Search

mahonnathan

JA slide show

നബി ചരിത്രം

നബി(സ)യുടെ വിയോഗം Print E-mail

ഇസ്ലാമിക ദൌത്യം പൂര്‍ത്തിയാവുകയും ഇസ്ലാം ഭൂമിയില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തതോടെ പ്രവാചക തിരുമേനി തന്റെ ഇഹലോക ജീവിതത്തോട് വിടചൊല്ലിത്തുടങ്ങി. അവിടുത്തെ വാക്കുകളിലും പ്രവൃത്തികളിലും അതിന്റെ ലക്ഷണങ്ങള്‍ പ്രകടമായി.

ഹിജ്റ പത്താംവര്‍ഷം റമദാനില്‍ അവിടുന്ന് ഇരുപത് ദിവസമാണ് പള്ളിയില്‍ 'ഇഅ്തികാഫ്' ഇരുന്നത്. മുമ്പ് പത്ത് ദിവസമല്ലാതെ ഇരിക്കാറില്ലായിരുന്നു. ഈ വര്‍ഷം തന്നെ ജിബ്രീല്‍ പ്രത്യക്ഷപ്പെട്ട് ക്വുര്‍ആന്‍ രണ്ടു തവണ പാഠം നോക്കുകയും ചെയ്തു. വിടവാങ്ങല്‍ ഹജ്ജിലെ പ്രസംഗത്തില്‍ അവിടുന്നു പറഞ്ഞു: 'ഈ വര്‍ഷത്തിനുശേഷം നിങ്ങളെ ഈ സ്ഥലത്ത് വെച്ച് ഇനിയൊരിക്കല്‍കണ്ടുമുട്ടുമോ എന്നെനിക്കറിയില്ല' ജംറത്തുല്‍ അഖബക്ക് സമീപം വെച്ച് അവിടുന്ന് വിളിച്ചു പറഞ്ഞു: നിങ്ങളുടെ ഹജ്ജ് കര്‍മങ്ങള്‍ എന്നില്‍നിന്ന് സ്വീകരിക്കുക. ഒരു പക്ഷേ, ഈ വര്‍ഷത്തിനുശേഷം ഞാന്‍ ഹജ്ജ് നിര്‍വഹിച്ചില്ലാ എന്നു വന്നേക്കാം'. അതേവര്‍ഷം തന്നെ തശ്രീഖിന്റെ നാളുകളിലെ ദുല്‍ഹിജ്ജ പന്ത്രണ്ടിന് അവിടുത്തെ വിയോഗത്തിന്റെ വിവരവുമറിയിച്ചുകൊണ്ട് 'അന്നസ്വ്ര്‍' അധ്യായവും അവതരിച്ചു.

ഹിജ്റ പതിനൊന്നാം വര്‍ഷം സ്വഫര്‍ മാസത്തിന്റെ പ്രാരംഭത്തില്‍ 'ഉഹ്ദില്‍' ഖബ്റടക്കിയ രക്തസാക്ഷികളെ സന്ദര്‍ശിച്ച് യാത്രചോദിക്കുന്നതുപോലെ മയ്യിത്ത് നമസ്കരിച്ചശേഷം മിമ്പറില്‍ കയറി അവിടുന്ന് പ്രഖ്യാപിച്ചു. "ഞാന്‍ മുമ്പേ പോകുന്നു. ഞാന്‍ നിങ്ങള്‍ക്കു സാക്ഷിയായിരിക്കും. അല്ലാഹുവാണേ, ഞാനെന്റെ 'ഹൌള്' ഇപ്പോള്‍ കാണുന്നുണ്ട്. ഭൂമിയുടെ ഖജനാവുകളുടെ താക്കോലുകള്‍ എനിക്ക് നല്കപ്പെട്ടിരിക്കുന്നു. എനിക്കുശേഷം നിങ്ങള്‍ ബഹുദൈവാരാധന ചെയ്യുന്നതിനെയല്ല ഞാന്‍ ഭയപ്പെടുന്നത് പ്രത്യുത, നിങ്ങള്‍ ദുനിയാവില്‍ പരസ്പരം മാത്സര്യം കാണിക്കുന്നതിനെയാണ്.1
രാത്രിയുടെ അര്‍ധഭാഗം പിന്നിട്ടപ്പോള്‍ അവിടുന്ന് പ്രിയസഹചരന്മാരെ മറമാടിയ 'ബഖീഅ്' ശ്മശാനത്തില്‍ചെന്ന് അവര്‍ക്കുവേണ്ടി പാപമോചനത്തിനായി അര്‍ഥിച്ചശേഷം പറഞ്ഞു: 'ശ്മശാനവാസികളെ നിങ്ങള്‍ക്ക് അല്ലാഹുവിന്റെ സമാധാനം വര്‍ഷിക്കുമാറാകട്ടെ. നിങ്ങള്‍ക്കുദിച്ച പ്രഭാതങ്ങള്‍ ഇപ്പോള്‍ ജീവിക്കുന്നവര്‍ക്കുദിച്ച പ്രഭാതത്തേക്കാള്‍ ആശ്വാസകരമായിരുന്നു. അന്ധകാര നിബിഡമായ രാവുകള്‍പോലെ കുഴപ്പം ആഗതമായിക്കൊണ്ടിരിക്കുന്നു. അതിന്റെ അന്ത്യം ആദ്യത്തെ തുടരുന്നു. അന്ത്യമാകട്ടെ ആദ്യത്തേക്കാള്‍ മോശവുമാണ്. അവിടുന്നു തുടര്‍ന്നു: 'ഞങ്ങളും നിങ്ങളോടൊപ്പം വന്നുചേരുന്നതാണ്''.

രോഗാരംഭം
ഹിജ്റാബ്ദം പതിനൊന്നാം വര്‍ഷം സ്വഫര്‍ മാസം ഇരുപത്തി എട്ടിനോ ഇരുപത്തി ഒമ്പതിനോ തിങ്കളാഴ്ച ദിവസം ബഖീഅ് ശ്മശാനത്തില്‍ ഒരു മയ്യിത്ത് സംസ്കരണത്തില്‍ പങ്കെടുത്തശേഷം മടങ്ങും വഴി അവിടുത്തേക്ക് തലവേദന അനുഭവപ്പെട്ടു. ശരീരോഷ്മാവ് ഉയരുകയും അവിടുന്ന് ധരിച്ചിരുന്ന തലപ്പാവിന്റെ പുറത്തേക്കുകൂടി അനുഭവപ്പെടുമാറ് അത് കഠിനമാവുകയും ചെയ്തു. തുടര്‍ന്ന് രോഗിയായിക്കൊണ്ട് അവിടുന്ന് പതിനൊന്ന് നമസ്കാരങ്ങള്‍ക്കു ജനങ്ങള്‍ക്കു നേതൃത്വം നല്കുകയുണ്ടായി മൊത്തം രോഗദിനങ്ങള്‍ പതിമൂന്നോ പതിനാലോ ദിനങ്ങളാണ്.

അവസാനവാരം
രോഗം കഠിനമായ പ്രവാചകന്‍ ഭാര്യമാരോടന്വേഷിച്ചു 'നാളെ ഞാന്‍ എവിടെയായിരിക്കും? നാളെ ഞാന്‍ എവിടെയായിരിക്കും? അവിടുത്തെ ചോദ്യത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കിയ അവര്‍ അവിടുത്തെ ഇഷ്ടംപോലെ ആഇശ(റ)യുടെ വീട്ടിലേക്ക് നീങ്ങാന്‍ അനുമതി നല്കി. അങ്ങനെ ഫള്ല്‍ ബിന്‍ അബ്ബാസിന്റെയും അലിയ്യുബിന്‍ അബീത്വാലിബിന്റെയും ഇടയിലായി തലപ്പാവ് ധരിച്ച് കാലിഴഞ്ഞ് അവിടുന്നു നടന്നുപോയി. തുടര്‍ന്നുള്ള അവസാനത്തെ ആഴ്ച അവിടെയാണ് അദ്ദേഹം കഴിച്ചുകൂട്ടിയത്.

ആഇശ(റ) തിരുദൂതരില്‍നിന്ന് അഭ്യസിച്ച 'മുഅവ്വിദാത്'(വി. ക്വുര്‍ആനിലെ 113ഉം 114ഉം അധ്യായങ്ങള്‍) അഥവാ അഭയാര്‍ഥനാ അധ്യായങ്ങളും മറ്റു പ്രാര്‍ഥനകളും ഉരുവിട്ട് അവിടുത്തെ കൈകളില്‍ ഈതി ശരീരത്തില്‍ തടവിക്കൊടുത്തു.

അഞ്ചുദിവസങ്ങള്‍ക്കുമുമ്പ്
മരണത്തിന്റെ അഞ്ചുനാളുകള്‍ക്ക് മുമ്പ് ബുധനാഴ്ച പനി കഠിനമാവുകയും വേദനകൂടുകയും തുടര്‍ന്ന് ബോധരഹിതനാവുകയുമുണ്ടായി. അവിടുന്നു പറഞ്ഞു: 'വ്യത്യസ്ത കിണറുകളില്‍നിന്ന് ശേഖരിച്ച ഏഴു തോല്‍പാത്രം വെള്ളം എന്റെ മേല്‍ ചൊരിയുക. എന്നാല്‍ എനിക്ക് ജനങ്ങളെ അഭിമുഖീകരിച്ചു സംസാരിക്കാമല്ലോ! അവര്‍ അദ്ദേഹത്തെ കുളിക്കാനുപയോഗിക്കുന്ന പാത്രത്തില്‍ ഇരുത്തുകയും 'മതിമതി' എന്ന് പറയുവോളം വെള്ളം ചൊരിയുകയും ചെയ്തു. രോഗത്തിന് അല്പം ആശ്വാസം തോന്നിയപ്പോള്‍ തലപ്പാവ് ധരിച്ച് പള്ളിയുടെ മിമ്പറില്‍ കയറിയിരുന്നു പ്രസംഗിച്ചു. ഇതായിരുന്നു അവിടുത്തെ അവസാന സദസ്സ്. അല്ലാഹുവെ സ്തുതിക്കുകയും വാഴ്ത്തുകയും ചെയ്തശേഷം അവിടുന്നു പറഞ്ഞു: 'ജനങ്ങളേ ഇങ്ങോട്ടടുത്ത് വരൂ.' അവരെല്ലാം അടുത്തുകൂടി. അതോടെ അവിടുന്നു പറഞ്ഞുതുടങ്ങി: "ജൂതരേയും ക്രിസ്ത്യാനികളെയും അല്ലാഹു ശപിക്കട്ടെ! അവര്‍ അവരുടെ പ്രവാചകന്മാരുടെ ശ്മശാനങ്ങള്‍ പള്ളികളാക്കിയിരിക്കുന്നു. 'എന്റെ ഖബ്ര്‍ നിങ്ങള്‍ ആരാധ്യവിഗ്രഹമാക്കിമാറ്റരുതേ''.2

തുടര്‍ന്ന് തന്റെ ശരീരം പ്രതിക്രിയക്കായി സമര്‍പ്പിച്ചുകൊണ്ട് പറഞ്ഞു: 'ഞാനാരുടെയെങ്കിലും മുതുകില്‍ അടിച്ചിട്ടുണ്ടെങ്കില്‍ എന്റെ മുതുകിതാ അവര്‍ എന്നോടു പ്രതിക്രിയ ചെയ്യട്ടെ. ഞാനാരുടെയെങ്കിലും അഭിമാനം ധ്വംസിച്ചിട്ടുണ്ടെങ്കില്‍ എന്റെ അഭിമാനമിതാ സമര്‍പ്പിക്കുന്നു. എന്നോടവര്‍ക്ക് പ്രതികാരം ചോദിക്കാം.'' പിന്നീട് മിമ്പറില്‍നിന്ന് താഴെയിറങ്ങി 'ളുഹ്ര്‍' നമസ്കരിച്ചശേഷം വീണ്ടും മിമ്പറില്‍ കയറി മുമ്പ് പറഞ്ഞതെല്ലാം പിന്നെയും ആവര്‍ത്തിച്ചു. അപ്പോള്‍ ഒരാള്‍ വിളിച്ചു പറഞ്ഞു: "താങ്കള്‍ എനിക്ക് മൂന്ന് ദിര്‍ഹം തരാനുണ്ട് ഉടനെ അദ്ദേഹം ഫദ്ലിനെ വിളിച്ചു നിര്‍ദേശിച്ചു 'അത് അദ്ദേഹത്തിന് നല്കുക'. അദ്ദേഹം തുടര്‍ന്നു: 'അന്‍സ്വാറുകളുടെ കാര്യം നിങ്ങളെ ഞാന്‍ ഉപദേശിക്കുന്നു. കാരണം, അവരെന്റെ കുടുംബവും കൂട്ടുകാരുമാണ്; അവരുടെ ബാധ്യത അവര്‍ നിര്‍വഹിച്ചിരിക്കുന്നു. ഇനി, അവര്‍ക്കവകാശപ്പെട്ടതാണ് അവശേഷിക്കുന്നത്. അവരുടെ നന്മസ്വീകരിച്ച് തിന്മ വിട്ടുവീഴ്ചചെയ്യുക: മറ്റൊരു നിവേദന മനുസരിച്ച്: 'ജനങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്നു. അന്‍സ്വാറുകള്‍ കുറഞ്ഞുകൊണ്ടുമിരിക്കുന്നു. അവസാനം ഭക്ഷണത്തില്‍ ഉപ്പെന്നപോലെ അതായിത്തീരും. നിങ്ങളില്‍ ആരെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയുന്ന വല്ലസ്ഥാനത്തും അവരോധിതരായാല്‍ അവര്‍ അന്‍സ്വാറുകളുടെ നന്മ സ്വീകരിക്കുകയും വീഴ്ചകള്‍ വിട്ടുവീഴ്ചയും ചെയ്യട്ടെ.'' 3

അവിടുന്ന് പിന്നെയും തുടര്‍ന്നു: 'ഒരടിമക്ക് ഇഹലോക സൌഖ്യത്തില്‍നിന്ന് അവനുദ്ദേശിക്കുന്നതോ അല്ലാഹുവിങ്കല്‍ ഉള്ളതോ തെരഞ്ഞെടുക്കാന്‍ അനുമതി നല്കിയിരിക്കുന്നു. അദ്ദേഹം അല്ലാഹുവിങ്കലുള്ളത് തെരഞ്ഞെടുത്തിരിക്കുന്നു.' അബൂസഈദില്‍ ഖുദ്രി പറയുന്നു: ഇത് കേട്ടപ്പോള്‍ കരഞ്ഞുകൊണ്ട് അബൂബക്കര്‍(റ) പറഞ്ഞു: 'ഞങ്ങളുടെ പിതാക്കളെയും മാതാക്കളെയും അങ്ങേക്കുവേണ്ടി സമര്‍പ്പിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.'' അത്ഭുതത്തോടെ ജനങ്ങള്‍ പറഞ്ഞു: "നോക്കൂ ഈ വൃദ്ധനെ, റസൂല്‍(സ) ഒരടിമ ഇഹലോകത്തെ സൌഖ്യത്തിനുപകരം പരലോകം തെരഞ്ഞെടുത്തതിനെക്കുറിച്ചു പറഞ്ഞപ്പോള്‍ ഇദ്ദേഹം പറയുന്നു: 'ഞങ്ങളുടെ പിതാക്കളെയും മാതാക്കളെയും അങ്ങേക്ക് സമര്‍പ്പിച്ചിരിക്കുന്നുവെന്ന്'. യഥാര്‍ഥത്തില്‍ ഇത് റസൂല്‍(സ)യെ സംബന്ധിച്ചു തന്നെയായിരുന്നു അവിടുന്ന് പറഞ്ഞത്: അബൂബക്കര്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വിവരമുള്ളയാളായിരുന്നു.''4

തുടര്‍ന്ന് പറഞ്ഞു: 'സഹവാസത്തിന്റെയും സമ്പത്തിന്റെയും കാര്യത്തില്‍ എനിക്കേറ്റവും സുരക്ഷിതന്‍ അബൂബക്കര്‍ ആണ്. അല്ലാഹുവിനു പുറമെ ഞാനാരെയെങ്കിലും ആത്മമിത്രമായി സ്വീകരിക്കുമെങ്കില്‍ അത് അബൂബക്കറിനെയായിരിക്കും. എന്നാല്‍ ഇസ്ലാമിക സാഹോദര്യവും സ്നേഹബന്ധങ്ങളുമേയുള്ളു. പള്ളിയിലേക്കുള്ള വാതിലുകളില്‍ അബൂബക്കറിന്റേതല്ലാത്ത എല്ലാ വാതിലുകളും അടക്കുക.''5

നാലു നാളുകള്‍ക്കുമുമ്പ്

മരണത്തിന്റെ നാലുദിവസങ്ങള്‍ക്കുമുമ്പ്. വ്യാഴാഴ്ച. അവിടുത്തേക്ക് വേദന കഠിനമായി. അവിടുന്ന് പറഞ്ഞു: ഇവിടെ വരൂ, ഞാന്‍ നിങ്ങള്‍ക്ക് എഴുതിത്തരാം, അതിനുശേഷം നിങ്ങള്‍ക്ക് പിഴവു പറ്റുകയില്ല. ഇതുകേട്ട അവിടെയുണ്ടായിരുന്നവരോട് ഉമര്‍ പറഞ്ഞു: അവിടുത്തേക്ക് വേദന കഠിനമായിരിക്കുന്നു. നിങ്ങളുടെയടുക്കല്‍ ക്വുര്‍ആന്‍ ഉണ്ടല്ലോ നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ഗ്രന്ഥം മതിയല്ലോ. അതോടെ അവര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളുണ്ടായി. ബഹളവും അഭിപ്രായവ്യത്യാസങ്ങളും വര്‍ധിച്ചപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: 'എല്ലാവരും ഇവിടെനിന്നെഴുന്നേറ്റു പോകുക''.6
അന്ന് മൂന്ന് കാര്യങ്ങള്‍ അവിടുന്ന് നിര്‍ദേശിച്ചു: ഒന്ന്, ജൂതരേയും ക്രിസ്ത്യാനികളെയും ബഹുദൈവാരാധകരേയും അറേബ്യയില്‍നിന്ന് പുറത്താക്കുക. രണ്ട്, നിയോഗിച്ചയച്ച സംഘങ്ങളെ ആ വഴിക്കുതന്നെ തിരിച്ചുവിടുക. മൂന്നാമത് പറഞ്ഞ കാര്യം നിവേദകന്‍ മറന്നു. ഒരു പക്ഷേ, ക്വുര്‍ആനും സുന്നത്തും അവലംബിച്ചു ജീവിക്കണമെന്ന നിര്‍ദേശമോ, ഉസാമയുടെ നേതൃത്വത്തിലുള്ള സൈന്യത്തെ നിയോഗിക്കണമെന്നോ നമസ്കാരത്തിന്റെയും അടിമകളുടെയും കാര്യം ശ്രദ്ധിക്കണമെന്ന ഉപദേശമോ ആകാമത്.

കഠിന രോഗമായിരുന്നിട്ടും അവിടുന്ന് ഈ ദിവസം വരെ- വ്യാഴാഴ്ച- നമസ്കാരത്തിനു നേതൃത്വം നല്കികൊണ്ടിരുന്നു. അന്ന് മഗ്രിബ് നമസ്കാരത്തില്‍ അവിടുന്നു 'വല്‍മുര്‍സലാതി ഉര്‍ഫന്‍' എന്ന അധ്യായമാണ് പാരായണം ചെയ്തത്.7

രാത്രിയായതോടെ രോഗം വീണ്ടും കഠിനമാവുകയും പള്ളിയിലേക്ക് പുറപ്പെടാന്‍ കഴിയാത്തസ്ഥിതിയിലെത്തുകയും ചെയ്തു. അവിടുന്ന് ചോദിച്ചു: 'ജനങ്ങള്‍ നമസ്കരിച്ചുവോ?' 'ഇല്ല, ദൈവദൂതരേ, അവര്‍ അങ്ങയെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.' ഞങ്ങള്‍ മറുപടി പറഞ്ഞു. അവിടുന്ന് പറഞ്ഞു: 'ഒരു പാത്രത്തില്‍ അല്പം വെള്ളം കൊണ്ടുവരിക'. വെള്ളം കൊണ്ടുവന്നപ്പോള്‍ അതില്‍ കുളിച്ച് എഴുന്നേല്ക്കാന്‍ ശ്രമിച്ചപ്പോള്‍ ബോധ ക്ഷയമുണ്ടായി. ബോധംതെളിഞ്ഞപ്പോള്‍ അവിടുന്നന്വേഷിച്ചു: 'ജനങ്ങള്‍ നമസ്കരിച്ചുവോ?' വീണ്ടും കുളിച്ചു അപ്പോഴും ബോധക്ഷയമുണ്ടായി. ഇങ്ങനെ മൂന്നുതവണ ആവര്‍ത്തിച്ചു. അതോടെ അബൂബക്കറിനെ നമസ്കാരത്തിനു ചുമതലപ്പെടുത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അബൂബക്കര്‍(റ)വാണ് നമസ്കാരത്തിന് നേതൃത്വം നല്കിയത്. മൊത്തം പതിനേഴ് സമയത്തെ നമസ്കാരങ്ങള്‍ക്ക് അദ്ദേഹം നബിയുടെ കാലത്ത് നേതൃത്വം നല്കി. വ്യാഴാഴ്ചരാത്രിയിലെ ഇശാ നമസ്കാരം മുതല്‍ തിങ്കളാഴ്ച കാലത്തെ സുബ്ഹ് വരെയുള്ള നമസ്കാരങ്ങളാണ് ഇവ.8

അബൂബക്കര്‍(റ)വിനെ നമസ്കാരനേതൃത്വത്തിന്റെ ചുമതല ഏല്പിക്കാതിരിക്കാന്‍ മൂന്നോ നാലോ തവണ ആഇശ(റ) പ്രവാചകനോട് സംസാരിച്ചു. നമസ്കാരത്തില്‍ കരയുന്നതുകാരണം പിന്നിലുള്ളവര്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെടുമെന്നാണ് കാരണം പറഞ്ഞത്. അവിടുന്നത് സമ്മതിക്കാതെ പറഞ്ഞു: 'നിങ്ങള്‍ യൂസുഫിനെ പിഴപ്പിക്കാന്‍ ശ്രമിച്ച സ്ത്രീകളുടെ വിഭാഗക്കാരാണ്. അബൂബക്കറിനോടു പോയി നമസ്കാരത്തിന് നേതൃത്വം നല്കാന്‍ കല്പിക്കുക.'

മൂന്നു ദിവസം മുമ്പ്
ജാബിര്‍(റ) പറയുന്നു: മരണത്തിന്റെ മൂന്ന് ദിവസം മുമ്പ് നബിതിരുമേനി പറയുന്നത് ഞാന്‍കേട്ടു. 'നിങ്ങളില്‍ ആരും തന്നെ അല്ലാഹുവെ സംബന്ധിച്ച സദ് വിചാരത്തോടുകൂടിയല്ലാതെ മരിച്ചുപോകരുതേ'.9

ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കു മുമ്പ്
ശനിയാഴ്ചയോ ഞായറാഴ്ചയോ അല്പം ആശ്വാസം തോന്നിയപ്പോള്‍ അവിടുന്ന് രണ്ടുപേരെ അവലംബിച്ചുകൊണ്ട് ളുഹ്റ് നമസ്കാരത്തിന് പള്ളിയിലേക്ക് പുറപ്പെട്ടു. അപ്പോള്‍ അബൂബക്കര്‍(റ) നമസ്കാരത്തിന് നേതൃത്വം നല്കുന്നുണ്ട്.

പ്രവാചകനെ കണ്ടപ്പോള്‍ പിന്തിരിയാന്‍ ശ്രമിച്ച അബൂബക്കറിനോട് അവിടെത്തന്നെ നില്ക്കാന്‍ അവിടുന്ന് ആംഗ്യം കാണിച്ചു. അവിടുന്നാവശ്യപ്പെട്ടു: 'എന്നെ അദ്ദേഹത്തിന്റെ അടുത്തിരുത്തുക'. അപ്പോള്‍ അബൂബക്കറിന്റെ ഇടതുഭാഗത്ത് അദ്ദേഹത്തെ ഇരുത്തി. എന്നിട്ട് നബി(സ) നമസ്കരിക്കുകയും അതിനെ പിന്തുടര്‍ന്നുകൊണ്ട് തക്ബീറുകള്‍ ജനങ്ങള്‍ കേള്‍ക്കുമാറ് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ട് അബൂബക്കര്‍(റ) നബിയെ തുടര്‍ന്ന് നമസ്കരിക്കുകയും ചെയ്തു.10

ഒരു ദിവസം മുമ്പ്
മരണത്തിന് ഒരു ദിവസം മുമ്പ്- ഞായറാഴ്ച നബി(സ) തന്റെ അടിമകളെ മോചിപ്പിക്കുകയും കൈവശമുണ്ടായിരുന്ന ആറോ ഏഴോ ദീനാര്‍ ധര്‍മം ചെയ്യുകയും11തന്റെ ആയുധങ്ങള്‍ മുസ്ലിംകള്‍ക്ക് നല്കുകയും ചെയ്തു. അന്ന് രാത്രി ആഇശ(റ)തന്റെ വിളക്കിന് എണ്ണക്കായി അയല്‍ക്കാരി സ്ത്രീയുടെ അടുക്കലേക്ക് വിളക്ക് കൊടുത്തുവിടുകയുണ്ടായി. 'നിങ്ങളുടെ എണ്ണ പാത്രത്തില്‍നിന്ന് ഞങ്ങളുടെ വിളക്കിനും അല്പം എണ്ണ നല്കിയാലും' അവര്‍ ആവശ്യപ്പെട്ടു. തിരുമേനിയുടെ അങ്കിമുപ്പതു സ്വാഅ് ബാര്‍ലിക്കുവേണ്ടി ഒരു ജൂതന്റെ പക്കല്‍ പണയം വെക്കപ്പെട്ടതായിരുന്നു.

അവസാനദിവസം
അനസ്ബിന്‍ മാലിക് പറയുന്നു: തിങ്കളാഴ്ച ദിവസം പ്രഭാതനമസ്കാരത്തിന് അബൂബക്കര്‍(റ) നേതൃത്വം നല്കിക്കൊണ്ടിരിക്കെ ആകസ്മികമായി നബി(സ) ആഇശ(റ)യുടെ മുറിയില്‍നിന്ന് വിരിമാറ്റി നമസ്കരിക്കുന്നവരെ നോക്കി പുഞ്ചിരിച്ചു. ഇത്കണ്ട് അവിടുന്ന് നമസ്കാരത്തിന് ആഗതനാവുകയാണെന്ന് ധരിച്ച് അബൂബക്കര്‍(റ) പിന്നിലെ അണിയിലേക്ക് നീങ്ങാന്‍ ശ്രമിച്ചു. നബി(സ)യുടെ ആഗമനം പ്രതീക്ഷിച്ച് സന്തുഷ്ടരായ ജനങ്ങള്‍ നമസ്കാരത്തില്‍ അശ്രദ്ധരാകുന്നതുകണ്ടപ്പോള്‍ അവിടുന്ന് നമസ്കാരം പൂര്‍ത്തിയാക്കാന്‍ അവരോടു ആംഗ്യം കാണിച്ചു. തുടര്‍ന്ന് മുറിയില്‍ പ്രവേശിച്ച് വിരി താഴ്ത്തുകയും ചെയ്തു.

പിന്നീട് മറ്റൊരു നമസ്കാരത്തിനും പ്രവാചകന്‍ ഹാജരായിട്ടില്ല. മധ്യാഹ്നത്തിനുമുമ്പായി റസൂല്‍(സ) പുത്രി ഫാത്വിമയെ വിളിച്ചു എന്തോ സ്വകാര്യം പറഞ്ഞപ്പോള്‍ അവള്‍ ദു:ഖത്താല്‍ കരഞ്ഞു. വീണ്ടും വിളിച്ചു മറ്റൊരുകാര്യം പറഞ്ഞു. അപ്പോള്‍ സന്തോഷത്താല്‍ ചിരിക്കുകയും ചെയ്തു. ആഇശ(റ) പറയുന്നു. പിന്നീട് ഫാത്വിമയോട് എന്തായിരുന്നു റസൂല്‍(സ) പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു; 'ഞാന്‍ കരഞ്ഞത് അവിടുത്തെ മരണത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ്. ചിരിച്ചത്, നബികുടുംബത്തില്‍ ആദ്യം അദ്ദേഹത്തോട് ചേരുക ഞാനായിരിക്കുമെന്ന് അറിയിച്ചപ്പോഴാണ്. ഫാത്വിമ ഇഹലോകവനിതകളുടെ നേതാവായിരിക്കുമെന്നും പ്രവാചകന്‍ അവരെ സന്തോഷവാര്‍ത്ത അറിയിക്കുകയുണ്ടായി.12
നബി(സ)ക്ക് ബോധക്ഷയമുണ്ടാകുമാറ് വേദന കഠിനമാകുന്നതു കണ്ട ഫാത്വിമ പറഞ്ഞു: "എന്റെ പിതാവിന്റെ കഷ്ടപ്പാട്!'' അതുകേട്ട് അവിടുന്നു പറഞ്ഞു: 'നിന്റെ പിതാവിനു ഇന്നു മുതല്‍ ഒരു കഷ്ടപ്പാടുമുണ്ടാവുകയില്ല''. തുടര്‍ന്ന് പൌത്രന്മാരായ ഹസന്‍, ഹുസൈന്‍ എന്നിവരെ വിളിക്കുകയും ചുംബനമര്‍പ്പിക്കുകയും നന്മ ഉപദേശിക്കുകയും ഭാര്യമാരെ വിളിച്ച് ഉപദേശനിര്‍ദേശങ്ങള്‍ നല്കുകയും ചെയ്തു.

വേദന കഠിനമായി വന്നപ്പോള്‍ ആഇശ(റ)യെ വിളിച്ചു അവിടുന്നു പറഞ്ഞു: "ആഇശാ! അന്ന് ഖൈബറില്‍ വെച്ച് ഞാന്‍ കഴിച്ച ഭക്ഷണത്തിലെ വിഷത്തിന്റെ രുചി എനിക്കിപ്പോഴും അനുഭവപ്പെടുന്നു. ആ വിഷത്തിലൂടെ എന്റെ മരണം കടന്നുവരുന്നതായി ഞാന്‍ കാണുന്നു.'' 13
അവിടുത്തെ മുഖത്തിട്ടിരുന്ന കറുത്ത വരയുള്ള വസ്ത്രം ബോധം തെളിയുമ്പോള്‍ നീക്കിക്കൊണ്ട് അവിടുന്ന് പറഞ്ഞു: ജൂതരുടേയും ക്രിസ്ത്യാനികളുടെയും മേല്‍ അല്ലാഹുവിന്റെ ശാപം വര്‍ഷിക്കുമാറാകട്ടെ! അവര്‍ അവരുടെ പ്രവാചകന്മാരുടെ ഖബറുകളെ പള്ളികളാക്കി. അവരുടെ പ്രവൃത്തിയെക്കുറിച്ച് അവിടുന്ന് താക്കീതു ചെയ്യുകയായിരുന്നു. അറേബ്യയില്‍ രണ്ട് മതം അവശേഷിക്കാന്‍ പാടില്ല'. ഇതായിരുന്നു അവിടുത്തെ അവസാനത്തെ ഉപദേശം.
ജനങ്ങളെ ഉപദേശിച്ചു; "നമസ്കാരം! നമസ്കാരം! നിങ്ങളുടെ കീഴിലുള്ള വരും'' ഇതുപലതവണ ആവര്‍ത്തിച്ചു.14

മരണസമയം
മരണലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയപ്പോള്‍ ആഇശ(റ) അദ്ദേഹത്തെ തന്നിലേക്ക് ചേര്‍ത്തുപിടിച്ചു. അവര്‍ പറയുമായിരുന്നു. അല്ലാഹു എനിക്കു ചെയ്ത അനുഗ്രഹങ്ങളില്‍പെട്ടതാണ് റസൂല്‍(സ) എന്റെ വീട്ടില്‍വെച്ച് എന്റെ ദിവസത്തില്‍ എന്റെ മാറിലേക്ക് ചരിഞ്ഞുകിടന്നുകൊണ്ട് മരിച്ചുവെന്നത്. എന്റെയും അവിടുത്തെയും ഉമിനീര്‍ പരസ്പരം ചേര്‍ത്തിയതും. അതായത് അബൂബക്കര്‍(റ)വിന്റെ പുത്രന്‍ അബ്ദുറഹ്മാന്‍ കടന്നുവന്നപ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ മിസ് വാക്കുണ്ടായിരുന്നു. എന്റെ മാറിലേക്ക് ചാരികിടക്കുകയായിരുന്ന അവിടുത്തേക്ക് മിസ് വാക്കു കണ്ടപ്പോള്‍ അത് വേണമെന്ന് തോന്നി. 'ഞാന്‍ അങ്ങേക്ക് എടുത്ത് തരട്ടെയോ' എന്നന്വേഷിച്ചപ്പോള്‍ 'അതെ'യെന്ന് തലയാട്ടി. മിസ് വാക്കു അല്പം കഠിനമായിരുന്നതിനാല്‍ ഞാനത് അവിടുത്തെ അനുമതിയോടെ ചവച്ചു മൃദുലമാക്കിക്കൊടുത്തു. അതുപയോഗിച്ചവിടുന്ന് ദന്തശുദ്ധിവരുത്തി. സമീപത്തുണ്ടായിരുന്ന പാത്രത്തിലെ വെള്ളത്തില്‍ കൈയിട്ട് മുഖം തടവിക്കൊണ്ടിരുന്നു. അവിടുന്ന് ഇങ്ങനെ പറയുന്നുണ്ടായിരുന്നു: "ലാഇലാഹ ഇല്ലല്ലാഹ്. മരണത്തിന് നല്ല വേദനയുണ്ട്''.15
ദന്തശുചീകരണത്തില്‍നിന്ന് വിരമിക്കുന്നതിനു മുമ്പായി അവിടുന്ന് വിരല്‍ ആകാശത്തേക്ക് ചൂണ്ടി കണ്ണുകള്‍ മേലോട്ടുയര്‍ത്തി ചുണ്ടുകള്‍ ചലിപ്പിച്ചു. ആഇശ(റ) ശ്രദ്ധിച്ചു നോക്കിയപ്പോള്‍ അവിടുത്തെ ചുണ്ടുകള്‍ മന്ത്രിക്കുന്നുണ്ട്: 'നീ അനുഗ്രഹം ചൊരിഞ്ഞ പ്രവാചകന്മാരുടെയും സത്യവാന്മാരുടെയും രക്തസാക്ഷികളുടെയും സദ്വൃത്തരുടെയും കൂടെ എന്നെ ചേര്‍ക്കേണമേ. അല്ലാഹുവേ, എനിക്കു നീ പൊറുത്തുതരികയും കരുണ ചൊരിയുകയും ചെയ്യേണമേ, ഉന്നതനായ കൂട്ടുകാരനുമായി എന്നെ നീ ചേര്‍ക്കേണമേ, അല്ലാഹുവേ ഉന്നതനായ കൂട്ടുകാരന്‍!'' അവസാനത്തെ വാക്ക് മൂന്നുതവണ ആവര്‍ത്തിച്ചു. അതിനിടക്ക് അവിടുത്തെ കൈചാഞ്ഞു. അത്യുന്നതനായ കൂട്ടുകാരനുമായി ചേര്‍ന്നു. ഇന്നാലില്ലാഹി....
ഇത് ഹിജ്റാബ്ദം പതിനൊന്നാം വര്‍ഷം റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് തിങ്കളാഴ്ച ഉച്ചയ്ക്ക് അല്പം മുമ്പായിരുന്നു. അന്നേക്ക് അവിടുത്തേക്ക് അറുപത്തിമൂന്ന് വര്‍ഷവും നാലുദിവസവും പ്രായമായിരുന്നു.

ദുഃഖഭാരം
ദു:ഖവാര്‍ത്ത എല്ലായിടത്തും വ്യാപിച്ചു. മദീനയാകെ ഇരുട്ടില്‍മുങ്ങി. ചക്രവാളങ്ങള്‍ അന്ധകാര നിബിഡമായി. അനസ്(റ) പറയുന്നു: 'അല്ലാഹുവിന്റെ ദൂതര്‍ മദീനയില്‍ പ്രവേശിച്ചതുപോലുള്ള നല്ലതും പ്രകാശമാനമായതുമായ ഒരു നാള്‍ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. തിരുദൂതര്‍ വിടപറഞ്ഞതുപോലെ അന്ധകാരമയമായ ഒരു ദിവസവും ഞാന്‍ കണ്ടിട്ടില്ല.''16

പുത്രി ഫാത്വിമ പറഞ്ഞു: "പ്രിയ പിതാവേ! അങ്ങയുടെ പ്രാര്‍ഥന റബ്ബ് സ്വീകരിച്ചിരിക്കുന്നു. പ്രിയപിതാവേ! സ്വര്‍ഗമാണ് അങ്ങയുടെ വാസസ്ഥലം. പ്രിയപിതാവേ! ജിബ്രീലിന് താങ്കളുടെ മരണവാര്‍ത്ത ഞങ്ങളറിയിക്കുന്നു.''

ധീരനായ ഉമര്‍ മരണവാര്‍ത്തകേട്ട് പ്രതികരിച്ചത് ഇങ്ങനെയാണ്. 'ഏതോ ചില കപടന്മാര്‍ അല്ലാഹുവിന്റെ ദൂതര്‍ മരിച്ചുവെന്ന് പറയുന്നു. അവിടുന്ന് മരിച്ചിട്ടില്ല. മൂസാ(അ) തന്റെ നാഥനെ കാണാന്‍ പോയതുപോലെ പോയതാണ്. നാല്പതു ദിവസം കഴിഞ്ഞു അദ്ദേഹം മടങ്ങിവരികയും ചെയ്തു. അതിനിടക്ക് ജനങ്ങള്‍ പറഞ്ഞു മരിച്ചുവെന്ന് അല്ലാഹുവാണേ! തിരുദൂതര്‍ തിരിച്ചുവരികതന്നെ ചെയ്യും. അവിടുന്ന് മരിച്ചുവെന്ന് പറയുന്നവരുടെ കൈകാലുകള്‍ അദ്ദേഹം തിരിച്ചുവന്നാല്‍ കൊത്തുകതന്നെ ചെയ്യും.''

ഇതിനിടയില്‍ പക്വമതിയായ അബൂബക്കര്‍ സുന്‍ഹിലുള്ള തന്റെ വീട്ടില്‍നിന്ന് കുതിരപ്പുറത്തേറി കടന്നുവന്നു. ആരോടും ഒന്നും സംസാരിക്കാതെ നേരിട്ടു പള്ളിയിലേക്കുകടന്നു. അല്ലാഹുവിന്റെ ദൂതരെ ഉദ്ദേശിച്ച് ആഇശ(റ)യുടെ വീട്ടില്‍ പ്രവേശിച്ചു. എന്നിട്ട്, പുതച്ചു മൂടിയിട്ടിരുന്ന വിശുദ്ധ ദേഹത്ത്നിന്ന് മുഖം വെളിവാക്കി തിരുനെറ്റിയില്‍ ചുംബനമര്‍പ്പിച്ചു. കരഞ്ഞുകൊണ്ടു പറഞ്ഞു: 'എന്റെ മാതാപിതാക്കളെ അങ്ങേക്കുവേണ്ടി ഞാന്‍ സമര്‍പ്പിക്കാം. അല്ലാഹു താങ്കളെ രണ്ടുതവണ മരിപ്പിക്കില്ല. അങ്ങേക്കു വിധിച്ച ഒരു മരണം അതിവിടെ നടന്നുകഴിഞ്ഞു.'

അബൂബക്കര്‍ പുറത്തു കടന്നു ഉമര്‍ അപ്പോഴും ജനങ്ങളോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അബൂബക്കര്‍(റ) പറഞ്ഞു: 'ഇരിക്കു ഉമര്‍! ഉമര്‍ ഇരിക്കാന്‍ തയ്യാറായില്ല. അതോടെ ജനങ്ങള്‍ ഉമറിനെ ഒഴിവാക്കി അബൂബക്കറിന്റെ നേരെതിരിഞ്ഞു. അബൂബക്കര്‍(റ) പ്രഖ്യാപിച്ചു. "നിങ്ങളില്‍ ആരെങ്കിലും മുഹമ്മദ്(സ)യെയാണ് ആരാധിച്ചിരുന്നതെങ്കില്‍ അദ്ദേഹമിതാ മരിച്ചിരിക്കുന്നു. അല്ലാഹുവിനെയാണ് ആരാധിച്ചിരുന്നതെങ്കില്‍ അവനിപ്പോഴും മരിക്കാതെ ജീവിച്ചിരിക്കുന്നു!' തുടര്‍ന്ന് ഈ ക്വുര്‍ആന്‍ സൂക്തം പാരായണം ചെയ്തു.

"മുഹമ്മദ് അല്ലാഹുവിന്റെ ഒരു ദൂതന്‍മാത്രമാകുന്നു. അദ്ദേഹത്തിനുമുമ്പും ദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തെങ്കില്‍ നിങ്ങള്‍ പുറകോട്ട് തിരിച്ചുപോവുകയോ? ആരെങ്കിലും പുറകോട്ടു തിരിച്ചുപോകുന്നപക്ഷം അല്ലാഹുവിനു ഒരു ദ്രോഹവും അതുവരുത്തുകയില്ല. നന്ദികാണിക്കുന്നവര്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം നല്കുന്നതാണ്.'' (3:144). ഇബ്നു അബ്ബാസ് പറയുന്നു: 'അബൂബക്കര്‍ ഇതു പാരായണം ചെയ്യുന്നതുവരെ ഇങ്ങനെ ഒരു സൂക്തം അല്ലാഹു അവതരിപ്പിച്ചതായി ജനങ്ങള്‍ അറിയാത്തതുപോലെയായിരുന്നു. അദ്ദേഹത്തില്‍നിന്ന് അത് ശ്രവിച്ചതോടെ അവരെല്ലാം അത് പാരായണം ചെയ്തുകൊണ്ടിരുന്നു.

ഇബ്നു മുസയ്യബ് പറയുന്നു: ഉമര്‍ പറഞ്ഞു: 'അബൂബക്കര്‍ ആ സൂക്തം പാരായണം ചെയ്തുകേള്‍പ്പിച്ചപ്പോള്‍ അതു സത്യമാണെന്ന് ഞാന്‍ മനസ്സിലാക്കി എന്റെ കാലുകള്‍ക്ക് പിടിച്ചു നില്ക്കാനാകാതെ കാലുകള്‍ മണ്ണില്‍ പുതഞ്ഞുപോയി. ഞാന്‍ ഭൂമിയിലേക്ക് കുനിഞ്ഞുപോയി. അങ്ങനെ പ്രവാചകന്‍ മരിച്ചതായി ഞാന്‍ മനസ്സിലാക്കി.'17

സംസ്കരണവും മറമാടലും
പ്രവാചകതിരുമേനിയുടെ 'ഖലീഫ'യെ തെരഞ്ഞെടുക്കുന്ന കാര്യത്തിന് സാഇദ ഗോത്രത്തിന്റെ പന്തലില്‍ വെച്ചുനടന്ന ചര്‍ച്ചയില്‍ മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കുമിടയില്‍ അഭിപ്രായ ഐക്യം ഇല്ലാതെ വന്നതിനാല്‍ സംസ്കരണവും ഖബറടക്കലും താമസിച്ചു. അവസാനം ഏകകണ്ഠമായി അബൂബക്കര്‍(റ) തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും അന്നും പിറ്റേ ദിവസവും പുതപ്പിട്ട അവസ്ഥയില്‍ തിരുദൂതരുടെ വിശുദ്ധജഡം അടച്ച മുറിക്കുള്ളില്‍കിടന്നു. ചൊവ്വാഴ്ച അവിടുത്തെ കുളിപ്പിച്ചു. ധരിച്ച വസ്ത്രങ്ങള്‍ ഉരിക്കാതെയായിരുന്നു കുളിപ്പിച്ചത്. ഇതിന് നേതൃത്വം നല്കിയത് അബ്ബാസ്, അലി, അബ്ബാസിന്റെ പുത്രന്മാരായ ഫള്ല്‍, ഖുസം, നബിയുടെ ഭൃത്യന്‍ ശുക്റാന്‍, സൈദിന്റെ പുത്രന്‍ ഉസാമ, ഔസ്ബിന്‍ ഖൌലി എന്നിവരായിരുന്നു. അബ്ബാസും ഫള്ലും ഖുസമും പ്രവാചകനെ മറിച്ചും തിരിച്ചും കിടത്തുകയും ഉസാമയും ശക്റാനും വെള്ളം ചൊരിയുകയും ഔസ് തന്നിലേക്ക് ചാരിനിര്‍ത്തുകയും അലി കുളിപ്പിക്കുകയുമാണ് ചെയ്തത്18 തിരുമേനി പാനം ചെയ്തിരുന്ന ഖുബാഇലെ സഅദ്ബിന്‍ ഖൈഥമയുടെ അല്‍ഗര്‍സ് എന്ന കിണറ്റിലെ വെള്ളവും താളിയുമുപയോഗിച്ച് മൂന്നു തവണയാണ് കുളിപ്പിച്ചത്.

തുടര്‍ന്ന്, തലപ്പാവും നീളക്കുപ്പായവുമില്ലാതെ പരുത്തിയാലുള്ള മൂന്നു വെള്ള വസ്ത്രത്തില്‍ നന്നായി പൊതിഞ്ഞു.
എവിടെയാണ് തിരുദൂതരെ മറമാടേണ്ടതെന്ന കാര്യം ചര്‍ച്ചക്കു വന്നപ്പോള്‍ അബൂബക്കര്‍(റ) പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതര്‍ ഇങ്ങനെ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. 'ഒരു പ്രവാചകന്റെ ആത്മാവും മറമാടപ്പെടേണ്ട സ്ഥലത്തുവെച്ചല്ലാതെ പിടിക്കപ്പെട്ടിട്ടില്ല.' ഉടനെ അബൂത്വല്‍ഹ പ്രവാചകന്‍ കിടന്നിരുന്ന വിരിപ്പുയര്‍ത്തി അവിടെ ഒരു ഭാഗത്തേക്ക് ചെരിച്ചു തുരന്നുകൊണ്ടുള്ള ഖബറുണ്ടാക്കി.

ഇതിനെ തുടര്‍ന്ന് പത്തുവീതം പേരുള്ള സംഘങ്ങളായി മുറിയില്‍ പ്രവേശിച്ച ജനങ്ങള്‍ നമസ്കരിച്ചുകൊണ്ടേയിരുന്നു. അവര്‍ക്കാരും നേതൃത്വം നല്കിയിരുന്നില്ല. ആദ്യം വീട്ടുകാരും പിന്നീട് മുഹാജിറുകളും തുടര്‍ന്ന് അന്‍സ്വാറുകളും അതിനുശേഷം കുട്ടികളും സ്ത്രീകളും എന്നക്രമത്തിലായിരുന്നു നമസ്കാരം.19

അതോടെ ചൊവ്വാഴ്ച പൂര്‍ത്തിയായി ബുധനാഴ്ചയിലേക്ക് പ്രവേശിച്ചു. ആഇശ(റ) പറയുന്നു: 'ചൊവ്വാഴ്ച അസ്തമയശേഷം രാത്രിയുടെ നിശബ്ദതയില്‍ പിക്കാസുകളുടെയും കൈക്കോട്ടുകളുടെയും ശബ്ദമുയര്‍ന്നപ്പോഴാണ് തിരുദൂതരുടെ ഖബറടക്കല്‍ വിവരം ഞങ്ങള്‍ അറിഞ്ഞത്.'20
1. ബുഖാരി 2:585

2. ബുഖാരി 1:62, മുവത്വ: പുറം 65

3. ബുഖാരി 1:536

3.മു ത്തഫഖുന്‍ അലൈഹി, മിശ്കാത് 2:546

5. ബുഖാരി 1:516

6. ബുഖാരി 1:22,429, 449

7. ബുഖാരി 2:637,

8. മിശ്കാത് 1:102, ബുഖാരി ഹദീദ് :681

9. ത്വബഖാത് ഇബ്നു സഅദ് 2:255, അബൂദാവൂദ് ഹദീദ് 1779

10. ബുഖാരി ഹദീദ് 683, 712, 713

11. ത്വബഖാത് 2:237 ചില റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാകുന്നത്‌ ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച പകലോ അഥവാ അവസാന ദിവസമോ ആണ് ഇത് ചെലവഴിച്ചത്‌ എന്നാണു.

12. ബുഖാരി 2: 638
ചില നിവേദനങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്‌ അവസാന വാരത്തിലാണ് ഈ സംസാരമെന്നതാണ്.രഹ്മത്തുന്‍ ലില്‍ ആലമീന്‍ 1/282

13. ബുഖാരി 2: 637

14. ബുഖാരി 2: 637

15. ബുഖാരി 2: 640

16. ദാരിമി മിശ്കാത് 2:547, തിര്‍മിദി 5: 588, 890

17. ബുഖാരി 2:640, 641

18. ഇബ്നു മാജ 1:521 നോക്കുക.

19. മുവത്വ 1:231 ത്വബഖാത് 2: 288 -292 നോക്കുക.

20. അഹ്മദ് 6: 62, 274 .

 


സി. സലീം സുല്ലമി വിവര്‍ത്തനം ചെയ്ത ശൈഖ് സ്വഫീഹുറഹ്മാന്‍ മുബാറക് പൂരിയുടെ 'അര്‍റഹീക്വുല്‍ മഖ്തൂം' എന്ന ഗ്രന്ഥത്തില്‍ നിന്ന്...

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH