Search

mahonnathan

Slide - Nabinindha

JA slide show
പ്രതികരണത്തിന്റെ രീതിശാസ്ത്രം Print E-mail

ഏറ്റവുമധികം വേദനയും പ്രയാസവുമുണ്ടാക്കുന്ന കാര്യമായിട്ടുപോലും മുസ്ലിംകള്‍ വളരെ സമാധാനപരമായാണ് പ്രവാചകനിന്ദയുടെ കാര്‍ട്ടൂണുകള്‍ക്കു നേരെ പ്രതികരിച്ചത്. 2005 സെപ്റ്റംബര്‍ 30 മുതല്‍ 2006 ജനുവരി 10വരെ സമാധാനപരമായി പ്രശ്നം പരിഹരിക്കുവാന്‍ മുസ്ലിംകള്‍ ശ്രമിച്ചു. പ്രസ്തുത ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് ഡെന്‍മാര്‍ക്കുമായി നയതന്ത്രബന്ധങ്ങള്‍ വിഛേദിക്കുവാനും ഡാനിഷ് ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കുവാനും മുസ്ലിം ലോകം സന്നദ്ധമായത്. പ്രസ്തുത ബഹിഷ്കരണം പോലും സമാധാനപരമായിരിക്കണമെന്നാണ് മുസ്ലിം പണ്ഡിതന്‍മാര്‍ ആഹ്വാനം ചെയ്തത്.

എന്നാല്‍ കാര്‍ട്ടൂണുകള്‍ക്കെതിരെയുള്ള പ്രതിഷേധം തെരുവിലേക്കിറങ്ങിയപ്പോള്‍ ചില സ്ഥലങ്ങളിലെങ്കിലും അതിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. പ്രതിഷേധം കലാപങ്ങളും അക്രമങ്ങളുമായി. മുസ്ലിം പണ്ഡിതന്‍മാരില്‍ നിന്ന് പ്രതിഷേധത്തിന്റെ നേതൃത്വം സാമൂഹ്യദ്രോഹികള്‍ ഏറ്റെടുക്കുന്ന സ്ഥിതിവിശേഷമുണ്ടായി. നയതന്ത്രകാര്യാലയങ്ങള്‍ കത്തിക്കുകയും ആളുകളെ അക്രമിക്കുകയും ചെയ്യുന്ന രീതിയില്‍ പ്രതിഷേധിക്കുന്നത് ഇസ്ലാമികമല്ലെന്ന് പണ്ഡിതന്‍മാര്‍ ഉല്‍ബോധിപ്പിച്ചു. പക്ഷേ, പണ്ഡിതന്‍മാരുടെ ഉല്‍ബോധനമോ മുസ്ലിംലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സമാധാനപരമായ പ്രതിഷേധങ്ങളോ അല്ല മാധ്യമങ്ങള്‍ ഏറ്റുപിടിച്ചത്. പ്രവാചകസ്നേഹത്തിന്റെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ നടത്തിയ കലാപങ്ങളും അക്രമങ്ങളും പെരുപ്പിച്ചുകാട്ടി മുസ്ലിംകള്‍ അസ്ഹിഷ്ണുക്കളും ഭീകരരുമാണെന്ന തങ്ങളുടെ പതിവുപല്ലവി ആഘോഷിക്കുവാന്‍ ലഭിച്ച അവസരം മാധ്യമങ്ങള്‍ ശരിക്കും മുതലെടുത്തു. അതോടെ ഇരകള്‍ അക്രമികളായി ചിത്രീകരിക്കപ്പെടുന്ന അവസ്ഥയുണ്ടായി. കാര്‍ട്ടൂണുകള്‍ പ്രചരിപ്പിച്ചത്-ഇസ്ലാം ഭീകരതയും മുഹമ്മദ് നബി(സ്വ) ഭീകരനുമാണെന്ന സന്ദേശം- ശരിതന്നെയാണെന്നാണ് മുസ്ലിം പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാന്‍ മാധ്യമങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചു. കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചവര്‍ എന്തുദ്ദേശിച്ചുവോ അതിനനുസൃതമായിത്തീര്‍ന്നു മുസ്ലിം പേരുകളുള്ള ചിലരുടെ പ്രവര്‍ത്തനങ്ങള്‍.

എന്തുകൊണ്ടാണിത് സംഭവിച്ചത്? അതിക്രമങ്ങള്‍ക്കും നിന്ദക്കുമെതിരെ എങ്ങനെ പ്രതികരിക്കണമെന്ന ഇസ്ലാമിക പാഠം പ്രതിഷേധക്കാരില്‍ ചിലര്‍ വിസ്മരിച്ചതാണ് ഇതിനു കാരണം. തന്നെ നിന്ദിച്ചവരോടുള്ള മുഹമ്മദ് നബി(സ്വ)യുടെ നിലപാടോ നബി വിമര്‍ശനങ്ങളോട് അനുചരന്‍മാര്‍ എങ്ങനെ പ്രതികരിച്ചുവെന്നോ പ്രതിഷേധക്കാരില്‍ പലരും ശ്രദ്ധിച്ചില്ല. സാമൂഹ്യവിരുദ്ധര്‍ പ്രതിഷേധം ഏറ്റെടുക്കുവാനുണ്ടായ സാഹചര്യമുണ്ടായത് അതുകൊണ്ടാണ്. അതിനാലാണ് മുസ്ലിംവിരുദ്ധ മാധ്യമങ്ങള്‍ക്ക് ആഘോഷിക്കുവാനുള്ള വകയുണ്ടായത്. ഇങ്ങനെയെല്ലാം നടക്കുമ്പോള്‍ തന്നെ പ്രതികരണം ഇസ്ലാമികമാകണമെന്ന പണ്ഡിതന്‍മാരുടെ ആഹ്വാനം മാധ്യമങ്ങളൊന്നും ശ്രദ്ധിക്കുകയോ ജനങ്ങളിലെത്തിക്കുകയോ ചെയ്തതുമില്ല. മാധ്യമങ്ങള്‍ക്കാവശ്യം മുസ്ലിംകള്‍ അസഹിഷ്ണുക്കളാണെന്ന് വരുത്തുകയാണല്ലോ!

കേരളീയ മുസ്ലിംകളെ പ്രകോപിപ്പിക്കുയും അത് തങ്ങളുടെ ദുഷ്പ്രചരണങ്ങള്‍ക്കുള്ള മാര്‍ഗമാക്കുകയും ചെയ്യുന്നതിനു വേണ്ടി മാത്രമായി നിര്‍മാണവും സംവിധാനവും നിര്‍വഹിക്കപ്പെട്ട നാടകങ്ങളായിരുന്നു തൊടുപുഴയിലെ ചോദ്യപേപ്പറും നബിനിന്ദക്കുവേണ്ടിയുള്ള മിഷനറിഗ്രന്ഥങ്ങളും എന്ന വസ്തുത വ്യക്തമാണ്. ഒരു സംസ്കൃത സമൂഹത്തിനും അംഗീകരിക്കാന്‍ കഴിയാത്ത ഇത്തരം പുലഭ്യവര്‍ഷങ്ങള്‍ക്കെതിരെ തികച്ചും സമാധാനപരവും നിയമവിധേനയുമായ മാര്‍ഗങ്ങളിലൂടെയാണ് മുസ്ലിംകള്‍ പ്രതികരിച്ചത്. ഇസ്ലാമിന്റെ ശത്രുക്കള്‍ വിചാരിച്ചതുപോലെ മുസ്ലിംകളെ വികാരം കൊള്ളിച്ച് കലാപകാരികളാക്കി തീര്‍ക്കുവാനോ ഇതുമൂലം കേരളം കത്തുന്ന അവസ്ഥയുണ്ടാക്കുവാനോ അനുവദിക്കാതെ വിചാരപരമായി പ്രവര്‍ത്തിക്കുകയും നിയമനടപടികള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്യുവാനാണ് തൊടുപുഴയിലും ചുങ്കപ്പാറയിലുമുള്ള മുസ്ലിം നേതൃത്വവും പണ്ഡിതന്മാരും ശ്രദ്ധിച്ചത്. ഇസ്ലാമിക പ്രബോധനത്തിന് പ്രതിരോധം തീര്‍ക്കുന്നതിനുവേണ്ടി ഗൂഢമായി സംവിധാനിക്കപ്പെട്ട ശക്തമായ സ്ഫോടകായുധങ്ങള്‍ അതിനാല്‍ നിര്‍വീര്യമായി. മുസ്ലിംകളെ പ്രകോപിപ്പിച്ച് കലാപകാരികളാക്കിതീര്‍ക്കുകയും അതിലൂടെ തങ്ങളുടെ ഗൂഢതാല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുകയെന്ന ഇസ്ലാം വിരുദ്ധലോബിയുടെ അന്താരാഷ്ട്രതന്ത്രം കേരളത്തില്‍ പരാജയപ്പെട്ടു. ഇതിന് കാരണം സംയമനത്തോടുകൂടിയ മുസ്ലിം സമീപനമാണ്. സമാധാനപരമായ പ്രതിഷേധപ്രവര്‍ത്തനങ്ങളെ വഴിതിരിച്ച് കലാപമാക്കിത്തീര്‍ക്കുവാന്‍ സാമൂഹ്യവിരുദ്ധരെ വിട്ട് ചിലര്‍ ശ്രമിച്ചുവെങ്കിലും മുസ്ലിം നേതൃത്വത്തിന്റെയും നിയമപാലകരുടെയും സന്ദര്‍ഭോചിതമായ ഇടപെടലുകള്‍ മൂലം അത് നടന്നില്ല. ഇസ്ലാം പഠിപ്പിച്ച പ്രതികരണങ്ങളിലൂടെ കേരളം ലോകത്തിനു മാതൃകയാവുകയായിരുന്നു.

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH