Search

mahonnathan

JA slide show

നബി ചരിത്രം

പ്രവാചക പത്നിമാര്‍ Print E-mail

ഖദീജ ബിന്‍ത് ഖുവൈലിദ്
മക്കയിലെ പ്രവാചകഗേഹം തിരുമേനിയും പ്രിയപത്നി ഖദീജയുമടങ്ങുന്നതാണ്. തിരുമേനിക്ക് 25 വയസ്സും അവര്‍ക്ക് 40 വയസും പ്രായമുള്ളപ്പോഴാണ് ഇവര്‍ വിവാഹിതരാകുന്നത്. പ്രവാചകപത്നീ പദം അലങ്കരിക്കുന്ന പ്രഥമവനിതയാണിവര്‍. ഇവരോടൊപ്പം നബി(സ) മറ്റാരെയും വേട്ടിട്ടില്ല. ഇവരിലാണ് തിരുദൂതര്‍ക്ക് സന്താന സൌഭാഗ്യവുമുണ്ടായത്.

ആണ്‍മക്കളെല്ലാം അവിടുത്തെ ജീവിതകാലത്തുതന്നെ ഇഹലോക വാസം വെടിഞ്ഞു. പെണ്‍മക്കള്‍ സൈനബ്, റുഖിയ്യ, ഉമ്മുകുത്സൂം, ഫാത്വിമ എന്നിവരാണ്. ഇവരില്‍ സൈനബിനെ ഹിജ്റക്ക് മുമ്പ് ഖദീജ(റ)യുടെ മാതൃസഹോദരിയുടെ പുത്രന്‍ അബുല്‍ ആസ്ബിന്‍ റബീഅ് വിവാഹം ചെയ്തു. റുഖിയ്യയേയും അവരുടെ മരണശേഷം ഉമ്മു കുത്സൂമിനെയും ഉഥ്മാന്‍ ബിന്‍ അഫ്ഫാനാണ് വേട്ടത്. ഫാത്വിമയെ ബദ്റിന്റെയും ഉഹ്ദിന്റെയും മധ്യേ അലി(റ) വിവാഹം ചെയ്തു. ഇവരുടെ സന്തതികളാണ് ഹസന്‍, ഹുസൈന്‍, സൈനബ്, ഉമ്മുകുത്സൂം.

പ്രവാചകന്‍ മറ്റു വിശ്വാസികളില്‍നിന്ന് ഭിന്നമായി വിവാഹരംഗത്ത് വ്യത്യാസം കല്പിക്കപ്പെട്ട വ്യക്തിയാണ്. നാലിലേറെ പത്നിമാരെ സ്വീകരിക്കാന്‍ അദ്ദേഹം അനുവദിക്കപ്പെട്ടിരുന്നു. മൊത്തം പതിമൂന്ന് പേരെ വിവാഹം ചെയ്തതില്‍ പതിനൊന്ന് പേരോടൊപ്പം മാത്രമേ അവിടുന്ന് വിവാഹം ജീവിതം പങ്കിട്ടിട്ടുള്ളൂ. ഇതില്‍ രണ്ടുപേര്‍ അവിടുത്തെ ജീവിതകാലത്തുതന്നെ മൃതിയടഞ്ഞു. ഒന്ന് ഖദീജയും മറ്റേത് ഖുസൈമയുടെ പുത്രി സൈനബുമാണ്. ഇവരെക്കുറിച്ച ലഘുവിവരണമാണ് താഴെ.

സംഅയുടെ പുത്രി സൌദ
ഇവരെ ഖദീജയുടെ മരണാനന്തരം ഏകദേശം ഒരു മാസം പിന്നിട്ട് പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം ശവ്വാല്‍ മാസത്തിലാണ് പ്രവാചകന്‍ വിവാഹം ചെയ്തത്. നേരത്തെ ഇവരുടെ പിതൃസഹോദര പുത്രന്‍ സക്റാന്‍ബിന്‍ അംറ് ആയിരുന്നു ഇവരെ വിവാഹം ചെയ്തിരുന്നത്. ഇദ്ദേഹത്തിന്റെ മരണാനന്തരമാണ് പ്രവാചകന്‍ ഇവരെ വേട്ടത്. ഹിജ്റ 54 ശവ്വാല്‍ മാസം മദീനയില്‍ മരിച്ചു.

അബൂബക്കറിന്റെ പുത്രി ആഇശ
പ്രവാചകത്വത്തിന്റെ പതിനൊന്നാം വര്‍ഷം, സൌദയുടെ വിവാഹത്തിന് ഒരു വര്‍ഷം പൂര്‍ത്തിയായശേഷമാണ് ഇവരെ പ്രവാചകന്‍ വിവാഹം കഴിക്കുന്നത്. ഇത് ഹിജ്റയുടെ രണ്ടു വര്‍ഷവും അഞ്ചുമാസവും മുമ്പാണ്. ആറാം വയസില്‍ വിവാഹം നടന്നെങ്കിലും ഹിജ്റക്കുശേഷം ഏഴ് മാസം പിന്നിട്ട് അഥവാ ഒമ്പതാം വയസിലാണ് മധുവിധു ആഘോഷിക്കുന്നത്. ഇവരെയല്ലാതെ തിരുമേനി കന്യകമാരെ വേട്ടിട്ടില്ല. അവിടുത്തെ പ്രിയപത്നിയും ഇവര്‍തന്നെയായിരുന്നു. മറ്റേവരേക്കാളും വിജ്ഞയും പണ്ഡിതയുമായിരുന്നു ഇവര്‍. ഹിജ്റ 57ല്‍ റമദാന്‍ 17ന് മദീനയില്‍ മരിച്ചു. 58 ല്‍ ആണെന്ന പക്ഷവുമുണ്ട്. ബഖീഇലാണ് ഖബറടക്കം ചെയ്തത്.

ഉമറിന്റെ പുത്രി ഹഫ്സ
ഭര്‍ത്താവ് ഹുനൈസ്ബിന്‍ ഹുദാഫയില്‍നിന്ന് വിധവയായശേഷമാണ് പ്രവാചകന്‍ ഇവരെ വേള്‍ക്കുന്നത്. ഹിജ്റ മൂന്നാംവര്‍ഷം ശഅബാനിലാണ് വിവാഹം. ഇവര്‍ അറുപതം വയസില്‍ ഹിജ്റ നല്പത്തന്ജാം വര്‍ഷം ശഅബാനില്‍ മൃതിയടഞ്ഞു. ബഖീഇല്‍ ഖബറടക്കപ്പെട്ടു.

ഖുസൈമയുടെ പുത്രി സൈനബ്

'അഗതികളുടെ മാതാവ്' (ഉമ്മുല്‍ മസാകീന്‍) എന്ന നാമത്തിലിവര്‍ അറിയപ്പെട്ടു. ഭര്‍ത്താവ് അബ്ദുല്ലാഹിബിന്‍ ജഹ്ശ് ഉഹ്ദ് യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിക്കപ്പെട്ടശേഷം ഹിജ്റ നാലാം വര്‍ഷം പ്രവാചകന്‍ ഇവരെ വേട്ടു. മൂന്നുമാസം പിന്നിട്ട് റബീഉല്‍ ആഖറില്‍ ഇവര്‍ മരിക്കുകയും ചെയ്തു. നബി(സ) അവര്‍ക്ക് മയ്യിത്ത് നമസ്കരിച്ചു. ബഖീഇലാണ് ഖബറടക്കപ്പെട്ടത്.

അബൂഉമയ്യയുടെ പുത്രി ഉമ്മുസലമഹിന്ദ്:

അബൂസലമയുടെ പത്നി പദത്തിലിരുന്നിരുന്ന ഇവരെ അദ്ദേഹത്തിന്റെ മരണാനന്തരം ഹിജ്റ നാലാം വര്‍ഷം ശവ്വാല്‍ മാസത്തില്‍ തിരുമേനി വിവാഹം ചെയ്തു. ഇതേ വര്‍ഷം ജമാദുല്‍ ആഖിറയിലായിരുന്നു ഭര്‍ത്താവ് മരിച്ചത്. ഇദ്ദേഹത്തില്‍ ഇവര്‍ക്ക് സന്തതികളുമുണ്ട്. ബുദ്ധിപരമായ കഴിവിലും പാണ്ഡിത്യത്തിലും ഇവര്‍ മികച്ചുനിന്നു. ഹിജ്റ 59 ല്‍ വര്‍ഷം- മറ്റൊരു റിപ്പോര്‍ട്ടനുസരിച്ച് 62 ല്‍ - ഇവര്‍ മരിക്കുകയും ബഖീഇല്‍ ഖബറടക്കുകയും ചെയ്തു അന്നവര്‍ക്ക് 84 വയസ് പ്രായമുണ്ട്.

ജഹ്ശിന്റെ പുത്രി സൈനബ്
ബനൂഅസദ് ഗോത്രക്കാരിയും പ്രവാചകന്റെ പിതൃസഹോദരീ പുത്രിയുമാണ് ഇവര്‍. ഇവരെ നേരത്തെ വിവാഹം കഴിച്ചിരുന്നത് പ്രവാചകന്റെ വളര്‍ത്തു പുത്രന്‍ സൈദ്ബിന്‍ ഹാരിഥയായിരുന്നു. അദ്ദേഹം അവരെ വിവാഹമുക്തയാക്കിയശേഷം തിരുമേനി അവരെ അല്ലാഹുവിന്റെ കല്പന പ്രകാരം വിവാഹം ചെയ്തു.
'സൈദ് അവളില്‍നിന്ന് ആവശ്യം നിറവേറ്റിക്കഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക് ഭാര്യയാക്കിത്തന്നു.'' (33:37) ദത്തുപുത്രന്‍ വിവാഹമുക്തയാക്കിയവളെ വേള്‍ക്കാന്‍ പാടില്ലായെന്ന ഇസ്ലാം പൂര്‍വ ചിന്താഗതി ഇതുവഴി പ്രായോഗികമായി തിരുത്തുകയാണ് അല്ലാഹു ചെയ്തത്. വിശദീകരണം പിറകെവരുന്നുണ്ട്. ഹിജ്റ അഞ്ചാം വര്‍ഷം ദുല്‍ഖഅദയിലാണ് പ്രവാചകന്‍ ഇവരെ വേട്ടത്. നാലാം വര്‍ഷമാണെന്ന പക്ഷവുമുണ്ട്. തികഞ്ഞ ഭക്തയും ധര്‍മിഷ്ഠയുമായിരുന്ന ഇവര്‍ ഹിജ്റ ഇരുപതാം വര്‍ഷം അമ്പത്തിമൂന്നാം വയസ്സില്‍ നിര്യാതയായി. പ്രവാചകനുശേഷം ആദ്യം മൃതിയടഞ്ഞ പത്നി ഇവരാണ്. ഉമര്‍ (റ)വായിരുന്നു ഇവരുടെ മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നല്കിയത്. ബഖീഇലാണ് ശ്മശാനം.

ഹാരിഥിന്റെ പുത്രി ജുവൈരിയ
ഇവരുടെ പിതാവ് ഹാരിഥ് ഖുസാഅഗോത്രത്തിലെ ബനൂ മുസ്ത്വലഖ് ശാഖയുടെ നേതാവാണ്. ബനൂ മുസ്ത്വലഖ് യുദ്ധത്തില്‍ ബന്ദികളാക്കപ്പെട്ടവരില്‍ ഇവരുമുണ്ടായിരുന്നു. ഥാബിത് ബിന്‍ ഖൈസിന്റെ ഓഹരിയില്‍ വന്ന ഇവരെ അദ്ദേഹം മോചനപത്രമെഴുതിമോചിപ്പിച്ചു. അവരുടെ മോചനദ്രവ്യം നല്കി പ്രവാചകന്‍ അവരെ സ്വതന്ത്രയാക്കിയശേഷം വിവാഹം കഴിച്ചു. ഹിജ്റ ആറാം വര്‍ഷം (അഞ്ചാണെന്ന പക്ഷവുമുണ്ട്.) ശഅബാനിലായിരുന്നു വിവാഹം. പ്രവാചകന്‍ ഇവരെ വിവാഹം ചെയ്തതോടെ ഇവരുടേ ഗോത്രക്കാരായ നൂറ് ബനൂ മുസ്ത്വലഖ്കാരെ അനുചരന്മാര്‍ മോചിതരാക്കി. 'അല്ലാഹുവിന്റെ ദൂതരുടെ വിവാഹബന്ധത്തിലുള്ളവരെ നാം ബന്ദികളാക്കിവെക്കുകയോ' എന്നു പറഞ്ഞായിരുന്നു ഇവര്‍ മോചിപ്പിച്ചത്. ഹിജ്റ 56 ല്‍ അറുപത്തി അഞ്ചാം വയസ്സില്‍ റബീഉല്‍ അവ്വല്‍ മാസത്തില്‍ ഇവര്‍ നിര്യാതയായി.

അബൂസുഫ്യാന്റെ പുത്രി ഉമ്മുഹബീബറംല:
ഇവരെ നേരത്തെവിവാഹം കഴിച്ചിരുന്ന അബ്ദുല്ലാഹിബിന്‍ ജഹ്ശിന് പിറന്നതാണ് ഹബീബ. അങ്ങനെ ഉമ്മുഹബീബ എന്നറിയപ്പെട്ടു. ഭര്‍ത്താവോടൊപ്പം എത്യോപ്യയിലേക്ക് പലായനം ചെയ്തതായിരുന്നു ഇവര്‍. അവിടെയെത്തിയ ഭര്‍ത്താവ് ക്രിസ്തുമതം സ്വീകരിക്കുകയും പിന്നീട് അവിടെവെച്ച് തന്നെ മരിക്കുകയും ചെയ്തു. ഇസ്ലാം മതത്തില്‍തന്നെ ഉറച്ചുനിന്ന ഇവരെ പ്രവാചകന്‍, ഹിജ്റ എഴാം വര്‍ഷം നജ്ജാശിയുടെ അടുക്കലേക്ക് തന്റെ സന്ദേശവുമായി പോയ അംറുബിന്‍ ഉമയ്യ വഴി വിവാഹാന്വേഷണം നടത്തുകയും നാനൂറ് ദീനാര്‍ നല്കി വിവാഹം കഴിക്കുകയും ചെയ്തു. നജ്ജാശി ഇവരെ ശുര്‍ഹബീല്‍ബിന്‍ ഹസനയുടെ കൂടെ തിരുസന്നിധിയിലേക്കയച്ചു. ഖൈബറില്‍നിന്ന് മടങ്ങിയെത്തിയ പ്രവാചകന്‍ ഇവരുമായി മധുവിധു ആഘോഷിച്ചു. ഹിജ്റ 42ലോ നാല്പത്തിനാലിലോ അമ്പതിലോ ആണ് ഇവര്‍ മൃതിയടഞ്ഞത്.

ഹുയയ്ബ്നു അഖ്തബിന്റെ പുത്രി സ്വഫിയ്യ
ഇവരുടെ പിതാവ് ഇസ്റാഈല്‍ സന്തതികളിലെ നളീര്‍ഗോത്രത്തിന്റെ നേതാവായിരുന്നു. ഖൈബറിലെ തടവുകാരില്‍ പെട്ട ഇവരെ പ്രവാചകന്‍ തന്റെ ഓഹരിയില്‍ ഉള്‍പ്പെടുത്തുകയും ഇസ്ലാം സ്വീകരിക്കാന്‍ ഉപദേശിക്കുകയും ചെയ്തു. ഇസ്ലാം സ്വീകരിച്ച ഇവരെ മോചിപ്പിക്കുകയും ഖൈബര്‍ വിജയാനന്തരം ഹിജ്റ ഏഴാം വര്‍ഷം ഇവരെ വേള്‍ക്കുകയും ചെയ്തു. മദീനയിലേക്കുള്ള മടക്കയാത്രയില്‍ ഖൈബറില്‍നിന്ന് പന്ത്രണ്ട് മൈല്‍അകലെ സദ്ദ്സ്വഹ്ബാഅ് എന്ന സ്ഥലത്തുവെച്ച് ഇവരുമായി തിരുമേനി മധുവിധു ആഘോഷിച്ചു. ഹിജ്റ അമ്പതാം വര്‍ഷം മരിച്ചു. അമ്പത്തിരണ്ടാണെന്നും മുപ്പത്തി ആറാണെന്നും ചില അഭിപ്രായങ്ങളുമുണ്ട്. ബഖീഇല്‍ ഖബറടക്കപ്പെട്ടു.

ഹാരിഥിന്റെ പുത്രി മൈമൂന
ഇവരുടെ സഹോദരിയാണ് ഉമ്മുല്‍ ഫള്ല്‍ ബിന്‍ത് ഹാരിഥ്. ഹിജ്റ ഏഴാം വര്‍ഷം ദുല്‍ക്വഅദയില്‍ ഉംറത്തുല്‍ ഖദാഅ് നിര്‍വഹിച്ച് മടങ്ങുംവഴി വിവാഹം നടത്തുകയും മക്കയില്‍നിന്ന് ഒന്‍പത് മൈല്‍ അകലെ സറഫ് എന്ന സ്ഥലത്ത് വെച്ച് വീട് കൂടുകയും ചെയ്തു. ഹിജ്റ 61ല്‍ സറഫില്‍വെച്ച് ഇവര്‍ മരിച്ചു. അറുപത്തിമൂന്നാണെന്നും മുപ്പത്തി എട്ടാണെന്നും ചില അഭിപ്രായങ്ങളുണ്ട്. സറഫില്‍തന്നെ ക്വബറടക്കപ്പെട്ട ഇവരുടെ ക്വബ്ര്‍ ഇപ്പോഴും അറിയപ്പെടുന്നുണ്ട്.

ഈ പതിനൊന്ന് പേരാണ് പ്രവാചകന്‍ വിവാഹം കഴിക്കുകയും വീടുകൂടുകയും ചെയ്ത പത്നിമാര്‍. അവശേഷിച്ച രണ്ടുപേരില്‍ ഒന്ന് കിലാബ് ഗോത്രക്കാരിയും അപര കിന്‍ദ ഗോത്രക്കാരിയുമാണ്.

യുദ്ധത്തില്‍ തടവുകാരക്കപ്പെട്ടവരായി പ്രവാചകന്റെ സമീപം രണ്ടുപേരുണ്ടായിരുന്നു. ഒന്ന് കോപ്റ്റിക് വംശജയായ മാരിയ. ഇവരെ മുഖൌഖിസ് രാജാവ് സമ്മാനമായി നല്കിയതായിരുന്നു. ഇവരിലാണ് ശൈശവത്തിലേ മരിച്ചുപോയ ഇബ്റാഹീം പിറന്നത്. ഇത് ഹിജ്റ പത്താം വര്‍ഷം ശവ്വാല്‍ 28നോ 29നോ ആയിരുന്നു. (ക്രിസ്താബ്ദം 632 ജനുവരി 27ന്) രണ്ടാമത്തവള്‍ റൈഹാന, ഖുറൈള ഗോത്രക്കാരിയായ ഇവരെ യുദ്ധത്തില്‍ പിടിച്ചെടുത്തതായിരുന്നു. ഇവര്‍ ഭാര്യയായിരുന്നുവെന്ന നിവേദനവുമുണ്ട്.

നബിതിരുമേനിയുടെ വൈവാഹിക ബന്ധങ്ങളെക്കുറിച്ച് അവലോകനം ചെയ്യുന്ന ഏതൊരാള്‍ക്കും വ്യക്തമാകുന്ന ഒരു കാര്യമുണ്ട്, ഇവയൊന്നും തന്നെ കേവല ഭോഗാസക്തിയുടെ അടിസ്ഥാനത്തില്‍ നടന്നതായിരുന്നില്ല എന്ന്. തന്റെ ജീവിതത്തിന്റെ സുവര്‍ണഘട്ടമായ യുവത്വത്തില്‍ ഏകദേശം മുപ്പത് വര്‍ഷത്തോളം ഏകഭാര്യനായി അവിടുന്ന് ചെലവിട്ടത് മധ്യവയസ്കയായ ഖദീജയോടൊപ്പമാണ്. ഇതിനുശേഷം അവിടുന്ന് വേട്ടതാവട്ടെ സൌദയേയും. അപ്പോള്‍ ഈ വിവാഹങ്ങള്‍ക്കെല്ലാം ഉന്നതവും പവിത്രവുമായ മറ്റു ലക്ഷ്യങ്ങളും മാനങ്ങളുമുണ്ടായിരുന്നുവെന്ന് വ്യക്തം.

പ്രവാചകന്‍ തന്റെ സന്തത സഹചാരികളായ അബൂബക്കര്‍, ഉമര്‍ എന്നിവരുടെ പുത്രിമാരെ വേളികഴിച്ചതും തന്റെ പെണ്‍മക്കളെ ഉഥ്മാന്‍, അലി എന്നിവര്‍ക്ക് പത്നിമാരാക്കിയതുമെല്ലാം ഇവരുമായിട്ടെല്ലാം ഈടുറ്റ ബന്ധം നിലനിര്‍ത്താനായിരുന്നു.

അറബി പാരമ്പര്യമനുസരിച്ച് വൈവാഹികബന്ധം ഇതര ഗോത്രങ്ങളുമായി സഹവാസം സ്ഥാപിക്കാനുള്ള കവാടമായിരുന്നു. അതുപോലെത്തന്നെ വൈവാഹിക ബന്ധത്തിലുള്ളവരോട് യുദ്ധം ചെയ്യുകയെന്നത് നാണക്കേടായിട്ടുമായിരുന്നു അവര്‍ വീക്ഷിച്ചിരുന്നത്. അങ്ങനെ പ്രവാചകന്‍ വിവിധ ഗോത്രങ്ങളുമായി വിവാഹബന്ധം സ്ഥാപിച്ചുകൊണ്ട് അവരുടെയെല്ലാം ശത്രുതയുടെയും എതിര്‍പ്പിന്റെയും മൂര്‍ച്ച അണച്ചുകളഞ്ഞു. പ്രവാചക പത്നിയായ ഉമ്മുസലമ അബൂജഹലിന്റെയും ഖാലിദ്ബിന്‍ വലീദിന്റെയും ഗോത്രമായ മഖ്സും കാരിയായിരുന്നു. ഈ ബന്ധത്തിനുശേഷം ഖാലിദ്ബിന്‍വലീദ് മുസ്ലിംകളുമായി ശക്തമായ ഒരുപോരാട്ടത്തിനു തയ്യാറാകാതെ, സമീപകാലത്ത് തന്നെ സ്വമേധയാ ഇസ്ലാം ആശ്ളേഷിക്കുന്നതാണ് നാം കാണുന്നത്. പുത്രി ഉമ്മു ഹബീബയെ തിരുമേനി വിവാഹം ചെയ്തതോടെ അബൂസുഫ്യാന്റെ എതിര്‍പ്പിനും മങ്ങലേറ്റു. ജുവൈരിയയേയും സ്വഫിയ്യയേയും വിവാഹം ചെയ്തശേഷം അവരുടെ ഗോത്രങ്ങളായ മുസ്ത്വലഖും നളീറും ശത്രുതാപരമായ നിലപാട് അവസാനിപ്പിക്കുകയുണ്ടായി. ജുവൈരിയയെ പ്രവാചകന്‍ വേട്ടതറിഞ്ഞ സ്വഹാബികള്‍ തങ്ങളുടെ അടുക്കല്‍ തടവുകാരായിരുന്ന അവരുടെ ഗോത്രക്കാരായ നൂറുപേരെ മോചിപ്പിച്ചത് ആ ഗോത്രത്തിന് വലിയ നേട്ടം തന്നെയായി. ഇതവരുടെ മനസ്സില്‍ ഗണ്യമായ സ്വാധീനം തന്നെ നേടുകയുണ്ടായി.

സര്‍വോപരി സ്ത്രീകള്‍ക്കിടയിലെ പഠന- സംസ്കരണ പരിപാടികള്‍ക്ക് ആക്കം കൂട്ടാന്‍ ഇതൊരനിവാര്യാവശ്യവുമായിരുന്നു. സംസ്കരണ പരിപാടികള്‍ പുരുഷന്മാരേക്കാള്‍ ഒട്ടും ആവശ്യം കുറഞ്ഞവരല്ല സ്ത്രീകള്‍. ഈ ദൌത്യം പ്രവാചക പത്നിമാരിലൂടെ നിര്‍വഹിക്കപ്പെടുകയുണ്ടായി. പ്രവാചകന്റെ ഗാര്‍ഹിക ജീവിതത്തിന്റെ സ്ഥിതി ഗതികള്‍ ശരിയായ രൂപം പുറം ലോകത്തിന് ലഭിക്കുന്നത് പത്നിമാരില്‍നിന്നാണ്. പ്രത്യേകിച്ച് ആഇശ(റ)യില്‍നിന്ന്.

ഒരു വിവാഹം മാത്രം അറബികളുടെ ഒരു പാരമ്പര്യസമ്പ്രദായത്തെ പൊളിച്ചെഴുതാനായിരുന്നു. ദത്തുപുത്ര സമ്പ്രദായം. ദത്തുപുത്രന് യഥാര്‍ഥ പുത്രന് ലഭിക്കുന്ന മുഴുവന്‍ അധികാരവും അംഗീകാരവും അറബികള്‍ക്കിടയിലുണ്ടായിരുന്നു. ഇതാകട്ടെ ഇസ്ലാം സ്ഥാപിക്കുന്ന വിവാഹ, വിവാഹമോചന, അനന്തരാവകാശ നിയമങ്ങളുടെ അടിസ്ഥാനങ്ങളുമായി പൂര്‍ണമായി വിയോജിക്കുന്നതും ഒട്ടനവധി അസാന്മാര്‍ഗിക വര്‍ത്തനങ്ങള്‍ക്ക് സാധ്യതയുള്ളതുമായിരുന്നു. ഇതിനെ മനസ്സുകളില്‍നിന്ന് ഉന്മൂലനം ചെയ്യാന്‍ പ്രായോഗികമായ ഒരു നപടിതന്നെ ആവശ്യമായിവന്നു.

ഇതിന്നായി അല്ലാഹു തെരഞ്ഞെടുത്തത് വിശുദ്ധനായ പ്രവാചകനെ തന്നെയാണ്. അവിടുത്തെ പിതൃസഹോദരീ പുത്രിയായ സൈനബിനെ ആദ്യവിവാഹം ചെയ്തത് ഹാരിഥയുടെ പുത്രന്‍ സൈദാണ്. ഇദ്ദേഹത്തെ ജനങ്ങള്‍ വിളിച്ചിരുന്നത് മുഹമ്മദിന്റെ പുത്രന്‍ സൈദ് എന്നായിരുന്നു. സൈദും സൈനബും തമ്മിലുള്ള വിവാഹം പൊരുത്തക്കേടിലെത്തുകയും വിവാഹമോചനത്തില്‍ അവസാനിക്കുകയും ചെയ്തു. സൈദ് അവരെ വിവാഹമുക്തയാക്കിയാല്‍ താന്‍ അവരെ വിവാഹം ചെയ്യാന്‍ കല്പിക്കപ്പെടുമെന്ന് സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലോ അല്ലാഹുവില്‍നിന്നുള്ള അറിയിപ്പിന്റെ അടിസ്ഥാനത്തിലോ തിരുമേനി മനസ്സിലാക്കിയിരുന്നു. പക്ഷേ, ഇത്തരമൊരു വിവാഹം നടക്കുന്നതിനെ പ്രവാചകന്‍ ഭയന്നു. കാരണം തന്റെ ശത്രുക്കള്‍ ഇതൊരായുധമാക്കി തനിക്കെതിരില്‍ ഉപയോഗിക്കുമോ എന്നതായിരുന്നു ഭയത്തിനുനിദാനം. പുറമെ ദുര്‍ബലരായ വിശ്വാസികളുടെ മനസ്സിനെ അതെങ്ങനെ സ്വാധീനിക്കുമെന്നതും പ്രശ്നമായിരുന്നു. സൈദ് തന്റെ വിവാഹമോചന താല്പര്യം പ്രവാചകനെ അറിയിച്ചതോടെ അദ്ദേഹം പ്രയാസപ്പെട്ടു. അവിടുന്ന് സൈദിനെ അതില്‍ നിന്നു വിലക്കി. പക്ഷേ, അല്ലാഹുവിന്റെ തീരുമാനം മറ്റൊന്നായിരുന്നു. അല്ലാഹു പ്രവാചകനെ ഇതിന്റെപേരില്‍ ആക്ഷേപിക്കുകയാണ് ചെയ്തത്.

"നിന്റെ ഭാര്യയെ നീ നിന്റെ അടുത്ത്തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ആളോട് (സൈദിനോട്) നീ പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക) അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്റെ മനസ്സില്‍ നീ മറച്ചുവെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു.''(33:37)

സൈനബ് വിവാഹമുക്തയായ ശേഷം പ്രവാചകന്‍ അവസാനം അവരെ വിവാഹം കഴിച്ചു. ബനൂ ഖുറൈളക്കാരെ ഉപരോധിച്ചദിവസങ്ങളിലായിരുന്നു ഇത്. ഇത്, സ്വീകരിക്കാനും തിരസ്കരിക്കാനുമുള്ള സ്വാതന്ത്ര്യം പ്രവാചകന് നിഷേധിച്ചുകൊണ്ടു അല്ലാഹു നേരിട്ട് ഉത്തരവാദിത്തമേറ്റെടുക്കുകയാണ് ഇവിടെ ചെയ്തത്.

"അങ്ങനെ സൈദ് അവളില്‍നിന്ന് ആവശ്യം നിറവേറ്റിക്കഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക് ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്മാര്‍ അവരുടെ ഭാര്യമാരില്‍നിന്ന് ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട് അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക് യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ ഇത്''(33:37). ഇതുവഴി വാചികമായി തകര്‍ത്തുകളഞ്ഞ ദത്തുപുത്രപ്രശ്നം പ്രായോഗികമായി കൂടി തകര്‍ത്തു.

"നിങ്ങള്‍ അവരെ (ദത്തുപുത്രന്മാരെ) അവരുടെ പിതാക്കളിലേക്ക് ചേര്‍ത്ത് വിളിക്കുക. അതാണ് അല്ലാഹുവിന്റെയടുക്കല്‍ ഏറ്റം നീതിപൂര്‍വകമായിട്ടുള്ളത്.''(33:5)

"മുഹമ്മദ് നിങ്ങളുടെ പുരുഷന്മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷേ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരില്‍ അവസാനത്തെ ആളുമാകുന്നു.''(33:40) മനുഷ്യമനസ്സുകളില്‍ വേരുറച്ച ആചാരങ്ങളും സമ്പ്രദായങ്ങളും വേരറുക്കാന്‍ ചിലപ്പോള്‍ കേവലം പ്രസ്താവങ്ങള്‍ക്ക് സാധ്യമായിക്കൊള്ളണമെന്നില്ല. പ്രത്യുത, കര്‍മരംഗത്ത് നിര്‍മാണാത്മകമായ പ്രവര്‍ത്തനങ്ങള്‍തന്നെ ചിലപ്പോള്‍ ആവശ്യമായിവരും. ഇസ്ലാമിക ചരിത്രത്തില്‍ ഇതിനു ധാരാളം ഉദാഹരണങ്ങള്‍തന്നെ കണ്ടെത്താനാവും.

ഈ സംഭവത്തെ തുടര്‍ന്ന് കപടന്മാര്‍ പലവിധ കളവുകളും ദുഷ്പ്രചാരണങ്ങളും അഴിച്ചുവിടുകയുണ്ടായി. ഇതില്‍ ചിലതെല്ലാം ദുര്‍ബലരായ വിശ്വാസികളെ സ്വാധീനിക്കുകയും ചെയ്തു. പ്രത്യേകിച്ച്, സൈനബ് പ്രവാചകന്റെ അഞ്ചാമത്തെ പത്നിയായിട്ടാണ് കടന്നു വന്നത്. നാലിലേറെ വിവാഹം കഴിക്കാനുള്ള അനുവാദാത്തെക്കുറിച്ചവര്‍ക്കറിയില്ലായിരുന്നു. പുത്രന്റെ ഭാര്യയെ വേള്‍ക്കുകയെന്നതാകട്ടെ അതിനീചവൃത്തിയും. രണ്ടു പ്രശ്നങ്ങളും അഹ്സാബ് അധ്യായത്തില്‍ അല്ലാഹു വേണ്ടുംവിധം കൈകാര്യം ചെയ്യുകയുണ്ടായി.

പത്നിമാരുമായി പ്രവാചക തിരുമേനിയുടെ സഹവാസം അത്യുന്നതവും മാതൃകാപരവുമായിരുന്നു. പത്നിമാരാകട്ടെ സുശീലകളും പതിവ്രതകളും സേവനതല്പരരും തങ്ങളുടെ പ്രിയതമനോടുള്ള ബാധ്യതകള്‍ നിറവേറ്റുന്നതില്‍ അങ്ങേയറ്റം തല്പരരുമായിരുന്നു. കടുത്ത ജീവിതപ്രശ്നങ്ങളും ദാരിദ്യ്രവും പ്രവാചകഭവനത്തില്‍ സാധാരണമായിട്ടും അവര്‍ ക്ഷമയവലംബിച്ചു. പ്രവാചകന്റെ ജീവിതത്തെക്കുറിച്ച് അനസ്(റ) പറയുന്നു: "നേര്‍ത്ത ഗോതമ്പുമാവുകൊണ്ടുണ്ടാക്കിയ പത്തിരിയോ രോമം കളഞ്ഞ് ചുട്ട ആട്ടിറച്ചിയോ പ്രവാചകന്‍ മരിക്കുവോളം കണ്ടിട്ടില്ല.'' ആഇശ(റ) പറയുന്നു: 'തുടര്‍ച്ചയായ രണ്ടു മാസങ്ങള്‍ പ്രവാചകന്റെ ഭാര്യമാരുടെ വീട്ടില്‍ തീമൂട്ടാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. ഉര്‍വ ചോദിച്ചു: പിന്നെ എങ്ങനെയായിരുന്നു നിങ്ങള്‍ കഴിഞ്ഞുകൂടിയിരുന്നത്? 'ഈത്തപ്പഴവും വെള്ളവും മാത്രം കഴിച്ചുകൊണ്ട്' ആഇശ(റ) മറുപടി പറഞ്ഞു. ഇത്തരം ധാരാളം നിവേദനങ്ങള്‍ വേറെയും കാണാം.

ഇത്തരം കടുത്ത ദാരിദ്യ്രത്തിനും കഷ്ടപ്പാടിനുമിടയില്‍ ഒരിക്കല്‍ മാത്രം അവരില്‍നിന്ന് ആവലാതികള്‍ ഉയര്‍ന്നു. ഇത് മനുഷ്യ പ്രകൃതിയുടെ ഭാഗമാണ്. നിയമാവിഷ്കരണത്തിനുള്ള നിമിത്തമായും ഇത് മാറുകയുണ്ടായി.

"നബിയേ, നിന്റെ ഭാര്യമാരോട് നീ പറയുക: ഐഹിക ജീവിതവും അതിന്റെ അലങ്കാരവുമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങള്‍ വരൂ! നിങ്ങള്‍ക്ക് ഞാന്‍ ജീവിതവിഭവം നല്കുകയും, ഭംഗിയായനിലയില്‍ ഞാന്‍ നിങ്ങളെ മോചിപ്പിച്ച് അയച്ചുതരികയും ചെയ്യാം. അല്ലാഹുവെയും അവന്റെ ദൂതനെയും പരലോകഭവനത്തെയുമാണ് നിങ്ങളുദ്ദേശിക്കുന്നതെങ്കില്‍ നിങ്ങളുടെ കൂട്ടത്തില്‍ സദ് വൃത്തകളായിട്ടുള്ളവര്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്. (33:28,29)

ഇതിന്റെയടിസ്ഥാനത്തില്‍ ആ മഹതികളാരും തന്നെ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. അവരെല്ലാം ക്ഷമാപൂര്‍വം പരലോകം മുന്നില്‍കണ്ടു അല്ലാഹുവിനെയും അവന്റെ ദൂതനെയും തെരഞ്ഞെടുക്കുകയാണ് ചെയ്തത്.

സഹകളത്രിമാര്‍ക്കിടയില്‍ സര്‍വസാധാരണമായി കാണാറുള്ള അനിഷ്ഠകരമായ സംഭവങ്ങളൊന്നും ഈ മഹതികള്‍ക്കിടയിലുണ്ടായിരുന്നില്ല. അതി നിസ്സാരമായ ഒരു പ്രശ്നമുണ്ടായപ്പോള്‍തന്നെ അല്ലാഹു അതിനെക്കുറിച്ച് ആക്ഷേപിച്ച് സംസാരിക്കുകയുണ്ടായി അതോടെ അത്തരം പ്രശ്നങ്ങളൊന്നുംതന്നെ പിന്നീടുണ്ടായിട്ടില്ല. "അത്തഹ്രീം' അധ്യായത്തിലെ സൂക്തങ്ങള്‍ പരാമര്‍ശിക്കുന്നത് ഇതത്രെ.

ബഹുഭാര്യത്വത്തിന്റെ ന്യായന്യായതകള്‍ ഞാനിവിടെ ചര്‍ച്ചചെയ്യേണ്ട ആവശ്യമില്ല. ഇതിനെ തള്ളിപ്പറയുന്ന പശ്ചാത്യരുടെ ജീവിതം തന്നെ അതിനെതിരിലുള്ള വ്യക്തമായ ദൃഷ്ടാന്തമാണ്.


സി. സലീം സുല്ലമി വിവര്‍ത്തനം ചെയ്ത ശൈഖ് സ്വഫീഹുറഹ്മാന്‍ മുബാറക് പൂരിയുടെ 'അര്‍റഹീക്വുല്‍ മഖ്തൂം' എന്ന ഗ്രന്ഥത്തില്‍ നിന്ന്...

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH