Search

mahonnathan

Slide - Nabinindha

JA slide show
ലക്ഷ്യം മറനീക്കപ്പെടുന്നു Print E-mail

ഇസ്ലാമികപ്രബോധനത്തെ ഇല്ലായ്മചെയ്യുകയെന്ന ലക്ഷ്യം തന്നെയാണ് നബിനിന്ദാ കോലാഹലങ്ങള്‍ക്കു പിന്നിലെന്ന് വ്യക്തമാക്കുന്നതായിരുന്നു അതിനെതിരെയുള്ള നിയമനടപടികളോടുള്ള മിഷനറിമാരുടെ പ്രതികരണം. ആദര്‍ശപ്രബോധനത്തെയും അതുമൂലമുണ്ടാകുന്ന ആന്തരികപരിവര്‍ത്തനത്തെയും പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ സംവിധാനിക്കപ്പെട്ട നബിനിന്ദാ ക്ഷുദ്രതകള്‍ക്കെതിരെ പക്വവും നിയമപരവുമായ നടപടികളുമായി മുസ്ലിം സമൂഹം മുന്നോട്ടു പോകുകയും സവിശേഷമായ സാമൂഹ്യസാഹചര്യത്തെ സൃഷ്ടിപരമായി ഉപയോഗപ്പെടുത്തി മുഹമ്മദ് നബി(സ്വ)യെ പരിചയപ്പെടുത്തുകയും നബിവിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയും അതിന്നായി തുറന്ന സംവാദങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യാന്‍ ഇസ്ലാമികപ്രബോധകര്‍ സന്നദ്ധമാവുകയും ചെയ്തതോടെ തങ്ങളുദ്ദേശിച്ച രീതിയിലല്ല കാര്യങ്ങളുടെ പോക്ക് എന്ന് മനസ്സിലാക്കിയ ഇസ്ലാമിന്റെ ശത്രുക്കള്‍ പിന്നെ പരിശ്രമിച്ചത് ഈ സാഹചര്യത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ഇസ്ലാമികപ്രബോധനപ്രവര്‍ത്തനങ്ങളെ ഇല്ലായ്മ ചെയ്യാനാവശ്യമായ തന്ത്രങ്ങളാവിഷ്കരിക്കുകയാണ്. ആരെയും നിന്ദിക്കുകയോ അപഹസിക്കുകയോ ചെയ്യാതെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടു കാലമായി ഇസ്ലാമികപ്രബോധനരംഗത്ത് പ്രവവര്‍ത്തിക്കുന്ന നിച്ച് ഓഫ് ട്രൂത്തും അതിന്റെ പ്രസിദ്ധീകരണങ്ങളുമാണ് നബിനിന്ദാശ്രമങ്ങള്‍ക്ക് കാരണമായിത്തീര്‍ന്നതെന്നും അതിനാല്‍ നബിനിന്ദാശ്രമങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുന്നതു പോലെത്തന്നെ നിച്ച് ഓഫ് ട്രൂത്തിനും അതിന്റെ പ്രസിദ്ധീകരണങ്ങള്‍ക്കുമെതിരെയും നടപടിയുണ്ടാവണമെന്നുമാ വശ്യപ്പെട്ടുകൊണ്ട് മിഷനറിമാര്‍ മുഖ്യമന്ത്രിക്കും മറ്റുമന്ത്രിമാര്‍ക്കും പോലീസ് മേധാവികള്‍ക്കുമെല്ലാം നിവേദനങ്ങള്‍ നല്‍കി. നബിനിന്ദ നടക്കുവാന്‍ കാരണം കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ഇസ്ലാമികപ്രബോധനപ്രവര്‍ത്തനങ്ങളാണെന്നും സത്യമതപ്രബോധനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നിച്ച് ഓഫ് ട്രൂത്തിനെയും അതിന്റെ പ്രവര്‍ത്തകരെയും നിയന്ത്രിക്കുകയും പ്രബോധന സ്വാതന്ത്യ്രത്തിന് തടസ്സമുണ്ടാക്കുകയും ചെയ്താല്‍ പിന്നെ നബിനിന്ദാശ്രമങ്ങളൊന്നുമുണ്ടാവുകയില്ലെന്നാണ് മിഷനറിമാര്‍ പറയുന്നതെന്ന് പ്രസ്തുത നിവേദനത്തിന്റെ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. ഇസ്ലാമികപ്രബോധനത്തിന് തടയിടുകയെന്ന ലക്ഷ്യമല്ലാതെ മറ്റൊന്നുമല്ല നബിനിന്ദാപരിശ്രമങ്ങള്‍ക്കുള്ളതെന്ന് മനസ്സിലാക്കാന്‍ ഇതുതന്നെ ധാരാളം മതി. നിച്ച് ഓഫ് ട്രൂത്ത് പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചാല്‍ ഞങ്ങള്‍ നബിനിന്ദയും നിര്‍ത്താമെന്ന് 'ചിന്‍വാദ് പാലം' എന്ന പുസ്തകം പ്രസിദ്ധീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്ത അതേ മിഷനറി സംഘടനയുടെ വക്താക്കള്‍ കേരള മുഖ്യമന്ത്രിയോടും മറ്റും തുറന്നെഴുതുമ്പോള്‍ ഇസ്ലാമികപ്രബോധനത്തിന് തടയിടുകയെന്ന ലക്ഷ്യം തന്നെയാണ് നബിനിന്ദാശ്രമങ്ങള്‍ക്ക് പിന്നിലെന്ന് വ്യക്തമാവുന്നുണ്ട്. നബിനിന്ദാപരിശ്രമങ്ങളുടെ പ്രതിക്കൂട്ടില്‍ ഇസ്ലാമികപ്രബോധനത്തെ നിര്‍ത്തുവാന്‍ ശ്രമിച്ചുകൊണ്ട് മിഷനറിമാര്‍ നല്‍കിയ നിവേദനത്തിന് മറുപടിയായി മുഖ്യമന്ത്രിക്കും മറ്റും നാം സമര്‍പ്പിച്ച കുറിപ്പാണ് താഴെ:

ബഹു. മുഖ്യമന്ത്രിക്ക്...
തിരുവല്ലയിലെ 'ക്രൈസ്തവ വിശ്വാസസംരക്ഷണ സമിതിയുടെ' കണ്‍വീനര്‍ സി.ഡി വര്‍ഗീസ്, മുഖ്യമന്ത്രിക്കും എം.എല്‍.എമാര്‍ക്കും, കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ക്കും അയച്ച ഒരു കത്തില്‍ എന്നെയും നിച്ച് ഓഫ് ട്രൂത്ത് എന്ന ഇസ്ലാമിക പ്രബോധന കൂട്ടായ്മയേയും പ്രതിചേര്‍ത്തു കൊണ്ട് നടത്തിയ ചില പരാമര്‍ശങ്ങള്‍ക്ക് വിശദീകരണം നല്‍കുന്നതിനു വേണ്ടിയാണ് ഈ കുറിപ്പ്. ചുങ്കപ്പാറയിലെ ക്രൈസ്തവ മിഷനറിമാര്‍ പുറത്തിറക്കിയ 'ചിന്‍വാദ് പാലം' എന്ന പുസ്തകത്തിലെ മുഹമ്മദ് നബി(സ്വ)യെ നിന്ദിക്കുകയും തെറിപറയുകയും ചെയ്യുന്ന പരമാര്‍ശങ്ങള്‍ക്ക് ഞാനും എന്റെ രചനകളുമാണ് ഉത്തരവാദി എന്ന മട്ടിലാണ് പ്രസ്തുത കത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. ഏറെ തെറ്റുധാരണകള്‍ക്ക് കാരണമായേക്കാവുന്ന പ്രസ്തുത വിശദീകരണങ്ങളുടെ യാഥാര്‍ഥ്യം വെളിപ്പെടുത്തേണ്ടത് ഒരു ബാധ്യതയാണെന്ന തിരിച്ചറിവാണ് ഈ കുറിപ്പിനുള്ള പ്രചോദനം.

ഞാന്‍ ഒരു മുസ്ലിമാണ്; ആദം മുതല്‍ മുഹമ്മദ് നബി (സ) വരെയുള്ള പ്രവാചകന്മാരെല്ലാം വിശുദ്ധരും മാതൃകായോഗ്യരും പാപങ്ങളില്‍ നിന്ന് സുരക്ഷിതരുമാണെന്ന ഇസ്ലാമികവിശ്വാസം ഉള്‍ക്കൊള്ളുന്നവന്‍. യേശുക്രിസ്തു ഇസ്ലാമിന്റെ പ്രവാചകനായിരുന്നുവെന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ മുസ്ലിംകള്‍ക്ക് യേശുവിനെ നിന്ദിക്കുവാനോ വിമര്‍ശിക്കുവാനോ സാധ്യമല്ല. മുഹമ്മദ് നബി(സ്വ) നിന്ദിക്കപ്പെടുമ്പോള്‍ വേദനിക്കുന്നതുപോലെത്തന്നെ യേശുക്രിസ്തു നിന്ദിക്കപ്പെടുമ്പോഴും മുസ്ലിമിന്റെ മനസ്സ് വേദനിക്കുന്നു. 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' എന്ന നാടകത്തിലൂടെ, ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് യേശുവിന്റെ വ്യക്തിത്വത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ പ്രതിഷേധിക്കുവാന്‍ ക്രൈസ്തവസഭകള്‍ക്കൊപ്പം മുസ്ലിംകളും കൈകോര്‍ത്തത് അതുകൊണ്ടായിരുന്നു. ക്രിസ്തുവിന്റെ പേരു കേള്‍ക്കുമ്പോള്‍ 'അദ്ദേഹത്തിനു മേല്‍ ദൈവികമായ സമാധാനമുണ്ടാകട്ടെ' എന്നു പ്രാര്‍ഥിക്കുന്ന മുസ്ലിമിന് എങ്ങനെയാണ് അദ്ദേഹത്തെ നിന്ദിക്കുവാനും ഭത്സിക്കുവാനും വിമര്‍ശിക്കുവാനും കഴിയുക? ഒരു മുസ്ലിം ഒരിക്കലും ക്രിസ്തുവിനെ നിന്ദിക്കുകയില്ല. അങ്ങനെ നിന്ദിച്ചാല്‍ മരണാനന്തരജീവിതത്തില്‍ കഠിനമായി ശിക്ഷിക്കപ്പെടുമെന്ന് വിശ്വസിക്കുന്നവനാണ് മുസ്ലിം. പിന്നെ എങ്ങനെയാണ് ഞാന്‍ എന്റെ പുസ്തകത്തില്‍ ക്രിസ്തുവിനെ നിന്ദിക്കുക? അടിസ്ഥാനരഹിതമായ ഒരു ആരോപണം മാത്രമാണിത്.

എന്നാല്‍ ക്രിസ്തുവിന്റെ അത്യുന്നതമായ വ്യക്തിത്വത്തെ കളങ്കപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ചില ക്രൈസ്തവഗ്രന്ഥങ്ങളിലുണ്ട്. യേശുക്രിസ്തു ജനങ്ങള്‍ക്ക് വീഞ്ഞു നല്‍കുന്നതായും മാതാവിനെ ബഹുമാനമില്ലാതെ അഭിസംബോധന ചെയ്യുന്നതായും സഹിഷ്ണുതയില്ലാതെ പ്രതികരിക്കുന്നതായുമുള്ള പരാമര്‍ശങ്ങള്‍. മുന്‍ പ്രവാചകന്മാരെക്കുറിച്ചും ഇത്തരം ചില പരാമര്‍ശങ്ങള്‍ ക്രൈസ്തവഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും. നോഹ പ്രവാചകന്‍ മദ്യപിച്ച് ബോധം നഷ്ടപ്പെടുന്നതായും ലോത്ത് പ്രവാചകന്‍ സ്വന്തം പുത്രിമാരുമായി ശയിക്കുകയും അവര്‍ പിതാവിനാല്‍ ഗര്‍ഭിണികളാവുകയും ചെയ്തതായും ദാവീദ് പ്രവാചകന്‍ അന്യസ്ത്രീകളുമായി കിടപ്പറ പങ്കിടുന്നതുമെല്ലാമുള്ള പരാമര്‍ശങ്ങള്‍! ക്രിസ്തുവിനെയും മറ്റു പ്രവാചകന്മാരെയും അധാര്‍മികരായി ചിത്രീകരിക്കുന്ന രചനകള്‍ മുസ്ലിംകളെ വേദനിപ്പിക്കുന്നവയും അവര്‍ പരിശുദ്ധരും മാതൃകായോഗ്യരുമാണെന്ന ഇസ്ലാമികവിശ്വാസത്തെ ചോദ്യം ചെയ്യുന്നവയുമാണ്. ക്രിസ്തുവടക്കമുള്ള മാതൃകായോഗ്യരായ മഹാ പ്രവാചകരുടെ വിശുദ്ധ വ്യക്തിത്വത്തെ കളങ്കപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതവും അവരുടെ പേരില്‍ പില്‍ക്കാലത്ത് ആരോപിക്കപ്പെട്ടവയുമാണെന്ന് സ്ഥാപിക്കുന്നതാണ് 'ബൈബിളിന്റെ ദൈവികത; വിമര്‍ശനങ്ങള്‍ വസ്തുതകള്‍' എന്ന എന്റെ പുസ്തകം. യഹൂദരുടെയും ക്രൈസ്തവരുടെയും ഗ്രന്ഥങ്ങള്‍ പ്രവാചകന്മാരില്‍ ആരോപിച്ച അധാര്‍മികതകള്‍ എണ്ണമിട്ട് നിരത്തുകയും അവയൊന്നും പ്രവാചകന്മാരുടെ ജീവിതത്തില്‍ സംഭവിച്ചവയല്ലെന്ന് തെളിവുകളുടെ വെളിച്ചത്തില്‍ സ്ഥാപിക്കുകയും ചെയ്യുന്ന പുസ്തകത്തെയാണ് ക്രിസ്തുവിനെയും പ്രവാചകന്മാരെയും നിന്ദിക്കുന്ന ഗ്രന്ഥമായി 'ക്രൈസ്തവ വിശ്വാസ സംരക്ഷണ സമിതി' പരിചയപ്പെടുത്തിയിരിക്കുന്നത്. 'ചിന്‍വാദ് പാലം' എന്ന ക്രൈസ്തവ ഗ്രന്ഥത്തില്‍ മുഹമ്മദ് നബി(സ)യെ നിന്ദിക്കുകയും അപഹസിക്കുകയും ചെയ്തതു പോലെയാണ് എന്റെ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ എന്നു വാദിക്കുന്നവര്‍ എന്റെ പുസ്തകത്തിനെതിരെ നിയമനടപടികള്‍ക്ക് മുതിരുകയാണ് ചെയ്യേണ്ടതെന്നാണ് വിനീതമായി അഭ്യര്‍ഥിക്കുവാനുള്ളത്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതസ്വാതന്ത്യ്രത്തിന്റെ വരുതിക്കു പുറത്തുള്ളതാണ് എന്റെ പുസ്തകമെങ്കില്‍ അക്കാര്യം കോടതി തീരുമാനിക്കട്ടെയെന്നാണ് എന്റെ അഭിപ്രായം.

യേശുക്രിസ്തു ദൈവമാണെന്ന് ക്രൈസ്തവര്‍ വിശ്വസിക്കുന്നു. അദ്ദേഹം ഒരു മഹാപ്രവാചകനാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. കുരിശില്‍ രക്തം ചിന്തി യേശു മനുഷ്യര്‍ക്കുവേണ്ടി ശപിക്കപ്പെട്ടവനായിത്തീര്‍ന്നുവെന്ന് ക്രൈസ്തവര്‍ വിശ്വസിക്കുന്നു; ശാപത്തിന്റെ മരക്കുരിശില്‍ നിന്ന് തന്റെ ഉന്നത ദാസനായ യേശുക്രിസ്തുവിനെ ദൈവം രക്ഷിക്കുകയും അദ്ദേഹത്തെ ദൈവം തന്നിലേക്ക് ഉയര്‍ത്തുകയും ചെയ്തു എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. യേശു ദൈവമാണെന്ന് വിശ്വസിക്കുവാനും പ്രചരിപ്പിക്കുവാനും ക്രൈസ്തവര്‍ക്ക് സ്വാതന്ത്യ്രം ഉള്ളതുപോലെ അദ്ദേഹം മാതൃകായോഗ്യനായ പ്രവാചകനായിരുന്നുവെന്ന് വിശ്വസിക്കുവാനും പ്രചരിപ്പിക്കുവാനും മുസ്ലിംകള്‍ക്കും സ്വാതന്ത്യ്രമുണ്ട്. ക്രിസ്തു ക്രൂശിക്കപ്പെട്ടുവെന്നത് ക്രിസ്തുമത്തിന്റെ അടിത്തറയാണ്; അതേപൊലെത്തന്നെ ശപിക്കപ്പെട്ട കുരിശില്‍ നിന്ന് തന്നെ രക്ഷിക്കുവാന്‍ വേണ്ടിയുള്ള യേശുവിന്റെ പ്രാര്‍ഥന ദൈവം കേട്ടുവെന്നും തന്റെ വിനീതദാസനെ ദൈവം രക്ഷിക്കുകയും തന്നിലേക്ക് ഉയര്‍ത്തുകയും ചെയ്തുവെന്നുമുള്ള വിശ്വാസം ഖുര്‍ആന്‍ പഠിപ്പിക്കുന്നതാണ്. ക്രിസ്ത്യാനികള്‍ അവര്‍ വിശ്വസിക്കുന്നതനുസരിച്ച് ജീവിക്കുകയും അവരുടെ ആദര്‍ശം പ്രചരിപ്പിക്കുകയും ചെയ്യുന്നത് പോലെ മുസ്ലിംകള്‍ക്കും ഖുര്‍ആനില്‍ പറഞ്ഞ കാര്യങ്ങള്‍ പ്രബോധനം ചെയ്യുവാനുമുള്ള സ്വാതന്ത്യ്രമുണ്ട്. പ്രസ്തുത സ്വാതന്ത്യ്രം ഇന്ത്യന്‍ ഭരണഘടന അനുവദിച്ചിട്ടുള്ളതാണ്. ഈ സ്വാതന്ത്യ്രത്തിന്റെ മറവില്‍ മഹദ്വ്യക്തികളെ നിന്ദിക്കുകയും അവഹേളിക്കുകയും തെറിപറയുകയും ചെയ്യുന്നത് തെറ്റാണെന്നാണ് കേരളാ ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നത്. ക്രിസ്തു ദൈവമാണെന്ന് സ്ഥാപിക്കാന്‍ സ്വാതന്ത്യ്രമുള്ളത് പോലെ അദ്ദേഹം ദൈവമല്ലെന്ന് സമര്‍ഥിക്കുവാനും ഓരോ ഇന്ത്യന്‍ പൌരനും അവകാശമുണ്ട്. എന്നാല്‍ ഈ സ്വാതന്ത്യ്രത്തിന്റെ മറവില്‍ ക്രിസ്തുവിനെ തെറിവിളിക്കുവാനും ഭത്സിക്കുവാനും നിന്ദിക്കുവാനും ആരെങ്കിലും മുതിരുന്നുവെങ്കില്‍ അത് അനുവദിക്കപ്പെട്ടുകൂടാത്തതാണ്. മുഹമ്മദ് നബി(സ) പ്രവാചകനാണെന്ന് വിശ്വസിക്കുവാനും പ്രചരിപ്പിക്കുവാനും സ്വാതന്ത്യ്രമുള്ളതു പോലെ പ്രവാചകനല്ലെന്ന് കരുതുവാനും പഠിപ്പിക്കുവാനും ആര്‍ക്കും സ്വാതന്ത്യ്രമുണ്ട്. അദ്ദേഹത്തെ ഭത്സിക്കുകയും നിന്ദിക്കുകയും ചെയ്തുകൊണ്ടാവണം നബി(സ) പ്രവാചകനല്ലെന്ന് സ്ഥാപിക്കേണ്ടതെന്ന് കരുതിയതാണ് ചുങ്കപ്പാറയിലെ ക്രിസ്ത്യന്‍ മിഷനറിമാര്‍ക്ക് പറ്റിയ തെറ്റ്. അത് നിയമവിരുദ്ധമായതിനാല്‍ തെറ്റുചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് മാത്രമെ മുസ്ലിംകള്‍ ആവശ്യപ്പെട്ടിട്ടുള്ളൂ; ക്രൈസ്തവരുടെ മതപ്രചരണ സ്വാതന്ത്യ്രത്തെ വിലക്കണമെന്ന് ആരും പറഞ്ഞിട്ടില്ല; പറയുകയുമില്ല.

ഇഷ്ടമുള്ള മതമനുസരിച്ച് ജീവിക്കുവാനും അത് പ്രചരിപ്പിക്കുവാനും ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നു. തന്റെ മതം മാത്രമാണ് ശരിയെന്ന് സ്ഥാപിക്കാന്‍ ഓരോ ഇന്ത്യന്‍ പൌരനും അവകാശമുണ്ട്; സ്വാതന്ത്യ്രമുണ്ട്. ആദര്‍ശ പ്രബോധനം നടക്കുമ്പോള്‍ സമര്‍ഥനവും വിമര്‍ശനവും ഉണ്ടാവുക സ്വാഭാവികമാണ്. മതവിശ്വാസമോ ആദര്‍ശങ്ങളോ ദൈവങ്ങളോ പ്രവാചകന്മാരോ ഒന്നും വിമര്‍ശിക്കപ്പെട്ടു കൂടായെന്ന് ശഠിക്കുന്നതില്‍ അര്‍ഥമില്ല. സംവേദനക്ഷമമായ സമൂഹത്തില്‍ വിമര്‍ശനങ്ങളുണ്ടാവുക സ്വാഭാവികമാണ്. വസ്തുനിഷ്ഠവും സത്യസന്ധവുമായ വിമര്‍ശനങ്ങള്‍ അനുവദിക്കാതിരിക്കുവാന്‍ ഒരു സംസ്കൃതസമൂഹത്തിനും സാധ്യമല്ല. വിമര്‍ശനങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന ആദര്‍ശമല്ല ഇസ്ലാം. പതിനാലു നൂറ്റാണ്ടുകളായി ഇസ്ലാം വിമര്‍ശിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നുണ്ട്. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുകയും അവയ്ക്ക് മറുപടി നല്‍കിക്കൊണ്ട് സ്വന്തം അജയ്യത സ്ഥാപിക്കുകയും ചെയ്യുന്നവയാണ് ഇസ്ലാമിന്റെ പ്രമാണങ്ങള്‍. ഇസ്ലാമിനെയും ഖുര്‍ആനിനെയും മുഹമ്മദ് നബി ലയെയുമെല്ലാം വിമര്‍ശിക്കുന്ന നിരവധി രചനകള്‍ മലയാളത്തിലുണ്ട്. അവയ്ക്കെതിരെയൊന്നും മുസ്ലിംകള്‍ സംഘടിച്ചിട്ടില്ല; പ്രതിഷേധിക്കുകയോ നിയമനടപടികളെടുക്കാനാവശ്യപ്പെടുകയോ ചെയ്തിട്ടില്ല. അവയ്ക്ക് മാന്യമായി മറുപടി പറയുക മാത്രമാണ് ചെയ്തിട്ടുള്ളത്. 'ചിന്‍വാദ് പാലം' എന്ന പുസ്തകം ഒരു ഇസ്ലാം വിമര്‍ശന ഗ്രന്ഥമല്ല. മുസ്ലിംകള്‍ സ്വന്തത്തേക്കാളധികം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന മുഹമ്മദ് നബി(സ)യെ നിന്ദിക്കുകയും ഭത്സിക്കുകയും തെറിപറയുകയും ചെയ്യുന്ന ഒരു കൃതിയാണത്. അതുകൊണ്ടാണ് പ്രസ്തുത കൃതി അപകടകരമാണെന്നും അത് വിതരണം ചെയ്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും മുസ്ലിംകള്‍ ആവശ്യപ്പെട്ടത്. മഹദ് വ്യക്തിത്വങ്ങളെ തത്വദീക്ഷയില്ലാതെ തെറിപറയാന്‍ അനുവദിച്ചുകൂടായെന്ന കോടതി നിരീക്ഷണം ശ്രദ്ധേയമാണ്. ഭത്സനവും വിമര്‍ശനവും തമ്മിലുള്ള അന്തരത്തെക്കുറിച്ച് പോലും മനസ്സിലാക്കാതെയാണ് 'ക്രൈസ്തവ വിശ്വാസ സംരക്ഷണ സമിതി' പ്രശ്നത്തില്‍ ഇടപെട്ടിരിക്കുന്നത് എന്നത് സങ്കടകരമാണ്. എന്റെ പുസ്തകത്തെ ഈ പ്രശ്നത്തിലേക്ക് വലിച്ചിഴച്ചിരിക്കുന്നത് അതുകൊണ്ടാണ്. ക്രിസ്തുവിനെയും പ്രവാചകന്മാരെയും നിന്ദിക്കുന്ന പരാമര്‍ശങ്ങള്‍ എന്റെ പുസ്തകത്തിലുണ്ടെന്ന് പറയുന്നവര്‍ അതൊന്ന് പൂര്‍ണമായി വായിച്ചുനോക്കുവാന്‍ സന്നദ്ധരായെങ്കില്‍ എന്ന് പ്രത്യാശിക്കുകയാണ്. ഇവ്വിഷയകമായ ഏതു തരം ചര്‍ച്ചകള്‍ക്കും സന്നദ്ധമാണെന്ന് അറിയിക്കുന്നു.

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH