Search

mahonnathan

Slide - Nabinindha

JA slide show
മുസ്ലിം ബഹുജനങ്ങളോട് Print E-mail

മുസ്ലിം സമുദായത്തിന്റെ വിശ്വാസത്തിനും അസ്തിത്വത്തിനും തീവ്രവാദം ഭീഷണിയാണ്. നാം ആര്‍ക്കെതിരില്‍ സജ്ജമാകാനാണോ ഉദ്ദേശിക്കുന്നത് അവര്‍ക്ക് വളരാനാവശ്യമായ വളം നല്‍കുകയാണ് തീവ്രവാദം ചെയ്യുന്നത്. 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ'യെന്ന് മുദ്രാവാക്യമെഴുതിവെച്ചതുകൊണ്ട് ഇസ്ലാമിനോ മുസ്ലിംകള്‍ക്കോ എന്തെങ്കിലും ഗുണമുണ്ടായതായി നമുക്ക് കാണാന്‍ കഴിയുന്നില്ല. ഈ മുദ്രാവാക്യം എഴുതിവെച്ച ചുവരുകളുടെ ഫോട്ടോ പ്രസിദ്ധീകരിച്ച് ഇന്ത്യയില്‍ ഇസ്ലാമിക ഭരണത്തിന് വേണ്ടി ന്യൂനപക്ഷം വരുന്ന മുസ്ലിംകള്‍ ശ്രമിക്കുമ്പോള്‍ എന്ത് കൊണ്ട് ഹൈന്ദവവല്‍ക്കരണത്തിന് ഭൂരിപക്ഷത്തിന് ശ്രമിച്ചുകൂടായെന്ന ചോദ്യം മതത്തോട് താല്‍പര്യമില്ലാത്ത ഹിന്ദുക്കളുടെ പോലും ഹൃദയത്തില്‍ പ്രതിധ്വനിയുണ്ടാക്കുന്ന മട്ടില്‍ അവതരിപ്പിക്കാന്‍ ഫാഷിസ്റ്റുകള്‍ക്ക് സാധിച്ചുവെന്നതാണ് അതുകൊണ്ടുണ്ടായ ഏകഫലം. ഒരു തുള്ളി മുസ്ലിം ചോരക്ക് പകരം ഒരു ലിറ്റര്‍ ഹിന്ദുചോരയെന്ന് അത്യാവേശപൂര്‍വ്വം പ്രസംഗിച്ചവരുടെ കാസറ്റുകള്‍ മുസ്ലിംകള്‍ക്ക് വൈകാരികാവേശമുണ്ടാവുന്നതിന് കാരണമായതിനേക്കാള്‍ ഏറെ ഹിന്ദുമനസ്സുകളെ ഏകോപിപ്പിക്കുന്നതിനും ഹിന്ദുത്വത്തിന്റെ സംരക്ഷണത്തെക്കുറിച്ച് ചിന്തിപ്പിക്കുന്നതിനുമാണ് നിമിത്തമായതെന്ന വസ്തുതയില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ നമുക്ക് കഴിയണം.

സമുദായത്തില്‍ തീവ്രവാദം വളര്‍ന്നപ്പോഴെല്ലാം വിവേകമതികള്‍ അതിന്നെതിരെ സമുദായത്തെ ബോധവല്‍ക്കരിച്ചിട്ടുണ്ട്. സ്വകാര്യതയുടെ ചട്ടക്കൂട് സ്വീകരിക്കുവാന്‍ തീവ്രവാദം നിര്‍ബന്ധിക്കപ്പെട്ടത് ഇത്തരമൊരു സാഹചര്യത്തിലാണ്. ശിയാ ഫണ്ടമെന്റലിസത്തിന്റെ സൈദ്ധാന്തികാടിത്തറയും ഈ സ്വകാര്യതയ്ക്കുണ്ട്. അത് തിരിച്ചറിയാന്‍ സമുദായത്തിന് കഴിയണം. തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും വഴുതിവീഴാതെ മുസ്ലിം യുവതയുടെ കര്‍മ്മശേഷി സൃഷ്ടിപരമായി ഉപയോഗപ്പെടുത്താന്‍ സാധിക്കണം. ഇതിനുവേണ്ടിയുള്ള പദ്ധതികള്‍ നടപ്പാക്കേണ്ടത് സമുദായനേതൃത്വമാണ്. അതിന് സാധിക്കാതെ തീവ്രവാദികളെ പഴിക്കുന്നത് കൊണ്ട് മാത്രം യാതൊരു കാര്യവുമില്ല. ആത്മഹത്യമുനമ്പുകളില്‍ നില്‍ക്കുന്ന നമ്മുടെ സഹോദരന്മാരാണവര്‍. അവരെ താഴ്വരയിലേക്ക് തിരിച്ചുകൊണ്ടുവന്ന് പ്രവര്‍ത്തനനിരതരാക്കുവാന്‍ സമുദായ നേതൃത്വത്തിന് കഴിഞ്ഞാല്‍ അവര്‍ വിജയിച്ചുവെന്ന് പറയാം.അതിനു കഴിയാതിരിക്കുമ്പോഴാണ് ഭീകരവാദികള്‍ യുവാക്കളുടെ തലച്ചോറില്‍ കൂടുകെട്ടുന്നത്. സുന്ദരമായ മുദ്രാവാക്യങ്ങളിലൂടെ യുവതയെ എങ്ങനെ ആകര്‍ഷിക്കണമെന്ന് കൃത്യമായി അറിയുവന്നവരാണവര്‍. സമുദായ സ്നേഹത്തിന്റെയും പ്രകൃതിസംരക്ഷണത്തിന്റെയും സാംസ്കാരികപ്രവര്‍ത്തനങ്ങളുടെയും വിദ്യാഭ്യാസസംരക്ഷണങ്ങളുടെയുമെല്ലാം മുഖംമൂടിയണിഞ്ഞ് അവര്‍ യുവാക്കളെ ഒരുമിച്ചുകൂട്ടും. അടിച്ചമര്‍ത്തപ്പെട്ടവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന മനസ്സുള്ളവര്‍ പ്രയാസപ്പടുന്നവരുടെ കണ്ണീരൊപ്പുന്നവരായി പ്രത്യക്ഷപ്പെടുന്നവരിലേക്ക് സ്വാഭാവികമായും ആകൃഷ്ടരായിപ്പോകും. അങ്ങനെ ആകര്‍ഷിക്കപ്പെടുന്നവര്‍ അറിയുന്നില്ല, അവകാശനിഷേധത്തിനെതിരെയുള്ള സമരമെന്ന പേരില്‍ ഇസ്ലാമിനെ തമസ്കരിക്കാന്‍ ശ്രമിക്കുന്നവരുടെ ആയുധങ്ങളായിത്തീരുകയാണ് തങ്ങളെന്ന്. ജിഹാദാണെന്ന തെറ്റിദ്ധാരണയില്‍ മുഴുകി ആത്മഹത്യാ മുനമ്പുകളിലേക്ക് കയറുന്ന ശത്രുക്കളുടെ ഇരകളാണവര്‍. ഖുര്‍ആനിന്റെയും നബിചര്യയുടെയും വെളിച്ചത്തിലേക്ക് അവരെ നയിക്കാന്‍ ശ്രമിക്കുകയും സച്ചരിതരായ പ്രവാചകാനുചരന്മാരുടെ പാതയിലണിനിരന്ന് ആദര്‍ശപ്രബോധനത്തിന് അവരെ സജ്ജരാക്കുകയുമാണ് ഇസ്ലാമികപ്രബോധകര്‍ ചെയ്യേണ്ടത്.

ഉണ്ടാകാന്‍ പോകുന്നത്:
ഈയിടെ ഇസ്ലാം സ്വീകരിച്ച അഭ്യസ്തവിദ്യനായ യുവാവിനോട് തന്റെ ക്രിസ്ത്യന്‍പിതാവ് പറഞ്ഞതിങ്ങനെ: "നീ നിന്റെ തീരുമാനത്തില്‍ നിന്നും പിന്മാറിയിട്ടില്ലെങ്കില്‍ എന്റെ മകന്‍ ഇന്ത്യന്‍ മുജാഹിദീനില്‍ അംഗമായിട്ടുണ്ടെന്നും അവനെ സൂക്ഷിക്കണമെന്നും ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയിലെ ഉന്നതന്മാരെയും എംബസികളെയും ഞാന്‍ അറിയിക്കും. ഇന്ത്യയില്‍ തൊഴില്‍ ചെയ്ത് ജീവിക്കുവാനോ പുറത്തേക്ക് പോകുവാനോ നിന്നെ ഞാന്‍ സമ്മതിക്കുകയില്ല.''ഇതൊരു ശരാശരി ഭാരതീയന്റെ പ്രതികരണം. ഒരാളെ കാരണങ്ങളൊന്നുമില്ലാതെ കഷ്ടപ്പെടുത്തണമെങ്കില്‍ അയാള്‍ മുസ്ലിംഭീകരവാദിയാണെന്ന ചെറിയൊരു ആരോപണം മാത്രം മതി. നീതിനിര്‍വാഹകരും നിയമകൂടവുമൊന്നും പിന്നെ അയാളെ ജീവിക്കാനനുവദിക്കുകയില്ല. തീവ്രവാദിബന്ധം ആരോപിച്ചു കൊണ്ട് അറസ്റ്റു ചെയ്യപ്പെടുകയും മര്‍ദനങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയും ചെയ്തവരില്‍ ഭൂരിപക്ഷവും നിഷ്കളങ്കരാണെന്ന വസ്തുത തെഹല്‍ക്ക വെളിച്ചത്ത് കൊണ്ട് വന്നിട്ടുണ്ട്. വിവേചനപരമായ ഭീകരവാദവേട്ട അപകടകരമാണെന്ന് പ്രധാനമന്ത്രി പോലും സൂചിപ്പിച്ചിട്ടുമുണ്ട്. എന്നിട്ടും ഇക്കാര്യത്തില്‍ ക്രിയാത്മകമായ സമീപനം രൂപപ്പെടുത്തുവാന്‍ നിയമപാലനത്തിന്റെ ഉന്നത സോപാനത്തിലിരിക്കുന്നവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് ദുഃഖകരമായ യാഥാര്‍ഥ്യം.

മുകളില്‍ പറഞ്ഞ പ്രതികണമുണ്ടായത് ഒരു ക്രിസ്ത്യന്‍ പിതാവില്‍ നിന്നാണ് എന്ന് നാം മനസ്സിലാക്കണം. 'ഇസ്ലാമിന്റെ ഭ്രാന്ത്' തലയില്‍ കയറിയ മകനെ ശുദ്ധീകരിച്ചെടുക്കാനായി ധ്യാനകേന്ദ്രങ്ങളെയെല്ലാം ആശ്രയിക്കുകയും മുസ്ലിംകളെ ക്രൈസ്തവവല്‍ക്കരിക്കുന്നതില്‍ സ്പെഷ്യലൈസ് ചെയ്ത മിഷനറിമാരെക്കൊണ്ട് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന കൗണ്‍സെലിംഗുകള്‍ നടത്തുകയും ചെയ്തിട്ടും മാറ്റമൊന്നും കാണാത്തതുകൊണ്ടാണ് അദ്ദേഹം വജ്രായുധഭീഷണി മുഴക്കിയത്. മതപരിവര്‍ത്തനത്തിനുള്ള സ്വാതന്ത്യ്രം നിഷേധിച്ചുകൊണ്ട് വര്‍ഗീയ ഭ്രാന്തന്മാര്‍ നടത്തുന്ന അഴിഞ്ഞാട്ടങ്ങളില്‍, ഇന്ത്യയില്‍ ചില സ്ഥലങ്ങളില്‍ ക്രൈസ്തവര്‍ക്ക് സാരമായ നഷ്ടങ്ങളും പ്രയാസങ്ങളുമുണ്ടായ സമയത്തുതന്നെയാണ് ഈ ഭീഷണിയുമുണ്ടായതെന്ന കാര്യം ശ്രദ്ധേയമാണ്.

മതസ്വാതന്ത്യ്രമാണ് നമ്മുടെ ഭരണഘടനയുടെ കാതല്‍. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുവാനും അതാചരിക്കുവാനും പ്രചരിപ്പിക്കുവാനും ഭരണഘടന അനുവദിക്കുന്നു. മതം മാറുവാനുള്ള മൗലികമായ മനുഷ്യാവകാശം ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്നുണ്ട്. ഈ മൗലികവകാശം നിഷേധിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് ഇന്ന് വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നത്. ഒറീസയിലും കര്‍ണാടകയിലും ക്രൈസ്തവര്‍ക്കെതിരെ നടന്ന അക്രമങ്ങള്‍ ഈ മൗലികവകാശത്തെയാണ് വെല്ലുവിളിക്കുന്നത്. അതോടൊപ്പംതന്നെ മതപരിവര്‍ത്തനത്തെ നിയമം മൂലം നിരോധിക്കണമെന്ന ആവശ്യവും തുടര്‍ച്ചയായി ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഗുജറാത്ത്, ഒറീസ, മധ്യപ്രദേശ്, ഹിമാചല്‍പ്രദേശ്, ഛത്തിസ്ഘഡ്, എന്നിവിടങ്ങളില്‍ മതപരിവര്‍ത്തനം ദുഷ്കരമാക്കുന്ന നിയമങ്ങള്‍ നിലവിലുണ്ട്. ഒരാള്‍ മതം മാറുന്നത് സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കോ നിര്‍ബന്ധിതമായോ ആരുടെയെങ്കിലും പ്രലോഭനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടോ അല്ലെന്ന് സ്ഥാപിക്കേണ്ടത് അയാളുടെ കടമയാണെന്ന രൂപത്തിലുള്ളതാണ് അവിടങ്ങളില്‍ നിലനില്‍ക്കുന്ന നിയമങ്ങള്‍. ശരിയാണെന്ന ബോധ്യത്തോടെ ഒരു വിശ്വാസം സ്വീകരിക്കുന്നവര്‍ തങ്ങളുടെ മനഃസാക്ഷിയെയല്ല; ഭരണകൂടത്തെയാണ് ബോധ്യപ്പെടുത്തേണ്ടതെന്ന അവസ്ഥ സംജാതമാകുന്നത് ഇന്ത്യയുടെ ജനാധിപത്യപരതയെയാണ് ഇല്ലാതെയാക്കുക. സ്വന്തം വിശ്വാസത്തെയും ജീവിതത്തെയും നിര്‍ണയിക്കാന്‍ പോലും സ്വാതന്ത്ര്യം നല്‍കാത്ത ഒരു സാമൂഹ്യസംവിധാനം എങ്ങനെയാണ് ജനാധിപത്യപരമാവുക? പ്രസ്തുത സംവിധാനത്തിന് എങ്ങനെയാണ് മനുഷ്യാവകാശങ്ങളെ മാനിക്കുന്നതാണെന്ന് സ്വയം അവകാശപ്പെടാനാവുക? സ്വാതന്ത്ര്യത്തെയും മാനവികതയെയും പരിഗണിക്കുന്നവര്‍ക്കൊന്നും തന്നെ മതപരിവര്‍ത്തനത്തിനെതിരെ വര്‍ഗീയശക്തികള്‍ നടത്തുന്ന അഴിഞ്ഞാട്ടത്തെ അംഗീകരിക്കാനാവുകയില്ല. അതുകൊണ്ട് തന്നെയാണ് ഇന്ത്യന്‍ മുസ്ലിംകളും ദളിതുകളും ഇടതുപക്ഷപ്രസ്ഥാനങ്ങളുമെല്ലാം ഇക്കാര്യത്തില്‍ ക്രൈസ്തവര്‍ക്കനുകൂലമായ നിലപാടുകളെടുത്തതും അവരോടൊപ്പം നിന്നതും.

എന്നാല്‍ മതപരിവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യമെന്നാല്‍ ക്രൈസ്തവവല്‍ക്കരണത്തിനുള്ള തുറന്ന അനുവാദമാണെന്ന് ആരും തെറ്റിദ്ധരിച്ചുകൂടാത്തതാണ്. മതപരിവര്‍ത്തനമാണ് ഭരണഘടന അംഗീകരിക്കുന്നത്. ബലപ്രയോഗത്തിലൂടെയോ പ്രലോഭനങ്ങളിലൂടെയോ ഉള്ള മതം മാറ്റത്തെയല്ല. ബലപ്രയോഗത്തിലൂടെയുള്ള മതപരിവര്‍ത്തനം സ്വാതന്ത്ര്യത്തിനുള്ള നേരെയുള്ള കയ്യേറ്റമാണ്. പോര്‍ച്ചുഗീസുകാരുടെ കാലം മുതല്‍ ക്രൈസ്തവവല്‍ക്കരണത്തിന് വേണ്ടിയുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന വസ്തുത നിഷേധിക്കാനാവില്ല. ഇന്ന് മതപരിവര്‍ത്തനത്തിന് എതിരെ സംസാരിക്കുന്നവരും ജനങ്ങളെ ഹിന്ദുവല്‍ക്കരിക്കുന്നതിന് വേണ്ടി അധികാരത്തിന്റെ ദണ്ഡുപയോഗിച്ചവരാണ്. ബുദ്ധന്മാരെയും ജൈനന്മാരെയും ഹിന്ദുക്കളാക്കാനായി ചൊരിഞ്ഞ ചോരക്ക് കയ്യും കണക്കുമില്ല. ദയാനന്ദസരസ്വതിയുടെ ആര്യസമാജത്തിന് കീഴില്‍ പ്രവര്‍ത്തിച്ച ശുദ്ധിപ്രസ്ഥാനം മുസ്ലിംകളെ ഹിന്ദുക്കളാക്കാന്‍ വേണ്ടി വഴിവിട്ട മാര്‍ഗങ്ങളുപയോഗിച്ചിട്ടുണ്ട്. ഗുജറാത്തിലും രാജസ്ഥാനിലുമെല്ലാം മുസ്ലിംകളെ മതം മാറ്റാനായി ഇപ്പോഴും വി.എച്ച്.പി ശ്രമിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. അജ്മീറിലെ 48000 മുസ്ലിംകളെ ഹിന്ദുമതത്തിലേക്ക് മാറ്റിയത് കേസരി (02.04.1995) തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുജറാത്തിലെ മോഡി സര്‍ക്കാരിന്റെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇക്കഴിഞ്ഞ ജൂണ്‍ 13ന് അഹ്വായില്‍ വെച്ച് സംഘടിപ്പിച്ച യോഗത്തില്‍ മുസ്ലിംകള്‍ ഹിന്ദുക്കള്‍ ആകുകയോ അല്ലെങ്കില്‍ ഗ്രാമം വിട്ടുപോകുകയോ ചെയ്യണമെന്ന് കല്‍പിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. (മാധ്യമം 18.09.2008). നിര്‍ബന്ധിച്ചോ പ്രലോഭിപ്പിച്ചോ ഉള്ള മതപരിവര്‍ത്തനത്തില്‍ ഇസ്ലാം വിശ്വസിക്കുന്നില്ല. മനുഷ്യമനസ്സുകള്‍ക്കകത്ത് മാറ്റങ്ങളുണ്ടാക്കിക്കൊണ്ടാണ് മതപരിവര്‍ത്തനം നടക്കേണ്ടത് എന്നതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. വിശ്വാസപരിവര്‍ത്തനത്തിലൂടെയുള്ള ജീവിത വിമലീകരണവും അതുവഴിയുള്ള സ്വര്‍ഗപ്രവേശവുമാണ് ഇസ്ലാമിലെത്തിച്ചേരുന്നവരുടെ പ്രചോദനം. പ്രസ്തുത പ്രചോദനമുള്‍ക്കൊണ്ട് മുസ്ലിംകളായിത്തീര്‍ന്നവരെ പ്രലോഭനങ്ങള്‍കൊണ്ടോ പീഡനങ്ങള്‍കൊണ്ടോ പിന്തിരിപ്പിക്കാനാവുകയില്ല. എങ്കിലും അത്തരം ആളുകള്‍ക്കെതിരെ ഉപയോഗിക്കപ്പെടാന്‍ സാധ്യതയുള്ള വജ്രായുധമാണ് ഭീകരവാദാരോപണമെന്ന വസ്തുത തിരിച്ചറിയപ്പെടേണ്ടതുണ്ട്. തീവ്രവാദവും ഭീകരതയും ഇസ്ലാം വിരുദ്ധമാണെന്ന വസ്തുത ഉറക്കെപ്പറയുകയും അതിനെതിരെ ബോധവല്‍ക്കരണശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നതോടൊപ്പം തന്നെ പ്രസ്തുത ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്ന നിരപരാധികളെ രക്ഷിക്കുവാനുള്ള പരിശ്രമങ്ങളിലേര്‍പ്പെടുവാനും അവര്‍ക്ക് വേണ്ടി ശബ്ദിക്കുവാനും കഴിയേണ്ടതുണ്ട്.

പുതിയ കേരളീയ സാഹചര്യത്തില്‍ ഇത്തരം ആരോപണങ്ങള്‍ക്കുള്ള സാധ്യത വര്‍ധിക്കുകയാണ്. വിവാഹപൂര്‍വ പ്രണയത്തെയും ജിഹാദിനെയും കൂട്ടിയിണക്കിയുണ്ടാക്കിയ വിലക്ഷണ ദ്വയത്തിലൂടെയും നബിനിന്ദാപ്രകടനങ്ങളിലൂടെയുമെല്ലാം ഇസ്ലാമികപ്രബോധനത്തിന് തടയിടാമെന്നു കരുതിയവര്‍ക്ക് കേരളീയസമൂഹവും നീതിനിര്‍വ്വഹണ സംവിധാനങ്ങളുമെല്ലാം നല്ല മറുപടിയാണ് നല്‍കിയത്. വിലക്ഷണദ്വയത്തിന്റെ നിര്‍മാതാക്കളെയും ജിഹാദിനെയും വിവാഹപൂര്‍വ്വ പ്രണയത്തെയും ഭീകരവാദത്തെയും കൂട്ടിക്കെട്ടി അപസര്‍പ്പകകഥകള്‍ മെനഞ്ഞ ആനുകാലികങ്ങളെയും പ്രസ്തുത ആനുകാലികങ്ങള്‍ക്ക് കുറ്റാന്വേഷണ ഏജന്‍സികള്‍ക്കു പോലും ലഭിക്കാത്ത വിവരങ്ങള്‍ നല്‍കി 'അന്വേഷണാത്മക പത്രപ്രവര്‍ത്തന'ങ്ങള്‍ക്ക് അരമനകള്‍ക്കും കഴിയുമെന്ന് തെളിയിച്ച കാത്തലിക് ബിഷപ്പ് കൌണ്‍സിലിന്റെ കീഴിലുള്ള ജാഗ്രതാസമിതിയെയും പ്രസ്തുത സമിതി പുറത്തുവിട്ട 'കണക്കുകള്‍' ഉദ്ധരിച്ച് കോളേജ് കുമാരന്മാരുടെ കോലത്തിലാണിപ്പോള്‍ ഭീകരവാദികള്‍ ആത്മഹത്യാബോംബായിത്തീരാന്‍ പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്യുന്നതെന്ന് പ്രചരിപ്പിച്ച ഹിന്ദുത്വക്കാരെയുമെല്ലാം കണക്കിന് കളിയാക്കാന്‍ പോന്നതായിരുന്നു ഇക്കാര്യത്തില്‍ കേരള ഹൈക്കോടതി അവസാനമായി പുറപ്പെടുവിച്ച വിധിന്യായം. നബിനിന്ദാ സംഭവങ്ങളോടും നമ്മുടെ കോടതികള്‍ പ്രതികരിച്ച രീതി ഏറെ പ്രശംസിക്കപ്പെടേണ്ട തരത്തിലുള്ളവയായിരുന്നു. ഇന്ത്യക്കാര്‍ക്ക് മൊത്തത്തിലും മുസ്ലിംകള്‍ക്ക് വിശേഷിച്ചും നമ്മുടെ നിയമനിര്‍വഹണ സംവീധാനങ്ങളോട് മതിപ്പും ബഹുമാനവും വര്‍ദ്ധിപ്പിക്കേണ്ട സംഭവങ്ങള്‍. അവ ആ രൂപത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയോ ആഘോഷിക്കപ്പെടുകയോ ചെയ്തില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. നിയമവാഴ്ച തന്നെയാണ് നമുക്ക് വേണ്ടതെന്ന് എല്ലാ ജനസമൂഹങ്ങളെക്കൊണ്ടും അംഗീകരിപ്പിക്കാന്‍ പര്യാപ്തമായ കോടതി ഇടപെടലുകള്‍ ചര്‍ച്ചചെയ്യപ്പെടാതിരിക്കുകയും അപവാദങ്ങള്‍ കൊട്ടിഘോഷിക്കപ്പെടുകയും ചെയ്യുമ്പോള്‍ മുസ്ലിംകളെ ഭീകരരാക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ ബൗദ്ധിക സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. അത്തരം ഒരു സാഹചര്യത്തിന്റെ ഫലം ഇസ്ലാമിന്റെ ചിഹ്നം പേറുന്നവരെല്ലാം ഭീകരരാണെന്ന് കരുതപ്പെടുന്ന അവസ്ഥയായിരിക്കും. സത്യമാണെന്ന് തിരിച്ചറിഞ്ഞ് ഇസ്ലാമിനെ സ്വന്തം ജീവിതാദര്‍ശമായി പുല്‍കുന്നവന്റെ സ്ഥിതി പിന്നെ പറയേണ്ടതുമില്ല. ഭീകരവാദത്തെ ദാര്‍ശനികവും പ്രായോഗികവുമായി പ്രതിരോധിക്കുകയും അതോടൊപ്പം തന്നെ ഭീകരവാദം ആരോപിക്കപ്പെട്ട് നിരപരാധികള്‍ വേട്ടയാടപ്പെടാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്യേണ്ടതുണ്ട്. ഭീകരവാദത്തിന്റെ പേരില്‍ നിരപരാധികളായ മുസ്ലിംകള്‍ പീഢിപ്പിക്കപ്പെടുന്ന അവസ്ഥയുണ്ടാവുന്നത് അവര്‍ പ്രചരിപ്പിക്കുന്ന വെറുപ്പിന്റെ തത്വശാസ്ത്രത്തിലേക്ക് ആളുകളെ ആകര്‍ഷിപ്പിക്കുന്നതിനാണ് നിമിത്തമാവുക. അതില്ലാതെ നോക്കുവാന്‍ നീതി നിര്‍വ്വഹണ സംവിധാനങ്ങളും സമുദായ നേതൃത്വവുമെല്ലാം ജാഗ്രതപാലിക്കേണ്ടതുണ്ട്.

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH