Search

mahonnathan

JA slide show

നബി ചരിത്രം

പ്രബോധനം അറേബ്യയ്ക്കു പുറത്ത് Print E-mail

ഹുദൈബിയാ സന്ധി ഇസ്ലാമിക ജീവിതരംഗത്ത് ഒരു നൂതനഘട്ടത്തിന്റെ സമാരംഭമായിരുന്നു. ഇസ്ലാമിന്റെ ബദ്ധവൈരികളും കഠിനശത്രുക്കളുമായിരുന്ന ക്വുറൈശികള്‍ യുദ്ധക്കളത്തില്‍നിന്ന് സമാധാനത്തിന്റെയും നിര്‍ഭയത്വത്തിന്റെയും വിശാലമേഖലയിലേക്ക് പിന്‍വാങ്ങിയതുകാരണം ശത്രുപക്ഷത്തുള്ള ക്വുറൈശ്, ഗത്വ്ഫാന്‍, യഹൂദ് എന്നീ മൂന്ന് വിഭാഗങ്ങളുടേയും ചിറകൊടിഞ്ഞു. ഉപദ്വീപില്‍ വിഗ്രഹപൂജാ സംസ്കാരത്തിന് നേതൃത്വം നല്കിയിരുന്നത് ക്വുറൈശികളായിരുന്നതിനാല്‍ വിഗ്രഹപൂജകരുടെ ശത്രുതയും കുറഞ്ഞു. അതിനാല്‍ ഗത്ഫാന്‍കാര്‍ ഇസ്ലാമിനെതിരില്‍ രംഗത്ത് വരാതെ ജൂതന്മാരെ ഇസ്ലാമിനെതിരില്‍ പ്രോത്സാഹിപ്പിക്കുന്നതുമാത്രമാണ് നാം പിന്നീട് കാണുന്നത്.

എന്നാല്‍ ജൂതര്‍, മദീനയില്‍നിന്ന് ഖൈബറിലേക്ക് തുരത്തിയശേഷം ഇസ്ലാമിന്നെതിരില്‍ ഗൂഢാലോചനകള്‍ നടത്താനും മദീനയുടെ പ്രാന്തങ്ങളില്‍ വസിച്ചിരുന്ന ഗ്രാമീണ അറബികളെ മുസ്ലിംകള്‍ക്കെതിരില്‍ പ്രേരിപ്പിക്കുവാനുള്ള ഒരു താവളമാക്കി അവിടം മാറ്റുകയായിരുന്നു ചെയ്തത്. അതിനാല്‍ ഈ സന്ധിക്ക് ശേഷം പ്രവാചകന്റെ ഒന്നാമത്തെ പരിപാടി ഈ താവളം ഒരു യുദ്ധത്തിലൂടെ തകര്‍ക്കുകയെന്നതായിരുന്നു. എന്നാല്‍ ഈ ഘട്ടം സൈനികപ്രവര്‍ത്തനങ്ങളേക്കാള്‍ പ്രബോധനപ്രവര്‍ത്തനത്തിനുള്ള ഒരു സുവര്‍ണാവസരമായിരുന്നു മുസ്ലിംകള്‍ക്ക്. പ്രബോധനരംഗത്ത് അവരുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍വോപരി വര്‍ധിക്കുകയുണ്ടായി. അതിനാല്‍ ഈ ഘട്ടത്തെ നമുക്ക് രണ്ട് ഭാഗമായി തിരിക്കാം.

1. പ്രബോധനപ്രവര്‍ത്തനങ്ങള്‍ അഥവാ രാജാക്കള്‍ക്കും നേതാക്കള്‍ക്കുമുള്ള കത്തിടപാടുകള്‍.
2. സൈനിക നടപടികള്‍

സൈനിക നടപടികളെക്കാള്‍ പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്കാണല്ലോ പ്രാമുഖ്യം. അതിനാല്‍ നാം ഇവിടെ രാജാക്കന്മാര്‍ക്കും നേതാക്കള്‍ക്കുമുള്ള കത്തിടപാടുകള്‍ ആദ്യം അവതരിപ്പിക്കുകയും തുടര്‍ന്ന് അടുത്ത ഭാഗവും അവതരിപ്പിക്കുന്നു.

രാജാക്കന്മാര്‍ക്കുള്ള കത്തുകള്‍
ഹിജ്റ ആറാം വര്‍ഷത്തിന്റെ അന്ത്യത്തില്‍ ഹുദൈബിയയില്‍നിന്ന് മടങ്ങിയശേഷം പ്രവാചകന്‍ രാജാക്കന്മാരെ ഇസ്ലാമിലേക്ക് ക്ഷണിച്ചു കത്തുകളെഴുതി. മുദ്രയില്ലാത്ത കത്തുകള്‍ രാജാക്കന്മാര്‍ സ്വീകരിക്കുകയില്ലെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ അവിടുന്ന് ഒരു മോതിരം ഉണ്ടാക്കി. അതില്‍ മൂന്നുവരികളായി മുഹമ്മദുര്‍ റസൂലുല്ലാഹ് എന്ന് കൊത്തി.* അനുഭവസമ്പന്നരായ അനുയായികളെ ഈ എഴുത്തുകൊടുത്തുവിടാന്‍ അവിടുന്ന് തെരഞ്ഞെടുക്കുകയും ചെയ്തു. ഹിജ്റ ഏഴാം വര്‍ഷം മുഹര്‍റത്തിന്റെ ആദ്യത്തിലാണ് പ്രവാചകന്‍ ദൂതന്മാരെ കത്തുമായി നിയോഗിച്ചതെന്നാണ് അല്ലാമാ മന്‍സൂര്‍പൂരിയുടെ പക്ഷം.

നേഗസിനു കത്ത്
ഈ നേഗസ് ചക്രവര്‍ത്തിയുടെ പേര് അസ്വ്ഹമബിന്‍ അല്‍അബ്ജര്‍ എന്നാണ്. ഹിജ്റ ആറാം വര്‍ഷത്തിന്റെ ഒടുക്കത്തിലോ ഏഴാം വര്‍ഷത്തിന്റെ തുടക്കത്തിലോ നബി(സ) അംറ് ബിന്‍ ഉമയ്യ അള്ളംരിയുടെ അടുക്കല്‍ എഴുത്തുമായി അയക്കുകയുണ്ടായി. ത്വബ്രി ഈ കത്തിന്റെ പൂര്‍ണരൂപം ഉദ്ധരിച്ചിട്ടുണ്ടെങ്കിലും സൂക്ഷ്മനിരീക്ഷണം അത് ഹുദൈബിയ സന്ധിയ്ക്കുശേഷമുള്ള കത്തല്ല എന്ന നിഗമനത്തിലെത്തിക്കുന്നു. മറിച്ച് അത് മക്കാകാലഘട്ടത്തില്‍ ജഅ്ഫര്‍ബിന്‍ അബീത്വാലിബിന്റെ നേതൃത്വത്തില്‍ എത്യോപ്യയിലേക്ക് പലായനം ചെയ്തവരോടൊപ്പം കൊടുത്തുവിട്ടതാകാനാണ് സാധ്യത. കാരണം കത്തിന്റെ അന്ത്യത്തില്‍ എന്റെ പിതൃവ്യപുത്രന്‍ ജഅ്ഫറിന്റെ നേതൃത്വത്തില്‍ ഒരു സംഘം മുസ്ലിംകളെ ഞാനങ്ങോട്ട് അയക്കുന്നു. അവരെ സ്വീകരിക്കുക' എന്ന വാചകമുണ്ട്.

ബൈഹക്വി, ഇബ്നു ഇസ്ഹാഖില്‍നിന്ന് ഈ കത്തിന്റെ പൂര്‍ണരൂപം ഉദ്ധരിക്കുന്നു. 'പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
'ദൈവദൂതന്‍ മുഹമ്മദില്‍നിന്ന് അബ്സീനിയന്‍ ചക്രവര്‍ത്തി നേഗസിന്. അല്ലാഹുവിലും അവന്റെ തിരുദൂതരിലും വിശ്വസിക്കുകയും സന്മാര്‍ഗം പിന്തുടരുകയും ചെയ്തവര്‍ക്ക് സമാധാനം. ഏകനും പങ്കുകാരില്ലാത്തവനുമായ അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അവന്‍ ഭാര്യയെയോ സന്താനത്തെയോ സ്വീകരിച്ചിട്ടില്ല. നിശ്ചയം, മുഹമ്മദ് അവന്റെ ദാസനും ദൂതനുമാകുന്നു. താങ്കളെ ഞാന്‍ ഇസ്ലാമിലേക്ക് ക്ഷണിക്കുന്നു. ഞാന്‍ അല്ലാഹുവിന്റെ ദൂതനാകുന്നു. അതിനാല്‍ താങ്കള്‍ ഇസ്ലാം സ്വീകരിക്കുക, രക്ഷപ്പെടും.''

"വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായ ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ചിലര്‍ ചിലരെ അല്ലാഹുവിന് പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്). എന്നിട്ട് അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്) കീഴ്പ്പെട്ടവരാണ് എന്നതിന് നിങ്ങള്‍ സാക്ഷ്യം വഹിച്ചുകൊള്ളുക.'' (3:64). താങ്കള്‍ വിസമ്മതിക്കുന്നുവെങ്കില്‍ താങ്കളുടെ ജനതയായ ക്രൈസ്തവരുടെ പാപം കൂടി താങ്കള്‍ക്കായിരിക്കും.''

ഡോക്ടര്‍ ഹമീദുല്ലാഹ് (പാരീസ്) അടുത്തകാലത്ത് കണ്ടെത്തിയ പ്രസ്തുത കത്തിന്റെ ഒരു പതിപ്പ് തന്റെ ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നുണ്ട്. ആധുനിക സങ്കേതങ്ങളുടെ അടിസ്ഥാനത്തില്‍ കത്തിന്റെ നിജസ്ഥിതി തെളിയിക്കാന്‍ അദ്ദേഹം നല്ലൊരു ശ്രമംതന്നെ നടത്തിയിട്ടുണ്ട്. ഇബ്നുഖയ്യിം തന്റെ ഗ്രന്ഥത്തില്‍ ചില പദവ്യത്യാസങ്ങളോടെ ഇത് തന്നെ ഉദ്ധരിച്ചിട്ടുണ്ട്.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍
അല്ലാഹുവിന്റെ ദൂതന്‍ മുഹമ്മദില്‍നിന്ന് അബ്സീനിയന്‍ ചക്രവര്‍ത്തി നേഗസിന്. സന്മാര്‍ഗം പിന്തുടര്‍ന്നവര്‍ക്ക് സമാധാനം. അല്ലാഹുവിന് സ്തുതി. രക്ഷകനും ദാതാവും പരമപരിശുദ്ധനും യഥാര്‍ഥരാജാവുമായ അല്ലാഹുവല്ലാതെ മറ്റൊരാരാധ്യനുമില്ല. മറിയമിന്റെ പുത്രന്‍ അല്ലാഹുവിന്റെ ആത്മാവും വിശുദ്ധ കന്യകയും ചാരിത്രവതിയുമായ മറിയമില്‍ അവന്‍ നിക്ഷേപിച്ച വചനവുമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. ആദമിനെ സ്വകരംകൊണ്ട് സൃഷ്ടിച്ചതുപോലെയാണ് അല്ലാഹു മറിയമിനെ അവന്റെ ചൈതന്യമൂതി ഗര്‍ഭവതിയാക്കിയത്. പങ്കുകാരില്ലാത്ത ഏകനായ അല്ലാഹുവിലേക്കും അവന് അനുസ്യൂതമായ അനുസരണത്തിലേക്കും താങ്കളെ ഞാന്‍ ക്ഷണിക്കുന്നു. എന്നെ പിന്തുടരുകയും ഞാന്‍ കൊണ്ടുവന്ന സന്ദേശത്തില്‍ വിശ്വസിക്കുകയും ചെയ്യുക. കാരണം ഞാന്‍ ദൈവദൂതനാണ്. താങ്കളേയും താങ്കളുടെ സൈന്യങ്ങളെയും ഞാന്‍ പ്രതാപവാനും മഹാനുമായ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നു. എന്റെ സന്ദേശം ഞാനിതാ എത്തിച്ചുതന്നു. അത് സ്വീകരിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. അതിനാല്‍ എന്റെ ഉപദേശം സ്വീകരിക്കുക. സന്മാര്‍ഗം പിന്തുടരുന്നവര്‍ക്കത്രെ സമാധാനം.''

ഡോക്ടര്‍ ഹമീദുല്ലാഹ് ഇതുതന്നെയാണ് ഹുദൈബിയ സന്ധിയ്ക്കുശേഷം നബി(സ) നജ്ജാശിക്കെഴുതിയ കത്തെന്ന് സ്ഥാപിക്കുന്നുണ്ടെങ്കിലും ഈ കത്തിന്റെ സ്വീകാര്യതയില്‍ സംശയമൊന്നുമില്ലെങ്കിലും-ഇതുതന്നെയാണ് ഹുദൈബിയാ സന്ധിക്കുശേഷം എഴുതിയതെന്നതിന് രേഖയൊന്നുമില്ല. ബൈഹക്വി, ഇബ്നുഇസ്ഹാക്വില്‍നിന്നുദ്ധരിച്ച ആദ്യത്തെ കത്താണ് രാജാക്കന്മാര്‍ക്കുള്ള നബി(സ)യുടെ മറ്റു കത്തുകളോട് സാദൃശ്യം പുലര്‍ത്തുന്നത്. അതില്‍ മറ്റുള്ളതിലേതുപോലെ ഖുര്‍ആന്‍ സൂക്തമുദ്ധരിക്കുകയും നജ്ജാശിയുടെ പേര്‍ അസ്വ്ഹമ: എന്ന് പറഞ്ഞ് പ്രത്യേകം സംബോധന ചെയ്യുകയും ചെയ്തിട്ടുണ്ട്. ഡോക്ടര്‍ ഉദ്ധരിച്ച കത്ത് ഒരുപക്ഷെ അസ്വ്ഹമ:യുടെ കാലശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ക്ക് പ്രവാചകന്‍ എഴുതിയതാകാം. ഇതായിരിക്കാം അതില്‍ പേര് ഉപേക്ഷിക്കാന്‍ കാരണം ബൈഹക്വി,
ഇബ്നുഅബ്ബാസില്‍നിന്നുദ്ധരിക്കുന്ന കത്ത് നബി(സ) അസ്വ്ഹമഇന്റെ പിന്‍ഗാമികള്‍ക്കെഴുതിയതെന്ന് ഡോക്ടര്‍ സ്ഥാപിക്കുന്നത് അത്ഭുതകരമായിരിക്കുന്നു! അതിലാകട്ടെ അസ്വ്ഹമഇന്റെ പേര്‍ തന്നെ വരികയും ചെയ്തിരിക്കുന്നു! അല്ലാഹുവാണ് അറിയുന്നവന്‍(1)

കത്തുകിട്ടിയ ഉടനെ അതിന് മതിയായ പരിഗണന നല്കി നജ്ജാശി തന്റെ ഇസ്ലാം ജഅ്ഫര്‍ബ്നു അബീത്വാലിബിന്റെ മുമ്പാകെ പ്രഖ്യാപിച്ചു. ഇതനുസരിച്ച് അദ്ദേഹം നബി(സ) മറുപടിയുമെഴുതി.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍.
അല്ലാഹുവിന്റെ ദൂതനായ മുഹമ്മദിന് നേഗസ് ചക്രവര്‍ത്തി അസ്വ്ഹമതില്‍ നിന്ന്. അല്ലാഹുവിന്റെ ദൂതരേ! അങ്ങേക്ക് താനല്ലാതെ മറ്റൊരാരാധ്യനുമില്ലാത്ത അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹവും വര്‍ഷിക്കുമാറാകട്ടെ. ഈസയുടെ കാര്യം പരാമര്‍ശിച്ചുകൊണ്ടുള്ള താങ്കളുടെ കത്ത് എനിക്ക് കിട്ടി. ആകാശഭൂമികളുടെ രക്ഷകന്‍ തന്നെയാണ് സത്യം! ഈസ താങ്കള്‍ വിശദീകരിച്ചതില്‍നിന്ന് ഒട്ടും വ്യത്യസ്തനല്ല. അദ്ദേഹം താങ്കള്‍ പറഞ്ഞതുപോലെ തന്നെയാണ്. താങ്കള്‍
ഞങ്ങളിലേക്കയച്ചത് ഞങ്ങള്‍ മനസ്സിലാക്കുന്നു. താങ്കളുടെ പിതൃവ്യന്റെയും സഹചരന്മാരുടെയും കാര്യത്തില്‍ ഞങ്ങള്‍ സംതൃപ്തരാണ്. താങ്കള്‍ പൂര്‍വപ്രവാചകന്മാരെ സത്യപ്പെടുത്തുന്ന, അല്ലാഹുവിന്റെ സത്യസന്ധനായ ദൂതനാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. ഞാന്‍ താങ്കളുടെ പിതൃവ്യപുത്രന്‍ വഴി താങ്കളെ പ്രതിജ്ഞ ചെയ്യുന്നു. ഞാന്‍ സര്‍വലോകരക്ഷകന്. സര്‍വസ്വവും സമര്‍പ്പിച്ചതായി അദ്ദേഹത്തിന്റെ മുമ്പാകെ പ്രഖ്യാപിക്കുന്നു.'' (2)

നബി(സ) അബ്സീനിയയിലേക്ക് പലായനം ചെയ്ത ജഅ്ഫറിനേയും അനുയായികളെയും തിരിച്ചയക്കാന്‍ നജാശിയോട് അപേക്ഷിച്ചു. അങ്ങനെ, അംറുബ്നു ഉമയ്യയുടെ നേതൃത്വത്തില്‍ രണ്ട് കപ്പലുകളിലായി അവരെ തിരിച്ചയച്ചു. നബി(സ) ഖൈബറിലായിരിക്കെ അവര്‍ അവിടെ എത്തിച്ചേര്‍ന്നു.(3) ഈ നേഗസ് ചക്രവര്‍ത്തി മൃതിയടഞ്ഞത് ഹിജ്റ ഒമ്പതാം വര്‍ഷം റജബ് മാസം തബൂക് യുദ്ധത്തിനുശേഷമാണ് ഇദ്ദേഹത്തിന്റെ മരണവാര്‍ത്തയറിഞ്ഞ് പ്രവാചകന്‍ അസാന്നിധ്യത്തിലുള്ള മയ്യിത്ത് നമസ്കാരം നിര്‍വഹിക്കുകയുണ്ടായി. ഇദ്ദേഹത്തിന് ശേഷം അധികാരത്തില്‍ വന്ന ചക്രവര്‍ത്തിക്കും പ്രവാചകന്‍ കത്തെഴുതുകയുണ്ടായി. പക്ഷെ, അദ്ദേഹം ഇസ്ലാം സ്വീകരിച്ചുവോ ഇല്ലയോ എന്നറിയില്ല.(4)

ഈജിപ്തിലെ മുഖൌഖിസ് രാജാവിനുള്ള കത്ത്
നബി(സ) ഈജിപ്തിലേയും അലക്സാന്‍ട്രിയയിലേയും രാജാവ് മുഖൌഖിസ് എന്ന അപരനാമത്തിലറിയപ്പെടുന്ന ജുറൈജ്ബിനു മത്തായ്ക്കെഴുതി.(5)

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍.
അല്ലാഹുവിന്റെ ദാസനും ദൂതനുമായ മുഹമ്മദില്‍നിന്ന് കോപ്റ്റിക് രാജാവായ മുഖൌഖിസിന് സന്മാര്‍ഗം പ്രാപിച്ചവര്‍ക്ക് സമാധാനം. താങ്കളെ ഞാന്‍ ഇസ്ലാമിലേക്ക് ക്ഷണിക്കുന്നു. താങ്കള്‍ ഇസ്ലാം സ്വീകരിക്കുക എന്നാല്‍ രക്ഷപ്പെട്ടു. ഇരട്ടി പ്രതിഫലം അല്ലാഹു താങ്കള്‍ക്ക് നല്കുകയും ചെയ്യും. പിന്തിരിയുന്ന പക്ഷം കോപ്റ്റിക്കുകളുടെയും പാപംകൂടി താങ്കള്‍ ചുമക്കേണ്ടിവരും. "വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായ ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരിക....'' (3:64) എന്ന ക്വുര്‍ആന്‍ സൂക്തം ഉദ്ധരിച്ചു.

തിരുമേനിയുടെ ഈ കത്ത് അദ്ദേഹത്തിന് നല്കിക്കൊണ്ട് ഹാത്വിബ്ബിന്‍ അബീബല്‍തഅ പറഞ്ഞു: 'താങ്കള്‍ക്കുമുമ്പ് താനാണ് സമുന്നതനായ ദൈവം എന്ന് വാദിച്ചിരുന്ന ഒരാളെ അല്ലാഹു ഇഹലോകത്തും പരലോകത്തും ശിക്ഷിക്കാനായി പിടികൂടി. അതിനാല്‍ താങ്കള്‍ അതില്‍നിന്ന് ഗുണപാഠം സ്വീകരിക്കുക. താങ്കള്‍ മറ്റുള്ളവര്‍ക്ക് പാഠമാക്കേണ്ടിവരുന്ന അവസ്ഥയുണ്ടാക്കരുത്.' മുഖൌഖിസ് പറഞ്ഞു: 'ഞങ്ങളിപ്പോഴുള്ള മതം ഇതിനേക്കാള്‍ മെച്ചപ്പെട്ടതിന് വേണ്ടിയല്ലാതെ ഞങ്ങള്‍ കയ്യൊഴിക്കുകയില്ല.' ഹാത്വിബ് പറഞ്ഞു: 'ഏതു നഷ്ടങ്ങള്‍ക്കും പകരം നില്ക്കുന്ന ഇസ്ലാംമതത്തിലേക്കാണ് ഞാന്‍ താങ്കളെ ക്ഷണിക്കുന്നത്.' ഈ പ്രവാചകന്‍ ജനങ്ങളെ ഇതിലേക്ക് ക്ഷണിച്ചു. ക്വുറൈശികളും ജൂതരും ഇതിന്റെ ബദ്ധശത്രുക്കളായി. പക്ഷെ, ക്രൈസ്തവര്‍ അവരേക്കാള്‍ അദ്ദേഹത്തോടടുത്തുനിന്നു. ഞാന്‍ പറയുന്നു. മുഹമ്മദ് നബി(സ)യെക്കുറിച്ച് ഈസ സുവിശേഷമറിയിച്ചതുപോലെ തന്നെയായിരുന്നു ഈസയെക്കുറിച്ച് മോശയും സുവിശേഷമറിയിച്ചിരുന്നത്. താങ്കള്‍ തോറയുടെ അനുയായികളെ ഇഞ്ചീലിലേക്ക് ക്ഷണിക്കുന്നതുപോലെത്തന്നെയാണ് ഞങ്ങള്‍ താങ്കളെ ക്വുര്‍ആനിലേക്ക് ക്ഷണിക്കുന്നതും. താങ്കളിപ്പോള്‍ ഈ പ്രവാചകന്റെ സമൂഹമാണ്. അതിനാല്‍ താങ്കള്‍ ഇദ്ദേഹത്തെ പിന്‍പറ്റാന്‍ ബാധ്യസ്ഥനാണ്. ഞങ്ങള്‍ താങ്കളെ ഈസാനബിയുടെ മതത്തില്‍നിന്ന് തടയുകയല്ല ചെയ്യുന്നത് പ്രത്യുത അതനുസരിക്കാന്‍ കല്പിക്കുകയാണ് ചെയ്യുന്നത്.' മുഖൌഖിസ് മറുപടി പറഞ്ഞു: 'ഞാനീ പ്രവാചകനെപ്പറ്റി ചിന്തിച്ചപ്പോള്‍ അദ്ദേഹം വര്‍ജിക്കേണ്ട കാര്യങ്ങളൊന്നും കല്പിക്കുന്നില്ലെന്നും അവശ്യകാര്യങ്ങളൊന്നും നിരോധിക്കുന്നില്ലെന്നും മനസ്സിലായി. വഴിപിഴച്ച മാന്ത്രികനോ കളവുപറയുന്ന ജ്യോത്സ്യനോ ആണെന്ന് തോന്നുന്നില്ല. നിഗൂഢമായത് സംസാരിക്കുക, അദൃശ്യങ്ങള്‍ അറിയിക്കുക തുടങ്ങിയ പ്രവാചകത്വത്തിന്റെ അടയാളങ്ങള്‍ ഞാന്‍ ഇദ്ദേഹത്തില്‍ കാണുന്നുമുണ്ട്. അതിനാല്‍ ഞാന്‍ നോക്കട്ടെ.' തുടര്‍ന്നദ്ദേഹം പ്രവാചകന്റെ കത്ത് ഭദ്രമായി പെട്ടിയിലടച്ച് മുദ്രവെച്ച് സൂക്ഷിച്ചു. എന്നിട്ട് അറബിയില്‍ ഒരു മറുപടി തയ്യാറാക്കി.

'പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍'
കോപ്റ്റിക് നേതാവായ മുഖൌഖിസില്‍നിന്ന് അബ്ദുല്ലയുടെ പുത്രന്‍ മുഹമ്മദിന്; താങ്കള്‍ക്ക് സമാധാനം ഞാന്‍ താങ്കളുടെ കത്ത് വായിച്ചു. താങ്കള്‍ പറഞ്ഞതും ക്ഷണിക്കുന്നതും എനിക്ക് മനസ്സിലായി. ഒരു പ്രവാചകന്‍ വരാനുണ്ടെന്ന വിവരം ഞാന്‍ നേരത്തെ മനസ്സിലാക്കിയിരുന്നു. പക്ഷെ, അദ്ദേഹം ശാമിലാണ് പ്രത്യക്ഷപ്പെടുക എന്നായിരുന്നു ഞാന്‍ ധരിച്ചിരുന്നത്. താങ്കളുടെ ദൂതനെ ആദരപൂര്‍വം സ്വീകരിക്കുന്നു. കോപ്റ്റിക്കുകള്‍ക്കിടയില്‍ സ്ഥാനമുള്ള രണ്ട് അടിമബാലികമാരേയും ഏതാനും വസ്ത്രങ്ങളും യാത്രചെയ്യാന്‍ ഒരു കോവര്‍കഴുതയെയും എന്റെ സമ്മാനമായി ഞാന്‍ താങ്കള്‍ക്കയക്കുന്നു. താങ്കള്‍ക്ക് സമാധാനം വര്‍ഷിക്കുമാറാകട്ടെ.' ഇദ്ദേഹം ഇസ്ലാം സ്വീകരിക്കുകയുണ്ടായില്ല. അടിമ ബാലികമാരില്‍ മാരിയയെ പ്രവാചകന്‍ സ്വീകരിക്കുകയും സീറീനെ ഹസ്സാന്‍ബിന്‍ ഥാബിതിന് നല്കുകയും ചെയ്തു. മാരിയയിലാണ് നബി(സ) ഇബ്റാഹീം പിറന്നത്.

പേര്‍ഷ്യന്‍ രാജാവ് കോസ്റോസിന്
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍.
അല്ലാഹുവിന്റെ ദൂതന്‍ മുഹമ്മദില്‍നിന്ന് പേര്‍ഷ്യന്‍ ചക്രവര്‍ത്തി കോസ്റോസിന്. സന്മാര്‍ഗം പിന്തുടര്‍ന്നവര്‍ക്ക് സമാധാനം. അതായത്, അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും ഏകനായ അല്ലാഹുവല്ലാതെ മറ്റൊരാരാധ്യനുമില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദാസനും ദൂതനുമാണെന്ന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നവര്‍. താങ്കളെ ഞാന്‍ ഇസ്ലാമിലേക്ക് ക്ഷണിക്കുന്നു. ഞാന്‍ മാനവതയ്ക്കാകമാനം അല്ലാഹുവിന്റെ ദൂതനാകുന്നു. ജീവിച്ചിരിക്കുന്നവര്‍ക്ക് താക്കീതുനല്കാനും അവിശ്വാസികള്‍ക്ക് ശിക്ഷയുടെ വാക്യം സത്യമായി പുലരുവാന്‍ വേണ്ടിയും. അതിനാല്‍ ഇസ്ലാം സ്വീകരിച്ച് രക്ഷപ്പെടുക. വിസമ്മതിക്കുകയാണെങ്കില്‍ മജൂസി (അഗ്നിപൂജകര്‍)കളുടെ ശിക്ഷകൂടി താങ്കള്‍ ചുമക്കേണ്ടിവരും.''

കത്തുമായി അബ്ദുല്ലാഹിബിന്‍ ഹുദാഫ അസ്സഹ്മി പുറപ്പെട്ടു. ഇദ്ദേഹം കത്ത് ബഹ്റൈന്‍ രാജാവിന് സമര്‍പ്പിച്ചു. പിന്നീട് കത്ത് ബഹ്റൈന്‍ രാജാവിന്റെ പ്രതിനിധി എത്തിക്കുകയാണോ അതോ അബ്ദുല്ല തന്നെ നേരിട്ട് ഏല്പ്പിക്കുകയോ ചെയ്തതെന്ന കാര്യം നമുക്കറിയില്ല. ആരായിരുന്നാലും കത്തു കൈപറ്റിയ രാജാവ് അത് പിച്ചിച്ചീന്തി., നിസ്സാരനായ ഒരടിമ, നമ്മുടെ നാമത്തിനുമുമ്പേ അവന്റെ പേര് കുറിക്കുകയോ? ഇതറിഞ്ഞ പ്രവാചകന്‍ പറഞ്ഞു: 'അല്ലാഹു അവന്റെ സാമ്രാജ്യം പിച്ചിച്ചീന്തട്ടെ.' അതങ്ങനെ സംഭവിക്കുകയും ചെയ്തു. കോസ്റോസ് ഇവിടെ നിര്‍ത്തിയില്ല. അദ്ദേഹം യമനിലെ തന്റെ ഗവര്‍ണറായ ബാദാന് എഴുതി: 'ഹിജാസിലെ ഈ മനുഷ്യനെ പിടിച്ചുകെട്ടിക്കൊണ്ടുവരാന്‍ ശക്തരായ രണ്ടുപേരെ മദീനയിലേക്കയക്കുക. അവര്‍ അവനെ പിടിച്ചുകൊണ്ടുവരട്ടെ.'' ഇതിനായി ബാദാന്‍ രണ്ടുപേരെ തെരഞ്ഞെടുത്തു. ഇതില്‍ ഒന്ന് പേര്‍ഷ്യന്‍ ഭാഷയില്‍ എഴുതാനും കണക്കുകൂട്ടാനുമറിയുന്ന ഖഹ്റുമാനബാന വൈഹിയും മറ്റൊന്ന് പേര്‍ഷ്യക്കാരനായ ഖര്‍റ്ഖുസ്രൂവുമായിരുന്നു.(6) ഇവര്‍ പ്രവാചകനെ സമീപിച്ച് പറഞ്ഞു: 'രാജാധിരാജന്‍ കോസ്റോസിന്റെ നിര്‍ദേശാനുസരണം ബാദാന്‍ ഞങ്ങളെ താങ്കളുടെ അടുത്തേക്കയച്ചതാണ്. താങ്കളെയും കൊണ്ടു ചെല്ലാന്‍വേണ്ടി' "നബി(സ) അടുത്തദിവസം താനുമായി സന്ധിക്കുവാന്‍ അവരോടാജ്ഞാപിച്ചു.

ഇതിന്നിടയ്ക്ക് കോസ്റോസിന്നെതിരെ നടന്ന ആഭ്യന്തര വിപ്ളവത്തില്‍ അദ്ദേഹത്തെ മകന്‍ ശീറവൈഹി വധിച്ച് അധികാരമേറ്റെടുത്തു. ഇത് അരങ്ങേറുന്നത് ഹിജ്റ 7ാം വര്‍ഷം ജമാദുല്‍ഊല പതിമൂന്നിനാണ്. വിവരം നബി(സ)ക്ക് അല്ലാഹുവിങ്കല്‍ നിന്ന് സന്ദേശമായി ലഭിച്ചു. പിറ്റേന്നുതന്നെ സമീപിച്ച രണ്ടുപേരോടും റസൂല്‍(സ) ഈ വാര്‍ത്ത പറഞ്ഞു: അവര്‍ ചോദിച്ചു. 'താങ്കള്‍ പറയുന്നതിന്റെ ഗൌരവം താങ്കള്‍ക്കറിയുമോ? ഈ വിവരം ഞങ്ങള്‍ രാജാവിനോട് താങ്കള്‍ പറഞ്ഞതായി അറിയിക്കുകയാണ്.'' നബി(സ) പറഞ്ഞു: 'അതെ, അറിയിക്കു, കൂടാതെ എന്റെ മതം കോസ്റോസിന്റെ സ്ഥാനവും കീഴടക്കുമെന്ന് കൂടി പറയുക! ഒട്ടകവും കുതിരയും കടന്നുചെന്നേടത്തെല്ലാം ഈ മതവുമെത്തും. നിങ്ങള്‍ അവനോട് താങ്കള്‍ ഇസ്ലാം സ്വീകരിച്ചാല്‍ താങ്കളുടെ അധികാരത്തിന് കീഴിലുള്ളത് താങ്കളെത്തന്നെ കൈകാര്യംചെയ്യാന്‍ ഏല്പിക്കുമെന്ന് കൂടി പറയുക.' ഇവര്‍ തിരിച്ച് ബാദാന്റെ അടുക്കലെത്തി അല്പം കഴിയുംമുമ്പേ കോസ്റോസിന്റെ വധവാര്‍ത്ത എത്തി. കൂട്ടത്തില്‍ മകന്‍ ശീറവൈഹിയുടെ ഒരു സന്ദേശവും ഉണ്ടായിരുന്നു. 'പിതാവ് പിടിച്ചുകെട്ടാന്‍ നിര്‍ദേശിച്ച ആ മനുഷ്യന്റെ കാര്യത്തില്‍ എന്റെ നിര്‍ദേശം വരുന്നതുവരെ ഒന്നും ചെയ്യരുത്.' ഈ സംഭവം ബാദാന്റെയും യമന്‍കാരുടേയും ഇസ്ലാം സ്വീകരണത്തിന് കാരണമായി.

റോമിലെ സീസര്‍ക്ക്
ഇമാം ബുഖാരി ദീര്‍ഘമായ ഒരു ഹദീഥില്‍ നബി(സ) റോമിലെ ബൈസന്റൈന്‍ ചക്രവര്‍ത്തി ഹെര്‍ക്കുലീസിന് എഴുതിയ കത്ത് നിവേദനം ചെയ്യുന്നുണ്ട്.
"പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍. അല്ലാഹുവിന്റെ ദാസനും ദൂതനുമായ മുഹമ്മദില്‍നിന്ന് റോം ചക്രവര്‍ത്തി ഹെര്‍ക്കുലീസിന്. സന്മാര്‍ഗം പിന്തുടരുന്നവര്‍ക്ക് സമാധാനം. താങ്കള്‍ ഇസ്ലാം സ്വീകരിക്കുക രക്ഷപ്പെടും. ഇസ്ലാം സ്വീകരിക്കുക എങ്കില്‍ അല്ലാഹു താങ്കള്‍ക്ക് ഇരട്ടി പ്രതിഫലം നല്കും. അല്ലാത്തപക്ഷം താങ്കളുടെ പ്രജകളായ കര്‍ഷകരുടെ കുറ്റംകൂടി താങ്കള്‍ വഹിക്കേണ്ടിവരും. വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായ ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവീന്‍........'' (3:64) ഈ സന്ദേശം ബുസ്വ്റ രാജാവിനെത്തിക്കാനും അവിടുന്നദ്ദേഹം കൈസറിന് കൈമാറാനുമായി ചുമതലപ്പെടുത്തിയത് ദഹിയ്യബിന്‍ ഖലീഫ അല്‍ കല്‍ബിയെയാണ്.

ഈ സന്ദര്‍ഭത്തില്‍ കച്ചവടാവശ്യാര്‍ഥം ഈലിയാവിലെത്തിയ അബൂസുഫ്യാനേയും കൂട്ടുകാരെയും- ഈ കാലത്ത് അബൂസുഫ്യാന്‍ ഇസ്ലാം സ്വീകരിച്ചിട്ടില്ല- ഹിര്‍ഖല്‍ തന്റെ കൊട്ടാരത്തിലേക്ക് വിളിച്ചു. നബി(സ)യുമായി അടുത്ത കുടുംബബന്ധമുള്ള വ്യക്തിയെന്ന നിലയ്ക്ക് അദ്ദേഹത്തോട് ഹിര്‍ക്വല്‍ അനേകം ചോദ്യങ്ങള്‍ ഉന്നയിച്ചു. അവയ്ക്കെല്ലാം അബൂസുഫ്യാന്‍ ശരിയായ മറുപടി പറഞ്ഞു: അവരുടെ സംഭാഷണം താഴെ:

ഹിര്‍ക്വല്‍: അദ്ദേഹത്തിന്റെ കുലമെങ്ങനെ? അബൂസുഫ്യാന്‍: ഉന്നതകുലജാതന്‍. ഹിര്‍ക്വല്‍: ഇദ്ദേഹത്തിനുമുമ്പ് ആരെങ്കിലും നിങ്ങള്‍ക്കിടയില്‍ പ്രവാചകത്വം വാദിച്ചിട്ടുണ്ടോ? അബൂ: ഇല്ല. ഹിര്‍ക്വല്‍: അദ്ദേഹത്തിന്റെ പൂര്‍വികരില്‍ രാജാക്കന്മാരുണ്ടോ? അബൂ: ഇല്ല. ഹിര്‍ക്വല്‍: ജനങ്ങളില്‍ ശക്തരോ ദുര്‍ബലരോ അദ്ദേഹത്തെ അനുഗമിക്കുന്നത്? അബൂ: ദുര്‍ബലര്‍. ഹിര്‍ക്വല്‍: അവര്‍ വര്‍ധിക്കുകയോ ചുരുങ്ങുകയോ? അബൂ: വര്‍ധിക്കുന്നു. ഹിര്‍ക്വല്‍: ആരെങ്കിലും മതം പരിത്യജിച്ചോ: അബൂ: ഇല്ല. ഹിര്‍ക്വല്‍: പ്രവാചകത്വവാദവുമായി വരുന്നതിനു മുമ്പ് അദ്ദേഹം കളവു പറഞ്ഞിരുന്നോ? അബൂ: ഇല്ല. ഹിര്‍ക്വല്‍: വഞ്ചിച്ചിരുന്നോ? അബൂ: ഇല്ല, ഇപ്പോള്‍ ഞങ്ങളദ്ദേഹവുമായി ഒരു കരാറിലാണ് ഇതിലദ്ദേഹം എന്തുചെയ്യുമെന്നതറിയില്ല. അബൂസുഫ്യാന്‍ പറയുന്നു: ഇതല്ലാതെ ഒന്നും എനിക്ക് ആ സംസാരത്തില്‍ കടത്തിക്കൂട്ടാന്‍ കഴിഞ്ഞിരുന്നില്ല. ഹിര്‍ക്വല്‍ : നിങ്ങളദ്ദേഹവുമായി യുദ്ധം ചെയ്തിട്ടുണ്ടോ? അബൂ: അതേ. ഹിര്‍ഖല്‍: യുദ്ധം എങ്ങനെയായിരുന്നു? അബൂ: യുദ്ധത്തില്‍ ചിലപ്പോള്‍ ഞങ്ങള്‍ വിജയിക്കും ചിലപ്പോള്‍ അവരും. ഹിര്‍ക്വല്‍: അദ്ദേഹം എന്തൊക്കെയാണ് കല്പിക്കുന്നത്: അബൂ: അല്ലാഹുവിനെ മാത്രം ആരാധിക്കുക. അവനില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതിരിക്കുക. പൂര്‍വപിതാക്കളുടെ വാദഗതികള്‍ വര്‍ജിക്കുക. നമസ്കാരം, സത്യസന്ധത, ധാര്‍മ്മികപാലനം, കുടുംബബന്ധം ചേര്‍ക്കല്‍ എന്നിവയും കല്പിക്കുന്നു. ഈ ചോദ്യങ്ങളുടെ ഉദ്ദേശ്യമോരോന്നും ഹിര്‍ക്വല്‍ തുടര്‍ന്നു വിശദീകരിച്ചു. ഞാനദ്ദേഹത്തിന്റെ കുലമഹിമയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ഉന്നതകുലജാതനാണെന്ന് താങ്കള്‍ പറഞ്ഞു. പ്രവാചകന്മാര്‍ ഉന്നതകുലജാതരായിരിക്കും. ഇതിനുമുമ്പ് ആരെങ്കിലും ഈ വാദം ഉന്നയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലായെന്ന് നിങ്ങള്‍ പറഞ്ഞു. മുമ്പാരെങ്കിലും ഈ വാദം ഉന്നയിച്ചിരുന്നുവെങ്കില്‍ തീര്‍ച്ചയായും മുന്‍ഗാമികളുടെ വാദം പിന്തുടരുന്ന ഒരാളാണ് ഇതെന്ന് ഞാന്‍ പറയുമായിരുന്നു. അദ്ദേഹത്തിന്റെ പിതാക്കളിലാരെങ്കിലും രാജാവായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ താങ്കള്‍ ഇല്ലായെന്ന് പറഞ്ഞു. പൂര്‍വികരില്‍ രാജാക്കന്മാരായി ആരെങ്കിലുമുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ പറയുമായിരുന്നു, പൂര്‍വികരുടെ നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണെന്ന്. പ്രവാചകത്വവാദത്തിന് മുമ്പ് അദ്ദേഹം കളവുപറഞ്ഞതായി ആരോപണമുണ്ടായിരുന്നോ എന്നന്വേഷിച്ചപ്പോള്‍ ഇല്ലെന്ന് നിങ്ങള്‍ പറഞ്ഞു: ജനങ്ങളുടെമേല്‍ കളവ് പറയാത്തൊരു വ്യക്തി ദൈവത്തിന്റെ പേരില്‍ കളവുപറയുകയില്ല. അദ്ദേഹത്തെ അനുഗമിക്കുന്നവര്‍ ശക്തരോ ദുര്‍ബലരോ എന്ന ചോദ്യത്തിന് ദുര്‍ബലര്‍ എന്നാണ് താങ്കളുടെ മറുപടി. അങ്ങനെത്തന്നെയാണ് പ്രവാചകന്മാരുടെ അനുയായികള്‍. അവര്‍ വര്‍ധിക്കുന്നുവെന്ന് താങ്കള്‍ മറുപടി പറഞ്ഞു. അങ്ങനെത്തന്നെയാണ് വിശ്വാസത്തിന്റെ കാര്യം. അത് പൂര്‍ത്തിയാകുവോളം വര്‍ധിച്ചുകൊണ്ടേയിരിക്കും. ആരെങ്കിലും മതം പരിത്യജിച്ചിട്ടുണ്ടോ എന്നന്വേഷിച്ചപ്പോള്‍ ഇല്ലെന്ന് മറുപടി പറഞ്ഞു. അങ്ങനെത്തന്നെയാണ് വിശ്വാസം മനസ്സിന്റെ പ്രസന്നതയോട് അലിഞ്ഞുചേര്‍ന്നുകഴിഞ്ഞാല്‍. അദ്ദേഹം വഞ്ചന പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് താങ്കള്‍ മറുപടി പറഞ്ഞു. പ്രവാചകന്മാര്‍ അങ്ങനെത്തന്നെയാണ്, വഞ്ചിക്കുകയില്ല. നിങ്ങളോടദ്ദേഹം എന്ത് കല്പിക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ ഒന്നിനേയും പങ്കുചേര്‍ക്കാതെ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും വിഗ്രഹപൂജ വര്‍ജ്ജിക്കണമെന്നും നമസ്കാരം, സത്യസന്ധത, വിശുദ്ധി എന്നിവ പാലിക്കണമെന്നും കല്പിക്കുന്നതായി താങ്കള്‍ പറഞ്ഞു. താങ്കള്‍ പറഞ്ഞതെല്ലാം സത്യമാണെങ്കില്‍ അദ്ദേഹം എന്റെ ഈ സ്ഥാനം വരെ കീഴടക്കും. ഒരു പ്രവാചകന്റെ ആഗമനം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ, അത് നിങ്ങളുടെ കൂട്ടത്തില്‍നിന്നായിരിക്കുമെന്ന് ഞാന്‍ ധരിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ സമീപം എത്തിച്ചേരാന്‍ കഴിയുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടെങ്കില്‍ ഞാന്‍ അദ്ദേഹത്തെ തെരഞ്ഞെടുക്കുമായിരുന്നു. ഞാനദ്ദേഹത്തിന്റെ സമീപത്തെത്തിയിരുന്നെങ്കില്‍ അവിടുത്തെ ഇരുപാദങ്ങളും ഞാന്‍ കഴുകുമായിരുന്നു. തുടര്‍ന്ന് നബി(സ)യുടെ സന്ദേശം കൊണ്ടുവന്ന് വായിച്ചു. അതോടെ ബഹളവും ശബ്ദകോലാഹലവുമായി. അബൂസുഫ്യാനോടും കൂട്ടുകാരോടും പുറത്തുപോകാനും കല്പിച്ചു. പുറത്തുവന്ന അബൂസുഫ്യാന്‍ കൂട്ടുകാരോട് പറഞ്ഞു. മുഹമ്മദിന്റെ കാര്യം അത്യുന്നതമായിരിക്കുന്നു. റോമന്‍ ചക്രവര്‍ത്തി അദ്ദേഹത്തെ ഭയപ്പെടുന്നു! അതോടെ ദൈവദൂതന്‍ വിജയിക്കുമെന്ന് എനിക്ക് ദൃഢബോധ്യമായി. അവസാനം അല്ലാഹു എന്നെ ഇസ്ലാമില്‍ പ്രവേശിപ്പിച്ചു. (7)

കത്തുമായിവന്ന ദഹിയ്യയെ സീസര്‍ സമ്പത്തും വസ്ത്രങ്ങളും നല്കി യാത്രയയച്ചു. വഴിയില്‍ ഹിസ്മ എന്ന സ്ഥലത്തുവെച്ച് ഇതെല്ലാം ജൂദാം ഗോത്രത്തിലെ ഏതാനുംപേര്‍ കൊള്ളചെയ്തു. ഇദ്ദേഹം നേരിട്ട് പ്രവാചകനെ സമീപിച്ച് വിവരം പറഞ്ഞപ്പോള്‍ സൈദ്ബ്നു ഹാരിഥയുടെ നേതൃത്വത്തില്‍ അഞ്ഞൂറുപേരെ പ്രവാചകന്‍ ജൂദാംകാരുടെ നേരെ അയച്ചു. അവര്‍ ശക്തിയായി ഏറ്റുമുട്ടി. അവരില്‍നിന്ന് ആയിരം ഒട്ടകങ്ങളും അയ്യായിരം ആടുകളും പിടിച്ചെടുക്കുകയും സ്ത്രീകളും കുട്ടികളുമടക്കം നൂറുപേരെ ബന്ദികളാക്കുകയും ചെയ്തു. ജൂദാം ഗോത്രവും നബി(സ)യും തമ്മിലുള്ള രഞ്ജിപ്പിന്റെ അടിസ്ഥാനത്തില്‍ അവരില്‍നിന്ന് ഇസ്ലാം സ്വീകരിച്ചിരുന്ന സൈദ്ബ്നുരിഫാഅ നബി(സ)യെ സമീപിച്ച് സംസാരിച്ചപ്പോള്‍ പിടിച്ചെടുത്ത സ്വത്തുക്കളും ബന്ദികളേയുമെല്ലാം തിരിച്ചുനല്കി.

പൊതുവെ ചരിത്രകാരന്മാരെല്ലാം ഈ സൈനികപര്യടനം ഹുദൈബിയാ സന്ധിക്ക് മുമ്പാണെന്ന് പറയുന്നുണ്ട്. അത് അബദ്ധമാണ്. കാരണം സീസര്‍ക്ക് സന്ദേശമയക്കുന്നത് ഹുദൈബിയക്ക് ശേഷമാണ്. ഇബ്നുഖയ്യിം ഇതുറപ്പിച്ച് പറയുകയും ചെയ്യുന്നു.

ബഹ്റൈനിലെ മുന്‍ദിര്‍ബിന്‍സാവ
ബഹ്റൈനിലെ ഗവര്‍ണര്‍ മുന്‍ദിര്‍ ബിന്‍ സാവയെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് നബി(സ) അലാഅ്ബ്നു ഹള്റമിവശം സന്ദേശമയക്കുകയുണ്ടായി. കത്ത് സ്വീകരിച്ച് ഗവര്‍ണര്‍ മറുപടി എഴുതി. അല്ലാഹുവിന്റെ ദൂതരേ, അങ്ങ് ബഹ്റൈന്‍ നിവാസികള്‍ക്കെഴുതിയ കത്ത് ഞാന്‍ അവരെ വായിച്ചുകേള്‍പ്പിച്ചു. അവരില്‍ പലരും ഇസ്ലാം ആശ്ളേഷിച്ചു. മറ്റുചിലര്‍ വെറുപ്പും പ്രകടിപ്പിച്ചു. എന്റെ നാട്ടില്‍ മജൂസികളും (അഗ്നിപൂജകര്‍) ജൂതരുമുണ്ട്. അവരുടെ കാര്യത്തില്‍ അങ്ങയുടെ കല്പന പ്രതീക്ഷിക്കുന്നു. നബി(സ) ഇതിന് മറുപടി എഴുതി: പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍. അല്ലാഹുവിന്റെ ദൂതന്‍ മുഹമ്മദില്‍നിന്ന് മുന്‍ദിര്‍ബിന്‍ സാവയ്ക്ക്, താങ്കള്‍ക്ക് സമാധാനം ആശംസിക്കുന്നു. ഏക ആരാധ്യനായ അല്ലാഹുവിനെ ഞാന്‍ താങ്കളുടെ കാര്യത്തില്‍ സ്തുതിക്കുന്നു. മുഹമ്മദ് അല്ലാഹുവിന്റെ ദാസനും ദൂതനുമാണെന്ന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. താങ്കളെ അല്ലാഹുവിന്റെ കാര്യം ഉല്‍ബോധിപ്പിക്കുന്നു. ആരെങ്കിലും ഗുണകാംക്ഷയുള്ളവനാണെങ്കില്‍ അവന്‍ തനിക്കുവേണ്ടിത്തന്നെയാണ് അങ്ങനെ വര്‍ത്തിക്കുന്നത്. എന്റെ ദൂതന്മാരെ അനുസരിക്കുകയും അനുഗമിക്കുകയും ചെയ്യുന്നവന്‍ എന്നെയാണ് അനുസരിക്കുന്നത്. അവരോടു ഗുണകാംക്ഷ പുലര്‍ത്തുന്നവന്‍ എന്നോട് ഗുണകാംക്ഷ പുലര്‍ത്തിയവനാണ്. എന്റെ ദൂതന്മാര്‍ താങ്കളെ വാഴ്ത്തിപ്പറയുകയാണ് ചെയ്യുന്നത്. താങ്കളുടെ ജനതയുടെ കാര്യത്തില്‍ ഞാന്‍ താങ്കളോട് ശുപാര്‍ശ ചെയ്യുന്നത്, ഇസ്ലാം സ്വീകരിച്ചവരെ അവരുടെ ഇസ്ലാമില്‍ത്തന്നെ വിട്ടേക്കുക. പാപികളോട് ഞാന്‍ വിട്ടുവീഴ്ച കാണിച്ചിരിക്കുന്നു. അതിനാല്‍ അവരെ താങ്കള്‍ സ്വീകരിക്കുക. താങ്കള്‍ നന്മ പ്രവര്‍ത്തിക്കുന്ന കാലത്തോളം താങ്കളെ സ്ഥാനത്തുനിന്ന് മാറ്റുകയില്ല. ജൂത, മജൂസി മതത്തില്‍ തന്നെ നിലനില്ക്കുന്നവരില്‍നിന്ന് ജിസ്യ (അമുസ്ലിംകളുടെ സംരക്ഷണത്തിന് പകരമായി ഇസ്ലാമിക രാഷ്ട്രം അവരില്‍നിന്ന് ഈടാക്കുന്ന നികുതി) ഈടാക്കുക.''(8)

യമാമയിലെ ഹൌദബിന്‍ അലി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍. അല്ലാഹുവിന്റെ ദൂതന്‍ മുഹമ്മദില്‍നിന്ന് ഹൌദബിന്‍ അലിക്ക്. സന്മാര്‍ഗം പിന്തുടര്‍ന്നവര്‍ക്ക് സമാധാനം. കുതിരയും ഒട്ടകവും ചെന്നെത്തുന്നിടത്തെല്ലാം എന്റെ മതവും വിജയിച്ചെത്തുമെന്ന് ഞാന്‍ അറിയുന്നു. അതിനാല്‍ താങ്കള്‍ ഇസ്ലാം സ്വീകരിച്ച് രക്ഷപ്പെടുക. എന്നാല്‍ താങ്കളുടെ അധികാരമെല്ലാം താങ്കളില്‍ത്തന്നെ നിലനിര്‍ത്തുന്നതാണ്.' ഈ സന്ദേശവുമായി അദ്ദേഹത്തെ സമീപിച്ചത് പ്രവാചകന്റെ ദൂതന്‍ സലീത്വ്ബ്നു അംറ് അല്‍ആമിരിയായിരുന്നു. കത്ത് വായിച്ചശേഷം അദ്ദേഹം പ്രവാചകന് മറുപടി എഴുതി: 'താങ്കളെന്നെ ക്ഷണിക്കുന്നത് എത്ര സുന്ദരവും സുമോഹനവുമായ കാര്യത്തിലേക്കാണ്. അറബികള്‍ എന്റെ സ്ഥാനത്തെ ആദരിക്കുന്നു. താങ്കളുടെ അധികാരത്തില്‍ അല്പം എന്നേയുമേല്പിക്കുക. എങ്കില്‍ ഞാന്‍ താങ്കളെ പിന്തുടരാം.' സലീത്വിന് സമ്മാനങ്ങളും വസ്ത്രങ്ങളും നല്കി യാത്രയാക്കി. സലീത്വ് പ്രവാചകനെ സമീപിച്ച് വിവരം പറഞ്ഞു. അദ്ദേഹത്തിന്റെ മറുപടി വായിച്ച് പ്രവാചകന്‍ പ്രതികരിച്ചു: 'ഒരു തുണ്ടം ഭൂമി അവന്‍ ചോദിച്ചാല്‍പോലും ഞാനവന് നല്കില്ല. അവന്‍ നശിക്കും. അവന്റെ കൈവശമുള്ളതും നശിക്കും.' മക്കാ വിജയശേഷം മടങ്ങുമ്പോള്‍ ജിബ്രീല്‍ വന്ന് ഹൌദയുടെ മരണവാര്‍ത്ത നബി(സ)യെ അറിയിച്ചു. അപ്പോള്‍ നബി(സ) പറഞ്ഞു: 'എനിക്കുശേഷം യമാമയില്‍നിന്ന് ഒരു കള്ളപ്രവാചകന്‍ പ്രത്യക്ഷപ്പെടും.' അവന്‍ വധിക്കപ്പെടും. അപ്പോള്‍ ഒരാള്‍ ചോദിച്ചു. 'അല്ലാഹുവിന്റെ ദൂതരേ, ആരായിരിക്കും അവനെ വധിക്കുന്നത്?' നബി(സ): 'നീയും നിന്റെ കൂട്ടുകാരും.' പില്‍ക്കാലത്ത് ആ സംഭവം അങ്ങനെത്തന്നെ നടന്നു. (9)

ദമാസ്കസ് ഭരണാധികാരി ഹാരിഥുബ്നു അബീശമിര്‍
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍.
ദൈവദൂതന്‍ മുഹമ്മദില്‍നിന്ന് ഹാരിഥുബ്നു അബീ ശമിറിനുള്ള സന്ദേശം. സന്മാര്‍ഗം പിന്തുടരുന്നവര്‍ക്ക് സമാധാനം. അതംഗീകരിച്ച് വിശ്വസിക്കുന്നവര്‍ക്കും സമാധാനം. താങ്കളെ ഞാന്‍ 'അല്ലാഹുവില്‍ മറ്റാരേയും പങ്കുചേര്‍ക്കാതെ വിശ്വസിക്കുക' എന്ന സന്ദേശത്തിലേക്ക് ക്ഷണിക്കുന്നു. എന്നാല്‍ താങ്കളുടെ അധികാരം തുടര്‍ന്ന് നിലനില്ക്കും. ഈ സന്ദേശവുമായി ബനൂഅസദ്കാരന്‍ ശുജാഅ്ബിന്‍ വഹബാണ് പോയത്. സന്ദേശം കൈപ്പറ്റിയ രാജാവ് അതെറിഞ്ഞുകൊണ്ട് പ്രതികരിച്ചത്: 'ആരാണ് എന്റെ അധികാരം നിഷ്കാസനം ചെയ്യുന്നത്? ഞാനവനുനേരെ സൈന്യനിയോഗം നടത്തും.' ഇദ്ദേഹം വിശ്വസിക്കുകയുണ്ടായില്ല. ഇദ്ദേഹം പ്രവാചകന്നെതിരെ യുദ്ധം ചെയ്യാന്‍ സീസറോട് അനുമതി തേടിയെങ്കിലും അദ്ദേഹമതിന് നിരുത്സാഹപ്പെടുത്തി. കത്തുമായി വന്ന ശുജാഇന്ന് സമ്മാനം നല്കിയെങ്കിലും സ്നേഹപൂര്‍വം അവ നിരസിക്കുകയാണുണ്ടായത്.

ഒമാന്‍ രാജാവിന്
നബി(സ) ജൂലന്‍ദയുടെ പുത്രന്മാരായ ജൈഫറിനും സഹോദരന്‍ അബ്ദിനും സന്ദേശമയച്ചു.
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍. അബ്ദുല്ലയുടെ പുത്രന്‍ മുഹമ്മദില്‍നിന്ന് ജൂലന്‍ദയുടെ പുത്രന്മാര്‍ ജൈഫറിനും അബ്ദുവിനും' സന്മാര്‍ഗം പിന്തുടരുന്നവര്‍ക്ക് സമാധാനം നിങ്ങളെ രണ്ടുപേരെയും ഞാന്‍ ഇസ്ലാമിക സന്ദേശത്തിലേക്ക് ക്ഷണിക്കുന്നു. ജീവിച്ചിരിക്കുന്നവര്‍ക്ക് താക്കീതു നല്കുവാനും അവിശ്വാസികളുടെ മേല്‍ ശിക്ഷയുടെ വാക്യം സത്യമായി പുലരുവാന്‍ വേണ്ടിയും മാനവതയ്ക്കാകമാനം ദൂതനായി അല്ലാഹു എന്നെ നിയോഗിച്ചിരിക്കുന്നു. നിങ്ങള്‍ രണ്ടുപേരും ഇസ്ലാം സ്വീകരിച്ചാല്‍ നിങ്ങളുടെ അധികാരം നിലനിര്‍ത്താം. ഇല്ലെങ്കില്‍ നിങ്ങള്‍ സ്ഥാനഭ്രഷ്ടരാകുന്നതാണ്. എന്റെ അശ്വസേന നിങ്ങളുടെ മുറ്റത്ത് താവളമടിക്കും. എന്റെ പ്രവാചകത്വം നിങ്ങളുടെ അധികാരത്തെ അതിജയിക്കും.

സന്ദേശവുമായി അംറുബ്നു അല്‍ആസ്വ് പുറപ്പെട്ടു. ഒമാനിലെത്തി അബ്ദിനെ സമീപിച്ച് താന്‍ അല്ലാഹുവിന്റെ ദൂതരുടെ സന്ദേശവാഹകനാണെന്നറിയിച്ചു. അബ്ദു പറഞ്ഞു. താങ്കള്‍ എന്റെ സഹോദരനെ സമീപിച്ച് കത്ത് അദ്ദേഹത്തെ വായിച്ചുകേള്‍പ്പിക്കുക. അദ്ദേഹമാണ് പ്രായത്തിലും ഭരണത്തിലും എന്നേക്കാള്‍ മുതിര്‍ന്നവന്‍. താങ്കളുടെ സന്ദേശമെന്താണ്. അംറ്: പങ്കുകാരില്ലാത്ത ഏകനായ അല്ലാഹുവില്‍ വിശ്വസിച്ച് അവനുപുറമെ ആരാധിക്കുന്നവയെ കയ്യൊഴിയുക. മുഹമ്മദ് അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്ന് സാക്ഷ്യം വഹിക്കുക. ഇതാണ് സന്ദേശം. അബ്ദ്: അംറ്, താങ്കള്‍ താങ്കളുടെ ഗോത്രനായകന്റെ പുത്രനാണ്. താങ്കളുടെ പിതാവ് ഈ സന്ദേശത്തോടു സ്വീകരിച്ച നിലപാടെന്തായിരുന്നു? അംറ്: അദ്ദേഹം പ്രവാചകനില്‍ വിശ്വസിക്കാതെയാണ് മരിച്ചത്. മരണത്തിനുമുമ്പ് അദ്ദേഹം പ്രവാചകനെ വിശ്വസിച്ച് അംഗീകരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നുവെന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. ഞാനും അദ്ദേഹത്തെപ്പോലെത്തന്നെയായിരുന്നു. പക്ഷെ, അല്ലാഹു എനിക്ക് ഇസ്ലാമിലേക്ക് മാര്‍ഗദര്‍ശനം ചെയ്തു. അബ്ദ്: താങ്കളെപ്പോഴാണ് ഇസ്ലാം സ്വീകരിച്ചത്? അംറ്: അടുത്തകാലത്ത്, നേഗസ് ചക്രവര്‍ത്തിയുടെ സമീപത്തുവെച്ച്. ചക്രവര്‍ത്തിയും ഇസ്ലാം സ്വീകരിച്ചു. അബ്ദ്: അദ്ദേഹത്തിന്റെ പ്രത്യേകതകളും പ്രതികരണവുമെന്തായിരുന്നു? അംറ്: അവര്‍ അദ്ദേഹത്തെ അംഗീകരിക്കുകയും പിന്തുടരുകയും ചെയ്തു. അബ്ദ്: പുരോഹിതന്മാരും മെത്രാന്മാരുമോ? അംറ്: അവരും അദ്ദേഹത്തെ പിന്തുടര്‍ന്നു. അബ്ദ്: അംറ്, കളവ് പറയുന്നത് ഒരിക്കലും മാന്യന്മാര്‍ക്ക് ചേര്‍ന്നതല്ല. അംറ്: ഞാന്‍ കളവു പറഞ്ഞില്ലല്ലോ. ഞങ്ങളുടെ മതമത് അനുവദിക്കുന്നുമില്ല. അബ്ദ്: നേഗസ് ഇസ്ലാം സ്വീകരിച്ചത് ഹെര്‍കുലീസ് ചക്രവര്‍ത്തി അറിഞ്ഞിരുന്നോ? അംറ്: അതെ, തീര്‍ച്ചയായും അബ്ദ്: താങ്കളെങ്ങനെയാണതറിഞ്ഞത്? അംറ്: നേഗസ് ഹെര്‍ക്കുലിസിന് കപ്പം കൊടുത്തിരുന്നു. ഇസ്ലാം സ്വീകരിച്ചശേഷം ഇനിയൊന്നും നല്കുകയില്ലെന്ന് പ്രഖ്യാപിച്ചു. ഇത് ഹെര്‍ക്കുലിസ് അറിഞ്ഞു. അദ്ദേഹത്തോട് അദ്ദേഹത്തിന്റെ സഹോദരന്‍ ചോദിച്ചു. നികുതി തരാതെ പുതിയ മതമവലംബിച്ച നിന്റെ അടിമയെ വെറുതെ വിടാനാണോ ഭാവം? ഇതിന് ഹെര്‍ക്കുലീസ് പ്രതികരിച്ചത്. സ്വന്തം ഇഷ്ടമനുസരിച്ച് ഇദ്ദേഹം തെരഞ്ഞെടുത്ത മതത്തിന്റെ കാര്യത്തില്‍ ഞാന്‍ എന്തുചെയ്യാനാണ്? അല്ലാഹുവാണെ, എന്റെ രാജത്വം നഷ്ടപ്പെടുമെന്ന ഭയമില്ലായിരുന്നുവെങ്കില്‍ ഞാനും അതുതന്നെ ചെയ്യുമായിരുന്നു. അബ്ദ്: എന്നാല്‍ അദ്ദേഹത്തിന്റെ ആജ്ഞാനിരോധങ്ങള്‍ എന്തെല്ലാമാണെന്ന് എനിക്ക് അറിയിച്ചുതരണം. അംറ്: അദ്ദേഹം അല്ലാഹുവിനെ അനുസരിക്കണമെന്ന് കല്പിക്കുകയും ധിക്കരിക്കുന്നത് വിരോധിക്കുകയും ചെയ്യുന്നു. പുണ്യം ചെയ്യാനും കുടുംബബന്ധം ചേര്‍ക്കാനും കല്പിക്കുകയും അക്രമം, ശത്രുത, വ്യഭിചാരം, മദ്യപാനം, വിഗ്രഹപൂജ, കുരിശുപൂജ എന്നിവ വിരോധിക്കുകയും ചെയ്യുന്നു. അബ്ദ്: ഇതെത്ര ഉല്‍കൃഷ്ടമായ സന്ദേശമാണ്! എന്റെ സഹോദരന്‍ എന്നെ അനുഗമിക്കുമെങ്കില്‍ ഞങ്ങള്‍ രണ്ടുപേരും ചെന്ന് പ്രവാചകനെ വിശ്വസിക്കുകയും സത്യപ്പെടുത്തുകയും ചെയ്യുമായിരുന്നു. പക്ഷെ, എന്റെ സഹോദരന്‍ അധികാരത്തില്‍ കൂടുതല്‍ പിടുത്തമുള്ള ആളാണ്. അതദ്ദേഹം കയ്യൊഴിക്കുമോ എന്നറിയില്ല. അംറ്: അദ്ദേഹം ഇസ്ലാം സ്വീകരിച്ചാല്‍ പ്രവാചകന്‍ അധികാരം അദ്ദേഹത്തെത്തന്നെ ഏല്പിക്കും. തുടര്‍ന്ന് ധനികരില്‍നിന്ന് ധര്‍മം സ്വീകരിച്ച് ദരിദ്രര്‍ക്കിടയില്‍ വിതരണം ചെയ്യും. അബ്ദ്: എന്താണ് ധര്‍മം? അംറ്: അല്ലാഹു സമ്പത്തില്‍ നിശ്ചയിച്ച നിശ്ചിത വിഹിതമാണത്, ഓരോ സമ്പത്തിനും അത് നല്കണം. ഒട്ടകങ്ങള്‍ക്കും അവയുടെ വിഹിതം നല്കണം. അബ്ദ്: അംറ്, കാട്ടില്‍ മേയുകയും അരുവികളില്‍നിന്ന് പാനം ചെയ്യുകയും ചെയ്യുന്ന ഞങ്ങളുടെ മൃഗങ്ങളില്‍നിന്നും ധര്‍മം വാങ്ങുമെന്നോ? അംറ്: അതെ. അബ്ദ്: അല്ലാഹുവാണെ, വിദൂരങ്ങളില്‍ വസിക്കുന്ന എണ്ണമറ്റ എന്റെ ജനങ്ങള്‍ ഇതംഗീകരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.

അംറ് ഏതാനും ദിവസങ്ങള്‍ അവിടെ തങ്ങി. വിവരങ്ങളെല്ലാം അബ്ദ് സഹോദരനെ അറിയിച്ചു. പിന്നീട് പ്രവേശനാനുമതി ലഭിച്ചപ്പോള്‍ അംറ് കത്തുമായി സഹോദരനെ സമീപിച്ച് മുദ്രിതമായ സന്ദേശം അദ്ദേഹം പൊട്ടിച്ചുവായിച്ചു. എന്നിട്ടത് അബ്ദിന് കൈമാറി അദ്ദേഹവും അത് വായിച്ചു. തുടര്‍ന്ന് അബ്ദിന്റെ സഹോദരന്‍ ചില കാര്യങ്ങള്‍ ചോദിച്ചു. ക്വുറൈശികള്‍ ഇതിലെടുത്ത നിലപാടെന്താണ്? അംറ്: അവര്‍ അദ്ദേഹത്തെ അനുഗമിക്കുന്നു. ചിലര്‍ മതം ആഗ്രഹിച്ചുകൊണ്ടും മറ്റുചിലര്‍ ആയുധം ഭയന്നും. അദ്ദേഹം: ആരെല്ലാമാണ് അദ്ദേഹത്തിന്റെ കൂടെയുള്ളത്? അംറ്: ജനങ്ങള്‍ ഇസ്ലാമിനോടുള്ള ആഗ്രഹത്താല്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നു. അല്ലാഹുവിന്റെ മാര്‍ഗദര്‍ശനത്താല്‍ തങ്ങള്‍ പിഴച്ചമാര്‍ഗത്തിലായിരുന്നുവെന്ന് ജനങ്ങള്‍ ഇപ്പോള്‍ മനസ്സിലാക്കിയിരിക്കുന്നു. ഇനി താങ്കള്‍ മാത്രമാണ് അവശേഷിക്കുന്നത്. താങ്കളദ്ദേഹത്തെ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നില്ലെങ്കില്‍ അശ്വസേന ഇവിടെ ചവിട്ടും. അതിനാല്‍ താങ്കള്‍ ഇസ്ലാം സ്വീകരിക്കുക, രക്ഷപ്പെടും. താങ്കള്‍ക്ക് അധികാരം തുടരുകയും ചെയ്യാം. അശ്വസേനയും കാലാള്‍പ്പടയും ഇവിടെ കാലുകുത്തില്ല. അദ്ദേഹം: എനിക്ക് ഒരു ദിവസം അനുവദിക്കുക. നാളെ വരൂ.

പിറ്റേദിവസം ചെന്ന അംറിന് പ്രവേശനം ലഭിച്ചില്ല. പക്ഷെ, സഹോദരന്‍ അബ്ദിന്റെ സഹായത്തോടെ അദ്ദേഹവുമായി സന്ധിച്ചു. അല്പനേരത്തെ സംഭാഷണത്തിനുശേഷം ഇരുസഹോദരന്മാരും ഇസ്ലാം സ്വീകരിച്ചു. അവര്‍ അവിടെ ഇസ്ലാമിക നിയമങ്ങളും ധര്‍മവും നടപ്പിലാക്കി. ആ പ്രദേശങ്ങളില്‍ ഇസ്ലാമിക പ്രചരണത്തിന് ഇവര്‍ വലിയ സഹായികളുമായി. (10)
ഈ കത്തിന്റെ പശ്ചാത്തലം വ്യക്തമാക്കുന്നത്, ഇതര രാജാക്കന്മാര്‍ക്കെല്ലാം എഴുതിയശേഷമാണ് ഇതെഴുതിയതെന്നാണ്. മിക്കവാറും ഇത് മക്കാവിജയത്തിന് ശേഷമാകാനും മതി. ഇങ്ങനെ പ്രവാചകന്‍ തന്റെ സന്ദേശം അധിക രാജാക്കന്മാര്‍ക്കും എത്തിച്ചുകൊടുത്തു. അതില്‍ ചിലര്‍ വിശ്വസിച്ചു. മറ്റുചിലര്‍ അവിശ്വസിച്ചു. പക്ഷെ, അവരുടെയെല്ലാം ചിന്തയിലും ചര്‍ച്ചയിലും ഈ മതത്തിന്റെയും അതിന്റെ പ്രവാചകന്റെയും സന്ദേശം അവിടുന്ന് എത്തിച്ചു.

ദൂഖറദ് യുദ്ധം
ഇത് ഒട്ടകങ്ങളെ കൊള്ളയടിച്ച ബനൂഫുസാറയിലെ ഒരു ശാഖയെ തുരത്താന്‍ നടന്ന ഒരു സൈനിക നീക്കമായിരുന്നു. ഹുദൈബിയക്ക് ശേഷവും ഖൈബറിന് മുമ്പുമായി നടത്തിയ ആദ്യത്തെ സൈനിക നീക്കം. ഖൈബറിന് മൂന്നുദിവസം മുമ്പാണ് ഇതെന്ന് ബുഖാരി രേഖപ്പെടുത്തുന്നു. സലമത്ത് ബിന്‍ അക്വഇന്റെ നിവേദനമായി മുസ്ലിമും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. യുദ്ധചരിത്രകാരന്മാരില്‍ ഭൂരിപക്ഷം ഇത് ഹുദൈബിയക്ക് മുമ്പാണെന്ന് പറയുന്നുണ്ടെങ്കിലും ശരി മേല്‍പ്പറഞ്ഞതാണ്.(11)

സലമത്ത് ബിന്‍ അക്വഇന്റെ നിവേദനത്തിന്റെ സംക്ഷേപമിങ്ങനെയാണ്. റസൂല്‍(സ) തന്റെ ഒട്ടകപ്പുറത്ത് സേവകന്‍ റബാഹിനെ സമീപസ്ഥലത്തേക്ക് അയച്ചു. ഞാനും അബൂത്വല്‍ഹയുടെ കുതിരപ്പുറത്തേറി അദ്ദേഹത്തോടൊപ്പംപോയി. നേരം പുലര്‍ന്നപ്പോള്‍ ഫുസാറ ഗോത്രക്കാരന്‍ അബ്ദുര്‍റഹ്മാന്‍ വന്ന് ഒട്ടകങ്ങളെ കൊള്ളയടിക്കുകയും ഇടയനെ വധിക്കുകയും ചെയ്തു. ഞാന്‍ പറഞ്ഞു: റബാഹ്, നീ കുതിരയെ ത്വല്‍ഹക്ക് എത്തിക്കുക. റസൂല്‍(സ)യോട് വിവരവും പറയുക. എന്നിട്ട് ഞാന്‍ ഒരു മലമുകളില്‍ കയറി മദീനയുടെ ഭാഗത്തേക്ക് തിരിഞ്ഞു മൂന്നുതവണ അട്ടഹസിച്ചു. സഹായിക്കുവീന്‍ സഹായിക്കുവീന്‍. തുടര്‍ന്ന് ഞാന്‍ ശത്രുക്കളെ പിന്തുടര്‍ന്ന് അമ്പെയ്തുകൊണ്ടിരുന്നു. ഇങ്ങനെ പാടുകയും ചെയ്തു. 'ഞാന്‍ അക്വഇന്റെ പുത്രന്‍, ഇന്ന് ശത്രുനിന്ദ്യനാകുന്ന ദിനം. അല്ലാഹുവാണേ ഞാനിത് തുടര്‍ന്നുകൊണ്ടേയിരുന്നു.

ഇതിന്നിടയില്‍ ഒരു അശ്വഭടന്‍ എന്റെ നേരെ തിരിഞ്ഞു. ഞാനുടനെ ഒരു മരത്തിന്റെ മറവില്‍ നിന്ന് അവനെ അമ്പെയ്തുകൊണ്ടിരുന്നു. അവസാനം അവര്‍ ഒരു ഇടുങ്ങിയ മലമ്പാതയിലൂടെ പ്രവേശിച്ചപ്പോള്‍ ഞാന്‍ മലമുകളിലേറി പാറക്കഷ്ണങ്ങള്‍ ഉരുട്ടിവിട്ടു. ഇത് ഞാന്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. അവസാനം എല്ലാ ഒട്ടകങ്ങളെയും അവരില്‍നിന്ന് മോചിപ്പിച്ചു. വീണ്ടും അമ്പെയ്തുകൊണ്ട് ഞാന്‍ അവരെ പിന്തുടര്‍ന്നു. അങ്ങനെ അവര്‍ മുപ്പതിലേറെ പുതപ്പുകളും അത്രയും കുന്തങ്ങളും ഒഴിവാക്കി ഓടി. അവരൊഴിവാക്കിയ ഓരോ വസ്തുവിന്മേലും ഞാന്‍ അടയാളമായി ഓരോ കല്ലുകള്‍ വെച്ചു. പ്രവാചകനും അനുചരന്മാര്‍ക്കും വഴിയറിയാനായി. അങ്ങനെ അവര്‍ ഒരു ഇടുങ്ങിയ താഴ്വരയിലെത്തിയപ്പോള്‍ ഭക്ഷണം കഴിക്കാനായി ഇരുന്നു. ഞാന്‍ മലമുകളിലും ഇരുന്നു. അപ്പോള്‍ അവരില്‍നിന്ന് നാലുപേര്‍ എന്റെ നേരെ കയറിവന്നു. അവരെന്റെ അടുത്തെത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു: 'ഞാനാരെന്നറിയുമോ? അല്‍അക്വഇന്റെ പുത്രന്‍ സലമയാണ് ഞാന്‍. നിങ്ങളില്‍ ആരെ വേണമെങ്കിലും എനിക്ക് വധിക്കാന്‍ കഴിയും. പക്ഷെ നിങ്ങള്‍ക്കെന്നെ ഒന്നും ചെയ്യാനാവില്ല.' അതോടെ അവര്‍ തിരിച്ചുപോയി. ഞാനവിടെത്തന്നെയിരുന്നു. അപ്പോഴതാ റസൂല്‍(സ)യുടെ കുതിരപ്പടയാളികള്‍ മരങ്ങള്‍ക്കിടയിലൂടെ കുതിച്ചുവന്നു. മുന്നില്‍ അഖ്റം പിന്നാലെ അബൂഖതാദയും. തുടര്‍ന്ന് മിഖ്ദാദുബ്നു അസ്വദ്. അഖ്റമും ഫസാറ ഗോത്രക്കാരന്‍ അബ്ദുര്‍റഹ്മാനും ഏറ്റുമുട്ടി. അബ്ദുര്‍റഹ്മാന്‍ തന്റെ കുതിരയെ അറുക്കുകയും അദ്ദേഹത്തെ വധിക്കുകയും ചെയ്തു. എന്നിട്ട് അക്വ്റമിന്റെ കുതിരപ്പുറത്തേറി തിരിക്കുമ്പോള്‍ ഖതാദയുടെ ദൃഷ്ടിയില്‍ അത് പെട്ടു. അദ്ദേഹം അബ്ദുര്‍റഹ്മാനുമായി ഏറ്റുമുട്ടി അവനെ വധിച്ചു. അതോടെ ശത്രുക്കള്‍ പിന്തിരിഞ്ഞോടി. ഞങ്ങളവരെ പിന്തുടര്‍ന്നു. അസ്തമയത്തോടടുത്ത് അവര്‍ ദൂഖറദ് എന്ന ഉറവ ജലത്തിന് സമീപത്തെത്തി. ദാഹാര്‍ത്തരായ അവര്‍ വെള്ളം കുടിക്കാന്‍ തുനിഞ്ഞപ്പോഴേക്കും ഞാനവിടെയെത്തി അവരെ തുരത്തി. ഒരു തുള്ളിപോലും അവര്‍ക്ക് കുടിക്കാനായില്ല. അല്പം കഴിഞ്ഞ് റസൂല്‍ (സ)യും കുതിരകളും എന്റെയടുത്തെത്തി. ഞാന്‍ പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ, ശത്രുക്കള്‍ ദാഹിച്ചുവലഞ്ഞിട്ടുണ്ട്. നൂറുപേരോടുകൂടി എന്നെ അവര്‍ക്ക് നേരെ നിയോഗിച്ചാല്‍ ഞാനവരെ പിടികൂടുകയും അവശേഷിക്കുന്ന സാധനങ്ങള്‍ കൊണ്ടുവരുകയും ചെയ്യാം. റസൂല്‍(സ) പറഞ്ഞു. 'മതി ധാരാളം കിട്ടിയല്ലോ. ഇനി ഒഴിവാക്കിയേക്ക്.' അവിടുന്ന് തുടര്‍ന്നു: 'അവരിപ്പോള്‍ ഗത്വ്ഫാന്‍ ഗോത്രക്കാരുടെ പ്രദേശത്തെത്തിയിരിക്കുന്നു.' തുടര്‍ന്ന് റസൂല്‍(സ) പറഞ്ഞു: 'ഇന്നത്തെ ഏറ്റവും നല്ല അശ്വഭടന്‍ അബൂഖതാദയും കാലാള്‍ സലമയുമാണ്.' യുദ്ധസ്വത്തില്‍നിന്ന് അശ്വഭടന്റെയും കാലാളുടേയും രണ്ട് ഓഹരി എനിക്ക് അവിടുന്ന് നല്കി. അവിടുത്തെ അല്‍അദ്ബാ എന്ന ഒട്ടകപ്പുറത്ത് അദ്ദേഹത്തോടൊപ്പമിരുന്ന് ഞാന്‍ മദീനയിലേക്ക് തിരിച്ചു. ഈ സമയത്ത് മദീനയുടെ നേതൃത്വം ഇബ്നു ഉമ്മുമക്തുമിനും പതാക മിഖ്ദാദ്ബ്ന് അംറിനുമായിരുന്നു.(12)

ഖൈബര്‍ യുദ്ധം
ഖൈബര്‍, മദീനയ്ക്ക് വടക്ക് 80 കി. മീ. മാറി കോട്ടകളും കൃഷിഭൂമിയും നിറഞ്ഞ ഒരു പട്ടണമായിരുന്നു. ഇന്നത് മലിനാന്തരീക്ഷമുള്ള ഒരു ഗ്രാമമാണ്.

പ്രവാചകന്റെ ശത്രുകക്ഷികളില്‍ പ്രധാനികളായിരുന്ന ക്വുറൈശ്, ബദവികള്‍, ജൂതര്‍ എന്നിവര്‍ ഒതുങ്ങിയതോടെ അവശേഷിച്ച ജൂത-നജ്ദ് ഗോത്രങ്ങളെകൂടി ഒതുക്കി മേഖലയില്‍ പരിപൂര്‍ണ ശാന്തിയും സമാധാനവും കൈവരിച്ച് ഇസ്ലാമിക പ്രബോധനത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനുള്ള ശ്രമമാരംഭിച്ചു. കുതന്ത്രങ്ങളുടെയും ഗൂഢാലോചനകളുടെയും സൈനികതാവളങ്ങളുടെയും കേന്ദ്രമായിരുന്ന ഖൈബര്‍ ആയിരുന്നു ഇതിന്നായി ആദ്യം തെരഞ്ഞെടുത്തത്. ഇവരായിരുന്നു സഖ്യകക്ഷികളുടെ പക്ഷം ചേര്‍ന്ന് ബനൂക്വുറൈളയെ ഇളക്കിവിട്ടതും ഇസ്ലാമിക സമൂഹത്തിലെ അഞ്ചാം പത്തികളായ കപടന്മാരുമായും ഗത്വ്ഫാന്‍കാരുമായും ബദുക്കളുമായും ബന്ധപ്പെട്ട് മുസ്ലിംകള്‍ക്ക് സ്ഥിരമായ പ്രശ്നങ്ങളുണ്ടാക്കിയതും അവസാനം പ്രവാചകന്നെതിരെയുള്ള വധശ്രമത്തോളമെത്തിയ ഈ സംഭവത്തില്‍ പ്രസ്തുത ഗൂഢാലോചനകളുടെ തലവന്മാരായ സല്ലാമിനേയും അസീറിനെയും ഒതുക്കാന്‍ മുസ്ലിംകള്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. ഈ ജൂതഗോത്രങ്ങള്‍ക്കുനേരെ തിരിയുന്നതിന് മുമ്പ് ഇവരെക്കാള്‍ ശക്തരും കഠിനരുമായിരുന്ന ക്വുറൈശികളെ അമര്‍ച്ച ചെയ്യുകയെന്നത് മുസ്ലിംകളുടെ ബാധ്യതയായിരുന്നു. ഇത് നടന്നതോടെ അന്തരീക്ഷം തെളിഞ്ഞുവരികയും ചെയ്തു.
ഹുദൈബിയയില്‍നിന്ന് മടങ്ങിയ പ്രവാചകന്‍ ദുല്‍ഹിജ്ജയും മുഹര്‍റത്തിന്റെ ആദ്യനാളുകളും മദീനയില്‍ തങ്ങിയശേഷം ഖൈബറിലേക്ക് പുറപ്പെട്ടു. ഖൈബര്‍ പ്രവാചകനുള്ള അല്ലാഹുവിന്റെ ഒരു വാഗ്ദാനമായിരുന്നു. "നിങ്ങള്‍ക്ക് പിടിച്ചെടുക്കാവുന്ന ധാരാളം സമരാര്‍ജിത സ്വത്തുക്കള്‍ അല്ലാഹു നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാല്‍ ഇത് (ഖൈബറിലെ സമരാര്‍ജിത സ്വത്ത്) അവന്‍ നിങ്ങള്‍ക്ക് നേരത്തെ തന്നെ നല്കിയിരിക്കുന്നു.'' (48:20)
കപടന്മാരും ദുര്‍ബലവിശ്വാസികളും ഹുദൈബിയ സന്ധിയില്‍നിന്ന് പിന്തി നിന്നപ്പോള്‍ അവരെ സംബന്ധിച്ച് ഇങ്ങനെ വിളംബരം ചെയ്യാന്‍ അല്ലാഹു തന്റെ ദൂതനോട് കല്പിച്ചു.

"സ്വത്തുക്കള്‍ കൈവശപ്പെടുത്താന്‍ ഉള്ളേടത്തേക്ക് നിങ്ങള്‍ (യുദ്ധത്തിന്) പോകുകയാണെങ്കില്‍ ആ പിന്നോക്കംമാറിനിന്നവര്‍ പറയും. ഞങ്ങളെ നിങ്ങള്‍ (തടയാതെ) വിട്ടേക്കണം. ഞങ്ങളും നിങ്ങളെ അനുഗമിക്കാം. അല്ലാഹുവിന്റെ വാക്കിന് മാറ്റം വരുത്താനാണവര്‍ ഉദ്ദേശിക്കുന്നത്. നീ പറയുക: നിങ്ങള്‍ ഒരിക്കലും ഞങ്ങളെ അനുഗമിക്കുകയില്ല. അപ്രകാരമാണ് അല്ലാഹു മുമ്പേ പറഞ്ഞിട്ടുള്ളത്. അപ്പോള്‍ അവര്‍ പറഞ്ഞു: അല്ല, നിങ്ങള്‍ ഞങ്ങളോട് അസൂയ കാണിക്കുകയാണ് എന്ന്. അങ്ങനെയല്ല. അവര്‍ (കാര്യം) ഗ്രഹിക്കാതിരിക്കുകയാകുന്നു; അല്പം മാത്രമല്ലാതെ. (48:15) ഇതിന്റെയടിസ്ഥാനത്തില്‍ പ്രവാചകന്‍ യുദ്ധമുദ്ദേശിച്ച് പുറപ്പെടുന്നവരോട് മാത്രം ഖൈബറിലേക്ക് പുറപ്പെടാന്‍ ആവശ്യപ്പെട്ടു. 1400 പേര്‍ ഇതിന് തയ്യാറായി. മദീനയുടെ നേതൃത്വം സിബാഉബിന്‍ ഉര്‍ഫുത്വ അല്‍ ഗിഫ്ഫാരിയെ ഏല്പിച്ചു. ഈ സന്ദര്‍ഭത്തിലാണ് അബൂഹുറൈറ ഇസ്ലാം സ്വീകരിച്ച് മദീനയില്‍ എത്തുന്നത്. സിബാഇന്റെ കൂടെ സ്വുബ്ഹ് നമസ്കാരത്തില്‍ പങ്കെടുത്തശേഷം നബി(സ)യുടെ അടുക്കലേക്ക് പുറപ്പെട്ടു. അവരുടെ ഓഹരികളില്‍ ഇദ്ദേഹത്തേയും അനുയായികളെയും പങ്കുചേര്‍ക്കുകയും ചെയ്തു.

കപടന്മാരും ജൂതന്മാരും
കപടന്മാര്‍ ജൂതന്മാരെ സഹായിക്കാന്‍ തയ്യാറായി. കപടനേതാവ് അബ്ദുല്ലാഹിബ്നു ഉബയ്യ് ഖൈബറിലെ ജൂതന്മാരെ അറിയിച്ചു: 'മുഹമ്മദ് നിങ്ങള്‍ക്ക് നേരെ പുറപ്പെടുന്നു. അതിനാല്‍ തയ്യാറെടുക്കുക. നിങ്ങള്‍ ഒട്ടും ഭയപ്പെടേണ്ടതില്ല. കാരണം നിങ്ങളാണ് എണ്ണവും വണ്ണവും കൂടുതലുള്ളവര്‍. മുഹമ്മദിന്റെ അനുയായികളാകട്ടെ കൊച്ചു സംഘവും ആയുധബലം കുറവുള്ളവരുമാണ്. വിവരമറിഞ്ഞ ഖൈബറുകാര്‍ കിനാനബ്നു അബ്ദുല്‍ ഹഖീഖിനെയും ഹൌദബ്നു ഖൈസിനെയും സഹായാഭ്യര്‍ഥനയുമായി ഗത്വ്ഫാനിലേക്കയച്ചു. ഇവര്‍ ജൂതരുടെ സഖ്യകക്ഷിയായിരുന്നു. മുസ്ലിംകളെ ജയിച്ചടക്കുകയാണെങ്കില്‍ ഖൈബറിലെ ഫലങ്ങളുടെ പകുതി അവര്‍ക്ക് നല്കുമെന്ന് വാഗ്ദാനം ചെയ്തു.

ഖൈബറിലേക്ക്
നബിതിരുമേനി ഇസ്വ്ര്‍ പര്‍വതവും പിന്നീട് സ്വഹ്ബാഅ് മലയും കടന്ന് അര്‍റജീഅ് താഴ്വരയില്‍ ഇറങ്ങി. അവിടെനിന്ന് ഗത്വ്ഫാനിലേക്ക് ഒരു ദിവസത്തെ അകലമുണ്ട്. ഗത്വ്ഫാന്‍കാര്‍ ജൂതന്മാരെ സഹായിക്കാനായി ഖൈബറിലേക്ക് പുറപ്പെട്ടു. വഴിമധ്യേ പിന്നില്‍നിന്ന് കേട്ട ബഹളം മുസ്ലിംകള്‍ തങ്ങളുടെ വീടുകള്‍ കടന്നാക്രമിക്കുകയാണെന്ന് ധരിച്ച് അവര്‍ തിരിച്ചുപോവുകയും ചെയ്തു.

നബി(സ), സൈന്യത്തിലെ രണ്ടുവഴികാട്ടികളോടൊപ്പം വടക്ക് ശാമിന്റെ ഭാഗത്തിലൂടെ പ്രവേശിച്ചു. അങ്ങനെയായാല്‍ ജൂതര്‍ക്ക് ശാമിലേക്ക് ഓടി രക്ഷപ്പെടാനോ ഗത്വ്ഫാന്‍കാര്‍ക്ക് അവരെ സഹായിക്കാനോ കഴിയാതെ വരും. അങ്ങനെ അവര്‍ ഒരു വഴിത്തിരിവില്‍ എത്തിയപ്പോള്‍ അതിലൊരുവന്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഇതിലേത് വഴിക്ക് പോയാലും ലക്ഷ്യസ്ഥാനത്തെത്തും. തിരുമേനി ഓരോ വഴിയെ പറ്റിയും അന്വേഷിച്ചശേഷം നാലാമത്തെ വഴിയായ മര്‍ഹബ് വഴി പ്രവേശിച്ചു.

ഈ ഖൈബര്‍ യാത്രക്കിടയില്‍ പല സംഭവങ്ങളും അരങ്ങേറുകയുണ്ടായി. അതില്‍ ചിലത് താഴെ:
1. സലമത്ബ്നു അല്‍ അക്വഇല്‍ നിന്ന് നിവേദനം: ഞങ്ങള്‍ നബി തിരുമേനിയോടൊപ്പം ഖൈബറിലേക്ക് പുറപ്പെട്ടു. അങ്ങനെ ഞങ്ങള്‍ ഒരു രാത്രി സഞ്ചരിച്ചപ്പോള്‍ കൂട്ടത്തില്‍ ഒരാള്‍ ആമിറിനോട് പറഞ്ഞു: ആമിര്‍, താങ്കളെന്താ താങ്കളുടെ കവിതകള്‍ ഞങ്ങളെയൊന്ന് കേള്‍പ്പിക്കാത്തത്? ഉടനെത്തന്നെ അദ്ദേഹം ഒട്ടകപ്പുറത്ത് നിന്നിറങ്ങി പാടാന്‍ തുടങ്ങി.
'ഞങ്ങള്‍ക്കാവില്ല സന്മാര്‍ഗം പ്രാപിക്കുവാന്‍
അല്ലാഹുവേ, നീ മാര്‍ഗദര്‍ശനം ചെയ്തിടാതെ,
ദാനധര്‍മങ്ങളുമില്ല പ്രാര്‍ഥനകളുമില്ല
മാപ്പാക്കണം പാപങ്ങള്‍,
അര്‍പ്പിക്കാം ഞങ്ങളെ നിനക്കായ്
ചൊരിയണം ഞങ്ങള്‍ക്ക് നീ സമാധാനം.
പകരണം സ്ഥൈര്യവും നീ തന്നെ.
പ്രതിരോധിക്കും ഞങ്ങള്‍, ഭയപ്പെടുത്തിയാല്‍
ഗര്‍ജനം വഴി ഞങ്ങള്‍ക്കെതിരില്‍ സജ്ജരായാല്‍.
പ്രവാചകന്‍ ചോദിച്ചു: 'ആരാണ് ഈ ഒട്ടകത്തിന്റെ സവാരിക്കാരന്‍?' അവര്‍ പറഞ്ഞു: 'ആമിര്‍', പ്രവാചകന്‍: 'അല്ലാഹു അദ്ദേഹത്തിന് കരുണ ചൊരിയുമാറാകട്ടെ.' കൂട്ടത്തിലൊരാള്‍ പ്രതികരിച്ചു. അല്ലാഹുവിന്റെ ദൂതരെ, അവന്‍ സ്വര്‍ഗത്തിനര്‍ഹനായി അവന്റെ ജീവിതം ഞങ്ങള്‍ക്കുപയോഗപ്പെടുത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ (13).
സ്വഹാബികള്‍ക്കറിയാമായിരുന്നു തിരുമേനി ആര്‍ക്കെങ്കിലും വേണ്ടി പ്രത്യേകം പ്രാര്‍ഥിച്ചാല്‍ അദ്ദേഹം രക്തസാക്ഷിത്വം വരിക്കാനുള്ള വ്യക്തിയാണെന്ന് (14). ഖൈബറില്‍ ഇത് സംഭവിക്കുകയും ചെയ്തു.
2. ഖൈബറിന് സമീപം സ്വഹ്ബാഇലെത്തിയപ്പോള്‍ അസ്വര്‍ നമസ്കാരാനന്തരം കൈയിലുള്ള ഭക്ഷ്യസാധനങ്ങള്‍ കൊണ്ടുവരാന്‍ പ്രവാചകന്‍ അനുചരന്മാരോടാവശ്യപ്പെട്ടു. അല്പം മാത്രമുണ്ടായിരുന്ന അവ അവരെല്ലാം മതിവരുവോളം കഴിച്ചു. തുടര്‍ന്ന് വുദ്വു പുതുക്കാതെ കൊപ്ളിക്കുക മാത്രം ചെയ്തു പ്രവാചകന്‍ മഗ്രിബ് നമസ്കരിച്ചു. (15) തുടര്‍ന്ന് ഇശാഉം അങ്ങനെത്തന്നെ നമസ്കരിച്ചു.
3. ഖൈബറിന് സമീപം അന്തിയുറങ്ങിയശേഷം സൈന്യം പിറ്റേന്ന് നേരത്തത്തന്നെ പ്രഭാതനമസ്കാരം നിര്‍വഹിച്ച് പുറപ്പെട്ടു. മുസ്ലിംകളുടെ ആഗമനമറിയാതെ ജൂതര്‍ രാവിലെത്തന്നെ അവരുടെ കൃഷിയിടങ്ങളിലേക്ക് പണിയായുധങ്ങളുമായി പുറപ്പെട്ടിരുന്നു. സൈന്യത്തെ കണ്ട അവര്‍ വിളിച്ചുകൂവി. ഇതാ മുഹമ്മദും സൈന്യവും എത്തിക്കഴിഞ്ഞു. അവരെല്ലാം തിരിച്ചോടി. അപ്പോള്‍ നബിതിരുമേനി പറഞ്ഞു: 'അല്ലാഹു അക്ബര്‍, ഖൈബര്‍ നശിച്ചതുതന്നെ! അല്ലാഹു അക്ബര്‍, ഖൈബര്‍ നശിച്ചതുതന്നെ! നാം ഓരോ ജനതയുടെ അങ്കണത്തിലിറങ്ങിയാല്‍ താക്കീതുനല്കപ്പെട്ടവരുടെ പ്രഭാതം എത്ര ചീത്ത!' (16)

ഖൈബര്‍ പര്‍വതത്തിന് സമീപത്തെത്തിയപ്പോള്‍ അവിടുന്ന് സൈന്യങ്ങളോട് നില്ക്കാന്‍ കല്പിച്ചു. തുടര്‍ന്നവിടുന്നിങ്ങനെ പ്രാര്‍ഥിച്ചു. സപ്ത വാനങ്ങളും അവ തണലേകിയവയുടെയും നാഥനായ അല്ലാഹുവേ, സപ്ത ഭൂമിയുടെയും അവ താങ്ങി നിര്‍ത്തുന്നവയുടെയും നാഥാ, പിശാചുക്കളുടെയും അവ പിഴപ്പിച്ചവരുടെയും നാഥാ, കാറ്റിന്റെയും അത് പറപ്പിച്ചവരുടെയും നാഥാ, ഈ ഗ്രാമത്തിന്റെ നന്മയില്‍ നിന്നും അതില്‍ വസിക്കുന്നവരുടെയും അതിലുള്ള വസ്തുക്കളുടെയും നന്മയില്‍ നിന്നും നിന്നോട് ഞങ്ങള്‍ ചോദിക്കുന്നു. ഈ ഗ്രാമത്തിന്റെയും അതില്‍ വസിക്കുന്നവരുടെയും അതിലുള്ള വസ്തുക്കളുടെയും തിന്മയില്‍ നിന്ന് നിന്നോട് ഞങ്ങള്‍ അഭയം തേടുകയും ചെയ്യുന്നു. (17)
ഖൈബര്‍ രണ്ടായി വിഭജിക്കപ്പെട്ടിരുന്നു. ഒരു ഭാഗത്ത് അഞ്ച് കോട്ടകളുണ്ടായിരുന്നു.
1. നാഇം കോട്ട. 2. അസ്സ്വഅ്ബ് ബിന്‍ മുആദ് കോട്ട. 3. ഖല്‍അത്തു സുബൈര്‍ കോട്ട. 4. ഉബയ്യ് കോട്ട 5. അന്നിസ്സാര്‍ കോട്ട. ആദ്യത്തെ മൂന്നും നത്വാത് പ്രദേശത്തും ബാക്കിയുള്ള രണ്ടും ശിഖ് പ്രദേശത്തുമായിരുന്നു. രണ്ടാം ഭാഗത്ത് മൂന്ന് കോട്ടകളുണ്ടായിരുന്നു. ഇവ മൊത്തം കതീബ എന്നറിയപ്പെടുന്നു. 1. അല്‍ഖമൂസ് കോട്ട. 2. അല്‍വത്വീഹ് കോട്ട. 3. അസ്സുലാലിം കോട്ട. ഇതിനുപുറമെ ഖൈബറില്‍ വേറെയും കോട്ടകളുണ്ടായിരുന്നു എങ്കിലും അവയൊന്നുംതന്നെ ശക്തിയില്‍ ഇവയ്ക്കൊപ്പമെത്തുമായിരുന്നില്ല. കടുത്ത പോരാട്ടം മുഴുവന്‍ നടന്നത് ഒന്നാം നിരയില്‍ പെട്ട കോട്ടകളിലാണ്. രണ്ടാം നിരയിലെ കോട്ടകളില്‍ ധാരാളം യോദ്ധാക്കളുണ്ടായിരുന്നുവെങ്കിലും അവ സുരക്ഷിതമായിരുന്നു.

മുസ്ലിം സൈന്യതാവളം
അല്പം മുന്നോട്ട് നീങ്ങി ഒരു സ്ഥലത്ത് പ്രവാചകന്‍ താവളമടിച്ചു. ഉടനെ ഖബ്ബാബ്ബിന്‍ മുന്‍ദിര്‍ വന്നു ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, ഈ സ്ഥലം അല്ലാഹുവിന്റെ നിര്‍ദേശാനുസരണം തെരഞ്ഞെടുത്തതോ അതോ താങ്കളുടെ അഭിപ്രായമോ?' 'ഇത് എന്റെ അഭിപ്രായമാണ്.' അവിടുന്ന് പ്രതിവചിച്ചു. അപ്പോള്‍ ഖബ്ബാബ് പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ ഈ സ്ഥലം നത്വാത് കോട്ടയ്ക്ക് സമീപമാണ്. ഖൈബറിലെ എല്ലാ യോദ്ധാക്കളും അതിനുള്ളിലാണുള്ളത്. അവര്‍ക്കതിനുള്ളില്‍നിന്ന് നമ്മുടെ സ്ഥിതിഗതികള്‍ മനസ്സിലാക്കാന്‍ കഴിയും നമുക്കൊട്ട് കഴിയുകയുമില്ല. അവരുടെ അമ്പുകള്‍ നമുക്ക് നേരെ പതിക്കും. തിരിച്ചങ്ങോട്ട് എത്തുകയുമില്ല. പുറമെ ഈത്തപ്പനകള്‍ നിറഞ്ഞ പ്രതികൂലവും ആപത്ക്കരവുമായ ഒരു സ്ഥലവുമാണ്. ഇത്തരം പ്രതിസന്ധികളൊന്നുമില്ലാത്ത മറ്റൊരു സ്ഥലം തെരഞ്ഞെടുത്തിരുന്നെങ്കില്‍ അതായിരുന്നു താവളമാക്കാന്‍ നന്നായിരുന്നത്.' നബി(സ) പറഞ്ഞു: 'താങ്കള്‍ പറഞ്ഞതാണ് ശരി.' തുടര്‍ന്ന് മറ്റൊരു സ്ഥലത്തേക്ക് നീങ്ങി.

അന്നു രാത്രി റസൂല്‍(സ) പ്രഖ്യാപിച്ചു: 'ഈ പതാക നാളെ ഞാന്‍ അല്ലാഹുവിനേയും അവന്റെ ദൂതനേയും സ്നേഹിക്കുന്ന ഒരു മനുഷ്യന് നല്കുന്നതാണ്.' നേരം പുലര്‍ന്നതോടെ അത് തനിക്ക് ലഭിക്കണമെന്ന ആഗ്രഹത്തോടെ ഓരോരുത്തരും തിരുസന്നിധിയിലെത്തി. അവിടുന്ന് ചോദിച്ചു: 'അലിയ്യിബിനു അബീത്വാലിബ്' എവിടെ? അവര്‍ പറഞ്ഞു: അദ്ദേഹം കണ്ണിന് രോഗം ബാധിച്ചുനില്ക്കുകയാണ്. അദ്ദേഹത്തെ എന്റെയടുത്ത് കൊണ്ടുവരൂ. അവിടുന്നാവശ്യപ്പെട്ടു. അവരദ്ദേഹത്തെ കൊണ്ടുവന്നപ്പോള്‍ അവിടുന്ന് അദ്ദേഹത്തിന്റെ ഇരുനേത്രങ്ങളിലും ഉമിനീര്‍ പുരട്ടിയതോടെ അവ രണ്ടും സുഖപ്പെട്ടു. തുടര്‍ന്ന് പതാക അലിയെ ഏല്പിച്ചു. ഉടനെ അലി ചോദിച്ചു: അവരെ നമ്മെപ്പോലെ ആകുന്നതുവരെയാണോ ഞാന്‍ യുദ്ധം ചെയ്യേണ്ടത്?' അവിടുന്ന് പറഞ്ഞു: 'മുന്നോട്ട് പോവുക. എന്നിട്ട് അവരുടെ അങ്കണത്തിലിറങ്ങി അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുക. അല്ലാഹുവിനോടുള്ള അവരുടെ ബാധ്യതയെപ്പറ്റി അവരെ ഉണര്‍ത്തുക. അല്ലാഹുവില്‍ സത്യം! താങ്കള്‍ മുഖേന ഒരാളെങ്കിലും ഇസ്ലാമില്‍ പ്രവേശിക്കുന്നതാണ് ചുവന്ന ഒട്ടകങ്ങളേക്കാള്‍ താങ്കള്‍ക്ക് മെച്ചപ്പെട്ടത്.' (18)

യുദ്ധം ആരംഭിക്കുന്നു

ആദ്യംതന്നെ മുസ്ലിംകളുടെ ആക്രമണത്തിന് വിധേയമായത് നാഇം കോട്ടയാണ്. തന്ത്രപ്രധാനമായ സ്ഥലം എന്ന നിലയ്ക്ക് ജൂതന്മാരുടെ ഒന്നാമത്തെ പ്രതിരോധകേന്ദ്രമായിരുന്നു അത്. ഏറെ ധീരനായി അറിയപ്പെട്ടിരുന്ന ജൂതന്‍ മര്‍ഹബിന്റെ കോട്ടയുമായിരുന്നു ഇത്. അലിയുടെ നേതൃത്വത്തിലുള്ള മുസ്ലിം സൈന്യം അവരെ സമീപിച്ചു ഇസ്ലാമിലേക്ക് ക്ഷണിച്ചു. പക്ഷെ, അവര്‍ വിസമ്മതിച്ചു. എന്നിട്ട്, നേതാവ് മര്‍ഹബിന്റെ നേതൃത്വത്തില്‍ യുദ്ധത്തിന് തയ്യാറായി പുറത്തുവന്നു. മര്‍ഹബ് ദ്വന്ദയുദ്ധത്തിന് വെല്ലുവിളിച്ചു. സംഭവം സലമത്ത് ബിന്‍ അക്വഅ് നിവേദനം ചെയ്യുന്നു: 'ഞങ്ങള്‍ ഖൈബറിലെത്തിയപ്പോള്‍ അവരുടെ നേതാവ് മര്‍ഹബ് വാളും ചുഴറ്റി പുറത്തുവന്നു. അവന്‍ പാടുന്നുണ്ടായിരുന്നു:
ഖൈബറിന്നറിയാം താന്‍ മര്‍ഹബാണ്
ആയുധപാണി, ധീരയോദ്ധാവ്
യുദ്ധത്തിലെ തിളങ്ങുന്ന താരം
എന്റെ പിതൃവ്യന്‍ ആമിര്‍ അവന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടു പാടി:
'ഖൈബറിനന്നറിയാം ഞാന്‍ ആമിറാണ്
സാഹസികനും സായുധനുമായ പോരാളി.'
അവര്‍ പരസ്പരം ഏറ്റുമുട്ടി: ചെറിയ വാളിന്റെ ഉടമയായ ആമിര്‍ ജൂതന്റെ കാലില്‍ വെട്ടാന്‍ ശ്രമിച്ചപ്പോള്‍ അത് തന്റെ തന്നെ കാല്‍മുട്ടില്‍ തട്ടി മരിച്ചു. അദ്ദേഹത്തെപ്പറ്റി പ്രവാചകന്‍ പറഞ്ഞു: അദ്ദേഹം ഇരട്ടി പ്രതിഫലത്തിനര്‍ഹനാണ്. കടുത്ത പോരാളിയായ അദ്ദേഹത്തെപ്പോലെയുള്ള അറബികള്‍ ദുര്‍ലഭമാണ്. (19) വീണ്ടും പഴയ ഈരടികള്‍ ആവര്‍ത്തിച്ചുകൊണ്ട് മര്‍ഹബ് രംഗത്തുവന്നപ്പോള്‍ അലി(റ) അവനെ നേരിട്ടു.
എന്നെയാണ് ഉമ്മ സിംഹമെന്ന് വിളിച്ചത്
ഭീകരരൂപിയായ കാട്ടിലെ സിംഹം
തിരിച്ചടിക്കും ഞാന്‍ പൂര്‍ണമായ അളവില്‍.

എന്നിട്ട് അലി അവന്റെ ശിരസിന് നേരെ വാള്‍ ആഞ്ഞുവീശി. അത് താഴെ വീണു. തുടര്‍ന്ന് അലിയുടെ കൈകൊണ്ട് വിജയം ഉണ്ടായി. (20). മര്‍ഹബിന് ശേഷം സഹോദരന്‍ യാസിന്‍ വെല്ലുവിളിച്ചപ്പോള്‍ അവനെ നേരിടാനായി സുബൈര്‍ തയ്യാറായി. അപ്പോള്‍ സുബൈറിന്റെ മാതാവ് തിരുമേനിയോട് ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, അവനെന്റെ പുത്രനെ വധിക്കുമോ?' അവിടുന്ന് പറഞ്ഞു: 'ഇല്ല, സുബൈര്‍ അവനെ വധിക്കും.' പറഞ്ഞതുപോലെ സുബൈര്‍ അവനെ വധിച്ചു.
ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ കടുത്ത പോരാട്ടം തന്നെയാണ് നടന്നത്. ദിവസങ്ങളോളം നീണ്ടുനിന്ന ആക്രമണ-പ്രതിരോധത്തില്‍ അനേകം ജൂതര്‍ വധിക്കപ്പെടുകയുണ്ടായി. മുസ്ലിംകളുടെ കടന്നാക്രമണം പ്രതിരോധിക്കാനാവാതെ നാഇം കോട്ടയില്‍നിന്ന് ജൂതന്മാര്‍ അടുത്തള്ള അസ്സ്വഅബ് കോട്ടയിലേക്ക് ഉള്‍വലിഞ്ഞു. അതോടെ നാഇം മുസ്ലിംകളുടെ കൈവശമായി.

ഇതിനുശേഷം ഹുബാബ്ബിന്‍ മുന്‍ദിറിന്റെ നേതൃത്വത്തില്‍ മുസ്ലിംകള്‍ അസ്സ്വ്അബ് കോട്ടയ്ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടു. മൂന്നുദിവസം അവരെ കോട്ടക്കുള്ളില്‍ ഉപരോധിച്ചു. മൂന്നാംദിവസം കോട്ട വിജയിച്ചടക്കാനായി പ്രവാചകന്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. ബനൂസഹ്മ് ഗോത്രക്കാരന്‍ വന്നു നബി(സ)യോട് പറഞ്ഞു. ഞങ്ങളുടെ കൈവശം ആഹാരത്തിന്നായി ഒന്നുമില്ല. ഞങ്ങളെല്ലാം ഏറെ പ്രയാസപ്പെട്ടിരിക്കുന്നു. അപ്പോള്‍ അവിടുന്ന് ഇങ്ങനെ പ്രാര്‍ഥിച്ചു: "അല്ലാഹുവേ, അവരുടെ സ്ഥിതി നിനക്കറിയാമല്ലോ. അവര്‍ക്ക് ഒരു ശക്തിയുമില്ല. അവര്‍ക്ക് നല്കാനായി എന്റെ കൈവശം ഒന്നുമില്ല. അതിനാല്‍ ധാരാളം സമ്പത്തും ഭക്ഷ്യവസ്തുക്കളുമുള്ള കോട്ട അവര്‍ക്ക് വിജയിപ്പിച്ച് നല്കണേ.'' പ്രാര്‍ഥനയ്ക്ക് ശേഷം മുസ്ലിംകള്‍ കോട്ടയ്ക്ക് നേരെ തിരിഞ്ഞു. മുന്‍പന്തിയില്‍ സഹ്മ്കാര്‍ തന്നെ. കോട്ടയ്ക്ക് മുമ്പില്‍ വെച്ച് കടുത്ത പോരാട്ടം തന്നെ നടന്നു. അന്ന് അസ്തമയത്തിന് മുമ്പായി കോട്ട കീഴടക്കുകയും ചെയ്തു. ധാരാളം ഭക്ഷണസാധനങ്ങളും കവണ യന്ത്രങ്ങളും യുദ്ധോപകരണങ്ങളും മുസ്ലിംകള്‍ക്ക് ഇവിടെ നിന്ന് ലഭിച്ചു.
കടുത്ത പട്ടിണികാരണം ഈ യുദ്ധത്തിന്നിടയില്‍ മുസ്ലിം ഭടന്മാരില്‍ ചിലര്‍ നാടന്‍ കഴുതയെ അറുത്ത് പാകം ചെയ്തു. ഇതറിഞ്ഞ പ്രവാചകന്‍ നാടന്‍ കഴുതയുടെ മാംസം കഴിക്കുന്നത് വിലക്കിക്കൊണ്ടുള്ള കല്പന അവരെ അറിയിച്ചു.
ഈ രണ്ടു കോട്ടകളും മുസ്ലിംകള്‍ കീഴടക്കിയതോടെ ജൂതര്‍ നത്വാഅ് പ്രദേശത്തെ കോട്ടകളില്‍നിന്ന് സുബൈര്‍ കോട്ടകളിലേക്ക് മാറി. ഏറെ പ്രയാസകരമായ ഒരു സ്ഥലത്തായിരുന്നു ഇത്. മനുഷ്യര്‍ക്കും കുതിരകള്‍ക്കും അവിടം പ്രാപിക്കാന്‍ തന്നെ കഴിയില്ല. മൂന്നുനാള്‍ അവരെ കോട്ടയില്‍ ഉപരോധിച്ചപ്പോള്‍ ഒരു ജൂതന്‍ വന്ന് പ്രവാചകനോട് പറഞ്ഞു: 'അബുല്‍ക്വാസിം, താങ്കള്‍ അവരെ ഒരു മാസം തന്നെ ഉപരോധിച്ചാലും അവര്‍ക്കൊരു പ്രശ്നവുമില്ല. അവര്‍ക്ക് ഭൂമിക്ക് താഴെ അരുവികളും ഉറവകളുമുണ്ട്. രാത്രിയില്‍ അവര്‍ വെള്ളം ശേഖരിക്കുകയും പകലില്‍ നിന്നോട് പ്രതിരോധിക്കുകയും ചെയ്യുന്നു. താങ്കളവരുടെ കുടിവെള്ളം തടഞ്ഞാല്‍ അവര്‍ താങ്കളുടെ മുന്നില്‍വരും.' ഇതിന്റെയടിസ്ഥാനത്തില്‍ പ്രവാചകന്‍ അവരുടെ കുടിവെള്ളം തടഞ്ഞു. അതോടെ അവര്‍ പുറത്തുവന്നു. തുടര്‍ന്ന് ഇരുവിഭാഗവും കടുത്ത ഏറ്റുമുട്ടല്‍ തന്നെ നടത്തി. അവസാനം കോട്ട മുസ്ലിംകള്‍ക്ക് കീഴടങ്ങി. ഏതാനും മുസ്ലിംകളും പത്തോളം ജൂതന്മാരും ഇതില്‍ വധിക്കപ്പെട്ടു.

ഇതോടെ ജൂതന്മാര്‍ ഉബയ്യ് കോട്ടയിലേക്ക് നീങ്ങി. അവിടെയും മുസ്ലിംകള്‍ ഉപരോധിച്ചപ്പോള്‍ ജൂതരിലെ ഓരോരോ യോദ്ധാക്കള്‍ പുറത്തുവന്നു. അവരെയെല്ലാം മുസ്ലിം യോദ്ധാക്കള്‍ നേരിട്ടു. രണ്ടാമത് വന്ന ജൂതനെ നേരിട്ടത് പ്രശസ്തനായ പടയാളി ചെമന്ന തലപ്പാവുകാരന്‍ അബൂദുജാനയായിരുന്നു. അവനെ വധിച്ച അബൂദുജാന നേരെ കോട്ടക്കകത്തേക്ക് കയറി. മുസ്ലിം സൈന്യവും കോട്ടക്കകത്തേക്ക് ഇരച്ചുകയറി അതിന്നകത്ത് നീണ്ട പോരാട്ടം തന്നെ നടന്നു. അവസാനം ജൂതന്മാര്‍ കോട്ട കയ്യൊഴിച്ച് അന്നിസ്സാര്‍ കോട്ടയിലേക്ക് പിന്‍വാങ്ങി.

ഇതായിരുന്നു ജൂതന്മാരെ സംബന്ധിച്ച് ഏറ്റവും സുരക്ഷിതമായ കോട്ട. ഇത് കീഴടക്കാന്‍ മുസ്ലിംകള്‍ക്കാവില്ല എന്ന ഒരു പ്രതീക്ഷയും അവര്‍ക്കുണ്ടായിരുന്നു. മലമുകളിലായിരുന്ന ഈ കോട്ടയിലായിരുന്നു കൂടുതല്‍ സുരക്ഷിതത്വമോര്‍ത്ത് സ്ത്രീകളേയും കുട്ടികളെയും അവര്‍ താമസിപ്പിച്ചിരുന്നത്. കോട്ടക്കുള്ളില്‍നിന്ന് പുറത്തുകടക്കാതെ അമ്പെയ്തും പാറക്കല്ലുകള്‍ ഉരുട്ടിയിട്ടും അവര്‍ മുസ്ലിംകളെ പ്രതിരോധിച്ചുനിന്നു ജൂതന്മാരെ നേരിടാന്‍ അവസാനം മുസ്ലിംകള്‍ കവണ യന്ത്രങ്ങള്‍ സ്ഥാപിച്ചു. ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. അതോടെ കോട്ടയുടെ ചുവരുകളില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് നടന്ന പോരാട്ടത്തില്‍ ജൂതന്മാര്‍ ദയനീയമായി പരാജയപ്പെട്ടു. കാരണം, മറ്റു കോട്ടകളില്‍നിന്നും രക്ഷപ്പെട്ടതുപോലെ അവര്‍ക്ക് ഇതില്‍നിന്ന് മറ്റൊരിടത്തേക്ക് രക്ഷപ്പെടാനായില്ല. ചിലരെല്ലാം സ്ത്രീകളെയും കുട്ടികളേയും ഒഴിവാക്കി ഓടിരക്ഷപ്പെടുകയുമുണ്ടായി. ഇതുംകൂടി ജയിച്ചതോടെ നത്വാത്, ശിഖ് പ്രദേശത്തെ കോട്ടകളെല്ലാം മുസ്ലിംകളുടെ കീഴില്‍വന്നു. ഇതോടെ അവര്‍ ഒന്നാം നിരയിലെ കോട്ടകളെല്ലാം ഒഴിവാക്കി ഖൈബറിന്റെ രണ്ടാം നിരയിലെ കോട്ടകളിലേക്ക് നീങ്ങി.

രണ്ടാം നിരയുടെ കീഴടക്കവും കൂടിയാലോചനയും
ഒന്നാം നിരയിലെ കോട്ടകളുടെ വിജയം പൂര്‍ത്തിയായതോടെ പ്രവാചകന്‍ രണ്ടാം നിരയിലെ കോട്ടകളിലേക്ക് തിരിഞ്ഞു. ശക്തിയായ ഉപരോധം തന്നെ അവര്‍ ഏര്‍പ്പെടുത്തുകയുണ്ടായി.

യുദ്ധചരിത്രകാരന്മാര്‍ ഈ കോട്ടകളില്‍ യുദ്ധം നടന്നോ ഇല്ലയോ എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായക്കാരാണ്. ഇബ്നുഇസ്ഹാഖിന്റെ വിശദീകരണമനുസരിച്ച് അല്‍ഖമൂസ് കോട്ട കീഴടക്കാന്‍ യുദ്ധം നടന്നതായി കാണുന്നു. എന്നാല്‍ അല്‍വാഖിദി സ്പഷ്ടമായി പറയുന്നത് ഈ നിരയിലെ കോട്ടകളില്‍ ഉഭയകക്ഷി സംഭാഷണത്തിലൂടെയാണ് കീഴടക്കിയതെന്നാണ്. അല്‍ഖമൂസ് കോട്ട യുദ്ധത്തിനുശേഷം സംഭാഷണത്തിലൂടെയായിരിക്കാം കൈവശപ്പെടുത്തിയത്. എന്നാല്‍ മറ്റു രണ്ടു കോട്ടകളും യുദ്ധമൊന്നുമില്ലാതെ മുസ്ലിംകളെ ഏല്പിക്കുകയാണുണ്ടായത്. ഏതായിരുന്നാലും നബി(സ) ഈ പ്രദേശത്ത് വന്ന് അവര്‍ക്കെതിരില്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും ജൂതന്മാര്‍ പുറത്തുവരാതായപ്പോള്‍ കവണ യന്ത്രങ്ങള്‍ ഉപയോഗിച്ച് അക്രമത്തിന് മുതിര്‍ന്നപ്പോള്‍ നാശം ഭയപ്പെട്ട അവര്‍ പുറത്തുവന്ന് സന്ധിസംഭാഷണത്തിന് തയ്യാറാവുകയാണുണ്ടായത്.

ഇബ്നുഅബി ഹുഖൈഖ് നബി(സ)യോട് അഭിമുഖത്തിന് അനുമതി തേടിയപ്പോള്‍ അവിടുന്ന് അതനുവദിച്ചു. അതിന്റെയടിസ്ഥാനത്തില്‍ കോട്ടയിലെ യോദ്ധാക്കളുടെ രക്തം ചിന്താതെ സ്വന്തം മക്കളേയും ധരിച്ച വസ്ത്രവും മാത്രമായി സ്ഥലം വിടാനും ഭൂമിയും സ്വര്‍ണവും വെള്ളിയും മറ്റു ധനങ്ങളും റസൂല്‍ (സ)ക്ക് നല്കാനും തീരുമാനിച്ചു.* അപ്പോള്‍ നബി(സ) പറഞ്ഞു: 'നിങ്ങളെന്തെങ്കിലും എന്നില്‍നിന്ന് മറച്ചുവെക്കുന്നുവെങ്കില്‍, അല്ലാഹുവിന്റെയും അവന്റെ ദൂതരുടേയും ഉത്തരവാദിത്തത്തില്‍ നിങ്ങളില്‍ നിന്ന് ഞാന്‍ മുക്തനായിരിക്കുന്നു.' ഇതോടെ സന്ധി പൂര്‍ത്തിയാക്കുകയും ഖൈബര്‍ വിജയിക്കുകയും ചെയ്തു.

ഈ സന്ധി നിലനില്ക്കേ അബില്‍ ഹുഖൈഖിന്റെ രണ്ട് പുത്രന്മാര്‍ ഒരു തോല്‍സഞ്ചി നിറയെ ആഭരണങ്ങളും പണവും ഒളിപ്പിച്ചു വെക്കുകയുണ്ടായി. ഇതത്രയും ഹുയയ്ബ്നു അബീഅഖ്തബ്, ബനൂനളീര്‍ നാടുകടത്തപ്പെട്ടപ്പോള്‍ കൂടെ കൊണ്ടുവന്നതായിരുന്നു. ഇതിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ അത് തനിക്കറിയില്ലെന്ന് കിനാനബിന്‍ അബില്‍ ഹുഖൈഖ് കളവ് പറയുകയാണുണ്ടായത്. അദ്ദേഹത്തിന്റെ പക്കല്‍ നിന്ന് അവയെല്ലാം കണ്ടെടുത്തതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം പിന്നീട് വധിക്കപ്പെട്ടതായി ഇബ്നുഖയ്യിം രേഖപ്പെടുത്തുന്നു. ഇദ്ദേഹം കിനാനയുടെ പിതൃസഹോദരപുത്രനാണ്. ഈ യുദ്ധത്തില്‍ ഹുയയ്ബിന്‍ അഖ്ത്വബിന്റെ പുത്രി സ്വഫിയ്യയെ നബി(സ) തടവുകാരിയായി പിടിച്ചു. ഇവര്‍ കിനാനബിന്‍ അബില്‍ ഹുഖൈഖിന്റെ ഭാര്യയായിരുന്നു. ഇവരെ പിന്നീട് തിരുമേനി വിവാഹം കഴിക്കുകയുണ്ടായി.

ഗനീമത്ത് വിഭജനം

സന്ധിവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ജൂതന്മാരെ ഖൈബറില്‍നിന്ന് നാടുകടത്താന്‍ പ്രവാചകന്‍ ഉദ്ദേശിച്ചു. പക്ഷെ, അവര്‍ വന്ന് നബി (സ)യോട് കരുണക്കായി യാചിച്ചു. ഫലഭൂയിഷ്ഠമായ ഖൈബര്‍ കൃഷിയിടം ഒഴിവാക്കാന്‍ അവര്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല. അവര്‍ പ്രവാചകനോട് പറഞ്ഞു: ഞങ്ങള്‍ ഈ ഭൂമിയില്‍ കൃഷിചെയ്തുകൊള്ളാം. നിങ്ങളേക്കാള്‍ ഞങ്ങള്‍ക്കാണല്ലോ ഈ സ്ഥലത്തെപ്പറ്റി കൂടുതലറിയുക. പ്രവാചകനും അനുയായികള്‍ക്കുമാകട്ടെ അവ കൃഷിചെയ്തു സംരക്ഷിക്കാന്‍ പറ്റിയ സേവകരുമില്ലായിരുന്നു. അങ്ങനെ വിളവിന്റെ പകുതി നല്കാമെന്ന വ്യവസ്ഥയില്‍ അവരെ അവിടെത്തന്നെ നിയമിച്ചു. ഇവരുടെ കണക്കുനോക്കാന്‍ അബ്ദുല്ലാഹിബ്നു റവാഹയായിരുന്നു നിയോഗിക്കപ്പെട്ടിരുന്നത്.
ഖൈബറിലെ ഭൂമി പ്രവാചകന്‍ രണ്ടായി വിഭജിച്ചു. ഒരോഹരി മുസ്ലിംകള്‍ അഭിമുഖീകരിക്കുന്ന യാദൃഛിക പ്രശ്നങ്ങള്‍ പരിഹരിക്കാനും മദീനയിലെത്തിയ വിദേശികളെ അധിവസിപ്പിക്കാനുമായി നീക്കിവെച്ചു. മറ്റേ പകുതി, ഹുദൈബിയയില്‍ പങ്കെടുത്തവര്‍ക്കും അല്ലാത്തവര്‍ക്കുമായി നല്കി. മൊത്തം മുപ്പത്തിആറ് ഓഹരിയുണ്ടായിരുന്ന സ്വത്തില്‍ പകുതിയാണ് മേല്‍പറഞ്ഞ അംഗങ്ങള്‍ക്കിടയില്‍ വിഭജിച്ചത്. 1400 ഭടന്മാരുണ്ടായിരുന്നതില്‍ 200പേര്‍ അശ്വഭടന്മാരായിരുന്നു. അശ്വഭടന്മാര്‍ക്ക് മൂന്നും കാലാള്‍ക്ക് ഒന്നും എന്ന തോതിലാണ് വിഭജിക്കപ്പെട്ടത്. (20)
ഖൈബറില്‍നിന്ന് ലഭിച്ച സമരാര്‍ജിത സ്വത്ത് ഒരു വലിയ മുതല്‍ക്കൂട്ട് തന്നെയായിരുന്നു. ഇബ്നുഉമര്‍ പറയുന്നു:

'ഖൈബര്‍ വിജയിക്കുന്നതുവരെ ഞങ്ങള്‍ വയറുനിറച്ച് ആഹരിച്ചിരുന്നില്ല.' ആഇശ(റ) പറയുന്നു: 'ഇപ്പോള്‍ ഞങ്ങള്‍ വയറുനിറയെ ഈത്തപ്പഴം കഴിക്കുന്നു.'(21)

മദീനയില്‍ തിരിച്ചെത്തിയശേഷം മുഹാജിറുകള്‍ക്ക് അന്‍സ്വാറുകള്‍ നല്കിയ ഈത്തപ്പനകളെല്ലാം തിരിച്ചു നല്കുകയുണ്ടായി. ഖൈബറിലെ സമ്പത്ത് കൈവന്നതായിരുന്നു ഇതിന് കാരണം. (22)
ഈ സന്ദര്‍ഭത്തിലാണ് നബി(സ)യുടെ പിതൃസഹോദരപുത്രന്‍ ജഅ്ഫര്‍ബിന്‍ അബീത്വാലിബും കൂട്ടുകാരും അബൂമൂസ അല്‍ അശ്അരിയേയും കൂട്ടുകാരേയുംകൊണ്ട് അബ്സീനിയയില്‍ നിന്ന് മദീനയില്‍ തിരിച്ചെത്തുന്നത്. അബൂമൂസഅല്‍ അശ്അരി പറയുന്നു: 'ഞങ്ങള്‍ യമനിലായിരിക്കെ നബി(സ)യുടെ പുറപ്പാട് ഞങ്ങളറിഞ്ഞു. തദടിസ്ഥാനത്തില്‍ ഒരു കപ്പലിലേറി ഞാനും എന്റെ സഹോദരന്മാരും അമ്പതില്‍ പരം വരുന്ന എന്റെ ജനതയോടൊപ്പം പുറപ്പെട്ടു. പക്ഷെ, കപ്പല്‍ എത്യോപ്യന്‍ തീരത്തണഞ്ഞു. അവിടെവെച്ച് ജഅ്ഫറിനേയും കൂട്ടുകാരേയും കണ്ടുമുട്ടി. റസൂല്‍(സ)യുടെ മടങ്ങാനുള്ള നിര്‍ദേശം ലഭിക്കുന്നതുവരെ ഞങ്ങളവിടെ തങ്ങി. ഖൈബര്‍ വിജയിച്ചതോടെ ഞങ്ങള്‍ മടങ്ങി. ഞങ്ങള്‍ക്കും തിരുമേനി ഖൈബറിലെ വിഹിതം നല്കുകയുണ്ടായി. ഞങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും ഇതുപോലെ പ്രവാചകന്‍ നല്കിയിട്ടില്ല (23) ജഅ്ഫറിന്റെ ആഗമനത്തില്‍ ആഹ്ളാദചിത്തനായി റസൂല്‍(സ) അദ്ദേഹത്തെ ചുംബിച്ചുകൊണ്ട് പറഞ്ഞു: അല്ലാഹുവാണേ, ജഅ്ഫറിന്റെ ആഗമനമാണോ ഖൈബര്‍ വിജയമാണോ ഏതാണ് കൂടുതല്‍ സന്തോഷദായകമെന്നെനിക്കറിയില്ല.''

അംറുബ്നുഉമയ്യ അള്ളംരിയെ നബി(സ) നജ്ജാശിയുടെ സമീപത്തേക്ക് അയച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇവര്‍ തിരിച്ചുപോന്നത്. രണ്ടുവാഹനങ്ങളിലാണ് ഇവരെ നജ്ജാശി തിരിച്ചയച്ചത്. ഇവര്‍ പതിനാറ് പുരുഷന്മാരും പുറമെ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. ഇതിന്നു പുറമെയുള്ളവര്‍ മുമ്പെ മദീനയിലേക്ക് മടങ്ങിയിരുന്നു. (24)

സ്വഫിയ്യയുമായുള്ള വിവാഹം
വഞ്ചന കാണിച്ചതുകാരണം കിനാനബിന്‍ അബില്‍ഹുഖൈഖ് വധിക്കപ്പെട്ടശേഷം അദ്ദേഹത്തിന്റെ ഭാര്യ സ്വഫിയ്യ ബന്ധിയാക്കപ്പെടുകയുണ്ടായെന്ന് നാം മുകളില്‍ പ്രസ്താവിക്കുകയുണ്ടായി. ബന്ദികളെ വിഭജിച്ചപ്പോള്‍ ദഹിയ്യ ബിന്‍ ഖലീഫ അല്‍കല്‍ബിവന്നു ഒരു പെണ്‍കുട്ടിയെ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് ഒന്ന് എടുക്കാന്‍ അനുമതി നല്കി. അദ്ദേഹം സ്വഫിയ്യയെയാണ് തെരഞ്ഞെടുത്തത്. തുടര്‍ന്ന് മറ്റൊരാള്‍ വന്ന് നബി (സ)യോട് പറഞ്ഞു: പ്രവാചകരേ സ്വഫിയ്യ ഖുറൈളയുടെയും നളീറിന്റേയും നേതാവാണ് അവര്‍ അങ്ങേക്കല്ലാതെ അനുയോജ്യയാവുകയില്ല. അതിനെതുടര്‍ന്നു ദഹിയ്യയോട് മറ്റൊരുത്തിയെ സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. സ്വഫിയ്യയെ പ്രവാചകന്‍ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും അവര്‍ ഇസ്ലാം സ്വീകരിക്കുകയും തുടര്‍ന്നവരെ മോചിതയാക്കി പ്രവാചകന്‍ വിവാഹം കഴിക്കുകയും ചെയ്തു. അവരെ അടിമത്തത്തില്‍നിന്ന് മോചിപ്പിക്കുകയെന്നതായിരുന്നു അവര്‍ക്കുള്ള വിവാഹമൂല്യം. ഖൈബറില്‍നിന്ന് മദീനയിലേക്കുള്ള യാത്രയ്ക്കിടയില്‍ സദ്ദ്അസ്സ്വഹ്ബാഅ് എന്നിടത്ത് വെച്ച് തിരുമേനി അവരുമായി മധുവിധു ആഘോഷിച്ചു. വിവാഹസദ്യയായി ഈത്തപ്പഴവും ഹൈസും മറ്റും നല്കി. മൂന്നുദിവസം അവിടെ തങ്ങിയ ശേഷമാണ് യാത്ര തുടങ്ങിയത്.(25)

വിഷമൂട്ടിയ മാംസം
ഇതിന്നിടയില്‍ ഹാരിഥിന്റെ പുത്രി സൈനബ്- സല്ലാമുബ്നു മുശ്കമിന്റെ ഭാര്യ -നബി(സ)യെ ആട് മാംസം നല്കി സല്‍ക്കരിച്ചു. നബി(സ)ക്ക് ഏറെ ഇഷ്ടമായിരുന്ന കൈയിന്റെ ഭാഗത്ത് വിഷം ചേര്‍ത്തായിരുന്നു ഇത് നല്കിയിരുന്നത്. അല്പം ചവച്ച തിരുമേനിക്ക് വിഷം ചേര്‍ത്തതായി അറിവ് ലഭിച്ചു. തുടര്‍ന്ന് അവളെ വിളിച്ചന്വേഷിച്ചപ്പോള്‍ അവള്‍ പറഞ്ഞത്, താങ്കളൊരു രാജാവാണെങ്കില്‍ താങ്കളില്‍ നിന്ന് ഞങ്ങള്‍ക്ക് രക്ഷപ്പെടാം ഒരു, പ്രവാചകനെങ്കില്‍ താങ്കള്‍ക്ക് അറിവ് ലഭിക്കുകയും ചെയ്യുമല്ലോ എന്ന് കരുതി. അങ്ങനെ അവളെ വെറുതെ വിട്ടു. തിരുമേനിയുടെ കൂടെയുണ്ടായിരുന്ന ബിശ്റ് ബിന്‍ ബറാഅ് അതില്‍നിന്ന് കഴിച്ചതുകാരണം മൃതിയടയുകയുണ്ടായി. ഈ സൈനബിനെ വിട്ടയക്കുകയോ വധിക്കുകയോ ചെയ്തതെന്ന കാര്യത്തില്‍ റിപ്പോര്‍ട്ടുകള്‍ ഭിന്നത പുലര്‍ത്തുന്നു. ആദ്യം വിട്ടയക്കുകയും പിന്നീട് ബിശ്റ് മരിച്ചതോടെ പ്രതിക്രിയ എന്ന നിലയ്ക്ക് അവളെ വധിക്കുകയുമാണുണ്ടായത് എന്ന് എല്ലാ റിപ്പോര്‍ട്ടുകളും സമന്വയിപ്പിച്ചുകൊണ്ട് പണ്ഡിതന്മാര്‍ പറയുന്നു. (26)

ഈ യുദ്ധത്തില്‍ മുസ്ലിംകളുടെ പക്ഷത്തുനിന്ന് രക്തസാക്ഷികളായത് പതിനാറിന്റെയും പതിനെട്ടിന്റെയും ഇടയ്ക്ക് ആളുകളാണ്. എന്നാല്‍ ജൂതരില്‍നിന്ന് വധിക്കപ്പെട്ടത് തൊണ്ണൂറ്റിമൂന്നു പേരും.

ഫദക് വിജയവും വാദില്‍ക്വുറാഉം
നബി(സ) ഖൈബറില്‍ എത്തിയ ഉടനെ മുഹയ്യിസ്വത്ത് ബിന്‍ മസ്ഊദിനെ ഫദകിലെ ജൂതന്മാരുടെ അടുക്കലേക്ക് അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കാനായി നിയോഗിച്ചു. പക്ഷെ, അവര്‍ ഇസ്ലാമില്‍ താല്പര്യം കാണിച്ചില്ല. എന്നാല്‍ ഖൈബര്‍ വിജയിച്ചതോടെ അവരുടെ മനസ്സില്‍ ഭയം കയറുകയും ഖൈബര്‍കാരെ പോലെ ഫദകിലെ വരുമാനത്തില്‍ പകുതി നല്കാമെന്ന് സമ്മതിച്ചുകൊണ്ട് സന്ധിയാവശ്യപ്പെട്ട് പ്രവാചകസന്നിധിയിലേക്ക് അവര്‍ ദൂതനെ നിയോഗിക്കുകയും ചെയ്തു. തിരുമേനി ആ സന്ധി സ്വീകരിച്ചു. ഈ സ്വത്ത് പ്രവാചകന്റെ അധീനത്തിലായിരുന്നു. യുദ്ധമൊന്നും നടക്കാത്തതിനാല്‍ ഇത് മുസ്ലിംകള്‍ക്കിടയില്‍ വിഭജിക്കുകയുണ്ടായില്ല.

ഖൈബറില്‍ നിന്ന് വിരമിച്ച ശേഷം പ്രവാചകന്‍ മദീനയിലെ മറ്റൊരു ജൂത കോളനിയായ വാദില്‍ ക്വുറയിലേക്കു തിരിഞ്ഞു. അവിടെ എത്തിയ മുസ്ലിംകള്‍ക്കു നേരെ ജൂതന്‍മാര്‍ അമ്പുകള്‍ വര്‍ഷിച്ചു. നബി(സ)യുടെ അടിമയായിരുന്ന മിദ്അം ഇതില്‍ വധിക്കപ്പെട്ടു. ജനങ്ങള്‍ അവന് സ്വര്‍ഗം ആശംസിച്ചപ്പോള്‍ പ്രവാചകന്‍ അവരെ തിരുത്തി. ഇല്ല, അവന്‍ ഖൈബറിലെ സമരാര്‍ജിത സമ്പത്തില്‍ നിന്ന് മോഷ്ടിച്ച പുതപ്പിനെപ്പറ്റി തിരുമേനി ഓര്‍മിപ്പിച്ചു. ഇതുകേട്ടപ്പോള്‍ ഒരാള്‍ ഒന്ന് രണ്ട് ചെരുപ്പിന്റെ വാറുകള്‍ തിരിച്ചുകൊണ്ടുവന്നു. അപ്പോള്‍ നബി(സ) പറഞ്ഞു. 'നരകത്തില്‍നിന്നുള്ള ചെരിപ്പുവാറുകള്‍.'(27)
തുടര്‍ന്ന് സൈന്യത്തെ പ്രവാചകന്‍ മൂന്നു വിഭാഗമായി തിരിച്ചു. എന്നിട്ട് തന്റെ കൊടി സഅദ്ബിന്‍ ഉബാദയെ ഏല്പിച്ചു. പിന്നീട് ഹബ്ബാബ് ബിന്‍ മുന്‍ദിറിനും സഹ്ല്ബിന്‍ ഹുനൈഫിനും ഉബാദത്ത്ബിന്‍ ബിശ്റിനും ഓരോ പതാകവീതം നല്‍കി. ഇവര്‍ ജൂതന്മാരെ ഇസ്ലാമിലേക്ക് ക്ഷണിച്ചെങ്കിലും സ്വീകരിക്കാന്‍ സന്നദ്ധമായില്ല. തുടര്‍ന്ന് അവരില്‍ നിന്നൊരാള്‍ രംഗത്ത് വന്നു. അവനെ സബൈര്‍ ബിന്‍ അല്‍ അവ്വാം നേരിട്ടു വധിച്ചു. തുടര്‍ന്ന് മറ്റൊരാളുംവന്നു അവനെയും അദ്ദേഹം കൈകാര്യം ചെയ്തു. തുടര്‍ന്നുവന്ന മറ്റൊരാളെ അലി(റ)യും വധിച്ചു. അങ്ങനെ പതിനൊന്ന് പേര്‍ അവരില്‍ നിന്നു വധിക്കപ്പെട്ടു.
യുദ്ധത്തിനിടയില്‍ നമസ്കാര സമയമാകുമ്പോള്‍ തിരുമേനി നമസ്കാരത്തിനു നേതൃത്വം നല്‍കും. അതുകഴിഞ്ഞ് തിരിച്ച് ചെന്ന് അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കും. അങ്ങനെ സന്ധ്യവരെ യുദ്ധം ചെയ്തു. പിറ്റേന്ന് കാലത്ത് തങ്ങളുടെ പക്കലുള്ളതെല്ലാം നല്‍കി അവര്‍ കീഴടങ്ങി. അവരില്‍ നിന്ന് ധാരാളം ഉപകരണങ്ങളും സാധനങ്ങളും സമ്പത്തായി ലഭിച്ചു. നാലു ദിവസം അവിടെ തങ്ങിയ ശേഷം യുദ്ധത്തില്‍ ലഭിച്ച സാധനങ്ങളെല്ലാം പ്രവാചകന്‍ അനുയായികള്‍ക്കിടയില്‍ വിഭജിച്ചു. കൃഷിഭൂമിയും ഈത്തപ്പനയും ഖൈബറില്‍ ചെയ്തതുപോലെ ജൂതന്മാരെ ഏല്പിച്ചു.

ഖൈബറും ഫദകും വാദില്‍ഖുറയും കീഴടങ്ങിയ വിവരം അറിഞ്ഞ തൈമാഇലെ ജൂതന്മാര്‍ പ്രതിരോധത്തിനു തയ്യാറാകാതെ സന്ധിചെയ്തു. അവരുടെ സമ്പത്തെല്ലാം അവര്‍ക്കുതന്നെ നിലനിര്‍ത്തി. അവരെ നാടുകടത്തില്ലെന്നും സംരക്ഷണം നല്കാമെന്നും പകരം 'ജിസ്യ' നല്‍കണമെന്നും കാണിക്കുന്ന ഒരു പത്രം പ്രവാചകന്‍ അവര്‍ക്ക് എഴുതിക്കൊടുത്തു. ഖാലിദ് ബിന്‍ സഈദായിരുന്നു പ്രവാചകനുവേണ്ടി ഇതെഴുതിയത്.(28)

മദീനയിലേക്ക്
നബി(സ)യും അനുയായികളും പിന്നീട് മദീനയിലേക്ക് മടങ്ങി. വഴിയില്‍ ഒരു താഴ്വര മുറിച്ചുകടന്നപ്പോള്‍ ജനങ്ങള്‍ 'അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍, ലാഇലാഹ ഇല്ലല്ലാഹ്, എന്നു ഉച്ചത്തില്‍ ചൊല്ലുന്നത് കേട്ടപ്പോള്‍ റസൂല്‍(സ) അവരോടു പറഞ്ഞു. 'നിങ്ങള്‍ നിങ്ങളോട് അനുകമ്പ കാണിക്കുക. നിങ്ങള്‍ വിളിക്കുന്നത് ചെവികേള്‍ക്കാത്തവനെയോ സ്ഥലത്തില്ലാത്തവനെയോ അല്ലല്ലോ. കേള്‍ക്കുന്നവനും സമീപസ്ഥനുമായവനെയാണ് നിങ്ങള്‍ വിളിക്കുന്നത്.' (29)
രാത്രിയുടെ ആദ്യത്തില്‍ നടന്ന പ്രവാചകന്‍ അന്ത്യത്തില്‍ ഉറങ്ങി. കാലത്ത് ഉണര്‍ന്നപ്പോള്‍ കാവല്‍ നിര്‍ത്തിയിരുന്ന ബിലാലും ഉറങ്ങിപ്പോയി. സൂര്യതാപമേല്ക്കുന്നതുവരെ ആരും ഉണര്‍ന്നതേയില്ല. പിന്നീട് ആദ്യം ഉണര്‍ന്നത് നബി(സ) തന്നെയായിരുന്നു. തുടര്‍ന്ന് ആ താഴ്വരയില്‍നിന്ന് മുന്നോട്ടുനീങ്ങി സുബ്ഹ് നമസ്കരിച്ചു. ഈ സംഭവം മറ്റേതോ യാത്രയിലാണെന്ന അഭിപ്രായവുമുണ്ട്. (30)

നബി(സ)യുടെ മടക്കം ഹിജ്റ ഏഴാം വര്‍ഷം സ്വഫര്‍ അന്ത്യത്തിലോ റബീഉല്‍ അവ്വല്‍ ആദ്യത്തിലോ ആണ്. യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ക്കു ശേഷം മദീന ഒഴിവാക്കിപോരുന്നതു വിവേകപൂര്‍ണമായ ഒരു നടപടിയല്ലെന്ന് യുദ്ധരംഗത്ത് നിപുണനായ പ്രവാചകന് നന്നായറിയാമായിരുന്നു. പ്രത്യേകിച്ച് മുസ്ലിംകള്‍ക്കെതിരില്‍ അവസരം പാര്‍ത്തു നില്‍ക്കുന്ന ഗ്രാമീണ അറബികള്‍ സമീപത്തുതന്നെയുള്ളപ്പോള്‍, അതിനാല്‍ അബാന്‍ ബിന്‍ സഈദിന്റെ നേതൃത്വത്തില്‍ ഗ്രാമീണ അറബികളെ ഭയപ്പെടുത്താനായി ഒരു സൈന്യത്തെ പ്രവാചകന്‍ നിയോഗിച്ചിരുന്നു. നബി(സ)യുടെ ഖൈബര്‍ യാത്രയില്‍, തന്റെ ദൌത്യം നിര്‍വഹിച്ചു തിരിച്ചുവരുന്ന അബാന്‍ ബിന്‍ സഈദ് തിരുമേനിയുമായി സന്ധിച്ചു. ഈ സൈന്യനിയോഗം ഹി. 7ാം വര്‍ഷം സ്വഫര്‍ മാസത്തിലായിരിക്കാം. ബുഖാരിയില്‍ ഈ യുദ്ധം പരാമര്‍ശിക്കുന്നുണ്ട്.*

ദാതുരിക്വാഅ് യുദ്ധം
സഖ്യകക്ഷികളിലെ പ്രബലരായ രണ്ടു വിഭാഗങ്ങളെയും ഒതുക്കിക്കഴിഞ്ഞ ശേഷം, പലപ്പോഴായി മുസ്ലിംകളെ കൊള്ള ചെയ്യുകയും കവര്‍ച്ച നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന ഗ്രാമീണ അറബികളെ അമര്‍ച്ച ചെയ്യാനായി പ്രവാചകന്റെ പൂര്‍ണ ശ്രമം. ഒരു പ്രത്യേക സ്ഥലത്ത് ഒതുങ്ങിത്താമസിക്കാതെ പലയിടങ്ങളിലായി ചിതറിക്കിടക്കുന്നത് കാരണം ഇവരെ അമര്‍ച്ച ചെയ്യുകയെന്നത് ക്ഷിപ്രസാധ്യമായിരുന്നില്ല. അതിനാല്‍ ഇവര്‍ക്കെതിരെ ഭീഷണിയിറക്കുകയായിരുന്നു പ്രവാചകന്‍ ചെയ്തിരുന്നത്. പല തവണ ഇത്തരം സംരംഭങ്ങളുണ്ടായിട്ടുണ്ട്. ഇതിലൊന്നാണ് ദാത്തുരിക്വാഅ് എന്ന പേരിലറിയപ്പെടുന്ന യുദ്ധം.

യുദ്ധ ചരിത്രകാരന്മാരെല്ലാം ഇത് ഹിജ്റ നാലാം വര്‍ഷത്തിലെ ഒരു സംഭവമായിട്ടാണ് രേഖപ്പെടുത്തുന്നത്. പക്ഷെ, അബൂമൂസല്‍ അശ്അരിയും അബൂഹുറയ്റയും ഈ യുദ്ധത്തില്‍ പങ്കെടുക്കുന്നുവെന്നത് സംഭവം ഖൈബറിനു ശേഷമാണെന്ന് തെളിയിക്കുന്നു. ഹിജ്റ 7ാം വര്‍ഷം റബീഉല്‍ അവ്വലിലായിരിക്കാം ഇതു നടന്നത്.

പ്രവാചക ചരിത്രകാരന്മാര്‍ ഈ യുദ്ധത്തെക്കുറിച്ചു രേഖപ്പെടുത്തിയതിന്റെ സംക്ഷിപ്തമിതാണ്. ഗ്വത്വ്ഫാനിലെ അന്‍മാര്‍, ഥഅ്ലബ, മുഹാരിബ് എന്നീ ശാഖകള്‍ ഏകോപിച്ച് മുസ്ലിംകള്‍ക്കെതിരെ നീങ്ങാനുള്ള തീരുമാനം നബി(സ)ക്ക് ലഭിച്ചപ്പോള്‍ ഉടനെത്തന്നെ അവിടുന്ന് നാനൂറോ എഴുനൂറോ അനുയായികളുമായി അങ്ങോട്ടു പുറപ്പെട്ടു. മദീനയുടെ നേതൃത്വം അബൂദര്‍റിനേയോ ഉഥ്മാന്‍ ബിന്‍ അഫ്ഫാനെയോ ഏല്പിച്ചു. മദീനയില്‍ നിന്നു രണ്ടു ദിവസത്തെ യാത്രയ്ക്കു ശേഷം നഖ്ല്‍ എന്ന സ്ഥലത്തെത്തിച്ചേര്‍ന്നു. അവിടെ ഗത്വ്ഫാന്‍കാരുടെ ഒരു സംഘത്തെ കണ്ടുമുട്ടി. രണ്ടു വിഭാഗവും പരസ്പരം അടുത്തെങ്കിലും ഏറ്റുമുട്ടലുകളൊന്നുമുണ്ടായില്ല. പക്ഷെ, മുസ്ലിംകള്‍ അന്ന് ഭയമുണ്ടാകുന്ന സമയത്ത് നമസ്കരിക്കുന്ന രൂപത്തിലായിരുന്നു നമസ്കാരം നിര്‍വഹിച്ചത്. ബുഖാരിയുടെ നിവേദനത്തില്‍. നബി(സ) സൈന്യത്തിലെ ഒരു വിഭാഗത്തെ കൊണ്ട് രണ്ട് റക്അത്തും മറ്റേ വിഭാഗത്തെകൊണ്ട് രണ്ടുറക്അത്തും നമസ്കരിച്ചു. നബി(സ) നാലു റക്അത്തും സൈന്യാംഗങ്ങള്‍ക്ക് ഈ രണ്ടു റക്അത്ത് വീതവും.

അബൂമൂസല്‍ അശ്അരിയില്‍നിന്ന് ബുഖാരി രേഖപ്പെടുത്തുന്നു: ഞങ്ങള്‍ ആറുപേര്‍ തിരുമേനിയുടെ കൂടെ പുറപ്പെട്ടു. ഞങ്ങള്‍ക്കാകെയുണ്ടായിരുന്നത് ഒരു ഒട്ടകമായിരുന്നു. ഊഴമനുസരിച്ച് ഞങ്ങളതില്‍ കയറും. നടത്തം കാരണം ഞങ്ങളുടെ കാലുകളില്‍ മുറിവ് വീണു. എന്റെ കാലില്‍ മുറിവ് പറ്റുകയും നഖം അടര്‍ന്നുപോവുകയും ചെയ്തു. ഇത് കാരണം കാലുകളില്‍ ഞങ്ങള്‍ തുണിചുറ്റി അങ്ങനെ ഈ യുദ്ധത്തിന് ദാത്തുരിഖാഅ് എന്ന് പേര്‍ വന്നു.

ജാബിര്‍(റ) നിവേദനം ചെയ്യുന്നു. ഞങ്ങള്‍ ദാത്തുരിക്വാഅ് യുദ്ധത്തിന്നിടയില്‍ ഒരു തണല്‍ വൃക്ഷത്തിന് സമീപമെത്തിയപ്പോള്‍ നബി(സ)ക്ക് വിശ്രമിക്കാനായി അവിടം വിട്ടുകൊടുത്തുകൊണ്ട് ഞങ്ങള്‍ നാലുപാടും ചിതറി. തിരുമേനി അവിടുത്തെ വാള്‍ മരത്തില്‍ തൂക്കി. ഞങ്ങളെല്ലാവരും നന്നായി ഉറങ്ങുകയും ചെയ്തു. ഉടനെ ഒരു ബഹുദൈവാരാധകന്‍ കടന്നുവന്നു. തിരുമേനിയുടെ വാള്‍ തട്ടിയെടുത്തുകൊണ്ട് ചോദിച്ചു: നീയെന്നെ ഭയപ്പെടുന്നോ? അവിടുന്ന് പറഞ്ഞു: ഇല്ല. അവന്‍: ആരാണ് നിന്നെയിപ്പോള്‍ രക്ഷപ്പെടുത്തുക? അവിടുന്ന് മൊഴിഞ്ഞു: അല്ലാഹു. തുടര്‍ന്ന് റസൂല്‍(സ) ഞങ്ങളെ വിളിച്ചു: ഞങ്ങള്‍ ചെന്നപ്പോള്‍ ഗ്രാമീണ അറബി അവിടുത്തെ സമീപമിരിക്കുന്നത് ഞങ്ങള്‍ കണ്ടു. നബി(സ) ഉണ്ടായ സംഭവം ഞങ്ങളോട് വിശദീകരിച്ചു. നബി(സ) അദ്ദേഹത്തെ ആക്ഷേപിക്കുകയൊന്നുമുണ്ടായില്ല. അബൂ ഉവാനയുടെ നിവേദനമനുസരിച്ച് നബി(സ)യുടെ മറുപടി കേട്ട് ശത്രുവിന്റെ കൈയില്‍നിന്ന് വാള്‍ താഴെ വീഴുകയും ഉടനെ അത് കൈവശപ്പെടുത്തിയ തിരുമേനി തിരിച്ചവനോട് ചോദിച്ചു നിന്നെയിപ്പോള്‍ രക്ഷപ്പെടുത്താന്‍ ആര്‍ക്കാണ് കഴിയുക? അവന്‍ പ്രതികരിച്ചത് : താങ്കള്‍ ഒരു നല്ലവനാണെന്ന് ഞാന്‍ വിചാരിക്കുന്നു. നബി(സ) അവനോട് പറഞ്ഞു: അല്ലാഹുമാത്രമാണ് ആരാധ്യനെന്നും ഞാന്‍ അല്ലാഹുവിന്റെ ദൂതനാണെന്നും നീ സാക്ഷ്യം വഹിക്കുമോ? അവന്‍ പറഞ്ഞു: താങ്കളോട് പോരടിക്കുകയോ പോരടിക്കുന്നവരോട് സഹകരിക്കുകയോ ചെയ്യില്ലെന്ന് ഞാന്‍ വാക്കുതരാം. അങ്ങനെ അവനെ വെറുതെവിട്ടു. അവന്‍ തന്റെ ജനതയുടെ അടുക്കല്‍ തിരിച്ചുചെന്ന് പറഞ്ഞത്: 'ഞാന്‍ ജനങ്ങളിലെ ഏറ്റം നല്ല മനുഷ്യന്റെ അടുക്കല്‍നിന്നാണിപ്പോള്‍ വരുന്നത്. (31)

ബുഖാരിയുടെ നിവേദനമനുസരിച്ച് ഈ മനുഷ്യന്റെ പേര്‍ ഗൌറഥ്ബ്നു അല്‍ഹാരിഥ് എന്നാണ്. ഇബ്നുഹജര്‍ പറയുന്നു: വാഖിദി ഇദ്ദേഹത്തിന്റെ പേര്‍ ദുഅ്ഥൂര്‍ ആണെന്നും മുസ്ലിമാണെന്നും പറയുന്നു: പക്ഷെ, രണ്ടും രണ്ട് യുദ്ധങ്ങളിലെ സംഭവങ്ങളാണ്. (32)

യുദ്ധം കഴിഞ്ഞു മടങ്ങുന്നതിന്നിടയില്‍ ശത്രുപക്ഷത്തുള്ള ഒരു സ്ത്രീയെ ബന്ദിയാക്കി. ഇതറിഞ്ഞ് അവളുടെ ഭര്‍ത്താവ്, മുഹമ്മദിന്റെ അനുയായികളുടെ രക്തം ചിന്താതെ തിരിച്ചുപോരില്ല എന്ന് ശപഥം ചെയ്തു. രാത്രി അവന്‍ വന്നു. നബി(സ) ഉബാദ് ബിന്‍ ബിശ്റിനേയും അമ്മാര്‍ബിന്‍ യാസിറിനേയും മുസ്ലിംകള്‍ക്ക് കാവല്‍ നിര്‍ത്തിയിരുന്നു. അവന്‍, ഉബാദ് നമസ്കരിച്ചുകൊണ്ടിരിക്കെ അമ്പെറിഞ്ഞു. അദ്ദേഹം എന്നിട്ടും നമസ്കാരം തുടര്‍ന്നു. മൂന്നു അമ്പുകളേറ്റു. നമസ്കാരം പൂര്‍ത്തിയാകുന്നതുവരെ തുടര്‍ന്നു. പൂര്‍ത്തിയായ ശേഷം കൂട്ടുകാരനെ വിളിച്ചുണര്‍ത്തി. അദ്ദേഹം ചോദിച്ചു. സുബ്ഹാനല്ലാഹ്! നീ എന്തുകൊണ്ട് എന്നെ അറിയിച്ചില്ല. ഉബാദ് പറഞ്ഞു. ഞാന്‍ ഖുര്‍ആനിലെ ഒരധ്യായം പാരായണം ചെയ്യുകയായിരുന്നു. അത് മുറിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല.(33)

ഈ യുദ്ധം കഠിന ഹൃദയരായ ഗ്രാമീണവാസികളുടെ മനസ്സില്‍ കടുത്തഭയം ജനിപ്പിക്കുകയുണ്ടായി. ഇതിനുശേഷം നടന്ന സൈന്യനിയോഗങ്ങള്‍ പരിശോധിച്ചാല്‍ അവയിലൊന്നും തന്നെ ഈ ഗത്വ്ഫാന്‍ ഗോത്രം മുസ്ലിംകള്‍ക്ക് നേരെ ശിരസുയര്‍ത്താന്‍ ധൈര്യം കാണിച്ചിട്ടില്ല എന്ന് കാണാവുന്നതാണ്. എന്നല്ല അവര്‍ അല്പാല്പമായി കീഴടങ്ങുകയും ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ മക്കാ വിജയത്തിലും ഹുനൈന്‍ യുദ്ധത്തിലും ഇവര്‍ മുസ്ലിംകള്‍ക്കൊപ്പം പങ്കെടുക്കുന്നതാണ് നാം പിന്നീട് കാണുന്നത്. ഇതോടെ സഖ്യകക്ഷികളിലെ മൂന്നുവിഭാഗവും ഒതുങ്ങിക്കഴിഞ്ഞു. ഭൂപ്രദേശമാകെ ശാന്തിയും സമാധാനവും കൈവരിച്ചു. ചില ഗോത്രങ്ങളിലും പ്രദേശങ്ങളിലും പ്രകടമായിരുന്ന വിള്ളലുകള്‍ അടക്കാനും ഇതുവഴി മുസ്ലിംകള്‍ക്കായി. എന്നല്ല, പില്‍ക്കാലത്ത് വന്‍രാഷ്ട്രങ്ങളും രാജ്യങ്ങളും കീഴടക്കാന്‍ ഇതൊരു ഈടുവെപ്പായി മാറുകയും ചെയ്തു. കാരണം, സാഹചര്യമാകെ ഇസ്ലാമിന് അനുകൂലമായി മാറിക്കഴിഞ്ഞിരുന്നു. ഈ യുദ്ധത്തിന് ശേഷം തിരുമേനി ഏതാനും സൈന്യനിയോഗങ്ങള്‍ക്കൂടി നടത്തുകയുണ്ടായി. അവയുടെ സംക്ഷിപ്തം.

1. ഗാലിബ് ബിന്‍ അബ്ദുല്ല അല്‍ലൈഥിയെ ഖുദൈദിലുള്ള അല്‍മുലവ്വഹ് ഗോത്രത്തിലേക്ക് നിയോഗിച്ചത്. ഇത്, ഹിജ്റ ഏഴാം വര്‍ഷം സ്വഫറിലോ റബീഉല്‍ അവ്വലിലോ ആയിരുന്നു. ബുശൈറ്ബ്നു സുവൈദിന്റെ ആളുകളെ വധിച്ചതിന് പകരം ചോദിക്കാനായിരുന്നു ഈ സൈന്യനിയോഗം. രാത്രിയില്‍ പരസ്പരം ഏറ്റുമുട്ടി ചിലരെല്ലാം വധിക്കപ്പെട്ടു. പിടികൂടിയ ഒട്ടകങ്ങളുമായി തിരിക്കുമ്പോള്‍ ഒരുവന്‍ സൈന്യം പിന്നില്‍ തുടര്‍ന്നെങ്കിലും മഴ വര്‍ഷിച്ചതുകൊണ്ട് വെള്ളപ്പാച്ചില്‍ ശത്രുക്കളില്‍നിന്ന് രക്ഷപ്പെടാന്‍ മുസ്ലിംകളെ സഹായിച്ചു.
2. ഹിജ്റ 7ല്‍ ജമാദുഥാനിയില്‍ നടന്ന ഹിസ്മ സൈന്യനിയോഗം ഇത് ഇസ്ലാമിക പ്രബോധനം അറേബ്യക്ക് പുറത്ത് എന്ന അധ്യായത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
3. ഹിജ്റ 7 ശഅ്ബാനില്‍ ഉമര്‍ബ്നു ഖത്വാബ് മുപ്പത് പേരോട് കൂടി തുര്‍ബ എന്ന സ്ഥലത്തേക്ക് പുറപ്പെടുകയുണ്ടായി. വിവരമറിഞ്ഞ ഹവാസിന്‍കാര്‍ ഭയന്നോടി. ആരേയും കണ്ടുമുട്ടാതെ ഉമര്‍ മദീനയിലേക്ക് തന്നെ മടങ്ങി.
4. ഹിജ്റ 7 ശഅബാനില്‍ മുപ്പതുപേരോടുകൂടി ഫദക് ഭാഗത്ത് ബനൂമുര്‍റയിലേക്ക് ബശീര്‍ ബിന്‍ സഅദ് അല്‍അന്‍സാരിയുടെ നേതൃത്വത്തിലുള്ള സൈന്യനിയോഗം. ആടുകളും ഒട്ടകങ്ങളും കയ്യടക്കിയ ശേഷം തിരിച്ചുപോരുമ്പോള്‍ രാത്രിയില്‍ പിന്നില്‍വന്ന് ശത്രുപക്ഷം അമ്പെയ്ത്ത് നടത്തി. ബശീറിന്റെയും അനുയായികളുടെയും പക്കലുള്ള അമ്പുകള്‍ തീര്‍ന്നുപോയി. ബശീര്‍ ഒഴികെ എല്ലാവരെയും അവര്‍ വധിച്ചു. ബശീര്‍ രക്ഷപ്പെട്ട് ഒരു ജൂതന്റെ അടുത്ത് താമസിച്ച് മുറിവുണങ്ങിയശേഷം മദീനയിലേക്ക് തിരിച്ചു.
5. ഹിജ്റ എഴ് റമദാനില്‍ മൈഫഅയിലുള്ള ഉവാല്‍, അബ്ദ്, ഇബ്നുഥഅ്ലബ എന്നീ ഗോത്രത്തിലേക്ക് നൂറ്റിമുപ്പതുപേരെ ഗാലിബ്ബിനു അബ്ദുല്ല അല്‍ലൈഥിയുടെ നേതൃത്വത്തില്‍ നിയോഗിച്ചു. ശത്രുക്കള്‍ക്കെതിരില്‍ അക്രമണം നടത്തി. അവരുടെ ആടുകളും ഒട്ടകങ്ങളും കയ്യടക്കി തിരിച്ചുപോന്നു. ഈ ഏറ്റുമുട്ടലില്‍ ഉസാമ ബിന്‍ സൈദ് ശത്രുപക്ഷത്തുള്ള നഹീക്ക്ബ്നു മിര്‍ദാസിനെ അദ്ദേഹം ലാഇലാഹ ഇല്ലല്ലാഹ് എന്ന് ചൊല്ലിയശേഷം വധിക്കുകയുണ്ടായി. വിവരമറിഞ്ഞ നബി(സ) ചോദിച്ചു: ലാ ഇലാഹ ഇല്ലല്ലാഹ് പ്രഖ്യാപിച്ച ഒരാളെ നീ വധിച്ചുവോ? രക്ഷപ്പെടാന്‍ വേണ്ടി ചൊല്ലിയതാണ് എന്ന് ഉസാമ മറുപടി പറഞ്ഞപ്പോള്‍ പ്രവാചകന്‍ തിരിച്ചുചോദിച്ചത്, നീ അവന്റെ ഹൃദയം പിളര്‍ന്നു നോക്കിയോ അവന്‍ നേരാണോ കളവാണോ പറയുന്നതെന്നറിയാന്‍?
6. ഹിജ്റ ഏഴിന് ശവ്വാല്‍ മാസത്തില്‍ മുപ്പത് അശ്വഭടന്മാരോടുകൂടി അബ്ദുല്ലാഹിബ്നു റവാഹ ഖൈബറിലേക്ക് പുറപ്പെട്ടു. ഇത് അസീര്‍ അല്ലെങ്കില്‍ ബശീര്‍ ബിന്‍സാറം ഗത്വ്ഫാന്‍കാരെ മുസ്ലിംകള്‍ക്കെതിരെ യുദ്ധത്തിന് സജ്ജരാക്കുന്നുണ്ട് എന്നറിഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു. അസീറിനെ തന്റെ മുപ്പത് അനുയായികളോടൊപ്പം പുറത്തുകൊണ്ടുവന്ന് ഖൈബറിലെ ഭരണാധികാരിയായി പ്രവാചകന്‍ നിശ്ചയിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് പറഞ്ഞ് മോഹിപ്പിച്ചു. അങ്ങനെ ഖര്‍ഖറത്തുനിയാര്‍ എന്നിടത്ത് വെച്ച് അവര്‍ക്കിടയിലുണ്ടായ തെറ്റിദ്ധാരണ അസീറിന്റേയും അനുയായികളെയും വധത്തിലേക്കെത്തിച്ചു. ഈ സംഭവം ഖൈബറിന് മുമ്പ് ഹിജ്റ ആറിന് ശവ്വാല്‍ മാസത്തിലാണെന്നാണ് വാഖിദിയുടെ പക്ഷം.
7. ഹിജ്റ ഏഴ് ശവ്വാല്‍ മാസത്തില്‍ മുന്നൂറ് മുസ്ലിം ഭടന്മാരോടുകൂടി ബശീര്‍ബിന്‍ സഅദ് അല്‍അന്‍സ്വാരി യമനിന്റെയും ജബ്ബാറിന്റെയും ഭാഗത്തേക്ക് പുറപ്പെട്ടു. മദീനയെ അക്രമിക്കാന്‍ സജ്ജരായവര്‍ക്കെതിരെയായിരുന്നു പുറപ്പാട്. ഭയന്നോടിയ ശത്രുക്കളില്‍നിന്ന് ഒട്ടകങ്ങളെയും രണ്ടു ബന്ദികളെയും കൊണ്ട് ബശീര്‍ മദീനയിലേക്ക് തിരിച്ചു. ബന്ദികള്‍ രണ്ടുപേരും പിന്നീട് ഇസ്ലാം സ്വീകരിച്ചു.
8. നഷ്ടപ്പെട്ട ഉംറ നിര്‍വഹിക്കുന്നതിന് മുമ്പ് ഹിജ്റ ഏഴാം വര്‍ഷത്തില്‍ അബൂഹദ്റദ് അല്‍ അസ്ലമിയയെ രണ്ടുപേരോടൊപ്പം അല്‍ഗാബയിലേക്കയച്ചു. മദീനക്കെതിരെ യുദ്ധത്തിന്നൊരുങ്ങുന്ന വിവരം അറിഞ്ഞപ്പോള്‍ അതന്വേഷിക്കാനായിരുന്നു പറഞ്ഞുവിട്ടത്. അവരുടെ നേതാവിനെ വധിക്കുകയും അവശേഷിച്ചവരെ വിരട്ടി ഓടിക്കുകയും ചെയ്തശേഷം ഒട്ടകങ്ങളും ആടുകളുമായി ഈ മൂന്നുപേരും മദീനയിലേക്ക് തിരിച്ചു. (34)


പ്രവാചകന്റെ നഷ്ടപ്പെട്ട ഉംറ
ഹിജ്റ ഏഴാം വര്‍ഷത്തിന്റെ സമാപനത്തോടടുത്തുകൊണ്ട് ദുല്‍ഖഅദ മാസം പിറവിയെടുത്തതോടെ നബി(സ) തന്റെ അനുചരന്മാരോട് ഉംറ നിര്‍വഹണത്തിന് സജ്ജരാകാന്‍ ആഹ്വാനം ചെയ്തു. ഹുദൈബിയയില്‍ പങ്കെടുത്ത ആരുംതന്നെ മാറിനില്ക്കാതെ നഷ്ടപ്പെട്ട ഉംറ പൂര്‍ത്തിയാക്കണമെന്ന് പ്രത്യേകം കല്പനയുണ്ടായി. അങ്ങനെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുറമെ മൊത്തം രണ്ടായിരം പേര്‍ സജ്ജരാവുകയുണ്ടായി.

മദീനയില്‍ ഉവൈഫ്ബ്നു അല്‍അള്ബത്വ് അദ്ദിയലിയേയോ അബൂറുഹ്മുല്‍ ഗിഫ്ഫാരിയേയോ പ്രതിനിധിയാക്കി നിശ്ചയിച്ചശേഷം ബലിയര്‍പ്പിക്കാനുള്ള അറുപത് ഒട്ടകങ്ങളെയും കൊണ്ടവര്‍ പുറപ്പെട്ടു. ഒട്ടകങ്ങളുടെ മേല്‍നോട്ടം നാജിയ ബിന്‍ ജൂന്‍ദുബ് അല്‍ അസ്ലമിയേയും ചുമതലപ്പെടുത്തി. ദുല്‍ഹുലൈഫയില്‍ വെച്ച് ഉംറയ്ക്ക് വേണ്ടി ഇഹ്റാമില്‍ പ്രവേശിച്ചു. ഖുറൈശികളുടെ ചതി ഭയന്ന് സായുധരായാണ് പുറപ്പെട്ടതെങ്കിലും യാജുജ് എന്നിടത്തെത്തിയപ്പോള്‍ ആയുധങ്ങളെല്ലാം അവിടെവെച്ച് ഔസ്ബ്നു ഖൌലി അല്‍ അന്‍സ്വാരിയെ അതിന്റെ മേല്‍നോട്ടമേല്പ്പിച്ചു. കൂടെ ഇരുന്നൂറ് പേരും തുടര്‍ന്ന് ഉറയിലിട്ട വാളുമായി അവര്‍ ഹറമില്‍ പ്രവേശിച്ചു. (35)

നബിതിരുമേനി അവിടുത്തെ ഖസ്വ് വാഅ് എന്ന ഒട്ടകപ്പുറത്തും അനുചരന്മാര്‍ ഉറയിലിട്ട വാളുമായി തല്‍ബിയത്ത് ചൊല്ലിക്കൊണ്ടുംവരുന്നതുകണ്ട ബഹുദൈവാരാധകര്‍ കഅബയുടെ ഉത്തരഭാഗത്തുള്ള ഖുഅയ്ഖി ആന്‍ എന്ന മലമുകളില്‍ അവരെ വീക്ഷിക്കുവാനായി കയറി. അവര്‍ പരസ്പരം പിറുപിറുത്തു. മദീനയിലെ പനി ബാധിച്ച് ദുര്‍ബലരായ ഒരു കൂട്ടരിതാ വന്നെത്തിയിരിക്കുന്നു. അപ്പോള്‍ നബി(സ) തിരുമേനി അനുയായികളോട് കഅബയ്ക്ക് ചുറ്റും മൂന്നുതവണ ദ്രുതഗതിയില്‍ പ്രദക്ഷിണം ചെയ്യാന്‍ കല്പിച്ചു. ബഹുദൈവാരാധകരെ മുസ്ലിംകളുടെ ശക്തി ബോധ്യപ്പെടുത്തുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശ്യം.(36) പ്രദക്ഷിണസമയത്ത് വലതുചുമല്‍ തുറന്നും ഇടതുചുമല്‍ മറച്ചും ഉത്തരീയം ധരിക്കാനും അവിടുന്ന് കല്പിക്കുകയുണ്ടായി. ക്വുറൈശികള്‍ നോക്കിനില്ക്കേ പ്രവാചകനും അനുയായികളും ലബ്ബൈകല്ലാഹുമ്മലബ്ബൈക്ക്........ എന്നുച്ചത്തില്‍ വിളംബരം ചെയ്തുകൊണ്ട് കഅബ പ്രദക്ഷിണം ചെയ്തു. തിരുമേനിയുടെ മുന്നില്‍ ഉറയിലിട്ട വാളുമായി അബ്ദുല്ലാഹിബ്നു റവാഹ ഇങ്ങനെ പാടിക്കൊണ്ട് മുന്നോട്ട് നീങ്ങി:
"അവിശ്വാസികളെ ദൈവദൂതന് വഴിമാറൂ
വഴിമാറും നന്മയഖിലം ദൈവദൂതരിലാണ്
കരുണാമയനവതരിപ്പിച്ച വേദത്തിലുണ്ടത്
നാഥാ വിശ്വസിക്കുന്നു ഞാനത് സ്വീകരിക്കുന്നു.
ദൈവമാര്‍ഗത്തിലെ വധമെത്ര പവിത്രം
വധിക്കും നിങ്ങളെയിന്ന് ക്വുര്‍ആന്‍ അടിസ്ഥാനത്തില്‍
ഗളഛേദം, സൌഹൃദം, വിസ്തൃതമാകും വധം.'
ഇതുകേട്ട് ഉമര്‍ ചോദിച്ചു: ഇബ്നുറവാഫ: തിരുദൂതരുടെ സന്നിധിയിലും അല്ലാഹുവിന്റെ ഹറമിലുമാണോ നീ കവിത പാടുന്നത്? ഉടനെ റസൂല്‍(സ) പ്രതികരിച്ചു. അവനെ വിട്ടേക്കൂ ഉമര്‍: അമ്പിനേക്കാള്‍ വേഗത്തില്‍ അതവരിലേക്ക് കുതിക്കും. (37)
പ്രവാചകന്റെയും അനുയായികളുടേയും ദ്രുതഗതിയിലുള്ള പ്രദക്ഷിണം ദര്‍ശിച്ച അവിശ്വാസികള്‍ പറഞ്ഞു: ഇവരെയാണോ നിങ്ങള്‍ പനിപിടിച്ചു തളര്‍ന്നവരെന്ന് പരിഹസിച്ചത്? ഇവരെത്രയോ ശക്തരാണ്.(38)

കഅബാ പ്രദക്ഷിണത്തില്‍ നിന്നു വിരമിച്ച പ്രവാചകന്‍ സ്വഫാ-മര്‍വ മലകള്‍ക്കിടയില്‍ സഅ് യ് (നടത്തം) നടത്തി. ബലിമൃഗങ്ങളെ മര്‍വയ്ക്ക് സമീപമാണ്, നിരുത്തിയിരുന്നത്. അവിടുന്നു പറഞ്ഞു: 'ഇത് ബലി നടത്താനുള്ള സ്ഥലമാണ്. മക്കയുടെ എല്ലാ മലമ്പാതകളും ബലിസ്ഥലംതന്നെ എന്നിട്ടവിടുന്നു മര്‍വക്കു സമീപം വെച്ച് ബലിയര്‍പ്പിക്കുകയും തലമുണ്ഡനം ചെയ്യുകയും ചെയ്തു. അനുയായികളെല്ലാം അതുപോലെ ചെയ്തു. തുടര്‍ന്ന് ഏതാനും പേരെ ആയുധങ്ങളുടെ സമീപത്തേക്ക് അയക്കുകയും അവിടെ നിന്നിരുന്നവരോട് വന്ന് ഉംറ നിര്‍വഹിക്കാന്‍ കല്പിക്കുകയും ചെയ്തു.
മൂന്നുദിവസം പ്രവാചകന്‍ മക്കയില്‍ തങ്ങി നാലാം ദിവസം ക്വുറൈശികള്‍ അലിയെ സമീപിച്ച് പ്രവാചകനോട് സമയം കഴിഞ്ഞതായി അറിയിക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ തിരുമേനി മക്കയില്‍നിന്ന് സരിഫിലേക്ക് നീങ്ങി.
നബി(സ) മക്കയില്‍നിന്ന് പുറപ്പെടാന്‍ ഒരുങ്ങിയപ്പോള്‍ ഹംസ (റ)വിന്റെ പുത്രി നബി(സ)യെ വിളിച്ചുകൊണ്ട് പിറകെ വന്നു. അലി(റ) അവരെ സ്വീകരിച്ചു. അവരെ സംരക്ഷിക്കുന്ന കാര്യത്തില്‍ അലിയും ജഅ്ഫറും സൈദും അവകാശവാദമുന്നയിച്ചപ്പോള്‍ ജഅ്ഫറിനെ ഏല്പ്പിക്കുകയാണ് പ്രവാചകന്‍ ചെയ്തത്. കാരണം, അവരുടെ അമ്മായി ജഅ്ഫറിന്റെ പത്നിയായിരുന്നു.

ഈ യാത്രയിലാണ് പ്രവാചകന്‍ മൈമൂനബിന്‍ത് അല്‍ഹാരിഥ് അല്‍ആമിരിയ്യയെ വിവാഹം ചെയ്തത്. സരിഫില്‍വെച്ച് മധുവിധു ആഘോഷിക്കുകയും ചെയ്തു.

ഈ ഉംറ, ഉംറത്തുല്‍ ഖള്വാ എന്ന നാമധേയത്തില്‍ അറിയപ്പെടുന്നു. ഹുദൈബിയായിലെ ഉംറയ്ക്ക് പകരമായോ അല്ലെങ്കില്‍ ഹുദൈബിയയുടെ സന്ധിയ്ക്ക് വിധേയമായോ നടത്തിയതാണ് ഇതിന് കാരണം. രണ്ടാമത്തെ അഭിപ്രായത്തിനാണ് പ്രാമുഖ്യം. അല്‍ഖള്വാ, അല്‍ഖളിയ്യ, അല്‍ഖിസ്വാസ്, അസ്സ്വുല്‍ഹ് എന്നീ നാമങ്ങളില്‍ ഈ ഉംറ അറിയപ്പെടുന്നുണ്ട്. (39)

ഈ ഉംറയില്‍നിന്ന് വിരമിച്ച് മദീനയിലെത്തിയ ശേഷം ചില സൈനിക നീക്കങ്ങള്‍കൂടി പ്രവാചകന്‍ നടത്തുകയുണ്ടായി.
1. ഇബ്നുഅബീഅല്‍ഔജാഇന്റെ നേതൃത്വത്തില്‍ അമ്പതുപേരടങ്ങുന്ന ഒരു സംഘത്തെ പ്രവാചകന്‍ ഹിജ്റ ഏഴാംവര്‍ഷം ദുല്‍ഹിജ്ജയില്‍ ബനൂസലീമിലേക്ക് അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് നിയോഗിച്ചു. അവരത് നിരസിക്കുകയും ശക്തിയായി പ്രതിരോധിക്കുകയും ചെയ്തു. അബുല്‍ ഔജാഇന് ഇതില്‍ മുറിവുപറ്റി. ശത്രുക്കളില്‍നിന്ന് രണ്ടുപേരെ ബന്ധനസ്ഥരാക്കുകയും ചെയ്തു.
2. ഹിജ്റ എട്ടാം വര്‍ഷം സ്വഫറില്‍ ഗ്വാലിബ് ബിന്‍ അബ്ദുല്ലയുടെ നേതൃത്വത്തില്‍ ഇരുന്നൂറുപേരെ ഫദക്കിലേക്ക് നിയോഗിച്ചു. ശത്രുക്കളില്‍ ചിലരെ വധിക്കുകയും ഒട്ടകങ്ങള്‍ കയ്യടക്കുകയും ചെയ്തു.
3. ദാതുല്‍ അത്വ്ലഹ് നിയോഗം: ഖുള്വാഅ ഗോത്രക്കാര്‍ മുസ്ലിംകള്‍ക്കെതിരില്‍ സൈന്യസന്നാഹങ്ങള്‍ നടത്തുന്ന വിവരമറിഞ്ഞ് പ്രവാചകന്‍ കഅബ്ബിന്‍ ഉമൈര്‍ അല്‍ അന്‍സ്വാരിയുടെ നേതൃത്വത്തില്‍ പതിനഞ്ച് പേരടങ്ങുന്ന ഒരു സംഘത്തെ ഹിജ്റ എട്ടാംവര്‍ഷം റബീഉല്‍ അവ്വലില്‍ അവിടേക്ക് നിയോഗിച്ചു. അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചെങ്കിലും അവര്‍ നിരസിച്ചു. തുടര്‍ന്ന് നടന്ന പോരാട്ടത്തില്‍ മുസ്ലിം പക്ഷത്തുനിന്ന് ഒരാളൊഴികെ എല്ലാവരും വധിക്കപ്പെട്ടു. അവശേഷിച്ചയാളെ കഠിനമായി മുറിവേറ്റ നിലയില്‍ വധിക്കപ്പെട്ടവര്‍ക്കിടയില്‍നിന്ന് രക്ഷപ്പെടുത്തിയതായിരുന്നു.
4. ഹിജ്റ എട്ടാം വര്‍ഷം റബീഉല്‍ അവ്വലില്‍ ഹവാസിന്‍ ഗോത്രത്തിലേക്ക് നടത്തിയ ദാത്തുഇര്‍ഖ് സൈന്യനിയോഗം: ശുജാഅ്ബിന്‍ വഹബ് അല്‍അസദിയുടെ കൂടെ ഇരുപത്തഞ്ച് പേര്‍ അവിടേക്ക് നിയോഗിതരായി. ഇവര്‍ ശത്രുക്കളുടെ ഒട്ടകങ്ങളെ കയ്യേറി തിരിച്ചുപോന്നു.(40)

മുഅ്ത:യുദ്ധം
പ്രവാചകന്റെ ജീവിതകാലത്തെ ഏറ്റവും ശക്തവും രക്തപങ്കിലമായ യുദ്ധമായിരുന്നു ഇത്. ക്രൈസ്തവരാഷ്ട്രങ്ങള്‍ വിജയിച്ചടക്കാനുള്ള നാന്ദിയും ചുവടുവെപ്പുമായിരുന്നു ഹിജ്റ എട്ടാം വര്‍ഷം ജമാദുല്‍ ഊലയില്‍ നടന്ന ഈ യുദ്ധം. ക്രിസ്തുവര്‍ഷം 629 ആഗസ്തിലോ സെപ്തംബറിലോ ആയിരുന്നു ഇത്. ഭൂമിശാസ്ത്രപരമായി സിറിയക്ക് സമീപമായി സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് മുഅ്ത: ഈ യുദ്ധത്തിനുള്ള കാരണം; ദൈവദൂതന്‍, ഹാരിഥ് ബിന്‍ ഉമൈര്‍ അല്‍അസ്ദിയെ തന്റെ സന്ദേശവുമായി ബുസ്വ്റയിലെ ഭരണാധികാരിയുടെ സമീപത്തേക്ക് അയച്ചു. വഴിയില്‍, ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ ഗവര്‍ണറായി ബല്‍ഖാഇല്‍ ഭരണം നടത്തുന്ന ശര്‍ഹബീല്‍ ബിന്‍ അംറ് അല്‍ഗസ്സാനി ഇദ്ദേഹത്തെ പിടികൂടി ബന്ധിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ വധിക്കുകയുമുണ്ടായി. അംബാസഡര്‍മാരെയും സന്ദേശവാഹകരെയും വധിക്കുകയെന്നത് അതിനികൃഷ്ടമായ നടപടിയായിട്ടാണ് വീക്ഷിക്കുക. ഇതൊരു യുദ്ധ പ്രഖ്യാപനത്തിന് തുല്യമാണ്. വിവരമറിഞ്ഞ പ്രവാചകന്‍ ഏറെ അസ്വസ്ഥനായി. മുവ്വായിരം വരുന്ന ഒരു വന്‍ സൈന്യത്തെ അവിടേക്ക് നിയോഗിച്ചു. അഹ്സാബ് യുദ്ധം കഴിഞ്ഞാല്‍ പ്രവാചകന്‍ നടത്തിയ വന്‍ സൈനിക സന്നാഹമായിരുന്നു ഇത്.

സൈനികനേതൃത്വം പ്രവാചകന്‍ സൈദ് ബിന്‍ഹാരിഥയെ ഏല്പിച്ചു. അവിടുന്ന് പറഞ്ഞു: സൈദ് വധിക്കപ്പെട്ടാല്‍ ജഅ്ഫര്‍, ജഅഫര്‍ വധിക്കപ്പെട്ടാല്‍ അബ്ദുല്ലാ ബിന്റവാഹ എന്നിവരാണ് നേതൃത്വം ഏല്‍ക്കേണ്ടത്. (41) തുടര്‍ന്ന് ഒരു വെളുത്ത പതാക സൈദ്ബിന്‍ ഹാരിഥയെ ഏല്പിച്ചു. എന്നിട്ട്, പ്രവാചകന്‍ അവരോട് ഹരിഥ്ബിന്‍ ഉമൈര്‍ വധിക്കപ്പെട്ട സ്ഥലത്തെത്തി അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കാനും വിസമ്മതിച്ചാല്‍ അവരുമായി അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ച് യുദ്ധം ചെയ്യാനും നിര്‍ദേശിച്ചു. അവര്‍ക്കിങ്ങനെ ഉപദേശവും നല്കി. അല്ലാഹുവിന്റെ നാമത്തില്‍ നിങ്ങള്‍ അവിശ്വാസികള്‍ക്കെതിരില്‍ യുദ്ധം ചെയ്യുക. വഞ്ചിക്കുകയോ അക്രമം കാണിക്കുകയോ അരുത്. കുട്ടികളെയോ സ്ത്രീകളെയോ വയോവൃദ്ധരെയോ മഠങ്ങളില്‍ ധ്യാനനിരതരായി ഇരിക്കുന്നവരെയോ വധിക്കരുത്. മരങ്ങള്‍ മുറിക്കുകയോ കെട്ടിടങ്ങള്‍ തകര്‍ക്കുകയോ ചെയ്യരുത്. (42)

മുസ്ലിം സൈന്യം സജ്ജരായതോടെ അവരെ യാത്രയയക്കാനായി മുസ്ലിംകള്‍ എത്തിച്ചേര്‍ന്നു. അപ്പോള്‍ സൈന്യനായകരില്‍ ഒരാളായ അബ്ദുല്ലാഹിബ്നു റവാഹ പൊട്ടിക്കരയുന്നത് കണ്ടു. അവര്‍ ചോദിച്ചു: എന്തുണ്ടായി കരയാന്‍? അദ്ദേഹം പറഞ്ഞു: അല്ലാഹുവാണേ, ഇഹലോകത്തോടുള്ള പ്രേമമോ നിങ്ങളോടുള്ള സ്നേഹമോ അല്ല എന്നെ കരയിച്ചത്. പ്രത്യുത, നബി(സ) നരകത്തെക്കുറിച്ചുള്ള ഒരു സൂക്തം പാരായണം ചെയ്യുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി.
'അതിന്നടുത്ത് (നരകത്തിന്നടുത്ത്) വരാത്തവരായി നിങ്ങളില്‍ ആരും തന്നെയില്ല. നിന്റെ രക്ഷിതാവിന്റെ ഖണ്ഡിതവും നടപ്പിലാക്കപ്പെടുന്നതുമായ ഒരു തീരുമാനവുമാകുന്നു അത്. (19:71) എനിക്കറിയില്ല, നരകത്തിനുസമീപമെത്തിയശേഷം എങ്ങനെയാണ് പുറത്തുപോരികയെന്ന്. മുസ്ലിംകള്‍ പറഞ്ഞു: അല്ലാഹു നിങ്ങള്‍ക്ക് സമാധാനം നല്കുമാറാകട്ടെ. സമരാര്‍ജിത സ്വത്തോടെ സുരക്ഷിതമായി തിരിച്ചുവരാന്‍ അനുഗ്രഹിക്കുമാറാകട്ടെ. തുടര്‍ന്ന് അബ്ദുല്ലാഹിബിന്‍ റവാഹ ധീരമായ പോരാട്ടവും വീര രക്തസാക്ഷിത്വവും പാപമോചനവും ആവശ്യപ്പെട്ടുകൊണ്ടുള്ള കവിത ആലപിച്ചു മുന്നോട്ട് നീങ്ങി. ഥനിയത്തുല്‍ വിദാഅ് വരെ പ്രവാചകന്‍ അവരെ യാത്രയയക്കാനായി അനുഗമിച്ചു. (43)

വടക്കോട്ട് നീങ്ങിയ മുസ്ലിം സൈന്യം സിറിയയ്ക്ക് സമീപം മആന്‍ എന്ന സ്ഥലത്ത് താവളമടിച്ചു. അവിടെയെത്തിയപ്പോള്‍ ഹിരാക്ളിയസ് ഒരു ലക്ഷം റോമന്‍ സൈന്യങ്ങളുമായി ബല്‍ഖാഇന് സമീപം മആബില്‍ താവളമടിച്ച വിവരം ലഭിച്ചു. പുറമെ അവരുടെ അറേബ്യന്‍ സഖ്യകക്ഷികളായ ലഖ്മ്, ജൂതാം, ബല്‍ഖൈന്‍, ബഹ്റാഅ്, ബലിയ്യ് എന്നിവരുടെ ഒരു ലക്ഷവും കൂടെയുണ്ട്. ആര്‍ത്തലക്കുന്ന പാരാവാരംപോലെ പരന്നുകിടക്കുന്ന ഈ സൈന്യത്തെ കണ്ട് മുസ്ലിംകള്‍ അമ്പരന്നു. ഇത്തരമൊരു സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ അവരുടെ മനസ്സിലുണ്ടായിരുന്നില്ല. രണ്ടുദിവസം അവര്‍ പരസ്പരം കൂടിയാലോചനകളും ചര്‍ച്ചകളും നടത്തി മആനില്‍ത്തന്നെ തങ്ങി. അവസാനം ശത്രുസൈന്യത്തിന്റെ സംഖ്യാബലത്തെക്കുറിച്ച് പ്രവാചകനെ എഴുതി അറിയിക്കാം. എന്നാല്‍ പോഷക സൈന്യത്തെ അയച്ചു സഹായിക്കുകയോ അല്ലെങ്കില്‍ പ്രവാചകന്റെ കല്പന എന്താണോ അതനുസരിച്ച് മുന്നോട്ട് നീങ്ങുകയോ ആകാം എന്ന അഭിപ്രായമുണ്ടായി. പക്ഷെ, അബ്ദുല്ലാഹിബ്നു റവാഹ ഈ അഭിപ്രായത്തെ എതിര്‍ത്തു. അദ്ദേഹം ജനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഇങ്ങനെ പ്രഖ്യാപിച്ചു: എന്റെ ജനങ്ങളേ, അല്ലാഹുവാണേ, നിങ്ങള്‍ ഏതൊന്നിനെയാണോ ഇപ്പോള്‍ വെറുക്കുന്നത്, ആ രക്തസാക്ഷിത്വവും കൊതിച്ചാണ് നിങ്ങള്‍ പുറപ്പെട്ടിരിക്കുന്നത്. സംഖ്യാബലത്തിന്റെ അടിസ്ഥാനത്തിലല്ല നാം പടപൊരുതുന്നത്. അല്ലാഹു നമുക്കനുഗ്രഹിച്ചു നല്കിയ ഈ മതത്തിന്റെ പേരിലാണ് നാം പോരാടുന്നത്. അതിനാല്‍ മുന്നോട്ട് ഗമിക്കൂ. രണ്ടുനേട്ടങ്ങളിലൊന്ന് തീര്‍ച്ചയായും നമുക്ക് ലഭിക്കും. ഒന്നുകില്‍ വിജയം അല്ലെങ്കില്‍ രക്തസാക്ഷിത്വം. അതോടെ എല്ലാവരും ഈ അഭിപ്രായം ശരിവെച്ചു.

ഇതിന്റെയടിസ്ഥാനത്തില്‍ മുസ്ലിം സൈന്യം മുന്നോട്ടുനീങ്ങി. മശാരിഫില്‍വെച്ച് അവര്‍ ശത്രുസൈന്യവുമായി സന്ധിച്ചു. പക്ഷെ, മുസ്ലിം സൈന്യം മുഅ്തയിലേക്ക് നീങ്ങി. അവിടെ താവളമടിച്ചുകൊണ്ട് സൈന്യസജ്ജീകരണം നടത്തി. വലതുപക്ഷത്ത് ഖുത്വ്ബത്തുബ്നു ഖതാദ അല്‍ഉദ്രിയേയും ഇടതുപക്ഷത്ത് ഉബാദത്തുബ്നു മാലിക് അല്‍അന്‍സ്വാറിനേയും നിശ്ചയിച്ചു.

യുദ്ധമാരംഭിക്കുന്നു
മുഅ്തയില്‍വെച്ച് ഇരുസൈന്യങ്ങളും പരസ്പരം ഏറ്റുമുട്ടി. കടുത്ത പോരാട്ടം തന്നെ നടന്നു. മുവ്വായിരം പേര്‍ രണ്ടുലക്ഷം പേരോട് ഏറ്റുമുട്ടുക! കാലം സ്തബ്ധമായി നോക്കിനില്ക്കുന്ന യുദ്ധം! പക്ഷെ, വിശ്വാസത്തിന്റെ മന്ദമാരുതന്‍ തഴുകിയാല്‍ അവിടെ അത്ഭുതം വിളയും.

പ്രവാചകന്റെ പ്രിയങ്കരനായ സൈദ് ബിന്‍ഹാരിഥ പതാകയുമേന്തി അസാമാന്യമായ ധീരതയോടെ ശത്രുസൈന്യത്തിന് നേരെ ചീറിയടുത്തു. ശത്രുമധ്യത്തില്‍ സധീരം പടവെട്ടി മുന്നോട്ട് കുതിച്ച സൈദ് ശത്രുക്കളുടെ അമ്പുകളേറ്റു യുദ്ധക്കളത്തില്‍ പിടഞ്ഞുവീണു. താമസംവിനാ ജഅഫര്‍ ബിന്‍അബീത്വാലിബ് പതാകയേന്തി. കടുത്ത പോരാട്ടത്തിലേര്‍പ്പെട്ട അദ്ദേഹം തന്റെ കുതിരപ്പുറത്ത് നിന്ന് ചാടിയിറങ്ങി പോരാടി മുന്നോട്ട് കുതിച്ചു. അതിന്നിടയില്‍ അദ്ദേഹത്തിന്റെ വലതുകൈ വെട്ടേറ്റുവീണു. ഉടനെ പതാക ഇടതുകയ്യിലേക്ക് മാറ്റി. അതും ഛേദിക്കപ്പെട്ടതോടെ പതാക കക്ഷത്തില്‍ ഇറുക്കി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പോരാടിനിന്നു. അവസാനം അദ്ദേഹവും ശത്രുകരങ്ങളാല്‍ വധിക്കപ്പെട്ടു. ഒരു റോമക്കാരന്‍ അദ്ദേഹത്തെ തന്റെ വാള്‍കൊണ്ട് വെട്ടി രണ്ടായി പിളര്‍ത്തുവെന്ന് പറയപ്പെടുന്നു. അല്ലാഹു അദ്ദേഹത്തിന്റെ ഇരുപാര്‍ശ്വങ്ങള്‍ക്കും പകരം സ്വര്‍ഗത്തില്‍ ഇഷ്ടപ്പെടുന്നേടത്ത് പറന്നെത്താവുന്ന രണ്ടു ചിറകുകള്‍ നല്കി. അതിനാല്‍ അദ്ദേഹം ജഅ്ഫര്‍ അത്വയ്യാര്‍ (പറക്കുന്ന ജഅ്ഫര്‍) എന്നും ജഅ്ഫറുന്‍ദില്‍ ജനാഹൈന്‍' (ഇരുചിറകുകളുള്ള ജഅ്ഫര്‍) എന്നും അറിയപ്പെടുന്നു.

ഇബ്നു ഉമര്‍ പറഞ്ഞതായി നാഫിഇല്‍നിന്ന് ബുഖാരി രേഖപ്പെടുത്തുന്നു. ജഅ്ഫര്‍ വധിക്കപ്പെട്ട ദിവസം അദ്ദേഹത്തെ പരിശോധിച്ചുനോക്കിയപ്പോള്‍ വെട്ടുകളും കുത്തുകളുമായി അമ്പത് മുറിവുകള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ കാണുകയുണ്ടായി. അവയിലൊന്നുപോലും പിന്‍ഭാഗത്തുണ്ടായിരുന്നില്ല. മറ്റൊരു നിവേദനമനുസരിച്ച് അറുപതില്‍പരം കുന്തംകൊണ്ടുള്ള കുത്തുകള്‍ ഉണ്ടായിരുന്നുവെന്നാണുള്ളത്. അവയെല്ലാം ശരീരത്തിലെ മുന്‍ഭാഗത്തായിരുന്നു. (44)
ജഅ്ഫറിന് ശേഷം അബ്ദുല്ലാഹിബ്നു റവാഹ പതാകയേന്തി അശ്വരൂഢനായ അദ്ദേഹം ശത്രുമധ്യത്തിലേക്ക് കുതിക്കാന്‍ അല്പം ആശങ്കിച്ചുനിന്നു. തുടര്‍ന്ന് ആത്മധൈര്യം വീണ്ടെടുത്തു ഇങ്ങനെ പാടിക്കൊണ്ട് മുന്നോട്ട് കുതിച്ചു.
ശപഥം ചെയ്തു ഞാന്‍ മനസ്സേ
നീ രണാങ്കണത്തിലിറങ്ങുമെന്ന്
ഇല്ലെങ്കില്‍ നിന്നെയിറക്കുമെന്ന്
ജനം രണഭേരി മുഴക്കി കുതിക്കുമ്പോള്‍
നീ സ്വര്‍ഗത്തോട് വിമുഖത കാണിക്കുകയോ?
ഇതിന്നിടയില്‍ അദ്ദേഹത്തിന്റെ പിതൃവ്യന്‍ അല്പം മാംസമുള്ള ഒരെല്ല് അദ്ദേഹത്തിന് നല്കിക്കൊണ്ട് പറഞ്ഞു. ഇത് മുതുകില്‍ ബന്ധിക്കുക. നീ ഏറെ ക്ഷീണിതനാണ്. അതില്‍നിന്ന് അല്പം കടിച്ചെടുത്ത് അവശേഷിച്ചത് എറിഞ്ഞുകൊണ്ട് വാളുമായി അദ്ദേഹം മുന്നോട്ട് കുതിച്ചു. അങ്ങനെ വധിക്കപ്പെടുവോളം പോരടിച്ചു.

ഇദ്ദേഹം വധിക്കപ്പെട്ടതോടെ അജ്ലാന്‍ ഗോത്രക്കാരന്‍ ഥാബിത് ബിന്‍ അഖ്റം മുന്നോട്ടുവന്ന് പതാകയേന്തുകയും ഇങ്ങനെ വിളിച്ചു പറയുകയും ചെയ്തു: മുസ്ലിംകളേ, നിങ്ങളില്‍നിന്ന് ഒരു നേതാവിനെ തെരഞ്ഞെടുക്കുവീന്‍! അവരെല്ലാം താങ്കള്‍തന്നെ എന്നറിയിച്ചപ്പോള്‍ ഞാനതേറ്റെടുക്കില്ല എന്ന് പറഞ്ഞു ഒഴിഞ്ഞപ്പോള്‍ ഖാലിദ്ബിന്‍ വലീദിനെ അവരെല്ലാം നേതാവായി തെരഞ്ഞെടുത്തു. ഖാലിദ് പതാകയേന്തി ഘോരയുദ്ധം തന്നെ നടത്തി. ഖാലിദ്ബ്നു വലീദ് പറഞ്ഞതായി ബുഖാരി രേഖപ്പെടുത്തുന്നു. മുഅത യുദ്ധത്തില്‍ എന്റെ കൈയില്‍നിന്ന് ഒമ്പത് വാളുകള്‍ മുറിയുകയുണ്ടായി. അവസാനം എന്റെ വശം അവശേഷിച്ചത് യമനില്‍നിര്‍മ്മിച്ച വീതിയുള്ള ഒരു വാളുമാത്രമാണ്. (45)

മുഅ്ത യുദ്ധദിവസം യുദ്ധക്കളത്തിലെ വാര്‍ത്ത ജനങ്ങള്‍ക്കെത്തുന്നതിന് മുമ്പേ തിരുമേനി വഹ് യിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളോട് പറഞ്ഞു: സൈദ് പതാകയേന്തി അദ്ദേഹം വധിക്കപ്പെട്ടു. തുടര്‍ന്ന് ജഅ്ഫര്‍ പതാകയേന്തി അദ്ദേഹവും വധിക്കപ്പെട്ടു പിന്നീട് ഇബ്നുറവാഹ കൊടിയേന്തി അദ്ദേഹവും രക്തസാക്ഷിയായി. 'ഇതു പറയുമ്പോള്‍ അവിടുത്തെ ഇരു നേത്രങ്ങളും ബാഷ്പമണിഞ്ഞിരുന്നു. അവസാനം അല്ലാഹുവിന്റെ ഖഡ്ഗങ്ങളില്‍ ഒരു ഖഡ്ഗം പതാകയേന്തി. അദ്ദേഹത്തിലൂടെ വിജയം വരിക്കുകയും ചെയ്തു. (46)

യുദ്ധത്തിന്റെ അന്ത്യം
കടുത്ത പോരാട്ടവും ധീരമായ ചുവടുവെയ്പ്പുകളും നടത്തിയെങ്കിലും ഈ കൊച്ചു സൈന്യം പാരാവാരം കണക്കെ ഇരച്ചുകയറുന്ന റോമന്‍ സൈന്യത്തെ അതിജയിക്കുകയെന്നത് അത്യധികം അതിശയകരം തന്നെയാണ്. ഈ സന്ദര്‍ഭത്തിലാണ് ഖാലിദുബ്നു വലീദ്, മുസ്ലിംകള്‍ അകപ്പെട്ട അപകടത്തില്‍ അവരെ രക്ഷപ്പെടുത്താന്‍ തന്റെ അടവുകള്‍ പയറ്റുന്നത്.

യുദ്ധത്തിന്റെ പര്യവസാനം എന്തായിരുന്നുവെന്നതിനെ സംബന്ധിച്ച് വിവിധങ്ങളായ നിവേദനങ്ങളാണ് രേഖപ്പെട്ടുകിടക്കുന്നത്. എല്ലാ നിവേദനങ്ങളും പരിശോധിച്ചതിനുശേഷം വ്യക്തമാകുന്നത്, തന്റെ ആദ്യനാളില്‍ തന്നെ ഖാലിദ്ബിന്‍ വലീദ് പകലന്തിയോളം റോമന്‍ സേനയ്ക്ക് നേരെ സമരം നയിച്ചു പിടിച്ചുനിന്നുവെന്നതാണ്. റോമന്‍ സൈന്യം തങ്ങളെ തുരത്താതെ, അവരുടെ മനസ്സില്‍ ഭീതി ജനിപ്പിച്ചുകൊണ്ട് മുസ്ലിം സൈന്യത്തെ പിന്‍വലിക്കാവുന്ന ഒരു യുദ്ധതന്ത്രം ആവിഷ്കരിക്കേണ്ടതിന്റെ ആവശ്യകത ഖാലിദിന് നന്നായി ബോധ്യമായി. ശത്രുവിന്റെ ദ്രംഷ്ടങ്ങളില്‍നിന്ന് മോചിപ്പിച്ചെടുക്കുകയെന്നത് ഏറെ പ്രയാസകരമാണെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു.

രണ്ടാം ദിവസം അദ്ദേഹം സൈന്യത്തിന്റെ അലകും പിടിയും മാറ്റി പുതുതായി സജ്ജീകരിച്ചു. ഇതുകണ്ട ശത്രുക്കള്‍, മുസ്ലിംകള്‍ക്ക് മദീനയില്‍നിന്ന് പോഷകസൈന്യം എത്തിച്ചേര്‍ന്നിരിക്കുന്നുവെന്ന ധാരണയില്‍ ഭയചകിതരായി. ഇതിന്നിടയില്‍ ഖാലിദ് മുസ്ലിം സൈന്യത്തെ അല്പാല്പമായി പിറകോട്ട് വലിക്കാന്‍ തുടങ്ങി. റോമന്‍ സൈന്യം തുരത്താന്‍വേണ്ടി അവരെ പിന്തുടര്‍ന്നതുമില്ല. മരുഭൂമിയിലെ വിജനതയില്‍ തങ്ങളെ അകപ്പെടുത്തി ചതിക്കാനുള്ള ഒരു തന്ത്രമായിരുന്നു ഇതെന്നായിരുന്നു അവരുടെ ധാരണ. ഇവ്വിധം മുസ്ലിംകള്‍ സുരക്ഷിതരായി മദീനയിലേക്ക് സൈനിക പിന്‍മാറ്റം നടത്തി. ശത്രുക്കള്‍ അവരുടെ നാട്ടിലേക്കും. (47)

മുസ്ലിംകളില്‍നിന്ന് 12 പേരാണ് ഇതില്‍ രക്തസാക്ഷികളായത്. ശത്രുക്കള്‍ എത്രപേര്‍ വധിക്കപ്പെട്ടുവെന്ന് ക്ളിപ്തമല്ല. യുദ്ധസംഭവങ്ങളില്‍ നിന്ന് അനേകം പേര്‍ വധിക്കപ്പെട്ടിരിക്കുന്നുവെന്നുവേണം മനസ്സിലാക്കാന്‍.
ഈ യുദ്ധം, അനുഭവിച്ച കഷ്ടപ്പാടിനനുസരിച്ച് ശത്രുവിനെതിരില്‍ പ്രതികാരം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും മുസ്ലിംകളുടെ പ്രശസ്തി വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. അറബികളുടെ മനസ്സില്‍ ഇത് അത്ഭുതവും ഭീതിയും ജനിപ്പിച്ചു. ഭൂമുഖത്തെ അതിശക്തന്മാരായിരുന്നു റോമക്കാര്‍. ഇവരുമായി ഏറ്റുമുട്ടുകയെന്നത് ആത്മഹത്യാപരമാണ്. എന്നിട്ടും, ഈ കൊച്ചുസേന-മുവ്വായിരം പേര്‍- അലയടിച്ചുവന്ന റോമന്‍സൈന്യത്തെ-രണ്ടുലക്ഷം പേര്‍- നേരിടുകയും സ്മരണീയമായ നഷ്ടങ്ങളൊന്നുമില്ലാതെ തിരിച്ചുപോരുകയും ചെയ്തു! ഇതെല്ലാം കാലത്തിന്റെ അത്ഭുതങ്ങളായിരുന്നു. മുസ്ലിംകള്‍ അറബികള്‍ക്ക് അപരിചിതമായ മറ്റൊരു മേഖലയായിരുന്നുവെന്നും ദൈവസഹായം അവര്‍ക്ക് സദാ വര്‍ഷിച്ചുകൊണ്ടിരിക്കുന്നുവെന്നും അവരുടെ നേതാവ് ദൈവദൂതന്‍ തന്നെയാണെന്ന കാര്യം ഉറപ്പിക്കുന്നതുമായിരുന്നു ഇവയെല്ലാം. ഇതോടെ, മുസ്ലിംകള്‍ക്കെതിരെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ഗോത്രങ്ങള്‍ പലതും ഇസ്ലാമിലേക്ക് വന്നു. സുലൈം, അശ്ജഅ്, ഗത്വ്ഫാന്‍, ദുബ്യാന്‍, ഫസാറ എന്നിവയെല്ലാം ഇതില്‍ പെടുന്നവയാണ്.
ഈ യുദ്ധം റോമുമായുള്ള രക്തപങ്കിലമായ സംഘട്ടനത്തിന്റെ തുടക്കമായിരുന്നു. റോമന്‍രാജ്യങ്ങള്‍ ജയിച്ചടക്കാനും വിദൂരദേശങ്ങളില്‍ അധിനിവേശം നടത്താനുമുള്ള ചുവടുവെയ്പ്പും പ്രാരംഭവും കൂടിയായിരുന്നു.

ദാതുസ്സലാസില്‍ സംഘട്ടനം

മുഅ്ത യുദ്ധത്തില്‍ സിറിയയുടെ പ്രാന്തപ്രദേശങ്ങളില്‍ അധിവസിച്ചിരുന്ന അറബ് ഗോത്രങ്ങള്‍ റോമുമായി മുസ്ലിംകള്‍ക്കെതിരില്‍ സഹകരിച്ചത് മനസ്സിലാക്കിയ പ്രവാചകന്‍ അവര്‍ക്കിടയില്‍ തന്ത്രപരമായി ഭിന്നിപ്പുണ്ടാക്കി മുസ്ലിംകളുമായി അവരെ അടുപ്പിക്കേണ്ടതിന്റെ ആവശ്യകത ശരിക്ക് മനസ്സിലാക്കിയിരുന്നു. ഇനിയിതാവര്‍ത്തിക്കുകയുമരുത്. ഇതിന്നായി, അംറുബ്നു അല്‍ ആസ്വ് തെരഞ്ഞെടുക്കപ്പെട്ടു. കാരണം അദ്ദേഹത്തിന്റെ പിതാവിന്റെ മാതാവ്, അവരിലെ ബലിയ്യ് ഗോത്രത്തിലെ അംഗമായിരുന്നു. അങ്ങനെ ഹിജ്റ 8ാം വര്‍ഷം ജൂമാദല്‍ അഖിറയില്‍ അവരെ ഇണക്കാനായി അദ്ദേഹം നിയോഗിക്കപ്പെട്ടു. ഇതല്ല, ഖുദാഅ: ഗോത്രം സജ്ജരായി മദീനക്കെതിരെ പുറപ്പെട്ടുവെന്ന വിവരം അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അവിടേക്ക് നിയോഗിച്ചതാണെന്ന അഭിപ്രായവുമുണ്ട്. ഇത് രണ്ടും ഒരുമിച്ചാകാനും സാധ്യതയുണ്ട്.

നബി(സ) അംറുബ്നു അല്‍ ആസ്വിന് വെളുത്ത കൊടികെട്ടി കൊടുത്തു. ഒരു കറുത്ത ബാനറും. മുഹാജിറുകളും അന്‍സ്വാറുകളുമടങ്ങുന്ന മുന്നൂറുപേരുടെ നേതാവായി അദ്ദേഹത്തെ അയച്ചു. അവരുടെ കൂടെ മുപ്പത് കുതിരകളുമുണ്ടായിരുന്നു. ബലിയ്യ്, ഗുദ്റ, ഖല്‍ഖൈന്‍ എന്നീ ഗോത്രങ്ങളുടെ സഹകരണം തേടാനും അവരോട് കല്പിച്ചു. പകലുകളില്‍ ഒളിച്ചിരുന്നും രാത്രികളില്‍ യാത്രചെയ്തും അവര്‍ മുന്നോട്ട് നീങ്ങി. അങ്ങനെ ശത്രുക്കളുടെ സമീപമെത്തിയപ്പോള്‍ അവര്‍ വന്‍ സേനയുണ്ടെന്ന് മനസ്സിലാക്കിയ അംറ്, റാഫിഅ്ബിന്‍ മകീഥ് അല്‍ ജൂഹനിയെ പോഷക സൈന്യത്തെ ആവശ്യപ്പെട്ടുകൊണ്ട് നബി(സ)യുടെ അടുത്തേക്കയച്ചു. ഉടനെ പ്രവാചകന്‍ അബൂഉബൈദ അല്‍ജര്‍റാഹിന്റെ നേതൃത്വത്തില്‍ ഇരുന്നൂറുപേരെ അയച്ചു. അവര്‍ക്കും ഒരു കൊടി കെട്ടിക്കൊടുത്തു. അബൂബക്കറും ഉമറുമെല്ലാം അടങ്ങുന്ന മുഹാജിറുകളുടെയും അന്‍സ്വാറുകളുടെയും ഒരു വ്യൂഹമായിരുന്നു ഇത്. അംറിന്റെ സമീപം ചെന്നുചേരാനും ഭിന്നിപ്പുണ്ടാക്കാതെ ഒരുമിച്ച് നില്ക്കാനും പ്രവാചകന്‍ അവരോട് കല്പിച്ചു. അവിടെ എത്തിച്ചേര്‍ന്നപ്പോള്‍ നമസ്കാരത്തിന് നേതൃത്വം നല്കാന്‍ അബൂഉബൈദ തയ്യാറായപ്പോള്‍ അദ്ദേഹത്തെ തടഞ്ഞുകൊണ്ട് അംറ് പറഞ്ഞു: താങ്കളെ അയച്ചത് സഹായസൈന്യവുമായാണ്. ഞാനാണ് അമീര്‍. അബൂഉബൈദ അദ്ദേഹത്തെ അനുസരിച്ചു. തുടര്‍ന്ന് അംറ് ആയിരുന്നു നമസ്കാരത്തിന് നേതൃത്വം നല്കിയിരുന്നത്.

മുസ്ലിം സൈന്യം മുന്നോട്ട് നീങ്ങി. ഖുദാഅ ഗോത്രത്തിന്റെ പ്രദേശത്തെത്തി. അവിടെനിന്നും മുന്നോട്ടുനീങ്ങി അവരുടെ പ്രദേശത്തെ അറ്റത്തെത്തിയപ്പോള്‍ അവിടെ കണ്ട ഒരു സംഘത്തിന് നേരെ തിരിഞ്ഞതോടെ അവരെല്ലാം വിരണ്ടോടുകയും ഛിന്നഭിന്നരാവുകയും ചെയ്തു. യുദ്ധത്തിന്റെ വിവരങ്ങളെല്ലാം അറിയിച്ചുകൊണ്ട് ഔഫ് ബിന്‍ മാലിക് അല്‍അശ്ജഇയെ നബി(സ)യുടെ അടുത്തേക്ക് അയക്കുകയുണ്ടായി.

ദാത്തുസ്സലാസില്‍, വാദിഅല്‍ ഖുറാഇന്ന് മറുഭാഗത്തുള്ള ഒരു പ്രദേശമാണ്. മദീനയില്‍നിന്ന് പത്തുദിവസത്തെ യാത്രാദൂരമുണ്ട്. മുസ്ലിംകള്‍ ജൂദാം പ്രദേശത്തെ സില്‍സില്‍ എന്ന വെള്ളപ്രദേശത്ത് ഇറങ്ങിയതുകൊണ്ടാണ് ഇതിന് ദാത്തുസ്സലാസില്‍ എന്ന പേരുവന്നതെന്ന് ഇബ്നുഇസ്ഹാഖ് രേഖപ്പെടുത്തുന്നു. (48)

ഖുദ്റ സംഘട്ടനം
ഇത് ഹിജ്റ എട്ടാംവര്‍ഷം ശഅ്ബാനിലായിരുന്നു. ഗത്വ്ഫാന്‍ ഗോത്രം മുസ്ലിംകള്‍ക്കെതിരില്‍ ഖുദ്റയില്‍ സൈന്യസജ്ജീകരണം നടത്തുന്ന വിവരം പ്രവാചകന് ലഭിച്ചപ്പോള്‍ അവരെ നേരിടാന്‍ അബൂഖതാദയുടെ നേതൃത്വത്തില്‍ പതിനഞ്ചുപേരെ അങ്ങോട്ടയക്കുകയാണുണ്ടായത്. ശത്രുക്കളില്‍ ചിലരെ വധിക്കുകയും മറ്റുചിലരെ ബന്ദികളാക്കുകയും അവരുടെ സമ്പത്ത് കയ്യടക്കുകയും ചെയ്തു. പതിനഞ്ചു ദിവസമാണ് ഇതിനുവേണ്ടിയെടുത്തത് (49)
*ഇതിലെ മുഹമ്മദ്‌ എന്നത് അടിയിലും റസൂല്‍ എന്നത് അതിനു മുകളിലും അല്ലാഹു എന്നത് ഏറ്റവും മുകളിലുമായി മൂന്നു വരികളായിട്ടായിരുന്നു എഴുതിയിരുന്നത്.(ബുഖാരി 2/872 ,873)

1. റസൂല്‍ അക്രംകീ സിയാസി സിന്ദകീ (ഉറുദു ) 108- 144, 121- 131 നോക്കുക

2. സാദ്: 3: 61

3. ഇബ്‌നു ഹിശാം 2: 359

4. ഇമാം മുസ്‌ലിം അനസ് (റ)വില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീദില്‍ നിന്ന് ഈ ആശയം ലഭിച്ചേക്കാം. 2: 99

5. ഇത് മന്‍സ്വൂര്‍ പൂരിയുടെ അഭിപ്രായമാണ്. ഡോക്ടര്‍ ഹരീദുല്ലയുടെ അഭിപ്രായത്തില്‍ ഇദ്ദേഹത്തിന്റെ പേര് ബെന്‍യാമീന്‍ എന്നാണ്.

6. തരീഖ്‌ ഇബ്‌നു ഖല്ദൂന്‍ 2: 37

7. ബുഖാരി 1:4, മുസ്‌ലിം 2:97, 99 .

8. സാദുല്‍ മആദ് 3: 61,62 .

9. സാദുല്‍ മആദ് 3: 63

10. സാദുല്‍ മആദ് 3: 62, 63

11. ബുഖാരി 2: 603, മുസ്‌ലിം 2: 113,115

12. ബുഖാരി, മുസ്‌ലിം, സാദ് 2: 120

13. ബുഖാരി 2: 603, മുസ്‌ലിം 2:115

14. മുസ്‌ലിം 2: 115

15. ബുഖാരി 2: 603, വാഖിദിയുടെ മഗാസി:112

16. ബുഖാരി 2: 603, 604

17. ഇബ്‌നു ഹിശാം 2: 329 .

18. ബുഖാരി 2: 605, 06

19. മുസ്‌ലിം 2: 212, ബുഖാരി 2: 603

20. മര്‍ഹാബിനെ വധിച്ചതാരാണെന്ന കാര്യത്തിലും വധിക്കപ്പെട്ട ദിവസത്തിലും ഈ കോട്ട വിജയിച്ച ദിവസത്തിലും ചരിത്ര സ്രോതസ്സുകള്‍ക്കിടയില്‍ ഭിന്നതയുണ്ട്. ബുഖാരിയുടെ നിവേദനത്തിന് പ്രാധാന്യം നല്‍കിയാണ്‌ നാം ഈ ക്രമം സ്വീകരിച്ചത്.
*എന്നാല്‍ അബൂദാവൂദിന്റെ നിവേദനത്തില്‍ ഖൈബര്‍ വിട്ട് പോകുന്ന സമയത്ത് ഒട്ടകങ്ങള്‍ക്ക് ചുമക്കാന്‍ കഴിയുന്നത്ര കൊണ്ടുപോകാന്‍ അനുമതി നല്കുകിയതായി വന്നിട്ടുണ്ട്.(അബൂദാവൂദ് 2 /76 )

20. സാദ് 2 : 137,38

21. ബുഖാരി:2 : 609.

22. സാദ് 2 :148, മുസ്‌ലിം 2:96

23. ബുഖാരി 1: 443

24. മുഹാളറാത്‌ :ഖുദ്‌ രിബക് 1: 128.

25. ബുഖാരി 1:54, 2: 604, 606.

26. ബുഖാരി :1:54, 2: 604,606

27. ബുഖാരി 2 :608

28. ഇബ്‌നു സഅദ് 1 /279 .

29. ബുഖാരി 2: 605

30. ഇബ്‌നു ഹിശാം 2: 340, സാദ് 2:147.
*ബുഖാരി 2 /608,609.

31. മുഖ് തസ്വര്‍ സീറ:264, ഫത്ഹ് 7:416.

32. ഫത്ഹ് 7: 428.

33. സാദ് 2: 112,40, ഇബ്‌നു ഹിശാം 2: 203, 209.

34. സാദ് 2:149, 50.

35. സാദ് 2:151, ഫത്ഹ് 7:500

36. ബുഖാരി 1 /218, മുസ്‌ലിം 1:412.

37. തുര്മുദി: 2 :107

38. മുസ്‌ലിം 1:412

39. ഫത്ഹുല്‍ബാരി 7: 500

40. റഹ്മത്തുന്‍ലില്‍ആലമീന്‍ 2: 231.

41. ബുഖാരി 2: 611

42. മുഖ് തസുസ്സീറ :327

43. ഇബ്‌നു ഹിശാം 2 :373,74. സാദ് 2 :156.

44. ഇബ്‌നു ഹിശാം 2 :373,74, സാദ് 2 :156.

45. ഫത്ഹുല്‍ബാരി 7: 512.രണ്ട് റിപ്പോര്‍ട്ടുകളും പ്രത്യക്ഷത്തില്‍ എണ്ണത്തില്‍ ഭിന്നത പുലര്‍ത്തുന്നുണ്ടെങ്കിലും വര്ധനവായി വന്നത് അമ്പ്‌ കൊണ്ടുള്ള ഏരുകളാണ്.

46. ബുഖാരി 2: 611

47. ഫത് ഹുല്‍ബാരി 7:513,14. സാദ് 2 :156.

48. ഇബ്‌നു ഹിശാം 3: 623 -26

49. തല്‍ ഖീഹ് :33.
സി. സലീം സുല്ലമി വിവര്‍ത്തനം ചെയ്ത ശൈഖ് സ്വഫീഹുറഹ്മാന്‍ മുബാറക് പൂരിയുടെ 'അര്‍റഹീക്വുല്‍ മഖ്തൂം' എന്ന ഗ്രന്ഥത്തില്‍ നിന്ന്...

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH