Search

mahonnathan

Slide - why nabi

JA slide show
സ്വന്തത്തെക്കുറിച്ച അന്വേഷണം Print E-mail

മനുഷ്യന്റെ മൂന്നാമത്തെ അന്വേഷണം സ്വന്തത്തെക്കുറിച്ചാണ്. താന്‍ എവിടെ നിന്നാണ് വന്നതെന്നും എവിടേക്കാണ് പോകുന്നതെന്നുമറിയാന്‍ അവന്‍ ആഗ്രഹിക്കുന്നു. മറ്റ് മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി സമൂഹത്തിന്റെ നിലനില്‍പിനുവേണ്ടി പ്രത്യേകമായ ചില നിയമങ്ങള്‍ താന്‍ അനുസരിക്കേണ്ടതുണ്ടെന്നറിയുന്ന മനുഷ്യന്‍ അവ അനുസരിക്കാതെ തികച്ചും മൃഗീയമായ സര്‍വതന്ത്ര സ്വാതന്ത്ര്യം അനുഭവിച്ചാലെന്തെന്ന് സ്വയം ചോദിക്കുന്നു. തനിക്കുള്ള ആഗ്രഹാഭിലാഷങ്ങളും വികാരങ്ങളും ഈ ലോകത്തിലെ പരിമിതമായ ജീവിത ത്തിനുള്ളില്‍വെച്ച് ശമിപ്പിക്കാന്‍ കഴിയില്ലെന്നറിയുന്ന മനുഷ്യന്‍ അവ നേടിയെടുക്കാന്‍ കഴിയുന്ന ഒരു ജീവിതത്തിനുവേണ്ടി കാംക്ഷിക്കുന്നു.

മനുഷ്യന്റെ അസ്തിത്വം
ഈ പ്രപഞ്ചത്തിലേക്ക് കണ്ണോടിക്കുന്ന നാം മനുഷ്യന് തുല്യമായൊരസ്തിത്വത്തെ എവിടെയും കാണുന്നില്ല. പ്രപഞ്ചത്തിലെ പരമോന്നത സൃഷ്ടി മനുഷ്യനാണ്. കോടാനുകോടി സംവത്സരങ്ങളായുള്ള പ്രപഞ്ചത്തിന്റെ പരിണാമത്തിനിടയില്‍ മനുഷ്യനെന്ന പരമോല്‍കൃഷ്ട സൃഷ്ടി പ്രത്യക്ഷീഭവിച്ചിട്ട് ഏതാനും സഹസ്രാബ്ദങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ഭൂമിയാകമാനം ഒന്ന് കുലുങ്ങിയാല്‍ ആ സൃഷ്ടിയുടെ അസ്തിത്വം അവസാനിക്കുകയും ചെയ്യും. നമ്മുടെ ശരീരം ഏതേത് ഭൌതിക ഘടകങ്ങള്‍ ചേര്‍ന്നുണ്ടായതാണോ അതിന്റെയെല്ലാം വയസ്സ് കോടാനുകോടി കൊല്ലം നീണ്ടുനില്‍ക്കുന്നു. നാം ഉയിരെടുക്കുന്നതിനുമുമ്പേ അവയിവിടെയുണ്ടായിരുന്നു. നമ്മുടെ മരണത്തിനുശേഷവും കുറെ വര്‍ഷങ്ങള്‍ അവയിവിടെ അവശേഷിക്കും. എന്നാല്‍ ഈ പ്രപഞ്ചത്തിലെ സര്‍വോല്‍കൃഷ്ടമായ അസ്തിത്വം ഏതാനും വര്‍ഷങ്ങള്‍മാത്രം ജീവിക്കുന്നു. ശരാശരി അറുപതോ എഴുപതോവര്‍ഷംമാത്രം. ഇത് മനുഷ്യബുദ്ധി അംഗീകരിക്കുന്നില്ല. താന്‍ സര്‍വോല്‍കൃഷ്ട ജീവിയെന്ന് പറയപ്പെടണമെങ്കില്‍ ഈ ജീവിതത്തിന് പുറമേ മറ്റൊരു ജീവിതം കൂടി വേണമെന്ന് അവന്റെമനസ്സ് മന്ത്രിക്കുന്നു.

<ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണം
കുറെ ആഗ്രഹങ്ങളുള്ളവനാണ് മനുഷ്യന്‍. പക്ഷേ, തന്റെ ആശകളത്രയും പൂര്‍ത്തീകരിക്കാന്‍ ഈ ലോകത്തിന് കഴിയില്ലെന്നറിയുന്ന അവന്‍ നിരാശനാകുന്നു. പാമരനും പണ്ഡിതനും പണക്കാരനും പാവപ്പെട്ടവനുമൊന്നും ഇതില്‍നിന്ന് മുക്തമല്ല. നാം ആഗ്രഹിക്കുന്നത് മുഴുവന്‍ നേടിയെടുക്കാന്‍പറ്റുന്ന ഒരു സംവിധാനമല്ല ഈ ലോകത്തിലുള്ളതെന്ന് മനസ്സിലാക്കുന്ന മനുഷ്യന്‍ അവ നേടിയെടുക്കാന്‍ കഴിയുമോയെന്നന്വേഷിക്കുന്നു. ഈ പ്രപഞ്ചത്തിന്റെ സംവിധാനം തന്നെ തന്റെ ഇച്ഛകള്‍ മുഴുവന്‍ സഫലീകൃതമാക്കത്തക്ക രീതിയിലുള്ളതല്ലെന്നറിയുന്ന അവന്‍ ഈ പ്രാപഞ്ചിക ജീവിതത്തില്‍ നിന്നും വ്യത്യസ്തമായ ഒരു ജീവിതത്തിന് വേണ്ടി ആഗ്രഹിക്കുന്നു.

നന്മയും തിന്മയും

നന്മ ചെയ്യാന്‍ മനുഷ്യനില്‍ ജന്മനാതന്നെ ഒരു വാസനയുണ്ട്. തിന്മയോട് അവന് വെറുപ്പാണ്. പക്ഷേ, എന്താണ് നന്മയെന്നും എന്താണ് തിന്മയെന്നും വ്യക്തമായി നിര്‍വചിക്കാന്‍ മനുഷ്യന് സാധിക്കുന്നില്ല. അവന്‍ തിന്മയാണെന്ന് മനസ്സിലാക്കിയിട്ടുള്ള കാര്യങ്ങള്‍ ചെയ്യുന്ന വ്യക്തികളില്‍ പലരും ഇഹലോകത്ത് സുഖസൌകര്യങ്ങള്‍ അനുഭവിക്കുന്നതായും നന്മ ചെയ്യുന്നവരില്‍ പലരും കഷ്ടപ്പെടുന്നവരായും കാണപ്പെടുന്നു. നന്മക്കും തിന്മക്കും തക്കതായ പ്രതിഫലം നല്‍കാന്‍ ഈ ലോകത്തിന്റെ ഘടനയ്ക്ക് സാധ്യമല്ലെന്നറിയുമ്പോള്‍ അത്തരം ഒരു പ്രതിഫലവേദി ആവശ്യമാണെന്ന് അവന് തോന്നുന്നു. ഭൌതിക നീതിന്യായ കോടതികള്‍ക്കൊന്നുംതന്നെ നന്മയ്ക്കോ തിന്മയ്ക്കോ വ്യക്തമായ കൂലി കൊടുക്കാന്‍ കഴിയില്ലെന്നറിയുമ്പോള്‍ പ്രതിഫലവേദി ഈ ജീവിതത്തിലായിക്കൂടെന്ന് അവന്‍ വിധിക്കുന്നു.

ഒരു പ്രതിഫലവേദിക്കുവേണ്ടിയുള്ള തേട്ടവും മനുഷ്യാസ്ഥിത്വത്തിന്റെ സ്വാഭാവികമായ പ്രവണതയാണ്. പരലോകത്തെയും മരണാനന്തര ജീവിതത്തെയും അവ കാണുന്നില്ലെന്ന കാരണത്താല്‍ മാത്രം നിഷേധിച്ച പലര്‍ക്കും പറയേണ്ടിവന്നിട്ടുള്ളത് ‘പരലോകം എന്നൊന്ന് ഉണ്ടെങ്കില്‍ വളരെ നന്നായിരുന്നു. പക്ഷേ, അതില്ലല്ലോ……’ എന്നായിരുന്നു.

എങ്ങനെ അറിയും?

മനുഷ്യജിജ്ഞാസയുടെ അടിസ്ഥാനപരായ അന്വേഷണങ്ങളെക്കുറിച്ചാണ് നാം ചര്‍ച്ച ചെയ്തത്. സ്രഷ്ടാവിനെക്കുറിച്ചും, ആരാധ്യനെക്കുറിച്ചും പ്രതിഫലനാളിനെക്കുറിച്ചും അവന്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നു. ഈ പ്രശ്നങ്ങള്‍ക്കുള്ള വ്യക്തമായ ഉത്തരം നല്‍കാന്‍ സ്വന്തം ചിന്താശക്തി തീരെ അപര്യാപ്തമാണെന്ന് അവന്‍ മനസ്സിലാക്കുന്നു.

സ്രഷ്ടാവിനെ സംബന്ധിച്ച അന്വേഷണം അവന്റെ അസ്തിത്വമംഗീകരിക്കുന്നതില്‍ മാത്രമേ മനുഷ്യനെ എത്തിച്ചിട്ടുള്ളൂ. ആരാധ്യനെക്കുറിച്ച അന്വേഷണം അവന്റെ അനിവാര്യത വ്യക്തമാക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. പ്രതിഫലവേദി ആവശ്യമാണെന്ന അഭിപ്രായത്തില്‍ മാത്രമേ അതിനെക്കുറിച്ച അന്വേഷണം എത്തിച്ചിട്ടുള്ളൂ. ആര്? എങ്ങനെ? എവിടെ? തുടങ്ങിയ സുപ്രധാനമായ പല ചോദ്യ ങ്ങള്‍ക്കുമുള്ള ഉത്തരത്തിനുവേണ്ടിയാണ് മനുഷ്യന്‍ ആദ്യകാലം മുതലേ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ചരിത്രാതീതകാലം മുതല്‍തന്നെ.

ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഭൌതികമായ പരീക്ഷണ നിരീക്ഷണങ്ങളില്‍ നിന്ന് നമുക്ക് ലഭ്യമാവുകയില്ല. ഏതെങ്കിലും മൈക്രോസ്കോപില്‍വെച്ച് സ്രഷ്ടാവിന്റെ സത്തയെയോ ടെസ്റ്റ്റ്റ്യൂബില്‍വെച്ച് ആരാധ്യന്റെ അസ്തിത്വത്തെയോ ടെലസ്കോപിലൂടെ പ്രതിഫലവേദിയുടെ രൂപത്തെയോ ദര്‍ശിക്കാന്‍ കഴിയില്ല. കാരണം ഇവയെല്ലാം ഭൌതിക പരീക്ഷണങ്ങള്‍ക്കതീതമാണെന്നതാണ്.

സകല പ്രപഞ്ചത്തെയും സൃഷ്ടിച്ചു പരിപാലിക്കുന്നവന്‍ എന്നാണ് സ്രഷ്ടാവ് എന്നുപറയുമ്പോള്‍ നാം വിവക്ഷിക്കുന്നത്. പ്രപഞ്ചത്തെയും പദാര്‍ത്ഥത്തെയും സൃഷ്ടിച്ച അവന്‍ പ്രപഞ്ചത്തിനും പദാര്‍ത്ഥത്തിനുമതീതനായിരിക്കുമെന്ന് നമ്മുടെ സാമാന്യ ബുദ്ധിതന്നെ സമര്‍ത്ഥിക്കുന്നു. പദാര്‍ത്ഥത്തിന്റെ പെരുമാറ്റ രീതിയാണ് മനുഷ്യരുടെ പരീക്ഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും പ്രമേയം. പദാര്‍ത്ഥാതീതമായ ഒന്നിനെക്കുറിച്ചു സങ്കല്‍പ്പിക്കാന്‍പോലും സ്ഥലകാല നൈരന്തര്യത്തിന്റെ ബന്ധനത്തിലുള്ള മനുഷ്യധിഷണക്ക് കഴിയില്ല. പക്ഷേ, അങ്ങനെയൊരു അസ്തിത്വമുണ്ടെന്ന് അവന്റെ മനസ്സ് അവനോട് മന്ത്രിച്ചുകൊണ്ടിരിക്കുന്നു. അപ്പോള്‍ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ സ്രഷ്ടാവിന്റെ സത്തയെയോ സ്വഭാവത്തെയോകുറിച്ച് അറിയാന്‍ കഴിയില്ല. ആരാധ്യനെയും പ്രതിഫലനാളിനെയും കുറിച്ച അന്വേഷണത്തിന്റെ അവസ്ഥയും ഇതുതന്നെയാണ്. പിന്നെ അവയെക്കുറിച്ചറിയാനുള്ള മാര്‍ഗമെന്താണ്?

അത് സ്രഷ്ടാവ് നമുക്കറിയിച്ചുതരിക തന്നെ വേണം. അതല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. അതെങ്ങനെ സാധിക്കും? സ്ഥലത്തിനും കാലത്തിനുമതീതനായ സ്രഷ്ടാവ് സ്വയം പ്രത്യക്ഷപ്പെട്ട് ഈ കാര്യങ്ങള്‍ പറഞ്ഞു തരാനായി മനുഷ്യര്‍ക്കിടയിലേക്കിറങ്ങിയാല്‍ സ്ഥലകാല ബന്ധനത്തിലകപ്പെട്ടിരിക്കുന്ന മനുഷ്യ മസ്തിഷ്കത്തിന്അത് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. സ്രഷ്ടാവില്‍നിന്ന് മറ്റേതെങ്കിലും വഴിക്ക് മനുഷ്യര്‍ക്ക് ജ്ഞാനം ലഭിക്കുകയേ നിര്‍വാഹമുള്ളൂ.

അങ്ങനെ വല്ല ജ്ഞാനവും മനുഷ്യന് വന്ന് കിട്ടിയിട്ടുണ്ടോ? സ്രഷ്ടാവിനെയും ആരാധ്യനെയും പ്രതിഫലനാളിനെയും കുറിച്ച് വല്ല ബോധനവും മാനവരാശിക്ക് അവതരിപ്പിക്കപ്പെട്ടിട്ടുണ്ടോ?


 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH