Search

mahonnathan

Slide - Nabinindha

JA slide show
തീവ്രവാദികളോട് പറയുവാനുള്ളത് Print E-mail

അസന്തുഷ്ടമായ മാനസികാവസ്ഥ നിലനില്‍ക്കുന്നിടത്ത് കലാപത്തിന്റെ വിത്തു പാകുവാന്‍ എളുപ്പമാണ്. അത് കാട്ടുതീ പോലെ പടരുവാന്‍ ഒരു മന്ദമാരുതന്‍ ഉണ്ടായാല്‍ മതി. തീ പടര്‍ന്നുപിടിച്ചു കഴിഞ്ഞാല്‍ ശമിപ്പിക്കാന്‍ ചൂട്ടുകത്തിച്ചവര്‍ക്കു പോലും കഴിയില്ല. അത് പടരും. സകലരെയും ദഹിപ്പിച്ചുകൊണ്ട് അത് സംഹാരതാണ്ഡവമാടും. വിത്തുവിതച്ചവര്‍ക്കുപോലും അതില്‍ നിന്ന് രക്ഷപ്പെടാനാവില്ല. 1921ലെ മലബാര്‍ കലാപം നമുക്ക് നല്‍കേണ്ട പാഠമിതാണ്. അനുഭവപാഠം.

വളരുന്ന ഫാഷിസം ഇന്ത്യന്‍ മുസ്ലിംകളുടെ മാത്രം ശത്രുവല്ല. അത് ജനാധിപത്യത്തിന്റെ ശത്രുവാണ്; മതനിരപേക്ഷതയുടെ ശത്രുവാണ്. സര്‍വ്വോപരി മാനവികതയുടെ ശത്രുവാണ്. ഫാഷിസത്തെ ചെറുക്കുകയാണ് തീവ്രവാദികളുടെ ആത്മാര്‍ത്ഥമായ ലക്ഷ്യമെങ്കില്‍ അവരുടെ ഉന്നത്തെ തിരിച്ചറിയുകയും അത് തകര്‍ക്കാനാവശ്യമായ തന്ത്രങ്ങളാവിഷ്കരിക്കുകയുമാണ് വേണ്ടത്. സവര്‍ണാധിപത്യമാണ് ഷോവനിസത്തിന്റെ ലക്ഷ്യം. മറ്റെല്ലാം അതിലേക്കുള്ള മാര്‍ഗ്ഗങ്ങളാണ്. ലക്ഷ്യത്തെ തകര്‍ക്കാനാവണമെങ്കില്‍ മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കാനാവണം. അതിന് മുസ്ലിംകളുടെ ചാവേര്‍പ്പടകളുണ്ടാക്കിയിട്ട് കാര്യമില്ല. ആത്മഹത്യക്കൂട്ടങ്ങളെന്നല്ലോ അനുയാജ്യമായ പേര്മനുഷ്യാവകാശത്തിന്റെയും ദേശീയ വികസനത്തിന്റെയും പര്‍ദ്ദകള്‍ക്കകത്ത് കുളിപ്പിച്ചുനിര്‍ത്തിയെന്നത് കൊണ്ട് മാത്രം ആത്മഹത്യക്കൂട്ടങ്ങളെ ജനം തിരിച്ചറിയാതിരിക്കില്ല. ഫാഷിസത്തിന് മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കണമെങ്കില്‍ ഒരു വന്‍മതില്‍ തന്നെ പടുത്തുയര്‍ത്തേണ്ടതുണ്ട്. ജനാധിപത്യവിശ്വാസികളുടെ വന്‍മതില്‍, മതനിരപേക്ഷത നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവരുടെ മനുഷ്യമതില്‍. ഈ മനുഷ്യമതിലിന്റെ നിര്‍മാണത്തിനാവശ്യമായ സാഹചര്യം സൃഷ്ടിക്കുകയാണ് ബുദ്ധിയുള്ളവര്‍ ചെയ്യേണ്ടത്.

ഭൂതകാലത്തില്‍ നിന്ന് പാഠം പഠിക്കാത്തവര്‍ക്ക് നിലനില്‍പ്പിനുള്ള അവകാശം നിഷേധിക്കപ്പെടുമെന്ന വസ്തുത നാം മനസ്സിലാക്കണം. ന്യൂനപക്ഷത്തിന്റെ സംരക്ഷണത്തിന് വേണ്ടി രംഗത്ത് വന്ന ആത്മഹത്യക്കൂട്ടങ്ങള്‍ക്ക് ഏതെങ്കിലും ഒരു സമൂഹത്തില്‍ വിജയിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ? തീവ്രവാദത്തിനും ഭീകരവാദത്തിനും ഏതെങ്കിലുമൊരു സമൂഹത്തിന്റെ പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമുണ്ടാക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ? അവകാശസമരങ്ങള്‍ക്ക് വേണ്ടി ആയുധമെടുക്കാന്‍ പഠിപ്പിച്ച പ്രസ്ഥാനങ്ങളില്‍ ഏതെങ്കിലും ജനാധിപത്യത്തിന്റെ ലോകത്ത് വിജയം വരിച്ചിട്ടുണ്ടോ? 'ഇല്ല'യെന്ന ഉത്തരം മാത്രമേ ചരിത്രത്തെ വസ്തുനിഷ്ഠമായി വിശകലനം ചെയ്തവര്‍ക്ക് പറയാനാവൂ.

ഫാഷിസത്തിന്റെ ആയുധങ്ങളെ വെല്ലാവുന്ന ആയുധങ്ങളുണ്ടാക്കുകയല്ല അതിനെ പ്രതിരോധിക്കുവാന്‍ ചെയ്യേണ്ടത്; അതിന്റെ ആയുധങ്ങളെ നിര്‍വീര്യമാക്കുകയാണ്. പ്രതിയായുധങ്ങളുണ്ടാക്കുവാന്‍ ആശാരിമാരും കൊല്ലന്മാരും അവര്‍ക്കുള്ള പണിയായുധങ്ങളും മതിയാവും. എന്നാല്‍ ഫാഷിസത്തിന്റെ ആയുധങ്ങളെ നിര്‍വീര്യമാക്കണമെങ്കില്‍ ബുദ്ധിപൂര്‍വ്വകമായ പ്രവര്‍ത്തനങ്ങളാണാവശ്യം. തീവ്രവാദം വികാരങ്ങളോടാണ് സംസാരിക്കുന്നത്. ചിന്തയും വിവേകവും തീവ്രവാദത്തിന്റെ നിഘണ്ടുവിന് അന്യമായ പദപ്രയോഗങ്ങളാണ്. അങ്ങനെയുള്ളവര്‍ക്കെങ്ങനെയാണ് ഒരു വിചാരവിപ്ളവത്തിന് സാഹചര്യമൊരുക്കുവാന്‍ കഴിയുക?

 

എതിരാളികളില്‍ കലാപവാസന വളരുന്നത് ഫാഷിസത്തിന് ഇഷ്ടമാണ്. പ്രതിയോഗിയുടെ കലാപങ്ങളില്‍ നിന്നാണ് ഫാഷിസം അതിന്റെ പ്രചാരണതന്ത്രങ്ങളാവിഷ്കരിക്കുന്നത്. തീവ്രവാദത്തിന്റെ വളര്‍ച്ചയില്‍ ഷോവനിസ്റുകള്‍ സന്തോഷിക്കുന്നത് ഇതുകൊണ്ടാണ്. കലാപങ്ങളിലൂടെ എതിരാളികളെ ഉന്മൂലനം ചെയ്യാനാവശ്യമായ സാഹചര്യമുണ്ടാവുന്നു എന്നതു കൊണ്ടു മാത്രമുള്ള സന്തോഷമല്ല ഇത്. തങ്ങള്‍ക്കാവശ്യമായ വലിയൊരു പ്രചരണായുധം ലഭിക്കുന്നുവെന്നതാണ് ഇതിന് കാരണം. വ്യക്തമായ സാമുദായിക ധ്രുവീകരണത്തിനും അങ്ങനെ തങ്ങള്‍ക്കാവശ്യമായ വോട്ട് ബാങ്ക് സൃഷ്ടിക്കുന്നതിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിമിത്തമാകുമെന്ന് അവര്‍ കണക്കു കൂട്ടുന്നു. അത് തന്നെയാണല്ലോ ശരിയും.

ജിഹാദിന്റെ അര്‍ഥവും പ്രയോഗവും
രക്തസാക്ഷിത്വത്തിന്റെ മഹത്വം പറഞ്ഞു കൊണ്ടാണ് തീവ്രവാദികള്‍ തങ്ങളുടെ ആദര്‍ശത്തെ മുസ്ലിം മസ്തിഷ്കത്തിലേക്ക് സന്നിവേശിപ്പിക്കുന്നത്. ഇന്ത്യയിലെ മുസ്ലിംകള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന പ്രയാസങ്ങളെ കുറിച്ച് പൊടിപ്പും തൊങ്ങലും വെച്ച കഥകളുമായി ഒന്നാം ക്ളാസ്; മുസ്ലിം പ്രശ്നങ്ങള്‍ക്കുള്ള ഏക പരിഹാരമായി സായുധസജ്ജമായി സമരരംഗത്തിറങ്ങുകയെന്ന് നിര്‍ദ്ദേശിക്കുന്ന രണ്ടാം ക്ളാസ്. ധര്‍മ്മസമരത്തിന് പ്രേരിപ്പിക്കുന്ന ഖുര്‍ആനിക സൂക്തങ്ങളും പ്രവാചകാനുചരന്മാര്‍ സഹിച്ച ത്യാഗങ്ങളെക്കുറിച്ച ചരിത്രകഥനങ്ങളും മേമ്പൊടിയായി ചേര്‍ക്കപ്പെടുമ്പോള്‍ തീവ്രവാദത്തിന് അനുസരണപ്രതിജ്ഞ(ബൈഅത്ത്) ചെയ്യുവാന്‍ ശരാശരി മനസ്സ്് പ്രേരിപ്പിക്കപ്പെടുന്നു. ഇങ്ങനെയാണ് ആത്മഹത്യക്കൂട്ടങ്ങളിലേക്ക് ആളെ ചേര്‍ക്കുന്നത്. ജിഹാദിനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണല്ലോ ഇസ്ലാമിക ലോകത്ത് ഛിദ്രതകള്‍ക്ക് തുടക്കം കുറിച്ചത്. അതേ മാര്‍ഗ്ഗം തന്നെ തീവ്രവാദവും സ്വീകരിക്കുന്നു.

 

ഇസ്ലാമിക പ്രബോധനവും (ദഅ്വത്ത്) ആ രംഗത്തെ ത്യാഗസമരവും (ജിഹാദ്) വ്യവഛേദിച്ച് വ്യവഹരിക്കുന്നതുപോലും ശരിയല്ല. ദഅ്വത്തില്ലെങ്കില്‍ ജിഹാദില്ലെന്നതാണ് യാഥാര്‍ഥ്യം. ദഅ്വത്തിന് അനുസൃതമായി വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും സജ്ജമാക്കുകയാണ് ജിഹാദ് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. വൈയ്യക്തികതലത്തില്‍ ദൈവേച്ഛയ്ക്ക് എതിരുനില്‍ക്കുന്ന ദേഹേച്ഛയ്ക്കെതിരെയുള്ള സമരമാണ് ജിഹാദ്. ജിഹാദുവഴി വ്യക്തി വിമലീകരിക്കപ്പെടുകയും സമൂഹത്തിന്റെ വിളക്കായിത്തീരുകയും ചെയ്യുകയും അങ്ങനെ അത് പ്രബോധനത്തിനുള്ള മാര്‍ഗ്ഗമായിത്തീരുകയും ചെയ്യുന്നു. ജിഹാദിലൂടെ മാതൃകായോഗ്യരായിത്തീര്‍ന്ന മുസ്ലിംകളെ കണ്ടുകൊണ്ടാണല്ലോ ആദ്യകാലത്ത് ഇസ്ലാം പ്രചരിച്ചതും വ്യാപിച്ചതും.

മുസ്ലിം സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണ് ദഅ്വത്ത്. ഉത്തമസമുദായം(ഖൈറു ഉമ്മത്ത്) എന്ന് പടച്ചതമ്പുരാനാല്‍ സംബോധന ചെയ്യപ്പെട്ടത് സത്യമതപ്രബോധനമെന്ന ദൌത്യം നിര്‍വ്വഹിക്കുന്ന സമൂഹമാണ് (ഖുര്‍ആന്‍ 3:104, 3:110, 2:143, 22:78, 16;125 ഇവ നോക്കുക). വിശ്വാസസ്വാതന്ത്യ്രം അനുവദിക്കുന്ന സമൂഹത്തില്‍ മാത്രമേ ഇസ്ലാമിക പ്രബോധനം ഉണ്ടാകുകയുള്ളു. പ്രബോധനരംഗത്ത് തടസ്സം നേരിടുന്നുവെങ്കില്‍ പ്രസ്തുത തടസ്സം നീക്കുന്നതിന് ബുദ്ധിപരമായ മാര്‍ഗ്ഗങ്ങളെക്കുറിച്ച് മുസ്ലിം സമൂഹം ചിന്തിക്കണം. ശക്തിപ്രയോഗവും പ്രതിരോധവും വഴിയാണ് മാര്‍ഗ്ഗതടസ്സം നീങ്ങിക്കിട്ടുകയെന്ന് സമൂഹത്തിന് ബോധ്യപ്പെട്ടാല്‍ പ്രസ്തുത മാര്‍ഗ്ഗങ്ങളാകാവുന്നതാണ്. വിശുദ്ധ ഖുര്‍ആന്‍ യുദ്ധത്തിന് (ഖിതാല്‍) ആഹ്വാനം ചെയ്യുന്നത് ഇത്തരമൊരു സാമൂഹ്യസാഹചര്യത്തിലാണ്; പ്രബോധനത്തിനുള്ള സാധ്യത തടയപ്പെട്ട സാഹചര്യത്തില്‍ വിശ്വാസസ്വാതന്ത്യ്രത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളാണ് ഇസ്ലാമിക ചരിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. ഇസ്ലാം അനുശാസിക്കുന്ന യുദ്ധമാകട്ടെ, കൃത്യമായ ഇസ്ലാമികരാഷ്ട്ര നേതൃത്വത്തിന്റെ കീഴില്‍ നടക്കുന്ന പോരാട്ടമാണ്. ഏതെങ്കിലും ഒരു വ്യക്തിയോ ഗ്രൂപ്പോ നടത്തുന്ന ഗറില്ലാ യുദ്ധമുറകളല്ല. കുഴപ്പത്തിനും രക്തചൊരിച്ചിലുകള്‍ക്കും മാത്രം നിമിത്തമാകുന്ന, നേതൃത്വത്തിന്റെ കീഴിലല്ലാതെയുള്ള പോരാട്ടം ഇസ്ലാമിന് പരിചയമുള്ളതല്ല. അത്തരം കലാപങ്ങള്‍ക്ക് പ്രമാണങ്ങളിലോ ചരിത്രത്തിലോ തെളിവ് കണ്ടെത്താന്‍ സാധ്യവുമല്ല.

സ്വതന്ത്രരായി ജനിച്ച മനുഷ്യര്‍ക്ക് ചിന്താസ്വാതന്ത്യ്രം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഇസ്ലാം യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നത്. യുദ്ധത്തിന് പ്രേരിപ്പിച്ച് കൊണ്ടുള്ള ഖുര്‍ആനിക സൂക്തങ്ങളെ അവ അവതരിക്കപ്പെട്ട സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് മനസ്സിലാക്കണം. അല്ലെങ്കില്‍ വ്യക്തമായ അബദ്ധം സംഭവിക്കും. സയണിസത്തിന്റെ മസ്തിഷ്കം സ്വീകരിച്ച ഓറിയന്റലിസ്റുകള്‍ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുവാന്‍ വേണ്ടി പ്രധാനമായും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് ഈ ഖുര്‍ആന്‍ സൂക്തങ്ങളെയാണ്. സത്യനിഷേധികള്‍ക്കെതിരെ സമരം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന ഖുര്‍ആന്‍ സൂക്തങ്ങളെയാണ് ഇസ്ലാം ഭീകരതയാണ് എന്ന് സ്ഥാപിക്കുന്നതിന് വേണ്ടി അവര്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതേ സൂക്തങ്ങള്‍ തന്നെയാണ്, അഖണ്ഡഭാരതത്തിന് മുമ്പിലുളള പ്രധാനപ്പെട്ട ഭീഷണി മുസ്ലിംകളാണെന്ന് വരുത്തുന്നതിന് വേണ്ടി സംഘ്പരിവാറിന്റെ ബുദ്ധിജീവികള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. കാഫിറുകളെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്ന ഖുര്‍ആനിനെ വിശുദ്ധഗ്രന്ഥമായി ആദരിക്കുന്നവര്‍ക്കെങ്ങിനെയാണ് ഒരു ബഹുമത സമൂഹത്തില്‍ സഹിഷ്ണുതയോടെ ജീവിക്കുവാന്‍ കഴിയുകയെന്ന് അവര്‍ ചോദിക്കുന്നു. വേദവചനങ്ങളെയും ഗീതാശ്ളോകങ്ങളെയുമെല്ലാം സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തുകൊണ്ട് വ്യാഖ്യാനിച്ചാല്‍ ഋഷിപുംഗവന്മാരും അവതാരപുരുഷന്മാരുമെല്ലാം പ്രതിക്കൂട്ടിലാകുമെന്ന വസ്തുത അവര്‍ സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു.

രക്തസാക്ഷിത്വത്തിനുവേണ്ടി സമുദായത്തെ സജ്ജമാക്കുന്നവരെന്നവകാശപ്പെടുന്ന തീവ്രവാദികള്‍ സ്വീകരിച്ചിരിക്കുന്നത് സയണിസ്റുകളും ഫാഷിസ്റുകളും സ്വീകരിച്ച അതേ ഖുര്‍ആന്‍ വ്യാഖ്യാനരീതി തന്നെയാണെന്നതാണ് ഏറെ വിചിത്രമായ വസ്തുത. നിശാക്ളാസ്സുകളില്‍ വെച്ച് വിശുദ്ധഖുര്‍ആനിലെ സൂക്തങ്ങളുദ്ധരിച്ചു കൊണ്ട് ഖിതാലും ദിഫാഉം പ്രയോഗിക്കുന്നതിന് വേണ്ടി ഒരുങ്ങിയിരിക്കാന്‍ ആഹ്വാനം ചെയ്യുന്നവര്‍ ഇസ്ലാമികവിരുദ്ധരുടെ ആരോപണങ്ങള്‍ സത്യമാണെന്ന് സ്ഥാപിക്കുവാനാണ് തത്രപ്പെട്ടുകൊണ്ടിരിക്കുന്നത്. ഫാഷിസം വിജയിക്കുന്നതും ഇവിടെത്തന്നെയാണ്. തങ്ങളുടെ എതിരാളികളെ കൊണ്ട് തങ്ങളുടെ ആയുധം മൂര്‍ച്ചപ്പെടുത്തിപ്പിക്കുകയെന്നതല്ലോ ഫാഷിസത്തിന്റെ തന്ത്രം.

ഇസ്ലാമികപ്രബോധനത്തിന് പറ്റുന്ന ഒരു സാമൂഹ്യസാഹചര്യം സൃഷ്ടിക്കുകയാണ് ജിഹാദിന്റെ താല്‍പര്യമെന്ന് പറഞ്ഞുവല്ലോ. ജനാധിപത്യം നിലനില്‍ക്കുകയും മതസ്വാതന്ത്യ്രം അനുവദിക്കുകയും ചെയ്യുന്ന ഒരു ബഹുമതരാഷ്ട്രത്തില്‍ പ്രസ്തുത സ്വാതന്ത്യ്രം നിലനിര്‍ത്തുവാനാവശ്യമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാണ് ജിഹാദിന്റെ താല്‍പര്യം. 'യുക്തിദീക്ഷയോടെയും സദുപദേശം വഴിയും നിന്റെ നാഥന്റെ മാര്‍ഗ്ഗത്തിലേക്ക് ക്ഷണിക്കുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവദിക്കുകയും ചെയ്യുക''(16:125)യെന്ന ഖുര്‍ആനികാഹ്വാനം ഉള്‍ക്കൊണ്ടുകൊണ്ട് സത്യമതപ്രചരണം അഭംഗുരം തുടരുകയാണ് മുസ്ലിംകള്‍ വേണ്ടത്. ഇവിടെ നിലനില്‍ക്കുന്ന വിശ്വാസസ്വാതന്ത്യ്രം ഇസ്ലാമിന് വളരാന്‍ പറ്റുന്ന രീതിയിലുള്ളതാണ്. ഇന്ത്യ ഇസ്ലാമിന് വളക്കൂറുളള മണ്ണാണെന്ന് മനസ്സിലാക്കുന്നതുകൊണ്ടാണ് അതിനെ തെറ്റിദ്ധരിപ്പിക്കുവാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഇവിടെ ആസൂത്രിതമായി നടക്കുന്നത്. ഈ തെറ്റിദ്ധാരണകള്‍ ദൂരീകരിക്കുകയും ഇസ്ലാമിന്റെ തെളിമയാര്‍ന്ന വെളിച്ചം ജനഹൃദയങ്ങളിലെത്തിക്കുകയും ചെയ്യുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയുമാണ് ഇന്ത്യയില്‍ നടത്തേണ്ട ജിഹാദ്.

ഇവിടെ നിലനില്‍ക്കുന്ന മതസ്വാതന്ത്യ്രം ഹനിക്കപ്പെടുവാന്‍ കാരണമായേക്കാവുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത് ജിഹാദിന്റെ അടിസ്ഥാന താല്‍പര്യങ്ങള്‍ക്കെതിരാണ്. ജിഹാദീ പ്രഖ്യാപനവുമായി രംഗത്തുവരുന്ന തീവ്രവാദികള്‍ സുഗമമായി പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിയുന്ന ഇന്നത്തെ അവസ്ഥ ഇല്ലാതെയാക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്യുന്നത്. ഇസ്ലാമിലെ ജിഹാദിന്റെ സത്തയ്ക്ക് തികച്ചും കടകവിരുദ്ധമായ ഒരു സമീപനമാണിത്. ജിഹാദിന്റെ പേരില്‍ ജിഹാദിന്റെ യഥാര്‍ഥ താല്‍പര്യത്തെ ബലികഴിക്കുകയാണ് തീവ്രവാദികള്‍ ചെയ്യുന്നതെന്നര്‍ഥം.

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH