Search

mahonnathan

Slide - Nabinindha

JA slide show
ഭീകരന്മാരുടെ വെട്ടുകത്തി Print E-mail

നബിനിന്ദയുടെ ചോദ്യക്കടലാസും മിഷനറിപുസ്തകവും പുറത്തുവന്നതിനോടനുബന്ധിച്ചുണ്ടായ പ്രതിഷേധങ്ങളെ വൈകാരികമായി വഴിതിരിച്ചുവിടുവാനും കലാപങ്ങളിലേക്ക് നയിക്കുവാനുമുള്ള പരിശ്രമങ്ങളെ മുസ്ലിം നേതൃത്വവും പണ്ഡിതന്മാരും നിയമപാലകരും ഇടപെട്ട് നിര്‍വീര്യമാക്കുകയും നേരായദിശയിലേക്ക് തിരിച്ചുവിട്ട് നിയമപരമായ മാര്‍ഗങ്ങളിലൂടെ പ്രശ്ന പരിഹാരത്തിന് പരിശ്രമിക്കുകയും ചെയ്തതിനാല്‍ പ്രശ്നത്തെ ആളിക്കത്തിക്കുവാനും മുസ്ലിംകളെ കലാപക്കാരാക്കിത്തീര്‍ക്കുവാനുമുള്ള ഗൂഡമായ പദ്ധതിയാണ് പരാജയപ്പെട്ടത്. ഇസ്ലാമിന്റെ ശത്രുക്കള്‍ക്കുമാത്രമല്ല, മുസ്ലിം വികാരത്തിന്മേല്‍ തങ്ങളുടെ രാഷ്ട്രീയമോഹങ്ങള്‍ അടവെച്ച് വിരിയിച്ചെടുക്കാമെന്ന് കരുതുന്ന ഭീകരന്മാര്‍ക്കും ഇത് വലിയ തിരിച്ചടിയായി. ഇന്ത്യന്‍ മുസ്ലിംകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങള്‍ പെരുപ്പിച്ച് പറഞ്ഞ് സാധാരണക്കാരായ യുവാക്കളില്‍ ഭാരതത്തിലെ നീതിനിര്‍വഹണ സംവിധാനങ്ങളോടെല്ലാം വെറുപ്പ് സൃഷ്ടിച്ചെടുക്കുകയും ആ വെറുപ്പിന്റെ വളത്തില്‍ ഭീകരതയുടെ വിത്തിറക്കുകയും ചെയ്യുകയെന്നതാണ് അവരുടെ പതിവു ശൈലി. ഇന്ത്യന്‍ ജനാധിപത്യത്തെ സൃഷ്ടിപരമായി ഉപയോഗിച്ചതിന്റെ ഗുണഫലങ്ങള്‍ ദിനേന അനുഭവിച്ചുകൊണ്ടിരിക്കുന്ന കേരള മുസ്ലിംകള്‍ക്കിടയില്‍ ഈ വെറുപ്പിന്റെ തത്ത്വശാസ്ത്രത്തിന് കാര്യമായ സ്വാധീനമൊന്നും ലഭിച്ചിട്ടില്ല. മുസ്ലിംകള്‍ പീഢിപ്പിക്കപ്പെടുന്നിടത്താണ് ഭീകരതയുടെ ബീജത്തിന് നന്നായി വളരാന്‍ കഴിയുക.

നബിനിന്ദയോടനുബന്ധിച്ച് കലാപമുണ്ടാവുകയും പോലീസ് നടപടിയുണ്ടാവുകയും ചെയ്താല്‍ തങ്ങളുടെ വെറുപ്പിന്റെ ദര്‍ശനത്തിന് വിത്തിറക്കാന്‍ പാകത്തില്‍ മണ്ണ് പരുവപ്പെടുത്താമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് നിരാശ നല്‍കുന്നതായി മുസ്ലിം നേതാക്കളുടെയും പണ്ഡിതന്മാരുടെയും കേരളീയ പൊതുസമൂഹത്തിന്റെയും പ്രതികരണങ്ങളും പോലീസ് നടപടികളും കോടതിയിടപടലുകളുമെല്ലാം. ഈ നിരാശാബോധത്തില്‍ നിന്നാവണം നബിനിന്ദയുടെ ചോദ്യപേപ്പര്‍ നിര്‍മിച്ചയാളുടെ കൈ മുറിക്കുകയെന്ന ആശയം ഉരുത്തിരിഞ്ഞത്.

നബിനിന്ദയുടെ ചോദ്യപേപ്പറുണ്ടാക്കിയയാള്‍ ചെയ്തത് ഭാരതീയ സമൂഹത്തോടും മതനിരപേക്ഷതയോടുമുള്ള നീചവും നികൃഷ്ടവുമായ പാതകമാണെങ്കില്‍ അതുചെയ്തയാളുടെ കയ്യറുത്ത് പ്രതികരിച്ചവര്‍ ചെയ്തത് ഭാരതീയ സമൂഹത്തിന് മൊത്തത്തിലും മുസ്ലിംകള്‍ക്ക് പ്രത്യേകമായും പൊറുക്കാന്‍ നിര്‍വ്വാഹമില്ലാത്ത നാലു തരം കൊടും പാതകങ്ങളാണ്. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുക; മറ്റു മതസമൂഹങ്ങള്‍ മുസ്ലിം സമുദായത്തെ വെറുക്കുന്ന അവസ്ഥ സൃഷ്ടിക്കുക; ഇസ്ലാമിനെ തമസ്കരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ആയുധങ്ങള്‍ നല്‍കുക; ഇസ്ലാമിക പ്രബോധനത്തിന് തടയിടുവാനാവശ്യമായ സാമൂഹ്യ സാഹചര്യം സൃഷ്ടിക്കുക. കാരുണ്യമൂര്‍ത്തിയായ അല്ലാഹുവില്‍ നിന്ന് അവതരിക്കപ്പെട്ട വിശുദ്ധഖുര്‍ആനില്‍ നിന്നും ലോകങ്ങള്‍ക്കെല്ലാം കാരുണ്യമായി നിയോഗിക്കപ്പെട്ട മുഹമ്മദ് നബി(സ്വ)യില്‍ നിന്നും ഇസ്ലാമിനെ പഠിച്ചവര്‍ക്കൊന്നും ഈ കൊടും പാതകങ്ങള്‍ക്ക് കഴിയില്ലെന്നുറപ്പാണ്. അതു ചെയ്തവര്‍ മുസ്ലിം പേരുള്ളവരാണെങ്കില്‍ അവര്‍ പഠിച്ച ഇസ്ലാം ഖുര്‍ആനും നബിവചനങ്ങളും മുന്നോട്ടുവെക്കുന്ന ഇസ്ലാമല്ലെന്ന് സ്പഷ്ടം. പ്രമാണങ്ങളില്‍ നിന്നല്ലെങ്കില്‍ പിന്നെയെവിടെനിന്നാണ് അത്തരക്കാര്‍ക്ക് മതവും മതാവേശവും ലഭിക്കുന്നതെന്ന് തിരിച്ചറിയുകയും അവിടെ ദാര്‍ശനികമായ പ്രതിരോധം തീര്‍ക്കുകയുമാണ് ഭീകരതയെ ചെറുത്ത് മുസ്ലിം യുവതയെ ആത്മഹത്യാമുനമ്പുകളില്‍ നിന്ന് രക്ഷപ്പെടുത്തണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവര്‍ ഒന്നാമതായി ചെയ്യേണ്ടതെന്ന് വ്യക്തമാക്കുന്നവയാണ് കൈവെട്ടലും അനുബന്ധ സംഭവങ്ങളുമെല്ലാം.

ജനാധിപത്യവും മതനിരപേക്ഷതയുമെന്ന അടിസ്ഥാന മീമാംസകളില്‍ നിര്‍മിക്കപ്പെട്ട ഇന്ത്യയെന്ന രാഷ്ട്രത്തിന് അതിന്റെ ഭരണഘടനയും നീതിനിര്‍വ്വഹണ സംവിധാനങ്ങളുമുണ്ട്. നിയമനിര്‍മാണ സഭയും നീതിന്യായ വിഭാഗവും നിയമനിര്‍വ്വഹണ വകുപ്പുമടങ്ങുന്ന നീതിനിര്‍വ്വഹണ സംവിധാനങ്ങള്‍ക്ക് വിധേയരായി ജീവിക്കാന്‍ ഓരോ ഇന്ത്യന്‍ പൌരനും ബാധ്യസ്ഥനാണ്. വ്യക്തികളോ വിഭാഗങ്ങളോ ഉപവിഭാഗങ്ങളോ സ്വന്തമായി നീതിനിര്‍വ്വഹണം എറ്റെടുത്താല്‍ അതുവഴി വ്യാപകമായ കുഴപ്പങ്ങളും കലാപങ്ങളുമാണുണ്ടാവുക. അരാജകത്വമാഗ്രഹിക്കാത്ത ആര്‍ക്കും തന്നെ അത്തരമൊരു അവസ്ഥയെ അനുകൂലിക്കുവാനോ ന്യായീകരിക്കുവാനോ കഴിയില്ല. വ്യക്തിക്കോ വിഭാഗത്തിനോ ഉപവിഭാഗത്തിനോ നീതി ലഭിക്കാതെ വരുന്ന അവസ്ഥകളില്‍ ഭരണഘടനക്കനുസൃതമായി നിന്നുകൊണ്ട് അത്തരം അവസ്ഥകളില്ലാതെയാക്കുവാന്‍ പരിശ്രമിക്കുകയാണ് ചെയ്യേണ്ടത്; അതല്ലാതെ ആരും നിയമം കയ്യിലെടുത്തുകൂടാ. ഇസ്ലാമിക രാഷ്ട്ര സംവിധാനം നിയമം കയ്യിലെടുക്കുന്നതിനെ കാണുക 'ഫിത്ന'(കുഴപ്പം)യായിട്ടാണ്. "കുഴപ്പം കൊലയേക്കാള്‍ ഭയാനകമാണ്'' (2:191) എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ഇസ്ലാമികരാഷ്ട്രത്തിലുള്ള ഒരാള്‍ നബി(സ്വ) യെ നിന്ദിക്കുകയും അതിനെതിരില്‍ രാഷ്ട്രസംവിധാനം നിയമനടപടികളെടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ ആരെങ്കിലുമൊരാള്‍ നബിനിന്ദകനെ കൈകാര്യം ചെയ്യുകയാണെങ്കില്‍ അങ്ങനെ ചെയ്തവര്‍ക്കെതിരെ കടുത്ത നടപടികളാണുണ്ടാവുക. കുറ്റവാളികള്‍ക്കെതിരെ ശിക്ഷ വിധിക്കേണ്ടത് രാജ്യത്തെ നീതിന്യായവിഭാഗവും അതു നടപ്പാക്കേണ്ടത് നിയമനിര്‍വ്വഹണ വകുപ്പുമാണ്. നിയമം കയ്യിലെടുക്കാന്‍ പൌരന്മാരെ അനുവദിക്കുന്ന രാഷ്ട്രസംവിധാനങ്ങളൊന്നും തന്നെയില്ല. ചോദ്യക്കടലാസിലെ നബിനിന്ദക്കെതിരെ കേരള പൊലീസ് കേസെടുക്കുകയും അന്വേഷണം നടക്കുകയും ചെയ്യുന്നതിനിടക്കാണ് നികൃഷ്ടമായ കൈവെട്ടുസംഭവമുണ്ടായത്. കേരള സര്‍ക്കാരിലെ ഉത്തരവാദപ്പെട്ടവരും നിയമവിശാരദരും രാഷ്ട്രീയനേതാക്കളും സാംസ്കാരികനായകന്മാരും പോലീസ് മേധാവികളുമെല്ലാം ചേദ്യക്കടലാസ് നബിനിന്ദയെ അപലപിക്കുകയും അത് കേരളീയ സമൂഹത്തിന് തന്നെ നാണക്കേടാണെന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു. വല്ലാതെ പീഡിപ്പിക്കപ്പെടുകയും അനീതി നിത്യസംഭവമാവുകയും ചെയ്യുമ്പോള്‍ നിയമം കയ്യിലെടുക്കുന്ന അവസ്ഥയുണ്ടാകുന്നുവെന്ന 'ഭീകരവാദന്യായീകരണ'ത്തിനു പോലും ഇക്കാര്യത്തില്‍ പഴുതുകളൊന്നുമുണ്ടായിരുന്നില്ല. നിയമം അത് പോകേണ്ട വഴിക്കുതന്നെ നീങ്ങിക്കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു കൈവെട്ട് ക്രൂരത അരങ്ങേറിയത്. ഭാരതീയനീതിനിര്‍വ്വഹണ സംവിധാനങ്ങളെല്ലാം മുസ്ലിംവിരുദ്ധവും ന്യൂനപക്ഷ ദ്രോഹത്തിലധിഷ്ഠിതവുമാണെന്ന പതിവ് പല്ലവി ആവര്‍ത്തിക്കുവാന്‍ ഭീകരര്‍ക്കും അവരെ വളര്‍ത്തുന്ന മാധ്യമങ്ങള്‍ക്കും അവസരമില്ലാതായിത്തീരുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിനിടയിലാണ് ഈ നികൃഷ്ട കൃത്യമുണ്ടായത്. നിയമവാഴ്ചയോടുള്ള കേവല വെല്ലുവിളി മാത്രമല്ല, നിയമവാഴ്ചയെ സംശയിച്ചുകൊണ്ട് മാത്രം ജീവിക്കുന്നവരായി മുസ്ലിംകളെ ആക്കിത്തീര്‍ത്ത് അവരുടെ മനസ്സില്‍ ഭീകരവാദത്തിന്റെ വിത്തു മുളപ്പിക്കുകയെന്ന ലക്ഷ്യത്തോടു കൂടിയുള്ള കടന്നുകയറ്റമാണിത്. രാഷ്ട്രവിരുദ്ധവും നിയമവിരുദ്ധവും മാത്രമല്ല, ന്യൂനപക്ഷവിരുദ്ധവും മുസ്ലിം വിരുദ്ധവും കൂടിയാണീ നീചകൃത്യമെന്ന് പറയുന്നത് ഇതുകൊണ്ടാണ്.

ഇന്ത്യയിലെ പൊതുമുസ്ലിം പതിതാവസ്ഥയില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് കേരളത്തിലെ മുസ്ലിംകളുടെ സ്ഥിതി. ജനാധിപത്യരാഷ്ട്രത്തില്‍ എങ്ങനെ അവകാശസംരക്ഷണമാകാമെന്ന് സ്വതന്ത്യ്രാനന്തരമുള്ള അര നൂറ്റാണ്ടുകൊണ്ട് പ്രായോഗികമായി കാണിച്ചുകൊടുത്തവരാണ് കേരളമുസ്ലിംകള്‍ . വിശുദ്ധഖുര്‍ആനിനെയും തിരുസുന്നത്തിനെയും മാതൃകായോഗ്യരും പ്രവാചകപ്രശംസക്ക് പാത്രമായവരുമായ ആദ്യമൂന്നു തലമുറകള്‍ മനസ്സിലാക്കിയതുപോലെ മനസ്സിലാക്കുകയും പ്രയോഗവല്‍ക്കരിക്കുകയും ചെയ്യണമെന്ന് പഠിപ്പിക്കുന്ന മുസ്ലിം നവോത്ഥാന പ്രസ്ഥാനം തീവ്രവാദത്തിലേക്കോ ജീര്‍ണതയിലെക്കോ വഴുതിപ്പോകാനനുവദിക്കാതെ മുസ്ലിം സമുദായത്തെ ബുദ്ധിപരമായി നയിക്കുകയായിരുന്നു. രാഷ്ട്രീയപ്രസ്ഥാനങ്ങളും വിദ്യാഭ്യാസസംഘടനകളുമെല്ലാം കേരളീയ മുസ്ലിം സമൂഹത്തിന്റെ സവിശേഷമായ വ്യതിരിക്തതയ്ക്ക് അവരുടേതായ സംഭാവനകള്‍ നല്‍കി. ആദര്‍ശപരമായ വ്യതിരിക്തത പുലര്‍ത്തിക്കൊണ്ടുതന്നെ, സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിക്കാവശ്യമുള്ള യജ്ഞങ്ങളിലും പൊതുപ്രശ്നങ്ങളിലും അമുസ്ലിംകളുമായി കൈകോര്‍ത്തു പിടിച്ചുകൊണ്ട് മുന്നോട്ടു പോയതു കൊണ്ടുകൂടിയാണ് കേരള മുസ്ലിംകള്‍ക്ക് പലരംഗത്തും മുന്നേറുവാന്‍ കഴിഞ്ഞത്. കേരളീയരുടെ പൊതുഭാഷയെ സ്വന്തംഭാഷയായി തെരഞ്ഞെടുത്തതു മൂലം വൈജ്ഞാനികവിനിമയത്തിനും മറ്റുമതക്കാരുമായുള്ള ആദര്‍ശപരമായ സംവേദനത്തിനും അങ്ങനെ പരസ്പരം തെറ്റിദ്ധരിക്കാത്ത ഒരു അവസ്ഥ സംജാതമാക്കുവാനും മുസ്ലിം സമുദായത്തിന് സാധിച്ചു. മലയാളമണ്ണില്‍ ഉയര്‍ന്നുനില്‍ക്കുന്ന മുസ്ലിം പള്ളികളും മദ്രസകളും അറബിക്കോളേജുകളും യത്തീംഖാനകളും അഗതിമന്ദിരങ്ങളും ഇസ്ലാമിക പ്രബോധനകേന്ദ്രങ്ങളുമൊന്നും അന്യമതസ്ഥരെ ഉപദ്രവിച്ചുകൊണ്ടോ അവരുടെ വെറുപ്പ് സമ്പാദിച്ചുകൊണ്ടോ ഉണ്ടാക്കിയെടുത്തവയല്ല. ഉയര്‍ന്നുനില്‍ക്കുന്ന പള്ളികളും സ്ഥാപനങ്ങളും ചൂണ്ടിക്കാണിച്ച് ഭൂരിപക്ഷവര്‍ഗീയതയിലേക്ക് സമൂഹത്തെ പ്രലോഭിപ്പിക്കുവാനുള്ള ബോധപൂര്‍വ്വമായ പരിശ്രമങ്ങള്‍ക്ക് നിസ്സഹകരണത്തിലൂടെയും അവഗണനയിലൂടെയും മറുപടി നല്‍കുകയാണ് ഭൂരിപക്ഷസമുദായത്തിലെ മഹാഭൂരിപക്ഷവും ചെയ്തത്. നബിനിന്ദയുടെ ചോദ്യക്കടലാസിനെയും അവഹേളനത്തിന്റെ മിഷനറി പുസ്തകത്തെയും കേരളീയ സമൂഹം പുച്ഛത്തോടുകൂടി നോക്കിക്കണ്ടതിനു പിന്നില്‍ നമ്മുടെ നാട്ടില്‍ നാളുകളായി നിലനില്‍ക്കുന്ന പരസ്പരസ്നേഹത്തിന്റെയും സഹവര്‍ത്തിത്തത്തിന്റെയും സ്വാധീനമുണ്ടായിരുന്നു. അവയെ എല്ലാവരും ഒറ്റക്കെട്ടായി എതിര്‍ക്കുകയാണ് ചെയ്തത്. നബി(സ്വ)യെ അവഹേളിക്കുന്ന രചനകള്‍ക്കെതിരെ മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഒരേ സ്വരത്തില്‍ പ്രതികരിക്കുകയായിരുന്നു. മതപ്രബോധനമെന്നാല്‍ മഹാവ്യക്തിത്വങ്ങളെ തെറി പറയുകയാണെന്ന് കരുതുന്ന ഏതാനും മിഷനറിമാരും അവരുടെ തണലില്‍ ജീവിക്കുന്ന യുക്തിവാദിപേനയുന്തികളും ഭൂരിപക്ഷവര്‍ഗീയതയെ ജാഗരംകൊള്ളിക്കാന്‍ അവസരം പാര്‍ത്തു നില്‍ക്കുന്നവരും മാത്രമായിരുന്നു ഇതിന് അപവാദം.

നബിനിന്ദയിലൂടെ മുസ്ലിംകളെ പ്രകോപിപ്പിച്ച് കാര്യങ്ങള്‍ നേടാമെന്ന് കരുതിയവര്‍ നിരാശരായി; കേരളീയപൊതുസമൂഹത്തിന്റെ പ്രതികരണം അവര്‍ക്ക് തിരിച്ചടിയായി. നബിനിന്ദയോട് അക്രമാസക്തമല്ലാത്ത രീതിയില്‍ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത മുസ്ലിംകള്‍ക്കനുകൂലമായി കേരള ഹൈകോടതി വിധി പുറപ്പെടുവിച്ചു. എല്ലാവരും മുസ്ലിംകളുടെ വികാരത്തോടൊപ്പം നില്‍ക്കുകയും നിയമനടപടികള്‍ക്ക് ആക്കമുണ്ടാവുകയും ചെയ്ത സന്ദര്‍ഭത്തിലാണ് കൈവെട്ട് നാടകമുണ്ടായത്. അതോടെ സ്ഥിതിഗതികള്‍ മാറിമറഞ്ഞു. കേരളീയ പൊതുസമൂഹം മുസ്ലിംകളെ വെറുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിപ്പോകുമെന്ന അവസ്ഥയുണ്ടായി. മുസ്ലിം സംഘടനകളെല്ലാം ഒരേ സ്വരത്തില്‍ ഈ കിരാതത്വത്തിനെതിരെ പ്രതികരിച്ചിട്ടും ചില മാധ്യമങ്ങള്‍ ഇത് ഇസ്ലാമിന്റെയും മുസ്ലിംകളുടെയും മേല്‍ ചാര്‍ത്തുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. താടിയും നമസ്കാരത്തഴമ്പും മുതല്‍ സലാം പറയലും നമസ്കരിക്കലും വരെ ഭീകരതയുടെ ചിഹ്നങ്ങളാക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍! പരസ്പരമുള്ള വെറുപ്പും വിദ്വേഷവുമാണ് ഇതിന്റെയെല്ലാം ഫലം. പൊതുസമൂഹത്താല്‍ മുസ്ലിംകള്‍ വെറുക്കപ്പെടുന്ന സ്ഥിതി! ഇതു സൃഷ്ടിക്കുവാന്‍ കൂട്ടുനിന്നവര്‍ ആരായാലും അവര്‍ ഇസ്ലാമിന്റെ മിത്രങ്ങളല്ല; മുസ്ലിം സമുദായത്തിന്റെ ഗുണകാംക്ഷികളുമല്ല. ഇസ്ലാമിന്റെ യഥാര്‍ഥ ആദര്‍ശവുമായി അവര്‍ക്ക് ബന്ധമൊന്നുമില്ല. സ്വന്തം ആദര്‍ശത്തോടെങ്കിലും അവര്‍ക്ക് ആത്മാര്‍ഥതയും അത് തുറന്നു പറയുവാനുള്ള ആര്‍ജവവുമുണ്ടെങ്കില്‍ "ഞങ്ങളാണ് കൈവട്ടു നാടകത്തിലെ അഭിനേതാക്കള്‍'' എന്ന് പ്രഖ്യാപിച്ച് പൊതുസമൂഹത്തില്‍ പ്രത്യക്ഷപ്പെടുകയാണ് ചെയ്യേണ്ടത്. അത് ചെയ്യാതെ ഇരുട്ടിന്റെ മറവിലിരിക്കുന്നവര്‍ക്ക് ആദര്‍ശവും ആത്മാര്‍ഥതയും ആര്‍ജവവുമില്ല; തങ്ങള്‍ ചെയ്തത് ഏറ്റെടുക്കുവാനുള്ള ധൈര്യം പോലുമില്ലാത്തവരാണ് നിരപരാധികള്‍ വേട്ടയാടപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദികള്‍.

ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുവാനും തമസ്കരിക്കുവാനുമുള്ള പരിശ്രമങ്ങള്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്. സത്യമതത്തിന്റേതല്ലാത്ത ആദര്‍ശങ്ങള്‍ അതിന്മേല്‍ ആരോപിച്ചുകൊണ്ടാണ് പലപ്പോഴും വിമര്‍ശനങ്ങള്‍ നടന്നുവരാറുള്ളത്. ഇത്തരത്തിലുള്ള ഒരു പുതിയ ആരോപണമാണ് ഇസ്ലാം ഭീകരതയാണെന്ന ആരോപണം. നിരപരാധികളൊന്നും വധിക്കപ്പെട്ടുകൂടെന്ന് നിഷ്കര്‍ഷിക്കുന്ന ഖുര്‍ആനും പച്ചക്കരളുള്ള ജീവികളോടെല്ലാം കരുണകാണിക്കണമെന്ന് പഠിപ്പിക്കുന്ന നബിവചനങ്ങളും അടിസ്ഥാനപ്രമാണങ്ങളായുള്ള ഇസ്ലാമിന് ഭീകരതയെ പഠിപ്പിക്കാനാവില്ലെന്നുറപ്പാണ്. ദൈവദല്ലാളന്മാരായ പുരോഹിതന്മാര്‍ക്ക് ആതമീയതയും സുഖഭോഗവിതരണക്കാരായ കമ്പോളക്കാര്‍ക്ക് ഭൌതികതയും പകുത്ത് നല്‍കുന്നതിലൂടെ മനുഷ്യരെ ആത്മീയവും ഭൌതികവുമായി ചൂഷണം ചെയ്യാമെന്ന് കരുതുന്നവരുടെ കരവിരുതുകള്‍ക്ക് വഴങ്ങാത്ത ഇസ്ലാമിനെ ഭീകരതയുടെ കുപ്പായമിട്ട് അവതരിപ്പിക്കുന്നതിനു പിന്നില്‍ അതിനെ തെറ്റിദ്ധരിപ്പിക്കുകയും തമസ്കരിക്കുകയും മാത്രമല്ല ശത്രുക്കളുടെ ലക്ഷ്യം; പ്രത്യുത മീഡിയയിലൂടെ 'ഇസ്ലാം ഭീകരതയാണ്' എന്ന് 'തെളിവു'കളുടെ അകമ്പടിയോടെ ആവര്‍ത്തിച്ച് പഠിപ്പിക്കപ്പെട്ടാല്‍ പ്രശ്നപരിഹാരത്തിന് ഭീകരപ്രവര്‍ത്തനമല്ലാതെ മാര്‍ഗമില്ലെന്ന് മുസ്ലിം യുവത മനസ്സിലാക്കുകയും അവരെ ആത്മഹത്യാമുനമ്പിലൂടെ നയിച്ച് കലാപകാരികളാക്കിത്തീര്‍ക്കാന്‍ കഴിയുകയും ചെയ്യുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. ഇസ്ലാം പ്രാകൃതവും ക്രൂരവുമാണെന്ന് സ്ഥാപിക്കുന്നതിനായി ശത്രുക്കള്‍ എടുത്തുദ്ധരിക്കുന്ന കഅ്ബുബിനു അഷ്റഫിനെയും അബൂറാഫിഅഇനെയും ഖാലിദുബ്നു സുഫ്യാനിനെയും അസ്മാബിന്‍ത് മര്‍വാനിനെയും വധിക്കുവാന്‍ പ്രവാചകന്‍ ല കല്‍പിച്ച സംഭവങ്ങളെല്ലാം തന്നെ നടന്നത് ഇസ്ലാമികരാഷ്ട്രത്തിലാണെന്നും രാഷ്ട്രത്തിനെതിരെ ഗൂഡപ്രവര്‍ത്തനങ്ങള്‍ നടത്തുകയും രാഷ്ട്രനോതാവിനെ കൊല്ലാന്‍ ആഹ്വാനം ചെയ്യുകയും നാട്ടില്‍ വ്യാപകമായ കലാപങ്ങളുണ്ടാക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തതിന് ഇവരെ വധിക്കുവാന്‍ രാഷ്ട്രനേതൃത്വം ആവശ്യപ്പെടുകയാണ് ചെയ്തതെന്നുമുള്ളതാണ് വസ്തുത. കാരുണ്യത്തിന്റെ മതമായ ഇസ്ലാമിനെ വികൃതമായി അവതരിപ്പിക്കുവാന്‍ ചരിത്രത്തില്‍ നിന്ന് അടര്‍ത്തിയെടുക്കുകയും സന്ദര്‍ഭത്തെ വികലമാക്കുകയും ചെയ്തുകൊണ്ട് ശത്രുക്കള്‍ അവതരിപ്പിക്കുന്ന സംഭവങ്ങളെ തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കുവാനായി കൈവെട്ട് സംഘത്തിന്റെ ന്യായീകരണവിദഗ്ദന്മാര്‍ വിമര്‍ശകര്‍ അവതരിപ്പിക്കുന്ന അതേ സ്പിരിറ്റോടു കൂടി എഴുതി സമര്‍ഥിക്കുന്നതു കാണുമ്പോള്‍ അവരും നബിനിന്ദകരുമെല്ലാം ഒരേ സ്രോതസ്സില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊള്ളുന്നവരാണെന്ന് സുതരാം വ്യക്തമാവുന്നുണ്ട്. ആരുടെയും കൈയ്യും കാലും വെട്ടുവാനായി അവതരിപ്പിക്കപ്പെട്ട മതമല്ല ഇസ്ലാം. നശീകരണമല്ല അതിന്റെ ലക്ഷ്യം, നിര്‍മാണമാണ്. തന്നെ ആട്ടിയോടിച്ച ത്വാഇഫുകാര്‍ക്ക് മാപ്പുകൊടുത്ത പ്രവചകനില്‍ നിന്നാണ് മുസ്ലിംകള്‍ മതം പഠിക്കുന്നത്. വിട്ടുവീഴ്യുടെ മകുടോദാഹരണം. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ആള്‍ രൂപം. മുഹമ്മദ് നബി ലയെ വിമര്‍ശിച്ചവര്‍ അദ്ദേഹത്തിന്റെ അനുയായികളായിത്തീര്‍ന്നത് അദ്ദേഹം പരുഷപ്രകൃതിയുള്ളവനായിരുന്നതുകൊണ്ടല്ല; പ്രത്യുത സ്നേഹനിധിയായതുകൊണ്ടാണ്. മുഹമ്മദ് നബി(സ്വ)യെ നിന്ദിക്കുകയും കൊന്നുകളയാനായി വാളുയര്‍ത്തുകയും ചെയ്ത ഉമര്‍ മുതല്‍ അദ്ദേഹത്തിനെതിരെ യുദ്ധങ്ങള്‍ നയിച്ച അബൂസുഫ്യാന്‍ വരെയും അന്തിമപ്രവാചകന്‍ വളരെ പ്രയാസപ്പെട്ട ഉഹ്ദിലെ ആദ്യത്തെ പരാജയത്തിന്റെ സൂത്രധാരനായിരുന്ന ഖാലിദുബ്ന്‍ വലീദ് മുതല്‍ അദ്ദേഹത്തെയും കുടുംബത്തെയും തെറിവിളിച്ചുകൊണ്ട് ഉഹ്ദിലൂടെ അമ്മാനമാടിയ ഹിന്ദ് വരെയുമുള്ളവര്‍ ഇസ്ലാമിന്റെ കൊടിക്കീഴിലെത്തിയത് സത്യമതത്തിന്റെ ആദര്‍ശപരമായ ഔജ്ജല്യം കൊണ്ടും അന്തിമപ്രവാചകന്റെല ഉല്‍കൃഷ്ട സ്വഭാവം കൊണ്ടുമായിരുന്നു. ഇസ്ലാമിനെയും പ്രവാചകനെയുംല നിന്ദിച്ച ഇവര്‍ക്കെതിരെ വധശ്രമങ്ങള്‍ നടത്തുകയോ ഗറില്ലകളെ വിട്ട് അവരുടെ അംഗവിച്ഛേദം നടത്തുകയോ അല്ല പ്രവാചകന്‍(സ്വ) ചെയ്തത്, പ്രത്യുത, സത്യമത പ്രബോധനത്തിലൂടെ അവരുടെ മനസ്സുകളെ കീഴടക്കുകയാണ്. തന്നെ പ്രയാസപ്പെടുത്തുകയും നിന്ദിക്കുകയും ചെയ്തവരുടെയെല്ലാം കൈയ്യും കാലും വെട്ടിക്കളയുവാനും അവര്‍ ചെയ്തതിനെല്ലാം എണ്ണിയെണ്ണി പകരം ചോദിക്കുവാനും കഴിയുന്ന സന്ദര്‍ഭമുണ്ടായിരുന്നു നബി(സ്വ)ക്ക്, മക്കാ വിജയവേളയില്‍. കഅ്ബാലയത്തിനു ചുറ്റും അണിനിരന്നിരുന്ന ശത്രുക്കള്‍ക്ക് മാപ്പുനല്‍കി ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധത്തില്‍ വിട്ടുവീഴ്ചക്ക് മാതൃക കാണിച്ച മുഹമ്മദ് നബി(സ്വ)യുടെ ജീവിതവും സന്ദേശവും പിന്‍തുടരുന്ന മുസ്ലിംകള്‍ക്ക് കൈവെട്ട് ഭീകരതയെ ന്യായീകരിക്കാനാവില്ല. കഅ്ബുബ്നു അഷ്റഫിനെ മുതല്‍ അസ്മാഅ് ബിന്‍ത്ത് മര്‍വാന്‍ വരെയുള്ളവരെ വധിക്കുവാനുള്ള ഇസ്ലാമിക രാഷ്ട്രത്തിന്റെ തലവനായിരുന്ന മുഹമ്മദ് നബി(സ്വ)യുടെ കല്‍പനയും നബിനിന്ദ നടത്തിയയാളുടെ കൈവെട്ടി നിയമത്തെ കൈയ്യിലെടുത്ത് അരാജകത്വം സൃഷ്ടിക്കുന്ന ഭീകരരുടെ ചെയ്തികളും താരതമ്യത്തിന് പോലും കൊള്ളാത്തവയാണ്. അങ്ങനെ താരതമ്യം ചെയ്യുന്നവരുടെ സ്രോതസ്സ് ഖുര്‍ആനും നബിചര്യയുമല്ല, പ്രത്യുത ഇസ്ലാമിന്റെ ശത്രുക്കളുടെ രചനകളാണ്. ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുകയും തമസ്കരിക്കുകയും ചെയ്യുന്നവര്‍ക്ക് ആയുധങ്ങള്‍ നല്‍കുകയാണ് കൈവെട്ട് പ്രതികാരത്തിന്റെ വക്താക്കള്‍ ചെയ്യുന്നത്. ഇങ്ങനെ ആയുധങ്ങള്‍ നല്‍കുന്നവര്‍ സ്നേഹിക്കുന്നത് ഇസ്ലാമിനെയാണെന്ന് കരുതുവാന്‍ നിര്‍വ്വാഹമില്ല.

തീജ്വാലക്കരികിലിരുന്ന്, ആ ജ്വാലയില്‍ ആകൃഷ്ടരായി അതിലേക്ക് പറന്നടുക്കുകയും അങ്ങിനെ അതിന്മേല്‍ തട്ടി കത്തിച്ചാമ്പലാവുകയും ചെയ്യുന്ന പാറ്റകളെ ആട്ടിയകറ്റിക്കൊണ്ടിരിക്കുന്ന ഒരാളോട് മുഹമ്മദ് നബി ല തന്നെ ഉപമിക്കുകയുണ്ടായി; നരകത്തിലേക്ക് ഓടിയടുത്തുകൊണ്ടിരിക്കുന്ന മനുഷ്യസഞ്ചയത്തെ അതില്‍ നിന്നു ആട്ടിയകറ്റിക്കൊണ്ടിരിക്കുകയാണ് താന്‍ എന്നാണ് നബി(സ്വ) ഈ ഉപമയെ വിശദീകരിച്ചുകൊണ്ട് പറഞ്ഞത്. നരകത്തില്‍ നിന്ന് മനുഷ്യരെ രക്ഷിക്കുവാന്‍ ശ്രമിച്ച പ്രവാചകന്മാരില്‍ അന്തിമനാണ് മുഹമ്മദ് നബി(സ്വ). സന്മാര്‍ഗോപദേശങ്ങളിലൂടെയാണ് അദ്ദേഹം ജനങ്ങളെ സത്യത്തിലേക്കും അങ്ങനെ സ്വര്‍ഗത്തിലേക്കും നയിച്ചത്. മുഹമ്മദ് നബി(സ്വ) സത്യമത പ്രബോധന ദൌത്യം തന്റെ അനുചരന്മാരെ ഏല്‍പ്പിച്ചുകൊണ്ടാണ് ഇഹലോകത്തുനിന്ന് യാത്രയായത്. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമാകുന്ന പ്രമാണങ്ങള്‍ മുറുകെപിടിച്ചു കൊണ്ട് നബി(സ്വ)യുടെ അനുയായികള്‍ സത്യമതപ്രബോധനം നിര്‍വ്വഹിച്ചു; അതിന്നായി അവര്‍ പല നാടുകളിലേക്കും യാത്രചെയ്തു. കച്ചവടക്കാരായി കേരളത്തിലെത്തിയ ആദ്യകാല മുസ്ലിംകളുടെ ആദര്‍ശത്തിലും ജീവിതനൈര്‍മല്യത്തിലും ആകൃഷ്ടരായി ഇവിടെയുള്ളവര്‍ ഇസ്ലാം സ്വീകരിച്ചു. ആദര്‍ശപ്രബോധനം നിലനിന്നപ്പോഴെല്ലാം ജനം ഇസ്ലാമിനെപ്പറ്റി പഠിച്ചു. അവരില്‍ പലരും ഇസ്ലാമിന്റെ തണലിലെത്തി. അത് ചരിത്രത്തിലുടനീളം തുടര്‍ന്നുവന്നിട്ടുള്ളതാണ്. ഇസ്ലാമിന്റെ ആദര്‍ശ മഹിമ ആരെയും ആകര്‍ഷിക്കുന്നതാണെന്ന് പക്ഷപാതികളല്ലാത്ത ബുദ്ധിജീവികള്‍ തുറന്നുപറഞ്ഞിട്ടുള്ളതാണ്. ഇസ്ലാമിക പ്രബോധനത്തെ തടയിടുവാനായി വ്യത്യസ്തങ്ങളായ തന്ത്രങ്ങള്‍ പയറ്റുന്നവരാണ് ഇസ്ലാമിന്റെ ശത്രുക്കള്‍. അതിലൊന്നാണ് നബി(സ്വ)യെ അവഹേളിക്കുകയെന്നത്. സ്വന്തം ജീവനെക്കാളധികം സ്നേഹിക്കുന്ന മുഹമ്മദ് നബി(സ്വ) അവഹേളിക്കപ്പെടുന്നത് മുസ്ലിംകള്‍ക്ക് സഹിക്കാനാവില്ലെന്ന് ശത്രുക്കള്‍ക്കറിയാം. നബിനിന്ദയുണ്ടാക്കുമ്പോള്‍ ചില മുസ്ലിംകളെങ്കിലും വൈകാരികമായി പ്രതികരിക്കും. അത് കലാപമാക്കിത്തീര്‍ക്കുവാനും മുസ്ലിംകള്‍ കലാപകാരികളാണെന്ന് വരുത്തിത്തീര്‍ക്കുവാനുമുള്ള തന്ത്രങ്ങളെല്ലാം അറിയുന്നവരാണ് ശത്രുക്കള്‍. നല്ല രീതിയില്‍ സത്യമതപ്രബോധനം നടക്കുന്ന പ്രദേശങ്ങള്‍ കലാപകലുഷിതമായിത്തീര്‍ന്നാല്‍ പിന്നെ സുഗമമായ ആദര്‍ശപ്രചരണം നടക്കില്ലെന്ന് അവര്‍ക്കറിയാം. അതു തന്നെയാണ് അവരുടെ ലക്ഷ്യവും. തൊടുപുഴയിലെ നബിനിന്ദാ ചോദ്യപേപ്പറും ചുങ്കപ്പാറയിലെ നബി അവഹേളന മിഷനറി ഗ്രന്ഥവും പുറത്തുവന്നപ്പോള്‍ തന്നെ അതിനെതിരെ പ്രതിഷേധമുണ്ടായി. പ്രസ്തുത പ്രതിഷേധത്തെ വികാരത്തിലേക്കും കലാപങ്ങളിലേക്കും വഴിതിരിച്ചുവിടുവാനുള്ള പരിശ്രമങ്ങളുമുണ്ടായി. എന്നാല്‍ മുസ്ലിം നേതൃത്വത്തിന്റെയും പണ്ഡിതന്മാരുടെയും സന്ദര്‍ഭോചിതമായ ഇടപെടല്‍ കാരണം പ്രസ്തുത പരിശ്രമങ്ങള്‍ വിജയിച്ചില്ല. സമുദായം നബിനിന്ദയെ നിയമപരമായി നേരിട്ടു; അത് വിജയത്തിലേക്ക് പോകുന്നുവെന്ന അവസ്ഥയുണ്ടായി. മുഹമ്മദ് നബി(സ്വ)യെയും അദ്ദേഹം പഠിപ്പിച്ച ആദര്‍ശത്തെയും പരിചയപ്പെടുത്തുവാനുള്ള അവസരമായി ഇസ്ലാമിക പ്രബോധകര്‍ ഈ സന്ദര്‍ഭത്തെ ഉപയോഗപ്പെടുത്തി. നബിയെയും ഇസ്ലാമിനെയും പരിചയപ്പെടുത്തുന്ന പുസ്തകങ്ങളും ലഘുലേഖകളും സൌജന്യമായി വിതരണം ചെയ്തും ജനങ്ങള്‍ക്ക് തെറ്റിദ്ധാരണ നീക്കുവാന്‍ തുറന്ന സംവാദങ്ങള്‍ സംഘടിപ്പിച്ചും പ്രബോധനരംഗത്തെ അവര്‍ സജീവമാക്കി. സമൂഹത്തില്‍ ഛിദ്രതയും ധ്രുവീകരണവുമുണ്ടാക്കുവാന്‍ നബിനിന്ദാ സംഭവങ്ങളെ ഉപയോഗിക്കാന്‍ ശ്രമിച്ചവര്‍ വിജയിച്ചില്ല. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് കൈവെട്ട് പ്രതികാരമുണ്ടാകുന്നത്. ഇസ്ലാമിക പ്രബോധനത്തിന് തടയിടുകയെന്ന ലക്ഷ്യത്തോടു കൂടി രചനയും സംവിധാനവും നിര്‍വ്വഹിക്കപ്പെട്ട നബിനിന്ദാനാടകം പരാജയപ്പെട്ടിടത്ത് അതിന്റെ പ്രതികരണ നാടകം വിജയിച്ചെന്ന അവസ്ഥയാണുണ്ടായിക്കൊണ്ടിരിക്കുന്നത്. ആദര്‍ശപ്രബോധനത്തെ സമൂഹവും നിയമകൂടവും നിര്‍വ്വഹണവകുപ്പും സംശയത്തോടെ നോക്കുന്ന അവസ്ഥ. ഇസ്ലാമിന്റെ ചിഹ്നങ്ങള്‍ പേറുന്നവരെല്ലാം കൈവെട്ടുകാരുടെ കൂടെയാണെന്ന രൂപത്തിലുള്ള പ്രതികരണങ്ങള്‍. ഇസ്ലാമിക പ്രബോധനത്തിന് വിലക്കുകളുണ്ടാവണമെന്ന ശത്രുക്കളുടെ ആവശ്യം നിര്‍വഹിക്കപ്പെടുന്ന സാഹചര്യമാണെന്നു തോന്നുന്നു കൈവെട്ട് വിദഗദ്ന്മാര്‍ സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇസ്ലാമല്ല അവരുടെ പ്രചോദനം; ഇസ്ലാമിക പ്രമാണങ്ങളല്ല അവരുടെ സ്രോതസ്സ്; ഇസ്ലാമിനെയും മുഹമ്മദ് നബി(സ്വ)യെയും സ്നേഹിക്കുന്നവര്‍ക്ക് അവരെ ന്യായീകരിക്കാനാകില്ല; അവര്‍ ആരായിരുന്നാലും.

നിയമവാഴ്ച നീതിനിഷ്ഠമായി നിലനില്‍ക്കുന്നിടത്ത് ഭീകരതയ്ക്ക് വളരുവാന്‍ പഴുതുകളുണ്ടാവുകയില്ല. അനീതിയും അക്രമവുമുണ്ടാവുകയും നിയമകൂടങ്ങളും നിയമപാലകന്മാരും നോക്കുകുത്തികളായിത്തീരുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും നീതിനിഷേധിക്കപ്പെട്ടവര്‍ അസംതൃപ്തരായിത്തീരും. ഈ അസംതൃപ്തിയെ തങ്ങള്‍ക്കനുകൂലമായി വ്യാഖ്യാനിച്ചുകൊണ്ടാണ് ഭീകരവാദികള്‍ നീതിനിഷേധിക്കപ്പെടുന്ന സമൂഹങ്ങളിലുള്ളവരുടെ തലച്ചോറിലേക്ക് കയറിപ്പറ്റാന്‍ ശ്രമിക്കുന്നത്. കേരള മുസ്ലിംകളെ മൊത്തത്തില്‍ ഭീകരവല്‍ക്കരിക്കുവാനുള്ള തക്കം പാര്‍ത്തു കഴിയുന്നവരുടെ കയ്യില്‍കിട്ടിയ വലിയൊരു ആയുധമായിരുന്നു നബിനിന്ദാ സംഭവങ്ങള്‍. എന്നാല്‍ പ്രസ്തുത സംഭവങ്ങളോട് കേരളീയ പൊതുസമൂഹവും നിയമപാലകവൃന്ദവും നിയമകൂടവുമെല്ലാം പ്രതികരിച്ച രീതി തികച്ചും നീതിയിലധിഷ്ഠിതമായിരുന്നു. നബിനിന്ദാ ഗ്രന്ഥത്തിനെതിരെ കേരളഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ മതനിരപേക്ഷ സമൂഹത്തിന്റെ മാന്യത വെളിപ്പെടുത്തുന്നതും ഇന്ത്യന്‍ ഭരണഘടനയുടെ വലിപ്പം വ്യക്തമാക്കുന്നതുമായിരുന്നു. നീതി നിലനില്‍ക്കുന്നിടത്ത് ഭീകരതയ്ക്കെന്തു കാര്യം? നിയമവാഴ്ചയെ വെല്ലുവിളിച്ചു കൊണ്ടല്ലാതെ നബിനിന്ദാ സംഭവത്തെ ഭീകരരുടെ വെറുപ്പിന്റെ ദര്‍ശനം മുസ്ലിം മനസ്സുള്‍ക്കകത്തേക്ക് സന്നിവേശിപ്പിക്കാന്‍ തക്കപാകത്തില്‍ പരുവപ്പെടുത്താനാവില്ലെന്ന ബോധ്യത്തില്‍ നിന്നാവണം കൈവെട്ടു നാടകത്തിന്റെ തിരക്കഥ രൂപപ്പെട്ടത്. മുസ്ലിം സമുദായത്തെ മൊത്തത്തില്‍ കലാപകാരികളാക്കിത്തീര്‍ക്കുകയെന്ന ശത്രുവിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള പദ്ധതികളാണ് ഭീകരരുടെ അണിയറയില്‍ രൂപം കൊള്ളുന്നതെന്നര്‍ത്ഥം.

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH