ്രാഈല്യര്‍. മോശെക്കു ശേഷം വരുന്ന പ്രവാചകന്മാരില്‍ ആരാണ് സമാധാനം പ്രവചിക്കുകയെന്ന് അവര്‍ നോക്കിയിരുന്നു. പ്രവാചകത്വത്തിന്റെ ചെങ്കോല്‍ യഹൂദി-ഇസ്രാഈല്യര്‍-കളില്‍ നിന്ന് നീക്കിക്കളയുന്ന അവകാശിയുടെ ആഗമനം അവര്‍ കാത്തിരുന്നു.

കേദാറിലെയും നെബയോത്തിലെയും മനുഷ്യരെല്ലാം ഒന്നിച്ച് വന്നുകൂടുകയും വിശ്വസ്തതാപൂര്‍വ്വം നീതി നടത്തുകയും പരാജയ പ്പെടാതെ നീതി സ്ഥാപിക്കുന്നതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്യുന്ന ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ദാസന്റെ ആഗമനം കാത്തുകഴിയുകയായിരുന്നു ഇസ്രാഈല്യര്‍.

യേശുവിന് മുമ്പുള്ള യഹൂദികളെല്ലാവരും തന്നെ മൂന്ന് മഹാന്മാരെ പ്രതീക്ഷിക്കുന്നവരായിരുന്നു. ഏലിയാവ്, ക്രിസ്തു, അന്തിമ പ്രവാചകന്‍ എന്നിവരായിരുന്നു ഈ മൂന്നുപേര്‍. അവരിലേക്കുവന്ന ഓരോ പ്രവാചകന്മാരോടും അവര്‍ ചോദിച്ചു നിങ്ങള്‍ ഏലിയവോ യേശുവോ അന്തിമ പ്രവാചകനോ ഇതില്‍ ആരാണെന്ന്. യേശുവിന് മുമ്പ് വന്ന യോഹന്നാന്‍ സ്നാപകനോട് യഹൂദികള്‍ ചോദിച്ചു. 'നീ ക്രിസ്തുവാണോ?' 'ഞാന്‍ ക്രിസ്തുവല്ല' എന്നയാള്‍ ഏറ്റുപറഞ്ഞു. അവര്‍ അയാളോട് ചോദിച്ചു: 'എങ്കില്‍ നീ പിന്നെ ആരാണ്? ഏലിയായോ?' അയാള്‍ പറഞ്ഞു 'അല്ല'. 'നീ ആ പ്രവാചകനാണോ? അയാള്‍ മറുപടി പറഞ്ഞു: 'അല്ല' (യോഹന്നാന്‍ 1:20-22)
ക്രിസ്തുവിന് ശേഷവും അവര്‍ ആ 'പ്രവാചകനെ' കാത്തിരിക്കുകയായിരുന്നു.

ക്രിസ്തുവിന്റെ പ്രവചനങ്ങള്‍

ഇസ്രായീല്യരിലെ അവസാനത്തെ പ്രവാചകനായ ക്രിസ്തുവും ലോകത്തിലേക്ക് വന്നു. അദ്ദേഹം ഇസ്രായീല്യരിലേക്ക് മാത്രം അയക്കപെട്ട പ്രവാചകനായിരുന്നു. അദ്ദേഹം പറഞ്ഞു "ഇസ്രായീല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക് മാത്രമാണ് എന്നെ അയച്ചിരിക്കുന്നത്'' (മത്തായി 15:24) ക്രിസ്തു തന്റെ ശിഷ്യന്മാരോട് പറഞ്ഞത് ഇങ്ങനെയായിരുന്നു "നിങ്ങള്‍ വിജാതീയരുടെ ഇടയില്‍ പോകരുത്; ശമര്യക്കാരുടെ പട്ടണങ്ങളിലും പ്രവേശിക്കരുത്. എന്നാല്‍, ഇസ്രായീല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുക്കലേക്ക് പോവുക'' (മത്തായി 10: 5,6)

അദ്ദേഹവും മോശെയെപ്പോലുള്ള പ്രവാചകനായിരുന്നില്ല. മോശെയുടെ ജനനം സാധാരണ രീതിയിലായിരുന്നു (പിതാവിന്റെയും മാതാവിന്റെയും സംഗമത്തില്‍നിന്ന്) യേശു പിതാവില്ലാതെ തികച്ചും അസാധാരണ നിലയിലാണ് ജനിച്ചത്. മോശെക്ക് ഭാര്യയും മക്കളുമുണ്ടായിരുന്നെങ്കില്‍ യേശുവിന് ഇവയൊന്നുമുണ്ടായിരുന്നില്ല. മോശെ പ്രവാചകന്‍ ഭരണാധികാരി കൂടിയായിരുന്നുവെങ്കില്‍ യേശു പ്രവാചകന്‍ മാത്രമായിരുന്നു. മോശെ പ്രവാചകന് ന്യായപ്രമാണം നല്‍കപ്പെട്ടു. യേശുവാകട്ടെ മോശെയുടെ ന്യായപ്രമാണത്തെ അംഗീകരിക്കുക മാത്രമാണ് ചെയ്തത്.
യേശുവും വരാനിരിക്കുന്ന മഹാനായൊരു പ്രവാചകനെക്കുറിച്ച് ദീര്‍ഘദര്‍ശനം നടത്തി. അദ്ദേഹം പറഞ്ഞു: "ഞാന്‍ പോകുന്നത് നിങ്ങളുടെ നന്മയ്ക്കാണ്. ഞാന്‍ പോകുന്നില്ലെങ്കില്‍ സഹായകന്‍ (പാരക്ളിറ്റോസ്) നിങ്ങളുടെ അടുക്കല്‍ വരികയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുത്തേക്ക് ഞാന്‍ അയക്കും. അവന്‍ വരുമ്പോള്‍ പാപത്തെയും നീതിയെയും ന്യായവിധിയെയും കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്തും''. (യോഹന്നാന 16:7,8)

യേശു വീണ്ടും പറഞ്ഞു: "ഇനിയും പല കാര്യങ്ങള്‍ എനിക്ക് നിങ്ങളോട് പറയാനുണ്ട്. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് അത് താങ്ങാന്‍ സാധ്യമല്ല. സത്യാത്മാവ് വരുമ്പോള്‍ അവന്‍ നിങ്ങളെ എല്ലാ സത്യത്തിലേക്കും നയിക്കും. സ്വന്തം അധികാരത്തില്‍ ഒന്നും അവന്‍ പറയുകയില്ല. എന്നാല്‍ താന്‍ കേള്‍ക്കുന്നതെന്തും അവന്‍ പറയും. വരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളോട് പ്രഖ്യാപിക്കും''. (യോഹന്നാന്‍ 16:12-14)

യേശുവിനാല്‍ സത്യത്തിന്റെ ആത്മാവ്, സഹായി, സാന്ത്വനക്കാരന്‍ എന്നിങ്ങനെ വിളിക്കപ്പെട്ട മഹാനായ പ്രവാചകന്റെ ആഗമനത്തിനായി യേശുവിന്റെ അനുയായികള്‍ കാത്തിരുന്നു. അദ്ദേഹം വന്നതിനുശേഷം സകലവിധ സത്യങ്ങളിലേക്കും വഴി നടത്തപ്പെടുമെന്ന പ്രതീക്ഷയുമായി.

ഹിന്ദുമത ഗ്രന്ഥങ്ങളിലെ പ്രവചനങ്ങള്‍

ഭാരതത്തിലേക്ക് വന്ന പ്രവാചകന്മാരും മഹാനായ അന്തിമ പ്രവാചകന്റെ ആഗമനത്തെക്കുറിച്ച് പ്രവചിച്ചിട്ടുണ്ട്.
വേദവ്യാസന്‍ ഇങ്ങനെ പറഞ്ഞു:
ഏത സ്മിന്നന്തരേ മ്ളേഛ:
ആചാരേണ്യ സമന്വിത
മഹാമദ ഇതിഖ്യാദഃ
ശിഷ്യശാഖാ സമന്വിതം- (ഭവിഷ്യല്‍ പുരാണം 3:3:3:5 )
(അപ്പോള്‍ മഹാമദ് എന്ന പേരുള്ള വിദേശിയായ ലോകാചാര്യന്‍ തന്റെ ശിഷ്യഗണങ്ങളോടുകൂടി പ്രത്യക്ഷപ്പെടും).
മഹാമദ് എന്ന വിശ്വാചാര്യനെക്കുറിച്ച് വേദവ്യാസന്‍ തുടര്‍ന്നു: "ദൈവദൂത സദൃശനായ ഈ മരുഭൂനിവാസിയെ രാജാവ് ഗംഗാജലത്തിലും മറ്റ് അഞ്ചുതരം ശുദ്ധീകരണ ജലങ്ങളിലും സ്നാനം ചെയ്യിച്ച് ഭക്തി വിശ്വാസ സമന്വിതം പൂജിച്ച് ഇപ്രകാരം പ്രാര്‍ത്ഥിക്കും: 'അല്ലയോ മനുഷ്യവര്‍ഗത്തിന്റെ അഭിമാനസ്തംഭമായി പിറന്ന മഹാനുഭാവാ! ദുഷ്ടനിഗ്രഹത്തിനുള്ള ദിവ്യശക്തിയുടെ മാഹാത്മ്യത്താല്‍ ശത്രുപീഡകളില്‍നിന്നും രക്ഷപ്രാപിച്ചു പരാശക്തിയുടെ പ്രത്യക്ഷലക്ഷണമായി പരിലസിക്കുന്ന പുണ്യാത്മാവേ! അങ്ങയുടെ പാദചരണങ്ങളില്‍ അടിപണിയുന്ന ഈയുള്ളവനെ അവിടുന്ന് ഒരു അടിമയായി സ്വീകരിച്ചനുഗ്രഹിച്ചാലും.'' (ibid 3:3:68)

ആ മഹാനായ പ്രവാചകന്റെ അനുയായികളെക്കുറിച്ചും സാംസ്ക്കാരിക ചിഹ്നങ്ങളെക്കുറിച്ചും കൂടി വിവരിക്കുന്നുണ്ട് ഭവിഷ്യല്‍ പുരാണം. "അദ്ദേഹത്തിന്റെ അനുയായികള്‍ ചേലാകര്‍മ്മം ചെയ്യും. അവര്‍ കുടുമവെക്കുകയില്ല. അവര്‍ താടി വളര്‍ത്തും. അവര്‍ വിപ്ളവകാരികളായിരിക്കും. പ്രാര്‍ത്ഥനക്ക് വരാന്‍ അവര്‍ ഉറക്കെ ആഹ്വാനം ചെയ്യും. പന്നിയെ ഒഴിച്ച് മറ്റ് മിക്ക മൃഗങ്ങളെയും അവര്‍ ഭക്ഷിക്കും. ശുദ്ധിചെയ്യാന്‍ ദര്‍ഭ ഉപയോഗിക്കുന്നതിന് പകരം സമരം ചെയ്ത് അവര്‍ പരിശുദ്ധരാവും. മതത്തെ മലിനപ്പെടുത്തുന്നവരുമായി യുദ്ധം ചെയ്യുന്നതിനാല്‍ മുസൈലവന്മാര്‍ എന്നവര്‍ അറിയപ്പെടും. ഈ മാംസഭുക്കുകളുടെ ആവിര്‍ഭാവം എന്നില്‍ നിന്നായിരിക്കും''. (ibid 3:3:3: 2528)
അഥര്‍വ്വ വേദത്തില്‍ അന്തിമാചാര്യനെ സംബന്ധിച്ച് പറഞ്ഞത് ഇങ്ങനെയാണ്: 'അല്ലയോ ജനങ്ങളേ, നിങ്ങള്‍ ബഹുമാന പുരസ്സരം ശ്രദ്ധിക്കുക. സ്തുത്യര്‍ഹനായവന്‍ (നരാശംസ) വാഴ്ത്തപ്പെടും. അറുപതിനായിരത്തി തൊണ്ണൂറ് ശത്രുക്കളുടെ മധ്യത്തില്‍നിന്ന് നാം അദ്ദേഹത്തെ സ്വീകരിക്കും. അദ്ദേഹത്തിന്റെ വാഹനം ഇരുപത് ആണ്‍പെണ്‍ ഒട്ടകങ്ങളായിരിക്കും. അദ്ദേഹത്തിന്റെ മഹത്വം സ്വര്‍ഗലോകം വരെയെത്തി അതിനെ താഴ്ത്തും. അവന്‍ മാമാ ഋഷിക്ക് പത്ത് ചതുരങ്ങളും നൂറ് സ്വര്‍ണ നാണയങ്ങളും മുന്നൂറ് അറബിക്കുതിരകളും പതിനായിരം പശുക്കളും നല്‍കും'. (അഥര്‍വവേദം വിംശകാണ്ഡം സൂക്തം 27 ശ്ളോകം 1-3)

അവതാര തത്വത്തില്‍ വിശ്വസിക്കുന്ന ഹൈന്ദവരാകട്ടെ അവസാനത്തെ അവതാരമായ കല്‍ക്കിയുടെ ആഗമനം പ്രതീക്ഷിച്ച് കഴിയുകയാണ്്. വിഷ്ണുപുരാണത്തിലും കല്‍ക്കി പുരാണത്തിലും മഹാഭാഗവതത്തിലുമെല്ലാം കല്‍ക്കിയെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ഇരുളിന്റെ ചുരുളില്‍നിന്ന് വിശ്വത്തെ വിമോചിപ്പിക്കുന്ന കല്‍ക്കി ശാന്തി സുന്ദരമായ ഒരു ലോകത്തിന്റെ ഉദയവുമായാണ് പ്രത്യക്ഷപ്പെടുകയെന്നാണ് വിശ്വാസം. കലിയുഗത്തിന്റെ പാരമ്യത്തില്‍ മണലാരണ്യത്തില്‍ ജനിക്കുന്ന കല്‍ക്കിയുടെ പിതാവ് ജനനത്തിന് മുമ്പും മാതാവ് ജനി ച്ച് അല്‍പം കഴിഞ്ഞും പരലോകം പുല്‍കും. മലയില്‍വെച്ച് വിദ്യ സ്വീകരിക്കുന്ന കല്‍ക്കി തന്റെ നാലുകൂട്ടാളികളോടൊപ്പം അധര്‍മത്തെ നശിപ്പിക്കും. കല്‍ക്കിയുടെ പിതാവിന്റെ പേര് വിഷ്ണുഭഗത് എന്നും മാതാവിന്റെ പേര് സുമതി എന്നുമായിരിക്കും..... കല്‍ക്കിയെക്കുറിച്ചുള്ള വിവരണങ്ങളില്‍ ചിലതാണിവ.

ഹൈന്ദവ സഹോദരങ്ങള്‍ വരാനിരിക്കുന്ന അവസാനത്തെ ആചാര്യനെ കാത്തിരിക്കുകയായിരുന്നു. അധര്‍മത്തെ നശിപ്പിച്ച് ധര്‍മത്തെ സംസ്ഥാപിക്കാനായി ഒട്ടകങ്ങളുടെ നാട്ടില്‍നിന്ന് വരുന്ന അന്തിമാചാര്യനെ.


 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH