Search

mahonnathan

JA slide show

നബി ചരിത്രം

ഇസ്ലാമിലേക്കുള്ള പ്രവാഹം Print E-mail

മക്കാവിജയത്തോടെ സത്യവും അസത്യവും അടിസ്ഥാനപരമായി വേര്‍തിരിയുകയും ജനമനസ്സുകളില്‍ സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്തതോടെ ആളുകള്‍ ഇസ്ലാമിലേക്ക് കൂട്ടമായി ഒഴുകാന്‍ തുടങ്ങി. അംറുബ്നു സലമ പറയുന്നു: 'ജനങ്ങള്‍ സഞ്ചരിക്കുന്ന ഒരു ഉറവ ജലത്തിന് സമീപമായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. ജനങ്ങള്‍ അവരുടെ വാഹനങ്ങളില്‍ അതുവഴി കടന്നുപോകുമ്പോള്‍ ഞങ്ങള്‍ ചോദിക്കും. 'എന്തുപറ്റി ജനങ്ങള്‍ക്ക്? ഏതാണ് ആ മനുഷ്യന്‍? (പ്രവാചകനെയാണ് ഉദ്ദേശിക്കുന്നത്) യാത്രികര്‍ പറയും: അദ്ദേഹം അല്ലാഹുവിന്റെ ദൂതനാണെന്നാണ് വാദിക്കുന്നത്. ചില സന്ദേശങ്ങളെല്ലാം അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. എന്നും ഞാനാവാക്കുകള്‍ ശ്രദ്ധിക്കുകയും അതെന്റെ മനസ്സില്‍ വേരുപിടിക്കുകയും ചെയ്തിരുന്നു. അറബികള്‍ അവരുടെ ഇസ്ലാം പ്രഖ്യാപിക്കാന്‍ മക്കാവിജയം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അവര്‍ പറയുമായിരുന്നു, അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ജനതയേയും അവരുടെ പാട്ടിന് വിട്ടേക്കുക. അദ്ദേഹം നിങ്ങളുടെ മേല്‍ വിജയം വരിക്കുകയാണെങ്കില്‍ അദ്ദേഹം സത്യവാനായ പ്രവാചകന്‍ തന്നെയാണ്. അങ്ങനെ മക്കാവിജയം നടന്നതോടെ ജനങ്ങളെല്ലാം അവരുടെ ഇസ്ലാം പ്രഖ്യാപനവുമായി രംഗത്തുവന്നു. എന്റെ പിതാവ് എന്റെ ജനങ്ങള്‍ക്ക് മുമ്പേ ഇസ്ലാം സ്വീകരിച്ചു. അദ്ദേഹം തിരിച്ചുവന്നു പറഞ്ഞു. അല്ലാഹുവില്‍ സത്യം! ഞാന്‍ നിങ്ങളുടെ അടുക്കല്‍ വന്നിരിക്കുന്നത് സത്യവാനായ ഒരു പ്രവാചകന്റെ അടുക്കല്‍നിന്നാണ്. അദ്ദേഹം കല്പിക്കുന്നത് ചില പ്രത്യേക സമയങ്ങളില്‍ പ്രത്യേക രൂപത്തില്‍ നമസ്കരിക്കണമെന്നാണ്. നമസ്കാര സമയമായാല്‍ കൂട്ടത്തില്‍ ഒരാള്‍ ബാങ്ക് വിളിക്കുകയും ക്വുര്‍ആന്‍ കൂടുതല്‍ പഠിച്ച ആള്‍ നമസ്കാരത്തിന് നേതൃത്വം നല്കുകയും ചെയ്യുകയെന്നതാണ്. (1)

മക്കാവിജയം സംഭവഗതികളെ എങ്ങനെ മാറ്റിമറിച്ചുവെന്നും അറബികള്‍ക്ക് ഇസ്ലാമിനോടുള്ള തങ്ങളുടെ നിലപാട് നിര്‍ണയിക്കുന്നതിലും ഇസ്ലാമിന് കീഴൊതുങ്ങുന്നതിലും എത്രമാത്രം സ്വാധീനിച്ചുവെന്നും ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതിനാല്‍ത്തന്നെ, ഈ രണ്ടുവര്‍ഷങ്ങളിലും -ഒമ്പതും പത്തും- അനേകം ദൌത്യസംഘങ്ങള്‍ മദീനയിലേക്ക് പ്രവഹിക്കുന്നതും സംഘങ്ങളായി ഇസ്ലാം ആശ്ളേഷിക്കുന്നതും നാം കാണുന്നു. മക്കാവിജയ സമയത്ത് മുസ്ലിം സേനാംഗങ്ങളുടെ സംഖ്യ പതിനായിരമായിരുന്നെങ്കില്‍ ഒരു വര്‍ഷം കഴിയുംമുമ്പ് നടന്ന തബൂക്ക് യുദ്ധത്തിന് പുറപ്പെടുമ്പോള്‍ അത് മുപ്പതിനായിരത്തിലേക്കെത്തുന്നു. പിന്നീട് പ്രവാചകന്റെ വിടവാങ്ങല്‍ ഹജ്ജില്‍ അദ്ദേഹത്തിനുചുറ്റും സമ്മേളിച്ച് ചക്രവാളങ്ങളില്‍ അലയൊലി സൃഷ്ടിക്കമാറ് അല്ലാഹുവിന് സ്തുതികീര്‍ത്തനങ്ങള്‍ ആലപിക്കുന്ന അംഗങ്ങള്‍ ഒരു ലക്ഷമാണ്. അല്ലെങ്കില്‍ ഒരു ലക്ഷത്തിനാല്പത്തിനാലായിരം!

ദൌത്യസംഘങ്ങളുടെ ആഗമനം
ഇസ്ലാമിന്റെ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയ ദൌത്യസംഘങ്ങളുടെ എണ്ണം എഴുപതില്‍ കവിയും. അവയെല്ലാം വിശദമായി ഓരോന്നും നാം ഇവിടെ പ്രതിപാദിക്കുന്നില്ല. ചരിത്രപരമായി പ്രാധാന്യമുള്ള ചിലതുമാത്രം സംക്ഷിപ്തമായി പരിചയപ്പെടുത്തുന്നുവെന്ന് മാത്രം. ഇതില്‍ ചിലതെല്ലാം മക്കാവിജയത്തിന് മുമ്പാണെങ്കില്‍ ഭൂരിഭാഗവും മക്കാവിജയത്തിന് ശേഷമാണ് തിരുസന്നിധിയിലെത്തുന്നത്.

അബ്ദുല്‍ഖൈസ്
ഈ ഗോത്രം രണ്ടുതവണ തിരുസന്നിധിയില്‍ ദൌത്യസംഘങ്ങളായി എത്തിയിട്ടുണ്ട്. ഒന്ന് ഹിജ്റ അഞ്ചാം വര്‍ഷമോ അതിന്റെ മുമ്പോ ആണ്. ഈ ഗോത്രത്തിലെ മുന്‍ഖിദ് ബിന്‍ ഹയ്യാന്‍ കച്ചവടാവശ്യാര്‍ഥം മദീനയില്‍ പോകുന്ന വ്യക്തിയായിരുന്നു. അങ്ങനെ ഒരിക്കല്‍ മദീനയിലെത്തിയ ഇദ്ദേഹം പ്രവാചകന്റെ ആഗമനത്തെക്കുറിച്ചറിയുകയും ഇസ്ലാം മനസ്സിലാക്കി ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. എന്നിട്ട് പ്രവാചകന്റെ ഒരെഴുത്തുമായി തന്റെ ജനങ്ങളുടെ അടുക്കലേക്ക് തിരിച്ചുപോയി. അവരും ഇസ്ലാം സ്വീകരിച്ചു. അങ്ങനെ പതിമൂന്നോ പതിനാലോ പേര്‍ പ്രവാചകസന്നിധിയില്‍ എത്തി. ഈ സംഗമത്തില്‍ അവര്‍ വിശ്വാസത്തെക്കുറിച്ചും പാനത്തെക്കുറിച്ചുമെല്ലാം ചോദിച്ചിരുന്നു. ഇവരിലെ മുതിര്‍ന്ന അശജ്ജുല്‍ അസ്വരിയോടാണ് പ്രവാചകന്‍ പറഞ്ഞത്: "താങ്കളില്‍ അല്ലാഹു ഇഷ്ടപ്പെടുന്ന രണ്ട് ഗുണങ്ങളുണ്ട്. വിവേകവും അവധാനതയും.'' ഇവരുടെ രണ്ടാമത്തെ സന്ദര്‍ശനം ദൌത്യസംഘങ്ങളുടെ ഈ വര്‍ഷങ്ങളിലായിരുന്നു. നാല്പത് പേരുണ്ടായിരുന്ന ഈ സംഘത്തില്‍ ജാറൂദ്ബിന്‍ അലാഉല്‍ അബദി എന്ന ഒരു ക്രൈസ്തവനുണ്ടായിരുന്നു. ഇദ്ദേഹം ഇസ്ലാം സ്വീകരിച്ചു.(2)

ദൌസ്സംഘം
ഇവര്‍ തിരുസന്നിധിയിലെത്തിയത് ഹിജ്റ ഏഴാം വര്‍ഷം പ്രവാചകന്‍ ഖൈബറിലായിരിക്കുമ്പോഴാണ്. ദൌസ് ഗോത്രക്കാരന്‍ ത്വൂഫൈല്‍ബിന്‍ അംറ്, പ്രവാചകന്‍ മക്കയിലായിരിക്കെ ഇസ്ലാം സ്വീകരിച്ച സംഭവം നാം നേരത്തെ പരാമര്‍ശിച്ചിട്ടുണ്ട്. ഇദ്ദേഹം തന്റെ ജനങ്ങളിലേക്ക് തിരിച്ചുചെന്ന് അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചെങ്കിലും അവരാരും ഇസ്ലാം സ്വീകരിക്കാന്‍ തയ്യാറായില്ല. നിരാശനായ ഇദ്ദേഹം പ്രവാചകനെ സമീപിച്ച് അവര്‍ക്കെതിരില്‍ പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടു. അവിടുന്ന്, 'അല്ലാഹുവേ, ദൌസ്കാര്‍ക്ക് നീ സന്മാര്‍ഗ്ഗം കാണിക്കേണമേ', എന്ന് പ്രാര്‍ഥിച്ചു. പിന്നീട് ഇവര്‍ മുസ്ലിംകളായി. അങ്ങനെ ത്വൂഫൈല്‍ എഴുപതോ എണ്‍പതോ കുടുംബങ്ങളുമായി മദീനയിലേക്ക് പുറപ്പെട്ടു. ഹിജ്റ ഏഴാം വര്‍ഷത്തിന്റെ ആരംഭത്തിലായിരുന്നു ഇത്. അന്ന് ഖൈബറിലായിരുന്ന പ്രവാചകനുമായി അവിടെവെച്ചവര്‍ സന്ധിച്ചു.

ഫര്‍വബ്നു അംറ് അല്‍ജൂദാമിയുടെ ദൂതന്‍
ഫര്‍വ റോംകാരുടെ ഒരു അറബി സൈന്യാധിപനും റോമിന് സമീപമുള്ള അറബ് പ്രദേശങ്ങളുടെ ഗവര്‍ണറുമായിരുന്നു. ഇദ്ദേഹത്തിന്റെ ആവാസകേന്ദ്രം മആനും അതിനുചുറ്റുമുള്ള സിറിയന്‍ പ്രദേശങ്ങളുമായിരുന്നു. ഹിജ്റ മൂന്നിന് നടന്ന മുഅ്തയുദ്ധത്തില്‍ മുസ്ലിംകളുടെ ധൈര്യവും സ്ഥൈര്യവും ദര്‍ശിച്ച അദ്ദേഹം ഇസ്ലാം സ്വീകരിച്ചു. തന്റെ ഇസ്ലാം സ്വീകരണവിവരം ഇദ്ദേഹം തിരുമേനിയെ ഒരു ദൂതന്‍മുഖേന അറിയിച്ചു. കൂടെ സമ്മാനമായി ഒരു വെളുത്ത കോവര്‍ കഴുതയേയും അയച്ചു. ഇദ്ദേഹം ഇസ്ലാം സ്വീകരിച്ച വിവരമറിഞ്ഞ റോം ഇദ്ദേഹത്തെ തടങ്കലില്‍ വെക്കുകയും മരണത്തെയോ മതപരിത്യാഗത്തെയോ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇദ്ദേഹം മരിക്കാന്‍ തയ്യാറായി. അങ്ങനെ അവര്‍ അദ്ദേഹത്തെ ഫലസ്തീനിലെ അഫ്റാഅ് എന്ന വെള്ളപ്രദേശത്തിനടുത്തുവെച്ച് ശിരസറുത്ത് കൊന്നു. (3)

സ്വൂദാഅ് സംഘം
ഈ സംഘമെത്തിയത് പ്രവാചകന്‍ ഹിജ്റ എട്ടാംവര്‍ഷം ജിഅ്റാനയില്‍നിന്ന് പിരിഞ്ഞ തൊട്ടുടനെയാണ്. പ്രവാചകന്‍ നാനൂറ് പേരുടെ ഒരു സംഘത്തെ സജ്ജമാക്കുകയും അവരോട് യമനിന്റെ ഭാഗത്ത് സ്വുദാഅ് എന്ന സ്ഥലംവഴി യാത്രയാകാന്‍ ആവശ്യപ്പെടുകയും ചെയ്തു. സംഘം സ്വുദാഇലെ സിയാദുബ്നു അല്‍ഹാരിഥിന്റെ പേരിലറിയപ്പെടുന്ന വെള്ളക്കനാലിന് സമീപം താവളമടിച്ചപ്പോള്‍ ഒരാള്‍ പ്രവാചകന്റെ അടുക്കല്‍ വന്ന് പറഞ്ഞു: 'ഞാന്‍ എന്റെ ജനതയുടെ പ്രതിനിധിയാണ്. സൈന്യത്തെ പിന്‍വലിച്ചാല്‍ എന്റെ ജനങ്ങളുടെ കാര്യത്തില്‍ ഞാന്‍ ഉത്തരവാദിത്തമേല്ക്കാം.' സൈന്യത്തെ കനാല്‍ പ്രദേശത്തുനിന്നും പിന്‍വലിച്ചു. ഇദ്ദേഹം തിരിച്ചുചെന്ന് ജനങ്ങളെ പ്രവാചകനെ ചെന്ന് കാണാന്‍ പ്രേരിപ്പിച്ചു. അങ്ങനെ പതിനഞ്ച് പേരുടെ സംഘം പുറപ്പെടുകയും ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. ഇവര്‍ ജനതയിലേക്ക് തിരിച്ചുചെന്ന് ഇസ്ലാമിക പ്രബോധനം നടത്തി. അങ്ങനെ പ്രവാചകന്റെ വിടവാങ്ങല്‍ ഹജ്ജില്‍ ഇവരില്‍നിന്ന് നൂറുപേര്‍ പങ്കെടുത്തു.

കഅ്ബ്ബ്നു സുഹൈറിന്റെ ആഗമനം
ഇദ്ദേഹം ഒരു കവികുടുംബത്തിലെ അംഗവും അറബികളിലെ പ്രശസ്തനായ കവിയുമാണ്. ഇദ്ദേഹം പ്രവാചകന്നെതിരെ ആക്ഷേപകാവ്യങ്ങള്‍ ആലപിച്ചിരുന്നു. ഹിജ്റ എട്ടാംവര്‍ഷം പ്രവാചകന്‍ ത്വാഇഫില്‍നിന്ന് മടങ്ങിയപ്പോള്‍, കഅബിന്റെ സഹോദരന്‍ ബുജൈര്‍ പ്രവാചകന്‍ തന്നെ ഉപദ്രവിക്കുകയും കവിതയിലൂടെ അധിക്ഷേപിക്കുകയും ചെയ്തവരെ മക്കയില്‍ വെച്ച് വധിച്ചിട്ടുണ്ടെന്നും അവശേഷിച്ചവരെല്ലാം നാലുദിക്കും ഓടിരക്ഷപ്പെടുകയും ചെയ്തിട്ടുണ്ടെന്നും കഅബിനെ എഴുതി വിവരമറിയിച്ചു. അതിനാല്‍ ജീവിക്കണമെന്നാഗ്രഹമുണ്ടെങ്കില്‍ അതിദ്രുതം പ്രവാചകനെ കണ്ട് മാപ്പ് പറയുക. മാപ്പുചോദിക്കുന്ന ആരേയും അദ്ദേഹം വധിക്കുകയില്ല. അല്ലാത്തപക്ഷം രക്ഷപ്പെടാനുള്ള മാര്‍ഗമന്വേഷിക്കുക. ഇതിനെത്തുടര്‍ന്ന് രണ്ടുപേര്‍ക്കുമിടയില്‍ ധാരാളം ചര്‍ച്ചകള്‍ ഈ വിഷയകമായി നടന്നു. അങ്ങനെ കഅബിന് ജിവിതം ദുസ്സഹമായിത്തീര്‍ന്നപ്പോള്‍ പ്രവാചകനെ കാണാനായി മദീനയിലേക്ക് പുറപ്പെട്ടു. അവിടെ ഒരു ജുഹൈന ഗോത്രക്കാരന്റെ കൂടെ താമസിക്കുകയും പ്രഭാതനമസ്കാരത്തിന് അദ്ദേഹത്തിന്റെ കൂടെ പള്ളിയിലേക്ക് പുറപ്പെടുകയും ചെയ്തു. നമസ്കാരാനന്തരം പ്രവാചകനെ സമീപിച്ച് അവിടുത്തെ മുന്നില്‍ ഇരുന്ന് അവിടുത്തെ കരം ഗ്രഹിച്ചശേഷം പറഞ്ഞു. (ഇദ്ദേഹത്തെ പ്രവാചകന് അറിയുമായിരുന്നില്ല.) 'അല്ലാഹുവിന്റെ ദൂതരേ, കഅബ്ബ്നു സുഹൈര്‍ പശ്ചാത്തപിച്ചു മുസ്ലിമായിക്കൊണ്ട് അഭയംതേടിയെത്തിയിരിക്കുന്നു. ഞാനദ്ദേഹത്തെ ഇവിടെ ഹാജറാക്കിയാല്‍ അങ്ങ് അദ്ദേഹത്തെ സ്വീകരിക്കുമോ?' തീര്‍ച്ചയായും പ്രവാചകന്‍ പ്രതികരിച്ചു. ഞാനാകുന്നു കഅബ്ബ്നു സുഹൈര്‍? അദ്ദേഹം പറഞ്ഞു. ഇതുകേട്ടപാടെ ഒരു അന്‍സ്വാരി ചാടിയെഴുന്നേറ്റു. പ്രവാചകനോട് അദ്ദേഹത്തിന്റെ ശിരസറുക്കാന്‍ അനുമതി തേടി. പ്രവാചകന്‍ പറഞ്ഞു: 'അദ്ദേഹത്തെ വിട്ടേക്കൂ.' അദ്ദേഹം എത്തിയിട്ടുള്ളത് പശ്ചാത്താപ ഭരിതനായിക്കൊണ്ടാണ്. തുടര്‍ന്നദ്ദേഹം തന്റെ പ്രശസ്തമായ ബാനത് സുആദ് എന്ന പ്രവാചകവര്‍ണനകാവ്യം ആലപിക്കുകയുണ്ടായി.

അതിലെ ആദ്യവരികള്‍ ഇങ്ങനെയായിരുന്നു:
'സുആദ് വിടപറഞ്ഞു
ആ വിരഹമെന്റെ മനസ്സിനെ തകര്‍ത്തു.
അനാഥമാക്കുകയും ചെയ്തു.
പ്രായശ്ചിത്തം നല്കാനാകാതെ ബന്ധിതമിന്നും മനസ്സ്.' തുടര്‍ന്നദ്ദേഹം പ്രവാചകനെ പുകഴ്ത്തിയും ക്ഷമാപണം നടത്തിയും ആലപിച്ച വരികളില്‍ ചിലതാണ് താഴെ:
ദൈവദൂതര്‍ എന്നെ ഭീഷണിപ്പെടുത്തിയതറിഞ്ഞു.
മാപ്പു പ്രതീക്ഷിക്കേണ്ടതും ദൈവദൂതരില്‍നിന്നല്ലോ.
സാവധാനം!
ഉപദേശ-നിര്‍ദേശങ്ങളാല്‍ ധന്യമാം ക്വുര്‍ആന്‍
വഴിതുറക്കട്ടെ അങ്ങേക്കുമുമ്പില്‍
ശിക്ഷിക്കരുതെന്നെ അങ്ങ്,
കുറ്റമൊന്നും ചെയ്തില്ല ഞാന്‍,
വ്യാപകമാം ഏഷണികളുണ്ടെങ്കിലും
പ്രകാശം പൊഴിക്കുന്ന ഒരു വെളിച്ചമാണ്
ദൈവദൂതര്‍, ദൈവത്തിന്റെ ഉറയൂരിയ
ഖഡ്ഖവും ഇന്ത്യന്‍ നിര്‍മിതവും.
തുടര്‍ന്നദ്ദേഹം മുഹാജിറുകളേയും ക്വുറൈശികളേയും പുകഴ്ത്തുകയും ഇതിന്നിടയില്‍ അന്‍സ്വാറുകളെ ചെറുതായി സ്പര്‍ശിക്കുകയും ചെയ്തു. ഒരു അന്‍സ്വാരിയാണല്ലോ അദ്ദേഹത്തിന്റെ തലയെടുക്കാന്‍ പ്രവാചകനോട് അനുമതി തേടിയത്. തുടര്‍ന്ന് ഇസ്ലാം സ്വീകരിച്ച് ഒരു നല്ല മുസ്ലിമായി ജീവിച്ചു. പിന്നീടൊരിക്കല്‍ മറ്റൊരു കാവ്യത്തില്‍ അന്‍സ്വാറുകളുടെ ഗുണഗണങ്ങളെടുത്തോതി അവരെ പുകഴ്ത്തുകയുമുണ്ടായി.

ഉദ്റ സംഘം
ഇവര്‍ ഹിജ്റ ഒമ്പതാംവര്‍ഷം സ്വഫര്‍ മാസത്തിലാണ് ആഗതരാകുന്നത്. പന്ത്രണ്ടുപേരടങ്ങുന്ന ഈ സംഘത്തില്‍ ഹംസബ്നു നുഅ്മാനുമുണ്ടായിരുന്നു. ആരാണ് നിങ്ങളെന്ന് ചോദിക്കപ്പെട്ടപ്പോള്‍ അവര്‍ മറുപടി പറഞ്ഞത്, ഞങ്ങള്‍ ഉദ്റ ഗോത്രക്കാരാണ് ഖുസ്വയ്യിന്റെ ഉമ്മ വഴിക്കുള്ള സഹോദരങ്ങള്‍. ഞങ്ങളാണ് ഖുസാഅക്കും ബക്റിനുമെതിരില്‍ മക്കയില്‍വെച്ച് ഖുസ്വയ്യിനെ സഹായിച്ചത്. നബി(സ) അവര്‍ക്ക് സ്വാഗതമോതി. സിറിയ ജയിച്ചടക്കുമെന്ന് അവരെ സുവിശേഷമറിയിച്ചു. ജ്യോത്സ്യന്മാരെ സമീപിക്കുന്നതും അല്ലാഹു അല്ലാത്തവര്‍ക്കുള്ള ബലികര്‍മവും പ്രവാചകന്‍ അവരോട് വിരോധിച്ചു. ഇവരെല്ലാം മുസ്ലിംകളായി, കുറച്ചുനാള്‍ അവിടെ തങ്ങിയശേഷം തിരിച്ചുപോയി.

ബല്ലിയ് സംഘം
ഹിജ്റ ഒമ്പതാംവര്‍ഷം റബീഉല്‍ അവ്വലിലായിരുന്നു ഇവരുടെ ആഗമനം. ഇവര്‍ ഇസ്ലാം സ്വീകരിച്ചു, മദീനയില്‍ മൂന്നുനാള്‍ തങ്ങി. ഇവരുടെ നേതാവ് അബൂഅള്ളു ബൈബ് പ്രവാചകനോട് ആതിഥ്യത്തിന് പ്രതിഫലം ലഭിക്കുമോ എന്ന് ചോദിച്ചു. അവിടുന്ന് പറഞ്ഞു. 'തീര്‍ച്ചയായും, ഏത് നന്മയും അത് ദരിദ്രനാകട്ടെ ധനികനാകട്ടെ ആര്‍ക്ക് നല്കിയാലും അതൊരു ധര്‍മമാണ്.' പിന്നീട് ആതിഥ്യത്തിന്റെ ദിവസങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ മൂന്നുദിവസമെന്നവിടുന്ന് മറുപടി പറഞ്ഞു. നഷ്ടപ്പെട്ട ആടിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അത് താങ്കള്‍ക്കോ താങ്കളുടെ മറ്റൊരു സഹോദരനോ ചെന്നായക്കോ ഉള്ളതാണെന്ന് പ്രതികരിച്ചു. നഷ്ടപ്പെട്ട ഒട്ടകത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ അവിടുന്ന് പറഞ്ഞു. 'താങ്കള്‍ക്കെന്താണതില്‍? അതിനെ വിട്ടേക്കുക, അത് ഉടമസ്ഥനെ കണ്ടെത്തട്ടെ.'

ഥഖീഫ് സംഘം
ഹിജ്റ ഒമ്പതാം വര്‍ഷം റമദാനില്‍ ആഗതരായ ഈ ഗോത്രത്തിന്റെ ഇസ്ലാം സ്വീകരണ സംഭവം ഇങ്ങനെയാണ്. ഇവരുടെ നേതാവ് ഉര്‍വബ്നു മസ്ഊദ്, ഹിജ്റ എട്ടാം വര്‍ഷം ദുല്‍ഖഅദയില്‍ പ്രവാചകന്‍ ത്വായിഫില്‍നിന്ന് മടങ്ങുന്ന വഴി അദ്ദേഹത്തെ ചെന്ന് കാണുകയും ഇസ്ലാം സ്വീകരിച്ച് സ്വദേശത്തേക്ക് മടങ്ങുകയും ചെയ്തു. തന്റെ ജനങ്ങള്‍ക്കിടയില്‍ സര്‍വസമ്മതനും സ്വീകാര്യനുമായ ഇദ്ദേഹം താന്‍ ക്ഷണിച്ചാല്‍ അവരെല്ലാം ഇസ്ലാം സ്വീകരിക്കുമെന്ന് പ്രത്യാശിച്ചു. ഇതനുസരിച്ച് അവരെ ക്ഷണിച്ചെങ്കിലും അവരെല്ലാം ചേര്‍ന്ന് അദ്ദേഹത്തെ അമ്പെയ്തുകൊന്നുകളഞ്ഞു. ഒരുമാസം കഴിഞ്ഞ് പ്രശ്നം അവരെല്ലാം ഒന്ന് കൂടിയാലോചിച്ചു. തങ്ങള്‍ക്ക് ചുറ്റും പ്രവാചകനോട് കരാറിലേര്‍പ്പെടുകയും ഇസ്ലാം സ്വീകരിക്കുകയും ചെയ്ത ഗോത്രങ്ങളെ ചെറുത്തുനില്ക്കാന്‍ തങ്ങള്‍ക്കാവില്ലെന്ന് അവര്‍ക്ക് ബോധ്യമായി. അങ്ങനെ ഒരാളെ തെരഞ്ഞെടുത്ത് പ്രവാചകന്റെ അടുത്തേക്ക് അയക്കാന്‍ അവര്‍ തീരുമാനിച്ചു. ഇതിന്നായി അബ്ദ്യാലീല്‍ ബിന്‍ അംറ് എന്നയാളെ സമീപിച്ചെങ്കിലും അദ്ദേഹം അതിന് സന്നദ്ധനായില്ല. തനിക്കും ഉര്‍വയുടെ അനുഭവം തന്നെയായിരിക്കും മടങ്ങിയെത്തിയാലുണ്ടാവുകയെന്നദ്ദേഹം ഭയപ്പെട്ടു. എന്റെ കൂടെ മറ്റുചിലരെക്കൂടി അയച്ചാലല്ലാതെ താന്‍ പോവുകയില്ലെന്നദ്ദേഹം അറിയിച്ചു. അങ്ങനെ സഖ്യകക്ഷികളില്‍നിന്ന് രണ്ടുപേരെയും ബനൂമാലികില്‍നിന്ന് മൂന്നുപേരെയും അദ്ദേഹത്തിന് കൂട്ടായി അയച്ചുകൊടുത്തു. മൊത്തം ആറുപേരുണ്ടായിരുന്ന ഇവരില്‍ ഏറ്റം യുവാവായ ഉഥ്മാന്‍ബിന്‍ അബ്ദുല്‍ ആസ്വ് അഥ്ഥഖ്ഫിയുമുണ്ടായിരുന്നു.

മദീനയിലെത്തിയ ഇവര്‍ക്ക് പ്രവാചകന്‍ പള്ളിയുടെ ഒരുഭാഗത്ത് ഒരു കൂടാരം പണിതു. അവിടെയിരുന്ന് ക്വുര്‍ആന്‍ പാരായണം ശ്രവിക്കാനും ജനങ്ങള്‍ നമസ്കരിക്കുന്നതുകാണാനുമായിരുന്നു ഇത്. ഇതിന്നിടയില്‍ ഇവര്‍ പലപ്പോഴായി പ്രവാചകനെ സന്ദര്‍ശിച്ചു. പ്രവാചകന്‍ അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ടുമിരുന്നു. അവസാനം അവരുടെ നേതാവ് ഥഖീഫ് ഗോത്രത്തില്‍ നടപ്പാക്കാവുന്ന ഒരു കരാര്‍പത്രം എഴുതിത്തരാന്‍ പ്രവാചകനോട് ആവശ്യപ്പെട്ടു. അതില്‍ വ്യഭിചാരം, മദ്യപാനം, പലിശഭോജനം എന്നിവ അനുവദിക്കാനും തങ്ങളുടെ ലാത് വിഗ്രഹത്തെ ആരാധനക്കായി അവര്‍ക്ക് തന്നെ വിട്ടുകൊടുക്കാനും നമസ്കാരനിര്‍വഹണത്തില്‍നിന്ന് തങ്ങളെ ഒഴിവാക്കിത്തരാനും തങ്ങളുടെ വിഗ്രഹങ്ങളെ തങ്ങളുടെ കരങ്ങള്‍ക്കൊണ്ട് തകര്‍ക്കാതിരിക്കാനും വ്യവസ്ഥയുണ്ടായിരിക്കണമെന്നവര്‍ ആവശ്യപ്പെട്ടു. ഇതിലൊന്നുംതന്നെ പ്രവാചകന്‍ അനുവദിച്ചുകൊടുത്തില്ല. അവസാനം കൂടിയാലോചനക്ക് ശേഷം പ്രവാചകന് കീഴൊതുങ്ങുകയല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ലെന്ന് അവര്‍ മനസ്സിലാക്കി. അവര്‍ കീഴൊതുങ്ങുകയും ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. പക്ഷെ, അവരൊരു വ്യവസ്ഥവെച്ചു, ലാത്ത വിഗ്രഹത്തെ തങ്ങളുടെ കരങ്ങള്‍ക്കൊണ്ട് തകര്‍ക്കുകയില്ല, അതിന്റെ ഉത്തരവാദിത്തം പ്രവാചകന്‍ ഏറ്റെടുക്കണം എന്നായിരുന്നു അത്. ഇത് പ്രവാചകന്‍ അംഗീകരിച്ചുകൊടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് രേഖ കൈമാറുകയും ചെയ്തു.

ഇവരുടെ നേതാവായി യുവാവായ ഉഥ്മാന്‍ബിന്‍ അബ്ദുല്‍ ആസ്വിനെ പ്രവാചകന്‍ നിശ്ചയിച്ചു. ഇതിനുകാരണം ഇദ്ദേഹം ക്വുര്‍ആന്‍ പഠനത്തിലും മതപഠനത്തിലും ഏറെ തല്പരനായിരുന്നുവെന്നതാണ്. സംഘാംഗങ്ങള്‍ എല്ലാ ദിവസവും കാലത്ത് പ്രവാചകനെ സന്ദര്‍ശിക്കാന്‍ പുറപ്പെടുമ്പോള്‍ ഇദ്ദേഹത്തെയാണ് താമസസ്ഥലത്ത് നിര്‍ത്തിയിരുന്നത്. ഇവര്‍ മടങ്ങിയെത്തിയാല്‍ ഉഥ്മാന്‍ അതിദ്രുതം പ്രവാചകന്റെ സമീപത്തേക്ക് കുതിക്കുകയും ക്വുര്‍ആന്‍ കേട്ട് പഠിക്കുകയും ചെയ്യും. തിരുമേനി ഉറങ്ങുകയാണെങ്കില്‍ ഇതിന്നായി അബൂബക്കര്‍(റ)വിനെ സമീപിക്കും. (ഇദ്ദേഹം തന്റെ ജനതയ്ക്ക് വലിയ ഒരനുഗ്രഹം തന്നെയായിരുന്നു. പില്‍ക്കാലത്ത് ഇവര്‍ മതപരിത്യാഗത്തിന് ഒരുങ്ങിയപ്പോള്‍ ഇദ്ദേഹം അവരോട് പറഞ്ഞു. ഥഖീഫുകാരേ, നിങ്ങള്‍ അവസാനകാലത്ത് ഇസ്ലാം സ്വീകരിച്ചവരാണ്. നിങ്ങള്‍ ആദ്യംതന്നെ ഇത് പരിത്യജിക്കുന്നവരാകരുത്. ഇതിന്റെ അടിസ്ഥാനത്തില്‍ അവരെല്ലാം ഇസ്ലാമില്‍ത്തന്നെ ഉറച്ചുനിന്നു.)

ദൌത്യസംഘം തിരിച്ചുചെന്നു. ഉണ്ടായ സംഭവങ്ങള്‍ തങ്ങളുടെ ജനതയില്‍ നിന്നവര്‍ മറച്ചുവെച്ചു. അവര്‍ പ്രവാചകന്‍ പറഞ്ഞതുപോലെ ഇസ്ലാം സ്വീകരിക്കാതിരിക്കുകയോ വ്യഭിചാരവും മദ്യപാനവും പലിശഭോജനവും വര്‍ജിക്കാതിരിക്കുകയോ ചെയ്യുകയാണെങ്കില്‍ യുദ്ധമുണ്ടാകുമെന്ന് അവരെ ഭീഷണിപ്പെടുത്തുകയും ദുഃഖം പ്രകടിപ്പിക്കുകയും ചെയ്തു. അജ്ഞാതകാലഘട്ടത്തിന്റെ ദുരഭിമാനം അതോടെ അവരെ പിടികൂടി. അവര്‍ രണ്ടോ മൂന്നോ ദിവസം യുദ്ധത്തിനുള്ള തീരുമാനവുമായി കാത്തിരുന്നു. അവസാനം അവരുടെ ഹൃദയങ്ങളില്‍ അല്ലാഹു ഭീതി ജനിപ്പിച്ചു. അവര്‍ ദൌത്യസംഘത്തോട് പറഞ്ഞു: നിങ്ങള്‍ തിരിച്ചുചെന്ന് അദ്ദേഹം പറഞ്ഞതുപോലെ തീരുമാനമാക്കി പോരുക. അതോടെ അവര്‍ തങ്ങളുടെ യഥാര്‍ഥ സ്ഥിതി അവരുടെ മുമ്പില്‍ വ്യക്തമാക്കി. പ്രവാചകനുമായുണ്ടാക്കിയ കരാറും അവരുടെ മുമ്പില്‍ ബോധ്യപ്പെടുത്തി. അങ്ങനെ ഥഖീഫ് ഗോത്രം മുഴുവനും ഇസ്ലാം സ്വീകരിച്ചു.
പ്രവാചകന്‍ ഖാലിദ്ബ്നു വലീദിന്റെ നേതൃത്വത്തില്‍ ഒരു സംഘം ആളുകളെ ലാതയെ തകര്‍ക്കാന്‍ നിശ്ചയിച്ചു.

അവിടെയെത്തിയ സംഘത്തില്‍നിന്ന് മുഗീറത്തുബ്നു ശുഅബ ഒരു തമാശ കാണിച്ചു. ഞാനൊരു തമാശ കാണിക്കുന്നുവെന്ന് പറഞ്ഞ് അദ്ദേഹം ഒരു വലിയ മഴുവെടുത്ത് ലാത്തയെ ഉടച്ചു. ഉടനെത്തന്നെ നിലത്തുവീണ് തുള്ളാന്‍ തുടങ്ങി. ത്വാഇഫുകാരെല്ലാം ഇളകി. മുഗീറയെ അല്ലാഹു ശപിച്ചിരിക്കുന്നു. ലാത ദേവത മുഗിറയെ കൊന്നുകളഞ്ഞു. അവരെല്ലാം ആര്‍ത്തട്ടഹസിച്ചു. പെട്ടെന്ന് ചാടിയെണീറ്റ മുഗീറ പ്രഖ്യാപിച്ചു. നിങ്ങള്‍ക്ക് നാശം! ലാത വെറും കല്ലും മണ്ണുമാണ്. തുടര്‍ന്നദ്ദേഹം വാതില്‍ തച്ചുതകര്‍ക്കുകയും ചുമര് ചാടിക്കടക്കുകയും ചെയ്തു. പിറകെ മറ്റെല്ലാവരും കയറി എല്ലാം ഇടിച്ചുതകര്‍ത്ത് മണ്ണോട് ചേര്‍ത്തു. അതിന്റെ അടിത്തറ കുഴിച്ച് അവിടത്തെ നിധിശേഖരങ്ങളെല്ലാം അവര്‍ കൈയിലാക്കി. ഥഖീഫുകാര്‍ ഇതെല്ലാം കണ്ട് സ്തംബ്ധരായി നിന്നുപോയി! അവസാനം ഖാലിദ് അവിടത്തെ തിരുവാഭരണങ്ങും ചേലകളുമെല്ലാം കൊണ്ട് തന്റെ സംഘത്തോടൊപ്പം മദീനയിലേക്ക് തിരിച്ചു. ഇവയെല്ലാം അന്നുതന്നെ അവര്‍ക്കിടയില്‍ പ്രവാചകന്‍ വീതിച്ചു. അല്ലാഹു തന്നെ സഹായിച്ചതിലും മതത്തെ ശക്തിപ്പെടുത്തിയതിലും പ്രവാചകന്‍ അല്ലാഹുവിനെ അകമഴിഞ്ഞ് സ്തുതിച്ചു. (4)

യമന്‍ രാജാക്കന്മാരുടെ സന്ദേശം
നബി(സ) തബൂക്കില്‍ നിന്ന് തിരിച്ചെത്തിയശേഷം യമനിലെ ഹിംയര്‍ രാജാക്കന്മാരായ ഹാരിഥുബ്നു അബ്ദുകുലാല്‍, നുഐം ബിന്‍ അബ്ദുകുലാല്‍, നുഅ്മാന്‍, ഖൈലുദൂറഈന്‍, ഹമദാന്‍, മആഫിര്‍ എന്നിവര്‍ മാലികുബ്നു മുര്‍റ അര്‍റഹാവിയുടെ അടുക്കല്‍ തങ്ങള്‍ ബഹുദൈവാരാധന കയ്യൊഴിച്ച് ഇസ്ലാം സ്വീകരിച്ചതായി പ്രവാചകന് സന്ദേശമയച്ചു. പ്രവാചകന്‍ അവര്‍ക്കയച്ച സന്ദേശത്തില്‍ മുസ്ലിംകളുടെ ബാധ്യതയും കടപ്പാടും വിശദീകരിക്കുകയും ജിസ്യ നല്കുന്ന കാലമത്രയും മുസ്ലിംകളുമായി കരാറില്‍ കഴിയുന്നവര്‍ക്ക് അല്ലാഹുവിന്റേയും അവന്റെ ദൂതരുടേയും സംരക്ഷണമുണ്ടായിരിക്കുന്നതാണെന്ന് ഉറപ്പ് നല്കുകയും ചെയ്തു. അവര്‍ക്ക് പ്രബോധകരുടെ ഒരു സംഘം ആളുകളെ പ്രവാചകന്‍ അയച്ചുകൊടുത്തു. അവരുടേ നേതാവ് മുആദ്ബ്നു ജബല്‍ ആയിരുന്നു. മുആദിനെ മേലേകൂറയുടെ- സുകൂനിനും സകാസിനുമിടയില്‍ ഏദന്റെ ഭാഗം- മേധാവിയായി നിശ്ചയിച്ചു. യുദ്ധത്തിന്റെ നേതാവും ജിസ്യയും സകാത്തും പിരിച്ചെടുക്കുന്ന ഗവര്‍ണറും അഞ്ച് സമയത്തെ നമസ്കാരങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഇമാമും എല്ലാം ഇദ്ദേഹമായിരുന്നു. താഴെ കൂറയിലേക്ക് അബൂമുസല്‍ അശ്അരിയെ നിയോഗിച്ചു. സുബൈദ്, മഅ്റബ്, സമഅ്, സാഹില്‍ എന്നിവയായിരുന്നു ഇദ്ദേഹത്തിന്റെ അധികാരപ്രദേശങ്ങള്‍. പ്രവാചകന്‍ അവരോട് പറഞ്ഞു: "നിങ്ങള്‍ ലളിതമാക്കുക, പ്രയാസമുണ്ടാക്കരുത്, ജനങ്ങള്‍ക്ക് സുവിശേഷമറിയിക്കുക അവരെ വിരട്ടരുത്. പരസ്പരം ഇണങ്ങുക ഭിന്നിക്കരുത്,'' പ്രവാചകന്‍ മരിക്കുന്നതുവരേയും മുആദ് യമനില്‍ തന്നെ കഴിച്ചുകൂട്ടി. അബൂമൂസല്‍ അശ്അരിയാകട്ടെ പ്രവാചകന്റെ വിടവാങ്ങല്‍ ഹജ്ജ് സമയത്ത് അദ്ദേഹവുമായി സന്ധിച്ചു.

ഹംദാന്‍ സംഘം
ഹിജ്റ ഒമ്പതാംവര്‍ഷം പ്രവാചകന്‍ തബൂക്കില്‍നിന്ന് മടങ്ങിയെത്തിയ ശേഷമാണ് ഇവര്‍ തിരുസന്നിധിയിലെത്തുന്നത്. അവര്‍ ആവശ്യപ്പെട്ടത് അംഗീകരിച്ചുകൊണ്ട് പ്രവാചകന്‍ അവര്‍ക്ക് കരാര്‍ പത്രം എഴുതി നല്കുകയുണ്ടായി. അവരുടെ നേതാവായി മാലികുബ്നു നമത്വിനെ നിശ്ചയിച്ചുകൊടുത്തു. ഇദ്ദേഹമായിരുന്നു അവരിലെ മുസ്ലിംകളുടെ കാര്യം ശ്രദ്ധിച്ചിരുന്നത്. അവശേഷിച്ചവരെ ഇസ്ലാമിലേക്ക് ക്ഷണിക്കാനായി ഖാലിദുബ്നുവലീദിനെയും നിശ്ചയിച്ചു. ആറുമാസം പ്രബോധനപ്രവര്‍ത്തനങ്ങളുമായി ഖാലിദ് അവിടെ തങ്ങിയെങ്കിലും അവര്‍ ഇസ്ലാം സ്വീകരിച്ചില്ല. ഖാലിദിനെ പിന്തുടരാന്‍ പറഞ്ഞുകൊണ്ട് അലിയെ പ്രവാചകന്‍ അങ്ങോട്ട് നിശ്ചയിച്ചു. അലി ഹംദാനിലെത്തി പ്രവാചകന്റെ സന്ദേശം അവരെ വായിച്ചുകേള്‍പ്പിച്ചു. അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തു. അവരൊന്നടങ്കം ഇസ്ലാം ആശ്ളേഷിച്ചു. ഇവരുടെ ഇസ്ലാം സ്വീകരണവാര്‍ത്ത അലി കത്തുമുഖേന തിരുമേനിയെ അറിയിച്ചു. കത്തുവായിച്ച പ്രവാചകന്‍ സുജൂദില്‍വീണു. തുടര്‍ന്ന് ശിരസുയര്‍ത്തി അവിടുന്ന് പറഞ്ഞു: 'ഹംദാന്‍കാര്‍ക്ക് സമാധാനം! ഹംദാന്‍കാര്‍ക്ക് സമാധാനം!'

ബനൂഫസാറ സംഘം
ഹിജ്റ ഒമ്പതാം വര്‍ഷം പ്രവാചകന്‍ തബൂക്കില്‍നിന്നു മടങ്ങിയെത്തിയ ശേഷമാണ് ഇവരെത്തിയത്. ഇസ്ലാം അംഗീകരിച്ചുകൊണ്ട് പത്തിലധികം പേര്‍ അവരില്‍നിന്ന് വന്നു. തങ്ങളുടെ നാട്ടിലെ വരള്‍ച്ചയെക്കുറിച്ച് പ്രവാചകനോട് അവര്‍ ആവലാതിപ്പെട്ടപ്പോള്‍ അവിടുന്ന് മിമ്പറില്‍ കയറി ഇരുകരങ്ങളുമുയര്‍ത്തി മഴയ്ക്കുവേണ്ടി പ്രാര്‍ഥിച്ചു: "അല്ലാഹുവേ, നിന്റെ നാടിനും കന്നുകാലികള്‍ക്കും നീ മഴ വര്‍ഷിപ്പിക്കേണമേ, നിന്റെ കാരുണ്യം വിന്യസിപ്പിക്കുകയും നിര്‍ജീവ നാടിനെ സജീവമാക്കുകയും ചെയ്യേണമേ, അല്ലാഹുവേ, കണ്‍കുളിര്‍ക്കുന്ന ആശ്വാസകരമായ, വിശാലമായ മഴ താമസമില്ലാതെ ഞങ്ങളില്‍ നീ ചൊരിയേണമേ, ഉപകരിക്കുന്നതും ഉപദ്രവമില്ലാത്തതുമായ മഴ. കാരുണ്യത്തിന്റെ വര്‍ഷം, ശിക്ഷയുടേതല്ല നാഥാ. നാശത്തിന്റേതോ കഷ്ടപ്പാടിന്റെയോ അല്ല. അല്ലാഹുവേ, ഞങ്ങള്‍ക്കു നീ മഴ ചൊരിയുകയും ശത്രുക്കള്‍ക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ.''

നജ്റാന്‍ സംഘം
മക്കയില്‍നിന്ന് യമനിന്റെ ഭാഗത്തേക്ക് ഏഴ് മര്‍ഹല (ഒരു മര്‍ഹല= ഒരു ദിവസത്തെ യാത്ര. ഏകദേശം നാല്പത്തി ഒന്ന് മൈല്‍) അകലത്തില്‍ സ്ഥിതിചെയ്യുന്ന വിശാലമായ ഒരു പ്രദേശമാണ് നജ്റാന്‍. എഴുപത്തിമൂന്ന് ഗ്രാമങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണീ പ്രദേശം. ഒരുലക്ഷം അംഗബലമുള്ള ഒരു ക്രൈസ്തവ സേനയായിരുന്നു ഇവരുടെ സൈന്യം.
ഹിജ്റ ഒമ്പതാം വര്‍ഷത്തിലായിരുന്നു ഈ സംഘത്തിന്റെ ആഗമനം. അറുപത് പേരടങ്ങുന്ന ഈ സംഘത്തില്‍ ഇരുപത്തിനാല് പേര്‍ പ്രമുഖരും അവരില്‍ത്തന്നെ മൂന്നുപേര്‍ നജ്റാന്റെ നേതൃസ്ഥാനം അലങ്കരിക്കുന്നവരുമായിരുന്നു. അതിലൊന്ന് അല്‍ ആഖിബ് എന്ന പദവിയലങ്കരിച്ചിരുന്ന ആളാണ്. നേതൃത്വവും ഭരണവും ഇദ്ദേഹത്തിന്റെ ഉത്തരവാദിത്തത്തിലായിരുന്നു. പേര്‍ അബ്ദുല്‍ മസീഹ്. രണ്ടാമത്തേത് അസ്സയ്യിദ്. രാഷ്ട്രീയ സാംസ്കാരിക കാര്യങ്ങള്‍ ഇദ്ദേഹത്തിനായിരുന്നു. പേര്‍ അല്‍ അയ്ഹം, അല്ലെങ്കില്‍ ശുറഹ്ബീല്‍. മൂന്നാമത്തേത് അല്‍ അസ്ഖഫ്. മത-ധാര്‍മ്മിക നേതൃത്വം ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ഇദ്ദേഹത്തിന്റെ പേര്‍ അബൂഹാരിഥബ്നു അല്‍ഖമ.
ദൌത്യസംഘം മദീനയിലെത്തി പ്രവാചകനുമായി സംസാരിച്ചു. പ്രവാചകന്‍ അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ക്വുര്‍ആന്‍ പാരായണം ചെയ്ത് കേള്‍പ്പിക്കുകയും ചെയ്തു. അവസാനം അവര്‍ ഈസ(അ)യെക്കുറിച്ച് എന്തുപറയുന്നു എന്നന്വേഷിച്ചു. ഇതിന് തല്ക്കാലം മറുപടിയൊന്നും പറഞ്ഞില്ല. പിന്നീട് ക്വുര്‍ആന്‍ സൂക്തം അവതരിപ്പിച്ചപ്പോള്‍ പ്രവാചകന്‍ അത് പാരായണം ചെയ്തുകൊടുത്തു.

"അല്ലാഹുവെ സംബന്ധിച്ചേടത്തോളം ഈസായെ ഉപമിക്കാവുന്നത് ആദമിനോടാകുന്നു. അവനെ(അവന്റെ രൂപം) മണ്ണില്‍നിന്നവന്‍ സൃഷ്ടിച്ചു. പിന്നീട് അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞപ്പോള്‍ അവന്‍ (ആദം) അതാ ഉണ്ടാകുന്നു. സത്യം നിന്റെ രക്ഷിതാവില്‍ നിന്നുള്ളതാകുന്നു. ആകയാല്‍ നീ സംശയാലുക്കളില്‍ പെട്ടുപോകരുത്. ഇനി നിനക്ക് അറിവ് വന്നുകിട്ടിയതിനുശേഷം അവന്റെ (ഈസയുടെ) കാര്യത്തില്‍ നിന്നോട് ആരെങ്കിലും തര്‍ക്കിക്കുകയാണെങ്കില്‍ നീ പറയുക: നിങ്ങള്‍ വരൂ. ഞങ്ങളുടെ മക്കളെയും നിങ്ങളുടെ മക്കളെയും ഞങ്ങളുടെ സ്ത്രീകളെയും നിങ്ങളുടെ സ്ത്രീകളെയും നമുക്ക് വിളിച്ചുകൂട്ടാം. ഞങ്ങളും നിങ്ങളും (കൂടുകയും ചെയ്യാം) എന്നിട്ട് കള്ളംപറയുന്ന കക്ഷിയുടെമേല്‍ അല്ലാഹുവിന്റെ ശാപമുണ്ടായിരിക്കാന്‍ നമുക്ക് ഉള്ളഴിഞ്ഞ് പ്രാര്‍ഥിക്കാം. (3:5961)

പ്രഭാതം വിടര്‍ന്നപ്പോള്‍ ഈ സൂക്തത്തിന്റെ വെളിച്ചത്തില്‍ പ്രവാചകന്‍ അവരോട് ഈസാ (അ)യെ കുറിച്ച് സംസാരിച്ചു. വിഷയം ചിന്തിക്കാന്‍ അവര്‍ക്കൊരു ദിവസം അനുവദിച്ചെങ്കിലും ഈസാ (അ)യെക്കുറിച്ച് പറഞ്ഞത് അവര്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. അങ്ങനെ പ്രസ്തുത സൂക്തത്തില്‍ പരാമര്‍ശിച്ചതുപോലെ, പ്രവാചകന്‍ തന്റെ പൌത്രന്മാരായ ഹസന്‍, ഹുസൈന്‍ എന്നിവരെയും പുത്രി ഫാത്വിമയേയും കൊണ്ട് ശാപപ്രാര്‍ഥന നടത്താന്‍ തയ്യാറായി രംഗത്തുവന്നു. പക്ഷെ, പ്രവാചകന്റെ ആവേശവും ഉന്മേഷവും കണ്ട അവര്‍ ഭയന്നു പരസ്പരം കൂടിയാലോചനയില്‍ മുഴുകി. നേതാക്കളിലെ ആദ്യത്തെ രണ്ടുപേരും മതനേതൃത്വമുള്ള അസ്ഖഫിനോട് പറഞ്ഞു: 'ഒരു കാരണവശാലും താങ്കള്‍ ശാപപ്രാര്‍ഥനയ്ക്ക് സന്നദ്ധനാകരുത്. അദ്ദേഹമെങ്ങാനും സത്യവാനായ പ്രവാചകനാണെങ്കില്‍ നാമും നമ്മുടെ പിന്‍ഗാമികളും ഒന്നടങ്കം നശിച്ചതുതന്നെ. പിന്നീട് ഭൂമിയില്‍ നമ്മുടേതായി ഒരു തരിമ്പുപോലും അവശേഷിക്കില്ല. അവസാനമവര്‍ പ്രശ്നം പ്രവാചകന്റെ തീര്‍പ്പിന് വിടാന്‍ തീരുമാനിച്ചു. അവര്‍ പറഞ്ഞു: 'താങ്കള്‍ ആവശ്യപ്പെടുന്നത് ഞങ്ങള്‍ താങ്കള്‍ക്ക് നല്കാം.' അവരില്‍നിന്ന് ജിസ്യ സ്വീകരിക്കാന്‍ തിരുമേനി തയ്യാറായി. പുറമെ രണ്ടായിരം വസ്ത്രവും ഇതില്‍ ആയിരം റജബ് മാസത്തിലും ആയിരം സ്വഫര്‍ മാസത്തിലും ഓരോ വസ്ത്രത്തിന്റേയും കൂടെ ഓരോ ഊഖിയ സ്വര്‍ണവും നല്കാന്‍ കരാര്‍ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് അല്ലാഹുവിന്റെയും അവന്റെ ദൂതന്റേയും സംരക്ഷണം ഉറപ്പുനല്കുകയും അവരുടെ മതമാചരിക്കാനുള്ള പൂര്‍ണ സ്വാതന്ത്യ്രം അനുവദിക്കുകയും ചെയ്തു. ഇത് രേഖയാക്കി അവര്‍ക്ക് കൈമാറി. തുടര്‍ന്ന് ഇത് ശേഖരിക്കാന്‍ വിശ്വസ്തനായ ഒരാളെ നിശ്ചയിച്ചുതരണമെന്ന അവരുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ 'ഈ സമുദായത്തിന്റെ വിശ്വസ്തന്‍' എന്ന് പ്രവാചകന്‍ വിശേഷിപ്പിച്ചുകൊണ്ട് അബൂഉബൈദത്തുല്‍ ജര്‍റാഹിനെ അതിനായി നിശ്ചയിച്ചു.

അവര്‍ക്കിടയില്‍ തുടര്‍ന്ന് ഇസ്ലാം വ്യാപിച്ചുകൊണ്ടിരുന്നു. സയ്യിദും അല്‍ആഖിബും നജ്റാനില്‍ തിരിച്ചെത്തിയശേഷം മുസ്ലിംകളായി. മുസ്ലിംകളില്‍ നിന്ന് സകാത്ത് ശേഖരിക്കാന്‍ പ്രവാചകന്‍ അലി(റ)യെ അവിടേക്ക് നിയോഗിച്ചു. (5)

ബനൂഹനീഫ സംഘം

ഇവരുടെ ആഗമനം ഹിജ്റ വര്‍ഷം ഒമ്പതിലായിരുന്നു. പതിനേഴ് പേരുണ്ടായിരുന്ന ഈ സംഘത്തില്‍ പിന്നീട് കള്ളപ്രവാചകത്വം വാദിച്ച മുസൈലിമത്തുല്‍ കദ്ദാബുമുണ്ടായിരുന്നു. മുസൈലിമബ്നു ഥുമാമ എന്നാണ് യഥാര്‍ഥ നാമം. മദീനയിലെത്തിയ സംഘം ഒരു അന്‍സ്വാരിയുടെ അതിഥിയായി തങ്ങുകയും തുടര്‍ന്ന് പ്രവാചകനെ കണ്ട് ഇസ്ലാം ആശ്ളേഷിക്കുകയുമാണുണ്ടായത്. മുസൈലിമയെക്കുറിച്ച റിപ്പോര്‍ട്ടുകള്‍ ഭിന്നത പുലര്‍ത്തുന്നുണ്ടെങ്കിലും സൂക്ഷ്മവിശകലനത്തിന് ശേഷം വ്യക്തമാകുന്നത്, അഹങ്കാരവും പകയും നേതൃത്വമോഹവും പൂണ്ട മുസൈലിമ മറ്റു സംഘാംഗങ്ങളോടൊപ്പം പ്രവാചക സന്നിധിയില്‍ ചെന്നില്ല. ഇതുകാരണം അദ്ദേഹത്തെ ഇണക്കിയെടുക്കാമെന്ന് പ്രവാചകന്‍ ആദ്യം ധരിച്ചെങ്കിലും ദുഷ്ടതയുടെ ലക്ഷണങ്ങള്‍ കണ്ട അദ്ദേഹത്തെ പ്രവാചകന്‍ കയ്യൊഴിക്കുകയാണ് ചെയ്തത്.

ഇതിനുമുമ്പ് ഭൂമിയിലെ നിക്ഷേപങ്ങള്‍ രണ്ടു സ്വര്‍ണവളകളായി താന്‍ കൈകളിലണിഞ്ഞുനില്ക്കുന്നതായി പ്രവാചകന് ഒരിക്കല്‍ സ്വപ്നദര്‍ശനമുണ്ടായി. ഇത് പ്രവാചകന് പ്രയാസമുണ്ടാക്കി. തുടര്‍ന്ന് രണ്ടും ഊരാന്‍ പറഞ്ഞു. അപ്പോള്‍ ഊരുകയും രണ്ടും അകന്നുപോവുകയും ചെയ്തു. ഇതിനെ പ്രവാചകന്‍ വ്യാഖ്യാനിച്ചത് തനിക്കുശേഷം പ്രത്യക്ഷപ്പെടുന്ന രണ്ട് കള്ള പ്രവാചകന്മാരായിട്ടാണ്. മുസൈലിമ ആദ്യം ഉന്നയിച്ചത്, തന്റെ കാലശേഷം മുഹമ്മദ് അധികാരം എന്നെ ഏല്പ്പിക്കുകയാണെങ്കില്‍ ഞാന്‍ അദ്ദേഹത്തെ പിന്തുടരും എന്നായിരുന്നു. ഇതറിഞ്ഞ പ്രവാചകന്‍ കയ്യില്‍ ഒരു ഓലത്തണ്ടും പിടിച്ചുകൊണ്ട് വാഗ്മിയായ ഥാബിതുബ്നു ഖൈസിനേയുംകൊണ്ട് മുസൈലിമയുടെ സമീപം ചെന്നു. മുസൈലിമ പറഞ്ഞു: താങ്കള്‍ക്ക് ഉദ്ദേശ്യമുണ്ടെങ്കില്‍ കാര്യങ്ങള്‍ നമുക്ക് രണ്ടുകൂട്ടര്‍ക്കും പങ്കിടാം. താങ്കളുടെ ശേഷം നമുക്കായിരിക്കും അതിന്റെ അവകാശം. പ്രവാചകന്‍ പ്രതിവചിച്ചു: 'നീ എന്നോട് ഈ ഓലത്തണ്ട് ചോദിച്ചാല്‍പോലും നിനക്ക് ഞാനത് നല്കില്ല. നീ പിന്തിരിയുന്ന പക്ഷം അല്ലാഹു നിന്നെ അറുകൊല ചെയ്യും. എനിക്ക് നിന്നെക്കുറിച്ചെല്ലാം സ്വപ്നദര്‍ശനമുണ്ടായിരിക്കുന്നു. ഇതാ ഥാബിത് നിന്നോട് മറുപടി പറയും.' തുടര്‍ന്ന് പ്രവാചകന്‍ അവിടംവിട്ടു. (6)

അവസാനം പ്രവാചകന്‍ നിഗമനം നടത്തിയത് തന്നെ സംഭവിച്ചു. യമാമയില്‍ തിരിച്ചെത്തിയ മുസൈലിമ ചിന്തയിലാണ്ടു. തുടര്‍ന്ന് പ്രവാചകത്വം വാദിക്കുകയും മുഹമ്മദിനോടൊപ്പം തനിക്കും കാര്യങ്ങളില്‍ പങ്കാളിത്തമുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പ്രാസനിബദ്ധമായ ചില വരികള്‍ ക്വുര്‍ആന് സമാനമായി രചിക്കുകയും മദ്യവും വ്യഭിചാരവും അനുവദനീയമാക്കുകയും ചെയ്തു. ഇതോടൊപ്പം ദൈവദൂതരുടെ പ്രവാചകത്വം അദ്ദേഹം അംഗീകരിക്കുകയും ചെയ്തിരുന്നു. ആശയക്കുഴപ്പത്തിലായ ജനങ്ങളില്‍ ചിലര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു. അങ്ങനെ കാര്യം ഗുരുതരാവസ്ഥ പ്രാപിക്കുകയും ജനങ്ങള്‍ അദ്ദേഹത്തെ റഹ്മാന്‍ യമാമ (യമാമയുടെ കാരുണ്യവാന്‍) എന്ന് വിളിക്കുകയുംചെയ്തു. ഇദ്ദേഹം നബിതിരുമേനി(സ)ക്ക് ഒരു കത്തെഴുതി: 'ഞാന്‍ കാര്യങ്ങളില്‍ താങ്കളുമായി പങ്കാളിയായിരിക്കുന്നു. അതിനാല്‍ അധികാരത്തിന്റെ പകുതി നമുക്കും അവശേഷിക്കുന്ന പകുതി ക്വുറൈശികള്‍ക്കുമായിരിക്കും. പ്രവാചകന്‍ ഇതിന് മറുപടി എഴുതി.

'നിശ്ചയം ഭൂമിയുടെ അവകാശം അല്ലാഹുവിന്നാകുന്നു. അവന്റെ ദാസന്മാരില്‍ അവനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ അത് അവകാശപ്പെടുത്തിക്കൊടുക്കുന്നു. പര്യവസാനം ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും.' (7:128)
ഇബ്നുമസ്ഊദില്‍നിന്ന് ഇമാം അഹ്മദ് നിവേദനം ചെയ്യുന്നു. ഇബ്നു നബാഹയും ഇബ്നു ഉഥാലും മുസൈലിമയുടെ ദൂതന്മാരായി പ്രവാചകനെ സമീപിച്ചു. പ്രവാചകന്‍ അവരോട് ചോദിച്ചു. 'ഞാന്‍ അല്ലാഹുവിന്റെ ദൂതനാണെന്ന് നിങ്ങള്‍ സാക്ഷ്യം വഹിക്കുന്നുവോ?' അവര്‍ മറുപടി പറഞ്ഞു: 'മുസൈലിമ അല്ലാഹുവിന്റെ ദൂതനാണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു.' അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ഞാന്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുന്നു. ദൌത്യവുമായെത്തുന്ന ആരെയെങ്കിലും ഞാന്‍ വധിക്കുമായിരുന്നെങ്കില്‍ നിങ്ങളെ രണ്ടുപേരെയും ഞാന്‍ വധിക്കുമായിരുന്നു.

മുസൈലിമ പ്രവാചകത്വം വാദിക്കുന്നത് ഹിജ്റ പത്താംവര്‍ഷമാണ്. ഹിജ്റ പന്ത്രണ്ടാംവര്‍ഷം അബൂബക്കര്‍(റ)വിന്റെ ഭരണകാലത്ത് യമാമ യുദ്ധത്തില്‍ ഹംസയുടെ ഘാതകനായ വഹ്ശിയുടെ കരങ്ങളാല്‍ അവന്‍ വധിക്കപ്പെട്ടു. യമന്‍കാരനായ മറ്റേ കള്ള പ്രവാചകന്‍ അസ്വദൂല്‍ അന്‍സിയെ പ്രവാചകന്റെ മരണത്തിന് ഒരു ദിവസംമുമ്പ് ഫൈറൂസ് വധിച്ചു. വിവരം പ്രവാചകന് വഹ്യ് മുഖേന ലഭിക്കുകയും അനുചരന്മാരെ അറിയിക്കുകയും ചെയ്തു. പിന്നീട് അബൂബക്കര്‍ (റ)വിന്റെ ഭരണകാലത്ത് യമനില്‍നിന്നും വധവാര്‍ത്തയെത്തുകയുണ്ടായി.(7)

ബനൂആമിറുബ്നുസ്വഅ്അ: സംഘം
ഈ സംഘത്തില്‍ ആമിര്‍ബിന്‍അത്വുഫൈല്‍ എന്ന അല്ലാഹുവിന്റെ ശത്രുവും ലബീദിന്റെ മാതാവ് വഴിക്കുള്ള സഹോദരന്‍ അര്‍ബദ്ബ്നു ഖൈസും തങ്ങളുടെ ജനതയുടെ ദുഷ്ടനേതാക്കളായ ഖാലിദുബ്നു ജഅ്ഫര്‍, ജബ്ബാര്‍ബ്നു അസ്ലം എന്നിവരുമെല്ലാം ഉണ്ടായിരുന്നു. ഈ ആമിര്‍ ആയിരുന്നു ബിഅ്റുമഊനാ ദുരന്തത്തിലൂടെ പ്രവാചകന്റെ അനുയായികളെ ചതിച്ചുകൊന്നത്.

ഈ സംഘം മദീനയിലേക്ക് പുറപ്പെടാന്‍ തീരുമാനമായപ്പോള്‍ ആമിറും അര്‍ബദും ഗൂഢാലോചന നടത്തി പ്രവാചകനെ വധിക്കാന്‍ തീരുമാനമായി. സംഘം മദീനയിലെത്തിയപ്പോള്‍ ആമിര്‍ പ്രവാചകനോട് സംസാരിക്കാന്‍ തുടങ്ങി. ഈ സന്ദര്‍ഭത്തില്‍ അര്‍ബദ് പ്രവാചകന്റെ പിന്നില്‍ വാള്‍പ്പിടിയില്‍ കൈ അമര്‍ത്തി. അല്പം ഉറയില്‍നിന്നൂരി ചുറ്റിനടന്നു. പക്ഷെ, അല്ലാഹുവിന്റെ സംരക്ഷണത്തില്‍ അല്ലാഹുവിന്റെ ദൂതന്‍ രക്ഷപ്പെട്ടു. അര്‍ബദിന് തന്റെ വാള്‍ പൂര്‍ണമായി ഉറയില്‍ നിന്ന് ഊരിയെടുക്കാന്‍ കഴിയുന്നില്ല. ഇവര്‍ക്കെതിരില്‍ പ്രവാചകന്‍ പ്രാര്‍ഥിച്ചു. അങ്ങനെ രണ്ടുപേരും തിരിച്ചുപോകുമ്പോള്‍ വഴിയില്‍വെച്ച് അര്‍ബദിന്നെതിരെ അല്ലാഹു ശിക്ഷയിറക്കി. അര്‍ബദും തന്റെ ഒട്ടകവും അങ്ങനെ കരിഞ്ഞുപോയി. ആമിറാകട്ടെ ഒരു സലൂലിക്കാരിയുടെ വീട്ടില്‍ ഇറങ്ങി താമസിച്ചു അവിടെവെച്ച് കഴുത്തിന് ഒരു മുഴയുണ്ടാവുകയും മരിക്കുകയും ചെയ്തു. മരണസമയത്ത് അയാള്‍ പിറുപിറുക്കുന്നുണ്ടായിരുന്നു. ഒട്ടകത്തിന്റെ പൂഞ്ഞപോലെ ഒരു പൂഞ്ഞയുമായി ഒരു സലൂലിക്കാരിയുടെ വസതിയില്‍വെച്ച് ഞാന്‍ ദാരുണമായി മരിക്കുകയോ!

ബുഖാരിയുടെ നിവേദനമനുസരിച്ച് ആമിര്‍ പ്രവാചകനെ സമീപിച്ച് പറഞ്ഞു: 'താങ്കള്‍ക്ക് മുമ്പില്‍ ഞാന്‍ മൂന്ന് സാധ്യതകള്‍ സമര്‍പ്പിക്കുന്നു. എതെങ്കിലുമൊന്ന് തെരഞ്ഞെടുക്കുക. സമതലങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ താങ്കള്‍ക്കും, പട്ടണവാസികള്‍ എനിക്കും. അല്ലെങ്കില്‍ താങ്കളുടെ കാലശേഷം എന്നെ താങ്കളുടെ പിന്‍ഗാമിയായി പ്രഖ്യാപിക്കുക. ഇതിന് രണ്ടിനും തയ്യാറായില്ലെങ്കില്‍ ആയിരം പുരുഷ ഒട്ടകങ്ങളെയും ആയിരം പെണ്ണൊട്ടകങ്ങളെയും കൊണ്ടുവന്ന് ഞാന്‍ താങ്കളുമായി യുദ്ധം ചെയ്യും. ഈ കനത്ത പ്രതിജ്ഞയുമായി തിരിച്ചുപോകുംവഴി സലൂലിക്കാരിയുടെ വീട്ടില്‍വെച്ച് അര്‍ബുദം ബാധിച്ചു. മരണസമയത്ത് അയാള്‍ പിറുപിറുത്തു: ഒട്ടകത്തിന്റെ പൂഞ്ഞപോലെ ഒരു പൂഞ്ഞയുമായി ഒരു സ്ത്രീയുടെ വീട്ടില്‍വെച്ച് മരിക്കുകയോ? എന്റെ കുതിരയെ കൊണ്ടുവരൂ. കുതിരപ്പുറത്തേറി യാത്രതിരിക്കുന്നതിന്നിടയില്‍ അയാള്‍ മരിച്ചു.

തുജീബ് സംഘം
ഈ സംഘം മദീനയിലെത്തിയത് തങ്ങളുടെ ജനതയിലെ ദരിദ്രരില്‍ നിന്ന് ശേഖരിച്ച സകാത്തില്‍ നിന്ന് വിതരണത്തിനുശേഷം അവശേഷിച്ചതുമായാണ്. പതിമൂന്ന് അംഗങ്ങളുണ്ടായിരുന്ന ഈ സംഘം വിശുദ്ധ ഖുര്‍ആനും നബിചര്യയും ധാരാളം ചോദിച്ചു പഠിക്കുകയുണ്ടായി. ഇവര്‍ ആവശ്യപ്പെട്ട ചില കാര്യങ്ങളെല്ലാം പ്രവാചകന്‍ അവര്‍ക്കെഴുതിക്കൊടുത്തു. അധികം തങ്ങാതെ തിരിച്ചുപോകാനൊരുങ്ങിയ ഇവര്‍ തങ്ങളുടെ സാധനങ്ങള്‍ക്ക് കാവല്‍ നിന്നിരുന്ന പയ്യനെ തിരുമേനിയുടെ സമീപത്തേക്കയച്ചു. അവന്‍ അദ്ദേഹത്തെ സമീപിച്ചു പറഞ്ഞു: 'അല്ലാഹുവില്‍ സത്യം, ഞാന്‍ എന്റെ നാട്ടില്‍നിന്ന് ഇവിടെയെത്തിയത് അല്ലാഹു എനിക്ക് പൊറുത്തുതരാനും കരുണചെയ്യാനും എന്നെ മാനസികമായി സമ്പന്നനാക്കാനും വേണ്ടി അങ്ങ് അല്ലാഹുവോട് പ്രാര്‍ഥിക്കണമെന്നപേക്ഷിക്കാന്‍ വേണ്ടിയാണ്.' പ്രവാചകന്‍ അവനുവേണ്ടി പ്രാര്‍ഥിച്ചു. പില്‍ക്കാലത്ത് ഏറ്റം മനസംതൃപ്തിയുള്ളവനായിരുന്നു ഈ യുവാവ്. തന്റെ ജനതക്ക് മതപഠനം നടത്തിയിരുന്ന ഇദ്ദേഹം മതപരിത്യാഗ ഘട്ടത്തില്‍ ഇസ്ലാമില്‍ത്തന്നെ ഉറച്ചുനിന്നു. ഈ സംഘം ഹിജ്റ പത്താം വര്‍ഷം നബി(സ)യുടെ വിടവാങ്ങല്‍ ഹജ്ജിന്റെ സന്ദര്‍ഭത്തില്‍ ഒരിക്കല്‍ക്കൂടി പ്രവാചകനുമായി സന്ധിക്കുകയുണ്ടായി.

ത്വയ്യിഅ് സംഘം
ഈ സംഘം മദീനയില്‍ വരുമ്പോള്‍ നേതാവ് സൈദുല്‍ ഖൈലുമുണ്ടായിരുന്നു. ഇവര്‍ പ്രവാചകനുമായി സംസാരിച്ചപ്പോള്‍ പ്രവാചകന്‍ അവരെയെല്ലാം ഇസ്ലാമിലേക്ക് ക്ഷണിച്ചു. അവരെല്ലാം ഇസ്ലാം സ്വീകരിച്ചു നല്ല മുസ്ലിംകളായി മാറുകയും ചെയ്തു. സൈദുല്‍ ഖൈലിനെക്കുറിച്ച് തിരുമേനി പറഞ്ഞത്: 'അറബികളില്‍ ഒരാളേയും പ്രശംസിച്ചുകേള്‍ക്കുന്നതില്‍ താഴെയായി മാത്രമേ കാണുമ്പോള്‍ തോന്നാറുള്ളൂ. എന്നാല്‍ സൈദുല്‍ ഖൈല്‍ അങ്ങനെയല്ല.' അദ്ദേഹത്തെ അവിടുന്ന് സൈദുല്‍ഖൈര്‍ (നന്മയുടെ സൈദ്) എന്ന് പേര്‍ വിളിച്ചു.

ഇങ്ങനെ മദീനയിലേക്ക് ദൌത്യസംഘങ്ങള്‍ അനുസ്യൂതം പ്രവഹിച്ചുകൊണ്ടിരുന്നു. ഹിജ്റ ഒമ്പത് പത്ത് വര്‍ഷങ്ങളിലായിരുന്നു ഇവയിലധികവും. പതിനൊന്നിലും ചിലരെല്ലാം എത്തുകയുണ്ടായി. പ്രവാചകചരിത്രകാരന്മാരും യുദ്ധചരിത്രകാരന്മാരും ഇവ്വിധം ഒട്ടനേകം ദൌത്യസംഘങ്ങളെ പരാമര്‍ശിക്കുന്നുണ്ട്. അവയുടെ പേരുകള്‍ മാത്രം പരാമര്‍ശിച്ച് ഇവിടെ അവസാനിപ്പിക്കുകയാണ്. യമന്‍, അസ്ദ്, ബനൂസഅദ്, ഹുദൈം, ബനൂആമിര്‍ബ്നു ഖൈസ്, ബനൂഅസദ്, ബഹ്റാഅ്, ഖൌലാന്‍, മുഹാരിബ്, ബനുല്‍ ഹാരിഥുബ്നു കഅബ്, ഗാമിദ്, മുസൈന, മുറാദ്, സുബൈദ്, കിന്‍ദ, ദൂമുര്‍റ, ഗസാന്‍, ബനൂഐശ്, നഖ്അ്. ഇതാണ് അവസാനമെത്തിയ സംഘം. നൂറുപേരോട് കൂടി ഹിജ്റ പതിനൊന്നാംവര്‍ഷത്തിന്റെ പകുതിയിലാണ് ഇവരെത്തിയത്.

ദൌത്യസംഘങ്ങളുടെ അവിരാമമുള്ള ഈ പ്രവാഹം ഇസ്ലാം അറേബ്യന്‍ ഉപദ്വീപിലും പ്രാന്തപ്രദേശങ്ങളിലും എന്തുമാത്രം ശക്തിയും സ്വാധീനവും നേടിയെന്നതിന്റെ വ്യക്തമായ തെളിവാണ്. അറബികള്‍ മദീനയെ തികഞ്ഞ ആദരവോടും അര്‍ഹമായ പരിഗണനയോടും വീക്ഷിക്കാന്‍ തുടങ്ങി. ആര്‍ക്കും അതിനെ അവഗണിക്കാനോ കവച്ചുവെക്കാനോ കഴിയാത്ത അവസ്ഥ വന്നു. പക്ഷെ, എല്ലാവരേയും ഇസ്ലാം പൂര്‍ണമായി സ്വാധീനിച്ചിരുന്നുവെന്ന് പറയാന്‍ നമുക്ക് കഴിയുന്നില്ല. ഗ്രാമീണരായ പലരും അവരുടെ നേതാക്കളെ പിന്തുടരുക മാത്രമാണ് ഈ രംഗത്ത് ചെയ്തത്. അവരുടെ മനസ്സുകളില്‍ ഇസ്ലാം ആഴത്തില്‍ വേരുപിടിക്കുകയോ അവരുടെ ജീവിതത്തെ ഇസ്ലാം സംസ്കരിക്കുകയോ ചെയ്യുകയുണ്ടായില്ല. ക്വുര്‍ആന്‍ അവരെ ഇങ്ങനെ പരാമര്‍ശിക്കുന്നു.

'അഅ്റാബികള്‍ (മരുഭൂവാസികള്‍) കൂടുതല്‍ കടുത്ത അവിശ്വാസവും കാപട്യവുമുള്ളവരത്രെ. അല്ലാഹു അവന്റെ ദൂതന് അവതരിപ്പിച്ചുകൊടുത്തതിലെ നിയമപരിധികളറിയാതിരിക്കാന്‍ കൂടുതല്‍ തരപ്പെട്ടവരുമാണവര്‍. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമത്രെ. തങ്ങള്‍ (ദാനമായി) ചെലവഴിക്കുന്നത് ഒരു ധനനഷ്ടമായി ഗണിക്കുകയും തങ്ങള്‍ക്ക് കാലക്കേടുകള്‍ വരുന്നത് കാത്തിരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം അഅ്റാബികളുടെ കൂട്ടത്തിലുണ്ട്. അവരുടെ മേല്‍ത്തന്നെയായിരിക്കട്ടെ ഹീനമായ കാലക്കേട്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.'' (9:97, 98). എന്നാല്‍ ഇവരില്‍ വിശ്വാസം സ്വീകരിച്ചവരെ പുകഴ്ത്തുകയും ചെയ്യുന്നുണ്ട് ക്വുര്‍ആന്‍:

"അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും തങ്ങള്‍ ചെലവഴിക്കുന്നതിനെ അല്ലാഹുവിങ്കല്‍ സാമീപ്യത്തിനുതകുന്ന പുണ്യകര്‍മ്മങ്ങളും ദൈവദൂതന്റെ പ്രാര്‍ഥനകള്‍ക്കുള്ള മാര്‍ഗവും ആക്കിത്തീര്‍ക്കുകയും ചെയ്യുന്ന ചിലരും അഅ്റാബികളുടെ കൂട്ടത്തിലുണ്ട്. ശ്രദ്ധിക്കുക: തീര്‍ച്ചയായും അതവര്‍ക്ക് ദൈവസാമീപ്യം നല്കുന്നതാണ്. അല്ലാഹു അവരെ തന്റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.'' (9:99).

എന്നാല്‍ ഇവരിലെ മക്കയിലും മദീനയിലും ഥഖീഫിലും വസിക്കുന്നവരും യമനിലും ബഹ്റൈനിലുമുള്ള ധാരാളം പേരും ഇസ്ലാം ശക്തമായി സ്വീകരിച്ചവരായിരുന്നു. ഇവരില്‍നിന്ന് പ്രമുഖരായ സ്വഹാബികളും നേതാക്കളുമുണ്ടായിട്ടുണ്ട്. (8)

പ്രബോധനത്തിന്റെ വിജയവും ഫലങ്ങളും
പ്രവാചകതിരുമേനിയുടെ ജീവിതാന്ത്യത്തിലെ സംഭവങ്ങള്‍ അനാവരണം ചെയ്യുന്നതിന് മുമ്പായി അവിടുത്തെ ജീവിതത്തിന്റെ ആകത്തുകയായിരുന്ന വിശിഷ്ട സേവനങ്ങളെക്കുറിച്ച് ഒന്ന് അവലോകനം ചെയ്യല്‍ അനുപേക്ഷ്യമാണ്. ഈ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണല്ലോ അദ്ദേഹം മറ്റുള്ളവരില്‍നിന്ന് വ്യതിരിക്തനാകുന്നതും ആദ്യത്തവരുടേയും അവസാനത്തവരുടേയും നേതൃത്വത്തിന്റെ കിരീടം അല്ലാഹു അവിടുത്തെ ശിരസിലണിയിക്കാന്‍ അര്‍ഹത നേടുന്നതും.

പ്രവാചകന് 'ഹേ, വസ്ത്രംകൊണ്ട് മൂടിയവനേ, രാത്രി അല്പസമയമൊഴിച്ച് എഴുന്നേറ്റുനിന്ന് പ്രാര്‍ഥിക്കുക.' (73:1,2). 'ഹേ, പുതച്ചുമൂടിയവനേ, എഴുന്നേറ്റ് ജനങ്ങളെ താക്കീതുചെയ്യുക' (74:1,2) എന്നീ കല്പനകള്‍ വന്നതോടെ അവിടുന്ന് സുദീര്‍ഘമായ ഇരുപത് വര്‍ഷക്കാലം മാനവതക്കാകമാനമുള്ള വിശ്വസന്ദേശത്തിന്റെ ബഹുലതയും ഉത്തരവാദിത്തത്തിന്റെ കനത്ത ഭാരവും ചുമലിലേറ്റി ചെറുത്തുനില്പിന്റെയും ധര്‍മസമരത്തിന്റെയും വ്യത്യസ്തമേഖലകളില്‍ അവിരാമം പ്രവര്‍ത്തിക്കുകയുണ്ടായി.

അജ്ഞാനയുഗത്തിന്റെ ഊഹത്തില്‍ ഊളിയിടുകയും ഭൌതിക പ്രലോഭനങ്ങള്‍ക്ക് വശംവദരാവുകയും ദേഹേച്ഛകളുടെ തടവുകാരാവുകയും ചെയ്ത മനുഷ്യമസ്തിഷ്കങ്ങളോടവിടുന്ന് ധര്‍മസമരം നയിച്ചു. മനുഷ്യമനസ്സുകളെ പിടികൂടിയ ഇത്തരം ചിന്താവൈചിത്ര്യങ്ങളില്‍ നിന്ന് ഏതാനും പേരെ കരകയറ്റി മോചിപ്പിച്ചെടുക്കുമ്പോഴതാ മറുഭാഗത്ത് മറ്റൊരു സംഘട്ടനത്തിനുവേദിയൊരുങ്ങുന്നു! അതെ, ഈ സന്ദേശപ്രബോധനത്തെയും അതിന്റെ നവാഗതരായ വാഹകരേയും മുളയില്‍ത്തന്നെ നശിപ്പിക്കാന്‍, അത് മുരടുറച്ച് വിണ്ണിലേക്ക് വിടര്‍ന്ന് വിലസുന്നതിന് മുമ്പ്, അതിന്റെ ശീതളഛായയില്‍ മറ്റുള്ളവര്‍ വിശ്രമം തേടിയെത്തുന്നതിന് മുമ്പായി പിഴുതെറിയാനുള്ള ശ്രമവുമായി അതാ അല്ലാഹുവിന്റെ ശത്രുക്കള്‍ കടന്നുവരുന്നു. അറേബ്യന്‍ ഉപദ്വീപിനെ സംഘട്ടനങ്ങളില്‍നിന്ന് മുക്തമാക്കി വരുമ്പോഴതാ പുറംലോകത്ത് നിന്ന്- റോം-ഈ നവജാതസമൂഹത്തെ പിഴുതെറിയാന്‍ സൈന്യസജ്ജീകരണങ്ങള്‍ നടത്തുന്നു!

ഇതിനെല്ലാമിടയില്‍ തന്നെ ഒന്നാമത്തെ സംഘട്ടനം-മനുഷ്യമനസ്സുകളോടുള്ള സംഘട്ടനം-അവിരാമം തുടരുകയും ചെയ്യുന്നു. പിശാചാണ് അവിടത്തെ ശത്രു. അവന്‍ ഒരു നിമിഷംപോലും നിശ്ചേഷ്ടനല്ല. പ്രവാചകന്‍ അവിടെ അല്ലാഹുവിലേക്കുള്ള ക്ഷണം നിര്‍വഹിച്ചുകൊണ്ടിരിക്കേ തന്നെ വിവിധ മേഖലകളില്‍ സംഘട്ടനങ്ങളിലേര്‍പ്പെടുകയും ചെയ്യുന്നു. പരുപരുത്ത ജീവിതയാഥാര്‍ഥ്യങ്ങളഭിമുഖീകരിച്ചുകൊണ്ടിരിക്കെത്തന്നെ ഇഹലോകം അവിടുത്തെ മുമ്പില്‍ വിനയപൂര്‍വം വന്നുനില്ക്കുന്നു. കടുത്തപ്രയാസങ്ങളും ബുദ്ധിമുട്ടുകളും അഭിമുഖീകരിക്കുമ്പോള്‍തന്നെ വിശ്വാസികള്‍ ഭംഗിയായി ക്ഷമിച്ചും രാത്രികളില്‍ നിന്ന് പ്രാര്‍ഥിച്ചും ക്വുര്‍ആന്‍ പാരായണം ചെയ്തും ആരാധനാനിമഗ്നരാവുകയും അദ്ദേഹത്തിന്ചുറ്റും ആശ്വാസത്തിന്റേയും നിര്‍ഭയത്വത്തിന്റെയും ശീതളഛായയില്‍ വിശ്രമം കണ്ടെത്തുകയും ചെയ്യുന്നു! (9)

ഇവ്വിധം അനുസ്യൂതമായ സംഘട്ടനങ്ങളിലൂടെ ഇരുപതുവര്‍ഷം പിന്നിട്ട്, മനുഷ്യബുദ്ധിയെ അന്ധാളിപ്പിച്ചുകൊണ്ട് ഇസ്ലാമിക പ്രബോധനം അതിന്റെ വിജയക്കൊടി നാട്ടി. അറേബ്യന്‍ ഉപദ്വീപ് അതിന്റെ കീഴില്‍ വന്നു. 'ജാഹിലിയ്യ'ത്തിന്റെ പൊടിപടലങ്ങള്‍ ചക്രവാളങ്ങളില്‍നിന്ന് നീങ്ങി. രോഗാതുരമായ മനസ്സുകള്‍ സുസ്ഥിതി കൈവരിച്ച് വിഗ്രഹഭഞ്ജനത്തിലേര്‍പ്പെട്ടു. അന്തരീക്ഷം 'തൌഹീദി'ന്റെ ശബ്ദം കൊണ്ട് പ്രകമ്പിതമായി. പുതുവിശ്വാസം സജീവമാക്കിയ മരുഭൂമിയുടെ വിഹായസ്സില്‍ ബാങ്കൊലികള്‍ വിള്ളലുകള്‍ സൃഷ്ടിച്ചു. ക്വുര്‍ആന്‍ പാഠമുള്ളവര്‍ ദക്ഷിണ-ഉത്തരഭാഗങ്ങളിലേക്ക് അത് ഓതിക്കൊണ്ട് ദൈവീകനിയമങ്ങള്‍ നടപ്പാക്കാനായി കുതിച്ചു!

ചിന്നിച്ചിതറിയിരുന്ന ഗോത്രങ്ങളും വംശങ്ങളും ഒന്നായി. മനുഷ്യന്‍ സൃഷ്ടിപൂജയില്‍നിന്ന് ദൈവാരാധനയിലേക്ക് മാറി. അവിടെ മര്‍ദകനും മര്‍ദിതനും നേതാവും നീതനും ഭരണാധിപനും ഭരണീയനും ഇല്ലാതായി. മനുഷ്യരെല്ലാം ഒരു ദൈവത്തിന്റെ ദാസന്മാര്‍, പരസ്പരം സഹോദരങ്ങള്‍. ആ ദൈവത്തിന്റെ നിയമം ശിരസാവഹിക്കുന്നവര്‍. 'ജാഹിലിയ്യ'ത്തിന്റെ മുഴുവന്‍ ചിഹ്നങ്ങളും അല്ലാഹു അവരില്‍ നിന്ന് തുടച്ചുനീക്കി. അറബിക്ക് അനറബിയേക്കാളോ അനറബിക്ക് അറബിയേക്കാളോ വെളുത്തവന് കറുത്തവനേക്കാളോ യാതൊരു ശ്രേഷ്ഠതയും ഇല്ലാതായി. മനുഷ്യരെല്ലാം ആദമിന്റെ മക്കള്‍, ആദം മണ്ണിന്റെ പുത്രനും.

ഇവ്വിധം-അല്ലാഹുവിന്റെ അനുഗ്രഹത്താല്‍, അറേബ്യയുടെ ഐക്യവും മാനവതയുടെ ഏകതയും സാമൂഹികനീതിയും മാനവതയുടെ ഇഹ-പര സൌഭാഗ്യവും കളിയാടി. കാലത്തിന്റെ ഗതിയും ഭൂമിയുടെ മുഖഛായും പരിവര്‍ത്തിതമായി.

ഈ സന്ദേശപ്രബോധനത്തിന് മുമ്പ് അവിടെ ജാഹിലിയ്യാ സംസ്കാരം വിളയാടുകയായിരുന്നു. അധര്‍മവും അനീതിയും അവിടെ കൊടികൊത്തിവാണു. അവിശ്വാസവും അക്രമവുമവിടെ തേരോട്ടം നടത്തി. ദൈവീകമായിരുന്ന മതങ്ങള്‍പോലും കൈകടത്തലുകള്‍ക്കും തിരുത്തലുകള്‍ക്കും വിധേയമായി. അതിനാല്‍ തന്നെ അതിന് മനുഷ്യന്റെമേലുള്ള അധികാരം നഷ്ടവുമായി. എല്ലാംകൊണ്ടും നിര്‍ജീവവും ഊഷരവുമായ ഒരന്തരീക്ഷം നിലവില്‍വന്നു.

ഇസ്ലാം അതിന്റെ ഭാഗം കയ്യാളിയതോടെ മനുഷ്യാത്മാക്കള്‍ അന്ധവിശ്വാസങ്ങളില്‍നിന്നും അബദ്ധജഡിലമായ ഊഹങ്ങളില്‍ നിന്നും മുക്തമായി. മനുഷ്യസമൂഹം അക്രമത്തിന്റേയും ചൂഷണത്തിന്റെയും സ്വേഛാധിപത്യത്തിന്റേയും നുകത്തില്‍നിന്ന് മോചിതമായി. അങ്ങനെ, ലോകം നീതിയുടേയും ന്യായത്തിന്റേയും വിശുദ്ധിയുടേയും വിശ്വാസത്തിന്റേയും സ്ഥാപനമായി നിര്‍മാണത്തിന്റേയും സ്വാതന്ത്യ്രത്തിന്റെയും വികാസത്തിന്റെയും വിശുദ്ധമായ അടിത്തറകളില്‍ പണിതുയര്‍ത്തപ്പെട്ടു. (10)

ഈ പരിവര്‍ത്തനങ്ങളുടെയെല്ലാം പരിണതിയായി അറേബ്യന്‍ ഉപദ്വീപ് അതിന്റെ നാഗരിക ചരിത്രത്തിലെവിടെയും കണ്ടിട്ടില്ലാത്ത വിശുദ്ധമായ ഒരുണര്‍വിന് ദൃക്സാക്ഷിയാവുകയായിരുന്നു.
1: ബുഖാരി 2:615,16

2. ശറഹു മുസ്ലിം 1: 33

3. സാദുല്‍ മആദ് 3: 45

4. സാദുല്‍ മആദ് 3: 26, 28. ഇബ്നു ഹിഷാം 2:538, 542.

5. ഫത് ഹ് 8:94, 95.സാദ് 3:38 -41.
നജ് റാന്‍ ദൌത്യ സംഘത്തെ കുറിച്ച നിവേദനങ്ങള്‍ ഭിന്നങ്ങളാണ്. സൂക്ഷ്മ ദൃക്കുകളായ ചില പണ്ഡിതന്മാര്‍ ഇവര്‍ രണ്ടു തവണ ദൌത്യ സംഘങ്ങളായി എത്തിയിട്ടുണ്ടെന്ന പക്ഷക്കാരാണ്. ഇതില്‍ കൂടുതല്‍ സ്വീകാര്യമായി തോന്നിയതാണ് നാം ഇവിടെ സംക്ഷേപിച്ചത്.

6. ബുഖാരി 2:627, 28

7. ഫത്ഹുല്ബാരി 8:93

8. വിശദീകരണത്തിനു ബുഖാരി 1:13, 2:626 -630 .ഇബ്നു ഹിഷാം 2:501 -53 . സാദ് 3:26 -60. ഫത്ഹു 8 :83 -103 .ഇബ്നു ഹിഷാം 2:501- 53 .സാദ് 3:26 .ഫത്ഹ് 8:83 -103.എന്നിവ നോക്കുക.

9. ഫീദിലാലില്‍ ഖുര്‍ആന്‍ 29 :168, 169 .

10. മാദാഖസിറല്‍ ആലമിന്റെ മുഖവുരയില്‍ നിന്ന് പുറം:14 .

 


സി. സലീം സുല്ലമി വിവര്‍ത്തനം ചെയ്ത ശൈഖ് സ്വഫീഹുറഹ്മാന്‍ മുബാറക് പൂരിയുടെ 'അര്‍റഹീക്വുല്‍ മഖ്തൂം' എന്ന ഗ്രന്ഥത്തില്‍ നിന്ന്...

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH