Search

mahonnathan

JA slide show

നബി ചരിത്രം

ബദ്റിനും ഉഹ്ദിനും ഇടയിലെ സൈനിക സംരംഭങ്ങള്‍ Print E-mail

മുസ്ലിംകളും ബഹുദൈവാരാധകരും തമ്മില്‍ നടന്ന പ്രഥമ സായുധ സംഘട്ടനമാണ് ബദ്ര്‍. വിധിനിര്‍ണായകമായ ഈ യുദ്ധം മുസ്ലിംകളുടെ സമ്പൂര്‍ണവിജയത്തില്‍ കലാശിച്ചതിന് അറബികള്‍ മുഴുവന്‍ സാക്ഷികളായതാണ്. ബഹുദൈവാരാധകരും തങ്ങളുടെ മതാധിപത്യത്തിനും സാമ്പത്തികാടിത്തറയ്ക്കും കനത്ത പ്രഹരമേല്പിക്കുമെന്ന് വിശ്വസിച്ചിരുന്ന ജൂതരുമാണ് ഈ യുദ്ധത്തിന്റെ ഏറ്റവും തിക്തമായ ഫലമനുഭവിച്ചവര്‍. ഇതോടെ ഈ രണ്ടുവിഭാഗവും അവരുടെ പക പൂര്‍വാധികം ശക്തിയായി ഇസ്ലാമിന് നേരെ പ്രകടിപ്പിക്കുവാന്‍ തുടങ്ങി. "ജനങ്ങളില്‍ സത്യവിശ്വാസികളോട് ഏറ്റവും കടുത്ത ശത്രുതയുള്ളവര്‍ യഹൂദരും ബഹുദൈവാരാധകരുമാണ് എന്ന് തീര്‍ച്ചയായും നിനക്ക് കാണാവുന്നതാണ്. (5:82) എന്ന ക്വുര്‍ആനിന്റെ വിലയിരുത്തല്‍ തീര്‍ത്തും അന്വര്‍ഥം. ഈ രണ്ടു കക്ഷികളില്‍നിന്നും ചില ആളുകള്‍ മുഖം രക്ഷിക്കാന്‍വേണ്ടി പ്രത്യക്ഷമായി ഇസ്ലാം സ്വീകരിച്ചു.

അബ്ദുല്ലാഹിബ്നു ഉബയ്യിന്റെ നേതൃത്വത്തിലുള്ള ഈ മൂന്നാം കക്ഷി മേല്‍പറഞ്ഞ ഈ കക്ഷികളേക്കാള്‍ ഇസ്ലാമിനോടുള്ള പകയില്‍ ഒട്ടും ന്യൂനം വരുത്തിയിരുന്നില്ല. ഇതല്ലാത്ത ഒരു നാലാം കക്ഷിയും നിലവിലുണ്ടായിരുന്നു. അവര്‍ മദീനാ പ്രാന്തപ്രദേശങ്ങളില്‍ താമസിച്ചിരുന്ന ബദവികളായിരുന്നു. അവരെ സംബന്ധിച്ച് ഈമാന്‍(വിശ്വാസം), കുഫ്ര്‍(അവിശ്വാസം) എന്നീ കാര്യങ്ങളായിരുന്നില്ല പ്രശ്നം, മറിച്ചു അവരുടെ തൊഴിലായ കവര്‍ച്ചയും പിടിച്ചുപറിയും മദീനയില്‍ ഒരു ശക്തമായ ഭരണകൂടം നിലവില്‍ വരുന്നതോടെ തകര്‍ന്നുപോകുമെന്ന ഭയമായിരുന്നു. ഇവരും ഇസ്ലാമിന്റെ ശത്രുക്കളായി.

ഇങ്ങനെ ബദ്ര്‍വിജയം മുസ്ലിംകളുടെ ശക്തിക്കും പ്രതാപത്തിനും യശസ്സിനും നിമിത്തമായപോലെത്തന്നെ നാനാഭാഗത്തുനിന്നുമുള്ള ശത്രുതയ്ക്കും കാരണമായി. ഇതില്‍ ഓരോ വിഭാഗവും ലക്ഷ്യസാക്ഷാത്കാരത്തിന് ഭിന്നമാര്‍ഗങ്ങളവലംബിക്കുകയെന്നത് സ്വാഭാവികം. മദീനയ്ക്കകത്തും പരിസരങ്ങളിലുമുള്ളവര്‍ പ്രത്യക്ഷത്തില്‍ ഇസ്ലാം പ്രകടിപ്പിച്ചപ്പോള്‍ രഹസ്യമായി ഇസ്ലാം വിരുദ്ധ ഗൂഢാലോചനകള്‍ നടത്തിക്കൊണ്ടിരുന്നു. ഒരു ജൂതകക്ഷി പ്രത്യക്ഷമായി തന്നെ ഇസ്ലാം വിരുദ്ധ ശൈലി പ്രകടിപ്പിച്ചു. മക്കക്കാരാവട്ടെ, ഇസ്ലാമിന് നേരെയുള്ള പ്രതികാരവും പകയും പ്രത്യക്ഷമായി പ്രഖ്യാപിച്ചുകൊണ്ട് ഒരു യുദ്ധത്തിനുതന്നെ ചട്ടംകെട്ടി. ഇതാണ് മുസ്ലിംകള്‍ക്ക് ചില പരാജയങ്ങളെല്ലാം വരുത്തിവെച്ചുകൊണ്ട് അരങ്ങേറിയ ഉഹ്ദ് യുദ്ധം.

പ്രത്യക്ഷമായിക്കൊണ്ടിരുന്ന ഈ അപകടങ്ങള്‍ക്കെല്ലാം എതിരില്‍ മുസ്ലിംകള്‍ നിര്‍ണായകമായ കരുനീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. നബി (സ)യുടെ നേതൃപാടവവും പ്രശ്നങ്ങളോടുള്ള ഗൌരവപൂര്‍വമായ സമീപനവും ആസൂത്രണവുമെല്ലാം ഇതില്‍ തെളിഞ്ഞുകാണാം. തുടര്‍ന്നുള്ള പുറങ്ങളില്‍ നമുക്കതിന്റെ ഒരു ഹ്രസ്വചിത്രം വായിക്കാം.

അല്‍കുദ്ര്‍ സംഘട്ടനം
ബദ്ര്‍ യുദ്ധം കഴിഞ്ഞ് മദീനയിലെത്തി ഏറെ കഴിയുംമുമ്പെ നബി(സ)യെ തേടിയെത്തുന്നത് ഗത്വ്ഫാന്‍ ഗോത്രത്തിലെ സലീം വംശം മദീനക്കെതിരെ സൈനികസജ്ജീകരണം നടത്തുന്നുവെന്ന വാര്‍ത്തയാണ്. അവരെ അവരുടെ പ്രദേശത്തുവെച്ച് തന്നെ നേരിടണമെന്ന ഉദ്ദേശ്യത്തോടെ ഇരുനൂറ് അശ്വഭടന്മാരുമായി നബി(സ) അല്‍കുദ്ര്‍ എന്ന സ്ഥലത്തേക്ക് പുറപ്പെട്ടു.(1) ഇതറിഞ്ഞ സലീം വംശം അഞ്ഞൂറ് ഒട്ടകങ്ങളേയും ഉപേക്ഷിച്ച് സ്ഥലം വിട്ടു. മുസ്ലിംകള്‍ അത് സ്വന്തമാക്കി. റസൂല്‍(സ) തന്റെ അവകാശമായ അഞ്ചിലൊന്ന് നീക്കിവെച്ചശേഷം ഈ രണ്ടുവീതം ഒട്ടകങ്ങളെ ഓരോ ഭടന്മാര്‍ക്കും വിഭജിച്ചുനല്കി. യസാര്‍ എന്ന പേരുള്ള ഒരു അടിമയേയും കിട്ടിയിരുന്നു അവനെ സ്വതന്ത്രനാക്കി വിട്ടു. പതിവനുസരിച്ച് അവിടെ മൂന്നുദിവസം തങ്ങിയശേഷം നബി(സ) മദീനയിലേക്ക് മടങ്ങി. ബദ്ര്‍ യുദ്ധത്തിന്റെ ഏഴാം ദിവസം ശവ്വാല്‍ രണ്ടിനാണ് ഈ സംഭവം. മദീനയുടെ ഉത്തരവാദിത്തം സിബാഉബിന്‍ ഇര്‍ഫുത്വയെയായിരുന്നു ഏല്പിച്ചിരുന്നത്. ഉമ്മുമക്തൂമിന്റെ പുത്രന്‍ അബ്ദുല്ലയെയാണെന്ന ഒരഭിപ്രായവുമുണ്ട്.(2)

പ്രവാചകനെതിരെ വധശ്രമം.
ബദ്റിലേറ്റ പരാജയത്തില്‍ ദുഃഖവും അമര്‍ഷവും ഉള്ളിലൊതുക്കിയ മുശ്രിക്കുകളുടെ മനസ്സ് പകവീട്ടാനും പകരം ചോദിക്കാനുമായി ദാഹിച്ചു. പ്രവാചകനെതിരെയുള്ള കഠിനമായ അമര്‍ഷത്താല്‍ അവരുടെ മനസ്സ് തപിച്ചു. അവരുടെ കൂട്ടത്തിലെ രണ്ട് ധീരരായ യുവാക്കള്‍ പ്രവാചകനെ വധിക്കാനുള്ള ഗൂഢാലോചനയുമായി രംഗത്തുവന്നു.

ജുംഹ് ഗോത്രക്കാരന്‍ വഹബിന്റെ പുത്രന്‍ ഉമൈറും ഉമയ്യയുടെ പുത്രന്‍ സ്വഫ്വാനും ബദ്റിനുശേഷം ബദ്റിലെ കഷ്ടനഷ്ടങ്ങളെ സംബന്ധിച്ചും വധിക്കപ്പെട്ടവരേയും ബന്ദികളെയും സംബന്ധിച്ചും അന്യോന്യം സംസാരിക്കുന്നതിന്നിടയില്‍ ഉമൈര്‍ സ്വഫ്വാനോട് പറഞ്ഞു: വീട്ടാന്‍ കഴിയാത്ത കടബാധ്യതയും ഭാരിച്ച കുടുംബഭാരവുമില്ലായിരുന്നുവെങ്കില്‍ ഞാന്‍ മുഹമ്മദിനെചെന്ന് വധിക്കുമായിരുന്നു. എനിക്ക് അവിടെ പോകാന്‍ ഒരു ന്യായവുമുണ്ട്, എന്റെ പുത്രന്‍ അവിടെ ബന്ദിയായി കഴിയുകയാണ്.'' ഇതുകേട്ട സ്വഫ്വാന്‍ പറഞ്ഞു: 'നിന്റെ കടബാധ്യത ഞാന്‍ ഏല്ക്കാം, നിന്റെ കുടുംബം എന്റെ കുടുംബത്തോടൊപ്പവും കഴിയട്ടെ.' ഈ തീരുമാനം മറ്റാരും അറിയുകയുമരുതെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ രണ്ടുപേരും പിരിഞ്ഞു. ഉമൈര്‍ ഉടനെത്തന്നെ തന്റെ വാളെടുത്ത് മൂര്‍ച്ചകൂട്ടി. അതില്‍ വിഷം പുരട്ടി മദീനയെ ലക്ഷ്യമാക്കി കുതിച്ചു. മദീനാ പള്ളിയുടെ മുമ്പില്‍ ഒട്ടകത്തെ മുട്ടുകുത്തിച്ച് താഴെയിറങ്ങുമ്പോള്‍ ഉമറും ഒരു സംഘം മുസ്ലിംകളും അവിടെ കൂടിയിരുന്നു സംസാരിക്കുന്നുണ്ടായിരുന്നു. ഉമൈറിന്റെ ആഗമനം കണ്ട ഉമര്‍ പറഞ്ഞു: "ഇതാ, അല്ലാഹുവിന്റെ ശത്രുവായ ഈ ശുനകന്‍ എന്തോ ഒരു ഉദ്ദേശ്യവുമായിട്ടാണ് വന്നിരിക്കുന്നത്. ഉമര്‍ നേരിട്ട് നബി(സ)യെ സമീപിച്ച് പറഞ്ഞു; 'അല്ലാഹുവിന്റെ പ്രവാചകരേ, അല്ലാഹുവിന്റെ ശത്രു ഉമൈര്‍ ഖഡ്ഗധാരിയായി വന്നിരിക്കുന്നു.'' നബി(സ) പറഞ്ഞു: "അവനെ ഇങ്ങോട്ടു കടത്തിവിടൂ.' ഉമര്‍ കുറെ അന്‍സാറുകളെ നബി(സ)യുടെ അടുക്കല്‍ ഇരുത്തിയ ശേഷം തന്റെ വാള്‍ അവന്റെ പിരടിയ്ക്ക് നേരെ പിടിച്ചു നബിസന്നിധിയില്‍ ഹാജറാക്കി. ഇതുകണ്ട നബി(സ) പറഞ്ഞു: 'അവനെ വിട്ടേക്കൂ ഉമര്‍, ഉമൈര്‍ അടുത്തുവരൂ! ഉമൈര്‍: സുപ്രഭാതം എന്ന് നബിയെ അഭിവാദ്യം ചെയ്തു. നബി(സ) ഇതിനേക്കാള്‍ ഉത്തമമായ ഒരഭിവാദ്യം അല്ലാഹു ഞങ്ങള്‍ക്ക് പഠിപ്പിച്ചിട്ടുണ്ട് 'അസ്സലാമു അലൈക്കും....'' 'ഇത് സ്വര്‍ഗക്കാരുടെ അഭിവാദ്യമാണ്.' ശേഷം നബി(സ) അവനോട് ചോദിച്ചു: 'താങ്കളുടെ ആഗമനോദ്ദേശ്യമെന്താണ്? ഉമൈര്‍: നിങ്ങളുടെ തടവില്‍ കഴിയുന്ന എന്റെ ഒരാളുടെ കാര്യം സംസാരിക്കാന്‍ വന്നതാണ്. അവന്റെ കാര്യത്തില്‍ നിങ്ങളൊരു നല്ല നിലപാട് സ്വീകരിക്കണം.' നബി(സ): 'അപ്പോള്‍ ഈ വാളെന്തിനാണ്?' ഉമൈര്‍: 'വാളുകള്‍ക്ക് നാശം! വാളുകൊണ്ട് എന്ത് നേട്ടമാണ് നമുക്കുണ്ടായിട്ടുള്ളത്.' നബി(സ): 'സത്യം പറയുക, എന്തിനാണ് വന്നത്?' 'അതിനുതന്നെ, മറ്റൊന്നുമില്ല.' ഉമൈര്‍ പറഞ്ഞു. നബി(സ): അല്ല, താങ്കളും സ്വഫ്വാന്‍ ബിന്‍ ഉമയ്യയും കഅബയുടെ ഹിജ്റില്‍ ഇരുന്ന് ചില കാര്യങ്ങളെല്ലാം തീരുമാനമെടുത്ത് അത് നടപ്പാക്കാനുള്ള ഉദ്ദേശ്യത്തിലല്ലെ ഇവിടെ വന്നത്? ഇതുകേട്ട ഉമൈര്‍ തല്‍ക്ഷണം ഇസ്ലാം ആശ്ളേഷിച്ചു. തുടര്‍ന്ന് പറഞ്ഞു: 'താങ്കള്‍ക്ക് ദിവ്യവെളിപാട് ലഭിക്കുന്നതിനെ നിഷേധിക്കുകയായിരുന്നു ഞങ്ങള്‍ ചെയ്തിരുന്നത്. എന്നാല്‍ ഈ കാര്യം ഞാനും സ്വഫ്വാനുമല്ലാതെ മറ്റാരും അറിയില്ല. ഇത് അല്ലാഹു താങ്കള്‍ക്ക് എത്തിച്ചുതന്നതാണെന്ന് നിശ്ചയം ഞാന്‍ അറിയുന്നു. ഇസ്ലാമിലേക്ക് എനിക്ക് മാര്‍ഗദര്‍ശനം നല്കിയ അല്ലാഹുവിന് സര്‍വസ്തുതിയും.'' നബി(സ)തന്റെ സഹചരന്മാരെ വിളിച്ചു പറഞ്ഞു: ഇദ്ദേഹത്തെ മതം പഠിപ്പിക്കുകയും ക്വുര്‍ആന്‍ പാരായണം ചെയ്തുകേള്‍പ്പിക്കുകയും ചെയ്യുക. ഇദ്ദേഹത്തിന്റെ ബന്ദിയെ സ്വതന്ത്രനുമാക്കുക.' സ്വഫ്വാനാകട്ടെ, മക്കയില്‍ നബിയുടെ വധവാര്‍ത്തയുമായി ഉമൈര്‍ വരുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ്. അതിന്നിടയില്‍ ഒരു യാത്രക്കാരന്‍ ഉമൈര്‍ ഇസ്ലാം ആശ്ളേഷിച്ചത് അദ്ദേഹത്തെ അറിയിച്ചു. അതോടെ ഇനിയൊരിക്കലും ഉമൈറിനോട് സംസാരിക്കുകയോ എന്തെങ്കിലും ഉപകാരം ചെയ്യുകയോ ചെയ്യില്ലെന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്തു. ഉമൈര്‍ പിന്നീട് മക്കയിലേക്ക് മടങ്ങി. അദ്ദേഹം വഴി ധാരാളം പേര്‍ ഇസ്ലാം സ്വീകരിച്ചു.(3)

ക്വയ്നുക്വാഅ് യുദ്ധം
നബി(സ) യഹൂദികളുമായുണ്ടാക്കിയ കരാര്‍ നാം നേരത്തെ പരാമര്‍ശിക്കുകയുണ്ടായി. നബി(സ)യും അനുയായികളും അതില്‍ ഒന്നുപോലും ലംഘിക്കാതെ പരിപാലിച്ചു പക്ഷെ, ചരിത്രത്തിലുടനീളം ചതിയും വഞ്ചനയും കുതന്ത്രങ്ങളും മാത്രം സ്വഭാവമാക്കിയ യഹൂദികള്‍ അവരുടെ സ്വഭാവം ഇവിടേയും പ്രകടമാക്കുകയുണ്ടായി. അതിലൊന്നാണ് താഴെ.

മുസ്ലിംകളോട് അതിയായ പകയും അസൂയയും വെച്ചുപുലര്‍ത്തിയിരുന്ന വയോവൃദ്ധനായ ജൂതനേതാവ് ശാസ്ബിന്‍ ഖൈസ് ഒരിക്കല്‍, ഔസ്, ഖസ്റജ് ഗോത്രക്കാര്‍ ഇരിക്കുന്നതിന്നടുത്തുകൂടെ കടന്നുപോവുകയുണ്ടായി. ജാഹിലിയ്യത്തില്‍ കഠിനശത്രുക്കളായിരുന്ന ഇവര്‍ക്കിടയിലെ ഐക്യവും രഞ്ജിപ്പും സ്നേഹവും കണ്ടപ്പോള്‍ കുപിതനായ അദ്ദേഹം ഒരു ജൂതയുവാവിനെ അവരുടെ അടുക്കല്‍ പറഞ്ഞുവിട്ടു. അവര്‍ക്കിടയില്‍ നടന്ന ബുഗാസ് യുദ്ധവും അവര്‍ പരസ്പരം ആക്ഷേപിച്ച് പാടിയിരുന്ന കവിതകളുമെല്ലാം അവിടെചെന്ന് അനുസ്മരിക്കാന്‍ നിര്‍ദേശവും നല്കി. ജൂതയുവാവ് അത് ഭംഗിയായി നിര്‍വഹിച്ചു. ഇതുകേട്ടതോടെ അവരുടെ പഴയ പകയും ദുരഭിമാനവും മനസ്സില്‍ തികട്ടിവരികയും ഇരുവിഭാഗവും അതിന്റെ അടിസ്ഥാനത്തില്‍ ആവേശിതരാവുകയും ചെയ്തു. അവസാനം എല്ലാം മറന്ന് അവര്‍ പരസ്പരം വാളേന്തുന്ന സ്ഥിതിയിലെത്തി. ഈ വിവരമറിഞ്ഞ നബി(സ) ഏതാനും മുഹാജിറുകളോടുകൂടി അങ്ങോട്ട് പുറപ്പെട്ടു. അദ്ദേഹം പറഞ്ഞു: 'മുസ്ലിം സമുദായമേ! ജാഹിലിയ്യാ സംസ്കാരമോ! ഞാന്‍ നിങ്ങള്‍ക്കിടയില്‍ത്തന്നെ ജീവിച്ചിരിക്കെ! അല്ലാഹു നിങ്ങളെ മാര്‍ഗദര്‍ശം ചെയ്യുകയും ജാഹിലിയ്യത്തിന്റേയും കുഫ്റിന്റെയും എല്ലാ ബന്ധങ്ങളും വിഛേദിച്ച് നിങ്ങളെ മാനസികമായി ഇണക്കുകയും ചെയ്തതിനുശേഷം! ഇതോടെ ശത്രുവിന്റെ തന്ത്രവും പിശാചിന്റെ പ്രേരണയും തങ്ങളില്‍ സ്വാധീനിച്ചത് മനസ്സിലാക്കി അതില്‍നിന്ന് മടങ്ങിയ അവര്‍ കരയുകയും പരസ്പരം ആലിംഗനബദ്ധരാവുകയും ചെയ്തു. തുടര്‍ന്ന് അവരെല്ലാം ഒന്നായി അനുസരണയോടെ പ്രവാചകന്റെ കൂടെ ചലിച്ചു.(4)

ഇതവരുടെ കുതന്ത്രങ്ങള്‍ക്കൊരു മാതൃകമാത്രമാണ്, ഇതിന്നപ്പുറം കളവ് പ്രചാരണം, കാലത്ത് വിശ്വസിച്ച് വൈകിട്ട് തിരിച്ചുപോയി ദുര്‍ബലമനസ്സുകളില്‍ സംശയം ജനിപ്പിക്കല്‍, കഴിയുന്ന മേഖലയില്‍ സാമ്പത്തിക പീഡനം തുടങ്ങിയ കുടില മാര്‍ഗങ്ങളും അവര്‍ അവലംബിച്ചിരുന്നു. കരാറും ഉടമ്പടിയുമെല്ലാം നിലനില്‍ക്കേ തന്നെയായിരുന്നു അവരിതെല്ലാം ചെയ്തിരുന്നത്. പക്ഷെ, മുസ്ലിംകള്‍ എല്ലാം അങ്ങേയറ്റം ക്ഷമിക്കുകയായിരുന്നു. എന്നാല്‍ ബദ്ര്‍ യുദ്ധത്തോടെ മുസ്ലിംകള്‍ക്ക് പ്രതാപവും യശസ്സും കൈവന്നപ്പോള്‍ അവര്‍ അതിക്രമവും കയ്യേറ്റവും തന്നെ നടത്താന്‍ തുടങ്ങി.

ഇവരില്‍ ഇസ്ലാമിന് ഏറ്റം വലിയ ഉപദ്രവം കഅ്ബിന്‍ അശ്റഫായിരുന്നു. ഇദ്ദേഹത്തെപ്പറ്റി പിന്നീട് വരുന്നതാണ്. അതുപോലെ മൂന്ന് ജൂതഗോത്രങ്ങളില്‍ ഏറ്റം ശക്തമായി ഇസ്ലാമിനെയും മുസ്ലിംകളേയും ഉപദ്രവിച്ചിരുന്നത് ഖൈനുഖാഅ് ഗോത്രവുമായിരുന്നു. ഇവര്‍ കൊല്ലപ്പണിയും ആയുധനിര്‍മാണവും തൊഴിലായി സ്വീകരിച്ചിരുന്നവരായിരുന്നതിനാല്‍ എല്ലാവരുടെയും കൈവശവും യുദ്ധോപകരണങ്ങളുമുണ്ടായിരുന്നു. എഴുനൂറ് യോദ്ധാക്കളുണ്ടായിരുന്ന ഇവരായിരുന്നു ജുതരിലെ ധീരരായ ഗോത്രം. അതുകൊണ്ടുതന്നെ കരാര്‍ ലംഘനം നടത്തിയതും ആദ്യം ഇവര്‍തന്നെ.

മുസ്ലിംകള്‍ക്ക് നേരെ പലവിധ കയ്യേറ്റങ്ങളും ഇവര്‍ നടത്തി. ചന്തകളില്‍ വരുന്ന സ്ത്രീകള്‍ക്ക് നേരെയും ഇവരുടെ നീചപ്രവൃത്തികള്‍ തിരിഞ്ഞപ്പോള്‍ എല്ലാവരേയും വിളിച്ചുചേര്‍ത്ത് റസൂല്‍(സ) ഉപദേശനിര്‍ദേശങ്ങള്‍ നല്കുകയും സംഭവത്തിന്റെ ഭവിഷ്യത്തുകള്‍ അവരെ തെര്യപ്പെടുത്തുകയും ചെയ്തു. നബി(സ) പറഞ്ഞു: യഹൂതികളെ, ക്വുറൈശികള്‍ക്ക് സംഭവിച്ചതുപോലെയുള്ളത് നിങ്ങളേയും ബാധിക്കുന്നതിന് മുമ്പായി നിങ്ങളെല്ലാം ഇസ്ലാം സ്വീകരിക്കുക. അവര്‍ മറുപടി പറഞ്ഞു: മുഹമ്മദ്, യുദ്ധനിപുണരല്ലാത്ത ക്വുറൈശികളുമായി ഏറ്റുമുട്ടി വിജയം വരിച്ചുവെന്നത് നിന്നെ വഞ്ചിക്കാതിരിക്കട്ടെ. നീ ഞങ്ങളുമായി ഏറ്റുമുട്ടിയാല്‍ അപ്പോള്‍ നിനക്ക് കാണാം ചുണക്കുട്ടികളെ. അപ്പോള്‍ അല്ലാഹു ആയത്ത് അവതരിപ്പിച്ചു. "(നബിയേ) നീ സത്യനിഷേധികളോട് പറയുക. നിങ്ങള്‍ കീഴടക്കപ്പെടുന്നതും നരകത്തിലേക്ക് കൂട്ടത്തോടെ നയിക്കപ്പെടുന്നതുമാണ്. അതത്രെ ചീത്തയായ വിശ്രമസ്ഥലം. (ബദ്റില്‍) ഏറ്റുമുട്ടിയ ആ രണ്ടുവിഭാഗങ്ങളില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമുണ്ട്. ഒരു വിഭാഗം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. മറുവിഭാഗമാകട്ടെ, സത്യനിഷേധികളും. (അവിശ്വാസികള്‍ക്ക്) തങ്ങളുടെ ദൃഷ്ടിയില്‍ അവര്‍ (വിശ്വാസികള്‍)തങ്ങളുടെ ഇരട്ടിയുണ്ടെന്നാണ് തോന്നിയിരുന്നത്. അല്ലാഹു താനുദ്ദേശിക്കുന്നവര്‍ക്ക് തന്റെ സഹായംകൊണ്ട് പിന്‍ബലം നല്കുന്നു. തീര്‍ച്ചയായും കണ്ണുള്ളവര്‍ക്ക് അതില്‍ ഗുണപാഠമുണ്ട്.'' (3:12,13)(5)

നബി(സ)യുടെ ഉപദേശത്തിന് നേരെ ഖൈനുഖാഅ് ഗോത്രത്തിന്റെ ഈ മറുപടി ഒരു തുറന്ന യുദ്ധപ്രഖ്യാപനം തന്നെയായിരുന്നു. പക്ഷെ നബി (സ)യും അനുയായികളും കോപമടക്കി ക്ഷമിച്ചു. വീണ്ടും അവരുടെ അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരുന്നു. അത് വളര്‍ന്നു ഖൈനുഖാഅ് ചന്തയില്‍ ആഭരണനിര്‍മാതാവിന്റെ അരികെയെത്തിയ ഒരു അറബി സ്ത്രീയെ അവഹേളിക്കുവോളം അതെത്തി. ഇവര്‍ ആഭരണജോലിക്കാരന്റെ അടുക്കല്‍ ഇരുന്നപ്പോള്‍ അവളുടെ മുഖംമൂടി മാറ്റി അവളുടെ മുഖം കാണാന്‍ ആഗ്രഹിച്ചു. അവള്‍ അതിന് വിസമ്മതിച്ചപ്പോള്‍ അവളുടെ വസ്ത്രത്തിന്റെ അറ്റം അവളറിയാതെ അയാള്‍ പിന്നിലേക്ക് കൊളുത്തിവെച്ചു. അങ്ങനെ അവള്‍ എഴുന്നേറ്റപ്പോള്‍ വസ്ത്രം ഉയര്‍ന്ന് നഗ്നത പ്രകടമായി. അതുകണ്ട് അവര്‍ ആര്‍ത്തുചിരിച്ചു. അതുകണ്ട ഒരു മുസ്ലിം, ആഭരണവ്യാപാരിയുടെ നേരെ ചാടിവീണു അവനെ വധിച്ചു. ഇവന്‍ ഒരു ജൂതനായിരുന്നു. ജൂതര്‍ മുസ്ലിമിന്റെ നേരെ തിരിഞ്ഞു. അവനേയും വധിച്ചു. അതോടെ രണ്ടുകൂട്ടര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ ഉത്ഭവിച്ചു.(6)

ഇതോടെ ക്ഷമയുടെ എല്ലാ പരിധിയും അവസാനിച്ചു. നബി(സ) മദീനയുടെ നേതൃത്വം അബൂലുബാബയെ ഏല്പിച്ചുകൊണ്ട് ഹംസയുടെ കൈയില്‍ പതാകയുമേല്പിച്ചു ബനൂഖൈനുഖാഇലേക്ക് സൈന്യത്തെ നയിച്ചു. ഇതുകണ്ട അവര്‍ അവരുടെ കോട്ടക്കുള്ളില്‍ അഭയം തേടി. അതോടെ നബി(സ) അവരെ കോട്ടക്കുള്ളില്‍ ഉപരോധിച്ചു. ഹിജ്റ 2, ശവ്വാല്‍ പകുതി മുതല്‍ ദുല്‍ഖഅദ് വരെ പതിനഞ്ച് ദിവസം ഇത് നീണ്ടുനിന്നു. അവരുടെ മനസ്സുകളില്‍ അല്ലാഹു ഭീതി ജനിപ്പിച്ചു. അതോടെ അവരുടെ സമ്പത്ത് സന്താനങ്ങള്‍ സ്ത്രീകള്‍ ജീവന്‍ എന്നിവയില്‍ നബി(സ)യുടെ തീരുമാനമംഗീകരിക്കാമെന്ന വ്യവസ്ഥയില്‍ അവര്‍ ബന്ധിതരായി പുറത്തിറങ്ങി. ഈ ഘട്ടത്തില്‍ അബ്ദുല്ലാഹിബ്നു ഉബയ്യ്ബിന്‍ സുലൂല്‍ തന്റെ കാപട്യവുമായി രംഗത്തുവന്നു. ഖൈനുഖാഅ് ഗോത്രത്തിന് തന്റെ ഗോത്രമായ ഖസ്റജുമായുള്ള സഖ്യം അനുസ്മരിപ്പിച്ചുകൊണ്ട് അവരെ സ്വതന്ത്രമാക്കണമെന്ന് അദ്ദേഹം നബി(സ)യോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. നബി(സ) അതവഗണിച്ചപ്പോള്‍ അവിടുത്തെ അങ്കിയില്‍ പിടിച്ച് അവന്‍ നബി(സ)യെ നിര്‍ത്താന്‍ ശ്രമിച്ചു. അതോടെ കോപത്താല്‍ റസൂല്‍(സ)യുടെ മുഖം തപിച്ചു. അവിടുന്ന് ഗര്‍ജ്ജിച്ചു. എന്നെ വിടൂ. വീണ്ടും അവിടുന്ന് പറഞ്ഞു. നിനക്ക് നാശം! എന്നെ വിടുന്നതാണ് നല്ലത്. പക്ഷെ, കപടന്‍ നബി(സ)യെ വിട്ടില്ല. അവന്‍ പറഞ്ഞു: താങ്കളെ വിടുന്ന പ്രശ്നമില്ല. അവരുടെ കാര്യത്തില്‍ നല്ല തീരുമാനമെടുക്കുന്നതുവരെ നാനൂറ് സാധാരണ പൌരന്മാരും മുന്നൂറ് യോദ്ധാക്കളും എല്ലാ ചുവന്നവരില്‍നിന്നും കറുത്തവരില്‍നിന്നും ദീര്‍ഘനാളായി എന്നെ സംരക്ഷിച്ചുവരുന്നു. അവരെ ഒന്നടങ്കം ഒറ്റദിവസംകൊണ്ട് താങ്കള്‍ വകവരുത്തുകയോ? അല്ലാഹുവാണേ! വിപത്തുകളെ ഭയപ്പെടുന്ന മനുഷ്യനാണ് ഞാന്‍!

ഏകദേശം ഒരു മാസംമുമ്പ് മാത്രം പ്രത്യക്ഷത്തില്‍ ഇസ്ലാം പ്രകടിപ്പിച്ചുവന്ന ഈ കപടന്റെ സമ്മര്‍ദത്തിന് വഴങ്ങി റസൂല്‍(സ) അവരെ വിട്ടു. അവരോടെല്ലാം മദീനയില്‍നിന്ന് പുറത്തുകടക്കാന്‍ കല്പിച്ചു. അവര്‍ ശാമിന്റെ ഭാഗത്ത് അദ്റ്ആത്തിലേക്ക് നീങ്ങുകയും ഏറെ കഴിയുംമുമ്പെ മിക്കവരും നശിക്കുകയും ചെയ്തു. അവരില്‍നിന്ന് ഏതാനും യുദ്ധോപകരണങ്ങള്‍ നബി(സ) പിടിച്ചെടുത്തു. സമരാര്‍ജിത സമ്പത്ത് സമാഹരണത്തിന് നേതൃത്വം നല്കിയത് മുഹമ്മദ് ബിന്‍ മസ്ലമയായിരുന്നു.(7)

സവീഖ് യുദ്ധം
സ്വഫ്വാന്‍ബിന്‍ ഉമയ്യയും യഹൂദികളും കപടവിശ്വാസികളുമെല്ലാം അവരുടേതായ ഗൂഢപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍തന്നെ, അബൂസുഫ്യാന്‍ അദ്ദേഹത്തിന്റെ വഴിക്കും നീങ്ങുന്നുണ്ടായിരുന്നു. അറബികളുടെ പദവി സുരക്ഷിതമാക്കാനും യുദ്ധശേഷി നശിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്താന്‍വേണ്ടിയും ഒരു ചെറിയ മുന്നേറ്റത്തിലൂടെ വലിയ ഫലമുളവാക്കണമന്നദ്ദേഹം ആഗ്രഹിച്ചു. മുഹമ്മദുമായി യുദ്ധം ചെയ്യുന്നതുവരെ ഭാര്യയെ സമീപിക്കുകയില്ലെന്ന് അദ്ദേഹം നേരത്തെ പ്രതിജ്ഞയുമെടുത്തിരുന്നു. തന്റെ പ്രതിജ്ഞ നിറവേറ്റാനായി ഇരുന്നൂറ് പടയാളികളെയും കൊണ്ട് അദ്ദേഹം മദീനയ്ക്ക് നേരെ നീങ്ങി. പ്രത്യക്ഷത്തില്‍ മദീനയെ ആക്രമിക്കാന്‍ ധൈര്യമില്ലാത്തതുകാരണം രാത്രിയുടെ മറവില്‍ അദ്ദേഹം മദീനയ്ക്ക് സമീപമെത്തി അവിടെ താവളമടിച്ചു. തന്റെ കൂടെയുള്ള സൈന്യത്തെപ്പറ്റി പറയാതെ ഇദ്ദേഹം ബനൂനളിര്‍ നേതാവ് സല്ലാംബിന്‍ മിശ്കമിന്റെ ആതിഥ്യം സ്വീകരിച്ചു. രാത്രിയുടെ അന്ത്യത്തില്‍ അവിടംവിട്ടിറങ്ങി തന്റെ സൈന്യവുമായി സന്ധിച്ചു. അതിലെ ഒരു വിഭാഗത്തെ വിട്ട് മദീനയ്ക്ക് സമീപം അല്‍ഉറൈദ് എന്ന സ്ഥലത്തെത്തി അവിടെയുണ്ടായിരുന്ന ഈത്തപനത്തോട്ടം അഗ്നിക്കിരയാക്കുകയും അവിടെകണ്ട ഒരു അന്‍സാരിയേയും അദ്ദേഹത്തോടൊപ്പം കൂട്ടുകൃഷിയില്‍ പങ്കാളിയായിരുന്ന മറ്റൊരാളെയും വധിക്കുകയും ചെയ്തു. എന്നിട്ട് മക്കയിലേക്ക് തിരിച്ചു. ഇതറിഞ്ഞ നബി(സ) ഒരു സംഘത്തോടൊപ്പം അബൂസുഫ്യാനെ തുരത്താന്‍ പിന്നില്‍ കുതിച്ചു. പക്ഷെ, അവര്‍ അതിദ്രുതം മുന്നോട്ടു കുതിച്ചു രക്ഷപ്പെട്ടു. നബി(സ)യും അനുയായികളും അവരെ തുടര്‍ന്നു ഖര്‍ഖറത്തുല്‍ കുദ്ര്‍ എന്നിടംവരെയെത്തി. ഓട്ടത്തിന് വേഗതകൂട്ടാന്‍വേണ്ടി ഭക്ഷണത്തിനായി കരുതിയിരുന്ന ഗോതമ്പ് അവര്‍ വഴിയില്‍ തള്ളി. അതെല്ലാം ശേഖരിച്ച് മുസ്ലിംകള്‍ തിരിച്ചുപോന്നു. ഈ ഗോതമ്പുമാവാണ് ഈ യുദ്ധത്തിന് 'സവീഖ്' എന്ന് പേരുനല്കിയത്. ഇത് ഹിജ്റ 2 ദുല്‍ഹജ് മാസത്തിലായിരുന്നു അഥവാ ബദ്റിന് രണ്ടുമാസത്തിന് ശേഷം-ഈ സമയത്ത് മദീനയുടെ ചുമതല അബൂലുബാബക്കായിരുന്നു.(8)

ദൂഅമര്‍റ് യുദ്ധം
ഉഹ്ദ് യുദ്ധത്തിന് മുമ്പ് പ്രവാചകന്‍ നയിച്ച ഏറ്റവും വലിയ സൈനികവ്യൂഹമായിരുന്നു ഇത്. ഹിജ്റ മൂന്നാംവര്‍ഷം മുഹര്‍റത്തിലായിരുന്നു ഇത്. ഥഅ്ലബ, മുഹാരിബ് ഗോത്രങ്ങള്‍ മദീനക്കെതിരെ ഒരു വന്‍സൈന്യസജ്ജീകരണം നടത്തുന്നുണ്ടെന്ന വിവരം നബി(സ)ക്ക് ലഭിച്ചു. ഇവരെ നേരിടാനായി കാലാള്‍പടയും അശ്വഭടന്മാരുമായി നാനൂറ്റി അമ്പത് അംഗങ്ങളടങ്ങുന്ന ഒരു വന്‍ സൈന്യവുമായി നബി(സ) പുറപ്പെട്ടു. ഉഥ്മാന്‍ബിന്‍ അഫ്ഫാനെയായിരുന്നു മദീനയുടെ ചുമതല ഏല്പിച്ചത്. വഴിയില്‍വെച്ച് ഥഅ്ലബ ഗോത്രത്തിലെ ജുബാര്‍ എന്ന് പേരുള്ള ഒരാളെ പിടികൂടി ഇദ്ദേഹത്തെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. അദ്ദേഹം ഇസ്ലാം ആശ്ളേഷിച്ചതോടെ ബിലാലിന്റെ കൂടെ അദ്ദേഹത്തെയും ചേര്‍ത്തുകൊടുത്തു. അതോടെ മുസ്ലിം സൈന്യങ്ങള്‍ക്ക് ശത്രുരാജ്യത്തേക്ക് ഒരു മാര്‍ഗദര്‍ശിയായി അദ്ദേഹത്തെ ഉപയോഗപ്പെടുത്തി.
മദീനയില്‍നിന്ന് മുസ്ലിം സൈന്യത്തിന്റെ ആഗമനമറിഞ്ഞ ശത്രുവിഭാഗം മലമുകളിലേറി രക്ഷപ്പെട്ടു. പക്ഷെ, റസൂല്‍(സ) സൈന്യത്തോടൊപ്പം മുന്നോട്ട് നീങ്ങി. ദുഅമര്‍റ് എന്ന നാമത്തിലറിയപ്പെടുന്ന വെള്ള പ്രദേശത്ത് ചെന്ന് തമ്പടിച്ചു. ഏകദേശം സ്വഫര്‍ മാസം പൂര്‍ണമായി അവിടെ താമസിച്ചു. ഇതിന്റെ ഉദ്ദേശ്യം അവിടങ്ങളിലുണ്ടായിരുന്ന ബദവികളെ ഇസ്ലാമിന്റെ ശക്തി ബോധ്യപ്പെടുത്തി ഭീതി ജനിപ്പിക്കലായിരുന്നു. പിന്നീട് മദീനയിലേക്ക് മടങ്ങി.(9)

കഅബുബ്നു അശ്റഫിന്റെ വധം
ഇസ്ലാമിന്റെയും മുസ്ലിംകളുടെയും അതിന്റെ പ്രവാചകന്റെയു മുഖ്യശത്രുക്കളില്‍ ഒരാളായിരുന്നു കഅബ്ബിന്‍ അശ്റഫ് എന്ന ജൂതന്‍. ത്വയ് ഗോത്രക്കാരനായിരുന്നു ഇദ്ദേഹം. മാതാവ് ബനൂനളീര്‍ കാരിയും. സമ്പന്നനും സുന്ദരനും സുഖലോലുപനുമായിരുന്ന ഇദ്ദേഹം ഒരു കവിയുമായിരുന്നു. മദീനയുടെ ദക്ഷിണഭാഗത്ത് ബനൂനളീര്‍കാരുടെ താമസസ്ഥലത്തിന് പിന്നില്‍ ഒരു കോട്ടയിലായിരുന്നു വസിച്ചിരുന്നത്. ബദ്റില്‍ ക്വുറൈശികളുടെ പരാജയവും നേതാക്കള്‍ വധിക്കപ്പെട്ടതും കേട്ടപ്പോള്‍ അദ്ദേഹം പ്രതികരിച്ചത്: 'ഈ കേള്‍ക്കുന്നത് സത്യമാണോ? ഇവര്‍ അറബികളുടെ നേതാക്കളും രാജാക്കളുമാണല്ലോ. അല്ലാഹുവാണെ! മുഹമ്മദ് ഇത് സാധിച്ചെങ്കില്‍ ഇനി ഭൂമിയുടെ അകമാണ് പുറത്തേക്കാള്‍ ഉത്തമം.''

ബദ്റിലെ സംഭവം ശരിയാണെന്ന് ബോധ്യമായപ്പോള്‍ ഇദ്ദേഹം ശത്രുക്കളെ നബി(സ)ക്കെതിരില്‍ പ്രേരിപ്പിച്ചു. ഇതുകൊണ്ട് തൃപ്തിവരാതെ അദ്ദേഹം മക്കയിലേക്ക് കുതിച്ചു. അവിടെ, ബദ്റില്‍ കൊല്ലപ്പെട്ടവരെക്കുറിച്ച് അനുശോചനകാവ്യങ്ങളാലപിച്ചുകൊണ്ട് ക്വുറൈശികളെ ഇസ്ലാമിന്നെതിരില്‍ പ്രകോപിതരാക്കിക്കൊണ്ടുവന്നു. ഒരിക്കല്‍ അബൂസുഫ്യാന്‍ ചോദിച്ചു. "ഞങ്ങളുടെ മതമോ മുഹമ്മദിന്റെ മതമോ ഏതാണ് നിനക്കിഷ്ടം? ഇതില്‍ ഏതാണ് ശരിയായ മാര്‍ഗത്തിലുള്ളത്? "നിങ്ങളത്രെ അവരേക്കാള്‍ സന്മാര്‍ഗികളും ഏറെ ശ്രേഷ്ഠരും'' അവന്‍ പറഞ്ഞു. ഇതിനെക്കുറിച്ചാണ് അല്ലാഹു അവതരിപ്പിച്ചത്.
"വേദത്തില്‍നിന്ന് ഒരു വിഹിതം നല്കപ്പെട്ടവരെ നീ നോക്കിയില്ലേ? അവര്‍ ക്ഷുദ്രവിദ്യകളിലും ദുര്‍മൂര്‍ത്തികളിലും വിശ്വസിക്കുന്നു. സത്യനിഷേധികളെപ്പറ്റി അവര്‍ പറയുന്നു: ഇക്കൂട്ടരാണ് നേര്‍മാര്‍ഗം പ്രാപിച്ചവരെന്ന്.'' (4:51)

പിന്നീട് മദീനയിലേക്കുതന്നെ തിരിച്ച കഅബ് തന്റെ മൂര്‍ച്ചയേറിയ നാവുകൊണ്ട് മുസ്ലിംകളെ ഉപദ്രവിക്കാന്‍ തുടങ്ങി. അവരുടെ ഭാര്യമാരെക്കുറിച്ച് ശൃംഗാര കാവ്യങ്ങള്‍ ആലപിച്ചു. ഇതുകേട്ട റസൂല്‍(സ) ചോദിച്ചു: 'ആരാണ് കഅബിനെ കൈകാര്യം ചെയ്യുക അവന്‍ അല്ലാഹുവിനെയും അവന്റെ ദൂതനേയും ഉപദ്രവിച്ചിരിക്കുന്നു?' ഉടനെ മുഹമ്മദ്ബിന്‍ മസ്ലമ എഴുന്നേറ്റു പറഞ്ഞു: 'ഞാന്‍ ദൈവദൂതരേ, അവനെ വധിക്കുന്നത് അങ്ങ് ഇഷ്ടപ്പെടുമോ?' 'അതെ, അവിടുന്ന് പറഞ്ഞു, 'എങ്കില്‍ എനിക്ക് ചിലതെല്ലാം പറയാനുള്ള അനുവാദം നല്കണം.' മുഹമ്മദ്ബിന്‍മസ്ലമ ആവശ്യപ്പെട്ടു. പറഞ്ഞോളൂ നബി(സ) പ്രതികരിച്ചു. ഇദ്ദേഹത്തിനുപുറമെ അബ്ബാദ്ബിന്‍ ബിശ്ര്‍, അബൂനാഇല- ഇദ്ദേഹം മുലകുടിബന്ധത്തില്‍ കഅബിന്റെ സഹോദരനുമാണ്-ഹാരിഥ് ബിന്‍ ഔസ്, അബൂഅബ്സ് എന്നിവരും ഇതിനുതയ്യാറായി രംഗത്തുവന്നു. മുഹമ്മദ് ബിന്‍ മസ്ലമയുടെ നേതൃത്വത്തില്‍ ഇവര്‍ പുറപ്പെട്ടു. കഅബിനെ സമീപിച്ച് മുഹമ്മദ് ബിന്‍ മസ്ലമ പറഞ്ഞു: "ഈ മനുഷ്യന്‍ (മുഹമ്മദ് നബി) ഞങ്ങളോടു ധര്‍മം ചോദിക്കുകയും വല്ലാതെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു.'' കഅബ്: 'അല്ലാഹുവാണേ, നിങ്ങള്‍ക്കും അവനെ മടുക്കും. മുഹമ്മദ് ബിന്‍ മസ്ലമ: ഞങ്ങളവനെ പിന്തുടര്‍ന്ന സ്ഥിതിക്ക് അവന്റെ കാര്യം എവിടെയെത്തുമെന്ന് മനസ്സിലാകാതെ ഉപേക്ഷിക്കാന്‍ ഉദ്ദേശ്യമില്ല. താങ്കള്‍ ഞങ്ങള്‍ക്ക് ഒന്നോ രണ്ടോ വസ്ഖ് (10) സാധനങ്ങള്‍ കടമായി തന്നാല്‍ ഉപകാരമായിരുന്നു.' കഅബ്: 'നല്കാം പക്ഷെ, പണയം നല്കണം.' മുഹമ്മദ് ബിന്‍ മസ്ലമ: 'എന്താണ് വേണ്ടത് കഅബ്: 'നിങ്ങളുടെ സ്ത്രീകളെ തന്നേക്കുക. മുഹമ്മദ് ബിന്‍ മസ്ലമ: അറബികളിലെ അതിസുന്ദരനായ താങ്കളുടെ അടുക്കല്‍ ഞങ്ങളുടെ സ്ത്രീകളെ ഞങ്ങളെങ്ങനെ പണയംവെക്കും? കഅബ്: എന്നാല്‍ മക്കളെ മുഹമ്മദ് ബിന്‍ മസ്ലമ: എങ്ങനെ മക്കളെ പണയപ്പെടുത്തും, ഒന്നോ രണ്ടോ വസ്ഖിന് വേണ്ടി മക്കളെ പണയപ്പെടുത്തിയെന്ന് ജനങ്ങള്‍ ആക്ഷേപിക്കില്ലെ. അത് ഞങ്ങള്‍ക്ക് ലജ്ജാകരമാണ്. എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ ആയുധങ്ങള്‍ പണയമായി വെക്കാം. അങ്ങനെ അത് സമ്മതമായപ്പോള്‍ കൊണ്ടുവരാമെന്ന് പറഞ്ഞു അവര്‍ പിരിഞ്ഞുപോയി. മുഹമ്മദ് ബിന്‍ മസ്ലമ ചെയ്തതുപോലെ അബൂനാഇലയും ചെയ്തു. കഅബിനോട് മുഹമ്മദ് നബിയെക്കൊണ്ടുണ്ടായ ബുദ്ധിമുട്ടുകളെല്ലാം വിവരിച്ചു. അവസാനം കടം ആവശ്യപ്പെട്ടു, ആയുധം പണയം നല്കാമെന്ന വ്യവസ്ഥയുമായി. കൂട്ടത്തില്‍ എന്റെകൂടെ ഇനി മറ്റുചിലരുമുണ്ടെന്ന് ധരിപ്പിക്കുകയും ചെയ്തു. പദ്ധതിപൂര്‍ണമായി വിജയിച്ചു. കൂടെ ആയുധം കൈവശം വെക്കാമെന്ന അനുവാദം ഇതുവഴി ലഭിച്ചല്ലോ.

ഹിജ്റ മൂന്നാംവര്‍ഷം റബീഉല്‍ അവ്വല്‍ പതിനാലിന് പൂര്‍ണചന്ദ്രന്‍ ഉദിച്ചുനില്ക്കുന്ന ഒരു രാവില്‍ അല്ലാഹുവിന്റെ നാമത്തില്‍ അവര്‍ ദൌത്യനിര്‍വഹണത്തിനായി പുറപ്പെട്ടു. റസൂല്‍(സ) ബഖീഅ് ശ്മശാനത്തിന്റെ അടുത്തുവെച്ച് അവരെ യാത്രയാക്കി. അവര്‍ക്ക് വേണ്ടിപ്രാര്‍ഥിക്കുകയും ചെയ്തു. അബൂനാഇല അവന്റെ കോട്ടയില്‍ ചെന്നുവിളിച്ചു. പുറപ്പെടാന്‍ ഒരുങ്ങിയ കഅബിനോട് അവന്റെ പുതിയ ഭാര്യ പറഞ്ഞു: 'ഈ സമയത്ത് താങ്കള്‍ എങ്ങോട്ടാണ് പോകുന്നത്? രക്തം ഇറ്റുവീഴുന്നത് പോലുള്ള ഒരു ശബ്ദം ഞാന്‍ കേള്‍ക്കുന്നു.'' കഅബ് പ്രതികരിച്ചു. "ഇതെന്റെ സഹോദരന്‍ മുഹമ്മദ് ബിന്‍ മസ്ലമയും മുലകുടി ബന്ധത്തിലെ സഹോദരന്‍ അബൂനാഇലയുമാണ്. ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിക്കുന്നവനാണ് മാന്യന്‍. അതൊരു യുദ്ധത്തിനായിരുന്നാലും.'' ശിരസില്‍ സുഗന്ധം പൂശി അവന്‍ അവരുടെ കൂടെ പുറപ്പെട്ടു.

അബൂനാഇല തന്റെ കൂട്ടുകാരോട് നേരത്തെ ശട്ടം കെട്ടിയിരുന്നു. "അവന്റെ ശിരസു ഞാന്‍ സുഗന്ധം വാസനിക്കാനെന്ന ഭാവേന പിടിച്ചുതാഴ്ത്തും ആ സമയത്ത് നിങ്ങള്‍ കാര്യം നിര്‍വഹിച്ചുകൊള്ളണം.'' കഅബുമായി അല്പനേരം സംസാരിച്ചിരുന്ന ശേഷം അബൂനാഇല ചോദിച്ചു: 'ഈ പൌര്‍ണമിരാവില്‍ ഈ താഴ്വരയുടെ അറ്റത്ത് നമുക്ക് രാത്രി സംസാരിച്ചുകഴിച്ചുകൂട്ടിയാലോ?' കഅബ്: 'നിങ്ങള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ വിരോധമില്ല.' അവര്‍ മുന്നോട്ടുനടന്നുനീങ്ങി. ഇടയ്ക്ക് അബൂനാഇല പറഞ്ഞു: 'ഇതുപോലൊരു സുഗന്ധപൂരിതമായ രാത്രി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഇതുകേട്ട് മതിമറന്ന കഅബ് പറഞ്ഞു: 'എന്റെ അടുക്കല്‍ അറബികളിലെ അതിസുഗന്ധവതിയായ പെണ്‍കൊടിയാണുള്ളത്.'' 'താങ്കളുടെ ശിരസൊന്ന് എന്നെ വാസനിക്കാന്‍ അനുവദിക്കുമോ? അബൂനാഇല ചോദിച്ചു. 'അതെ' കഅബ് പറഞ്ഞു: അങ്ങനെ തന്റെ കൈ അവന്റെ ശിരസില്‍ തടവി വാസനിക്കുകയും കൂട്ടുകാരെ വാസനിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഒരു മണിക്കൂര്‍ സംസാരിച്ചുകൊണ്ട് നടന്നു. വീണ്ടും പഴയതുപോലെ തല തടവി വാസനിച്ചു. മൂന്നാമത്തെ തവണയില്‍ മുടിപിടിച്ച് സൌകര്യപ്പെടുത്തി അബൂനാഇല പറഞ്ഞു: ഇതാ അല്ലാഹുവിന്റെ ശത്രു വധിക്കൂ.' വാളുകള്‍ അവിടെ മിന്നിത്തിളങ്ങി. അതൊന്നും വേണ്ടത്ര ഏറ്റില്ല എന്ന് തോന്നിയ മുഹമ്മദ് ബിന്‍ മസ്ലമ അരയില്‍ സൂക്ഷിച്ചിരുന്ന കഠാര അവന്റെ നാഭിയില്‍ കുത്തിയിറക്കി. ഉരുളിനെ ഭേദിക്കുമാറുച്ചത്തില്‍ ഒരു കനത്ത അട്ടഹാസത്തോടെ അവന്‍ നിലംപതിച്ചു. ശബ്ദംകേട്ട് ഭയന്ന് വീടുകളില്‍ ജനങ്ങളുണര്‍ന്ന് വിളക്കുകള്‍ കൊളുത്തി.

ദൌത്യം വിജയിച്ച് കഅബിന്റെ ശിരസുമായി അവര്‍ റസൂല്‍(സ)യുടെ അടുക്കല്‍ തിരിച്ചെത്തി. അവിടുന്ന് അല്ലാഹുവിനെ സ്തുതിച്ചു. സംഘത്തിലെ ഹാരിഥ്ബിന്‍ ഔസിനും വാള്‍തട്ടി മുറിവു പറ്റിയിരുന്നു. രക്തം ധാരാളമായി ഒഴുകുകയും ചെയ്തു. റസൂല്‍(സ) മുറിവില്‍ തന്റെ ഉമിനീരു പുരട്ടി അതോടെ അത് ഭേദപ്പെട്ടു.''(11)

ഇതോടെ ജൂതര്‍ കൂടുതല്‍ പരിഭ്രാന്തരായി. ഉപദേശം ഫലിക്കാത്തിടത്ത് ശക്തിപ്രയോഗിക്കാനും നബി(സ)സന്നദ്ധനാണെന്ന കാര്യമവര്‍ മനസ്സിലാക്കി. അതോടെ അല്പസ്വല്പം ശാന്തത കൈവന്നു. പത്തിവിടര്‍ത്തിയിരുന്ന സര്‍പ്പങ്ങളെല്ലാം മാളത്തിലേക്ക് ഉള്‍വലിഞ്ഞു.

ബുഹ്റാന്‍ സംഭവം
മുന്നൂറ് പടയാളികളോടുകൂടി ഹിജ്റ മൂന്നാംവര്‍ഷം റബീഉല്‍ ആഖിര്‍ മാസത്തില്‍ അല്‍ഫുര്‍ഇനു സമീപം ബുഹ്റാന്‍ എന്ന സ്ഥലത്തേക്ക് നബി(സ) ഒരു സൈന്യത്തെ നയിച്ചു. റബീഉല്‍ ആഖിറും ജമാദുല്‍ ഊലയും അവിടെ കഴിച്ചുകൂട്ടിയെങ്കിലും ഏറ്റുമുട്ടലുകളൊന്നുമില്ലാതെ മദീനയിലേക്ക് തിരിച്ചുപോന്നു.(12)

സൈദുബ്നു ഹാരിഥയുടെ നിയോഗം:
ഉഹ്ദിന് മുമ്പ് നടന്ന ലഘുസംഘട്ടനങ്ങളില്‍ ഏറെ ഫലപ്രദവും അന്തിമവും ഇതായിരുന്നു. ഹിജ്റ: മൂന്നാം വര്‍ഷം ജമാദുല്‍ ആഖിറയിലാണ് സംഭവം. ക്വുറൈശികളുടെ വാണിജ്യസംഘങ്ങള്‍ കടുത്ത പ്രതിസന്ധികള്‍ അഭിമുഖീകരിച്ചു തുടങ്ങി. ശാമിലേക്കുള്ള അവരുടെ വാണിജ്യയാത്ര ചെങ്കടല്‍ തീരം വഴി മദീനയുടെ ഓരം ചേര്‍ന്നേ കടന്നുപോകാന്‍ കഴിയുകയുള്ളൂ. ഈ മാര്‍ഗം ഇപ്പോള്‍ ഒട്ടും സുരക്ഷിതമല്ലെന്ന് അവര്‍ക്ക് ബോധ്യമായിത്തുടങ്ങി. ഈ വര്‍ഷം ശാമിലേക്കുള്ള വാണിജ്യസംഘത്തിന്റെ സാരഥ്യത്തിന് വേണ്ടി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സ്വഫ്വാന്‍ ബിന്‍ ഉമയ്യ ക്വുറൈശികളോട് പറഞ്ഞു: മുഹമ്മദും അനുയായികളും നമ്മുടെ വാണിജ്യപഥം അപകടസ്ഥിതിയിലാക്കിയിരിക്കുന്നു. നാമെന്തു ചെയ്യും? അവനും അനുയായികളും ചെങ്കടല്‍ തീരം വിട്ടൊഴിവാകുന്നേയില്ല? തീരവാസികളാകട്ടെ മൊത്തത്തില്‍ത്തന്നെ അവനുമായി സഖ്യത്തിലുമാണ്. ഏത് വഴിക്കു കടന്നുപോകുമെന്നറിയില്ല? വ്യവസായത്തിനിറങ്ങാതെ വീട്ടില്‍തന്നെ ഇരുന്നാല്‍ മൂലധനമെല്ലാം നാം തിന്നുതീര്‍ക്കും. പിന്നീടൊന്നും അവശേഷിക്കുകയില്ല. മക്കയിലെ നമ്മുടെ ജീവിതം ഗ്രീഷ്മ കാലത്ത് ശാമിലേക്കും ശൈത്യകാലത്ത് അബ്സീനിയയിലേക്കുള്ള വാണിജ്യയാത്രയെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്. വിഷയത്തെ അധികരിച്ച് ചര്‍ച്ചകള്‍ നടന്നു. അസ്വദ്ബിന്‍ അബ്ദുല്‍ മുത്വലിബ് പറഞ്ഞു: ചെങ്കടല്‍ തീരം വിട്ട് ക്വുറൈശികള്‍ക്ക് തീര്‍ത്തും അജ്ഞാതമായ ഇറാക്വിലേക്കുള്ള മാര്‍ഗത്തില്‍ പ്രവേശിച്ച് മദീനയുടെ കിഴക്ക് ഭാഗത്തിലൂടെ കടന്നുശാമില്‍ പ്രവേശിക്കുക. ഇത് ഏറെ ദുര്‍ഘടവും ദീര്‍ഘവുമായ വഴിയാണ്. ബക്റ് ഗോത്രക്കാരന്‍ ഫുറാത് ബിന്‍ഹയ്യാനെ മാര്‍ഗദര്‍ശിയായി സ്വീകരിക്കുകയും ചെയ്യുക.

വാണിജ്യസംഘം പുതിയ പഥത്തിലൂടെ മുന്നോട്ടുനീങ്ങി. പക്ഷെ, വിവരം വളരെ പെട്ടെന്ന് നബി(സ)യുടെ അടുക്കല്‍ എത്തി. ഇത്, മദ്യം നിരോധിക്കുന്നതിനുമുമ്പ് സലീത്വ്ബിന്‍നുഅ്മാന്‍ എന്ന മുസ്ലിം നഈമുബിന്‍മസ്ഈദ് എന്ന അമുസ്ലിം കൂട്ടുകാരന്റെ അരികെ മദ്യം വിളമ്പുന്ന സദസ്സില്‍ ഇരിക്കുകയായിരുന്നു. മദ്യം തലയ്ക്ക് പിടിച്ച നഈം യാത്രാസംഘത്തെക്കുറിച്ച് രഹസ്യങ്ങളെല്ലാം വെട്ടിത്തുറന്ന് പറഞ്ഞു. ഉടനെ അത് സലീത്വ് റസൂല്‍(സ)ക്ക് എത്തിച്ചുകൊടുത്തു. വിവരം ലഭിച്ചതോടെ റസൂല്‍(സ) കല്‍ബ് ഗോത്രക്കാരന്‍ സൈദ്ബിന്‍ഹാരിഥയുടെ നേതൃത്വത്തില്‍ നൂറ് അംഗങ്ങളടങ്ങുന്ന ഒരു സംഘത്തെ നിയോഗിച്ചു ഖുര്‍ദ എന്ന നാമത്തിലറിയപ്പെടുന്ന ഒരു വെള്ളസ്ഥലത്ത് ഇറങ്ങിയപ്പോള്‍ അവിടെവെച്ച് അവരെ വലയംചെയ്തു. ഒരു പ്രതിരോധവും നടത്താനാവാതെ സംഘം വിരണ്ടോടി. യാത്രാസംഘത്തിന്റെ വഴികാട്ടി ഫുറാത്ബിന്‍ ഹയ്യാനെയും-ഒരഭിപ്രായമനുസരിച്ച് മറ്റു രണ്ടുപേരെയും- മുസ്ലിംകള്‍ ബന്ദികളാക്കി. വെള്ളിയും തളികയുമടക്കം ഒരുലക്ഷം വിലവരുന്ന ഒരു വലിയസംഖ്യയുടെ സ്വത്ത് ഇതില്‍ കരസ്ഥമായി. അവകാശപ്പെട്ട അഞ്ചില്‍ഒന്ന് നബി(സ) എടുത്തശേഷം അവശേഷിക്കുന്നത് അംഗങ്ങള്‍ക്കിടയില്‍ വിഭജിച്ചു. ഈ ഫുറാത് പിന്നീട് റസൂല്‍(സ)യുടെ അടുക്കല്‍വെച്ച് ഇസ്ലാം സ്വീകരിച്ചു.(13)

ബദ്റിനുശേഷം ക്വുറൈശികള്‍ക്കേറ്റ കടുത്ത ദുരന്തമായിരുന്നു ഇത്. കഠിനമായ ദുഃഖവും മന:പ്രയാസവും ഇതിന്റെ പേരില്‍ അവര്‍ അനുഭവിച്ചു. ഇനിയെന്തുണ്ട് പോംവഴി? രണ്ടാലൊരു മാര്‍ഗമല്ലാതെ അവര്‍ക്ക് മുന്നിലുണ്ടായിരുന്നില്ല. അഹന്തയും ധാര്‍ഷ്ട്യവും കയ്യൊഴിച്ച് മുസ്ലിംകളോട് സഹകരണത്തിന്റെയും സംയമനത്തിന്റെയും മാര്‍ഗം തേടുക. അല്ലെങ്കില്‍, പഴയപ്രതാപവും ശക്തിയും തിരിച്ചുകാട്ടുന്ന ഒരു യുദ്ധം സംഘടിപ്പിക്കുക. അതോടെ മുസ്ലിംകളുടെ ആധിപത്യം ഈ മേഖലയില്‍ അവസാനിപ്പിക്കുക. പക്ഷെ, മക്ക തെരഞ്ഞെടുത്തത് രണ്ടാമത്തെ മാര്‍ഗമായിരുന്നു. അങ്ങനെ മുസ്ലിംകളുമായി ഒരു കനത്ത ഏറ്റുമുട്ടലിനുള്ള മാര്‍ഗങ്ങളാരാഞ്ഞു. അത് മദീനയില്‍ ചെന്നുതന്നെയാകണമെന്ന പദ്ധതിയും വന്നു. ഇതും നേരത്തെ പ്രതിപാദിച്ച സംഭവങ്ങളുമെല്ലാം കൂടിയാണ് ഉഹ്ദ് യുദ്ധത്തിന് പശ്ചാത്തലമൊരുക്കിയത്.
1. കുദ്ര്‍ എന്നത് ഒരു പക്ഷിയുടെ പേരാണ് സലിം ഗോത്രക്കാരുടെ ഉറവ ജലത്തിനും ഈ പേരുണ്ട്.മക്കയ്ക്കും ശാമിനുമിടയില്‍ കിഴക്ക് ഭാഗത്തേക്കുള്ള കച്ചവട മാര്‍ഗത്തില്‍ നജ്ദ്‌ എന്ന സ്ഥലത്താണ് ഇത്.

2. സാദുല്‍ മആദ് 2:90, ഇബ്നു ഹിശാം 2:43, 44

3. ഇബ്നു ഹിശാം 1:661 ,663

4. ഇബ്നു ഹിശാം 1:555, 556

5. അബൂദാവൂദ് 3:115, ഇബ്നു ഹിശാം1:1552

6. ഇബ്നു ഹിശാം 2:47, 48 ഈ സംഭവത്തിന്റെ നിവേദക പരമ്പര ദുര്‍ബലമാണ്
അല്‍ബാനി ദിഫാഅ......... പുറം 26, 27 സീറത്തുന്നബവി......പുറം 370 എന്നിവ നോക്കുക.(വിവ)

7. സാദുല്‍ മആദ്‌ 2: 72, 91 ഇബ്നു ഹിശാം 2:47, 49

8. സാദുല്‍ മആദ്‌ 2:90, 91 ഇബ്നു ഹിശാം 2:44, 45

9. സാദുല്‍ മആദ്‌ 2:46 ഇബ്നു ഹിശാം 2:91
ദഅദൂര്‍ അല്ലെങ്കില്‍ ഗൌരിദ് അല മുഫാരിബി നബി (സ്വ)യ്ക്ക് എതിരെ നടത്തിയ വധശ്രമം ഈ യുദ്ധത്തിലാണെന്ന് പറയപ്പെടുന്നു പക്ഷെ അത് ശരിയല്ല ബുഖാരി 2:593 നോക്കുക.

10. അറുപത് സ്വാഅ അളവ് വരുന്ന ഒരൊട്ടകചുമട്.

11. ഈ സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇബ്നു ഹിശാം 2:51 ,57 ബുഖാരി 1:341 ,425 2:577 അബൂദാവൂദ് 2:42 ,43 സാദുല്‍ മആദ്‌ 2:91 എന്നിവയില്‍ നിന്നെടുത്തതാണ്.

12. സാദുല്‍ മആദ്‌ 2:50, 51 ഇബ്നു ഹിശാം 2:91
ഈ സംഭവത്തിന്റെ കാരണങ്ങളെ സംബന്ധിച്ച് ചരിത്ര സോത്രസ്സുകള്‍ ഭിന്നത പുലര്‍ത്തുന്നു. ബനൂ സലിം മദീനയ്ക്കെതിരില്‍ സൈന്യ സജ്ജീകരണം നടത്തുന്നുവെന്ന വാര്‍ത്ത നബി (സ്വ)യ്ക്ക് കിട്ടിയത് കൊണ്ടാണെന്നും ക്വുരൈശികളെ അന്വേഷിച്ചു നബി(സ്വ) പുരപ്പെട്ടതനെന്നും അഭിപ്രായമുണ്ട്.രണ്ടാമത്തെ അഭിപ്രായം ഇബ്നു ഹിശാം ഉദ്ധരിച്ചതാണ്.ഇബ്നു ഖയ്യിം സ്വീകരിച്ചത് ഈ അഭിപ്രായമാണ്.

 


സി. സലീം സുല്ലമി വിവര്‍ത്തനം ചെയ്ത ശൈഖ് സ്വഫീഹുറഹ്മാന്‍ മുബാറക് പൂരിയുടെ 'അര്‍റഹീക്വുല്‍ മഖ്തൂം' എന്ന ഗ്രന്ഥത്തില്‍ നിന്ന്...

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH