Search

mahonnathan

Slide - Nabinindha

JA slide show
എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു? Print E-mail

ലോകവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട ഡെന്മാര്‍ക്കിലെ പ്രവാചകനിന്ദയിലധിഷ്ഠിതമായ കാര്‍ട്ടൂണുകള്‍ എതിര്‍ക്കപ്പെടാന്‍ രണ്ടു കാരണങ്ങളുണ്ട്. ഒന്നാമത്തെത് പ്രാവാചകനെ ചിത്രീകരിക്കുന്നത് ഇസ്ലാം എതിര്‍ക്കുന്ന കാര്യമായതുകൊണ്ടാണ്. ശുദ്ധമായ ഏകദൈവാരാധനയില്‍ നിന്ന് മനുഷ്യരെ വഴിപിഴപ്പിച്ചത് പ്രവാചകന്‍മാരുടെയും മഹല്‍ വ്യക്തികളുടെയും ചിത്രീകരണമാണ് എന്നതിനാല്‍ പ്രസ്തുത ചിത്രീകരണങ്ങളെ ഇസ്ലാം എതിര്‍ക്കുകയും തടയുകയും ചെയ്യുന്നു. യേശുവിന്റേതു മുതല്‍ ശ്രീനാരായണഗുരുവിന്റേതുവരെയുള്ള പ്രതിമകളും ചിത്രീകരണങ്ങളും അവരുടെ അനുയായികളെ അവരെ ആരാധിക്കുന്നതിലേക്കാണ് നയിച്ചതെന്ന യാഥാര്‍ഥ്യം ഈ ഇസ്ലാമിക നിര്‍ദേശത്തിന്റെ സത്യതയ്ക്ക് കരുത്തുപകരുന്നു. മുഹമ്മദ് നബി(സ്വ)യുടേതായി ഒരു ചിത്രീകരണവും ഇതുവരെ മുസ്ലിം ലോകത്ത് ഉണ്ടാകാതിരിക്കുവാനുള്ള കാരണം അക്കാര്യം ശക്തമായി വിരോധിക്കപ്പെട്ടതുകൊണ്ടുതന്നെയാണ്. അതുകൊണ്ടുതന്നെ അത്തരം ചിത്രീകരണങ്ങള്‍ മുസ്ലിംകള്‍ വെറുക്കുന്നു; എതിര്‍ക്കുന്നു.

രണ്ടാമതായി വിവാദവിഷയമായ കാര്‍ട്ടൂണുകള്‍ പ്രവാചകനിന്ദയിലധിഷ്ഠിതവും വൃത്തികെട്ടതുമാണ് എന്നതിനാലാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും പ്രവാചകനെ ഭീകരനും വൃത്തികെട്ടവനുമായി ചിത്രീകരിക്കുന്നത് ആര്‍ക്കാണ് സഹിക്കാന്‍ കഴിയുക? പ്രവാചകന്‍(സ്വ) ഏതുതരം ഭീകരതയാണ് പഠിപ്പിച്ചതെന്ന് പറഞ്ഞുതരാന്‍ ഈ പ്രാകൃത കാര്‍ട്ടൂണിസ്റുകള്‍ക്കാര്‍ക്കെങ്കിലും കഴിയുമോ? തന്നെ പീഡിപ്പിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും നിന്ദിച്ചവരോട് നന്‍മചെയ്യുകയും നാട്ടില്‍ നിന്ന് പുറത്താക്കിയവര്‍ക്ക് മാപ്പുനല്‍കുകയും ചെയ്ത മുഹമ്മദ് നബി(സ്വ)യെ പ്രതികാരമൂര്‍ത്തിയായി ചിത്രീകരിക്കുന്നത് കണ്ടുനില്‍ക്കാന്‍ ആര്‍ക്കാണ് സാധിക്കുക? കാര്‍ട്ടൂണുകള്‍ക്കെതിരെയുള്ള പ്രതിഷേധം മുസ്ലിംകളുടേതു മാത്രമല്ല, സംസ്കൃതരായ മുഴുവന്‍ മനുഷ്യരുടേതുമായിരുന്നു; തെറിവിളിയും അപഹാസവും അംഗീകരിക്കാത്ത മുഴുവന്‍ മനുഷ്യരുടേതും.

ഇതേപോലെ തന്നെയാണ് തൊടുപുഴയിലെ ചോദ്യക്കടലാസ് നബിനിന്ദയും. സംസ്കാരമുള്ള ഒരു സമൂഹത്തിനും അംഗീകരിക്കാന്‍ കഴിയാത്ത തോന്നിവാസം. സ്വന്തം ശരീരത്തേക്കാളധികം മുസ്ലിംകള്‍ സ്നേഹിക്കുന്ന പ്രവാചകനെ ദൈവത്തെകൊണ്ട് പുലഭ്യം പറയിപ്പിച്ചുകൊണ്ടുള്ള സംഭാഷണം മെനഞ്ഞവരുടെ മനസ്സിന്റെ വികൃതത്വവും വികടതയും എന്തുമാത്രമാണ്! മൃഗീയമെന്ന് പറഞ്ഞാല്‍ മൃഗങ്ങള്‍ പോലും നാണിച്ചു പോകും. ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങള്‍ പ്രബോധനം ചെയ്ത അന്തിമ പ്രവാചകനോട് എന്തിനാണിത്ര വെറുപ്പും വിരോധവും? ഇത്തരം വൃത്തികേടുകള്‍ക്ക് നേതൃത്വം വഹിക്കുന്നത് ബിരുദാനന്തര ബിരുദം പേറുന്ന 'വിദ്യാസമ്പന്ന'രാണെന്നതാണ് ഏറെ ഖേദകരം. സംസ്കാരവും മനുഷ്യത്വവും എന്തെന്ന് പഠിപ്പിക്കാത്ത ബിരുദങ്ങള്‍ കൊണ്ട് മനുഷ്യര്‍ പൈശാചികതയിലേക്ക് ആപതിക്കുകയുള്ളൂ എന്ന് വ്യക്തമാക്കുന്നതാണ് ചോദ്യപേപ്പറിലെ സംഭാഷണശകലം. മാനവികതയിലധിഷ്ഠിതമല്ലാത്ത വിദ്യാഭ്യാസം വഴി മനുഷ്യര്‍ മൃഗത്തേക്കാള്‍ അധികം അധഃപതിക്കുമെന്ന് അടുത്ത തലമുറക്ക് കൂടി ബോധ്യപ്പെടുത്താന്‍ ചോദ്യപേപ്പറിലെ സംഭാഷണശകലവും അതിനടിയില്‍ അതുണ്ടാക്കിയവരുടെ പേരുകളും ബിരുദങ്ങളും അത് പ്രസിദ്ധീകരിച്ച സ്ഥാപനനാമവും രേഖപ്പെടുത്തി ചില്ലിട്ടു സൂക്ഷിച്ചുവച്ചാല്‍ മതിയാവും. 'വിദ്വേഷം മനുഷ്യമനസ്സിനെ വികൃതമാക്കുന്നതിങ്ങനെ!' എന്ന അടിക്കുറിപ്പും നല്‍കാവുന്നതാണ്.

കോയമ്പത്തൂരുകാരന്റെ ഇസ്ലാം വിമര്‍ശനഗ്രന്ഥവും തഥൈവ. മുസ്ലിംകള്‍ക്ക് പരിചയമില്ലാത്ത ഒരു പാലത്തിന്റെ പേരാണ് പുസ്തകത്തിന്റെ തലക്കെട്ട്. മുസ്ലിംകള്‍ക്കൊന്നും പരിചയമില്ലാത്ത പല ആദര്‍ശങ്ങളും ഇസ്ലാമിന്റെ പേരില്‍ ആരോപിച്ചുകൊണ്ട് താന്‍ ഇസ്ലാമിനെ വിമര്‍ശിച്ചുവെന്ന് വിചാരിച്ച് സ്വയം തൃപ്തിപ്പെടാന്‍ വേണ്ടി എഴുതിയ പുസ്തകത്തിന് മുസ്ലിംകള്‍ക്ക് കേട്ടുകേള്‍വിപോലുമില്ലാത്ത ഒരു പാലത്തിന്റെ പേര് നല്‍കിയത് ഏതായാലും ഉചിതമായി. പ്രസ്തുത തലക്കെട്ടുമുതല്‍ പുസ്തകത്തിന്റെ അവസാന പേജില്‍ നല്‍കിയ ഖുര്‍ആന്‍ പരിഭാഷ വരെയുള്ള കാര്യങ്ങളൊന്നും മുസ്ലിംകള്‍ക്ക് പരിചയമുള്ളതല്ല. സ്വന്തം ഭാഷയിലുള്ള വിശുദ്ധഖുര്‍ആന്‍ പരിഭാഷയെങ്കിലും ആദ്യാവസാനം ഒന്നു വായിച്ചുനോക്കുകപോലും ചെയ്യാതെ ഏതോ അന്യഭാഷാ ഇസ്ലാം വിമര്‍ശന ഗ്രന്ഥത്തില്‍ നിന്ന് ആശയങ്ങളും വാക്യങ്ങളും ഉദ്ധരണികളും അതുപോലെ കോപ്പിയടിച്ച് പരിഭാഷപ്പെടുത്തുകയാണ് ഗ്രന്ഥകര്‍ത്താവ് ചെയ്തിട്ടുള്ളതെന്ന് വ്യക്തമാണ്. മുഹമ്മദ് നബി(സ്വ)യെ കുറിച്ച് അദ്ദേഹം എഴുതിവച്ചിട്ടുള്ള കാര്യങ്ങളൊന്നും വസ്തുനിഷ്ഠമായ പഠനത്തില്‍ നിന്ന് ഉണ്ടായിട്ടുള്ളവയല്ല. വിമര്‍ശകരോ അനുയായികളോ എഴുതിയ ഒരു നബിചരിത്രഗന്ഥം പോലും പൂര്‍ണമായി ഗ്രന്ഥകര്‍ത്താവ് വായിച്ചിട്ടില്ലെന്നു കൂടി വ്യക്തമാക്കുന്നുണ്ട് പുസ്തകത്തിലെ പരാമര്‍ശങ്ങള്‍. ഖുര്‍ആനോ നബിജീവിതമോ പഠനത്തിന് വിധേയമാക്കാതെ ഇസ്ലാമിനെ തെറിപറയാന്‍ വേണ്ടി മാത്രം രചിക്കപ്പെട്ടതാണ് ഈ പുസ്തകം. വിമര്‍ശഗ്രന്ഥങ്ങള്‍ക്കുണ്ടായിരിക്കേണ്ട വസ്തുനിഷ്ഠമായ അപഗ്രഥനരീതിയോ വ്യക്തമായ ഉപോല്‍ബലകരേഖകളോ ഇല്ലാതെ നിന്ദിക്കുവാന്‍ വേണ്ടി മാത്രമായി ഒരു പുസ്തകം. അതുകൊണ്ടാണ് കോയമ്പത്തൂരുകാരന്റെ ഈ പുസ്തകം വിമര്‍ശിക്കപ്പെടുന്നത്. അത്തരം കൃതികള്‍ വികൃതികള്‍ മാത്രമാണെന്നും ഒരു മതനിരപേക്ഷ സമൂഹത്തിന്റെ നിലനില്‍പ്പിനും കെട്ടുറപ്പിനും ഭീഷണിയാണ് അവയെന്നും വ്യക്തമാക്കപ്പെടുന്നതും അതുകൊണ്ടു തന്നെ. ഇസ്ലാമിനെയോ മുഹമ്മദ് നബിയെയോ വിമര്‍ശിക്കാന്‍ ഒരുമ്പെടുന്നവര്‍ ദൈവികഗ്രന്ഥമായ ഖൂര്‍ആനിലെ ആശയങ്ങളെയും ലോകചരിത്രത്തിന്റെ ഗതിതിരിച്ചു വിട്ട് മഹത്തായ മാനവികവിപ്ളവം സാധിച്ച മുഹമ്മദ് നബി(സ്വ)യുടെ ജീവിതത്തെയുംകുറിച്ച് വസ്തുനിഷ്ഠമായി പഠിക്കുവാനും വിലയിരുത്തുവാനും സന്നദ്ധമായെങ്കില്‍! കത്തോലിക്കനായിരുന്ന ഫ്രഞ്ച് ഗ്രന്ഥകാരന്‍ ലാമാര്‍ട്ടിന്‍ എഴുതി: "ലക്ഷ്യത്തിന്റെ മഹാത്മ്യവും ഉപാധികളുടെ പരിമിതികളും അമ്പരിപ്പിക്കുന്ന ഫലങ്ങളുമാണ് മനുഷ്യപ്രതിഭയുടെ മൂന്ന് ഉരകല്ലുകളെങ്കില്‍ ആധുനിക ചരിത്രത്തില്‍ വല്ല മഹാനേയും മുഹമ്മദിനോട് താരതമ്യം ചെയ്യാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ? ഏറ്റവും പ്രശസ്തരായ ആളുകള്‍ ആയുധങ്ങളോ നിയമങ്ങളോ സാമ്രാജ്യങ്ങളോ മാത്രം നിര്‍മിച്ചവരാണ്. അവര്‍ വല്ലതും സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അത് മിക്കപ്പോഴും സ്വന്തം കണ്‍മുമ്പാകെ വഴുതിപ്പോയ ഭൌതികാധികാരങ്ങളേക്കാള്‍ കൂടുതലായി ഒന്നുമില്ല. ഈ മനുഷ്യനാവട്ടെ സൈന്യങ്ങളെയും നിയമനിര്‍മാണങ്ങളെയും സാമ്രാജ്യങ്ങളെയും ജനങ്ങളെയും അധികാരപീഠങ്ങളെയും മാത്രമല്ല, അന്നത്തെ ലോകത്തിന്റെ മൂന്നിലൊന്നില്‍ താമസിച്ച കോടിക്കണക്കിന് ജനങ്ങളെകൂടിയാണ് ചലിപ്പിച്ചത്. സര്‍വോപരി അള്‍ത്താരകളെയും ദൈവങ്ങളെയും വിശ്വാസങ്ങളെയും ആത്മാവുകളെയും അദ്ദേഹം ചലിപ്പിച്ചു, അതിലെ ഒരോ അക്ഷരവും നിയമമായി തീര്‍ന്ന ഒരു ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍. എല്ലാ ഭാഷക്കാരും എല്ലാദേശക്കാരുമായ ജനങ്ങളെ കോര്‍ത്തിണക്കിയ ഒരു ആത്മീയ ദേശീയത അദ്ദേഹം സൃഷ്ടിച്ചു.....
.. ദാര്‍ശനികന്‍, പ്രസംഗകന്‍, പ്രവാചകന്‍, നിയമനിര്‍മാതാവ്, യോദ്ധാവ്, ആശയങ്ങളുടെ ജേതാവ്, യുക്തിസിദ്ധാന്തങ്ങളുടെ പുനഃസ്ഥാപകന്‍, ഭാവനകളില്ലാത്ത ഭാവത്തോടുകൂടിയവന്‍. ഇരുപത് ഭൂപ്രദേശ സാമ്രാജ്യങ്ങളുടെയും ഒരു ആത്മീയ സാമ്രാജ്യത്തിന്റെയും സ്ഥാപകന്‍. അതാണ് മുഹമ്മദ്. മനുഷ്യമഹാത്മ്യത്തിന്റെ എല്ലാ മാനദണ്ഡങ്ങള്‍ വച്ചുനോക്കിയാലും നമുക്ക് ചോദിക്കാം, അദ്ദേഹത്തേക്കാള്‍ മഹാനായി വേറാരെങ്കിലും ഉണ്ടോ? (ഒശീൃശല റല ഹമ ഠൌൃൂൌശല, പാരിസ്, 1854, വാള്യം 2, പേജ് 276-277)

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH