Search

mahonnathan

JA slide show

നബി ചരിത്രം

ബനൂക്വുറൈദ്വ യുദ്ധം Print E-mail

നബി(സ) മദീനയില്‍ തിരിച്ചെത്തിയ അര്‍ധമധ്യാഹ്ന സമയത്ത് ഉമ്മുസലമയുടെ വീട്ടില്‍വെച്ച് കുളിച്ചുകൊണ്ടിരിക്കെ ജിബ്രീല്‍ ആഗതനായി. ജിബ്രീല്‍ ആരാഞ്ഞു: 'ആയുധം അഴിച്ചുവെച്ചോ? മലക്കുകള്‍ ആയുധങ്ങളൊന്നും അഴിച്ചുവെച്ചിട്ടില്ല'. ജിബ്രീല്‍ നിര്‍ദേശിച്ചു: 'അനുയായികളേയും കൊണ്ടു ബനൂക്വുറൈളയിലേക്ക് മാര്‍ച്ച് ചെയ്യുക. ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ പോകുന്നു. അവരുടെ കോട്ടയോടൊപ്പം അവരെ വിറപ്പിക്കുകയും മനസ്സില്‍ ഭീതിജനിപ്പിക്കുകയും ചെയ്യാന്‍വേണ്ടി.' ഇതുപറഞ്ഞ് ജിബ്രീല്‍ മലക്കുകളോടൊപ്പം നീങ്ങി.

നബി(സ) ജനങ്ങളെ വിളിച്ചുകൂട്ടി നിര്‍ദേശിച്ചു: 'അനുസരണ ശീലമുള്ള ആരും ബനൂക്വുറൈളയിലെത്തിയിട്ടല്ലാതെ സായാഹ്ന (അസ്വര്‍) നമസ്കാരം നിര്‍വഹിക്കരുത്.' മദീനയുടെ ഉത്തരവാദിത്തം അബ്ദുല്ലാഹിബിന്‍ ഉമ്മു മക്തൂമിനെ ഏല്പിച്ചു. പതാക അലിയെ ഏല്പിച്ചു. അദ്ദേഹം നിര്‍ണിതസ്ഥാനത്തേക്ക് നീങ്ങി. ജൂതരുടെ കോട്ടയുടെ സമീപമെത്തിയപ്പോള്‍ അവര്‍ പ്രവാചകനെ അധിക്ഷേപിക്കുന്നതാണ് കേട്ടത്. പ്രവാചകന്‍ മുഹാജിറുകളുടെയും അന്‍സ്വാറുകളുടെയും സംഘത്തോടൊപ്പം പുറപ്പെട്ട് അന്നാ, എന്ന് പേരുള്ള ക്വുറൈളക്കാരുടെ കിണറിനു സമീപം തമ്പടിച്ചു. മുസ്ലിംകള്‍ പ്രവാചകന്റെ കല്പന പരിഗണിച്ച് വേഗത്തില്‍ ബനൂ ക്വുറൈളയിലേക്ക് നീങ്ങി. ചിലര്‍ അസ്വര്‍ സമയമായപ്പോള്‍ വഴിയില്‍ വെച്ച് നമസ്കരിച്ചു. മറ്റു ചിലര്‍ നബി(സ)യുടെ പ്രസ്താവനയുടെ ബാഹ്യാര്‍ഥം പരിഗണിച്ച് ഇശാഇനുശേഷം ക്വുറൈളയിലെത്തിയശേഷവും അസ്വര്‍നമസ്കരിച്ചു. രണ്ടു വിഭാഗത്തേയും പ്രവാചകന്‍ ആക്ഷേപിക്കുകയുണ്ടായില്ല.

മുവ്വായിരം കാലാള്‍പടയും മുപ്പത് അശ്വഭടന്മാരുമടങ്ങുന്ന മുസ്ലിം സൈന്യം ബനുക്വുറൈളയിലെത്തി. അവര്‍ എത്തിയ പാടെ ജൂതരെ അവരുടെ കോട്ടക്കുള്ളില്‍ ഉപരോധിച്ചു. ഉപരോധം കഠിനമായപ്പോള്‍ ജൂത നേതാവ് കഅ്ബ്ബിന്‍ അസദ് അനുയായികളുടെ മുമ്പില്‍ മൂന്ന് നിര്‍ദേശങ്ങള്‍ വെച്ചു. ഒന്ന് ഇസ്ലാം ആശ്ളേഷിച്ച് ജീവനും സമ്പത്തിനും സന്താനങ്ങള്‍ക്കും സഹധര്‍മിണികള്‍ക്കും സുരക്ഷിതത്വം ഉറപ്പുവരുത്തുക. നിങ്ങള്‍ക്കറിയാമല്ലോ അദ്ദേഹം നിങ്ങളുടെ വേദഗ്രന്ഥമനുസരിച്ച്തന്നെ നിയുക്തനായ പ്രവാചകനാണെന്ന്. മറ്റൊന്ന്: പുത്രകളത്രങ്ങളെ വിളിച്ച് വാളേന്തി മുഹമ്മദുമായി ഏറ്റുമുട്ടുക. എന്നിട്ട് അവരെ വധിക്കുക അല്ലെങ്കില്‍ നാം വധിക്കപ്പെടുക. മൂന്നാമത്: ശബ്ബത്ത് നാളില്‍ മുഹമ്മദിനെതിരില്‍ പൊടുന്നനെ ആക്രമണം അഴിച്ചുവിടുക. അന്ന് ഒരു യുദ്ധം അവര്‍ പ്രതീക്ഷിക്കുന്നുണ്ടാവില്ല! ഇതിലൊന്നും അവര്‍ സ്വീകരിക്കാന്‍ തയ്യാറായില്ല. അതോടെ കഅബ് ക്ഷുഭിതനായി പറഞ്ഞു: 'ഇത്രയും നാള്‍ നിങ്ങളാരെങ്കിലും വല്ല വിവേക പൂര്‍ണമായ തീരുമാനവും എടുത്തിട്ടുണ്ടോ?'

ഇനി പ്രവാചകന്റെ തീരുമാനത്തിന് വിധേയമായി പുറത്തിറങ്ങുകയല്ലാതെ മറ്റു പോംവഴികളൊന്നുമില്ല. പക്ഷേ, തങ്ങളുടെ സഖ്യകക്ഷികളില്‍ പെട്ട ആരെയെങ്കിലും മുസ്ലിംകളില്‍നിന്ന് കിട്ടിയാല്‍ പുറത്തിറങ്ങിയാല്‍ എന്തായിരിക്കും അവസ്ഥയെന്നറിയാമല്ലോ എന്ന നിലക്ക് അബൂലുബാബയെ കൂടിയാലോചനക്ക് വിട്ടുതരണമെന്ന് അവര്‍ പ്രവാചകനെ അറിയിച്ചു. ഇദ്ദേഹത്തിന്റെ സമ്പത്തും സന്താനങ്ങളും അവരുടെ പ്രദേശത്തായിരുന്നുതാനും. അബൂലുബാബെയെ അവരുടെയടുക്കലേക്ക് അയച്ചുകൊടുത്തു. അദ്ദേഹത്തെ കണ്ടതോടെ സ്ത്രീകളും കുട്ടികളും വാവിട്ടു കരയാന്‍ തുടങ്ങി. അത് കണ്ട് അദ്ദേഹത്തിന്റെ മനസ്സലിഞ്ഞു. അവര്‍ ചോദിച്ചു: 'അബൂലുബാബ ഞങ്ങള്‍ മുഹമ്മദിന്റെ തീരുമാനത്തിനു വിധേയരായി പുറത്തിറങ്ങണമെന്ന് നിനക്കഭിപ്രായമുണ്ടോ?' അദ്ദേഹം പറഞ്ഞു: അതെ! തുടര്‍ന്ന് തന്റെ കൈകൊണ്ട് തൊണ്ടയിലേക്ക് ചൂണ്ടിക്കൊണ്ട് അതിന്റെ ഫലം വധമായിരിക്കുമെന്ന് സൂചിപ്പിച്ചു. ഉടനെത്തന്നെ തന്റെ പ്രവൃത്തി അല്ലാഹുവിനോടും തിരുദൂതരോടുമുള്ള വഞ്ചനയായല്ലോ എന്ന് തോന്നി തിരുമേനിയുടെ അടുക്കലേക്ക് മടങ്ങാതെ നേരിട്ട് മദീന പള്ളിയിലേക്കു പുറപ്പെട്ടു. അവിടെ തന്റെ ശരീരം പള്ളിയുടെ തൂണില്‍ബന്ധിച്ചു പ്രവാചകന്റെ കൈകള്‍കൊണ്ടല്ലാതെ ഇതഴിക്കുകയില്ലെന്നും ബനുക്വുറൈളയുടെ പ്രദേശത്ത് പ്രവേശിക്കുകയില്ലെന്നും പ്രതിജ്ഞചെയ്തു. നബി(സ) ഇദ്ദേഹത്തിന്റെ വിവരം ലഭിച്ചപ്പോള്‍ അവിടന്നു പറഞ്ഞു: 'അവന്‍ എന്റെയടുക്കലേക്ക് മടങ്ങിവന്നിരുന്നെങ്കില്‍ ഞാനവനുവേണ്ടി പാപമോചനം നടത്തിയിരുന്നു. അവന്‍ ഇങ്ങനെ ചെയ്തസ്ഥിതിക്ക് ഇനി അല്ലാഹുതന്നെ തീരുമാനമെടുക്കട്ടെ'.

പ്രവാചകന്റെ തീരുമാനത്തിനു വിധേയമായി പുറത്തിറങ്ങാന്‍ തന്നെ അവസാനം ബനൂഖുറൈള തീരുമാനിച്ചു. ദീര്‍ഘകാല ഉപരോധം താങ്ങുവാന്‍ കെല്പുള്ളവര്‍ തന്നെയായിരുന്നു അവര്‍. കാരണം ആവശ്യത്തിന് ഭക്ഷ്യവസ്തുക്കളും പാനജലവും അവരുടെ കൈവശമുണ്ടായിരുന്നു. മുസ്ലിംകളാകട്ടെ കഠിന തണുപ്പും പട്ടിണിയും അനുഭവിക്കുന്നവരായിരുന്നു. ഖന്‍ദഖിന്റെ പ്രാരംഭം മുതല്‍ യുദ്ധപരിപാടികളിലായിരുന്നതിനാല്‍ ക്ഷീണവും അവരെ ബാധിച്ചിരുന്നു. ഖുറൈള യുദ്ധമാകട്ടെ ഒരു മാനസിക യുദ്ധവുമായിരുന്നു. അല്ലാഹു ശത്രുക്കളുടെ മനസ്സില്‍ ഭീതിജനിപ്പിച്ചതുകാരണം അവരുടെ ശക്തിചോര്‍ന്നിരുന്നു. അവസാനം അലിയും സുബൈറും മുന്നോട്ടു വന്നു. അലി പ്രഖ്യാപിച്ചു: "വിശ്വാസികളുടെ സൈന്യമേ, ഒന്നുകില്‍ ഞാന്‍ ഹംസ മരിച്ചതുപോലെ വീരമൃത്യു വരിക്കും. അല്ലെങ്കില്‍ ഞാന്‍ അവരുടെ കോട്ട തുറക്കും''.

ഇതോടെ അവര്‍ കോട്ടക്കുള്ളില്‍നിന്ന് പുറത്തിറങ്ങി. പ്രവാചകന്റെ നിര്‍ദേശാനുസരണം മുഹമ്മദുബിന്‍ മസ്ലമ പുരുഷന്മാരുടെ കൈകള്‍ബന്ധിച്ചു. സ്ത്രീകളെയും കുട്ടികളെയും മറ്റൊരുഭാഗത്ത് മാറ്റിനിര്‍ത്തി. ഇതിനിടക്ക് ഔസ്ഗോത്രക്കാര്‍ പ്രവാചകനെ സമീപിച്ചു പറഞ്ഞു: 'ദൈവദൂതരേ! ഖസ്റജ്കാരുടെ സഖ്യകക്ഷിയായ ക്വൈനുഖാഅ് ഗോത്രത്തിന്റെ കാര്യത്തില്‍ എടുത്തതുപോലെ ഒരു നല്ല തീരുമാനം ഞങ്ങളുടെ സഹകാരികളായ ഇവരുടെ കാര്യത്തിലും ഉണ്ടാകുമല്ലോ''. നബി(സ) പറഞ്ഞു: 'നിങ്ങളുടെ കൂട്ടത്തിലെ ഒരാള്‍ തന്നെ തീരുമാനമെടുക്കുന്നതിന് നിങ്ങള്‍ക്ക് സമ്മതമാണോ?' അവര്‍: 'സമ്മതമാണ്.' പ്രവാചകന്‍: 'അത് സഅദ്ബിന്‍ മുആദ് ആവട്ടെ' അവര്‍: 'ഞങ്ങള്‍ തൃപ്തരാണ്.'

ഖന്‍ദക്വ് യുദ്ധത്തില്‍ അമ്പേറ്റു കൈയിന്റെ ധമനി മുറിഞ്ഞതുകാരണം യുദ്ധത്തില്‍ പങ്കെടുക്കാതെ മദീനയിലിരിക്കുകയായിരുന്ന സഅദിനെ ഒരു കഴുതപ്പുറത്ത് കൊണ്ടുവന്നു. സഅദ് വന്നപ്പോള്‍ ഔസുകാര്‍ പറഞ്ഞു: 'താങ്കളുടെ സഖ്യകക്ഷികളോട് നന്മചെയ്യുക. പ്രവാചകന്‍ താങ്കളെയാണ് വിധികര്‍ത്താവാക്കിയത്'. എല്ലാം കേട്ട് മൌനിയായ സഅദ് അവസാനം പറഞ്ഞു: 'അല്ലാഹുവിന്റെ കാര്യത്തില്‍ ഒരാക്ഷേപകന്റെയും ആക്ഷേപം പരിഗണിക്കേണ്ടതില്ലാത്ത ഒരു അവസരം ഇതാ സഅദിന് വന്നിരിക്കുന്നു''. ഇതോടെ അവര്‍ പിരിഞ്ഞുപോയി. ചിലര്‍ മദീനയില്‍ ചെന്ന് മരണവാര്‍ത്ത അറിയിക്കാന്‍തന്നെ തയ്യാറായി.

സഅദ്, നബി(സ)യുടെ നേരെ ചെന്നപ്പോള്‍ അവിടുന്നു പറഞ്ഞു: 'ഇതാ നിങ്ങളുടെ നേതാവ് എഴുന്നേറ്റ് ചെന്ന്സ്വീകരിക്കുക' അദ്ദേഹത്തെ ഇരുത്തിയശേഷം അവര്‍ പറഞ്ഞു: 'സഅദ്, ഇവരുടെ തീരുമാനം താങ്കളുടെ കൈവശമാണ്' സഅദ്: 'എന്റെ തീരുമാനമാണോ നടപ്പാക്കേണ്ടത്?' അവര്‍: അതെ. സഅദ് അവിടെകൂടിയിരുന്നവരോടെല്ലാം അഭിപ്രായം ചോദിച്ചപ്പോള്‍ അവരെല്ലാം സഅദിന്റെ വിധിയില്‍ സംതൃപ്തിരേഖപ്പെടുത്തി. അവസാനം പ്രവാചകന്റെ നേരെ ബഹുമാനപൂര്‍വം സഅദ് തിരിഞ്ഞു. അവിടുന്നു തൃപ്തിരേഖപ്പെടുത്തി. സഅദ് തന്റെ വിധിപ്രഖ്യാപിച്ചു: 'പുരുഷന്മാരെ വധിക്കുക സ്ത്രീകളെയും കുട്ടികളെ ബന്ദികളാക്കുക സമ്പത്ത് പങ്കുവെക്കുക' ഈ വിധികേട്ട പ്രവാചകന്‍ പ്രതികരിച്ചു: താങ്കള്‍ സപ്തവാനങ്ങള്‍ക്കുമീതെനിന്ന് അല്ലാഹുവിന്റെ വിധിയാണ് അവരുടെ കാര്യത്തില്‍ വിധിച്ചത്.'

ബനൂ ക്വുറൈള നടത്തിയ കൊടും ചതിയുമായി താരതമ്യം ചെയ്താല്‍ സഅദിന്റെ വിധി അങ്ങേയറ്റത്തെ നീതിയാണ്. മുസ്ലിംകളെ തുരത്താന്‍ അവര്‍ ആയിരത്തഞ്ഞൂറു വാളുകളും രണ്ടായിരം കുന്തങ്ങളും മുന്നൂറ് അങ്കികളും അഞ്ഞൂറ് പരിചകളും സജ്ജീകരിച്ചിരുന്നു! അവരെ കീഴടക്കിയതോടെ ഇതെല്ലാം മുസ്ലിംകള്‍ക്ക് ലഭിച്ചു.

പ്രവാചകന്റെ കല്പന പ്രകാരം അവരെ ബനൂനജ്ജാര്‍ വംശത്തിലെ ഹാരിഥിന്റെ പുത്രിയുടെ വീട്ടില്‍ തടങ്കലില്‍വെച്ചു. പിന്നീട് മദീനയില്‍ ഒരു കിടങ്ങ് കീറി എല്ലാവരേയും അതില്‍വെട്ടിമൂടി. ഇവര്‍മൊത്തം അറുനൂറിനും എഴുനൂറിനും ഇടയില്‍ ഭടന്മാരുണ്ടായിരുന്നു.

അങ്ങനെ ഇസ്ലാമിനെയും മുസ്ലിംകളെയും ഒരു സന്നിഗ്ധഘട്ടത്തില്‍ കരാര്‍ ലംഘനത്തിലൂടെ ചതിച്ചു കൊലക്കത്തിക്കേല്പിച്ചുകൊടുക്കാന്‍ തയ്യാറായ ജൂത വിഷസര്‍പ്പങ്ങളെ ഇതോടെ പിഴുതെറിഞ്ഞു. ഇവര്‍ തികച്ചും വധാര്‍ഹരായ യുദ്ധക്കുറ്റവാളികള്‍ തന്നെയായിരുന്നു.

ഇവരുടെ കൂടെ ക്വന്‍ദഖ് യുദ്ധത്തിലെ ഒരു വലിയ യുദ്ധക്കുറ്റവാളിയേയും വധിച്ചു. പ്രവാചക പത്നി സ്വഫിയ്യയുടെ പിതാവ് ഹുയയ്ബിന്‍ അഖ്തബ്. ബനൂ നളീര്‍കാരന്‍. ഇദ്ദേഹം ക്വുറൈശികളും ഗത്വ്ഫാന്‍കാരും മടങ്ങിപ്പോയപ്പോള്‍ ക്വുറൈളക്കാരുടെ കോട്ടക്കുള്ളില്‍ ചേക്കേറിയതായിരുന്നു. ഇദ്ദേഹത്തെ കൈകള്‍ പിരടിയിലേക്ക് ബന്ധിച്ചുകൊണ്ടാണ് കൊണ്ടുവന്നത്. അദ്ദേഹം ധരിച്ചിരുന്ന വസ്ത്രം മറ്റാരും എടുത്തുപയോഗിക്കാതിരിക്കാന്‍ മുഴുവന്‍ മാന്തിക്കീറിയിരുന്നു. അദ്ദേഹം പ്രവാചകനോടു പറഞ്ഞു: 'അല്ലാഹുവാണേ, നിന്നോട് ശത്രുത പ്രഖ്യാപിച്ചതില്‍ എനിക്കൊരു കുറ്റബോധവുമില്ല. പക്ഷേ, ആരെങ്കിലും അല്ലാഹുവിനോടു മത്സരിച്ചാല്‍ അവനെ അല്ലാഹു കീഴടക്കും''. തുടര്‍ന്നദ്ദേഹം പ്രഖ്യാപിച്ചു: 'ജനങ്ങളേ, അല്ലാഹുവിന്റെ കല്പനക്ക് വിധേയമാകുന്നതില്‍ ഒരു കുഴപ്പവുമില്ല, ഈ വധം അല്ലാഹു ഇസ്റാഈല്‍ സന്തതികള്‍ക്ക് വിധിച്ചതാണ്.' പിന്നീടദ്ദേഹത്തിന്റെ കഴുത്തറുത്തു. സ്ത്രീകളില്‍ ഒരുവളെ മാത്രമാണ് വധിച്ചത്. ഇവള്‍ ഒരാട്ടു കല്ല് ക്വല്ലാദ്ബിന്‍ സുവൈദിന്റെ മേല്‍വീഴ്ത്തി അദ്ദേഹത്തെ വധിച്ചിരുന്നു. പ്രായപൂര്‍ത്തിയെത്താത്തവരെ വെറുതെ വിട്ടു. അത്വിയ്യ അല്‍ഖുറളി ഇതില്‍ പെട്ടതാണ്. ഇദ്ദേഹം പിന്നീട് ഇസ്ലാം സ്വീകരിച്ചു, സ്വഹാബിയുമാണ്.

ഥാബിത്ബിന്‍ ഖൈസ് തന്റെയടുക്കല്‍ സ്വാധീനമുണ്ടായിരുന്ന സുബൈര്‍ബിന്‍ ബാത്വയേയും കുടുംബത്തേയും അദ്ദേഹത്തിന്റെ സമ്പത്തും ഔദാര്യമായി തനിക്കു നല്‍കാന്‍ പ്രവാചകനോട് ആവശ്യപ്പെട്ടു. അവരെ ഥാബിതിന് നല്കി. ഥാബിത് പറഞ്ഞു: 'നിന്നേയും നിന്റെ കുടുംബവും സമ്പത്തുമെല്ലാം പ്രവാചകന്‍ എനിക്കു നല്കിയതാണ്. അതിനാല്‍ നിന്നെ ഞാന്‍ സ്വതന്ത്രമായി വിടുന്നു.' പക്ഷേ, തന്റെ ജനതമുഴുവനും വധിക്കപ്പെട്ടതായി അറിഞ്ഞ സുബൈര്‍, ഥാബിതിനോടു തന്നേയും വധിക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ തന്റെ പ്രിയപ്പെട്ടവരുടെ കൂടെ അദ്ദേഹവും ചേര്‍ന്നു. ഥാബിത്, സുബൈറിന്റെ മക്കളില്‍ അബ്ദുറഹ്മാനെ വധിക്കാതെ വിട്ടിരുന്നു. അദ്ദേഹം പിന്നീട് ഇസ്ലാം സ്വീകരിച്ചു. സ്വഹാബിയുമാണ്. ഇതുപോലെ നജ്ജാര്‍ വംശജ ഉമ്മുല്‍ മുന്‍ദിര്‍ സല്‍മാബിന്‍ത് ഖൈസ് ആവശ്യപ്പെട്ടതനുസരിച്ച് രിഫാഅബിന്‍ സമൂവല്‍ അല്‍ഖുറളിയെ അവള്‍ക്ക് നല്കി. ഇദ്ദേഹവും പിന്നീട് ഇസ്ലാം സ്വീകരിച്ചു. അതുപോലെ വിശ്വസിച്ച മറ്റൊരാളെയും സ്വതന്ത്രമായിവിട്ടു. ബനൂ ക്വുറൈളയുടെ വഞ്ചനയില്‍ പങ്കുചേരാതെ മാറിനിന്ന അംറിനെ നബി(സ)യുടെ കാവല്‍ക്കാരുടെ നേതാവ് മുഹമ്മദ്ബിന്‍ മസ്ലമ തിരിച്ചറിഞ്ഞപ്പോള്‍ ഒന്നും ചെയ്യാതെ വെറുതെവിട്ടു.

ബനൂക്വുറൈളയുടെ സമ്പത്തില്‍നിന്ന് തന്റെ അവകാശമായ അഞ്ചില്‍ ഒന്ന് മാറ്റിവെച്ചശേഷം ബാക്കിയുള്ളത്, അശ്വഭടന് മൂന്ന് ഓഹരി- കുതിരക്ക് രണ്ടും ഭടന് ഒന്നും- സാധാരണ ഭടന് ഒന്ന് എന്നതോതില്‍ വീതിച്ചു. ബന്ദികളെ സഅദ്ബിന്‍ സൈദ് അല്‍അന്‍സാരിയുടെ നേതൃത്വത്തില്‍ നജ്ദിലേക്ക് അയച്ചു. അതിന് പകരം കുതിരകളും ആയുധങ്ങളും വാങ്ങി.

പ്രവാചകന് കിട്ടിയ ഓഹരിയിലായിരുന്നു അംറ്ബിന്‍ ഖുനാഫയുടെ പുത്രി റൈഹാന. ഇബ്നു ഇസ്ഹാഖിന്റെ നിവേദനമനുസരിച്ച് മരിക്കുവോളം ഇവള്‍ പ്രവാചകന്റെ കീഴിലായിരുന്നു. കല്‍ബി പറയുന്നത്: അവളെ പ്രവാചകന്‍ മോചിപ്പിക്കുകയും എന്നിട്ട് ഹിജ്റ ആറാംവര്‍ഷം അവളെ വിവാഹം ചെയ്തുവെന്നും ഹജ്ജത്തുല്‍ വിദാഇല്‍നിന്ന് മടങ്ങും വഴി അവള്‍ മരിച്ചുപോകുകയും ബഖീഇല്‍ ഖബറടക്കിയെന്നുമാണ്.(1)

ബനൂക്വുറൈളയുടെ കഥ കഴിഞ്ഞതോടുകൂടി സഅദ്ബിന്‍ മുആദിന്റെ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു. ഇദ്ദേഹമാണ് ഖന്‍ദഖ് യുദ്ധം കഴിഞ്ഞപ്പോള്‍ ബനൂക്വുറൈളയുടെ അന്ത്യം കാണാന്‍ വേണ്ടി പ്രാര്‍ഥിച്ചിരുന്നത്. ഇദ്ദേഹത്തെ സന്ദര്‍ശിക്കാനുള്ള സൌകര്യാര്‍ഥം പ്രവാചകന്‍ ഒരു തമ്പ് ഇദ്ദേഹത്തിനായി മദീന പള്ളിയില്‍ നിര്‍മിച്ചിരുന്നു. ക്വുറൈളയുടെ കഥ കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ പ്രാര്‍ഥനപോലെ മുറിവ് പൊട്ടി അദ്ദേഹം മരിച്ചു. ആഇശ(റ) പറയുന്നു: "ഇദ്ദേഹത്തിന്റെ മുറിവ് പൊട്ടി അടുത്തുണ്ടായിരുന്ന ബനൂഗഫ്ഫാറിന്റെ തമ്പിലേക്ക് രക്തം ഒഴുകി വന്നപ്പോഴാണ് അവര്‍ അന്വേഷിക്കുന്നത് ഇതെന്താണെന്ന്. നോക്കുമ്പോള്‍ സഅദിന്റെ മുറിവ് പൊട്ടിയൊഴുകുകയായിരുന്നു. അതോടെ അദ്ദേഹം പരലോകം പൂകി.''(2)

റസൂല്‍(സ) പറഞ്ഞതായി ജാബിര്‍ പറയുന്നു: 'സഅദിന്റെ മരണം കാരണം പരമകാരുണികന്റെ സിംഹാസനം വിറച്ചു'. (3) അനസ്(റ) പറയുന്നു: സഅദിന്റെ ജനാസ ചുമന്നുകൊണ്ടുപോകുമ്പോള്‍ കപടന്മാര്‍ പറഞ്ഞു: 'ഇദ്ദേഹത്തിന്റെ ജനാസ എന്തൊരു ഭാരക്കുറവ്' അപ്പോള്‍ റസൂല്‍(സ) പറഞ്ഞു: 'മലക്കുകള്‍ അതുചുമക്കുന്നുണ്ടായിരുന്നു'.(4)

ഉപരോധത്തിനിടയില്‍ ക്വല്ലാദ്ബിന്‍ സുവൈദിനെ ഒരു ക്വുറൈളാവനിത ആട്ടുകല്ല് വീഴ്ത്തി വധിക്കുകയുണ്ടായി. അതുപോലെ ഉകാശയുടെ സഹോദരന്‍ അബൂസിനാന്‍ബിന്‍ മിഹ്സ്വനും മരിക്കുകയുണ്ടായി.

മദീന പള്ളിയുടെ തൂണില്‍ സ്വയം ബന്ധിതനായ അബൂലുബാബ ആറ് ദിവസം അങ്ങനെ കഴിച്ചുകൂട്ടി. ഓരോ സമയത്തെ നമസ്കാരത്തിനും ഭാര്യവന്ന് കെട്ടഴിച്ചു കൊടുക്കും. പിന്നീട് പ്രവാചകന്‍ ഉമ്മുസലമയുടെ വീട്ടിലായിരിക്കെ രാത്രി അദ്ദേഹത്തിന്റെ പശ്ചാതാപം സ്വീകരിച്ചുകൊണ്ടുള്ള സന്ദേശം വന്നു. ഉടനെ ഉമ്മുസലമ ആ സന്ദേശം തന്റെ വാതില്‍ക്കല്‍നിന്ന് അബൂലുബാബയെ വിളിച്ചറിയിച്ചു. ജനങ്ങള്‍ കെട്ടഴിക്കാന്‍ മുതിര്‍ന്നപ്പോള്‍ റസൂല്‍ വരുന്നതുവരെ അദ്ദേഹം കാത്തുനിന്നു. പ്രഭാതനമസ്കാരത്തിനെത്തിയ തിരുമേനി അതഴിച്ചു.(5)

ഇരുപത്തഞ്ച് ദിവസം നീണ്ടുനിന്ന ഈ ഉപരോധം ഹിജ്റ അഞ്ചാം വര്‍ഷം ദുല്‍ഖഅദയിലാണ് ആരംഭിച്ചത്. ഖന്‍ദഖ് യുദ്ധത്തിന്റെയും ബനൂഖുറൈള ഉപരോധത്തിന്റെയും വിശദാംശങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് അല്ലാഹു അല്‍അഹ്സാബ് അധ്യായത്തില്‍ ധാരാളം സൂക്തങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി.

സൈനിക നടപടികള്‍
സല്ലാമുബിന്‍ അബില്‍ ഹുഖയ്ഖ്- അബൂറാഫി- പ്രമുഖനായ ഒരു ജൂതകുറ്റവാളിയായിരുന്നു. മുസ്ലിംകള്‍ക്കെതിരെ സഖ്യകക്ഷികളെ സംഘടിപ്പിക്കുകയും അതിന് അര്‍ഥവും അധ്വാനവും വിനിയോഗിച്ച വ്യക്തിയുമായിരുന്നു. ഇദ്ദേഹം പലപ്പോഴും പ്രവാചകനെ ഉപദ്രവിക്കാറുണ്ട്. ക്വുറയ്ള് പ്രശ്നം തീര്‍ന്നപ്പോള്‍ ഖസ്റജ് വംശജര്‍ അവനെ വധിക്കാന്‍ പ്രവാചകനോടു അനുമതി തേടി. കഅബ്ബിന്‍ അശ്റഫിന്റെ വധം ഔസ്കാരുടെ കൈക്കായിരുന്നതിനാല്‍ അതുപോലൊന്ന് തങ്ങളുടെ കൈക്കും വേണമെന്ന് ഖസ്റജ്കാരും കൊതിച്ചു. റസൂല്‍(സ) അവര്‍ക്ക് അനുമതി നല്കി. സ്ത്രീകളെയും കുട്ടികളേയും വധിക്കരുതെന്നും നിര്‍ദേശിച്ചു. അങ്ങനെ, ഖസ്റജിലെ ബനൂസലമ ശാഖയിലെ അഞ്ചുപേര്‍ അബ്ദുല്ലാഹിബിന്‍ അതീഖിന്റെ നേതൃത്വത്തില്‍ ഇതിന്നായി പുറപ്പെട്ടു.

ഈ സംഘം അബൂറാഫിഇന്റെ കോട്ട ഉന്നം വെച്ച് ഖൈബറിലെത്തി. അപ്പോള്‍ സന്ധ്യമയങ്ങിയിരുന്നു. അബ്ദുല്ല കൂട്ടുകാരോട് പറഞ്ഞു: 'നിങ്ങളിവിടെ ഇരിക്കുക. ഞാന്‍ തന്ത്രത്തില്‍ വാതില്‍കടക്കാന്‍ പറ്റുമോ എന്നു നോക്കട്ടെ'. അബ്ദുല്ല വാതിലിനരികെ വസ്ത്രം മറച്ച് മൂത്രമൊഴിക്കാന്‍ ഇരിക്കുന്നവനെപോലെ ഇരുന്നു. ജനങ്ങളെല്ലാം അകത്ത് കടന്നു കഴിഞ്ഞപ്പോള്‍ പാറാവുകാരന്‍ വിളിച്ചു പറഞ്ഞു: 'അബ്ദുല്ലാ, അകത്തു കടക്കുന്നെങ്കില്‍ കടക്കുക, ഞാന്‍ വാതിലടക്കുകയാണ്. അബ്ദുല്ല അകത്ത് കടന്ന് ഒളിഞ്ഞിരുന്നു. പാറാവുകാരന്‍ വാതിലടച്ചു താക്കോലുകള്‍ ഒരു കുറ്റിയില്‍ തൂക്കി. ഞാനതെടുത്ത് വാതില്‍ തുറന്നു. എന്നിട്ട് അബുറാഫിഇന്റെ നേരെനടന്നു. വാതില്‍തുറന്ന് പോകുമ്പോള്‍ ഓരോ വാതിലും ഉള്ളില്‍നിന്ന് പൂട്ടി. ഒരു ഇരുട്ടുമുറിയില്‍ കുടുംബാംഗങ്ങള്‍ക്കിടയില്‍ കിടന്നിരുന്നത് കാരണം അദ്ദേഹത്തെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഞാന്‍ വിളിച്ചു. 'അബൂറാഫീ' ഉടനെ അദ്ദേഹം ഇതാരാണ് എന്ന് ചോദിച്ചു. അപ്പോള്‍ ശബ്ദം കേട്ട ഭാഗത്തേക്ക് ഞാന്‍ വാള്‍വീശി. അത് വേണ്ടത്ര ഫലിച്ചില്ല. അദ്ദേഹം അട്ടഹസിച്ചപ്പോള്‍ ഞാന്‍ പുറത്തുകടന്ന് അല്പം അകലെ ഒളിച്ചിരുന്നു. വീണ്ടും ഞാന്‍ അകത്തുകടന്നു ചോദിച്ചു: അബൂറാഫീഅ് എന്താണ് ഈ ശബ്ദം?' അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'നിനക്ക് നാശം ആരോ എന്നെ വാള്‍കൊണ്ട് വെട്ടിയിരിക്കുന്നു.' വാള്‍ അവന്റെ വയറ്റില്‍ കുത്തിക്കയറ്റി മരിച്ചു എന്ന് ഉറപ്പാക്കി. അതിനുശേഷം ഓരോവാതിലും തുറന്ന് ഞാന്‍ പുറത്ത് കടന്നു. അവസാനം താഴെയെത്തിയെന്ന ധാരണയില്‍ ചവിട്ടിയത് അവന്റെ ഒരു കോണിയിലായിരുന്നു. അങ്ങനെ താഴെ വീണു കാലൊടിഞ്ഞു. ഉടനെത്തന്നെ തലപ്പാവഴിച്ച് കാല്‍ കെട്ടി കോട്ടവാതില്‍ക്കല്‍തന്നെ ഇരുന്നു. പ്രഭാതം പുലര്‍ന്നു കോഴി കൂവിയപ്പോള്‍ അബൂറാഫിഇന്റെ മരണവാര്‍ത്ത വിളംബരം ചെയ്യുന്നതുകേട്ടു 'ഹിജാസിലെ വ്യാപാരി അബൂറാഫിഅ് മരിച്ചിരിക്കുന്നു.'' തിരിച്ചു ചെന്ന് പ്രവാചകനോട് വിവരം പറഞ്ഞപ്പോള്‍ അവിടുന്ന് പറഞ്ഞു: 'നിന്റെ കാല്‍ നീട്ടൂ. ഞാന്‍ കാല്‍നീട്ടിയപ്പോള്‍ അവിടുന്ന് അതില്‍ തടവിയപ്പോള്‍ എന്റെ എല്ലാ വേദനയും അതോടെനീങ്ങി.(6)

ഇതാണ് ബുഖാരിയുടെ നിവേദനത്തിലുള്ളത്. എന്നാല്‍ ഇബ്നു ഇസ്ഹാഖ് രേഖപ്പെടുത്തുന്നതിനുസരിച്ച്, എല്ലാ അംഗങ്ങളും അബുറാഫിഇന്റെ വധത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ടെന്നും നേരിട്ട് വധിച്ചത് അബ്ദുല്ലാഹിബിന്‍ അതീഖ് ആണെന്നും കാണുന്നു. അബ്ദുല്ലാഹിബിന്‍ അതീഖിന്റെ കാല്‍മുറിഞ്ഞപ്പോള്‍ കൂട്ടുകാര്‍ ചുമന്ന് റസൂല്‍(സ)യുടെ അടുക്കല്‍ എത്തിക്കുകയാണ് ചെയ്തത്.(7)

ഈ നിയോഗം നടക്കുന്നത് ഹിജ്റ അഞ്ചാം വര്‍ഷം ദുര്‍ഖഅദയിലോ ദുല്‍ഹിജ്ജയിലോ ആണ്. ഖന്‍ദക്വില്‍നിന്നും ഖുറൈളയില്‍നിന്നും വിരമിച്ചശേഷം പ്രവാചകന്‍, ശക്തി പ്രയോഗത്തിലൂടെയല്ലാതെ, സമാധാന നടപടികള്‍ക്കു വിധേയരാകാന്‍ തയ്യാറില്ലാത്ത ഗ്രാമീണ അറബികള്‍ക്കുനേരെ അച്ചടക്ക നടപടികളെടുക്കുകയുണ്ടായി.

മുഹമ്മദുബിനു മസ്ലമയുടെ നിയോഗം
ക്വന്‍ദഖില്‍നിന്നും ഖുറൈളയില്‍നിന്നും വിരമിച്ചശേഷം നടത്തിയ ആദ്യ സൈന്യനിയോഗമായിരുന്നു ഇത്. ഈ സംഘത്തില്‍ മുപ്പത് പേര്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഹിജ്റ ആറാം വര്‍ഷം മുഹറം പത്തിനു മുഹമ്മദ് ബിന്‍ മസ്ലമയുടെ നേതൃത്വത്തില്‍ ഈ സംഘം ളരിയയിലുള്ള ബനുബക്ര്‍ ശാഖയെ അക്രമിച്ചു. ഇവര്‍ ഓടിയതുകാരണം അവരുടെ ആടുകളെയും ഒട്ടകങ്ങളെയും കൊണ്ട് മുസ്ലിംകള്‍ മദീനയിലേക്ക് മടങ്ങി. വഴിയില്‍ ഇവര്‍ ബനൂ ഹനീഫ ഗോത്രനേതാവ് ഥുമാമത് ബിന്‍ അഥാലിനെ പിടികൂടി. ഇദ്ദേഹം കള്ള പ്രവാചകന്‍ മുസൈലിമയുടെ നിര്‍ദേശാനുസരണം വേഷപ്രഛന്നനായി പ്രവാചകനെ വധിക്കാനായി പുറപ്പെട്ടതായിരുന്നു(8). മദീനയില്‍ കൊണ്ടുവന്ന ഇദ്ദേഹത്തെ പള്ളിയുടെ ഒരു തൂണില്‍ ബന്ധിച്ചു. പ്രവാചകന്‍ അദ്ദേഹത്തെ സമീപിച്ചു ചോദിച്ചു: 'എന്തുണ്ട് ഥുമാമ?' അദ്ദേഹം: 'മുഹമ്മദ്, നന്മ, നീ എന്നെ വധിക്കുകയാണെങ്കില്‍ ഒരു ഉന്നതനെയാണ് വധിക്കുന്നത്. സ്വതന്ത്രനാക്കിയാല്‍ ഒരു നന്ദിയുള്ളവനെയായിരിക്കും സ്വതന്ത്രനാക്കുന്നത്. സമ്പത്താണ് നിനക്കാവശ്യമെങ്കില്‍ ചോദിച്ചാല്‍ അത് ലഭിക്കും' നബി(സ) അദ്ദേഹത്തെ അങ്ങനെത്തന്നെ വിട്ടു. വീണ്ടും മറ്റൊരിക്കല്‍ അദ്ദേഹത്തെ സമീപിച്ചു മേല്‍പറഞ്ഞതുപോലെയെല്ലാം പറഞ്ഞു. മൂന്നാമതും ഇതുപോലെ ആവര്‍ത്തിച്ചപ്പോള്‍ അദ്ദേഹത്തെ സ്വതന്ത്രനാക്കാന്‍ നിര്‍ദേശിച്ചു. സ്വതന്ത്രനാക്കിയപ്പോള്‍ അടുത്തുള്ള ഒരു തോട്ടത്തില്‍ കയറി കുളിച്ചു മടങ്ങിവന്നു ഇസ്ലാം ആശ്ളേഷിച്ചു. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു: 'അല്ലാഹുവാണേ ഭൂമിയില്‍ താങ്കളുടെ മുഖത്തെക്കാള്‍ വെറുപ്പുള്ള ഒരു മുഖവും എനിക്കില്ലായിരുന്നു. ഇന്നാകട്ടെ ഏറ്റവും പ്രിയപ്പെട്ടമുഖം താങ്കളുടേതായിരിക്കുന്നു. അല്ലാഹുവാണേ, ഭൂമിയില്‍ ഏനിക്കേറ്റം വെറുപ്പുള്ള മതവും താങ്കളുടെതായിരുന്നു ഇന്നെനിക്ക് താങ്കളുടെ മതം ഏറ്റം പ്രിയപ്പെട്ടമതമായിരിക്കുന്നു.' തുടര്‍ന്ന് അദ്ദേഹം ഉംറ നിര്‍വഹിക്കാനായി മക്കയില്‍പോയി. ഇതുകണ്ട് ക്വുറൈശികള്‍ പറഞ്ഞു: 'ഥുമാമ മതം മാറിയിരിക്കുന്നു.' അദ്ദേഹം: ഇല്ല ഞാന്‍ പ്രവാചകന്റെകൂടെ ഇസ്ലാം സ്വീകരിക്കുകയാണ് ചെയ്തത്'. തുടര്‍ന്നദ്ദേഹം ക്വുറൈശികളോട് പ്രഖ്യാപിച്ചു. 'യമാമയില്‍നിന്ന് ഒരു മണിഗോതമ്പും പ്രവാചകന്റെ അനുവാദമില്ലാതെ നിങ്ങള്‍ക്കു ലഭിക്കുകയില്ല:' ഥുമാമയുടെ നാടായ യമാമയില്‍നിന്നായിരുന്നു മക്കയിലേക്ക് ഗോതമ്പ് വന്നിരുന്നത്. ഥുമാമ തിരിച്ചുപോയി പറഞ്ഞതുപോലെത്തന്നെ ചെയ്തു. ക്വുറൈശികള്‍ ബുദ്ധിമുട്ടി. അവര്‍ ഥുമാമയോടു കനിവുകാണിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതണമെന്ന് പ്രവാചകനോട് അപേക്ഷിച്ചു. പ്രവാചകന്‍ അത് സ്വീകരിച്ചു കത്തെഴുതി.(9)

ബനൂലഹ്യാന്‍ സൈന്യനിയോഗം
ഈ ലഹ്യാന്‍ ഗോത്രക്കാരാണ് പത്ത് സ്വഹാബികളെ റജീഇല്‍വെച്ച് ചതിയില്‍കൊന്നു കളഞ്ഞത്. ഇവരുടെ താമസസ്ഥലം മക്കയോടു സമീപം ഹിജാസിന്റെ ഉള്‍പ്രദേശങ്ങളിലായിരുന്നതിനാല്‍, അവരെക്കാള്‍ വലിയ ശത്രുക്കള്‍ സമീപത്തുതന്നെ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തിരുന്നതിനാല്‍ തല്ക്കാലം അവരെ അല്പകാലത്തേക്ക് പ്രവാചകന്‍ മാറ്റിനിര്‍ത്തി. സഖ്യകക്ഷികളുടെ പോരാട്ടവും മറ്റും കഴിഞ്ഞതോടെ റജീഅ്കാരോട് പ്രതികാരം ചോദിക്കാനുള്ള സമയം എത്തിക്കഴിഞ്ഞുവെന്ന് പ്രവാചകന്‍ മനസ്സിലാക്കി. അതോടെ അവിടുന്ന് മദീനയുടെ ഉത്തരവാദിത്തം ഇബ്നു ഉമ്മി മക്തൂമിനെ ഏല്പിച്ചുകൊണ്ട് ഇരുനൂറ് അനുയായികളോടൊപ്പം ഹിജ്റ 6 നു റബീഉല്‍ അവ്വലിലോ ജുമാദല്‍ഊലയിലോ അവരെ ലക്ഷ്യമാക്കി നീങ്ങി. ശാം ലക്ഷ്യമാക്കി നീങ്ങുന്നതുപോലെ പുറപ്പെട്ട പ്രവാചകന്‍ പെട്ടെന്ന് ഗുറാന്‍ താഴ്വരയിലേക്ക് നീങ്ങി. ഇവിടെ വെച്ചായിരുന്നു അനുചരന്മാര്‍ വധിക്കപ്പെട്ടത്. അവിടെ വധിക്കപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നത് കേട്ട ലിഹ്യാന്‍കാര്‍ മലമുകളിലേക്കു ഓടി രക്ഷപ്പെട്ടു. ആരേയും പിടികൂടാന്‍ കഴിഞ്ഞില്ല. രണ്ടുദിവസം അവിടെ തങ്ങി പലഭാഗങ്ങളിലേക്കും അന്വേഷക സംഘങ്ങളെ അയച്ചെങ്കിലും ആരേയും പിടികിട്ടിയില്ല. പത്ത് അശ്വഭടന്മാരെ കുറാഉല്‍ഗമീം എന്ന സ്ഥലത്തേക്കു അയച്ചു. ഇത് ക്വുറൈശികളെ മുസ്ലിം ശക്തിയെപ്പറ്റി അറിയിക്കാനായിരുന്നു. പിന്നീടു മദീനയിലേക്കു തിരിച്ചു. പതിനാലുദിവസം ഇതിനുവേണ്ടി വിനിയോഗിച്ചു.
ഇതിനെതുടര്‍ന്ന് ഒട്ടേറെ നിയോഗങ്ങളും പര്യടനങ്ങളും നടത്തുകയുണ്ടായി അവയുടെ സംക്ഷിപ്തം താഴെ:

1. ഹിജ്റ ആറാം വര്‍ഷം ഉകാശബിന്‍മിഹ്സ്വനിന്റെ നേതൃത്വത്തില്‍ അസദ് ഗോത്രക്കാരുടെ വെള്ളസ്ഥലമായ അല്‍ഗംദ് എന്ന സ്ഥലത്തേക്ക് നാല്പത് പേര്‍ പോവുകയുണ്ടായി. അവര്‍ ഓടിരക്ഷപ്പെട്ടതോടെ മുസ്ലിംകള്‍ക്ക് ഇരുനൂറ് ഒട്ടകങ്ങളെ ലഭിച്ചു. അതുമായവര്‍ മദീനയിലേക്ക് തിരിച്ചു.
2. ഹിജ്റ ആറാം വര്‍ഷം റബീഉല്‍ അവ്വലിലോ റബീഉല്‍ ആഖിറിലോ മുഹമ്മദ് ബിന്‍ മസ്ലമയുടെ നേതൃത്വത്തില്‍ പത്ത് പേര്‍ ദുല്‍ഖിസ്സ്വയിലുള്ള ഥഅ്ലബഗോത്രത്തിലേക്ക് പുറപ്പെട്ടു. പക്ഷേ, ശത്രുക്കള്‍ ഒളിച്ചിരുന്നു. നൂറുപേരുണ്ടായിരുന്ന ഇവര്‍ മുസ്ലിംകള്‍ ഉറങ്ങിയപ്പോള്‍ എല്ലാവരേയും വധിച്ചു. മുഹമ്മദ് ബിന്‍ മസ്ലമ ഒഴികെ. അദ്ദേഹം മുറിവോടെ രക്ഷപ്പെട്ടു.
3. ഇതേ വര്‍ഷം റബീഉല്‍ ആഖിറില്‍ അബൂഉബൈദത്തുല്‍ ജര്‍റാഹിന്റെ നേതൃത്വത്തില്‍ ദുല്‍ഖസ്സ്വയിലേക്ക് നാല്പത് പേരടങ്ങുന്ന മറ്റൊരു സംഘത്തെ നിയോഗിച്ചു. ആദ്യ സംഘത്തിന്റെ വധത്തിനു തൊട്ടുപിന്നാലെയായിരുന്നു ഇത്. രാത്രിയില്‍ നടന്നു പ്രഭാതത്തില്‍ ബനൂസഅലബയിലെത്തിയ ഇവര്‍ അവരെ അക്രമിച്ചു. മലമുകളിലേക്ക് ഓടിരക്ഷപ്പെട്ട ഇവരില്‍നിന്ന് ഒരാളെ മാത്രമാണ് പിടികിട്ടിയത്. അദ്ദേഹം ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. ഇതില്‍ ആടുകളും ഒട്ടകങ്ങളും കൈവശപ്പെടുത്തി മടങ്ങി.
4. ഇതേ വര്‍ഷം റബീഉല്‍ ആഖിറില്‍തന്നെ സൈദ്ബിന്‍ അല്‍ഹാരിഥയുടെ നേതൃത്വത്തില്‍ ബനൂസലീമിന്റെ മര്‍റുളഹ്റാനിലെ വെള്ള സ്ഥലമായ അല്‍ജുമൂമിലേക്ക് പുറപ്പെട്ടു. മുസൈനഗോത്രത്തിലെ ഹലീമ എന്ന സ്ത്രീയെ പിടികൂടി. ഇവള്‍ ബനൂസലീമിന്റെ താമസസ്ഥലം കാണിച്ചുകൊടുത്തു. അവിടെനിന്ന് ആടുകളെയും ഒട്ടകങ്ങളേയും ബന്ദികളേയും കിട്ടി. മടങ്ങിയെത്തിയശേഷം മുസൈനഗോത്രക്കാരിയെ പ്രവാചകന്‍ ഒരനുചരന് വിവാഹം കഴിച്ചുകൊടുത്തു.
5. ഹിജ്റആറാം വര്‍ഷം ജുമാദല്‍ ഊലയില്‍ പ്രവാചകന്റെ പുത്രി സൈനബിന്റെ ഭര്‍ത്താവ് അബുല്‍ ആസിന്റെ നേതൃത്വത്തിലുള്ള ഖുറൈശി വ്യാപാര സംഘത്തെ പിടികൂടുവാന്‍ സൈദിന്റെ നേതൃത്വത്തില്‍ നൂറ്റിഏഴുപതു പേരടങ്ങുന്ന ഒരു സംഘത്തെ പ്രവാചകന്‍ അല്‍ ഈസ്വ് എന്ന സ്ഥലത്തേക്ക് നിയോഗിച്ചു. അവര്‍ കച്ചവട സംഘത്തെ പിടികൂടി. അബുല്‍ആസ് രക്ഷപ്പെട്ട് സൈനബിനെ സമീപിച്ച് അഭയം തേടുകയും കച്ചവടസ്വത്തുക്കള്‍ തിരിച്ചു നല്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സൈനബ് അഭയം നല്കി. പ്രവാചകന്‍ സ്വത്തെല്ലാം തിരിച്ചു നല്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അബുല്‍ ആസ് മക്കയിലേക്ക് മടങ്ങി നിക്ഷേപങ്ങളെല്ലാം തിരിച്ചേല്പിച്ച് മുസ്ലിമായി മദീനയിലേക്ക് പലായനം ചെയ്തു. റസൂല്‍(സ) പുത്രിയെ മൂന്നില്‍പരം വര്‍ഷങ്ങള്‍ക്കുശേഷം ആദ്യത്തെ വിവാഹ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍തന്നെ അദ്ദേഹത്തില്‍ തിരിച്ചേല്പിച്ചു. ശരിയായ നിവേദനങ്ങള്‍ ഇത് സ്ഥിരീകരിക്കുന്നു.(10)
6. ഇതേവര്‍ഷം തന്നെ ജുമാദല്‍ ആഖിറയില്‍ സൈദിന്റെ നേതൃത്വത്തില്‍ പതിനഞ്ചുപേരടങ്ങുന്ന സംഘത്തെ പ്രവാചകന്‍ ഥഅ്ലബ ഗോത്രത്തിനുനേരെ അയച്ചു. റസൂല്‍ കൂടെയുണ്ടെന്ന ധാരണയില്‍ അവര്‍ ഭയന്നോടി. ഇവിടെനിന്ന് ഇരുപത് ഒട്ടകങ്ങള്‍ ലഭിച്ചു. നാലു ദിവസം ഇതിനു വിനിയോഗിച്ചു.
7. ഇതേവര്‍ഷം റജബില്‍ സൈദിന്റെ നേതൃത്വത്തില്‍ പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘം ശത്രുക്കളുടെ വിവരങ്ങളറിയാന്‍ വേണ്ടി വാദില്‍ഖുറായിലേക്ക് പുറപ്പെട്ടു. നാട്ടുകാര്‍ ഇവരെ അക്രമിക്കുകയും ഒമ്പതുപേരെ വധിക്കുകയും ചെയ്തു. സൈദ് അടക്കം മൂന്നുപേര്‍ രക്ഷപ്പെട്ടു.
8. അല്‍ഖബ്ത്വ് സൈന്യനിയോഗം: ഇത് ഹിജ്റ എട്ടിനാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും പശ്ചാത്തലം ഇത് ഹുദൈബിയ സംഭവത്തിന് മുമ്പാണെന്ന് വ്യക്തമാക്കുന്നു. പ്രവാചകന്‍, അബൂഉബൈദബിന്‍ ജര്‍റാഹിന്റെ നേതൃത്വത്തില്‍ ക്വുറൈശികളുടെ കച്ചവടസംഘത്തെ നിരീക്ഷിക്കാന്‍ മുന്നൂറു പേരെ പറഞ്ഞുവിട്ടു. വിശപ്പിന്റെ കാഠിന്യത്താല്‍ തൈര് നേര്‍പ്പിച്ച് കഴിച്ചതു കാരണം ഈ നിയോഗത്തിന് 'അല്‍ ഖബ്ത്വ്' എന്നു പേര്‍വന്നു. പിന്നീട് കൂടെയുണ്ടായിരുന്ന ഒട്ടകങ്ങളെ മൂന്നുവീതം ഒമ്പതെണ്ണം അറുത്തു. അവസാനം അബൂ ഉബൈദഅത് തടഞ്ഞു. ഇതിനിടയില്‍ കടല്‍ക്കരയില്‍നിന്ന് ഒരു വന്‍ തിമിംഗലം ലഭിച്ചു. പതിനഞ്ച് ദിവസം അത് കഴിച്ചും എണ്ണയായി ഉപയോഗിച്ചും കഴിച്ചുകൂട്ടി. ശരീരമെല്ലാം ശോഷിച്ചു. അബൂഉബൈദ അതിന്റെ ഒരു വാരിയെല്ലെടുത്തു. സംഘത്തിലെ ഏറ്റവും ഉയരമുള്ള ഒട്ടക യാത്രക്കാരന് അതിന്റെ കീഴെ കടന്നു പോകാന്‍ കഴിയുമായിരുന്നു. മടക്കയാത്രയില്‍ ഇതിന്റെ മാംസവും കൂടെ എടുത്തു. മദീനയിലെത്തിവിവരം പ്രവാചകനെ അറിയിച്ചപ്പോള്‍ അവിടുന്ന് അതിന്റെ മാംസം അല്പം ആവശ്യപ്പെട്ടപ്പോള്‍ അവര്‍ അവിടുത്തേക്ക് നല്കി.(11)
ഈ സംഭവം ഹുദൈബിയാ സന്ധിക്കുമുമ്പാണ്. കാരണം ഹുദൈബിയക്കുശേഷം മുസ്ലിംകള്‍ ക്വുറൈശികളുടെ വ്യാപാരസംഘത്തെ നേരിടാന്‍ പോയിട്ടില്ല.

ബനൂല്‍മുസ്വ്ത്വല്ക്വ് (മുറൈസീഅ്) യുദ്ധം

(ഹിജ്റ 5-ാമത്തെയോ 6-ാമത്തെയോ വര്‍ഷം ശഅബാനില്‍)
ഈ യുദ്ധം സൈനിക നടപടികളുടെ വശത്തിലൂടെ ഏറെ പ്രസക്തമല്ലെങ്കിലും ഇതില്‍നടന്ന ചില സംഭവങ്ങള്‍ മുസ്ലിം സമൂഹഗാത്രത്തില്‍ ചഞ്ചലിപ്പും പ്രയാസങ്ങളുമുണ്ടാക്കി. അതുപോലെ കപടന്മാരുടെ സ്വഭാവം അനാവരണം ചെയ്യുകയും മുസ്ലിംകളെ വിശുദ്ധിയുടെയും മാന്യതയുടെയും ഉന്നത ശൃംഗങ്ങളില്‍ എത്തിക്കുന്ന നിയമനിര്‍ദേശങ്ങള്‍ ഇതോടനുബന്ധിച്ച് നിലവില്‍ വരികയും ചെയ്തു.

യുദ്ധ ചരിത്രകാരന്മാരെല്ലാം ഈ യുദ്ധം ഹിജ്റ 5ാം വര്‍ഷം ശഅബാന്‍ മാസത്തിലാണെന്ന് പറയുന്നു. ഇബ്നു ഇസ്ഹാക്വിന്റെ അഭിപ്രായത്തില്‍ഹി. 6ാം വര്‍ഷത്തിലും, (12) യുദ്ധത്തിനു കാരണം ബനൂല്‍ മുസ്വ്ത്വലഖ് നായകന്‍ ഹാരിഥ്ബിന്‍ അബീളിറാര്‍ തന്റെ ഗോത്രത്തെയും സഹകാരികളായ മറ്റു അറബികളെയും ചേര്‍ത്ത് രഹസ്യമായി പ്രവാചകനെതിരെ യുദ്ധത്തിന് കോപ്പുകൂട്ടുന്ന വിവരം തിരുമേനി അറിഞ്ഞു. വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ പ്രവാചകന്‍ ബുറൈദബിന്‍ അല്‍ ഹുസ്വൈബ്അല്‍ അസ്ലമിയെ അയച്ചു. ഇദ്ദേഹം ഹാരിഥുമായി സംസാരിച്ചു വിവരം റസൂല്‍(സ)യുടെ അടുക്കല്‍ വന്നറിയിച്ചു. വാര്‍ത്തസ്ഥിരീകരിച്ചതോടെ പ്രവാചകന്‍ ശഅബാന്‍ രണ്ടിനു അവരുടെ നേരെ പുറപ്പെട്ടു. മദീനയുടെ ഉത്തരവാദിത്തം സൈദുബിന്‍ ഹാരിഥയെ ഏല്പിച്ചു. അബുദര്‍റിനേയോ നുമൈലബിന്‍ അബ്ദുല്ലയെയോ ആണെന്നു മറ്റൊരഭിപ്രായവുമുണ്ട്. വഴിയില്‍ ശത്രു വിഭാഗത്തിന്റെ ചാരനെ പിടികൂടി വധിച്ചു. വിവരമറിഞ്ഞ ഹാരിഥും കൂട്ടുകാരും ഭയചകിതരായി. അതോടെ കൂടെയുണ്ടായിരുന്ന അറബികള്‍ ഒഴിഞ്ഞുപോയി. പ്രവാചകനും അനുയായികളും വെള്ള സ്ഥലമായ മുറൈസീഇല്‍ എത്തി യുദ്ധത്തിന് സജ്ജമായി. അംഗങ്ങളെ അണിയായി നിര്‍ത്തി മുഹാജിറുകളുടെ പതാക അബൂബക്കര്‍(റ)വിനേയും അന്‍സ്വാറുകളുടെ പതാക സഅദുബിന്‍ ഉബാദയേയും ഏല്പിച്ചു. അല്പ സമയം പരസ്പരം അസ്ത്രം പ്രയോഗിച്ചെങ്കിലും അവസാനം പ്രവാചകന്‍ എല്ലാവരോടും ഒറ്റക്കെട്ടായി പോരാടാന്‍ നിര്‍ദേശിച്ചു. അതോടെ ശത്രുസൈന്യം പരാജയപ്പെട്ടു. ശത്രുക്കളില്‍നിന്ന് പലരും വധിക്കപ്പെട്ടു. സ്ത്രീകളെയും കുട്ടികളെയും ഒട്ടകങ്ങളെയും ആടുകളെയും ബന്ധിച്ചു. മുസ്ലിംകളില്‍നിന്ന് ഒരാള്‍മാത്രം വധിക്കപ്പെട്ടു. അതുതന്നെ ശത്രുവാണെന്ന ധാരണയില്‍ ഒരു അന്‍സ്വാരി അബദ്ധത്തില്‍ വധിച്ചതായിരുന്നു.

നബിചരിത്രകാരന്മാരും യുദ്ധചരിത്രകാരന്മാരും ഇങ്ങനെയാണ് പറയുന്നതെങ്കിലും ഇബ്നുല്‍ഖയ്യിം അവര്‍ക്കിടയില്‍ യുദ്ധം ഉണ്ടായിട്ടില്ലെന്ന് അഭിപ്രായപ്പെടുന്നു. ബുഖാരിയിലുള്ളതുപോലെ ശത്രു വിഭാഗത്തിന്റെ വെള്ള പ്രദേശത്തിനുനേരെ കടന്നാക്രമണം നടത്തി സ്ത്രീകളെയും കുട്ടികളെയും മറ്റും ബന്ധനസ്ഥരാക്കുകമാത്രമാണ് ചെയ്തിട്ടുള്ളത്.(13)

ബന്ധനസ്ഥരുടെ കൂട്ടത്തില്‍ ഗോത്രനായകന്‍ ഹാരിഥിന്റെ പുത്രി ജുവൈരിയയുമുണ്ടായിരുന്നു. ഥാബിത് ബിന്‍ ഖൈസിന്റെ ഓഹരിയില്‍ വന്ന ഇവളെ അദ്ദേഹം മോചന പത്രമെഴുതി വിമോചിതയാക്കാന്‍ ഉദ്ദേശിച്ചു. പത്രികയനുസരിച്ചുള്ള ബാധ്യത പ്രവാചകന്‍ വീട്ടി അവളെ വിമോചിപ്പിച്ചു. പിന്നീട് അവളെ വിവാഹം കഴിച്ചു. ഇതോടെ അവളുടെ കുടുംബത്തില്‍പെട്ട നൂറുപേരെ മറ്റു സ്വഹാബികള്‍ സ്വതന്ത്രമാക്കി. അവര്‍ പറഞ്ഞു: 'ഇവരെല്ലാം പ്രവാചകന്റെ വിവാഹ ബന്ധുക്കളാണ്''. ഇതുകാരണം അവരെല്ലാം ഇസ്ലാം സ്വീകരിക്കുകയുണ്ടായി.(14)

കപടന്മാരുടെ പങ്ക്
കപടന്മാരുടെ നേതാവ് ഇബ്നുസുലൂല്‍ ഇസ്ലാമിനോടും മുസ്ലിംകളോടും കടുത്ത അമര്‍ഷം വെച്ചു പുലര്‍ത്തുന്നവനായിരുന്നുവെന്നു നാം മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുകാരണം ഔസ്, ഖസ്റജ് ഗോത്രങ്ങള്‍ സംയുക്തമായി അദ്ദേഹത്തെ നേതാവാക്കി കിരീടമണിയിക്കാനുള്ള ശ്രമത്തിനിടയിലാണ് നബിതിരുമേനിയുടെ മദീന ആഗമനം എന്നതാണ്. ഇത് അദ്ദേഹത്തിന്റെ സ്ഥാനാരോഹണത്തിന് ഭംഗം വരുത്തിയെന്ന ധാരണയാണ് അദ്ദേഹത്തിന്.

ബദ്റിനുശേഷം ഇസ്ലാം സ്വീകരിച്ചതായി പ്രകടിപ്പിച്ച ഇദ്ദേഹം അതിനുമുമ്പേ ഈ ശത്രുത കാണിച്ചിരുന്നു. ഒരിക്കല്‍ നബിതിരുമേനി സഅദ്ബിന്‍ ഉബാദയെ സന്ദര്‍ശിക്കാനായി ഒരു കഴുതപ്പുറത്ത് യാത്രചെയ്യുമ്പോള്‍ ഇബ്നു സുലുല്‍ ഇരിക്കുന്ന ഒരു സദസ്സിന്നരികെ കടന്നുപോയപ്പോള്‍ അദ്ദേഹം പ്രവാചകനുനേരെ കോപിക്കുകയുണ്ടായി. പ്രവാചകന്‍ ക്വുര്‍ആന്‍ ഓതി കേള്‍പ്പിച്ചപ്പോള്‍ അവന്‍ പറഞ്ഞു: 'നീ വീട്ടില്‍ ഇരിക്കുക. ഞങ്ങളുടെ സദസ്സില്‍ കയറിവന്നു ഉപദ്രവിക്കരുത്!'(15) ഇസ്ലാം സ്വീകരിച്ചശേഷവും ഈ ശത്രുത അവന്‍ തുടര്‍ന്നു. മുസ്ലിം ശക്തിക്ഷയിപ്പിക്കാനും ഭിന്നിപ്പിനു കളമൊരുക്കാനും അദ്ദേഹം ശ്രമിക്കുകയുണ്ടായി. ശത്രുക്കളുമായി സഹകരിച്ചും ഖൈനുഖാഅ് പ്രശ്നത്തില്‍ ഇടപെട്ടും ഉഹ്ദ് യുദ്ധത്തില്‍ സൈന്യത്തെ പിന്‍വലിച്ചും ഇത് അവന്‍ തുടര്‍ന്നു.

ഇവന്‍ പ്രവാചകനുനേരെ അനുവര്‍ത്തിച്ചിരുന്ന കുടിലതയുടെയും കുതന്ത്രത്തിന്റെയും ഭാഗമായിരുന്നു, വെള്ളിയാഴ്ചകളില്‍ പ്രവാചകന്‍ മിമ്പറിലിരുന്നാല്‍ ഈ കപടന്‍ എഴുന്നേറ്റു നിന്നു പ്രഖ്യാപിക്കും: 'ഇതാ ദൈവദൂതന്‍ നിങ്ങളുടെ മുമ്പില്‍, അദ്ദേഹത്തെ ആദരിക്കുകയും ബഹുമാനിക്കുകയും സഹായിക്കുകയും പിന്താങ്ങുകയും അദ്ദേഹത്തെ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക'. ഇവന്‍ ഇരുന്നാല്‍ റസൂല്‍ പ്രസംഗിക്കും. ഉഹ്ദ് സംഭവത്തിനുശേഷവും ഇവന്‍ ഇതേ അടവു പയറ്റിയപ്പോള്‍ മുസ്ലിംകള്‍ അവന്റെ വസ്ത്രം പിടിച്ചുവലിച്ചു പറഞ്ഞു: "അല്ലാഹുവിന്റെ ശത്രുവേ അവിടെ ഇരിക്കൂ, നീ ഇത് പറയാന്‍ അര്‍ഹനല്ല'. അതോടെ അവന്‍ ജനങ്ങളെ വകഞ്ഞുമാറ്റി പുറത്തേക്കു നടന്നു. വാതില്‍ക്കല്‍ ഒരു അന്‍സാരി അവനെ തടഞ്ഞുകൊണ്ടു പറഞ്ഞു: 'നിനക്ക് നാശം' തിരിച്ചുചെല്ലുക അല്ലാഹുവിന്റെ റസൂല്‍ നിനക്കുവേണ്ടി പാപമോചനം നടത്തും. അവന്‍ പറഞ്ഞു: അദ്ദേഹം പാപമോചനത്തിനര്‍ഥിക്കേണ്ട ആവശ്യമൊന്നുമെനിക്കില്ല.''(16)

ഇവന്‍ ബനൂനളീര്‍കാരോട് ചേര്‍ന്ന് മുസ്ലിംകള്‍ക്കെതിരില്‍ ഗൂഢാലോചന നടത്തുകയും ഖന്‍ദഖ് യുദ്ധത്തില്‍ മുസ്ലിംകള്‍ക്കിടയില്‍ കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുകയുണ്ടായി. ഇതിനെക്കുറിച്ച് ക്വുര്‍ആന്‍ പരാമര്‍ശിച്ചു.

"നമ്മോട് അല്ലാഹുവും അവന്റെ ദൂതനും വാഗ്ദാനം ചെയ്തത് വഞ്ചനമാത്രമാണെന്നും കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും പറഞ്ഞിരുന്ന സന്ദര്‍ഭം'' (33:12) തുടര്‍ന്നുള്ള സൂക്തങ്ങളിലും ഇവരുടെ നിലപാട് വിശദീകരിക്കുന്നു അവസാനം ഇങ്ങനെ അതവസാനിപ്പിക്കുന്നു.

"സംഘടിത കക്ഷികള്‍പോയി കഴിഞ്ഞിട്ടില്ലെന്നാണ് അവര്‍ (കപടന്മാര്‍) വിചാരിക്കുന്നത്. സംഘടിത കക്ഷികള്‍(ഇനിയും) വരുകയാണെങ്കിലോ, (യുദ്ധത്തില്‍ പങ്കെടുക്കാതെ) നിങ്ങളുടെ വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞുകൊണ്ട് ഗ്രാമീണ അറബികളുടെകൂടെ മരുഭൂവാസികളായി കഴിഞ്ഞിരുന്നെങ്കില്‍ എന്നായിരിക്കും അവര്‍ (കപടന്മാര്‍) കൊതിക്കുന്നത്. അവര്‍ നിങ്ങളുടെ കൂട്ടത്തിലായിരുന്നാലും ചുരുക്കത്തിലല്ലാതെ അവര്‍ യുദ്ധം ചെയ്യുകയില്ല.''(33:20)

ജൂതരും കപടരും ബഹുദൈവാരാധകരുമായ മുഴുവന്‍ ശത്രുക്കള്‍ക്കും നന്നായറിയാവുന്ന ഒരു കാര്യമുണ്ടായിരുന്നു, മുസ്ലിംകളുടെ ഔന്നത്യത്തിനും വിജയത്തിനുമുള്ള കാരണം കേവല ഭൌതികമോ സായുധപരമോ അല്ലെന്നും പ്രത്യുത, മുസ്ലിം സമൂഹത്തിന്റെ അന്യൂനവും അത്യുന്നതവുമായ സ്വഭാവ സംസ്കരണവും പ്രവാചകന്റെ മാതൃകാപരമായ നേതൃത്വവുമാണെന്നും അതിനാല്‍തന്നെ, നീണ്ട അഞ്ചുവര്‍ഷത്തെ നിരന്തര യുദ്ധങ്ങള്‍ക്കിടയില്‍ ഇസ്ലാമിനെ തകര്‍ക്കാന്‍ കേവല സായുധ സമരത്തിനു സാധ്യമല്ലെന്ന വസ്തുതയും അവര്‍ മനസ്സിലാക്കി. ഇസ്ലാമിനെയും പ്രവാചകനെയും സ്വഭാവഹത്യനടത്താവുന്ന ഒരു പ്രചാരണ യുദ്ധം അഴിച്ചുവിടാന്‍ അവര്‍ തീരുമാനിച്ചു. മുസ്ലിം സമൂഹത്തിലെ അഞ്ചാം പത്തികളായ കപടന്മാര്‍ അവരുടെ നേതാവ് ഇബ്നുസുലൂലിന്റെ നേതൃത്വത്തില്‍ ഇതിന് അവസരങ്ങളൊരുക്കി.

പ്രവാചകന്റെ വളര്‍ത്തുപുത്രനായ സൈദ്ബിന്‍ ഹാരിഥ തന്റെ ഭാര്യ സൈനബിനെ വിവാഹമോചനം നടത്തിയശേഷം പ്രവാചകന്‍ അവരെ വിവാഹം കഴിച്ച സന്ദര്‍ഭത്തില്‍ ഇവരുടെ ഈ പദ്ധതി കൂടുതല്‍ പ്രകടമായി. അറബികളുടെ ആചാരമനുസരിച്ച് വളര്‍ത്തുപുത്രന്‍ യഥാര്‍ഥ പുത്രന്റെ സ്ഥാനത്തായിരുന്നു. ഈ വിവാഹത്തോടെ നബിതിരുമേനിക്കു നേരെ കപടന്മാര്‍ രണ്ടു സ്വഭാവദൂഷ്യങ്ങളാണ് ആരോപിച്ചത്. ഒന്ന്: ക്വുര്‍ആന്‍ നാലു വിവാഹം മാത്രം അനുവദിച്ചിരിക്കെ പ്രവാചകന്‍ എങ്ങനെയാണ് അഞ്ചെണ്ണം കഴിക്കുന്നത്? രണ്ട്: വളര്‍ത്തു പുത്രന്റെ വിവാഹമുക്തയെ വിവാഹം കഴിക്കുന്നത് അവരുടെ സമ്പ്രദായമനുസരിച്ച് കുറ്റമാണ്. അതോടെ ഇതിന്റെ അടിസ്ഥാനത്തില്‍ കള്ളക്കഥകളുടെയും ദുഷ് പ്രചരണങ്ങളുടെയും ഒരു ശൃംഖലതന്നെ അവര്‍ അഴിച്ചുവിട്ടു. മുഹമ്മദ് യാദൃഛികമായി സൈനബിനെ കണ്ടതോടെ അവളുടെ സൌന്ദര്യത്തില്‍ ആകൃഷ്ടനാവുകയും മനസ് അവളുമായി ഉടക്കുകയും ചെയ്തു. ഇത് മനസ്സിലാക്കിയ സൈദ് സൈനബിനെ മുഹമ്മദിനു വേണ്ടി ഒഴിഞ്ഞുകൊടുത്തു! ഈ കല്പിത കഥ വ്യാപകമായി പ്രചരിപ്പിച്ചു. അതിന്റെ അവശേഷിപ്പുകള്‍ ഇന്നും ക്വുര്‍ആന്‍ ഹദീസ് വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ കിടക്കുന്നു. ദുര്‍ബല മനസ്സുകളില്‍ ശക്തിയായി സ്വാധീനിച്ച ഈ പ്രചാരണത്തെക്കുറിച്ച് അവസാനം ക്വുര്‍ആന്‍ അവതരിച്ചു:
"നബിയേ നീ അല്ലാഹുവെ സൂക്ഷിക്കുക. സത്യനിഷേധികളെയും കപടവിശ്വാസികളെയും അനുസരിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാകുന്നു'(33:1)

ബനൂല്‍ മുസ്വ്ത്വലഖ് യുദ്ധത്തിന് മുമ്പ് കപടന്‍മാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഹ്രസ്വരൂപമാണ് ഇതെല്ലാം. പ്രവാചകനും അനുയായികളും ഇതത്രയും സഹിച്ചു. കാരണം ഒന്നിനുപിറകെ ഒന്നായി കപടന്മാര്‍ വഷളാക്കപ്പെടുന്നത് അവര്‍ അറിയുന്നുണ്ടായിരുന്നു.
"അവര്‍ ഓരോ കൊല്ലവും ഒന്നോ രണ്ടോ തവണ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് അവര്‍ കാണുന്നില്ലേ? എന്നിട്ടും അവര്‍ ഖേദിച്ചു മടങ്ങുന്നില്ല. ചിന്തിച്ചു മനസ്സിലാക്കുന്നുമില്ല.''(9:126)

ബനൂല്‍ മുസ്വ്ത്വലഖ് യുദ്ധത്തില്‍ കപടന്മാരുടെ പങ്ക്
ബനൂല്‍മുസ്വ്ത്വലഖ് യുദ്ധം വന്നപ്പോള്‍ കപടന്മാര്‍ വിശുദ്ധ ക്വുര്‍ആന്‍ പരാമര്‍ശിച്ചതുപോലെ മുസ്ലിം അണികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ടും പ്രവാചകനെതിരെ ദുഷ്പ്രചരണങ്ങള്‍ നടത്തിയും രംഗത്ത് വന്നു.
"നിങ്ങളുടെ കൂട്ടത്തില്‍ അവര്‍ പുറപ്പെട്ടിരുന്നെങ്കില്‍ നാശമല്ലാതെ മറ്റൊന്നും അവര്‍ നിങ്ങള്‍ക്കു കൂടുതല്‍ നേടിത്തരുമായിരുന്നില്ല. നിങ്ങള്‍ക്കു കുഴപ്പം വരുത്താനാഗ്രഹിച്ചുകൊണ്ട് നിങ്ങളുടെ ഇടയിലൂടെ അവര്‍ പരക്കം പായുകയും ചെയ്യുമായിരുന്നു''.(9:47)

ഇതിലൊന്നാണ് ഉമര്‍ബിന്‍ഖത്വാബിന്റെ തൊഴിലാളിയായ ജഹ്ജാഹ് അല്‍ഗഫ്ഫാരിയും ജുഹ്നഗോത്രക്കാരനായ സിനാന്‍ബിന്‍ വബറും തമ്മില്‍ വെള്ളത്തിന്റെ കാര്യത്തിലുണ്ടായ വഴക്ക് അടിപിടിയിലെത്തിയ സംഭവം. സിനാന്‍ അന്‍സ്വാറുകളെ വിളിച്ചട്ടഹസിച്ചപ്പോള്‍ ജഹ്ജാഹ് മുഹാജിറുകളേയും വിളിച്ചട്ടഹസിച്ചു. ഇതുകേട്ട പ്രവാചകന്‍ ചോദിച്ചു: 'ഞാന്‍ ഇവിടെ ജീവിച്ചിരിക്കെത്തന്നെ ജാഹിലിയ്യത്തിന്റെ (ഇസ്ലാമിനുമുമ്പുള്ള അജ്ഞാനകാലം)വിളിയോ? അതുപേക്ഷിക്കുക, ചീത്തയാണത്; ഇതോടെ അവര്‍ നന്നായി. തന്റെ ഒരു സംഘത്തോടൊപ്പം നില്ക്കുകയായിരുന്ന ഇബ്നു സുലൂല്‍ ഈ വിവരമറിഞ്ഞു കുപിതനായി. അവന്‍ ആക്രോശിച്ചു: 'അവര്‍ അങ്ങനെ ചെയ്തോ? നമ്മുടെ നാട്ടില്‍ വന്ന് നമ്മോടു മത്സരിക്കുകയും പൊരുതുകയും ചെയ്യുന്നു അവര്‍. നാമും മുഹാജിറുകളും തമ്മിലുള്ള ബന്ധം ആദ്യത്തവന്‍ പറഞ്ഞതുപോലെതന്നെ: 'നിന്റെ നായ തടിച്ചുകൊഴുത്ത് നിന്നെതന്നെ തിന്നാന്‍ തുടങ്ങിയിരിക്കുന്നു' അല്ലാഹുവാണേ! നാം മദീനയില്‍ തിരിച്ചെത്തിയാല്‍ ശക്തന്‍ ദുര്‍ബലനെ പുറത്താക്കുകതന്നെ ചെയ്യും.' തുടര്‍ന്ന് അവന്‍ തന്റെ കൂടെയുള്ളവരോടു പറഞ്ഞു: 'ഇത് നിങ്ങള്‍ തന്നെ വരുത്തിവെച്ചതാണ്. അവര്‍ക്ക് നാട് അനുവദിച്ചുകൊടുക്കുകയും സ്വത്ത് ഓഹരിവെച്ചുകൊടുക്കുകയും ചെയ്തു നിങ്ങള്‍. നിങ്ങള്‍ അവര്‍ക്കൊന്നും നല്കിയിരുന്നില്ലെങ്കില്‍ അവര്‍ മറ്റു സ്ഥലം അന്വേഷിച്ചു പോകുമായിരുന്നു.''

വിവരം അവന്റെ സദസ്സിലുണ്ടായിരുന്ന യുവാവ് സൈദ്ബിന്‍ അര്‍ക്വം വഴി നബി(സ)ക്ക് ലഭിച്ചു. ഇതു പറയുമ്പോള്‍ സമീപത്തു ഉമറുണ്ടായിരുന്നു. ഉമര്‍ ക്ഷുഭിതനായി റസൂല്‍(സ)യോട് പറഞ്ഞു: 'അവനെ വധിക്കാന്‍ അബ്ബാദ് ബിന്‍ ബിശ്റിനോട് കല്പിച്ചാലും' പ്രവാചകന്‍ പറഞ്ഞു: 'ഉമര്‍! മുഹമ്മദ് സ്വന്തം അനുയായികളെതന്നെ വധിക്കുന്നുവെന്നു ജനങ്ങള്‍ പറഞ്ഞാലത്തെ അവസ്ഥ എന്തായിരിക്കും?' തുടര്‍ന്ന് അവിടുന്ന് യാത്രക്ക് അനുമതി നല്കി. കഠിനമായ ചൂടുള്ള ആ സമയം യാത്രക്ക് അനുയോജ്യമല്ലാതിരുന്നിട്ടും അവിടുന്നു യാത്ര പുറപ്പെട്ടു. വഴിയില്‍വെച്ച് ഉസൈദ്ബിന്‍ ഹുളൈര്‍ നബി(സ)യോടു ചോദിച്ചു: 'ഈ സമയത്ത് എന്തിനാണ് യാത്ര?' നബി(സ) പറഞ്ഞു: 'നിങ്ങളുടെ ആ ചങ്ങാതി പറഞ്ഞതറിഞ്ഞില്ലേ?' 'എന്താണ് പറഞ്ഞത്' അദ്ദേഹം ആരാഞ്ഞു. പ്രവാചകന്‍: "അവന്‍ മദീനയില്‍ മടങ്ങിയെത്തിയാല്‍ ശക്തര്‍ ദുര്‍ബലരെ പുറത്താക്കുമത്രെ!'' തുടര്‍ന്നദ്ദേഹം പറഞ്ഞു: 'ദൈവദൂതരേ! അവനോടു കരുണകാണിക്കുക. അല്ലാഹുവാണേ! അങ്ങയെ അല്ലാഹുവാണ് ഞങ്ങള്‍ക്ക് നല്‍കിയത്. അവന്റെ ജനങ്ങള്‍ അവനെ കിരീടമണിയിക്കാന്‍ ഒരുങ്ങിനില്ക്കുമ്പോഴാണ് താങ്കളുടെ ആഗമനം. താങ്കള്‍ അവന്റെ അധികാരം തട്ടിയെടുത്തുവെന്ന് അവന്‍ ധരിക്കുന്നു.'' അന്നുപകലും രാത്രിയും പിറ്റേന്ന് പ്രഭാതത്തിന്റെ ആദ്യത്തിലും അവര്‍ വിശ്രമിക്കാതെ യാത്രചെയ്തു. യാത്ര ചെയ്തു ക്ഷീണിച്ച അവര്‍ ഒരിടത്ത് താവളമടിച്ചു. നിലത്തിറങ്ങേണ്ട താമസം അവരെല്ലാം നിദ്രയിലാണ്ടു. ധൃതിപിടിച്ച് പ്രവാചകന്‍ യാത്രതുടരാന്‍ കാരണം ജനങ്ങള്‍ ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാതിരിക്കാന്‍ വേണ്ടിയായിരുന്നു.

സൈദ്ബിന്‍ അര്‍ക്വം നബി(സ)യോടു പറഞ്ഞ വിവരം കേട്ട് ഇബ്നു സുലൂല്‍ പ്രവാചകനെ സമീപിച്ച് ആണയിട്ടു പറഞ്ഞു: 'ഞാന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല'. ഇത് കേട്ട അന്‍സ്വാറുകള്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ആ യുവാവ് ഊഹിച്ചതായിരിക്കാം. പറഞ്ഞത് ശ്രദ്ധിച്ചു കേട്ടിരിക്കില്ല'. സൈദ് ബിന്‍ അര്‍ക്വം പറഞ്ഞു: 'എനിക്ക് ഒരുതരം മയക്കം ബാധിച്ചു. മുമ്പൊന്നും ബാധിച്ചിട്ടില്ലാത്ത തരത്തില്‍. അതുകാരണം ഞാന്‍ വീട്ടിലിരുന്നു.' തുടര്‍ന്ന് റസൂല്‍(സ)ക്ക് മുനാഫിക്വൂന്‍ (കപടവിശ്വാസികള്‍) എന്ന അധ്യായത്തിലെ എട്ട് സൂക്തങ്ങളവതരിച്ചു. സൈദ്ബിന്‍ അര്‍ക്വം പറഞ്ഞത് സത്യപ്പെടുത്തിക്കൊണ്ടുള്ള ഈ സൂക്തങ്ങളവതരിച്ചപ്പോള്‍ പ്രവാചകന്‍ സൈദിനെ വരുത്തി സൂക്തങ്ങള്‍ അവനെ ഓതിക്കേള്‍പ്പിച്ചു. എന്നിട്ട് പറഞ്ഞു: 'നീ പറഞ്ഞത് അല്ലാഹു സത്യപ്പെടുത്തിയിരിക്കുന്നു'.(17)

ഈ കപടന്റെ പുത്രന്‍ അബ്ദുല്ല ഒരു നല്ല വിശ്വാസിയായിരുന്നു. ഇദ്ദേഹം ഖഢ്ഗമേന്തി മദീനയുടെ കവാടത്തില്‍ തന്റെ പിതാവിനേയും പ്രതീക്ഷിച്ചുനിന്നു. പിതാവ് വന്നപ്പോള്‍ പറഞ്ഞു: 'പ്രവാചകന്റെ അനുമതിയില്ലാതെ താങ്കളെ ഈ വഴികടത്തിവിടില്ല. അദ്ദേഹം പ്രതാപവാനും താങ്കള്‍ നിന്ദ്യനുമാണ്. നബി(സ) വന്നു അനുമതി നല്കിയപ്പോള്‍ വഴിതുറന്നു കൊടുത്തു. അബ്ദുല്ല മുമ്പ് പ്രവാചകനോടു പറഞ്ഞിരുന്നു. "അല്ലാഹുവിന്റെ ദൂതരേ, താങ്കളദ്ദേഹത്തെ വധിക്കണമെന്നുദ്ദേശിക്കുന്നുവെങ്കില്‍ എന്നോടു കല്പിച്ചാലും ഞാനദ്ദേഹത്തിന്റെ ശിരസു താങ്കളുടെ മുമ്പില്‍ സമര്‍പ്പിക്കാം''(18)

അപവാദപ്രചാരണം
ഈ യുദ്ധത്തിലാണ് അപവാദപ്രചാരണസംഭവം നടക്കുന്നത്. നബി(സ) അവിടുത്തെ പതിവനുസരിച്ച് യാത്രയില്‍ സഹയാത്രികയാകുന്ന ഭാര്യയെ നറുക്കിട്ടെടുക്കുകയാണ് ചെയ്യുന്നത്. ഇത്തവണ അതിന് സൌഭാഗ്യം ലഭിച്ചത് പ്രിയപത്നി ആഇശ(റ)ക്കാണ്. യുദ്ധം കഴിഞ്ഞുമടങ്ങുന്ന വഴിയില്‍ യാത്രാസംഘം ഒരിടത്ത് ഇറങ്ങി വിശ്രമിച്ചു. ഇതിന്നിടയ്ക്ക് ആഇശ(റ) പ്രാഥമികാവശ്യം നിര്‍വഹിക്കാനായി പുറത്തുപോയി. അവരുടെ കഴുത്തിലണിഞ്ഞിരുന്ന മാല വഴിയില്‍ നഷ്ടപ്പെട്ടു. അതന്വേഷിച്ച് അവര്‍ അല്പം താമസിച്ചു. അവരുടെ പല്ലക്ക് ഒട്ടകപ്പുറത്ത് വഹിച്ച് യാത്രാസംഘം ഇതിന്നിടയില്‍ സ്ഥലംവിട്ടിരുന്നു. യുവതിയും ശോഷിച്ച ശരീരവുമുള്ള ആഇശ(റ)യുടെ അഭാവം പല്ലക്കില്‍ അനുഭവപ്പെടാത്തതുകൊണ്ട് അതിനകത്ത് അവരുണ്ടാകുമെന്ന ധാരണയിലായിരുന്നു ഇത്. മാല കണ്ടെടുത്ത് ആഇശ(റ) തിരിച്ചുവന്നപ്പോഴാണ് സംഘം യാത്രയായതാണു കണ്ടത്. അവര്‍ തന്നെ അന്വേഷിച്ചുവരുമെന്ന വിശ്വാസത്തില്‍ അവര്‍ അതേസ്ഥാനത്ത് തന്നെ ഇരുന്നു. എല്ലാം നിയന്ത്രിക്കുന്നത് സര്‍വശക്തനായ അല്ലാഹുവാണല്ലോ. ഇതിന്നിടയില്‍ മയക്കം ബാധിച്ച അവര്‍ നിദ്രയില്‍വീണു. സംഘത്തിന്റെ പിന്നില്‍വന്ന സ്വഫ്വാന്‍ബിന്‍ മുഅ്ത്വല്‍ പ്രവാചകപത്നിയെ കണ്ടു തിരിച്ചറിഞ്ഞു. അത്ഭുതത്തോടെ അദ്ദേഹം 'ഇന്നാലില്ലാഹി വഇന്നാഇലൈഹിറാജിഊന്‍' പ്രവാചകപത്നിയോ?' എന്ന് മൊഴിഞ്ഞു. ഈ ശബ്ദം കേട്ടാണ് ആഇശ(റ) നിദ്രവിട്ടുണരുന്നത്. പര്‍ദാ നിയമം വരുന്നതിനുമുമ്പ് സ്വഫ്വാന്‍ ആഇശ(റ)യെ കണ്ടിരുന്നു. അദ്ദേഹം തന്റെ ഒട്ടകം അവര്‍ക്കടുത്ത് നിര്‍ത്തി അവരെ അതില്‍ കയറ്റി മദീനയിലേക്ക് തിരിച്ചു. ഒരക്ഷരവും സ്വഫ്വാന്‍ അവരോടുരിയാടിയിരുന്നില്ല. ഉച്ചയോടടുത്ത സമയത്ത് സൈന്യം മദീനയിലെത്തി. അതിന്നുടനെത്തന്നെ ആഇശ (റ)യേയും വഹിച്ചുകൊണ്ടുള്ള ഒട്ടകവും അവിടെയെത്തി. ഇതുകണ്ട ജനങ്ങള്‍ ഓരോരുത്തരും അവരവര്‍ക്ക് തോന്നിയത് സംസാരിക്കാന്‍ തുടങ്ങി. മനസ്സില്‍ കടുത്ത പകയും വിദ്വേഷവും അസൂയയും നിറച്ചുനടന്നിരുന്ന കപടനേതാവ് ഇബ്നുസുലൂലിന് ഇതൊരവസരമായി. അവന്റെ നെഞ്ചകത്ത് കുമിഞ്ഞുകൂടിയിരുന്ന സകലമാലിന്യങ്ങളും പുറത്തേക്ക് വമിച്ചു. തന്റെ അനുയായികള്‍ മുഖേന നാട്ടിലാകെ ആഇശ (റ)യേയും സ്വഫ്വാനേയും ബന്ധപ്പെടുത്തി അപവാദപ്രചരണത്തിന് തിരികൊളുത്തി. പ്രവാചകന്‍ പ്രതികരണങ്ങളൊന്നുമില്ലാതെ മൌനത്തിലാണ്ടു. ദിവ്യവെളിപാട് എത്താന്‍ വൈകിയപ്പോള്‍ അവിടുന്ന് സഹചരന്മാരോട് കൂടിയാലോചിച്ചു. അലി(റ), ആഇശ(റ)യെ വിവാഹമുക്തയാക്കാവുന്നതാണെന്ന് സൂചിപ്പിച്ചപ്പോള്‍ ഉസാമ ശത്രുക്കളുടെ പ്രചരണം അവഗണിച്ച് അവരെത്തന്നെ നിലനിര്‍ത്താന്‍ നിര്‍ദേശിച്ചു. അവസാനം അവിടുന്ന് മിമ്പറില്‍ കയറി കപടനേതാവ് ഇബ്നു സുലൂലിന്റെ കാര്യം സംസാരിച്ചപ്പോള്‍ ഔസ് ഗോത്രനേതാവ് ഉസൈദുബ്നു ഹുളൈര്‍ അവനെ വധിക്കാന്‍ അനുമതി ആവശ്യപ്പെട്ടു. ഇതോടെ ഇബ്നുസുലൂലിന്റെ ഗോത്രമായ ഖസ്റജ് കാരന്‍ സഅദ്ബിനു ഉബാദയും എഴുന്നേറ്റു ഗോത്രപക്ഷപാതിത്തം പ്രകടിപ്പിച്ചു. അതോടെ റസൂല്‍(സ) ഇടപെട്ടു അതവസാനിപ്പിച്ചു.

എന്നാല്‍ ആഇശ(റ)യാകട്ടെ ഈ വിവരങ്ങളൊന്നും അറിയാതെ ബനൂല്‍ മുസ്വ്ത്വലഖില്‍നിന്നുള്ള മടക്കത്തിനുശേഷം ഒരു മാസക്കാലം രോഗിയായി കിടപ്പാണ്. പക്ഷെ, പ്രവാചകന്റെ പെരുമാറ്റത്തിലെ മാറ്റം അവര്‍ ശ്രദ്ധിച്ചിട്ടുണ്ട്. രോഗിയായി കിടക്കുമ്പോള്‍ അവിടുന്ന് കാണിക്കാറുള്ള മൃദുലമായ പെരുമാറ്റങ്ങളൊന്നും പ്രകടമാകുന്നില്ല. അങ്ങനെ ഒരു രാത്രി പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനായി ആഇശ(റ) മിസ്വ്ത്വ്ഹിന്റെ മാതാവോടൊപ്പം പുറത്തുപോയി. (മിസ്ത്വഹ് അപവാദപ്രചരണത്തില്‍ പങ്കുചേര്‍ന്ന ഒരാളായിരുന്നു). വഴിയില്‍ തടഞ്ഞുവീഴാന്‍ പോയ ഉമ്മു മിസ്വ്ത്വഹ് തന്റെ പുത്രന്‍ മിസ്വ്തഹ് തുലയട്ടെ എന്ന് അവനെതിരില്‍ പ്രാര്‍ഥിച്ചു. ഉടനെ ആഇശ(റ) അത് നിഷേധിച്ചുകൊണ്ട് ചോദിച്ചു: 'ബദ്റില്‍ പങ്കെടുത്ത ഒരാളെ അധിക്ഷേപിക്കുകയോ?' അതോടെ അവര്‍ ആഇശ (റ)യോട് സംഭവങ്ങളെല്ലാം വിശദീകരിച്ചു. വീട്ടിലേക്ക് മടങ്ങിയശേഷം അവര്‍ പ്രവാചകനോട് അനുമതി വാങ്ങി സംഭവത്തിന്റെ നിജസ്ഥിതിയറിയാന്‍ തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പോയി. കാര്യങ്ങള്‍ അവരില്‍നിന്നറിഞ്ഞ അവര്‍ക്ക് കരച്ചില്‍ അടക്കാനായില്ല. രണ്ടു രാവും ഒരു പകലും അവര്‍ ഉറക്കമിളച്ചു കരഞ്ഞു. കണ്ണീര്‍വറ്റി. ഇതിന്നിടയ്ക്ക് പ്രവാചകന്‍ അവിടെവന്ന് ആഇശ(റ)യോട് ചോദിച്ചു: 'ആഇശ! നിന്നെപ്പറ്റി എനിക്ക് ഇങ്ങനെയെല്ലാം കേള്‍ക്കാന്‍ കഴിഞ്ഞു. നീ നിരപരാധിയാണെങ്കില്‍ അല്ലാഹു അത് തെളിയിക്കും. ഇനി വല്ല അബദ്ധവും സംഭവിച്ചിട്ടുണ്ടെങ്കില്‍ അല്ലാഹുവോടു പാപമോചനം നടത്തുക. കാരണം, കുറ്റസമ്മതം നടത്തി ചെയ്യുന്ന പശ്ചാത്താപം അല്ലാഹു സ്വീകരിക്കും.' അതോടെ അവരുടെ കണ്ണുനീര്‍ ധാരധാരയായി ഒഴുകി. അവര്‍ തന്റെ മാതാപിതാക്കളോട് അതിന് മറുപടി നല്കാന്‍ പറഞ്ഞു. ഞങ്ങള്‍ക്കെന്താണ് പറയേണ്ടതെന്നറിയില്ലയെന്നവര്‍ അവരുടെ നിസ്സഹായത പ്രകടമാക്കി. അപ്പോള്‍ അവര്‍ പറഞ്ഞു. 'അല്ലാഹുവാണേ, നിങ്ങള്‍ കേട്ടത് നിങ്ങളുടെ മനസ്സില്‍ ഉറച്ചുകഴിഞ്ഞിരിക്കുന്നുവെന്നും നിങ്ങളത് വിശ്വസിച്ചിരിക്കുന്നുവെന്നും ഞാന്‍ മനസ്സിലാക്കുന്നു. അതിനാല്‍ ഞാന്‍ നിരപരാധിയാണെന്ന് പറഞ്ഞാലും നിങ്ങളെന്നെ വിശ്വസിക്കില്ല. ഞാന്‍ എന്തെങ്കിലും സമ്മതിച്ചുപറഞ്ഞാല്‍ നിങ്ങളത് വിശ്വസിക്കുകയും ചെയ്യും. അതിനാല്‍ യൂസുഫിന്റെ പിതാവ് പറഞ്ഞതാണ് എനിക്ക് പറയാനുള്ളത്: 'അതിനാല്‍ നല്ല ക്ഷമ കൈകൊള്ളുകതന്നെ. നിങ്ങളീപറഞ്ഞുണ്ടാക്കുന്ന കാര്യത്തില്‍ എനിക്ക് സഹായം തേടാനുള്ളത് അല്ലാഹുവോടത്രെ.' (12:18)

ഇത് പറഞ്ഞവര്‍ തിരിഞ്ഞുകിടന്നു. അല്പസമയത്തിനുശേഷം ദിവ്യവെളിപാടുവന്നു. പ്രവാചകന്റെ മുഖം പ്രസന്നമായി. അവിടുന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: 'ആഇശ! നിന്റെ നിരപരാധിത്വം അല്ലാഹു തെളിയിച്ചിരിക്കുന്നു.' അപ്പോള്‍ അവരുടെ മാതാവ് പറഞ്ഞു: 'ആഇശാ അദ്ദേഹത്തിന്റെ അടുത്തേക്ക് എഴുന്നേറ്റു ചെല്ലൂ............' ആഇശ(റ) അതിന് മറുപടി പറഞ്ഞു: 'ഇല്ല, എന്റെ നിരപരാധിത്വം തെളിയിച്ചത് അല്ലാഹുവാണ്. അവന് മാത്രമേ ഞാന്‍ നന്ദി പറയുകയുള്ളൂ.' അന്നൂര്‍ അധ്യായത്തിലെ 'നിശ്ചയം ആ കള്ളവാര്‍ത്തയുമായി വന്നവര്‍ നിങ്ങളില്‍നിന്നുള്ള ഒരു സംഘം തന്നെയാകുന്നു.' (24:11) എന്ന് തുടങ്ങുന്ന പത്തു സൂക്തങ്ങളാകുന്നു ഇതോടനുബന്ധിച്ച് അവതരിച്ചത്.

ഈ കുറ്റകൃത്യത്തിന്റെ പേരില്‍ മിസ്വ്ത്വഹ്ബിന്‍ അഥാഥ, ഹസ്സാന്‍ബിന്‍ ഥാബിത്, ഹംന ബിന്‍ത് ജഹ്ശ് എന്നിവരെ എണ്‍പതുവീതം അടിച്ചു. അപവാദപ്രചരണത്തിന് നേതൃത്വം നല്കിയ അബ്ദുല്ലാഹ്ബിന്‍ ഉബയ്യ് ബിന്‍ സുലൂലിന് ശിക്ഷയൊന്നും നല്കിയില്ല. പരലോകത്ത് കഠിനശിക്ഷ വാഗ്ദാനം ചെയ്തതുകൊണ്ട് ഇളവുചെയ്തതാകാം. അല്ലെങ്കില്‍ മറ്റെന്തെങ്കിലും പൊതുതാല്പര്യം പരിഗണിച്ചാകാം ഇത്.(19)

ഇങ്ങനെ ഒരു മാസത്തിനുശേഷം മദീനയിലെ അന്തരീക്ഷം തെളിഞ്ഞു. കപടന്മാര്‍ സൃഷ്ടിച്ചുവിട്ട പൊടിപടലങ്ങള്‍ നീങ്ങി. അപവാദപ്രചരണത്തിന് നേതൃത്വം നല്കിയ കപടനേതാവ് ജനങ്ങള്‍ക്കിടയില്‍ അവഹേളിതനായി ശിരസ്സ് താഴ്ത്തി. ഈ സംഭവാനന്തരം എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ ഇബ്നു സുലൂലിനെ അവന്റെ ജനങ്ങള്‍ തന്നെ ആക്ഷേപിക്കുകയും ശാസിക്കുകയും ചെയ്യുമായിരുന്നു. ഇതുകണ്ട് റസൂല്‍(സ) ഉമറിനോട് ചോദിച്ചു: എന്തുപറയുന്നു ഉമര്‍? നീ പറഞ്ഞ അന്ന് ഞാന്‍ അവനെ വധിച്ചിരുന്നെങ്കില്‍ അവനുവേണ്ടി പൊരുതാന്‍ ഒട്ടനവധി പേരുണ്ടാകുമായിരുന്നു. ഇന്ന് ഞാന്‍ കല്പിച്ചാല്‍ അവര്‍തന്നെ ആ കൃത്യം നിര്‍വഹിക്കും.'' ഉമര്‍ പറഞ്ഞു: അല്ലാഹുവാണേ, അല്ലാഹുവിന്റെ തിരുദൂതരുടെ തീരുമാനം എന്റെ തീരുമാനത്തേക്കാള്‍ ഉന്നതവും അനുഗ്രഹീതവുമാണ്.'' (20)

സൈനികനിയോഗങ്ങളും പര്യടനങ്ങളും
ഹിജ്റ ആറാം വര്‍ഷം ശഅബാനില്‍ അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫിന്റെ നേതൃത്വത്തില്‍ ദൂവ്മത്തുജന്‍ദലിലെ കല്‍ബ് ഗോത്രത്തിന്റെ നേരെ ഒരു സൈന്യത്തെ അയച്ചു. ഇവര്‍ പുറപ്പെടുന്നതിന് മുമ്പ് അവര്‍ക്ക് തിരുമേനി യുദ്ധത്തില്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് പൊതുവായൊരു സദുപദേശം നല്കുകയുണ്ടായി. അബ്ദുര്‍റഹ്മാനോട് പ്രവാചകന്‍ പറഞ്ഞു: 'അവര്‍ താങ്കളെ അനുസരിക്കുകയാണെങ്കില്‍ അവരുടെ രാജാവിന്റെ പുത്രിയെ നീ വിവാഹം കഴിക്കുക.' അവിടെയെത്തിയ അബ്ദുര്‍റഹ്മാന്‍ മൂന്നുദിവസം അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് അവിടെ കഴിച്ചുകൂട്ടി. അവര്‍ ഇസ്ലാം ആശ്ളേഷിച്ചു. പ്രവാചകന്‍ പറഞ്ഞതുപോലെ അബ്ദുര്‍റഹ്മാന്‍, തുമാളിര്‍ ബിന്‍ത് അല്‍അസ്വ്ബഗിനെ വിവാഹം ചെയ്തു. ഇവളാണ് അബൂസലമയുടെ മാതാവ്.

ഇതേ മാസം തന്നെ അലിയ്യുബ്നു അബീത്വാലിബിന്റെ നേതൃത്വത്തില്‍ ഇരന്നൂറുപേരടങ്ങുന്ന ഒരു സൈന്യത്തെ സഅദ്ബ്നു ബക്കറിനോട് യുദ്ധം ചെയ്യാന്‍ ഫദക്കിലേക്കയച്ചു. ഇവര്‍ മുസ്ലിംകള്‍ക്കെതിരില്‍ യുദ്ധം ചെയ്യാന്‍ ജൂതരെ സഹായിക്കുന്നുണ്ടെന്ന വിവരം റസൂല്‍(സ)ക്ക് കിട്ടിയിരുന്നു. പകല്‍ ഒളിഞ്ഞിരുന്നും രാത്രി യാത്രചെയ്തും ഇവര്‍ നീങ്ങി. വഴിയില്‍വെച്ച് ഇവരുടെ ഒരു ചാരനെ പിടികൂടി. അവനെ അവര്‍ ഖൈബറിലെ ഈത്തപ്പഴത്തിന് പകരം യുദ്ധത്തിന് സഹായിക്കാമെന്ന വാഗ്ദാനം അറിയിക്കാനായി നിയോഗിച്ചതായി മനസ്സിലാക്കി. ഇവനില്‍നിന്ന് ബനൂസഅദ്കാരുടെ സ്ഥലം കണ്ടുപിടിച്ച് അലി അവരെ ആക്രമിച്ചു. അഞ്ഞൂറ് ഒട്ടകങ്ങളും രണ്ടായിരം ആടുകളും അവിരില്‍നിന്ന് പിടിച്ചെടുത്തു. ഗോത്രക്കാര്‍ ഓടിരക്ഷപ്പെട്ടു. നേതാവ് വബര്‍റ്ബിന്‍ ഉലൈം.

ഇതേവര്‍ഷം റമദാന്‍ മാസത്തില്‍ റസൂല്‍(സ) അബൂബക്കര്‍(റ)വിന്റെയോ സൈദ്ബിന്‍ ഹാരിഥയുടെയോ നേതൃത്വത്തില്‍ ഒരു സൈന്യത്തെ വാദില്‍ ഖുറായിലേക്ക് നിയോഗിച്ചു. ഫുസാറ ഗോത്രം പ്രവാചകനെ വധിക്കാന്‍ തീരുമാനിച്ചിരുന്നു. പ്രഭാത നമസ്കാരാനന്തരം അക്രമിക്കാനുള്ള കല്പന കിട്ടി. പലരെയും വധിക്കുകയും ചിലരെ ബന്ദികളാക്കുകയും ചെയ്തു. ബന്ദികളുടെ കൂട്ടത്തില്‍ ഉമ്മു ഖിര്‍ഫയും അവളുടെ സുന്ദരിയായ പുത്രിയുമുണ്ടായിരുന്നു. ഇവരെ പിന്നീട് മക്കയിലുള്ള മുസ്ലിം ബന്ദികളെ മോചിപ്പിക്കുന്നതിനു പകരമായി മക്കയിലേക്കയച്ചു. (21) ഈ ഉമ്മു ഖിര്‍ഫയായിരുന്നു പ്രവാചകനെ വധിക്കാന്‍ ഉദ്യമിച്ചിരുന്നത്. ഇതിന്നായി മുപ്പത് അശ്വഭടന്മാരെ അവര്‍ തയ്യാര്‍ ചെയ്തിരുന്നു. അവരെല്ലാവരും വധിക്കപ്പെട്ടു.

ഇതേ വര്‍ഷം ശവ്വാല്‍ മാസത്തില്‍ ഉകല്‍-ഉറൈന ഗോത്രത്തിലെ ഒരുസംഘം ആളുകള്‍ പ്രവാചകനെ സമീപിച്ച് ഇസ്ലാം ആശ്ളേഷിച്ചതായി പ്രകടിപ്പിച്ചു. മദീനയില്‍ താമസിക്കുന്നതിന്നിടയ്ക്ക് അവര്‍ക്ക് രോഗം ബാധിച്ചു. നബി(സ) അവരെ ഒട്ടകങ്ങളെ മേയ്ക്കുന്ന ഒരിടയന്റെ സമീപത്തേക്ക് പറഞ്ഞയച്ചു. അവിടെച്ചെന്ന് അവയുടെ പാലും മൂത്രവും കഴിക്കാന്‍ കല്പിച്ചു. അങ്ങനെ ചെയ്തതോടെ അവരുടെ രോഗം ഭേദമായി. രോഗംഭേദമായപ്പോള്‍ അവര്‍ ഇടയനെ വധിച്ചു ഒട്ടകങ്ങളെ തട്ടിയെടുത്ത് കടന്നുകളഞ്ഞു. ഇസ്ലാം പരിത്യജിക്കുകയും ചെയ്തു. ഇതറിഞ്ഞ റസൂല്‍(സ) കുര്‍സുല്‍ ഫുഹ്രിയുടെ നേതൃത്വത്തില്‍ ഇരുപത് സ്വഹാബികളെ അയച്ചു. പ്രവാചകന്‍ അവര്‍ക്കെതിരില്‍ പ്രാര്‍ഥിച്ചു. അവര്‍ക്ക് വഴിയറിയാതെ ബുദ്ധിമുട്ടാന്‍: അതോടെ അവരെ പിടികൂടി അവരുടെ കൈകാലുകള്‍ ഛേദിക്കുകയും കണ്ണ് ചൂഴ്ന്നെടുക്കുകയും ചെയ്തശേഷം മണലില്‍ കിടത്തി. അവിടെവെച്ചവര്‍ മരിച്ചു.(22)

ചരിത്രകാരന്മാര്‍ ഇതിനുശേഷം ശവ്വാല്‍ മാസത്തില്‍ നേരത്തെ നടന്ന മറ്റൊരു സംഭവം ഉദ്ധരിക്കുന്നുണ്ട്. അംറുബ്നു ഉമയ്യയുടെയും സലമബിന്‍ അബീസലയുടെയും പര്യടനം. ഈ രണ്ടുപേരേയും അബൂസുഫ്യാനെ വധിക്കാനായി മക്കയിലേക്കയച്ചു. കാരണം അബൂസുഫ്യാന്‍ നബി(സ)യെ വധിക്കാനായി ഒരു ഗ്രാമീണ അറബിയെ നിയോഗിച്ചിരുന്നു. രണ്ടുകൂട്ടരും തങ്ങളുടെ ദൌത്യത്തില്‍ വിജയിച്ചില്ല. വഴിയില്‍ അംറ് മൂന്നുപേരെ വധിച്ചതായും ശത്രുക്കളാല്‍ വധിക്കപ്പെട്ട ഖുബൈബിന്റെ ജഡം ചുമന്നുകൊണ്ടുവന്നതായും അവര്‍ രേഖപ്പെടുത്തുന്നു. ഖുബൈബ് രക്തസാക്ഷിത്വം വരിച്ചത് റജീഅ് ദുരന്തത്തിന് ദിവസങ്ങള്‍ക്കോ മാസങ്ങള്‍ക്കോ ശേഷമാണ്. റജീഅ് സംഭവമാകട്ടെ ഹിജ്റ നാലില്‍ സ്വഫര്‍ മാസത്തിലുമാണ്. എനിക്കറിയില്ല ചരിത്രകാരന്മാര്‍ക്ക് ഈ രണ്ടു സംഭവങ്ങളും കൂടിക്കലര്‍ന്നുപോയതാണോ അതോ രണ്ടു സംഭവങ്ങളും നാലാം വര്‍ഷം ഒരേ യാത്രയില്‍ തന്നെയാണോ എന്ന്. അല്ലാഹുവാണ് എല്ലാം അറിയുന്നവന്‍.

ഖന്‍ദഖ്-ബനൂക്വുറൈള യുദ്ധങ്ങള്‍ക്കുശേഷം നടന്ന സൈന്യനിയോഗങ്ങളും പര്യടനങ്ങളുമാണ് ഇവയെല്ലാം. ഇവയിലൊന്നും കനത്ത സംഘട്ടനങ്ങള്‍ നടക്കുകയുണ്ടായില്ല. ഇവയെല്ലാം ഒതുങ്ങിയിട്ടില്ലാത്ത ഗ്രാമീണവാസികളേയും ശത്രുക്കളേയും ഭീതിപ്പെടുത്താനും അടക്കിയിരുത്താനും മറ്റുമായിരുന്നു. ഖന്‍ദക്വ് യുദ്ധത്തിനുശേഷം സ്ഥിതിഗതികള്‍ തീര്‍ത്തും മാറിക്കഴിഞ്ഞതായി ചിന്തിക്കുന്നവര്‍ക്ക് കാണാവുന്നതാണ്. ശത്രുക്കളുടെ ആശയശക്തി ചോര്‍ന്നുപോവുകയും മുസ്ലിംകളെ ഉന്മൂലനം ചെയ്യാന്‍ കഴിയില്ലായെന്ന് അവര്‍ക്ക് ബോധ്യമാവുകയും ചെയ്തിരുന്നു. ഹുദൈബിയ്യാ സന്ധിയോടെ ഉപദ്വീപില്‍ മുസ്ലിംകളുടെ ശക്തി സമ്മതിച്ച് അംഗീകാരം നല്കുകയാണവര്‍ ചെയ്യുന്നത്.
1. തല്‍ഖീഹ് പുറം :12

2. ബുഖാരി 2: 591

3. ബുഖാരി 1: 536മുസ്ലിം 2: 294, തിര്‍മിദി 2: 225

4. തുര്മുദി 2: 225

5. ഈ യുദ്ധത്തിന്റെ വിശദാംശങ്ങള്‍ക്ക് ഇബ്നു ഹിശാം 2 :233 മുതല്‍ 273വരെയും ബുഖാരി 2: 590, 91എന്നിവയും നോക്കുക

6. ബുഖാരി 2: 577

7. ഇബ്നു ഹിശാം 22 :274 ,75

8. സീറത്തുല്‍ ഹലബിയ്യ 2:297

9. സാദ് 2:119 ബുഖാരി4372

10. അബൂദാവൂദ്

11. ബുഖാരി 2 : 225,26, മുസ്ലിം 2: 145,46

12. ഇതിനു തെളിവ്, ആയിഷ (റ)ക്കെതിരെ പ്രചരിക്കപ്പെട്ട ആരോപണ സംഭവം പര്‍ദാ നിയമത്തിനു ശേഷമാണ് പര്‍ദാ നിയമം പ്രവാചക പത്നിയായ സൈനബുമായി ബന്ധപ്പെട്ടാണ് അവതരിച്ചത്.അഥവാ ആരോപണ സംഭാവകാലത്ത് സൈനബ് പ്രവാചക പത്നിയാനെന്നര്‍ത്ഥം. അത് പോലെ സഅദുബ്നു മുആദും സഅദ്ബ്നു ഉബാദയും ആരോപണ സംഭവത്തിന്റെ പേരില്‍ പരസ്പരം കലഹിച്ചു എന്നതും ശരിയല്ല. കാരണം സഅദ് ബിന്‍ മുആദ് ബനൂഖുറൈളക്ക് തൊട്ടുടനെ മരിച്ചിട്ടുണ്ട്.അപ്പോള്‍ ഇത് ചില നിവേദകരുടെ ഊഹാമാണെന്ന് വ്യക്തം.ഇബ്നു ഇസ്ഹാക്വു മറ്റൊരു പരമ്പരയിലൂടെ നിവേദനം ചെയ്തതായി രേഖപ്പെടുത്തുന്നതില്‍ സഅദ്ബ്നു മുആദിന് പകരം ഉസൈദ്ബ്നു ഹുളൈറാണ് ഉളളത്‌. ഇബ്നു ഹാസം ഇതാണ് ശരിയെന്നു പറയുന്നു.സാദുല്‍ മആദ് 2 :115 നോക്കുക.ഈ യുദ്ധം ഹിജ്ര 5 നു ആണെന്ന് പറഞ്ഞവര്‍ സൈനബുമായുള്ള വിവാഹം നാലാം വര്‍ഷത്തിലോ 5 ന്റെ ആദ്യത്തിലോ ആണെന്ന് പറയുന്നു. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.

13 .ബുഖാരി 1: 345, ഫത്ഹുല്‍ ബാരി 7: 341 നോക്കുക.

14. സാദ് 2: 112,113 .ഇബ്നു ഹിശാം 289- 295

15. ഇബ്നു ഹിശാം 1: 584,587 .ബുഖാരി 2 :924, മുസ്ലിം 2:9

16. ഇബ്നു ഹിശാം 2 :105

17. ബുഖാരി 1:499, 2:727, 29 .ഇബ്നു ഹിശാം 2:290, 92

18. ഇബ്നു ഹിശാം 2: 290, 93

19. ബുഖാരി 1: 364, 2:696,98 .ഇബ്നു ഹിശാം 2: 292, 307

20. ഇബ്നു ഹിശാം 2 :293

21. മുസ്ലിം 2:89, ഇത് ഏഴാം വര്‍ഷമാണെന്ന് പറയപ്പെടുന്നു.

22. ബുഖാരി 2 :602, സാദ് 2: 122


സി. സലീം സുല്ലമി വിവര്‍ത്തനം ചെയ്ത ശൈഖ് സ്വഫീഹുറഹ്മാന്‍ മുബാറക് പൂരിയുടെ 'അര്‍റഹീക്വുല്‍ മഖ്തൂം' എന്ന ഗ്രന്ഥത്തില്‍ നിന്ന്...

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH