Search

mahonnathan

JA slide show

നബി ചരിത്രം

ഹുദൈബിയാ സന്ധി Print E-mail

അറേബ്യന്‍ ഉപദ്വീപില്‍ ഒരു പരിധിവരെ മുസ്ലിംകള്‍ക്കനുകൂലമായ സാഹചര്യം ഇണങ്ങിവന്നതോടെ, ഇസ്ലാമിക പ്രബോധനം വിജയിക്കുന്നതിന്റേയും ഉപദ്വീപ് മുസ്ലിംകള്‍ക്ക് കീഴില്‍ വരുന്നതിന്റെയും ലക്ഷണങ്ങള്‍ അല്പാല്പമായി തെളിഞ്ഞുവന്നുകൊണ്ടേയിരുന്നു. അതോടെ ആറുവര്‍ഷമായി മുസ്ലിംകള്‍ക്ക് വിലക്കിയിരുന്ന മസ്ജിദുല്‍ ഹറമിലെ ആരാധനാസ്വാതന്ത്ര്യം ഉറപ്പിക്കാനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങി.

മദീനയിലിരിക്കെ പ്രവാചകന്‍ അനുയായികളോടൊപ്പം ഹറമില്‍ പ്രവേശിക്കുന്നതും കഅബയുടെ താക്കോല്‍ വാങ്ങി അത് തുറക്കുന്നതും ഉംറ നിര്‍വഹിച്ച് തല മുണ്ഡനം ചെയ്യുന്നതും മുടി മുറിക്കുന്നതുമെല്ലാം സ്വപ്നം കാണുകയുണ്ടായി. ഇതദ്ദേഹം സഹചരന്മാരോട് അറിയിച്ചപ്പോള്‍ അവര്‍ ഏറെ സന്തോഷിക്കുകയും ആ വര്‍ഷം തന്നെ മക്കയില്‍ പ്രവേശിക്കുമെന്ന് ധരിക്കുകയും ചെയ്തു. ഉംറയ്ക്ക് പുറപ്പെടുന്ന വിവരം അവിടുന്ന് അവരെ അറിയിച്ചപ്പോള്‍ അവരെല്ലാം സജ്ജരാവുകയും ചെയ്തു.

നബി(സ) അവിടുത്തെ വസ്ത്രങ്ങളെല്ലാം അലക്കി വൃത്തിയാക്കി. അല്‍ഖസ്വ് വാഅ് എന്ന ഒട്ടകപ്പുറത്തേറി മക്കയിലേക്ക് തിരിച്ചു. കൂടെ പത്നി ഉമ്മുസലമയും ആയിരത്തിനാനൂറോ ആയിരത്തിഅഞ്ഞൂറോ മുസ്ലിംകള്‍ സഹയാത്രികരായുമുണ്ട്. ഹിജ്റ ആറാം വര്‍ഷം ദുല്‍ക്വഅദയുടെ ആദ്യത്തില്‍ ഒരു തിങ്കളാഴ്ച യാത്ര തിരിച്ച ഇവരുടെയടുക്കല്‍ സാധാരണ അണിയാറുള്ള വാളല്ലാതെ മറ്റൊരു ആയുധവുമുണ്ടായിരുന്നില്ല. മദീനയുടെ പരിസരവാസികളായ ഗ്രാമീണര്‍ പ്രവാചകന്റെ കൂടെ പുറപ്പെട്ടിരുന്നില്ല. മദീനയുടെ ഉത്തരവാദിത്തം ഇബ്നു ഉമ്മുമക്തൂമിനെയോ നുമൈല അല്‍ലൈസിയെയോ ആയിരുന്നു ചുമതലപ്പെടുത്തിയത്.

ദുല്‍ഖുലൈഫയിലെത്തിയപ്പോള്‍ ഇവര്‍ ഉംറയ്ക്ക് വേണ്ടി ഇഹ്റാമില്‍ പ്രവേശിക്കുകയും മൃഗങ്ങളുടെ കഴുത്തില്‍ തിരിച്ചറിയാനുള്ള അടയാളങ്ങള്‍ കെട്ടുകയും ചെയ്തു. ഒരു ഖുസാഅക്കാരനെ ക്വുറൈശികളുടെ വിവരമറിയാനായി മുന്നില്‍ അയക്കുകയും ചെയ്തു. സംഘം ഉസ്ഫാന്‍ എന്നിടത്തെത്തിയപ്പോള്‍ ക്വുറൈശികള്‍ ഹബ്ശികളെ സംഘടിപ്പിച്ച് പ്രതിരോധസജ്ജരായി നില്ക്കുന്ന വിവരവുമായി ഇദ്ദേഹം തിരിച്ചെത്തി.(1) പ്രവാചകന്‍ അനുയായികളോട് പ്രശ്നം കൂടിയാലോചിച്ചു. ക്വുറൈശികളോട് സഹകരിച്ചവരുമായി ഏറ്റുമുട്ടുകയോ അതോ ഉംറയ്ക്ക് തടസ്സം സൃഷ്ടിക്കുന്നവരുമായി ഏറ്റുമുട്ടുകയോ എന്താണ് വേണ്ടതെന്ന്? അബൂബക്കര്‍ പറഞ്ഞു: അല്ലാഹുവും അവന്റെ ദൂതനുമാണ് കൂടുതല്‍ അറിയുന്നവര്‍. നാം വന്നത് ഉംറ നിര്‍വഹിക്കാനാണ്. ഒരു യുദ്ധത്തിനല്ല. പക്ഷെ, കഅബാലയത്തില്‍നിന്ന് നമ്മെ തടയുന്നവരുമായി നാം ഏറ്റുമുട്ടും. നബി(സ) എല്ലാവരോടും മുന്നോട്ട് നീങ്ങാന്‍ ആവശ്യപ്പെട്ടു.

ഇതിന്നിടയ്ക്ക് ക്വുറൈശികള്‍ കൂടിയാലോചിച്ച് എന്തുതന്നെയായാലും മുസ്ലിംകളെ കഅബയില്‍നിന്ന് തടയണമെന്ന് തീരുമാനിച്ചിരുന്നു. ക്വുറൈശികളെ സഹായിക്കാന്‍ തയ്യാറായ ഹബ്ശികളെ ഒഴിവാക്കാന്‍ പ്രവാചകന്‍ തീരുമാനിച്ചപ്പോള്‍ ഒരു കഅബ് ഗോത്രക്കാരന്‍ നബി(സ)യെ സമീപിച്ച് ക്വുറൈശികള്‍ ദീത്വുവയില്‍ താവളമടിച്ചിട്ടുണ്ടെന്നും ഖാലിദുബ്നു വലീദ് ഇരുന്നൂറ് അശ്വഭടന്മാരോടുകൂടി മക്കയിലേക്കുള്ള പ്രധാനവഴിയില്‍ കുറാഗുല്‍ ഗമീമില്‍ പ്രതിരോധസജ്ജരായി നില്ക്കുന്നുണ്ടെന്നും അറിയിച്ചു. ഇതോടെ നബി(സ) കൂടെയുള്ള അശ്വവിഭാഗത്തെ അവരുടെ സൈന്യത്തിന് അഭിമുഖമായി നിര്‍ത്തി. മുസ്ലിംകള്‍ ളുഹ്റ് നമസ്കരിക്കുന്നത് കണ്ട ഖാലിദ് പറഞ്ഞു. ഇതൊരു പറ്റിയ സന്ദര്‍ഭമാണ്. നാം ഒന്നായിട്ട് അവരെ അക്രമിച്ചാല്‍ നമുക്ക് ഇപ്പോള്‍ വിജയിക്കാന്‍ കഴിയും. അങ്ങനെ അസ്വര്‍ നമസ്കാര സമയത്ത് കടന്നാക്രമിക്കാമെന്ന് അവര്‍ തീരുമാനിച്ചു. പക്ഷെ, അപ്പോഴേക്കും അല്ലാഹു യുദ്ധം പോലെ ഭയമുള്ള സന്ദര്‍ഭങ്ങളിലുള്ള നമസ്കാരത്തിന്റെ വിധി അവതരിപ്പിച്ചതുകാരണം ഖാലിദിന് അവസരം നഷ്ടപ്പെട്ടു.

പ്രവാചകനും അനുയായികളും തന്‍ഈം വഴി ഹറമിലേക്കെത്തുന്ന പ്രധാന വഴി ഉപേക്ഷിച്ച് വലതുവശത്തേക്ക് മാറി അല്പം ദുര്‍ഘടമായ ഒരു പാതയിലൂടെ മുന്നോട്ട് നീങ്ങി. ഇതറിഞ്ഞ ഖാലിദ് ഖുറൈശികളുടെയടുക്കലേക്ക് സന്ദേശമെത്തിച്ചു. പ്രവാചകന്‍ ഥനീയത്തുല്‍ മുറാറിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ഒട്ടകം മുട്ടുകുത്തി. ആളുകള്‍ തെളിച്ചുനോക്കിയെങ്കിലും അതെഴുന്നേറ്റില്ല. അപ്പോള്‍ ഖസ്വ്വാ ക്ഷീണിച്ചുപോയി എന്ന് ജനങ്ങള്‍ പറയാന്‍ തുടങ്ങി. നബി(സ) പറഞ്ഞു: 'ഖസ്വ്വാഅ് തളര്‍ന്നതല്ല. അതങ്ങനെ തളരുകയില്ല. പക്ഷെ മുമ്പ് ആനപ്പടയെ തടഞ്ഞുനിര്‍ത്തിയവന്‍ അതിനേയും തടഞ്ഞിരിക്കുകയാണ്.' അവിടുന്ന് തുടര്‍ന്ന് പറഞ്ഞു: 'എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍തന്നെ സത്യം. അല്ലാഹുവിന്റെ പവിത്രകേന്ദ്രങ്ങളെ ആദരിച്ചുകൊണ്ടുള്ള ഏതൊരു കാര്യത്തിലേക്ക് ക്വുറൈശികള്‍ എന്നെ ക്ഷണിച്ചാലും ഞാന്‍ അതിന് സന്നദ്ധനാകും.' തുടര്‍ന്ന് ഒട്ടകത്തെ തെളിച്ചപ്പോള്‍ അത് ചാടി എഴുന്നേറ്റു എന്നിട്ട് ഹുദൈബിയയുടെ അടുത്ത് ഒരു ചെറിയ തടാകത്തിന് സമീപം താവളമടിച്ചു.* അല്പാല്പം മാത്രം വെള്ളമുപയോഗിച്ചതുകാരണം ദാഹം സഹിക്കാനാവാതെ ജനങ്ങള്‍ തിരുമേനിയോട് ആവലാതിപ്പെട്ടു. അവിടുന്ന് തന്റെ ആവനാഴിയില്‍നിന്ന് ഒരമ്പെടുത്ത് അതില്‍ വെക്കാന്‍ കല്പിച്ചു. അതോടെ വെള്ളം സുലഭമായി.

ക്വുറൈശികളുടെ പ്രതിനിധികള്‍
അല്പംകഴിഞ്ഞപ്പോള്‍ മുസ്ലിംകളുടെ ആഗമനോദ്ദേശ്യം അന്വേഷിച്ചുകൊണ്ട് ഖുസാഅ ഗോത്രക്കാരനായ ബുദയ്ല്‍ ബിന്‍ വര്‍ഖാഅ് ഏതാനും ഖുസാഅ ഗോത്രക്കാരോടൊപ്പം പ്രവാചക സന്നിധിയില്‍ വന്നു. തിഹാമയില്‍ നബി(സ)യുടെ ഗുണകാംക്ഷികളാണ് ഖുസാഅ ഗോത്രക്കാര്‍. പ്രവാചകന്‍ അറിയിച്ചു: 'ഞങ്ങള്‍ ഉംറ നിര്‍വഹിക്കാന്‍ വന്നവരാണ്. യുദ്ധം ഞങ്ങളുടെ ലക്ഷ്യമല്ല. ക്വുറൈശികള്‍ മറ്റുള്ളവരെപ്പോലെ ഇസ്ലാം ആശ്ളേഷിക്കുകയാണെങ്കില്‍ അവര്‍ ഹാര്‍ദ്ദമായി സ്വാഗതംചെയ്യപ്പെടും. മറിച്ചു മാര്‍ഗതടസ്സം സൃഷ്ടിക്കുകയും യുദ്ധം ചെയ്യുകയുമാണെങ്കില്‍ അവരില്‍ അവസാനത്തവരോടുവരെ ഞാന്‍ യുദ്ധം ചെയ്യും. തീര്‍ച്ച.' ബുദയ്ല്‍ ഈ വിവരം ക്വുറൈശികളെ അറിയിച്ചു. അപ്പോള്‍ ക്വുറൈശികള്‍ മിക്റസുബിന്‍ ഹഫ്സിനെ പ്രവാചകന്റെ അടുക്കലേക്ക് അയച്ചു. അവനെ കണ്ടപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: 'ഇവന്‍ വഞ്ചകനാണ്.' ഇവനോട് ബുദയ്ലിനോട് പറഞ്ഞതുതന്നെ പറഞ്ഞു: അവന്‍ ആ വിവരം ക്വുറൈശികള്‍ക്ക് എത്തിച്ചു. തുടര്‍ന്ന് കിനാന ഗോത്രക്കാരന്‍ ഹുലൈസ്ബ്നു അല്‍ഖമ നിയുക്തനായി. ഇദ്ദേഹം കടന്നുവരുന്നതുകണ്ട പ്രവാചകന്‍ പറഞ്ഞു: 'ഇദ്ദേഹം ബലിമൃഗങ്ങളെ ആദരിക്കുന്ന വ്യക്തിയാണ്. അതിനാല്‍ അവയെ അദ്ദേഹത്തിന്നഭിമുഖമായി നിര്‍ത്തുക.' ജനങ്ങള്‍ തല്‍ബിയത്ത് ചൊല്ലിക്കൊണ്ട് ബലിമൃഗങ്ങളെ തിരിച്ചുനിര്‍ത്തി. ഇത് കണ്ട ഹുലൈസ് പറഞ്ഞു: 'സുബ്ഹാനല്ലാഹ്! ഇവരെ കഅബാലയത്തില്‍ നിന്ന് തടയേണ്ട യാതൊരാവശ്യവുമില്ല.' ഇദ്ദേഹം തിരിച്ചുചെന്ന് ക്വുറൈശികളോട് താന്‍ കണ്ടത് പറഞ്ഞു. തന്റെ അഭിപ്രായം അവരുടെ മുന്നില്‍വെക്കുകയും ചെയ്തു. അദ്ദേഹവും ക്വുറൈശികളും ഒരു സംവാദം തന്നെ നടന്നു. അപ്പോള്‍ ഉര്‍വത്ത്ബ്നു മസ്ഊദ് അഥ്ഥഖ്ഫീ പറഞ്ഞു: 'ഇദ്ദേഹം നിങ്ങളുടെ മുമ്പില്‍ വിവേകത്തിന്റെ മാര്‍ഗമാണ് സമര്‍പ്പിച്ചിട്ടുള്ളത്, അത് സ്വീകരിക്കുക.' ഞാനും മുഹമ്മദിനെ ഒന്ന് സമീപിക്കട്ടെ.' ഇദ്ദേഹവും തിരുമേനിയെ സമീപിച്ചു സംസാരിച്ചു. ബുദയ്ലിനോട് പറഞ്ഞതുപോലെയുള്ള മറുപടി തന്നെ ഇദ്ദേഹത്തോടും പ്രവാചകന്‍ പറഞ്ഞു. അപ്പോള്‍ ഉര്‍വ പറഞ്ഞു: 'മുഹമ്മദ്! സ്വന്തം ജനതയ്ക്കെതിരില്‍ ഉന്മൂലനയുദ്ധം നയിച്ച ആരെയെങ്കിലും നീ കണ്ടിട്ടുണ്ടോ? നീയല്ലാതെ. നിന്റെ കൂടെയുള്ള അധമന്മാരായ ആളുകള്‍ നിന്നെ കയ്യൊഴിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.' ഇത് കേട്ടപ്പോള്‍ കുപിതനായ അബൂബക്കര്‍ ആക്രോശിച്ചു: 'ഞങ്ങള്‍ ഇദ്ദേഹത്തെ കയ്യൊഴിയുമെന്നോ?' ഉര്‍വയും ഇതിന് തിരിച്ചു പ്രതികരിച്ചു. നബി(സ)യോട് സംസാരിച്ചിരുന്ന ഉര്‍വ ഇടയ്ക്കിടയ്ക്ക് തിരുമേനിയുടെ താടി ഉഴിഞ്ഞുകൊണ്ടാണ് സംസാരിച്ചിരുന്നത്. ഇതുകണ്ട മുഗീറത്തുബ്നു ശുഅ്ബ തന്റെ വാളുകൊണ്ട് അത് തടഞ്ഞുകൊണ്ടിരുന്നു അദ്ദേഹം പറഞ്ഞു: 'നിന്റെ കൈ തിരുദൂതരുടെ താടിയില്‍നിന്ന് മാറ്റുക.' ഉര്‍വ തലയുയര്‍ത്തി ചോദിച്ചു. 'ആരാണത്?' 'മുഗീറത്തുബ്നു ശുഅ്ബ' അവര്‍ മറുപടി പറഞ്ഞു. അപ്പോള്‍ ഉര്‍വ, ജാഹിലിയ്യ കാലത്ത് മുഗീറ തന്റെ കൂട്ടുകാരെ വധിച്ച് പണം അപഹരിച്ചതും പിന്നീട് വന്ന് ഇസ്ലാം ആശ്ളേഷിച്ചതും സൂചിപ്പിച്ച് സംസാരിച്ചു. അപ്പോള്‍ പ്രവാചകന്‍ പ്രതികരിച്ചു. 'ഇസ്ലാം ഞാന്‍ സ്വീകരിച്ചിരിക്കുന്നു. ധനം, ഞാനതിന് ഉത്തരവാദിയല്ല.' മുഗീറ, ഉര്‍വയുടെ സഹോദരപുത്രനുമാണ്.

ഉര്‍വ, നബി(സ)യുടെ സഹചരന്മാര്‍ അവിടുത്തോടു പെരുമാറുന്ന രീതി ശ്രദ്ധിച്ചിരുന്നു. അദ്ദേഹം തന്റെ ജനങ്ങളുടെയരികെ തിരിച്ചുചെന്നു പറഞ്ഞു: 'ജനങ്ങളേ! ഞാന്‍ കിസ്റാ, കൈസര്‍, നേഗസ് ചക്രവര്‍ത്തിമാരുടെ കൊട്ടാരങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ മുഹമ്മദിന് തന്റെ അനുയായികള്‍ കല്പിക്കുന്ന സ്ഥാനവും ആദരവുമൊന്നും ഒരു വസ്തുവിനും അവരുടെ പ്രജകള്‍ കല്പിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം അംഗസ്നാനം ചെയ്ത വെള്ളം ദേഹത്ത് പുരട്ടുന്നതിന്നവര്‍ പരസ്പരം മത്സരിക്കുന്നു! അദ്ദേഹത്തിന്റെ ആജ്ഞ കേള്‍ക്കേണ്ട താമസം അവര്‍ അത് നടപ്പിലാക്കുന്നു! അദ്ദേഹത്തിന്റെ മുമ്പില്‍ ശബ്ദം താഴ്ത്തിമാത്രം സംസാരിക്കുന്നു. ബഹുമാനം കാരണം അദ്ദേഹത്തിനുനേരെ അവരുടെ ദൃഷ്ടികള്‍ പോലും അവര്‍ ഉയര്‍ത്തുന്നില്ല.' അദ്ദേഹം തുടര്‍ന്നു: 'അവര്‍ വിവേകപൂര്‍ണമായ കാര്യമാണ് നിങ്ങള്‍ക്ക് മുമ്പില്‍ സമര്‍പ്പിച്ചത്. അതിനാല്‍ നിങ്ങളത് സ്വീകരിക്കുക.'' യുദ്ധക്കൊതിയരായ യുവാക്കള്‍ക്ക് ഈ നിര്‍ദേശം ഇഷ്ടപ്പെട്ടില്ല. അവര്‍ സന്ധിയുണ്ടാകുന്നത് തടയാന്‍ പദ്ധതികളാവിഷ്കരിച്ചു.

അവരില്‍നിന്ന് എഴുപതോ എണ്‍പതോ പേര്‍ പാതിരാവില്‍ മുസ്ലിം താവളത്തിന് സമീപത്തേക്ക് പുറപ്പെട്ടു. തന്‍ഈം മലയിറങ്ങി അവര്‍ മുസ്ലിംകള്‍ക്കിടയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചു. പക്ഷെ, സൈന്യത്തിന്റെ പാറാവുനേതാവ് മുഹമ്മദ്ബിന്‍ മസ്ലമ അവരെയൊന്നാകെ ബന്ധിച്ചു. ഐക്യത്തിലും സന്ധിയിലുമുള്ള പ്രതീക്ഷകാരണം അവരെ നബി(സ) വെറുതെവിട്ടു. ഇതിനെക്കുറിച്ചാണ് ക്വുര്‍ആന്‍ അവതരിച്ചത്. "അവര്‍ക്ക് (ശത്രുക്കള്‍ക്ക്) എതിരില്‍ നിങ്ങള്‍ക്ക് വിജയം നല്കിയതിനുശേഷം അവനാകുന്നു മക്കയുടെ ഉള്ളില്‍വെച്ച് അവരുടെ കൈകള്‍ നിങ്ങളില്‍നിന്നും നിങ്ങളുടെ കൈകള്‍ അവരില്‍ നിന്നും തടഞ്ഞുനിര്‍ത്തിയത്.'' (48:24)

നബി(സ)യുടെ പ്രതിനിധി
ഇതോടെ യാത്രോദ്ദേശ്യം ക്വുറൈശികളെ ബോധ്യപ്പെടുത്താന്‍ ഒരു പ്രതിനിധിയെ അവരുടെയടുത്തേക്ക് അയക്കാന്‍ പ്രവാചകന്‍ തീരുമാനിച്ചു. ഉമര്‍(റ)വിനെ ഇതിനായി ക്ഷണിച്ചപ്പോള്‍ താന്‍ മര്‍ദിക്കപ്പെട്ടാല്‍ തനിക്കുവേണ്ടി സംസാരിക്കാന്‍ ബന്ധുക്കളാരും അവിടെയില്ലാത്തതില്‍ ഉസ്മാനുബ്നു അഫ്ഫാനെ അയക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് അദ്ദേഹം ഒഴിഞ്ഞു. ഉസ്മാന്‍(റ)വിന്റെ ബന്ധുക്കള്‍ മക്കയിലുണ്ടായിരുന്നു. അങ്ങനെ ഉസ്മാന്‍(റ)നെ നബി(സ) തന്റെ ദൂതനായി ക്വുറൈശികളുടെ അടുക്കലേക്ക് അയച്ചു. അദ്ദേഹത്തോട്, തങ്ങള്‍ യുദ്ധത്തിനല്ല ഉംറ നിര്‍വഹിക്കാനാണെത്തിയതെന്ന് അറിയിക്കാനും അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കാനും വിശ്വാസം മനസ്സിലൊളിപ്പിച്ച് മക്കയില്‍ കഴിഞ്ഞുകൂടിയിരുന്ന ദുര്‍ബലരെ ഇസ്ലാമിന് വിജയം ആസന്നമായിട്ടുണ്ടെന്ന് അറിയിക്കാനും ഉത്തരവാദപ്പെടുത്തി.

ഉസ്മാന്‍(റ) പ്രവാചകന്റെ സന്ദേശം ക്വുറൈശികളെ കേള്‍പ്പിച്ചു. അവര്‍ പറഞ്ഞു: 'നീ പറഞ്ഞത് ഞങ്ങള്‍ കേട്ടു. ഇനി നിനക്ക് നിന്റെ ആവശ്യങ്ങള്‍ക്കായി പോകാം.' അങ്ങനെ അദ്ദേഹത്തെ അബാന്‍ബിന്‍സഈദ് ബിന്‍അല്‍ആസ് തന്റെ കുതിരപ്പുറത്തേറ്റി മക്കയിലേക്ക് കൊണ്ടുപോയി. അവര്‍ അദ്ദേഹത്തിന് കഅബ ത്വവാഫ് ചെയ്യാന്‍ അനുമതി നല്കി. അദ്ദേഹമത് നിരസിച്ചുകൊണ്ട് പറഞ്ഞു: 'ദൈവദൂതര്‍ ത്വവാഫ് ചെയ്യുന്നതുവരെ ഞാന്‍ ത്വവാഫ് ചെയ്യില്ല.' തുടര്‍ന്ന് അവര്‍ ഉസ്മാന്‍ (റ)വിനെ തടവിലാക്കി. ഒരുപക്ഷെ പ്രവാചകന്റെ സന്ദേശത്തിന് മറുപടി തീരുമാനിച്ചശേഷം അദ്ദേഹത്തിന്റെ അടുക്കല്‍ അവര്‍ തന്നെ തിരിച്ചയക്കാം എന്ന് ഉദ്ദേശിച്ചായിരിക്കാം അവര്‍ അദ്ദേഹത്തെ തടഞ്ഞത്. പക്ഷെ, തടങ്കല്‍ ദീര്‍ഘിച്ചതോടെ ഉസ്മാന്‍(റ) വധിക്കപ്പെട്ടുവെന്ന് മുസ്ലിംകള്‍ക്കിടയില്‍ പ്രചരിച്ചു. നബി(സ)യുടെ അടുക്കലും ഈ വാര്‍ത്തയെത്തി. ഉടനെ അദ്ദേഹം പ്രഖ്യാപിച്ചു: "അവരോട് യുദ്ധം ചെയ്യാതെ ഇവിടെനിന്ന് പോകുന്ന പ്രശ്നമില്ല' തുടര്‍ന്നദ്ദേഹം തന്റെ അനുചരന്മാരെ പ്രതിജ്ഞക്കായി ക്ഷണിച്ചു. മരിക്കുവോളം പിന്തിരിയാതെ യുദ്ധരംഗത്ത് ഉറച്ചുനില്ക്കുമെന്നവര്‍ പ്രവാചകന്റെ കൈപിടിച്ച് പ്രതിജ്ഞ ചെയ്തു. അബൂസിനാനുല്‍അസദിയാണ് ആദ്യം കരാര്‍ ചെയ്തത്. സലമത്തുബ്നു അക്വഅ് ആദ്യത്തിലും മധ്യത്തിലും അന്ത്യത്തിലുമായി മൂന്നുതവണ മരണ പ്രതിജ്ഞ ചെയ്തു. ഉസ്മാനുബ്നു അഫ്ഫാന് വേണ്ടി പ്രവാചകന്‍ തന്റെ ഒരു കരം മറ്റേ കരത്തില്‍ വെച്ചുകൊണ്ട് അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലും പ്രതിജ്ഞ ചെയ്തു. പക്ഷെ, പ്രതിജ്ഞയുടെ നടപടികളെല്ലാം പൂര്‍ത്തിയായതോടെ ഉസ്മാന്‍(റ) തിരിച്ചെത്തി. അദ്ദേഹവും പ്രതിജ്ഞയില്‍ പങ്കെടുത്തു. കപടനായിരുന്ന ജദ്ദ്ബിന്‍ ഖൈസ് മാത്രമാണ് ഇതില്‍നിന്ന് മാറിനിന്നത്. ബൈഅത്തുര്‍റിളുവാന്‍ (റിളുവാന്‍ പ്രതിജ്ഞ) എന്ന പേരിലറിയപ്പെടുന്ന ഈ പ്രതിജ്ഞ ഒരു വൃക്ഷത്തിന് ചുവട്ടില്‍ വെച്ചായിരുന്നു പ്രവാചകന്‍ എടുത്തിരുന്നത്. ഇതിനെപ്പറ്റിയാണ് അല്ലാഹു പരാമര്‍ശിച്ചത്.

"ആ മരത്തിന്റെ ചുവട്ടില്‍വെച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെപ്പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു.'' (48:18)

സന്ധി വ്യവസ്ഥകള്‍
സാഹചര്യത്തിന്റെ ഗൌരവാവസ്ഥ ക്വുറൈശികള്‍ ശരിക്കും മനസ്സിലാക്കി. അവര്‍ ഉടനെത്തന്നെ ഒരു സന്ധി സന്ദേശവുമായി സുഹൈല്‍ബിന്‍ അംറിനെ തിരുസന്നിധിയിലേക്കയച്ചു. ഈ വര്‍ഷം മടങ്ങിപ്പോവുകയെന്നതല്ലാതെ ഒരു സന്ധിയുമുണ്ടാകരുത്. തന്ത്രത്തില്‍ അദ്ദേഹം മക്കയില്‍ പ്രവേശിച്ചുവെന്ന് അറബികള്‍ ഒരിക്കലും നമ്മെപ്പറ്റി പറയാന്‍ ഇടവരരുത് എന്ന് പറഞ്ഞുറപ്പിക്കുകയും ചെയ്തു. സുഹൈലിന്റെ ആഗമനം കണ്ടപ്പോള്‍ തന്നെ പ്രവാചകന്‍ പറഞ്ഞു: 'നിങ്ങള്‍ക്ക് കാര്യം എളുപ്പമായിരിക്കുന്നു. ഈ മനുഷ്യനെ അയക്കുന്നതിന്നര്‍ഥം അവര്‍ സന്ധി ഉദ്ദേശിക്കുന്നുവെന്നതാണ്.' സുഹൈല്‍ വന്ന് പ്രവാചകനുമായി ദീര്‍ഘമായി സന്ധിയുടെ ഉപാധികളെക്കുറിച്ച് സംസാരിച്ചു. അവസാനം താഴെ കാണുംവിധം ഉപാധികളില്‍ ഇരു കക്ഷികളും യോജിപ്പിലെത്തി.

1. ഈ വര്‍ഷം പ്രവാചകന്‍ ഉംറ നിര്‍വഹിക്കാതെ മടങ്ങിപ്പോകണം. എന്നാല്‍ അടുത്തവര്‍ഷം മുസ്ലിംകള്‍ക്ക് മക്കയില്‍ മൂന്നു ദിവസം താമസിക്കാം. കൂടെ ഉറയിലിട്ട വാളല്ലാതെ മറ്റൊന്നും ഉണ്ടാവാന്‍ പാടില്ല. ക്വുറൈശികള്‍ അവര്‍ക്കൊരു തടസ്സവും സൃഷ്ടിക്കാവതല്ല.
2. പത്തു വര്‍ഷത്തേക്ക് ഇരുകക്ഷികളും തമ്മില്‍ യുദ്ധം പാടില്ല. ജനങ്ങള്‍ നിര്‍ഭയരായിരിക്കട്ടെ.
3. മുഹമ്മദുമായി സഖ്യത്തിലേര്‍പ്പെടാന്‍ താല്പര്യമുള്ള ഗോത്രങ്ങള്‍ക്ക് അതിനും ക്വുറൈശികളുമായി സഖ്യത്തിന് താല്പര്യമുള്ള ഗോത്രങ്ങള്‍ക്ക് അതിനും അനുവാദമുണ്ടായിരിക്കുന്നതാണ്. ഇങ്ങനെ കക്ഷി ചേരുന്ന ഗോത്രങ്ങള്‍ ആ വിഭാഗത്തിന്റെ ഒരു ഘടകമായി തന്നെ പരിഗണിക്കുന്നതാണ്. അതിനാല്‍ ഈ ഗോത്രങ്ങള്‍ക്കെതിരെ നടത്തുന്ന കയ്യേറ്റം ആ വിഭാഗത്തിന് എതിരെയുള്ള കയ്യേറ്റമായി ഗണിക്കുക.
4. ക്വുറൈശികളില്‍നിന്ന് ആരെങ്കിലും മുഹമ്മദിന്റെ പക്ഷത്തേക്ക് ഒളിച്ചോടിയാല്‍ അവനെ തിരിച്ചയക്കേണ്ടതും മറിച്ച് മുഹമ്മദിന്റെ പക്ഷത്തുനിന്ന് ഒളിച്ചോടി ക്വുറൈശീ പക്ഷത്ത് എത്തുന്നവരെ തിരിച്ചയക്കേണ്ടതില്ലതാനും.

തുടര്‍ന്ന് അലിയെ വിളിച്ച് ഇത് രേഖപ്പെടുത്താനായി ആവശ്യപ്പെട്ടു. തുടര്‍ന്ന് പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍ എന്ന് പ്രവാചകന്‍ ചൊല്ലിക്കൊടുത്തപ്പോള്‍ മറുപക്ഷത്തുനിന്ന് സുഹൈല്‍ പറഞ്ഞു: 'അല്ലാഹുവാണേ, ഈ പരമകാരുണികന്‍ ഞങ്ങള്‍ക്ക് അറിയില്ലല്ലോ. അല്ലാഹുവിന്റെ നാമത്തില്‍ എന്നെഴുതുക, അതുമതി.' പ്രവാചകന്‍ അലി(റ)യോട് അങ്ങനെ എഴുതാന്‍ കല്പിച്ചു. 'പിന്നീട് അല്ലാഹുവിന്റെ ദൂതന്‍ മുഹമ്മദില്‍നിന്നുള്ള സന്ധി എന്ന് ചൊല്ലിക്കൊടുത്തപ്പോള്‍ സുഹൈല്‍ വീണ്ടും ഇടപെട്ടു. താങ്കള്‍ അല്ലാഹുവിന്റെ ദൂതനാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നുവെങ്കില്‍ ഞങ്ങള്‍ താങ്കളുമായി യുദ്ധം ചെയ്യുകയോ കഅബയില്‍നിന്ന് തടയുകയോ ചെയ്യില്ലല്ലോ, അതിനാല്‍ അബ്ദുല്ലയുടെ പുത്രന്‍ മുഹമ്മദ് എന്നുമാത്രമെഴുതുക.' നബി(സ) പ്രതികരിച്ചു: 'നിങ്ങള്‍ അംഗീകരിച്ചില്ലെങ്കിലും ഞാന്‍ അല്ലാഹുവിന്റെ ദൂതന്‍തന്നെയാണ്. തീര്‍ച്ച.' തുടര്‍ന്ന് അദ്ദേഹം അബ്ദുല്ലയുടെ പുത്രന്‍ മുഹമ്മദ് എന്ന് എഴുതാനും ദൈവദൂതന്‍ എന്നത് മായ്ക്കാനും കല്പിച്ചു. പക്ഷെ, അത് മായ്ക്കാന്‍ അലി കൂട്ടാക്കിയില്ല. തുടര്‍ന്ന് അദ്ദേഹംതന്നെ അതു മായിച്ചു. ഇതോടെ കരാര്‍ പൂര്‍ത്തിയായി. കരാര്‍ പൂര്‍ത്തിയായതോടെ അബ്ദുല്‍ മുത്വലിബിന്റെ കാലം മുതലേ ഹാശിം വംശവുമായി സഖ്യത്തിലായിരുന്ന ഖുസാഅ ഗോത്രം മുസ്ലിംകളുടെ പക്ഷത്തുചെന്ന്ചേര്‍ന്നു. ബനൂബക്ര്‍ ക്വുറൈശീ പക്ഷത്തും ചേര്‍ന്നു.

സന്ധിവ്യവസ്ഥ എഴുതിത്തീരുംമുമ്പേ സുഹൈലിന്റെ പുത്രന്‍ അബൂജന്‍ദല്‍ ചങ്ങലയും പൊട്ടിച്ച് മുസ്ലിം പക്ഷത്തേക്ക് കടന്നുവന്നു. ഉടനെത്തന്നെ സുഹൈല്‍ പറഞ്ഞു: 'ഇതാ, ഇവനെ തിരിച്ചുതരണമെന്നാണ് ഞാന്‍ ആദ്യമായി നിന്നോട് ആവശ്യപ്പെടുന്നത്.' നബി(സ) പറഞ്ഞു: 'നാം ഇതുവരേയും സന്ധി എഴുതിത്തീര്‍ന്നില്ലല്ലോ.' അപ്പോള്‍ സുഹൈല്‍ പറഞ്ഞു: 'എങ്കില്‍ അല്ലാഹുവാണേ ഒരിക്കലും നിന്നോട് ഞാന്‍ ഒരു കരാറും പാലിക്കുകയില്ല.' നബി(സ) പറഞ്ഞു. 'അവനെ വിട്ടുതരിക.' 'ഇല്ല, വിട്ടുതരില്ല' സുഹൈല്‍ മറുപടി പറഞ്ഞു: എന്നിട്ട് അബൂജന്‍ദലിന്റെ മുഖത്തടിച്ച് അവനെ പിടിച്ചുവലിച്ച് തിരിച്ചുകൊണ്ടുപോയി. അപ്പോള്‍ അബൂജന്‍ദല്‍ ഉച്ചത്തില്‍ ആര്‍ത്തുവിളിച്ചുകൊണ്ടിരുന്നു: മുസ്ലിം സമൂഹമേ! എന്റെ മതത്തില്‍ ഇനിയും പരീക്ഷിക്കപ്പെടാനായി എന്നെ നിങ്ങള്‍ മുശ്രിക്കുകളിലേക്ക് തന്നെ തിരിച്ചയക്കുകയാണോ? ദൈവദൂതന്‍ അദ്ദേഹത്തെ സമാശ്വസിപ്പിച്ചു: 'അബൂജന്‍ദല്‍!' ക്ഷമിക്കുക, അല്പംകൂടി കാത്തിരിക്കുക. നിനക്കും നിന്നെപ്പോലെയുള്ള മര്‍ദിതര്‍ക്കും അല്ലാഹു ഒരു പോംവഴിയുണ്ടാക്കിത്തരും. ഇവരുമായി ഞങ്ങള്‍ ഒരു കരാറിലേര്‍പ്പെട്ടിരിക്കുന്നു. പരസ്പരം വഞ്ചിക്കുകയില്ലെന്ന് അല്ലാഹുവിന്റെ പേരില്‍ ഞങ്ങള്‍ കരാര്‍ ചെയ്തുകഴിഞ്ഞു.'
ഉടനെ ഉമര്‍ ഓടി അബൂജന്‍ദലിനെ സമീപിച്ച് പിതാവിനെ വധിച്ചുകളയുക എന്ന് ആവശ്യപ്പെട്ടു. ഉമര്‍(റ) പറയുന്നു: 'അബുജന്‍ദല്‍ വാളെടുത്ത് പിതാവിനെ വധിക്കുമെന്നായിരുന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ, പിതാവിന്റെ കാര്യത്തില്‍ അദ്ദേഹം പിശുക്കുകാണിച്ചു.'

നബി(സ) കരാര്‍ എഴുതുന്നതില്‍നിന്ന് വിരമിച്ചതോടെ അനുചരന്മാരോട് പറഞ്ഞു: 'എല്ലാവരും എഴുന്നേറ്റ് ബലി നടത്തുക!' പക്ഷെ ആരും എഴുന്നേറ്റില്ല, പ്രവാചകന്‍ മൂന്നുതവണ ആവര്‍ത്തിച്ചു. അതോടെ അവിടുന്ന് എഴുന്നേറ്റ് പത്നി ഉമ്മു സലമയുടെ അടുക്കല്‍ ചെന്ന് ജനങ്ങളുടെ അലംഭാവം അവരോട് പറഞ്ഞു. അവര്‍ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരെ താങ്കള്‍ അവര്‍ ബലി നടത്തണമെന്നുദ്ദേശിക്കുന്നുവോ? എങ്കില്‍ ആരോടും ഒന്നും സംസാരിക്കാതെ താങ്കള്‍ താങ്കളുടെ മൃഗത്തെ ചെന്ന് അറുക്കുകയും തുടര്‍ന്ന് ക്ഷുരകനെ വിളിച്ച് മുടിയെടുക്കുകയും ചെയ്യുക. എന്നാല്‍ അവരും അതുപോലെ ചെയ്തുകൊള്ളും.'' തിരുമേനി ഇതുപോലെ ചെയ്തു. അതോടെ അനുചരന്മാരെല്ലാം അതനുഗമിച്ചു. പശുവിലും ഒട്ടകത്തിലും അവര്‍ ഏഴുവീതം പേര്‍ പങ്കുചേര്‍ന്നു. പ്രവാചകന്‍ അബൂജുഹലിന്റെ ഒരൊട്ടകത്തെയാണ് അറുത്തത്. തല മുണ്ഡനം ചെയ്തവര്‍ക്ക് മൂന്നുതവണയും മുടി വെട്ടിയവര്‍ക്ക് ഒരു തവണയും പാപമോചനത്തിന്നായി പ്രവാചകന്‍ പ്രാര്‍ഥിച്ചു. ഈ യാത്രയിലാണ്, രോഗംകാരണം ഉംറയില്‍നിന്ന് വിരമിക്കുന്നതിന് മുമ്പുതന്നെ മുടിയെടുക്കുന്നവര്‍ക്ക് നോമ്പോ ധര്‍മമോ ബലിയോ പകരം ചെയ്യാനുള്ള അനുമതി ലഭിച്ചത്. കഅ്ബ്ബിന്‍ ഉജ്റയുടെ കാര്യത്തിലാണ് വിധി അവതരിപ്പിച്ചത്.

പിന്നീട് ഏതാനും വനിതകള്‍ ഇസ്ലാം സ്വീകരിച്ചു. തങ്ങളെ സ്വീകരിക്കണമെന്ന് പറഞ്ഞ്കൊണ്ട് മുസ്ലിം പക്ഷത്തേക്ക് വന്നപ്പോള്‍ അവരുടെ രക്ഷിതാക്കള്‍ ഹുദൈബിയ സന്ധിയുടെ അടിസ്ഥാനത്തില്‍ അവരെ തിരിച്ചുനല്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വന്നു. എന്നാല്‍ പ്രവാചകന്‍ അതു നിരസിച്ചു. കാരണം സന്ധിവ്യവസ്ഥയില്‍ പ്രയോഗിച്ച പദം പുരുഷന്മാരെ സൂചിപ്പിക്കുന്നതായിരുന്നും സന്ധിയില്‍നിന്ന് അടിസ്ഥാനപരമായിത്തന്നെ സ്ത്രീകള്‍ ഒഴിവാണ്. ഇതിനെക്കുറിച്ച് അല്ലാഹു ക്വുര്‍ആന്‍ സൂക്തമവതരിപ്പിച്ചു.

"സത്യവിശ്വാസികളേ, വിശ്വാസിനികളായ സ്ത്രീകള്‍ അഭയാര്‍ഥിനികളായിക്കൊണ്ട് നിങ്ങളുടെ അടുത്തുവന്നാല്‍ നിങ്ങള്‍ അവരെ പരീക്ഷിച്ചുനോക്കണം. അവരുടെ വിശ്വാസത്തെപ്പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാണ്. എന്നിട്ട് അവര്‍ വിശ്വാസിനികളാണെന്ന് നിങ്ങള്‍ അറിഞ്ഞുകഴിഞ്ഞാല്‍ അവരെ നിങ്ങള്‍ സത്യനിഷേധികളുടെ അടുത്തേക്ക് മടക്കി അയക്കരുത്. ആ സ്ത്രീകള്‍ അവര്‍ക്ക് അനുവദനീയമല്ല. അവര്‍ ആ സ്ത്രീകള്‍ക്കും അനുവദനീയമല്ല. അവര്‍ ചെലവഴിച്ചത് നിങ്ങള്‍ നല്കുകയും വേണം. ആ സ്ത്രീകള്‍ക്ക് അവരുടെ പ്രതിഫലങ്ങള്‍ നിങ്ങള്‍ കൊടുത്താല്‍ അവരെ നിങ്ങള്‍ വിവാഹം കഴിക്കുന്നതിന് നിങ്ങള്‍ക്ക് വിരോധമില്ല. അവിശ്വാസിനികളുമായുള്ള ബന്ധങ്ങളില്‍നിങ്ങള്‍ മുറുകെ പിടിച്ചുകൊണ്ടിരിക്കുകയും ചെയ്യരുത്.'' (60:10)
റസൂല്‍(സ) ഈ വന്ന സ്ത്രീകളെ വിശുദ്ധ ക്വുര്‍ആന്‍ (60:10)ന്റെ അടിസ്ഥാനത്തില്‍ പരീക്ഷിക്കുകയും ചെയ്തു.

അങ്ങനെ ഈ വ്യവസ്ഥ അംഗീകരിച്ച വനിതകളുമായി ഉടമ്പടി ചെയ്യുകയും ശത്രുപക്ഷത്തേക്ക് തിരിച്ചയക്കാതെ മുസ്ലിംകളുടെ കൂടെ നിര്‍ത്തുകയും ചെയ്തു. ഈ ക്വുര്‍ആന്‍ സൂക്തത്തിന്റെ അടിസ്ഥാനത്തില്‍ മുസ്ലിംകള്‍ അവരുടെ അവിശ്വാസിനികളായ പത്നിമാരെ വിവാഹമുക്തകളാക്കി. ഉമര്‍ തന്റെ രണ്ടു ഭാര്യമാരെ മോചിപ്പിച്ചു. അവരില്‍ ഒരാളെ മുആവിയയും മറ്റവളെ സ്വഫ്വാന്‍ ബിന്‍ ഉമയ്യയും വിവാഹം കഴിച്ചു.

സന്ധിയുടെ നേട്ടങ്ങള്‍
ഇതാണ് ഹുദൈബിയ സന്ധി. ഇതിലെ വ്യവസ്ഥകള്‍ അതിലെ പശ്ചാത്തല സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്ന് അപഗ്രഥിച്ചാല്‍ തീര്‍ച്ചയായും ബോധ്യമാകും. ഇത് മുസ്ലിംകള്‍ക്ക് ഒരു വന്‍ വിജയമായിരുന്നുവെന്ന്. മുസ്ലിംകള്‍ക്ക് എന്തെങ്കിലും സമ്മതിച്ചുകൊടുക്കുന്നവരായിരുന്നില്ല ക്വുറൈശികള്‍. പ്രത്യുത, മുസ്ലിംകളുടെ വേരറുത്ത് പിഴുതെറിയാന്‍ കഴിയുന്ന ഒരു നാളും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു അവര്‍. ഉപദ്വീപിലെ മതഭൌതികരംഗത്തെ നേതൃത്വം ചമഞ്ഞുകൊണ്ട് ഇസ്ലാമിക പ്രബോധനത്തിന്നെതിരില്‍ സര്‍വവിധ പ്രതിബന്ധങ്ങളും സൃഷ്ടിച്ചുകൊണ്ടിരുന്ന അവര്‍ സ്വയം മുസ്ലിംകളുമായി ഒരു സന്ധിയ്ക്ക് തയ്യാറായി എന്നതുതന്നെ മുസ്ലിംകളുടെ ശക്തി അംഗീകരിക്കലായിരുന്നു. സന്ധിയിലെ മൂന്നാം ഖണ്ഡിക മൊത്തത്തില്‍ മനസ്സിലാക്കിത്തരുന്നത് ക്വുറൈശികള്‍ അവരുടെ മത-ഭൌതിക നേതൃത്വം വിസ്മരിച്ചുകൊണ്ട് ആത്മരക്ഷയുടെ മാര്‍ഗങ്ങള്‍ തേടുന്നുവെന്നതാണ്. മറ്റു ജനങ്ങളോ അറബികളോ ഇസ്ലാമില്‍ പ്രവേശിച്ചാല്‍ അത് ക്വുറൈശികള്‍ ഗൌനിക്കുകയോ അതില്‍ ഇടപെടുകയോ ചെയ്യില്ല എന്നതുതന്നെ അവരുടെ തികഞ്ഞ പരാജയത്തെയും മുസ്ലിംകളുടെ വിജയത്തേയുമല്ലേ കുറിക്കുന്നത്? മുസ്ലിംകള്‍ക്കും ശത്രുക്കള്‍ക്കുമിടയില്‍ നടന്ന രക്തരൂക്ഷിത സംഘട്ടനങ്ങളുടെ ആത്യന്തികലക്ഷ്യം-മുസ്ലിംകളെ സംബന്ധിച്ചെങ്കിലും- സാമ്പത്തിക നേട്ടങ്ങളോ മനുഷ്യവധമോ, നിര്‍ബന്ധിത മതപരിവര്‍ത്തനമോ ആയിരുന്നില്ല. മറിച്ച് ക്വുര്‍ആന്‍ പ്രഖ്യാപിച്ചതുപോലെ "ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ, ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ.'' (18:22) എന്ന വിശ്വാസ സ്വാതന്ത്യ്രത്തിന് വേണ്ടിയുള്ള പോരാട്ടമായിരുന്നു. ഈ സന്ധിയോടെ അതിന്റെ എല്ലാ അര്‍ഥത്തിലും സ്വാതന്ത്യ്രം സംജാതമാവുകയും ചെയ്തു. ഒരുപക്ഷെ, ഒരു നിര്‍ണായക വിജയം കൊയ്തെടുക്കുന്ന ഒരു യുദ്ധത്തിനുപോലും ഇതുപോലൊരു സാഹചര്യമൊരുക്കാനാവില്ല. ഇതുവഴി പ്രബോധനരംഗത്ത് മുസ്ലിംകള്‍ വന്‍വിജയമാണ് കൈവരിച്ചത്. സന്ധിക്കു മുമ്പ് കേവലം മുവ്വായിരം പേര്‍ മാത്രമായിരുന്ന മുസ്ലിംകള്‍ രണ്ടുവര്‍ഷത്തിനുശേഷം നടന്ന മക്കാവിജയത്തില്‍ പതിനായിരം ഭടന്മാരായി വര്‍ധിക്കുകയുണ്ടായി!

സന്ധിയിലെ രണ്ടാം ഖണ്ഡിക ഈ വിജയത്തിന്റെ മറ്റൊരു പ്രധാന ഘടകമാണ്. കാരണം മുസ്ലിംകളായിരുന്നില്ല ഒരിക്കലും യുദ്ധം തുടങ്ങിയിരുന്നത്. അതത്രയും ക്വുറൈശികള്‍ തന്നെയായിരുന്നു. പിന്നെ, മുസ്ലിംകളുടെ സൈനിക പര്യടനങ്ങളുടെ ഉദ്ദേശ്യം തികഞ്ഞ അഹങ്കാരത്തിലും ഇസ്ലാമിക പ്രതിരോധത്തിലും കഴിഞ്ഞിരുന്ന ക്വുറൈശികളെ അവരുടെ ഈ നിലപാടില്‍നിന്ന് മാറ്റി ഓരോരുത്തര്‍ക്കും അവരവരുടെ മാര്‍ഗത്തില്‍ സ്വതന്ത്രമായി പ്രവൃത്തിക്കാനുള്ള അവസരത്തിനുവേണ്ടിയായിരുന്നു. പത്തുവര്‍ഷത്തേക്ക് യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള സന്ധി, ഈ ധിക്കാരത്തിന് അറുതിവരുത്തുകയും യുദ്ധം തുടങ്ങിയവരുടെ പരാജയം കുറിക്കുകയുമാണ് ചെയ്യുന്നത്.

ഒന്നാം ഖണ്ഡിക, മുസ്ലിംകളെ ഹറമില്‍നിന്ന് തടഞ്ഞിരുന്ന ക്വുറൈശികളുടെ നിലപാടിന് അറുതിവരുത്തി, പുറമെ അതവര്‍ക്കൊരു പരാജയവുമാണ്. ഇതിലവര്‍ക്ക് സമാധാനിക്കാവുന്നത് പ്രസ്തുത വര്‍ഷം മുസ്ലിംകളെ ഉംറ നിര്‍വഹിക്കാനനുവദിക്കാതെ തിരിച്ചയച്ചുവെന്നതുമാത്രമാണ്.

ഈ മൂന്ന് വകുപ്പുകളും മുസ്ലിംകള്‍ക്ക് ക്വുറൈശികള്‍ നല്കിയപ്പോള്‍ അതിന് പകരമായി അവര്‍ക്ക് ലഭിക്കുന്നത് നാലാം ഖണ്ഡികമാത്രമാണ്. അതാകട്ടെ, വളരെ നിസ്സാരവും. അതില്‍ മുസ്ലിംകള്‍ക്ക് ഉപദ്രവകരമായി ഒന്നുമില്ലതാനും. ഒരു മുസ്ലിം അവന്‍ മുസ്ലിമായിരിക്കുവോളം കാലം അല്ലാഹുവില്‍നിന്നും അവന്റെ തിരുദൂതരില്‍നിന്നും മദീനയില്‍നിന്നും ഓടിയകലുന്ന പ്രശ്നമില്ല. അതിന് കഴിയണമെങ്കില്‍ അവന്‍ ആന്തരികമായും ബാഹ്യമായും മതപരിത്യാഗം നടത്തുകതന്നെ വേണം. ഇത്തരം മതപരിത്യാഗികളെ ഇസ്ലാമിനാവശ്യമില്ല, എന്നല്ല അവര്‍ കുടിയൊഴിക്കുന്നതാണ് ഇസ്ലാമിക സമൂഹത്തിന് നന്മ. ഇതാണ് റസൂല്‍(സ) സൂചിപ്പിച്ചത്. അവരില്‍നിന്ന് ഇസ്ലാം സ്വീകരിക്കുന്നവര്‍ക്ക് അല്ലാഹു രക്ഷാമാര്‍ഗവും പോംവഴിയുമുണ്ടാക്കിക്കൊടുക്കും.

ഇതുപോലെ സുരക്ഷിതവകുപ്പുകള്‍ ആവിഷ്കരിക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ ക്വുറൈശികള്‍ പ്രതാപം പ്രകടിപ്പിക്കുന്നുവെങ്കിലും ആന്തരികമായി തികഞ്ഞ ഭയത്തിലും അന്തഛിദ്രതയിലും ആശങ്കയിലുമാണവര്‍. അവരുടെ വിഗ്രഹപൂജാസംസ്കാരം അതിന്റെ പതനത്തിന്റെ വഴിതേടിയതായി അവര്‍ക്ക് മനസ്സിലായിരുന്നു. എന്നാല്‍ നബിതിരുമേനി, ക്വുറൈശികളില്‍നിന്ന് മുസ്ലിംകളായി വരുന്നവരെ തിരിച്ചയക്കാന്‍ ധൈര്യം കാണിക്കുന്നതിന്നര്‍ഥം, ഇസ്ലാമിന്റെ ആശയദാര്‍ഢ്യവും സുബദ്ധതയും നിര്‍ഭയത്വവുമാണ്.

മുസ്ലിംകളുടെ അസംതൃപ്തി

ഇതെല്ലാമാണ് സന്ധിയുടെ യാഥാര്‍ഥ്യമെങ്കിലും മുസ്ലിംകളെ രണ്ടു കാരണങ്ങളാല്‍ കഠിനദുഃഖവും നിരാശയും പിടികൂടി. ഒന്ന്: കഅബ ത്വവാഫ് ചെയ്യുമെന്ന് തിരുമേനി അറിയിച്ചിരുന്നുവല്ലോ. പിന്നെയെന്താണ് ഈ മടങ്ങിപ്പോക്ക്? രണ്ട്: മുഹമ്മദ് അല്ലാഹുവിന്റെ സത്യദൂതനും സത്യമതത്തിന്റെ വിജയം അല്ലാഹുവിന്റെ വാഗ്ദാനവുമായിരിക്കെ പിന്നെയെന്തിനാണ് അദ്ദേഹം ക്വുറൈശികളുടെ സമ്മര്‍ദത്തിന് വിധേയമായി സന്ധിയില്‍ പതിത്വം കാണിച്ചത്? ഇത് രണ്ടും മുസ്ലിം മനസ്സുകളെ വേദനിപ്പിക്കുകയും ദുഃഖാകുലരാക്കുകയും ചെയ്തു. ഒരുപക്ഷെ, ഉമറിനെയായിരിക്കാം ഇത് ഏറെ സ്വാധീനിച്ചത്. അദ്ദേഹം തിരുസന്നിധിയില്‍ വന്നു ചോദിച്ചു: 'ദൈവദൂതരേ നാം സത്യത്തിലും അവര്‍ അസത്യത്തിലുമല്ലെ?' പ്രവാചകന്‍: 'അതെ.' ഉമര്‍: 'നമ്മളില്‍നിന്ന് വധിക്കപ്പെടുന്നവര്‍ സ്വര്‍ഗത്തിലും അവരില്‍നിന്ന് വധിക്കപ്പെടുന്നവര്‍ നരകത്തിലുമല്ലേ?' പ്രവാചകന്‍: 'അതെ.' ഉമര്‍: 'പിന്നെയെന്തിനാണ് നാം നമ്മുടെ മതത്തില്‍ പതിത്വം ഏറ്റുവാങ്ങി തിരിച്ചുപോകുന്നത്?' പ്രവാചകന്‍ പറഞ്ഞു: 'ഖത്താബിന്റെ പുത്രാ! ഞാന്‍ അല്ലാഹുവിന്റെ ദാസനും ദൂതനുമാണ്. ഞാനവന്റെ കല്പന ലംഘിക്കുകയില്ല. അവനൊരിക്കലും എന്നെ സഹായിക്കാതെ കയ്യൊഴിക്കുകയില്ല.' ഉമര്‍: 'നാം കഅബാലയത്തില്‍ എത്തി പ്രദക്ഷിണം ചെയ്യുമെന്ന് അങ്ങ് ഞങ്ങളോട് പറഞ്ഞിട്ടില്ലായിരുന്നോ? നബി(സ): 'അതെ, ഈ വര്‍ഷം എന്ന് പറഞ്ഞിരുന്നോ?' ഉമര്‍: 'ഇല്ല.' നബി(സ). 'നീ അവിടെചെന്ന് പ്രദക്ഷിണം ചെയ്യും.' കുപിതനായി ഉമര്‍ അബൂബക്കര്‍(റ)വിനെ സമീപിച്ച് ഇതുപോലെയെല്ലാം സംസാരിച്ചു. അദ്ദേഹവും ഇതേ മറുപടി തന്നെ നല്കി. ഒന്നുകൂടി അദ്ദേഹം പറഞ്ഞു: 'നീ അദ്ദേഹത്തിന്റെ കല്പന മരിക്കുവോളം അവലംബിച്ചു ജീവിക്കുക, അല്ലാഹുവാണേ, അദ്ദേഹം സത്യത്തില്‍ തന്നെയാണുള്ളത്?'

തുടര്‍ന്ന് വിശുദ്ധ ക്വുര്‍ആനിലെ താഴെ കാണുന്ന സൂക്തമവതരിച്ചു: "നിശ്ചയം നിനക്ക് നാം പ്രത്യക്ഷമായ ഒരു വിജയം നല്കിയിരിക്കുന്നു.'' (48:1) ഉടനെ പ്രവാചകന്‍ ഉമറിനെ ഇതോതിക്കേള്‍പ്പിച്ചു. അദ്ദേഹം ചോദിച്ചു: 'ദൈവദൂതരേ, അതൊരു വിജയമാണോ?' 'അതെ,' പ്രവാചകന്‍ പറഞ്ഞു. അതോടെ സംതൃപ്തനായി ഉമര്‍ മടങ്ങി. പില്‍ക്കാല ജീവിതത്തില്‍, പ്രവാചകനോട് അമിതമായി സംസാരിച്ചതിലുള്ള ദുഃഖംകാരണം ഉമര്‍ പുണ്യകര്‍മങ്ങള്‍ വര്‍ധിപ്പിക്കുകയും അടിമയെ മോചിപ്പിക്കുകയും ചെയ്തു. അതൊരു പരിഹാരമായെങ്കിലോ എന്ന പ്രതീക്ഷയില്‍.(2)

പ്രശ്നം പരിഹരിക്കുന്നു
നബി(സ) മദീനയിലെത്തി വിശ്രമിച്ചു. അപ്പോഴതാ മക്കയില്‍നിന്ന് വിശ്വാസത്തിന്റെ പേരില്‍ മര്‍ദിക്കപ്പെട്ട ഒരാള്‍ കടന്നുവരുന്നു! ക്വുറൈശികളുടെ സഖ്യകക്ഷിയായ ഥഖീഫിലെ അബൂ ബസ്വീര്‍. ഹുദൈബിയ സന്ധിയുടെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ തിരിച്ചുപിടിക്കാന്‍ രണ്ടുപേരെ അവര്‍ പിറകെ അയച്ചു. അതനുസരിച്ച് തിരുമേനി അദ്ദേഹത്തെ ആ രണ്ടുപേര്‍ക്കുമേല്പ്പിച്ചു കൊടുത്തു. അങ്ങനെ അദ്ദേഹം അവരോടൊപ്പം മടങ്ങി. ദുല്‍ഹുലൈഫയിലെത്തി അവിടെ ഇറങ്ങി ഈത്തപ്പഴം കഴിക്കുന്നതിന്നിടയില്‍ അബൂബസ്വീര്‍ അവരിലൊരാളോട് പറഞ്ഞു: 'നിങ്ങളുടെ ഈ വാള്‍ വളരെ നന്നായിട്ടുണ്ട്, ഞാനൊന്ന് കാണട്ടെ.' അതെയെന്ന് പറഞ്ഞ് വാള്‍ അദ്ദേഹം അബൂബസ്വീറിന്റെ കൈവശം കൊടുത്തു. വാള്‍പിടി കൈയിലമര്‍ന്നതോടെ അബൂബസ്വീര്‍ അതുകൊണ്ട് അവനെ കൈകാര്യം ചെയ്തു. അപരന്‍ ഓടി മദീന പള്ളിയിലെത്തി. നബി(സ)യെ കണ്ട് സംഭവം വിവരിച്ചു. അപ്പോഴേക്കും വാളുമേന്തി അബൂബസ്വീറും അവിടെയെത്തി. അദ്ദേഹം പ്രവാചകനോട് പറഞ്ഞു: 'അല്ലാഹുവിന്റെ പ്രവാചകരേ. അങ്ങയുടെ ബാധ്യത അങ്ങ് പൂര്‍ത്തീകരിച്ചു കഴിഞ്ഞു. കരാറനുസരിച്ച് അങ്ങ് എന്നെ തിരിച്ചയച്ചല്ലോ. പിന്നീട് അല്ലാഹു എന്നെ അവരില്‍നിന്ന് രക്ഷിച്ചു.' പ്രവാചകന്‍ അദ്ദേഹത്തെ വീണ്ടും അവരിലേക്കുതന്നെ തിരിച്ചയക്കുമെന്ന് തോന്നിയപ്പോള്‍ അദ്ദേഹം അവിടെനിന്നും പുറപ്പെട്ടു. സൈഫുല്‍ ബഹ്ര്‍ എന്ന സ്ഥലത്തെത്തി. അവിടേക്ക് പിന്നീട് അബൂജന്‍ദലും എത്തിച്ചേര്‍ന്നു. അങ്ങനെ മക്കയില്‍ വിശ്വാസികളാകുന്ന ഓരോരുത്തരും അബൂബസ്വീറിന്റെ സമീപമെത്തിക്കൊണ്ടിരുന്നു. അവസാനമവരൊരു കൊച്ചു സംഘമായി മാറി. അതുവഴി ശാമിലേക്ക് പോകുന്ന ക്വുറൈശികളുടെ വ്യാപാരസംഘത്തെ അക്രമിച്ച് അവരുടെ സ്വത്ത് ഇവര്‍ കയ്യടക്കാന്‍ തുടങ്ങി. അതോടെ വ്യാപാരമാര്‍ഗം അസ്വസ്ഥമായി. ക്വുറൈശികള്‍ കുടുംബബന്ധത്തിന്റെ പേരില്‍ തങ്ങളോട് കരുണകാണിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നബി(സ)യുടെ അടുക്കലേക്ക് സന്ദേശമയച്ചു. അതോടെ മക്കയില്‍ വിശ്വാസികളായവരെ മദീനയില്‍ അഭയം നല്കി സ്വീകരിച്ചു.

ഹുദൈബിയ സന്ധിയുടെ ശേഷം ഹിജ്റ ഏഴാം വര്‍ഷത്തിന്റെ പ്രാരംഭത്തില്‍ മക്കയിലെ പല പ്രമുഖരും ഇസ്ലാം സ്വീകരിച്ച് കഴിഞ്ഞിരുന്നു. അംറുബിന്‍ അല്‍ ആസ്വ്, ഖാലിദ് ബിന്‍ അല്‍ വലീദ്, ഉഥ്മാന്‍ ബിന്‍ ത്വല്‍ഹ തുടങ്ങിയവര്‍ ഇതില്‍ പെടുന്നു. ഇവരെല്ലാം തിരുസന്നിധിയില്‍ എത്തിയപ്പോള്‍ അവിടുന്ന് പറഞ്ഞു: 'മക്ക അതിന്റെ കരളിന്റെ കഷ്ണങ്ങളെയാണ് നമുക്ക് നല്കിയിരിക്കുന്നത്.'(3)
1. ഇത് എത്യോപ്യക്കാരല്ല മറിച്ച് ബനൂ കിനാനയിലെയും മറ്റും ഗോത്രങ്ങളിലെ അറബികളാണ്. മക്കയ്ക്ക് സമീപം ഹുബ്ഷി എന്ന മലയുടെ താഴ്വരയില്‍ താമസിച്ചത് കാരണം ഇവര്‍ ഈ പേരിലറിയപ്പെട്ടു.ഇവര്‍ നാം ഒറ്റക്കെട്ടാണെന്നു ക്വുരൈശികളോട് സഖ്യം ചെയ്തിരുന്നു.(മുഅജമുല്‍ ബുല്‍ദാന്‍ 2:214)
മക്കയില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കിണറിന്റെ പേരാണ് ഹുദൈബിയ. ഇന്ന് ഇവിടെ ശുമൈസി എന്ന പേരിലറിയപ്പെടുന്നു. മക്കയില്‍ നിന്ന് റോഡ്‌ മാര്‍ഗ്ഗം ജിദ്ധയിലേക്ക് പോകുന്ന വഴിയിലാണിത്.(വിവ:)

2. ഹുദൈബിയ സന്ധിയുടെ വിശദീകരണത്തിനു ഫത് ഹുല്‍ബാരി 7:439 മുതല്‍ 485 വരെയും മുസ്ലിം 2:104-106 വരെയും ഇബ്നു ഹിഷാം 2:308 മുതല്‍ 322 വരെയും നോക്കുക.

3. ഇവരെല്ലാം വിശ്വസിച്ച വര്‍ഷത്തിന്റെ നിര്‍ണയത്തില്‍ ഭിന്ന വീക്ഷണങ്ങളാണുള്ളത്. ചരിത്ര ഗ്രന്ഥങ്ങള്‍ മൊത്തത്തില്‍ ഹിജ്റ എട്ടിനെന്നു രേഖപ്പെടുത്തുന്നു. എന്നാല്‍ അംര്‍ബിന്‍അല്‍ആസ്വു നജ്ജാശിയുടെ അടുക്കല്‍ വെച്ച് ഇസ്ലാം സ്വീകരിച്ച സംഭവം സുവിദിതമാണ്. ഖാലിദും ത്വല്‍ഹയും അമ്ര് നജ്ജാശിയുടെ അടുക്കല്‍ നിന്ന് മടങ്ങി മദീനയിലേക്ക് പോകും വഴി കണ്ടു മുട്ടുകയും അവരോന്നിച്ചു പ്രവാചക സന്നിധിയിലെത്തുകയുമാണ് ഉണ്ടായത്. ഇതിന്നര്‍ഥം ഇവര്‍ ഹിജ്റ ഏഴാം വര്‍ഷത്തിന്റെ പ്രാരംഭത്തിലാണ് ഇസ്ലാം സ്വീകരിച്ചതെന്നാണ്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.

 


സി. സലീം സുല്ലമി വിവര്‍ത്തനം ചെയ്ത ശൈഖ് സ്വഫീഹുറഹ്മാന്‍ മുബാറക് പൂരിയുടെ 'അര്‍റഹീക്വുല്‍ മഖ്തൂം' എന്ന ഗ്രന്ഥത്തില്‍ നിന്ന്...

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH