Search

mahonnathan

JA slide show

നബി ചരിത്രം

പോരാട്ടങ്ങളും ഇസ്ലാമിലേക്കുള്ള ഒഴുക്കും Print E-mail

പ്രവാചകജീവിതത്തിന്റെ അന്തിമഘട്ടമാണിത്. സുദീര്‍ഘമായ 20 വര്‍ഷത്തെ പോരാട്ടങ്ങള്‍ക്കും ചെറുത്തുനില്പ്പുകള്‍ക്കും ശേഷം ഇസ്ലാമിക പ്രബോധനം അതിന്റെ ഫലം നല്കിയ കാലഘട്ടം.

മക്കാവിജയം, ചരിത്രത്തിന്റെ ഒഴുക്ക് തിരിച്ചുവിട്ട, മക്കയെ പുതിയൊരു സാഹചര്യത്തിലേക്ക് നയിച്ച, പില്‍ക്കാലത്തിന്റേയും മുന്‍കാലത്തിന്റെയും ഇടയിലെ അതിര്‍രേഖയായി മാറുകയും ചെയ്ത മഹത്തായ ഒരു വിജയമാണ്. കാരണം, അറബികളുടെ ദൃഷ്ടിയില്‍ ക്വുറൈശികളായിരുന്നു മതത്തിന്റെ സംരക്ഷകര്‍. അറബികള്‍ അവരെ പിന്തുടരുകയുമായിരുന്നു. ക്വുറൈശികളുടെ പരാജയം, അറേബ്യന്‍ ഉപദ്വീപില്‍ വിഗ്രഹപൂജാമതത്തിന്റെ അന്ത്യം കുറിക്കുകയാണ് ചെയ്യുന്നത്.

ഈ ഘട്ടത്തെ രണ്ടായി വിഭജിക്കാം
1. യുദ്ധത്തിന്റെയും പോരാട്ടത്തിന്റെയും ഘട്ടം
2. ഗോത്രങ്ങളുടെയും വിഭാഗങ്ങളുടെയും ഇസ്ലാമിലേക്കുള്ള ഒഴുക്കിന്റെ ഘട്ടം
ഇവ രണ്ടും പരസ്പരം ഇടകലര്‍ന്നു ചേര്‍ന്നാണ് സംഭവിക്കുന്നത്. പക്ഷെ, നാം ഓരോന്നും വെവ്വേറെ വിശദീകരിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ഭാഗങ്ങളുമായി കൂടുതല്‍ ബന്ധപ്പെട്ടു നില്ക്കുന്നത് എന്ന നിലയ്ക്ക് യുദ്ധത്തിന്റെയും പോരാട്ടത്തിന്റെയും ഭാഗമാണ് നാം ആദ്യം ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നത്.

ഹുനൈന്‍ യുദ്ധം
മക്കാവിജയം ശക്തമായ ഒരു പ്രവാഹത്തോടെ കടന്നുവന്നപ്പോള്‍ അറബികളെ അത് ശരിക്കും വിഭ്രാന്തരാക്കി. പ്രതിരോധിക്കാനാവാതെ അയല്‍ ഗോത്രങ്ങള്‍ അതിനെ അംഗീകരിച്ചു കീഴൊതുങ്ങി അതിനാല്‍ ശക്തരും കലഹപ്രിയരുമായ ഏതാനും ചില ഗോത്രങ്ങള്‍ മാത്രമാണ് അതിന് കീഴടങ്ങുന്നതിന് വിസമ്മതിച്ചത്. ഇതിന്റെ മുന്‍പന്തിയിലായിരുന്നു ഹവാസിന്‍, ഥഖീഫ് ശാഖകള്‍. ഇവരോട് ഖൈസ് അയ്ലാനിലെ നസ്ര്‍, ജുശം, സഅദ്ബിന്‍ ബകര്‍ ഹിലാലിലെ ഏതാനും പേരും ചേരുകയുണ്ടായി. ഇവര്‍ ഈ വിജയത്തെ അഹങ്കാരം കാരണം അംഗീകരിക്കാന്‍ സന്നദ്ധരായില്ല. ഇവരെല്ലാം മാലിക്ബിന്‍ ഔഫ് അന്നസ്വ് രിയുടെ നേതൃത്വത്തില്‍ സമ്മേളിക്കുകയും മുസ്ലിംകള്‍ക്കെതിരില്‍ യുദ്ധം നയിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

യുദ്ധത്തിന് പുറപ്പെട്ട ഇവര്‍ തങ്ങളുടെ ഭാര്യാസന്താനങ്ങള്‍, സമ്പത്ത് എല്ലാം കൂടെക്കൊണ്ടുപോയി. അങ്ങനെ അവര്‍ സഞ്ചരിച്ച് ഔത്വാസില്‍ താവളമടിച്ചു. ഇത് ഹുനൈനിന് സമീപം ഹവാസിന്‍കാരുടെ താഴ്വരയാണ്. ഇത് ഹുനൈനിന്റെ താഴ്വരയല്ല, ഹുനൈന്‍ ദുല്‍മജാസിന്റെ ഭാഗത്തുള്ള താഴ്വരയാണ്. ഇതിനും മക്കയ്ക്കുമിടയില്‍ അറഫയുടെ ഭാഗത്തിലൂടെ പത്തിലധികം മൈല്‍ അകലമുണ്ട്. (1)

ദുറൈദിന്റെ വിയോജിപ്പ്
ജനങ്ങളെല്ലാം ഔത്വാസില്‍ സമ്മേളിച്ചു. ഇവരില്‍ വയോവൃദ്ധനും ധീരനും യുദ്ധരംഗത്ത് അനുഭവസമ്പന്നനുമായ ദുറൈദ്ബ്നു സ്വിമതുമുണ്ടായിരുന്നു. ദുറൈദ് സഹചരനോടന്വേഷിച്ചു: നിങ്ങളിപ്പോള്‍ ഏത് താഴ്വരയിലാണ്? ഔത്വാസ് താഴ്വരയില്‍ അവര്‍ പറഞ്ഞു. ദുറൈദ്: അതെ, യുദ്ധത്തിനനുയോജ്യമായ പ്രദേശം. ചതുപ്പുനിലമോ കൂര്‍ത്ത കല്ലുകളോ ഇല്ലാത്ത സ്ഥലം. എന്താണ് ഒട്ടകങ്ങളുടെയും കഴുതകളുടെയും ആടുകളുടെയും കുട്ടികളുടെയുമെല്ലാം കരച്ചില്‍ കേള്‍ക്കുന്നത്? അവര്‍ പറഞ്ഞു: മാലിക്ബിന്‍ ഔഫ് പടയാളികളുടെ കൂടെ അവരുടെ ഭാര്യമാര്‍ മക്കള്‍ സമ്പത്ത് എല്ലാം കൊണ്ടുവന്നിട്ടുണ്ട്. ഉടനെ അദ്ദേഹം മാലികിനെ വിളിച്ചു ഇതിന്റെ കാരണമന്വേഷിച്ചു. മാലിക് പറഞ്ഞു: ഓരോ യോദ്ധാവിന്റെ പിന്നിലും അവന്റെ കുടുംബവും സമ്പത്തും നിര്‍ത്തുക. അങ്ങനെ അവന്‍ അവരുടെ സംരക്ഷണത്തിനായി യുദ്ധം ചെയ്യട്ടെ. ദുറൈദ് പറഞ്ഞു: നാം പരാജയമടഞ്ഞാല്‍ നമുക്കെന്തെങ്കിലും തിരിച്ചുലഭിക്കുമോ? ഇനി വിജയമാണെങ്കിലും യുദ്ധരംഗത്ത് വാളും കുന്തവുമേന്തുന്ന പുരുഷന്മാരല്ലാതെ ഉപകരിക്കുകയുമില്ല. പരാജയപ്പെട്ടാലോ സമ്പത്തും കുടുംബവും തട്ടിയെടുക്കപ്പെടുക വഴി നാം അപമാനിതരാവുകയും ചെയ്യും. തുടര്‍ന്ന് മറ്റുചില ഗോത്രങ്ങളോടും അഭിപ്രായമാരാഞ്ഞശേഷം അദ്ദേഹം തുടര്‍ന്നു: മാലിക്, നീ കുടുംബവും സമ്പത്തുമെല്ലാം യുദ്ധമുന്നണിയില്‍ കൊണ്ടുവന്നത് ശരിയായില്ല. അവരെ സുരക്ഷിതമായ മേഖലയിലേക്ക് മാറ്റുക. എന്നിട്ട്, മതം മാറിയവരെ യുദ്ധമുഖത്തുനിര്‍ത്തുക. താങ്കള്‍ വിജയിക്കുകയാണെങ്കില്‍ കുടുംബവും താങ്കളുടെ സമീപം വന്നുചേരും. മറിച്ചാണെങ്കില്‍ സമ്പത്തും കുടുംബവും സുരക്ഷിതമേഖലയില്‍ നിലയുറപ്പിക്കുകയും ചെയ്യും. പക്ഷെ, മാലിക് ഇതെല്ലാം നിരസിച്ചുകൊണ്ട് പറഞ്ഞു: 'താങ്കളുടെ അഭിപ്രായം സ്വീകാര്യമല്ല. താങ്കള്‍ വയോവൃദ്ധനും പഴയ ചിന്താഗതിക്കാരനുമാണ്. എന്നെ അനുസരിക്കാത്തപക്ഷം ഞാന്‍ ഈ വാള്‍ മുനയില്‍വീണ് ആത്മഹത്യ ചെയ്യും. എല്ലാവരും അദ്ദേഹത്തിന്റെ അഭിപ്രായം അംഗീകരിച്ചു. ദുറൈദ് തന്റെ അഭിപ്രായം മറ്റൊന്നായിട്ടും അവരോട് ചേര്‍ന്നുനിന്നു.
മാലിക് നിയോഗിച്ചിരുന്ന ചാരന്മാര്‍ തിരിച്ചെത്തി. വിഭ്രാന്തരായി തിരിച്ചുവന്ന അവരോട് മാലിക് ചോദിച്ചു. നാശം! നിങ്ങള്‍ക്കെന്തുപറ്റി! അവര്‍ പറഞ്ഞു: 'ഞങ്ങളവിടെ കണ്ടത് കറുപ്പും വെളുപ്പും നിറത്തിലുള്ള കുതിരപ്പുറത്ത് ശുഭ്രവസ്ത്രധാരികളായ യോദ്ധാക്കളെയാണ് അതോടെ ഞങ്ങളുടെ അവസ്ഥയാകെ മാറിപ്പോയി.

പ്രവാചകന്‍ മക്കയില്‍നിന്ന് ഹുനൈനിലേക്ക്
ശത്രുവിന്റെ നീക്കത്തെ സംബന്ധിച്ച് നബി(സ)ക്ക് വിവരം ലഭിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ അബൂഅദ്റദ് അല്‍ അസ്ലമിയെ ജനങ്ങള്‍ക്കിടയില്‍ തങ്ങി വിവരം ശേഖരിച്ചുവരാന്‍ തിരുമേനി നിയോഗിച്ചു. അദ്ദേഹമത് ചെയ്തു.
ശവ്വാല്‍ ആറിന് ശനിയാഴ്ച പ്രവാചകന്‍ മക്കവിട്ടു. ഇത് മക്കാ പ്രവേശനത്തിന്റെ പത്തൊമ്പതാം ദിവസമായിരുന്നു. തിരുമേനിയോടൊപ്പം പന്ത്രണ്ടായിരം മുസ്ലിംകളുണ്ടായിരുന്നു. ഇതില്‍ പതിനായിരം മക്ക പ്രവേശത്തോടൊപ്പം കൂടെ വന്നവരും രണ്ടായിരം മക്കാ നിവാസികളുമായിരുന്നു. ഇതിലധികവും പുതുവിശ്വാസികളായിരുന്നു. സ്വഫ്വാന്‍ ബിന്‍ ഉമയ്യയോട് നൂറ് അങ്കികള്‍ സാമഗ്രികളോട് കൂടി തിരുമേനി വായ്പവാങ്ങി. അതാബ് ബിന്‍ ഉസൈദിനെ മക്കയുടെ സാരഥ്യമേല്പ്പിക്കുകയും ചെയ്തു. സന്ധ്യയോടടുത്ത് ഒരു അശ്വഭടന്‍ കടന്നുവന്നു പറഞ്ഞു: ഞാന്‍ ഈ മലയ്ക്ക് മുകളില്‍ എത്തിനോക്കിയപ്പോള്‍ അവിടെ സന്താനങ്ങളോടെ ഹുനൈനിലേക്ക് സജ്ജരായി നില്ക്കുന്ന സൈന്യത്തെ കണ്ടു. പുഞ്ചിരിച്ചുകൊണ്ട് തിരുമേനി മൊഴിഞ്ഞു: അതെല്ലാം നാളെ മുസ്ലിംകള്‍ക്കുള്ള സമരാര്‍ജിത സമ്പത്തായിത്തീരും. ഇന്‍ശാ അല്ലാഹ്. അന്ന് രാത്രിയിലെ സൈന്യത്തിന്റെ കാവല്‍ അനസ്ബിന്‍ അബൂമര്‍ഥദ് സന്നദ്ധഭടനായി നിര്‍വഹിച്ചു.(2)

ഹുനൈനിലേക്കുള്ള യാത്രാമധ്യേ ദാത്ത് അന്‍വാത്വ് എന്ന് പേരുള്ള ഒരു വൃക്ഷം അവര്‍കണ്ടു. ചിലര്‍ ഞങ്ങള്‍ക്കും അതുപോലെ ഒരു ദാത് അന്‍വാത്വ് നിശ്ചയിച്ചുതരണമെന്ന് തിരുമേനിയോടാവശ്യപ്പെട്ടു. ഈ വൃക്ഷത്തില്‍ അറബികള്‍ അവരുടെ വാള് തൂക്കിയിടുകയും അവിടെ ബലി നടത്തുകയും അതിനെ പ്രദക്ഷിണം ചെയ്യുകയുമെല്ലാം ചെയ്യാറുണ്ടായിരുന്നു. ഇവിടെവെച്ച് കുപിതനായ നബി(സ) പറഞ്ഞു: 'അല്ലാഹു അക്ബര്‍! എന്റെ ആത്മാവ് ആരുടെ കൈവശമാണോ അവനില്‍ സത്യം! നിങ്ങളിപ്പോള്‍ ആവശ്യപ്പെട്ടത് മൂസയോട് അദ്ദേഹത്തിന്റെ ജനങ്ങള്‍ ആവശ്യപ്പെട്ടതു പോലെയാണ്. അവര്‍ക്ക് ദൈവമുള്ളതുപോലെ ഞങ്ങള്‍ക്കും ദൈവത്തെ നിശ്ചയിച്ചുതരണം. അവിടുന്ന് തുടര്‍ന്നു: നിങ്ങള്‍ വിഡ്ഢികള്‍ തന്നെയാണ്. ഇത് പൂര്‍വികരുടെ ചര്യയാണ്, നിങ്ങള്‍ പൂര്‍വികരുടെ ചര്യ പിന്തുടരുക തന്നെ ചെയ്യും. (3)

യാത്രക്കിടയില്‍ മുസ്ലിം സേനയുടെ ആധിക്യം കണ്ട് മതിമറന്ന ചിലര്‍ പറഞ്ഞു: ഇന്ന് നമ്മെ പരാജയപ്പെടുത്താന്‍ ആര്‍ക്കുമാകില്ല. ഇത് തിരുമേനിക്ക് പ്രയാസമുണ്ടാക്കി.

മുസ്ലിം സേനയ്ക്കുനേരെ അസ്ത്രപ്രയോഗം

മുസ്ലിം സേന ശവ്വാല്‍ പത്തിന് രാത്രിയില്‍ ഹുനൈനില്‍ എത്തിച്ചേര്‍ന്നു. അതിനുമുമ്പേ, അവിടെയെത്തിച്ചേര്‍ന്ന മാലിക്ബിന്‍ ഔഫ് രാത്രിയില്‍ തന്നെ തന്റെ സൈന്യങ്ങളെ താഴ്വരയില്‍ പ്രവേശിപ്പിക്കുകയും ഒളിപ്പോരാളികളെ കവാടങ്ങളിലും വഴികളിലും താഴ്വരകളിലുമെല്ലാം വിന്യസിക്കുകയും ചെയ്തിരുന്നു. മുസ്ലിംകള്‍ പ്രത്യക്ഷപ്പെടുന്നതോടെ പൊടുന്നനെ അവര്‍ക്കെതിരില്‍ കടുത്ത ആക്രമണം അഴിച്ചുവിടാന്‍ അവര്‍ക്ക് നിര്‍ദ്ദേശം നല്കി.
രാത്രിയുടെ അന്ത്യയാമത്തില്‍ സൈന്യസജ്ജീകരണം നടത്തികൊടിയും കെട്ടി മുന്നോട്ട് നീങ്ങിയ മുസ്ലിം സേന പ്രഭാതോദയത്തിന്റെ മുമ്പേയുള്ള ഇരുട്ടില്‍ ഹുനൈനില്‍ എത്തി. മങ്ങിയ ഇരുട്ടില്‍ താഴ്വരയിറങ്ങുന്ന സൈന്യത്തിന് അവിടങ്ങളില്‍ വിന്യസിച്ചിരുന്ന സേനകളെ പറ്റി അറിയില്ലായിരുന്നു. താഴ്വരയിറങ്ങുന്നതിന്നിടയില്‍ അവര്‍ക്ക് നേരെ ശരവര്‍ഷം തന്നെ നടന്നു. വിഭ്രാന്തരായ സൈന്യം പരസ്പരം തിരിച്ചറിയാതെ പിന്തിരിഞ്ഞോടി. നിന്ദ്യമായ പരാജയം ഇതുകണ്ട് സമീപകാലത്ത് ഇസ്ലാം ആശ്ളേഷിച്ച അബൂസുഫ്യാന്‍ പറഞ്ഞു: ഇവരുടെ തോറ്റോട്ടം ചെങ്കടലില്‍ ചെന്നല്ലാതെ അവസാനിക്കില്ല. ജബ്ല അല്ലെങ്കില്‍ കലദബിന്‍ ഹമ്പല്‍ വിളിച്ചുപറഞ്ഞു: ഇന്ന് എല്ലാ മായാജാലവും തകരുകയാണ്.

ഈ ഘട്ടത്തില്‍ പ്രവാചക തിരുമേനി വലതുഭാഗത്തേക്ക് തിരിഞ്ഞുവിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. 'ജനങ്ങളെ എന്റെയടുത്തേക്ക് വരൂ. ഞാന്‍ അല്ലാഹുവിന്റെ ദൂതനാണ്. ഞാന്‍ അബ്ദുല്ലയുടെ പുത്രന്‍ മുഹമ്മദാണ്.' പക്ഷെ, അദ്ദേഹത്തിന് ചുറ്റും ഏതാനും പേരല്ലാതെ മറ്റാരും അവശേഷിച്ചില്ല. ഇബ്നുഇസ്ഹാഖിന്റെ നിവേദനമനുസരിച്ച് ഒമ്പതും നവവിയുടെ അഭിപ്രായമനുസരിച്ച് പന്ത്രണ്ടും പേര്‍. എന്നാല്‍ ശരിയായിട്ടുള്ളത് ഇബ്നു മസ്ഊദില്‍നിന്ന് അഹ്മദും ഹാകിമും നിവേദനം ചെയ്യുന്നതാണ്: അദ്ദേഹം പറഞ്ഞു: 'ഞാന്‍ ഹുനൈന്‍ ദിവസം തിരുമേനിയുടെ കൂടെയുണ്ട്. ജനങ്ങള്‍ പിന്തിരിഞ്ഞോടി. പക്ഷെ, അദ്ദേഹത്തിന്റെ കൂടെ മുഹാജിറുകളും അന്‍സ്വാറുകളുമായി എണ്‍പതുപേര്‍ ഉറച്ചുനിന്നു. പിന്തിരിഞ്ഞോടാതെ ദൃഢപാദരായി ഞങ്ങളുറച്ചുനിന്നു. 'ഇബ്നു ഉമറില്‍നിന്ന് തിര്‍മിദി നിവേദനം ചെയ്യുന്നത് നൂറ് പേര്‍ എന്നാണ്' (4)

ഈ ഘട്ടത്തില്‍ പ്രവാചകന്‍ തന്റെ കോവര്‍ കഴുതപ്പുറത്ത് ശത്രുസേനയുടെ നേരെ ധീരമായി കുതിച്ചുകയറാന്‍ ശ്രമിച്ചു. അവിടുന്ന് പറയുന്നുണ്ടായിരുന്നു. 'ഞാന്‍ പ്രവാചകനാണ് കളവല്ലിത്, ഞാന്‍ അബ്ദുല്‍ മുത്വലിബിന്റെ പൌത്രനാണ്.''

അബൂസുഫ്യാന്‍ കോവര്‍ കഴുതയുടെ കടിഞ്ഞാണ്‍ പിടിച്ചും അബ്ബാസ് തന്റെ ഒട്ടകങ്ങളെക്കൊണ്ടും അതിന് തടസ്സം സൃഷ്ടിച്ചു. ഉടനെ തന്റെ കഴുതപ്പുറത്തുനിന്നിറങ്ങി. തന്റെ നാഥനോട് അവിടുന്ന് സഹായത്തിനായി യാചിച്ചു: 'അല്ലാഹുവേ നിന്റെ സഹായം ഞങ്ങള്‍ക്ക് നീ നല്കേണേ!'

മുസ്ലിംകളുടെ പുനരേകീകരണവും പോരാട്ടവും
കനത്ത ശബ്ദത്തിന്റെ ഉടമയായ അബ്ബാസിനോട് അനുചരന്മാരെ തിരിച്ചുവിളിക്കാന്‍ തിരുമേനി, ആഹ്വാനം ചെയ്തു. അത്യുച്ചത്തില്‍ അബ്ബാസ് വിളിച്ചു പറഞ്ഞു: 'വൃക്ഷച്ചുവട്ടില്‍വെച്ച് അനുസരണപ്രതിജ്ഞ ചെയ്ത മുഹാജിറുകളെവിടെ? അദ്ദേഹത്തിന്റെ ആഹ്വാനം അവരുടെ മനസ്സുകളില്‍ അനുരണനങ്ങള്‍ സൃഷ്ടിച്ചു. പശുവിന് കിടാവിനോടെന്നപോലെ അനുകമ്പയുണ്ടാക്കി. അവര്‍ മറുപടി പറഞ്ഞു: 'ഇതാ ഞങ്ങള്‍ വിളിക്കുത്തരം നല്കിയിരിക്കുകയാണ്, ഉത്തരം നല്കിയിരിക്കുന്നു. അങ്ങനെ ഓരോരുത്തരും തങ്ങളുടെ അങ്കിയും വാളും യുദ്ധസാമഗ്രികളും വഹിച്ച് വാഹനപ്പുറത്തേറി ശബ്ദം കേട്ട ഭാഗത്തേക്ക് ഓടിയടുത്തുകൊണ്ടിരുന്നു.' അങ്ങനെ നൂറുപേര്‍ പ്രവാചകന് ചുറ്റും സമ്മേളിക്കുകയും ശത്രുക്കള്‍ക്കെതിരെ പോരടിച്ചു നില്ക്കുകയും ചെയ്തു.

തുടര്‍ന്ന് അബ്ബാസ് തന്റെ ശബ്ദം അന്‍സ്വാറുകളിലേക്ക് തിരിച്ചു. അന്‍സ്വാറുകളേ അന്‍സ്വാറുകളേ, അദ്ദേഹം അത്യുച്ഛത്തില്‍ വിളിച്ചുകൊണ്ടിരുന്നു. തുടര്‍ന്ന് ബനൂഹാരിഥിനേയും. അങ്ങനെ ഓരോന്നോരോന്നായി രണാങ്കണത്തില്‍ അണിചേര്‍ന്ന് കൊണ്ടേയിരുന്നു. അവസാനം പൂര്‍വസ്ഥിതി പ്രാപിക്കുകയും യുദ്ധം കൊടുമ്പിരി കൊള്ളുകയും ചെയ്തു. തിരുമേനി യുദ്ധക്കളം വീക്ഷിച്ചു. ഇരുവിഭാഗവും കടുത്ത പോരാട്ടത്തിലാണ്. അവിടുന്ന് പറഞ്ഞു: ഇപ്പോഴാണ് യുദ്ധം ചൂടുപിടിച്ചത്. തുടര്‍ന്ന് തിരുമേനി ഒരുപിടി മണ്ണുവാരി, 'മുഖങ്ങള്‍ വികൃതമാകട്ടെ! എന്ന് മൊഴിഞ്ഞുകൊണ്ട് ശത്രു മുഖത്തേക്ക് എറിഞ്ഞു. അവരുടെ നേത്രങ്ങളിലെല്ലാം അതുചെന്ന് പതിച്ചു. ഏതാനും സമയത്തിനുശേഷം ശത്രുസേന നിന്ദ്യമായ പരാജയം ഏറ്റുവാങ്ങി. ഥഖീഫ് ഗോത്രത്തില്‍നിന്ന് മാത്രം എഴുപതോളം പേര്‍ വധിക്കപ്പെടുകയുണ്ടായി. ശത്രുക്കളുടെ സമ്പത്തും ആയുധങ്ങളും മൃഗങ്ങളുമെല്ലാം മുസ്ലിംകള്‍ കൈവശപ്പെടുത്തി. ഇതിനെക്കുറിച്ചാണ് ക്വുര്‍ആന്‍ പരാമര്‍ശിച്ചത്.

'ഹുനൈന്‍ ദിവസത്തിലും സഹായിച്ചു. അതായത് നിങ്ങളുടെ എണ്ണപ്പെരുപ്പം നിങ്ങളെ ആഹ്ളാദം കൊള്ളിക്കുകയും എന്നാല്‍ അത് നിങ്ങള്‍ക്ക് യാതൊരുപ്രയോജനവും ഉണ്ടാക്കാതിരിക്കുകയും ഭൂമി വിശാലമായിട്ടും നിങ്ങള്‍ക്ക് ഇടുങ്ങിയതാവുകയും അനന്തരം നിങ്ങള്‍ പിന്തിരിഞ്ഞോടുകുയം ചെയ്ത സന്ദര്‍ഭം. പിന്നീട് അല്ലാഹു അവന്റെ ദൂതനും സത്യവിശ്വാസികള്‍ക്കും അവന്റെ പക്കല്‍ നിന്നുള്ള മനസ്സമാധാനം ഇറക്കിക്കൊടുക്കുകയും നിങ്ങള്‍ കാണാത്ത ചില സൈന്യങ്ങളെ ഇറക്കുകയും സത്യനിഷേധികളെ അവന്‍ ശിക്ഷിക്കുകയും ചെയ്തു. അതത്രെ സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം. (9:25, 26)

യുദ്ധാര്‍ജിത സമ്പത്ത്

തോറ്റോടിയ സൈന്യം പല ഭാഗങ്ങളിലേക്കായി ചേക്കേറി. ചിലര്‍ ത്വാഇഫ് മറ്റുചിലര്‍ നഖ്ല വേറൊരു വിഭാഗം ഔത്വാസ് എന്നിങ്ങനെ. ഔത്വാസിലേക്ക് ഒളിച്ചോടിയവരെ തുരത്താനായി പ്രവാചകന്‍ അബൂആമിര്‍ അല്‍ അശ്അരിയുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ നിയോഗിച്ചു. ഇരുവിഭാഗവും ചെറിയ ഏറ്റുമുട്ടലുണ്ടായെങ്കിലും ശത്രുസൈന്യം പരാജയമടഞ്ഞു. ഇതില്‍ നായകന്‍ അബൂആമിര്‍ അശ്അരി വധിക്കപ്പെട്ടു. നഖ്ലയില്‍ ചേക്കേറിയവരെ മുസ്ലിം അശ്വഭടന്മാര്‍ പിന്തുടരുകയും ദുറൈദ് ആസ്സ്വിമയെ വധിക്കുകയും ചെയ്തു. റബീഅബിന്‍ റുഫൈഅ് ആണ് വധിച്ചത്. ത്വാഇഫിലേക്ക് തിരുമേനി തന്നെ പുറപ്പെടുകയാണുണ്ടായത്. യുദ്ധാര്‍ജിത സമ്പത്ത് ശേഖരിച്ചശേഷമാണ് തിരുദൂതര്‍ അങ്ങോട്ട് പുറപ്പെട്ടത്.

ഗനീമത് സ്വത്തായി ലഭിച്ചത് ആറായിരം ബന്ദികളും ഇരുപത്തിനാലായിരം ഒട്ടകങ്ങളും നാല്പതിനായിരത്തിലധികം ആടുകളും നാലായിരം ഊഖിയ വെള്ളിയുമാണ്. ഇവ ശേഖരിച്ച് ജിഅ്റാനയില്‍ സൂക്ഷിക്കാന്‍ പ്രവാചകന്‍ നിര്‍ദേശിച്ചു. സൂക്ഷിപ്പുകാരനായി മസ്ഊദ്ബിന്‍ അംറ് അല്‍ഗിഫ്ഫാരിയേയും ചുമതലപ്പെടുത്തി. ത്വാഇഫ് സംഘട്ടനത്തില്‍നിന്ന് വിരമിച്ചശേഷമാണ് ഇത് വിഭജിച്ചത്.

ബന്ദികളുടെ കൂട്ടത്തില്‍ നബിതിരുമേനിയുടെ മുലകുടിബന്ധത്തിലുള്ള സഹോദരി ശൈമാഅ്ബിന്‍ത് ഹാരിഥ് സഅദിയ്യയുമുണ്ടായിരുന്നു. തിരുസന്നിധിയില്‍ കൊണ്ടുവരപ്പെട്ടപ്പോള്‍ ഇവരെ തിരിച്ചറിഞ്ഞ പ്രവാചകന്‍ അവരെ ആദരപൂര്‍വം തന്റെ തട്ടംവിരിച്ച് ഇരുത്തുകയും ഔദാര്യമായി വിട്ടയക്കുകയും ചെയ്തു.

ത്വാഇഫ് യുദ്ധം
ഇത് ഹുനൈന്‍ യുദ്ധത്തിന്റെ ഒരു തുടര്‍ച്ച മാത്രമാണ്. കാരണം ഹുനൈനില്‍ തോറ്റോടിയ ഹവാസിന്‍, ഥഖീഫ് ഗോത്രങ്ങളിലധികവും അവരുടെ നേതാവ് മാലിക്ബിന്‍ ഔഫിന്റെ നേതൃത്വത്തില്‍ ത്വാഇഫില്‍ അഭയം തേടുകയാണുണ്ടായത്. യുദ്ധാര്‍ജിത സ്വത്ത് ജിഅ്റാനയില്‍ സമാഹരിച്ചശേഷം തിരുമേനി അതേമാസം തന്നെ ത്വാഇഫിലേക്ക് പുറപ്പെടുകയാണുണ്ടായത്.

ആയിരം മുന്നണിപ്പോരാളികളോടെ ഖാലിദിനെ മുന്നില്‍ നിയോഗിച്ചു. തുടര്‍ന്ന് പ്രവാചകന്‍ നഖ്ലയുടെ വലതുഭാഗത്തിലൂടെ ഖര്‍നുല്‍ മനാസിലും ലിയ്യയും വഴി ത്വാഇഫിലേക്ക് പുറപ്പെട്ടു. ലിയ്യയില്‍ മാലികിന്റെ ഒരു കോട്ടയുണ്ടായിരുന്നു. അത് പൊളിച്ചുമാറ്റാന്‍ പ്രവാചകന്‍ കല്പന കൊടുത്തു. തുടര്‍ന്ന് ത്വഇഫിലേക്ക് യാത്ര തുടരുകയും അവരുടെ കോട്ടയ്ക്ക് സമീപം സൈന്യം താവളമടിക്കുകയും ചെയ്തു. കോട്ടയ്ക്കുള്ളിലുള്ളവരെ മുസ്ലിംസേന ദീര്‍ഘമായി ഉപരോധിച്ചു. അനസില്‍ നിന്നുള്ള മുസ്ലിമിന്റെ നിവേദനമനുസരിച്ച് ഇത് നാല്പത് ദിവസമാണ്. ചരിത്രകാരന്മാര്‍ ഇരുപതെന്നും പത്തില്‍ ചില്വാനമെന്നും പതിനെട്ടെന്നും പതിനഞ്ചെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. (5)

ഇതിന്നിടിയില്‍ മുസ്ലിംകള്‍ക്ക് നേരെ ശക്തമായ ശരവര്‍ഷം തന്നെ നടന്നു. മുസ്ലിംകളില്‍ ചിലര്‍ക്ക് മുറിവേല്ക്കുകയും പന്ത്രണ്ടുപേര്‍ വധിക്കപ്പെടുകയും ചെയ്തു. അവസാനം, സൈനിക താവളം അല്പം ഉയര്‍ന്ന സ്ഥാനത്തേക്ക് മാറാന്‍ മുസ്ലിംകള്‍ നിര്‍ബന്ധിതരായി. അത് ഇന്ന് ത്വാഇഫ് പള്ളി സ്ഥിതിചെയ്യുന്ന സ്ഥലമാണ്. സൈന്യം അവിടെ താവളമടിച്ചു.

ത്വാഇഫുകാര്‍ക്കെതിരില്‍ പ്രവാചകന്‍ കവണ പ്രയോഗം നടത്തി. അങ്ങനെ അവരുടെ കോട്ടയ്ക്ക് കനത്ത വിള്ളലുകള്‍ സൃഷ്ടിച്ചു. അതുവഴി ഒരുപറ്റം മുസ്ലിംകള്‍ കവചിത ടാങ്കിന് കീഴെ ഉള്ളില്‍ പ്രവേശിച്ച് കോട്ടയുടെ ചുമരിന് തീകൊളുത്താന്‍ ശ്രമിച്ചു. അപ്പോഴേക്കും അവര്‍ക്ക് നേരെ ശത്രുക്കള്‍ ചുട്ടുപഴുത്ത ഇരുമ്പുദണ്ഡുകള്‍ എറിഞ്ഞു. അങ്ങനെ അവിടെനിന്ന് പുറത്തുകടന്ന ഇവര്‍ ശത്രുക്കള്‍ക്കെതിരില്‍ നടത്തിയ അസ്ത്രപ്രയോഗത്തില്‍ ഏതാനും പേരെ വധിച്ചു.
നിവൃത്തിയില്ലാതെ ഒരു യുദ്ധതന്ത്രമെന്ന നിലയ്ക്ക് പ്രവാചകന്‍ ശത്രുക്കളെ മുന്തിരിത്തോട്ടങ്ങള്‍ വെട്ടിമുറിക്കാനും അഗ്നിക്കിരയാക്കാനും ഉത്തരവിട്ടു. കല്പന കിട്ടിയപാടെ മുസ്ലിംകള്‍ അത് വെട്ടി ചാമ്പലാക്കിക്കളഞ്ഞു. ഉടനെ ഥഖീഫുകാര്‍ അല്ലാഹുവെ ഓര്‍ത്തും രക്തബന്ധമോര്‍ത്തും അതില്‍നിന്ന് പിന്തിരിയാന്‍ അപേക്ഷിച്ചു. അതോടെ അത് നിര്‍ത്തിവെച്ചു. ഉടനെ മുസ്ലിംപക്ഷത്ത് നിന്ന് പ്രവാചകനിര്‍ദേശാനുസരണം ഒരു വിളംബരമുണ്ടായി. കോട്ടയില്‍നിന്ന് പുറത്തുവരുന്ന ആരും സ്വതന്ത്രരായിരിക്കും. അങ്ങനെ ഇരുപത്തിമൂന്നുപേര്‍ പുറത്തുവന്നു. ഇതിലൊരാളായിരുന്നു അബൂബക്റ. ത്വാഇഫിലെ കോട്ടകളുടെ ചുമര് പണിയുന്നതും അതില്‍ വെള്ളം ശേഖരിക്കാന്‍ ഉരുളന്‍ കപ്പി പിടിപ്പിക്കുന്നതും ഇദ്ദേഹമായിരുന്നു. കപ്പിയുടെ ആള്‍ എന്നര്‍ഥത്തില്‍ തിരുമേനി അദ്ദേഹത്തെ അബൂബക്റ എന്ന് ഓമനപ്പേര്‍വിളിച്ചു. ഇദ്ദേഹത്തെ തിരുമേനി സ്വതന്ത്രമായി വിട്ടു. അവശേഷിച്ച ഓരോരുത്തരുടേയും സംരക്ഷണ ഉത്തരവാദിത്തം ഓരോ മുസ്ലിമിനെ ഏല്പിച്ചു. ഇത് കോട്ടയിലുള്ളവര്‍ക്ക് കടുത്ത പ്രഹരമുണ്ടാക്കി.

ഉപരോധം നീണ്ടു. ഥഖീഫുകാരുടെ കോട്ടയ്ക്കുള്ളില്‍ ഒരു വര്‍ഷത്തേക്കാവശ്യമായ വിഭവങ്ങളോടുകൂടി സുരക്ഷിതരായ അവര്‍ അമ്പെയ്തു. ചുട്ടുപഴുത്ത ഇരുമ്പുദണ്ഡുപാതമേല്പിച്ചും മുസ്ലിംകളെ പരിക്ഷീണിതരാക്കി കഴിഞ്ഞിരുന്നു. അവസാനം പ്രവാചകന്‍ നൌഫല്‍ബിന്‍ മുആവിയ അദൈലിയോട് പ്രശ്നം കൂടിയാലോചിച്ചു. അവര്‍ മാളത്തിലെ കുറുക്കന്മാരാണ്. ഉപരോധം ഏര്‍പ്പെടുത്തിയാല്‍ അവരെ പിടികൂടാം. ഇനി ഒഴിവാക്കി വിട്ടാലും പ്രശ്നമൊന്നുമില്ല. അദ്ദേഹം തന്റെ അഭിപ്രായമറിയിച്ചു. അതോടെ ഉപരോധമൊഴിവാക്കി തിരിച്ചുപോകാന്‍ പ്രവാചകന്‍ തീരുമാനിച്ചു. നാളെ കാലത്ത് തിരിച്ചുപോകുമെന്ന് വിളംബരം ചെയ്യാന്‍ ഉമര്‍(റ)വിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ അറിയിപ്പ് ജനങ്ങള്‍ക്ക് പ്രയാസകരമായി അനുഭവപ്പെട്ടു. അവര്‍ ചോദിച്ചു: കോട്ട തുറക്കാതെ നാം തിരിച്ചുപോവുകയോ? വീണ്ടും യുദ്ധം ചെയ്യാനായി തിരിച്ചുപോവുക, എന്ന് പ്രവാചകന്‍ പറഞ്ഞതോടെ അവര്‍ക്ക് സമാധാനമായി. അങ്ങനെ മുറിവേറ്റവരായി അവര്‍ തിരിച്ചു. റസൂല്‍(സ) ചിരിക്കുകയായിരുന്നു. തിരിച്ചുപോകുമ്പോള്‍ അവര്‍ പ്രാര്‍ഥിച്ചു.

'പശ്ചാത്തപിച്ചു മടങ്ങുന്നവരും അല്ലാഹുവിനെ വണങ്ങുന്നവരും സ്തുതികളര്‍പ്പിക്കുന്നവരുമായി മടങ്ങുന്നു. 'മടക്കയാത്രക്കിടയില്‍ ആരോ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഥഖീഫ്കാര്‍ക്കെതിരില്‍ പ്രാര്‍ഥിക്കണം. അവിടുന്ന് പ്രാര്‍ഥിച്ചു: 'അല്ലാഹുവേ, ഥഖീഫുകാരെ സന്മാര്‍ഗത്തിലാക്കി കൊണ്ടുവരേണമേ.'

ഗനീമത് ഭാഗിക്കല്‍
ത്വാഇഫില്‍നിന്ന് മടങ്ങി പത്ത് ദിവസം യുദ്ധാര്‍ജ്ജിത സമ്പത്ത് ഓഹരിവെക്കാതെ നബിതിരുമേനി ജിഅ്റാനയില്‍ തങ്ങി. 'ഥഖീഫുകാര്‍ പശ്ചാത്തപിച്ച് തങ്ങളുടെ സമ്പത്തിന് പ്രതിനിധികളെ അയക്കുമെന്ന പ്രതീക്ഷയിലായിരുന്നു അങ്ങനെ ചെയ്തത്. പക്ഷേ ആരും വന്നില്ല. അങ്ങനെ അവിടുന്ന് ഗനീമത് വിഭജിച്ചു നല്കി. മക്കയിലെ ഗോത്രനായകന്മാരേയും പൌരപ്രമുഖരേയും ഇണക്കിയെടുക്കാനും അടക്കിയിരുത്താനുമായിരുന്നു അവിടുന്ന് ഗനീമതിന്റെ ഗണ്യമായ ഭാഗം നീക്കിവെച്ചത്.

അബൂസുഫ്യാന് നൂറ് ഒട്ടകങ്ങളും നാല്പത് ഊഖിയവെള്ളിയും നല്കി. അദ്ദേഹം ചോദിച്ചു. എന്റെ മകന്‍ യസീദിനൊന്നുമില്ലേ? അദ്ദേഹത്തിനും അതുപോലെ നല്കി. പിന്നീട് മകന്‍ മുആവിയക്ക് വേണ്ടി ചോദിച്ചപ്പോഴും അത്രതന്നെ നല്കി. ഹകീംബിന്‍ ഹസ്സാമിന് നൂറ് ഒട്ടകം നല്കി. വീണ്ടും അദ്ദേഹം ചോദിച്ചപ്പോള്‍ അത്രയും കൂടി നല്കി. സ്വഫ്വാന്‍ ബിന്‍ ഉമയ്യയ്ക്ക് മൂന്നുതവണയായി മുന്നൂറ് ഒട്ടകങ്ങള്‍ നല്കി. ക്വാളിഇയാളിന്റെ അശ്ശിഫാ എന്ന ഗ്രന്ഥത്തിലാണ് ഇത്രയും വിശദീകരിച്ചിട്ടുള്ളത്. ഹാരിഥ്ബ്നു അല്‍ഹാരിഥ് അല്‍കിന്‍ ദക്ക് നൂറൊട്ടകവും ചില ക്വുറൈശീ പ്രമുഖര്‍ക്ക് നൂറുവീതവും മറ്റു ചിലര്‍ക്ക് അമ്പത്, നാല്പത് എന്ന തോതിലും ഒട്ടകങ്ങള്‍ നല്കി. അതോടെ, ദാരിദ്ര്യം ഭയക്കാതെ മുഹമ്മദ് ധര്‍മം ചെയ്യുന്നുവെന്ന് ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചു. അങ്ങനെ ഗ്രാമീണരായ അറബികളെല്ലാം സമ്പത്തുമന്വേഷിച്ച് അദ്ദേഹത്തിന് ചുറ്റും ഓടിക്കൂടി. അവസാനം അവരദ്ദേഹത്തെ ഒരു ഇലന്തമരത്തിന് സമീപത്തേക്ക് തള്ളിക്കൊണ്ടുപോയി. അവിടുത്തെ തട്ടം അതില്‍ കൊളുത്തിയപ്പോള്‍ അവിടുന്ന് പറഞ്ഞു: 'ജനങ്ങളേ എന്റെ തട്ടം എനിക്ക് തിരിച്ചു തരൂ. എന്റെ ആത്മാവ് ആരുടെ കൈവശമാണോ അവന്‍ തന്നെയാണ് സത്യം! തിഹാമയിലെ ഈ മുള്‍ച്ചെടിയുടെ അത്രയും ഒട്ടകങ്ങള്‍ എന്റെ കൈവശമുണ്ടെങ്കില്‍പോലും ഞാനത് നിങ്ങള്‍ക്ക് ഓഹരിവെച്ചു തരും. എന്നെ നിങ്ങള്‍ക്ക് പിശുക്കനോ ഭീരുവോ കളവു പറയുന്നവനോ ആയിട്ട് കാണാനാവില്ല.' തുടര്‍ന്നദ്ദേഹം തന്റെ ഒട്ടകത്തിന്റെ പൂഞ്ഞയില്‍നിന്ന് ഒരുപിടി രോമം പറിച്ചെടുത്ത് തന്റെ വിരലുകള്‍ക്കിടയില്‍ പിടിച്ച് ഉയര്‍ത്തിക്കാട്ടിക്കൊണ്ട് പ്രഖ്യാപിച്ചു: 'ജനങ്ങളേ, നിങ്ങളുടെ സമരാര്‍ജിത സ്വത്തിലും ഈ രോമങ്ങളിലും എനിക്കവകാശപ്പെട്ടത് അഞ്ചിലൊന്ന് മാത്രമാണ്. ആ അഞ്ചിലൊന്ന് തന്നെയും ഞാന്‍ നിങ്ങള്‍ക്ക് വിട്ടുതരുന്നു.'

മനസ്സിണക്കേണ്ടവര്‍ക്കെല്ലാം ഇവ്വിധം വിതരണം ചെയ്തശേഷം പ്രവാചകതിരുമേനി സൈദ്ബ്നു ഹാരിഥിനെ വിളിച്ച് ബാക്കിയുള്ള സമ്പത്ത് കൊണ്ടുവരാനും ജനങ്ങളെ ക്ഷണിക്കാനും കല്പിച്ചു. തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ ഓഹരിയിട്ടു. ഓരോ യോദ്ധാവിനും നാല് ഒട്ടകമോ നാല്പത് ആടുകളോ വീതം നല്കപ്പെട്ടു. അശ്വഭടനാണെങ്കില്‍ പന്ത്രണ്ട് ഒട്ടകങ്ങളോ നൂറ്റി ഇരുപത് ആടുകളോ നല്കപ്പെട്ടു.

അന്‍സ്വാറുകളുടെ പരാതി
ഇതൊരുതന്ത്രപ്രധാനമായ ഓഹരി ചെയ്യലായിരുന്നുവെങ്കിലും പലര്‍ക്കും ആദ്യത്തില്‍ ഇത് മനസ്സിലായില്ല. അവര്‍ പല അഭിപ്രായങ്ങളും പ്രകടിപ്പിച്ചു തുടങ്ങി. അബൂസഈദില്‍ ഖുദ്രിയില്‍നിന്ന് ഇബ്നു ഇസ്ഹാഖ് രേഖപ്പെടുത്തുന്നു.

അല്ലാഹുവിന്റെ ദൂതര്‍ ആ സമ്പത്തെല്ലാം അന്‍സ്വാറുകള്‍ക്കൊന്നും നല്കാതെ ക്വുറൈശികള്‍ക്കും അറബ് ഗോത്രങ്ങള്‍ക്കുമിടയില്‍ വിതരണം ചെയ്തപ്പോള്‍ അന്‍സ്വാറുകള്‍ക്ക് അത് പ്രയാസമാവുകയും അവര്‍ പരസ്പരം പിറുപിറുക്കുകയും ചെയ്തു. ചിലര്‍ പറഞ്ഞു: അല്ലാഹുവാണേ, അല്ലാഹുവിന്റെ ദൂതര്‍ തന്റെ ജനതയെ പരിഗണിക്കുകയാണ് ചെയ്തത്! ഉടനെ സഅദ്ബ്നു ഉബാദ തിരുമേനിയെ സമീപിച്ചു പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, അങ്ങ് ഈ സമ്പത്ത് വിതരണത്തില്‍ സ്വീകരിച്ച നിലപാട് അന്‍സ്വാറുകള്‍ക്ക് പ്രയാസമുണ്ടാക്കിയിരിക്കുന്നു. അവര്‍ക്ക് അങ്ങ് ഒന്നും നല്കിയില്ലല്ലോ. അങ്ങയുടെ ജനതയ്ക്ക് ധാരാളമായി നല്കുകയും ചെയ്തു. തിരുമേനി ചോദിച്ചു: സഅദ് നിന്റെ നിലപാടെന്താണ്? അല്ലാഹുവിന്റെ ദൂതരേ ഞാനും എന്റെ ജനങ്ങളോടൊപ്പമാണ്. എന്നാല്‍ നീ അവരെ എല്ലാം ഇവിടെ വിളിച്ചു ചേര്‍ക്കുക. സഅദ് എല്ലാ അന്‍സ്വാറുകളേയും അവിടെ സമ്മേളിപ്പിച്ചു. കൂട്ടത്തില്‍ കടന്നുവന്ന ചില മുഹാജിറുകള്‍ക്കും പ്രവേശനം നല്കി. മറ്റാര്‍ക്കും പ്രവേശനം നല്കിയില്ല. എല്ലാവരും സമ്മേളിച്ചപ്പോള്‍ സഅദ് നബി തിരുമേനിയെ വിവരം അറിയിച്ചു. തിരുമേനി വന്ന് അല്ലാഹുവെ സ്തുതിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്തശേഷം ഇങ്ങനെ പ്രസംഗിച്ചു.

അന്‍സാര്‍ സമൂഹമേ, യുദ്ധസമ്പത്ത് വിതരണം ചെയ്തതില്‍ അസംതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് നിങ്ങള്‍ സംസാരിച്ചതായി എനിക്ക് വിവരം കിട്ടി. ഞാന്‍ നിങ്ങളുടെ അടുത്തുവരുന്നകാലത്ത് നിങ്ങള്‍ തികഞ്ഞ വഴികേടിലായിരുന്നു. അങ്ങനെ ഞാന്‍വഴി അല്ലാഹു നിങ്ങളെ സന്മാര്‍ഗത്തിലാക്കിയില്ലേ ദരിദ്രരായ നിങ്ങളെ സമ്പന്നരുമാക്കിയില്ലേ? പരസ്പരം ശത്രുക്കളായിരുന്ന നിങ്ങളെ ഞാന്‍വഴി അല്ലാഹു മാനസികമായി ഇണക്കിയില്ലേ? 'അതെ, അല്ലാഹുവും അവന്റെ ദൂതരും ഏറെ കനിവുള്ളവരും അതിയായ കാരുണ്യമുള്ളവരുമാണ്, അവര്‍ പറഞ്ഞു. അവിടുന്ന് തുടര്‍ന്നു: ഞാന്‍ ചോദിച്ചാല്‍ നിങ്ങള്‍ മറുപടി പറയുമോ അന്‍സ്വാര്‍ സമൂഹമേ? അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളെന്തിനാണ് മറുപടി പറയേണ്ടത്? അവര്‍ ആരാഞ്ഞു. എല്ലാ കാരുണ്യവും ഔദാര്യവും അല്ലാഹുവിന്റേതും അവന്റെ ദൂതരുടേതുമാണ്. അവിടുന്ന് പറഞ്ഞു: ഒരുപക്ഷേ, നിങ്ങള്‍ പറയുമായിരിക്കാം. കളവാക്കപ്പെട്ടവനായി നീ ഞങ്ങളുടെ അടുക്കല്‍ വന്നപ്പോള്‍ ഞങ്ങള്‍ നിന്നില്‍ വിശ്വസിച്ചു. തിരസ്കൃതനും പരിത്യജിക്കപ്പെട്ടവനും നിരാശ്രയനുമായി നീ ഞങ്ങളുടെ അടുക്കല്‍ വന്നപ്പോള്‍ ഞങ്ങള്‍ നിന്നെ സഹായിക്കുകയും അഭയമരുളുകയും സംരക്ഷണമേകുകയും ചെയ്തു. ഇതാണ് നിങ്ങളുടെ മറുപടിയെങ്കില്‍ അത് ശരിയും പൂര്‍ണ്ണസത്യവുമാണ്.

അന്‍സാര്‍ സമൂഹമേ! ഒരു വിഭാഗമാളുകളെ ഇസ്ലാമിലേക്കാകര്‍ഷിക്കാനും ഉറപ്പിക്കാനും ഏതാനും ഭൌതികവിഭവങ്ങള്‍ നല്കിയതാണോ നിങ്ങളുടെ പരിഭവം! നിങ്ങളാകട്ടെ അതൊന്നുമില്ലാതെ വിശ്വാസം ദൃഢീകരിച്ചവരും. അന്‍സാര്‍ സമൂഹമേ! ജനങ്ങള്‍ ആടുമാടുകളുമായി പോകുമ്പോള്‍ നിങ്ങള്‍ അല്ലാഹുവിന്റെ ദൂതരുമായി തിരിച്ചുപോകുന്നത് നിങ്ങള്‍ക്ക് തൃപ്തികരമല്ലേ? മുഹമ്മദിന്റെ ആത്മാവ് ആരുടെ കൈവശമാണോ അവന്‍ തന്നെയാണ് സത്യം. ഹിജ്റ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ അന്‍സ്വാറുകളില്‍ ഒരാളാകുമായിരുന്നു. ജനങ്ങള്‍ ഒരുവഴിക്കും അന്‍സ്വാറുകള്‍ മറ്റൊരു വഴിക്കും പോയാല്‍ ഞാന്‍ അന്‍സ്വാറുകളുടെ കൂടെയായിരിക്കും. അല്ലാഹുവേ, അന്‍സ്വാറുകള്‍ക്ക് നീ കരുണ ചെയ്യേണമേ. അവരുടെ സന്തതികള്‍ക്കും അവരുടെ പുത്രന്മാര്‍ക്കും പൌത്രന്മാര്‍ക്കും നീ കരുണ ചെയ്യണേ.'' ഇതുകേട്ടതോടെ അവരെല്ലാം വിങ്ങിക്കരഞ്ഞു. അവരുടെ താടികളിലൂടെ കണ്ണീര്‍ ചാലിട്ടൊഴുകി. അവരൊന്നടങ്കം പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ ഞങ്ങള്‍ക്കുള്ള വിഹിതമായി ഞങ്ങള്‍ അങ്ങയെ തൃപ്തിപ്പെട്ടിരിക്കുന്നു: അതോടെ അവരെല്ലാം പിരിഞ്ഞുപോയി.!(6)

ഹവാസിന്‍ ദൌത്യസംഘം
ഗനീമത് സമ്പത്തെല്ലാം വിതരണം കഴിഞ്ഞശേഷം പതിനാലുപേര്‍ മുസ്ലിംകളായി ഹവാസില്‍ ഗോത്രത്തിന്റെ പ്രതിനിധികളായി തിരുസന്നിധിയില്‍ എത്തി. ഈ സംഘത്തിന്റെ നേതാവ് സുഹൈര്‍ബിന്‍ സ്വുറദ് ആയിരുന്നു. സംഘത്തില്‍ നബി തിരുമേനിയുടെ മുലകുടി ബന്ധത്തിലുള്ള പിതൃവ്യന്‍ അബൂബുര്‍ഖാനുമുണ്ടായിരുന്നു. ഇവര്‍ ഇസ്ലാം സ്വീകരിച്ചു പ്രവാചകനുമായി അനുസരണക്കരാറിലേര്‍പ്പെട്ടു. തുടര്‍ന്നവര്‍ തിരുദൂതരോടാവശ്യപ്പെട്ടു: അല്ലാഹുവിന്റെ ദൂതരേ, നിങ്ങള്‍ ബന്ദികളാക്കിയവരില്‍ മാതാക്കളും സഹോദരിമാരും അമ്മാവന്മാരും അമ്മായിമാരുമെല്ലാമുണ്ട്. അത് നാണക്കേടാണ്. തുടര്‍ന്നദ്ദേഹം കവിതാശകലങ്ങള്‍ ചൊല്ലി

ദൈവദൂതരേ! ഞങ്ങളില്‍ ചൊരിയണം
അങ്ങയുടെ ഔദാര്യകാരുണ്യങ്ങള്‍
പ്രതീക്ഷിക്കുന്നു ഞങ്ങളത്
ആഗ്രഹിക്കുന്നു അങ്ങയില്‍നിന്ന്
സ്തന്യമൂട്ടിയ മാതാക്കളോട്
ഉദാരത ചെയ്താലും
അങ്ങയുടെ വായില്‍നിറഞ്ഞില്ലേ
അവര്‍തന്‍ മുലപ്പാല്‍ ഒരു കാലം.

പ്രവാചകന്‍ പറഞ്ഞു: എന്റെ കൂടെ നിങ്ങളിക്കാണുന്നതെല്ലാമുണ്ട്. സത്യം പറയുന്നതാണ് എനിക്കേറ്റം ഇഷ്ടം. നിങ്ങളുടെ സ്ത്രീകളും സന്താനങ്ങളുമാണോ നിങ്ങള്‍ക്കേറ്റം ഇഷ്ടം? അതോ നിങ്ങളുടെ സമ്പത്തോ? 'കുടുംബബന്ധത്തിന് തുല്യമായി ഒന്നും തന്നെ ഞങ്ങള്‍ കാണുന്നില്ല.' അവര്‍ മറുപടി പറഞ്ഞു. എന്നാല്‍ മധ്യാഹ്നനമസ്കാരം കഴിഞ്ഞാല്‍ നിങ്ങള്‍ എഴുന്നേറ്റ് ജനങ്ങളോട് പറയുക. 'ഞങ്ങളുടെ സ്ത്രീകളേയും സന്താനങ്ങളേയും തിരിച്ചു തരാന്‍ അല്ലാഹുവിന്റെ ദൂതരുടെ പേരില്‍ മുസ്ലിംകളോടും മുസ്ലിംകളുടെ പേരില്‍ അല്ലാഹുവിന്റെ ദൂതരോടും ഞങ്ങള്‍ അപേക്ഷിക്കുന്നു. മധ്യാഹ്ന നമസ്കാരം കഴിഞ്ഞപാടെ അവരത് പറഞ്ഞു: അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: 'എനിക്കും അബ്ദുല്‍ മുത്വലിബിന്റെ സന്തതികള്‍ക്കുമുള്ളത് നിങ്ങള്‍ക്കുള്ളതാണ്. നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ജനങ്ങളോട് ചോദിക്കാം.' അപ്പോള്‍ മുഹാജിറുകളും അന്‍സ്വാറുകളും പറഞ്ഞു: 'ഞങ്ങള്‍ക്കുള്ളതെല്ലാം അല്ലാഹുവിന്റെ ദൂതര്‍ക്കുള്ളതാണ്. ഉടനെ അഖ്റഅ്ബ്നു ഹാബിസ് എഴുന്നേറ്റു പറഞ്ഞു: ഞാനും തമീംകാരും തിരിച്ചുകൊടുക്കില്ല. അപ്പോള്‍ ഉയൈയ്ന ബിന്‍ ഹിസ്വ്ന്‍ പറഞ്ഞു: 'ഞാനും ഫസാറക്കാരും തിരിച്ചുതരില്ല.' ഇതിനെത്തുടര്‍ന്ന് അബ്ബാസ്ബ്നു മിര്‍ദാസ് പറഞ്ഞു: ഞാനും ബനുസുലൈമും തിരിച്ചുതരില്ല. ഇതുകേട്ട ബനൂസുലൈം പറഞ്ഞു. ഞങ്ങള്‍ക്കുള്ളത് അല്ലാഹുവിന്റെ റസൂലിന് അവകാശപ്പെട്ടതാണ്. അപ്പോള്‍ അബ്ബാസ്ബിന്‍ മിര്‍ദാസ് പറഞ്ഞു: നിങ്ങളെന്നെ ദുര്‍ബലനാക്കിയല്ലോ.

അപ്പോള്‍ തിരുദൂതര്‍ പറഞ്ഞു: ഇവര്‍ മുസ്ലിംകളായി നമ്മുടെ അടുത്ത് വന്നവരാണ്. അവരുടെ തടവുകാരെ വിതരണം ചെയ്യാതെ ഞാന്‍ താമസിപ്പിച്ചിരുന്നു. ഇപ്പോള്‍ തടവുകാരോ സമ്പത്തോ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാന്‍ ഞാനവര്‍ക്ക് അനുവാദം നല്കിയപ്പോള്‍ അവര്‍ കുടുംബബന്ധമാണ് തെരഞ്ഞെടുത്തത്. അതിനാല്‍ ആരുടേയെങ്കിലും കൈവശം അവരുടെ ബന്ധുക്കളുണ്ടെങ്കില്‍ സ്വമനസ്സാലെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തിരിച്ചുനല്കാന്‍ താല്പര്യമുള്ളവര്‍ നല്കുക. തന്റെ അവകാശം തനിക്കുതന്നെ വേണമെന്ന് നിര്‍ബന്ധമുള്ളവര്‍, അവര്‍ക്ക് തിരിച്ചുനല്കുകയാണെങ്കില്‍ ഏറ്റം ആദ്യം, നമ്മുടെയടുക്കല്‍ വരുന്ന യുദ്ധസ്വത്തില്‍ നിന്ന് ഞാനവര്‍ക്ക് ആറിരട്ടി നല്കുന്നതാണ്. അതോടെ ജനങ്ങളെല്ലാം പറഞ്ഞു: അല്ലാഹുവിന്റെ ദൂതര്‍ക്കുവേണ്ടി ഞങ്ങളെല്ലാം തൃപ്തിപ്പെട്ടിരിക്കുന്നു. പ്രവാചകന്‍ പറഞ്ഞു: നിങ്ങളില്‍ ആരാണ് തൃപ്തിപ്പെട്ടവരെന്നും അല്ലാത്തവരെന്നും നമുക്ക് തിരിച്ചറിയില്ല. അതുകൊണ്ട് തിരിച്ചുപോയി നിങ്ങളുടെ നേതാക്കള്‍ ആ വിവരം ഇവിടെ പറയട്ടെ. അങ്ങനെ എല്ലാവരും അവരുടെ കൈവശമുള്ള സ്ത്രീകളേയും കുട്ടികളേയുമെല്ലാം തിരിച്ചുകൊടുത്തു. ഉയൈയ്ന ബിന്‍ ഹിസ്വ്ന്‍ തന്റെ കൈവശമുണ്ടായിരുന്ന ഒരു വൃദ്ധയെ തിരിച്ചുനല്കാന്‍ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് തിരിച്ചു നല്കുകയുണ്ടായി. തിരുദൂതര്‍ ഓരോ തടവുകാര്‍ക്കും ഈജിപ്തില്‍ നിര്‍മ്മിച്ച ഓരോ വസ്ത്രം സമ്മാനമായി നല്കി. (7)

ജിഅ്റാനയിലെ ഗനീമത് വിതരണം കഴിഞ്ഞശേഷം പ്രവാചകന്‍ അവിടെവെച്ച് ഉംറയ്ക്കുവേണ്ടി ഇഹ്റാം ചെയ്തു. എന്നിട്ട് ഉംറ നിര്‍വഹിച്ചു. അതിനുശേഷം മക്കയുടെ നേതൃത്വം അത്താബ്ബിന്‍ ഉസൈദിനെ ഏല്പ്പിച്ചശേഷം മദീനയിലേക്ക് മടങ്ങി. മക്കയില്‍നിന്ന് മദീനയിലേക്കുള്ള യാത്ര ഹിജ്റാബ്ദം എട്ട് ദുല്‍ഖഅദ 24നായിരുന്നു. (8)
1. ഫത്ഹുല്ബാരി 8:27, 42

2. അബൂദാവൂദ് 2:10.

3. തുര്മുദി 4:412, അഹ്മദ് 5:218

4. ഫത്ഹുല്ബാരി 8:29, 30.

5. ഫത്ഹുല്ബാരി 8: 45.

6. ഇബ്നു ഹിഷാം 2:499, 500.

7. ഫത്ഹുല്ബാരി 5: 201

8. താരീഖ് ഇബ്നു ഖല്ദൂന്‍ 2: 48
മക്കാവിജയം, ഹുനൈന്‍, ത്വാഇഫ്‌ എന്നീ യുദ്ധങ്ങളുടെ വിശദീകരണത്തിനു സാദുല്‍മആദ്, ഇബ്നു ഹിഷാം എന്നിവ നോക്കുക.

 


സി. സലീം സുല്ലമി വിവര്‍ത്തനം ചെയ്ത ശൈഖ് സ്വഫീഹുറഹ്മാന്‍ മുബാറക് പൂരിയുടെ 'അര്‍റഹീക്വുല്‍ മഖ്തൂം' എന്ന ഗ്രന്ഥത്തില്‍ നിന്ന്...

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH