Search

mahonnathan

Slide - why nabi

JA slide show
ആരാധ്യനെക്കുറിച്ച അന്വേഷണം Print E-mail

രണ്ടാമതായുള്ള മനുഷ്യന്റെ അന്വേഷണം തന്റെ ആരാധ്യനെക്കുറിച്ചാണ്. സ്രഷ്ടാവിനെക്കുറിച്ച അന്വേഷണം പോലെതന്നെ മനുഷ്യാസ്തിത്വത്തിന്റെ സ്വാഭാവികമായ പ്രവണതയാണ് ആരാധ്യനെക്കുറിച്ച അന്വേഷണവും. രണ്ടുതരം വികാരങ്ങളില്‍ നിന്നാണ് ഈ അന്വേഷണം ഉത്ഭവിക്കുന്നത്; കൃതജ്ഞതയുടെയും ബലഹീനതയുടെയും വികാരങ്ങളില്‍ നിന്ന്.

ആദരവിന്റെ വികാരം
ഈ ഭൂമിയില്‍ ജീവിച്ചുകൊണ്ടിരിക്കുന്ന മനുഷ്യന്‍ തനിക്ക് അപാരമായ അനുഗ്രഹങ്ങള്‍ നല്‍കിയ ഒരു മഹാശക്തിയുടെ അസ്തിത്വം അനുഭവിച്ചറിയുന്നു. മനുഷ്യന് ജീവിക്കാനാവശ്യമായ വായുവും വെള്ളവും യഥേഷ്ടം സജ്ജീകരിച്ചുവെച്ച ശക്തിയോട് അവന് ആദരവ് തോന്നുന്നു. ചന്ദ്രനിലേക്ക് പോയ ബഹിരാകാശ സഞ്ചാരികള്‍ ഏതാനും നിമിഷ നേരത്തേക്ക് ശ്വസിക്കുവാനായി ലക്ഷക്കണക്കിന് രൂപയുടെ സജ്ജീകരണങ്ങളാണ് കൂടെ കൊണ്ടുപോയതെന്നറിയുക കൂടി ചെയ്യുമ്പോള്‍ ഈ ആദരവ് വര്‍ധിക്കുകയാണ് ചെയ്യുന്നത്. ഇഷ്ടപ്പെട്ട ഭക്ഷണപദാര്‍ത്ഥങ്ങള്‍ തനിക്ക് കയ്യെത്താവുന്ന ദൂരത്ത് ഒരുക്കിവെച്ചിട്ടുള്ള മഹാശക്തിയോട് മനുഷ്യന് നന്ദി തോന്നുക സ്വാഭാവികമാണ്.

ഭക്ഷണപദാര്‍ത്ഥങ്ങള്‍ തേടി മറ്റ് ഗ്രഹങ്ങളിലേക്കോ ഉപഗ്രഹങ്ങളിലേക്കോ പോകേണ്ടതില്ല മനുഷ്യന്. അവയെല്ലാം അവന്റെ ചുറ്റുപാടുമുണ്ട്. അവന് ആവശ്യമുള്ള രീതിയില്‍, അവന് ഇഷ്ടപ്പെട്ട സ്വാദുകളില്‍.ഒരേ ചുറ്റുപാടുകളില്‍ ഒരേ വളം വലിച്ചുണ്ടാവുന്ന സസ്യങ്ങള്‍തന്നെ മനുഷ്യശരീരത്തിനാവശ്യമായ വ്യത്യസ്ത ജീവകങ്ങളടങ്ങിയ ഫലങ്ങളുല്‍പാദിപ്പിക്കുന്നു. തക്കാളിയുടെയും നാരങ്ങയുടെയും ആപ്പിളിന്റെയും മുന്തിരിങ്ങയുടെയും അങ്ങനെ വ്യത്യസ്ത ഫലങ്ങളുടെയും വളങ്ങളില്‍ അവയിലുള്ള മാംസ്യമോ ജീവകങ്ങളോ ഇല്ല. അവ വലിച്ചെടുക്കുന്ന ജലത്തില്‍ നാരങ്ങയുടെ അമ്ളതയോ തക്കാളിയുടെ ചുമപ്പോ ആപ്പിളിന്റെമധുരിമയോഇല്ല.പക്ഷെ,ഈചെടികളുടെഫലങ്ങളില്‍ഇവയെല്ലാമുണ്ടാക്കിവെച്ചിട്ടുണ്ട്. ഇങ്ങനെ മനുഷ്യന് നിലനില്‍ക്കാനുള്ള സംവിധാനമൊരുക്കിയ ശക്തിയോട് അവന് ഭക്തിയുണ്ടാവുക സ്വാഭാവികമല്ലേ? യാതൊന്നുമില്ലാതെ ജനിക്കുന്ന മനുഷ്യന് ആവശ്യമായതെല്ലാം തന്റെ ചുറ്റുപാടുകളില്‍ ഒരുക്കിവെച്ചിരിക്കുന്നത് ആരായിരുന്നാലും ആ അനുഗ്രഹദാതാവിനോട് മാന്യതയുള്ള ആര്‍ക്കും കൃതജ്ഞതയുണ്ടാവുക സ്വാഭാവികമാണ്.

സ്വന്തം ശരീരത്തിലേക്ക് നോക്കുന്ന മനുഷ്യനില്‍ ഈ ആദരവ് വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. നിസ്തുലമായ ഒരു ശരീരം ലഭിച്ചിരിക്കുന്നു മനുഷ്യന്. മനുഷ്യശരീരം ഈ രൂപത്തിലാകാന്‍ പാടില്ലായിരുന്നുവെന്ന് പറയുക പോയിട്ട്, ഇന്ന അവയവം വെച്ച സ്ഥാനം ശരിയായില്ലെന്ന് ചൂണ്ടിക്കാണിക്കാന്‍ പോലും ധൈര്യമുള്ള ആരും ഇന്നുവരെ ഉണ്ടായിട്ടില്ല. മനുഷ്യന് നല്‍കപ്പെട്ടതിലും ഉത്തമമായ ഒരു ശരീരത്തെ വിഭാവന ചെയ്യാന്‍പോലും അവന് കഴിയില്ല. കണ്ണുകളും കാതുകളും മൂക്കും വായും നാക്കും പല്ലുകളും കൈകളും കാലുകളുമെല്ലാം അതതിന്റെ സ്ഥാനങ്ങളില്‍തന്നെയാണ് അതിനെ സൃഷ്ടിച്ചവന്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. മാത്രമല്ല, മറ്റൊരുജീവിക്കും നല്‍കപ്പെടാത്ത വിസ്മയകരമായ മാനസിക കഴിവുകളും നല്‍കപ്പെട്ടിരിക്കുന്നു മനുഷ്യന്. ഈ കഴിവുകളാണ് അവനേക്കാള്‍ ശക്തിയുള്ള സിംഹത്തെയും വേഗതയുള്ള ചീറ്റപ്പുലിയെയും വലിപ്പമുള്ള ആന യെയും നിയന്ത്രിക്കാന്‍ അവന് ശക്തി നല്‍കുന്നത്.

ഈ കഴിവുകളൊന്നും മനുഷ്യന്‍ സ്വയം നേടിയെടുത്തതല്ല; നല്‍കപ്പെട്ടതാണ്. സുന്ദരമായ ഒരു ശരീരവും ലോകത്തെ ചൊല്‍പ്പടിക്കു നിര്‍ത്താന്‍ പോന്ന ബൌദ്ധിക കഴിവുകളും നല്‍കിയ ശക് തിയോട് ഭക്തിയും ആദരവും തോന്നുക സ്വാഭാവികമാണ്.

നിസ്സഹായതയുടെ വികാരം

തന്റെ ചുറ്റുപാടുകളിലേക്ക് നോക്കുന്ന മനുഷ്യന്‍ മനസ്സിലാക്കുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. അവന്‍ ഈ ലോകത്ത് അങ്ങേയറ്റം അശക്തനും അവശനും നിസ്സഹായനുമാണെന്ന വസ്തുതയാണത്. തന്റെ അസ്തിത്വത്തെ നിലനിര്‍ത്തുന്ന ശക്തികളൊന്നും തന്റെ വരുതിയിലല്ലെന്നും അവയെയൊന്നും തനിക്ക് നിയന്ത്രിക്കാന്‍ സാധ്യമല്ലെന്നുമറിയുന്ന മനുഷ്യന്‍ താന്‍ എത്രമാത്രം നിസ്സഹായനാണെന്ന് മനസ്സിലാക്കുന്നു.

ഭൂമിയുടെ സ്വയം ഭ്രമണത്തിന്റെ തോത് ഒരല്‍പം വ്യത്യാസപ്പെട്ടാല്‍ മനുഷ്യനെന്നല്ല ഒരു ജീവജാലവും ഇവിടെ നിലനില്‍ക്കുകയില്ല. സൂര്യതാപം എല്ലായിടത്തും ചിതറിവീഴുന്ന രൂപത്തിലല്ലായിരുന്നു ഭൂമിയുടെ സ്വയംഭ്രമണമെങ്കില്‍ പകല്‍ ജീവജാലങ്ങളെല്ലാം വെന്തുരുകുകയും രാത്രി തണുത്ത് മരവിക്കുകയും ചെയ്തേനെ. ഭൂമിയുടെ ചരിവ് 23 ഡിഗ്രിയില്‍നിന്നും അല്‍പം വ്യത്യാസപ്പെട്ടിരുന്നുവെങ്കില്‍ സസ്യജാലങ്ങളുടെ നിലനില്‍പിന് അനിവാര്യമായ ഋതുഭേദങ്ങള്‍ ഉണ്ടാവുകയില്ലായിരുന്നു.

അന്തരീക്ഷത്തിന്റെ ഓസോണ്‍പാളി നീക്കം ചെയ്യപ്പെട്ടാല്‍ ഭൂമിയില്‍ പിന്നെ ഒരു നിമിഷം പോലും മനുഷ്യസമൂഹം നിലനില്‍ക്കുകയില്ല. ഭൂമിയൊന്ന് കുലുങ്ങിയാല്‍, ഇടിമിന്നലിന്റെ ശക്തമായ പ്രഹരത്തിന് വിധേയമായാല്‍, സമുദ്രമൊന്ന് കര കവിഞ്ഞൊഴുകിയാല്‍ എല്ലാം തന്റെ ജീവിതം അവസാനിക്കുമെന്നും ഇവയെയൊന്നും തനിക്ക് നിയന്ത്രിക്കാനാവില്ലെന്നും മനസ്സിലാക്കുന്ന മനുഷ്യന്റെ മനസ്സില്‍ നിസ്സഹായതയുടെയും അവശതയുടെയും വികാരങ്ങള്‍ മുളപൊട്ടുന്നു. ഇവയെ നിയന്ത്രിക്കാന്‍ താന്‍ അശക്തനാണെന്നറിയുന്ന മനുഷ്യന്റെ കരങ്ങള്‍ അവയെ നിയന്ത്രിക്കാന്‍ സാധിക്കുന്ന ശക്തിയുടെ നേരെ ഉയരുകയെന്നത് സ്വാഭാവികമാണ്.
ചുറ്റുപാടുകളെ മാത്രമല്ല, സ്വശരീരത്തെപ്പോലും നിയന്ത്രിക്കാന്‍ താന്‍ അശക്തനാണെന്നറിയുന്ന മനുഷ്യന്‍ ഒരു ശരണത്തിനും അവലംബത്തിനും വേണ്ടി ആഗ്രഹിക്കുന്നു. മനുഷ്യമസ്തിഷ്കത്തിലേക്കുള്ള രക്തപ്രവാഹം ഏതാനും നിമിഷങ്ങള്‍ തടയപ്പെട്ടാല്‍ മനുഷ്യനെന്ന നിലക്കുള്ള അവന്റെ എല്ലാ കഴിവുകളും നഷ്ടപ്പെടും. ഹൃദയം അല്‍പനേരത്തേക്ക് പണിമുടക്കിയാല്‍ മനുഷ്യന്റെ ശ്വാസം നിലയ്ക്കും. ശരീരത്തിലെ ഏതെങ്കിലുമൊരു വ്യവസ്ഥക്ക് ചെറിയൊരു തകരാറുവന്നാല്‍ ശരീരസംവിധാനങ്ങളാകെ താളം തെറ്റും.

ഇതറിയുന്ന മനുഷ്യന്‍ ഇവയെല്ലാം നിയന്ത്രിക്കുന്നത് ഏതൊരു ശക്തിയാണെന്ന് അന്വേഷിക്കുകയും ആ ശക്തിയോട് ശരണം വിളി നടത്താന്‍ പ്രചോദിതനാവുകയും ചെയ്യുന്നു. ആ നിയന്ത്രക ശക്തിയെക്കുറിച്ച് കൂടുതല്‍ അറിയാനും അവനെ തൃപ്തിപ്പെടുത്താനും മനുഷ്യന്‍ ആഗ്രഹിക്കുന്നു.

എന്താണ് ആരാധന?
തനിക്ക് ചുറ്റുമുള്ള, തന്റെ അസ്തിത്വത്തെ നിലനിര്‍ത്തുന്ന ശക്തികളെയോ തന്നെപ്പോലുമോ നിയന്ത്രിക്കാന്‍ തനിക്കാവുകയില്ലെന്ന് മനസ്സിലാക്കുന്ന മനുഷ്യന്‍ അവയെ നിയന്ത്രിക്കാന്‍ കഴിയുന്ന ശക്തിയോട് സ്വാഭാവികമായും ശരണം വിളിക്കുന്നു. ഈ ശരണം വിളിയാണ് ആരാധന. തനിക്ക് ഒന്നിനുമാവില്ലെന്ന് മനസ്സിലാക്കുന്ന മനുഷ്യന്റെ മനസ്സില്‍ നിന്ന് ഉയരുന്ന, എല്ലാറ്റിനും കഴിയുന്ന ശക് തിയോടുള്ള പ്രാര്‍ത്ഥനയാണ് ആരാധനകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. പള്ളികളിലോ ചര്‍ച്ചുകളിലോ അമ്പലങ്ങളിലോ വെച്ചുനടക്കുന്ന ആചാരപ്രധാനമായ ആരാധനകള്‍ മാത്രമല്ല, പ്രത്യുത ജീവിതത്തിന്റെ ഏതുരംഗത്തും തന്റെ നിസ്സഹായത അനുഭവിച്ചറിയുമ്പോള്‍ മനുഷ്യ മനസ്സുകള്‍ക്കുള്ളില്‍ നിന്നുയരുന്ന തേട്ടംകൂടി ആരാധന കൊണ്ട് ഇവിടെ വിവക്ഷിക്കപ്പെടുന്നു.

മനുഷ്യപ്രകൃതിയുടെ ശബ്ദം
പരാശക്തിയോട് പ്രാര്‍ത്ഥിക്കാനുള്ള ത്വര മനുഷ്യപ്രകൃതിയുടെ ശബ്ദമാണ്. നിരീശ്വര പ്രസ്ഥാനത്തിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്നവര്‍പോലും സന്ദിഗ്ദ്ധ ഘട്ടങ്ങളില്‍ ദൈവത്തെ വിളിച്ചുതേടിയതിന് ചരിത്രം സാക്ഷിനില്‍ക്കുന്നുണ്ട്.

1942 ആഗസ്റ്റില്‍, രണ്ടാംലോക മഹായുദ്ധത്തിന്റെ അവസരത്തില്‍ ഹിറ്റ്ലര്‍ക്കെതിരെ സഖ്യകക്ഷികള്‍ നടപ്പാക്കാനുദ്ദേശിച്ച ടോര്‍ച്ച് രഹസ്യസേന പദ്ധതിയെക്കുറിച്ച ചര്‍ച്ചയ്ക്കിടയില്‍ അന്നത്തെ കമ്യൂണിസ്റ്റ് റഷ്യയുടെ പരമോന്നതനായ ഭരണാധിപന്‍ ജോസഫ് സ്റ്റാലിന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനോട് “ദൈവം ഈ പദ്ധതി വിജയിപ്പിക്കട്ടെ”യെന്ന് ആശംസിച്ചു.

ഈ സംഭവം വ്യക്തമാക്കുന്നത് പരമോന്നത ശക്തിയോടുള്ള ആരാധനാ മനോഭാവം മനുഷ്യപ്രകൃതിയുടെ ശബ്ദമാണെന്നും, ചിന്താപരമായ കാപട്യത്തിന്റെ തിരശ്ശീലക്കടിയില്‍ ഒളിപ്പിച്ചുവെക്കാന്‍ എത്രതന്നെ ശ്രമിച്ചാലും സന്നിഗ്ദ്ധ ഘട്ടങ്ങളില്‍ അത് മറനീക്കി പുറത്തുവരുമെന്നുമാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഒട്ടനവധി സംഭവങ്ങളില്‍ ഒന്നുമാത്രം. ആരാധ്യനെക്കുറിച്ച അന്വേഷണം മനുഷ്യപ്രകൃതിയുടെ നൈസര്‍ഗ്ഗികമായ വികാരമാണെന്നതിന് ഏറെ തെളിവുകളാവശ്യമുണ്ടെന്ന് തോന്നുന്നില്ല.

ഇവിടെയും നാം രണ്ടാമത്തെ അന്വേഷണത്തിന്റെ അന്ത്യത്തിലെത്തിയിട്ടില്ല. ഒരു ആരാധ്യനെ മനുഷ്യപ്രകൃതി തേടുന്നുവെന്നു മാത്രമാണ് നാം മനസ്സിലാക്കിയത്. ആരായിരിക്കണം ആരാധ്യന്‍? എങ്ങനെയാണവനെ ആരാധിക്കേണ്ടത്? അതിനെ ആരാധിച്ചതുകൊണ്ടുണ്ടാവുന്ന നേട്ടങ്ങളെന്താണ്? ഈ പ്രശ്നങ്ങള്‍ ഇനിയുമവശേഷിക്കുന്നു.


 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH