Search

mahonnathan

Slide - Nabinindha

JA slide show
ഇസ്ലാം വിരുദ്ധ കൂട്ടായ്മ Print E-mail

നബിനിന്ദയുടെ ഉത്തരവാദിത്തം ഇസ്ലാമികപ്രബോധകരുടെ തലയില്‍ കെട്ടിവെച്ച് കൈകഴുകുകയും സത്യമതപ്രബോധനത്തെ നിയന്ത്രിക്കണമെന്ന് സര്‍ക്കാരിനോടാവശ്യപ്പെടുകയും ചെയ്തതോടൊപ്പം തന്നെ ആവിഷ്കാര സ്വാതന്ത്യ്രത്തിന്റെ പേരില്‍ മുസ്ലിംകളല്ലാത്ത സകലരെയും ഉള്‍പ്പെടുത്തി നബി(സ്വ)യെ അവഹേളിക്കുവാന്‍ അനുവദിക്കണമെന്നാവശ്യപ്പെടാനും ഇസ്ലാമിന്റെ ശത്രുക്കള്‍ ധൃഷ്ടരായി. ക്രൈസ്തവസഭകളും വിശ്വഹിന്ദുപരിഷത്തും യുക്തിവാദിസംഘവുമെല്ലാം ഒരുമിച്ച് ജൂണ്‍ മാസത്തിന്റെ മധ്യത്തില്‍ ഒരു പ്രസ്താവനയിറക്കി. മുസ്ലിംകളൊഴിച്ചുള്ള കേരളത്തിലെ പ്രധാനപ്പെട്ട മുഴുവന്‍ വിശ്വാസസംഹിതകളുടെയും പ്രതിനിധികള്‍ ചേര്‍ന്ന് നടത്തിയ ഈ പ്രസ്താവന കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പുതിയ ധ്രുവീകരണത്തെ കുറിച്ച ഭീഷണമായ വിവരണങ്ങളാണ് നല്‍കുന്നത്. ഇസ്ലാം മതത്തെ ആരെങ്കിലും വിമര്‍ശിച്ചാല്‍ അവര്‍ക്കെതിരെ നബിനിന്ദാ ആരോപണമുന്നയിച്ച് അവരുടെ വായ മൂടിക്കെട്ടുവാനാണ് മുസ്ലിംകള്‍ ശ്രമിക്കുന്നതെന്നും അതിനു കൂട്ടുനില്‍ക്കുന്ന നിയമകൂടവും നിയമപാലകരുമെല്ലാം ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന ആവിഷ്കാരസ്വാതന്ത്യ്രത്തെ ഹനിക്കുകയാണ് ചെയ്യുന്നതെന്നും ആരോപിച്ചുകൊണ്ടുള്ളതാണ് പ്രസ്താവന. തൊടുപുഴയിലെ ക്രൈസ്തവ കലാലയം പ്രസിദ്ധീകരിച്ച മുഹമ്മദ് നബി(സ്വ)യെ ദൈവത്തെകൊണ്ട് തെറിപറയിച്ചു കൊണ്ടുള്ള ചോദ്യപേപ്പറും ചുങ്കപ്പാറയിലെ ക്രൈസ്തവ മിഷനറിമാര്‍ പുറത്തിറക്കിയ നബി(സ്വ)യെ അപഹസിക്കുന്ന പുസ്തകവും സൃഷ്ടിച്ച കോലാഹലങ്ങളുടെയും അവയ്ക്കെതിരെ കേരള ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളുടെയും നടപടിയുടെയും വെളിച്ചത്തില്‍ മുസ്ലിംകളെ പ്രീണിപ്പിക്കുകയാണ് പോലീസും കോടതിയും ചെയ്യുന്നതെന്ന് വ്യംഗ്യമായി സൂചിപ്പിക്കുന്ന പ്രസ്താവനക്ക് മറുപടി പറയേണ്ടത് നിയമപാലകരും നിയമകൂടവും തന്നെയാണ്. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന സ്വാതന്ത്യ്രത്തെയും പ്രസ്തുത സ്വാതന്ത്യ്രം സാര്‍ഥകമാകണമെങ്കില്‍ പാലിക്കപ്പെടേണ്ട വിലക്കുകളെയും കുറിച്ച് കൃത്യമായി പറഞ്ഞുകൊടുക്കുവാന്‍ കഴിയുക അവര്‍ക്കു തന്നെയാണല്ലോ.

ഇന്ത്യന്‍ ഭരണഘടനയുടെ മൂന്നാം ഭാഗത്ത് വിശദീകരിക്കപ്പെട്ടിരിക്കുന്ന മൌലികാവകാശങ്ങളില്‍ പെട്ടതാണ് പൌരസ്വാതന്ത്യ്രം. 19,20,21,22 വകുപ്പുകളില്‍ എന്തൊക്കെയാണ് ഇന്ത്യന്‍ പൌരന് അവകാശപ്പെട്ട സ്വാതന്ത്യ്രങ്ങള്‍ എന്ന് വിശദീകരിക്കുന്നുണ്ട്. ഇതിലെ 19ാം വകുപ്പിലാണ് ആവിഷ്കാര സ്വാതന്ത്യ്രം (എൃലലറീാ ീള ുലലരവ മിറ ലുൃഃലശീിൈ) ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ഇന്ത്യന്‍ പൌരന് തനിക്ക് ഇഷ്ടമുള്ളത് പറയാനും പ്രചരിപ്പിക്കുവാനുമുള്ള സ്വാതന്ത്യ്രമുണ്ടെന്ന് ഈ വകുപ്പ് പറയുമ്പോള്‍ തന്നെ ഇതേ സ്വാതന്ത്യ്രം പരിമിതപ്പെടുന്ന മേഖലകള്‍ ഏതൊക്കെയാണെന്നും വ്യക്തമാക്കുന്നുണ്ട്, ഭരണഘടന. രാഷ്ട്ര സുരക്ഷക്കോ മറ്റുരാഷ്ട്രങ്ങളുമായുള്ള നല്ല ബന്ധത്തിനോ പൊതുസമാധാനത്തിനോ മാന്യതക്കോ ധാര്‍മികതക്കോ എതിരാവുകയോ കോടതിയലക്ഷ്യത്തിനോ അപവാദ പ്രചരണത്തിനോ ഏതെങ്കിലും സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനോ നാടിന്റെ അഖണ്ഡതയെയോ പരമാധികാരത്തെയോ ചോദ്യം ചെയ്യുന്നതിനോ നിമിത്തമാവുകയോ ചെയ്യാത്ത കാര്യങ്ങളാകണം പ്രചരിപ്പിക്കപ്പെടുന്നതെന്ന് 19ാംവകുപ്പ് തന്നെ പ്രത്യേകം നഷ്കര്‍ഷിക്കുന്നുണ്ട്. ക്രിമിനല്‍ നടപടിക്രമങ്ങളുടെ രീതിയെ കുറിച്ച് (ഇീറല ീള ഇൃശാശിമഹ ജൃീരലറൌൃല) പ്രതിപാദിക്കുമ്പോള്‍ 95ാം ഭാഗത്ത് ഏതെല്ലാം സന്ദര്‍ഭങ്ങളിലാണ് ഒരു പ്രസിദ്ധീകരണത്തിന് രാജ്യം വിലക്കേര്‍പ്പെടുത്തേണ്ടതെന്ന് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 124 (അ), 153 (അ), 153 (ആ), 192, 293, 295 (അ) വകുപ്പുകള്‍ പ്രകാരം ഒരാളുടെ ആവിഷ്കാരം എങ്ങനെയൊക്കെയാണ് നിയമനടപടികള്‍ക്ക് കാരണമാകുക എന്ന് ആര്‍ക്കും ഭരണഘടന വായിച്ചു നോക്കിയാല്‍ മനസ്സിലാക്കാനാകും. മതനിന്ദയെ മൂന്ന് വര്‍ഷം വരെ തടവും പിഴയും ചുമത്താവുന്ന കുറ്റകൃത്യമായി കാണുന്ന 153 (അ), 295 (അ) വകുപ്പുകള്‍ പ്രകാരം കുറ്റം ചെയ്തത് കൊണ്ടാണ് ക്രിസ്ത്യന്‍ മിഷനറിമാരെ ഹൈക്കോടതി ശിക്ഷിച്ചത്. പ്രസ്തുത ശിക്ഷക്ക് കാരണം എന്തായിരുന്നു എന്ന് പരാമര്‍ശിക്കപ്പെട്ട വകുപ്പുകളും പുറത്തിറങ്ങിയ പുസ്തകവും ചോദ്യപേപ്പറും ഒരുമിച്ചെടുത്ത് അപഗ്രഥിച്ചാല്‍ ആര്‍ക്കും മനസ്സിലാവും. പ്രസ്തുത കോടതി നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അത് ചോദ്യംചെയ്യേണ്ടത് ഉയര്‍ന്ന കോടതികളിലാണ്. അതല്ലാതെ പ്രസ്താവനകളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും കോടതിയെ ചോദ്യംചെയ്യുവാനും കോടതി നടപടികള്‍ പക്ഷപാതപരമായിപ്പോയി എന്ന് പ്രചരിപ്പിക്കുവാനും ശ്രമിച്ച് നിയമവാഴ്ചയെ കുറിച്ച അവമതിപ്പ് സൃഷ്ടിക്കുന്നത് അരാജകത്വത്തിനാണ് നിമിത്തമാവുക. ഉത്തരവാദിത്വബോധമുള്ളവരൊന്നും തന്നെ അത്തരം അരാജകത്വത്തിന് കുട പിടിക്കുവാന്‍ സന്നദ്ധമാകരുതെന്ന് ഉണര്‍ത്തുകയാണ്.

മതനിന്ദയെയും മതവിമര്‍ശനത്തെയും കൂട്ടിക്കുഴച്ചു കൊണ്ടുള്ളതാണ് നടേ സൂചിപ്പിച്ച പ്രസ്താവന. മതവിമര്‍ശനങ്ങള്‍ ഏതൊരു സംസ്കൃതസമൂഹവും അനുവദിക്കാറുള്ളതാണ്; അത് ഇന്ത്യന്‍ ഭരണഘടനക്കും എതിരല്ല. മലയാളത്തില്‍ തന്നെ നിരവധി ഇസ്ലാം വിമര്‍ശന ഗ്രന്ഥങ്ങളുണ്ട്; മറ്റു ഭാഷകളിലുമുണ്ട്. ക്രിസ്തുമതത്തെയും ഹിന്ദുമതത്തെയും മാര്‍ക്സിസത്തെയും എല്ലാം വിമര്‍ശിക്കുന്ന ഗ്രന്ഥങ്ങള്‍ ഭാരതീയ ഭാഷകളിലെല്ലാം പുറത്തിറങ്ങിയിട്ടുണ്ട്. അവയ്ക്കൊന്നുമെതിരെ ആരും കോടതിയില്‍ പോയിട്ടില്ല. മിഷനറിമാരും യുക്തിവാദികളും പുറത്തിറക്കിയ ഏതെങ്കിലും ഇസ്ലാം വിമര്‍ശന ഗ്രന്ഥത്തിനെതിരെ ഏതെങ്കിലും ഒരു കോടതിയില്‍ ആരെങ്കിലും ഒരു കേസ് ഫയല്‍ ചെയ്തതായി ആരോപിക്കുവാന്‍ പ്രസ്താവനയില്‍ ഒപ്പിട്ടവര്‍ക്ക് ആര്‍ക്കെങ്കിലും കഴിയുമോ? ഇല്ലായെന്നതാണ് സത്യം. എന്നാല്‍ മതനിന്ദ അങ്ങനെയല്ല. മതവിമര്‍ശനവും മതനിന്ദയും തമ്മിലുള്ള ഭരണഘടനാപരമായ അതിര്‍വരമ്പ് എവിടെയാണെന്ന് കോടതിക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ. അത് കൊണ്ടാണ് മതവിമര്‍ശനങ്ങള്‍ക്ക് കോടതി വിലക്ക് കല്‍പിക്കാത്തത് എന്നും മതനിന്ദക്കെതിരെ ശക്തമായ നടപടികളുണ്ടാവുന്നത് എന്നും മനസ്സിലാക്കുവാനുള്ള വിവേകമെങ്കിലും പ്രസ്താവനയില്‍ ഒപ്പു വെക്കുന്നവര്‍ക്ക് ഉണ്ടാവേണ്ടിയിരിക്കുന്നു.

മതനിന്ദക്കെതിരെയുള്ള നിയമനടപടികള്‍ ഇന്ത്യയില്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഛത്രപതി ശിവാജിയെ കുറിച്ച് വൃത്തികെട്ട കഥകള്‍ പ്രചരിപ്പിച്ചതിന് ബാംഗ്ളൂര്‍ക്കാരായ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരെ പോലീസ് അറസ്റ് ചെയ്തത് 2007 ഒക്ടോബറിലാണ്. ഗുരു ഗോവിന്ദ് സിംഗിനെപ്പോലെ വസ്ത്രം ധരിച്ച് അദ്ദേഹത്തെ അപമാനിച്ചതിന് ഗുര്‍മിത് രാം റഹീം സിംഗിനെതിരെ ജൂണില്‍ പഞ്ചാബ് കോടതി ജാമ്യമില്ലാ വാറന്റാണ് പുറപ്പെടുവിച്ചത. ഭാരതമാതാവിനെ നഗ്നയായി ചിത്രീകരിച്ചതായിരുന്നുവല്ലോ എം.എഫ്. ഹുസൈനെതിരെയുള്ള ചാര്‍ജ്. 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' എന്ന നാടകമെഴുതി അവതരിപ്പിച്ചതിനെതിരെ ക്രിസ്ത്യന്‍ സമൂഹം ശക്തമായി പ്രതികരിച്ചതും കര്‍ത്താവ് പി. എം. ആന്റണിക്കെതിരെ നിയമനടപടികളെടുത്തതുമൊന്നും കേരളീയസമൂഹം മറന്നിട്ടില്ല. ആന്റണിക്കെതിരെയുള്ള നിയമനടപടികള്‍ക്കു വേണ്ടി തെരുവിലിറങ്ങിയ കേരള കാത്തോലിക്ക് യൂത്ത് മൂവ്മെന്റിന്റെ അന്നത്തെ നേതാക്കളില്‍ ചിലരാണ് ഇന്ന് മുസ്ലിംകള്‍ക്കെതിരെയുള്ള പ്രസ്താവനയില്‍ ഒത്തുചേര്‍ന്നിരിക്കുന്നത് എന്നത് വിരോധാഭാസമാണ്. ക്രിസ്തുവിനെ മോശമായി ചിത്രീകരിച്ച നാടകകര്‍ത്താവിനെതിരെ നിയമനടപടിയെടുക്കുവാന്‍ ക്രൈസ്തവര്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ക്കൊപ്പം നിന്നവരാണ് മുസ്ലിംകള്‍. ക്രിസ്തുവിനെയും കൃഷ്ണനെയും എല്ലാം നിന്ദിക്കുമ്പോള്‍ അതിനെതിരെ വാചലമാകുന്ന നാവുകള്‍ക്ക് മുഹമ്മദ് നബി(സ്വ) നിന്ദിക്കപ്പെടുമ്പോള്‍ മാത്രം അതിന് അനുകൂലമായി സംസാരിക്കുവാന്‍ കഴിയുന്നതെങ്ങനെ?

ഇസ്ലാമിനെ തമസ്കരിക്കുവാനായുള്ള മിഷനറി-യുക്തിവാദീ കൂട്ടുകെട്ടിന്റെ പ്രവര്‍ത്തനം കേരളത്തില്‍ തുടങ്ങിയിട്ട് നാളുകളേറെയായി. രണ്ട് യുക്തിവാദികള്‍ പരിഭാഷപ്പെടുത്തിയ ഒരു ഇറാനീ ഡോക്ടറുടെ നബി വിമര്‍ശന ഗ്രന്ഥം പ്രസിദ്ധീകരിച്ചതും വിതരണം ചെയ്യുന്നതും മിഷനറിമാരാണ്. തൊടുപുഴ-ചുങ്കപ്പാറ പ്രശ്നത്തോടനുബന്ധിച്ച് യുക്തിവാദികളുടെ പേരിലും ഹിന്ദുപേരിലും മറ്റു പലപേരുകളിലും പുറത്തിറങ്ങിയ നോട്ടീസുകളും ലഘുകൃതികളുമെല്ലാം പരുവപ്പെടുത്തിയിരിക്കുന്നത് ഒരേ അച്ചുകളില്‍ നിന്നുതന്നെയാണ്; ഒരേ തലച്ചോറിന്റ സൃഷ്ടികള്‍! അത് എവിടെ നിന്നാണെന്ന് യുക്തിവിചാരവും യുക്തിരേഖയും വായിക്കുന്നവര്‍ക്കൊന്നും പറഞ്ഞു കൊടുക്കേണ്ടതില്ല. ഇപ്പോള്‍ ജന്മഭൂമിയും കൂടി അത്തരക്കാരുടെ വിഹാരകേന്ദ്രമാവുകയാണ്. ഇസ്ലാമിക പ്രബോധനത്തിനെതിരെ എല്ലാ ഇരുട്ടിന്റ ശക്തികളും കൈകോര്‍ക്കുകയാണ്. സത്യമതത്തിന്റെ ആദര്‍ശത്തെ നേരിടാനാവാത്തവര്‍ ഒരുമിച്ച് നിന്ന് അപഹസിച്ചു കൊണ്ട് കാര്യം നേടാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. പ്രബോധകരുടെ ബാധ്യത വര്‍ധിക്കുകയാണ്. തെറിപ്രയോഗങ്ങളിലൂടെ മതപ്രബോധന രംഗത്തെ വൈകാരികവല്‍ക്കരിക്കുവാന്‍ ശ്രമിക്കുമ്പോള്‍, അതിനെ വിചാരപരമായി നേരിടുക പ്രയാസകരമാണ്. പക്ഷേ, പ്രസ്തുത പ്രയാസകരമായ ദൌത്യം ഏറ്റെടുക്കേണ്ടവരാണ് പ്രബോധകന്മാര്‍.

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH