Search

mahonnathan

Slide - Nabinindha

JA slide show
തീവ്രവാദികളോട് ഗുണകാംക്ഷയോടെ… Print E-mail

പ്രകൃതിമതമാണ് ഇസ്ലാം; മനുഷ്യപ്രകൃതിയോട് പൂര്‍ണമായി പൊരുത്തപ്പെടുന്ന ദര്‍ശനം. പ്രകൃതിവിരുദ്ധമായ നിര്‍ദേശങ്ങളൊന്നും ഇസ്ലാമിലില്ല. ഏകദൈവാരാധനയും പരലോകബോധവും ദൈവികമാര്‍ഗദര്‍ശന പ്രകാരമുള്ള ജീവിതവും സ്വച്ഛമായ മനുഷ്യപ്രകൃതിയുടെ സ്വാഭാവികമായ തേട്ടങ്ങളാണ്. പ്രകൃതിയുടെ തേട്ടങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നത് പിശാചാണ്. പൈശാചിക പ്രലോഭനങ്ങളില്‍ നിന്ന് രക്ഷപ്പെട്ടുകൊണ്ട് പ്രകൃതിയുടെ തേട്ടങ്ങളോട് സൃഷ്ടിപരമായി പ്രതികരിക്കുവാനാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. അതിരുകവിഞ്ഞ ആത്മീയതയും ജീര്‍ണമായ ഭൗതികതയും മനുഷ്യപ്രകൃതിയുമായി പൊരുത്തപ്പെടുന്നതല്ല. ആത്മീയതയുടെ പേരില്‍ ജീവിതനിഷേധം പഠിപ്പിക്കുന്ന മതാശയങ്ങളെ ഇസ്ലാം തിരസ്കരിക്കുന്നു. "മതത്തില്‍ അതിരുകവിയരുത്'' (4:171) എന്നാണ് ഖുര്‍ആനിന്റെ അനുശാസന. അതിരു കവിയല്‍ ആപത്താണെന്നും അതാണ് പൂര്‍വസമുദായങ്ങളെ നശിപ്പിച്ചതെന്നും അന്തിമ പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. തന്റെ സമുദായത്തില്‍ ഉണ്ടാകുവാന്‍ പോകുന്ന തീവ്രവാദത്തെക്കുറിച്ചും അത്തരം തീവ്രവാദികള്‍ മതത്തില്‍ നിന്ന് പുറത്തുപോകുന്നവരായിരിക്കുമെന്നുമെല്ലാം മുഹമ്മദ് നബി(സ്വ) പ്രവചിച്ചതായി കാണാന്‍ കഴിയും.

പ്രവാചക വചനത്തിന്റെ പൂര്‍ത്തീകരണമെന്നോണം മുഹമ്മദ് നബിയുടെ മരണം കഴിഞ്ഞ് അധികകാലം പിന്നിടുന്നതിനുമുമ്പുതന്നെ മുസ്ലിം ലോകത്ത് തീവ്രവാദികള്‍ പ്രത്യക്ഷപ്പെട്ടു. അവരാണ് മുസ്ലിംകള്‍ക്കിടയില്‍ ഭിന്നിപ്പ് ഉദ്ഘാടനം ചെയ്തത.് ഖുര്‍ആന്‍ വചനങ്ങളെ ദുര്‍വ്യാഖ്യാനിച്ചു കൊണ്ടാണ് അവര്‍ തങ്ങളുടെ ആശയപ്രചാരണത്തിന് ശ്രമിച്ചത്. അവിടെനിന്ന് ഇന്നോളമുണ്ടായിട്ടുള്ള വ്യതിയാനക്കാരെല്ലാം ഖുര്‍ആനും സുന്നത്തുമാകുന്ന പ്രമാണങ്ങളെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് അവതരിപ്പിച്ചും തങ്ങള്‍ നേരത്തെത്തന്നെയുണ്ടാക്കിയ ആശയങ്ങള്‍ക്കനുസൃതമായി പ്രമാണങ്ങളെ വിളക്കിച്ചേര്‍ത്തും കൊണ്ടാണ് മുസ്ലിംലോകത്ത് നിലനിന്നത്. ഇസ്ലാമിക പ്രമാണങ്ങളെ മനസ്സിലാക്കുവാന്‍ പ്രയോഗിക്കേണ്ട മാനദണ്ഡമെന്തായിരിക്കണമെന്ന ഗൗരവതരമായ ചര്‍ച്ചകള്‍ക്ക് പണ്ഡിതലോകം സാക്ഷ്യം വഹിച്ച സാഹചര്യമിതായിരുന്നു. ഒരോരുത്തരും അവരവര്‍ക്ക് തോന്നിയ രൂപത്തില്‍ പ്രമാണങ്ങളെ മനസ്സിലാക്കുകയാണോ അതല്ല അവയെ മനസ്സിലാക്കുന്നതിനായി നിയതമായ വല്ല രീതിശാസ്ത്രവുമുണ്ടായിരിക്കേണ്ടതുണ്ടോ എന്നതാണ് കാതലായ പ്രശ്നം. ഓരോരുത്തരും അവരവര്‍ക്ക് തോന്നിയ രീതിയില്‍ പ്രമാണങ്ങളെ മനസ്സിലാക്കുകയും തങ്ങള്‍ മനസ്സിലാക്കിയ രീതിയില്‍ കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്താല്‍ ഓരോരുത്തര്‍ക്കും അവരവരുടേതായ 'സ്വകാര്യമതം' ഉണ്ടാവുകയായിരിക്കും ഫലം. മുഹമ്മദ് നബി(സ്വ)യില്‍ നിന്ന് നേര്‍ക്കുനേരെ മതം പഠിച്ചവരാണ് സ്വഹാബിമാര്‍. അല്ലാഹുവിന്റെ സംതൃപ്തിക്കു പാത്രമായവര്‍ എന്ന് ഖുര്‍ആന്‍ തന്നെ പറഞ്ഞിട്ടുള്ളവര്‍. ഉത്തമതലമുറകളെന്ന് പ്രവാചകനാല്‍ വിശേഷിപ്പിക്കപ്പെട്ടവരാണ് ആദ്യത്തെ മൂന്ന് തലമുറകളിലുള്ളവര്‍. അല്ലാഹുവിന്റെയും ദൂതന്റെയും അംഗീകാരം ലഭിച്ചിട്ടുള്ള ആദിമതലമുറകളിലുള്ളവര്‍ പ്രമാണങ്ങളെ മനസ്സിലാക്കുവാന്‍ സ്വീകരിച്ച രീതിശാസ്ത്രം തന്നെയായിരിക്കണം എക്കാലഘട്ടത്തിലെയും വിശ്വാസികള്‍ അനുധാവനം ചെയ്യേണ്ടതെന്ന് പറയുന്നത്, അത് അല്ലാഹുവിന്റെയും അന്തിമപ്രവാചകന്റെയും അംഗീകാരത്തിന് പാത്രമായതുകൊണ്ടാണ്. പ്രമാണങ്ങളെ മനസ്സിലാക്കുവാനും അനുധാവനം ചെയ്യുവാനും ആദിമ തലമുറക്കാര്‍ സ്വീകരിച്ച രീതിശാസ്ത്രം തന്നെ നിഷ്കൃഷ്ടമായി അനുധാവനം ചെയ്യുവാന്‍ നാം സന്നദ്ധരായാല്‍ യാതൊരുവിധ വ്യതിയാനങ്ങള്‍ക്കും പിന്നെ നമ്മെ സ്വാധീനിക്കാനാവില്ല. വ്യതിയാനങ്ങള്‍ മതത്തില്‍ നിന്ന് പുറംതള്ളപ്പെടുന്ന പരിണിതിയിലെത്താതിരിക്കുവാന്‍ ഈയൊരു രീതിശാസ്ത്രത്തില്‍ തന്നെ അള്ളിപ്പിടിക്കുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടത്.

ഇസ്ലാമിക സമൂഹത്തെ മാര്‍ഗഭ്രംശങ്ങളിലേക്ക് വ്യതിചലിപ്പിച്ചത് തീവ്രവാദമായിരുന്നുവെന്ന് നാം മനസ്സിലാക്കി. തീവ്രവാദം ഇസ്ലാമിന്റെയോ മുസ്ലിംകളുടെയോ സൃഷ്ടിയല്ല; പ്രത്യുത ശത്രുക്കളുടെ മസ്തിഷ്കത്തില്‍ നിന്നാണ് ഉയിര്‍കൊള്ളുന്നതെന്ന് ചരിത്രത്തിലൂടെ സൂക്ഷ്മാന്വേഷണം നടത്തിയാല്‍ ബോധ്യമാകും. 'മുസ്ലിംകള്‍ ഭീകരരാണ്' എന്ന പ്രചരണത്തിനു പിന്നില്‍ ഇസ്ലാമിന്റെ ശത്രുക്കളാണെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. അപ്പോള്‍ പിന്നെ മുസ്ലിംകളെ ഭീകരരാക്കുവാന്‍ ബോധപൂര്‍വം പരിശ്രമിക്കുന്നവരോ? ഇസ്ലാമിന്റെ ശത്രുക്കളോ, അവരുടെ കയ്യിലെ പാവകളോ, അറിയാതെ അവരുടെ കയ്യിലകപ്പെട്ട ഇരകളോ ആണ് മുസ്ലിംകളെ തീവ്രവാദികളാക്കുവാന്‍ ശ്രമിക്കുന്നതെന്ന് വ്യക്തം. മുസ്ലിംകളെ ഭീകരരാക്കിത്തീര്‍ക്കുവാന്‍ ശ്രമിക്കുന്നവര്‍ അതുമൂലം രണ്ടുതരം നേട്ടങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഒന്ന്, ഇസ്ലാമികാദര്‍ശങ്ങള്‍ ഭീകരവാദപരവും പ്രാകൃതവുമാണെന്ന് ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയും അതുവഴി ഇസ്ലാമിനെക്കുറിച്ച ഗൗരവതരമായ പഠനങ്ങളില്‍നിന്ന് ബുദ്ധീജീവികളെ അകറ്റി നിര്‍ത്തുകയും ചെയ്യുക. രണ്ട്, ഇസ്ലാമിക പ്രബോധനത്തിനും സമൂഹത്തിന്റെ സൃഷ്ടിപരമായ പുരോഗതിക്കും വേണ്ടി ഉപയോഗിക്കപ്പെടേണ്ട മുസ്ലിം യുവാക്കളുടെ ഊര്‍ജത്തെയും ധിഷണയെയും കലുഷിതമാക്കിത്തീര്‍ത്ത് നിര്‍വീര്യമാക്കുകയും മുസ്ലിംകളെ ആത്മഹത്യാസ്ക്വാഡുകളാക്കിത്തീര്‍ക്കുകയും ചെയ്യുക. മുസ്ലിം യുവതയുടെ മനസ്സില്‍ തീവ്രവാദത്തിന്റെ വിത്തുകള്‍ മുളപ്പിക്കുവാന്‍ ശ്രമിക്കുന്നവര്‍ അറിഞ്ഞോ അറിയാതെയോ ശത്രുവിന്റെ ഇരകളായിത്തീരുവാന്‍ മുസ്ലിംകളെ ഒരുക്കുകയാണ് ചെയ്യുന്നത്. തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെയുള്ള പോരാട്ടം ഇസ്ലാമികപ്രബോധനത്തിന്റെ ഭാഗമായിത്തന്നെ നിര്‍വഹിക്കപ്പെടേണ്ടതാണെന്നു പറയുന്നത് അതുകൊണ്ടാണ്. ഭീകരവാദികളെ വളര്‍ത്തുന്നവര്‍ക്ക് ഏറെ വെറുപ്പുള്ളത് പ്രബോധനപ്രവര്‍ത്തനങ്ങളോടാണ്. സമുദായത്തെ ഭീകരവല്‍കരിക്കുക വഴി ദഅ്വത്തിനെ മരവിപ്പിക്കാമെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്.

തീവ്രവാദത്തെ വിമര്‍ശിക്കുന്നത് ആരോടെങ്കിലുമുള്ള വിരോധം തീര്‍ക്കുവാനല്ല; അന്ധമായ സംഘടനാതാല്‍പര്യവുമല്ല ഭീകരവാദവിരുദ്ധമായ നിലപാടെടുക്കുവാന്‍ പ്രബോധകരെ പ്രേരിപ്പിക്കുന്നത്; തീവ്രവാദം ഇസ്ലാമിക പ്രമാണങ്ങളുടെ ആത്മാവിന് എതിരായതുകൊണ്ടാണ്. ഒപ്പം തന്നെ തീവ്രവാദികളായിത്തീരുന്ന സഹോദരങ്ങളോടുള്ള ഗുണകാക്ഷയും. ആദര്‍ശമാണെന്ന് തെറ്റിദ്ധരിച്ച് ശത്രുവിന്റെ ഇരകളായിത്തീരുന്നവരെ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയെന്നത് അവരോടുതന്നെ ചെയ്യുന്ന വലിയ സേവനമാണല്ലോ. സ്വാലിഹ് നബിയെ പറഞ്ഞതു തന്നെയാണ് നമുക്ക് നമ്മുടെ സഹോദരങ്ങളോട് പറയാനുള്ളത്: "....എന്റെ ജനങ്ങളേ, തീച്ചയായും ഞാന്‍ നിങ്ങള്‍ക്ക് എന്റെ രക്ഷിതാവിന്റെ സന്ദേശം എത്തിച്ചു തരികയും ആത്മാര്‍ഥമായി ഞാന്‍ നിങ്ങളോട് ഉപദേശിക്കുകയുമുണ്ടായി.പക്ഷേ, സദുപദേശത്തെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല'' (7:79).

മൂസാ നബിയുടെ ജീവിതവുമായി ബന്ധപ്പെട്ട് ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട പ്രത്യേകമായ ഒരു സംഭവമുണ്ട്. ഫറോവയുടെ കൊട്ടാരത്തില്‍ സ്വന്തം മാതാവിന്റെ മുലകുടിച്ചുകൊണ്ടുതന്നെ വളരാന്‍ സര്‍വശക്തന്‍ മൂസാനബിയെ അനുഗ്രഹിച്ചു. അദ്ദേഹത്തിന് ശക്തിയും പക്വതയും കൈവന്ന ശേഷം നടന്ന ഒരു സംഭവം ഖുര്‍ആന്‍ തന്നെ ഉദ്ധരിക്കുന്നത് കാണുക:

"അങ്ങനെ അദ്ദേഹം (മൂസാ) ശക്തിപ്രാപിക്കു കയും പാകതയെത്തുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന് നാം വിവേകവും വിജ്ഞാനവും നല്‍കി. അപ്രകാരമാണ് സദ്‌വൃത്തര്ക്ക് നാം പ്രതിഫലം നല്‍കുന്നത്. പട്ടണവാസികള്‍ അശ്രദ്ധരായിരുന്ന സമയത്ത് മൂസാ അവിടെ കടന്നുചെന്നു. അപ്പോള്‍ അവിടെ രണ്ട് പുരുഷന്മാര്‍ പരസ്പരം പൊരുതുന്നതായി അദ്ദേഹം കണ്ടു. ഒരാള്‍ തന്റെ കക്ഷിയില്‍ പെട്ടവന്‍. മറ്റൊരാള്‍ തന്റെ ശത്രുവിഭാഗത്തില്‍ പെട്ടവനും. അപ്പോള്‍ തന്റെ കക്ഷിയില്‍ പെട്ടവന്‍ തന്റെ ശത്രുവിഭാഗത്തില്‍ പെട്ടവനെതിരില്‍ അദ്ദേഹത്തോട് സഹായം തേടി. അപ്പോള്‍ മൂസാ അവനെ മുഷ്ടി ചുരുട്ടി ഇടിച്ചു. അത് അവന്റെ കഥ കഴിച്ചു. മൂസാ നബി പറഞ്ഞു: ഇത് പിശാചിന്റെ പ്രവര്‍ത്തനത്തില്‍പെട്ടതാകുന്നു. അവന്‍ വ്യക്തമായും വഴിപിഴപ്പിക്കുന്ന ശത്രു തന്നെയാകുന്നു. അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും ഞാന്‍ എന്നോടു തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തു തരേണമേ. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു'' (28: 14-16).

ഈ സംഭവം നടക്കുന്നത് ഫറോവ എന്ന ഏകഛത്രാധിപതിയുടെ ഭരണകാലത്താണ്. ഇസ്റാഈല്യര്‍ ക്രൂരമായി മര്‍ദിക്കപ്പെട്ടിരുന്ന കാലം. ഫറോവയുടെയും അയാളുടെ വര്‍ഗക്കാരായ കോപ്റ്റുകളുടെയും അടിമത്തത്തില്‍ നിന്ന് ഇസ്റാഈല്‍ ജനതയെ മോചിപ്പിക്കുകയെന്ന ദൗത്യം കൂടി മൂസാ നബിയുടെ നിയോഗത്തിനു പിന്നിലുണ്ടായിരുന്നുവല്ലോ. ഒരു ദൈവിക ഇടപെടല്‍ അനിവാര്യമാകും വിധമുള്ള ക്രൂരതകള്‍ക്ക് വിധേയാമാക്കപ്പെട്ടവരായിരുന്നു ഇസ്റാഈല്യരെന്ന് സാരം. ഈ ക്രൂരതകളും പീഡനങ്ങളും നടമാടവെയാണ് സൂറത്തുല്‍ ഖസ്വസില്‍ ഖുര്‍ആന്‍ ഉദ്ധരിച്ച, നടേ വിവരിച്ച സംഭവം നടക്കുന്നത്. ഇസ്റാഈല്യര്‍ പീഡിതരും കോപ്റ്റിക്കുകാര്‍ പീഡകരമായിരുന്നു ഇത് നടക്കുമ്പോള്‍ എന്ന് സുതരാം വ്യക്തമാണ്. തന്റെ വര്‍ഗക്കാരനും പീഡിതരുടെ പ്രതിനിധിയുമായ ഒരാള്‍ മര്‍ദിക്കപ്പെടുന്നത് കണ്ട് മൂസാ നബി അയാളെ സഹായിക്കാനായി പ്രശ്നത്തില്‍ ഇടപെടുന്നു. പീഡകരുടെ പ്രതിനിധിയെ അദ്ദേഹം ഇടിക്കുകയും അയാള്‍ മരണപ്പെടുകയും ചെയ്യുന്നു. അബദ്ധത്തില്‍ സംഭവിച്ചതാണ് മരണം. എന്നിട്ടു പോലും മൂസാനബി താന്‍ ചെയ്തത് പാപമാണെന്ന് തിരിച്ചറിയുകയും അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും ചെയ്യുന്നു. താന്‍ ചെയ്ത തെറ്റിനെക്കുറിച്ച ചിന്ത തന്റെ ജീവിതത്തിലുടനീളം അദ്ദേഹത്തെ മഥിച്ചിരുന്നുവെന്നാണ് ഖുര്‍ആന്‍ നമ്മെ തൈര്യപ്പെടുത്തുന്നത് . ഫറോവയുടെ അടുക്കല്‍ ചെന്ന് സത്യമത പ്രബോധനം നിര്‍വഹിക്കുവാനായി അല്ലാഹുവിന്റെ കല്‍പന വന്നപ്പോള്‍ മൂസാനബി പറഞ്ഞത്: "അവര്‍ക്ക് എന്റെ പേരില്‍ ഒരു കുറ്റം ആരോപിക്കുവാനുമുണ്ട്. അതിനാല്‍ അവര്‍ എന്നെ കൊന്നേക്കുമെന്ന് ഭയപ്പെടുന്നു'' (26:14) എന്നായിരുന്നുവല്ലോ. അന്തിമ വിധിയുടെ നാളില്‍ പോലും ഈ തെറ്റിനെക്കുറിച്ചാലോചിച്ച് മൂസാ നബി വിലപിച്ചുകൊണ്ടിരിക്കുമെന്നാണ് മുഹമ്മദ് നബി(സ്വ)നമ്മെ പഠിപ്പിച്ചത്. ജനങ്ങള്‍ തന്റെയടുക്കല്‍ വന്ന് ശുപാര്‍ശക്ക് വേണ്ടി ആവശ്യപ്പെടുമ്പോള്‍ യാ നഫ്സീ, ഞാന്‍ ചെയ്ത അനനുവദനീയമായ കാര്യത്തെക്കുറിച്ച -ഒരാളെ കൊന്ന കാര്യം- വേവലാതിയിലാണ് ഞാന്‍ എന്ന് മൂസാനബിയെ പറയുമെന്ന് ബുഖാരി ഉദ്ധരിച്ച ഹദീഥിലുണ്ട്. മുഹര്‍റം പത്തിന് വ്രതമനുഷ്ഠിച്ചുകൊണ്ട് മൂസാ നബിയുടെ പ്രബോധക ജീവിതത്തെ അനുസ്മരിക്കുകയും അതില്‍ നിന്ന് പാഠമുള്‍ക്കൊളളുകയും ചെയ്യുമ്പോള്‍ ഈ സംഭവം നമുക്ക് നല്‍കുന്ന സന്ദേശം നാം പൂര്‍ണമായി ഉള്‍ക്കൊള്ളേണ്ടതുണ്ട്. ഏകാധിപതിയുടെ ഭരണത്തിനു കീഴില്‍ പോലും പീഡകനെ സാധാരണക്കാരന്‍ കൊല്ലുകയെന്നത് ഒരു മഹാപാപമായാണ് ഇസ്ലാം വീക്ഷിക്കുന്നതെന്ന് ഈ സംഭവം വ്യക്തമാക്കുന്നുണ്ട്. പ്രബോധനമാണ് മുസ്ലിമിന്റെ ചുമതല. പ്രവാചകന്മാരെല്ലാം പ്രബോധകര്‍ക്കുള്ള മാതൃകകളാണ്. ആരെയും കൊന്നൊടുക്കുകയല്ല പ്രബോധകന്റെ കര്‍ത്തവ്യം; എല്ലാവരെയും മരണമില്ലാത്ത ജീവിതത്തിന്റെ ശാശ്വത ശാന്തിയിലേക്ക് നയിക്കുകയാണ്. പ്രവാചകന്മാരെല്ലാം തങ്ങളുടെ ജീവിതത്തിലൂടെ കാണിച്ചുതന്നത് ശാശ്വത ശാന്തിയിലേക്ക് എങ്ങനെ ജനങ്ങളെ ക്ഷണിക്കാമെന്നതാണ്.

ഇന്ത്യ ഒരു ജനാധിപത്യ - മതനിരപേക്ഷ രാഷ്ട്രമാണ്. ഒരു മതനിരപേക്ഷരാഷ്ട്രത്തിന് ഉണ്ടാക്കാന്‍ കഴിയുന്നതില്‍ വെച്ച് പരമാവധി കുറ്റമറ്റ ഭരണഘടന തന്നെയാണ് ഭാരതത്തിന്റെത്. ഈ ഭരണഘടനക്ക് വിധേയരായി ജീവിക്കേണ്ടവരാണ് ഇന്ത്യയിലെ പൗരന്മാരെല്ലാം; ഭൂരിപക്ഷ വിഭാഗങ്ങളിലെ അംഗമാണെങ്കിലും ന്യൂനപക്ഷ സമുദായത്തില്‍ പെട്ടവരാണെങ്കിലും. ജനാധിപത്യത്തിനും മതനിരപേക്ഷതക്കുമെല്ലാം എന്തെന്ത് മേന്മകള്‍ പറയാനുണ്ടെങ്കിലും അവയുടേതായ പരിമിതികളുമുണ്ട്. ഏതൊരു ജനാധിപത്യരാഷ്ട്രത്തിലും ന്യൂനപക്ഷങ്ങള്‍ക്കു നേരെ കൈയേറ്റങ്ങളും അതിക്രമങ്ങളുമുണ്ടാവാം. ഭൂരിപക്ഷത്തിന്റെ വോട്ടുകളില്‍ കണ്ണും നട്ടുകൊണ്ടിരിക്കുന്ന ജനപ്രതിനിധികള്‍ ഈ അതിക്രമങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന അവസ്ഥയുമുണ്ടായേക്കാം. അപ്പോള്‍ പിന്നെ ന്യൂനപക്ഷങ്ങള്‍ ചെയ്യേണ്ടതെന്താണ്? സായുധമായി സംഘടിച്ച് ഭൂരിപക്ഷത്തിതിരെ കലാപക്കൊടി ഉയര്‍ത്തുകയാണോ? ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും മതം പഠിച്ച ഒരു മുസ്ലിമിന് അങ്ങനെ പറയാനാവില്ല. കൊന്നവരെ കൊല്ലണമെന്ന ഇസ്ലാമിക നിയമം നടപ്പാക്കേണ്ടത് ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരണാധികാരിയാണ്. ഇസ്ലാമിക രാഷ്ട്രമുണ്ടാകുമ്പോള്‍ മാത്രം നടപ്പിലാക്കേണ്ട നിയമമാണത്. ഇസ്ലാമികേതര രാഷ്ട്ര സംവിധാനത്തില്‍ അന്യായമായി ഒരാള്‍ വധിക്കപ്പെട്ടാല്‍ ആ രാഷ്ട്രത്തിലെ നിയമസംവിധാനങ്ങളുപയോഗിച്ച് കൊലയാളി ശിക്ഷിക്കപ്പെടുവാനാവശ്യമായ കാര്യങ്ങള്‍ ചെയ്യുകയാണ് വേണ്ടത്. രാഷ്ട്രത്തിലെ നിയമസംവിധാനങ്ങളും പീഡിതരോട് അവഗണന കാണിക്കുന്നുവെങ്കില്‍ പോലും നിയമം കയ്യിലെടുക്കുവാന്‍ ഇസ്ലാം മുസ്ലിംകളെ പഠിപ്പിച്ചിട്ടില്ല. പ്രസ്തുത നിയമസംവിധാനങ്ങളെ പരിവര്‍ത്തിപ്പിക്കുവാനാവശ്യമായ പരിശ്രമങ്ങളിലേര്‍പ്പെടുകയും ക്ഷമയവലംബിച്ചുകൊണ്ട് പ്രബോധനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് അത്തരം സന്ദര്‍ഭങ്ങളില്‍ മുസ്ലിംകള്‍ ചെയ്യേണ്ടത്. നിയമം കയ്യിലെടുത്ത് പോരാടുന്ന അക്രമിസംഘങ്ങള്‍, സ്വയം എന്തു പേര് വിളിച്ചാലും, ചെയ്തുകൊണ്ടിരിക്കുന്നത് ഇസ്ലാമിനെയും മുസ്ലിംകളെയും നശിപ്പിക്കുന്നതിനുള്ള കളമൊരുക്കിക്കൊടുക്കലാണ്. അത്തരം അക്രമിസംഘങ്ങളില്‍ പെടാതെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ സമുദായത്തെ സജ്ജമാക്കുവാന്‍ പണ്ഡിതന്മാര്‍ക്കും നേതാക്കള്‍ക്കും ബാധ്യതയുണ്ട്. പ്രസ്തുത ബാധ്യത നിര്‍വഹിക്കുവാന്‍ സര്‍വശക്തന്‍ അവരെ അനുഗ്രഹിക്കട്ടെ- ആമീന്‍.

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH