Search

mahonnathan

Slide - why nabi

JA slide show
ദൈവദൂതന്മാരുടെ സന്ദേശം Print E-mail

സ്രഷ്ടാവിനെയും ആരാധ്യനെയും പ്രതിഫലവേദിയെയുംകുറിച്ച് നിരന്തരമായി അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ട് ഒരു മനുഷ്യന്‍ പറയുന്നു:

“നിങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന വസ്തുതകളെക്കുറിച്ച് എനിക്ക് ജ്ഞാനം നല്‍കപ്പെട്ടിരിക്കുന്നു. ഈ ലോകത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന ദൈവമാണ് എനിക്ക് ജ്ഞാനം നല്‍കിയിരിക്കുന്നത്. നിങ്ങള്‍ ആരാധിക്കേണ്ടത് സര്‍വലോക രക്ഷിതാവായ ആദൈവത്തെ മാത്രമാകുന്നു. ദൈവത്തിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കുകയാണ് മനുഷ്യസമുദായത്തിന്റെ രക്ഷാമാര്‍ഗം. മനുഷ്യന്‍ മരണപ്പെടുന്നതോടുകൂടി അവന്റെ ജീവിതം അവസാനിക്കുന്നില്ല. ശാശ്വതമായ ഒരു പരലോക ജീവിതം വരാനിരിക്കുന്നേയുള്ളൂ. സത്യവിശ്വാസികളുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും പ്രതീക്ഷകളും സങ്കല്‍പങ്ങളും സാക്ഷാല്‍ക്കരിക്കപ്പെടുന്നത് ഈ ലോകത്തില്‍വെച്ചായിരിക്കും. നന്മകള്‍ക്കും തിന്മകള്‍ക്കും ആ വേദിയില്‍ വെച്ച് തക്കതായ പ്രതിഫലം നല്‍കപ്പെടും. അതിനാല്‍ ദൈവത്തിന്റെ വിധിവിലക്കുകള്‍ അനുസരിച്ച് ജീവിച്ച് വരാനിരിക്കുന്ന ശാശ്വത സൌഭാഗ്യം അനുഭവിക്കുവാന്‍ സജ്ജരാവുക”.

ഇതായിരുന്നു മുഴുവന്‍ ദൈവദൂതന്മാരും പറഞ്ഞത്. ദൈവദൂതന്മാരുടെ ഈ വചനങ്ങള്‍ യാഥാര്‍ത്ഥ്യമാണോ? നാം അവയില്‍ വിശ്വസിക്കേണ്ടതുണ്ടോ?

ഒരു കാര്യം ഉറപ്പാണ്. മനുഷ്യജിജ്ഞാസയുടെ സ്വാഭാവിക ചോദ്യങ്ങള്‍ക്ക് ഇതല്ലാതെ മറ്റൊരുത്തരം നല്‍കപ്പെട്ടിട്ടില്ല. സ്രഷ്ടാവ് അറിയിച്ചു തരികയല്ലാതെ ഈ പ്രശ്നങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താനായി മറ്റൊരു മാര്‍ഗവുമില്ലെന്ന് നമുക്കറിയാം. എങ്കില്‍ ഈ ഉത്തരം വാസ്തവമാണോയെന്ന് പരിശോധിക്കേണ്ട ബാധ്യത നമുക്കെല്ലാം ഇല്ലേ? തീര്‍ച്ചയായും!

ദൈവദൂതന്മാരുടെ വ്യക്തിത്വം
ആദ്യമായി പരിശോധിക്കേണ്ടത് നമ്മളോടിക്കാര്യം പറഞ്ഞ ദൈവദൂതന്റെ വ്യക്തിത്വത്തെക്കുറിച്ചാണ്. അയാള്‍ കളവ് പറയുന്നവനാണോ? ജനവഞ്ചകനാണോ? സ്വാര്‍ത്ഥിയാണോ?

ദൈവദൂതന്മാരുടെ ജീവിതം പരിശോധിക്കുന്ന ഏവര്‍ക്കും ബോധ്യപ്പെടുന്ന ഒരു വസ്തുതയുണ്ട്. അവരെ എതിര്‍ക്കുകയും നാട്ടില്‍നിന്ന് ആട്ടിപ്പുറത്താക്കുകയും കൊലപ്പെടുത്താന്‍ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുകയും ചെയ്തവര്‍ തന്നെ അവരുടെ ജീവിതത്തിന്റെ പരിശുദ്ധി അംഗീകരിക്കുന്നവരായിരുന്നു എന്നതാണത്. അവരുടെയെല്ലാം മുഴുവന്‍ ജീവിതവും സത്യസന്ധത, ശ്രേഷ്ഠചിന്ത, സന്മാര്‍ഗനിഷ്ഠ, പരിശുദ്ധ പ്രകൃതി, ഉല്‍കൃഷ്ടാദര്‍ശം, ഉയര്‍ന്ന മനുഷ്യത്വം എന്നിവയ്ക്ക് ഉദാത്ത മാതൃകയായിരുന്നു. അവരുടെ ജീവിതത്തിന്റെ വിവിധ രംഗങ്ങളിലെവിടെയെങ്കിലും ഒരു ന്യൂനത കണ്ടുപിടിക്കാന്‍ സമകാലികരായ പ്രതിയോഗികള്‍ക്കൊന്നും കഴിഞ്ഞിട്ടില്ലെന്ന വസ്തുത തന്നെ അവര്‍ എത്രമാത്രം പരിശുദ്ധരായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.

ദൈവദൂതന്മാരാരും തന്നെ സ്വാര്‍ത്ഥികളായിരുന്നില്ല. അവരുടെ വാക്കുകളിലോ പ്രവര്‍ത്തനങ്ങളിലോ ഒന്നും സ്വാര്‍ത്ഥതയുടെ അംശംപോലും കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. സ്വയം കഷ്ടനഷ്ടങ്ങള്‍ സഹിച്ചും അന്യരുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കു വേണ്ടി യത്നിച്ചവരായിരുന്നു അവര്‍. അവരുടെ പ്രബോധനചരിത്രം തന്നെ ഇതിനുള്ള തെളിവാണ്.

പ്രവാചകന്മാര്‍ കഷ്ടനഷ്ടങ്ങള്‍ സഹിച്ചതും നാട്ടില്‍നിന്ന് ഓടിക്കപ്പെട്ടതും കൂട്ടുകുടുംബാദികളാല്‍ ത്യജിക്കപ്പെട്ടതും പീഡനങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടതുമെല്ലാം എന്തിനുവേണ്ടിയായിരുന്നു? ആ സമൂഹം നന്നാകാന്‍ വേണ്ടി. അവര്‍ ശാശ്വത വിജയം നേടുന്നതിനുവേണ്ടി. അവയില്‍നിന്ന് ദൈവദൂതന്മാര്‍ക്ക് ഭൌതികമായി ഒന്നും ലഭിച്ചിരുന്നില്ല. മാത്രവുമല്ല, സമൂഹത്തിലെ പാരമ്പര്യ വിശ്വാസങ്ങള്‍ക്കെതിരെയുള്ള അവരുടെ പ്രബോധനം നിര്‍ത്തിയാല്‍-നിര്‍ത്തിയാല്‍ മാത്രം-ഭൌതികമായ പലവിധ നേട്ടങ്ങളും അവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. രാജ്യത്തിന്റെ അധികാരം, സുന്ദരികളായ സ്ത്രീകള്‍, ഇഷ്ടംപോലെ സമ്പത്ത്. ഇതെല്ലാം ത്യജിച്ച് മുള്‍കിരീടത്തിന്റെ മാര്‍ഗം തെരഞ്ഞെടുത്ത പ്രവാചകന്മാര്‍ സ്വാര്‍ത്ഥികളായിരുന്നുവെന്ന് ചരിത്രകാരന്മാരൊന്നുംതന്നെ ഇന്നുവരെ പറഞ്ഞിട്ടില്ല. സ്വന്തമായഎല്ലാം വലിച്ചെറിഞ്ഞ് സമൂഹത്തിന്റെ ശാശ്വത വിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ചവരായിരുന്നു അവര്‍.
ദൈവദൂതന്മാരാരുംതന്നെ, സമൂഹത്തിലെ ആരെയെങ്കിലും വഞ്ചിച്ചതായി ചരിത്രം പഠിപ്പിക്കുന്നില്ല. അവര്‍ വാഗ്ദാന പാലകരും സത്യം പറയുന്നവരുമായിരുന്നു. അവരുടെ പ്രകൃതി പരിശുദ്ധമായിരുന്നു. എല്ലാ പ്രശ്നങ്ങളിലും സമീപനങ്ങളിലും ഋജുവും ശ്രേഷ്ഠവും സംശയരഹിതവുമായ മാര്‍ഗമായിരുന്നു അവര്‍ സ്വീകരിച്ചിരുന്നത്. സമൂഹത്തിന് സാരോപദേശങ്ങള്‍ നല്‍കുക മാത്രമല്ല, അവ സ്വന്തം ജീവിതത്തില്‍ പകര്‍ത്തിക്കാണിച്ചുകൊടുക്കുക കൂടി ചെയ്തിരുന്നു അവര്‍.

ഈ സ്വഭാവ വൈശിഷ്ട്യങ്ങളെല്ലാംതന്നെ, അവര്‍ പറയുന്നത് അസത്യമാകാന്‍ സാധ്യതയില്ലെന്ന് വ്യക്തമാക്കാന്‍ പോന്നതായിരുന്നു. സ്വന്തമായി കള്ളമോ വഞ്ചനയോ സ്വാര്‍ത്ഥതയോ ശീലിച്ചിട്ടില്ലാത്ത ഒരാള്‍ സമൂഹത്തില്‍ ത്യാഗങ്ങള്‍ സഹിച്ച് ‘പച്ചക്കള്ളം’ പ്രച രിപ്പിക്കാനുള്ള സാധ്യത എത്രമാത്രം വിരളമാണ്!

അമാനുഷിക ദൃഷ്ടാന്തങ്ങള്‍
ഇതിലുപരി തങ്ങള്‍ പ്രവാചകന്മാരാണെന്നതിന് തെളിവായി വ്യക്തമായ അമാനുഷിക ദൃഷ്ടാന്തങ്ങളും അവര്‍ക്ക് നല്‍കപ്പെട്ടിരുന്നു. സമൂഹത്തിന്റെ ബുദ്ധിപരവും വൈജ്ഞാനികവുമായ കഴിവുകളെ വെല്ലുവിളിക്കുന്നതായിരുന്നു പ്രസ്തുത അമാനുഷിക ദൃഷ്ടാന്തങ്ങള്‍. അവയ്ക്കുമുന്നില്‍ സമൂഹം മുട്ടുകുത്തുകയാണുണ്ടായത്.

മോശെ പ്രവാചകന്റെ, ദൈവ കല്‍പനപ്രകാരം നിലത്തിട്ടാല്‍ പാമ്പാകുന്ന വടിക്കുമുന്നില്‍ അന്നത്തെ സകലവിധ ജാലവിദ്യക്കാരും തോല്‍വി സമ്മതിച്ചു. യേശു കാണിച്ച മരിച്ചവരെ ജീവിപ്പിക്കുക തുട ങ്ങിയ അമാനുഷിക കഴിവുകള്‍ക്ക് മുമ്പില്‍ അന്നത്തെ സകല ചികിത്സകന്മാരും തോല്‍വി സമ്മതിച്ച് മുട്ടുമടക്കി. ഇങ്ങനെ വിവിധ സമൂഹങ്ങളിലേക്ക് നിയുക്തരായ പ്രവാചകന്മാര്‍ക്ക് സമൂഹത്തിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് ദൃഷ്ടാന്തങ്ങള്‍ നല്‍കപ്പെട്ടു. തങ്ങള്‍ ദൈവത്തിന്റെ പ്രവാചകന്മാരാണെന്നതിനുള്ള വ്യക്തമായ തെളിവുകളായിരുന്നുഅവ.

ദൈവദൂതന്മാരുടെ പരമ്പര
പ്രവാചക പരമ്പരക്ക് മാനവ സമുദായത്തിന്റെ ഉല്‍പ്പത്തി മുതല്‍ തന്നെ തുടക്കം കുറിക്കപ്പെട്ടിട്ടുണ്ട്. ദൈവം മണ്ണില്‍നിന്ന് മനുഷ്യനെയും അവനില്‍നിന്ന് തന്റെ ഇണയേയും സൃഷ്ടിച്ചു. ദൈവത്തിന്റെ വിലക്കുകള്‍ പാലിക്കാതെ പിശാചിന്റെ ദുര്‍ബോധനങ്ങള്‍ക്ക് വശംവദരായി വിലക്കപ്പെട്ട കനി തിന്നതിനാല്‍ സ്വര്‍ഗലോകത്തില്‍നിന്നും പുറത്താക്കപെട്ട ആദ്യദമ്പതികള്‍ ചെയ്ത കുറ്റം അവരുടെ പശ്ചാത്താപം കൊണ്ട് ദൈവം പൊറുത്തുകൊടുത്തു. അതിനുശേഷം ഭൂമിയിലേക്കയക്കപ്പെട്ട അവരുടെ സന്തതികള്‍ക്ക് ഉദ്ബോധനം നടത്താനുള്ള ബാധ്യത ആദിമ മനുഷ്യനായ ആദമില്‍ ഭരമേല്‍പ്പിക്കപ്പെട്ടു. അദ്ദേഹം തന്റെ സന്തതികളോട് “ഈ സമസ്ത പ്രപ ഞ്ചത്തിന്റെയും സ്രഷ്ടാവ് ഏകനായ ദൈവമാണെന്നും അവന്‍ മാത്രമാണ് ആരാധനകള്‍ക്കര്‍ഹനെന്നും അവന്റെ വിധിവിലക്കുകള്‍ പാലിക്കുന്നവര്‍ക്ക് മരണാനന്തര ജീവിതത്തില്‍ രക്ഷയുണ്ടെന്നും അനുസരിക്കാത്തവര്‍ക്ക് ശിക്ഷ ലഭിക്കുമെന്നും” പഠിപ്പിച്ചു. ഇതാണ് പ്രവാചകത്വത്തിന്റെ ഉല്‍പ്പത്തി.

ആദമിന്റെ സന്തതികള്‍ പെരുകി. പലരും തങ്ങളുടെ പിതാവായ ആദമിന്റെ മാര്‍ഗം പിന്തുടര്‍ന്നു. ഏകനായ ദൈവത്തെ മാത്രം ആരാധിച്ചു. അവന്റെ വിധിവിലക്കുകള്‍ അനുസരിച്ചു. കാലക്രമത്തില്‍ അവസ്ഥ മാറി. വീരാരാധനയില്‍നിന്നാണ് സമൂഹത്തിന്റെ വഴികേടിന് തുടക്കം കുറിക്കപ്പെട്ടത്. സമൂഹത്തിലെ ഉന്നതന്മാരും സദ് വൃത്തരുമായിരുന്ന പിതാക്കളോടുള്ള ബഹുമാനം അവരെ പൂജിക്കുന്നതിലേക്കും അവരോട് സഹായങ്ങളര്‍ത്ഥിക്കുന്നതിലേക്കും അങ്ങ നെ അവരെയെല്ലാം ആരാധ്യന്മാരായി പ്രതിഷ്ഠിക്കുന്നതിലേക്കും മനുഷ്യരെ എത്തിച്ചു. ഇതോടൊപ്പംതന്നെ പ്രകൃതി ശക്തികളോടു ള്ള ആരാധനാ മനോഭാവവും വളര്‍ന്നുവന്നിരുന്നു. സൂര്യചന്ദ്ര നക്ഷത്രങ്ങളെയും കാറ്റ്, ഇടമിന്നല്‍, സമുദ്രം എന്നിവയെയും മരങ്ങളെയും മൃഗങ്ങളെയും പോലും ആരാധിക്കുന്ന അവസ്ഥയുണ്ടായി. പ്രകൃതി ശക്തികള്‍ക്കെല്ലാം പിന്നില്‍ പ്രത്യേകം ദൈവങ്ങളെ സങ്കല്‍പിച്ചു.

വീരാരാധനയും പ്രകൃതിപൂജയും സൃഷ്ടിച്ച വൈരുദ്ധ്യങ്ങള്‍ സമൂഹത്തില്‍ വിള്ളലുണ്ടാക്കി. ഒട്ടനവധി ആരാധ്യന്മാരും ആരാധനാ സമ്പ്രദായങ്ങളുമുണ്ടായി. സമൂഹം ഭിന്നിച്ചു. വ്യത്യസ്ത മതങ്ങളുണ്ടായി. ആദമിന്റെ സന്തതികള്‍ വ്യത്യസ്ത പ്രദേശങ്ങളിലേക്ക് കുടിയേറി. അവിടങ്ങളിലെല്ലാം ദേശങ്ങളുണ്ടായി. ഒരൊറ്റ മാതാപിതാക്കളുടെ മക്കള്‍തന്നെ വിവിധ ദേശക്കാരും സമുദായങ്ങളുമായി രൂപാന്തരപ്പെട്ടു. ഓരോ സമുദായത്തിനും പ്രത്യേക മതവും ആരാധനാ സമ്പ്രദായങ്ങളുമുണ്ടായി. ആരാധ്യന്മാര്‍ ഏറെയുണ്ടായപ്പോള്‍ യഥാര്‍ത്ഥത്തിലുള്ള ആരാധ്യനായ ഏകദൈവത്തെ അവര്‍ മറന്നു. അതോടൊപ്പംതന്നെ സ്വാഭാവികമായും ദൈവത്തിന്റെ വിധിവിലക്കുകള്‍ ശ്രദ്ധിക്കാനവര്‍ക്ക് സമയമില്ലാതായി. സമൂഹം ദുര്‍വൃത്തികളിലും ദുരാചാരങ്ങളിലും പെട്ട് നട്ടംതിരിഞ്ഞു.

ഇത്തരം അവസ്ഥകളില്‍ ദൈവം ഓരോ സമൂഹത്തിലേക്കും സത്യമതം പ്രബോധനം ചെയ്യാന്‍വേണ്ടി ദൂതന്മാരെ അയച്ചു. തങ്ങളുടെ സമൂഹത്തിന്റെ വഴികേടിനെക്കുറിച്ച് അവര്‍ സ്വസമുദായത്തെ ബോധവാന്മാരാക്കി. സകല പ്രപഞ്ചത്തിന്റെയും സ്രഷ്ടാവും സംരക്ഷകനുമായ ഏക ദൈവത്തെ മാത്രമേ ആരാധിക്കാന്‍ പാടുള്ളൂവെന്നും മറ്റ് വസ്തുക്കളെല്ലാം ദൈവത്തിന്റെ സൃഷ്ടികളാണെന്നും അവര്‍ സമൂഹത്തെ ഉദ്ബോധിപ്പിച്ചു.

ദുര്‍വൃത്തികളില്‍നിന്നും ദുരാചാരങ്ങളില്‍നിന്നും അവര്‍ സമൂഹത്തെ തടഞ്ഞു. ദൈവപ്രീതി ലക്ഷ്യമാക്കി ജീവിക്കാന്‍ അവര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. മരണാനന്തര ജീവിതത്തെക്കുറിച്ച് അവര്‍ സമൂഹത്തിന് മുന്നറിയിപ്പ് നല്‍കി. ദൈവത്തിന്റെ വിധിവിലക്കുകള്‍ അനുസരിച്ച് ജീവിക്കുന്നവര്‍ക്ക് പരലോകത്ത് സുഖസമ്പൂര്‍ണ്ണമായ ജീവിതവും അവ അവഗണിക്കുന്നവര്‍ക്ക് കാഠിന്യമേറിയ ശിക്ഷയുമുണ്ടെന്ന് അവര്‍ മാനവരാശിയെ അറിയിച്ചു.

ലോകത്ത് എവിടെയെല്ലാം മനുഷ്യരുണ്ടോ അവിടെയെല്ലാം മുന്നറിയിപ്പുകാരായ ദൈവദൂതന്മാരുടെ ആഗമനവും നടന്നിട്ടുണ്ട്. ദൈവദൂതന്റെ നിയോഗമില്ലാത്ത ഒരൊറ്റ സമൂഹവും കഴിഞ്ഞു പോയിട്ടില്ല. സെമിറ്റിക് വംശങ്ങളില്‍ മാത്രമല്ല, ഇന്ത്യക്കാര്‍ക്കിടയിലും ആഫ്രിക്കക്കാര്‍ക്കിടയിലുമെല്ലാം ദൈവദൂതന്മാര്‍ നിയുക്തരായിട്ടുണ്ട്.ഇവരെല്ലാവരും പ്രബോധനം ചെയ്ത തത്വങ്ങള്‍ അടിസ്ഥാനപമായി ഒന്നുതന്നെയായിരുന്നു-ഏകദൈവാരാധനവും പരലോകവിശ്വാസവും. ഇവരെല്ലാവരും പ്രബോധനം ചെയ്ത മതമാണ് ഇസ്ലാം. നോഹയും അബ്രഹാമും യാക്കോബും യോനായും മോശെയും യേശുവും മുഹമ്മദും മാത്രമല്ല, ലോകത്തിലേക്ക് വന്ന പ്രവാചകന്മാര്‍ മുഴുവന്‍ മാനവരാശിയെ പഠിപ്പിച്ചത് എന്താണോ അതാണ് ഏകദൈവാരാധനയും അവന്നുള്ള സമര്‍പ്പണവും അഥവാ ഇസ്ലാം.

ഒരേ തത്വങ്ങള്‍
അടിസ്ഥാനപരമായി ഒരേ തത്വങ്ങള്‍തന്നെയാണ് പ്രവാചകന്മാര്‍ പഠിപ്പിച്ചത്. എന്നാല്‍ കര്‍മപരിപാടികള്‍ക്ക് കാലഘട്ടത്തിനും സാമൂഹിക സാഹചര്യത്തിനും അനുസൃതമായി അല്‍പസ്വല്‍പം വ്യത്യാസങ്ങളുണ്ടായിരുന്നു. ഏകദൈവാരാധനയിലധിഷ്ഠിതമായിരുന്നു അവയെല്ലാംതന്നെ. ജനങ്ങളില്‍ സത്യസന്ധതയും ആത്മാര്‍ത്ഥതയും വളര്‍ത്തി പരലോകത്തിലെ ശിക്ഷയില്‍നിന്ന് അവരെ മോചിപ്പിക്കുകയും രക്ഷയ്ക്കുവേണ്ടി പ്രാപ്തരാക്കുകയും ചെയ്യുകയായിരുന്നു ഈ നിയമനിര്‍ദ്ദേശങ്ങളുടെയും കര്‍മ പരിപാടികളുടെയുമെല്ലാം ലക്ഷ്യം.

സഹിച്ച ത്യാഗങ്ങള്‍
ജനങ്ങളുടെ മോചനത്തിന്റെ സന്ദേശമാണ് പ്രവാചകന്മാര്‍ അവര്‍ക്ക് പഠിപ്പിച്ചുകൊടുത്തത്. അവരുടെ ശാശ്വത വിജയത്തിനുള്ള മാര്‍ഗമാണ് ദൈവദൂതന്മാര്‍ കാണിച്ചുകൊടുത്തത്. അവരെ മോക്ഷത്തിലേക്ക് നയിക്കാനാണ് പ്രവാചകന്മാര്‍ നിയുക്തരായത്.

പക്ഷേ, ജനങ്ങള്‍ പ്രവാചകന്മാരെ പലവിധത്തിലും ഉപദ്രവിച്ചുകൊണ്ടിരുന്നു. കാരണമുണ്ടായിരുന്നു. തങ്ങളുടെ പാരമ്പര്യ വിശ്വാസത്തിനെതിരായിട്ടാണ് പ്രവാചകന്മാര്‍ രംഗത്തുവന്നിട്ടുള്ളത്. അവര്‍ക്ക് പറയാനുള്ളത് ഏകദൈവത്തെ മാത്രമാണ് ആരാധിക്കേണ്ടത് എന്നാണ്; ദൈവിക മാര്‍ഗനിര്‍ദ്ദേശങ്ങളനുസരിച്ചുള്ള ജീവിതമാണ് പരലോക മോക്ഷത്തിന് നിദാനമെന്നാണ്. ഇത് കുട്ടിദൈവങ്ങളെയും കല്ലറകളെയും വ്യാജദൈവങ്ങളെയും ഇടയാളന്മാരെയും വിഗ്രഹങ്ങളെയുമെല്ലാം വെടിയുന്ന അവസ്ഥയിലേക്കാണ് ജനങ്ങളെ നയിക്കുക. അപ്പോള്‍ ദൈവങ്ങളുടെ സ്വന്തക്കാരായി സ്വയം അവരോധിതരാവുകയും ദൈവങ്ങളുടെ പേരില്‍ മനുഷ്യരെ മാനസികമായ അടിമകളാക്കിവെക്കുകയും ചെയ്തിരുന്ന പൌരോഹിത്യത്തിന് പ്രസക്തിയുണ്ടാവുകയില്ല. ഏകനായ ദൈവത്തെ മാത്രമാണ് ആരാധിക്കേണ്ടതെങ്കില്‍, അവനോട് നേരിട്ട് പ്രാര്‍ത്ഥിക്കാമെങ്കില്‍, അവന്‍ സര്‍വശക്തനുമാണെങ്കില്‍ പിന്നെ പൌരോഹിത്യത്തിനും ഇടയാളന്മാര്‍ക്കുമെന്താണ് പ്രസക്തി?

ഇത് മനസിലാക്കിയ പൌരോഹിത്യം ജനങ്ങളെ പ്രക്ഷുബ്ധരാക്കി. പാരമ്പര്യവിരോധികളും പൌരാണികന്മാരെ തള്ളിപ്പറയുന്നവരുമാണ് പ്രവാചകന്മാരെന്ന ധാരണയുണ്ടാക്കി സാധാരണക്കാരെ അവര്‍ക്കെതിരെ പ്രകോപിതരാക്കി വിട്ടു. പലപ്പോഴും അധികാരിവര്‍ഗവും പൌരോഹിത്യത്തിന് കൂട്ടുനിന്നു. ഏകനായ ദൈവത്തിനുമുന്നില്‍ പണക്കാരനും പണിക്കാരനും അധികാരികളും പ്രജകളുമെല്ലാം സമന്മാരാണെന്ന് വന്നാല്‍ പിന്നെ തങ്ങള്‍ക്ക് ജന്മാവകാശമായി കിട്ടിയ അധികാരത്തിന്റെ ഔന്നത്യത്തിന് അര്‍ത്ഥമുണ്ടാവുകയില്ലെന്നവര്‍ കണക്കുകൂട്ടി. പരലോക മോക്ഷത്തിന് ദൈവദൂതന്മാര്‍ പറയുന്ന മാര്‍ഗമാണ് ഉപയുക്തമെന്ന് വന്നാല്‍ തങ്ങള്‍ ചെയ്യുന്ന തോന്നിവാസങ്ങള്‍ക്ക് കൂട്ടുനില്‍ക്കാന്‍ ആളെ കിട്ടുകയില്ലെന്നവര്‍ മനസ്സിലാക്കി.

അങ്ങനെ അധികാരി വര്‍ഗവും പൌരോഹിത്യവും കൂടി പ്രവാചകന്മാരെയും അവരുടെ തത്വങ്ങളെയും നശിപ്പിക്കാനായി സകലവിധ തന്ത്രങ്ങളും പയറ്റി. അക്രമങ്ങള്‍ അഴിച്ചുവിട്ടു. പ്രലോഭനങ്ങള്‍ നടത്തി. പല പ്രവാചകന്മാരും വധിക്കപ്പെട്ടു. ചിലര്‍ ബഹിഷ്ക്കരിക്കപ്പെട്ടു. മറ്റുചിലര്‍ ആട്ടിയോടിക്കപ്പെട്ടു. ജീവനാടെ നിര്‍ത്തി ഈര്‍ച്ചവാളുകൊണ്ട് നടുവെ ഛേദിച്ചതും ശരീരമാസകലം ഇരുമ്പു ചീര്‍പ്പുകൊണ്ട് വാര്‍ന്ന് ചോരയൊലിപ്പിച്ചതുമെല്ലാം ജനങ്ങള്‍ക്ക് മോചനത്തിന്റെ മാര്‍ഗം കാണിച്ചുകൊടുത്തുവെന്ന ഏകകാരണത്താലായിരുന്നു. ഇത് മനസ്സിലാക്കുമ്പോഴാണ് സത്യമത പ്രബോധനത്തിനായി പ്രവാചകന്മാര്‍ എത്രമാത്രം ത്യാഗങ്ങള്‍ സഹിച്ചുവെന്ന് നമുക്ക് അറിയാന്‍ കഴിയുക.

രണ്ടു ചേരികള്‍
ഈ അക്രമങ്ങളൊന്നും സത്യമാര്‍ഗത്തിന്റെ സന്ദേശ പ്രചരണത്തില്‍നിന്ന് ദൈവത്തിന്റെ ഉത്തമ ദാസന്മാരെ പിന്തിരിപ്പിക്കാന്‍ പര്യാപ്തമല്ലായിരുന്നു. ഇത്തരം പ്രതിബന്ധങ്ങളെയെല്ലാം തൃണവല്‍ഗണിച്ച് പ്രവാചകന്മാര്‍ തങ്ങള്‍ ഏല്‍പ്പിക്കപ്പെട്ട ദൌത്യം നിര്‍വഹിച്ചുകൊണ്ടിരുന്നു. സമൂഹത്തിന്റെ എതിര്‍പ്പ് വകവെക്കാതെ സത്യാന്വേഷികള്‍ കൂട്ടംകൂട്ടമായി ഈ സത്യമതത്തില്‍ ചേര്‍ന്നു. വലിയ ജനസമുദായങ്ങള്‍തന്നെ ദൈവിക മാര്‍ഗദര്‍ശനത്തിന്റെ കൊടിക്കീഴില്‍ അണിനിരന്നു.

അവിടെ വ്യക്തമായ രണ്ട് ചേരികളുണ്ടായി. ഒന്ന് സ്രഷ്ടാവായ ദൈവത്തെ മാത്രം ആരാധിക്കുകയും അവന്റെ മാര്‍ഗദര്‍ശ നത്തെ പിന്‍പറ്റുകയും ചെയ്യുന്നവര്‍. രണ്ട് ദൈവത്തെ കൂടാതെ മറ്റ് പലതിനെയും ആരാധിക്കുകയും അവന്റെ മാര്‍ഗദര്‍ശനത്തെ അവഗണിക്കുകയും ചെയ്യുവര്‍. ഇതില്‍ രണ്ടാമത്തെ ചേരി ഒന്നാമത്തെ ചേരിയെ നശിപ്പിക്കാനായി ശ്രമിച്ചപ്പോള്‍ ഇവ പ്രധാനപ്പെട്ട രണ്ട് സമൂഹങ്ങളായി രൂപാന്തരപ്പെട്ടു. ഒന്നാമത്തെ സമൂഹം ദൈവിക മാര്‍ഗദര്‍ശനങ്ങള്‍ സ്വീകരിക്കുന്നതിനാല്‍ അവര്‍ സത്യമതം സ്വീകരിക്കുന്നവരായി. അഥവാ മുസ്ലിംകളായി. രണ്ടാമത്തെ സമൂഹം ദൈവിക മാര്‍ഗദര്‍ശനങ്ങള്‍ അവഗണിച്ചതിനാല്‍ അവര്‍ സത്യനിഷേധികളായി. അഥവാ കാഫിറുകളായി.

ഇസ്ലാം എന്നാല്‍
അറബി ഭാഷയില്‍ ‘ഇസ്ലാം’ എന്ന പദത്തിന്റെ അര്‍ത്ഥം സമര്‍പ്പണം, കീഴ്വണക്കം എന്നൊക്കെയാണ്. സമാധാനം, രക്ഷ എന്നീ ആശയങ്ങള്‍ ആ പദത്തില്‍ അടങ്ങിയിട്ടുണ്ട്. സര്‍വശക്തനായ സ്രഷ്ടാവിന് സര്‍വസ്വവും സമര്‍പ്പിക്കുകവഴി സമാധാനത്തി ന്റെയും രക്ഷയുടെയും പാതയിലേക്കുള്ള പ്രയാണമാണ് ഇസ്ലാം എന്ന് പറയാം. സര്‍വശക്തന്‍ പ്രവാചകന്മാരിലൂടെ അവതരിപ്പിച്ച ഇസ്ലാം സ്വീകരിക്കുന്നവനാണ് മുസ്ലിം. അത് ധിക്കരിക്കുന്നവര്‍ ഇസ്ലാമിന്റെ വൃത്തത്തിന് പുറത്താണ്.

ജന്മമല്ല വിശ്വാസവും കര്‍മങ്ങളുമാണ് മനുഷ്യരെ മുസ്ലിമും അമുസ്ലിമുമാക്കിത്തീര്‍ക്കുന്നത്. സത്യവിശ്വാസികളായ മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുഞ്ഞ്, ദൈവധിക്കാരത്തിന്റെ മാര്‍ഗമാണ് പിന്തുടരുന്നതെങ്കില്‍ അവന്‍ ഇസ്ലാമിന് പുറത്താണ്. അവിശ്വാസികളായ മാതാപിതാക്കളുടെ കുട്ടി, ദൈവത്തിന് സ്വയം സമര്‍പ്പിക്കാനും പ്രവാചകന്മാര്‍ പഠിപ്പിച്ച പാത പിന്തുടരാനും സന്നദ്ധമാവുകയാണെങ്കില്‍ ഇസ്ലാമിക സമൂഹത്തിലെ അംഗമാണ്. പടച്ചതമ്പുരാന് സമ്പൂര്‍ണമായും സമര്‍പ്പിക്കാന്‍ സന്നദ്ധരായ സജ്ജനങ്ങളുടെ കൂട്ടായ്മയാണ് മുസ്ലിം സമുദായം. അതല്ലാതെ മുസ്ലിം നാമങ്ങളുള്ള മാതാപിതാക്കളുടെ മക്കളായി പിറന്ന കുറെ മനുഷ്യരുടെ ഒത്തുചേരലല്ല.

‘മതങ്ങള്‍’ ഉണ്ടാകുന്നു
പ്രവാചകന്മാര്‍ പ്രബോധനം ചെയ്ത മതത്തിന് അവരുടെ ജീവിതകാലത്തിനുശേഷം ഏറെക്കാലം നിലനില്‍പ്പുണ്ടായില്ല. അവരുടെ പിന്‍ഗാമികള്‍ തന്നെ പ്രവാചകന്മാരുടെ ശിക്ഷണ നിര്‍ദേശങ്ങളെ മാറ്റിമറിച്ചു. അവര്‍ കൊണ്ടുവന്ന ദൈവിക ഗ്രന്ഥങ്ങളില്‍ സ്വന്തം വകയായി ആശയങ്ങള്‍ കടത്തിക്കൂട്ടി. ചിലര്‍ പ്രവാചകന്മാരെ ദൈവാവതാരങ്ങളായി പ്രതിഷ്ഠിച്ചു. മറ്റുചിലര്‍ പ്രവാചകന്മാര്‍ ദൈവപുത്രന്മാരാണെന്ന് വാദിച്ചു. വേറെ ചിലര്‍ പ്രവാചകന്മാര്‍ ദൈവിക വ്യക്തിത്വത്തിലെ ആളത്വമാണെന്ന് പറഞ്ഞു.

സര്‍വശക്തനെയല്ലാതെ മറ്റാരെയും ആരാധിക്കാന്‍ പാടില്ലെന്ന് പറഞ്ഞ പ്രവാചകന്മാരെതന്നെ പൂജിക്കുകയെന്ന വൈരുദ്ധ്യത്തിനാണ് മനുഷ്യ ചരിത്രം സാക്ഷ്യംനില്‍ക്കുന്നത്. പ്രവാചകന്മാര്‍ പഠിപ്പിച്ച കര്‍മാനുഷ്ഠാനങ്ങളെയും നിയമനിര്‍ദേശങ്ങളെയും അവരുടെ അനുയായികള്‍ തന്ന ദുഷിപ്പിച്ചുകളഞ്ഞു. പലതരം മൂഢാചാരങ്ങളും ദുര്‍നടപടികളും മതത്തിന്റെ പേരില്‍ അവര്‍ നിര്‍മിച്ചുനടപ്പാക്കി. കെട്ടുകഥകളും വ്യാജേതിഹാസങ്ങളും കൂട്ടിക്കലര്‍ത്തി കുറെ മിത്തുകളെ സൃഷ്ടിച്ച് അവയ്ക്കെല്ലാം ആരാധനകളര്‍പ്പിക്കുന്ന അവസ്ഥയുണ്ടായി. അങ്ങനെ സത്യവും അസത്യവും കൂടിക്കുഴഞ്ഞ രൂപത്തിലായി. പ്രവാചകന്‍ പഠിപ്പിച്ച വിശ്വാസാചാരങ്ങളേതാണെന്നും പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ക്കപ്പെട്ടതെന്താണെന്നും വിവേചിച്ചറിയാന്‍ കഴിയാതെയായി.

അപ്പോള്‍ വീണ്ടും ദൈവം ദൂതന്മാരെ നിയോഗിച്ചു. അവര്‍ സമൂഹത്തെ ഉദ്ധരിക്കാന്‍ ശ്രമിച്ചു. സത്യത്തിന്റെ സന്ദേശം ജനങ്ങള്‍ക്കെത്തിച്ചു. പലരും വെളിച്ചത്തിലേക്ക് വന്നു. മോക്ഷം നേടി. മറ്റു ചിലര്‍ അന്ധത പുല്‍കി അവിശ്വാസികളായി. ഈ ചക്രം ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

പരിമിതമായ ദൌത്യം
പ്രവാചകന്മാര്‍ എല്ലാ സമൂഹങ്ങളിലേക്കും നിയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് നാം മനസ്സിലാക്കി. അവരില്‍ ഓരോരുത്തരുടെയും പ്രബോധന ദൌത്യം സ്വന്തം സമുദായത്തില്‍ മാത്രം ഒതുങ്ങിനിന്നു. സമുദായങ്ങള്‍ തമ്മില്‍ ഇന്നത്തെപ്പോലുള്ള ബന്ധങ്ങളോ അടുപ്പമോ ഇല്ലാതിരുന്ന അക്കാലത്ത് അത് മാത്രമായിരുന്നു പ്രായോഗികമായ നടപടി. ഒരേ കാലയളവില്‍തന്നെ വ്യത്യസ്ത സമൂഹങ്ങളില്‍ ജീവിച്ച വ്യത്യസ്തരായ പ്രവാചകന്മാരുണ്ടായിരുന്നുവെന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്.


 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH