Search

mahonnathan

JA slide show

നബി ചരിത്രം

മക്കാ വിജയം Print E-mail

ഇബ്നുഖയ്യിം പറയുന്നു: അതൊരു മഹത്തായ വിജയമാണ്. അതുവഴി അല്ലാഹു തന്റെ മതത്തിന്റേയും പ്രവാചകന്റേയും തന്റെ സൈന്യത്തിന്റേയും കക്ഷിയുടേയും യശസ്സുയര്‍ത്തുകയും സര്‍വലോകത്തിനും മാര്‍ഗദര്‍ശകമായ നാടിന്റെയും വീടിന്റെയും ആധിപത്യം അവിശ്വാസികളുടെ കരങ്ങളില്‍നിന്ന് മോചിപ്പിക്കുകയും ചെയ്തു. അത് മണ്ണിലും വിണ്ണിലും സന്തുഷ്ടി പകര്‍ന്നു. മനുഷ്യര്‍ കൂട്ടങ്ങളായി ഇസ്ലാം ആശ്ളേഷിക്കുകയും അതുവഴി ഭൂമുഖം പ്രകാശമാനമാവുകയും ചെയ്തു. (1)

യുദ്ധ കാരണം
ഹുദൈബിയ സന്ധിയെ കുറിച്ചു പറഞ്ഞപ്പോള്‍ അതിലെ ഒരു വ്യവസ്ഥയെക്കുറിച്ചു നാം പറഞ്ഞുകഴിഞ്ഞതാണ്, ഏത് ഗോത്രത്തിനും മുഹമ്മദ്(സ)യുടേയോ ക്വുറൈശികളുടേയോ പക്ഷത്ത് ചേരാവുന്നതും. അങ്ങനെ ചേരുന്ന ഗോത്രം പ്രസ്തുത പക്ഷത്തിന്റെ ഭാഗമായി ഗണിക്കപ്പെടുന്നതും അവര്‍ക്കെതിരെ നടക്കുന്ന കയ്യേറ്റം പ്രസ്തുത പക്ഷത്തിനെതിരെയുള്ള കയ്യേറ്റമായി ഗണിക്കണമെന്നുമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഖുസാഅ പ്രവാചകന്റെ പക്ഷത്തും ബക്ര്‍ ഗോത്രം ക്വുറൈശികളുടെ പക്ഷത്തും ചേര്‍ന്നു. ഇതോടെ ഇസ്ലാമിന് മുമ്പ് ഇരുഗോത്രങ്ങള്‍ക്കുമിടയില്‍ നിലനിന്നിരുന്ന പകയും വിദ്വേഷവും അവസാനിച്ച് പരസ്പരം നിര്‍ഭയാവസ്ഥയില്‍ ഇരുകക്ഷികളും കഴിച്ചുകൂട്ടി. ഇതിന്നിടയില്‍ ബക്ര്‍ ഗോത്രക്കാര്‍ ഈ അവസരം ഉപയോഗപ്പെടുത്തി ഖുസാഅയോടുള്ള പഴയ പക തീര്‍ക്കാന്‍ തീരുമാനിച്ചു. അങ്ങനെ, നൌഫല്‍ ബിന്‍ മുആവിയ അദ്ദൈലി ഒരു പറ്റം ബക്ര്‍കാരോടൊപ്പം ഹിജ്റാബ്ദം എട്ടിനുമുമ്പ് ശഅബാന്‍ മാസത്തില്‍ പാതിരാവില്‍ ഖുസാഅ ഗോത്രം അല്‍വതീര്‍ എന്ന വെള്ളപ്രദേശത്തിന് സമീപമിരിക്കെ കടന്നാക്രമിച്ചു. ഇതിന് ക്വുറൈശികള്‍ ആളും ആയുധവും നല്കി അവരെ സഹായിക്കുകയും ചെയ്തു. അവസാനം ഹറമില്‍ അഭയം തേടിയ ഖുസാഅയെ ബക്ര്‍ നേതാവ് നൌഫല്‍ അവിടെവെച്ചും തുരത്തി. മക്കയില്‍ പ്രവേശിച്ച ഖുസാഅ ബുദൈല്‍ബിന്‍ വറഖാഇന്റേയും അവരുടെ മൌലയായ റാഫിഇന്റേയും വീട്ടില്‍ അഭയം തേടി.

ഖുസാഅ ഗോത്രക്കാരനായ അംറുബ്നു സാലിം അതിദ്രുതം മദീനയിലെത്തി പ്രവാചകനെ സമീപിച്ചു. ജനങ്ങള്‍ക്കിടയില്‍ ഇരിക്കുകയായിരുന്ന പ്രവാചകനോട് ഖുസാഅ:, ഹാശിം ഗോത്രങ്ങള്‍ തമ്മില്‍ പൂര്‍വകാലത്ത് നിലനിന്നിരുന്ന സഖ്യവും കുടുംബബന്ധവും അനുസ്മരിച്ചുകൊണ്‍് ക്വുറൈശികളുടെ കരാര്‍ ലംഘനവും ചതിയും കടന്നാക്രമണവും പരാതിയായി കവിതകളിലൂടെ ബോധിപ്പിച്ചു. ഉടനെ പ്രവാചകന്‍ പറഞ്ഞു: അംറുബ്നു സാലിം, ഞാന്‍ താങ്കളെ സഹായിക്കുന്നതാണ്. തുടര്‍ന്ന് ആകാശത്ത് പ്രത്യക്ഷപ്പെട്ട മേഘങ്ങള്‍ കണ്‍പ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ഈ മേഘങ്ങള്‍ ബനൂകഅബിന്റെ വിജയം പ്രഖ്യാപിക്കുകയാണ്.

അല്പംകഴിഞ്ഞ് ഏതാനും ഖുസാഅ ഗോത്രക്കാരോടൊപ്പം പ്രവാചകനെ സമീപിച്ചുകൊണ്‍് വധിക്കപ്പെട്ടവരെക്കുറിച്ചും ക്വുറൈശികളുടെ കടന്നാക്രമണത്തെക്കുറിച്ചും ബുദൈല്‍ ബിന്‍ വര്‍ഖാഅ് ബോധ്യപ്പെടുത്തി. തുടര്‍ന്നദ്ദേഹം മക്കയിലേക്കുതന്നെ മടങ്ങി.

അബൂസുഫ്യാന്‍ മദീനയിലേക്ക്
ക്വുറൈശികളുടെ ചെയ്തി കടുത്ത വഞ്ചനയും കരാര്‍ലംഘനവുമാണെന്നതില്‍ സംശയമില്ല. അതുകൊണ്ട് തന്നെ അതിന്റെ ഭയാനകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അവര്‍ ബോധവാന്മാരായി. ഒട്ടും താമസിയാതെ കൂടിയാലോചനാസമിതി സമ്മേളിക്കുകയും സന്ധിവ്യവസ്ഥ പുതുക്കാനായി നേതാവ് അബൂസുഫ്യാനെ മദീനയിലേക്കയക്കാന്‍ തീരുമാനമാവുകയും ചെയ്തു. ക്വുറൈശികള്‍ സന്ധി പുതുക്കാനായി എത്തുമെന്ന് നേരത്തെത്തന്നെ പ്രവാചകന്‍ അനുയായികളോട് അറിയിച്ചിരുന്നു. തീരുമാനമനുസരിച്ച് അബൂസുഫ്യാന്‍ പുറപ്പെട്ടു. വഴിയില്‍വെച്ച് മദീനയില്‍നിന്ന് മടങ്ങുകയായിരുന്ന ബുദൈലിനെ അസ്ഫാനില്‍വെച്ച് അബൂസുഫ്യാന്‍ കണ്ട് മുട്ടി. അബുസുഫ്യാന്‍: എവിടെനിന്ന് വരുന്നു ബുദൈല്‍. നബി(സ)യുടെ അടുക്കല്‍ നിന്ന് വരികയാണെന്നാണ് അദ്ദേഹം ധരിച്ചത്- ബുദൈല്‍: ഞാന്‍ ഈ താഴ്വരയിലൂടെ ഖുസാഅ ഗോത്രക്കാരനെ സന്ദര്‍ശിക്കാന്‍ വേണ്‍ി യാത്രചെയ്തതാണ്. അബൂസുഫ്യാന്‍: നീ മുഹമ്മദിനെ സമീപിച്ചില്ലേ? ബുദൈല്‍: ഇല്ല.

ബുദൈല്‍ മക്കയിലേക്ക് നീങ്ങിയപ്പോള്‍ അബൂസുഫ്യാന്‍ ആത്മഗതം ചെയ്തു. അവന്‍ മദീനയില്‍ ചെന്നിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ഒട്ടകത്തെ ഈത്തപ്പഴം തീറ്റിച്ചിരിക്കും. അങ്ങനെ ബുദൈലിന്റെ വാഹനം നിറുത്തിയിട്ട സ്ഥലത്തുചെന്ന് ഉണങ്ങിയ ചാണകം പൊട്ടിച്ചുനോക്കി. അപ്പോള്‍ ഈന്തപ്പഴക്കുരു കണ്‍െത്തി. ഉടനെ അബൂസുഫ്യാന്‍ പറഞ്ഞു: അല്ലാഹുവില്‍ സത്യം ബുദൈല്‍ മുഹമ്മദിനെ സമീപിച്ചിരിക്കുന്നു.

അബൂസുഫ്യാന്‍ മദീനയിലേക്ക് നീങ്ങി. നേരിട്ട് പ്രവാചകപത്നിയും തന്റെ പുത്രിയുമായ ഉമ്മു ഹബീബയുടെ അടുക്കല്‍ചെന്നു. അദ്ദേഹം പ്രവാചകന്റെ വിരിപ്പില്‍ ഇരിക്കാന്‍ ഭാവിച്ചപ്പോള്‍ അവരത് മടക്കിവെച്ചു. അദ്ദേഹം ചോദിച്ചു; മോളെ, നീ വിരിപ്പില്‍നിന്ന് എന്നെ രക്ഷിക്കാനോ എന്നില്‍നിന്ന് വിരിപ്പിനെ രക്ഷിക്കാനോ ഇങ്ങനെ ചെയ്തത്? അവര്‍ പറഞ്ഞു: ഇത് അല്ലാഹുവിന്റെ ദൂതരുടെ വിരിപ്പാണ്. താങ്കള്‍ മലിനമായ ബഹുദൈവാരാധകനാണ്. അദ്ദേഹം പ്രതികരിച്ചു. നിശ്ചയം നീ എന്നെ പിരിഞ്ഞശേഷം തീരെ മോശമായിരിക്കുന്നു.

തുടര്‍ന്ന് അവിടെ നിന്നിറങ്ങി. നബി(സ)യെ സമീപിച്ചു. തിരുമേനിയോട് സംസാരിച്ചെങ്കിലും അവിടുന്ന് ഒന്നും ഉരിയാടിയില്ല. പിന്നീട് അബൂബക്കറിനെ സമീപിച്ച് പ്രവാചകനോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതു ചെയ്യില്ലെന്നറിയിച്ചു. അതോടെ ഉമര്‍ബിന്‍ ഖത്വാബിനെ സമീപിച്ചു സംസാരിച്ചെങ്കിലും അദ്ദേഹം വളരെ പരുഷമായി പ്രതികരിച്ചു. 'ഞാന്‍ നിങ്ങള്‍ക്കുവേണ്ടി അല്ലാഹുവിന്റെ ദൂതരോട് ശുപാര്‍ശ പറയുകയോ? അല്ലാഹുവില്‍ സത്യം. എന്റെ കൂടെ ഒരു മണല്‍ത്തരിമാത്രമാണുള്ളതെങ്കില്‍പോലും അതുപയോഗിച്ച് ഞാന്‍ നിങ്ങളോട് പൊരുതും. തുടര്‍ന്ന് അലി(റ)വിനെ സമീപിച്ചു. അപ്പോള്‍ അവരുടെയടുക്കല്‍ ഫാത്വിമയും പുത്രന്‍ ഹസനുമുണ്ടായിരുന്നു. ഹസന്‍ മുട്ടിലിഴയുന്ന ചെറിയ പ്രായമായിരുന്നു. അദ്ദേഹം പറഞ്ഞു: അലി, നീ എന്നോട് കുടുംബബന്ധത്തില്‍ ഏറ്റം അടുത്തവനാണ്. ഞാനൊരു ആവശ്യവുമായാണ് വന്നിരിക്കുന്നത്. ഇച്ഛാഭംഗത്തിനിരയായവനായി നീ എന്നെ തിരിച്ചയക്കരുത്. എനിക്കുവേണ്ടി മുഹമ്മദിനോടു നീ ശുപാര്‍ശ പറയണം. അലി(റ) പറഞ്ഞു: നാശം അബൂസുഫ്യാന്‍. തിരുമേനി തീരുമാനമെടുത്ത ഒരു വിഷയത്തില്‍ ഞങ്ങള്‍ക്കദ്ദേഹത്തോട് സംസാരിക്കാന്‍ പാടില്ല. ഉടനെ അദ്ദേഹം ഫാത്വിമയുടെ നേരെ തിരിഞ്ഞു പറഞ്ഞു: നിനക്ക് നിന്റെ ഈ പുത്രനോട് എനിക്ക് അഭയം നല്കാന്‍ ജനങ്ങളോടാവശ്യപ്പെടാനായി പറയാമോ? അങ്ങനെയായാല്‍ അവന്‍ അന്ത്യനാള്‍വരെ അറബികളുടെ നേതാവായി മാറും. അവര്‍ പറഞ്ഞു: എന്റെ ഈ മോന്‍ ജനങ്ങളോട് സംരക്ഷണമാവശ്യപ്പെടാന്‍ മാത്രമായിട്ടില്ലല്ലോ. അല്ലാഹുവിന്റെ ദൂതര്‍ക്കെതിരില്‍ ആരും സംരക്ഷണം നല്കുകയുമില്ല.

അതോടെ അബൂസുഫ്യാന്റെ ഇരു നേത്രങ്ങളിലും ഇരുട്ടുകയറി. കടുത്ത നിരാശയിലും വിഭ്രാന്തിയിലും അദ്ദേഹം അലി(റ)വിനോട് പറഞ്ഞു: അബുല്‍ഹസന്‍! കാര്യം വളരെ പ്രയാസമായിട്ടാണ് എനിക്കനുഭവപ്പെടുന്നത്. താങ്കള്‍ക്കെന്താണ് എന്നെ ഉപദേശിക്കാനുള്ളത്. അലി(റ) പറഞ്ഞു: അല്ലാഹുവാണേ, ഫലപ്രദമായ ഒരു നിര്‍ദേശവും താങ്കള്‍ക്കുവേണ്ടി സമ ര്‍പ്പിക്കാന്‍ എന്റെ പക്കലില്ല. കിനാന ഗോത്രത്തിന്റെ നായകനെന്ന നിലയ്ക്ക് ജനങ്ങളെ സമീപിച്ച് സംരക്ഷണമാവശ്യപ്പെടുക. എന്നിട്ട് നാട്ടിലേക്ക് തിരിക്കുക. അദ്ദേഹം ചോദിച്ചു. ഇത് ഫലപ്രദമാകുമെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ? അലി പറഞ്ഞു: ഇല്ല, അങ്ങനെ എനിക്ക് തോന്നുന്നില്ല. പക്ഷേ ഇതല്ലാതെ മറ്റൊരു മാര്‍ഗവും ഞാന്‍ കാണുന്നില്ല. അബൂസുഫ്യാന്‍ പള്ളിയില്‍ചെന്ന് ജനങ്ങളുടെ മുമ്പില്‍ സംരക്ഷണമാവശ്യപ്പെട്ടു സംസാരിച്ചശേഷം മദീനയിലേക്ക് തിരിച്ചു. ക്വുറൈശികളെ സമീപിച്ച അബൂസുഫ്യാനോട് അവര്‍ ചോദിച്ചു. എന്തുണ്ടായി? അബൂസുഫ്യാന്‍: ഞാന്‍ മുഹമ്മദിനെ കണ്ട് സംസാരിച്ചു. പക്ഷെ, ഒരു മറുപടിയുമുണ്ടായില്ല. പിന്നീട് ഇബ്നു അബീഖുഹാഫയെ കണ്ടെ ങ്കിലും ഫലമൊന്നുമുണ്ടായില്ല. തുടര്‍ന്ന് ഉമറിന്റെ അടുക്കല്‍ ചെന്ന് അദ്ദേഹത്തെ കടുത്ത ശത്രുവായിട്ടാണ് അനുഭവപ്പെട്ടത്. പിന്നീട് അലിയെ സമീപിച്ച് കൂട്ടത്തില്‍ കനിവുള്ളവനാണ്. അദ്ദേഹം നിര്‍ദേശിച്ച ഒരു കാര്യം ഞാന്‍ ചെയ്തു. പക്ഷെ, എനിക്കറിയില്ല അത് എത്രത്തോളം ഫലപ്രദമാണെന്ന്? അവര്‍: എന്താണവന്‍ നിര്‍ദേശിച്ചത്? ജനങ്ങളുടെ മുമ്പില്‍ സംരക്ഷണമാവശ്യപ്പെട്ടു സംസാരിക്കാന്‍ പറഞ്ഞു. ഞാനങ്ങനെ ചെയ്തു. അവര്‍ ചോദിച്ചു: മുഹമ്മദ് അതനുവദിച്ചുതന്നുവോ? അദ്ദേഹം: ഇല്ല. അവര്‍: നാശം. അവന്‍ നിന്നെ കളിപ്പിക്കുകയായിരുന്നു. അബൂസുഫ്യാന്‍: അതല്ലാതെ മറ്റൊരു മാര്‍ഗവുമില്ലാതെ ഞാന്‍ ചെയ്തതാണ്.

മുസ്ലിംകള്‍ യുദ്ധസജ്ജരാകുന്നു
ത്വബ്റാനിയുടെ നിവേദനത്തില്‍ ക്വുറൈശികളുടെ കരാര്‍ലംഘനവാര്‍ത്ത ലഭിക്കുന്നതിന്റെ മൂന്നുനാള്‍ മുമ്പ് തന്നെ പ്രവാചകന്‍ ആഇശ(റ)യോട് സന്നാഹങ്ങളൊരുക്കാന്‍ ആവശ്യപ്പെട്ടതായി കാണുന്നു. ഇത് മറ്റാരുമറിയില്ലായിരുന്നു. അങ്ങനെ അബൂബക്കര്‍(റ) വീട്ടില്‍ കയറിവന്നപ്പോള്‍ എന്താണിതെന്ന് അന്വേഷിക്കുകയും തനിക്കറിയില്ലെന്ന് അവര്‍ മറുപടി പറയുകയും ചെയ്തു. ഇതിന്റെ മൂന്നാം ദിവസമാണ് അംറുബ്നു സാലിം വന്ന് കവിതയിലൂടെ ക്വുറൈശികളുടെ ആക്രമണത്തെപ്പറ്റിയും കരാര്‍ ലംഘനത്തെപ്പറ്റിയും അറിയിക്കുന്നത്. അതിനുശേഷം ബുദൈലും അബൂസുഫ്യാനും വന്നതോടെ ജനങ്ങളെല്ലാം വാര്‍ത്തയറിഞ്ഞു. അങ്ങനെ തിരുമേനി ജനങ്ങളോട് യുദ്ധസജ്ജരാകാന്‍ പറഞ്ഞു. മക്കയിലേക്കാണ് പുറപ്പാട് എന്ന് അവരെ അറിയിച്ചു. തുടര്‍ന്നദ്ദേഹം ക്വുറൈശികള്‍ക്ക് മുന്‍കൂട്ടി ഒരു വിവരവും കിട്ടാതിരിക്കാന്‍ അല്ലാഹുവോട് പ്രാര്‍ഥിച്ചു. സംഭവം അതീവരഹസ്യമായിരിക്കാന്‍ വേണ്ടി പ്രവാചകന്‍ എട്ടുപേരടങ്ങുന്ന ഒരു സംഘത്തെ അബൂഖാതാദബിന്‍ റുബഇയുടെ നേതൃത്വത്തില്‍ മദീനയ്ക്ക് സമീപം ഇളമ് താഴ്വരയിലേക്കയച്ചു. ഇത് എട്ടാം വര്‍ഷം റമദാന്‍ ആദ്യത്തിലായിരുന്നു. പ്രവാചകന്‍ പ്രസ്തുത ഭാഗത്തേക്കാണ് പുറപ്പെടുന്നതെന്ന് മറ്റുള്ളവര്‍ ധരിക്കാന്‍ വേണ്ടിയായിരുന്നു ഇങ്ങനെ ചെയ്തത്. എന്നാല്‍ ഈ സംഘം നിര്‍ണ്ണിതസ്ഥലത്തെത്തിയപ്പോഴേക്കും പ്രവാചകന്‍ മക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന വിവരം അവര്‍ക്ക് ലഭിച്ചു. അതിനെത്തുടര്‍ന്ന് അവര്‍ മക്കയിലേക്ക് പുറപ്പെടുകയും തിരുമേനിയുമായി സന്ധിക്കുകയും ചെയ്തു. (2)

ഇതിന്നിടയ്ക്ക് ഹാതിബ്ബിന്‍ അബീബല്‍തഅ ഒരെഴുത്തെഴുതി ഒരു സ്ത്രീവശം ക്വുറൈശികളുടെ അടുത്തേക്ക് കൊടുത്തുവിട്ടു. അവളത് മുടിക്കെട്ടില്‍ ഒളിപ്പിച്ച് യാത്രയായി. വിവരം പ്രവാചകന് വഹ്യ് മുഖേന ലഭിച്ചു. അദ്ദേഹം ഉടനെത്തന്നെ അലി, മിഖ്ദാദ്, സുബൈര്‍ബിന്‍ അല്‍ അവ്വാം അബൂ മര്‍ഥദ് അല്‍ അനവി എന്നിവരെ അവളെ പിടികൂടാനായി പറഞ്ഞുവിട്ടു. അവിടുന്ന് പറഞ്ഞു: നിങ്ങള്‍ ഖാഖ് തോട്ടം വരെ പോവുക അവിടെ ഒരു സ്ത്രീയെ കാണാം അവളുടെയടുക്കല്‍ ക്വുറൈശികള്‍ക്കുള്ള ഒരെഴുത്തുണ്‍്. അവര്‍ പുറപ്പെട്ടു. പറഞ്ഞ സ്ഥലത്തുവെച്ച് അവളെ കണ്‍ുമുട്ടി. അവര്‍ അവളോട് എഴുത്തെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവള്‍ അത് നിഷേധിച്ചു. അവര്‍ അവളുടെ വാഹനം മുഴുവന്‍ പരതിയെങ്കിലും എഴുത്ത് കിട്ടിയില്ല. അപ്പോള്‍ അലി പറഞ്ഞു: അല്ലാഹുവില്‍ സത്യം! തിരുദൂതര്‍ പറഞ്ഞത് കളവല്ല. ഞങ്ങളും കളവല്ല പറയുന്നത്. ഒന്നുകില്‍ നീ എഴുത്ത് പുറത്തെടുക്കുക. അല്ലാത്തപക്ഷം നിന്നെ നഗ്നയാക്കി എഴുത്ത് പുറത്തെടുക്കുന്നതാണ്.'' അവര്‍ വിടില്ലായെന്ന് കണ്‍ അവള്‍ അവരോട് മാറിനില്ക്കാന്‍ പറഞ്ഞു. അവര്‍ മാറിനിന്നപ്പോള്‍ മുടിക്കെട്ടില്‍നിന്ന് എഴുത്തെടുത്ത് അവര്‍ക്ക് നല്കി. അവരതുമായി തിരുമേനിയെ സമീപിച്ചു. അതില്‍ ഹാത്വിബ്ബിന്‍ അബീബല്‍തഅയില്‍നിന്നും ക്വുറൈശികള്‍ക്ക് എന്ന് രേഖപ്പെടുത്തിയിരുന്നു. തിരുദൂതരുടെ യാത്രാവിവരങ്ങളായിരുന്നു അതില്‍. അവിടുന്ന് ഹാത്വിബിനെ വിളിച്ചുചോദിച്ചു. എന്താണിത് ഹാത്വിബ്? അദ്ദേഹം: തിരുദൂതരേ, ധൃതിപ്പെടരുതേ, ഞാന്‍ അല്ലാഹുവിലും പ്രവാചകനിലും വിശ്വസിക്കുന്നവന്‍ തന്നെയാണ്. ഞാന്‍ മാറുകയോ മതം കയ്യൊഴിയുകയോ ചെയ്തിട്ടില്ല. ഞാന്‍ ക്വുറൈശികളുമായി ബന്ധപ്പെട്ട ഒരു വ്യക്തിയാണ്, ഞാന്‍ അവരില്‍പ്പെട്ടവനല്ലെങ്കിലും എനിക്ക് അവിടെ ബന്ധുക്കളും സന്താനങ്ങളുമുണ്‍്. അവരെ സംരക്ഷിക്കാന്‍ എനിക്കാരും അവിടെയില്ല. താങ്കളുടെ കൂടെയുള്ളവര്‍ക്കെല്ലാം സംരക്ഷകരായ ബന്ധുക്കളുണ്‍്. അതിനാല്‍ അവരെ സംരക്ഷിക്കാവുന്ന ഒരു ബന്ധം ഞാനവര്‍ക്ക് ഉണ്ടാക്കിയതാണ്. ഇതുകേട്ട ഉമര്‍ പ്രതികരിച്ചു. അല്ലാഹുവിന്റെ ദൂതരേ അവന്റെ ശിരസുവെട്ടാന്‍ എന്നെ അനുവദിക്കണം. അവന്‍ അല്ലാഹുവിനെയും റസൂലിനെയും വഞ്ചിച്ച കപടനാണ്. തിരുദൂതര്‍ മൊഴിഞ്ഞു: അദ്ദേഹം ബദ്റില്‍ പങ്കെടുത്ത വ്യക്തിയാണ്. അവരുടെ മനസറിയാവുന്ന അല്ലാഹു അവരോട് നിങ്ങള്‍ എന്തുചെയ്താലും നിങ്ങള്‍ക്ക് ഞാന്‍ പൊറുത്തുതന്നിരിക്കുന്നുവെന്ന് പറഞ്ഞതാണ്. അതോടെ ഉമറിന്റെ ഇരുനേത്രങ്ങളും ബാഷ്പമണിഞ്ഞു. അദ്ദേഹം പറഞ്ഞു: അല്ലാഹുവും അവന്റെ ദൂതനുമാണ് കൂടുതല്‍ അറിയുന്നവര്‍ (3)

ഇങ്ങനെ രഹസ്യങ്ങളറിയാനുള്ള എല്ലാ മാര്‍ഗങ്ങളും അല്ലാഹു ക്വുറൈശികള്‍ക്ക് തടഞ്ഞു. മുസ്ലിംകളുടെ യുദ്ധത്തിനുള്ള ഒരുക്കങ്ങളൊന്നും അവരറിഞ്ഞില്ല.

മുസ്ലിംസൈന്യം മക്കയിലേക്ക്
ഹിജ്റാബ്ദം എട്ടില്‍ റമദാന്‍ പത്തിന് നബി(സ) പതിനായിരം വരുന്ന അനുയായികളോടൊന്നിച്ച് മക്കയിലേക്ക് പുറപ്പെട്ടു. മദീനയില്‍ അബൂറുഹും അല്‍ഗിഫ് ഫാരിയെ പ്രതിനിധിയാക്കി നിശ്ചയിച്ചു.

ജുഹ്ഫയില്‍ അല്ലെങ്കില്‍ അല്പം മുന്നോട്ട് എത്തിയപ്പോള്‍ പിതൃവ്യന്‍ അബ്ബാസ്ബിന്‍ അബ്ദുല്‍ മുത്വലിബിനെ കണ്ട്മുട്ടി. മുസ്ലിമായി കുടുംബസമേതം മദീനയിലേക്ക് പലായനം നടത്തിയതായിരുന്നു. തുടര്‍ന്ന് തിരുമേനി അബ്വാഇലെത്തിയപ്പോള്‍ പിതൃവ്യ പുത്രന്‍ അബുസുഫ്യാനേയും പിതൃവ്യയുടെ പുത്രന്‍ അബ്ദുല്ലാഹിബ്ന്‍ അബൂ ഉമയ്യയേയും കണ്ടെങ്കിലും അവരെ അഭിമുഖീകരിക്കാതെ തിരിഞ്ഞുകളഞ്ഞു. തിരുമേനി കഠിനമായ പീഡനങ്ങള്‍ അവരില്‍നിന്ന് അനുഭവിച്ചതായിരുന്നു ഇതിന് കാരണം. അപ്പോള്‍ പത്നി ഉമ്മുസലമ പറഞ്ഞു: താങ്കളുടെ പിതൃവ്യപുത്രനും പിതൃവ്യയുടെ പുത്രനും ഒരിക്കലും താങ്കള്‍മുഖേന ഏറ്റവും വലിയ ദൌര്‍ഭാഗ്യവാന്മാരായിക്കൂടാ. അലി(റ) അബൂസുഫ്യാനെ ഉപദേശിച്ചു. താങ്കള്‍ പ്രവാചകന് അഭിമുഖമായി ചെന്ന് യൂസുഫ്(അ)യുടെ സഹോദരങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞതു പറയുക:

"അവര്‍ പറഞ്ഞു: അല്ലാഹു തന്നെയാണ്. തീര്‍ച്ചയായും അല്ലാഹു നിനക്ക് ഞങ്ങളേക്കാള്‍ മുന്‍ഗണന നല്കിയിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ തെറ്റുകാരായിരിക്കുന്നു.'' (12:91). അവിടുന്ന് അതിനേക്കാള്‍ നന്നായി താങ്കളോട് പ്രതികരിക്കുന്നതാണ്. അബൂസുഫ്യാന്‍ അങ്ങനെ ചെയ്തു.

അതുകേട്ടപ്പോള്‍ തിരുമേനി പറഞ്ഞു:
'ഇന്ന് നിങ്ങളുടെ മേല്‍ ഒരാക്ഷേപവുമില്ല. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരട്ടെ. അവന്‍ കരുണയുള്ളവരില്‍വെച്ച് ഏറ്റം കാരുണികനാകുന്നു. (12:92). തുടര്‍ന്ന് അബൂസുഫ്യാന്‍ പാടി

'നിന്റെ ആയുസുതന്നെ സത്യം. മുഹമ്മദിന്റെ അശ്വത്തെ തുര-
ത്താന്‍ ലാതയുടെ അശ്വം ജയിക്കാന്‍
ഞാന്‍ കൊടിയേന്തിയപ്പോള്‍ ഇരുണ്‍ ഭീകരരാത്രി
പോലായിരുന്നു.
ഇന്നിതാ സന്മാര്‍ഗപാതയിലെത്തി
ഇപ്പോഴിതാ അല്ലാഹുവിലേക്കെന്നെ വഴി കാണിച്ചു.
ഞാന്‍ ആട്ടിയകറ്റിയവന്‍.''

അപ്പോള്‍ തിരുദൂതര്‍ അദ്ദേഹത്തെ നെഞ്ചില്‍ കൊട്ടിക്കൊണ്‍് ചോദിച്ചു: 'നീ എന്നെ ആട്ടിയകറ്റിയോ?' (4)
നോമ്പുകാരായിക്കൊണ്‍് പ്രവാചകനും അനുയായികളും യാത്ര തുടര്‍ന്നു. കുദൈദ്-ഗസ്ഫാനും ഖുദൈദിനും ഇടക്കുള്ള വെള്ളസ്ഥലം-എന്ന സ്ഥലത്തെത്തിയപ്പോള്‍ തിരുമേനി നോമ്പ് മുറിച്ചു. അതോടെ ജനങ്ങളും നോമ്പുമുറിച്ചു (5). തുടര്‍ന്ന് രാത്രിയോടെ മര്‍റുദ്വഹ്റാനിലെത്തിയപ്പോള്‍ അവിടെ തമ്പടിച്ചു.

സൈന്യത്തോട് തീ കത്തിക്കാന്‍ കല്പിച്ചു. അതോടെ പതിനായിരം പേര്‍ തീ കത്തിച്ചു. പാറാവുകാരനായി തിരുമേനി ഉമര്‍ബിന്‍ ഖത്വാബിനെയും ചുമതലയേല്പ്പിച്ചു.

അബൂസുഫ്യാന്‍ തിരുസന്നിധിയില്‍
മുസ്ലിംകള്‍ മര്‍റുദഹ്റാനില്‍ തമ്പടിച്ചശേഷം അബ്ബാസ് പ്രവാചകന്റെ വെള്ളക്കോവര്‍ക്കഴുതപ്പുറത്ത് എന്തങ്കിലും വാര്‍ത്തകള്‍ ലഭിച്ചേക്കുമെന്ന പ്രതീക്ഷയില്‍ ചുറ്റിനടന്നു. പക്ഷെ, ക്വുറൈശികള്‍ സംഭവങ്ങളൊന്നുമറിയാതെ നിരീക്ഷണത്തിലായിരുന്നു. അബൂസുഫ്യാനും ഹകീംബിന്‍ ഹസാമും ബുദൈല്‍ ബിന്‍ ക്വര്‍ഖാഉം വാര്‍ത്തകള്‍ ചുഴിഞ്ഞറിയാന്‍ വേണ്ടി പുറത്തിറങ്ങിയിരുന്നു.

അബ്ബാസ് പറഞ്ഞു: ഞാന്‍ തിരുമേനിയുടെ വെള്ളക്കോവര്‍ കഴുതപ്പുറത്ത് സഞ്ചരിക്കവേ അബൂസുഫ്യാനും ബുദൈലും തമ്മില്‍ നടന്ന സംഭാഷണം കേട്ടു. അബൂസുഫ്യാന്‍: ഞാന്‍ ഈ രാത്രി കണ്ട പോലെ വെളിച്ചവും സൈന്യവ്യൂഹവും ഇതേവരെ കണ്ടിട്ടില്ല. ബുദൈല്‍: ഇത് യുദ്ധസജ്ജരായി എത്തിയ ഖുസാഅ ഗോത്രക്കാരാണ്. അബൂസുഫ്യാന്‍: ഖുസാഅ ഒരു ചെറിയ ഗോത്രമാണല്ലോ. അവര്‍ക്കിതുപോലെ വെളിച്ചവും സൈന്യവുമുണ്ടാക്കാന്‍ കഴിയില്ല.

അബൂസുഫ്യാന്റെ ശബ്ദം തിരിച്ചറിഞ്ഞ അബ്ബാസ് വിളിച്ചു: 'അബൂഹന്‍ള്വല.' അബ്ബാസിന്റെ ശബ്ദം തിരിച്ചറിഞ്ഞ അബൂസുഫ്യാന്‍ തിരിച്ചും പ്രതികരിച്ചു. 'അബുല്‍ഫദ്ല്‍!' അബ്ബാസ് പറഞ്ഞു: എന്താണ് താങ്കളുടെ കഥ. അല്ലാഹുവിന്റെ ദൂതന്‍ ജനങ്ങളുമായി മക്കയിലേക്ക് നീങ്ങുന്നു. പുലര്‍ന്നാല്‍ ക്വുറൈശികളുടെ കഥയെന്താകും? എന്താണൊരു പോംവഴി? അബൂസുഫ്യാന്‍ ആരാഞ്ഞു.

ഞാന്‍ പറഞ്ഞു: താങ്കളെ ആരെങ്കിലും കണ്ട് മുട്ടിയാല്‍ കഥ കഴിച്ചതുതന്നെ! എന്റെ ഈ കഴുതപ്പുറത്ത് കയറുക തിരുമേനിയെ സമീപിച്ചു സുരക്ഷിതത്വം ആവശ്യപ്പെടാം. അങ്ങനെ അബ്ബാസിന്റെ കൂടെ കഴുതപ്പുറത്തേറി. മറ്റു രണ്ട് കൂട്ടുകാരേയും മക്കയിലേക്ക് തിരിച്ചയക്കുകയും ചെയ്തു.

മക്കാ നിവാസികളെ ഭയപ്പെടുത്താന്‍ മുസ്ലിംകള്‍ കത്തിച്ച തീയുടെ പ്രകാശത്തിന് അരികിലൂടെ ഞാനദ്ദേഹത്തെയും കൊണ്‍് മുന്നോട്ട് നീങ്ങി. അവര്‍ ചോദിച്ചു: ആരാണിത്? പ്രവാചകന്റെ വെളുത്ത കോവര്‍ക്കഴുതപ്പുറത്ത് എന്നെ കാണുന്നതോടുകൂടി അവര്‍ പറയും: ദൈവദൂതരുടെ പിതൃവ്യന്‍ അവിടുത്തെ കോവര്‍കഴുതപ്പുറത്ത്. അങ്ങനെ ഉമറിന്റെ സമീപത്തെത്തിയപ്പോള്‍ ഇതാരാണെന്നന്വേഷിച്ചുകൊണ്‍് അദ്ദേഹം അടുത്തുവന്നു. കഴുതയുടെ പിന്നില്‍ അബൂസുഫ്യാനെ കണ്‍തോടെ അദ്ദേഹം വിളിച്ചുപറഞ്ഞു: അബൂസുഫ്യാന്‍! അല്ലാഹുവിന്റെ ശത്രു? ഒരു പ്രയാസവുമില്ലാതെ നിന്നെ എന്റെ മുമ്പില്‍ എത്തിച്ചുതന്ന അല്ലാഹുവിന് സ്തുതി. തുടര്‍ന്നദ്ദേഹം അതിവേഗത്തില്‍ പ്രവാചകന്റെ സമീപത്തേക്ക് കുതിച്ചു. ഞാന്‍ കഴുതയെ അതിവേഗത്തില്‍ ചലിപ്പിച്ച് അദ്ദേഹത്തെ മുന്‍കടന്ന് പ്രവാചകനെ സമീപിച്ചു. അപ്പോഴേക്കും ഉമറും എത്തിച്ചേര്‍ന്നു. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഇതാ അബൂസുഫ്യാന്‍ അവന്റെ ശിരസറുക്കാന്‍ എനിക്കനുമതി തന്നാലും. ഞാന്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരെ ഞാനദ്ദേഹത്തിന് സംരക്ഷണം നല്കിയിരിക്കുന്നു. ഞാന്‍ തിരുദൂതരുടെ സമീപത്തേക്ക് ചേര്‍ന്നിരുന്ന് ചെവിയില്‍ ഞാനല്ലാതെ ഇന്നുരാത്രി ആരും തന്നെ അദ്ദേഹത്തോട് രഹസ്യം പറയാതിരിക്കട്ടെ എന്ന് പറഞ്ഞു. ഉമര്‍ അബൂസുഫ്യാന്റെ കാര്യത്തില്‍ അധികമായി സംസാരിക്കുന്നതുകണ്‍ ഞാന്‍ പറഞ്ഞു: അടങ്ങ് ഉമറേ! അല്ലാഹുവില്‍ സത്യം, അദിയ്യ്ബിന്‍ കഅബ് ഗോത്രത്തില്‍ പെട്ട ആരെങ്കിലുമാണ് ഇതെങ്കില്‍ നീ ഇങ്ങനെയൊന്നും പറയില്ല. അദ്ദേഹം സാവധാനം പറഞ്ഞു: അബ്ബാസ്, അല്ലാഹുവില്‍ സത്യം! എന്റെ പിതാവ് ഖത്വാബ് ഇസ്ലാം സ്വീകരിക്കുന്നതിനേക്കാള്‍ എനിക്ക് പ്രിയം താങ്കളുടെ ഇസ്ലാം സ്വീകരണമാണ്, കാരണം, അല്ലാഹുവിന്റെ ദൂതര്‍ക്ക് താങ്കളുടെ ഇസ്ലാം സ്വീകരണമാണ് ഏറെ പ്രിയപ്പെട്ടത് എന്നതുതന്നെ.

അതോടെ ദൈവദൂതര്‍ പറഞ്ഞു: 'അബ്ബാസ്, അദ്ദേഹത്തെ താങ്കളുടെ താമസസ്ഥലത്തേക്ക് കൊണ്ട് പോവുക, പുലര്‍ന്നാല്‍ ഇങ്ങോട്ട് കൊണ്ട് വരിക.' ഞാനദ്ദേഹത്തെ താമസസ്ഥലത്തേക്ക് കൊണ്ട് പോയി. നേരം പുലര്‍ന്നതോടെ തിരുദൂതരുടെ സന്നിധിയില്‍ കൊണ്ട് വന്നു. തിരുദൂതര്‍ ചോദിച്ചു: നാശം! അബൂസുഫ്യാന്‍! അല്ലാഹുവല്ലാതെ ഒരാരാധ്യനില്ലെന്ന് മനസ്സി ലാക്കാന്‍ താങ്കള്‍ക്കിനിയും സമയമായില്ലെ? അബൂസുഫ്യാന്‍ പറഞ്ഞു: താങ്കള്‍ മാന്യനും ഉദാരനുമാണ്. അല്ലാഹുവാണ, അല്ലാഹുവിന്റെ കൂടെ വല്ല പങ്കാളിയുമുണ്ടെന്നായിരുന്നു എന്റെ ധാരണ. എന്നാല്‍ അങ്ങനെയൊരു പ്രയോജനവുമുണ്ടാ യില്ല.' പ്രവാചകന്‍: 'നാശം! അബൂസുഫ്യാന്‍ ഞാന്‍ അല്ലാഹുവിന്റെ ദൂതനാണെന്ന് മനസ്സിലാക്കാന്‍ താങ്കള്‍ക്കിനിയും സമയമായിട്ടില്ലേ?' അബൂസുഫ്യാന്‍: താങ്കള്‍ മാന്യനും ഉദാരനും ഉദാത്തനുമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ എനിക്കിപ്പോഴും ചില സംശയങ്ങള്‍ അവശേഷിക്കുന്നുണ്‍്. അപ്പോള്‍ അബ്ബാസ് ഇടയ്ക്കു കയറി പറഞ്ഞു: മുസ്ലിമാവുക! അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക. ശിരസ് ഛേദിക്കപ്പെടുംമുമ്പ്. അതോടെ അദ്ദേഹം മുസ്ലിമായി. സത്യസാക്ഷ്യം പ്രഖ്യാപിച്ചു.

തുടര്‍ന്ന് അബ്ബാസ് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, അബൂസുഫ്യാന്‍ സ്ഥാനമാനങ്ങള്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. അദ്ദേഹത്തിന് എന്തെങ്കിലും നല്കാമല്ലോ? അതേ, പ്രവാചകന്‍ പ്രഖ്യാപിച്ചു. 'ആരെങ്കിലും അബൂസുഫ്യാന്റെ വസതിയില്‍ പ്രവേശിച്ചാല്‍ അവന് അഭയമുണ്‍്. വാതിലടച്ചു വീട്ടിലിരുന്നവരും നിര്‍ഭയരാണ്. മസ്ജിദുല്‍ ഹറമില്‍ പ്രവേശിച്ചവനും സുരക്ഷിതനാണ്.'

മര്‍റുദഹ്റാന്‍ വിടുന്നു
അന്ന് പ്രഭാതത്തില്‍-റമദാന്‍ 17ന് ചൊവ്വാഴ്ച തിരുദൂതര്‍ മര്‍റുദ്ഹ്റാനില്‍നിന്ന് മക്കയിലേക്ക് നീങ്ങി. അബ്ബാസിനോട് അബൂസുഫ്യാനെ മലയുടെ താഴ്വരയുടെ ഇടുങ്ങിയ വഴിയില്‍ പിടിച്ചുനിര്‍ത്താന്‍ കല്പിക്കുകയും ചെയ്തു. അതുവഴി കടന്നുപോകുന്ന സൈന്യങ്ങളെ അബൂസുഫ്യാന്‍ കാണുകയാണ് ഇതുകൊണ്ടുദ്ദേശിച്ചത്. അബ്ബാസ് അങ്ങനെ ചെയ്തു. അങ്ങനെ ഓരോ ഗോത്രങ്ങളും കൊടിയുമേന്തി അതുവഴി കടന്നുപോയിക്കൊണ്‍േയിരുന്നു. ഓരോന്നും കടന്നുപോകുമ്പോള്‍ അബൂസുഫ്യാന്‍ അതിനെക്കുറിച്ച് ചോദിച്ചുകൊണ്‍ിരുന്നു. അബ്ബാസ്! ഇതാരാണ്? ഇത് സുലൈം. അബ്ബാസ് പറഞ്ഞു. അബൂസുഫ്യാന്‍ : സുലൈമുമായി എനിക്കു എന്തു ബന്ധം? പിന്നീടുപോയ മുസൈനയെക്കുറിച്ചും തുടര്‍ന്നോരോന്നിനെക്കുറിച്ചും ഇവ്വിധം ചോദ്യവും ഉത്തരവും നടന്നു. അവസാനം മുഹാജിറുകളുടേയും അന്‍സ്വാറുകളുടേയും പച്ചവര്‍ണത്തിലുള്ള ഒരു വന്‍ ബറ്റാലിയന്‍ പ്രവാചകന്റെ നേതൃത്വത്തില്‍ നടന്നുനീങ്ങിയപ്പോള്‍ അബൂസുഫ്യാന്‍ ചോദിച്ചു: സുബ്ഹാനല്ലാഹ്! അബ്ബാസ് ആരാണിവര്‍? ഇത് അല്ലാഹുവിന്റെ ദൂതരാണ്. മുഹാജിറുകളും അന്‍സ്വാറുകളുമാണ് കൂടെ. അബ്ബാസ് മറുപടി പറഞ്ഞു. ഇവരെ നേരിടാന്‍ ആര്‍ക്കും കഴിയില്ല. അബൂസുഫ്യാന്‍ പറഞ്ഞു. അദ്ദേഹം തുടര്‍ന്നു: അബുല്‍ഫദ്ല്‍. താങ്കളുടെ സഹോദരപുത്രന്റെ അധികാരം അത്യുന്നതമായിരിക്കുന്നു, അബൂസുഫ്യാന്‍ അത് പ്രവാചകത്വമാണ്. അബ്ബാസ് പറഞ്ഞു. അബൂസുഫ്യാന്‍ അതെയെന്ന് സമ്മതിച്ചു.

അന്‍സ്വാറുകളുടെ കൊടി സഅദ്ബിന്‍ ഉബാദയുടെ കൈവശമായിരുന്നു. അവര്‍ അബൂസുഫ്യാന്റെ അരികിലൂടെ കടന്നുപോയപ്പോള്‍ സഅദ് വിളിച്ചു പറഞ്ഞു. ഇന്ന് രക്തം ചിന്തുന്ന ദിവസമാണ്, കഅബയുടെ വിശുദ്ധി പിച്ചിച്ചീന്തുന്ന ദിവസമാണ്. ഇന്നാണ് ക്വുറൈശികള്‍ നിന്ദിതരാകുന്നത്. പ്രവാചകന്‍ അബൂസുഫ്യാന്റെ അരികിലൂടെ കടന്നുപോയപ്പോള്‍ അബൂസുഫ്യാന്‍ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെ! സഅദ് പറഞ്ഞത് താങ്കള്‍ കേട്ടുവോ? എന്താണ് പറഞ്ഞത്? തിരുമേനി ആരാഞ്ഞു. അബൂസുഫ്യാന്‍ സഅദ് പറഞ്ഞത് ഉദ്ധരിച്ചു. അല്ല, ഇന്ന് കഅബ ആദരിക്കപ്പെടുന്ന ദിനമാണ്, ഇന്ന് ക്വുറൈശികളെ അല്ലാഹു ആദരിക്കുന്ന ദിവസമാണ് എന്ന് പ്രവാചകന്‍ തിരുത്തി. പിന്നീട്, ആളെ വിട്ട് സഅദിന്റെ പക്കല്‍നിന്ന് കൊടിവാങ്ങി അദ്ദേഹത്തിന്റെ പുത്രന്‍ ഖൈസിനെ ഏല്പിച്ചു. പതാക സഅദില്‍നിന്ന് നീക്കിയിട്ടില്ലായെന്നും സുബൈറിനെയാണ്- ഖൈസിനെയല്ല-ഏല്പിച്ചതെന്നും അഭിപ്രായങ്ങളുണ്‍്.

നബിതിരുമേനി അബൂസുഫ്യാന്റെ അരികിലൂടെ കടന്നുപോയി കഴിഞ്ഞപ്പോള്‍ അബ്ബാസ് അബൂസുഫ്യാനോട് പറഞ്ഞു: 'വേഗം സ്വന്തം ജനതയുടെ അടുക്കലേക്ക് കുതിക്കുക.' ഉടനെ അബൂസുഫ്യാന്‍ മക്കയിലെത്തി അത്യുച്ചത്തില്‍ വിളംബരം ചെയ്തു; "ക്വുറൈശികളെ, ഇതാ മുഹമ്മദ് നിങ്ങള്‍ക്ക് നേരിടാനാവാത്ത സൈന്യസമേതം ആഗതനായിരിക്കുന്നു. അതിനാല്‍ വല്ലവനും അബൂസുഫ്യാന്റെ വീട്ടില്‍ കയറിയാല്‍ അവന്‍ നിര്‍ഭയനായിരിക്കും.'' ഇതുകേട്ട അദ്ദേഹത്തിന്റെ പത്നി ഉത്ബയുടെ പുത്രി ഹിന്ദ് ചാടിയെഴുന്നേറ്റ് അദ്ദേഹത്തിന്റെ മീശയില്‍ പിടിച്ച് ആക്രോശിച്ചു. വധിച്ചുകളയൂ ഈ നീചനായ ഭീരുവിനെ, ദുഷിച്ച നേതാവ്. അബൂസുഫ്യാന്‍ പറഞ്ഞു: 'നിങ്ങള്‍ സ്വയം വഞ്ചിതരാകരുത്. അദ്ദേഹം എത്തിയിരിക്കുന്നത് നിങ്ങള്‍ക്ക് നേരിടാനാകാത്ത സൈന്യവ്യൂഹവുമായിട്ടാണ്. അതിനാല്‍ അബൂസുഫ്യാന്റെ വീട്ടില്‍ കയറിയവന്‍ നിര്‍ഭയനായിരിക്കും.' അവര്‍ ഉച്ചത്തില്‍ വിളിച്ചുകൂവി: അല്ലാഹു നിന്നെ നശിപ്പിക്കട്ടെ, നിന്റെ വീട് ഞങ്ങള്‍ക്ക് മതിയാകില്ല. അബൂസുഫ്യാന്‍ പറഞ്ഞു: 'സ്വന്തം വീട്ടില്‍ കയറി കതകടച്ചവരും നിര്‍ഭയനായിരിക്കും. പള്ളിയില്‍ പ്രവേശിച്ചവനും നിര്‍ഭയനായിരിക്കും.' അങ്ങനെ ജനങ്ങളെല്ലാം പല സംഘങ്ങളായി സ്വന്തം വീടുകളിലേക്കും പള്ളിയിലേക്കും പിരിഞ്ഞുപോയി. അവര്‍ പറഞ്ഞു: 'നമുക്ക് കാത്തിരിക്കാം. ക്വുറൈശികള്‍ക്ക് വല്ല നേട്ടവുമുണ്ടെങ്കില്‍ നാം അവരുടെ കൂടെത്തന്നെയാണല്ലോ. ഇനി അവര്‍ക്ക് നാശമാണെങ്കിലോ നാം ചോദിച്ചത് ലഭിക്കുകയും ചെയ്തു.

എന്നാല്‍ അവിവേകികളും ഭോഷന്മാരുമായ ചില ക്വുറൈശികള്‍ മുസ്ലിംകളായി ഏറ്റുമുട്ടാന്‍ ഒരുങ്ങി. ഇതിനായി അവര്‍ ഖന്‍ദമ എന്ന സ്ഥലത്ത് സമ്മേളിച്ചു. അബൂജഹലിന്റെ പുത്രന്‍ ഇക്രിമ, സ്വഫ്വാന്‍ ബിന്‍ ഉമയ്യ, സഹ്ല്‍ ബിന്‍ അംറ് എന്നീ ഖുറൈശികളുടെ നേതൃത്വത്തിലായിരുന്നു ഇത്. ബക്ര്‍ ഗോത്രക്കാരന്‍ ഹിമാസുബ്നു ഖൈസും ഇവരുമായി ചേര്‍ന്നു. ഇദ്ദേഹം നേരത്തെ തന്നെ ആയുധങ്ങളൊരുക്കിയിരുന്നു. ഇതുകണ്‍ ഭാര്യ ചോദിച്ചു: ഇതെന്തിനാണ്? മുഹമ്മദിനേയും അനുയായികളെയും നേരിടാന്‍ അവന്‍ പറഞ്ഞു. അവര്‍: അല്ലാഹുവാണേ, മുഹമ്മദിനേയും അനുയായികളേയും ആര്‍ക്കും നേരിടാനാവില്ല. അവന്‍: അവരില്‍ ചിലരെ നിനക്ക് വേലക്കാരായി കൊണ്ടു വരാന്‍ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ.


മക്കാ പ്രവേശം
നബിതിരുമേനി മുന്നോട്ട് നീങ്ങി. അങ്ങനെ 'ദൂത്വുവാ'യിലെത്തി. അല്ലാഹു തനിക്ക് നല്കിയ വിജയത്തില്‍ കൃതജ്ഞതാപൂര്‍വം ശിരസ് കുനിച്ചുകൊണ്‍് അവിടുന്ന് വാഹനപ്പുറത്തിരിക്കുന്നു. അവിടുത്തെ താടിരോമങ്ങള്‍ വാഹനപ്പുറത്ത് തട്ടുന്നുണ്ടായിരുന്നു. ദൂത്വുവായില്‍വെച്ച് പ്രവാചകന്‍ സൈന്യസജ്ജീകരണം നടത്തി. ഖാലിദുബ്നു വലീദിനെ സൈന്യത്തില്‍ വലതുപക്ഷത്തിന്റെ നേതൃത്വം ഏല്പിച്ചു മക്കയുടെ താഴ്ഭാഗത്തിലൂടെ പ്രവേശിക്കാന്‍ അദ്ദേഹത്തിന് നിര്‍ദേശം നല്കി. കാരണം അവിടെയായിരുന്നു അസ്ലം, സുലൈം, ഗിഫ്ഫാര്‍ മുസൈന, ജുഹൈന തുടങ്ങി മറ്റുചില അറബിഗോത്രങ്ങളെല്ലാം വസിച്ചിരുന്നത്. വഴിയില്‍ ഏറ്റുമുട്ടാന്‍ വരുന്ന ക്വുറൈശികളെ കൈകാര്യംചെയ്ത് തന്നെ സ്വഫയില്‍ കണ്ടുമുട്ടാന്‍ അവിടുന്ന് ഖാലിദിനോടു കല്പിച്ചു.

സൈന്യത്തിന്റെ ഇടതുപക്ഷം സുബൈര്‍ബിന്‍ അബ്ബാസിനെ ചുമതലപ്പെടുത്തി. പ്രവാചകന്‍ തന്റെ കൊടി അദ്ദേഹത്തെ ഏല്പിച്ചുകൊണ്‍് മക്കയുടെ മുകള്‍ഭാഗത്ത് കെദാഇലൂടെ പ്രവേശിക്കാനും ഹജൂനില്‍ കൊടിനാട്ടി താന്‍ എത്തുന്നതുവരെ അവിടെത്തന്നെ നില്ക്കാനും ഉത്തരവുനല്കി.

അബൂഉബൈദയെ നിരായുധരായ ആളുകളുടെ നേതൃത്വം ഏല്പിക്കുകയും അവരോട് മക്കയുടെ താഴ്വരയിലൂടെ മക്കയില്‍ പ്രവേശിപ്പിക്കാന്‍ കല്പിക്കുകയും ചെയ്തു.

സൈനിക വിഭജനം കഴിഞ്ഞതോടെ സൈന്യത്തിന്റെ ഓരോ വിംഗും അവരവര്‍ക്ക് നിശ്ചയിച്ച മാര്‍ഗത്തിലൂടെ മക്കയില്‍ പ്രവേശിച്ചുതുടങ്ങി. ഖാലിദ് തന്റെ മാര്‍ഗമധ്യേ കണ്ടുമുട്ടിയ ബഹുദൈവാരാധകരെയെല്ലാം കൈകാര്യം ചെയ്തു. സൈനീകഗ്രൂപ്പില്‍നിന്ന് വഴിതെറ്റിപ്പോയ കുര്‍സ്ബ്നു ജാബിര്‍ അല്‍ഫിഹരിയും ഹുനൈസ്ബിന്‍ ഖാലിദ് ബിന്‍ റബീഅയും ശത്രുക്കളാല്‍ വധിക്കപ്പെട്ടു. ക്വുന്‍ദമയില്‍ ഖാലിദുമായി ഏറ്റുമുട്ടിയ ഭോഷന്മാരായ ഖുറൈശികളില്‍ നിന്ന് പന്ത്രണ്ടു പേര്‍ വധിക്കപ്പെടുകയും അവശേഷിച്ചവര്‍ തോറ്റോടുകയും ചെയ്തു. മുസ്ലിംകള്‍ക്കെതിരില്‍ ആയുധം സജ്ജീകരിച്ചിരുന്ന ഹിമാസുബ്നു ഖൈസ് തന്റെ വീട്ടില്‍ കയറി ഭാര്യയോട് പറഞ്ഞു: വാതില്‍ കൊട്ടിയടക്കുക. അവള്‍ ചോദിച്ചു: താങ്കള്‍ പറഞ്ഞവര്‍ എവിടെ? (ഇദ്ദേഹമായിരുന്നു മുസ്ലിംകളെ വേലക്കാരായി കൊണ്ടു വരാമെന്ന് ഭാര്യയോട് പറഞ്ഞിരുന്നത്.) ഖാലിദ്, നബി തിരുമേനിയെ സ്വഫാ കുന്നിന്റെ മുകളില്‍ കണ്ടുമുട്ടുന്നവരെ മക്കയിലൂടെ കടന്നുകയറി. സുബൈര്‍, തിരുമേനി കല്പിച്ചതുപോലെ ഫത്ഹ് പള്ളിയുടെ സമീപം ഹജുനില്‍ അവിടുത്തെ കൊടിനാട്ടി. അവിടുത്തേക്കു വേണ്ടി ഒരു കൂടാരവും പണിതു. തിരുമേനി എത്തിച്ചേരുന്നതുവരെ സുബൈര്‍ അവിടെ നിന്നു നീങ്ങിയില്ല.

വിഗ്രഹഭഞ്ജനം
തുടര്‍ന്ന്, തിരുമേനി മുഹാജിറുകളും അന്‍സ്വാറുകളും സമേതം മസ്ജിദുല്‍ ഹറമില്‍ പ്രവേശിക്കുകയും ഹജറുല്‍ അസ്വദ് സ്പര്‍ശിക്കുകയും ചെയ്തശേഷം കഅബ പ്രദക്ഷിണം ചെയ്തു. അവിടുത്തെ കൈവശം ഒരുവില്ലുണ്ടായിരുന്നു. കഅബയ്ക്ക് ചുറ്റും പ്രതിഷ്ഠിച്ചിരുന്ന മുന്നൂറ്റി അറുപത് വിഗ്രഹങ്ങളെയും ആ വില്ലുകൊണ്‍് തട്ടിയുടച്ചു. അവിടുന്ന് ഇങ്ങനെ ഉരുവിടുന്നുണ്‍ായിരുന്നു:

'സത്യം വന്നിരിക്കുന്നു, അസത്യം മാഞ്ഞുപോയിരിക്കുന്നു. തീര്‍ച്ചയായും അസത്യം മാഞ്ഞുപോകുന്നതാകുന്നു.' (17:81)
'സത്യം വന്നുകഴിഞ്ഞു, അസത്യം (യാതൊന്നിനും) തുടക്കം കുറിക്കുകയില്ല. (യാതൊന്നും) പുന:സ്ഥാപിക്കുകയുമില്ല.'' (34:49) വിഗ്രഹങ്ങളോരോന്നും തലകീഴെ വീണുകൊണ്ടിരുന്നു.

അവിടുന്ന് കഅബ പ്രദക്ഷിണം ചെയ്തിരുന്നത് തന്റെ വാഹനപ്പുറത്തായിരുന്നു. ഇഹ്റാമില്‍ പ്രവേശിച്ചിട്ടില്ലാത്തതുകാരണം കഅബാ പ്രദക്ഷിണത്തില്‍ അദ്ദേഹം പരിമിതപ്പെടുത്തി. ശേഷം ഉഥ്മാന്‍ ബിന്‍ ത്വല്‍ഹയെ വിളിച്ചു അദ്ദേഹത്തില്‍നിന്നു കഅബയുടെ താക്കോല്‍ വാങ്ങി. തുടര്‍ന്ന് കഅബ തുറക്കാന്‍ ആവശ്യപ്പെടുകയും അതിനുള്ളില്‍ പ്രവേശിക്കുകയും ചെയ്തു. അതിന്നകത്ത് പ്രവാചകന്മാരായ ഇബ്റാഹീമും മകന്‍ ഇസ്മാഈലും ഭാഗ്യപരീക്ഷണത്തിനുള്ള അമ്പുകളുമേന്തി നില്ക്കുന്ന ചിത്രം കണ്ടു അവിടുന്ന് പറഞ്ഞു: ഇത് ചെയ്തവരെ അല്ലാഹു നശിപ്പിക്കട്ടെ. അവര്‍ രണ്ടുപേരും ഒരിക്കലും ഭാഗ്യപരീക്ഷണത്തിന് അമ്പുകോലുകള്‍ ഉപയോഗിച്ചിട്ടില്ല. അതിന്നകത്തുണ്ടാ യിരുന്ന ഈദാന്‍കാരുടെ പ്രാവിന്റെ രൂപവും തട്ടിയുടച്ചു. ചിത്രങ്ങള്‍ മായ്ച്ചുകളയാന്‍ കല്പിക്കുകയും ചെയ്തു.

തുടര്‍ന്ന്, കഅബയുടെ വാതിലടച്ചു. ഉസാമയും ബിലാലും അകത്ത്. എന്നിട്ട് വാതിലിനുനേരെ മൂന്നുമുഴം അകലത്തില്‍നിന്ന് അവിടുന്ന് നമസ്കരിച്ചു. കഅബയുടെ അകത്തുള്ള ആറ് തൂണുകളില്‍ രണ്ടെണ്ണം അവിടുന്ന് ഇടത്തും ഒന്ന് വലത്തും മൂന്നെണ്ണം പിന്നിലുമായിട്ടായിരുന്നു നിന്നിരുന്നത്. കഅബയ്ക്ക് ഉള്ളിലൂടെ ചുറ്റിനടക്കുകയും തക്ബീര്‍ ചൊല്ലുകയും അല്ലാഹുവിന്റെ ഏകത്വം പ്രഖ്യാപിക്കുകയും ചെയ്തശേഷം വാതില്‍ തുറന്നു. അപ്പോഴേക്കും ക്വുറൈശികള്‍ എന്തു സംഭവിക്കുന്നുവെന്നറിയാനായി പള്ളിയില്‍ നിരന്നുകഴിഞ്ഞിരുന്നു. അവിടുന്ന് വാതിലിന്റെ ഇരുപാര്‍ശ്വങ്ങളിലും പിടിച്ചുനിന്നുകൊണ്‍് പ്രഖ്യാപിച്ചു. 'അല്ലാഹുവല്ലാതെ ഒരാരാധ്യനുമില്ല. അവന്‍ ഏകന്‍. അവനൊരു പങ്കുകാരനുമില്ല. അവന്‍ വാഗ്ദാനം പാലിച്ചു. തന്റെ ദാസനെ സഹായിച്ചു. സഖ്യകക്ഷികളെ ഏകനായി പരാജയപ്പെടുത്തി. അറിയുക! എല്ലാ ഗോത്രമഹിമയും സാമ്പത്തിക മാഹാത്മ്യവും രക്തപ്പകയും ഞാനെന്റെ ഇരുപാദങ്ങള്‍ക്കും കീഴെ ചവിട്ടിത്താഴ്ത്തുന്നു. കഅബാലയത്തിന്റെ പരിപാലനവും തീര്‍ഥാടകര്‍ക്ക് പാനജലം നല്കാനുള്ള അവകാശവുമൊഴികെ ബോധപൂര്‍വമുള്ള വധത്തിനോട് സാദൃശ്യം തോന്നുന്ന വിധം അബദ്ധത്തില്‍ ആരെയെങ്കിലും വധിച്ചാല്‍ - വടി കൊണ്ടോ ചാട്ടകൊണ്ടോ അടിക്കുമ്പോള്‍ മരിച്ചതുപോലെ- അതിന് നൂറ് ഒട്ടകം പ്രായശ്ചിത്തം നല്കണം. അതില്‍ നാല്പതെണ്ണം ഗര്‍ഭിണിയായിരിക്കണം.

ക്വുറൈശികളേ, അജ്ഞാനകാലത്തിന്റെ സര്‍വദുരഭിമാനവും പിതാക്കളുടെ പേരിലുള്ള അഹംഭാവവും അല്ലാഹു നിങ്ങളില്‍നിന്ന് എടുത്തു കളഞ്ഞിരിക്കുന്നു. മനുഷ്യരെല്ലാം ആദമില്‍നിന്നാണ് ആദമാകട്ടെ മണ്ണില്‍നിന്നും. എന്നിട്ടവിടുന്ന് ഈ വിശുദ്ധ വാക്യം പാരായണം ചെയ്തു. "മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരാണില്‍നിന്നും ഒരു പെണ്ണില്‍നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമൂഹങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റം ആദരണീയന്‍ നിങ്ങളില്‍ ഏറ്റം ധര്‍മനിഷ്ഠ പാലിക്കുന്നവനത്രെ. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.'' (49:13). അവിടുന്ന് തുടര്‍ന്നു: "ക്വുറൈശികളെ, ഞാന്‍ എന്തുചെയ്യുമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്? അവര്‍ പറഞ്ഞു: 'നല്ലതുമാത്രം. മാന്യനായ സഹോദരന്‍ മാന്യനായ സഹോദരപുത്രന്‍.' അവിടുന്ന് മൊഴിഞ്ഞു: 'ഞാന്‍ നിങ്ങളോട് പറയുന്നത് യൂസുഫ് തന്റെ സഹോദരങ്ങളോട് പറഞ്ഞതുപോലെയാണ്. ഇന്ന് നിങ്ങളോട് യാതൊരാക്ഷേപവുമില്ല. (12:92). നിങ്ങളെല്ലാവരും പിരിഞ്ഞുപോവുക നിങ്ങള്‍ സ്വതന്ത്രരാണ്.

തുടര്‍ന്ന് പ്രവാചകന്‍ പള്ളിയില്‍ ഇരുന്നു. അപ്പോള്‍ അലി(റ) കഅബയുടെ താക്കോലുമായി വന്ന് റസൂല്‍(സ)യോട് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരെ, ഹാജിമാര്‍ക്ക് പാനം നല്കുന്നതോടൊപ്പം കഅബയെ മൂടുപടമണിയിക്കാനുള്ള അവകാശവും ഞങ്ങള്‍ക്കുതന്നെ നല്കിയാലും. അല്ലാഹു താങ്കളെ അനുഗ്രഹിക്കുമാറാകട്ടെ. മറ്റൊരു റിപ്പോര്‍ട്ടനുസരിച്ച് അബ്ബാസാണ് ഇത് പറഞ്ഞത്. അപ്പോള്‍ പ്രവാചകന്‍ ചോദിച്ചു: ഉഥ്മാന്‍ ബിന്‍ത്വല്‍ഹ എവിടെ? 'ഉഥ്മാന്‍ വിളിച്ചുകൊണ്‍് വരപ്പെട്ടപ്പോള്‍ അവിടുന്ന് താക്കോല്‍ അദ്ദേഹത്തിന്റെ കൈവശം തന്നെ നല്കിക്കൊണ്‍് പറഞ്ഞു: ഉഥ്മാന്‍, ഇതാ താങ്കളുടെ താക്കോല്‍ ഇന്ന് പുണ്യത്തിന്റേയും വാഗ്ദത്ത പൂര്‍ത്തീകരണത്തിന്റേയും ദിവസമാണ്.' ഇബ്നുസഅദിന്റെ ത്വബഖാതില്‍ നിവേദനം ചെയ്യുന്നത്. ഇത് കൈവശം വെക്കുക, സ്ഥിരമായും അനുസ്യൂതമായും. അക്രമിയല്ലാതെ നിങ്ങളില്‍നിന്ന് അത് കൈവശപ്പെടുത്തില്ല. ഉഥ്മാന്‍, അല്ലാഹു നിങ്ങളെ അവന്റെ വീടിന്റെ സംരക്ഷണമേല്പ്പിച്ചിരിക്കുന്നു. അതിനാല്‍ ഇവിടേക്ക് വരുന്നതില്‍നിന്ന് മര്യാദയനുസരിച്ച് നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.'

ബിലാലിന്റെ ബാങ്കുവിളി
നമസ്കാരസമയമായപ്പോള്‍ നബി(സ) ബിലാലിനോട് കഅബയ്ക്ക് മുകളില്‍ കയറി ബാങ്കുവിളിക്കാന്‍ കല്പിച്ചു. അബൂസുഫ്യാനും ഉസൈദിന്റെ പുത്രന്‍ അത്താബും ഹാരിഥുബ്നു ഹിശാമും കഅബയുടെ അങ്കണത്തില്‍ ഇരിക്കുകയാണ്. അത്താബ് പറഞ്ഞു: അല്ലാഹു ഉസൈദിനെ ഈ ശബ്ദം കേള്‍ക്കാതെ ആദരിച്ചിരിക്കുന്നു. ഇത് കേട്ടിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ കോപം പ്രകടമാകുമായിരുന്നു. അപ്പോള്‍ ഹാരിഥ് പറഞ്ഞു: അല്ലാഹുവാണെ, അത് സത്യമാണെന്ന് ഞാനറിഞ്ഞിരുന്നെങ്കില്‍ ഞാനത് പിന്‍പറ്റുമായിരുന്നു. അബൂസുഫ്യാന്‍ പറഞ്ഞു: അല്ലാഹുവാണെ, ഞാനൊന്നും പറയുന്നില്ല. ഞാനെന്തെങ്കിലും പറഞ്ഞാല്‍ ആ വിവരം ഈ ചരല്‍ക്കല്ലുകള്‍പ്പോലും അവിടെ എത്തിക്കും. ഉടനെ പ്രവാചകന്‍ അവിടെ പ്രത്യക്ഷപ്പെട്ടുകൊണ്‍് പറഞ്ഞു: 'നിങ്ങള്‍ പറഞ്ഞതെല്ലാം ഞാനറിഞ്ഞു.' എന്നിട്ടവര്‍ക്കത് ഉദ്ധരിച്ചുകൊടുത്തു. അതോടെ ഹാരിഥും അത്താബും പ്രഖ്യാപിച്ചു: താങ്കള്‍ അല്ലാഹുവിന്റെ ദൂതന്‍ തന്നെയെന്ന് ഞങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഞങ്ങളിതു പറഞ്ഞത് ആരും അറിഞ്ഞിട്ടില്ല. അങ്ങനെയായിരുന്നെങ്കില്‍ താങ്കളോടവന്‍ പറഞ്ഞുവെന്ന് ഞങ്ങള്‍ പറയുമായിരുന്നു.

പ്രസ്തുത ദിവസം തിരുമേനി അബൂത്വാലിബിന്റെ പുത്രി ഉമ്മുഹാനിഇന്റെ വീട്ടില്‍ പ്രവേശിക്കുകയും കുളിച്ച് അവിടെവെച്ച് എട്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്തു. ദുഹാ നമസ്കാരത്തിന്റെ സമയമായിരുന്നതിനാല്‍ പലരുമത് ളുഹാ നമസ്കാരമാണെന്ന് ധരിച്ചു. എന്നാല്‍ അത് വിജയത്തിനുള്ള നന്ദിപ്രകടനമായിരുന്നു. അന്ന് ഉമ്മുഹാനി തന്റെ ഭര്‍തൃകുടുംബത്തിലെ രണ്ടുപേര്‍ക്ക് സംരക്ഷണം നല്കി തന്റെ വീട്ടില്‍ താമസിപ്പിച്ചിരുന്നു. തിരുമേനി പറഞ്ഞു: 'ഉമ്മുഹാനിഅ് നീ സംരക്ഷണം നല്കിയവര്‍ക്ക് ഞങ്ങളും സംരക്ഷണം നല്കുന്നു.' കാരണം; ഉമ്മുഹാനിഇന്റെ സഹോദരന്‍ അലി ബിന്‍ അബൂത്വാലിബ് അവരെ രണ്ടുപേരെയും വധിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിനെക്കുറിച്ചന്വേഷിച്ചപ്പോഴാണ് തിരുമേനി ഇപ്രകാരം പ്രഖ്യാപിച്ചത്.

വധശിക്ഷ വിധിക്കപ്പെട്ടവര്‍
നബി(സ) തിരുമേനിയെയും അനുയായികളെയും പല വിധേനയും ഉപദ്രവിച്ച നിരവധി കുറ്റവാളികളെ നിരുപാധികം വിട്ടയച്ച സംഭവം നേരത്തെ പരാമര്‍ശിച്ചുവല്ലോ. എന്നാല്‍, അത്യധികം ക്രൂരവും മാപ്പര്‍ഹിക്കാത്തതുമായ വന്‍കുറ്റവാളികളായ ഏതാനും ചിലര്‍ക്കെതിരെ പ്രവാചകന്‍ വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവിടുകയുണ്ടായി. ഇവര്‍ ആത്മരക്ഷാര്‍ഥം കഅബയുടെ മൂടുപടത്തിന് താഴെ അഭയം തേടിയാലും അവരെ വധിച്ചുകളയണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടു. ഇവര്‍ താഴെ പറയുന്നവരാണ്: അബ്ദുല്‍ ഉ ബിന്‍ ഖത്വല്‍, അബ്ദുല്ലാഹിബിന്‍ സഅദ്ബിന്‍ അബീസര്‍ഹ്, ഇക്രിമത്ത്ബിന്‍ അബീജഹല്‍, ഹാരിഥ്ബിന്‍ നുഫൈല്‍, മഖീസ്ബിന്‍ സ്വുബാബ, ഹബ്ബാര്‍ബിന്‍ അല്‍അസ്വദ്, ഇബ്നുല്‍ഖത്വലിന്റെ രണ്‍് നര്‍ത്തകികള്‍-ഇവര്‍ രണ്ടുപേരും നബി(സ)യെ അധിക്ഷേപിച്ച് പാട്ടുപാടാറുണ്ടായിരുന്നു-അബ്ദുല്‍ മുത്വലിബ് ഗോത്രക്കാരില്‍ ആരുടെയോ 'മൌല'യായ സാറ, ഇവളുടെ അടുക്കല്‍ നിന്നാണ് ഹാത്വിബിന്റെ കത്ത് പിടിച്ചെടുത്തത്.

ഇതില്‍ ഇബ്ദുല്ലാഹിബ്നു അബീസര്‍ഹിനുവേണ്ടി ഉഥ്മാന്‍ബിന്‍ അഫ്ഫാന്‍ ശുപാര്‍ശ ചെയ്ത് രക്ഷപ്പെടുത്തി. ഇദ്ദേഹം ഇസ്ലാം സ്വീകരിച്ചു. മുമ്പ് ഇദ്ദേഹം ഇസ്ലാം സ്വീകരിക്കുകയും ഹിജ്റ പോവുകയും ചെയ്തിട്ടുണ്‍്. പിന്നീട് മതപരിത്യാഗം നടത്തി മക്കയിലേക്ക് മടങ്ങുകയാണുണ്ടായത്.

അബൂജഹലിന്റെ പുത്രന്‍ ഇക്രിമ യമനിലേക്ക് രക്ഷപ്പെട്ടെങ്കിലും. ഇദ്ദേഹത്തിന്റെ ഭാര്യ നബി(സ)യുടെ അടുക്കല്‍ വന്ന് അദ്ദേഹത്തിന് സുരക്ഷിത്വത്തിന് അപേക്ഷിച്ചപ്പോള്‍ നബി(സ) അതനുവദിച്ചുകൊടുത്തു. അങ്ങനെ അദ്ദേഹം അവരുടെകൂടെ വന്നു ഇസ്ലാം സ്വീകരിക്കുകയും ഒരു നല്ല മുസ്ലിമായി ജീവിക്കുകയും ചെയ്തു.

ഇബ്നുല്‍ ഖത്വല്‍, ഇദ്ദേഹം രക്ഷപ്പെടാന്‍ വേണ്ടി കഅ്ബയുടെ മൂടുപടത്തിനുള്ളില്‍ അഭയം തേടിയെങ്കിലും അവിടുന്ന് അദ്ദേഹത്തെ വധിക്കാന്‍ കല്പിച്ചു. ഉടനെ വധിക്കുകയും ചെയ്തു.

മഖീസ്ബ്നു സ്വുബാബയുടെ ശിക്ഷ നടപ്പാക്കിയത് നുമൈലബിന്‍ അബ്ദുല്ലയാണ്. ഇദ്ദേഹം മുമ്പ് ഇസ്ലാം സ്വീകരിക്കുകയും ഒരു അന്‍സാരിയെ വധിച്ചു മതം പരിത്യജിച്ച് ബഹുദൈവാരാധകര്‍ക്കൊപ്പം ചേരുകയും ചെയ്തിരുന്നു.

ഹാരിഥ്, മക്കയില്‍ നബിയെ കഠിനമായി മര്‍ദിച്ചിരുന്നവനാണ്. അലിയാണ് ഇദ്ദേഹത്തിന്റെ ശിക്ഷ നടപ്പാക്കിയത്.

ഹബ്ബാര്‍ബിന്‍ അല്‍അസ്വദ്, ഇദ്ദേഹം പ്രവാചകപുത്രി സൈനബ് ഹിജ്റ പോയ സന്ദര്‍ഭത്തില്‍ അവരെ കുത്തി ഒട്ടകപ്പുറത്ത് നിന്ന് താഴെയിട്ടു. ഇതുകാരണം അവരുടെ ഗര്‍ഭം അലസുകയുണ്ടായി. മക്കാദിവസം ഹബ്ബാര്‍ ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് ഇസ്ലാം സ്വീകരിച്ച് നന്നായി ജീവിക്കുകയും ചെയ്തു.

രണ്‍് നര്‍ത്തകികളില്‍ ഒരാള്‍ വധിക്കപ്പെട്ടു. മറ്റവള്‍ നബി(സ)യുടെ അടുക്കല്‍ വന്നു അഭയം തേടിയപ്പോള്‍ അവള്‍ക്ക് അഭയം നല്കി. ഇതോടെ അവള്‍ ഇസ്ലാം സ്വീകരിച്ചു. ഇതുപോലെ സാറയ്ക്കും അഭയം നല്കുകയും അവരും ഇസ്ലാം സ്വീകരിക്കുകയുണ്ടായി.

സ്വഫ്വാനും ഫുളാലയും
സ്വഫ്വാന്‍ വധം വിധിക്കപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടില്ലായിരുന്നുവെങ്കിലും ഖുറൈശി നേതാവെന്ന നിലയ്ക്ക് ഭയന്ന് ഒളിച്ചോടുകയാണുണ്ടായത്. ഇദ്ദേഹത്തിനുവേണ്ടി ഉമൈര്‍ബിന്‍ വഹബ് അല്‍ജുമഹി തിരുമേനിയോട് അഭയം നല്കാനാവശ്യപ്പെടുകയും അഭയം നല്കുകയും ചെയ്തു. തെളിവായി മക്കയില്‍ പ്രവേശിക്കുമ്പോള്‍ അവിടുന്നണിഞ്ഞിരുന്ന തലപ്പാവ് അദ്ദേഹത്തിന് നല്കുകയും ചെയ്തു. ജിദ്ദയില്‍നിന്ന് യമനിലേക്ക് പുറപ്പെടാന്‍ തയ്യാറായി നില്ക്കുന്ന സ്വഫ്വാനെ ഉമൈര്‍ കണ്‍െത്തി തിരുമേനിയുടെ മുമ്പില്‍ ഹാജറാക്കി. സ്വഫ്വാന്‍ തിരുമേനിയോട് പറഞ്ഞു: എനിക്ക് ചിന്തിക്കാന്‍ രണ്ടു മാസം അനുവദിക്കണം. 'താങ്കള്‍ക്ക് നാലുമാസം അനുവദിച്ചിരിക്കുന്നു.' തിരുമേനി പറഞ്ഞു. പിന്നീടദ്ദേഹം ഇസ്ലാം സ്വീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ നേരത്തെത്തന്നെ ഇസ്ലാം സ്വീകരിച്ചിരുന്നു. അങ്ങനെ രണ്‍ുപേരേയും പഴയ വിവാഹത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ നിലനിര്‍ത്തി. ഫൂളാല ധീരനായിരുന്നു ത്വവാഫ് ചെയ്യുകയായിരുന്ന അദ്ദേഹം തിരുമേനിയെ വധിക്കാനായി മുന്നോട്ടുവന്നു. സമീപത്തെത്തിയ അദ്ദേഹത്തോട് അദ്ദേഹത്തിന്റെ മനസിലുള്ള ഉദ്ദേശ്യം തിരുമേനി പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം മുസ്ലിമായി.

മക്കയുടെ പവിത്രതാ വിളംബരം
മക്കാവിജയത്തിന്‍ പിറ്റേന്നാള്‍ പ്രവാചകന്‍ ജനങ്ങള്‍ക്കുമുമ്പില്‍ പ്രസംഗിക്കാനായി എഴുന്നേറ്റുനിന്നു. അല്ലാഹുവിനെ സ്തുതിക്കുകയും പുകഴ്ത്തുകയും പ്രകീര്‍ത്തിക്കുകയും ചെയ്ത ശേഷം അവിടുന്ന് തുടര്‍ന്നു: 'ജനങ്ങളേ, ആകാശഭൂമികള്‍ സൃഷ്ടിച്ച നാളുമുതലേ മക്കാനഗരത്തിന് അല്ലാഹു പവിത്രത കല്പിച്ചിട്ടുണ്‍്. അന്ത്യനാള്‍ വരെ ആ പവിത്രത തുടരുന്നതുമാണ്. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന ഒരാള്‍ക്കും അവിടെവെച്ച് രക്തം ചിന്താനോ മരം മുറിക്കാനോ അനുവാദമില്ല. ആരെങ്കിലും പ്രവാചകന്‍ അവിടെവെച്ച് യുദ്ധം ചെയ്തിട്ടുണ്ടല്ലോ എന്ന് പറഞ്ഞാല്‍ അവനോട് പറയുക: അല്ലാഹു അവന്റെ ദൂതന് അനുവദിച്ചതാണ് നിങ്ങള്‍ക്കത് അനുവദിച്ചിട്ടില്ല എനിക്കാകട്ടെ പകലിലെ ഒരു സമയം മാത്രമാണ് അനുവദിച്ചത്. ഇന്നത് ഇന്നത്തെപ്പോലെ പവിത്രമാണത്. അതിനാല്‍ നിങ്ങളില്‍ ഹാജറുള്ളവര്‍ ഹാജറില്ലാത്തവര്‍ക്ക് ഈ സന്ദേശം കൈമാറണം.

മറ്റൊരു നിവേദനമനുസരിച്ച്, അവിടത്തെ മുള്ളുമുറിക്കാനോ വേട്ടമൃഗങ്ങളെ തുരത്താനോ വീണുകിട്ടുന്ന സാധനം അറിയുന്നവനല്ലാതെ എടുക്കാനോ പുല്ല് അരിയാനോ പാടില്ല'. എന്നാണുള്ളത് അപ്പോള്‍ അബ്ബാസ് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഇദ്ഖര്‍ പുല്ല്, അത് ഖബര്‍ മൂടാനും വീടുമേയാനുമുള്ളതാണ്. ഇദ്ഖര്‍ പുല്ല് ഒഴിവാക്കിയിരിക്കുന്നു അവിടുന്ന് പ്രഖ്യാപിച്ചു.'

പ്രസ്തുത ദിവസം ഖുസാഅ ഗോത്രം ലൈഥ് ഗോത്രത്തിലെ ഒരാളെ വധിച്ചു. ഇത് ജാഹിലിയ്യാ കാലത്തെ ഒരു വധത്തിന് പകരം വീട്ടിയതായിരുന്നു. ഇതറിഞ്ഞ പ്രവാചകന്‍ പ്രസംഗിച്ചു: 'ഖുസാഅക്കാരേ, നിങ്ങള്‍ വധം അവസാനിപ്പിക്കുക. അതൊരു പ്രയോജനവും ചെയ്യില്ല. അങ്ങനെയെങ്കില്‍ വധം ധാരാളം നടക്കുമായിരുന്നു. ഇനിയും ആരെങ്കിലും വധിക്കുകയാണെങ്കില്‍ അവന്റെ അവകാശികള്‍ക്ക് ഘാതകനെ വധിക്കാനോ നഷ്ടപരിഹാരം ഈടാക്കാനോ അവകാശമുണ്ടായിരിക്കും.

ഉടനെ അബൂശാഹ് എന്നൊരു യമന്‍ നിവാസി എഴുന്നേറ്റുനിന്ന് അല്ലാഹുവിന്റെ ദൂതരെ അതൊന്ന് എഴുതിത്തന്നാലും എന്ന് പറഞ്ഞു. അബൂശാഹിന് എഴുതിക്കൊടുക്കുക പ്രവാചകന്‍ ഉത്തരവിട്ടു. (6)

അന്‍സ്വാറുകളുടെ ആശങ്ക
മക്കയുടെ വിജയം പ്രവാചകന്റെ കൈകളിലൂടെ പൂര്‍ത്തിയായതോടെ-മക്ക തിരുദൂതരുടെ ജനമനാടും സ്വദേശവുമാണ്- അന്‍സ്വാറുകള്‍ പരസ്പരം മന്ത്രിച്ചു. അല്ലാഹുവിന്റെ ദൂതര്‍ സ്വന്തം നാടായ മക്ക വിജയിച്ചതോടെ ഇവിടെത്തന്നെ തങ്ങിയേക്കുമോ? ഈ സമയം പ്രവാചകന്‍ സ്വഫാ കുന്നിന്റെ മുകളില്‍ കൈകളുയര്‍ത്തി പ്രാര്‍ഥിക്കുകയായിരുന്നു. പ്രാര്‍ഥനയില്‍ നിന്ന് വിരമിച്ചശേഷം അവിടുന്നാരാഞ്ഞു: 'നിങ്ങളെന്താണ് പറഞ്ഞത്?' 'ഒന്നും പറഞ്ഞില്ല റസൂലേ!' അവര്‍ ഒഴിഞ്ഞുമാറി. തുടര്‍ന്നദ്ദേഹം ആവശ്യപ്പെട്ടപ്പോള്‍ അവര്‍ അവരുടെ ആശങ്ക അവിടുത്തെ മുന്നില്‍ വെച്ചു. അപ്പോള്‍ തിരുദൂതര്‍ പറഞ്ഞു: 'അല്ലാഹുവില്‍ ശരണം, ജീവിതം നിങ്ങളോടൊപ്പമുള്ള ജീവിതവും മരണം നിങ്ങളോടൊപ്പമുള്ള മരണവുമാണ്.''

അനുസരണക്കരാര്‍
മക്ക മുസ്ലിംകള്‍ക്ക് കീഴടങ്ങിയതോടെ മക്കാനിവാസികള്‍ക്ക് സത്യം ബോധ്യമായി. ഇനി ഇസ്ലാം സ്വീകരിക്കുകയല്ലാതെ മറ്റുമാര്‍ഗമൊന്നുമില്ലെന്ന് അവര്‍ മനസിലാക്കി. അങ്ങനെ പ്രവാചകന്റെ മുമ്പില്‍ അനുസരണക്കരാര്‍ ചെയ്യാനായി അവര്‍ സമ്മേളിച്ചു. പ്രവാചകന്‍ സ്വഫാ കുന്നിന്റെ മുകളിലും ഉമര്‍ താഴെയുമായി ഇരുന്നു. എല്ലാവരോടും അനുസരണക്കരാര്‍ വാങ്ങിച്ചു.

നസഫി തന്റെ മദാരിക്കുത്തന്‍സീല്‍ എന്ന ക്വുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥത്തില്‍ ബൈഅത്ത് സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഉദ്ധരിക്കുന്നു: തിരുദൂതര്‍ പുരുഷനമാരില്‍നിന്ന് അനുസരണക്കരാര്‍ വാങ്ങിയശേഷം സ്ത്രീകളില്‍നിന്ന് കരാര്‍ വാങ്ങി. ഉമര്‍ തിരുമേനിയുടെ വാക്കുകള്‍ സ്ത്രീകള്‍ക്ക് എത്തിച്ചും സ്ത്രീകള്‍ പറയുന്നത് അവിടുത്തേക്കും എത്തിച്ചുകൊണ്ടും സ്വഫയുടെ താഴെ നിന്നു. അങ്ങനെ ഉത്ബയുടെ പുത്രിയും അബൂസുഫ്യാന്റെ ഭാര്യയുമായ ഹിന്ദ് പ്രവാചകനെ ഭയന്ന് വേഷപ്രഛന്നമായി വന്നു. തുടര്‍ന്ന് പ്രവാചകന്‍, അല്ലാഹുവില്‍ നിങ്ങള്‍ ഒന്നും പങ്കുചേര്‍ക്കരുതെന്ന് ഞാന്‍ നിങ്ങളോട് കരാര്‍ വാങ്ങുന്നു.' എന്ന് പറഞ്ഞു ഉമര്‍ സ്ത്രീകളില്‍നിന്ന് ഈ കരാര്‍ വാങ്ങി. തുടര്‍ന്ന് പ്രവാചകന്‍ 'നിങ്ങള്‍ മോഷണം നടത്തരുതെന്ന് പറഞ്ഞു.' അപ്പോള്‍ ഹിന്ദ്: അബൂസുഫ്യാന്‍ പിശുക്കനാണ് ഞാനദ്ദേഹത്തിന്റെ സ്വത്തില്‍നിന്ന് എന്തെങ്കിലും എടുക്കുന്നതിന് കുഴപ്പമുണ്ടോ? ഇതുകേട്ട അബൂസുഫ്യാന്‍, നീ എടുത്തതൊക്കെ നിനക്ക് ഞാന്‍ അനുവദിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു. അതോടെ പ്രവാചകന്‍ അവരെ തിരിച്ചറിയുകയും ചിരിക്കുകയും ചെയ്തു. അവിടുന്ന് ചോദിച്ചു: നീ ഹിന്ദ് ആണോ? അതെ, അവര്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരെ കഴിഞ്ഞതെല്ലാം മാപ്പാക്കണം. അല്ലാഹു അങ്ങേക്കും മാപ്പാക്കട്ടെ, തുടര്‍ന്ന് പ്രവാചകന്‍, 'വ്യഭിചരിക്കരുത്' എന്ന് പറഞ്ഞപ്പോള്‍ ഹിന്ദ് ചോദിച്ചു: സ്വതന്ത്ര സ്ത്രീ വ്യഭിചരിക്കുകയോ? 'മക്കളെ വധിക്കരുതെന്ന്' പ്രവാചകന്‍ പറഞ്ഞപ്പോള്‍ ഹിന്ദ് പറഞ്ഞു: ഞങ്ങളവരെ ശൈശവത്തില്‍ വളര്‍ത്തി നിങ്ങളവരെ വലുതായപ്പോള്‍ വധിക്കുകയും ചെയ്തു. നിങ്ങള്‍ക്കും അവര്‍ക്കും ആ കാര്യമറിയാം-ഇവരുടെ അബൂസുഫ്യാനിലുള്ള പുത്രന്‍ ഹന്‍ള്വല ബദ്റില്‍ വധിക്കപ്പെട്ടിരുന്നു-ഇതുകേട്ട ഉമര്‍ ചിരിച്ചു മണ്ണുകപ്പി. പ്രവാചകന്‍ പുഞ്ചിരിക്കുക മാത്രം ചെയ്തു. തുടര്‍ന്ന് പ്രവാചകന്‍ ഓരാരോപണവും ഉന്നയിക്കരുത്' എന്ന് പറഞ്ഞപ്പോള്‍ ആരോപണമുന്നയിക്കുന്നത്' വളരെ ചീത്തസ്വഭാവമാണ്' എന്നവര്‍ പ്രതികരിച്ചു. താങ്കള്‍ ഞങ്ങളോട് കല്പിച്ചത് ആദരണീയ സ്വഭാവങ്ങളും മാന്യമായ നടപടിയുമാണല്ലോ എന്നവര്‍ കൂട്ടിച്ചേര്‍ത്തു. 'പ്രവാചകനെ ധിക്കരിക്കരുത് എന്ന് കല്പിച്ചപ്പോള്‍' ഞങ്ങള്‍ ഇവിടേയും മറ്റെവിടേയും അങ്ങയെ ധിക്കരിക്കില്ല. തുടര്‍ന്ന് തിരിച്ചുപോയ അവര്‍ തന്റെ വിഗ്രഹത്തെ തച്ചുടച്ചുകൊണ്‍് പറഞ്ഞു: 'ഞങ്ങള്‍ നിന്നെ വിശ്വസിച്ച് വഞ്ചിതരായിപ്പോയി.'

ഇതിനോട് ഏകദേശം സമാനമായി ബുഖാരി ഈ സംഭവം ഉദ്ധരിക്കുന്നുണ്‍്.
പത്തൊമ്പത് ദിവസം മക്കയില്‍ തങ്ങിയ അവിടുന്ന് ഇസ്ലാമിക ചിഹ്നങ്ങളെല്ലാം നവീകരിക്കുകയും ജനങ്ങളെ ഇസ്ലാമിക ശിക്ഷണങ്ങള്‍ അഭ്യസിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇതിന്നിടയില്‍, ഖുസാഅ ഗോത്രക്കാരായ അബൂഉസൈദിനോട് വിശുദ്ധ ഹറമിന്റെ തേഞ്ഞുകൊണ്ടിരിക്കുന്ന അതിരടയാളങ്ങളെല്ലാം പുതുക്കാന്‍ കല്പിച്ചു. ദൌത്യസംഘങ്ങളെ അയച്ചു മക്കയ്ക്ക് ചുറ്റുമുള്ള മുഴുവന്‍ വിഗ്രഹങ്ങളേയും നശിപ്പിക്കുകയും മക്കയില്‍ ഇങ്ങനെ വിളംബരം നടത്തുകയും ചെയ്തു: അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്ന ഒരാളും തന്നെ തന്റെ വീട്ടില്‍ ഒരു വിഗ്രഹത്തേയും നശിപ്പിച്ചുകളയാതെ വിട്ടേക്കരുത്.''

ദൌത്യസംഘങ്ങള്‍
1. ഹിജ്റ എട്ടാംവര്‍ഷം റമദാനില്‍ അഞ്ചുദിവസം മാത്രം അവശേഷിക്കുമ്പോള്‍ പ്രവാചകന്‍ ഖാലിദ്ബ്നു വലീദിനെ ഉ വിഗ്രഹം തകര്‍ക്കാനായി നിയോഗിച്ചു. നഖ്ലയിലായിരുന്ന ഇത് ക്വുറൈശികളും കിനാനക്കാരുമെല്ലാം ആരാധിച്ചിരുന്ന ഏറ്റവും വലിയ വിഗ്രഹമായിരുന്നു. ഇതിന്റെ പരിപാലകര്‍ ശൈബാന്‍ ഗോത്രക്കാരായിരുന്നു. മുപ്പതുപേരോടൊപ്പം ചെന്ന് ഖാലിദ് അതിനെ തകര്‍ത്തുകളഞ്ഞു. തിരിച്ചുചെന്നപ്പോള്‍ പ്രവാചകന്‍ ചോദിച്ചു: 'നീ എന്തെങ്കിലും കണ്ടുവോ?' 'ഇല്ല', ഖാലിദ് പറഞ്ഞു. 'നീ അത് തകര്‍ത്തിട്ടില്ല വീണ്ടും ചെന്ന് തകര്‍ക്കുക.' തിരുമേനി നിര്‍ദേശിച്ചു. ഖഡ്ഗവുമൂരിപ്പിടിച്ച് കുപിതനായി ഖാലിദ് അവിടെ ചെന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ നേരെ പാറിപ്പറന്ന മുടിയോടെ നഗ്നയായ ഒരു കറുത്ത സ്ത്രീ നടന്നുവന്നു. വിഗ്രഹപരിപാലകന്‍ അട്ടഹസിക്കുന്നുമുണ്‍്. ഖാലിദ് തന്റെ ഖഡ്ഗം ആഞ്ഞുവീശി അവളെ രണ്ടാക്കി പകുത്തു. തിരിച്ച് ചെന്ന് പ്രവാചകനോട് വിവരം പറഞ്ഞപ്പോള്‍ അവിടുന്ന് പറഞ്ഞു: 'അതെ, അതാണ് ഉ . ഈ നാട്ടില്‍ അതാരാധിക്കപ്പെടുന്നതില്‍ എന്നെന്നേക്കുമായി ആശയറ്റിരിക്കുന്നു.'

2. ഇതേമാസം തന്നെ മക്കയുടെ വടക്ക് കിഴക്ക് ഭാഗത്ത് 150 കിലോമീറ്റര്‍ അകലെ റുഹാത്വില്‍ ഹുദൈല്‍കാര്‍ ആരാധിച്ചിരുന്ന സുവാഅ് വിഗ്രഹത്തെ നശിപ്പിക്കാന്‍ തിരുമേനി അംറ് ബിന്‍ആസിനെ നിയോഗിച്ചു. അംറ് അവിടെയെത്തിയപ്പോള്‍ ക്ഷേത്രപരിപാലകന്‍ ചോദിച്ചു എന്താണ് ഉദ്ദേശ്യം? അല്ലാഹുവിന്റെ ദൂതര്‍ ഇത് തകര്‍ക്കാന്‍ എന്നെ ചുമതലപ്പെടുത്തിയിട്ടുണ്‍് അംറ് പറഞ്ഞു, താങ്കള്‍ക്കതിന് കഴിയില്ല' അവന്‍ പറഞ്ഞു 'എന്തുകൊണ്‍്? അംറ് ചോദിച്ചു അത് താങ്കളെ തടയും അവന്‍ പറഞ്ഞു താങ്കളിപ്പോഴും അന്ധവിശ്വാസത്തില്‍ തന്നെയാണല്ലേ, നാശം, അത് കേള്‍ക്കുകയും കാണുകയും ചെയ്യുമോ? എന്ന് ചോദിച്ചുകൊണ്‍് അംറ് മുന്നോട്ട് നീങ്ങി അംറ് അതിനെ ഉടച്ചുകളഞ്ഞു. അനുചരനമാരോട് അവിടത്ത ഭണ്ഡാരപ്പെട്ടി തകര്‍ക്കാനും കല്പിച്ചു. പക്ഷെ, അതിലൊന്നുമുണ്ടായിരുന്നില്ല പരിപാലകനോടു ഖാലിദ് ചോദിച്ചു: ഇപ്പോഴെന്തു പറയുന്നു? ഞാന്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. അദ്ദേഹം പറഞ്ഞു.

3. ഇതേ മാസം തന്നെ സഅദ് ബിന്‍ സൈദ് അല്‍ അശ്ഹലിയെ ഇരുപത് അശ്വഭടനമാരോടുകൂടെ മനാത് വിഗ്രഹത്തെ തകര്‍ക്കാന്‍ തിരുമേനി നിയോഗിച്ചു. ഇത്, ഖുദൈദിന് സമീപം മുശല്ലലില്‍ ഔസ്, ഖസ്റജ് ഗസാന്‍ തുടങ്ങിയ ഗോത്രങ്ങളുടെ പൂജാവിഗ്രഹമായിരുന്നു. അവിടെയെത്തിയ സഅദിനോട് പരിപാലകന്‍ ചോദിച്ചു. 'എന്താണ് ഉദ്ദേശ്യം?' 'മനാതിനെ തകര്‍ക്കല്‍', സഅദ് പറഞ്ഞു. അദ്ദേഹം: 'താങ്കളുദ്ദേശിച്ചത് ചെയ്യുക.' സഅദ് അതിന് നേരെ നീങ്ങിയപ്പോള്‍ കറുത്ത നഗ്നയായി മുടി പാറിപ്പറന്ന ഒരു സ്ത്രീ മാറത്തടിച്ചു വിളിച്ചട്ടഹസിച്ചുകൊണ്ടു വന്നു. പരിപാലകന്‍ അവളോട് പറഞ്ഞു: 'മനാതിനെ ധിക്കരിക്കുന്ന ചിലര്‍.' സഅദ് അവളെ വധിച്ചശേഷം വിഗ്രഹം തകര്‍ത്തു. ഭണ്ഡാരപ്പെട്ടിയില്‍ ഒന്നുമുണ്ടായിരുന്നില്ല.

4. ഉ യുടെ ധ്വംസനം കഴിഞ്ഞ് മടങ്ങിയെത്തിയ ഖാലിദിനെ അതേവര്‍ഷം ശവ്വാലില്‍ ജദീമയിലേക്ക് പ്രബോധകനായി നിയോഗിച്ചു. അങ്ങനെ മുഹാജിറുകളും അന്‍സ്വാറുകളും സുലൈം ഗോത്രക്കാരുമടങ്ങുന്ന മുന്നൂറ്റി അമ്പതുപേരെയും കൊണ്ടു ഖാലിദ് അവിടേക്ക് പുറപ്പെട്ടു. അവിടെയെത്തി അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചെങ്കിലും ഞങ്ങള്‍ ഇസ്ലാം സ്വീകരിച്ചിരിക്കുന്നുവെന്ന് പറയാന്‍ അവര്‍ തയ്യാറായില്ല. ഞങ്ങള്‍ മതം മാറിയിരിക്കുന്നു, മതം മാറിയിരിക്കുന്നു എന്നിങ്ങനെ അവര്‍ പറയാന്‍ തുടങ്ങി. ഖാലിദ് അവരെ വധിക്കുകയും ബന്ദികളാക്കുകയും ചെയ്തു. കൂടെയുള്ളവര്‍ക്കെല്ലാം ഓരോ ബന്ദിയെ ഏല്പിച്ചുകൊടുത്തു. പിന്നീട് ഒരു ദിവസം ഓരോരുത്തരോടും തങ്ങളുടെ ബന്ദിയെ വധിക്കാനും ഖാലിദ് നിര്‍ദേശിച്ചു. ഇബ്നു ഉമറും കൂട്ടുകാരും അതിന് വിസമ്മതിച്ചു. അവര്‍ തിരിച്ചുചെന്ന് നബി(സ)യോട് കാര്യം ഉണര്‍ത്തി. അവിടുന്ന് തന്റെ ഇരുകരങ്ങളും ഉയര്‍ത്തിക്കൊണ്‍് ഇങ്ങനെ പ്രാര്‍ഥിച്ചു: 'അല്ലാഹുവേ, ഖാലിദിന്റെ പ്രവൃത്തിയില്‍ നിന്നോട് ഞാനെന്റെ നിരപരാധിത്തം ബോധ്യപ്പെടുത്തുന്നു.' രണ്ടു തവണ അവിടുന്നിങ്ങനെ പ്രാര്‍ഥിച്ചു. (8)

സുലൈം ഗോത്രക്കാരായിരുന്നു ഖാലിദിന്റെ നിര്‍ദേശാനുസരണം ബന്ദികളെ വധിച്ചത്. മുഹാജിറുകളും അന്‍സ്വാറുകളുമായിരുന്നില്ല. തിരുമേനി അലിയെ വധിക്കപ്പെട്ടവരുടെ ആശ്രിതര്‍ക്ക് പ്രായശ്ചിത്തം നല്കാനും മറ്റു നാശങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കാനുമായി അങ്ങോട്ടയച്ചു. ഈ സംഭവത്തില്‍ ഖാലിദിന്റേയും അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫിന്റെയുമിടയില്‍ ചില അനാവശ്യ സംസാരങ്ങളെല്ലാം ഉണ്ടായി. ഇത് തിരുമേനിയുടെ അടുത്തെത്തിയപ്പോള്‍ അവിടുന്ന് പറഞ്ഞു: 'ഖാലിദ് അല്പം സാവധാനം കൈകൊള്ളുക. എന്റെ അനുചരന്മാരെ വിട്ടേക്കുക, ഉഹ്ദ് മല സ്വര്‍ണമാവുകയും താങ്കളത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വിനിയോഗിക്കുകയും ചെയ്താലും എന്റെ അനുചരനമാരുടെ സമീപത്തെത്താന്‍ താങ്കള്‍ക്കാവില്ല.' (9)

ഇതാണ് മക്കാവിജയം! വിഗ്രഹപൂജാ സംസ്കാരത്തിനെതിരെയുള്ള നിര്‍ണ്ണായക വിജയം! അറേബ്യന്‍ ഉപദ്വീപില്‍ ഇനിയുമവശേഷിക്കാത്ത രൂപത്തില്‍ അതിന്റെ എല്ലാ ചിഹ്നങ്ങളും നിഷ്കാസിതമായി. മൊത്തം അറബി ഗോത്രങ്ങളും കാത്തിരുന്നത്, മുസ്ലിംകള്‍ക്കും വിഗ്രഹപൂജകര്‍ക്കുമിടയില്‍ നടക്കുന്ന സംഘട്ടനങ്ങളുടെയെല്ലാം പര്യന്തം എന്തായിരിക്കുമെന്നായിരുന്നു. ഈ ഗോത്രങ്ങളെല്ലാം മനസിലാക്കിയിരുന്നു വിശുദ്ധ ഹറം ജയിച്ചടക്കാന്‍ സത്യത്തിന്റെ വാഹകര്‍ക്കല്ലാതെ സാധ്യമാവുകയില്ലെന്ന്. ഇത് അവരില്‍ രൂഢമൂലമായ ഒരു വിശ്വാസമായിരുന്നു. അതെ, അരനൂറ്റാണ്ടു മുമ്പ് അബ്റഹയുടെ നേതൃത്വത്തില്‍ ആനസംഘം കഅബ തകര്‍ക്കാന്‍ വന്നതുമുതല്‍. അവര്‍ നശിപ്പിക്കപ്പെടുകയും ചവച്ചുതുപ്പിയ വൈക്കോല്‍ തുരുമ്പുപോലെയാവുകയും ചെയ്തു.

ഹുദൈബിയാ സന്ധി ഈ വിജയത്തിന്റെ മുന്നോടിയും പ്രഥമ ചുവടുവെയ്പ്പുമായിരുന്നു. അതുവഴി ജനങ്ങള്‍ നിര്‍ഭയരാവുകയും പരസ്പരം സംസാരിക്കാനും സംവദിക്കാനും സന്ദര്‍ഭമൊരുങ്ങുകയും ചെയ്തു. അതോടെ ഒട്ടനവധിപേര്‍ ഇസ്ലാം സ്വീകരിച്ചുതുടങ്ങി. കഴിഞ്ഞ യുദ്ധങ്ങളില്‍ മുസ്ലിം സൈന്യത്തിന്റെ അംഗബലം മുവ്വായിരത്തില്‍ കവിഞ്ഞില്ലായിരുന്നു. എന്നാല്‍, ഈ യുദ്ധത്തില്‍ അത് പതിനായിരത്തിലേക്കെത്തി.

ഈ നിര്‍ണായകവിജയം ജനമനസ്സുകള്‍ തുറപ്പിച്ചു. അവര്‍ക്കും ഇസ്ലാമിനുമിടയില്‍ നിലനിന്നിരുന്ന ആവരണം നീങ്ങി. ഈ വിജയത്തോടെ അറേബ്യന്‍ ഉപദ്വീപിന്റെ മേല്‍ മതപരവും രാഷ്ട്രീയവുമായ പൂര്‍ണവിജയം മുസ്ലിംകള്‍ കൈവരിച്ചു. അതോടെ മതഭൌതിക സാരഥ്യം മുസ്ലിംകരങ്ങളിലമര്‍ന്നു.

ഹുദൈബിയ സന്ധിയ്ക്കുശേഷം ആരംഭിച്ച പ്രബോധനത്തിന്റെ ഘട്ടം ഈ വിജയത്തോടെ പൂര്‍ത്തിയായി. ഇതിനുശേഷം മറ്റൊരു ഘട്ടം ആരംഭിക്കുകയാണ്. മുസ്ലിംകള്‍ക്ക് പൂര്‍ണമായ നേതൃത്വമുള്ള ഘട്ടം. അതെ, അറബ് ഗോത്രങ്ങള്‍ പ്രവാചകസന്നിധിയിലേക്ക് ദൌത്യസംഘങ്ങളായി എത്തുകയും ഇസ്ലാം പുണര്‍ന്നു അതിന്റെ സന്ദേശം നാനാദിക്കുകളിലേക്കും എത്തിക്കുകയായിരുന്നു അത്. ഇത് രണ്ടു വര്‍ഷം കൊണ്ടു പൂര്‍ത്തിയാവുകയുംചെയ്തു.
1. സാദുല്‍ മആദ് 2:160

2. ഈ യാത്രയിലാണ് ആമീര്ബിന്‍ അള്ബതിനെ കണ്ടുമുട്ടിയത്‌ ഇദ്ദേഹം ഇവരോട് സലാം പറഞ്ഞെങ്കിലും മുഹല്ലിം ബിന്‍ ജുഥാമ ഇദ്ദേഹത്തെ വധിച്ചു വാഹനവും സാധനങ്ങളും കയ്യേറി. പഴയ ഒരു പകയായിരുന്നു കാരണം.ഇതിനെ കുറിച്ചാണ് 'നിങ്ങള്ക്ക് സലാം അര്‍പ്പിച്ചവനോട് നീ വിശ്വാസിയല്ല എന്ന് നിങ്ങള്‍ പറയരുത്.(4:94 )എന്ന സൂക്തമവതരിച്ചത്‌.അവര്‍ മുഹല്ലിമിനെ തിരു സന്നിധിയില്‍ ഹാജരാക്കി.അദ്ദേഹത്തിനു വേണ്ടി തിരുമേനി പാപമോച്ചനത്തിനഭ്യര്‍തിക്കാനായി തിരുമേനി 'അല്ലാഹുവേ മുഹല്ലിമിന് പൊറുക്കരുതേ'എന്ന് മൂന്നു തവണ പ്രാര്‍ഥിക്കുകയാണ്ണ്ടായത്. മുഹല്ലിം അവിടെ നിന്ന് കരഞ്ഞു കണ്ണീര്‍ വാര്‍ത്തുകൊണ്ട് എഴുന്നേറ്റു. ഇബ്നു ഇസ്ഹാഖ് രേഖപ്പെടുത്തുന്നു. തിരുമേനി പിന്നീട് അദ്ദേഹത്തിനു പാപമോചനത്തിനര്തിച്ചുവെന്ന് അദ്ദേഹത്തിന്റെ ജനത പറയുകയുണ്ടായി.
സാദ് :2:150, ഇബ്നു ഹിഷാം 2:626, 28 എന്നിവ നോക്കുക.

3. ബുഖാരി 1:422, 2: 612 .

4. ഇതിനു ശേഷം ഒരു നല്ല മുസ്ലിമായി ജീവിച്ച അബൂ സുഫ്‌യാന്‍ ലജ്ജ കാരണം പ്രവാചകന്റെ മുഖത്തേക്ക് പോലും നോക്കാറില്ലായിരുന്നു വെന്ന് പറയപ്പെടുന്നു. പ്രവാചകന്‍ ഇദ്ദേഹത്തിനു സ്വര്‍ഗത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. മര ണാസന്നമായപ്പോള്‍ ഇദ്ദേഹം പറഞ്ഞു:'നിങ്ങള്‍ എനിക്ക് വേണ്ടി കരയേണ്ട. മുസ്ലിമായശേഷം ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല.'(സാദ് 2:162, 63)

5. അഹ്മദ് : 1: 266

6. ബുഖാരി 1:22, 216 . മുസ്ലിം 1:437 .

8. ബുഖാരി 1: 450

9. ഇബ്നു ഹിഷാം 2: 389 -437 


സി. സലീം സുല്ലമി വിവര്‍ത്തനം ചെയ്ത ശൈഖ് സ്വഫീഹുറഹ്മാന്‍ മുബാറക് പൂരിയുടെ 'അര്‍റഹീക്വുല്‍ മഖ്തൂം' എന്ന ഗ്രന്ഥത്തില്‍ നിന്ന്...

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH