Search

mahonnathan

JA slide show

നബി ചരിത്രം

വിടവാങ്ങല്‍ ഹജ്ജ് Print E-mail

പ്രബോധന-പ്രചാരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ണത കൈവരിക്കുകയും അല്ലാഹുവിന്റെ ഏകത്വത്തിന്റേയും മുഹമ്മദ് (സ)യുടെ പ്രവാചകത്വത്തിന്റേയും അടിത്തറയില്‍ ഒരു സമൂഹം സുസ്ഥാപിതമാവുകയും ചെയ്തതോടെ പ്രവാചകന്റെ അന്തരംഗം ലോലമായി അവിടുത്തോട് മന്ത്രിക്കുന്നതുപോലെ അവിടുത്തേക്ക് തോന്നി. തന്റെ ഐഹികജീവിതം അവസാനിക്കാറായി എന്ന് ഹിജ്റ പത്താംവര്‍ഷം മുആദിനെ യമനിലേക്ക് യാത്രയയക്കുമ്പോള്‍ അവിടുത്തെ വാക്കുകളില്‍ അത് തെളിയുകയും ചെയ്തു. 'മുആദ്! താങ്കള്‍ ഈ വര്‍ഷത്തിനുശേഷം ഒരു പക്ഷെ ഞാനുമായി കണ്ടുകൊള്ളണമെന്നില്ല. എന്റെ ഈ പള്ളിയുടെയും എന്റെ ഖബറിന്റേയും സമീപം താങ്കള്‍ക്ക് കടന്നുപോകാന്‍ അവസരമുണ്ടായേക്കാം.' പ്രവാചകവിയോഗത്തിന്റെ പ്രയാസം താങ്ങാനാകാതെ മുആദ് പൊട്ടിക്കരഞ്ഞു.

സുദീര്‍ഘമായ ഇരുപതുവര്‍ഷത്തെ കഷ്ടതകള്‍ താണ്ടിയുള്ള പ്രബോധന പ്രവര്‍ത്തനങ്ങളുടെ ഫലം കണ്‍കുളിര്‍ക്കെ കാണാന്‍ അല്ലാഹു അവിടുത്തേക്കവസരം നല്കി. മക്കയുടെ പ്രാന്തങ്ങളില്‍ ഗോത്രങ്ങളുടെയും വംശങ്ങളുടെയും പ്രതിനിധികള്‍ സമ്മേളിക്കുകയും മതനിയമങ്ങള്‍ അദ്ദേഹത്തില്‍നിന്ന് പഠിക്കുകയും ചെയ്യുന്നു. അവരില്‍നിന്ന് തന്റെ ദൌത്യം സമ്പൂര്‍ണമായി നിര്‍വഹിച്ചതിന്റെ സാക്ഷ്യം ഏല്ക്കുകയും ചെയ്യുന്നു.

പ്രവാചകന്‍ തന്റെ ഹജ്ജ് തീര്‍ഥാടനം വിളംബരം ചെയ്തതോടെ നാനാദിക്കുകളില്‍ നിന്നുമാളുകള്‍ തിരുമേനിയുടെ കൂടെ ഹജ്ജ് നിര്‍വഹിക്കാനായി മദീനയിലേക്ക് നീങ്ങി. ദുല്‍ഖഅദ 25നു യാത്രയ്ക്കുവേണ്ടി അവിടുന്ന് മുടിചീകിയും എണ്ണപൂശിയും തുണിയും ഉത്തരീയവുമണിഞ്ഞും സജ്ജമായി. മധ്യാഹ്ന നമസ്കാരത്തിനുശേഷം വീട്ടില്‍നിന്ന് പുറപ്പെട്ട് അസ്വര്‍ നമസ്കാരത്തിനുമുമ്പായി ദുല്‍ഹുലൈഫയിലെത്തി അവിടെ വെച്ച് രണ്ട് റക്അത്ത് നമസ്കരിച്ചശേഷം പുലരുവോളം അവിടെകഴിച്ചുകൂട്ടി. പുലര്‍ന്നപ്പോള്‍ അവിടുന്ന് പറഞ്ഞു: രാത്രിയില്‍ എനിക്ക് ദിവ്യവെളിപാടുണ്ടായി. ഈ വിശുദ്ധ താഴ്വരയില്‍ നമസ്കരിക്കാനും ഉംറയും ഹജ്ജും ചേര്‍ത്ത് നിര്‍വഹിക്കാനും.

ളുഹ്റ് നമസ്കാരത്തിന് മുമ്പ് ഇഹ്റാമില്‍ പ്രവേശിക്കാന്‍ വേണ്ടി അവിടുന്ന് കുളിച്ചു. തുടര്‍ന്ന് പത്നി ആഇശ അവിടുത്തെ ശിരസിലും ശരീരത്തിലും സുഗന്ധം പൂശിക്കൊടത്തു. അതിന്റെ തിളക്കം തുടര്‍ന്നും നിലനിന്നിരുന്നു. ശേഷം തുണിയും ഉത്തരീയവുമണിഞ്ഞ് ളുഹ്റ് രണ്ട് റക്അത്ത് നമസ്കരിച്ച് അവിടെവെച്ച് ഉംറയും ഹജ്ജും ഒരുമിച്ച് ചെയ്യാനായി പ്രഖ്യാപിച്ചുകൊണ്ട് തന്റെ ഖസ്വ് വാഅ് എന്ന ഒട്ടകപ്പുറത്തേറി തല്‍ബിയ്യത്ത് ചൊല്ലി. അവിടെ നിന്ന് യാത്രതുടര്‍ന്നു മക്കയ്ക്ക് സമീപം ദൂതുവയിലിറങ്ങി രാത്രി അവിടെ തങ്ങിയശേഷം കാലത്ത് കുളിച്ച് മക്കയില്‍ പ്രവേശിച്ചു. ഇത് ദുര്‍ഹജ്ജ് നാലിന് ഞായറാഴ്ചയായിരുന്നു. അപ്പോഴേക്കും യാത്രക്കിടയില്‍ എട്ടുദിവസം പിന്നിട്ടുകഴിഞ്ഞിരുന്നു. ഉടനെ കഅബാലയം പ്രദക്ഷിണം ചെയ്യുകയും സ്വഫാ-മര്‍വ പര്‍വതങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുകയും ചെയ്തു. അവിടുന്ന് ബലിമൃഗം കൂടെ കൊണ്ടുവന്നിരുന്നതിനാല്‍, ഉംറയും ഹജ്ജും ഒരുമിച്ച് പ്രഖ്യാപിച്ചിരുന്നതിനാലും മുടിയെടുത്ത് ഉംറയില്‍നിന്ന് വിരമിച്ചില്ല. തുടര്‍ന്ന് മേലേമക്കയില്‍ അല്‍ഹജ്ജുനില്‍ തങ്ങി.

കൂടെ ബലിമൃഗത്തെ കൊണ്ടുവരാത്തവരോട് അവരുടെ ഇഹ്റാം ഉംറയാക്കി പരിവര്‍ത്തിപ്പിക്കാനും അങ്ങനെ ഉംറയില്‍നിന്ന് പൂര്‍ണമായി വിരമിക്കാനും അവിടുന്ന് കല്പിച്ചു. പിന്നേയും ചിലര്‍ ശങ്കിച്ചുനിന്നപ്പോള്‍ അവിടുന്ന് പറഞ്ഞു: 'പില്‍ക്കാലസംഭവങ്ങള്‍ എനിക്ക് നേരത്തെ അറിയുമായിരുന്നെങ്കില്‍ ഞാന്‍ എന്റെ കൂടെ ബലിമൃഗത്തെ കൊണ്ടുവരുമായിരുന്നില്ല. എന്റെകൂടെ ബലിമൃഗമില്ലായിരുന്നുവെങ്കില്‍ ഞാന്‍ പൂര്‍ണമായി വിരമിക്കുമായിരുന്നു. അതോടെ ബലിമൃഗം കൊണ്ടുവരാത്തവരെല്ലാം ഇഹ്റാമില്‍നിന്ന് വിരമിച്ചു.

ദുര്‍ഹജ്ജ് എട്ടിന്-ഇത് യൌമുത്തര്‍വിയ എന്നറിയപ്പെടുന്നു-അവിടുന്ന് മിനയിലേക്ക് തിരിച്ചു. അവിടെവെച്ച് ളുഹ്റ്, അസ്വര്‍, മഗ്രിബ്, ഇശാ, സ്വുബ്ഹ് എന്നീ അഞ്ചുനേരത്തെ നമസ്കാരങ്ങള്‍ നിര്‍വഹിച്ചശേഷം സൂര്യന്‍ ഉദിച്ചതോടെ അറഫയിലേക്ക് നീങ്ങി. വഴിയില്‍ നമിറയില്‍ സജ്ജമാക്കപ്പെട്ടിരുന്ന തമ്പില്‍ അല്പനേരം വിശ്രമിച്ചശേഷം, ഖസ്വ് വാ ഇന്റെ മുതുകിലേറി മുന്നോട്ട് നീങ്ങി. ബത്വ്നുല്‍വാദിയിലെത്തിയപ്പോള്‍ അവിടുത്തേക്ക് ചുറ്റും ഒരു ലക്ഷത്തി ഇരുപത്തിനാലായിരമോ നാല്പത്തിനാലായിരമോ വരുന്ന ജനസഞ്ചയം തടിച്ചുകൂടിക്കഴിഞ്ഞിരിക്കുന്നു!
അവിടെവെച്ച് ചരിത്രപ്രസിദ്ധമായ അവിടുത്തെ വിടവാങ്ങല്‍ പ്രഭാഷണം നടന്നു:

'ജനങ്ങളേ! എന്റെ പ്രഭാഷണം ശ്രദ്ധാപൂര്‍വം ശ്രവിക്കുക. ഇവിടെവെച്ച് ഇനിയൊരിക്കല്‍ കൂടി നിങ്ങളുമായി സന്ധിക്കാന്‍ കഴിയുമോ എന്നെനിക്കറിയില്ല.
നിങ്ങളുടെ രക്തവും നിങ്ങളുടെ സമ്പത്തും എന്നും പവിത്രമാണ്. ഈ ദിവസത്തിന്റെ പവിത്രതപോലെ, ഈ മാസത്തിന്റെ പവിത്രതപോലെ, ഈ നാടിന്റെ പവിത്രതപോലെ. ജാഹിലിയ്യത്തിന്റെ മുഴുവന്‍ കാര്യങ്ങളും ഞാനെന്റെ പാദങ്ങള്‍ക്കുകീഴെ ചവിട്ടിത്താഴ്ത്തുന്നു. ജാഹിലിയ്യത്തിലെ രക്തപ്പക ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. ഇബ്നു റബീഅബിന്‍ അല്‍ഹാരിഥിന്റെ രക്തപ്പകയാണ് ഞാന്‍ ആദ്യമായി ദുര്‍ബലപ്പെടുത്തുന്നത്-ഇദ്ദേഹം ബനൂസഅദില്‍ മുലകുടി ബന്ധമുള്ളവനാണ്. ഹുദൈല്‍ ഇദ്ദേഹത്തെ വധിക്കുകയാണുണ്ടായത്. ജാഹിലിയ്യത്തിലെ പലിശ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. ഞാനാദ്യം ദുര്‍ബലപ്പെടുത്തുന്നത് അബ്ബാസ് ബിന്‍ അബ്ദുല്‍ മുത്വലിബിന്റെ പലിശയാണ്.

സ്ത്രീകളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. അല്ലാഹുവില്‍ നിന്നുള്ള ഒരു അമാനത്തെന്ന നിലക്കാണ് നിങ്ങളവരെ സ്വീകരിച്ചിട്ടുള്ളത്. അല്ലാഹുവിന്റെ വാക്യത്തിന്റെ അടിസ്ഥാനത്തിലാണ് അവരുടെ ഗുഹ്യസ്ഥാനം നിങ്ങള്‍ക്കനുവദിക്കപ്പെട്ടത്. നിങ്ങള്‍ വെറുക്കുന്നവരെ നിങ്ങളുടെ വിരിപ്പില്‍ ചവിട്ടിക്കാതിരിക്കുകയെന്നത് അവര്‍ക്ക് നിങ്ങളോട് ബാധ്യതയാണ്. അങ്ങനെ ചെയ്താല്‍ മുറിവേല്ക്കാതെ അവരെ നിങ്ങള്‍ക്കടിക്കാവുന്നതാണ്. അവര്‍ക്ക് ഭക്ഷണവും വസ്ത്രവും മാന്യമായി നല്കുകയെന്നത് അവരോടുള്ള നിങ്ങളുടെ ബാധ്യതയാണ്.

നിങ്ങള്‍ എനിക്കുശേഷം വഴിതെറ്റിപ്പോകാതിരിക്കാന്‍ അല്ലാഹുവിന്റെ ഗ്രന്ഥം ഞാന്‍ നിങ്ങളെ ഏല്പിച്ചുപോകുന്നു.
ജനങ്ങളേ! എനിക്കുശേഷം ഇനിയൊരു പ്രവാചകന്‍ വരില്ല. നിങ്ങള്‍ക്കുശേഷം ഇനി മറ്റൊരു സമൂഹവുമില്ല. അറിയുക! നിങ്ങളുടെ നാഥനെമാത്രം ആരാധിക്കുക. അഞ്ചുസമയങ്ങളില്‍ നമസ്കരിക്കുക. റമദാനില്‍ വ്രതമെടുക്കുക. സന്തുഷ്ടിയോടെ സമ്പത്തിന്റെ നിര്‍ബന്ധബാധ്യത നിര്‍വഹിക്കുക. കഅബാലയത്തില്‍വന്ന് ഹജ്ജ് നിര്‍വഹിക്കുക. ഭരണാധികാരികളെ അനുസരിക്കുക. നിങ്ങള്‍ക്ക് നിങ്ങളുടെ നാഥന്റെ സ്വര്‍ഗത്തില്‍ പ്രവേശിക്കാം.
നിങ്ങളോട് അല്ലാഹു എന്നെക്കുറിച്ച് ചോദിച്ചാല്‍ നിങ്ങളെന്തായിരിക്കും മറുപടി പറയുക? 'താങ്കള്‍ ദൌത്യം പൂര്‍ണമായി നിര്‍വഹിച്ചുവെന്നും ബാധ്യതവീട്ടിയെന്നും സമൂഹത്തെ ഉപദേശിച്ചുവെന്നും. ഞങ്ങള്‍ സാക്ഷ്യം വഹിക്കും.'

ഇതോടെ അവിടുന്ന് തന്റെ ചൂണ്ടുവിരല്‍ ആകാശത്തേക്കും ജനങ്ങളുടെ നേരെയും സൂചിപ്പിച്ചുകൊണ്ട് മൂന്ന് തവണ പ്രഖ്യാപിച്ചു: 'അല്ലാഹുവേ നീ സാക്ഷിയാകണേ.' 1പ്രവാചകന്റെ ഈ പ്രഭാഷണം ഉച്ചത്തില്‍ വിളിച്ചുപറഞ്ഞിരുന്നത് റബീഅബിന്‍ ഉമയ്യബ്നു ഖലഫായിരുന്നു.

പ്രഭാഷണം അവസാനിച്ചതോടെ അല്ലാഹുവില്‍നിന്ന് സന്ദേശമവതരിച്ചു: 'ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്കുഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ നിങ്ങള്‍ക്ക് ഞാന്‍ തൃപ്തിപ്പെട്ടുതന്നിരിക്കുന്നു.' (5:3) ഇതവതരിച്ചതോടെ ഉമര്‍ കരയാന്‍ തുടങ്ങി. 'എന്തുണ്ടായി ഉമര്‍ കരയാന്‍' പ്രവാചകന്‍ ആരാഞ്ഞു. ഞങ്ങള്‍ മതത്തില്‍ വളരുകയായിരുന്നു. എന്നാല്‍ അത് പൂര്‍ത്തിയായ സ്ഥിതിക്ക് ഇനി അതില്‍ ന്യൂനതകള്‍ സംഭവിക്കും' ഉമര്‍ പറഞ്ഞു. 'ശരിയാണ് താങ്കള്‍ പറഞ്ഞത്.' പ്രവാചകന്‍ അതംഗീകരിച്ചു.
പ്രഭാഷണത്തിനുശേഷം ബിലാല്‍ നമസ്കാരത്തിന് ബാങ്കും ഇഖാമത്തും വിളിച്ചു. പ്രവാചകന്‍ ളുഹ്റും തുടര്‍ന്ന് അസ്വറും അവിടെവെച്ച് നമസ്കരിച്ചു. അവയ്ക്കിടയില്‍ ഐച്ഛിക നമസ്കാരങ്ങളൊന്നും നിര്‍വഹിച്ചില്ല. തുടര്‍ന്ന് അറഫയിലേക്ക് നീങ്ങി. സൂര്യാസ്തമയം വരെ ക്വിബ്ലയെ അഭിമുഖീകരിച്ച് അവിടെനിന്നു. അസ്തമയശോഭ മങ്ങിയതോടെ ഉസാമയെ സഹയാത്രികനാക്കി മുസ്ദലിഫയിലേക്ക് മടങ്ങി. അവിടെയെത്തി മഗ്രിബും ഇശാഉം നമസ്കരിച്ചു. അവയ്ക്കിടയില്‍ ഐഛിക നമസ്കാരങ്ങളൊന്നും നിര്‍വഹിച്ചില്ല. പുലരുവോളം മുസ്ദലിഫയില്‍ കഴിച്ചുകൂട്ടിയശേഷം പ്രഭാതനമസ്കാരാനന്തരം അവിടംവിട്ടു. എന്നിട്ട് മശ്അറുല്‍ ഹറാമില്‍ ചെന്നിറങ്ങി. ഖിബ്ലയെ അഭിമുഖീകരിച്ച് പ്രാര്‍ഥിക്കുകയും തക്ബീറും തഹ്ലീലും ചൊല്ലി അല്പനേരം അവിടെനിന്നശേഷം സൂര്യന്‍ ഉദിക്കുന്നതിന് മുമ്പായി മിനയിലേക്ക് പുറപ്പെട്ടു.

ഈ യാത്രയില്‍ ഫള്ല്‍ബിന്‍ അബ്ബാസിനെ സഹയാത്രികനാക്കി. അങ്ങനെ മുഹസ്സര്‍ താഴ്വരയിലെത്തിയപ്പോള്‍ അല്പം തെറ്റി മധ്യവഴിക്ക് പ്രവേശിച്ച് ഒന്നാമത്തെ വലിയ ജംറയുടെ അടുക്കലേക്ക് നീങ്ങി. അന്ന് അതിന് സമീപം അവിടെ ഒരു വൃക്ഷമുണ്ടായിരുന്നു. ഇതിനുതന്നെയാണ് ജംറത്തുല്‍ അഖബ എന്നും പറയുന്നത്. ഇതില്‍ 'തക്ബീര്‍' ചൊല്ലിക്കൊണ്ട് ഏഴുതവണ ചെറിയ ചരല്‍ക്കല്ലുകളുപയോഗിച്ച് എറിഞ്ഞു. അതിനുശേഷം അറുപത്തിമൂന്ന് ഒട്ടകങ്ങളെ സ്വകരങ്ങളാല്‍ ബലിയര്‍പ്പിച്ചു. അവശേഷിച്ച മുപ്പത്തിഏഴെണ്ണം അലിയും അറുത്തു. മൊത്തം നൂറെണ്ണം പിന്നീട് ഓരോന്നില്‍നിന്നും കഷ്ണമെടുത്ത് ഒരു പാത്രത്തിലിട്ട് പാകംചെയ്ത് അതിന്റെ മാംസം കഴിക്കുകയും കറികുടിക്കുകയും ചെയ്തു.

അനന്തരം മക്കയിലേക്ക് ഒഴുകുകയും അവിടെവെച്ച് ളുഹ്റ് നമസ്കാരം നിര്‍വഹിക്കുകയും ചെയ്തു. അവിടെ സംസം വെള്ളം വിതരണം ചെയ്യുകയുണ്ടായിരുന്ന ബനൂമുത്വലിബുകാരെ സമീപിച്ച് അവിടുന്ന് പറഞ്ഞു: 'എനിക്കും നല്കുക അബ്ദുല്‍ മുത്വലിബിന്റെ സന്തതികളേ, നിങ്ങളുടെ ഈ സംസം വിതരണത്തില്‍ ജനങ്ങള്‍ ഇടപെടുമെന്ന ഭയമില്ലായിരുന്നെങ്കില്‍ ഞാനും നിങ്ങളോടൊപ്പം ചേരുമായിരുന്നു. 'അവര്‍ അദ്ദേഹത്തിന് ഒരു തോല്‍പ്പാത്രത്തില്‍ സംസം നല്കി. അവിടുന്ന് അത് വാങ്ങി പാനം ചെയ്തു.

ദുല്‍ഹിജ്ജ പത്തിന് ബലിദിനത്തിലും പ്രവാചകന്‍ ജനങ്ങളെ അഭിസംബോധന ചെയ്തു. അവിടുന്ന് തന്റെ വാഹനപ്പുറത്തുവെച്ചായിരുന്നു ഇത് നിര്‍വഹിച്ചത്. ജനങ്ങള്‍ മുന്നില്‍ നിന്നും ഇരുന്നും പ്രസംഗം ശ്രവിച്ചു. തലേന്നാള്‍ പ്രസംഗിച്ച ചില കാര്യങ്ങള്‍ ഇവിടെയും ആവര്‍ത്തിച്ചു. തുടര്‍ന്നദ്ദേഹം പറഞ്ഞു: അല്ലാഹു ആകാശഭൂമികള്‍ സൃഷ്ടിച്ച നാള്‍മുതല്‍ കാലം അതിന്റെ നിര്‍ണിത രൂപത്തില്‍ കറങ്ങുകയാണ്. ഒരു വര്‍ഷത്തില്‍ പന്ത്രണ്ട് മാസങ്ങളാണ്. അതില്‍ നാലെണ്ണം യുദ്ധം നിഷിദ്ധമായ പവിത്രമാസങ്ങളാണ് മൂന്നെണ്ണം തുടര്‍ച്ചയായിവരുന്ന ദുല്‍ഖഅ്ദ ദുല്‍ഹിജ്ജ, മുഹര്‍റം. നാലാമത്തേത് മുള്ര്‍ ഗോത്രക്കാരുടെ റജബും.''

തുടര്‍ന്നദ്ദേഹം സദസ്യരോട് ചോദിച്ചു: 'ഇതേതുമാസമാണ്?' 'അല്ലാഹുവും അവന്റെ ദൂതനുമാണ് കൂടുതല്‍ അറിയുന്നവര്‍' എന്ന് പറഞ്ഞ് ജനങ്ങള്‍ മൌനം പൂണ്ടു അവര്‍ ധരിച്ചത് അവിടുന്ന് മറ്റേതെങ്കിലും പേരില്‍ അതിനെ വിളിക്കുമെന്നാണ്. 'ഇത് ദുല്‍ഹിജ്ജയല്ലേ?' അവിടുന്ന് ചോദിച്ചു. 'അല്ലാതെ?' അവര്‍ പറഞ്ഞു: 'ഇത് ഏത് നാടാണ്?' അവിടുന്ന് ചോദിച്ചു: 'അല്ലാഹുവും അവന്റെ ദൂതനുമാണ് കൂടുതല്‍ അറിയുന്നവര്‍' എന്ന് പറഞ്ഞു ജനങ്ങള്‍ മൌനം പൂണ്ടു. അവര്‍ ധരിച്ചത് അവിടുന്ന് ഇതിനെ മറ്റേതെങ്കിലും പേരില്‍ വിളിക്കുമെന്നാണ്. 'ഇത് വിശുദ്ധ മക്കാനഗരമല്ലേ? 'അതെ' അവരെല്ലാവരും പറഞ്ഞു. തുടര്‍ന്നദ്ദേഹം 'ഇത് ഏത് ദിവസമാണ്?' എന്ന് ചോദിച്ചു. അല്ലാഹുവും അവന്റെ ദൂതനുമാണ് കൂടുതല്‍ അറിയുന്നവര്‍ എന്ന് പറഞ്ഞ് ജനങ്ങള്‍ മൌനം പൂണ്ടു. അവര്‍ ധരിച്ചത് മറ്റേതെങ്കിലും നാമത്തില്‍ പ്രവാചകന്‍ അതിനെ വിളിക്കുമെന്നാണ്. 'ഇത് ബലിദിനമല്ലേ'? അവര്‍ പറഞ്ഞു: 'അതെ'. അവിടുന്നു തുടര്‍ന്നു: 'നിങ്ങളുടെ രക്തവും ധനവും അഭിമാനവും പവിത്രമാണ്. ഈ ദിനത്തിന്റെ പവിത്രതപോലെ, ഈ പുണ്യഭൂമിയുടെ പവിത്രതപോലെ, ഈ മാസത്തിന്റെ പവിത്രതപോലെ.'

"നിങ്ങള്‍ നിങ്ങളുടെ നാഥനെ കണ്ടുമുട്ടും. അവന്‍ നിങ്ങളോട് നിങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചോദിക്കും. അറിയുക! എനിക്കുശേഷം പരസ്പരം കഴുത്തറുത്ത് നിങ്ങള്‍ പിഴച്ചുപോകരുത്.' ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതന്നില്ലേ? 'അതെ' അവര്‍ പറഞ്ഞു: 'അല്ലാഹുവേ നീ സാക്ഷിയാകണേ' എന്നു പറഞ്ഞുകൊണ്ടവിടുന്ന് തുടര്‍ന്നു: 'ഇവിടെ സന്നിഹിതരായവര്‍ മറ്റുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കുക. ഈ കേട്ടവരേക്കാള്‍ പഠിക്കുന്നവരായി എത്രയോ അന്യരുണ്ടാകും.'

മറ്റൊരു നിവേദനമനുസരിച്ച് അവിടുന്ന് ഇങ്ങനെ കൂടി പറഞ്ഞിട്ടുണ്ട്: 'അറിയുക! ഒരു കുറ്റവാളിയും തന്റെ മേല്‍തന്നെയല്ലാതെ ഒരു കുറ്റവും ചെയ്യുന്നില്ല. ഒരു കുറ്റവാളിയും തന്റെ പുത്രന്റെ മേലല്ല കുറ്റം ചെയ്യുന്നത്. ഒരു പുത്രനും തന്റെ പിതാവിന്റെ മേലുമല്ല കുറ്റം ചെയ്യുന്നത്. അറിയുക! പിശാച് നിങ്ങളുടെ ഈ ഭൂമിയില്‍വെച്ച് ആരാധിക്കപ്പെടുന്ന കാര്യത്തില്‍ എന്നെന്നേക്കുമായി നിരാശനായിരിക്കുന്നു. എന്നാല്‍ നിങ്ങള്‍ നിസ്സാരമായി കരുതുന്ന പ്രവര്‍ത്തനങ്ങളിലൂടെ അവനെ അനുസരിക്കുന്നതില്‍ അവന്‍ സംതൃപ്തനാവും'. 1

തശ്രീഖിന്റെ നാളുകളില്‍ (ദുല്‍ഹിജ്ജ 11,12,13) അല്ലാഹുവിനെ പ്രകീര്‍ത്തിച്ചും മതനിയമങ്ങള്‍ പഠിപ്പിച്ചും ബഹുദൈവാരാധനയുടെ ചിഹ്നങ്ങളും ചിത്രങ്ങളും മായ്ചുകളഞ്ഞും പ്രഭാഷണങ്ങള്‍ നടത്തിയും അവിടുന്ന് മിനയില്‍ കഴിച്ചുകൂട്ടി. ഇവിടെവെച്ചും നബി(സ) പ്രഭാഷണങ്ങള്‍ നടത്തിയതായി അബൂദാവൂദ് രേഖപ്പെടുത്തുന്നുണ്ട്.

ദുല്‍ഹിജ്ജ പതിമൂന്നിന് മിനയില്‍നിന്ന് പുറപ്പെട്ട് അല്‍അബ്ത്വാഹിലെ കിനാനക്കാരുടെ ഒരുയര്‍ന്ന കുന്നിന്‍ പ്രദേശത്ത് തങ്ങി. ളുഹ്റും അസ്വറും മഗ്രിബും ഇശാഉം അവിടെവെച്ച് നമസ്കരിച്ചശേഷം നിദ്രയിലാണ്ടു. ഇതിനുശേഷം കഅ്ബാലയത്തില്‍പോയി 'ത്വവാഫുല്‍ വിദാഅ്'(വിടവാങ്ങല്‍ പ്രദക്ഷിണം) നിര്‍വഹിച്ചു.

ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയായതോടെ അവിടെ തങ്ങാതെ മദീനയിലേക്ക് അതിദ്രുതം തിരിച്ചു. ശാന്തമായി വിശ്രമിക്കാനല്ല, പ്രത്യുത അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരവും പ്രതിരോധവും നയിക്കാന്‍ .2

അവസാനത്തെ സൈനികനിയോഗങ്ങള്‍
അഹന്തപിടികൂടിയ റോം അതിന്റെ കടുത്ത ധിക്കാര നടപടികള്‍ തുടര്‍ന്നുകൊണ്ടിരുന്നു. നവാഗതരായ വിശ്വാസികളെ ജീവിക്കാന്‍ അവര്‍ അനുവദിച്ചില്ല. പലരേയും വാളിനിരയാക്കി. മആനില്‍ റോം തന്നെ നിശ്ചയിച്ച ഗവര്‍ണറായിരുന്ന ജൂദാം ഗോത്രക്കാരന്‍ ഫര്‍വാബിന്‍ അംറിനെ ചെയ്തതുപോലെ.

ഇതിന്റെയടിസ്ഥാനത്തില്‍ ഹിജ്റ പതിനൊന്നാം വര്‍ഷം സ്വഫര്‍മാസത്തില്‍ സൈദിന്റെ പുത്രന്‍ ഉസാമയുടെ നേതൃത്വത്തില്‍ ഒരുവന്‍ സൈന്യം തന്നെ അവിടുന്നു സജ്ജമാക്കി. ഇവരോട് ഫലസ്തീനിലെ ബല്‍ഖാഅ്, ദാറൂം എന്നീ പ്രദേശങ്ങളിലൂടെ അശ്വസേനയെ നയിക്കാനായിരുന്നു പ്രവാചകന്റെ കല്പന. ഇതുകൊണ്ടവിടുന്നുദ്ദേശിച്ചത് റോം-ബൈസന്റൈന്‍-സേനയെ ഭയപ്പെടുത്തുകയും റോമിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന അറബികളുടെ മനസ്സുകള്‍ക്ക് ധൈര്യം പകരലുമായിരുന്നു. ഇങ്ങനെ, റോമിന്റെ ശക്തി അസ്തമിക്കാത്തതാണെന്ന ധാരണയും ഇസ്ലാമാശ്ളേഷം പ്രശ്ന ജഡിലമാണെന്ന ധാരണയും തിരുത്തിക്കുറിക്കലുമായിരുന്നു.

ഉസാമയുടെ നേതൃത്വം വിമര്‍ശിക്കപ്പെട്ടു. യുവാവായ സൈന്യാധിപന്റെ കീഴില്‍ അണിനിരക്കാന്‍ പലര്‍ക്കും വൈമനസ്യമുണ്ടായി. ഇതറിഞ്ഞ പ്രവാചകന്‍ അവരെ അഭിസംബോധന ചെയ്തു: 'നിങ്ങള്‍ ഉസാമയുടെ നേതൃത്വത്തെ വിമര്‍ശിക്കുന്നുവെങ്കില്‍, ഇതിന് മുമ്പ് നിങ്ങള്‍ അദ്ദേഹത്തിന്റെ പിതാവിന്റെ നേതൃത്വത്തെയും വിമര്‍ശിച്ചവരാണ്. അല്ലാഹുവില്‍ സത്യം! അദ്ദേഹം നേതൃത്വത്തിന് തികച്ചും യോഗ്യനായിരുന്നു. എനിക്കേറ്റം പ്രിയപ്പെട്ടവനുമായിരുന്നു. അദ്ദേഹത്തിനുശേഷം എനിക്കേറ്റം പ്രിയപ്പെട്ടവനാണിദ്ദേഹം.'' 4ഇതോടെ ജനങ്ങള്‍ സൈന്യത്തില്‍ ചേരാനുള്ള താല്പര്യത്തോടെ ഉസാമയ്ക്കു ചുറ്റും തടിച്ചുകൂടി. നാഴികകളോളം അതിന്റെ നിരനീണ്ടുപോയി. പക്ഷേ, പ്രവാചകതിരുമേനിയുടെ രോഗത്തെ സംബന്ധിച്ച ഞെട്ടിക്കുന്ന വാര്‍ത്ത ഈ സേനയെ മാര്‍ച്ച് ചെയ്യുന്നതില്‍നിന്ന് തടഞ്ഞു. അല്ലാഹുവിന്റെ വിധിയറിയാന്‍ അവര്‍ അവിടെത്തന്നെത്തങ്ങി. അല്ലാഹുവിന്റെ തീരുമാനം, ഇതിനെ അബൂബക്കര്‍(റ)വിന്റെ അധികാരകാലത്തെ ആദ്യസൈന്യനിയോഗമാക്കാനായിരുന്നു.5
1. ഇബ്നു ഹിഷാം 2:603, ബുഖാരി 1: 397, മുസ്ലിം1: 397

2. ബുഖാരി 1 :234, തിര്‍മുദി 2: 38, 135. ഇബ്നുമാജ,മിശ്കാത് 1:234

3. പ്രവാചകന്റെ ഹജ്ജിനെ കുറിച്ച വിശദ വിവരങ്ങള്‍ക്ക് ബുഖാരി 1, 2:631, മുസ്ലിം (ഹജ്ജത്തു ന്നബി എന്നാ അദ്ധ്യായം). ഇബ്നു ഹിഷാം 2: 601- 605 തുടങ്ങിയവ നോക്കുക.

4. ബുഖാരി 2: 612 .

5. ബുഖാരി, ഇബ്നു ഹിഷാം 2: 606, 650 .

 


സി. സലീം സുല്ലമി വിവര്‍ത്തനം ചെയ്ത ശൈഖ് സ്വഫീഹുറഹ്മാന്‍ മുബാറക് പൂരിയുടെ 'അര്‍റഹീക്വുല്‍ മഖ്തൂം' എന്ന ഗ്രന്ഥത്തില്‍ നിന്ന്...

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH