Search

mahonnathan

JA slide show

നബി ചരിത്രം

ഉഹ്ദ് യുദ്ധം Print E-mail

ബദ്റിലേറ്റ കനത്ത പരാജയത്തിന്റെ ദുഃഖത്തില്‍ മക്ക കോപത്താല്‍ നീറുകയാണ്. പകവീട്ടാനും പ്രതികാരംചോദിക്കാനും അവരുടെ മനസ്സ് ദാഹിച്ചു. പക്ഷെ, ഇത് മുസ്ലിംകളറിഞ്ഞ് സന്തോഷിക്കാതിരിക്കാന്‍ അവര്‍ വധിക്കപ്പെട്ടവരുടെ മേലുള്ള വിലാപവും ധൃതിപിടിച്ച് ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമവും ഉപേക്ഷിച്ചു. ബദ്റിനു തൊട്ടുടനെത്തന്നെ തങ്ങളുടെ പ്രതികാരദാഹം തീര്‍ത്തും ശമിപ്പിക്കാവുന്ന ഒരു യുദ്ധം നടത്തണമെന്ന് ക്വുറൈശികള്‍ തീരുമാനമായിക്കഴിഞ്ഞിരുന്നു. അതിനാല്‍ ഇത്തരമൊരു സംഘട്ടനത്തിനുള്ള സന്നാഹങ്ങള്‍ അവര്‍ സജ്ജമാക്കിക്കൊണ്ടിരുന്നു. ഇതിനു വാശിയും ആവേശവും കാണിച്ചവരാണ് ഇക്രിമബിന്‍ അബീജഹല്‍, സ്വഫ്വാനുബ്നു ഉമയ്യ, അബൂസുഫ്യാന്‍, അബ്ദുല്ലാഹിബിന്‍ അബീറബീഅ എന്നീ ക്വുറൈശി നേതാക്കള്‍. ഈ വഴിക്ക് ഇവര്‍ ചെയ്ത ആദ്യത്തെ നീക്കം ബദ്റ് യുദ്ധത്തിന് കാരണമാകുകയും അബൂസുഫ്യാന്റെ കൂടെ രക്ഷപ്പെടുകയും ചെയ്ത കച്ചവടസംഘത്തെ തടഞ്ഞുവെച്ചുകൊണ്ട് ഈ വ്യാപാരത്തില്‍ ഓഹരിചേര്‍ന്നവരോട് ഇവര്‍ പറഞ്ഞു: "ക്വുറൈശികളേ, മുഹമ്മദ് നിങ്ങള്‍ക്ക് നഷ്ടം വരുത്തുകയും നിങ്ങളിലെ പ്രമുഖരെ വധിക്കുകയും ചെയ്തു. അതിനാല്‍ ഈ ധനം ഞങ്ങള്‍ക്ക് നല്കി അവനോട് യുദ്ധംചെയ്ത് പകരംചോദിക്കാന്‍ ഞങ്ങളെ നിങ്ങള്‍ സഹായിക്കുവീന്‍. എല്ലാവരും അതിന് സമ്മതമരുളി. ആയിരം ഒട്ടകങ്ങളും അമ്പതിനായിരം സ്വര്‍ണനാണയങ്ങളുമുണ്ടായിരുന്നു അത്. ഈ വിഷയത്തെക്കുറിച്ചാണ് ക്വുര്‍ആന്‍ സൂക്തമവതരിച്ചത്. "തീര്‍ച്ചയായും സത്യനിഷേധികള്‍ തങ്ങളുടെ സ്വത്തുകള്‍ ചെലവഴിക്കുന്നത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് (ജനങ്ങളെ) പിന്തിരിപ്പിക്കുവാന്‍ വേണ്ടിയത്രെ. അവര്‍ അത് ചെലവഴിക്കും. പിന്നീട് അതവര്‍ക്ക് ഖേദത്തിന് കാരണമായിത്തീരും. അനന്തരം കീഴടക്കപ്പെടുകയും ചെയ്യും. സത്യനിഷേധികള്‍ നരകത്തിലേക്ക് വിളിച്ചു കൂട്ടപ്പെടുന്നതാണ്.'' (8:36). പുറമെ, തിഹാമക്കാരുടെയും കിനാന ഗോത്രത്തിന്റെയും ഹബ്ശികളുടെയും സഹായവും ഇവര്‍ സ്വീകരിച്ചു.

ബദ്റില്‍ ബന്ധനസ്ഥനാവുകയും മുസ്ലിംകള്‍ക്കെതിരില്‍ പ്രവര്‍ത്തിക്കുകയില്ല എന്ന വ്യവസ്ഥയില്‍ സ്വതന്ത്രനാക്കുകയും ചെയ്ത കവി അബൂഉസ്സയേയും ഇവര്‍ ഇതില്‍ പങ്കുചേര്‍ത്തു. അവന്‍ മുസ്ലിംകള്‍ക്കെതിരില്‍ ജനങ്ങളെ കവിതകളിലൂടെ ഇളക്കിവിട്ടുകൊണ്ടിരുന്നു. മറ്റൊരു കവിയായ മുസാഫിഅ്ബിന്‍ അബ്ദുമനാഫ് അല്‍ജംഹിയുടെ നാവും ഇവര്‍ ഉപയോഗപ്പെടുത്തി. സവീഖ്യുദ്ധത്തില്‍ വമ്പിച്ച സാമ്പത്തികനഷ്ടം സഹിച്ചുകൊണ്ട് ഭയന്നോടേണ്ടിവന്നതിനാല്‍ അബൂസുഫ്യാനും മുസ്ലിംകള്‍ക്കെതിരില്‍ കടുത്ത പ്രതികാരദാഹിയായി മാറിയിരുന്നു. അവസാനം, സൈദ്ബിന്‍ ഹാരിഥയുടെ നേതൃത്വത്തിലുണ്ടായ അക്രമത്തില്‍ കനത്ത നഷ്ടം ഭവിച്ച ക്വുറൈശികള്‍ കഠിനദുഃഖവും മന:പ്രയാസവും അനുഭവിക്കുകയും ചെയ്തു. ഇതോടെ മണ്ണ് പാകപ്പെട്ടു. അല്ലെങ്കില്‍ അഗ്നിയില്‍ എണ്ണയൊഴിച്ചപോലെയായി. ഒരു നിര്‍ണായകയുദ്ധത്തിനുള്ള എല്ലാ സാഹചര്യങ്ങളും ഇതോടെ ഒരുങ്ങി.

വര്‍ഷം കറങ്ങിവന്നതോടെ മക്ക അതിന്റെ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി. ഹബ്ശികളും സഖ്യകക്ഷികളും ക്വുറൈശികളുമടക്കം മുവ്വായിരം യോദ്ധാക്കള്‍ സജ്ജരായി. പുറമെ പതിനഞ്ച് സ്ത്രീകളും. ഇവര്‍ പുരുഷന്മാരെ ആവേശിതരാക്കാന്‍ വേണ്ടി പുറപ്പെട്ടതായിരുന്നു. മുവ്വായിരം ഒട്ടകങ്ങള്‍ക്കുള്ള ആയുധങ്ങളും ഇരുന്നൂറ് അശ്വഭടന്മാരും എഴുന്നൂറ് അങ്കികളും കൂടെക്കൊണ്ടുപോയിരുന്നു. ജനറല്‍ കമാന്റര്‍ അബൂസുഫ്യാന്‍. അശ്വഭടന്മാരുടെ നേതൃത്വം ഖാലിദ്ബിന്‍ വലീദിന്, സഹായിയായി അബൂജഹലിന്റെ പുത്രന്‍ ഇക്രിമ, പതാകയുടെ അവകാശം അബ്ദുദ്ദാര്‍ ഗോത്രത്തിനും.

മനസില്‍ പതഞ്ഞുപൊങ്ങുന്ന ഈര്‍ഷ്യയോടെ സമ്പൂര്‍ണ സജ്ജരായി മക്കാസൈന്യം മദീനയ്ക്കുനേരെ ചലിച്ചു. ഇതിന്നിടെ സൈന്യത്തിന്റെ നീക്കങ്ങളെല്ലാം വീക്ഷിച്ചിരുന്ന അബ്ബാസ് ബിന്‍ അബ്ദുല്‍ മുത്വലിബ് എല്ലാ വിശദീകരണങ്ങളോടും കൂടി ഒരു സന്ദേശം ദ്രുതഗതിയില്‍ നബി(സ)ക്ക് എത്തിച്ചുകൊടുത്തു. അബ്ബാസിന്റെ കത്തുമായി ദൂതന്‍ അഞ്ഞൂറോളം കി. മി. അകലമുള്ള മദീനയിലേക്ക് മൂന്നുദിവസത്തെ യാത്രകൊണ്ട് എത്തിച്ചേര്‍ന്നു. ഖുബാ മസ്ജിദില്‍ ഇരിക്കെ നബി(സ) കത്ത് കൈപറ്റി കത്ത് ഉബയ്യ്ബിന്‍ കഅബ് നബി(സ)ക്ക് വായിച്ചുകേള്‍പ്പിച്ചു. നബി(സ) അദ്ദേഹത്തോട് കാര്യം രഹസ്യമായി സൂക്ഷിക്കാന്‍ നിര്‍ദേശിച്ചു. ഒട്ടും സമയം പാഴാക്കാതെ നബി(സ) മദീനയിലേക്ക് തിരിച്ചു. മുഹാജിര്‍, അന്‍സ്വാര്‍ നേതാക്കളുമായി പ്രശ്നം കൂടിയാലോചിച്ചു.
വ്യാപകമായ ഭീതിയാല്‍ പുരുഷന്മാരെല്ലാം സദാ ആയുധധാരികളായിട്ടായിരുന്നു നടന്നിരുന്നത്. നമസ്കാരത്തില്‍പോലും അവര്‍ ആയുധമണിഞ്ഞിരുന്നു. സഅദ്ബിന്‍ മുആദ്, ഉസൈദ്ബ്നു ഹുളൈര്‍, സഅദ്ബിന്‍ ഉബാദ എന്നിവര്‍ പാതിരാവില്‍ നബി(സ)യുടെ വീട്ടിനു പാറാവുനിന്നു. പുറമെ, മദീനയുടെ പ്രവേശനകവാടങ്ങളിലും വഴികളിലും പാറാവുകാരും ശത്രുവിന്റെ ചലനങ്ങള്‍ മണത്തറിയാന്‍ പ്രാപ്തരായ ചാരന്മാരും വിന്യസിക്കപ്പെട്ടു.
ക്വുറൈശീസൈന്യം പടിഞ്ഞാറുഭാഗത്തിലൂടെ പതിവുവഴിക്കുതന്നെ സഞ്ചരിച്ചു. അബ്വാഇലെത്തിയപ്പോള്‍ അബൂസുഫ്യാന്റെ ഭാര്യ ഹിന്ദ് ബിന്‍ത് ഉത്ബ പ്രവാചകന്റെ മാതാവിന്റെ ഖബര്‍ മാന്താന്‍ നിര്‍ദേശിച്ചു. അതിന്റെ ഭവിഷ്യത്ത് ഭയന്ന് പലരും അതിനുവിസമ്മതിച്ചതിനാല്‍ സംഭവം നടന്നില്ല. സൈന്യം മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. എന്നിട്ട്, അഖീഖ് താഴ്വരയിലേക്ക് പ്രവേശിച്ചു. അവിടെനിന്ന് വലത്തോട്ട് തി
രിഞ്ഞു. ഉഹ്ദ് മലയ്ക്ക് സമീപം ഐനൈന്‍ എന്ന സ്ഥലത്ത് താവളമടിച്ചു. ഇത് ഹിജ്റ മൂന്നാം വര്‍ഷം ശവ്വാല്‍ ആറിന് വെള്ളിയാഴ്ചയായിരുന്നു.

കൂടിയാലോചന
ക്വുറൈശീസൈന്യത്തിന്റെ വിവരം ഒന്നിന് പിറകെ ഒന്നായി റസൂല്‍(സ)ക്ക് ലഭിച്ചുകൊണ്ടേയിരുന്നു. അവസാനം അവരുടെ സൈനികതാവളത്തിന്റെ വിവരംവരെ അദ്ദേഹത്തിന് ലഭിച്ചു. ഈ സന്ദര്‍ഭത്തില്‍ ഒരു ഉന്നത സൈനിക കൂടിയാലോചനയോഗം അദ്ദേഹം വിളിച്ചുചേര്‍ത്തു. ഇതില്‍ മുസ്ലിം സൈന്യത്തിന്റെ താവളമെവിടെയായിരിക്കണമെന്ന് ചര്‍ച്ച ചെയ്തു. കൂടാതെ അദ്ദേഹം കണ്ട ഒരു സ്വപ്നവാര്‍ത്തയും അവരെ അറിയിച്ചു. "ഒരു പശു അറുക്കപ്പെടുന്നതും എന്റെ വാളിന്റെ വായ്ത്തല പൊട്ടുന്നതും എന്റെ കൈ സുരക്ഷിതമായ ഒരു അങ്കിയില്‍ പ്രവേശിപ്പിക്കുന്നതും ഞാന്‍ സ്വപ്നം കണ്ടു.'' പശു അറുക്കപ്പെടുന്നത് തന്റെ സഹചരരില്‍ ഒരാള്‍ വധിക്കപ്പെടുന്നതായും വാളിന്റെ വായ്ത്തല പൊട്ടിയത് തന്റെ കുടുംബത്തിലെ ഒരംഗം വധിക്കപ്പെടുന്നതും അങ്കി മദീനയുമായി അവിടുന്ന് വ്യാഖ്യാനിച്ചു. തുടര്‍ന്ന് സൈന്യങ്ങള്‍ക്ക് അദ്ദേഹം നിര്‍ദേശങ്ങള്‍ നല്കി. "ആരുംതന്നെ മദീനയ്ക്ക് പുറത്ത് കടക്കരുത് മുശ്രിക്കുകള്‍ സ്ഥാനമുറപ്പിച്ചത് വളരെ പ്രയാസകരമായ ഒരു സ്ഥലത്താണ്. അവര്‍ ഇങ്ങോട്ടുകടന്നുവന്നാല്‍ അവിടെവെച്ച് അവരുമായി ഏറ്റുമുട്ടാം. സ്ത്രീകള്‍ വീടുകള്‍ക്ക് മുകളില്‍ നിലയുറപ്പിച്ചുകൊണ്ടും പൊരുതുക.'' കപടവിശ്വാസികളുടെ നേതാവ് അബ്ദുല്ലാഹിബ്നു ഉബയ്യ് ബിന്‍ സുലൂലും ഈ അഭിപ്രായമംഗീകരിച്ചു. ഖസ്റജുകളുടെ നേതാവ് എന്ന നിലയ്ക്ക് അദ്ദേഹവും ഈ ചര്‍ച്ചയില്‍ പങ്കുകൊണ്ടിരുന്നു. ഈ അഭിപ്രായത്തോടുള്ള അദ്ദേഹത്തിന്റെ യോജിപ്പ്, യുദ്ധത്തിന് അനുയോജ്യമായ സ്ഥാനം അതുതന്നെയാണ് എന്നതുകൊണ്ടായിരുന്നില്ല. പ്രത്യുത മറ്റാരുമറിയാതെ യുദ്ധം ഒഴിവാക്കാനുള്ള ഒരവസരം എന്ന നിലക്കായിരുന്നു. പക്ഷെ, പ്രാരംഭദശയില്‍തന്നെ തന്റെ ഉള്ളിലിരിപ്പ് പ്രകടമാവുകയും വസ്ത്രങ്ങള്‍ക്കിടയില്‍ മറഞ്ഞുനിന്നിരുന്ന കാളസര്‍പ്പങ്ങള്‍ പുറത്തുചാടുകയും ചെയ്തു.
ബദ്റില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയ ചില പ്രമുഖ സ്വഹാബികള്‍ മദീനയ്ക്ക് പുറത്തുപോയി യുദ്ധം ചെയ്യുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെടുകയും അതിനായി പ്രവാചകനെ നിര്‍ബന്ധിക്കുകയും ചെയ്തു. അവരില്‍ ചിലര്‍ ഇങ്ങനെവരെ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ ഈ ഒരവസരത്തിനായി. ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയുമായിരുന്നു. ഇപ്പോഴിതാ അല്ലാഹു ഇതിന്നവസരം നല്കിയിരിക്കുന്നു. താങ്കള്‍ ശത്രുക്കളുടെ അടുത്തേക്ക് പുറപ്പെട്ടാലും നാം അവരുടെ മുമ്പില്‍ ഭീരുക്കളായി എന്നവര്‍ക്ക് തോന്നാതിരിക്കട്ടെ.' പ്രവാചകന്റെ പിതൃവ്യന്‍ ഹംസബിന്‍ അബ്ദുല്‍ മുത്വലിബ് ഈ ധീരരുടെ പക്ഷത്തായിരുന്നു. അദ്ദേഹം പറഞ്ഞു: 'താങ്കളെ ഗ്രന്ഥവുമായി നിയോഗിച്ചവന്‍ തന്നെ സത്യം! മദീനയ്ക്ക് പുറത്ത് അവരുമായി ഏറ്റുമുട്ടുന്നതുവരെ ഞാന്‍ ആഹാരമൊന്നും കഴിക്കുകയില്ല.' ഇതോടെ സ്വന്തം അഭിപ്രായം ഒഴിവാക്കി ധീരരായ അവരുടെ അഭിപ്രായം റസൂല്‍(സ) അംഗീകരിച്ചു.

യുദ്ധക്കളത്തിലേക്ക്
തുടര്‍ന്ന്, ജൂമഅ: നമസ്കാരം നിര്‍വഹിക്കുകയും ശത്രുവിനെതിരില്‍ സജ്ജരാകാനും ധൈര്യവും സ്ഥൈര്യവും ക്ഷമയും അവലംബിക്കാനും അവരെ ഉപദേശിക്കുകയും ചെയ്തു. അതോടെ ജനങ്ങളെല്ലാം സന്തുഷ്ടരായി. പിന്നീട്, അസ്വര്‍ നമസ്കാരത്തിന് ശേഷം തന്റെ മുറിയില്‍ കടന്നുപടക്കോപ്പുകളണിഞ്ഞു. മേല്‍ക്കുമേല്‍ രണ്ട് അങ്കിയും വാളുമണിഞ്ഞ് ജനങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ജനങ്ങള്‍ നബി (സ)യുടെ ആഗമനം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഇതിന്നിടയ്ക്ക് സഅദ്ബിന്‍ മുആദും ഉസൈദ്ബിന്‍ ഹുളൈറും യുദ്ധത്തിന് പുറപ്പെടാന്‍ നബി(സ)യെ നിര്‍ബന്ധിച്ചതിന്റെ പേരില്‍ മറ്റുള്ളവരെ ആക്ഷേപിച്ചു. അതുകേട്ടപ്പോള്‍ അവര്‍ക്ക് പ്രയാസം തോന്നി. അങ്ങനെ പ്രവാചകന്‍ വന്നപ്പോള്‍ അവര്‍ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരെ, അങ്ങേക്ക് ഞങ്ങള്‍ എതിരുപ്രവര്‍ത്തിക്കുന്നില്ല, അങ്ങ് ഉദ്ദേശിച്ചത് ചെയ്യുക. മദീനയില്‍ത്തന്നെ തങ്ങണമെന്നാണ് താങ്കള്‍ ഇഷ്ടപ്പെടുന്നതെങ്കില്‍ അങ്ങനെത്തന്നെ ചെയ്യുക.'' ഇതുകേട്ടപ്പോള്‍ നബി(സ) പറഞ്ഞു: "ആയുധമണിഞ്ഞുകഴിഞ്ഞാല്‍ തനിക്കും ശത്രുക്കള്‍ക്കുമിടയില്‍ അല്ലാഹു വിധികല്പിക്കുന്നതുവരെ അത് അഴിച്ചുവെക്കുകയെന്നത് പ്രവാചകന് ഭൂഷണമല്ല.'' (1)

നബി(സ) സൈന്യത്തെ മൂന്ന് വ്യൂഹങ്ങളാക്കിതിരിച്ചു.
1. മുഹാജിറുകളുടെ ബറ്റാലിയന്‍. പതാകവാഹകന്‍; മുസ്അബ് ബിന്‍ ഉമൈര്‍.
2. അന്‍സ്വാറുകളിലെ ഔസ് ഗോത്രത്തിന്റെ ബറ്റാലിയന്‍, പതാക വാഹകന്‍ ഉസൈദുബിന്‍ ഹളൈര്‍.
3. അന്‍സ്വാറുകളിലെ ഖസ്റജ് ഗോത്രത്തിന്റെ ബറ്റാലിയന്‍ പതാകവാഹകന്‍ ഹുബാബ്ബിന്‍ മുന്‍ദിര്‍.

ആയിരം ഭടന്മാരുണ്ടായിരുന്ന സൈന്യത്തില്‍ നൂറ് അങ്കിധാരികളുണ്ടായിരുന്നു. അശ്വഭടന്മാരാരുമുണ്ടായിരുന്നില്ല. (2) മദീനയില്‍ നമസ്കാരത്തിന് നേതൃത്വം നല്കാന്‍ ഇബ്നു ഉമ്മുമക്ത്തൂമിനെ ചുമതലപ്പെടുത്തി സൈന്യത്തിന് മാര്‍ച്ച് ചെയ്യാന്‍ നിര്‍ദേശം നല്കി. സൈന്യം ഉത്തരഭാഗത്തേക്ക് നീങ്ങിയപ്പോള്‍ രണ്ട് സഅദ്മാരും- സഅദ്ബിന്‍ മുആദ്, സഅദ്ബിന്‍ ഉബാദ- അങ്കിയണിഞ്ഞുകൊണ്ട് നബി(സ)യുടെ മുന്നില്‍ മുന്നോട്ട് കുതിച്ചു. സൈന്യം ഥനിയത്തുല്‍ വിദാഅ് കഴിഞ്ഞപ്പോള്‍ ആയുധപാണികളായ ഒരു സൈന്യം ഒറ്റപ്പെട്ടുനില്ക്കുന്നത് നബി(സ)യുടെ ശ്രദ്ധയില്‍പ്പെട്ടു. അതിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ അത് ഖസ്റജ് ഗോത്രത്തിന്റെ സഖ്യകക്ഷികളായ ജൂതന്മാരാണെന്ന് വിവരം ലഭിച്ചു.(3) മുശ്രിക്കുകള്‍ക്കെതിരില്‍ പ്രവാചകനെ സഹായിക്കാന്‍വേണ്ടി എത്തിയതായിരുന്നു അവര്‍. ഇസ്ലാം സ്വീകരിച്ചിട്ടില്ലാത്തതുകൊണ്ട് അവരുടെ സഹായം പ്രവാചകന്‍ നിരസിച്ചു.

സൈന്യം അശ്ശൈഖാന്‍ എന്ന സ്ഥലത്തെത്തിയപ്പോള്‍ പ്രവാചകന്‍ സൈന്യത്തെ പരിശോധിച്ചു. അങ്ങനെ അതില്‍നിന്ന് യുദ്ധത്തിന് കഴിയാത്ത പ്രായംകുറഞ്ഞവരെ പ്രവാചകന്‍ തിരിച്ചയച്ചു. അബ്ദുല്ലാഹിബ്നു ഉമര്‍, ഉസാമബിന്‍ സൈദ്, ഉസൈദ്ബിന്‍ ളുഹൈര്‍, സൈദ് ബിന്‍ഥാബിത്, സൈദ്ബിന്‍ അര്‍ക്വം, അറാബബിന്‍ ഔസ്, അംറ്ബിന്‍ ഹസം, അബൂസഈദ് അല്‍ഖുദ്രി, സൈദ്ബിന്‍ ഹാരിഥ, സഅദ്ബിന്‍ ഹബ്ബ എന്നിവര്‍ ഇതില്‍ പെടുന്നു. ബറാഉബിന്‍ ആസിബിന്റെ നാമവും ഇതില്‍ പറയപ്പെടുന്നുവെങ്കിലും ബുഖാരിയിലുള്ള അദ്ദേഹത്തിന്റെ ഹദീസ് അദ്ദേഹം അതില്‍ പങ്കെടുത്തതായി തെളിയിക്കുന്നു. ഇളം പ്രായക്കാരെങ്കിലും റാഫിഅ് ബിന്‍ ഖദീജിനും സമുറത്ത് ബിന്‍ ജൂന്തബിനും പങ്കെടുക്കാന്‍ അനുമതി ലഭിച്ചു. കാരണം, റാഫിഅ് അസ്ത്രപ്രയോഗത്തില്‍ നിപുണനായിരുന്നു. സമുറയാകട്ടെ പ്രവാചകന്റെ മുമ്പില്‍വെച്ച് റാഫിഉമായി ഏറ്റുമുട്ടി അവനെ പരാജയപ്പെടുത്തി ശക്തി തെളിയിക്കുകയും ചെയ്തു.

ഇവിടെയെത്തിയപ്പോള്‍ മഗ്രിബ് നമസ്കാരത്തിന് സമയമായി. മഗ്രിബും പിന്നീട് ഇശാഉം അവിടെവെച്ച് നമസ്കരിച്ചു. രാത്രി അവിടെ താമസിക്കുകയും ചെയ്തു. സൈനികതാവളത്തില്‍ കാവല്‍നില്ക്കാനായി അമ്പതുപേരെ തെരഞ്ഞെടുത്തു. ഇവര്‍ താവളത്തിന് ചുറ്റും ചുറ്റിനടന്നു. ഇവരുടെ നേതാവ് അന്‍സാരിയായ മുഹമ്മദ്ബിന്‍ മസ്ലമയായിരുന്നു. പ്രവാചകന്റെ സംരക്ഷണം ദക്വാന്‍ബിന്‍ അബ്ദുല്‍ ഖൈസും ഏറ്റെടുത്തു.

മുനാഫിക്വ് നേതാവിന്റെ പിന്‍മാറ്റം
പ്രഭാതത്തിനു മുമ്പെയുള്ള ഇരുട്ടില്‍ അശ്ശൌത്തിലേക്ക് നീങ്ങുകയും അവിടെവെച്ച് പ്രഭാത നമസ്കാരം നിര്‍വഹിച്ചു. ഇതോടെ ഇരുസൈന്യങ്ങളും പരസ്പരം കാണുമാറ് അടുത്തെത്തിയിരുന്നു. ഈ സന്ദര്‍ഭത്തില്‍ കപടവിശ്വാസികളുടെ നേതാവ് അബ്ദുല്ലാഹിബ്നു ഉബയ്യ്ബിന്‍ സുലൂല്‍ തന്റെ മുന്നൂറ് അനുയായികളെയും കൊണ്ട് രംഗത്തുനിന്ന് പിന്മാറി. 'നാം നമ്മെത്തന്നെ എന്തിന് വധിക്കുന്നുവെന്നും തന്റെ അഭിപ്രായം അവഗണിച്ച് മറ്റുള്ളവരുടെ അഭിപ്രായം പ്രവാചകന്‍ പരിഗണിച്ചുവെന്നും ന്യായം പറഞ്ഞുകൊണ്ടായിരുന്നു ഈ പിന്‍മാറ്റം. ഇതുപക്ഷെ, ഒരു ഉപായം മാത്രമായിരുന്നുവെന്നതില്‍ സംശയമില്ല. കാരണം ഇതായിരുന്നു യഥാര്‍ഥ കാരണമെങ്കില്‍ ഇത്രയും ദൂരം മുസ്ലിം സൈന്യത്തോടൊപ്പം അവന്‍ പുറപ്പെടേണ്ടിയില്ലായിരുന്നു. നേരത്തെ തന്നെ പിന്‍വാങ്ങാമായിരുന്നു. പക്ഷെ, ഈ നിര്‍ണായഘട്ടത്തില്‍ ശത്രുക്കളുടെ കണ്‍മുമ്പില്‍വെച്ച് പിരിഞ്ഞുപോന്നാല്‍ മുസ്ലിം സൈന്യങ്ങളുടെ മനോവീര്യം കെടുക്കാനും അണികള്‍ക്കിടയില്‍ വിള്ളലുണ്ടാക്കാനും ശത്രുസൈന്യത്തിന് ഇതുകാണുമ്പോള്‍ ആത്മവീര്യം വര്‍ധിപ്പിക്കാനും കഴിയുമെന്നും അതിലൂടെ പ്രവാചകനും അനുയായികളും യുദ്ധത്തില്‍ അമ്പേ പരാജയപ്പെടുകയും ചെയ്യുമെന്നുമായിരുന്നു അവന്‍ ധരിച്ചിരുന്നത്. അതോടെ മദീനയുടെ നേതൃത്വം തന്റേയും അനുയായികളുടേയും കരങ്ങളില്‍ എത്തിച്ചേരുകയും ചെയ്യുമെന്നും അവന്‍ കണക്കുകൂട്ടി.

കപടനേതാവിന്റെ തന്ത്രം തീരെ ഫലിക്കാതെയുമിരുന്നില്ല. മുസ്ലിം സൈന്യത്തിലെ, ഔസ് ഗോത്രത്തിലെ ബനൂഹാരിഥ ശാഖയും ഖസ്റജിലെ ബനൂസലമശാഖയും പരസ്പരം ഭിന്നിച്ച് പിന്തിരിയുവോളം എത്തി. പക്ഷെ, അല്ലാഹു അവരെ സംരക്ഷിച്ചുനിര്‍ത്തി. ഇതിനെക്കുറിച്ച് അല്ലാഹു പറയുന്നു:
"നിങ്ങളില്‍പെട്ട രണ്ടുവിഭാഗങ്ങള്‍ ഭീരുത്വം കാണിക്കാന്‍ ഭാവിച്ച സന്ദര്‍ഭം (ശ്രദ്ധേയമാണ്). എന്നാല്‍ അല്ലാഹുവാകുന്നു. ആ രണ്ടുവിഭാഗത്തിന്റേയും രക്ഷാധികാരി. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികള്‍ ഭരമേല്പിക്കേണ്ടത്.'' (3:121)

ജാബിര്‍ബിന്‍ അബ്ദുല്ലയുടെ പിതാവ് അബ്ദുല്ലാഹിബിന്‍ ഹറാം ഇവരെ ഗുണദോഷിക്കുകയും പിന്തിരിഞ്ഞുപോകാതെ യുദ്ധത്തില്‍ പങ്കെടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തുനോക്കി. പക്ഷെ, അവര്‍ അതൊന്നും ശ്രദ്ധിച്ചില്ല. അബ്ദുല്ലാഹിബ്നു ഹറാം ഇങ്ങനെ പറഞ്ഞുകൊണ്ട് അവിടെനിന്ന് മടങ്ങി: അല്ലാഹു അവന്റെ ശത്രുക്കളെ നിങ്ങളില്‍നിന്ന് അകറ്റിയിരിക്കുന്നു. അല്ലാഹു നിങ്ങള്‍ക്ക് അവന്റെ പ്രവാചകനെത്തന്നെ നിങ്ങള്‍ക്ക് മതിയായവനാക്കുന്നതാണ്. ഇവരെക്കുറിച്ചാണ് ഇങ്ങനെ അവതരിച്ചത്.

"നിങ്ങള്‍ വരൂ. അല്ലാഹുവിന്റെ മാര്‍ഗത്തിന്‍ യുദ്ധംചെയ്യൂ അല്ലെങ്കില്‍ ചെറുത്തുനില്ക്കുകയെങ്കിലും ചെയ്യൂ, എന്ന് പറയപ്പെട്ടാല്‍ 'യുദ്ധമുണ്ടാകുമെന്ന് ഞങ്ങള്‍ക്ക് ബോധ്യമായിരുന്നെങ്കില്‍ ഞങ്ങളും നിങ്ങളുടെ പിന്നാലെ വരുമായിരുന്നു എന്ന് പറയുന്ന കാപട്യക്കാരെ അവന്‍ തിരിച്ചറിയുവാന്‍ വേണ്ടിയുമാകുന്നു അത്. അന്ന് സത്യവിശ്വാസത്തോടുള്ളതിനേക്കാള്‍ കൂടുതല്‍ അടുപ്പം അവര്‍ക്ക് അവിശ്വാസത്തോടായിരുന്നു. തങ്ങളുടെ വായ്കൊണ്ടവര്‍ പറയുന്നത് അവരുടെ ഹൃദയങ്ങളിലില്ലാത്തതാണ്. അവര്‍ മൂടിവെക്കുന്നതിനെപ്പറ്റി അല്ലാഹു കൂടുതല്‍ അറിയുന്നവനാകുന്നു.'' (3:167)

അവശേഷിച്ച എഴുന്നൂറ് പേരെയും കൊണ്ട് പ്രവാചകന്‍ ശത്രുക്കളുടെ നേരെ നീങ്ങി. ശത്രുതാവളത്തിന്റെയും പ്രവാചകന്റെയും ഇടയില്‍ ഉഹ്ദ്മല പല സ്ഥലങ്ങളിലായി മറ സൃഷ്ടിച്ചിരുന്നത് കൊണ്ട് അവിടുന്ന് ചോദിച്ചു: ആരുണ്ട് നമ്മെ എളുപ്പവഴിക്ക് ശത്രുക്കളുടെ സമീപത്തെത്തിക്കാന്‍ കഴിയുന്നവരായി? ഉടനെ അബുല്‍ഖൈസം പ്രതികരിച്ചു: ഞാനുണ്ട് അല്ലാഹുവിന്റെ ദൂതരേ...... അനന്തരം അദ്ദേഹം ബനൂഹാരിഥയുടെ കൃഷിയിടത്തിലൂടെയുള്ള ഒരു കുറുക്കുവഴിക്ക് ശത്രുസൈന്യത്തെ പടിഞ്ഞാറുവശത്താക്കി ഉഹ്ദിലേക്ക് നീങ്ങി. അന്ധനായ കപടവിശ്വാസി മിര്‍ബഅ്ബിന്‍ ഖൈളിയുടെ കൃഷിയിടത്തിലൂടെയായിരുന്നു മുസ്ലിംകള്‍ കടന്നുപോയിരുന്നത്. ഇതറിഞ്ഞ കപടന്‍ മുസ്ലിംകളുടെ മുഖത്ത് മണ്ണ് വാരിയെറിഞ്ഞു. ഉടനെ സൈന്യാംഗങ്ങളില്‍ ചിലര്‍ അദ്ദേഹത്തെ വധിക്കാന്‍ ഒരുമ്പെട്ടപ്പോള്‍ തിരുമേനി പറഞ്ഞു: "അദ്ദേഹത്തെ വധിക്കരുത്, ഹൃദയത്തിനും നേത്രങ്ങള്‍ക്കും അന്ധതബാധിച്ചവനാണവന്‍!'' മുന്നോട്ടുനടന്നുനീങ്ങിയ മുസ്ലിം സൈന്യം ഉഹ്ദ് പര്‍വതനിരകള്‍ കടന്നുകയറി താഴ്വരയിലിറങ്ങി. അതിന്റെ അങ്ങേ അറ്റത്ത് താവളമടിച്ചു. ഉഹ്ദ് മല പിന്നിലും മദീന മുന്നിലും ശത്രുസൈന്യം മുസ്ലിംകള്‍ക്കും മദീനക്കുമിടയിലുമായിവരുന്ന രൂപത്തിലായിരുന്നു മുസ്ലിംകളുടെ സൈനിക താവളം.

പ്രതിരോധപദ്ധതി
നബി(സ) സൈന്യത്തെ യുദ്ധത്തിനുവേണ്ടി സജ്ജരാക്കി. അവരില്‍നിന്ന് അമ്പത് അസ്ത്രപ്രയോഗവിദഗ്ധരെ തെരഞ്ഞെടുത്തു. ഇവരുടെ നേതൃത്വം അബ്ദുല്ലാഹിബ്നു ജുബൈര്‍ബിന്‍ നുഅ്മാനെ ഏല്പിച്ചു. ഇവരോട് മുസ്ലിം സൈന്യത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തുള്ള ഖനാത് താഴ്വരയുടെ തെക്കെ തീരത്തായി സ്ഥിതിചെയ്യുന്ന മലയില്‍ കേന്ദ്രീകരിക്കാന്‍ കല്പിച്ചു. ഇത് മുസ്ലിം സൈന്യത്തിന്റെ താവളത്തില്‍നിന്നും ഏകദേശം നൂറ്റിഅമ്പത് മീറ്റര്‍ അകലത്തിലായിരുന്നു. ഈ മല പില്‍ക്കാലത്ത് അമ്പെയ്ത്തുകാരുടെ മല എന്ന പേരിലറിയപ്പെട്ടു.

ഈ പദ്ധതിയുടെ ഉദ്ദേശ്യം റസൂല്‍(സ) സംഘം തലവനെ വിളിച്ചു വിശദീകരിച്ചുകൊടുത്തു: 'ഞങ്ങളുടെ നേരെവരുന്ന അശ്വഭടന്മാരെ അമ്പുകൊണ്ട് നിങ്ങള്‍ തുരത്തുക. അവര്‍ ഒരിക്കലും ഞങ്ങളുടെ പിന്നിലൂടെ അക്രമിക്കാന്‍ ഇടയാക്കരുത്. യുദ്ധം നമുക്കനുകൂലമോ പ്രതികൂലമോ ആയിരുന്നാലും നീ നിന്റെ സ്ഥാനത്ത് തന്നെ ഉറച്ചുനില്ക്കുക. അവര്‍ ഒരിക്കലും ഞങ്ങളുടെ പിന്നിലൂടെ കടന്നുവരരുത്.'' (4) തുടര്‍ന്ന് അമ്പെയ്ത്തുകാരോട് മൊത്തം പറഞ്ഞു: "നിങ്ങള്‍ ഞങ്ങളെ പിന്നില്‍നിന്ന് സംരക്ഷിക്കുക! ഞങ്ങള്‍ വധിക്കപ്പെടുന്നതു കണ്ടാലും നിങ്ങള്‍ ഞങ്ങളെ സഹായിക്കാനായി ഇറങ്ങിവരരുത്! ഇനി ഞങ്ങള്‍ യുദ്ധസ്വത്തുകള്‍ ശേഖരിക്കുന്നത് കണ്ടാലും നിങ്ങള്‍ ഞങ്ങളുമായി പങ്കുചേരരുത്.''(5) ബുഖാരിയുടെ നിവേദനമനുസരിച്ച്.

"ഞങ്ങളെ പക്ഷികള്‍ റാഞ്ചിയെടുക്കുന്നത് നിങ്ങള്‍ കണ്ടാലും ഞാന്‍ നിര്‍ദേശിക്കുന്നതുവരെ നിങ്ങള്‍ സ്ഥലം വിടരുത്, നാം ശത്രുവിനെ പരാജയപ്പെടുത്തുകയും തകര്‍ക്കുകയും ചെയ്യുന്നത് നിങ്ങള്‍ കണ്ടാലും എന്റെ നിര്‍ദേശം വരുന്നതുവരെ നിങ്ങള്‍ സ്ഥലം വിട്ടിറങ്ങരുത്.''(6) ഈ നിര്‍ദേശംവഴി ശത്രുസൈന്യത്തിന് മുസ്ലിംകളെ പിന്നിലൂടെ കടന്നാക്രമിക്കാനുള്ള ഏകവഴിയും റസൂല്‍(സ) അടക്കുകയാണ് ചെയ്തത്. അവശേഷിക്കുന്ന യോദ്ധാക്കളെ താഴെ പറയുംവിധം സജ്ജീകരിക്കുകയും ചെയ്തു. സൈന്യത്തിന്റെ വലതുപക്ഷം മുന്‍ദിര്‍ബിന്‍ അംറിന്റെ നേതൃത്വത്തിലും ഇടതുപക്ഷം സുബൈര്‍ബിന്‍ അല്‍അവ്വാമിന്റെ നിയന്ത്രണത്തിലും ഏല്പിച്ചു. ഇദ്ദേഹത്തെ സഹായിക്കാനായി മിഖ്ദാദ്ബിന്‍ അല്‍അസ്വദിനേയും നിശ്ചയിച്ചു. ഖാലിദ്ബിന്‍ വലീദിന്റെ അശ്വഭടന്മാരെ നേരിടുകയെന്ന അതിപ്രധാനമായ ഉത്തരവാദിത്തം സുബൈറിനും നല്കി. അത്യധികം ധീരരും ശൂരരും നിപുണരുമായ യോദ്ധാക്കളുടെ ഒരു വ്യൂഹം തന്നെ സൈന്യത്തിന്റെ മുന്‍നിരയിലും പ്രതിഷ്ഠിച്ചു. ആയിരങ്ങള്‍ക്ക് തുല്യമായിരുന്നു ഈ മുന്‍നിര.

അത്യധികം സൂക്ഷ്മവും വിദഗ്ധവുമായ ഈ സൈന്യസജ്ജീകരണം നബി(സ)യുടെ യുദ്ധനൈപുണ്യത്തിനുള്ള ഒരു ഒന്നാംതരം തെളിവുതന്നെയാണ്. ഒരു സൈന്യാധിപന്‍ അദ്ദേഹം എത്രതന്നെ വിദഗ്ധനായിരുന്നാലും ഇതിനേക്കാള്‍ സൂക്ഷ്മവും വിദഗ്ധവുമായ ഒരു പദ്ധതി സമര്‍പ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുകയില്ല. ശത്രുസൈന്യം എത്തിയതിനുശേഷം മാത്രം സ്ഥലത്തെത്തിച്ചേര്‍ന്നിട്ടും പ്രവാചകന്‍ രണാങ്കണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്താണ് സ്ഥാനം പിടിച്ചത്. സൈന്യത്തിന്റെ പിന്‍ഭാഗവും വലതുപക്ഷവും ഉയര്‍ന്ന മലകളാല്‍ സുരക്ഷിതമാക്കി. യുദ്ധം കൊടുമ്പിരികൊള്ളുമ്പോള്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുള്ള ഇടതുഭാഗത്തേയും പിന്‍ഭാഗത്തേയും ഏക വിടവ് വില്ലാളിവീരന്മാരെ അണിനിരത്തി ബന്ധിക്കുകയും ചെയ്തു. പുറമെ, സൈനീകതാവളമായി ഒരു ഉയര്‍ന്നതും സുരക്ഷിതവുമായ സ്ഥാനം തെരഞ്ഞെടുത്തു. അഥവാ യുദ്ധത്തില്‍ പരാജയം സംഭവിക്കുകയാണെങ്കില്‍ ശത്രുക്കളുടെ കൈകളില്‍ ബന്ദികളായി അകപ്പെട്ടുപോകാതെ സുരക്ഷിതമായി അംഗങ്ങള്‍ക്കു ഇവിടെ അഭയം തേടാവുന്നതാണ്. അവിടേക്ക് കടന്നാക്രമണം നടത്തുകയാണെങ്കില്‍ ശക്തിയായി അവരെ നേരിട്ട് പരാജയപ്പെടുത്താനും സാധിക്കും. ശത്രു സൈന്യമാവട്ടെ ഒരു താഴ്വരയാണ് താവളമായി തെരഞ്ഞെടുത്തത്. അവര്‍ക്കാണ് വിജയമെങ്കില്‍ പോലും വിജയത്തിന്റെ നേട്ടങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ അതുകാരണമവര്‍ക്ക് കഴിയുകയില്ല. മുസ്ലിംകള്‍ക്കാണ് വിജയമെങ്കില്‍ ഓടി രക്ഷപ്പെടുക സൈന്യങ്ങള്‍ക്ക് ഏറെ പ്രയാസകരവുമാണ്. സര്‍വോപരി, ശത്രുസൈന്യത്തെ അപേക്ഷിച്ചു അംഗസംഖ്യയിലുള്ള കുറവ് വിദഗ്ധരായ യോദ്ധാക്കളെ മുന്നില്‍ത്തന്നെ നിറുത്തി പരിഹരിക്കുകയും ചെയ്തു.
ഹിജ്റ മൂന്നാംവര്‍ഷം ശവ്വാല്‍ മാസം 7ന് ശനിയാഴ്ച പ്രഭാതം വിടര്‍ന്നപ്പോള്‍ ഇവ്വിധം മുസ്ലിം സൈന്യത്തിന്റെ സജ്ജീകരണങ്ങള്‍ പ്രവാചകന്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞിരുന്നു.

ആവേശം പകര്‍ന്നുകൊടുക്കുന്നു
രണ്ട് അങ്കി മേല്‍ക്കുമേല്‍ അണിഞ്ഞു പ്രവാചകന്‍ അവര്‍ക്കരികെനിന്ന് നിര്‍ദേശങ്ങള്‍ നല്കികൊണ്ടിരുന്നു. തന്റെ ഉത്തരവു ലഭിക്കുന്നതുവരെ യുദ്ധം തുടങ്ങരുതെന്ന് പ്രത്യേകം അവരെ ഓര്‍മപ്പെടുത്തി. ക്ഷമയവലംബിക്കാനും ധീരമായി പോരാടാനും അവരെ ഉദ്ബോധിപ്പിച്ചു. അവര്‍ക്ക് ആവേശം പകരുമാറ്, തന്റെ വാള് ഊരിപ്പിടിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു: "ആരുണ്ട്, ഈ ഖഡ്ഗത്തോടുള്ള ബാധ്യത പൂര്‍ത്തീകരിച്ചുകൊണ്ട് ഇത് സ്വീകരിക്കുവാന്‍ തയ്യാറുള്ളവരായി?'' ഇതുകേട്ട് പലരും മുന്നോട്ടുവന്നു. അലി, സുബൈര്‍, ഉമര്‍ തുടങ്ങിയവരും ഇതില്‍ പെടുന്നു. കൂട്ടത്തില്‍ അബൂദുജാന മുന്നോട്ടുവന്നു ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, എന്താണ് ഈ വാളിനോടുള്ള ബാധ്യത?' ഈ വാള്‍ വളയുന്നതുവരെ ശത്രുക്കളുമായി ഏറ്റുമുട്ടുക.' നബി(സ) പറഞ്ഞു. അപ്പോള്‍ അബൂദുജാന പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ ഞാനതിന്റെ ബാധ്യത നിര്‍വഹിക്കുന്നതാണ്.'' അങ്ങനെ തിരുമേനി ആ വാള്‍ അദ്ദേഹത്തെ ഏല്പിച്ചു. അബൂദുജാന ധീരശൂരനായിരുന്നു. അദ്ദേഹത്തിനു ഒരു ചുവന്ന തലപ്പാവുണ്ട്. അതെടുത്ത് അദ്ദേഹം അണിഞ്ഞാല്‍ മരണംവരെ പടവെട്ടുമെന്ന് ജനങ്ങള്‍ക്കറിയാം. അബൂദുജാന വാളുസ്വീകരിച്ചു. ചുവന്ന തലപ്പാവുകൊണ്ട് തന്റെ തല ബന്ധിച്ചു. എന്നിട്ട്, സൈന്യനിരകള്‍ക്കിടയിലൂടെ ഓടിച്ചാടി നടക്കാന്‍ തുടങ്ങി. ഇതുകണ്ട റസൂല്‍(സ) പറഞ്ഞു: "ഇതുപോലുള്ള സന്ദര്‍ഭങ്ങളിലൊഴികെ, അല്ലാഹുവിന് കോപമുണ്ടാക്കുന്ന നടത്തമാണത്.''

ശത്രുസൈന്യത്തിന്റെ സജ്ജീകരണം
ബഹുദൈവാരാധകര്‍, അവരുടെ സൈന്യത്തെയും അണികള്‍ ക്രമീകരിച്ചുകൊണ്ട് ശരിപ്പെടുത്തി. സര്‍വസൈന്യാധിപന്‍ അബൂസുഫ്യാന്‍ സൈന്യത്തിന്റെ ഹൃദയഭാഗത്ത് സ്ഥാനമുറപ്പിച്ചു. വലതുപക്ഷത്ത് ഖാലിദ്ബിന്‍ വലീദും ഇടതുപക്ഷത്ത് അബൂജഹലിന്റെ പുത്രന്‍ ഇക്രിമയും നിയുക്തരായി. കാലാള്‍പടയുടെ നേതൃത്വം സ്വഫ്വാന്‍ ബിന്‍ ഉമയ്യക്കും വില്ലാളികളുടേത് അബ്ദുല്ലാഹിബിന്‍ ഉബയ്യ് ബിന്‍ റബീഅക്കുമായിരുന്നു. എന്നാല്‍, പതാകയുടെ അവകാശം അബ്ദുദ്ദാര്‍ഗോത്രത്തിന്റേതായിരുന്നു. ഇത് അവര്‍ക്ക് പൂര്‍വീകമായി ലഭിച്ച അവകാശമാണ്. കിലാബിന്റെ പുത്രന്‍ ഖുസ്വയ്യില്‍നിന്ന് അനന്തരമായി ലഭിച്ച സ്ഥാനങ്ങള്‍ അബ്ദുമനാഫ് വംശം വിഭജിച്ചുനല്കിയപ്പോള്‍ പതാകയുടെ അവകാശം അബ്ദുദ്ദാര്‍ക്കാര്‍ക്കായിരുന്നു ലഭിച്ചിരുന്നത്. -ഇതിനെക്കുറിച്ചു ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗത്ത് പരാമര്‍ശിച്ചിട്ടുണ്ട്- ഇതില്‍ മറ്റാരും ഇടപെട്ടിരുന്നില്ല. പക്ഷെ, സര്‍വസൈന്യാധിപനായ അബൂസുഫ്യാന്‍, ബദ്ര്‍ യുദ്ധത്തില്‍ പതാകവാഹകനായ നള്ര്‍ബിന്‍ ഹാരിഥിനെ മുസ്ലിംകള്‍ ബന്ദിയായി പിടിച്ചതിനെത്തുടര്‍ന്ന് ഖുറൈശികള്‍ക്കേറ്റ പരാജയം അനുസ്മരിച്ചുകൊണ്ട് അവരുടെ കോപം ഇളക്കിവിടാനായി പറഞ്ഞു: 'അബ്ദുദ്ദാര്‍ ഗോത്രക്കാരേ, ബദ്ര്‍ യുദ്ധത്തില്‍ നിങ്ങളായിരുന്നു പതാകവാഹകര്‍ അന്നു സംഭവിച്ചതെല്ലാം നിങ്ങള്‍ക്കറിയാം. പതാകവാഹകന്‍ പരാജയപ്പെട്ടാല്‍ അനുയായികളും പരാജയപ്പെടു. അതിനാല്‍, നിങ്ങള്‍ അത് അര്‍ഹിക്കുന്നരൂപത്തില്‍ കൈകാര്യംചെയ്യുക. ഇല്ലെങ്കില്‍ ഞങ്ങളെ ഏല്പിക്കുക, ഞങ്ങള്‍ ആ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതാണ്.''

അബൂസുഫ്യാന്റെ തന്ത്രം ഫലിച്ചു. അവരൊന്നാകെ കോപത്താല്‍ ഇളകി. അബൂസുഫ്യാനെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ മുതിരുകയും ചെയ്തു. അവര്‍ പറഞ്ഞു: 'ഞങ്ങളുടെ പാതക നിന്നെ ഏല്പിക്കുകയോ? നാളെ യുദ്ധരംഗത്തെ ഞങ്ങളുടെ ധീരകൃത്യങ്ങള്‍ക്ക് താങ്കള്‍ക്ക് സാക്ഷിയാകാവുന്നതാണ്.' ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ പതാകയുടെ സംരക്ഷണത്തിനായി പോരാടുകയും ആരും അവശേഷിക്കാത്ത രൂപത്തില്‍ വധിക്കപ്പെടുകയും ചെയ്തു.

ക്വുറൈശികളുടെ രാഷ്ട്രീയ തന്ത്രം
യുദ്ധം ആരംഭിക്കുന്നതിന് ഏതാനും സമയംമുമ്പ് മുസ്ലിം അണികളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ വേണ്ടി ചില തന്ത്രങ്ങളും ഉപായങ്ങളും ക്വുറൈശികള്‍ പയറ്റിനോക്കുകയുണ്ടായി. അബൂസുഫ്യാന്‍ അന്‍സ്വാറുകളുടെ അടുത്തേക്ക് ഒരു സന്ദേശമയച്ചു. "ഞങ്ങളുടെ പിതൃവ്യപുത്രനെ ഞങ്ങളുമായി ഏറ്റുമുട്ടാന്‍ വിട്ടുതരിക എന്നാല്‍ നിങ്ങളെ ഞങ്ങള്‍ ഒഴിവാക്കാം. നിങ്ങളുമായി യുദ്ധം ചെയ്യുകയെന്നത് ഞങ്ങളുടെ ലക്ഷ്യമേയല്ല.'' പക്ഷെ, ഈ കുടിലതന്ത്രമുണ്ടോ പര്‍വതസമാനം ഉറച്ചവിശ്വാസത്തിന് മുമ്പില്‍ ഫലിക്കുന്നു? അന്‍സ്വാറുകള്‍ ഇതിന് ചുട്ടമറുപടി കൊടുത്തു.

സമയം കഴിഞ്ഞു. ഇരു സൈന്യങ്ങളും പരസ്പരമടുത്തു. ഇതിന്നിടയില്‍ ക്വുറൈശികള്‍ മറ്റൊരു തന്ത്രവും കൂടി പയറ്റിനോക്കി. അബൂആമിര്‍ ആല്‍ ഫാസിഖ് എന്ന പേരിലറിയപ്പെട്ട വഞ്ചകനായ ഒരു ദല്ലാളാണ് ഇതിന് മുതിര്‍ന്നത്-ഇവന്റെ യഥാര്‍ഥനാമം അബ്ദൂഅംറുബ്നു സ്വൈഫിയ് എന്നാണ്. അര്‍റാഹിബ് (പുരോഹിതന്‍, സന്യാസി) എന്നറിയപ്പെട്ടിരുന്ന ഇവനെ പ്രവാചകന്‍ അല്‍ഫാസിക്വ് (ദുഷ്ടന്‍) എന്ന പേരുവിളിച്ചു. ഇസ്ലാമിന് മുമ്പ് ഔസ്ഗോത്രത്തിന്റെ നേതാവായിരുന്ന ഇവന്‍. ഇസ്ലാം വന്നപ്പോള്‍ അതിനോട് പ്രത്യക്ഷമായിത്തന്നെ ശത്രുത പ്രകടിപ്പിച്ചുകൊണ്ട് മദീനയില്‍നിന്ന് മക്കയിലേക്ക് പുറപ്പെട്ടു. അവിടെ ക്വുറൈശികളെ ഇസ്ലാമിന്നെതിരില്‍ പ്രകോപിതരാക്കുകയും യുദ്ധത്തിന് പ്രേരിപ്പിക്കുകയു ചെയ്തു. തന്റെ ജനങ്ങള്‍-ഔസ് ഗോത്രം-തന്നെക്കണ്ടാല്‍ താന്‍ പറയുന്നത് അനുസരിക്കുമെന്ന് അവരോട് വീമ്പിളക്കുകയും ചെയ്തിരുന്നു-ഇവനാണ് മക്കയിലെ ഹബ്ശികളില്‍നിന്നും അടിമകളില്‍നിന്നും ആദ്യം മുസ്ലിംകളുടെ നേരെ പുറപ്പെട്ടത്- ഇവന്‍ വന്നുവിളിച്ചു. 'ഔസ് ഗോത്രക്കാരെ ഇത് ഞാന്‍, അബൂആമിര്‍,' ഔസ്കാര്‍ മറുപടി പറഞ്ഞു: 'ഹേ, ദുഷ്ടാ, ഒരു കണ്ണിനും നിന്നെകാണാന്‍ അവസരമുണ്ടാകാതിരിക്കട്ടെ?' അവന്‍ പറഞ്ഞു: 'എന്റെ ജനങ്ങള്‍ എനിക്കുശേഷം പിഴച്ചുപോയിരിക്കുന്നു.' ഇതുകാരണം യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഇവന്‍ ഔസ്കാര്‍ക്കെതിരില്‍ ശക്തിയായി പോരടിക്കുകയും കല്ലുകള്‍കൊണ്ടെറിയുകയും ചെയ്തു. ഇതോടെ ക്വുറൈശികളുടെ രണ്ടാമത്തെ തന്ത്രവും പൊളിഞ്ഞു. ഇത് കുറിക്കുന്നത്, സംഖ്യാബലവും വിഭവശേഷിയു മുണ്ടായിട്ടും അവരെ മുസ്ലിംകളെ സംബന്ധിച്ച കടുത്ത ഭയം പിടികൂടിയിരുന്നുവെന്നാണ്.

വനിതകളും രംഗത്ത്
ക്വുറൈശി വനിതകളും അവരുടേതായ പങ്കുവഹിച്ചു. ഇവരുടെ നേതാവ് അബൂസുഫ്യാന്റെ പത്നി ഹിന്ദ്ബിന്‍ത് ഉത്ബയായിരുന്നു. ഇവര്‍ യോദ്ധാക്കളുടെ അണികള്‍ക്കിടയിലൂടെ ഓടിനടന്ന് ദഫ് മുട്ടിയും ഗാനങ്ങളാലപിച്ചും ധീരവീരകഥകള്‍ അനുസ്മരിച്ചും പുരുഷന്മാരെ യുദ്ധസജ്ജരാക്കിക്കൊണ്ടിരുന്നു. പതാകവാഹകരായ അബ്ദുദ്ദാര്‍ ഗോത്രക്കാരെ സമീപിച്ചു പാടി:
"ഹേ, അബ്ദുദ്ദാര്‍ സന്തതികളേ!
നാടിന്റെ സംരക്ഷകരേ,
ഖഡ്ഗം കൊണ്ടരിഞ്ഞുവീഴ്ത്തുവീന്‍.''
മറ്റുചിലപ്പോള്‍ അവരുടെ ജനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടായിരുന്നു:
'പൊരുതിമുന്നോട്ടുകുതിച്ചാല്‍, നിങ്ങളെ
ആലിംഗനം ചെയ്യും!, ഞങ്ങള്‍
സ്വീകരിക്കാന്‍ മെത്ത വിരിക്കും!
പിന്തിരിഞ്ഞോടിയാലോ.
ഞങ്ങള്‍ കൈയൊഴിക്കും! നിങ്ങളെ
പുനസ്സമാഗമമില്ലാതെ''

യുദ്ധം ആരംഭിക്കുന്നു
ഇരുസൈന്യങ്ങളും പരസ്പരമടുത്തു. യുദ്ധം ആരംഭിക്കുകയായി. യുദ്ധത്തിന് തിരികൊളുത്തിയത് ക്വുറൈശികളുടെ പതാകവാഹകന്‍ ത്വല്‍ഹബിന്‍ അബീത്വല്‍ഹ അല്‍ അബ്ദരിയാണ്. ഇദ്ദേഹം ക്വുറൈശികളിലെ ധീരനായ അശ്വഭടനാണ്. മുസ്ലിംകള്‍ ഇദ്ദേഹത്തെ പറഞ്ഞിരുന്നത് 'സൈന്യത്തിലെ മുട്ടനാട്' എന്നാണ്. ഒരൊട്ടകപ്പുറത്തേറി ദ്വന്ദയുദ്ധത്തിന് വെല്ലുവിളിച്ചുകൊണ്ട് ഇവന്‍ മുന്നോട്ടുവന്നു. ധീരനായ ഇദ്ദേഹത്തെ നേരിടാന്‍ പലരും അറച്ചു. പക്ഷെ, സുബൈര്‍ സാകൂതം മുന്നോട്ടുചെന്നു. സമയം പാഴാക്കാതെ ഒരു സിംഹത്തെപ്പോലെ അവന്റെ മേല്‍ ചാടിവീണു. അവന്റെ ഒട്ടകപ്പുറത്ത് കയറിക്കൂടി അവനെ താഴെ തള്ളിയിട്ടു. എന്നിട്ട് അവന്റെമേല്‍ പതിച്ചു. താമസിച്ചില്ല, തന്റെ വാള്‍കൊണ്ട് അവനെ വകവരുത്തി.
ഈ സുന്ദരദൃശ്യം വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്ന പ്രവാചകന്‍ ആവേശത്തോടെ, 'തക്ബീര്‍' മുഴക്കി. ഇതുകേട്ട മുസ്ലിംകള്‍ ഒന്നടങ്കം തക്ബീര്‍ മുഴക്കി. സുബൈറിനെ പ്രശംസിച്ചുകൊണ്ട് പ്രവാചകന്‍ പറഞ്ഞു: "എല്ലാ പ്രവാചക നും സഹായികളുണ്ടാകും, എന്റെ സഹായി സുബൈര്‍ ആണ്.''(7)
ഇതോടെ യുദ്ധം കത്തിപ്പടര്‍ന്നു. യുദ്ധക്കളത്തിന്റെ നാനാഭാഗങ്ങളിലും സംഘട്ടനങ്ങള്‍ ആരംഭിച്ചു. പതാകവാഹകര്‍ക്ക് ചുറ്റുമായിരുന്നു മുഖ്യമായും യുദ്ധം കേന്ദ്രീകരിച്ചത്. അബ്ദുദ്ദാര്‍ ഗോത്രത്തിലെ പതാകവാഹകന്‍ ത്വല്‍ഹബിന്‍ അബീത്വല്‍ഹ വധിക്കപ്പെട്ടതോടെ സഹോദരന്‍ അബൂശൈബ ഉസ്മാന്‍ബിന്‍ അബീത്വല്‍ഹ മുന്നോട്ട് വന്ന് പതാകയേന്തി. അദ്ദേഹം പാടി:

'പതാക വാഹകന്റെ കൊടിമരം രക്തം പുരളുകയോ മുറിക്കപ്പെടുകയോ ചെയ്യാന്‍ അര്‍ഹതപ്പെട്ടത് തന്നെയാണ്.''

ഹംസ അദ്ദേഹത്തിന്റെ നേരെ കുതിച്ചു. തന്റെ വാള്‍ ആഞ്ഞുവീശി. ചുമലിലേറ്റ വെട്ട് കൈമുറിച്ച് നാഭിയോളം ഇറങ്ങി അവന്റെ കുടല്‍മാലകള്‍ പുറത്തുചാടി. തുടര്‍ന്ന് അബൂസഅദ് ബിന്‍ അബീത്വല്‍ഹ പതാകയേന്തി. ഉടനെ സഅദ്ബിന്‍ അബീവഖാസ് തന്റെ അസ്ത്രം അവന്റെ നേരെ പ്രയോഗിച്ചു. അതവന്റെ തൊണ്ടക്കുഴിയില്‍ തന്നെ പതിച്ചു. നാവു പുറത്തേക്ക് തള്ളി അവന്‍ ഉടനെത്തന്നെ നിലംപതിച്ചു. അബൂസഅദ് ദ്വന്ദയുദ്ധത്തിന് വെല്ലുവിളിച്ചു അലിയുമായി ഏറ്റുമുട്ടി മരിച്ചതാണെന്ന ഒരഭിപ്രായവുമുണ്ട്. പിന്നീട് മുസാഫിഅ്ബിന്‍ ത്വല്‍ഹ പതാകയേന്തി അവനെ ആസ്വിംബിന്‍ ഥാബിത് അസ്ത്രംകൊണ്ട് വധിച്ചു. തുടര്‍ന്ന് അവന്റെ സഹോദരന്‍ കിലാബ് പതാകവഹിച്ചു. അവനെ സുബൈര്‍ബിന്‍ അവ്വാമും കൊന്നു. പിന്നീട് ഇവര്‍ രണ്ടുപേരുടേയും സഹോദരന്‍ അല്‍ജുലാസ് കൊടിയെടുത്തെങ്കിലും ത്വല്‍ഹത്ത് ബിന്‍ ഉബൈദില്ലയുടെ കുത്തേറ്റ് അവനും നിലംപൊത്തി. ആസ്വിംബിന്‍ ഥാബിത് അമ്പെയ്ത് കൊന്നതാണെന്ന അഭിപ്രായവുമുണ്ട്.

ഈ ആറുപേരും അബ്ദുദ്ദാര്‍ ഗോത്രത്തിലെ അബൂത്വല്‍ഹയുടെ സന്തതികളാണ്. ഒറ്റവീട്ടുകാര്‍, എല്ലാവരും പതാകയ്ക്ക് ചുറ്റും മരിച്ചുവീണു. പിന്നീട് അബ്ദുദ്ദാര്‍ ഗോത്രത്തിലെ തന്നെ അര്‍ത്വാത്ബിന്‍ ശുര്‍ഹബീല്‍ പതാകവഹിച്ചെങ്കിലും അലി അവനെ വകവരുത്തി. ഹംസയാണെന്ന പക്ഷവുമുണ്ട്. തുടര്‍ന്ന് ശുറൈഹ് ബിന്‍ ഖാരിള് കൊടിയേന്തിയെങ്കിലും ഖുസ്മാന്‍ അവനെ വധിച്ചു. ഈ ഖുസ്മാന്‍ ഒരു കപടവിശ്വാസിയായിരുന്നു. ജാഹിലിയ്യാ പാരമ്പര്യവികാരമായിരുന്നു അദ്ദേഹത്തെ യുദ്ധക്കളത്തിലെത്തിച്ചത്. ഇസ്ലാമായിരുന്നില്ല. പതാക പിന്നീട് വഹിച്ചത് അബ്ദുമനാഫിന്റെ പുത്രന്‍ അബൂസൈദ് ആയിരുന്നു. ഇവനേയും ഖുസുമാന്‍ തന്നെ വധിച്ചു. തുടര്‍ന്ന് വഹിച്ച ശുര്‍ഹബീലിന്റെ പുത്രനേയും ഖുസുമാന്‍ വകവരുത്തി.

ഈ പത്തുപേരും പതാകയുടെ പാരമ്പര്യ അവകാശികളായ അബ്ദുദ്ദാര്‍ ഗോത്രത്തിലെ അംഗങ്ങളായിരുന്നു. അതിലെ അവസാനത്തെ അംഗം വരെ പതാകയ്ക്കുചുറ്റും മരിച്ചുവീണു. അതിനുശേഷം അവരുടെ ഒരു അബ്സീനിയന്‍ അടിമ-സുആബ്-പതാകവഹിച്ച് ധീരമായി പോരാടിയെങ്കിലും വെട്ടേറ്റ് കൈ മുറിഞ്ഞുപോയി. പതാകനഷ്ടപ്പെടാതിരിക്കാന്‍ അവന്‍ അത് മാറോടണച്ചുകിടന്നു. പക്ഷെ, അവനേയും വധിച്ചു. അപ്പോഴും അവന്‍ പറയുന്നുണ്ടായിരുന്നു: "അല്ലാഹുവേ ഞാന്‍ ഒവികഴിവിന് അര്‍ഹനല്ലേ?'' സുആബിന്റെ മരണത്തോടെ പതാക വഹിക്കാന്‍ ആരുമില്ലാതെ അത് ഭൂമിയില്‍ വീണുകിടന്നു.
ഇതേസമയം യുദ്ധക്കളത്തിന്റെ ഇതരഭാഗങ്ങളില്‍ പൊരിഞ്ഞയുദ്ധം നടക്കുന്നുണ്ട്. മുസ്ലിം അണികളെ നയിച്ചിരുന്നത് വിശ്വാസത്തിന്റെ ചൈതന്യമായിരുന്നതിനാല്‍ അവര്‍ ശത്രുക്കളുടെ അണികള്‍ക്കിടയിലേക്ക് ഇരച്ചുകയറി. 'മരിക്കുക! മരിക്കുക!' എന്ന് അട്ടഹസിച്ചുകൊണ്ട് പ്രതിബന്ധങ്ങള്‍ അവര്‍ വെട്ടിമാറ്റി. ഈ ശബ്ദം ഉഹ്ദില്‍ മുസ്ലിംകളുടെ മുദ്രാവാക്യവുമായിരുന്നു.

അബൂദുജാനയതാ തന്റെ ചെമന്ന തലപ്പാവും പ്രവാചകന്റെ വാളുമേന്തി കടന്നുവരുന്നു. ആ വാളിന്റെ ബാധ്യത നിര്‍വഹിക്കാന്‍ വേണ്ടി. അദ്ദേഹം തന്റെ വാള്‍ ചുഴറ്റിക്കൊണ്ട് ശത്രുനിരയിലേക്ക് കുതിച്ചുകയറി. കണ്ണില്‍ കണ്ട മുശ്രിക്കുകളെ മുഴുവന്‍ വെട്ടിനുറുക്കി. ശത്രുനിരയില്‍ കനത്ത വിള്ളലുണ്ടാക്കി. സുബൈര്‍ബിന്‍ അല്‍ അവ്വാം ഈ കഥ പറയുന്നു: "നബി തിരുമേനി(സ)യുടെ ഖഡ്ഗം ഞാന്‍ ചോദിച്ചപ്പോള്‍ എനിക്കത് നല്കാതെ അബൂദുജാനക്ക് നല്കിയപ്പോള്‍ എനിക്ക് മനസ്സില്‍ അല്പം പ്രയാസംതോന്നി. ഞാനാകട്ടെ അവിടുത്തെ അമ്മായി സ്വഫിയ്യയുടെ പുത്രന്‍, ക്വുറൈശ് വംശജന്‍, അബൂദുജാന ചോദിക്കുന്നതിന് മുമ്പ് ഞാന്‍ ചോദിക്കുകയും ചെയ്തു. എന്നിട്ടും എന്നെ ഒഴിവാക്കി അദ്ദേഹത്തിന് നല്കിയപ്പോള്‍ അദ്ദേഹം അതുകൊണ്ട് എന്തുചെയ്യുമെന്ന് ഞാന്‍ നോക്കുക തന്നെ ചെയ്യുമെന്ന് ഞാന്‍ ആത്മഗതം ചെയ്തു. അങ്ങനെ ഞാനദ്ദേഹത്തെ പിന്തുടര്‍ന്നു. അപ്പോഴേക്കും തന്റെ ചെമന്ന തലപ്പാവ് പുറത്തെടുത്ത് അണിഞ്ഞു. അതോടെ അന്‍സ്വാറുകള്‍ പറയാന്‍ തുടങ്ങി: "അബൂദുജാന മരണത്തിന്റെ തലപ്പാവ് പുറത്തെടുത്തിരിക്കുകയാണ്.'' തുടര്‍ന്നദ്ദേഹം ഇങ്ങനെ പാടിക്കൊണ്ട് മുന്നോട്ട് കുതിച്ചു.

"ഞാനത്രെ ആത്മമിത്രത്തോടു കരാര്‍ ചെയ്തവന്‍.
മലഞ്ചെരുവില്‍ ഈത്തപ്പനച്ചോട്ടില്‍
പടവെട്ടരുതൊരിക്കലും പിന്നണിയില്‍, മുന്‍നിരയില്‍,
അല്ലാഹുവിന്റേയും ദൂതരുടേയും ഖഡ്ഗവുമേന്തി.''

തന്റെ വാളിന്റെ മുന്നില്‍ പെട്ടവരെ അദ്ദേഹം വകവരുത്തി. ശത്രുനിരയെ ഭേദിച്ചു മുന്നോട്ട് കുതിച്ച അദ്ദേഹം ക്വുറൈശി വനിതകളുടെ നായികയുടെ സമീപമെത്തി. പക്ഷെ, അദ്ദേഹം അവളെ തിരിച്ചറിഞ്ഞില്ല. അബൂദുജാന തന്നെ പറയുന്നു; ഒരു മനുഷ്യന്‍ മറ്റുള്ളവനെ യുദ്ധസജ്ജരാക്കുന്നത് ഞാന്‍ കണ്ടു. ഞാന്‍ അവനെ ഉദ്ദേശിച്ചു നീങ്ങി. എന്റെ വാള്‍ അവന്റെ നേരെ വീശാനൊരുങ്ങിയപ്പോള്‍ അതൊരു സ്ത്രീയാണെന്ന് മനസ്സിലായി. അതോടെ ഞാന്‍ എന്റെ ഖഢ്ഗം പിന്‍വലിച്ചു. റസൂല്‍(സ)യുടെ വാള്‍ ഒരു പെണ്ണിന്റെ രക്തം പുരണ്ടു മലിനമാകരുതെന്ന് ഞാന്‍ ആഗ്രഹിച്ചു. ഇത് ഉത്ബയുടെ പുത്രി ഹിന്ദ് ആയിരുന്നു.

ഹംസബിന്‍ അബ്ദുല്‍ മുത്വലിബ് സിംഹത്തെപ്പോലെ ചീറിക്കുതിച്ച് ശത്രുസൈന്യത്തിന്റെ മധ്യത്തിലെത്തി. വീരശൂരരായ കൊമ്പന്മാരെല്ലാം കൊടുങ്കാറ്റിലാടിവീഴുന്ന ആലിലകള്‍പോലെ അദ്ദേഹത്തിന്റെ കുതിപ്പിന് മുമ്പില്‍ പതറിവീണു. നേരത്തെ ക്വുറൈശികളുടെ പതാക വാഹകനെ വകവരുത്തിയതുപോലെ ഒട്ടനവധി ധീരകൃത്യങ്ങള്‍ അദ്ദേഹം നിര്‍വഹിച്ചു. അങ്ങനെ യോദ്ധാക്കളുടെ മുന്‍നിരയില്‍ അല്ലാഹുവിന്റെ ദീനിനുവേണ്ടി സധീരം അടരാടിക്കൊണ്ടിരിക്കെ ഒരു ചതിപ്രയോഗത്തിലൂടെ അദ്ദേഹം വധിക്കപ്പെട്ടു.

ഹംസയുടെ(റ) വധം
ഹംസയെ വധിച്ച വഹ്ശി സംഭവം വിവരിക്കുന്നു: "ഞാന്‍ ജുബൈര്‍ബിന്‍ മുത്വ്ഇമിന്റെ അടിമയായിരുന്നു. ജുബൈറിന്റെ പിതൃവ്യന്‍ ബദ്ര്‍ യുദ്ധത്തില്‍ വധിക്കപ്പെട്ടു. ക്വുറൈശികള്‍ ഉഹ്ദിലേക്ക് പുറപ്പെട്ടപ്പോള്‍ ജുബൈര്‍ എന്നെ വിളിച്ചുപറഞ്ഞു: നീ മുഹമ്മദിന്റെ പിതൃവ്യന്‍ ഹംസയെ എന്റെ പിതൃവ്യനുപകരമായി വധിച്ചാല്‍ നിന്നെ ഞാന്‍ മോചിപ്പിക്കാം. അങ്ങനെ ഞാന്‍ ജനങ്ങളോടൊപ്പം പുറപ്പെട്ടു. അബ്സീനിയക്കാരനായ ഞാന്‍ ചാട്ടുകുന്തം പ്രയോഗിക്കുന്നതില്‍ നിപുണനായിരുന്നു. ദുര്‍ലഭമായേ അതു പിഴക്കുകയുള്ളു. ജനങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഞാന്‍ ഹംസയെ അന്വേഷിച്ചു. അപ്പോഴതാ അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ നില്ക്കുന്നു. ഒരു കറുത്ത ഒട്ടകത്തെപ്പോലെ തോന്നിച്ചു. എല്ലാം അദ്ദേഹം തകര്‍ത്തുകളയുന്നു. അദ്ദേഹത്തെ നേരിടാനാരുമില്ല. മരത്തിനും കല്ലുകള്‍ക്കും മറപിടിച്ചു ഞാന്‍ അദ്ദേഹത്തിനു നേരെ നീങ്ങിയപ്പോള്‍, അബ്ദുല്‍ ഉസ്സയുടെ പുത്രന്‍ സിബാഅ് എനിക്ക് മുമ്പേ ഹംസയുടെ നേരെ നീങ്ങുന്നു. ഹംസ അവനെ കണ്ടതോടെ തന്റെ ഖഡ്ഗം അവന്റെ ശിരസിനുനേരെ വീശി. അത് നിലംപതിച്ചു. ഞാന്‍ എന്റെ കുന്തം ഉന്നം പിടിച്ചു. ലക്ഷ്യം ശരിയായെന്ന് ബോധ്യം വന്നപ്പോള്‍ ഞാനതു പ്രയോഗിച്ചു. കുന്തം അദ്ദേഹത്തിന്റെ നാബിയില്‍ തുളച്ചുകയറി കാലുകള്‍ക്കിടയിലൂടെ പുറത്തുവന്നു. അദ്ദേഹം എന്റെ നേരെ വന്നെങ്കിലും മുറിവ് കാരണം എത്താന്‍ കഴിഞ്ഞില്ല. ആ അവസ്ഥയില്‍തന്നെ ഞാനദ്ദേഹത്തെ വിട്ടേച്ചു അല്പം കഴിഞ്ഞ് അദ്ദേഹം മരിച്ചു. അതോടെ ഞാന്‍ ചെന്ന് എന്റെ കുന്തമെടുത്ത് താവളത്തിലേക്ക് മടങ്ങി. അവിടെയിരുന്നു. എനിക്ക് മറ്റാരേയും വധിക്കേണ്ട ആവശ്യമില്ലായിരുന്നു. എന്റെ മോചനം പ്രതീക്ഷിച്ചാണ് ഞാനത് ചെയ്തത്. മക്കയില്‍ തിരിച്ചെത്തിയതോടെ ഞാന്‍ മോചിതനായി.(8)
അല്ലാഹുവിന്റെയും അവന്റെ ദൂതരുടെയും സിംഹമായ ഹംസയുടെ വധം മുസ്ലിംകള്‍ക്കൊരു കനത്ത നഷ്ടമായി. എങ്കിലും മുസ്ലിംകള്‍ യുദ്ധക്കളംമൊത്തം തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവന്നു. അന്ന്, അബൂബക്കര്‍, ഉമര്‍, അലി, സുബൈര്‍, മുസ്അബ്, ത്വല്‍ഹ, അബ്ദുല്ലാഹിബിന്‍ ജഹ്ശ്, സഅദ് ബിന്‍മുആദ്, സഅദ് ബിന്‍ ഉബാദ, സഅദ് ബിന്‍ അര്‍റബീഅ്, അനസ്ബിനള്ര്‍ തുടങ്ങി എല്ലാവരും ശത്രുക്കള്‍ക്കെതിരില്‍ ശക്തിയായി പോരാടി.

മണിയറയില്‍നിന്ന് രക്തസാക്ഷിത്വത്തിലേക്ക്
അന്ന്, സാഹസികമായി പോരാടിയ ധീരനാണ് ഹന്‍ദല അല്‍ഗസീല്‍- ഇദ്ദേഹം അബൂആമിറിന്റെ പുത്രന്‍ ഹന്‍ദലയാണ്. ഈഅബു ആമിറിനെയാണ് റസൂല്‍ ഫാസിഖ്' (ദുഷ്ടന്‍) എന്ന് പേരുവിളിച്ചത്. അടുത്ത കാലത്ത് വിവാഹിതനായതായിരുന്നു ഹന്‍ദല 'ജിഹാദി'ന്റെ മണിമുഴക്കം തന്റെ കര്‍ണപുടങ്ങളില്‍ പതിച്ചപ്പോള്‍ യുദ്ധക്കളത്തിലേക്കെടുത്തുചാടി. ശത്രുസൈന്യത്തിന്റെ അണികള്‍ ഭേദിച്ചു സൈന്യാധിപന്‍ അബൂസുഫ്യാന്റെ സമീപമെത്തി അദ്ദേഹത്തെ വധിക്കാന്‍ മുതിര്‍ന്നപ്പോഴേക്കും അദ്ദേഹത്തെ കണ്ട ശിദാദുബിന്‍ അല്‍അസ്വദ് തന്റെ വാള്‍കൊണ്ട് അദ്ദേഹത്തെ വെട്ടി. അതോടെ അദ്ദേഹം രക്തസാക്ഷിയായി.

അസ്ത്രവിദഗ്ധരുടെ പങ്ക്
മലമുകളില്‍ റസൂല്‍(സ) നിശ്ചയിച്ച അസ്ത്രവിദഗ്ധര്‍ക്ക് മുസ്ലിം സൈന്യങ്ങളുടെ സുരക്ഷയില്‍ നിര്‍ണായകമായ പങ്കാണുള്ളത്. മുശ്രിക്കുകളുടെ അശ്വവ്യൂഹം ഖാലിദ് ബിന്‍ വലീദിന്റെയും സഹായി അബൂആമിര്‍ അല്‍ഫാസിഖിന്റെയും നേതൃത്വത്തില്‍ മൂന്ന് തവണ മുസ്ലിം സൈന്യത്തിന്റെ ഇടതു പക്ഷത്തെ ബറ്റാലിയനെ കടന്നാക്രമിച്ചു. അതുവഴി മുസ്ലിം സൈന്യത്തെ അമ്പേപരാജയപ്പെടുത്താനായിരുന്നു ശ്രമം. പക്ഷേ, മലമുകളിലെ അസ്ത്രവിദഗ്ധര്‍ ഈ മൂന്നുതവണയും വളരെ വിദഗ്ധമായി അവരെ തുരത്തി.

യുദ്ധം തുടര്‍ന്നുകൊണ്ടിരുന്നു. കൊച്ചുമുസ്ലിം സൈന്യം ശത്രുസൈന്യത്തിന്റെ നിശ്ചയദാര്‍ഢ്യം തകര്‍ക്കുകയും നാനാഭാഗത്ത്നിന്നും അവരുടെ നിരകള്‍ ഭേദിക്കുകയും ചെയ്തുകൊണ്ട് യുദ്ധക്കളം നിറഞ്ഞുനിന്നു. മുവായിരം ബഹുദൈവാരാധകര്‍ മുപ്പതിനായിരം മുസ്ലിംകളോട് പോരാടുന്നതുപോലെ. മുസ്ലിംകള്‍ ധീരതയുടെയും ദൃഢനിശ്ചയത്തിന്റെയും അത്യുന്നത നിലവാരത്തിലായിരുന്നു.

മുസ്ലിം സൈന്യത്തിന്റെ കുതിപ്പ് തടയാന്‍ മുഴുവന്‍ ശ്രമവും ചെലവഴിച്ച ശത്രുസൈന്യം തകര്‍ച്ചയിലേക്കു നീങ്ങി. ദൌര്‍ബല്യവും ഭയവും അവരെ പിടികൂടി. സുആബിന്റെ വധത്തോടെ പതാക വഹിക്കാന്‍ ആളില്ലാത്ത വിധം അവരുടെ മനോദാര്‍ഢ്യം തകര്‍ന്നു. പ്രതാപവും ഐശ്വര്യവും തിരിച്ചുപിടിക്കാന്‍ കടുത്ത പകയും വിദ്വേഷവും പ്രതികാരവാഞ്ചയും മനസ് നിറച്ചുവന്നിരുന്ന അവര്‍ എല്ലാം വിസ്മരിച്ച് പിന്‍വലിഞ്ഞുതുടങ്ങി.

ഇബ്നു ഇസ്ഹാക്വ് പറയുന്നു: അല്ലാഹു മുസ്ലിംകള്‍ക്ക് സഹായം ഇറക്കി. അവരോടു ചെയ്ത വാഗ്ദാനം പൂര്‍ത്തീകരിച്ചു. വാളുകള്‍കൊണ്ട് മുസ്ലിംകള്‍ ശത്രുക്കളെ അവരുടെ താവളങ്ങളില്‍ നിന്നും തുരത്തി. ഇതവര്‍ക്ക് ഏറ്റ പരാജയം തന്നെയായിരുന്നു. സംശയമില്ല. അബ്ദുല്ലാഹിബിന്‍ സുബൈര്‍ പിതാവില്‍ നിന്നുദ്ധരിക്കുന്നു: "അല്ലാഹുവാണേ, ഹിന്ദ് ബിന്‍ത് ഉത്ബയും അവളുടെ കൂട്ടുകാരികളും വസ്ത്രങ്ങള്‍ കയറ്റി പിടിച്ച് തോറ്റോടിയതുകാരണം അവരുടെ കാല്‍ചിലങ്കകള്‍ ഞാന്‍ കാണുകയുണ്ടായി. അവരെ പിടികൂടുന്നതില്‍നിന്ന് ഞങ്ങളെ തടുക്കാന്‍ ആരുമുണ്ടായിരുന്നില്ല.'' ഇതേ ആശയം ബുഖാരിയും ബറാഅ്ബിന്‍ ആസിബില്‍നിന്ന് നിവേദനം ചെയ്യുന്നു. മുസ്ലിംകള്‍ ബഹുദൈവാരാധകരെ വാളുകള്‍കൊണ്ട് വെട്ടിയും അവരുടെ സമ്പത്തുകള്‍ ശേഖരിച്ചും പിന്തുടര്‍ന്നു.(10)

വില്ലാളികളുടെ പിഴവ്
ബദ്റില്‍ നേടിയ വിജയത്തേക്കാള്‍ ഒട്ടും പ്രകാശം കുറവില്ലാത്ത തിളക്കമാര്‍ന്ന നിര്‍ണായകമായ മറ്റൊരു വിജയംകൂടി ഈ കൊച്ചു ഇസ്ലാമിക സൈന്യം മക്കക്കെതിരില്‍ രേഖപ്പെടുത്തുന്നതിനിടയില്‍, സ്ഥിതി ആകെ തകിടം മറിഞ്ഞ രൂപത്തില്‍ ഗുരുതരമായ ഒരു വീഴ്ച വില്ലാളികളില്‍നിന്ന് സംഭവിച്ചു. ഇത് മുസ്ലിംകള്‍ക്ക് കനത്ത നഷ്ടം വരുത്തിവെച്ചു. നബി(സ) വധിക്കപ്പെടുമോ എന്നിടത്തോളമതെത്തിച്ചു. ബദ്റിനുശേഷം നേടിയെടുത്ത പ്രതാപത്തിനും പ്രശസ്തിക്കും അത് മങ്ങലേല്പിക്കുകയും ചെയ്തു.

മലമുകളില്‍ നിര്‍ത്തിയ വില്ലാളികള്‍ക്ക് നബി(സ) നല്കിയ ശക്തിയായ നിര്‍ദേശം വിജയമായാലും പരാജയമായാലും സ്ഥലം വിട്ടിറങ്ങരുതെന്നു നാം നേരത്തെ പരാമര്‍ശിച്ചു. പക്ഷേ, ശക്തിയായ ഈ കല്പനയുണ്ടായിട്ടും മുസ്ലിംകള്‍ ശത്രുക്കളുടെ സമ്പത്ത് പിടിച്ചടക്കുന്നത് കണ്ടപ്പോള്‍ അവരില്‍ ചിലരെ ഇഹലോകത്തോടുള്ള സ്നേഹം സ്വാധീനിച്ചു. അവരില്‍ ചിലര്‍ ഇങ്ങനെ വിളിച്ചുപറഞ്ഞു: 'യുദ്ധമുതല്‍! യുദ്ധമുതല്‍! നിങ്ങളുടെ കൂട്ടുകാരതാ വിജയം വരിച്ചിരിക്കുന്നു ഇനിയെന്താണ് നിങ്ങള്‍ കാത്തിരിക്കുന്നത്'? പക്ഷേ, അവരുടെ നേതാവ് അബ്ദുല്ലാഹിബിന്‍ ജുബൈര്‍ റസൂല്‍ (സ)യുടെ കല്പന അവരെ ഓര്‍മിപ്പിച്ചുകൊണ്ടു ചോദിച്ചു 'നിങ്ങള്‍ അല്ലാഹുവിന്റെ തിരുദൂതരുടെ കല്പന മറന്നുപോയോ?' പക്ഷേ, ഭൂരിപക്ഷവും ഇതിനൊരു വിലയും കല്പിച്ചില്ല. അവര്‍ പറഞ്ഞു: "ഞങ്ങളും ചെന്ന് യുദ്ധസ്വത്ത് ശേഖരിക്കുക തന്നെയാണ്''. വില്ലാളികളില്‍ നാല്പതു പേര്‍ സ്ഥലം വിട്ടു. യുദ്ധ സ്വത്ത് ശേഖരിക്കാന്‍ സൈന്യത്തോടൊപ്പം ചേര്‍ന്നു. ഇബ്നു ജുബൈറും ബാക്കിവരുന്ന ഒമ്പതുപേരും മാത്രം കല്പനയും പാലിച്ച് അവിടെത്തന്നെനിന്നു.
ഖാലിദുബിന്‍ വലീദ് ഈ സുവര്‍ണാവസരം ഉപയോഗപ്പെടുത്തി. അതിവേഗം അദ്ദേഹം തിരിച്ചുവന്നു. മുസ്ലിം സൈന്യത്തെ പിന്നിലൂടെ അക്രമിച്ചു. ഇബ്നുജുബൈറിനെയും കൂട്ടുകാരെയും തുരത്താന്‍ അവര്‍ ഒട്ടും സമയമെടുത്തില്ല. അദ്ദേഹത്തിന്റെ അശ്വഭടന്മാര്‍ അത്യുച്ചത്തില്‍ ശബ്ദം വെച്ചപ്പോള്‍ പരാജയമടഞ്ഞ ശത്രുസൈന്യം യുദ്ധഗതിയുടെ പുതിയ പരിണാമം മനസ്സിലാക്കി തിരിച്ചുവന്നു. ഉംറത്ത്ബിന്‍ത് അല്‍ഖമ അല്‍ഹാരിഥിയ എന്ന വനിത വാഹകരില്ലാതെ കിടന്നിരുന്ന പതാകയെടുത്തു ഉയര്‍ത്തിയതോടെ മുശ്രിക്കുകള്‍ അതിനു ചുറ്റും തടിച്ചുകൂടി. അവര്‍ പരസ്പരം ജയജയ വിളിച്ചു അതോടെ എല്ലാവരും മുസ്ലിംകളെ നാനാഭാഗത്ത് നിന്നും ആക്രമിക്കാന്‍ തുടങ്ങി.

ഈ സന്ദര്‍ഭത്തില്‍ റസൂല്‍(സ) സൈന്യത്തിന്റെ പിന്നില്‍ ഒമ്പതു പേരടങ്ങുന്ന ഒരു കൊച്ചു സംഘത്തിന്റെ കൂടെയായിരുന്നു.(11) അവിടുന്ന് മുസ്ലിം സൈന്യത്തിന്റെ പോരാട്ടവും തുരത്തലും വീക്ഷിക്കുകയായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് ഖാലിദ്ബിന്‍ വലീദ് തന്റെ അശ്വഭടന്മാരോടുകൂടി കടന്നാക്രമിക്കുന്നത് കണ്ട് സ്തബ്ധനായത്. അദ്ദേഹത്തിന്റെ മുമ്പില്‍ രണ്ടു മാര്‍ഗങ്ങളാണുള്ളത്, ഒന്ന് ഈ വലയം ചെയ്യപ്പെട്ട സൈന്യത്തെ അതിന്റെ സ്വാഭാവിക പരിണിതിയിലേക്ക് വിട്ടുകൊണ്ട് താനും കൊച്ചു സംഘവും ഒരു നിര്‍ഭയ കേന്ദ്രത്തിലേക്ക് മാറുക, അല്ലെങ്കില്‍, തന്റെ ജീവന്‍ അപകടപ്പെടുത്തിക്കൊണ്ട് തന്റെ അനുചരന്മാരെ വിളിച്ച് തനിക്ക് ചുറ്റും അണിനിരത്തുക, എന്നിട്ട് അവരെ ഒരു ശക്തമായ വിഭാഗമാക്കിമാറ്റി വലയം ചെയ്യപ്പെട്ട സൈന്യത്തിന് ഉഹ്ദ് മലയിലേക്ക് ഒരു വഴി തുറന്നുകൊടുക്കുക.

ഇവിടെയാണ് പ്രവാചകന്റെ അന്യാദൃശമായ ധീരതയും യുദ്ധ നൈപുണ്യവും നമുക്ക് പ്രകടമാകുന്നത്. അവിടുന്ന് തന്റെ അനുചരന്മാരെ അത്യുച്ചത്തില്‍ വിളിച്ചു. "അല്ലാഹുവിന്റെ ദാസന്മാരേ', അദ്ദേഹത്തിനറിയാമായിരുന്നു മുസ്ലിംകള്‍ കേള്‍ക്കുന്നതിനുമുമ്പ് ശത്രുക്കള്‍ ആ ശബ്ദം കേള്‍ക്കുമെന്ന്. പക്ഷേ, ഈ നിര്‍ണ്ണായക ഘട്ടത്തില്‍ സ്വശരീരം അപകടപ്പെടുത്തിക്കൊണ്ടദ്ദേഹം അവരെ ഉച്ചത്തില്‍ വിളിച്ചു. അതോടെ മുസ്ലിംകള്‍ അദ്ദേഹത്തിനടുത്തെത്തുന്നതിനു മുമ്പ് മുശ്രിക്കുകള്‍ അദ്ദേഹത്തിനടുത്തെത്തി.

മുസ്ലിംകളില്‍ ഭിന്നിപ്പ്
ശത്രുക്കളുടെ വലയത്തില്‍ പെട്ടതോടെ മുസ്ലിംകളില്‍ ഒരു വിഭാഗം വിഭ്രാന്തരായി. അവരില്‍ ചിലര്‍ ആത്മരക്ഷാര്‍ഥം യുദ്ധക്കളം വിട്ടോടി. പിന്നീടെന്ത് എന്നവര്‍ക്കറിയില്ല? ചിലര്‍ മദീനയിലേക്ക് കുതിച്ചപ്പോള്‍ മറ്റു ചിലര്‍ മലമുകളില്‍ കയറിപ്പറ്റി. മൂന്നാമതൊരു വിഭാഗം ശത്രുസൈന്യവുമായി കൂടിക്കലര്‍ന്നു. ഇരുസൈന്യങ്ങളും ഇടകലര്‍ന്നതോടെ പരസ്പരം തിരിച്ചറിയാതെ മുസ്ലിംകളില്‍ തന്നെ ചിലര്‍ പരസ്പരം ഏറ്റുമുട്ടി! ബുഖാരി ആയിശ(റ)യില്‍ നിന്നുദ്ധരിക്കുന്നു: 'ഉഹ്ദ് യുദ്ധത്തില്‍ ബഹുദൈവാരാധകര്‍ അമ്പേപരാജയപ്പെട്ടിരുന്നു. ഇതിനിടെ പിശാച് വിളിച്ചുപറഞ്ഞു: "അല്ലാഹുവിന്റെ ദാസന്മാരേ! നിങ്ങളുടെ പിന്നിലതാ ശത്രു! 'അതോടെ മുന്‍നിരയിലുള്ളവര്‍ പിന്നിലുള്ളവരോടു ഏറ്റുമുട്ടാന്‍ തുടങ്ങി. ഹുദൈഫ നോക്കുമ്പോള്‍ തന്റെ പിതാവ് യമാനെ മറ്റൊരു മുസ്ലിം വെട്ടുന്നു. ഇതുകണ്ട അദ്ദേഹം വിളിച്ചു പറഞ്ഞു: "അല്ലാഹുവിന്റെ ദാസന്മാരെ, എന്റെ പിതാവ്! എന്റെ പിതാവ്!'' ആയിശ(റ) തുടര്‍ന്നു: 'അവര്‍ അദ്ദേഹത്തെ വധിക്കുകതന്നെ ചെയ്തു. അപ്പോള്‍ ഹുദൈഫ പറഞ്ഞു: 'അല്ലാഹു താങ്കള്‍ക്ക് പൊറുത്തുരട്ടെ'. ഉര്‍വ പറഞ്ഞു: 'ഹുദൈഫ മരിക്കുന്നതുവരെ നന്മയിലും ഔദാര്യത്തിലുമായിക്കൊണ്ടേയിരുന്നു' ഇതിനുള്ള കാരണം അദ്ദേഹം തന്റെ പിതാവിന്റെ രക്തമൂല്യം സ്വീകരിക്കാതെ അത് സേവനരംഗത്ത് ചിലവഴിക്കാന്‍ നിര്‍ദേശിച്ചുവെന്നതാണ്.(12)

സൈന്യനിരകള്‍ ആകെ കുത്തഴിയുകയും എന്ത് ചെയ്യണമെന്നറിയാതെ ഇതികര്‍ത്തവ്യതാമൂഢരായി നില്ക്കുകയും ചെയ്യുന്നതിനിടയില്‍ അതാ ഒരു ശബ്ദം മുഴങ്ങുന്നു. 'മുഹമ്മദ് വധിക്കപ്പെട്ടിരിക്കുന്നു!' അതോടെ അവരില്‍ അവശേഷിച്ച ശക്തിയും ചൈതന്യവും ചോര്‍ന്നുപോയി. ചിലര്‍ യുദ്ധം അവസാനിപ്പിച്ചു ആയുധങ്ങള്‍ താഴെയിട്ടു. വേറെ ചിലര്‍, അബൂസുഫ്യാനില്‍നിന്ന് രക്ഷപ്പെടാന്‍ മുനാഫിഖ് നേതാവിനെ സമീപിച്ചാലോ എന്നു ചിന്തിച്ചു. ഇതിനിടയില്‍ ആശയറ്റു ഒരു ഭാഗത്തിരിക്കുന്ന ഇവരുടെയരികിലൂടെ അനസ് ബിന്‍ അന്നള്ര്‍ കടന്നുപോയി. ഇതുകണ്ട അദ്ദേഹം ചോദിച്ചു "നിങ്ങള്‍ എന്തുപ്രതീക്ഷിച്ചാണിരിക്കുന്നത്?' അവര്‍ പറഞ്ഞു: 'റസൂല്‍(സ) വധിക്കപ്പെട്ടു!' അദ്ദേഹം ചോദിച്ചു: 'അദ്ദേഹം മരിച്ചെങ്കില്‍ നിങ്ങള്‍ ഇനി ജീവിച്ചിരുന്നിട്ടെന്താണ് കാര്യം'? നിങ്ങളും അദ്ദേഹത്തിന്റെ മാര്‍ഗത്തില്‍തന്നെ മരിക്കൂക.' എന്നിട്ടദ്ദേഹം പ്രാര്‍ഥിച്ചു: 'അല്ലാഹുവേ ഈ മുസ്ലിംകളുടെ പ്രവൃത്തിയില്‍ ഞാന്‍ നിന്നോടു ക്ഷമ യാചിക്കുന്നു, ഈ മുശ്രിക്കുകളുടെ പ്രവൃത്തിയില്‍ എന്റെ നിരപരാധിത്തം നിന്റെ മുമ്പില്‍ ഞാന്‍ സമര്‍പ്പിക്കുകയും ചെയ്യുന്നു:' തുടര്‍ന്നദ്ദേഹം മുന്നോട്ടുനീങ്ങി. അദ്ദേഹത്തെ കണ്ട സഅദ്ബിന്‍ മുആദ് ചോദിച്ചു: 'എവിടേക്കാണ് അബൂഉമര്‍?'. അനസ് മറുപടി പറഞ്ഞു: 'ഹാ, സഅ്ദേ സ്വര്‍ഗത്തിന്റെ നറുമണം! അതാ ഉഹ്ദുമലക്കപ്പുറത്ത് നിന്ന് എനിക്കനുഭവപ്പെടുന്നു!' തുടര്‍ന്നദ്ദേഹം ശത്രുക്കളുമായേറ്റുമുട്ടി വീരചരമം പ്രാപിച്ചു. യുദ്ധം അവസാനിച്ചപ്പോള്‍ എമ്പതിലധികം മുറിവുകളേറ്റ അദ്ദേഹത്തെ ആരും തിരിച്ചറിഞ്ഞില്ല. അവസാനം അദ്ദേഹത്തിന്റെ സഹോദരി അദ്ദേഹത്തിന്റെ വിരല്‍ തുമ്പിലൂടെയാണ് തിരിച്ചറിഞ്ഞത്. (13)

ഥാബിത് ബിന്‍ ദഹ്ദാഹ് വിളിച്ചു പറഞ്ഞു: 'അന്‍സ്വാറുകളേ മുഹമ്മദ് വധിക്കപ്പെട്ടുവെങ്കില്‍ അല്ലാഹു മരിക്കാതെ ജീവിച്ചിരിക്കുന്നു. നിങ്ങളുടെ മതത്തിനുവേണ്ടി നിങ്ങള്‍ പോരാടുവിന്‍. അല്ലാഹു നിങ്ങളെ സഹായിക്കുകയും വിജയിപ്പിക്കുകയും ചെയ്യും. അതോടെ ഏതാനും അന്‍സ്വാറുകള്‍ അദ്ദേഹത്തിന്റെ അടുക്കലേക്ക് എഴുന്നേറ്റുവന്നു. അവരേയും കൊണ്ട് അദ്ദേഹം ഖാലിദിന്റെ അശ്വഭടന്മാര്‍ക്കെതിരില്‍ പോരാടി. അതിനിടയില്‍ ഖാലിദ് അദ്ദേഹത്തെ അമ്പെയ്തു വധിച്ചു. പിന്നീട് അദ്ദേഹത്തിന്റെ കൂട്ടുകാരേയും വധിച്ചു.(14)

രക്തം പുരണ്ടു കിടക്കുന്ന ഒരു അന്‍സ്വാരിയോടു ഒരു മുഹാജിര്‍ ചോദിച്ചു: 'മുഹമ്മദ് വധിക്കപ്പെട്ടത് താങ്കളറിയുമോ'?അന്‍സ്വാരി പറഞ്ഞു: 'മുഹമ്മദ് വധിക്കപ്പെട്ടുവെങ്കില്‍ അദ്ദേഹത്തിന്റെ ദൌത്യം പൂര്‍ത്തിയാക്കികഴിഞ്ഞു. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ മതത്തിനുവേണ്ടി പോരാടുവീന്‍':(15)
ഇതുപോലുള്ള സംഭവങ്ങള്‍ മുസ്ലിംകള്‍ക്ക് അവരുടെ ആത്മവീര്യവും വിവേകവും തിരിച്ചുകിട്ടാന്‍ കാരണമായി. ഇബ്നു ഉബയ്യുമായി ബന്ധപ്പെടാനുള്ള ചിന്ത വര്‍ജ്ജിച്ചുകൊണ്ട് ആയുധമേന്തി ബഹുദൈവാരാധകരുടെ തരംഗത്തിനെതിരെ ആഞ്ഞടിക്കാന്‍ അവര്‍ തീരുമാനിച്ചു. പ്രവാചകന്‍ വധിക്കപ്പെട്ടുവെന്നത് കള്ള പ്രചരണമാണെന്നറിഞ്ഞതോടെ അവര്‍ കൂടുതല്‍ ശക്തരായി. അതോടെ ശത്രുവളയം ഭേദിക്കുന്നതില്‍ അവര്‍ വിജയിച്ചു. കടുത്തപോരാട്ടത്തിനുശേഷം ഒരു പ്രതിരോധകേന്ദ്രത്തില്‍ ഏകീകരിക്കാനും അവര്‍ക്ക് സാധിച്ചു.

മൂന്നാമതൊരു വിഭാഗവും മുസ്ലിംകളില്‍ ഉണ്ടായിരുന്നു. അവരുടെ ശ്രദ്ധ പൂര്‍ണമായും റസൂല്‍ (സ)യിലായിരുന്നു. ശത്രുസൈന്യം മുസ്ലിംകളെ വലയം ചെയ്യാന്‍ തുടങ്ങിയതോടെ സൈന്യനിരയുടെ മുന്നിലായിരുന്ന ഇവര്‍ റസൂല്‍(സ)യുടെ അടുക്കല്‍ ഓടി എത്തി. അബൂബക്കര്‍(റ), ഉമര്‍(റ), അലി(റ) എന്നിവരായിരുന്നു ഇക്കൂട്ടത്തില്‍ മുമ്പില്‍. തിരുമേനിക്ക് അപകടസാധ്യത കണ്ടറിഞ്ഞ ഇവര്‍ പ്രതിരോധനിരയുടെ മുന്നണിയിലെത്തുകയാണുണ്ടായത്.

ഇതിനിടയില്‍ റസൂല്‍(സ)യുടെ അടുക്കല്‍ യുദ്ധം കൊടുമ്പിരികൊണ്ടു. ബഹുദൈവവിശ്വാസികള്‍ വലയം സൃഷ്ടിച്ച സമയത്ത് പ്രവാചകന്റെ സമീപം ഒമ്പതുപേര്‍ മാത്രമേയുണ്ടായിരുന്നുള്ളുവെന്ന കാര്യം നാം നേരത്തെ അനുസ്മരിക്കുകയുണ്ടായി. അവിടുന്ന് മുസ്ലിംകളെ തന്റെ സമീപത്തേക്ക് വിളിച്ചപ്പോള്‍ ആ ശബ്ദം കേട്ട് അവരെത്തുന്നതിന് മുമ്പ് മുശ്രിക്കുകള്‍ അദ്ദേഹത്തിന്റെ സമീപത്തേക്കുകുതിക്കുകയുണ്ടായി. അതോടെ ഈ ഒമ്പതുപേര്‍ക്കും മുശ്രിക്കുകള്‍ക്കുമിടയില്‍ പൊരിഞ്ഞപോരാട്ടം തന്നെ നടന്നു. ധീരതയുടെയും ആത്മാര്‍പ്പണത്തിന്റെയും അനന്യസാധാരണമായ സ്നേഹത്തിന്റെയും പ്രകടനരംഗമായിരുന്നു അത്.

അനസ്ബിന്‍മാലിക് പറയുന്നു: റസൂല്‍(സ) ഉഹ്ദ് യുദ്ധദിവസം ഏഴു അന്‍സ്വാറുകളും രണ്ടു ക്വുറൈശികളുമടങ്ങുന്ന സംഘത്തില്‍ ഒറ്റപ്പെട്ടു. ശത്രുക്കള്‍ അദ്ദേഹത്തോട് അടുത്തുവന്നപ്പോള്‍ അദ്ദേഹം ചോദിച്ചു: 'ആരാണ് നമ്മെ പ്രതിരോധിക്കുക? അവര്‍ക്ക് സ്വര്‍ഗമുണ്ട്! അല്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ എന്റെ കൂട്ടുകാരനായിരിക്കും ഇതു കേട്ടു ഒരു അന്‍സ്വാരി മുന്നോട്ടുവന്നു പോരാടി വീരമൃത്യുവരിച്ചു. പിന്നെയും അവര്‍ അടുത്തപ്പോള്‍ വീണ്ടും പോരടിച്ചു. അങ്ങനെ ഏഴുപേരും വീരചരമം പ്രാപിച്ചു. അപ്പോള്‍ റസൂല്‍(സ) തന്റെ രണ്ടു ക്വുറൈശി കൂട്ടുകാരോടു പറഞ്ഞു: 'നാം നമ്മുടെ സഹചരന്മാരോടു നീതികാണിച്ചില്ല'(16) ഈ ഏഴുപേരില്‍ അവസാനം വധിക്കപ്പെട്ടത് ഉമാറബിന്‍ യസീദ് ബിന്‍ അസ്സകന്‍ ആയിരുന്നു. ശരീരത്തിലേറ്റ മുറിവുകള്‍ തളര്‍ത്തുന്നതുവരെ അദ്ദേഹം പോരാടി. (17)

പ്രയാസകരമായ നിമിഷങ്ങള്‍
ഇബ്നുസ്സകന്‍ തളര്‍ന്നു വീണതോടെ നബി(സ)യുടെ അടുക്കല്‍ രണ്ടു ക്വുറൈശികള്‍ മാത്രം അവശേഷിച്ചു. അബുഉസ്മാന്‍ പറയുന്നു: അന്ന് നബി(സ)യുടെ അടുക്കല്‍ ത്വല്‍ഹയും സഅ്ദ്ബിന്‍ അബീവക്വാസുമല്ലാതെ മറ്റാരും അവശേഷിച്ചിരുന്നില്ല. (18) പ്രവാചക ജീവിതത്തിലെ ഏറ്റം പ്രയാസകരമായ നിമിഷങ്ങളായിരുന്നു അത്. ബഹുദൈവാരാധകരെ സംബന്ധിച്ചിടത്തോളം സുവര്‍ണാവസരവും. മുശ്രിക്കുകളാകട്ടെ ഈ സന്ദര്‍ഭം പ്രയോജനപ്പെടുത്തുന്നതില്‍ ഒട്ടും അമാന്തം കാണിച്ചതുമില്ല. അവരുടെ അക്രമം നബി(സ)ക്കു നേരെ കേന്ദ്രീകരിക്കുകയും അദ്ദേഹത്തിന്റെ കഥ കഴിക്കാമെന്ന് കൊതിക്കുകയും ചെയ്തു. ഉത്ബത്ബിന്‍ അബീവക്വാസ് അദ്ദേഹത്തെ കല്ലെറിഞ്ഞു. അതുകാരണം അവിടുത്തെ താഴെ നിരയിലെ വലത്തെ അണപല്ലുപൊട്ടി. കീഴ്ചുണ്ടിന് മുറിവേറ്റു. അബ്ദുല്ലാഹിബിന്‍ ശിഹാബ് അസ്സുഹ്റി മുന്നോട്ട് വന്ന് അവിടുത്തെ തിരുനെറ്റിയില്‍ മുറിവേല്‍പിച്ചു. അബ്ദുല്ലാഹിബിന്‍ ഖമിഅ അവിടുത്തെ ചുമലില്‍ വെട്ടിയതുകാരണം ഒരു മാസത്തിലേറെ അവിടുന്ന് വേദന സഹിച്ചു. എന്നാല്‍ അവിടുത്തെ അങ്കിഭേതിക്കാനല്ലാതെ അവന് കഴിഞ്ഞില്ല. അവിടുത്തെ കവിളില്‍വെട്ടിയതുകാരണം ശിരസിലണിഞ്ഞിരുന്ന ഇരുമ്പങ്കിയുടെ രണ്ടു കണ്ണികള്‍ അവിടുത്തെ കവിളില്‍ താഴ്ന്നുപോയി. അവന്‍ പറഞ്ഞു: 'ഞാന്‍ ഇബ്നുഖമിഅയാണ് ഇത് സ്വീകരിച്ചോളൂ' റസൂല്‍(സ) അവിടുത്തെ മുഖത്ത്നിന്ന് രക്തം തുടച്ചുകൊണ്ട് പറഞ്ഞു: അല്ലാഹുനിന്നെ നിന്ദിക്കട്ടെ.'(19)
ബുഖാരി രേഖപ്പെടുത്തുന്നു: 'അവിടുത്തെ പല്ലുപൊട്ടുകയും ശിരസില്‍ മുറിവേല്ക്കുകയും ചെയ്തപ്പോള്‍ തന്റെ മുഖത്തെ രക്തം തുടച്ചുകൊണ്ട് അവിടുന്നു പറഞ്ഞു: തങ്ങളുടെ പ്രവാചകന്റെ മുഖത്ത് മുറിവേല്പിക്കുകയും പല്ലു പൊട്ടിക്കുകയും ചെയ്ത ഒരു സമൂഹം, എങ്ങനെയാണ് വിജയിക്കുക? അദ്ദേഹമാകട്ടെ അല്ലാഹുവിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു.' അപ്പോള്‍ അല്ലാഹു ഇങ്ങനെ അവതരിപ്പിച്ചു: "(നബിയേ) കാര്യത്തിന്റെ തീരുമാനത്തില്‍ നിനക്കുയാതൊരവകാശവുമില്ല. അവന്‍ (അല്ലാഹു) അവരുടെ പശ്ചാതാപം സ്വീകരിച്ചേക്കാം അല്ലെങ്കില്‍ അവന്‍ അവരെ ശിക്ഷിച്ചേക്കാം. തീര്‍ച്ചയായും അവര്‍ അക്രമികളാകുന്നു.'' (3:128) (20)

ത്വബ്റാനിയുടെ നിവേദനമനുസരിച്ച് അവിടുന്ന് പറഞ്ഞത്: 'ദൈവദൂതന്റെ മുഖം മുറിവേല്പിച്ച ജനതയുടെമേല്‍ അല്ലാഹുവിന്റെ കോപം കഠിനമായിരിക്കുന്നു.' അല്പം കഴിഞ്ഞവിടുന്ന് പ്രാര്‍ഥിച്ചു. 'അല്ലാഹുവേ എന്റെ ജനങ്ങള്‍ക്കു നീ പൊറുത്തുകൊടുക്കണേ അവര്‍ അറിവില്ലാത്തവരാണ്.' മുസ്ലിം തന്റെ സ്വഹീഹിലും ഖാദിഇയാള് തന്റെ അശ്ശിഫാഇലും ഇതേ ആശയം തന്നെ നിവേദനം ചെയ്യുന്നു.
റസൂല്‍(സ)യുടെ കഥ കഴിക്കലായിരുന്നു ബഹുദൈവവിശ്വാസികളുടെ ലക്ഷ്യമെന്നതില്‍ സംശയമില്ല. പക്ഷേ, ധീരരും ശൂരരുമായ രണ്ടു ക്വുറൈശിഭടന്മാരായ സഅദും ത്വല്‍ഹയും അന്യാദൃശമായ പ്രതിരോധത്തിലൂടെ അവരുടെ ലക്ഷ്യം തകര്‍ത്തുകളഞ്ഞു. ഇവരുടെ അസ്ത്രങ്ങളേറ്റു ശത്രു സൈന്യത്തിന്റെ ശക്തിതകരുകയും ചെയ്തു.

റസൂല്‍(സ) തന്റെ ആവനാഴി ഒഴിവാക്കിക്കൊണ്ട് സഅദ്ബിന്‍ അബീവഖാസിനോടു പറഞ്ഞു: 'എറിയുക, എന്റെ മാതാപിതാക്കളെ ഞാന്‍ താങ്കള്‍ക്കു സമര്‍പ്പിക്കാം!' റസൂല്‍(സ) മറ്റാര്‍ക്കുവേണ്ടിയും ഇതുപോലെ രണ്ടുപേരേയും ഒരുമിച്ചു സമര്‍പ്പിച്ചിട്ടില്ല. ഇത് അദ്ദേഹത്തിന്റെ യോഗ്യതക്കുള്ള ഒരംഗീകാരമായിരുന്നു. (21)

ഏതാനും അന്‍സ്വാറുകള്‍ക്കിടയില്‍ റസൂല്‍(സ) നില്ക്കുമ്പോല്‍ ശത്രുക്കള്‍ അദ്ദേഹത്തിന്റെയടുക്കല്‍ എത്തിയ സംഭവം വിശദീകരിക്കുന്ന സന്ദര്‍ഭത്തില്‍ ജാബിര്‍ പറയുന്നു: 'ബഹുദൈവാരാധകര്‍ ദൈവദൂതരെ കണ്ടുമുട്ടി. ഉടനെ റസൂല്‍(സ) ചോദിച്ചു: 'ആരുണ്ട് അവരെ നേരിടാന്‍?' ത്വല്‍ഹ പറഞ്ഞു: 'ഞാന്‍' അന്‍സ്വാറുകള്‍ ഓരോരുത്തരും വധിക്കപ്പെട്ടശേഷം ത്വല്‍ഹ മുന്നോട്ടുവന്നു. മറ്റു ഏഴു പേര്‍ പോരാടിയതുപോലെ ത്വല്‍ഹയും പോരാടി. അങ്ങനെ അദ്ദേഹത്തിന്റെ കൈക്ക് വെട്ടേല്ക്കുകയും വിരലുകള്‍ മുറിഞ്ഞു പോവുകയും ചെയ്തു. ഉടനെ അദ്ദേഹം പറഞ്ഞു: 'നന്നായി:' അപ്പോള്‍ റസൂല്‍(സ) പറഞ്ഞു: 'നീയെങ്ങാനും ബിസ്മില്ലാഹ് എന്ന് പറഞ്ഞിരുന്നെങ്കില്‍ ജനങ്ങള്‍ നോക്കി നില്‍ക്കെ മലക്കുകള്‍ താങ്കളെ ഉയര്‍ത്തികൊണ്ടുപോകുമായിരുന്നു' പിന്നീട് അല്ലാഹു വിഗ്രഹപൂജകരെ തിരിച്ചയച്ചു.(22)

ബുഖാരി ഖൈസ്ബിന്‍ അബീഹാസിം പറഞ്ഞതായി നിവേദനം ചെയ്യുന്നു: 'ഉഹ്ദ് ദിവസം റസൂല്‍(സ)യെ പ്രതിരോധിച്ചതുകാരണം ത്വല്‍ഹയുടെ കൈ തളര്‍ന്നുപോയതു ഞാന്‍ കാണുകയുണ്ടായി.'

റസൂല്‍(സ) അദ്ദേഹത്തെപ്പറ്റി പറഞ്ഞത് തിര്‍മിദി രേഖപ്പെടുത്തുന്നു: "ഭൂമിയിലൂടെ സഞ്ചരിക്കുന്ന ഒരു രക്തസാക്ഷിയെ ആര്‍ക്കെങ്കിലും കാണണമെന്നുണ്ടെങ്കില്‍ അവര്‍ ത്വല്‍ഹത്തുബിന്‍ ഉബൈദുല്ലയെ നോക്കട്ടെ!''

അബുദാവൂദ് ആഇശ(റ)യില്‍നിന്ന് രേഖപ്പെടുത്തുന്നു. 'അബൂബക്കര്‍(റ) ഉഹ്ദ് യുദ്ധം അനുസ്മരിച്ചാല്‍ പറയും 'അത് മുഴുവന്‍ ത്വല്‍ഹയുടെ ദിനമായിരുന്നു.''
അത്യധികം പ്രയാസകരമായ സന്ദര്‍ഭത്തില്‍ അല്ലാഹു അവന്റെ അദൃശ്യമായ സഹായം മുസ്ലിംകള്‍ക്ക് നല്‍കുകയുണ്ടായി. ബുഖാരിയും മുസ്ലിമും സഅദില്‍നിന്ന് രേഖപ്പെടുത്തുന്നു. 'ഞാന്‍ ഉഹ്ദ് ദിവസം റസൂല്‍(സ)യെ കണ്ടു അദ്ദേഹത്തിന്റെ കൂടെ ശുഭവസ്ത്രധാരികളായ രണ്ടുപേര്‍ ശക്തിയായി പോരാടുന്നുണ്ട്. അതിനുമുമ്പോ പിമ്പോ ഞാനവരെ കണ്ടിട്ടില്ല.' മറ്റൊരു നിവേദനത്തില്‍: അത് ജിബ്രീലും മീകാഈലുമായിരുന്നു എന്നാണുള്ളത്.

സ്വഹാബികള്‍ പ്രവാചകന് ചുറ്റും
കാര്യങ്ങളെല്ലാം ഞൊടിയിടകൊണ്ടാണ് നടന്നത്. അല്ലായിരുന്നുവെങ്കില്‍ മുന്നണിയില്‍ പോരാടിയിരുന്ന പ്രമുഖരായ സ്വഹാബി വര്യന്മാര്‍ക്ക് സാഹചര്യത്തിന്റെ മാറ്റം അറിഞ്ഞും തിരുമേനിയുടെ വിളികേട്ടും ശത്രുക്കള്‍ എത്തുന്നതിനുമുമ്പ് അവിടുത്തെ സമീപം എത്തിച്ചേരാന്‍ കഴിയുമായിരുന്നില്ല. അവര്‍ എത്തിച്ചേര്‍ന്നപ്പഴേക്കും റസൂല്‍(സ)ക്ക് മുറിവേല്‍ക്കുകയും ആറു അന്‍സാറുകള്‍ വധിക്കപ്പെടുകയും ഏഴാമത്തയാള്‍ മുറിവേറ്റു തളര്‍ന്ന് വീഴുകയും ചെയ്തിരിക്കുന്നു. സഅദും ത്വല്‍ഹയും കഠിനമായി ചെറുത്തു നില്ക്കേണ്ടിയും വന്നു. അവര്‍ എത്തിച്ചേര്‍ന്നതോടെ തിരുമേനിക്ക് ചുറ്റും അവര്‍ ഒരു മനുഷ്യ മതില്‍തന്നെ സൃഷ്ടിച്ചുകൊണ്ടു ശത്രുക്കളെ പ്രതിരോധിച്ചു. ആദ്യം അവിടുത്തെ സമീപം എത്തിച്ചേര്‍ന്നത് കൂടെ ഗുഹയില്‍ ഉണ്ടായിരുന്ന അബൂബക്കര്‍(റ) തന്നെയായിരുന്നു.

ഇബ്നു ഹിബ്ബാന്‍ ആഇശ(റ)യില്‍നിന്ന് നിവേദനം ചെയ്യുന്നു: 'അബൂബക്കര്‍(റ) പറഞ്ഞു: ഉഹ്ദ് യുദ്ധദിവസം ജനങ്ങളെല്ലാം നബി (സ)യില്‍നിന്ന് വിട്ടകന്നപ്പോള്‍ ഞാനായിരുന്നു ആദ്യം തിരിച്ചുവന്നത്. അപ്പോള്‍ അവിടുത്തെ മുന്നില്‍ ഒരു മനുഷ്യന്‍ ശത്രുക്കളോടേറ്റുമുട്ടുകയും അദ്ദേഹത്തെ സംരക്ഷിക്കുകയും ചെയ്യുന്നതു ഞാന്‍ കണ്ടു. എന്റെ മാതാപിതാക്കളെ ഞാന്‍ താങ്കള്‍ക്കു സമര്‍പ്പിക്കുന്നു അത് ത്വല്‍ഹയായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആത്മഗതം ചെയ്തു. ഞാനവിടെ എത്തുമ്പോഴേക്കും അബുഉബൈദബിന്‍ അല്‍ജര്‍റാഹ് ഒരു പക്ഷിയെപോലെ വേഗത്തില്‍ ചലിച്ചുകൊണ്ട് എന്റെ സമീപമെത്തി. ഞങ്ങള്‍ രണ്ടുപേരും പ്രവാചകനെ സമീപിച്ചു. അപ്പോഴതാ അവിടുത്തെ മുന്നില്‍ ത്വല്‍ഹ വെട്ടേറ്റു വീണുകിടക്കുന്നു. നബി(സ) പറഞ്ഞു: 'അതാ നിങ്ങളുടെ സഹോദരന്‍ അവന്‍ സ്വര്‍ഗത്തിനര്‍ഹനായിരിക്കുന്നു.' റസൂല്‍(സ)ക്ക് കവിളില്‍ ഏറുകൊണ്ടത് കാരണം അവിടുന്ന് ശിരസിലണിഞ്ഞിരുന്ന ഇരുമ്പുതൊപ്പിയുടെ രണ്ടുവട്ടക്കണ്ണികള്‍ അവിടുത്തെ കവിളില്‍ താഴ്ന്നുപോയിരുന്നു. അത് പറിച്ചെടുക്കാന്‍ വേണ്ടി ഞാന്‍ മുതിര്‍ന്നപ്പോള്‍ അബുഉബൈദ് പറഞ്ഞു: "അല്ലാഹുവില്‍ ഞാന്‍ സത്യം ചെയ്യുന്നു, അബൂബക്കര്‍, അതെനിക്കു വിട്ടുതരണം: തുടര്‍ന്നദ്ദേഹം, വളരെ സാവധാനത്തില്‍, നബി(സ)ക്ക് വേദനയാകാതെ തന്റെ പല്ലുകള്‍കൊണ്ട് അവപറിച്ചെടുത്തു: അപ്പോഴേക്കും അദ്ദേഹത്തിന്റെ മുന്‍പല്ലു പൊഴിഞ്ഞുവീണു, അടുത്ത വട്ടക്കണ്ണി പറിച്ചെടുക്കാന്‍ ഞാന്‍ മുതിര്‍ന്നപ്പോള്‍ നേരത്തെ പറഞ്ഞതുപോലെ അബൂ ഉബൈദ വീണ്ടും പറയുകയും അടുത്തതും തിരുമേനിക്ക് വേദനയാകാതെ തന്റെ ദന്തങ്ങള്‍കൊണ്ട് പറിച്ചെടുക്കുകയും ചെയ്തു. അപ്പോഴേക്കും അടുത്തപല്ലും പൊഴിഞ്ഞു. അനന്തരം റസൂല്‍(സ) പറഞ്ഞു: അതാ നിങ്ങളുടെ സഹോദരനെ നോക്കൂ അവന്‍ സ്വര്‍ഗത്തിനു അര്‍ഹനായിരിക്കുന്നു. അങ്ങനെ ത്വല്‍ഹയെ ചികിത്സിക്കാനായി ഞങ്ങള്‍ അങ്ങോട്ടു തിരിഞ്ഞു. അപ്പോഴദ്ദേഹത്തിന് പത്തിലധികം വെട്ടുകള്‍കൊണ്ടതായി ഞങ്ങള്‍ കണ്ടു.' (23)

സംഘര്‍ഷ ഭരിതമായ ഈ നിമിഷങ്ങള്‍ക്കിടയില്‍ നബി(സ)ക്ക് ചുറ്റും ഒരുപറ്റം ധീരരായ സ്വഹാബിമാര്‍ പ്രതിരോധിച്ചുകൊണ്ട് നിലയുറപ്പിച്ചു. ഇവരില്‍ പ്രധാനികളാണ്. അബൂദുജാന, മുസ്വ്അബ്, അലി, സഹ്ല്‍, മാലിക്ബിന്‍ സിനാന്‍, (ഇദ്ദേഹം അബുസഈദുല്‍ ഖുദ്രിയുടെ പിതാവാണ്). കഅബുല്‍ മാസിനിയയുടെ പുത്രി ഉമ്മു അമ്മാറാ നസീബ, ഖതാദബിന്‍ നുഅ്മാന്‍, ഉമര്‍, ഹാത്വിബ്ബിന്‍ അബീബല്‍തഅ, അബൂത്വല്‍ഹ എന്നിവര്‍ ശത്രുസൈന്യത്തിന്റെ എണ്ണവും വര്‍ധിച്ചുകൊണ്ടിരുന്നു. ഇതിനിടയില്‍ അബുആമിര്‍ അല്‍ഫാസിഖ് കുഴിച്ചിരുന്ന ചതിക്കുഴിയില്‍ നബിതിരുമേനി വീണു. കാല്‍ മുട്ടില്‍ മുറിവേറ്റു. അലി കൈക്കും ത്വല്‍ഹമാറിലും പിടിച്ചു അവിടുത്തെ നിവര്‍ന്നു നില്ക്കാന്‍ സഹായിച്ചു. നാഫിഅ് ബിന്‍ ജുബൈര്‍ പറയുന്നു: 'ഒരു മുഹാജിര്‍ ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടു: 'ഞാന്‍ ഉഹ്ദ് യുദ്ധത്തില്‍ സാക്ഷിയായിട്ടുണ്ട്. നാലുഭാഗത്ത്നിന്നും അമ്പുകള്‍ നബി തിരുമേനിയുടെ നേരെ വരുന്നതു ഞാന്‍ കണ്ടു. പക്ഷേ, ഒന്നും അദ്ദേഹത്തിന് ഏറ്റില്ല. അന്ന്, അബ്ദുല്ലാഹിബിന്‍ ശിഹാബ് അസ്സുഹ്രി ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു: 'മുഹമ്മദ് എവിടെയെന്ന് കാണിച്ചുതരൂ! അവന്‍ രക്ഷപ്പെട്ടാല്‍ പിന്നെ എനിക്കും രക്ഷയില്ല. അതേ സമയം റസൂല്‍(സ) ഒറ്റക്ക് അവന്റെ സമീപമുണ്ടായിരുന്നു. അദ്ദേഹത്തെ ഒന്നും ചെയ്യാത്തത് കണ്ട സ്വഫ്വാന്‍ അവനെ ആക്ഷേപിച്ചു. അപ്പോള്‍ അവന്‍ പറഞ്ഞു: "അല്ലാഹുവില്‍ സത്യം! ഞാനവനെ കണ്ടില്ല'. അവന്‍ നമ്മുടെ ശ്രമത്തില്‍നിന്ന് സംരക്ഷിക്കപ്പെട്ടവനാണ്. ഞങ്ങള്‍ അന്ന് നാല് പേര്‍ പ്രവാചകനെ വധിക്കാന്‍തന്നെ തീരുമാനിച്ചുകൊണ്ട് പുറപ്പെട്ടുവെങ്കിലും സാധിച്ചില്ല.'(24)

അതുല്യ ധീരത
മുസ്ലിം ഭടന്മാര്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത ധീരതയും ആത്മസമര്‍പ്പണവുമാണ് ഇവിടെ പ്രകടിപ്പിച്ചത്. അബൂത്വല്‍ഹതന്റെ വിരിമാറ് ഉയര്‍ത്തിപിടിച്ചുകൊണ്ടായിരുന്നു പ്രവാചകനു നേരെ വന്ന അസ്ത്രങ്ങള്‍ തടുത്തിരുന്നത്. അനസ് പറയുന്നു: 'ഉഹ്ദ് ദിവസം ജനങ്ങള്‍ നബി(സ)യുടെ അടുക്കല്‍നിന്ന് മാറിയപ്പോള്‍, അബൂത്വല്‍ഹ തന്റെ പരിചയുമായി തിരുമേനിയുടെ മുന്നില്‍ നിലയുറപ്പിച്ചു. വില്ലാളി വീരനായിരുന്ന അദ്ദേഹം അന്ന് രണ്ടോ മൂന്നോ വില്ലുകള്‍ മുറിച്ചു. ആരെങ്കിലും ആവനാഴിയുംകൊണ്ട് കടന്നുപോകുന്നതുകണ്ടാല്‍ നബി(സ) അയാളോടുപറയും: 'നിങ്ങളത് അബൂത്വല്‍ഹക്കുവേണ്ടി ഇവിടെ വിതറുക.' ജനങ്ങളുടെ നിലപാട് അറിയാന്‍ നബി(സ) അവരുടെ ഭാഗത്തേക്ക് എത്തിനോക്കിയാല്‍ അബൂത്വല്‍ഹ പറയും: 'എന്റെ മാതാപിതാക്കളെ ഞാന്‍ അങ്ങേക്കു സമര്‍പ്പിക്കുന്നു. 'താങ്കള്‍ അങ്ങനെ നോക്കരുത്, ശത്രുക്കളുടെ അമ്പ് താങ്കളുടെ ശരീരത്തില്‍ പതിക്കാന്‍ ഇടയാകും. ഞാന്‍ എന്റെ മാറിടം കൊണ്ട് അങ്ങയുടെ മാറിടത്തെ പ്രതിരോധിച്ചു കൊള്ളാം.''(25)

അബൂത്വല്‍ഹയും പ്രവാചകനും ഒരു പരിചകൊണ്ടായിരുന്നു പ്രതിരോധിച്ചിരുന്നത്. അദ്ദേഹം അസ്ത്രം തൊടുത്തുവിട്ടാല്‍ അതിന്റെ പതനസ്ഥലം റസൂല്‍(സ) വീക്ഷിക്കുമായിരുന്നു.(26)

അബൂദുജാന തന്റെ മുതുക് ഒരു പരിചയാക്കിമാറ്റി തിരുമേനിക്ക് നേരെ വന്ന അമ്പുകള്‍ ഏറ്റുവാങ്ങി. റസൂല്‍(സ)യുടെ പല്ല് പൊട്ടിച്ചു കളഞ്ഞ ഉത്ബബിന്‍ അബീവഖാസിനെ ഹാതിബ്ബിന്‍ അബീബല്‍തഅ പിന്തുടര്‍ന്ന് വധിക്കുകയും അവന്റെ കുതിരയും വാളും കൈവശപ്പെടുത്തുകയും ചെയ്തു. ഉത്ബയുടെ സഹോദരന്‍ സഅദ്ബിന്‍ അബീവഖാസിന് ഉത്ബയെ വധിക്കണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഹാതിബിനാണ് വിധിയുണ്ടായത്. സഹ്ല്‍ ബിന്‍ ഹനീഫ് ധീരനായ ഒരു അസ്ത്രവിദഗ്ധനായിരുന്നു. അദ്ദേഹം റസൂല്‍(സ)യോട് മരിക്കാമെന്ന് പ്രതിജ്ഞചെയ്തുകൊണ്ട് ശത്രുക്കള്‍ക്കെതിരില്‍ അടരാടി.
നബിതിരുമേനി തന്നെ നേരിട്ട് ശത്രുക്കള്‍ക്കെതിരില്‍ അമ്പെയ്യുകയുണ്ടായി. ഖതാദബിന്‍ നുഅ്മാന്‍ പറയുന്നു: 'നബി(സ) അവിടുത്തെ വില്ലിന്റെ വളഞ്ഞ അറ്റം പൊട്ടുന്നതു വരെ അമ്പെയ്തു.'

ആ ഭാഗം ഖതാദ തന്റെ പക്കല്‍ സൂക്ഷിക്കുകയുണ്ടായി. യുദ്ധത്തിനിടയില്‍ ഖതാദയുടെ ഒരു കണ്ണ് അമ്പേറ്റ് കവിളിലേക്ക് തുറിച്ചപ്പോള്‍ തിരുമേനി അത് പൂര്‍വസ്ഥിതിയില്‍ തന്നെ സ്ഥാപിച്ചു. പിന്നീട് അതായിരുന്നു മറ്റേ കണ്ണിനേക്കാള്‍ കാഴ്ചയുണ്ടായിരുന്നത്. (27)
അബ്ദുറഹ്മാന്‍ബിന്‍ ഔഫിന് വായക്ക് വെട്ടേറ്റതു കാരണം ചുണ്ടുകള്‍ മുറിഞ്ഞുപോയി. ഇരുപതോ അതിലധികമോ വെട്ടുകള്‍ അദ്ദേഹത്തിന്റെ ശരീരത്തിലേറ്റിരുന്നു. ചിലവെട്ടുകള്‍ കാലിലേറ്റതുകാരണം മുടന്തുബാധിക്കുകയും ചെയ്തു.

അബൂ സഈദില്‍ ഖുദ്രിയുടെ പിതാവ് മാലിക്ബിന്‍ സിനാന്‍ തിരുമേനിയുടെ കവിളിലെ മുറിവില്‍നിന്ന് രക്തം ഉറുഞ്ചിയെടുത്ത് അതു ശുദ്ധിയാക്കി. റസൂല്‍(സ) പറഞ്ഞു: 'അത് തുപ്പിക്കളയൂ' അദ്ദേഹം: 'ഞാനത് ഒരിക്കലും തുപ്പിക്കളയില്ല'. പിന്നീടദ്ദേഹം യുദ്ധക്കളത്തിലേക്ക് തിരിഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞു: 'സ്വര്‍ഗവാസിയെ കാണാനാഗ്രഹിക്കുന്നവര്‍ ഇദ്ദേഹത്തെ നോക്കുക:' അതില്‍ അദ്ദേഹം രക്തസാക്ഷിയായി.
മുസ്ലിം ഭടന്മാരോടൊന്നിച്ച് ഉമ്മു അമ്മാറ എന്ന ധീരവനിത ഇബ്നു ഖമിഅയെനേരിട്ടു. അവന്‍ അവളുടെ ചുമലില്‍ വെട്ടിയതുകാരണം ആഴത്തിലുള്ള മുറിവുണ്ടായി. അവര്‍ അവനെ തന്റെ വാളുകൊണ്ടു പലതവണ ആഞ്ഞുവെട്ടിയെങ്കിലും രണ്ട് അങ്കികള്‍ മേല്‍ക്കുമേല്‍ അണിഞ്ഞ അവനത് ഏറ്റില്ല. യുദ്ധക്കളത്തില്‍ തന്നെ ഉറച്ചുനിന്ന ഉമ്മുഅമ്മാറക്ക് പന്ത്രണ്ട് മുറിവുകളേറ്റിരുന്നു.

പതാകവാഹകനായ മുസ്വ്അബ്ബിന്‍ ഉമൈര്‍, അത്ഭുതാവഹമായ ധീരതയാണ് പ്രകടിപ്പിച്ചത്. ഇബ്നു ഖമിഅയില്‍നിന്നും അനുയായികളില്‍നിന്നും നബി(സ)യെ പ്രതിരോധിച്ചു. വലതുകൈ വെട്ടേറ്റുമുറിഞ്ഞ അദ്ദേഹം പതാക ഇടതുകൈയിലേക്ക് മാറ്റി. അതും മുറിഞ്ഞപ്പോള്‍ പിരടിയിലും നെഞ്ചിലുമായി ചേര്‍ത്തുപിടിച്ച് വധിക്കപ്പെടുന്നതുവരെ പിടിച്ചുനിന്നു. ഇബ്നു ഖമിഅയാണ് ഇദ്ദേഹത്തെ വധിച്ചത്. മുസ്വ്അബിന് നബി (സ)യോടുള്ള രൂപസാദൃശ്യം കാരണം നബിയാണെന്ന ധാരണയില്‍ ഇബ്നുഖമിഅ 'മുഹമ്മദ് വധിക്കപ്പെട്ടു' വെന്ന് ശത്രുപാളയത്തില്‍ പോയി അട്ടഹസിച്ചു. (28)

ഇതോടെ പ്രവാചകന്‍ വധിക്കപ്പെട്ടുവെന്നവാര്‍ത്ത മുസ്ലിംകള്‍ക്കും മുശ്രിക്കുകള്‍ക്കും ഇടയില്‍ വ്യാപിച്ചു. ഇതോടെ മുസ്ലിംകളുടെ ആവേശം ചോര്‍ന്നുപോവുകയും ഭദ്രമായിരുന്ന അണികള്‍ ശിഥിലമാവുകയും യുദ്ധക്കളം മൊത്തം അരാജകത്വം വ്യാപിക്കുകയും ചെയ്തു. ഇത് ശത്രുക്കളുടെ കടന്നാക്രമണത്തേയും അല്പം ലഘൂകരിച്ചു. ലക്ഷ്യം സാക്ഷാല്‍കൃതമായി എന്ന സമാധാനത്തില്‍ അവരില്‍ അധികപേരും വധിക്കപ്പെട്ട മുസ്ലിം ഭടന്മാരുടെ ജഡം വികൃതമാക്കുന്നതില്‍ മുഴുകി.

പ്രവാചകന്‍ സൈന്യസമേതം മുന്നോട്ട്
മുസ്വ്അബ് വധിക്കപ്പെട്ടതോടെ നബി(സ) പതാക അലിയെ ഏല്പിച്ചു. അലി ശക്തിയായി പോരാടി. കൂടെ ഇതര സ്വഹാബികള്‍ അക്രമിക്കുകയും പ്രതിരോധിക്കുകയും ചെയ്തുകൊണ്ട് മുന്നേറി.

ഇതോടെ പ്രവാചകന് വലയം ചെയ്യപ്പെട്ട സൈന്യത്തിന്റെ സമീപത്തേക്ക് നീങ്ങാന്‍ വഴി തുറന്നുകിട്ടി. അവിടുന്ന് അവിടേക്ക് നീങ്ങി. അതോടെ കഅബ്ബിന്‍ മാലിക് തിരുമേനിയെ തിരിച്ചറിഞ്ഞു. ഇദ്ദേഹമാണ് ആദ്യം നബിയെ തിരിച്ചറിഞ്ഞത്. അദ്ദേഹം അത്യുച്ചത്തില്‍ വിളിച്ചുപറഞ്ഞു: "മുസ്ലിംകളേ സന്തോഷിക്കുവീന്‍! ഇതാ ദൈവദൂതര്‍' ഉടനെ പ്രവാചകന്‍ മൌനിയാകാന്‍ അദ്ദേഹത്തിനു നിര്‍ദേശം നല്കി. ഇത് തന്റെ സ്ഥാനം ബഹുദൈവാരാധകര്‍ മനസ്സിലാക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു. പക്ഷേ, ശബ്ദം മുസ്ലിംകള്‍ കേള്‍ക്കുകയും പ്രവാചകന് ചുറ്റും ഏകദേശം മുപ്പത് പേര്‍ തടിച്ചുകൂടുകയും ചെയ്തു. ഇതോടെ പ്രവാചകന്‍ ശത്രുക്കള്‍ക്കിടയിലൂടെ വ്യവസ്ഥാപിതമായി മലയുടെ താഴ്വരയിലേക്ക് പിന്‍വാങ്ങി. അപ്പോഴും ശത്രുസൈന്യം അക്രമനിരതരെങ്കിലും മുസ്ലിം പുലിക്കുട്ടികളുടെ മുമ്പില്‍ അവര്‍ പതറി.

ശത്രുപക്ഷത്ത്നിന്ന് ഉഥ്മാന്‍ ബിന്‍ അബ്ദുല്ലബിന്‍ മുഗീറ എന്ന അശ്വഭടന്‍ നബി(സ)യെ വധിക്കാനായി മുന്നോട്ടുവന്നു. അവന്‍ പറയുന്നുണ്ടായിരുന്നു: 'നീ രക്ഷപ്പെട്ടാല്‍ ഞാന്‍ പിന്നീട് ജീവിച്ചിരിക്കില്ല.' അവനെ നേരിടാനായി പ്രവാചകന്‍ എഴുന്നേറ്റു. പക്ഷേ അവന്റെ കുതിര കുഴിയില്‍ കാല്‍വഴുതി. അതോടെ ഹാരിഥ്ബിന്‍ അസ്സിമ അവന്റെ കാലില്‍ ആഞ്ഞുവെട്ടി. അവന്റെ കഥകഴിച്ചശേഷം ആയുധങ്ങളുമെടുത്ത് നബി (സ)യോടൊപ്പം ചേര്‍ന്നു.
പക്ഷെ, ശത്രു സൈന്യത്തിലെ മറ്റൊരു അശ്വഭടനായ അബ്ദുല്ലാഹിബിന്‍ ജാബിര്‍ തന്റെ വാളുകൊണ്ട് ഹാരിഥ് ബിന്‍ അസ്സിമയെ ചുമലില്‍ വെട്ടിമുറിവേല്പിച്ചു. അങ്ങനെ അദ്ദേഹത്തെ മുസ്ലിംകള്‍ ചുമന്നു. പക്ഷേ, ചെമന്ന തലപ്പാവുകാരനായ ധീരന്‍ അബൂദുജാന അബ്ദുല്ലാഹിബ്ന്‍ ജാബിറിനെ കടന്നാക്രമിക്കുകയും ഒറ്റവെട്ടിന് അവന്റെ തല പറപ്പിക്കുകയും ചെയ്തു.

ഈ മികവുറ്റ പോരാട്ടത്തിനിടയില്‍ അല്ലാഹുവില്‍നിന്നുള്ള സംരക്ഷണമായി മുസ്ലിംകളെ ഒരു തരം മയക്കം ബാധിച്ചു. ഇത് ക്വുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. അബൂത്വല്‍ഹപറയുന്നു: ഉഹ്ദ് ദിവസം മയക്കം ബാധിച്ചവരില്‍ ഒരാളാണ് ഞാന്‍. അങ്ങനെ എന്റെ കൈകളില്‍നിന്ന് വാള്‍ പലതവണ താഴെ വീണു. (29)
ഇവ്വിധമുള്ള ധീരകൃത്യങ്ങളിലൂടെ, വ്യവസ്ഥാപിതമായ പിന്‍മാറ്റത്തിലൂടെ ഈ സൈന്യവ്യൂഹം ഉഹ്ദ് മലയുടെ സുരക്ഷിതമായ താഴ്വരയിലെത്തി. അവശേഷിച്ചഭടന്മാര്‍ക്കും ഇവിടേക്കു മാര്‍ഗം തുറന്നു കിട്ടിയതോടെ അവരും അവിടെ സമ്മേളിച്ചു. അങ്ങനെ ഖാലിദിന്റെ പ്രാവീണ്യം പ്രവാചകന്റെ തന്ത്രപരമായ നീക്കങ്ങളുടെ മുമ്പില്‍ പൊളിഞ്ഞു.

ഉബയ്യുബ്ന്‍ ഖലഫിന്റെ വധം
ഇബ്നു ഇസ്ഹാഖ് രേഖപ്പെടുത്തുന്നു: നബി(സ) ഉഹ്ദ്മലയുടെ താഴ്വരയിലേക്ക് എത്തിയപ്പോള്‍ ഉബയ്ബിന്‍ ഖലഫ് അദ്ദേഹത്തെ കണ്ടു. അവന്‍ പറയുകയാണ്: "മുഹമ്മദ് എവിടെ? അവന്‍ രക്ഷപ്പെട്ടാന്‍ ഞാന്‍ ജീവിച്ചിരിക്കില്ല'. ജനങ്ങള്‍ പറഞ്ഞു: 'ദൈവദൂതരേ! ഞങ്ങളാരെങ്കിലും അവനെ നേരിട്ടാലോ'? അപ്പോള്‍ റസൂല്‍(സ) പറഞ്ഞു: "അവനെ വിട്ടേക്കൂ'. അവന്‍ അടുത്തു വന്നപ്പോള്‍ ഹാരിഥ്ബിന്‍ അസ്സിമയില്‍നിന്ന് കുന്തം വാങ്ങി റസൂല്‍(സ) സജ്ജമായി. എന്നിട്ടവനെ അഭിമുഖീകരിച്ചു. തുടര്‍ന്ന് ശിരസിലും ശരീരത്തിലുമണിഞ്ഞ അങ്കിയുടെ വിടവിലൂടെ അവന്റെ തൊണ്ടക്കുഴിയില്‍ കുന്തമിറക്കി. അതുകാരണം അവന്‍ തന്റെ കുതിരപ്പുറത്ത് നിന്നു പലതവണ താഴെ വീണു. അവന്‍ ക്വുറൈശികളുടെ സമീപത്തേക്ക് തിരിച്ചു ചെല്ലുമ്പോള്‍ കഴുത്തില്‍നിന്ന് രക്തം വാര്‍ന്നുകൊണ്ടിരുന്നു. അവന്‍ പറയുന്നുണ്ടായിരുന്നു: 'അല്ലാഹുവാണേ, മുഹമ്മദ് എന്നെ കൊന്നുകളഞ്ഞു'. അവര്‍ പറഞ്ഞു: 'അല്ലാഹുവാണേ, നിനക്കെന്തോ ബാധിച്ചിരിക്കുന്നു. നിന്റെ ബുദ്ധിനഷ്ടപ്പെട്ടിരിക്കുന്നു.' അവന്‍ പറഞ്ഞു: 'മക്കയിലായിരുന്ന സമയത്ത് ഞാന്‍ നിന്നെ വധിക്കുമെന്ന് അവന്‍ എന്നോടു പറഞ്ഞിരുന്നു.' (30) അല്ലാഹുവാണേ അവന്‍ എന്റെ മേല്‍ ഒന്നു തുപ്പിയാല്‍ തന്നെ ഞാന്‍ മരിച്ചുപോകുമായിരുന്നു. അല്ലാഹുവിന്റെ ഈ ശത്രു മക്കയിലേക്ക് മടങ്ങും വഴി സറഫ് എന്നിടത്ത് വെച്ച് മരിച്ചു. മറ്റൊരു നിവേദനമനുസരിച്ച്: അവന്‍ കാളമൂക്രയിടുന്നതുപോലെ മൂക്രയിടുകയും ഇങ്ങനെ പറയുകയും ചെയ്തിരുന്നു: എന്റെ ആത്മാവ് ആരുടെ കൈവശമാണോ അവന്‍ തന്നെ സത്യം! എനിക്ക് സംഭവിച്ചത് ദുല്‍മജാസ്കാര്‍ക്ക് സംഭവിച്ചിരുന്നുവെങ്കില്‍ അവരൊന്നായി മരിക്കുമായിരുന്നു.''(31)

അവസാനശ്രമം
പ്രവാചകന്‍ അനുയായികളെ ഉഹ്ദ് മലയുടെ താഴ്വരയിലേക്ക് പിന്‍വലിക്കുന്നതിനിടയില്‍ ഒരു പാറ കയറി മറിയേണ്ടിയിരുന്നു. പക്ഷേ, അവിടുന്ന് രണ്ടു അങ്കികള്‍ അണിയുകയും കഠിനമായി മുറിവേല്‍ക്കുകയും ചെയ്തിരുന്നത് കാരണം അവിടുത്തേക്ക് അത് കയറാന്‍ കഴിഞ്ഞില്ല. ഉടനെ ത്വല്‍ഹ താഴെയിരുന്നു അദ്ദേഹത്തെ ഉയര്‍ത്തി പാറയില്‍ കയറ്റി. അപ്പോള്‍ അവിടുന്നു പറഞ്ഞു: 'ത്വല്‍ഹ സ്വര്‍ഗത്തിനു അര്‍ഹനായിരിക്കുന്നു.''(32)
പ്രവാചകന്‍ മലയുടെ താഴ്വരയില്‍ തന്റെ താവളത്തിലുറച്ചപ്പോള്‍ ശത്രുക്കള്‍ അവരുടെ ഒരവസാന ശ്രമം കൂടി മുസ്ലിംകള്‍ക്കെതിരില്‍ നടത്തിനോക്കി. ഇബ്നുഇസ്ഹാഖ് രേഖപ്പെടുത്തുന്നു: 'പ്രവാചകന്‍ താഴ്വരയില്‍ എത്തിയപ്പോള്‍ ക്വുറൈശികള്‍ അബുസുഫ്യാന്റെയും ഖാലിദ്ബിന്‍ വലീദിന്റെയും നേതൃത്വത്തില്‍ മലമുകളിലേറി. അപ്പോള്‍ റസൂല്‍(സ) പറഞ്ഞു: 'അല്ലാഹുവേ, അവര്‍ ഞങ്ങളേക്കാള്‍ മേലെയാവുന്നത് ശരിയല്ലല്ലോ' അതു കേട്ടപ്പോള്‍ ഉമര്‍ ഒരു സംഘം മുഹാജിറുകളോടുകൂടി അവരോടേറ്റുമുട്ടി അവരെ താഴെയിറക്കി.' (33)

അല്‍ ഉമവിയുടെ 'അല്‍ മഗാസി' എന്ന ഗ്രന്ഥത്തില്‍ പറയുന്നു: മുശ്രിക്കുകള്‍ മലമുകളിലേറിയപ്പോള്‍ റസൂല്‍(സ) സഅദിനോടു പറഞ്ഞു: 'അവരെ താഴെയിറക്കുക'. അദ്ദേഹം ചോദിച്ചു: 'ഞാനൊറ്റക്ക് എങ്ങനെ അവരെ താഴെയിറക്കും?' അപ്പോള്‍ പ്രവാചകന്‍ തന്റെ വാക്ക് മൂന്നുതവണ ആവര്‍ത്തിച്ചു. ഉടനെ സഅദ് തന്റെ ആവനാഴിയില്‍നിന്ന് അമ്പെടുത്ത് ഒരാളെ ലക്ഷ്യമാക്കി എയ്തു. അവനെ കൊന്നു. പിന്നീടു അങ്ങനെ രണ്ടുപേരെ കൊന്നു. അതോടെ അവര്‍ താഴെയിറങ്ങി. അപ്പോള്‍ സഅദ്, 'ഇതൊരു അനുഗ്രഹീത അമ്പാണ്' എന്ന് പറഞ്ഞുകൊണ്ട് അത് തന്റെ ആവനാഴിയില്‍ നിക്ഷേപിച്ചു. അദ്ദേഹം മരിക്കുന്നതുവരെ അതദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. മരണശേഷം മക്കളും കൈവശം വെച്ചു. (34)

നബിതിരുമേനിക്കെതിരെ ശത്രുക്കള്‍ നടത്തിയ അവസാന ശ്രമമായിരുന്നു ഇത്. അദ്ദേഹത്തിന്റെ മടക്കത്തെപ്പറ്റി അറിയാതെ അദ്ദേഹം വധിക്കപ്പെട്ടിരിക്കാം എന്ന നിഗമനത്തില്‍ അവര്‍ തങ്ങളുടെ സങ്കേതത്തിലേക്കുതന്നെ മടങ്ങി. മക്കയിലേക്കുള്ള മടക്കത്തിന് ഒരുക്കങ്ങള്‍ കൂട്ടുകയും ചെയ്തു. ഇതിനിടയില്‍ അവരിലെ പുരുഷന്മാരും സ്ത്രീകളും വധിക്കപ്പെട്ട മുസ്ലിംകളുടെ ജഡം അംഗഭംഗം വരുത്താന്‍ തുടങ്ങി. അവരുടെ കണ്ണും കാതും മൂക്കും ലിംഗവുമെല്ലാം മുറിച്ചെടുക്കുകയും വയറ് പിളര്‍ക്കുകയും ചെയ്തു. ഉത്ബയുടെ പുത്രി ഹിന്ദ് ഹംസയുടെ കരള്‍ മാന്തിയെടുത്തു ചവച്ചുതുപ്പി. അതും തൃപ്തിവരാതെ ചെവികളും മൂക്കും അരിഞ്ഞെടുത്ത് കണ്ഠാഭരണവും പാദസരവുമാക്കി അണിഞ്ഞു.(35)

മുസ്ലിം ഭടന്മാരുടെ സന്നദ്ധത
ഈ അന്തിമഘട്ടത്തില്‍ രണ്ടു സംഭവങ്ങള്‍ അരങ്ങേറി. രണ്ടും മുസ്ലിം ഭടന്മാരുടെ യുദ്ധസന്നദ്ധതയേയും ദൈവമാര്‍ഗത്തിലുള്ള സമര്‍പ്പണത്തെയും കുറിക്കുന്നതാണ്.

1) കഅബ്ബിന്‍ മാലിക് പറയുന്നു: 'ഞാന്‍ ഉഹ്ദ് യുദ്ധത്തില്‍ പങ്കെടുക്കുകയും ശത്രുക്കള്‍ മുസ്ലിംകളുടെ ജഡം വികൃതമാക്കുന്നത് കാണുകയും ചെയ്ത വ്യക്തിയാണ്. പക്ഷേ, ഞാനത് കണ്ടു നില്ക്കാനാവാതെ മുന്നോട്ടുനീങ്ങി. അപ്പോള്‍ ഒരു സായുധനായ ശത്രുഭടന്‍ മുസ്ലിംകള്‍ക്കിടയിലൂടെ കടന്നുപോകുന്നു. അവന്‍ പറയുന്നു: ആടുകളെ അറുത്തുകൂട്ടുന്നതുപോലെ അറുത്ത് കൂട്ടുക.' അപ്പോഴതാ ഒരു മുസ്ലിം സായുധഭടന്‍ അവനെ പ്രതീക്ഷിച്ചുനില്ക്കുന്നു. ഞാനദ്ദേഹത്തിന്റെ പിന്നില്‍നിന്നു. എന്നിട്ട് മുസ്ലിമിനെയും കാഫിറിനെയും വീക്ഷിച്ചു. കാഫിറായിരുന്നു മുസ്ലിമിനേക്കാള്‍ സുസജ്ജന്‍, ഞാന്‍ അവര്‍ രണ്ടുപേരും ഏറ്റുമുട്ടുന്നത് കാത്തിരുന്നു. അങ്ങനെ മുസ്ലിം അവനെ ആഞ്ഞുവെട്ടി അതവന്റെ ഊരയോളം ആഴന്നിറങ്ങി അവനെ രണ്ടായി പിളര്‍ത്തി. എന്നിട്ട് മുസ്ലിം ഭടന്‍ തന്റെ മുഖം മൂടി അഴിച്ചു എന്നിട്ട് ചോദിച്ചു: എന്തുണ്ട് കഅബ്, ഞാന്‍ അബുദുജാനയാണ്? (36)
2) യുദ്ധം അവസാനിച്ചപ്പോള്‍ ഏതാനും മുസ്ലിം വനിതകള്‍ യുദ്ധക്കളത്തിലേക്ക് വന്നു. അനസ്പറയുന്നു: അബൂബക്കര്‍(റ)വിന്റെ പുത്രി ആഇശ(റ)യെയും ഉമ്മുസുലൈമിനെയും ഞാന്‍ കണ്ടു. അവര്‍ അവരുടെ വസ്ത്രങ്ങള്‍ കയറ്റി പിടിച്ചതുകാരണം പാദസരങ്ങള്‍ കാണുന്നുണ്ടായിരുന്നു. അവര്‍ തങ്ങളുടെ ചുമലുകളില്‍ വെള്ളം ചുമന്ന് ജനങ്ങളുടെ വായില്‍ ചൊരിഞ്ഞുകൊടുക്കുന്നു. കഴിയുമ്പോള്‍ വീണ്ടും തിരിച്ചുപോയി വെള്ളം ചുമന്ന് അവരുടെ വായില്‍ ചൊരിഞ്ഞു കൊടുക്കുന്നു. (37) ഉമര്‍(റ) പറയുന്നു: ഉമ്മുസലിത്വ് എന്ന അന്‍സ്വാരീ വനിത വെള്ളപാത്രം ചുമന്ന് കൊണ്ടുവന്നു തന്നിരുന്നു.(38)
ഉമ്മു ഐമനും ഈ വനിതകളുടെ കൂട്ടത്തിലുണ്ടായിരുന്നു. ചില മുസ്ലിംകള്‍ മദീനയിലേക്ക് മടങ്ങുന്നത് കണ്ട അവര്‍ അവരുടെ മുഖത്ത് മണ്ണെറിഞ്ഞു കൊണ്ട് പറഞ്ഞു: 'ഇതാ ഒരു ചര്‍ക്ക അതെടുത്തോളൂ! നിന്റെ വാളും കൂടെയെടുക്കൂ''. എന്നിട്ടവര്‍ യുദ്ധക്കളത്തിലേക്ക് കുതിച്ചു. അവിടെ അവര്‍ മുറിവേറ്റ ഭടന്മാര്‍ക്ക് ദാഹജലം നല്‍കിക്കൊണ്ടിരുന്നു. ഇതിനിടയില്‍ ഹിബ്ബാന്‍ ബിന്‍ അല്‍ ഇര്‍ഖ അവരെ അമ്പെയ്തു വീഴ്ത്തി. അതുകാരണം അവരുടെ നഗ്നത പ്രകടമായി. അല്ലാഹുവിന്റെ ശത്രു ഇതുകണ്ടു പൊട്ടിച്ചിരിച്ചു. റസൂല്‍(സ)ക്ക് ഇത് വലിയ പ്രയാസമുണ്ടാക്കി. അവിടുന്ന് മുനയില്ലാത്ത ഒരു അമ്പെടുത്ത് സഅദിന് നല്കിക്കൊണ്ട് പറഞ്ഞു: 'അവനെ എറിയുക? സഅദ് എറിഞ്ഞു: അതവന്റെ മാറിടത്തില്‍കൊണ്ട് മലര്‍ന്നടിച്ചുവീണു. അങ്ങനെ അവന്റെ നഗ്നതയും പ്രകടമായി. ഇത് കണ്ട് പ്രവാചകന്‍ അണപ്പല്ലുകള്‍ കാണുമാറ് ഉച്ചത്തില്‍ ചിരിച്ചു. അവിടുന്നു പറഞ്ഞു: 'സഅദ് അവര്‍ക്കുവേണ്ടി പ്രതികാരം ചെയ്തു. അല്ലാഹു അദ്ദേഹത്തിന്റെ പ്രാര്‍ഥന സ്വീകരിച്ചു.'(39)
നബി(സ) മലയുടെ താഴ്വരയില്‍ സ്വസ്ഥനായപ്പോള്‍, അലി(റ) തന്റെ വെള്ളപാത്രമെടുത്ത് പുറത്തുപോയി. 'അല്‍ മിഹ്റാസില്‍ നിന്ന് വെള്ളം നിറച്ചു. അല്‍മിഹ്റാസ് എന്നത് തുരന്നപാറയില്‍ ശേഖരിച്ചവെള്ളമാണെന്നും ഉഹ്ദിലെ ഉറവയാണെന്നും അഭിപ്രായമുണ്ട്. അലി അത് നബി(സ)ക്ക് കുടിക്കാനായി നല്കി. അതിനൊരു ദുര്‍ഗന്ധം അനുഭവപ്പെട്ടതിനാല്‍ നബി(സ) അത് പാനം ചെയ്തില്ല. അവിടുന്നു ഇങ്ങനെ പറയുന്നുണ്ടായിരുന്നു; 'തന്റെ പ്രവാചകന്റെ മുഖത്ത് രക്തച്ചായം പൂശിയവരോടു അല്ലാഹു കഠിനമായി കോപിച്ചിരിക്കുന്നു'.(40)
സഹ്ല്‍ പറയുന്നു: 'എനിക്കറിയാം നബിതിരുമേനിയുടെ മുറിവ് കഴുകിയതും അതില്‍ വെള്ളമൊഴിച്ചതും മരുന്നുവെച്ചതുമെല്ലാം ആരാണെന്ന്. അലി വെള്ളമൊഴിക്കുകയും ഫാത്വിമ കഴുകുകയുമാണുണ്ടായത്, വെള്ളം ചൊരിയുന്തോറും രക്തം വര്‍ധിക്കുകയാണെന്ന് കണ്ട ഫാത്വിമ ഒരുപായയുടെ കഷ്ണമെടുത്ത് കരിച്ച് മുറിവായില്‍ വെച്ചുകെട്ടി. അങ്ങനെ രക്തം നിന്നു.(41)
മുഹമ്മദ്ബിന്‍ മസ്ലമ തെളിഞ്ഞ ശുദ്ധവെള്ളം കൊണ്ടുവന്നപ്പോള്‍ തിരുമേനി അത് കുടിച്ചു. അദ്ദേഹത്തിന് നന്മക്കായി പ്രാര്‍ഥിക്കുകയും ചെയ്തു. മുറിവേറ്റത് കാരണം അന്ന് ദുഹ്റ് നമസ്കാരം ഇരുന്നാണ് നമസ്കരിച്ചത്. അദ്ദേഹത്തെ തുടര്‍ന്നവരും ഇരുന്നുതന്നെ നമസ്കരിച്ചു.(42)


അബൂസുഫ്യാനും ഉമറും
ബഹുദൈവാരാധകര്‍ യുദ്ധക്കളം വിട്ടുതിരിച്ചുപോകാന്‍ തയ്യാറായി. ഇതിനിടയില്‍ അബുസുഫ്യാന്‍ മലമുകളില്‍ കയറി വിളിച്ചുചോദിച്ചു. നിങ്ങളുടെകൂടെ മുഹമ്മദുണ്ടോ? ആരും മറുപടി പറഞ്ഞില്ല. വീണ്ടും: അബുഖുഹാഫയുടെ പുത്രനുണ്ടോ? ആരും മറുപടി പറഞ്ഞില്ല. വീണ്ടും: ഉമര്‍ബിന്‍അല്‍ഖത്വാബ് ഉണ്ടോ? ആരും മറുപടി പറഞ്ഞില്ല. മറുപടി നല്കുന്നതിന് നബി തടയുകയാണുണ്ടായത്. ഇവരാണ് നേതാക്കളെന്ന നിലക്കാണ് ഇവരെ കുറിച്ചുമാത്രം അന്വേഷിച്ചത്. അപ്പോള്‍ അബൂസുഫ്യാന്‍ പറഞ്ഞു: അവര്‍ മൂന്നുപേരുമില്ലെങ്കില്‍ നിങ്ങളെ ഞങ്ങള്‍ വെറുതെ വിടുന്നു. ഇതു കേട്ടതോടെ ഉമറിന് പിടിച്ചു നില്ക്കാനായില്ല. അദ്ദേഹം അട്ടഹസിച്ചു: 'അല്ലാഹുവിന്റെ ശത്രുവേ, നീ പേരു പറഞ്ഞവരെല്ലാം ഇവിടെ ജീവിച്ചിരിപ്പുണ്ട്. നിന്നെ വിഷമിപ്പിക്കാനായി അല്ലാഹു അവരെ അവശേഷിപ്പിച്ചിരിക്കുന്നു'. അബുസുഫ്യാന്‍ പറഞ്ഞു: നിങ്ങളില്‍നിന്ന് വധിക്കപ്പെട്ടവരെ അംഗഛേദം ചെയ്തിരിക്കുന്നു. അത് ഞാന്‍ കല്പിച്ചതല്ല. എന്നാല്‍ അതിന്റെ പേരില്‍ എനിക്കൊട്ടു ഖേദവുമില്ല'. എന്നിട്ടു പറഞ്ഞു: 'ഹുബ്ല്‍ ദേവന്‍ ഉയരട്ടെ'. അതുകേട്ടപ്പോള്‍ റസൂല്‍(സ) ചോദിച്ചു: "നിങ്ങള്‍ മറുപടി പറയുന്നില്ലേ?'' അവര്‍ ചോദിച്ചു: ഞങ്ങളെന്താണ് പറയേണ്ടത്? 'നിങ്ങള്‍ അല്ലാഹുവാണ് അത്യുന്നതനും മഹാനുമെന്ന് പ്രഖ്യാപിക്കുക.' അപ്പോള്‍ അബൂസുഫ്യാന്‍ പറഞ്ഞു: 'ഞങ്ങള്‍ക്ക് ഉസ്സയുണ്ട് നിങ്ങള്‍ക്ക് ഉസ്സയില്ല' അപ്പോള്‍ റസൂല്‍(സ) ചോദിച്ചു: 'നിങ്ങള്‍ മറുപടി പറയുന്നില്ലേ'? 'എന്താണ് ഞങ്ങള്‍ പറയേണ്ടത്'? അവര്‍ ചോദിച്ചു. 'അല്ലാഹുവാണ് ഞങ്ങളുടെ രക്ഷാധികാരി, നിങ്ങള്‍ക്ക് രക്ഷാധികാരിയായി ആരുമില്ല', എന്നു മറുപടി പറയുക. അബുസുഫ്യാന്‍: 'ഭംഗിയായിട്ടുണ്ട്. ബദ്റിനുപകരം മറ്റൊരു ദിവസം. യുദ്ധം വിജയത്തിനും പരാജയത്തിനും സാധ്യതയുള്ളതാണ്. അപ്പോള്‍ ഉമര്‍ മറുപടി പറഞ്ഞു: 'ഒരിക്കലും അങ്ങനെയല്ല. ഞങ്ങളില്‍ നിന്നുവധിക്കപ്പെട്ടവര്‍ സ്വര്‍ഗത്തിലും നിങ്ങളില്‍നിന്ന് വധിക്കപ്പെട്ടവര്‍ നരകത്തിലുമാണ്'. പിന്നീട് അബൂസുഫ്യാന്‍ പറഞ്ഞു : 'ഉമര്‍ ഇങ്ങോട്ടു വരൂ. നബി(സ): പോയി നോക്കൂ എന്താണ് കാര്യം? അങ്ങനെ അദ്ദേഹം ചെന്നപ്പോള്‍ അബൂസുഫ്യാന്‍ ചോദിച്ചു: അല്ലാഹുവില്‍സത്യംചെയ്ത് ഞാന്‍ ചോദിക്കുന്നു. ഞങ്ങള്‍ മുഹമ്മദിനെ വധിച്ചില്ലേ ഉമര്‍? ഉമര്‍ പറഞ്ഞു: 'അല്ലാഹുവില്‍ സത്യം! തീര്‍ച്ചയായും ഇല്ല' അദ്ദേഹം ഇപ്പോള്‍ താങ്കളുടെ വാക്കുകള്‍ ശ്രവിക്കുകയാണ്. അബൂസുഫ്യാന്‍: 'താങ്കള്‍ എന്റെയടുക്കല്‍ ഇബ്നു ഖമിഅയേക്കാളും സത്യസന്ധനും പുണ്യവാനുമാണ്'.(43)

ഇബ്നു ഇസ്ഹാഖ് രേഖപ്പെടുത്തുന്നു: 'അബുസുഫ്യാനും കൂട്ടുകാരും പിരിഞ്ഞുപോകുമ്പോള്‍ അവരിങ്ങനെ വിളിച്ചു പറയുന്നുണ്ടായിരുന്നു: അടുത്തവര്‍ഷം ബദ്റില്‍വെച്ച് കണ്ടുമുട്ടാം അപ്പോള്‍ റസൂല്‍(സ) തന്റെ ഒരു ശിഷ്യനോട് 'അതെ അത് നമുക്കിടയില്‍ ഒരു കരാറാണ്' എന്ന് മറുപടി പറയാന്‍ നിര്‍ദ്ദേശിച്ചു.
പിന്നീട് റസൂല്‍(സ) ശത്രുക്കള്‍ എന്തുചെയ്യുന്നുവെന്നറിയാന്‍ അലി(റ)വിനെ അവരുടെ പിന്നില്‍ അയച്ചു. അവര്‍ കുതിരയെ ഒഴിവാക്കി ഒട്ടകത്തെയാണ് സവാരിക്കുപയോഗിക്കുന്നതെങ്കില്‍ മക്കയിലേക്കാണ് അവര്‍ പോകുന്നത്. ഒട്ടകത്തെ ഒഴിവാക്കി കുതിരയെയാണ് ഉപയോഗിക്കുന്നതെങ്കില്‍ മദീന തന്നെയാണവര്‍ ഉദ്ദേശിക്കുന്നത്. എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ തന്നെയാണ് സത്യം. അവരെങ്ങാനും മദീനയെ അക്രമിച്ചാല്‍ ഞാന്‍ അവരുടെ നേരെ സൈന്യനിയോഗം നടത്തി അവരുമായി പൊരുതുകതന്നെചെയ്യും. അലി(റ) പറയുന്നു: 'അവര്‍ എന്തുചെയ്യുന്നുവെന്നറിയാന്‍ ഞാന്‍ അവരെ പിന്തുടര്‍ന്നു. അപ്പോള്‍ അവര്‍ കുതിരയെ ഒഴിവാക്കി ഒട്ടകത്തെ സവാരിക്കുപയോഗിച്ച് മക്കയിലേക്ക് തിരിക്കുകയാണുണ്ടായത്.''(44)
വധിക്കപ്പെട്ടവരും മുറിവേറ്റവരും

ക്വുറൈശികള്‍ പിരിഞ്ഞുപോയശേഷം ജനങ്ങള്‍ മുറിവേറ്റവരേയും വധിക്കപ്പെട്ടവരേയും പരിശോധിച്ചു. സൈദ്ബിന്‍ ഥാബിത് പറയുന്നു: ഉഹ്ദ് ദിവസം റസൂല്‍(സ) സഅദ് ബിന്‍ റബീഅയെ അന്വേഷിച്ചു എന്നെ പറഞ്ഞുവിട്ടു. 'നീ അവനെ കണ്ടാല്‍ എന്റെ സലാം അവനെ അറിയിക്കുകയും എങ്ങനെയുണ്ടെന്ന് അന്വേഷിക്കുകയും ചെയ്യുക.' റസൂല്‍ പറഞ്ഞു: അങ്ങനെ ഞാന്‍ വധിക്കപ്പെട്ടവര്‍ക്കിടയില്‍ ചുറ്റിനടന്നു. ഞാന്‍ അദ്ദേഹത്തിന്റെ സമീപമെത്തുമ്പോള്‍ അദ്ദേഹം അവസാന ശ്വാസം വലിച്ചുകൊണ്ടിരിക്കുകയാണ്. കുന്തം കൊണ്ടും വാളുംകൊണ്ടുമേറ്റ എഴുപതു മുറിവുകള്‍ അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്നു. ഞാന്‍ പറഞ്ഞു: 'സഅദ്, റസൂല്‍(സ) താങ്കള്‍ക്ക് സലാം പറഞ്ഞിരിക്കുന്നു! താങ്കളുടെ അവസ്ഥയെന്താണെന്ന് എന്നെ ചോദിക്കാന്‍ ഏല്പിക്കുകയും ചെയ്തിരിക്കുന്നു.' അദ്ദേഹം പറഞ്ഞു: 'റസൂല്‍(സ)ക്ക് എന്റെ സലാം'. അദ്ദേഹത്തോടു പറയുക: 'അല്ലാഹുവിന്റെ ദൂതരേ! ഞാന്‍ സ്വര്‍ഗത്തിന്റെ നറുമണം ആസ്വദിക്കുകയാണ്'. എന്റെ ജനതയായ അന്‍സ്വാറുകളോടു പറയുക: "മൂര്‍ച്ചയുള്ള കണ്ണുകളുള്ളവരായിരിക്കെ ശത്രുക്കള്‍ റസൂല്‍ (സ)യുടെ അടുക്കല്‍ എത്തിയാല്‍ നിങ്ങള്‍ക്ക് അല്ലാഹുവിന്റെ പക്കല്‍ യാതൊരു ഒഴിവുകഴിവുമില്ല'യെന്ന്. അതോടെ അദ്ദേഹം മരിച്ചു.(45)
വെട്ടേറ്റു കിടക്കുന്നവരില്‍ ഉസ്വൈരിം അംറുബിന്‍ ഥാബിതിനെയും അവര്‍ കണ്ടു. അദ്ദേഹം അവസാന ശ്വാസം വലിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ ഇദ്ദേഹത്തെ ഇസ്ലാമിലേക്ക് ക്ഷണിച്ചപ്പോള്‍ നിരസിക്കുകയാണുണ്ടായത്. ഇത് കണ്ട അവര്‍ ചോദിച്ചു: എന്തേ യുദ്ധക്കളത്തിലെത്താന്‍? ജനങ്ങളോടുള്ള അനുകമ്പയാണോ അതോ ഇസ്ലാമിനോടുള്ള താല്പര്യമോ? അദ്ദേഹം മൊഴിഞ്ഞു: ഇസ്ലാമിനോടുള്ള താല്പര്യം. ഞാന്‍ അല്ലാഹുവിലും തിരുദൂതരിലും വിശ്വസിച്ചു. എന്നിട്ട് ദൈവ ദൂതരുടെ കൂടെ പടപൊരുതി. ഇപ്പോള്‍ ഞാന്‍ നിങ്ങള്‍ കാണുന്ന അവസ്ഥയിലാണുള്ളത്? ഉടനെത്തന്നെ ഈ ലോകം വെടിഞ്ഞു. ഇതിനെ സംബന്ധിച്ച് അവര്‍ തിരുമേനിയോടു സംസാരിച്ചു. അപ്പോള്‍ അവിടുന്നു പറഞ്ഞു: 'അദ്ദേഹം സ്വര്‍ഗക്കാരില്‍ പെട്ടവനാണ്'. അബൂഹുറയ്റ പറയുന്നു: അദ്ദേഹം അല്ലാഹുവിനുവേണ്ടി ഒരിക്കല്‍പോലും നമസ്കരിച്ചിട്ടില്ല.'(46)

മുറിവേറ്റവര്‍ക്കിടയില്‍ ഖുസ്മാനേയും കണ്ടു. ഇദ്ദേഹം ധീരമായിപോരാടിയ വ്യക്തിയാണ്. ഏഴോ എട്ടോ ബഹുദൈവാരാധകരെ ഇദ്ദേഹം ഒറ്റക്ക് വധിച്ചിട്ടുണ്ട്. മുറിവുകള്‍ അദ്ദേഹത്തെ തളര്‍ത്തിയതായി കണ്ടപ്പോള്‍ ബനൂ ള്വഫറിന്റെ വീട്ടിലേക്ക് അദ്ദേഹത്തെ അവര്‍ ചുമന്നു. മുസ്ലിംകള്‍ അദ്ദേഹത്തിന് സ്വര്‍ഗത്തെക്കുറിച്ച് സുവിശേഷവുമറിയിച്ചു. അപ്പോഴദ്ദേഹം പറഞ്ഞു: 'അല്ലാഹുവാണേ ഞാന്‍ യുദ്ധം ചെയ്തത് എന്റെ ജനതയുടെ അഭിമാനം സംരക്ഷിക്കാന്‍ വേണ്ടിയാണ്. അതില്ലായിരുന്നുവെങ്കില്‍ ഞാന്‍ യുദ്ധം ചെയ്യുമായിരുന്നില്ല.'' പിന്നീട് അദ്ദേഹത്തിന്റെ മുറിവുകള്‍ കഠിനമായപ്പോള്‍ നെഞ്ച് കീറി അദ്ദേഹം ആത്മഹത്യ ചെയ്തു. അദ്ദേഹത്തെപ്പറ്റി പറയപ്പെടുമ്പോള്‍ റസൂല്‍(സ) പറയും: 'അവന്‍ നരകത്തിലാണ്.'(47)
ഇതാണ്, അല്ലാഹുവിന്റെ വാക്യം സര്‍വോന്നതമാവുക എന്ന ലക്ഷ്യത്തിലല്ലാതെ, ദേശീയതക്കോ മറ്റോ വേണ്ടി പോരാടുന്നവരുടെ അന്ത്യം. അവര്‍ പ്രവാചകന്റെയും സ്വഹാബികളുടെയും സൈന്യത്തിലായിരുന്നാല്‍പോലും.

ഇതിന് വിരുദ്ധമായ ഒരു സംഭവമാണ് ഥഅ്ലബ ഗോത്രത്തിലെ യഹൂദിയുടേത്. അദ്ദേഹം പറഞ്ഞു: 'ജൂതരേ, അല്ലാഹുവാണേ, നിങ്ങള്‍ക്കറിയാം മുഹമ്മദിനെ സഹായിക്കുകയെന്നത് നിങ്ങളുടെ ബാധ്യതയാണെന്ന്.' അവര്‍ പറഞ്ഞു: 'ഇന്ന് ശനിയാഴ്ചയാണ് അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ക്ക് ശനിയാഴ്ചയില്ല'. എന്നിട്ട് തന്റെ വാളും യുദ്ധ സാമഗ്രികളുമെടുത്ത് പറഞ്ഞു: 'ഞാന്‍ വധിക്കപ്പെട്ടാല്‍ എന്റെ സമ്പത്തെല്ലാം മുഹമ്മദിന്. അദ്ദേഹം ഉദ്ദേശിച്ചതുപോലെ അത് ചെയ്യട്ടെ' തുടര്‍ന്ന് യുദ്ധക്കളത്തിലേക്കു പുറപ്പെട്ടു. പോരാടി മരിച്ചു. 'അദ്ദേഹത്തെ പറ്റി റസൂല്‍(സ) പറഞ്ഞു: മുഹൈരീഖ് ഒരു നല്ല ജൂതനാണ്.'(48)

രക്തസാക്ഷികളെ ക്വബറടക്കല്‍
രക്തസാക്ഷികളെ ക്വബറടക്കുന്നതിന് നബി(സ) നേതൃത്വം നല്‍കി. അവിടുന്നു പറഞ്ഞു: 'ഞാന്‍ ഇവരുടെ സാക്ഷിയാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മുറിവേറ്റ ഏതൊരാളും അന്ത്യനാളില്‍ ഉയിര്‍ത്തെഴുന്നേല്പിക്കപ്പെടുക, അവന്റെ മുറിവില്‍നിന്ന് രക്തം ഒലിച്ചുകൊണ്ടായിരിക്കും. അതിന്റെ നിറം രക്തത്തിന്റെതും വാസന കസ്തൂരിയുടേതുമായിരിക്കും.'(49)

സ്വഹാബികളില്‍ ചിലര്‍ വധിക്കപ്പെട്ട തങ്ങളുടെ ബന്ധുക്കളെ മദീനയിലേക്കു കൊണ്ടുപോയി. അപ്പോള്‍ അവരെ തിരിച്ചുകൊണ്ടുവന്നു മരിച്ചിടത്ത് തന്നെ ക്വബറടക്കാന്‍ അവിടുന്നു കല്പിച്ചു. ശരീരത്തിലെ കവചങ്ങള്‍ അഴിച്ച് ധരിച്ച വസ്ത്രത്തില്‍തന്നെ കുളിപ്പിക്കാതെ മറമാടാനും കല്‍പിച്ചു. അവിടുന്നു രണ്ടോമൂന്നോ പേരെ ഒരേ വസ്ത്രത്തിലും ഒരേ ക്വബറിലുമായി മറമാടുകയുണ്ടായി. അവിടുന്നു ചോദിക്കും: ആരാണ് ഇവരില്‍ ക്വുര്‍ആന്‍ പഠിച്ചത്?' ഒരാളെ ചൂണ്ടിക്കാണിച്ചാല്‍ അദ്ദേഹത്തെ ആദ്യം ഖബറില്‍ വെക്കും. അവിടുന്ന് പറഞ്ഞു. 'ഞാന്‍ അന്ത്യനാളില്‍ ഇവര്‍ക്ക് സാക്ഷിയായിരിക്കും' അബ്ദുല്ലാഹിബിന്‍ അംറുബ്ന്‍ ഹറാമിനെയും അംറുബിന്‍ ജുമൂഹിനേയും സ്നേഹിതന്മാരെന്ന നിലക്ക് ഒരേ ക്വബ്റില്‍ അടക്കുകയാണ് ചെയ്തത്.

ഹന്‍ള്വലയുടെ ശവമഞ്ചം കാണാതായപ്പോള്‍ അവര്‍ അന്വേഷിച്ചു. അത് ഒരു ഭാഗത്ത് വെള്ളമുറ്റുന്നതായി അവര്‍ കണ്ടു. അപ്പോള്‍ റസൂല്‍(സ) പറഞ്ഞു. മലക്കുകള്‍ അദ്ദേഹത്തെ കുളിപ്പിക്കുകയാണ്. പിന്നീട് അവിടുന്ന് പറഞ്ഞു: 'അദ്ദേഹത്തിന്റെ ഭാര്യയോടു ചോദിക്കൂ എന്താണ് കാര്യമെന്ന്?' അവര്‍ ചോദിച്ചു; 'അദ്ദേഹം ലൈംഗീകബന്ധത്തിനുശേഷം കുളിച്ചിട്ടില്ലായിരുന്നുവെന്ന് അവര്‍ അറിയിച്ചു. ഇതിനുശേഷം ഹന്‍ള്വല 'ഗസീലുല്‍ മലാഇക' മലക്കുകളാല്‍ സ്നാനം ചെയ്യപ്പെട്ടവന്‍- എന്ന് വിളിക്കപ്പെട്ടു.

പ്രവാചകന്റെ പിതൃസഹോദരനും മുലകുടിബന്ധത്തിലെ സഹോദരനുമായ ഹംസ(റ)വിന്റെ സ്ഥിതി കണ്ടപ്പോള്‍ അവിടുത്തെ ദു:ഖം കഠിനമായി. സഹോദരി സ്വഫിയ്യ ഹംസയെ കാണാന്‍ വന്നപ്പോള്‍ അവളുടെ പുത്രന്‍ സുബൈറിനോട് അവരെ തിരിച്ചയക്കാന്‍വേണ്ടി റസൂല്‍(സ) കല്പിച്ചു. സഹോദരന്റെ അവസ്ഥ അവള്‍ കാണാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്. അവര്‍ ചോദിച്ചു; എന്തിനാണെന്നെ തടയുന്നത്? എനിക്കറിയാം അദ്ദേഹം അംഗഛേദം ചെയ്യപ്പെട്ടത്. അല്ലാഹുവിന്റെ മാര്‍ഗത്തിലാണത്. അതില്‍ ഞങ്ങള്‍ സംതൃപ്തരാണ്. ഞാനതില്‍ ക്ഷമിക്കുകയും പ്രതിഫലം പ്രതീക്ഷിക്കുകയും ചെയ്യുന്നു.' അങ്ങനെ അവര്‍ അദ്ദേഹത്തെ സമീപിച്ചു പ്രാര്‍ഥിക്കുകയും നമസ്കരിക്കുകയും പാപമോചനത്തിനര്‍ഥിക്കുകയും 'ഞങ്ങളെല്ലാം അല്ലാഹുവിനുള്ളവരാണ് അവങ്കലേക്കു മടങ്ങുന്നവരുമാണ്' എന്നു ഉരുവിടുകയും ചെയ്തു. പിന്നീട് റസൂല്‍(സ) അദ്ദേഹത്തെ അദ്ദേഹത്തിന്റെ സഹോദരി പുത്രനും മുലകുടി ബന്ധത്തിലെ സഹോദരനുമായ അബ്ദുല്ലാഹിബിന്‍ ജഹ്ശിന്റെ കൂടെ ക്വബറടക്കി.

ഇബ്നു മസ്ഊദ് പറയുന്നു: 'ഹംസ(റ)വിന്റെ പേരില്‍ തിരുമേനി കരയുന്നതുപോലെ മറ്റാരുടെ പേരിലും അവിടുന്നു കരയുന്നത് ഞങ്ങള്‍ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ജഡം മയ്യിത്ത് നമസ്കാരത്തിനായി 'ഖിബ്ല'യില്‍വെച്ചു അതിന്റെ നേരെ നിന്നതോടെ അദ്ദേഹത്തിന്റെ കരച്ചില്‍ അണപൊട്ടി.(50)
രക്തസാക്ഷികളുടെ ദൃശ്യം ഹൃദയഭേദകമായിരുന്നു. ഖബാബ് പറയുന്നു: ഹംസയെ 'കഫന്‍' ചെയ്യാനൊരുങ്ങിയപ്പോള്‍ ഒരു പഴകിയ പുതപ്പുമാത്രമാണുണ്ടായിരുന്നത്. തലമറച്ചാല്‍ പാദങ്ങളിലേക്കെത്താത്ത, കാല്‍മറച്ചാല്‍ ശിരസിലേക്കെത്താത്ത ഒന്ന്. അവസാനം തലമറച്ച് കാലില്‍ 'ഇദ്ഖര്‍' പുല്ല് വെച്ച് കെട്ടി.(51)

അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫ് പറയുന്നു: മുസ്അബ് ബിന്‍ഉമൈര്‍ വധിക്കപ്പെട്ടു. അദ്ദേഹം എന്നേക്കാള്‍ ഉത്തമനായിരുന്നു. അദ്ദേഹം 'കഫന്‍' ചെയ്യപ്പെട്ടത് തലമറച്ചാല്‍ കാലിലേക്കെത്താത്ത കാല് മറച്ചാല്‍ തലയിലേക്കെത്താത്ത ഒരു പുതപ്പിലായിരുന്നു. ഇതേ സംഭവം ഖബാബ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍: 'അപ്പോള്‍ നബി(സ) ഞങ്ങളോടു തലമറക്കാനും കാലില്‍ 'ഇദ്ഖര്‍' പുല്ല് വെച്ച് കെട്ടാനും പറഞ്ഞു എന്നുകൂടിയുണ്ട്.(52)
ഇമാം അഹ്മദ് നിവേദനം ചെയ്യുന്നു: ഉഹ്ദ് ദിവസം ബഹുദൈവാരാധകര്‍ പിരിഞ്ഞുപോയപ്പോള്‍ റസൂല്‍(സ) പറഞ്ഞു: 'എല്ലാവരും അണിചേര്‍ന്ന് നില്ക്കുക. എന്റെ നാഥനോട് അഭിവാദനങ്ങളര്‍പ്പിക്കാന്‍'. എല്ലാവരും അദ്ദേഹത്തിനു പിന്നില്‍ അണിനിരന്നു. അവിടുന്നു പ്രാര്‍ഥിച്ചു.

'അല്ലാഹുവേ, ഒന്നൊഴിയാതെ സ്തുതിയെല്ലാം നിനക്കാകുന്നു. അല്ലാഹുവേ, നീ വിശാലമാക്കിയത് ചുരുക്കുന്നവരോ നീ ചുരുക്കിയത് വിശാലമാക്കുന്നവരോ ഇല്ല. നീ വഴിപിഴപ്പിച്ചവര്‍ക്ക് വഴികാണിക്കുന്നവരോ നീ വഴിയിലാക്കിയവരെ വഴിപിഴപ്പിക്കുന്നവരോ ഇല്ല. നീ തടഞ്ഞത് നല്‍കുന്നവരോ നീ നല്കിയത് തടയുന്നവരോ ഇല്ല, നീ അകറ്റിയത് അടുപ്പിക്കുന്നവരോ നീ അടുപ്പിച്ചത് അകറ്റുന്നവരോ ഇല്ല. അല്ലാഹുവേ, നിന്റെ അനുഗ്രഹങ്ങളും കാരുണ്യവും ഔദാര്യവും ഉപജീവനവും ഞങ്ങള്‍ക്കുമേല്‍ വിശാലമാക്കണെ!

"അല്ലാഹുവേ, ഒരിക്കലും മറയുകയോ നീങ്ങുകയോ ചെയ്യാത്ത സ്ഥായിയായ അനുഗ്രഹം നിന്നോടു ഞാന്‍ തേടുന്നു. അല്ലാഹുവേ, കഷ്ടപ്പാടില്‍ സഹായവും ഭയത്തില്‍ നിര്‍ഭയത്വവും നിന്നോടുഞാന്‍ ചോദിക്കുന്നു. അല്ലാഹുവേ, നീ നല്കിയതിന്റെ തിന്മയില്‍നിന്നും തടഞ്ഞതിന്റെ തിന്മയില്‍നിന്നും നിന്നോട് ഞാന്‍ അഭയം തേടുന്നു. അല്ലാഹുവേ, വിശ്വാസം ഞങ്ങള്‍ക്ക് പ്രിയങ്കരമാക്കുകയും മനസ്സുകളില്‍ അലംകൃതമാക്കുകയും ചെയ്യണേ. അവിശ്വാസവും അധര്‍മവും ധിക്കാരവും ഞങ്ങള്‍ക്കു വെറുപ്പുള്ളതുമാക്കണേ. ഞങ്ങളെ നീ സച്ചരിതരില്‍ ഉള്‍പ്പെടുത്തണേ. അല്ലാഹുവേ, ഞങ്ങളെ മുസ്ലിംകളായി മരിപ്പിക്കുകയും മുസ്ലിംകളായി ജീവിപ്പിക്കുകയും സുകൃതവാന്മാരുടെ കൂട്ടത്തില്‍-നിന്ദ്യരുടെയോ കുഴപ്പക്കാരുടേയോ അല്ല- ഉള്‍പ്പെടുത്തുകയും ചെയ്യേണമേ. അല്ലാഹുവേ, നിന്റെ പ്രവാചകന്മാരെ കളവാക്കുന്ന നിന്റെ മാര്‍ഗത്തില്‍നിന്ന് ജനങ്ങളെ തടയുന്ന അവിശ്വാസികളെ നീ നശിപ്പിക്കണേ, നിന്റെ നിന്ദ്യതയും ശിക്ഷയും അവരുടെ മേല്‍ ആക്കേണമേ. അല്ലാഹുവേ, സത്യനാഥാ വേദഗ്രന്ഥം നല്കപ്പെട്ട അവിശ്വാസികളെയും നീ നശിപ്പിക്കണെ.''(53)

മദീനയിലേക്ക് തിരിക്കുന്നു
രക്തസാക്ഷികള്‍ക്കുള്ള പ്രാര്‍ഥനയും അല്ലാഹുവിനുള്ള സ്തുതിയും വിനയവും സമര്‍പ്പിച്ചശേഷം പ്രവാചകന്‍ മദീനയിലേക്ക് തിരിച്ചു. യുദ്ധരംഗത്ത് വിശ്വാസികളായ അനുചരന്മാരില്‍നിന്ന് ലഭിച്ചതുപോലുള്ള അനന്യമായ സ്നേഹാദര പ്രകടനങ്ങളാണ് വിശ്വാസിനികളായ വനിതകളില്‍നിന്ന് ലഭിച്ചത്.
മദീനയിലേക്കുള്ള വഴിയില്‍ ഹംന ബിന്‍ത് ജഹ്ശ് പ്രവാചകനെ കണ്ടുമുട്ടി. അപ്പോള്‍ അവരുടെ സഹോദരന്‍ അബ്ദുല്ലാഹിബിന്‍ ജഹ്ശിന്റെ മരണ വാര്‍ത്ത പ്രവാചകന്‍ അവരെ അറിയിച്ചു. അതുകേട്ടു അദ്ദേഹത്തിനു പാപമോചനത്തിനു പ്രാര്‍ഥിക്കുകയും നാമെല്ലാം അല്ലാഹുവിനുള്ളവരാണ് അവങ്കലേക്ക് മടങ്ങുന്നവരുമാണ്' എന്ന് ഉരുവിടുകയും ചെയ്തു. പിന്നീട് പ്രവാചകന്‍ അവരെ അവരുടെ അമ്മാവന്റെ മരണവാര്‍ത്തയറിയിച്ചു. അപ്പോഴും അവര്‍ മേല്‍ പറഞ്ഞതുപോലെത്തന്നെ പറഞ്ഞു. തുടര്‍ന്ന് ഭര്‍ത്താവ് മുസ്വ്അബ്ബിന്‍ ഉമൈറിന്റെ മരണവാര്‍ത്തയറിയിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അവര്‍ പിന്തിരിഞ്ഞോടി. അപ്പോള്‍ റസൂല്‍(സ) പറഞ്ഞു: 'ഭര്‍ത്താവിന് ഭാര്യയുടെ മനസ്സില്‍ ഉന്നത സ്ഥാനം തന്നെയാണുള്ളത്.'

ബനൂദീനാര്‍ ഗോത്രത്തിലെ ഒരു സ്ത്രീയുടെ അരികിലൂടെ അവര്‍ കടന്നുപോയി. അവരുടെ ഭര്‍ത്താവും സഹോദരനും പിതാവും ഉഹ്ദ് രണാങ്കണത്തില്‍ വധിക്കപ്പെട്ടിരുന്നു. ഈ കാര്യം അവരെ അറിയിച്ചപ്പോള്‍ അവര്‍ ചോദിച്ചു: 'അല്ലാഹുവിന്റെ തിരുദൂതര്‍ക്ക് എന്ത് സംഭവിച്ചു? അവര്‍ പറഞ്ഞു: 'നല്ലത്, അവിടുന്ന് ദൈവാനുഗ്രഹത്താല്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതുപോലെത്തന്നെ സുഖമായിരിക്കുന്നു.' അവര്‍ പറഞ്ഞു: 'എനിക്കദ്ദേഹത്തെ ഒന്നു കാണിച്ചു തരൂ'. അവര്‍ അദ്ദേഹത്തെ ചൂണ്ടികാണിച്ചുകൊടുത്തു. അദ്ദേഹത്തെ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: 'താങ്കള്‍ ജീവിച്ചിരിക്കെ എല്ലാ പ്രശ്നങ്ങളും നിസ്സാരം'.
സഅദ്ബിന്‍ മുആദ് പ്രവാചകന്റെ കുതിരയുടെ കടിഞ്ഞാണ്‍ പിടിച്ചു നില്ക്കുമ്പോള്‍ അദ്ദേഹത്തിന്റെ മാതാവ് പ്രവാചകനെ കാണാനായി കടന്നുവന്നു. അപ്പോള്‍ സഅദ് പറഞ്ഞു: 'ദൈവ ദൂതരേ, എന്റെ മാതാവ്! അവിടുന്നു മൊഴിഞ്ഞു: സ്വാഗതം! പ്രവാചകന്‍ അവര്‍ക്ക് വേണ്ടിനിന്നു. അങ്ങനെ അവര്‍ അടുത്തുവന്നപ്പോള്‍ അവിടുന്ന് പുത്രന്‍ അംറുബിന്‍ മുആദിന്റെ മരണവാര്‍ത്ത അറിയിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: 'താങ്കളെ സുരക്ഷിതനായി കണ്ടതോടെ എല്ലാ ബുദ്ധിമുട്ടുകളും ഇല്ലാതായി'. തുടര്‍ന്ന് റസൂല്‍(സ) അവരുടെ കുടുംബത്തില്‍നിന്ന് വധിക്കപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു. അവിടുന്നു പറഞ്ഞു: സഅദിന്റെ മാതാവേ, നിങ്ങള്‍ സന്തോഷിക്കുക.

ഉഹ്ദില്‍ വധിക്കപ്പെട്ടവരെല്ലാം തങ്ങളുടെ കുടുംബത്തോടൊപ്പം സ്വര്‍ഗത്തില്‍ ഒത്തുചേരുമെന്ന് അവര്‍ക്ക് സന്തോഷവാര്‍ത്തയും അറിയിക്കുക. അവര്‍ തങ്ങളുടെ കുടുംബങ്ങള്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്തിരിക്കുന്നു അവര്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ സംതൃപ്തരായിരിക്കുന്നു. ഇനിയാരാരും അവര്‍ക്കുവേണ്ടി കരയുകയില്ല. അവര്‍ തുടര്‍ന്നു: റസൂലുല്ലാഹ്! അവരുടെ പിന്‍ഗാമികള്‍ക്കു വേണ്ടി അങ്ങ് പ്രാര്‍ഥിക്കണം. അപ്പോള്‍ അവിടുന്നു ഇങ്ങനെ പ്രാര്‍ഥിച്ചു. അല്ലാഹുവേ അവരുടെ മനസ്സിന്റെ ദു:ഖം നീ നീക്കിക്കൊടുക്കുകയും പ്രയാസങ്ങള്‍ അകറ്റുകയും അനന്തരഗാമികള്‍ക്ക് നന്മ ചൊരിഞ്ഞുകൊണ്ട് അവരുടെ അഭാവം നീ പരിഹരിക്കുകയും ചെയ്യേണമേ'. (56)

ഹിജ്റ മൂന്നാം വര്‍ഷം ശവ്വാല്‍ ഏഴിന് ശനിയാഴ്ച വൈകുന്നേരം പ്രവാചകന്‍ മദീനയില്‍ എത്തി വീട്ടിലെത്തിയപ്പോള്‍ അവിടുന്ന് തന്റെ വാള്‍ പുത്രിഫാത്വിമയെ എല്പിച്ചുകൊണ്ട് പറഞ്ഞു: 'മോളേ, ഈ രക്തം കഴുകിക്കളയുക അല്ലാഹുവാണേ ഇതെനിക്ക് വളരെ ഉപകാരപ്പെട്ടിട്ടുണ്ട്!' അലി തന്റെ വാളും അവരെ ഏല്പിച്ചുകൊണ്ട് പറഞ്ഞു: 'ഇതിലെ രക്തവും കഴുകുക ഇതെനിക്കിന്ന് വളരെ ഉപകരിച്ചിട്ടുണ്ട്.' അപ്പോള്‍ റസൂല്‍(സ) പറഞ്ഞു: "സഹ്ല്‍ ബിന്‍ ഹനീഫും അബൂദുജാനയും നിന്നെപ്പോലെ ധീരരായി യുദ്ധത്തില്‍ പോരാടിയിട്ടുണ്ട്.''(55)

വധിക്കപ്പെട്ടവര്‍
ഉഹ്ദ് യുദ്ധവുമായി ബന്ധപ്പെട്ടുവന്ന എല്ലാ നിവേദനങ്ങളും മുസ്ലിംകളില്‍നിന്ന് എഴുപതുപേര്‍ വധിക്കപ്പെട്ടതായി രേഖപ്പെടുത്തുന്നു. ഇതില്‍ ഭൂരിപക്ഷം അന്‍സ്വാറുകളായിരുന്നു. ഇവരില്‍നിന്ന് അറുപത്തഞ്ച് പേര്‍ വധിക്കപ്പെട്ടു. നാല്പത്തി ഒന്ന് ഖസ്റജ് ഗോത്രക്കാരും ഇരുപത്തിനാല് ഔസ്ഗോത്രക്കാരും ഒരു ജൂതനും ഇതില്‍പെടുന്നു. എന്നാല്‍ മുഹാജിറുകള്‍ നാലുപേര്‍ മാത്രമാണ് രക്തസാക്ഷിത്വം വരിച്ചത്.
എന്നാല്‍ ബഹുദൈവാരാധകര്‍ ഇരുപത്തിരണ്ട് പേര്‍ വധിക്കപ്പെട്ടുവെന്ന് ഇബ്നുഇസ്ഹാഖ് രേഖപ്പെടുത്തുന്നു. ഇതുപക്ഷേ, ഇവ്വിഷയകമായി വന്ന നാനാ റിപ്പോര്‍ട്ടുകളുടേയും സൂക്ഷ്മ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ശരിയല്ലെന്ന് മനസ്സിലാക്കാന്‍ കഴിയും. യുദ്ധത്തിന്റെ പലഘട്ടങ്ങളിലായി വധിക്കപ്പെട്ട ബഹുദൈവവിശ്വാസികള്‍ മുപ്പത്തിഏഴ് പേര്‍വരും. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.(56)
ശവ്വാല്‍ 8ന് ശനിയാഴ്ച മദീനാ മുസ്ലിംകള്‍ ഒരു അടിയന്തിരാവസ്ഥയുടെ സാഹചര്യത്തിലാണ് രാത്രി കഴിച്ചുകൂട്ടിയത്. യുദ്ധാനന്തരം ക്ഷീണം അവരെ തളര്‍ത്തിക്കളഞ്ഞിരുന്നു. മദീനയുടെ നാനാദിക്കുകളിലും അവര്‍ ജാഗ്രതയോടെ പാറാവ്നിന്നു. ജനറല്‍ കമാന്റര്‍ എന്ന നിലക്ക് പ്രവാചകന് അവര്‍ പ്രത്യേകം കാവല്‍ ഏര്‍പ്പെടുത്തി. അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കാനുള്ള ആശങ്കയായിരുന്നു ഇതിനു കാരണം.

ഹംറാഉല്‍ അസദ് സൈന്യനിയോഗം
അന്ന് രാത്രി ചിന്താവിഷ്ഠനായി നബി(സ) കഴിച്ചുകൂട്ടി. യുദ്ധത്തില്‍ നേടിയ വിജയം മൂലം ഒന്നും സമ്പാദിച്ചില്ലല്ലോ എന്ന് ചിന്തിച്ച് മുശ്രിക്കുകള്‍ രണ്ടാമതൊരിക്കല്‍ മദീനയെ അക്രമിക്കാന്‍ മുതിര്‍ന്നേക്കുമോ എന്നദ്ദേഹം ഭയന്നു. ഇതിന്റെയടിസ്ഥാനത്തില്‍ മക്കാ സൈന്യത്തെ തുരത്താന്‍ തന്നെ അവിടുന്നു തീരുമാനിച്ചു.

നബി(സ) പിറ്റേ ദിവസം കാലത്ത് ശത്രുവിനോട് ഏറ്റുമുട്ടാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു. അദ്ദേഹം അവരോടു പറഞ്ഞു: 'യുദ്ധത്തില്‍ പങ്കെടുത്തവരല്ലാതെ ഞങ്ങളുടെ കൂടെ പുറപ്പെടരുത്: അബ്ദുല്ലാഹിബിന് ഉബയ്യ് അനുമതി തേടിയെങ്കിലും നബി(സ) അനുമതി നല്കുകയുണ്ടായില്ല. കടുത്ത പ്രയാസങ്ങളും മുറിവുകളും ഉണ്ടായിട്ടും അവര്‍ പറഞ്ഞു: 'ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു.' ജാബിര്‍ബിന്‍ അബ്ദുല്ല വന്നു റസൂല്‍(സ) യോടു പറഞ്ഞു: അല്ലാഹുവിന്റെ ദൂതരെ, താങ്കളുടെകൂടെ എല്ലാ യുദ്ധങ്ങളിലും പങ്കെടുക്കാന്‍ ഇഷ്ടപ്പെടുന്നവനാണ് ഞാന്‍. എന്റെ പിതാവ് അദ്ദേഹത്തിന്റെ പെണ്‍മക്കളുടെ അടുക്കല്‍ എന്നെ നിര്‍ത്തിയതുകൊണ്ടാണ് എനിക്ക് ഉഹ്ദില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത്. അതിനാല്‍ എനിക്ക് അനുമതി തന്നാലും. ഞാന്‍ അങ്ങയുടെ കൂടെ വരാം. അതോടെ അദ്ദേഹത്തിന് അനുമതി ലഭിച്ചു.

മുസ്ലിം സൈന്യം റസൂല്‍(സ)യുടെ കൂടെ പുറപ്പെട്ടു. അവര്‍ മദീനയില്‍നിന്ന് എട്ട് നാഴിക അകലെ ഹംറാഅ് അല്‍അസദ് എന്നിടത്തെത്തി അവിടെ തമ്പടിച്ചു. അവിടെവെച്ച് ഖുസാഅ ഗോത്രക്കാരന്‍ മഅ്ബദ്ബിന്‍ അബീമഅ്ബദ് വന്നു റസൂല്‍(സ)യുടെ അടുക്കല്‍ വെച്ച് ഇസ്ലാം ആശ്ളേഷിച്ചു. എന്നാല്‍ അദ്ദേഹം ഇസ്ലാം സ്വീകരിക്കുകയൊന്നുമുണ്ടായിട്ടില്ലെന്ന് ചിലര്‍ പറയുന്നു. പക്ഷേ, അദ്ദേഹം റസൂല്‍(സ)യുടെ ഒരു ഗുണകാംക്ഷിയായിരുന്നു. ഇതിനു കാരണം അദ്ദേഹത്തിന്റെ ഖുസാഅ ഗോത്രവും ഹാശിം ഗോത്രവും സഖ്യകക്ഷികളായിരുന്നുവെന്നതാണ്. അദ്ദേഹം പറഞ്ഞു: അല്ലാഹുവാണെ മുഹമ്മദ് താങ്കള്‍ക്കും താങ്കളുടെ അനുചരന്മാര്‍ക്കും ബാധിച്ചത് ഞങ്ങളെ ദു:ഖിപ്പിക്കുന്നു. അല്ലാഹു താങ്കള്‍ക്ക് സൌഖ്യമാക്കട്ടെ'. അപ്പോള്‍ റസൂല്‍(സ) അദ്ദേഹത്തെ അബൂസുഫ്യാനെ സമീപിച്ച് തന്റെ ഉദ്യമത്തില്‍നിന്ന് നിരുത്സാഹപ്പെടുത്താനായി നിയോഗിച്ചു.

പ്രവാചകന്റെ നിഗമനം അസ്ഥാനത്തായിരുന്നില്ല. ശത്രുക്കള്‍ മദീനയില്‍നിന്ന് മുപ്പത്തി ആറ് മൈല്‍ അകലെ റൌഹാഅ് എന്ന സ്ഥലത്ത് താവളമടിച്ചപ്പോള്‍ അവര്‍ പരസ്പരം ആക്ഷേപിക്കാന്‍ തുടങ്ങി. ചിലര്‍ പറഞ്ഞു: നിങ്ങള്‍ ഒന്നും ചെയ്തിട്ടില്ല. അവരുടെ ശക്തി ക്ഷയിപ്പിച്ച് വെറുതെ വിട്ടുവെന്ന് മാത്രം. നിങ്ങള്‍ക്കെതിരില്‍ ശക്തി സംഭരിക്കാന്‍ പ്രാപ്തരായ ഏതാനും ആളുകള്‍ ഇനിയും അവിടെയുണ്ട്. അതിനാല്‍ നാം തിരിച്ചുചെന്ന് അവരുടെ വേരറുക്കുകതന്നെവേണം.''

ഈ അഭിപ്രായം മുന്നോട്ടുവെച്ചവര്‍ ഇരുസൈന്യങ്ങളുടെയും ശക്തിയെക്കുറിച്ച് ശരിയായി വിലയിരുത്താന്‍ കെല്പുള്ളവരായിരുന്നില്ലായെന്ന് വ്യക്തമാണ്. ഇത് കാരണം നേതാവ് സ്വഫ്വാന്‍ ബിന്‍ ഉമയ്യ അതിനോടു വിയോജിച്ചുകൊണ്ട് പറഞ്ഞു: 'എന്റെ ജനങ്ങളേ, നിങ്ങളത് ചെയ്യരുത്. കാരണം, ഉഹ്ദില്‍നിന്ന് പിരിഞ്ഞുപോയ മുസ്ലിംകള്‍ നിങ്ങള്‍ക്കെതിരില്‍ സജ്ജരായിരിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. നിങ്ങള്‍ തിരിച്ചുപോകൂ ഇപ്പോള്‍ വിജയം നിങ്ങള്‍ക്കാണ്. നിങ്ങള്‍ രണ്ടാമതും യുദ്ധത്തിനൊരുങ്ങിയാല്‍ വിജയം അവര്‍ക്കാകുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു.' പക്ഷേ, ഈ അഭിപ്രായം ഭൂരിപക്ഷത്തിന്റെ മുമ്പില്‍ തിരസ്കരിക്കപ്പെടുകയാണുണ്ടായത്. അങ്ങനെ മക്കാ സൈന്യം മദീനക്കു നേരെത്തന്നെ തിരിയാന്‍ തീരുമാനിച്ചു. പക്ഷേ, അബൂസുഫ്യാന്‍ സൈന്യത്തെയും കൊണ്ട് നീങ്ങുന്നതിന് മുമ്പ് തന്നെ മഅ്ബദ് ബിന്‍ അബൂ മഅ്ബദ് അവിടെയെത്തിയിരുന്നു. അദ്ദേഹത്തിന്റെ ഇസ്ലാമാശ്ളേഷം അബൂസുഫ്യാന്‍ അറിഞ്ഞിരുന്നില്ല. വിശേഷമന്വേഷിച്ച അബൂസുഫ്യാനോട് മഅ്ബദ് പറഞ്ഞു: 'മുഹമ്മദ് ഞാനിതുവരേയും കണ്ടിട്ടില്ലാത്തത്ര ഒരു വമ്പിച്ച സൈന്യസമേതം നിങ്ങളെ നേരിടാന്‍ പുറപ്പെട്ടിരിക്കുന്നു. നിങ്ങളെ അവര്‍ തകര്‍ത്തുകളയും ഉഹ്ദില്‍ പങ്കെടുത്തിട്ടില്ലാത്തവരും അതില്‍ ചേര്‍ന്നിരിക്കുന്നു. ഉഹ്ദില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ദു:ഖിക്കുന്നവരാണവര്‍. അവര്‍ക്ക് അടങ്ങാത്ത പകയാണ് നിങ്ങളോടുള്ളത്. ഇതുപോലെ ഞാനൊന്ന് കണ്ടിട്ടില്ല.' അബൂസുഫ്യാന്‍ പറഞ്ഞു: നാശം! എന്താണ് നീ അഭിപ്രായപ്പെടുന്നത്? അദ്ദേഹം പറഞ്ഞു: അല്ലാഹുവാണേ, നിങ്ങളിവിടം വിടുന്നതാണ് നല്ലത്, കുതിരകളുടെ മൂര്‍ധാവ് കാണുന്നതിന് മുമ്പ് അല്ലെങ്കില്‍ ഈ മലയുടെ മറുഭാഗത്ത്നിന്ന് സൈന്യം പ്രത്യക്ഷപ്പെടുന്നതിന് മുമ്പ്. അപ്പോള്‍ അബൂസുഫ്യാന്‍ പറഞ്ഞു: അവരുടെ വേരറുക്കാനായി തിരിച്ചു ചെല്ലണമെന്ന് തീരുമാനിച്ചതാണ് ഞങ്ങള്‍'. അദ്ദേഹം: അതൊരിക്കലും ചെയ്തു പോകരുത്. ഞാനൊരു ഗുണകാംക്ഷിയാണ്.
ഇതോടെ മക്കാസൈന്യത്തിന്റെ വീര്യം ചോര്‍ന്നുപോയി. അവരെ ഭീതിയും ഭയവും പിടികൂടി. മക്കയിലേക്ക് തന്നെ പിന്‍വാങ്ങുന്നതാണ് നല്ലതെന്ന് അവര്‍ മനസ്സിലാക്കി. ഇതിനിടയില്‍ അബൂസുഫ്യാന്‍ മുസ്ലിം സൈന്യത്തിനെതിരില്‍ ഒരു പ്രചാരണ യുദ്ധം അഴിച്ചുവിട്ടു. ഒരുപക്ഷേ അത് മുസ്ലിം സൈന്യത്തെ ഇവരുമായി കണ്ടുമുട്ടുന്നതില്‍നിന്ന് തടഞ്ഞേക്കാം എന്ന പ്രതീക്ഷയില്‍. അതുവഴി മദീനയിലേക്ക് കടന്നുപോവുകയായിരുന്ന അബ്ദുല്‍ ഖൈസിന്റെ യാത്രാസംഘത്തോടദ്ദേഹം വിളിച്ചു ചോദിച്ചു: 'നിങ്ങള്‍ മുഹമ്മദിന് എന്റെ ഒരു സന്ദേശം എത്തിക്കുമോ? എന്നാല്‍ ഈ യാത്രാസംഘത്തിലെ അംഗങ്ങള്‍ക്കു നിങ്ങള്‍ മക്കയില്‍ തിരിച്ചെത്തിയാല്‍ ഉകാളില്‍വെച്ച് മുന്തിരി നല്കുന്നതാണ്.' അവര്‍ പറഞ്ഞു: 'അതെ' അബൂസുഫ്യാന്‍ പറഞ്ഞു: 'എന്നാല്‍ മുഹമ്മദിനെ അറിയിക്കുക, ഞങ്ങള്‍ അവനേയും അവന്റെ ആളുകളെയും മുരടറുക്കാന്‍ വേണ്ടി ഒരിക്കല്‍ കൂടിമടങ്ങിവരുന്നുണ്ടെന്ന്.'
യാത്രസംഘം ഹംറാഅ് അല്‍അസദില്‍ താവളമടിച്ചിരുന്ന പ്രവാചകനോടും അനുയായികളോടും വിവരം പറഞ്ഞു. അവര്‍ പറഞ്ഞു: ഇതാ ജനങ്ങള്‍ നിങ്ങള്‍ക്കെതിരില്‍ സുസജ്ജരായിരിക്കുന്നു. അവരെ ഭയപ്പെടുക ഇതുകേട്ടപ്പോള്‍ അവര്‍ക്ക് വിശ്വാസം വര്‍ധിച്ചു.
'അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹുമതി. ഭരമേല്പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ. അങ്ങനെ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും ഔദാര്യവുംകൊണ്ട് യാതൊരു ദോഷവും ബാധിക്കാതെ അവര്‍ മടങ്ങി. അല്ലാഹുവിന്റെ പ്രീതിയെ അവര്‍ പിന്തുടരുകയും ചെയ്തു. മഹത്തായ ഔദാര്യമുള്ളവനത്രെ അല്ലാഹു''. (3:173,174).

ഞായറാഴ്ച ഹംറാഅ് അല്‍ അസദിലെത്തിയ നബി(സ) തിങ്കള്‍, ചൊവ്വ, ബുധന്‍ എന്നീ ദിവസങ്ങള്‍ അവിടെ തങ്ങിയശേഷം മദീനയിലേക്കുമടങ്ങി. മടങ്ങുന്നതിന് മുമ്പ് റസൂല്‍(സ) അബൂ ഉസ്സഅല്‍ജുംഹിയെ പിടികൂടി. ഇദ്ദേഹത്തെ ബദ്റിലെ ബന്ദികളുടെ കൂട്ടത്തില്‍നിന്ന് ദാരിദ്യ്രവും പെണ്‍മക്കളുടെ ആധിക്യവും പരാതിയായി പറഞ്ഞപ്പോള്‍ മറ്റാരേയും ഇസ്ലാമിനെതിരില്‍ സഹായിക്കരുതെന്ന വ്യവസ്ഥയില്‍ ഔദാര്യമായി വിട്ടയച്ചതായിരുന്നു. പക്ഷേ അദ്ദേഹം കരാര്‍ ലംഘിച്ചുകൊണ്ടു മുസ്ലിംകളെ വഞ്ചിച്ചു. ഉഹ്ദ് യുദ്ധത്തില്‍ പങ്കെടുത്തു. പിടിക്കപ്പെട്ടപ്പോള്‍ വീണ്ടും പഴയതുപോലെ ഒഴിവുകഴിവുകള്‍ പറഞ്ഞെങ്കിലും അവനെ വിട്ടില്ല. 'നീ മക്കയില്‍ പോയി ഞാന്‍ മുഹമ്മദിനെ രണ്ടുതവണ വഞ്ചിച്ചുവെന്ന് നിന്റെ ഇരുകവിള്‍ തടങ്ങളും തടവിക്കൊണ്ട് പറയുന്നു! ഒരു വിശ്വാസിക്ക് ഒരു മാളത്തില്‍നിന്ന് രണ്ടു തവണ ദംശന മേല്ക്കില്ല എന്ന് പറഞ്ഞുകൊണ്ട് റസൂല്‍(സ) അവനെ വധിക്കാന്‍ ഉത്തരവിട്ടു. സുബൈറോ ആസ്വിമോ ആണ് അവന്റെ ശിരസറുത്തത്.

ക്വുറൈശികള്‍ക്കുവേണ്ടി ചാരപ്രവൃത്തി നടത്തിയിരുന്ന മുആവിയ്യബിന്‍ അല്‍മുഗീറയേയും ഇതുപോലെ വധിക്കാന്‍ റസൂല്‍(സ) കല്പിച്ചു. ഇദ്ദേഹം മാതാവ് വഴി അബ്ദുല്‍ മലിക് ബിന്‍മര്‍വാന്റെ പിതാമഹനാണ്. ബഹുദൈവാരാധകര്‍ ഉഹ്ദിനുശേഷം മദീനയിലേക്ക് മടങ്ങിയപ്പോള്‍ ഈ മുആവിയ തന്റെ പിതൃവ്യപുത്രനായ ഉഥ്മാന്‍ ബിന്‍ അഫ്ഫാന്റെ അടുക്കല്‍ അഭയംതേടി. മൂന്നുദിവസം കഴിഞ്ഞാല്‍ സ്ഥലം വിട്ടില്ലെങ്കില്‍ വധിക്കുമെന്ന വ്യവസ്ഥയിലായിരുന്നു ഈ അഭയം നല്‍കല്‍. മുസ്ലിം സൈന്യം മദീനവിട്ട് പുറത്തുപോയ സന്ദര്‍ഭത്തില്‍ ചാരപ്രവര്‍ത്തനവുമായി ഇയാള്‍ അവിടെത്തന്നെ തങ്ങി. മുസ്ലിം സൈന്യം തിരിച്ചെത്തിയ വിവരമറിഞ്ഞ് ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും റസൂല്‍(സ)യുടെ ഉത്തരവനുസരിച്ച് സൈദ്ബിന്‍ ഹാരിഥയും അമ്മാര്‍ബിന്‍യാസിറും അവനെ പിന്തുടര്‍ന്ന് വധിച്ചു.(57)

'ഹംറാഅ് അല്‍ അസദ് സൈന്യനിയോഗം ഒരു സ്വതന്ത്ര യുദ്ധമല്ല. ഉഹ്ദ് യുദ്ധത്തിന്റെ അനുപൂരകം മാത്രമാണ്.
വിലയിരുത്തല്‍: ഇതാണ് ഉഹ്ദ് യുദ്ധം; അതിന്റെ എല്ലാ വിശദാംശങ്ങളോടും കൂടി. ഗവേഷകര്‍ ഏറെ ചര്‍ച്ച ചെയ്തു; ഈ യുദ്ധത്തിന്റെ പരിസമാപ്തിയെക്കുറിച്ച്. ഇതൊരു പരാജയമായിരുന്നോ അല്ലയോ? സംശയമില്ല, യുദ്ധത്തിന്റെ രണ്ടാം പാദത്തില്‍ സൈനിക മേധാവിത്തം ബഹുദൈവാരാധകര്‍ക്കായിരുന്നുവെന്നതില്‍. വധിക്കപ്പെട്ടവര്‍ അധികവും മുസ്ലിം പക്ഷത്തുതന്നെ. മുസ്ലിംകളില്‍ ഒരു ചെറിയ വിഭാഗം പൂര്‍ണമായും പരാജയപ്പെടുകതന്നെ ചെയ്തു. ഇങ്ങനെയെല്ലാമാണെങ്കിലും മക്കാ സൈന്യം വിജയിച്ചുവെന്ന് വിധിയെഴുതുന്നതിന് നമ്മെ തടയുന്ന ഒട്ടനവധി കാരണങ്ങള്‍ ഇനിയും അവശേഷിക്കുന്നു.

ശത്രുസൈന്യത്തിന് മുസ്ലിംകളുടെ സൈനിക താവളം കയ്യടക്കാന്‍ കഴിഞ്ഞില്ലായെന്നത് സംശയമറ്റ കാര്യമാണ്. കടുത്ത അരാജകത്വവും കുഴമറിച്ചിലുകളുമുണ്ടായിട്ടും മുസ്ലിം സൈന്യത്തിലെ ഭൂരിഭാഗവും യുദ്ധക്കളം വിട്ടോടിയില്ല. എന്നല്ല, തികഞ്ഞ ധീരതയോടെ പോരാടി പിടിച്ചു നില്ക്കുകയും സൈനിക താവളത്തിനുചുറ്റും എല്ലാവരേയും ഏകീകരിക്കുകയും ചെയ്തു. മുസ്ലിം ഭടന്മാരാരും തന്നെ ശത്രുക്കളുടെ കൈകളില്‍ ബന്ദികളായില്ലായെന്നതും അവര്‍ക്ക് 'ഗനീമത്ത്' ഒന്നും ലഭിച്ചില്ലായെന്നതും ശ്രദ്ധേയമാണ്. മുസ്ലിം സൈന്യം യുദ്ധക്കളത്തില്‍തന്നെ ഉറച്ചുനിന്നിട്ടും യുദ്ധത്തിന്റെ മൂന്നാം ഘട്ടത്തില്‍ ശത്രുക്കള്‍ യുദ്ധക്കളത്തിലേക്ക് വന്നതേയില്ല. എന്നല്ല, അക്കാലത്തെ സമ്പ്രദായമനുസരിച്ച് വിജയികള്‍ യുദ്ധക്കളത്തില്‍ ഒന്നോ രണ്ടോ മൂന്നോ നാളുകള്‍ തങ്ങുകയെന്നതും ഉണ്ടായില്ല പ്രത്യുത, മുസ്ലിംകള്‍ യുദ്ധക്കളം വിടുന്നതിനു മുമ്പേ അവര്‍ പിന്‍വലിയുകയാണ് ചെയ്തത്. സമ്പത്തും സ്ത്രീകളും കൊള്ളയടിക്കാന്‍ സൌകര്യമുണ്ടായിട്ടും തൊട്ടടുത്ത് ഒഴിഞ്ഞു കിടക്കുന്ന മദീനയിലേക്കവര്‍ എത്തിനോക്കിയതു പോലുമില്ല.
ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ മുസ്ലിം സൈന്യത്തെ വലയം ചെയ്ത് ഏതാനും കനത്ത നഷ്ടങ്ങളേല്പിക്കാന്‍ ഒരവസരം ക്വുറൈശികള്‍ക്ക് ലഭിച്ചുവെന്നതല്ലാതെ (ഇത്തരം നഷ്ടങ്ങള്‍ വിജയികള്‍ക്ക് പലപ്പോഴും സംഭവിക്കാറുള്ളതുമാണ്) നിര്‍ണായകമായ ഒരു വിജയം ലഭിച്ചുവെന്ന് പറയാന്‍ കഴിയില്ല.

അബൂസുഫ്യാന്റെ ധൃതിപിടിച്ചുള്ള തിരിച്ചുപോക്ക്, യുദ്ധം ഒരു മൂന്നാം ഘട്ടത്തിലേക്ക് നീങ്ങിയാല്‍ പരാജയം സംഭവിക്കുമെന്ന ഭീതിയാണെന്ന് വ്യക്തമാക്കുന്നു. ഹംറാഅ് അല്‍ അസദിലെ സംഭവം ഇത് കൂടുതല്‍ വ്യക്തമാക്കുന്നു.
അപ്പോള്‍ ഉഹ്ദ് യുദ്ധം, ഓരോ കക്ഷിയും അവരവര്‍ക്കു വിധിച്ച വിജയവും പരാജയവും ഏറ്റുവാങ്ങിക്കൊണ്ട് തീരുമാനമാകാതെ യുദ്ധത്തില്‍നിന്ന് പിന്‍മാറിയ ഒരു സംഭവമാണ്. ഇതിലേക്കാണ് ക്വുര്‍ആന്‍ വിരല്‍ചൂണ്ടുന്നത്.
"ശത്രുജനതയെ തേടിപ്പിടിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ ദൌര്‍ബല്യം കാണിക്കരുത്. നിങ്ങള്‍ വേദന അനുഭവിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ വേദന അനുഭവിക്കുന്നതുപോലെത്തന്നെ അവരും വേദന അനുഭവിക്കുന്നുണ്ട്. നിങ്ങളാകട്ടെ അവര്‍ക്ക് പ്രതീക്ഷിക്കാനില്ലാത്തത് (അനുഗ്രഹം) അല്ലാഹുവില്‍നിന്ന് പ്രതീക്ഷിക്കുന്നുമുണ്ട്.(4:104)
രണ്ടുവിഭാഗവും വേദന ഒരുപോലെ അനുഭവിച്ചുവെന്നും ആരും വിജയിക്കാതെ രണ്ടുവിഭാഗവും പിരിഞ്ഞുപോവുകയാണുണ്ടായതെന്നും ഈ സൂക്തം വ്യക്തമാക്കുന്നു.

യുദ്ധത്തെക്കുറിച്ച് ക്വുര്‍ആന്‍
യുദ്ധത്തിന്റെ നാനാവശങ്ങളിലേക്കും വെളിച്ചം വീശിക്കൊണ്ട് വിശുദ്ധക്വുര്‍ആന്‍ അവതരിച്ചു. മുസ്ലിംകള്‍ക്കു സംഭവിച്ച നഷ്ടത്തിന്റെ യഥാര്‍ഥ കാരണങ്ങള്‍ ഇതില്‍ വ്യക്തമാക്കുകയുണ്ടായി. അത്യുന്നതമായ ഒരു ദൌത്യനിര്‍വഹണത്തിനായി നിയുക്തരായ മുസ്ലിംകളില്‍ ഇതുപോലുള്ള സന്നിഗ്ധ ഘട്ടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ദൌര്‍ബല്യങ്ങളെക്കുറിച്ച് അത് വ്യക്തമാക്കുകയുണ്ടായി.

അതുപോലെത്തന്നെ, മുനാഫിഖുകളുടെ നിലപാടും അവരുടെ മ്ളേഛതകളും അല്ലാഹുവിനോടും റസൂലിനോടും അവരുടെ മനസ്സുകളില്‍ ഒളിപ്പിച്ചുവെച്ച ശത്രുതയെകുറിച്ചും, അവരും അവരുടെ കൂട്ടാളികളായ ജൂതരും ദുര്‍ബല വിശ്വാസികളായ മുസ്ലിം മനസ്സുകളില്‍ ഇളക്കിവിടുന്ന ദുര്‍ബോധനങ്ങളെക്കുറിച്ചും ക്വുര്‍ആന്‍ സംസാരിച്ചു. കൂടാതെ ഈ യുദ്ധത്തില്‍നിന്ന് ഉരുത്തിരിഞ്ഞുവന്ന തത്ത്വങ്ങളിലേക്കും ഉന്നതമായ ലക്ഷ്യങ്ങളിലേക്കും അത് വിരല്‍ ചൂണ്ടുകയും ചെയ്തു.
ഈ യുദ്ധത്തെക്കുറിച്ചുമാത്രം ആലുഇംറാന്‍ എന്ന അധ്യായത്തില്‍ അറുപത് സൂക്തങ്ങള്‍ അവതരിച്ചു. യുദ്ധത്തിന്റെ ഒന്നാംഘട്ടത്തെക്കുറിച്ചുതന്നെ പറഞ്ഞു:
"(നബിയേ), സത്യവിശ്വാസികള്‍ക്ക് യുദ്ധത്തിനുള്ള താവളങ്ങള്‍ സൌകര്യപ്പെടുത്തിക്കൊടുക്കുവാനായി നീ സ്വന്തം കുടുംബത്തില്‍നിന്ന് കാലത്തു പുറപ്പെട്ടുപോയ സന്ദര്‍ഭം ഓര്‍ക്കുക''(3:121) അവസാനം യുദ്ധത്തിന്റെ ഫലങ്ങളെയും തത്ത്വങ്ങളെയും കുറിച്ച് സാമാന്യമായ ഒരു വിലയിരുത്തലും:
"നല്ലതില്‍നിന്ന് ദുഷിച്ചതിനെ വേര്‍ തിരിച്ചുകാണിക്കാതെ, സത്യവിശ്വാസികളെ നിങ്ങളിന്നുള്ള അവസ്ഥയില്‍ അല്ലാഹു വിടാന്‍പോകുന്നില്ല. അദൃശ്യജ്ഞാനം അല്ലാഹു നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരാനും പോകുന്നില്ല. എന്നാല്‍ അല്ലാഹു തന്റെ ദൂതന്മാരില്‍നിന്ന് അവന്‍ ഉദ്ദേശിക്കുന്നവരെ തെരഞ്ഞെടുക്കുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുവീന്‍. നിങ്ങള്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നപക്ഷം നിങ്ങള്‍ക്കുമഹത്തായ പ്രതിഫലമുണ്ട്. (3:179)

തത്ത്വങ്ങളും ലക്ഷ്യങ്ങളും
ഇബ്നുല്‍ ഖയ്യിം തന്റെ സാദുല്‍ മആദ് എന്ന ഗ്രന്ഥത്തില്‍ ഇത് വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ഇബ്നുഹജര്‍ പറയുന്നു: പണ്ഡിതന്മാര്‍ പറഞ്ഞു: ഉഹ്ദ് സംഭവത്തിലും അതില്‍ മുസ്ലിംകള്‍ക്ക് അനുഭവപ്പെട്ടതിലും ദൈവീകമായ മഹത്തായ ലക്ഷ്യങ്ങളും ഫലങ്ങളുമുണ്ട്. അനുസരണക്കേടിന്റെയും നിരോധനലംഘനത്തിന്റെയും പര്യന്തം അവരെ അറിയിക്കുന്നു. അമ്പെയ്ത്തുകാര്‍ അനുസരണക്കേടുകാണിച്ചതാണ് സൂചന. അതുപോലെ, പ്രവാചകന്മാരുടെ ജീവിതത്തിലെ പതിവ് അവര്‍ പരീക്ഷിക്കപ്പെടുകയും അവസാനം വിജയിക്കുകയും ചെയ്യുക എന്നതാണ്. ഇതിന്റെ ഉദ്ദേശ്യം, അവര്‍ സ്ഥിരമായി വിജയം മാത്രം അനുഭവിച്ചാല്‍ മുസ്ലിംകള്‍ക്കിടയില്‍ അവരല്ലാത്തവരും കടന്നുകയറും. അങ്ങനെ വന്നാല്‍ സത്യസന്ധനും അല്ലാത്തവരും വേര്‍തിരിയുകയില്ല. സ്ഥിരമായി പരാജയം മാത്രം ഏറ്റുവാങ്ങിയാലോ, പ്രവാചക നിയോഗത്തിന്റെ ലക്ഷ്യവും പൂര്‍ത്തിയാവുകയില്ല. അതിനാല്‍ സത്യസന്ധരേയും അല്ലാത്തവരേയും വേര്‍തിരിച്ചറിയാന്‍ രണ്ടും ഒരു പോലെ നല്കുന്നു. ഈ സംഭവത്തോടെ മുനാഫിഖുകളുടെ യഥാര്‍ഥ നിലവ്യക്തമായല്ലോ. സ്വന്തം അണികളില്‍ തന്നെ തങ്ങള്‍ക്കു ശത്രുക്കളുണ്ടെന്ന് മുസ്ലിംകള്‍ക്ക് അറിയാനും അവര്‍ക്കെതിരില്‍ ജാഗ്രത കൈകൊള്ളാനും അവസരം ലഭിച്ചു. അതുപോലെ, വിജയം അല്പകാലത്തേക്ക് പിന്തിക്കുകയെന്നത് ആത്മാവിനെ പാകപ്പെടുത്തിയെടുക്കാനുള്ള ഒരു സന്ദര്‍ഭമാണ്. പരീക്ഷിക്കപ്പെട്ടപ്പോള്‍ വിശ്വാസികള്‍ ക്ഷമിക്കുകയും കപടന്മാര്‍ വിഭ്രാന്തരാവുകയും ചെയ്യുകയുണ്ടായി. അതുപോലെ, അല്ലാഹു തന്റെ വിശ്വാസികളായ ദാസന്മാര്‍ക്ക് ഒരുക്കിവെച്ച അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ കേവല പ്രവര്‍ത്തനങ്ങള്‍മാത്രം പര്യാപ്തമാകാതെ വരുന്നു. അതിനാല്‍ അത് പ്രാപിക്കാനാവശ്യമായ പരീക്ഷണങ്ങളിലൂടെ അവരെ നയിക്കുന്നു. അതുപോലെ, രക്തസാക്ഷിത്വം ഇഷ്ടദാസന്മാരുടെ ഏറ്റം ഉയര്‍ന്ന പദവിയാണ്. അവര്‍ക്കതിന് അവസരമൊരുക്കി. അതുപോലെ അല്ലാഹുതന്റെ ശത്രുക്കളെ നശിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. അതിനാവശ്യമായ സാഹചര്യം അവരുടെ നിഷേധം കൊണ്ടും തന്റെ ഇഷ്ടദാസന്മാരെ അക്രമിക്കുന്നതുകൊണ്ടും അല്ലാഹു ഒരുക്കിക്കൊടുക്കുന്നു. അതുവഴി വിശ്വാസികളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും അവിശ്വാസികളെ നിര്‍മൂലനം നടത്തുകയും ചെയ്യുന്നു.

ഉഹ്ദിന്റെ പ്രതികരണങ്ങള്‍
ഉഹ്ദ് സംഭവം മുസ്ലിംകളുടെ യശസ്സിനും പ്രതാപത്തിനും സാരമായ കോട്ടം തന്നെ സൃഷ്ടിച്ചു. ശത്രുമനസ്സുകളില്‍ നിന്ന് മുസ്ലിംകളെ സംബന്ധിച്ച ഭയം നീക്കി. ആഭ്യന്തരവും ബാഹ്യവുമായ ശത്രുക്കള്‍ ഉണര്‍ന്നെഴുന്നേറ്റു. മദീനക്കു ചുറ്റും അപകടസാധ്യതകള്‍ നിറഞ്ഞു. ജൂതരും കപടരും ബദുക്കളും പ്രത്യക്ഷമായ ശത്രുത തന്നെ പ്രകടിപ്പിച്ചുതുടങ്ങി. ഓരോരുത്തരും മുസ്ലിംകളുടെ നേരെതിരിഞ്ഞു. മുസ്ലിംകളുടെ കഥ തന്നെ കഴിക്കാമെന്ന ധാരണയില്‍.
യുദ്ധം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞില്ല. അപ്പോഴേക്കും അസദ് ഗോത്രം മദീനക്ക് നേരെ തിരിഞ്ഞു. ഉളല്‍, ഖാറ ഗോത്രങ്ങള്‍ ഹി. 4ാം വര്‍ഷം സ്വഫര്‍ മാസത്തില്‍ മുസ്ലിംകള്‍ക്കെതിരില്‍ നടത്തിയ അക്രമത്തില്‍ പത്ത് സ്വഹാബികള്‍ വധിക്കപ്പെട്ടു. ഇതേ മാസം തന്നെ മറ്റൊന്നുകൂടി അരങ്ങേറി. എഴുപത് സ്വഹാബികള്‍ വധിക്കപ്പെട്ട ഈ ദുരന്തം ആമിര്‍ ബിന്‍ തുഫൈലിന്റെ നേതൃത്വത്തിലായിരുന്നു. 'ബീര്‍മഊന സംഭവം' എന്ന പേരില്‍ ഇതറിയപ്പെടുന്നു. ഇതിന്നിടയില്‍ ബനൂനളീര്‍കാര്‍ റബീഉല്‍ അവ്വല്‍ മാസത്തില്‍ പ്രവാചകനെതിരെ വധശ്രമം നടത്തി. ഗത്വ്ഫാന്‍ ഗോത്രക്കാരും ജുമാദല്‍ ഊലയില്‍ മദീനയെ അക്രമിക്കാന്‍ ധൈര്യം കാണിച്ചു.

ഉഹ്ദ് യുദ്ധത്തിലേറ്റ സൈനിക പരാജയം മുസ്ലിംകളെ ഒരു ഘട്ടത്തില്‍ അപകടസന്ധികളാല്‍ തകര്‍ത്തുകളഞ്ഞു. പക്ഷേ, പ്രവാചകന്‍ (സ)യുടെ യുക്തിദീക്ഷയും ദീര്‍ഘദൃഷ്ടിയും മുസ്ലിം വിരുദ്ധതരംഗം തിരിച്ചുവിടാനും നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനും അവസരമൊരുക്കി. ഇതിലൊന്നാമത്തെതായിരുന്നു ഹംറാഉല്‍ അസദ് സംഭവം. ഇതുവലിയ ഒരളവോളം മുസ്ലിം സൈന്യത്തിന്റെ യശസ്സുയര്‍ത്തി. ജൂത കപട മനസ്സുകളെ പരിഭ്രാന്തരാക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ ചില തന്ത്രപരമായ നീക്കങ്ങളിലൂടെ പഴയ പ്രതാപം മുസ്ലിംകള്‍ പിടിച്ചെടുത്തു. എന്നല്ല പൂര്‍വോപരി യശസ്സുയരുകയും ചെയ്തു. അതിന്റെ ഒരു ലഘു വിവരണമാണ് താഴെ.

അബൂസലമ സൈന്യനിയോഗം
ഉഹ്ദ് സംഭവത്തിനുശേഷം ആദ്യമായി മുസ്ലിംകള്‍ക്കെതിരെ രംഗത്തുവന്നത് അസദ് ബിന്‍ ഖുസൈമഗോത്രമാണ്. ഖുവൈലിദിന്റെ പുത്രന്മാരായ ത്വല്‍ഹയും സലമയും പ്രവാചകനെതിരില്‍ യുദ്ധം നയിക്കാന്‍ സൈന്യസജ്ജീകരണം നടത്തുന്ന വിവരം മദീനയിലെ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് നബി(സ)ക്ക് ലഭിച്ചു. ഉടനെ നബിതിരുമേനി നൂറ്റമ്പത് ഭടന്മാരടങ്ങുന്ന മുഹാജിറുകളുടെയും അന്‍സ്വാറുകളുടെയും ഒരു സൈന്യത്തെ അബൂസലമയുടെ നേതൃത്വത്തില്‍ പതാകയും കൊടുത്ത് അവിടേക്ക് നിയോഗിച്ചു. അവരിങ്ങോട്ടുവരുന്നതിനു മുമ്പ് അബൂസലമ അവരുടെ ഗേഹങ്ങളില്‍ കടന്ന് അവരെ അക്രമിച്ചു. അവര്‍ വീട് വിട്ടോടിയതുകാരണം മുസ്ലിംകള്‍ക്ക് അവരുടെ ഒട്ടകങ്ങളെയും ആടുകളെയും കൈയടക്കാന്‍ കഴിഞ്ഞു. അവയെയും കൊണ്ട് മുസ്ലിംകള്‍ സുരക്ഷിതമായി മദീനയിലേക്ക് മടങ്ങി.

ഈ നിയോഗം ഹിജ്റ് 4ാം വര്‍ഷം മുഹറത്തിന്റെ തുടക്കത്തിലായിരുന്നു. ഈ പര്യടനം കഴിഞ്ഞ് തിരിച്ചുവന്ന് അധികം കഴിയുംമുമ്പേ അബൂസലമ മൃതിയടഞ്ഞു. ഉഹ്ദിലേറ്റ മുറിവിലെ രക്ത നിലക്കാത്തതായിരുന്നു ഹേതു(58)
ഇതേ നമാസം അഞ്ചിന് ഹുദൈല്‍ ഗോത്രക്കാരനായ ഖാലിദ്ബിന്‍ സുഫ്യാന്‍ യുദ്ധസന്നാഹം നടത്തുന്ന വിവരം നബി(സ)ക്ക് ലഭിച്ചു. അപ്പോള്‍ അബ്ദുല്ലാഹിബിന്‍ ഉനൈസിനെ പ്രവാചകന്‍ അവര്‍ക്കെതിരില്‍ നിയോഗിച്ചു. ഇദ്ദേഹം പതിനെട്ട് ദിവസനത്തിനുശേഷം ശനിയാഴ്ച ഖാലിദിന്റെ ശിരസ്സുമായി പ്രവാചകസന്നിധിയില്‍ എത്തി. അപ്പോള്‍ അവിടുന്ന് അദ്ദേഹത്തിനു ഒരു വടി സമ്മാനിച്ചു. എന്നിട്ട് പറഞ്ഞു: 'ഇത് അന്ത്യനാളില്‍ നമുക്ക് രണ്ടുപേര്‍ക്കുമിടയില്‍ ഒരു അടയാളമാണ്.' ഇദ്ദേഹം മരണാസന്നനായപ്പോള്‍ തന്റെ കഫന്‍ പുടവയുടെ കൂടെ ആ വടിയും വെക്കാന്‍ ഉപദേശിക്കുകയുണ്ടാടി.(59)

റജീഅ് സംഭവം
ഇതേ വര്‍ഷം സഫര്‍ മാസത്തില്‍ അളല്‍, ഖാറ എന്നീ പ്രദേശങ്ങളിലെ ജനങ്ങള്‍ തങ്ങള്‍ ഇസ്ലാം ആശ്ളേഷിച്ചിട്ടുണ്ടെന്നും അതിനാല്‍ മതം പഠിപ്പിക്കാന്‍ ആളെ അയച്ചുതരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രവാചകനെ സമീപിച്ചു. ആറുപേരെ- ഇബ്നു ഇസ്ഹാഖിന്റെയും ബുഖാരിയുടെയും നിവേദനമനുസരിച്ച് പത്ത്- മര്‍ഥദ്ബിന്‍ അബിമര്‍ഥദ് അല്‍ അനവിയുടെ നേതൃത്വത്തില്‍ അയച്ചു. ബുഖാരിയുടെ നിവേദനത്തില്‍ ആസ്വിംബിന്‍ ഥാബിത് എന്നാണുള്ളത്. ഇവര്‍ റജീഉല്‍ റാബിഗിന്റെയും ജിദ്ദയുടെയും ഇടക്ക് ഹുദൈല്‍കാരുടെ വെള്ളസ്ഥലം- എത്തിയപ്പോള്‍ ഹുദൈല്‍ ഗോത്രത്തിലെ ഉപശാഖ ബനൂലിഹിയാന്‍കാരെ ഇവര്‍ക്കെതിരില്‍ തിരിച്ചു. ഇവര്‍ ഈ സംഘത്തെ പിന്തുടര്‍ന്നു. അപ്പോള്‍ അവര്‍ ഒരു മലമുകളില്‍ കയറി അഭയം തേടി. ഇത് കണ്ട് അവര്‍ പറഞ്ഞു: 'നിങ്ങളെ ഞങ്ങള്‍ വധിക്കുകയില്ലെന്ന് ഉറപ്പ് തരുന്നു. നിങ്ങള്‍ക്കിറങ്ങിവരാം.' ആസ്വിമും കൂട്ടരും ഇറങ്ങാന്‍ വിസമ്മതിച്ചുകൊണ്ട് അവരുമായി ഏറ്റുമുട്ടു. അങ്ങനെ അദ്ദേഹവും ആറുപേരും വധിക്കപ്പെട്ടു. ഖുബൈബും സൈദ്ബിന്‍ ദുഥ്നയും മറ്റൊരാളും മാത്രം അവശേഷിച്ചു. അവര്‍ക്ക് വീണ്ടും സുരക്ഷിതത്വം ഉറപ്പ് നല്കിയപ്പോള്‍ അവര്‍ താഴെ ഇറങ്ങി പറഞ്ഞു: ഇത് ഒന്നാമത്തെ വഞ്ചനയാണ്. അദ്ദേഹം അവരുടെ കൂടെ പോകാന്‍ വിസമ്മതിച്ചപ്പോള്‍ അവര്‍ അദ്ദേഹത്തിന്നെതിരില്‍ ശക്തി ഉപയോഗിച്ചെങ്കിലും അദ്ദേഹം സന്നദ്ധനായില്ല. അതോടെ അവര്‍ അദ്ദേഹത്തെ വധിച്ചു. ഖുബൈബിനെയും സൈദിനെയും അവര്‍ മക്കയില്‍ കൊണ്ടുപോയി വിറ്റു. ഇവര്‍ രണ്ടുപേരും ബദ്റില്‍ വെച്ച് മക്കക്കാരുടെ നേതാക്കളെ വധിച്ചിരുന്നു. ഖുബൈബിനെ അവര്‍ തടങ്കലില്‍ വെച്ചശേഷം വധിക്കാന്‍ തീരുമാനിച്ചു. അതിനായി അദ്ദേഹത്തെ അവര്‍ ഹറമില്‍ നിന്ന് തന്‍ഈമിലേക്കു കൊണ്ടുപോയി. കുരിശിലേറ്റാന്‍ ഒരുങ്ങിയപ്പോള്‍ അദ്ദേഹം പറഞ്ഞു: 'എനിക്ക് രണ്ട് റക്അത്ത് നമസ്കരിക്കാന്‍ സമയം നല്കണം.' അതിനവസരം അനുവദിച്ചു. നമസ്കാരത്തില്‍ നിന്നു വിരമിച്ചശേഷം അദ്ദേഹം പറഞ്ഞു: അല്ലാഹുവാണേ, ഞാന്‍ മരണത്തെ ഭയക്കുന്നതുകൊണ്ട് നട്ടി നമസ്കരിക്കുന്നുവെന്ന് നിങ്ങള്‍ പറയുകയില്ലായിരുന്നുവെങ്കില്‍ ഞാന്‍ നീട്ടി നമസ്കരിക്കുമായിരുന്നു. തുടര്‍ന്നദ്ദേഹം പ്രാര്‍ഥിച്ചു. 'അല്ലാഹുവേ: ഇവരെ നീ എണ്ണി ക്ളിപ്തപ്പെടുത്തുക, എന്നിട്ട് ഇവരില്‍ അവസാനത്തവനെ വരെ നശിപ്പിക്കുക.' തുടര്‍ന്നദ്ദേഹം ഈ ആശയത്തില്‍ കവിത പാടി:

'സഖ്യഗോത്രങ്ങളെ സംഘടിപ്പിച്ചു എനിക്കു ചുറ്റും
സഖ്യകക്ഷികള്‍, അവരുടെ പുത്രകളത്രങ്ങളെയും
ബന്ധിതനായി ഞാനൊരു നീണ്ട ഈന്തത്തടിയില്‍
കേഴുന്നു ഞാന്‍ ഏകന്‍ അല്ലാഹുവോടുമാത്രമായ്
നിസ്സഹായതയിലും ഇവരൊരുക്കിയ മരണത്തിലും
അര്‍ശ് ഉടയനാഥാ ക്ഷമയെന്നില്‍ ചൊരിയണേ
മാംസമരിഞ്ഞിവരെന്റെ അന്നവും തടഞ്ഞു.
നല്കിയിവരെനിക്കു സ്വാതന്ത്യ്രം
മൃത്യുവിനും അവിശ്വാസത്തിനും
കരഞ്ഞുവറ്റിയെന്‍ കണ്‍തടങ്ങള്‍
ഇല്ലിനിയൊഴുക്കാന്‍ കണ്ണീരൊരിറ്റും
പരിഭവമേതുമില്ലെനിക്ക്
മുസ്ലിമായ് വധിക്കുകില്‍
പക്ഷമേതിലേക്കുപതിച്ചാലും പതനം നിങ്കലേക്ക്
ശിഥിലമാക്കുമീ ജഢത്തിലും അവന്‍,
ചൊരിഞ്ഞിടുമനുഗ്രഹമോരോ നുറുങ്ങിലും

ഉടനെ അബൂസുഫ്യാന്‍ ചോദിച്ചു: "നിനക്ക് പകരമായി മുഹമ്മദിന്റെ തലയെടുക്കുകയും നിന്നെ വീട്ടിലേക്ക് തിരിച്ചുവിടുകയും ചെയ്യുന്നത് നിനക്കിഷ്ടമാണോ? അദ്ദേഹം പറഞ്ഞു: 'അല്ലാഹുവാണേ! ഒരിക്കലുമില്ല. ഞാനെന്റെ വീട്ടിലായിരിക്കെ മുഹമ്മദ് ഇപ്പോഴുള്ളിടത്ത് ഒരു മുള്ളേല്‍ക്കുന്നതുപോലും എനിക്കിഷ്ടമില്ല.' തുടര്‍ന്നദ്ദേഹത്തെ ക്രൂശിച്ചു. ജഢത്തിനു കാവല്‍ നിര്‍ത്തിയെങ്കിലും പാതിരാവില്‍ അംറുബിന്‍ ഉമയ്യ അള്ളംരി വന്നു തന്ത്രത്തില്‍ ജഢമെടുത്തുകൊണ്ടുപോയി മറമാടി. ഖുബൈബിനെ വധഇക്കാന്‍ ഉത്തരവാദപ്പെടുത്തിയത് ഇഖ്ബത്തുബിന്ഡ അല്‍ ഹാരിഥിനെയായിരുന്നു. ഇദ്ദേഹത്തിന്റെ പിതാവിനെ ഖുബൈബ് ബദ്റില്‍ വധിച്ചിരുന്നു.

ബുഖാരിയുടെ നിവേദനത്തില്‍, ഖുബൈബാണ് വധിക്കപ്പെടുന്ന സമയത്തെ രണ്ടുറക്അത്ത് നമസ്കാരം ചര്യയാക്കിയത്. അദ്ദേഹം ബന്ധിതനായിരിക്കെ അദ്ദേഹത്തിന് കഴിക്കുവാന്‍ മുന്തിരക്കുല ലഭിച്ചിരുന്നു. അക്കാലത്താകട്ടെ മക്കയിലെങ്ങും മുന്തിരിയില്ലായിരുന്നു! ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സൈദ്ബിന്‍ അദ്ദഥ്നയെ സ്വഫ്വാന്‍ബിന്‍ ഉമയ്യ തന്റെ പിതാവിനു പകരമായി വധിച്ചു.
തങ്ങളുടെ നോട്ടപ്പുള്ളിയായ ആസ്വിമിന്റെ ജഢത്തില്‍നിന്ന് അല്പം ഭാഗം മുറിച്ചുകൊണ്ടുവരാന്‍ ഖുറൈശികള്‍ ആളെ അയച്ചു. പക്ഷേ കടന്നല്‍ കൂട്ടത്തെ ജഡത്തിനു കാവല്‍നിര്‍ത്തി അല്ലാഹു അദ്ദേഹത്തെ സംരക്ഷിച്ചു. ആസ്വിം അല്ലാഹുവിനോട്, താന്‍ ഒരു ബഹുദൈവാരാധകനെയും സ്പര്‍ശിക്കുകയില്ലെന്നും തന്നെ ഒരു ബഹുദൈവാരാധകനും സ്പര്‍ശിക്കരുതെന്നും കരാര്‍ ചെയ്തിരുന്നു. ആസ്വിമിന്റെ സംഭവമറിഞ്ഞ ഉമര്‍ പ്രതികരിച്ചു. 'അല്ലാഹു വിശ്വാസിയായ ദാസനെ മരണാനന്തരവും സംരക്ഷിക്കുന്നു. ജീവിത കാലത്ത് സംരക്ഷിച്ചതുപോലെ.' (60)

ബിഅ്റു മഊന ദുരന്തം
റജീഅ് ദുരന്തം അരങ്ങേറിയ അതേ മാസം തന്നെ മറ്റൊരു ദുരന്തവും അരങ്ങേറി. ഒന്നാമത്തേതിലും കഠിനമായിരുന്ന ഇത് 'ബിഅ്റുമഊന സംഭവം' എന്ന പേരില്‍ അറിയപ്പെടുന്നു.

ഇതിന്റെ ചുരുക്കം. അബുബറാഅ് ആമിര്‍ ബിന്‍മാലിക്- ഇദ്ദേഹം 'മുലാഇബുല്‍ അസിന്ന' എന്ന സ്ഥാനനാമത്തിലറിയപ്പെടുന്നു. കുന്തംകൊണ്ട് കളിക്കുന്നവന്‍ എന്നര്‍ഥം- മദീനയില്‍ നബി(സ)യുടെ അടുക്കല്‍വന്നു. അദ്ദേഹത്തെ പ്രവാചകന്‍ ഇസ്ലാമിലേക്കു ക്ഷണിച്ചു. അദ്ദേഹമത് സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്തില്ല. എന്നാല്‍ അദ്ദേഹം പറഞ്ഞു: 'ദൈവദൂതരെ താങ്കളുടെ ഏതാനും അനുയായികളെ എന്റെകൂടെ നജ്ദിലേക്കയച്ച് അവിടത്തുകാരെ ഈ മതത്തിലേക്ക് ക്ഷണിക്കുകയാണെങ്കില്‍ അവര്‍ ഇത് സ്വീകരിച്ചേക്കാം' പ്രവാചകന്‍ പറഞ്ഞു: 'നജ്ദ്കാരുടെ കാര്യത്തില്‍ എനിക്ക് ഭയമുണ്ട്' അപ്പോള്‍ അബൂബറാഅ് പറഞ്ഞു: ഞാനവര്‍ക്ക് സംരക്ഷണമേകാം. അങ്ങനെ ബനൂസാഇദയിലെ മുന്‍ദിര്‍ബിന്‍ അംറിന്റെ നേതൃത്വത്തില്‍- ഇദ്ദേഹം 'അല്‍ മുഅ്തിഖ്ലിയമൂത്' അഥവാ മരണത്തിനുവേണ്ടി സ്വതന്ത്രനാക്കപ്പെട്ടവന്‍ എന്ന പേരിലറിയപ്പെട്ടിരുന്നു- മുസ്ലിംകളിലെ പ്രമുഖരും നേതാക്കളുമായ നാല്പത് പേരെ- ഇത് ഇബ്നു ഇസ്ഹാഖിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ്. ബുഖാരി എഴുപതെന്ന് രേഖപ്പെടുത്തുന്നു. ഇതാണ് ശരി- ക്വുര്‍റാഉകളെ (ക്വുര്‍ആന്‍ പഠിച്ചവര്‍) അയച്ചു. ഇവര്‍ യാത്രക്കിടയില്‍ വിറക് ശേഖരിച്ച് വിറ്റ് അതുകൊണ്ട് സ്വുഫ്ഫത്തുകാര്‍ക്കു ഭക്ഷണം വാങ്ങിയും ക്വുര്‍ആന്‍ പഠിച്ചും രാത്രിയില്‍ നമസ്കരിച്ചും ബീറുമഊനയില്‍ ഇറങ്ങി. ഇത് ബനൂആമിറിന്റെയും ബനൂസലീമിന്റെ ചരല്‍ പ്രദേശത്തിനുമിടയിലുള്ള ഒരു കിണറാണ്. അവര്‍ ഉമ്മുസലീമിന്റെ സഹോദരന്‍ ഹറാം ബിന്‍മില്‍ഹാനെ റസൂല്‍(സ)യുടെ കത്തുമായി അല്ലാഹുവിന്റെ ശത്രു ആമിര്‍ ബിന്‍ തുഫൈലിന്റെയടുത്തേക്ക് അയച്ചു. കത്തുനോക്കുകപോലും ചെയ്യാതെ പിന്നില്‍ നിന്നയാളെ കുത്തിക്കൊന്നു. രക്തം ചിതറിയതുകണ്ട ഹറാം പറഞ്ഞു: 'അല്ലാഹു അക്ബര്‍, കഅ്ബയുടെ നാഥന്‍ തന്നെസത്യം. ഞാന്‍ വിജയിച്ചിരിക്കുന്നു!'

അവശേഷിക്കുന്നവരേയും വധിക്കുവാന്‍ അല്ലാഹുവിന്റെ ശത്രു ബനൂആമിര്‍കാരോടു കല്പിച്ചുവെങ്കിലും അബൂബറാഅ് സംരക്ഷണം നല്കിയവര്‍ക്കെതിരില്‍ യുദ്ധം ചെയ്യാന്‍ അവര്‍ തയ്യാറായില്ല. പിന്നീട്, ബനൂസലീംകാരോടു കല്പിച്ചപ്പോള്‍ ഉസ്വയ്യ:, രിഅ്ല്‍, ദക്വാന്‍ എന്നിവര്‍ അതിനു തയ്യാറായി ഇവര്‍ വന്ന പ്രവാചകന്റെ അനുയായികളെ വളഞ്ഞു. ഇവര്‍ ശത്രുക്കള്‍ക്കെതിരെ പ്രതിരോധിച്ചുനിന്നെങ്കിലും ഫലമുണ്ടായില്ല. എല്ലാവരെയും അവര്‍ വധിച്ചുകളഞ്ഞു. കഅബ്ബിന്‍ സൈദ്ബിന്‍ അന്നജ്ജാര്‍ ഒഴികെ. ഇദ്ദേഹം വധിക്കപ്പെട്ടവരുടെയിടയില്‍ ഒളിച്ചുകിടന്നാണ് രക്ഷപ്പെട്ടത്. പിന്നീട് ഖന്‍ദഖ് യുദ്ധത്തില്‍ വധിക്കപ്പെടുന്നതുവരെ ഇദ്ദേഹം ജീവിച്ചു.

അംറുബിന്‍ ഉമയ്യയും മുന്‍ദിര്‍ബിന്‍ ഉഖ്ബയും മുസ്ലിംകളുടെ കന്നുകാലികളെ മേയ്ക്കുകയായിരുന്നു. അവര്‍ ഈ സംഭവസ്ഥലത്ത് പക്ഷികള്‍ വട്ടമിട്ടു പറക്കുന്നതുകണ്ടു. ഉടനെ മുന്‍ദിര്‍ അവിടെ ഇറങ്ങി. ശത്രുക്കളുമായി ഏറ്റുമുട്ടിയെങ്കിലും തന്റെ കൂട്ടുകാരെപ്പോലെ അദ്ദേഹവും വധിക്കപ്പെട്ടു. അംറിനെ ബന്ദിയായി പിടിച്ചെങ്കിലും അദ്ദേഹം മുളര്‍ഗോത്രക്കാരനാണെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തെ ആമിര്‍ സ്വതന്ത്രനാക്കി. പക്ഷേ അദ്ദേഹത്തിന്റെ മൂര്‍ധാവിലെ മുടി മുറിച്ചെടുത്തശേഷമായിരുന്നു ഇത്. കൂടാതെ അടിമയെ മോചിപ്പിക്കുകയെന്ന തന്റെ മാതാവിന്റെ പ്രതിജ്ഞ പൂര്‍ത്തിയാക്കാന്‍ വേണ്ടിയും കൂടിയായിരുന്നു.

ഈ ദുരന്തവാര്‍ത്തയുമായി അംറിബിന്‍ ഉമയ്യ പ്രവാചക സന്നിധിയിലേക്കുമടങ്ങി. വഴിയില്‍വെച്ച് കിലാബ് ഗോത്രക്കാരായ രണ്ടുപേരെ കണ്ടുമുട്ടി. അവര്‍ അദ്ദേഹത്തിന്റെയരികെ താമസിച്ചു. രണ്ടുപേരും ശത്രുഗോത്രത്തില്‍പ്പെട്ടവരാണെന്ന ധാരണയില്‍ അംറു ഇവരുടെ ശിരസറുത്തു. യഥാര്‍ഥത്തില്‍ ഇവരുടെ പക്കല്‍ റസൂല്‍(സ)യുടെ കരാര്‍ പത്രികയുണ്ടായിരുന്നു. മടങ്ങിയെത്തിയ ഇദ്ദേഹം നബി(സ)യോടു വിവരം ധരിപ്പിച്ചപ്പോള്‍ അവിടുന്ന് വധിക്കപ്പെവര്‍ക്ക് പകരമായി പ്രായശ്ചിത്തം നല്കാന്‍ കല്പിച്ചു. മുസ്ലിംകളില്‍നിന്നും സഖ്യകക്ഷികളായ ജൂതരില്‍നിന്നും ശേഖരിച്ച് അത് നല്കുകയും ചെയ്തു.(61) ഇതാണ് പിന്നീട് ബനൂനളീറുകാരുമായി യുദ്ധമുണ്ടാകാന്‍ കാരണം.

ഈ സംഭവങ്ങള്‍ പ്രവാചകനെ അത്യധികം ദു:ഖിപ്പിച്ചു. അവിടുന്നു ഈ ഗോത്രങ്ങള്‍ക്കെതിരില്‍ പ്രാര്‍ഥിച്ചു. അനസ്(റ) വില്‍നിന്ന് ബുഖാരി രേഖപ്പെടുത്തുന്നു: 'ബിഅ്റുമഊനയില്‍ വധിക്കപ്പെട്ടവര്‍ക്കുവേണ്ടി പ്രവാചകന്‍ മുപ്പത് ദിവസം പ്രഭാത നമസ്കാരത്തില്‍ പ്രാര്‍ഥിച്ചു. റിഅ്ല്‍, ദക്വാന്‍, ലിഹായാന്‍, ഉസ്വയ്യ: എന്നീ ഗോത്രങ്ങളുടെ പേരെടുത്തു പറഞ്ഞു ശപിച്ചു... പിന്നീട് പ്രാര്‍ഥന ഉപേക്ഷിച്ചു.'(62)

ബനൂനളീര്‍ സൈന്യനിയോഗം
ജൂതര്‍ ഇസ്ലാമിനോടും മുസ്ലിംകളോടും കടുത്ത പകയും വിദ്വേഷവും വെച്ചുപുലര്‍ത്തുന്നവരായിരുന്നുവെന്ന് നാം നേരത്തെ പരാമര്‍ശിക്കുകയുണ്ടായി. ഇതു പക്ഷേ നേരിട്ടുള്ള ഒരു സംഘട്ടനത്തിന് തയ്യാറില്ലാതെ ഗൂഢതന്ത്രങ്ങളിലൂടെയും ചതിപ്രയോഗങ്ങളിലൂടെയുമായിരുന്നു. മുസ്ലിംകളുമായി സഖ്യകരാര്‍ നിലനില്ക്കേതന്നെ അവര്‍ പല ചതികളും മുസ്ലിംകള്‍ക്കെതിരില്‍ നടത്തി. എന്നാല്‍ ഖൈനുഖാഅ് സംഭവത്തിനും കഅബ്ബിന്‍ അശ്റഫിന്റെ വധത്തിനുംശേഷം ഇതല്പം ശാന്തമായി. പക്ഷേ, ഉഹ്ദിനുശേഷം അല്പം ധൈര്യം കൈവരിച്ച് പഴയതുപോലെ ശത്രുതയുമായിരംഗത്തുവന്നു. മക്കയിലെ കപടന്മാരുമായും ബഹുദൈവാരാധകരുമായും രഹസ്യബന്ധങ്ങള്‍ സ്ഥാപിക്കാനും തുടങ്ങി. പ്രവാചകന്‍ എല്ലാം ക്ഷമിച്ചു. അവസാനമവര്‍ റജീഅ്, ബിഅ്റുമഊന സംഭവങ്ങള്‍ക്കുശേഷം പൂര്‍വോപരി ശക്തരായി രംഗത്തുവന്നു. പ്രവാചകനെതിരില്‍ ഒരു വധ ഗൂഢാലോചനയോളമതെത്തി.

സംഭവം ഇങ്ങനെ: നബി(സ) അംറുബിന്‍ ഉമയ്യയാല്‍ വധിക്കപ്പെട്ട രണ്ടു കിലാബുകാര്‍ക്കു നല്കേണ്ട പ്രായശ്ചിത്തത്തില്‍ സഹായമാവശ്യപ്പെട്ടുകൊണ്ട് ഏതാനും സ്വഹാബികളോടൊപ്പം അവരുടെ അടുക്കല്‍ ചെന്നു. ജൂതരുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. അവര്‍ പറഞ്ഞു: "ഞങ്ങള്‍ സഹായിക്കാം അബുല്‍ഖാസിം, ഇവിടെ ഇരിക്കൂ'' അങ്ങനെ അവിടുന്ന് സഹായവും പ്രതീക്ഷിച്ച് അവരുടെ ഒരു വീടിനു ചാരിയിരുന്നു. അബൂബക്കറും ഉമറും അലിയും ഏതാനും സ്വഹാബികളും കൂടെയിരിക്കുകയും ചെയ്തു.

ജൂതര്‍ പിരിഞ്ഞുപോയി. അവരുടെ ദുഷ്ടമനസ്സിനെ പിശാച് സ്വാധീനിച്ചു. നബി(സ)ക്കെതിരെ ഒരു വധ ഗൂഢാലോചന അവര്‍ നടത്തി. അവര്‍ പറഞ്ഞു: 'ആരാണ് ഈ ആട്ടു കല്ലെടുത്ത് വീടിനുമുകളില്‍ കയറി അവന്റെ ശിരസില്‍ വീഴ്ത്തുക?' അവരില്‍ ഏറ്റം വലിയ ദൌര്‍ഭാഗ്യവാനായ അംറുബിന്‍ ജഹാശ് പറഞ്ഞു: 'ഞാന്‍' ഇത് കേട്ട് സല്ലാം ബിന്‍ മിശ്കം അവരോടു പറഞ്ഞു: 'അത് ചെയ്യരുത്. നിങ്ങളൂഹിച്ചത് അവന്ന് വിവരം ലഭിക്കുക തന്നെചെയ്യും. കൂടാതെ ഇതൊരു കരാര്‍ ലംഘനവുമാണ്'. പക്ഷേ അവരത് കേള്‍ക്കാതെ പദ്ധതി നടപ്പാക്കാന്‍ തന്നെ തീരുമാനിച്ചു.

ഇതിനിടക്ക് ജിബ്രീല്‍ ഇവരുടെ പദ്ധതിയുടെ വിവരവുമായി പ്രവാചകനെ സമീപിച്ചു. ഉടനെ പ്രവാചകന്‍ എഴുന്നേറ്റു മദീനയെ ലക്ഷ്യമാക്കിനീങ്ങി. കൂടെ അനുയായികളും. വഴിയില്‍ ജിബ്രീലിന്റെ സന്ദേശത്തെപ്പറ്റി അനുയായികളോടവിടുന്നു പറഞ്ഞു:
പ്രവാചകന്‍ ഒട്ടും താമസിയാതെ മുഹമ്മദ് ബിന്‍ മസ്ലമയെ ബനൂനളീര്‍ കാരുടെയടുക്കലേക്ക് ഒരു സന്ദേശവുമായി നിയോഗിച്ചു: 'പത്തു ദിവസത്തിനകം മദീനവിടുക. അല്ലാത്തപക്ഷം നിങ്ങള്‍ വധിക്കപ്പെടും'. രക്ഷപ്പെടാന്‍ ജൂതന്മാര്‍ ഒരു മാര്‍ഗവും കണ്ടില്ല. ദിവസങ്ങളോളം അവര്‍ യാത്രക്കുള്ള ഒരുക്കങ്ങള്‍ കൂട്ടി. ഇതിനിടയില്‍ കപടനേതാവ് അബ്ദുല്ലാഹിബിന്‍ ഉബയ്യ് നാടുവിടാതെ പിടിച്ചുനില്ക്കണമെന്നും എന്റെകൂടെയുള്ള രണ്ടായിരം പേര്‍ നിങ്ങള്‍ക്കുവേണ്ടി മരിക്കാന്‍ തയ്യാറാണെന്നും അവരെ അറിയിച്ചു. അതുപോലെ ഖുറൈളയും ഗത്വ്ഫാന്‍ സഖ്യകക്ഷികളും നിങ്ങളെ പിന്തുണക്കുകയും ചെയ്യും. ഇത് ക്വുര്‍ആന്‍ പരാമര്‍ശിക്കുന്നു.

"തീര്‍ച്ചയായും നിങ്ങള്‍ പുറത്താക്കപ്പെട്ടാല്‍ ഞങ്ങളും നിങ്ങളുടെകൂടെ പുറത്ത് പോകുന്നതാണ്. നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ ഒരിക്കലും ഒരാളെയും അനുസരിക്കുകയില്ല. നിങ്ങള്‍ക്കെതിരില്‍ യുദ്ധമുണ്ടായാല്‍ തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ സഹായിക്കുന്നതാണ്''.(59:11)
ഇതോടെ ജൂതര്‍ക്ക് ധൈര്യം കൈവന്നു. കപടനേതാവിന്റെ പ്രഖ്യാപനത്തില്‍ അവര്‍ പ്രതീക്ഷയര്‍പ്പിച്ചു. ഇതിന്റെയടിസ്ഥാനത്തില്‍ അവര്‍ നബി(സ)യെ അറിയിച്ചു: 'ഞങ്ങള്‍ നാടുവിടില്ല, നിനക്ക് ഇഷ്ടമുള്ളത് ചെയ്യാം'.

സാഹചര്യം തികച്ചും മുസ്ലിംകള്‍ക്ക് പ്രതികൂലമായിരുന്നു. ഇതുപോലെ പ്രതികൂലമായൊരു സാഹചര്യത്തില്‍ ശത്രുക്കളുമായി ഏറ്റുമുട്ടിയാല്‍ അതിന്റെ ഫലം മുസ്ലിംകള്‍ക്ക് അനുകൂലമായിക്കൊള്ളണമെന്നില്ല. ബനൂ നളീര്‍കാര്‍ ശക്തരുമാണ്. ബിഅ്റു മഊന സംഭവത്തിനുശേഷമുണ്ടായ സ്ഥിതിവിശേഷങ്ങള്‍ മുസ്ലിംകള്‍ക്ക് ഒട്ടും നിര്‍ഭയത്വം നല്കുന്നതുമായിരുന്നില്ല. ഇതെല്ലാമായിരുന്നിട്ടും പ്രവാചകനെ ചതിച്ചുകൊല്ലാന്‍ തീരുമാനിച്ച ബനൂനളീര്‍കാര്‍ക്കെതിരില്‍ യുദ്ധം ചെയ്യാന്‍ തന്നെ അവര്‍ തീരുമാനിച്ചു.

ജൂതനേതാവ് ഹുയയ്ബിന്‍ അഖ്ത്വബിന്റെ പ്രതികരണമറിഞ്ഞപ്പോള്‍ റസൂല്‍(സ) തക്ബീര്‍ മുഴക്കി. കൂടെ അനുയായികളും. തുടര്‍ന്ന് യുദ്ധത്തിനു കോപ്പുകൂട്ടി. മദീനയുടെ ഉത്തരവാദിത്തം ഇബ്നു ഉമ്മു മക്തൂമിനെ ഏല്പിച്ചു. സൈന്യത്തിന്റെ കൊടി അലിയുടെ കൈയില്‍കൊടുത്തു. അവര്‍ ശത്രുക്കളെ ലക്ഷ്യമാക്കിനീങ്ങി. മുസ്ലിംകള്‍ അവിടെയെത്തിയതോടെ അവര്‍ അവരുടെ കോട്ടക്കുള്ളില്‍ അഭയം തേടി. അതിനുള്ളില്‍ അവരെ ഉപരോധിച്ചപ്പോള്‍ ഈത്തപ്പനത്തോട്ടങ്ങളുടെ മറപിടിച്ച് അവര്‍ മുസ്ലിംകള്‍ക്കെതിരില്‍ അമ്പെയ്ത്ത് നടത്തി. അതോടെ നബി(സ) അത് മുറിക്കാനും കത്തിക്കാനും നിര്‍ദ്ദേശം കൊടുത്തു. അല്ലാഹു പറയുന്നു:

"നിങ്ങള്‍ വല്ല ഈത്തപ്പനയും മുറിക്കുകയോ അല്ലെങ്കില്‍ അവയെ അവയുടെ മുരടുകളില്‍ നില്ക്കാന്‍ വിടുകയോ ചെയ്യുന്നപക്ഷം അത് അല്ലാഹുവിന്റെ അനുമതിപ്രകാരമാണ്.(59:5)

അബ്ദുല്ലാഹിബിന്‍ ഉബയ്യും ഖുറൈളയും ഗത്വ്ഫാനുമെല്ലാം ഇവരെ കയ്യൊഴിച്ചു. സഹായവാഗ്ദാനം ചെയ്തിരുന്ന ഇവരാരും ഒരുപകാരവും ചെയ്തില്ല, ഒരുപദ്രവവും തടുത്തതുമില്ല. വഞ്ചന നടത്തിയ ഇവരെ അല്ലാഹു ഉപമിച്ചത്: "പിശാചിന്റെ അവസ്ഥപോലെത്തന്നെ. മനുഷ്യനോടു നീ അവിശ്വാസിയാകൂ എന്ന് അവന്‍ പറഞ്ഞ സന്ദര്‍ഭം. അങ്ങനെ അവന്‍ അവിശ്വസിച്ചുകഴിഞ്ഞപ്പോള്‍ അവന്‍ (പിശാച്) പറഞ്ഞു, തീര്‍ച്ചയായും ഞാന്‍ നീയുമായുള്ള ബന്ധത്തില്‍നിന്ന് വിമുക്തനാകുന്നു.''(59:16)

ഉപരോധം ആറുദിവസം പിന്നിട്ടപ്പോഴേക്കും- പതിനഞ്ചാണെന്ന ഒരഭിപ്രായവുമുണ്ട്- അവരുടെ ഹൃദയങ്ങളില്‍ ഭയം അല്ലാഹു നിക്ഷേപിച്ചു. അതോടെ അവര്‍ ആയുധംവെച്ച് കീഴടങ്ങാന്‍ തയ്യാറായി. നബി(സ)യുടെ അടുക്കലേക്ക് അവര്‍ സന്ദേശമയച്ചു: 'ഞങ്ങള്‍ മദീനയില്‍നിന്ന് പുറത്തുപോയിക്കൊള്ളാം'. അവര്‍ക്കും പുത്രകളത്രങ്ങള്‍ക്കും ആയുധമൊഴികെ ഒട്ടകത്തിനു ചുമക്കാവുന്ന വസ്തുക്കളുമായി പോകാന്‍ അനുവാദം നല്കി. ഈ വ്യവസ്ഥയില്‍ അവര്‍ പുറത്തിറങ്ങി. വീടുകള്‍ അവര്‍ സ്വയം പൊളിച്ചുകൊണ്ട് അതിന്റെ വാതിലുകളും ജനലുകളും മേല്‍പ്പുരയുടെ തടികളും അവര്‍ ഒട്ടകപ്പുറത്ത് ചുമന്നു. പുറമെ പുത്രകളത്രങ്ങളെയും അങ്ങനെ അറുനൂറ് ഒട്ടകപ്പുറത്തായി അവര്‍ യാത്ര പുറപ്പെട്ടു. ഹുയയ്ബിന്‍ അഖ്ത്വബിനേയും സല്ലാം ബിന്‍ അബില്‍ ഹുഖൈഖിനേയും പോലെ അവരിലെ പ്രമുഖര്‍ ഖൈബറിലേക്ക് നീങ്ങി. ചിലര്‍ ശാമിലേക്കുപോയി. ഇവരില്‍നിന്ന് രണ്ടുപേര്‍ മാത്രമാണ് ഇസ്ലാം ആശ്ളേഷിച്ചത്. യാമീന്‍ ബിന്‍ അംറും അബൂസഅദ് ബിന്‍ വഹബും. ബനൂ നളീര്‍കാരുടെ ആയുധങ്ങളും വീടും സമ്പത്തും കൃഷിഭൂമിയുമെല്ലാം പ്രവാചകന്‍ പിടിച്ചെടുത്തു. ആയുധങ്ങളായി അമ്പത് അങ്കികളും അമ്പത് ഉരുക്ക് തൊപ്പിയും മുന്നൂറ്റിനാല്പത് വാളുമുണ്ടായിരുന്നു.

ബനൂനളീര്‍കാര്‍ വിട്ടുപോയ ഈ സമ്പത്തൊന്നും സമരാര്‍ജിത സമ്പത്തില്‍ ഉള്‍പ്പെടുന്നതായിരുന്നില്ല. ഇതെല്ലാം പ്രവാചകന് സൌകര്യംപോലെ വിനിയോഗിക്കാവുന്ന രൂപത്തില്‍ അവിടുത്തെ കൈവശം തന്നെ വെക്കുകയാണുണ്ടായത്. ഇത്, ആദ്യകാല മുഹാജിറുകള്‍ക്കിടയില്‍ പിന്നീട് വിഭജിച്ചു. അന്‍സാറുകളിലെ ദരിദ്രരായിരുന്ന അബൂ ദുജാനക്കും സഹ്ല്ബിന്‍ ഹുനൈഫിനും അതില്‍നിന്ന് നല്‍കി. തന്റെ കുടുംബത്തിനു' ഒരു വര്‍ഷത്തേക്കുള്ള ഭക്ഷ്യസാധനങ്ങള്‍ അവിടുന്ന് അതില്‍നിന്ന് ചെലവഴിച്ചു. ആയുധങ്ങള്‍ ദൈവമാര്‍ഗത്തില്‍ സൂക്ഷിച്ചു.

ബനൂനളീര്‍ യുദ്ധം ഹിജ്റനാലാംവര്‍ഷം റബീഉല്‍ അവ്വലിലായിരുന്നു. (ക്രിസ്താബ്ദം 635 ആഗസ്തില്‍) ഈ യുദ്ധത്തെ പരാമര്‍ശിച്ച് അല്ലാഹു അല്‍ ഹശ്റ് എന്ന അധ്യായം പൂര്‍ണമായി അവതരിപ്പിച്ചു. ഇതില്‍ ജൂതരെ തുരത്തിയതും കപടന്മാരുടെ സ്വഭാവവും സമരാര്‍ജിത സ്വത്തിന്റെ നിയമങ്ങളും വിശദമാക്കി. പുറമെ മുഹാജിറുകളെയും അന്‍സ്വാറുകളെയും പുകഴ്ത്തുകയും ചെയ്തു. യുദ്ധത്തിന്റെ ഗുണപരമായ ആവശ്യത്തിനു മരം മുറിക്കുന്നതും കത്തിക്കുന്നതുമൊന്നും കുഴപ്പമുണ്ടാക്കലല്ല എന്ന കാര്യവും വ്യക്തമാക്കി. സര്‍വോപരി വിശ്വാസികളോട് ജീവിതത്തിലുടനീളം ധര്‍മനിഷ്ഠ പാലിച്ച് പാരത്രിക ജീവിതത്തിനു സജ്ജമാകാന്‍ ഉപദേശിച്ചതോടൊപ്പം അല്ലാഹു സ്വന്തം നാമവിശേഷണങ്ങളും മഹത്വവും പരിചയപ്പെടുത്തി അധ്യായം അവസാനിപ്പിക്കുകയും ചെയ്തു. ഈ അധ്യായത്തെക്കുറിച്ച് ഇബ്നു അബ്ബാസ് 'സൂറത്തുന്നളീര്‍' എന്ന് പറയാറുണ്ടായിരുന്നു.(63)

ഇബ്നു ഇസ്ഹാഖും മറ്റു ചരിത്രകാരന്മാരും ഈ യുദ്ധത്തെക്കുറിച്ച് നിവേദനം ചെയ്തതിന്റെ സംക്ഷിപ്തമാണിത്. എന്നാല്‍ അബൂദാവൂദും അബ്ദുറസാഖും മറ്റു പലരും ഈ യുദ്ധത്തിന് മറ്റൊരു കാരണമാണ് നിവേദനം ചെയ്യുന്നത്. ബദ്ര്‍ യുദ്ധാനന്തരം ഖുറൈശി അവിശ്വാസികള്‍ ജൂതര്‍ക്കെഴുതി. നിങ്ങള്‍ അങ്കികളുടെയും കോട്ടകളുടെയും വക്താക്കളാണല്ലോ. അതിനാല്‍ നിങ്ങള്‍ മുഹമ്മദിനോട് ഏറ്റുമുട്ടണം. അല്ലാത്തപക്ഷം ഞങ്ങള്‍ ചിലതെല്ലാം ചെയ്യും. ഞങ്ങള്‍ക്കും നിങ്ങളുടെ സ്ത്രീകളുടെ പാദസരങ്ങള്‍ക്കുമിടയില്‍ യാതൊരു തടസവുമുണ്ടാവുകയില്ല. ഈ സന്ദേശം ജൂതര്‍ക്കെത്തിയതോടെ ബനൂനളീര്‍കാര്‍ പ്രവാചകനെ ചതിക്കാന്‍ തന്നെ തീരുമാനിച്ചു. ഇതിന്റെയടിസ്ഥാനത്തില്‍ ജൂതന്മാര്‍ പ്രവാചകനെ അറിയിച്ചു: നീ നിന്റെ മുപ്പതു അനുയായികളോടൊന്നിച്ച് ഞങ്ങളുടെ അടുക്കല്‍ വരിക. ഞങ്ങള്‍ ഞങ്ങളുടെ മുപ്പതു പണ്ഡിതന്മാരേയും ഹാജരാക്കാം. എന്നിട്ട് ഒരു സ്ഥലത്ത് സമ്മേളിച്ച് നീ പറയുന്നത് അവര്‍ കേള്‍ക്കട്ടെ. നിന്നെ സത്യപ്പെടുത്തി അവര്‍ വിശ്വസിച്ചാല്‍ ഞങ്ങളും അതോടൊപ്പം വിശ്വാസികളാകാം. ഇതിന്റെയടിസ്ഥാനത്തില്‍ മുപ്പത് അനുയായികളോടൊപ്പം പ്രവാചകന്‍ പുറപ്പെട്ടു. മുപ്പത് ജൂതപുരോഹിതന്മാരും കടന്നുവന്നു. എല്ലാവരും ഒരു വിശാലമായ പ്രദേശത്ത് എത്തിച്ചേര്‍ന്നപ്പോള്‍ ജൂതന്മാര്‍ പരസ്പരം പറഞ്ഞു: നിങ്ങള്‍ക്ക് എങ്ങനെ അവന്റെയടുക്കല്‍ എത്തിച്ചേരാന്‍ കഴിയും? അവന്റെ കൂടെ അവന്റെ മുമ്പ് മരിക്കാന്‍ തയ്യാറുള്ള മുപ്പതുപേരുള്ളപ്പോള്‍? അങ്ങനെ അവര്‍: 'നാം അറുപതു പേരുണ്ടാകുമ്പോള്‍ എങ്ങനെ മനസ്സിലാകാനാണ്. അതിനാല്‍ നീ നിന്റെ മൂന്ന് അനുയായികളോടൊപ്പം വരിക ഞങ്ങളുടെ മൂന്ന് പണ്ഡിതന്മാരും വരട്ടെ അവര്‍ കേട്ടു വിശ്വസിച്ചാല്‍ ഞങ്ങളെല്ലാം വിശ്വസിച്ചുകൊള്ളാം എന്നു വിവരമറിയിച്ചു. ഉടനെ പ്രവാചകന്‍ മൂന്ന് അനുയായികളോടൊപ്പം പുറപ്പെട്ടു. ജൂതരാകട്ടെ, പ്രവാചകനെ വധിക്കാനുള്ള കഠാരയും ഒളിപ്പിച്ചുവച്ചായിരുന്നു ആഗതരായിരുന്നത്. അപ്പോള്‍ ഒരു ബനൂ നളീര്‍ കാരി ജൂതരുടെ കുതന്ത്രത്തെക്കുറിച്ച് അന്‍സ്വാറുകളിലെ തന്റെ സഹോദരപുത്രനെ വിവരമറിയിച്ചു. വിവരം കിട്ടിയ അദ്ദേഹം ഉടനെ അത് പ്രവാചകന്റെയടുക്കല്‍ എത്തിച്ചു. അതോടെ പ്രവാചകന്‍ തിരിച്ചുപോന്നു. പിറ്റേന്നു കാലത്ത് സൈന്യങ്ങളുമായി പുറപ്പെട്ട് പ്രവാചകന്‍ അവരെ ഉപരോധിച്ചു. അവരോട് പറഞ്ഞു: 'നിങ്ങള്‍ എന്റെയടുക്കല്‍ വിശ്വസ്തരല്ല. അതിനാല്‍ ഒരു കരാര്‍ എഴുതണം,' പക്ഷേ, അവര്‍ കരാര്‍ എഴുതാന്‍ തയ്യാറായില്ല. അങ്ങനെ അന്ന് മുഴുവന്‍ പ്രവാചകനും അനുയായികളും അവരോട് ഏറ്റുമുട്ടി. പിറ്റേന്ന് കാലത്ത് ബനൂനളീര്‍കാരെ ഉപേക്ഷിച്ച് ബനൂഖുറൈളയുടെ നേരെ അശ്വസേനയെ നയിച്ചു. ഇവരെ കരാറിന് ക്ഷണിച്ചപ്പോള്‍ അവര്‍ സന്നദ്ധമായതോടെ അവരെ ഒഴിവാക്കി. പിറ്റേന്ന് വീണ്ടും ബനൂനളീര്‍കാരോടുതന്നെ പടപൊരുതി. അങ്ങനെ അവര്‍ നാടുവിടാമെന്ന വ്യവസ്ഥയില്‍ പുറത്തിറങ്ങി. ആയുധമൊഴികെ ഒരൊട്ടകത്തിന് ചുമക്കാവുന്ന സാധനങ്ങള്‍ അവര്‍ക്ക് കൊണ്ടുപോകാന്‍ അനുവാദം നല്കി. അങ്ങനെ അവര്‍ തങ്ങളുടെ സാധനങ്ങളും വീടുപൊളിച്ച് അതിന്റെ വാതിലുകളും മരത്തടികളും ഒട്ടകച്ചുമടായികൊണ്ടുപോയി. ഇവരുടെ നാടുകടത്തല്‍ സിറിയയിലേക്ക് ജനങ്ങള്‍ സമ്മേളിച്ച ആദ്യത്തേതായിരുന്നു.(66)

നജ്ദ് സൈന്യ നിയോഗം
ആള്‍ നഷ്ടമൊന്നുമില്ലാതെ മുസ്ലിംകള്‍ നേടിയ ഈ വിജയം മദീനയില്‍ ചുവടുറപ്പിക്കാന്‍ മുസ്ലിംകള്‍ക്ക് സൌകര്യമായി. കപടന്മാര്‍ അവരുടെ പരസ്യമായ ഇസ്ലാം വിരുദ്ധ കുതന്ത്രങ്ങള്‍ കയ്യൊഴിക്കുകയും ചെയ്തു. അതുപോലെ ഉഹ്ദിനുശേഷം മുസ്ലിംകളെ ഉപദ്രവിക്കുകയും പ്രവാചകന്റെ പ്രബോധകരെ വധിക്കുകയും മദീനക്കെതിരെ ഒരു യുദ്ധത്തിനുതന്നെ ധൈര്യപ്പെടുകയും ചെയ്ത മദീനയുടെ പ്രാന്തപ്രദേശങ്ങളിലെ ബദുക്കളുടെ മൂര്‍ധാവിന് അടിക്കാന്‍ സന്ദര്‍ഭം ഒഴിഞ്ഞുകിട്ടുകയും ചെയ്തു.

വഞ്ചകരായ ഇവരെ അടക്കി നിറുത്തുന്നതിനു മുമ്പായി ഗത്വ്ഫാനിലെ മുഹാരിബ്, ഥഅ്ലബശാഖകളിലെ ബദുക്കളും ഗ്രാമീണരും മദീനക്കെതിരെ സൈനിക സജ്ജീകരണം നടത്തുന്ന വിവരം നബി(സ)ക്ക് ലഭിച്ചു. ഉടനെത്തന്നെ ആ ബദുക്കളുടെ മനസ്സുകളില്‍ ഭീതിജനിപ്പിക്കുവാനായി നജ്ദിന്റെ ഭാഗത്തേക്ക് പുറപ്പെട്ടു. പക്ഷേ മുസ്ലിംകളുടെ ആഗമനമറിഞ്ഞ ഇവര്‍ മലമുകളില്‍ അഭയം തേടി. ഇങ്ങനെ അവരെ ഭീതിപ്പെടുത്തിക്കൊണ്ട് മുസ്ലിംകള്‍ മദീനയിലേക്ക് മടങ്ങി.

നബിചരിത്രകാരന്മാരും യുദ്ധ ചരിത്രകാരന്മാരും ഈ സന്ദര്‍ഭത്തില്‍ ഒരു നിര്‍ണിത യുദ്ധം നടന്നതായി രേഖപ്പെടുത്തുന്നു. അതായത് ഹി. നാലാംവര്‍ഷം റബീഉഥാനിയിലോ ജുമാദല്‍ ഊലയിലോ മുസ്ലിംകള്‍ നജ്ദില്‍ നടത്തിയയുദ്ധം. ദാത്തുര്‍റിഖാഅ് എന്നവര്‍ അതിനു നാമകരണവും ചെയ്തിരിക്കുന്നു. എന്നാല്‍, ഈ കാലയളവില്‍ ഒരു യുദ്ധം നടക്കാനുള്ള സാധ്യതയില്‍ സംശയമൊന്നുമില്ല. കാരണം, അതായിരുന്നു സാഹചര്യം. അബൂസുഫ്യാന്‍ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്ന രണ്ടാം ബദ്റിനുള്ള സമയമടുത്തു കഴിഞ്ഞിരുന്നു. എന്നാല്‍ മദീനക്കെതിരെ അവസരം പാര്‍ത്തിരിക്കുന്ന ബദുക്കളെയും ഗ്രാമീണരേയും അടക്കിനിര്‍ത്താതെ മദീന ഒഴിച്ചിട്ട് മറ്റു യുദ്ധങ്ങള്‍ക്കു പുറപ്പെടുകയെന്നത് രാഷ്ട്രീയമായി ഒരു ശരിയായ നിലപാടേ അല്ല.

ഹിജ്റ നാലില്‍ നബി(സ) നടത്തിയ യുദ്ധം ദാത്തുര്‍റിഖാഅ് ആണ് എന്നത് ശരിയല്ല. കാരണം ഈ യുദ്ധത്തില്‍ അബൂഹുറയ്റയും അബൂമുസല്‍ അശ്അരിയും പങ്കെടുത്തിട്ടുണ്ട്. അബൂഹുറയ്റയുടെ ഇസ്ലാം സ്വീകരണം ഖൈബര്‍ യുദ്ധത്തിനും തൊട്ടുമുമ്പാണ്. അബുമുസല്‍ അശ്അരി അബ്സീനിയയില്‍നിന്ന് മടങ്ങിയെത്തി പ്രവാചകന്റെ കൂടെ ചേരുന്നതും ഖൈബറില്‍ വെച്ച്തന്നെ. അപ്പോള്‍ ദാത്തുര്‍റിഖാഅ് യുദ്ധം ഖൈബറിനുശേഷമാണ് നടന്നത്. ഹിജ്റ നാലിനുശേഷമാണ് അതുനടന്നത് എന്നതിനു മറ്റൊരു രേഖയാണ് പ്രവാചകന്‍ അതില്‍ 'സ്വലാത്തുല്‍ഖൌഫ്' അഥവാ ഭയമുള്ള സന്ദര്‍ഭങ്ങളിലെ ചുരുക്കി നമസ്കാരം നിര്‍വഹിച്ചുവെന്നത്. ഈ നമസ്കാരം നിയമമായത് ഗസ്ഫാന്‍ യുദ്ധത്തിലാണ്. ഗസ്ഫാന്‍ യുദ്ധമാകട്ടെ ഹി. അഞ്ചാം വര്‍ഷത്തിന്റെ അന്ത്യത്തില്‍ നടന്ന ഖന്‍ദഖിനുശേഷമാണെന്നതില്‍ അഭിപ്രായ വ്യത്യാസവുമില്ല.

രണ്ടാം ബദ്ര്‍
മുസ്ലിംകള്‍ ഗ്രാമീണ അറബികളുടെ കുഴപ്പങ്ങള്‍ അടക്കിയശേഷം മുഖ്യശത്രുവിനെ നേരിടാനുള്ള സന്നാഹങ്ങളൊരുക്കി. അപ്പോഴേക്കും നേരത്തെ ഉഹ്ദില്‍ വാഗ്ദാനം ചെയ്തവര്‍ഷം പൂര്‍ത്തിയായി വന്നിരുന്നു. അതിനാല്‍ രണ്ടാമതൊരു യുദ്ധം നയിച്ച് രണ്ടു കക്ഷികളില്‍ ഏതാണ് നിലനില്ക്കാന്‍ അര്‍ഹതയുള്ളതെന്നും സന്മാര്‍ഗത്തിന്റെ വക്താക്കളെന്നും തെളിയിക്കാന്‍ പ്രവാചകനും അനുയായികള്‍ക്കും ബാധ്യതയുണ്ടായിരുന്നു.
ഹിജ്റ 4ാം വര്‍ഷം ശഅബാനില്‍- ക്രി. 626 ജനുവരി- പ്രവാചകന്‍ വാഗ്ദത്ത യുദ്ധത്തിനു ബദ്റിലേക്ക് പുറപ്പെട്ടു. കൂടെ ആയിരത്തി അഞ്ഞൂറ് ഭടന്മാരും പത്ത് അശ്വഭടന്മാരുമുണ്ടായിരുന്നു, പതാകവാഹകന്‍ അലി(റ). മദീനയുടെ സാരഥ്യം അബ്ദുല്ലാഹിബിന്‍ റവാഹയെ ഏല്പിച്ചു. ബദ്റിലെത്തിയ സൈന്യം ശത്രുക്കളെയും പ്രതീക്ഷിച്ച് അവിടെ കഴിച്ചുകൂട്ടി.

അബുസുഫ്യാന്‍ രണ്ടായിരം കാലാള്‍പടയും അമ്പത് അശ്വഭടന്മാരുമായി മക്കയില്‍നിന്ന് പുറപ്പെട്ടു. അങ്ങനെ മക്കക്ക് ഏകദേശം അടുത്ത് മര്‍റ് അള്ളഹ്റാന്‍ എന്ന സ്ഥലത്തെ മിജന്ന എന്ന സ്ഥലത്തെത്തിയപ്പോള്‍ സൈന്യം അവിടെ തമ്പടിച്ചു. കനത്ത ആകുലതയും യുദ്ധത്തിന്റെ പരിണിതിയെകുറിച്ച ചിന്തയും കാരണം ഭീതികയ്യടക്കിയ മനസ്സുമായാണ് അബൂസുഫ്യാന്‍ മക്കയില്‍നിന്ന് പുറപ്പെട്ടിരുന്നത്. മര്‍റ്അള്ളഹ്റാനിലെ വെള്ളസ്ഥലത്ത് തമ്പടിച്ചതോടെ അദ്ദേഹത്തിന്റെ ആത്മവീര്യം പൂര്‍ണമായും ചോര്‍ന്നുപോയി. മടങ്ങിപോകാനുള്ള തന്ത്രങ്ങളദ്ദേഹം ആവിഷ്കരിച്ചു. അദ്ദേഹം സഹചരന്മാരോടു പറഞ്ഞു: 'ക്വുറൈശീ സമൂഹമേ, യുദ്ധത്തിനു ക്ഷേമവും ഫലപുഷ്ടിയുമുള്ള ഒരു കാലമല്ലാതെ ശരിയാവുകയില്ല. മൃഗങ്ങള്‍ക്ക് മേയുകയും നിങ്ങള്‍ പാല്‍കുടിക്കുകയും ചെയ്യാന്‍ പറ്റുന്ന സമയം. ഈ വര്‍ഷം വരള്‍ച്ചയുടേതാണ്. അതിനാല്‍ ഞാന്‍ മടങ്ങുകയാണ്. നിങ്ങളും എന്റെ കൂടെ മടങ്ങണം.'' മറുത്തൊരു പ്രതികരണവുമില്ലാതെ സൈന്യം മടങ്ങാന്‍ തയ്യാറായി. അവരേയും ഭീതി അതിജയിച്ചിരുന്നു.
മുസ്ലിംകള്‍ ശത്രുവെ പ്രതീക്ഷിച്ച് എട്ട് ദിവസം ബദ്റില്‍ തങ്ങി. കൈവശമുണ്ടായിരുന്ന കച്ചവടസാധനങ്ങള്‍ ഇരട്ടി ലാഭത്തിന് വില്പനനടത്തി വിജയശ്രീലാളിതരായി മദീനയിലേക്ക് തിരിച്ചു(65)

ദുവ്മതുല്‍ ജന്‍ദല്‍
ബദ്റില്‍നിന്നുള്ള പ്രവാചകന്റെ മടക്കത്തോടെ മദീനാ പ്രദേശമാകെ ശാന്തിയും സമാധാനവും കളിയാടി. അതോടെ അറേബ്യയുടെ അതിര്‍ത്തി പ്രദേശങ്ങളിലേക്കും ആധിപത്യവ്യാപനത്തിനു പ്രവാചകന്‍ ശ്രദ്ധതിരിച്ചു.

ബദ്റിനുശേഷം ആറുമാസം പിന്നിട്ടപ്പോള്‍ ശാമിനു സമീപം ദൂമത്തുല്‍ ജന്‍ദല്‍ പ്രദേശത്തുള്ള ഏതാനും ഗോത്രങ്ങള്‍ അതുവഴി കടന്നുപോകുന്ന യാത്രക്കാരെ കവര്‍ച്ച ചെയ്യുന്നതും മദീനക്കെതിരില്‍ ഒരു യുദ്ധത്തിനു സന്നാഹങ്ങളൊരുക്കുന്നതും വിവരം കിട്ടി. അതോടെ സിബാഗ് ബിന്‍ ഉര്‍ഫുത്വ അല്‍ഗിഫ്ഫാരിയെ മദീനയുടെ ചുമതലയേല്പിച്ച് ഹിജ്റ അഞ്ചാം വര്‍ഷം റബീഉല്‍ അവ്വലില്‍ അഞ്ചു ദിവസം അവശേഷിക്കെ പ്രവാചകന്‍ ആയിരത്തോളം മുസ്ലിംകളോടൊപ്പം അങ്ങോട്ടു നീങ്ങി. ഉദ്റ ഗോത്രത്തിലെ മദ്കൂര്‍ എന്നൊരാളെ വഴികാട്ടിയായി സ്വീകരിച്ചു.

പകലുകളില്‍ പതുങ്ങിയിരുന്നും രാത്രികളില്‍ സഞ്ചരിച്ചും ഇവര്‍ ദൂമതുല്‍ ജന്‍ദലിലേക്ക് നീങ്ങി. അങ്ങനെ അവിടെ എത്താറായപ്പോള്‍ അവിടെയുള്ളവര്‍ ഒഴിഞ്ഞുപോകുന്നതിവര്‍ കണ്ടു. അതോടെ അവരുടെ കന്നുകാലികളെ കയ്യടക്കി. മുസ്ലിംകള്‍ യുദ്ധക്കളത്തിലെത്തിയപ്പോള്‍ ആരെയും കണ്ടില്ല. എല്ലാവരും നാലുപാടും ഓടി രക്ഷപ്പെട്ടിരിക്കുന്നു. ഏതാനും ദിവസങ്ങള്‍ അവിടെ തങ്ങി എല്ലാ ദിക്കുകളിലേക്കും അന്വേഷണങ്ങള്‍ വ്യാപിപ്പിച്ചെങ്കിലും ആരേയും കണ്ടെത്താതെ മദീനയിലേക്കു തിരിച്ചു. ഈ യാത്രയില്‍ പ്രവാചകന്‍ ഉമയ്നബിന്‍ ഹിസ്വ്ന്‍ എന്നൊരാളുമായി സമാധാനക്കരാറുണ്ടാക്കി. ദൂമത്തുല്‍ ജന്‍ദല്‍ മദീനയില്‍നിന്ന് പതിനഞ്ച് ദിവസവും ഡമസ്കസില്‍നിന്ന് അഞ്ച് ദിവസവും വഴിദൂരത്ത് ശാമിന് സമീപമുള്ള ഒരു പ്രദേശമാകുന്നു.
തന്ത്രപരവും ദ്രുതഗതിയിലുമുള്ള പ്രവാചകന്റെ ഈ നീക്കങ്ങള്‍ ഈ പ്രദേശമാകമാനം ശാന്തിയും സമാധാനവും വ്യാപിപ്പിക്കുവാനും ആധിപത്യമുറപ്പിക്കുവാനും അവസരമേകി. അനുസ്യൂതമുണ്ടായിക്കൊണ്ടിരുന്ന ആഭ്യന്തരവും ബാഹ്യവുമായ പ്രശ്നങ്ങള്‍ ലഘൂകരിക്കുകയും കപടന്മാരെ അടക്കിയിരിത്തുകയും ജൂതന്മാരെ നാടുകടത്തുകയും അവശേഷിച്ചവര്‍ ബന്ധം നന്നാക്കുകയും ഗ്രാമീണരായ ബദുക്കള്‍ കീഴടങ്ങുകയും ചെയ്തതോടെ മുസ്ലിംകള്‍ക്ക് ഇസ്ലാമിന്റെ സന്ദേശ പ്രചാരണത്തിനും സമാധാന വ്യാപനത്തിനും ഒരു സുവര്‍ണാവസരം തന്നെ കൈവന്നു.
3 .ഇബ്‌നു സഅദിന്റെ ഈ റിപ്പോര്‍ട്ടില്‍ ഇത് ബനൂ ഖൈനുഖാഅ ആണെന്ന് ഉണ്ട് (2:34)എന്നാല്‍ ഖൈനുഖാഅ ഗോത്രത്തെ ബദ് റിനു തൊട്ടുപിന്നാലെ ത്തന്നെ നാടുകടത്തിയിട്ടുണ്ട്.
4 .ഇബ്‌നു ഹിശാം (2 :65 ,66 )
5 .മാലിക്,അഹ്മദ്,ത്വബ്രാനി ഹാകിം (ഫത്ഹുല്‍ബാരി 7 :350 )
6. ബുഖാരി,കിതാബുല്‍ ജിഹാദ് 1:426
7. സീറത്തുല്‍ ഹലബിയ്യ 2:18
8. ഇബ്‌നു ഹിശാം 2:6972 ബുഖാരി 2 :583
ഈ വഹ്ശി പിന്നീട് ത്വാഇഫ്‌ യുദ്ധത്തിന്‌ ശേഷം മുസ്ലിമായി കള്ളപ്രവാചകന്‍ മുസൈലിമയെ വധിച്ചു.റോമിനെതിരില്‍ യര്മൂക് യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തു.
10. ഇബ്‌നു ഹിശാം 2 :77 ,ബുഖാരി 2 /579
11. മുസ്‌ലിം 2 :107
12. ബുഖാരി 1 /539 , 2 :581
13. സാദുല്‍ മആദ് 2 :93 ,96 . ബുഖാരി 2 :579
14. സീറത്തുല്‍ ഹലബിയ്യ 2 :22
15. സാദുല്‍ മആദ് 2:96
16. മുസ്‌ലിം 2:107
17. അല്പം കഴിഞ്ഞ്‌ ഏതാനും മുസ്ലിങ്ങള്‍ റസൂല്‍ (സ്വ) അരികിലേക്ക് തിരിച്ചുവന്ന് അവിശ്വസികലൂട് പോരാടി അവരെ തകര്‍ത്തു ഇദ്ദേഹത്തെ റസൂല്‍ (സ്വ) അരികിലെക്കെത്തിച്ചു. നബി തിരുമേനി അവിടുത്തെ കാല്‍ അദ്ദേഹത്തിന് തലയണയായി നീട്ടികൊടുത്തു അദ്ദേഹത്തിന്റെ കവിള്‍ തിരുദൂതരുടെ പദത്തില്‍ വച്ച് അദ്ദേഹം മരിച്ചു (ഇബ്‌നു ഹിശാം 2:81).
18. ബുഖാരി ൧:527, 2:581
19. ഈ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ചു ഇദ്ദേഹത്തിന്റെ ആടുകള്‍ ഇദ്ദേഹത്തെ മലമുകളില്‍ നിന്ന് കുത്തി താഴെക്കിട്ടു കൊന്നു കളഞ്ഞു.(ഫത് ഹുല്‍ ബാരി 7 :373)
2൦. ബുഖാരി 2 :582, മുസ്‌ലിം 2:108
21. ബുഖാരി 1:407, 2 :൫൮൦,81
22. ഫത്ഹുല്‍ബാരി ൭:൩൬൧
23. സാദുല്‍ മആദ് 2:95
24.സാദുല്‍ മആദ് 2 :97
25.ബുഖാരി 2:581
26.ബുഖാരി 1:406
27.ഈ നിവേദനം ഇബ്‌നു ഹിശാമും മറ്റു പലരും ഉദ്ധരിചിട്ടുണ്ടെങ്കിലും പ്രമാണ യോഗ്യമായി തെളിഞ്ഞിട്ടില്ല (അസ്സീറത്ത് ന്നബവിയ്യ പുറം :389)
28. ഇബ്‌നു ഹിശാം 2 :73-83 സാദുല്‍ മആദ് 2 :97
29. ബുഖാരി 2 :582
30. ഉബയ്യ് മക്കയില്‍ വെച്ച് പ്രവാചകനെ കാണുമ്പോള്‍ പറഞ്ഞിരുന്നു മുഹമ്മദ്‌ ,എന്റെയടുക്കല്‍ കുതിരകളുണ്ട്‌.ഞാനവയെ തീറ്റി പ്പോറ്റുന്നു അതിന്മേല്‍ വന്നു നിന്നെ ഞാന്‍ കൊല്ലും.അപ്പോള്‍ നബി(സ്വ)പറയും :'ഇല്ല നിന്നെ ഞാന്‍ വധിച്ചു കളയും ഇന്‍ഷാഅല്ലാഹ് "
31. ഇബ്‌നു ഹിശാം 2 :84,ഹാകിം 2 :327
32. ഇബ്‌നു ഹിശാം 2 :86
33. ibid
34. സാദുല്‍ മആദ് 2 :95
35. ഇബ്‌നു ഹിശാം 2:90
36. അല്ബിദായ വന്നിഹായ 4:17
37. ബുഖാരി ഹ:288
38. ബുഖാരി ഹ:2881
39. സീറത്തുല്‍ ഹല്‍ബിയ്യ 2 :22
40. ഇബ്നുഹിശാം 2:85
41. ബുഖാരി 2 :584
42.സീറത്തുല്‍ ഹല്‍ബിയ്യ 2 :30 ഇബ്‌നു ഹിശാം 2 :87
43. ഇബ്‌നു ഹിശാം 2 :93,94 ബുഖാരി 2 :579
44. ഇബ്‌നു ഹിശാം 2 :94 (ശത്രുകളുടെ പിറകെ പോയത് സഅദ് ബിന്‍ അബീവഖാസാ ണെന്ന് ഫത് ഹുല്‍ ബാരിയില്‍ പറയുന്നത്.7 :37 )
45. സാദുല്‍ മആദ് 2 :96
46. സാട്. 94 ,ഇബ്‌നു ഹിശാം 2 :90
47. സാദ്. 2 :97 ,98 ഇബ്‌നു ഹിശാം 2 :88
48. ഇബ്‌നു ഹിശാം 2 :88 ,89
49. ഇബ്‌നു ഹിശാം 2 :98
50. മുഖ്തസ്വിറുസ്സീറ 255
51. അഹമ്മദ്,മിശ്കാത് 1:140
52. ബുഖാരി 2 :579 ,584
53. അടബുല്‍ മുഫ് രദ്,ഹ:699 അഹ്മദ് 3 :424
54. സീറത്തുല്‍ ഹലബിയ്യ 2:47
55. ഇബ്‌നു ഹിശാം 2 :122 -129 ഫത് ഹുല്‍ബാരി 7 :351
57. ഉഹ് ദ് യുദ്ധത്തിന്റെയും ഹംരാഅ അല്‍അസദ് സൈന്യ നിയോഗത്തിന്റെയും വിശദീകരണം നാം സ്വീകരിച്ചത് ഇബ്‌നു ഹിശാം 2 :60 -129 വരെ പുറങ്ങളില്‍ നിന്നും സാദ് 2 :91 -108 വരെ ഫത് ഹ് 7 :345 -377 വരെ പുറങ്ങളില്‍ നിന്നുമാണ്.
58. സാദുല്‍ മആദ് 2 :108
59. സാദുല്‍ മആദ് ൨:109 , ഇബ്‌നു ഹിശാം 2 :619 ,20
60. ഇബ്‌നു ഹിശാം 2 :169 -179 ,ബുഖാരി 2 :568 ,569 ,585
61. ഇബ്‌നു ഹിശാം 2 :183 ,188 . ബുഖാരി 2 :554 ,586
62. ബുഖാരി 2:586, 588
63. ഇബ്‌നു ഹിശാം 2:190 . ബുഖാരി 2 :574 ,575
66. മുസ്വന്നഫ് അബ്ദു റസാഖ് 5:358 ,360 അബൂദാവൂദ് 2 :154
65. ഇബ്‌നു ഹിശാം 2:209, 210, സാദ്: 2:112


സി. സലീം സുല്ലമി വിവര്‍ത്തനം ചെയ്ത ശൈഖ് സ്വഫീഹുറഹ്മാന്‍ മുബാറക് പൂരിയുടെ 'അര്‍റഹീക്വുല്‍ മഖ്തൂം' എന്ന ഗ്രന്ഥത്തില്‍ നിന്ന്...

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH