Search

mahonnathan

JA slide show

നബി ചരിത്രം

ബദ്ര്‍ യുദ്ധം Print E-mail

യുദ്ധകാരണം
അല്‍ ഉശൈറ സംഘട്ടനത്തെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ ശാമിലേക്ക് പുറപ്പെട്ട ക്വുറൈശികളുടെ ഒരു വമ്പിച്ച സാര്‍ഥവാഹകസംഘത്തെ തടയാനായി നബി(സ)യും ഏതാനും അനുയായികളും പുറപ്പെട്ടതും അവരെത്തുംമുമ്പെ ക്വുറൈശികള്‍ കടന്നുകളഞ്ഞതും നാം പ്രതിപാദിച്ചിരുന്നു. എന്നാല്‍ ഈ സംഘം ശാമില്‍നിന്ന് മക്കയിലേക്കുതന്നെ തിരിക്കാന്‍ സമയമായപ്പോള്‍ റസൂല്‍(സ) ത്വല്‍ഹതുബ്നു ഉബൈദില്ലയെയും സഈദ് ബ്നു സൈദിനെയും ഇവരുടെ വിവരങ്ങളന്വേഷിച്ച് അറിയിക്കാനായി വടക്കുഭാഗത്തേക്ക് നിയോഗിച്ചു. ഇവര്‍ ഹൌറാഇലെത്തിയപ്പോള്‍ അബൂസുഫ്യാന്റെ നേതൃത്വത്തില്‍ സംഘം അതുവഴി കടന്നുപോയി. ഉടനെ ഇവര്‍ മദീനയിലെത്തി വിവരം നബി(സ)യെ അറിയിച്ചു.

ഈ വ്യാപാരസംഘം മക്കക്കാരുടെ വമ്പിച്ച സ്വത്തുമായി പുറപ്പെട്ടതായിരുന്നു. അമ്പതിനായിരം സ്വര്‍ണദിനാറില്‍ ഒട്ടും കുറയാതെ വിലമതിക്കുന്ന നിറയെ ചരക്ക് വഹിക്കുന്ന ആയിരം ഒട്ടകങ്ങളുള്ള ഈ സംഘത്തോടൊപ്പം ഏകദേശം നാല്പത് പേരുമാത്രമാണ് പാറാവുകാരായുണ്ടായിരുന്നത്. ഇതൊരു സുവര്‍ണാവസരമായിരുന്നു. ഈ വമ്പിച്ച സ്വത്ത് കയ്യടക്കാന്‍ കഴിഞ്ഞാല്‍ ബഹുദൈവാരാധകര്‍ക്കെതിരെ സൈനികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു കനത്ത പ്രഹരമായത് മാറുകതന്നെ ചെയ്യും. ഇതുകൊണ്ട് റസൂല്‍(സ) പ്രഖ്യാപിച്ചു: 'ഇതാ ക്വുറൈശികളുടെ വാണിജ്യസംഘം! അതിന്റെ നേരെ നീങ്ങുക. ആ സമ്പത്ത് അല്ലാഹു നിങ്ങള്‍ക്ക് നല്കിയേക്കാം.

പക്ഷെ, റസൂല്‍(സ) ഇതിന് ആരെയും നിര്‍ബന്ധിച്ചില്ല, സൌകര്യമുള്ളവര്‍ക്ക് പുറപ്പെടാന്‍ അനുവാദം നല്കുകയാണ് ചെയ്തത്. കാരണം, മുമ്പുനടന്നതുപോലുള്ള ഒരു സൈന്യനിയോഗമെന്നല്ലാതെ ഒരു വന്‍യുദ്ധത്തിലേക്ക് ഇതെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതിനാല്‍ പലരും മദീനയില്‍ തന്നെ തങ്ങി.

മുസ്ലിം സൈന്യം
മുസ്ലിം സൈന്യത്തില്‍ 313ന്റെയും 317ന്റെയും ഇടയ്ക്കുള്ള അംഗങ്ങളാണുണ്ടായിരുന്നത്. ഇതില്‍ 82-86വരെ മുഹാജിറുകളും 61ഔസും 17 ഖസ്റജ്കാരുമുണ്ടായിരുന്നു. കാര്യമായ സജ്ജീകരണങ്ങളൊന്നുമില്ലാതെ സുബൈര്‍ബിന്‍ അവ്വാമിന്റെയും മിഖ്ദാദ് ബിന്‍ അസ്വദിന്റെയും ഓരോ കുതിരകളും രണ്ടോ മൂന്നോ പേര്‍ക്ക് ഓരോ ഒട്ടകംവീതം എന്ന നിലയ്ക്ക് എഴുപത് ഒട്ടകങ്ങളും മാത്രമേ സൈന്യത്തിനുണ്ടായിരുന്നുള്ളൂ. നബി(സ)യും അലി(റ)വും മര്‍ഥദ്ബിന്‍ അബീ മര്‍ഥദുല്‍ ഗനവിയും ഒരു ഒട്ടകത്തില്‍ ഊഴമിട്ട് കയറുകയായിരുന്നു ചെയ്തിരുന്നത്. മദീനയുടെ കാര്യങ്ങള്‍ നോക്കാനും നമസ്കാരത്തിന് നേതൃത്വം നല്കാനും ഉമ്മുമക്തുമിന്റെ പുത്രന്‍ അബ്ദുല്ലയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ യാത്രാമധ്യേ റൌഹാഇല്‍ എത്തിയപ്പോള്‍ അബൂലുബാബബിന്‍ അബ്ദുല്‍ മുന്‍ദിറിനെ മദീനയുടെ ചുമതല ഏല്പിച്ച് തിരിച്ചയച്ചു. സൈന്യത്തിന്റെ പൊതുനേതൃത്വം മുസ്അബ്ബ്നു ഉമൈറിനെ ഏല്പിച്ചു. പതാകയുടെ നിറം വെള്ളയായിരുന്നു. ഈ ചെറു സൈന്യം രണ്ട് ബറ്റാലിയനായി വിഭജിച്ചു. ഒന്ന് മുഹാജിറുകളുടെ വ്യൂഹം ഇതിന്റെ പതാക വാഹകന്‍ അലിയും, മറ്റൊന്ന് അന്‍സാറുകളുടെ വ്യൂഹം ഇതിന്റെ പതാകവാഹകന്‍ സഅദ് ബിന്‍ മുആദുമായിരുന്നു സൈന്യത്തില്‍ ആകെയുണ്ടായിരുന്ന രണ്ട് അശ്വഭടന്മാരില്‍ ഒരാളായ സുബൈര്‍ബിന്‍ അവ്വാമിനെ വലതുപക്ഷത്തിന്റെ നിയന്ത്രണവും മറ്റൊരാളായ മിഖ്ദാദ് ബിന്‍ അംറിനെ ഇടതുപക്ഷത്തിന്റെ നിയന്ത്രണവും ഏല്പിച്ചു. പിന്‍നിരയുടെ നേതൃത്വം ഖൈസ്ബിന്‍ ഉബയ്യ് സ്വഅ്സ്വഅതിന്റെ ചുമതലയിലും ചീഫ് കമാന്‍ഡര്‍ എന്ന നിലയ്ക്ക് നബി(സ)യും
നബി(സ)യുടെ നേതൃത്വത്തില്‍ ഈ സൈന്യം മക്കയിലേക്കുള്ള പ്രധാന വീഥിയിലൂടെ മുന്നോട്ട് നീങ്ങി. തുടര്‍ന്ന് ബദറിന്റെ നേരെ തിരിയുകയും അസ്വഫ്റാഅ് എന്നയിടത്തെത്തിയപ്പോള്‍ ബസ്ബസ് ബിന്‍ അംറ് അല്‍ജൂഹനിയേയും അദിയ്ബിന്‍ അബിര്‍റഗ്ബാഅ് ജുഹനിയേയും വ്യാപരസംഘത്തിന്റെ വിവരങ്ങളറിയാന്‍ ബദ്റിലേക്ക് നിയോഗിച്ചു.

ഇതേസമയം, തന്റെ സഞ്ചാരപഥം ഒട്ടും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കിയ അബൂസുഫ്യാന്‍ വഴിയില്‍ കണ്ടുമുട്ടുന്നവരോടെല്ലാം വിവരങ്ങളന്വേഷിച്ചറിഞ്ഞു. വാണിജ്യസംഘത്തെ പിടികൂടാന്‍ മുഹമ്മദും അനുയായികളും സജ്ജരായിട്ടുണ്ടെന്ന വിവരം ലഭിക്കേണ്ട താമസം അദ്ദേഹം ളംളംബിന്‍ അംറ് അല്‍ ഗഫ്ഫാരി എന്ന വ്യക്തിയെ വാടകയ്ക്കെടുത്ത് മക്കയിലേക്ക് വിവരം അറിയിച്ചു. ദ്രുതഗതിയില്‍ മക്കയിലെത്തിയ ളംളം തന്റെ ഒട്ടകത്തിന്റെ മൂക്ക് ഛേദിച്ച് ജീനിതിരിച്ചിട്ട് കുപ്പായം മുന്നില്‍നിന്നും പിന്നില്‍നിന്നും കീറി അട്ടഹസിച്ചു. 'ക്വുറൈശികളേ! അബൂസുഫ്യാന്റെ കൂടെയുള്ള നിങ്ങളുടെ കച്ചവടസംഘം ഇതാ മുഹമ്മദും കൂട്ടുകാരും തടഞ്ഞുവെച്ചിരിക്കുന്നു! നിങ്ങള്‍ക്കത് തിരിച്ചുകിട്ടുമെന്ന് തോന്നുന്നില്ല. സഹായം! സഹായം!

മക്കക്കാര്‍ യുദ്ധത്തിന്
ഈ അട്ടഹാസത്തിന്റേയും വിളിച്ചുകരയലിന്റേയും പ്രതികരണം പെട്ടെന്ന് ദൃശ്യമായി. പ്രമുഖരെല്ലാം യുദ്ധത്തിനായി പുറപ്പെട്ടു. അബൂലഹബ് ഒഴികെ, അവന്‍ തന്നോട് കടബാധ്യതയുണ്ടായിരുന്ന ഒരാളെ പകരം നിയോഗിച്ചു. അറബ് ഗോത്രങ്ങളെയെല്ലാം ഇതിലേക്ക് സംഘടിപ്പിച്ചു. ക്വുറൈശ് ഗോത്രത്തില്‍നിന്ന് എല്ലാ ശാഖകളും സംഘത്തോടൊപ്പം ചേര്‍ന്നു. അദിയ് ശാഖയൊഴികെ, അവരാരും സംഘത്തില്‍ ചേര്‍ന്നില്ല.

നൂറു കുതിരപടയാളികളും അറുനൂറ് അങ്കികളും ധാരാളം ഒട്ടകങ്ങളുമുണ്ടായിരുന്ന ഈ സൈന്യത്തിന് മൊത്തം 1300 അംഗങ്ങളുടെ ശക്തിയുണ്ടായിരുന്നു. സൈന്യാധിപന്‍ അബൂജഹല്‍ ബിന്‍ ഹിശാം. ഭക്ഷണകാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് പ്രമുഖരായ ഒമ്പത് ക്വുറൈശികള്‍. ഓരോ ദിവസവും ഒമ്പതും പത്തും വീതം ഒട്ടകങ്ങളെ അവര്‍ ഭക്ഷണത്തിനായി അറുത്തുകൊണ്ടിരുന്നു.
സൈന്യം മുന്നോട്ട് നീങ്ങിയപ്പോള്‍ തങ്ങളുമായി ശത്രുതയിലുള്ള കിനാന ഗോത്രത്തിലെ ബക്ര്‍ വംശം പിന്നില്‍ നിന്നാക്രമിക്കുമോ എന്ന ഭയം അവരെ പിടികൂടി. ഈ സന്നിഗ്ദഘട്ടത്തില്‍ പിശാച് കിനാനവംശ നായകന്‍ സുറാഖബിന്‍ മാലിക്ബിന്‍ ജൂഅ്ശും അല്‍ മുദ്ലജിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു. "കിനാനവംശം പിന്നില്‍നിന്ന് ആക്രമിക്കുകയില്ലെന്ന് ഞാന്‍ ഉറപ്പുതരുന്നു.''

സൈന്യം അല്ലാഹു ക്വുര്‍ആനില്‍ പറഞ്ഞതുപോലെ: "ഗര്‍വോടുകൂടിയും ജനങ്ങളെ കാണിക്കാന്‍വേണ്ടിയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് (ജനങ്ങളെ) തടഞ്ഞുനിര്‍ത്താന്‍ വേണ്ടിയും'', (8:47) നബി(സ) പറഞ്ഞതുപോലെ 'അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുന്നവരായും' ധിക്കാരപൂര്‍വം പുറപ്പെട്ടു. വടക്കുമാറി ബദ്റിനുനേരെ പുറപ്പെട്ട ഇവര്‍ക്ക് അബൂസുഫ്യാനില്‍ നിന്ന് ഒരു പുതിയ സന്ദേശം കിട്ടി. നിങ്ങള്‍ നിങ്ങളുടെ സമ്പത്തിനേയും ആളുകളേയും കച്ചവടത്തേയും രക്ഷപ്പെടുത്താനാണല്ലോ പുറപ്പെട്ടത്. അല്ലാഹു അത് രക്ഷപ്പെടുത്തിയിരിക്കുന്നു. അതിനാല്‍ മടങ്ങാവുന്നതാണ്.
അബൂസുഫ്യാന്‍ മക്കയിലേക്കുള്ള പ്രധാനവഴിക്ക് തന്നെയായിരുന്നു തന്റെ സാര്‍ഥവാഹകസംഘത്തെ നയിച്ചിരുന്നത്. പക്ഷെ, ഏറെ സൂക്ഷ്മതയും ജാഗ്രതയും അദ്ദേഹം പുലര്‍ത്തിയിരുന്നു. മുസ്ലിംകളുടെ നീക്കങ്ങളെക്കുറിച്ചു പഠിച്ചശേഷം തന്റെ സംഘത്തെ അദ്ദേഹം ബദ്റിന്റെ അടുത്തെത്താറായപ്പോള്‍ ചെങ്കടലിന്റെ തീരത്തേക്കുള്ള വഴിയിലേക്ക് തിരിച്ചു മുസ്ലിംകളുടെ പിടുത്തത്തില്‍നിന്ന് രക്ഷപ്പെടുകയാണുണ്ടായത്. അങ്ങനെയാണ് ജുഹ്ഫവരെയെത്തിയ മക്കാസൈന്യത്തിന് മടങ്ങാന്‍ സന്ദേശമയക്കുന്നത്.

അബൂസുഫ്യാന്റെ സന്ദേശം കൈപറ്റിയ മക്കാ സൈന്യം മടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ധിക്കാരത്തിന്റെ കൊടുമുടിയിലേറി അബൂജഹല്‍ പ്രഖ്യാപിച്ചു. 'അല്ലാഹുവാണെ! ബദറിലെത്തി മൂന്നു നാള്‍ അവിടെ കുടിച്ചും ഒട്ടകമാംസം കഴിച്ചും നര്‍ത്തനമാടിയും നമ്മുടെ ശക്തി തെളിയിച്ച ശേഷമല്ലാതെ മടങ്ങുന്ന പ്രശ്നമില്ല.' പക്ഷെ, അബൂജഹലിന്റെ ആജ്ഞ ധിക്കരിച്ചുകൊണ്ട് അഖ്നസ് ബിന്‍ ശരീക്കും അനുയായികളായ സുഹ്റ ഗോത്രവും മടങ്ങാന്‍തന്നെ തീരുമാനിച്ചു. ഇവര്‍ മുന്നൂറ് പേരുണ്ടായിരുന്നു. അഖ്നസിന്റെ തീരുമാനത്തില്‍ പിന്നീട് സന്തുഷ്ടരായ അനുയായികള്‍ അദ്ദേഹത്തെ അനിഷേധ്യ നേതാവായി അംഗീകരിക്കുകയാണുണ്ടായത്. ബനൂഹാശിമും മടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും അബൂജഹലിന്റെ താക്കീതിനെ മറികടക്കാന്‍ അവര്‍ക്കായില്ല. അവശേഷിക്കുന്ന ആയിരംപേരെയും കൊണ്ട് സൈന്യം മുന്നോട്ട് നീങ്ങി. ബദ്റിന് സമീപം 'അല്‍ ഉദ്വത്തുല്‍ ക്വുസ്വ്വാ' എന്ന താഴ്വരയില്‍ അവര്‍ താവളമടിച്ചു.
ക്വുറൈശി സൈന്യത്തിന്റെ വിവരം ലഭിച്ചശേഷം പ്രവാചകന്‍ ഗാഢമായി ചിന്തിച്ചു. ധീരശൂരമായ ഒരു കടന്നാക്രമണമല്ലാതെ മറ്റു പോം വഴികളില്ലെന്ന് അദ്ദേഹം ചിന്തിച്ചു. ക്വുറൈശി സൈന്യത്തെ സ്വതന്ത്രമായി ആ മേഖലയില്‍ ചാരപ്രവൃത്തി നടത്താവുന്ന രൂപത്തില്‍ വിട്ടേക്കുന്നത് അവരുടെ സൈനികവും രാഷ്ട്രീയവുമായ നീക്കങ്ങള്‍ക്ക് ശക്തിപകരുകയേയുള്ളൂവെന്ന് അദ്ദേഹം മനസ്സിലാക്കി. അതോടൊപ്പം മുസ്ലിംകളുടെ ശക്തിചോര്‍ന്ന് പോകാനും ഇസ്ലാമിക പ്രബോധനം ആത്മാവ് നശിച്ച കേവലം ജഡംപോലെ നിശ്ചലമാകാനും ഇടയാകുമെന്നും അദ്ദേഹം ശങ്കിച്ചു. അവിടങ്ങളില്‍ വസിക്കുന്ന ഇസ്ലാം വിരുദ്ധര്‍ക്കെല്ലാം ഇസ്ലാമിന് നേരെ തിരിയാന്‍ ധൈര്യം പകരാനും അതു കാരണമായേക്കാം. അതോടൊപ്പംതന്നെ ക്വുറൈശി സൈന്യം മദീനയില്‍ കടന്ന് മുസ്ലിംകളെ അവിടെവെച്ച് നേരിടുന്ന അവസ്ഥ തടയാന്‍ കഴിയുന്ന സാഹചര്യവുമുണ്ടായിരുന്നില്ല. അത്തരമൊരു ഭീരുത്വം മുസ്ലിംകള്‍ക്ക് സംഭവിച്ചാല്‍ അത് മുസ്ലിംകള്‍ക്കാകമാനം മാനഹാനിയുമാണ്.

കൂടിയാലോചന
യാദൃഛികമായി വന്നെത്തിയ ഈ അപകടസന്ധിയെ മുന്നില്‍ക്കണ്ട് പ്രവാചകന്‍ സൈന്യത്തിന്റെ ഉന്നതാംഗങ്ങളുടേയും സാധാരണക്കാരുടെയും ഒരു സമിതി വിളിച്ചുചേര്‍ത്ത് അവരുമായി കാര്യങ്ങള്‍ കൂടിയാലോചിച്ചു. ഒരു രക്തപങ്കിലമായ യുദ്ധത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ ചിലരുടെ മനസ്സിളകി അവരെ പറ്റിയാണ് അല്ലാഹു പറഞ്ഞത്: "വിശ്വാസികളില്‍ ഒരു വിഭാഗം ഇഷ്ടമില്ലാത്തവരായിരിക്കെത്തന്നെ, നിന്റെ വീട്ടില്‍നിന്ന് ന്യായമായ കാര്യത്തിന് നിന്റെ രക്ഷിതാവ് നിന്നെ പുറത്താക്കിയതുപോലെത്തന്നെയാണിത്. ന്യായമായ കാര്യത്തില്‍ അത് വ്യക്തമായശേഷവും അവര്‍ നിന്നോട് തര്‍ക്കിക്കുകയായിരുന്നു. അവര്‍ നോക്കിക്കൊണ്ടിരിക്കെ മരണത്തിലേക്ക് അവര്‍ നയിക്കപ്പെടുന്നതുപോലെ'' (8:5,6) എന്നാല്‍ അബൂബക്കര്‍ ഒന്നാമതും ഉമര്‍ രണ്ടാമതായും എഴുന്നേറ്റുനിന്നുകൊണ്ട് നബി(സ)യുടെ ആജ്ഞ പൂര്‍ണമായി അംഗീകരിക്കാമെന്നേറ്റു. തുടര്‍ന്ന് മിഖ്ദാദ്ബിന്‍ അംറ് എഴുന്നേറ്റുനിന്ന് പ്രഖ്യാപിച്ചു: "അല്ലാഹുവിന്റെ ദൂതരെ! താങ്കളുടെ അഭിപ്രായമെന്താണോ അതനുസരിച്ച് പ്രവര്‍ത്തിച്ചുകൊള്ളുക. ഞങ്ങള്‍ താങ്കളോടൊപ്പമുണ്ടാകും. 'നീയും നിന്റെ നാഥനും പോയി യുദ്ധംചെയ്തുകൊള്ളുക; ഞങ്ങള്‍ ഇവിടെ ഇരുന്നുകൊള്ളാം.' എന്ന് ഇസ്റാഈല്‍ സന്തതികള്‍ മൂസയോട് പറഞ്ഞതുപോലെ അല്ലാഹുവാണെ ഞങ്ങള്‍ പറയുകയില്ല. എന്നാല്‍ നീയും നിന്റെ നാഥനും പോയി യുദ്ധം ചെയ്തുകൊള്ളൂ; ഞങ്ങളും നിങ്ങളോടൊപ്പം യുദ്ധം ചെയ്തുകൊള്ളാം എന്നാണ് ഞങ്ങള്‍ പറയുക. താങ്കളെ സത്യവുമായി നിയോഗിച്ചവന്‍ തന്നെ സത്യം. താങ്കള്‍ ഞങ്ങളെയും കൊണ്ട് ബര്‍കുല്‍ഗിമാദ്ലേക്കാണ് സഞ്ചരിക്കുന്നതെങ്കിലും അത് അങ്ങ് പ്രാപിക്കുന്നതുവരെ അങ്ങയോടൊപ്പം ഞങ്ങള്‍ പടപൊരുതും.'' ഇതുകേട്ടപ്പോള്‍ റസൂല്‍(സ) അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിക്കുകയും നന്മ നേരുകയും ചെയ്തു.
ഈ മൂന്നുപേരും സൈന്യത്തിലെ ന്യൂനപക്ഷമായ മുഹാജിറുകളുടെ പ്രതിനിധികളായിരുന്നു. ഭൂരിപക്ഷമുള്ള അന്‍സ്വാറുകളുടെ നിലപാടറിയാന്‍ അദ്ദേഹം ആഗ്രഹിച്ചു. അക്വബയിലെ ഉടമ്പടയില്‍ മദീനയ്ക്ക് പുറത്തുപോയി യുദ്ധം ചെയ്യാന്‍ അവര്‍ വ്യവസ്ഥ ചെയ്തിട്ടുമില്ല. അതിനാല്‍ ഇതത്രയും കേട്ടശേഷം അവിടുന്ന് അന്‍സ്വാറുകളെ ഉദ്ദേശിച്ചു പറഞ്ഞു: "ജനങ്ങളേ! നിങ്ങളുടെ അഭിപ്രായമെന്താണെന്ന് അറിയിക്കണം.'' ഇത് തങ്ങളെ ഉദ്ദേശിച്ചാണ് പ്രവാചകന്‍ ചോദിക്കുന്നതെന്ന് അന്‍സ്വാറുകളുടെ നേതാവും ധ്വജവാഹകനുമായ സഅദ്ബിന്‍ മുആദ് മനസ്സിലാക്കി. അദ്ദേഹം ചോദിച്ചു. 'ദൈവദൂതരേ! അങ്ങ് ഞങ്ങളെയാണ് ഉദ്ദേശിച്ചതെന്ന് തോന്നുന്നുവല്ലോ!' 'അതെ' പ്രവാചകന്‍ പറഞ്ഞു. അപ്പോള്‍ സഅദ് പ്രഖ്യാപിച്ചു. 'ഞങ്ങള്‍ താങ്കളെ വിശ്വസിക്കുകയും അംഗീകരിക്കുകയും താങ്കള്‍ കൊണ്ടുവന്നത് സത്യമാണെന്ന് സാക്ഷ്യം വഹിക്കുകയും ചെയ്തവരാണ്. തദടിസ്ഥാനത്തില്‍ താങ്കള്‍ പറയുന്നത് കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുമെന്ന കരാറും പ്രതിജ്ഞയും ഞങ്ങള്‍ ചെയ്തിട്ടുമുണ്ട്. അതിനാല്‍ താങ്കള്‍ ഉദ്ദേശിച്ചത് പ്രവര്‍ത്തിച്ചുകൊള്ളുക. താങ്കളെ സത്യവുമായി നിയോഗിച്ചവന്‍ തന്നെ സത്യം! ഈ സമുദ്രം താങ്കള്‍ മുറിച്ചുകടക്കുകയാണെങ്കില്‍ ഞങ്ങളും താങ്കളോടൊപ്പമുണ്ടാകും. ഞങ്ങളില്‍ ആരും തന്നെ പിന്‍മാറുകയില്ല. നാളെത്തന്നെ ഞങ്ങളെയുംകൊണ്ട് താങ്കള്‍ ശത്രുക്കളെ നേരിട്ടാലും ഞങ്ങള്‍ വെറുപ്പു പ്രകടിപ്പിക്കാതെ യുദ്ധരംഗത്ത് ഉറച്ചുനില്ക്കുന്നതാണ്. ഞങ്ങള്‍ യുദ്ധരംഗത്തും ഏറ്റുമുട്ടുന്നേടത്തും ഉറച്ചുനിന്നവരും നിഷ്ഠപുലര്‍ത്തിയവരുമാണ്. കണ്‍കുളിര്‍ക്കാവുന്ന രംഗങ്ങള്‍ ഞങ്ങളിലൂടെ അല്ലാഹു താങ്കള്‍ക്ക് കാണിച്ചേക്കാം! അല്ലാഹുവിന്റെ അനുഗ്രഹത്തോടെ അങ്ങ് ഞങ്ങളെ നയിച്ചാലും!

മറ്റുചില നിവേദനങ്ങളനുസരിച്ച് സഅദ് പ്രതികരിച്ചതിങ്ങനെയാണ്: 'അന്‍സ്വാറുകള്‍ക്ക് മദീനക്കകത്ത് വെച്ചേ താങ്കളെ സഹായിക്കാന്‍ ബാധ്യതയുള്ളല്ലോ എന്നതിന്റെ പേരില്‍ താങ്കള്‍ ഭയപ്പെടുന്നതുപോലെ തോന്നുന്നു. എന്നാല്‍, ഞാന്‍ അന്‍സ്വാറുകള്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. താങ്കള്‍ ഉദ്ദേശിക്കുന്ന വഴിക്ക് നീങ്ങിക്കൊള്ളുക. ഉദ്ദേശിക്കുന്നവരുമായി ബന്ധം ചേര്‍ക്കുകയും ഉദ്ദേശിക്കുന്നവരുമായി വിഛേദിക്കുകയും ചെയ്യുക. ഞങ്ങളുടെ സമ്പത്തില്‍നിന്ന് താങ്കള്‍ ഉദ്ദേശിക്കുന്നത് എടുക്കുക. താങ്കള്‍ ഉദ്ദേശിക്കുന്നതുമാത്രം തിരിച്ചു നല്കുകയും ചെയ്യുക. താങ്കള്‍ ഞങ്ങള്‍ക്ക് തിരിച്ചുതരുന്നതിനേക്കാള്‍ ഞങ്ങള്‍ക്കേറ്റം പ്രിയം താങ്കള്‍ഞങ്ങളില്‍ നിന്ന് എടുത്തതാണ് താങ്കളുടെ കല്പനയ്ക്ക് വിധേയമായിരിക്കും ഞങ്ങളുടെ കാര്യങ്ങള്‍. അല്ലാഹുവാണേ! ഗിംദാനിലെ ജലാശയം വരെ അങ്ങ് സഞ്ചരിക്കുകയാണെങ്കിലും ഞങ്ങള്‍ അങ്ങയുടെകൂടെയുണ്ടാകും. ഈ സമുദ്രം തന്നെ ഞങ്ങളേയും കൊണ്ട് അങ്ങ് മുറിച്ചുകടക്കുകയാണെങ്കിലും അല്ലാഹുവാണേ ഞങ്ങള്‍ അങ്ങയുടെ കൂടെത്തന്നെയുണ്ടാകും! "സഅദിന്റെ പ്രസ്താവനകേട്ട് റസൂല്‍(സ) സന്തുഷ്ടനും ഉന്മേഷവാനുമായി. എന്നിട്ട് അവിടുന്ന് പറഞ്ഞു. 'നിങ്ങള്‍ സഞ്ചരിക്കുക, സന്തോഷവാര്‍ത്തയുമായി. രണ്ടാലൊരു വിഭാഗത്തെ അല്ലാഹു എനിക്ക് നല്കാമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നു. അല്ലാഹുവാണേ! ശത്രുക്കളുടെ പതനം ഞാന്‍ കണ്‍മുമ്പില്‍ കാണുന്നതുപോലെ തോന്നുന്നു.''

സൈന്യം മുന്നോട്ട് നീങ്ങുന്നു
തുടര്‍ന്ന് നബി(സ) ദഫിറാനില്‍നിന്ന് അല്‍അസ്വാഫിര്‍ മലയിടുക്കുകള്‍ താണ്ടിക്കടന്ന് അദ്ദബ്ബ എന്ന സ്ഥലത്തിറങ്ങി ഈത്തപ്പനത്തോട്ടങ്ങള്‍ക്കെതിരെ ഇടതുവശത്തേക്ക് നീങ്ങി ബദ്റിന് സമീപം താവളമടിച്ചു. തുടര്‍ന്ന് നബി(സ)യും സന്തതസഹചാരി അബൂബക്കര്‍(റ)യും നേരിട്ടുതന്നെ താവളത്തിനുചുറ്റും സഞ്ചരിച്ച് ശത്രുക്കളുടെ വിവരങ്ങള്‍ അന്വേഷിക്കാനായി പുറപ്പെട്ടു. വഴിയില്‍വെച്ച് ഒരു അറബി വൃദ്ധനെ കണ്ടുമുട്ടി. റസൂല്‍(സ) അദ്ദേഹത്തോട് ക്വുറൈശികളെക്കുറിച്ചും മുഹമ്മദിനെയും അനുയായികളേയും കുറിച്ചും അന്വേഷിച്ചു. നിങ്ങളാരാണെന്ന് അറിയിക്കാതെ മറുപടി പറയില്ലെന്ന് വൃദ്ധന്‍ അറിയിച്ചപ്പോള്‍ വിവരം പറഞ്ഞുതന്നാല്‍ ആരാണെന്നറിയിക്കാം എന്ന് റസൂല്‍(സ) പറഞ്ഞു: അവസാനം അങ്ങനെയാകട്ടെയെന്നായി. വൃദ്ധന്‍ സംസാരിച്ചുതുടങ്ങി. മുഹമ്മദും അനുയായികളും ഇന്നദിവസം യാത്രപുറപ്പെട്ടിട്ടുണ്ട് എന്നാണ് എനിക്ക് വിവരം കിട്ടിയത്. അത് ശരിയാണെങ്കില്‍ അവരിപ്പോള്‍ ഇന്നസ്ഥലത്തെത്തിയിട്ടുണ്ടാവും. ക്വുറൈശികള്‍ ഇന്നദിവസം പുറപ്പെട്ടിട്ടുണ്ടെന്നാണ് അറിഞ്ഞത്. അത് ശരിയാണെങ്കില്‍ ഇന്നസ്ഥലത്ത് അവരെത്തിയിട്ടുണ്ടാകും 'തുടര്‍ന്ന് നിങ്ങള്‍ രണ്ടുപേരും ആരാണെന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ മാഅ്കാരാണ് എന്ന് പറഞ്ഞു. ഇറാക്വിലെ മാആണോ? അതോ... എന്ന് വൃദ്ധന്‍ ചോദിച്ചുകൊണ്ടിരിക്കുന്നതിന്നിടയില്‍ അവര്‍ അവിടംവിട്ടു.

അന്ന് തന്നെ വൈകുന്നേരം പുതുവിവരങ്ങളറിയാന്‍ അലിയുബിന്‍ അബീത്വാലിബിനേയും സുബൈര്‍ ബിന്‍ അല്‍ അവ്വാമിനേയും സഅദുബിന്‍ അബീവഖാസിനേയും നിയോഗിച്ചു. ബദറിലെ വെള്ളമുള്ള സ്ഥലത്തേക്ക് നീങ്ങിയ അവര്‍ക്ക് ക്വുറൈശികള്‍ക്കുവേണ്ടി വെള്ളം സംഭരിക്കാന്‍ എത്തിയ രണ്ട് അടിമബാലന്മാരെ കിട്ടി. അവരെ ബന്ധിച്ചുകൊണ്ടുവന്നു. അപ്പോള്‍ നബി(സ) നമസ്കരിക്കുകയായിരുന്നു. ഇതിന്നിടയ്ക്ക് ജനങ്ങള്‍ അവരെ വളഞ്ഞു വിവരങ്ങള്‍ അന്വേഷിച്ചുതുടങ്ങി. നമസ്കാരശേഷം നബി(സ) അവരോട് ശത്രുസൈന്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു. ഖുറൈശ് പ്രമുഖര്‍ ആരെല്ലാമുണ്ട് എന്ന ചോദ്യത്തിന് അവര്‍ മറുപടി പറഞ്ഞു. അവര്‍ ഉത്ബ, ശൈബ, അബുല്‍ബഖ്തരി, ഹകിംബിന്‍ ഹസ്സാം, നൌഫല്‍ ബിന്‍ ബുവൈലിദ്, ഹാരിഥ്ബിന്‍ ആമിര്‍, ത്വുഅയ്മബിന്‍ അദിയ, നള്ര്‍ബിന്‍ അല്‍ഹാരിഥ്, സംഅബിന്‍ അല്‍ അസ്വദ്, അബൂജഹല്‍, ഉമയ്യ ബിന്‍ ഖലഫ് തുടങ്ങിയവരെല്ലാമുണ്ട്. റസൂല്‍(സ) സൈന്യത്തിന്റെ നേരെ തിരിഞ്ഞുകൊണ്ടുപറഞ്ഞു. "ഇതാ മക്ക അതിന്റെ കരള്‍ തുണ്ടങ്ങള്‍ നിങ്ങള്‍ക്കെറിഞ്ഞു തന്നിരിക്കുന്നു.''

അന്ന് രാത്രി അവിടെ മഴ വര്‍ഷിച്ചു. ബഹുദൈവാരാധകര്‍ക്ക് അത് കടുത്ത പേമാരിയായി മാറിയപ്പോള്‍ മുസ്ലിംകള്‍ക്ക് അവരുടെ ആലസ്യത്തില്‍നിന്ന് ഉണര്‍ത്തുന്നതും പൈശാചിക മാലിന്യത്തില്‍നിന്ന് ശുചീകരിക്കുന്നതുമായ കുളിര്‍മഴയായി അതുഭവിച്ചു. മുസ്ലിംകളുടെ പ്രദേശത്ത് മണല്‍ ഉറച്ച് പാദങ്ങള്‍ ഉറപ്പിക്കാവുന്ന അവസ്ഥയും കൈവന്നു. തുടര്‍ന്ന് മുസ്ലിം സൈന്യം ബദ്റിലെ ജലാശയത്തിന് സമീപമായി തമ്പടിച്ചു. ഉടനെ ഹുബാബ് ബിന്‍ മുന്‍ദിര്‍ എഴുന്നേറ്റുനിന്ന് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ! ഈ സ്ഥലം യുദ്ധതന്ത്രമെന്ന നിലയ്ക്ക് താങ്കളുടെ വ്യക്തിപരമായ വീക്ഷണമനുസരിച്ചോ അതല്ല, മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമല്ലാത്ത അല്ലാഹുവിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലോ എങ്ങനെയാണ് തെരഞ്ഞെടുത്തത്. ഇതെന്റെ വീക്ഷണം മാത്രമാണ് നബി(സ) പറഞ്ഞു: എന്നാല്‍ ഇത് അനുയോജ്യമായ സ്ഥലമല്ല, നമുക്കല്പം മുന്നോട്ടുനീങ്ങി ക്വുറൈശികള്‍ക്ക് സമീപമുള്ള ജലാശയം മൂടി അതിനടുത്ത് ഒരു സംഭരണിയില്‍ ജലം ശേഖരിച്ചശേഷം ബാക്കികിണറുകള്‍ നിരത്താം. അങ്ങനെയായാല്‍ നമുക്ക് വെള്ളം ലഭിക്കും. അവര്‍ക്ക് വെള്ളം ലഭിക്കുകയുമില്ല. ഹബ്ബാബ് പറഞ്ഞു: 'ഇതാണ് ശരിയായ അഭിപ്രായം നബി(സ) പറഞ്ഞു: തുടര്‍ന്ന് രാത്രിയുടെ മധ്യത്തോടെ അങ്ങോട്ടുനീങ്ങി മേല്‍പ്പറഞ്ഞതുപോലെയെല്ലാം ചെയ്തു.

ഇതെല്ലാം പൂര്‍ത്തിയായപ്പോള്‍ സഅദ്ബിന്‍ മുആദ് അടിയന്തര സാഹചര്യങ്ങളെ അഭിമുഖീകരിക്കാനും അഥവാ പരാജയം ഭവിക്കുകയാണെങ്കില്‍ അത് മുന്നില്‍ക്കണ്ടും നബി(സ)ക്ക് ഒരു താവളം നിര്‍മിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചു. അദ്ദേഹം പറഞ്ഞു: "പ്രവാചകരേ, അങ്ങേക്ക് ഞങ്ങള്‍ ഒരു കൂടാരം പണിതുതരാം. താങ്കള്‍ക്കതില്‍ വിശ്രമിക്കാം. താങ്കളുടെ വാഹനവും ഞങ്ങള്‍ അതില്‍ ഒരുക്കിവെക്കാം. തുടര്‍ന്ന് ഞങ്ങള്‍ ശത്രുവിനെ നേരിടും. അല്ലാഹു നമ്മുടെ യശസ്സുയര്‍ത്തുകയും ശത്രുവിനെതിരെ വിജയം നല്കുകയും ചെയ്താല്‍ നാം ആഗ്രഹിക്കുന്നത് പോലെയായി. മറിച്ചാണെങ്കില്‍ താങ്കള്‍ക്ക് വാഹനത്തിലേറി നമ്മുടെ കൂടെ യുദ്ധത്തില്‍ പങ്കുചേരാന്‍ കഴിയാത്ത നമ്മുടെ ആളുകളുമായി സംബന്ധിക്കുകയും ചെയ്യാം. നമ്മുടെ കൂടെ യുദ്ധത്തിനെത്താത്ത അവര്‍ പ്രവാചകരേ! താങ്കളോടുള്ള സ്നേഹത്തില്‍ ഞങ്ങളേക്കാള്‍ ഒട്ടും കുറവുള്ളവരല്ല. താങ്കളൊരു യുദ്ധത്തിന് പുറപ്പെടുന്നു എന്നറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ ഒരിക്കലും മാറിനില്ക്കുമായിരുന്നില്ല. അവിടെയെത്തിയാല്‍, അവര്‍ താങ്കളെ സംരക്ഷിക്കുകയും താങ്കളുടെ കൂടെ പോരാടുകയും ചെയ്യും.'' റസൂല്‍(സ) അദ്ദേഹത്തിന് നന്മക്കായി ആശംസിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തു. മുസ്ലിംകള്‍ യുദ്ധക്കളത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായി അല്പം ഉയര്‍ന്ന സ്ഥലത്ത് ഒരു കൂടാരം നിര്‍മിച്ചു. ഈ ആസ്ഥാനകേന്ദ്രത്തിന് പാറാവുകാരനായി സഅദ്ബിന്‍ മുആദിന്റെ നേതൃത്വത്തില്‍ ഏതാനും അന്‍സാരി യുവാക്കളെ തെരഞ്ഞെടുക്കുകയും ചെയ്തു.

റസൂല്‍(സ) അന്ന് രാത്രി സൈന്യത്തെ സജ്ജീകരിക്കുകയും യുദ്ധക്കളത്തില്‍ ഓരോ ശത്രുനേതാവും വെട്ടേറ്റു പതിക്കുന്ന സ്ഥലം ചൂണ്ടിക്കാണിച്ചുകൊടുക്കുകയും ചെയ്തു. അന്ന് പുലരുവോളം ഒരു ഈത്തപ്പനയിലേക്ക് തിരിഞ്ഞു. അവിടുന്ന് നമസ്കരിച്ചു. സ്വഹാബികള്‍ നിറഞ്ഞ മനസ്സുകളോടെ സ്വസ്ഥമായി അല്ലാഹുവിന്റെ സന്തോഷവാര്‍ത്ത കാലത്ത് പുലരുന്നതും പ്രതീക്ഷിച്ച് ശാന്തമായി നിദ്രയിലാണ്ടു.
"അല്ലാഹുവിന്റെ പക്കല്‍നിന്നുള്ള മനഃശാന്തിയുമായി നിങ്ങളെ നിദ്രാമയക്കംകൊണ്ട് ആവരണം ചെയ്തിരുന്ന സന്ദര്‍ഭവും നിങ്ങളെ ശുദ്ധീകരിക്കുന്നതിനും നിങ്ങളില്‍നിന്ന് പിശാചിന്റെ ദുര്‍ബോധനം നീക്കിക്കളയുന്നതിനും, നിങ്ങളുടെ മനസ്സുകള്‍ക്ക് കെട്ടുറപ്പ് നല്കുന്നതിനും, പാദങ്ങള്‍ ഉറപ്പിച്ചുനിര്‍ത്തുന്നതിനും വേണ്ടി അവന്‍ നിങ്ങളുടെ മേല്‍ ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞുതന്നിരുന്ന സന്ദര്‍ഭവും'' (സ്മരിക്കുക). (8:11)
ഹിജ്റ രണ്ടാംവര്‍ഷം റമദാന്‍ 17ന്റെ രാവായിരുന്നു ഈ രാത്രി. നബി(സ) പുറപ്പെട്ടത് ഇതേ മാസം എട്ടിനോ പന്ത്രണ്ടിനോ ആയിരുന്നു.

ക്വുറൈശികള്‍ക്കിടയില്‍ അങ്കലാപ്പ്
ക്വുറൈശികള്‍ അന്ന് രാത്രി അവരുടെ സൈനികതാവളത്തില്‍-ഉദ്വത്തുല്‍ ഖുസ്വ്വാ-കഴിച്ചുകൂട്ടി. പുലര്‍ന്നപ്പോള്‍ മണല്‍ക്കുന്നിനിപ്പുറം ബദ്റിന്റെ താഴ്വരയിലേക്കവര്‍ ഇറങ്ങി. അതില്‍ ചിലര്‍ പാനജലത്തിനുവേണ്ടി നബി(സ)യുടെ ജലസംഭരണിയെ സമീപിച്ചു. നബി(സ) പറഞ്ഞു: 'അവരെ വിട്ടേക്കൂ.' അന്ന് അതില്‍നിന്ന് പാനം ചെയ്തവരെല്ലാം വധിക്കപ്പെട്ടു. ഹകീംബിന്‍ ഹസാം ഒഴികെ അദ്ദേഹം പിന്നീട് മുസ്ലിമായി നന്നായി ജീവിച്ചു. പില്‍ക്കാലത്ത് അദ്ദേഹം ഏതെങ്കിലും കാര്യത്തില്‍ സത്യം ചെയ്യേണ്ടിവരുമ്പോള്‍ ബദ്ര്‍ ദിനം എന്നെ രക്ഷിച്ചവന്‍ തന്നെ സത്യം എന്നായിരുന്നു പറഞ്ഞിരുന്നത്. ക്വുറൈശികള്‍ അവരുടെ സ്ഥാനത്ത് സ്വസ്ഥമായപ്പോള്‍ ചാരനായി ഉമൈര്‍ബിന്‍ വഹ്ബ്അല്‍ജൂമഹിയെ പറഞ്ഞുവിട്ടു. അദ്ദേഹം തന്റെ കുതിരപ്പുറത്തേറി ചുറ്റിക്കറങ്ങിയശേഷം വന്നു പറഞ്ഞു: 'അവര്‍ മുന്നൂറ് പേരുണ്ട്. അല്പം കൂടുതലോ കുറവോ വന്നേക്കാം.' അവരുടെ സന്നാഹങ്ങളറിയാന്‍ എന്ന് പറഞ്ഞു ഒരിക്കല്‍ക്കൂടി അദ്ദേഹം ചുറ്റിക്കറങ്ങിവന്നു. തിരിച്ചെത്തിയ അദ്ദേഹം പറഞ്ഞു: "അവരുടെ പക്കല്‍ സന്നാഹങ്ങളൊന്നും ഞാന്‍ കണ്ടില്ല. പക്ഷെ, ക്വുറൈശികളേ! മരണത്തെ നിസ്സാരമാക്കുന്ന ധീരതയാണ് ഞാന്‍ കണ്ടത്. വാളല്ലാതെ മറ്റൊരു രക്ഷാകവചവും ഇല്ലാത്ത ജനത! അല്ലാഹുവാണേ! നിങ്ങളില്‍ നിന്നൊരാള്‍ വധിക്കപ്പെടാതെ അവരിലൊരാളെ വധിക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങളിലെ പ്രമുഖരെ അവര്‍ വധിച്ചുകളഞ്ഞാല്‍ പിന്നീട് ജീവിക്കുന്നതിലര്‍ഥമില്ല. അതിനാല്‍ സഗൌരവം ചിന്തിക്കുക!

ഇതിന്നിടയില്‍ മറ്റൊരു പ്രശ്നവുംകൂടി അബൂജഹലിനെ നേരിട്ടു. യുദ്ധം ചെയ്യാതെ മക്കയിലേക്ക് മടങ്ങാനുള്ള നിര്‍ദേശം. ഹകീംബിന്‍ ഹസാം, ഉത്ബത്ബിന്‍ റബീഅയെ സമീപിച്ചു പറഞ്ഞു: 'അബുല്‍വലീദ്! താങ്കള്‍ ക്വുറൈശികളിലെ നേതാവും പ്രമുഖനും ആജ്ഞാശേഷിയുള്ളവനുമാണ്. ഈ അന്ത്യഘട്ടത്തില്‍ എന്നെന്നും സ്മരിക്കുന്ന ഒരു നന്മ ഞാന്‍ താങ്കള്‍ക്ക് നിര്‍ദേശിച്ചുതരട്ടെയോ? അതെന്താണ് ഹകീം? ഉത്ബ ചോദിച്ചു. അദ്ദേഹം പറഞ്ഞു. നമുക്ക് ജനങ്ങളേയും കൊണ്ട് മടങ്ങാം. താങ്കളുമായി സഖ്യത്തിലുള്ള അംറുബ്നു ഹള്റമിയുടെ ബാധ്യത താങ്കളേല്ക്കുക- ഇദ്ദേഹം നഖ്ല സംഘട്ടനത്തില്‍ വധിക്കപ്പെട്ടതാണ്-ഇതുകേട്ടപ്പോള്‍ ഉത്ബ പറഞ്ഞു: അത് ഞാനേറ്റു. നീ അതിന് സാക്ഷിയാണ്. ഇത് അബൂജഹലിനെ കണ്ടു പറയാന്‍ ഹകീമിനെ ഏല്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഉത്ബ എഴുന്നേറ്റ് പ്രസംഗിച്ചു. ക്വുറൈശികളേ!

'മുഹമ്മദിനോടും അനുചരന്മാരോടും ഏറ്റുമുട്ടിയതുകൊണ്ട് നിങ്ങള്‍ക്ക് ഒന്നും നേടാനില്ല. അല്ലാഹുവാണെ! നിങ്ങളവനെ പരാജയപ്പെടുത്തിയാലും തന്റെ പിതൃവ്യപുത്രന്മാരേയും അമ്മാവന്മാരുടെ പുത്രന്മാരേയും കുടുംബാംഗങ്ങളെയും വധിച്ച് മനുഷ്യരുടെ മുഖത്തുനോക്കാന്‍ നിങ്ങള്‍ക്ക് കഴിയാതാകും. അതിനാല്‍ മുഹമ്മദിന്റെ കാര്യം മറ്റു അറബിഗോത്രങ്ങള്‍ക്ക് വിട്ടുകൊടുത്തുകൊണ്ട് പിരിഞ്ഞുപോവുക. അവര്‍ അവനെ വകവരുത്തുകയാണെങ്കില്‍ നിങ്ങള്‍ ആഗ്രഹിച്ചത് സംഭവിച്ചതായി സമാധാനിക്കാം. മറിച്ചാണെങ്കില്‍, നിങ്ങള്‍ വിചാരിക്കുന്നതൊന്നും അവനില്‍നിന്ന് സംഭവിക്കാന്‍ പോകുന്നില്ല.'

ഹകീംബിന്‍ ഹസാം അബൂജഹലിനെ സമീപിച്ചു. ഉത്ബയേല്പിച്ച കാര്യം പറഞ്ഞു. ഉടനെ അബൂജഹല്‍ പ്രതികരിച്ചു. 'അല്ലാഹുവാണേ മുഹമ്മദിനേയും അനുയായികളെയും കണ്ടതോടെ അവന്‍ ശ്വാസം തിങ്ങി ഭീരുവായിമാറിയിരിക്കുന്നു. മുഹമ്മദിന്റെയും നമ്മുടെയുമിടയില്‍ അല്ലാഹു ഒരു തീരുമാനമെടുക്കുന്നതുവരെ നാം മടങ്ങുന്ന പ്രശ്നമേയില്ല. ഉത്ബയ്ക്ക് അത് പറയാം. കാരണമവന്റെ പുത്രന്‍ അബൂഹുദൈഫ മറുചേരിയിലുണ്ട്. അബൂജഹല്‍ പറഞ്ഞതുകേട്ട ഉത്ബ പ്രതികരിച്ചു. ആര്‍ക്കാണ് ശ്വാസം തിങ്ങുന്നതെന്ന് പിന്നീടറിയാം. ഇതിനെ നേരിടാന്‍ അബൂജഹല്‍ ഉടനെത്തന്നെ ആമിര്‍ബിന്‍ അല്‍ഹള്റമിയെ വിളിച്ചു-ഇദ്ദേഹം നഖ്ല സംഘട്ടനത്തില്‍ വധിക്കപ്പെട്ട അംറുബ്നു ഹള്റമിയുടെ സഹോദരനാണ്- ഇതാ നിന്റെ സഖ്യത്തിലുള്ളവന്‍ ആളുകളെ തിരിച്ചുപോകാന്‍ പ്രേരിപ്പിക്കുന്നു. ശത്രുക്കള്‍ നിന്റെ കണ്‍മുമ്പില്‍ തന്നെ നില്ക്കുന്നു. അതുകൊണ്ട് എഴുന്നേറ്റ് നിന്റെ സഹോദരന്റെ മരണത്തിന് പ്രതികാരം ചെയ്യാന്‍ ആഹ്വാനം ചെയ്യുക! ഉടനെ ആമിര്‍ അട്ടഹസിച്ചു. എന്റെ സഹോദരന്‍ അംറ്! അതോടെ ജനങ്ങള്‍ യുദ്ധസജ്ജരായി. അവരുടെ സിരകള്‍ തപിച്ചു. യുദ്ധമൊഴിവാക്കാനുള്ള ഉത്ബയുടെ ശ്രമം വിഫലമായി. വിവേകത്തെ വികാരം അതിജയിച്ചു!

ഇരുസൈന്യങ്ങളും മുഖാമുഖം
ഇരുസൈന്യങ്ങളും പരസ്പരം അഭിമുഖമായപ്പോള്‍ റസൂല്‍(സ) മനമുരുകി പ്രാര്‍ഥിച്ചു: "അല്ലാഹുവേ, ക്വുറൈശികളിതാ നിന്നോടു ശത്രുത വെച്ചുകൊണ്ടും നിന്റെ പ്രവാചകനെ നിരാകരിച്ചുകൊണ്ടും തികഞ്ഞ അഹങ്കാരികളും ദുരഭിമാനികളുമായി യുദ്ധത്തിനുവന്നിരിക്കുന്നു. അല്ലാഹുവേ! അതിനാല്‍ നീ വാഗ്ദാനം ചെയ്ത സഹായം ഞാന്‍ നിന്നോട് ചോദിക്കുന്നു. അവരെ നീ നശിപ്പിക്കേണമേ. ഇതിനുശേഷം അവിടുന്ന് മുസ്ലിംകളുടെ സൈന്യനിര ക്രമപ്പെടുത്തി. ഒരു കുന്തംകൊണ്ട് അണികളെ ശരിയാക്കുന്നതിന്നിടയില്‍ ഒരു ആശ്ചര്യകരമായ സംഭവമുണ്ടായി. കുന്തത്തിന്റെ അറ്റം നിരയില്‍നിന്ന് അല്പം മുന്നോട്ട് തള്ളിനിന്നിരുന്ന സവാദ്ബിന്‍ ഗസിയയുടെ വയറില്‍ തട്ടി. സവാദ് പറഞ്ഞു: 'ദൈവദൂതരെ അങ്ങ് എന്നെ വേദനിപ്പിച്ചതിന് എനിക്ക് പകരം ചെയ്യണം.' നബി(സ) അതിന് അനുവാദം നല്കിക്കൊണ്ട് വസ്ത്രം ഉയര്‍ത്തി വയറ് കാണിച്ചുകൊടുത്തു. ഉടനെ അവിടെ ഒരു മുത്തംനല്കിക്കൊണ്ട് സവാദ് തിരുമേനിയെ ആലിംഗനം ചെയ്തു. എന്തേ സവാദേ നീ ഇങ്ങനെ ചെയ്യാന്‍' അവിടുന്ന് ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെ താങ്കള്‍ക്കറിയാമല്ലോ നാമിപ്പോള്‍ അഭിമുഖീകരിക്കുന്നത്, അതിനാല്‍ എന്റെ അവസാനത്തെ ബന്ധം താങ്കളുടെ ചര്‍മവുമായി എന്റെ ചര്‍മം സ്പര്‍ശിച്ചുകൊണ്ടാവട്ടെയെന്ന് ഞാന്‍ ഉദ്ദേശിച്ചു. സവാദ് പറഞ്ഞു: റസൂല്‍(സ) അദ്ദേഹത്തിന് നന്മക്കായി പ്രാര്‍ഥിച്ചു. തുടര്‍ന്ന് സൈന്യങ്ങളോട് നിര്‍ദേശിച്ചു. തന്റെ അവസാനത്തെ ആജ്ഞ എത്തുന്നതുവരെ ആരും യുദ്ധം തുടങ്ങരുത്. അവര്‍ അടുത്തേക്ക് വരുമ്പോള്‍ നിങ്ങളുടെ അമ്പും വാളുകളും ബോധപൂര്‍വം മാത്രം ഉപയോഗിക്കുകയും ചെയ്യുക. ശേഷം തിരുദൂതരും അബൂബക്കര്‍(റ)വും അവിടുത്തെ കൂടാരത്തിലേക്ക് മടങ്ങി. സഅദും കൂട്ടുകാരും പാറാവുകാരായി വാതില്‍ക്കലും നിലയുറപ്പിച്ചു. മുശ്രിക്കുകളുടെ പക്ഷത്തുനിന്ന് അബൂജഹല്‍ ഇങ്ങനെ പ്രാര്‍ഥിച്ചു: അല്ലാഹുവേ, ഈ ഇരുകക്ഷികളില്‍ കുടുംബബന്ധം വിഛേദിക്കുന്നവരേയും ഞങ്ങള്‍ക്കറിയാത്ത പുതിയതുകൊണ്ടു വന്നവരേയും നീ നശിപ്പിക്കണേ! ഞങ്ങളില്‍ നീ ഇഷ്ടപ്പെടുന്നവരേയും നീ സ്നേഹിക്കുന്നവരെയും ഇന്ന് വിജയിപ്പിക്കണേ. ഇതിനെക്കുറിച്ചാണ് ക്വുര്‍ആന്‍ അവതരിച്ചത്.

"(സത്യനിഷേധികളെ) നിങ്ങള്‍ വിജയമായിരുന്നു തേടിയിരുന്നതെങ്കില്‍ ആ വിജയമിതാ നിങ്ങള്‍ക്ക് വന്നുകഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ വിരമിക്കുകയാണെങ്കില്‍ അതാണ് നിങ്ങള്‍ക്കുത്തമം! നിങ്ങളുടെ സംഘം എത്ര എണ്ണക്കൂടുതലുള്ളതാണെങ്കിലും അത് നിങ്ങള്‍ക്കുപകരിക്കുകയേയില്ല. അല്ലാഹു സത്യവിശ്വാസികളുടെ കൂടെത്തന്നെയാണ്.'' (8:19). മുശ്രിക്കുകളുടെ പ്രാര്‍ഥനയില്‍ പറഞ്ഞിരുന്ന അല്ലാഹു ഇഷ്ടപ്പെടുന്ന വിഭാഗം മുസ്ലിംകളായിരുന്നതിനാല്‍ അല്ലാഹു അവരെ വിജയിപ്പിക്കുകയുണ്ടായി. അതിനെക്കുറിച്ചാണ് പ്രയുക്ത സൂക്തത്തില്‍, നിങ്ങള്‍ തേടിയ ആ വിജയം ഇതാ നിങ്ങള്‍ക്ക് വന്നുകഴിഞ്ഞിരിക്കുന്നുവെന്ന് അല്ലാഹു പ്രസ്താവിക്കുന്നത്.

സംഘട്ടനം ആരംഭിക്കുന്നു
ഇതിന്നിടയ്ക്ക് ശത്രുപക്ഷത്തുനിന്ന് ദുസ്വഭാവിയും ദുഷ്ടനുമായ മഖ്സും ഗോത്രക്കാരന്‍ അസ്വദ് ബിന്‍ അബ്ദുല്‍ അസദ് ഞാന്‍ അവരുടെ ജലസംഭരണിയില്‍നിന്ന് പാനം ചെയ്യുകയോ അല്ലെങ്കില്‍ അത് തകര്‍ക്കുകയോ അതുമല്ലെങ്കില്‍ ആ മാര്‍ഗത്തില്‍ ഞാന്‍ വീരചരമം പ്രാപിക്കുകയോ ചെയ്യുമെന്ന് അല്ലാഹുവോട് പ്രതിജ്ഞ ചെയ്തിരിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് മുസ്ലിംകളുടെ ജലസംഭരണിയുടെ നേരെ പാഞ്ഞടുത്തു. സമയം പാഴാക്കാതെ ഹംസബിന്‍ അബ്ദില്‍ മുത്വലിബ് അയാളുടെ മുട്ടിന് താഴെ ഖഡ്ഗം ആഞ്ഞുവീശി! ജലസംഭരണിക്ക് പുറത്ത് അയാള്‍ നിലംപതിച്ചു. എന്നിട്ടും തന്റെ പ്രതിജ്ഞ പാലിക്കാനായി ഇഴഞ്ഞ് ജലസംഭരണിയില്‍ ചാടിവീണു. വീണ്ടും ഹംസയുടെ ഖഡ്ഗം അയാള്‍ക്ക് മീതെ പതിച്ചതോടെ അയാളുടെ കഥകഴിഞ്ഞു. ഇതോടെ യുദ്ധം തുടങ്ങിക്കഴിഞ്ഞു. തുടര്‍ന്ന് ക്വുറൈശി പക്ഷത്തുനിന്ന് പ്രമുഖരായ മൂന്ന് കുതിരപ്പടയാളികള്‍ ദ്വന്ദ്വയുദ്ധത്തിനായി മുന്നോട്ടുവന്നു. മൂവരും ഒരേ കുടുംബത്തിലെ അംഗങ്ങള്‍. റബീഅയുടെ പുത്രന്മാരായ ഉത്ബയും ശൈബയും ഉത്ബയുടെ പുത്രന്‍ വലീദും. ഇവരെ നേരിടാന്‍ അന്‍സ്വാറുകളിലെ മൂന്ന് യുവാക്കള്‍ രംഗത്തുവന്നു. ഹാരിഥിന്റേയും അഫ്റാഇന്റേയും പുത്രന്മാരായ ഔഫും മുഅവ്വിദും റവാഹയുടെ പുത്രന്‍ അബ്ദുല്ലയും. ഇതുകണ്ട് അവര്‍ പറഞ്ഞു. നിങ്ങളെ ഞങ്ങള്‍ക്കാവശ്യമില്ല. ഞങ്ങളുടെ ബന്ധുക്കളുണ്ടല്ലോ മറുഭാഗത്ത്. അവരെയാണ് ഞങ്ങള്‍ക്ക് വേണ്ടത്. എന്നിട്ട് വിളിച്ചുപറഞ്ഞു: 'മുഹമ്മദ്, ഞങ്ങള്‍ക്ക് തുല്യരായ ഞങ്ങളുടെ ജനതയിലെ ആളുകളെ അയക്കാന്‍ തയ്യാറുണ്ടോ?' ഉടനെ റസൂല്‍(സ) ആ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് ഉബൈദുല്ല ബിന്‍ ഹാരിഥിനോടും ഹംസയോടും അലിയോടും അവരെ നേരിടാന്‍ കല്പിച്ചു. അവര്‍ അവരെ സമീപിച്ചപ്പോള്‍ മറുപക്ഷത്തുനിന്ന് ചോദിച്ചു. 'നിങ്ങള്‍ ആരാണ്?' ഞങ്ങളിന്നവരാണ് എന്ന് പരിചയപ്പെടുത്തിയപ്പോള്‍ 'നിങ്ങള്‍ ഞങ്ങള്‍ക്ക് ചേര്‍ന്നവര്‍ തന്നെയെന്ന് പറഞ്ഞുകൊണ്ട് ദ്വന്ദ്വയുദ്ധത്തിന് തയ്യാറായി ഉബൈദ-ഇദ്ദേഹമാണ് കൂടുതല്‍ പ്രായമുള്ളവന്‍-ഉത്ബയോടും ഹംസ ശൈബയോടും അലി വലീദിനോടും ഏറ്റുമുട്ടി.(1) അലിക്കും ഹംസക്കും തങ്ങളുടെ പ്രതിയോഗികളുടെ കഥ കഴിക്കാന്‍ ഒട്ടും താമസിക്കേണ്ടിവന്നില്ല. എന്നാല്‍ ഉബൈദ തന്റെ പ്രതിയോഗിയുമായി അല്പനേരം ഏറ്റുമുട്ടുക തന്നെ ചെയ്തു. ഉടനെ അദ്ദേഹത്തിന്റെ സഹായത്തിനായി ഹംസയും അലിയും പാഞ്ഞെത്തി. അവര്‍ നിമിഷംകൊണ്ട് ഉത്ബയെ വെട്ടിമലര്‍ത്തി. തുടര്‍ന്ന് കാലറ്റ ഉബൈദയെ ചുമലിലേറ്റി മടങ്ങി. പിന്നീട് ബദ്റില്‍ നിന്ന് നാലോ അഞ്ചോ ദിവസങ്ങള്‍ക്ക് ശേഷം മുസ്ലിംകള്‍ മദീനയിലേക്ക് മടങ്ങും വഴി സ്വഫ്റാഇല്‍ വെച്ച് ഇദ്ദേഹം മരിച്ചു. പില്‍ക്കാലത്ത് അലി(റ) പറയാറുണ്ടായിരുന്നു ഈ ആയത്തിലെ പരാമര്‍ശം തങ്ങളെക്കുറിച്ചാണെന്ന്.

"ഈ രണ്ടുവിഭാഗം രണ്ടു എതിര്‍കക്ഷികളാകുന്ന തങ്ങളുടെ രക്ഷിതാവിന്റെ കാര്യത്തില്‍ അവര്‍ എതിര്‍വാദക്കാരായി.'' (22:19)
ഒറ്റയടിക്ക് പ്രഗത്ഭരായ മൂന്ന് അശ്വഭടന്മാരെ നഷ്ടപ്പെട്ട ശത്രുസൈന്യം ഒന്നടങ്കം കലിതുള്ളി മുസ്ലിംകള്‍ക്ക് നേരെ ആഞ്ഞടുത്തു. മുസ്ലിംകള്‍ വിനയപൂര്‍വം പ്രാര്‍ഥനാനിര്‍ഭരമായ മനസ്സുകളോടെ ഏകന്‍ ഏകന്‍ എന്ന് പ്രഖ്യാപിച്ചു കൊണ്ടു അവരെ പ്രതിരോധിക്കാനുമായി നിന്നു.

റസൂല്‍(സ) തന്റെ കൂടാരത്തില്‍ തന്റെ നാഥനോട് വാഗ്ദാനം പൂര്‍ത്തീകരിക്കാന്‍ അപേക്ഷിച്ചുകൊണ്ട് പ്രാര്‍ഥനയില്‍ മുഴുകി. യുദ്ധം കൊടുമ്പിരികൊണ്ടപ്പോള്‍ തന്റെ നാഥന്റെ മുന്നില്‍ താണുകേണു അവിടുന്ന് യാചിച്ചു: 'അല്ലാഹുവേ, ഈ കൊച്ചുസംഘം ഇന്ന് നശിച്ചു പോയാല്‍ നിന്നെ ആരാധിക്കുന്ന ആരും അവശേഷിക്കില്ല നാഥാ!' പ്രാര്‍ഥനയില്‍ മുഴുകിയ നബിതിരുമേനയുടെ ശിരോവസ്ത്രം താഴെ വീണു. കൂടെയുണ്ടായിരുന്ന അബൂബക്കര്‍ അതെടുത്തു ചുമലില്‍ വെച്ചുകൊണ്ട് പറഞ്ഞു. 'അല്ലാഹുവിന്റെ ദൂതരേ! താങ്കളുടെ നാഥനെ ഇത്രയും വിളിച്ചാല്‍ മതി. താങ്കളോടുള്ള വാഗ്ദത്തം അല്ലാഹു നിശ്ചയമായും പാലിക്കും.' ഉടനെ അല്ലാഹു തന്റെ മാലാഖമാരെ പ്രവാചകനേയും അനുയായികളേയും സഹായിക്കാനായി അയച്ചു. ക്വുര്‍ആന്‍ ഈ കാര്യം പരാമര്‍ശിക്കുന്നു.

'നിന്റെ രക്ഷിതാവ് മലക്കുകള്‍ക്ക് ബോധനം നല്കിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചുനിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക.'' (8:12)

പ്രവാചകന്റെ പ്രാര്‍ഥനയ്ക്ക് പ്രതികരണമായി അല്ലാഹു അറിയിച്ചു.
"തുടരെ തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്കുന്നതാണ്.'' (8:9) പ്രാര്‍ഥനയ്ക്ക് ശേഷം നേരിയ മയക്കത്തില്‍നിന്ന് ഉണര്‍ന്നുകൊണ്ട് ആഹ്ളാദപൂര്‍വം അവിടുന്ന് പ്രഖ്യാപിച്ചു. "അബൂബക്കര്‍! സന്തോഷിക്കൂ. അല്ലാഹുവിന്റെ സഹായമിതാ വന്നെത്തിയിരിക്കുന്നു. ഇതാ, ജിബ്രീല്‍ തന്റെ കുതിരയുടെ കടിഞ്ഞാണ്‍ പിടിച്ചു ആ മണല്‍ക്കുന്നിന്റെ മുകളില്‍ നില്ക്കുന്നത് ഞാന്‍ കാണുന്നു!'' എന്നിട്ട് അവിടുന്ന് ഇങ്ങനെ വിളിച്ചു പറഞ്ഞുകൊണ്ട് ചാടിയെഴുന്നേറ്റു.

"ആ സംഘം തോല്പിക്കപ്പെടുന്നതാണ്. അവര്‍ പിന്തിരിഞ്ഞോടുകയും ചെയ്യും.'' (54:45). തുടര്‍ന്നു അല്പം മണല്‍ വാരിയെടുത്തു ശത്രു സൈന്യത്തിന്റെ നേരെ എറിഞ്ഞു. അവരുടെയെല്ലാവരുടെയും കണ്ണുകളിലും വായിലും മൂക്കിലും അത് പതിച്ചു. ഇതിനെക്കുറിച്ചാണ് അല്ലാഹു പറയുന്നത്.
"നീ എറിഞ്ഞ സമയത്ത് നീ എറിഞ്ഞിട്ടുമില്ല. പക്ഷെ, അല്ലാഹുവാണ് എറിഞ്ഞത്.'' (8:17)

ഇതോടെ അവസാനത്തെ നിര്‍ദേശമെന്ന നിലയ്ക്ക് സൈന്യത്തോട് യുദ്ധക്കളത്തിലേക്ക് എടുത്തുചാടാന്‍ പറഞ്ഞു: അവര്‍ക്ക് സുവിശേഷമറിയിച്ചുകൊണ്ട് അവിടുന്ന് പ്രഖ്യാപിച്ചു. "മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെ സത്യം. പിന്തിരിഞ്ഞോടാതെ, ക്ഷമയോടും പ്രതിഫലേച്ഛയോടും കൂടി ആര്‍ ശത്രുസൈന്യത്തെ നേരിടുന്നുവോ അവര്‍ സ്വര്‍ഗാവകാശികളായിരിക്കും!'' യുദ്ധത്തിന് പ്രേരിപ്പിച്ചുകൊണ്ട് തിരുമേനി വിളിച്ചുപറഞ്ഞു. 'ആകാശഭൂമിയോളം വിശാലമായ സ്വര്‍ഗത്തിനായി എഴുന്നേല്കൂ. ഇതുകേട്ട ഉമൈര്‍ബിന്‍ ഹുമാം പറഞ്ഞു: ഭേഷ് ഭേഷ്. റസൂല്‍(സ) ചോദിച്ചു. എന്താണ് അങ്ങനെ പറയാന്‍? "ഒന്നുമില്ല, ഞാനും അതിന്റെ അവകാശികളില്‍ അകപ്പെടാന്‍ ആഗ്രഹിച്ചുപോയി.'' നബി(സ) പറഞ്ഞു: "നീ അതിന്റെ അവകാശിയാണ്.'' ഇതുകേട്ടപാടെ തിന്നുകൊണ്ടിരുന്ന ഈത്തപ്പഴം താഴെയെറിഞ്ഞു, ഇതുകഴിച്ചു തീരുവോളം കാത്തിരിക്കുന്നത് ഒരു നീണ്ട ജീവിതമാണ് എന്ന് പറഞ്ഞു യുദ്ധക്കളത്തിലേക്കെടുത്തു ചാടി അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു.'' (2)

റസൂല്‍(സ)യുടെ ആഹ്വാനം ശ്രവിച്ചു തികഞ്ഞ ആവേശത്തോടും ഉന്മേഷത്തോടും കൂടി പട മുന്നോട്ട് നീങ്ങി. യുവാക്കള്‍ അണികള്‍ മുറിച്ചുകടന്ന് ശത്രുസൈന്യത്തിന്റെ ശിരഛേദം നടത്തി. യുദ്ധക്കളത്തില്‍ അങ്കിയണിഞ്ഞ റസൂല്‍(സ)യുടെ സാന്നിധ്യം അവര്‍ക്ക് പൂര്‍വോപരി ആവേശവും കരുത്തും പ്രദാനം ചെയ്തു. സ്വയംമറന്ന് അവര്‍ ശത്രുനിരയെ ഭേദിച്ചു മുന്നോട്ട് കുതിച്ചു. വിസ്മയാവഹമായ ഒട്ടനവധി രംഗങ്ങള്‍ക്ക് യുദ്ധക്കളം സാക്ഷ്യം വഹിച്ചു. ശിരസ്സും കരചരണങ്ങളും ബന്ധമറ്റു കിടക്കുന്ന കാഴ്ചകള്‍! ആരാണ് അവ ഛേദിച്ചതെന്നാര്‍ക്കുമറിയില്ല. പലരും ശത്രുവിന്റെ കണ്ഠത്തിന് നേരെ ഖഡ്ഗം ആഞ്ഞുവീശാന്‍ തുടങ്ങുമ്പോഴേ മറ്റാരാലോ വെട്ടേറ്റ് ശിരസ്സറ്റ് ശരീരം നിലംപതിക്കുന്നു! സഹാബികള്‍ ഈ കാര്യം റസൂല്‍(സ)യെ ഉണര്‍ത്തിയപ്പോള്‍ അവിടുന്ന് പറഞ്ഞു: 'അത് അല്ലാഹുവിന്റെ പക്കല്‍നിന്നുള്ള സഹായമാണ്. അബ്ബാസ് ബിന്‍ അബ്ദില്‍ മുത്വലിബിനെ ഒരു അന്‍സാരി ബന്ദിയാക്കി കൊണ്ടുവന്നപ്പോള്‍ അബ്ബാസ് പറഞ്ഞു: ഇവനല്ല എന്നെ ബന്ദിയാക്കിയത്. എന്നെ ബന്ദിയാക്കിയത് സുമുഖനായ ഒരു കുതിരപ്പടയാളിയാണ്. പക്ഷെ, അയാളെ ഞാന്‍ നിങ്ങളുടെ കൂട്ടത്തില്‍ കാണുന്നില്ലല്ലോ! 'റസൂലുല്ലാഹ് ഞാനാണ് അവനെ പിടികൂടിയത്. അന്‍സാരി തറപ്പിച്ചുപറഞ്ഞു. റസൂല്‍(സ) പ്രതികരിച്ചു. "മിണ്ടാതിരിക്കൂ! നിന്നെ മാന്യനായ ഒരു മാലാഖ സഹായിച്ചതാണ്.''

വഴിയില്‍വെച്ച് മുദ്ലജ് ഗോത്രക്കാരന്‍ സുറാഖത്ത് ബിന്‍ മാലികിന്റെ വേഷത്തില്‍ സൈന്യത്തോടൊപ്പം ചേര്‍ന്ന ഇബ്ലീസ് യുദ്ധരംഗം കണ്ട് പിന്തിരിഞ്ഞോടി കടലില്‍ ചാടി.(3)

ശത്രുപക്ഷത്ത് വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. മുസ്ലിംകളുടെ അപ്രതിരോധ്യമായ മുന്നേറ്റത്തിന് മുന്നില്‍ അവര്‍ കീഴടങ്ങി. പലരും വധിക്കപ്പെട്ടു. അവശേഷിച്ച ചിലര്‍ ഓടി രക്ഷപ്പെട്ടു. പിന്നേയും ബാക്കിയായവരെ മുസ്ലിംകള്‍ ബന്ദികളാക്കി. അതോടെ മുശ്രിക്കുകള്‍ പൂര്‍ണമായും പരാജയപ്പെട്ടു.

അബൂജഹലിന്റെ പതനം
ശത്രുനിരകള്‍ക്കിടയില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയപ്പോള്‍ കൊടിയ ധിക്കാരിയായ അബൂജഹല്‍ അവരെ സമാശ്വസിപ്പിക്കുകയും അവരുടെ ദേവതകളായ ലാത്തയേയും ഉസ്സയേയും സത്യം ചെയ്തുകൊണ്ട് അവരെ ആവേശഭരിതരാക്കുകയും ചെയ്തുകൊണ്ടിരുന്നു. പക്ഷെ, മുസ്ലിംസൈന്യത്തിന്റെ കുതിച്ചുകയറ്റം എല്ലാ നിരകളേയും ഭേദിച്ചു അബൂജഹലിന്റെ സമീപത്തുമെത്തി. മുശ്രിക്കുകള്‍ അബൂജഹലിന് ചുറ്റും കുന്തവും വാളും നിരത്തി. ഒരു മതില്‍ കെട്ടുതന്നെ തീര്‍ത്തു. പക്ഷെ, കൊടുങ്കാറ്റു കണക്കെ ആഞ്ഞുവീശിയ മുസ്ലിം മുന്നേറ്റം അവയെല്ലാം പിഴുതെറിഞ്ഞു. അപ്പോഴതാ അബൂജഹല്‍ തന്റെ കുതിരപ്പുറത്തേറി ചുറ്റുന്നത് മുസ്ലിംകള്‍ കാണുന്നു. അവന്റെ രക്തത്തിന് ദാഹിച്ചുകൊണ്ട് രണ്ടു അന്‍സാരി യുവാക്കള്‍ വാളുമേന്തിനില്ക്കുന്നു. ഈ ധിക്കാരിയുടെ ദയനീയ പതനത്തിന് ദൃക്സാക്ഷിയായ അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫ് നമ്മോട് പറയുന്നു: "ഞാന്‍ ബദര്‍ യുദ്ധദിവസം യുദ്ധമുന്നണിയില്‍ നില്ക്കുമ്പോള്‍ എന്റെ ഇടതും വലതും വശങ്ങളില്‍ രണ്ടു യുവാക്കള്‍ സ്ഥാനമുറപ്പിച്ചിരുന്നു. അതില്‍ ഒരുവന്‍ അപരന്‍ കേള്‍ക്കാതെ എന്നോട് ചോദിക്കുന്നു. 'എവിടെയാണ് അബൂജഹല്‍?' ഞാന്‍ ചോദിച്ചു: 'അവനെ കണ്ടിട്ടു നീയെന്തുചെയ്യാനാണ്?' അവന്‍ അല്ലാഹുവിന്റെ ദൂതരെ അധിക്ഷേപിച്ചിട്ടുണ്ടെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അവനെ കണ്ടാല്‍ അവന്റെ കഥ ഞാന്‍ കഴിക്കുകതന്നെ ചെയ്യും. ഇതുകേട്ട ഞാന്‍ അത്ഭുതപ്പെട്ടു. ഉടനെ മറുവശത്ത് നിന്ന് എന്നെ തോണ്ടി, ഇതേ കാര്യംതന്നെ അവനും പറഞ്ഞു. അബുജഹലിനെ ഞാനവര്‍ക്ക് കാണിച്ചുകൊടുത്തു' ഇതാണ് നിങ്ങളന്വേഷിക്കുന്ന വ്യക്തി നിങ്ങള്‍ കാണുന്നില്ലേ? ഇതുകേള്‍ക്കേണ്ട താമസം രണ്ടുപേരും ഒറ്റക്കുതിപ്പിന് അവന്റെയടുക്കലെത്തി അവന്റെ കഥ കഴിച്ചു. എന്നിട്ട് റസൂല്‍(സ)യെ സമീപിച്ചു. ഓരോരുത്തരും താനാണ് വധിച്ചതെന്ന് അവകാശപ്പെട്ടു. റസൂല്‍(സ) അവരുടെ വാളിലെ രക്തം പരിശോധിച്ചു രണ്ടുപേരും ചേര്‍ന്നാണ് വധിച്ചതെന്ന് വിധിച്ചു. യുദ്ധത്തിന് ശേഷം അബൂജഹലിന്റെ ശരീരത്തിലുണ്ടായിരുന്ന സാധനങ്ങള്‍ മുആദ്ബിന്‍ അംറ് ബിന്‍ അല്‍ ജൂമൂഹിന് നല്കാന്‍ വിധിച്ചു. ഈ രണ്ടു യുവാക്കള്‍ മുആദും മുഅവ്വിദ് ബിന്‍ അഫ്റാഉമായിരുന്നു. (4) ഇതില്‍ ഒരാള്‍ക്ക് മാത്രം നല്കാന്‍ കാരണം അപരന്‍ ഈ യുദ്ധത്തില്‍ തന്നെ മൃതിയടഞ്ഞതുകൊണ്ടായിരുന്നു.''

അബൂജഹലിന്റെ വധത്തില്‍ പങ്കുചേര്‍ന്ന മുആദ് ബിന്‍ അംറ് അല്‍ ജുമുഅ് പറയുന്നു: 'അബൂജഹലിന്റെ അടുക്കലേക്ക് ആര്‍ക്കും എത്താന്‍ കഴിയില്ല' എന്ന് ജനങ്ങള്‍ പറയുന്നതു കേട്ടപ്പോള്‍ ഞാന്‍ അവന്റെ നേരെ കുതിച്ചുചെന്ന് ആഞ്ഞുവെട്ടി. അവന്റെ കാല്‍ മുറിഞ്ഞുവീണു. ഉടനെ അവന്റെ പുത്രന്‍ ഇക്രിമ എന്നേയും വെട്ടി. എന്റെ കൈ അതുകാരണം ചുമലില്‍നിന്ന് വിട്ടു തൂങ്ങിക്കിടന്നു. അന്നുമുഴുവന്‍ ആ രൂപത്തില്‍ മുറിഞ്ഞ കൈയും തൂക്കിയാണ് ഞാന്‍ യുദ്ധക്കളത്തില്‍ ഓടിനടന്നത്. പിന്നീട് ഞാനത് മുറിച്ചുകളഞ്ഞു. (5) അല്പം കഴിഞ്ഞു എന്റെ കൂടെയുണ്ടായിരുന്ന മുഅവ്വിദ് വെട്ടേറ്റു വീണ അബൂജഹലിനെ സമീപിച്ച് ആഞ്ഞുവെട്ടി നിലം പതിച്ച അബൂജഹലിനെ ചക്രശ്വാസം വലിക്കുന്ന അവസ്ഥയില്‍ വിട്ടേച്ചുപോന്നു.

യുദ്ധാനന്തരം അബൂജഹലിനെ കണ്ടുപിടിക്കാന്‍ റസൂല്‍(സ) നിര്‍ദേശിച്ചു. ചക്രശ്വാസം വലിക്കുന്ന അവസ്ഥയില്‍ ഇബ്നു മസ്ഊദ് അവനെ കണ്ടെത്തി. തന്റെ കാല്‍ പിരടിയില്‍ ചവിട്ടി താടിപിടിച്ച് വലിച്ചുകൊണ്ട് ഇബ്നുമസ്ഊദ് ചോദിച്ചു: 'അല്ലാഹുവിന്റെ ശത്രുവേ! അല്ലാഹു നിന്നെയിപ്പോള്‍ നിന്ദിതനാക്കിയില്ലേ?' അപ്പോഴും അവന്‍ ആക്രോശിച്ചു. 'എനിക്ക് എന്ത് നിന്ദ്യത? എന്റെ സ്വന്തം ജനത എന്നെ യുദ്ധത്തില്‍ വധിച്ചുവെന്ന് മാത്രം!' എന്നിട്ടവന്‍ ചോദിച്ചു: 'ആരാണ് ഇന്ന് വിജയിച്ചത്?' അല്ലാഹുവും അവന്റെ ദൂതനും ഇബ്നുമസ്ഊദ് പ്രതികരിച്ചു. പിരടിയില്‍ ചവിട്ടിനില്ക്കുന്ന ഇബ്നുമസ്ഊദിനെ നോക്കി കൊടിയ പ്രതിഷേധത്തോടെ അവന്‍ പറഞ്ഞു: 'എടാ ഇടയച്ചെറുക്കാ നിന്റെ പാദങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത് ഒരന്യൂനമായ സ്ഥാനത്താണെടോ! ഇബ്നുമസ്ഊദ് മക്കയില്‍ ഇടയവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന് ശേഷം ഇബ്നു മസ്ഊദ് അവന്റെ ശിരസറുത്ത് റസൂല്‍(സ)യെ കാണിച്ചു. 'ഇതാ ദൈവദൂതരെ അല്ലാഹുവിന്റെ ശത്രുവിന്റെ ശിരസ് ഇബ്നുമസ്ഊദ് പറഞ്ഞു. ഇതുകണ്ട റസൂല്‍(സ) "അല്ലാഹു അവനല്ലാതെ ഒരാരാധ്യനുമില്ല'' എന്ന് മൂന്നുതവണ പ്രഖ്യാപിച്ചശേഷം പറഞ്ഞു: 'വാഗ്ദാനം പൂര്‍ത്തീകരിച്ച, തന്റെ ദാസനെ സഹായിച്ച, സഖ്യകക്ഷികളെ ഏകനായി പരാജയപ്പെടുത്തിയ അല്ലാഹുവിന് സര്‍വസ്തുതിയും' എന്നിട്ട് അബൂജഹലിന്റെ ജഡത്തെ സമീപിച്ചു റസൂല്‍(സ) പ്രഖ്യാപിച്ചു: ഇതാണ് ഈ സമുദായത്തിന്റെ ഫിര്‍ഔന്‍!

ചില സംഭവങ്ങള്‍
വിശ്വാസവും അവിശ്വാസവും തമ്മില്‍ നടന്ന ഈ പ്രഥമ സംഘട്ടനത്തില്‍ ഒട്ടനവധി അനര്‍ഘസംഭവങ്ങള്‍ അരങ്ങേറുകയുണ്ടായി. ചിലതു താഴെ:
ഇബ്നു അബ്ബാസില്‍നിന്ന് ഇബ്നു ഇസ്ഹാഖ് രേഖപ്പെടുത്തുന്നു. നബി(സ) യുദ്ധത്തില്‍ ചിലയാളുകളെയൊന്നും വധിക്കരുതെന്ന് നിര്‍ദേശം നല്കിയിരുന്നു. അതില്‍ അബുല്‍ ബഖ്തരി, അബ്ബാസ് ബിന്‍ അബ്ദില്‍ മുത്വലിബ് എന്നിവരും ഹാശിം കുടുംബങ്ങളും ഉള്‍പ്പെട്ടിരുന്നു. 'അവരെല്ലാം നിര്‍ബന്ധിതരായി യുദ്ധത്തിന് വന്നവരാണ്' എന്നാണ് അവിടുന്ന് പറഞ്ഞത്. ഇതുകേട്ട് ഉത്ബയുടെ പുത്രന്‍ അബൂഹുദൈഫ പറഞ്ഞു: 'ഞങ്ങള്‍ ഞങ്ങളുടെ പിതാക്കളേയും സഹോദരങ്ങളെയും സന്താനങ്ങളെയും കുടുംബാംഗങ്ങളെയുമെല്ലാം വധിക്കുക, അബ്ബാസിനെ ഒഴിവാക്കിയിടുകയും ചെയ്യുകയോ അതൊരിക്കലുമുണ്ടാവില്ല. അവനെ ഞാന്‍ വധിക്കുക തന്നെ ചെയ്യും.'' ഇതറിഞ്ഞ റസൂല്‍(സ)ക്ക് പ്രയാസമനുഭവപ്പെട്ടു. 'പ്രവാചകന്റെ പിതൃവ്യന്‍ വധിക്കപ്പെടുകയോ?' റസൂല്‍(സ)യുടെ പ്രതികരണമറിഞ്ഞ ഉമര്‍ പറഞ്ഞു: 'റസൂലേ ഞാനവന്റെ ശിരസെടുക്കാം. അവന്‍ കപടനാണ്.' അബൂഹുദൈഫ കഠിനമായ ദുഃഖവും പശ്ചാത്താപവും കാരണം ഇങ്ങനെ പറയാറുണ്ടായിരുന്നു.' ഞാന്‍ ഇന്നും അന്ന് പറഞ്ഞ ആ വാക്കിന്റെ കാര്യത്തില്‍ ഭയത്തിലാണ് രക്തസാക്ഷിത്വമല്ലാതെ അതിന് പരിഹാരമില്ല.'' പിന്നീട് യമാമ യുദ്ധത്തില്‍ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു.

റസൂല്‍(സ) ഇത്തരമൊരു നിര്‍ദേശം സമര്‍പ്പിക്കുന്നതിന് ന്യായമായ കാരണങ്ങളുണ്ടായിരുന്നു. അബുല്‍ബഖ്തരിയാണ്, മുമ്പ് നബി(സ)യുമായി ബന്ധവിഛേദം നടത്താന്‍ ആഹ്വാനം ചെയ്തുകൊണ്ട് കഅബാലയത്തില്‍ തൂക്കിയ പത്രിക പിച്ചിച്ചീന്തിയത്. പുറമെ പല നിലയ്ക്കും അദ്ദേഹം നബിയെ സംരക്ഷിക്കുകയും ചെയ്തിരുന്നു. ഇങ്ങനെയെല്ലാമാണെങ്കിലും നബി(സ)യുടെ ഈ ഔദാര്യം സ്വീകരിക്കാന്‍ വൈമനസ്യം കാണിച്ച് യുദ്ധക്കളത്തില്‍ പോരാടി മരിക്കുകയാണ് അദ്ദേഹം ചെയ്തത്. (6)

അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫും ഉമയ്യുബ്നു ഖലഫും ജാഹിലിയ്യത്തില്‍ ആത്മസുഹൃത്തുക്കളായിരുന്നു. ബദര്‍ യുദ്ധം അവസാനിച്ചപ്പോള്‍ അബ്ദുര്‍റഹ്മാന്‍ ഉമയ്യയേയും പുത്രനേയും ബന്ദികള്‍ക്കിടയില്‍ കണ്ടെത്തി. ഉടനെ തന്റെ കൈവശമുണ്ടായിരുന്ന അങ്കിയെല്ലാം എറിഞ്ഞ് അദ്ദേഹം അവരുടെ കൂടെ പോയി. ഹംസയായിരുന്നു ഇവരെ ബന്ദികളാക്കിയത്. ഇതിന്നിടയില്‍ ബിലാല്‍ ഉമയ്യയെ കണ്ടു. ജാഹിലിയ്യത്തില്‍ ബിലാലിനെ ചുട്ടുപഴുത്ത മണലില്‍ കിടത്തി കഠിനമായി പീഡിപ്പിച്ച ക്രൂരനായ യജമാനനാണ് ഉമയ്യ. അവനെ കണ്ടമാത്രയില്‍ ബിലാല്‍ അട്ടഹസിച്ചു. അവിശ്വാസികളുടെ നേതാവ് ഉമയ്യ! അവന്‍ രക്ഷപ്പെട്ടാല്‍ ഞാന്‍ ജീവിച്ചിരിക്കില്ല. അബ്ദുര്‍റഹ്മാന്‍ പറഞ്ഞു. ബിലാല്‍ ഇതെന്റെ ബന്ദിയാണ്! ബിലാല്‍ വീണ്ടും: അവന്‍ രക്ഷപ്പെട്ടാല്‍ പിന്നെ ഞാന്‍ ജീവിച്ചിരിക്കില്ല. തുടര്‍ന്ന് അത്യുച്ചത്തില്‍ വിളിച്ചട്ടഹസിച്ചു. അല്ലാഹുവിന്റെ സഹായികളേ! ഇതാ അവിശ്വാസികളുടെ നേതാവ്. ഉമയ്യ! അവന്‍ രക്ഷപ്പെട്ടാല്‍ പിന്നെ എനിക്ക് രക്ഷയില്ല! ആളുകളെല്ലാം കൂടി അവരെ വലയം ചെയ്തു. അതില്‍ ഒരുവന്‍ ഉമയ്യയുടെ പുത്രനെ വധിച്ചു. ഇതുകണ്ട് ഞെട്ടിത്തരിച്ച് ഉമയ്യ കിടന്നട്ടഹസിച്ചു. അബ്ദുര്‍റഹ്മാന്‍ ഉമയ്യയോട് രക്ഷപ്പെടാന്‍ നിര്‍ദേശിച്ചുവെങ്കിലും നടന്നില്ല. രണ്ടുപേരെയും ജനങ്ങള്‍ കൈകാര്യം ചെയ്തു. അബ്ദുര്‍റഹ്മാന്‍ പില്‍ക്കാലത്ത് പറയുമായിരുന്നു: 'അല്ലാഹു ബിലാലിനെ അനുഗ്രഹിക്കട്ടെ, എന്റെ അങ്കികളുടെ കാര്യത്തിലും എന്റെ ബന്ദിയുടെ കാര്യത്തിലും എന്നെ അദ്ദേഹം വേദനിപ്പിച്ചു.'

ഉമര്‍തന്റെ അമ്മാവന്‍ ആസ്വ്ബിന്‍ ഹിശാമിനെ വധിച്ചു. അബൂബക്കര്‍ തന്റെ പുത്രന്‍ അബ്ദുര്‍റഹ്മാനോട് വൃത്തികെട്ടവനേ എന്റെ സ്വത്തെല്ലാം എവിടെ എന്ന് അട്ടഹസിച്ചുകൊണ്ടേറ്റുമുട്ടി.

മുശ്രിക്കുകളുടെ കരങ്ങള്‍ ബന്ധിക്കുന്നത്, നബി(സ)യുടെ കൂടാരത്തിന് മുന്നില്‍ കാവല്‍ നിന്ന് നോക്കിനില്ക്കുന്ന സഅദ്ബിന്‍ മുആദിന് തൃപ്തിയായില്ല. അദ്ദേഹത്തിന് അവര്‍ വധിക്കപ്പെടുന്നതാണ് താല്പര്യം. അദ്ദേഹത്തിന്റെ മുഖത്ത് അതിന്റെ പ്രതികരണങ്ങള്‍ കണ്ട റസൂല്‍(സ) ചോദിച്ചു: സഅദേ നിനക്ക് അവര്‍ ചെയ്യുന്നത് ഇഷ്ടപ്പെടാത്തതുപോലെ? അതെ ദൈവദൂതരേ. അദ്ദേഹം പ്രതികരിച്ചു. ഇതായിരുന്നല്ലോ അവിശ്വാസികള്‍ക്കെതിരെയുള്ള ആദ്യത്തെ വിജയം.

അസദ് ഗോത്രക്കാരന്‍ ഉകാശബീന്‍ മിഹ്സ്വന്റെ വാള് മുറിഞ്ഞപ്പോള്‍, റസൂല്‍(സ) കയ്യിലൊരു വടികൊടുത്തു പോരാടാന്‍ നിര്‍ദേശിച്ചു. അതുമായി പോരാടുമ്പോള്‍ അത് നീണ്ട പിടിയുള്ള വെട്ടിത്തിളങ്ങുന്ന മൂര്‍ച്ചയേറിയ ഒരു ഖഡ്ഗമായി പരിണമിച്ചു. അല്‍ഔന്‍ എന്ന നാമധേയത്തിലറിയപ്പെട്ടിരുന്ന ആ വാള്‍ പല യുദ്ധങ്ങളിലും ഉപയോഗിച്ചു. അവസാനം മതപരിത്യാഗികള്‍ക്കെതിരിലുള്ള യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിക്കുമ്പോഴും അത് അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു.(7)

യുദ്ധാനന്തരം മുസ്അബ് ബിന്‍ ഉമൈറിന്റെ സഹോദരന്‍ അബുല്‍അസീസ് ബിന്‍ ഉമൈറിനെ ഒരു അന്‍സ്വാരി ബന്ധിക്കുന്നത് കണ്ടപ്പോള്‍ മുസ്അബ് ഉപദേശിച്ചു. 'അവന്റെ മാതാവ് സമ്പന്നയാണ്. നിന്നില്‍നിന്ന് അവനെ അവര്‍ മോചനദ്രവ്യം നല്കി മോചിപ്പിച്ചേക്കാം.' അതുകൊണ്ട് നിന്റെ കൈകളും അവനുമായി ചേര്‍ത്തുകെട്ടുക. ഇതുകേട്ട അബൂഅസീസ് ചോദിച്ചു: 'സഹോദരാ ഇതാണോ നിന്റെ ഉപദേശം! മുസ്അബ് പ്രതികരിച്ചു. ഈ അന്‍സ്വാരിയാണ് എന്റെ സഹോദരന്‍!

ബഹുദൈവാരാധകരുടെ ജഡം 'ഖലീബ്' കിണറ്റില്‍ നിക്ഷേപിക്കുമ്പോള്‍ കൂട്ടത്തില്‍ ഉത്ബയേയും വലിച്ചുകൊണ്ടുപോയപ്പോള്‍ അദ്ദേഹത്തിന്റെ പുത്രന്‍ അബൂഹുദൈഫയുടെ മുഖം മങ്ങുന്നത് റസൂല്‍(സ) കണ്ടു. അവിടുന്നു ചോദിച്ചു: 'നിനക്ക് പിതാവിന്റെ അവസ്ഥയില്‍ ദുഃഖമുണ്ടോ?'. 'ഇല്ല ഒരിക്കലുമില്ല ദൈവദൂതരേ!' അദ്ദേഹം പറഞ്ഞു. പക്ഷെ എന്റെ പിതാവ് ബുദ്ധിയും വിവേകവും അഭിപ്രായവുമുള്ള ആളായിട്ടായിരുന്നു ഞാന്‍ കരുതിയിരുന്നത്. അതിനാല്‍ അദ്ദേഹം ഇസ്ലാം ആശ്ളേഷിക്കുമെന്നായിരുന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ, അദ്ദേഹത്തിന് ഈ അവസ്ഥ വന്നു കണ്ടപ്പോള്‍ എനിക്ക് പ്രയാസം തോന്നിയെന്ന് മാത്രം. ഇതുകേട്ടപ്പോള്‍ നബി(സ) അദ്ദേഹത്തിന് നന്മയ്ക്കായി പ്രാര്‍ഥിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.

അങ്ങനെ യുദ്ധം മുസ്ലിംകളുടെ പൂര്‍ണവിജയത്തിലും മുശ്രിക്കുകളുടെ ദയനീയ പരാജയത്തിലും കലാശിച്ചു. മുസ്ലിംകളുടെ പക്ഷത്തുനിന് പതിനാലു പേര്‍ ഇതില്‍ രക്തസാക്ഷിത്വം വരിച്ചു. ആറ് മുഹാജിറുകളും എട്ട് അന്‍സ്വാറുകളും. മുശ്രിക്കുകളുടെ പക്ഷത്ത് എഴുപത് പേര്‍ വധിക്കപ്പെടുകയും എഴുപതുപേര്‍ ബന്ദികളാക്കപ്പെടുകയും ചെയ്തു. ഇവരിലധികവും നേതാക്കളും പ്രമുഖരുമായിരുന്നു. യുദ്ധാനന്തരം വധിക്കപ്പെട്ടവരെ നോക്കി റസൂല്‍(സ) പറഞ്ഞു: 'നിങ്ങള്‍ നിങ്ങളുടെ പ്രവാചകന് എത്രമോശം ബന്ധുക്കളായിരുന്നു! ജനങ്ങള്‍ എന്നെ വിശ്വസിച്ചപ്പോള്‍ നിങ്ങള്‍ എന്നെ അവിശ്വസിച്ചു. അവരെന്നെ സഹായിച്ചപ്പോള്‍ നിങ്ങളെന്നെ കയ്യൊഴിച്ചു. അവരെനിക്ക് അഭയം നല്കിയപ്പോള്‍ നിങ്ങളെന്നെ പുറത്താക്കി! പിന്നീടവരെ 'ഖലീബ്' കിണറിലേക്ക് വലിച്ചെറിയാന്‍ നിര്‍ദേശിച്ചു. കിണറ്റിലെറിയപ്പെട്ട ഇരുപത്തിനാല് പ്രമുഖരുടെ ജഡത്തിന് സമീപം നിന്ന് അവരോരോരുത്തരേയും പിതാവിന്റെ പേരുചേര്‍ത്ത് വിളിച്ച് പ്രവാചകന്‍ പറഞ്ഞു: അല്ലാഹുവിനേയും അവന്റെ ദൂതനേയും അനുസരിച്ചിരുന്നുവെങ്കില്‍ അതായിരുന്നു നന്നായിരുന്നതെന്ന് തോന്നുന്നില്ലേ? ഞങ്ങള്‍ക്ക് ഞങ്ങളുടെ നാഥന്‍ വാഗ്ദാനം ചെയ്തത് പുലര്‍ന്നിരിക്കുന്നു. നിങ്ങളോട് നിങ്ങളുടെ നാഥന്‍ വാഗ്ദാനം ചെയ്തത് സത്യമായി പുലര്‍ന്നുവോ? ഇതുകേട്ട ഉമര്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ! മരണപ്പെട്ട ജഡങ്ങളോടാണോ അങ്ങ് സംസാരിക്കുന്നത്? അപ്പോള്‍ റസൂല്‍(സ) പറഞ്ഞു: 'മുഹമ്മദിന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ തന്നെ സത്യം! ഞാന്‍ പറയുന്നത് അവര്‍ കേള്‍ക്കുന്നതിനേക്കാള്‍ നന്നായി കേള്‍ക്കുന്നവരല്ല നിങ്ങള്‍. പക്ഷെ, അവര്‍ക്ക് മറുപടി പറയാന്‍ കഴിയില്ലെന്ന് മാത്രം.

മക്കയുടെ പ്രതികരണം
നിന്ദിതരും ലജ്ജിതരുമായി മുശ്രിക്കുകള്‍ പല കൈവഴികളിലൂടെ മക്കയില്‍ ചേക്കേറി. പരാജയവാര്‍ത്തയുമായി ആദ്യം മക്കയിലെത്തിയത് ഖുസാഅ ഗോത്രക്കാരന്‍ ഹൈസുമാന്‍ബിന്‍ അബ്ദുല്ലയാണ്. അദ്ദേഹം വധിക്കപ്പെട്ടവരുടെ നിരയില്‍ ഉത്ബ, റബീഅ, ശൈബ, അബുല്‍ഹകം, ഉമയ്യ എന്നീ പ്രമുഖരുടെ പേരുകള്‍ എണ്ണിയപ്പോള്‍ അവരത് ആദ്യം വിശ്വസിച്ചില്ല. അദ്ദേഹത്തെ പരിശോധിക്കാനായി അവര്‍ കഅബയുടെ ഹിജ്റില്‍ ഇരിക്കുകയായിരുന്ന സ്വഫ്വാന്‍ ബിന്‍ ഉമയ്യക്കെന്തുപറ്റി എന്ന് അന്വേഷിച്ചു. അദ്ദേഹം ഹിജ്റില്‍ ഇരിക്കുന്നതായി ഹൈസുമാന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അവിശ്വസനീയമായി തോന്നിയ സത്യം അവര്‍ പയ്യെ പയ്യെ അംഗീകരിച്ചു. സ്വഫ്വാന്റെ പിതാവും സഹോദരനും വധിക്കപ്പെട്ടതായി താന്‍ കണ്ടുവെന്ന് ഹൈസുമാന്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

അബൂലഹബ് ബദറില്‍ പങ്കെടുത്തിരുന്നില്ല. കഅബയുടെ സമീപം ഇരിക്കുകയായിരുന്ന അദ്ദേഹത്തെ യുദ്ധവാര്‍ത്തയുമായി അബൂസുഫ്യാന്‍ സമീപിച്ചു. യുദ്ധത്തില്‍ മലക്കുകളുടെ സാന്നിധ്യവും സേവനവും മുസ്ലിംകള്‍ക്ക് ലഭിച്ചത് അദ്ദേഹം പറഞ്ഞപ്പോള്‍ സ്വയം നിയന്ത്രിക്കാനാവാതെ അടുത്തുണ്ടായിരുന്ന അബൂറാഫി എന്ന ദുര്‍ബലനായ വിശ്വാസിയെ പൊതിരെ തല്ലി. അദ്ദേഹം മലക്കുകളുടെ സാന്നിധ്യത്തില്‍ സന്തോഷം രേഖപ്പെടുത്തിയതായിരുന്നു കാരണം. ഇത് കണ്ട് സഹിക്കാനാവാതെ ഉമ്മുല്‍ഫദ്ല്‍ എന്ന മുസ്ലിംവനിത ഒരു വലിയ വടിയെടുത്ത് അബൂലഹബിന്റെ തലക്കടിച്ച് മുറിവേല്‍പ്പിച്ചു. അതിനുശേഷം അബൂലഹബ് ഏഴ് നാള്‍ മാത്രമാണ് ജീവിച്ചത്. അവന്‍ വസൂരി ബാധിച്ച് ശരീരമാസകലം ചീഞ്ഞുപൊട്ടി ആര്‍ക്കും അടുക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തി. മക്കള്‍പോലും കയ്യൊഴിച്ചു. മൂന്നുദിവസം ജഡം മറമാടാതെ അവിടെ കിടന്നു അവസാനം ഒരു കുഴിയിലേക്ക് വടികൊണ്ട് തോണ്ടിയെറിഞ്ഞ് അകലെനിന്ന് കല്ലിട്ട് മൂടിക്കളഞ്ഞു.

കനത്ത ദുഃഖവും പ്രയാസവും സമ്മാനിച്ച ഈ സംഭവത്തില്‍ മക്കക്കാരുടെ മനസ്സ് നീറി. വധിക്കപ്പെട്ട ബന്ധുക്കളുടെ കാര്യമോര്‍ത്ത് അവര്‍ ഉറക്കമൊഴിച്ചു. പക്ഷെ, അവരുടെ സമ്പ്രദായമനുസരിച്ചുള്ള മരിച്ചവരുടെ പേരിലുള്ള വിലാപം തീര്‍ത്തും വിരോധിച്ചു. അതും മുസ്ലിംകളുടെ ആഹ്ളാദത്തിന് പ്രേരകമായേക്കുമോ എന്ന ആശങ്കയായിരുന്നു കാരണം.

മദീനയുടെ ആഹ്ളാദം
വിജയവാര്‍ത്ത എത്രയുംവേഗം മദീനയിലെത്തിക്കാന്‍ റസൂല്‍(സ) രണ്ടുപേരെ മദീനയിലേക്കയച്ചു. അബ്ദുല്ലാഹിബ്നു റവാഹയും സൈദ്ബിന്‍ ഹാരിഥയുമായിരുന്നു ഇതിനുവേണ്ടി നിയുക്തരായവര്‍ ഇവര്‍ മദീനയുടെ രണ്ടു ഭാഗങ്ങളിലായി സഞ്ചരിച്ചു. പക്ഷെ, ഇതിനുമുമ്പേ ജൂതന്മാരും കപടവിശ്വാസികളും അവിടങ്ങളില്‍ ഊഹാപോഹങ്ങളും കളവുകളും പ്രചരിപ്പിച്ചുകഴിഞ്ഞിരുന്നു. പ്രവാചകന്‍ വധിക്കപ്പെട്ടുവെന്ന് വരെ അവര്‍ പ്രചരിപ്പിച്ചു. സൈദ്ബിന്‍ ഹാരിഥ പ്രവാചകന്റെ ഖസ്വവാഅ് എന്ന ഒട്ടകപ്പുറത്തേറി ചുറ്റുന്നത് കണ്ടപ്പോള്‍ അവര്‍ ഉറപ്പിച്ചു പ്രവാചകന്‍ വധിക്കപ്പെട്ടതുതന്നെയെന്ന്. അവസാനം രണ്ടുപേരും യാഥാര്‍ഥ്യം വിശദീകരിച്ചു അവരെ ബോധ്യപ്പെടുത്തിയപ്പോള്‍ അവിടെ ആരവങ്ങള്‍ മുഴങ്ങി. തക്ബീറും തഹ്ലീലും അന്തരീക്ഷത്തെ പ്രകമ്പിതമാക്കി. മദീനയിലുണ്ടായിരുന്ന മുസ്ലിം നേതാക്കള്‍ റസൂല്‍(സ)യേയും അനുയായികളെയും സ്വീകരിക്കാനായി പുറപ്പെട്ടു.

ഉസാമ പറയുന്നു: 'പ്രവാചകപുത്രിയും ഉസ്മാന്‍ബിന്‍ അഫ്ഫാന്റെ സഹധര്‍മിണിയുമായ റുഖിയയെ ഖബറടക്കുന്ന സന്ദര്‍ഭത്തിലാണ് ഞങ്ങളെത്തേടി വിജയവാര്‍ത്ത എത്തുന്നത്. എന്നോടും ഉസ്മാനുബ്നു അഫ്ഫാന്റെ കൂടെ നില്ക്കാന്‍ പ്രവാചകന്‍ കല്പിച്ചതായിരുന്നു.

സൈന്യം മദീനയിലേക്ക് മടങ്ങുന്നു
മുശ്രിക്കുകള്‍ യുദ്ധക്കളം വിട്ടോടിയെങ്കിലും നബി(സ)യും അനുചരന്മാരും മൂന്നുദിവസവുംകൂടി അവിടെത്തങ്ങി. ഇതിന്നിടെ സൈന്യങ്ങള്‍ക്കിടയില്‍ സമരാര്‍ജിത സമ്പത്തിന്റെ അവകാശക്കാര്യത്തില്‍ അഭിപ്രായഭിന്നത ഉടലെടുത്തു. യുദ്ധത്തില്‍ പലനിലയ്ക്ക് പങ്കുവഹിച്ച ഓരോ വിഭാഗവും തങ്ങളാണ് അതിന്റെ യഥാര്‍ഥ അവകാശികളെന്ന് വാദിച്ചു. ഉബാദത്തുബ്നു ഥാബിത് ഈ സംഭവം വിവരിക്കുന്നു: 'യുദ്ധം അവസാനിച്ചപ്പോള്‍ ഞങ്ങളുടെ കൂട്ടത്തിലെ ചിലര്‍ ശത്രുവിനെ തുരത്തുകയും മറ്റുള്ളവര്‍ സമരാര്‍ജിത സമ്പത്ത് ശേഖരിക്കുകയും മൂന്നാമതൊരു വിഭാഗം പ്രവാചകന് ചുറ്റും കാവല്‍ നില്ക്കുകയും ചെയ്തു. രാത്രിയായപ്പോള്‍ ഈ മൂന്നുവിഭാഗവും തമ്മില്‍ അകവാശത്തര്‍ക്കമായി. അത് ശേഖരിച്ചവര്‍ പറഞ്ഞു: 'ഞങ്ങളാണ് അത് ശേഖരിച്ചത് അതിനാല്‍ മറ്റാര്‍ക്കും ഇതില്‍ അവകാശമില്ല. ശത്രുവിനെ തുരത്താന്‍ പിറകെ പോയവര്‍ പറഞ്ഞു: നിങ്ങള്‍ക്ക് ഞങ്ങളേക്കാളുമധികം ഒരര്‍ഹതയുമതിനില്ല ഞങ്ങളാണ് ശത്രുവിനെ തുരത്തിയതും പരാജയപ്പെടുത്തിയതുമെല്ലാം.' പ്രവാചകനെ ശത്രുക്കളില്‍നിന്ന് സംരക്ഷിച്ചു കൊണ്ടിരുന്നവര്‍ പറഞ്ഞു: ഞങ്ങള്‍ പ്രവാചകനെ ശത്രുക്കള്‍ അപായപ്പെടുത്തുന്നതില്‍നിന്ന് സംരക്ഷിച്ച് നിന്നതു കാരണമാണ് മറ്റു കാര്യങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത്.'' ഈ സന്ദര്‍ഭത്തില്‍ യുദ്ധമുതലുകളുടെ കാര്യത്തിലുള്ള തീരുമാനം അല്ലാഹു അറിയിക്കുകയുണ്ടായി.

"(നബിയേ) നിന്നോടവര്‍ യുദ്ധത്തില്‍ നേടിയ സ്വത്തുക്കളെപ്പറ്റി ചോദിക്കുന്നു. പറയുക. യുദ്ധത്തില്‍ നേടിയ സ്വത്തുക്കള്‍ അല്ലാഹുവിനും റസൂലിനുമുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും നിങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവേയും റസൂലിനേയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക.'' (8:1)(8)

മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം സൈന്യം ബന്ദികളോടും യുദ്ധത്തില്‍ ലഭിച്ച സമ്പത്തുകളോടുമൊപ്പം മദീനയിലേക്ക് നീങ്ങി. യുദ്ധമുതലുകളുടെ മേല്‍നോട്ടം അബ്ദുല്ലാഹിബ്നുകഅബിനെ ഏല്പിച്ചു. വഴിമധ്യേ അസ്സ്വഫ്റാ താഴ്വരയിലെത്തിയപ്പോള്‍ ഒരു കുന്നിന്‍പുറത്ത് താവളമടിച്ച് യുദ്ധമുതലുകള്‍ മുസ്ലിംകള്‍ക്കിടയില്‍ തുല്യമായി വിഭജിച്ചു. അതിലൊന്ന് പ്രവാചകന്‍ എടുക്കുകയും ചെയ്തു.

സ്വഫ്റായില്‍വെച്ച് നള്റുബ്നു ഹാരിഥിനെ വധിക്കാന്‍ പ്രവാചകന്‍ കല്പിച്ചു. ഇദ്ദേഹം മുസ്ലിംകളുടെ കഠിനശത്രുവും റസൂല്‍(സ) യെ കഠിനമായി ദ്രോഹിച്ചവനുമായിരുന്നു. ശത്രുസൈന്യത്തിന്റെ പതാകവാഹകനും ഇദ്ദേഹം തന്നെയായിരുന്നു. അലി(റ)വിന്റെ ഖഡ്ഗമാണ് അവന്റെ കഥ കഴിച്ചത്. ഇര്‍ഖുള്വുബിയ്യ എന്ന സ്ഥലത്തെത്തിയപ്പോള്‍ ഉഖ്ബത്ബിന്‍ അബീ മുഐതിനേയും വധിക്കാനുള്ള ഉത്തരവ് വന്നു. ഇവനാണ് നബി തിരുമേനിയുടെ ശിരസില്‍ ഒട്ടകത്തിന്റെ കുടല്‍മാല ചാര്‍ത്തിയതും കഴുത്തില്‍ വസ്ത്രം മുറുക്കി വധിക്കാന്‍ ശ്രമിച്ചതുമെല്ലാം. ഈ സന്ദര്‍ഭത്തില്‍ ഉഖ്ബ ചോദിച്ചു. 'മുഹമ്മദ് എന്റെ മക്കള്‍ക്കാരാണുണ്ടാവുക?' 'നരകം' എന്ന മറുപടിയിലൊതുക്കി പ്രവാചകന്‍. ആസ്വിമുബിന്‍ ഥാബിത് ആണ് ഇദ്ദേഹത്തെ വധിച്ചത്. അലിയാണെന്ന ഒരഭിപ്രായവുമുണ്ട്.

ഈ രണ്ടു ദുഷ്ടന്മാരുടെ വധം ഒരനിവാര്യാവശ്യമായിരുന്നു. ഇവര്‍ കേവലം യുദ്ധബന്ദികള്‍ മാത്രമായിരുന്നില്ല. പ്രത്യുത ആധുനിക ഭാഷയിലെ യുദ്ധകുറ്റവാളികളായിരുന്നു.

പ്രവാചകനും സൈന്യവും റൌഹാഇലെത്തിയപ്പോള്‍ അവരെ സ്വീകരിക്കാനായി മദീനയില്‍നിന്ന് പുറപ്പെട്ടവരെ കണ്ടുമുട്ടുകയുണ്ടായി. അവര്‍ ഇവരെ ആവേശാഹ്ളാദത്തോടെ എതിരേറ്റു. ഉസൈദ്ബിന്‍ ഹുളൈര്‍ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ! താങ്കള്‍ക്ക് കണ്‍കുളിര്‍മ നല്കുന്ന വിജയം നല്കിയ അല്ലാഹുവിന് സ്തുതി! അല്ലാഹുവിന്റെ ദൂതരേ! താങ്കള്‍ ശത്രുവുമായി ഏറ്റുമുട്ടാനല്ല. പ്രത്യുത, കച്ചവടസംഘത്തെ പിടികൂടാനാണ് പുറപ്പെടുന്നതെന്ന് ധരിച്ചാണ് ഞാന്‍ കൂടെ പോരാതിരുന്നത്. ഒരു യുദ്ധത്തിനാണ് പുറപ്പെടുന്നതെന്നറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും പിന്‍മാറുമായിരുന്നില്ല.'' റസൂല്‍(സ) പ്രതികരിച്ചു. 'താങ്കള്‍ പറഞ്ഞത് സത്യമാണ്.'

ജേതാവായി മദീനയിലെത്തിയ റസൂല്‍(സ)യെ മദീനയിലെയും മദീനയ്ക്ക് ചുറ്റുപാടുള്ള പ്രദേശങ്ങളിലെയും ശത്രുക്കളെല്ലാം ഭയന്നു. ഒട്ടനവധി മദീനക്കാര്‍ ഈ സന്ദര്‍ഭത്തില്‍ ഇസ്ലാം ആശ്ളേഷിച്ചു. ഇക്കൂട്ടത്തിലാണ് കപടവിശ്വാസികളുടെ നേതാവ് അബ്ദുല്ലാഹിബനു ഉബയ്യ് തന്റെ അനുയായികളോടുകൂടി ഇസ്ലാമില്‍ പ്രവേശിച്ചത്.

മദീനയിലെത്തി ഒരു ദിവസം കഴിഞ്ഞു. ബന്ദികളെയെല്ലാം സ്വഹാബികള്‍ക്കിടയില്‍ വിഭജിച്ചു. അവരോട് നല്ല നിലയില്‍ വര്‍ത്തിക്കണമെന്ന് അവിടുന്ന് ശിഷ്യന്മാരെ ഉപദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വയം ഈത്തപ്പഴം മാത്രം കഴിച്ചു പശിയടക്കിയ അവര്‍ തങ്ങളുടെ ബന്ദികള്‍ക്ക് റൊട്ടി സമ്മാനിക്കുകയുണ്ടായി.

ബന്ദികളുടെ പ്രശ്നം
മദീനയിലെത്തിയതോടെ നബി(സ) ബന്ദികളുടെ പ്രശ്നം അനുയായികളുമായി ചര്‍ച്ച ചെയ്തു. അബൂബക്കര്‍ തന്റെ അഭിപ്രായം ഇങ്ങനെ രേഖപ്പെടുത്തി. അല്ലാഹുവിന്റെ ദൂതരേ! ഇവരെല്ലാം നമ്മുടെ പിതൃവ്യപുത്രന്മാരും ബന്ധുക്കളും സഹോദരങ്ങളുമാണല്ലോ. അവരില്‍നിന്നെല്ലാം മോചനദ്രവ്യം വാങ്ങി വിട്ടയക്കണമെന്നാണ് എന്റെ അഭിപ്രായം. ഈ സമ്പത്ത് അവിശ്വാസികള്‍ക്കെതിരെ നമുക്കൊരു മുതല്‍ക്കൂട്ടാകും. അല്ലാഹു താങ്കള്‍ മുഖേന അവര്‍ക്ക് മാര്‍ഗദര്‍ശനം ചെയ്തുവെന്നും വന്നേക്കാം.' പിന്നീട് ഉമറിനെ വിളിച്ച് അദ്ദേഹത്തിന്റെ അഭിപ്രായവും അവിടുന്നാരാഞ്ഞു. ഉമര്‍ അദ്ദേഹത്തിന്റെ സുദൃഢമായ അഭിപ്രായം രേഖപ്പെടുത്തി. അല്ലാഹുവിന്റെ റസൂലേ, അബൂബക്കറിന്റെ അഭിപ്രായമെനിക്കില്ല. എന്റെ അഭിപ്രായം എന്റെ ബന്ധുവായ ഈ ആളെ എനിക്ക് വധിക്കാന്‍ വിട്ടുതരിക, അബൂത്വാലിബിന്റെ പുത്രന്‍ അഖീലിനെ വധിക്കാന്‍ അലിയെ ഏല്പിക്കുക, ഹംസയ്ക്ക് തന്റെ ബന്ധത്തില്‍പ്പെട്ട ഒരാളെ ഏല്പിച്ചുകൊടുക്കുക. ഓരോരുത്തരും അവരെയെല്ലാം വധിക്കട്ടെ, അങ്ങനെ മുശ്രിക്കുകളോട് നമ്മുടെ മനസ്സുകളില്‍ ഒരു അനുകമ്പയുമില്ലെന്ന് അല്ലാഹു അറിയട്ടെ. 'പക്ഷെ, റസൂല്‍(സ)ക്ക് അബൂബക്കര്‍(റ)വിന്റെ അഭിപ്രായത്തോടായിരുന്നു അനുഭാവം. അതിന്റെ അടിസ്ഥാനത്തില്‍ ബന്ദികളില്‍നിന്ന് മോചനദ്രവ്യം സ്വീകരിക്കുകയും ചെയ്തു. പിറ്റേന്ന് ഉമര്‍ നബി(സ) യേയും അബൂബക്കര്‍(റ)വിനെയും സമീപിച്ചപ്പോള്‍ അവര്‍ രണ്ടുപേരും ഇരുന്നു കരയുന്നത് കണ്ടു. അന്വേഷിച്ചപ്പോള്‍ ബന്ദികളുടെ കാര്യത്തില്‍ സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ച് അവതരിച്ച ക്വുര്‍ആന്‍ സൂക്തമായിരുന്നു കാരണം.
"ഒരു പ്രവാചകനും (ശത്രുക്കളെ കീഴടക്കി) നാട്ടില്‍ ശക്തിസ്ഥാപിക്കുന്നതുവരെ യുദ്ധത്തടവുകാരുണ്ടായിരിക്കുവാന്‍ പാടില്ല. നിങ്ങള്‍ ഇഹലോകത്തെ ക്ഷണികമായ നേട്ടം കാംക്ഷിക്കുന്നു. അല്ലാഹുവാകട്ടെ, പരലോകത്തേയും ഉദ്ദേശിക്കുന്നു. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു വിധി മുന്‍കൂട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ നിങ്ങള്‍ ആ വാങ്ങിയതിന്റെ പേരില്‍ നിങ്ങളെ വമ്പിച്ച ശിക്ഷ ബാധിക്കുക തന്നെ ചെയ്യുമായിരുന്നു.'' (8:67, 68)

ഇവിടെ മുന്‍കൂട്ടി നടന്ന വിധികൊണ്ട് ഉദ്ദേശിക്കുന്നത് വിശുദ്ധ ക്വുര്‍ആന്‍ പരാമര്‍ശിച്ച "എന്നിട്ട് (അവരോട്) ദാക്ഷിണ്യം കാണിക്കുകയോ അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക.'' (47:4) എന്ന കാര്യമാണ്. ഈ സൂക്തത്തില്‍ ബന്ദികളില്‍നിന്ന് മോചനമൂല്യം വാങ്ങാനുള്ള നിര്‍ദേശമുണ്ടായിരുന്നു. അതിനാല്‍ മാത്രമാണ് അവര്‍ ശിക്ഷിക്കപ്പെടാതിരുന്നത്. പിന്നെ എന്തിന്റെ പേരിലാണ് ആക്ഷേപിക്കപ്പെട്ടത്? അത് ഭൂമിയില്‍ അധികാരം സ്ഥാപിക്കുന്നതിന് മുമ്പ് ബന്ദികളെ വെച്ചതിനാണ്. ശത്രുക്കളെ നശിപ്പിക്കാതെ മോചനമൂല്യം വാങ്ങി സ്വതന്ത്രരാക്കുന്നത് ആത്മഹത്യാപരമാണെന്ന് ഉണര്‍ത്തുകയുമാണ്. ഇവിടെ മോചനമൂല്യം വാങ്ങി സ്വതന്ത്രരാക്കിയ ബന്ദികളാകട്ടെ ഇവര്‍ കേവലം യുദ്ധത്തടവുകാരുമല്ല പ്രത്യുത, യുദ്ധക്കുറ്റവാളികള്‍ തന്നെയാണ്. ഇവരെ ആധുനിക നിയമംപോലും വധാര്‍ഹരോ ആജീവനാന്ത ജയില്‍വാസത്തിനര്‍ഹരോ ആയിട്ടാണ് കാണുന്നത്.

മോചനമൂല്യം ഓരോരുത്തരില്‍നിന്നും ഈടാക്കിയത് നാലായിരം, മൂവ്വായിരം, ആയിരം എന്നിങ്ങനെയായിരുന്നു. മോചനദ്രവ്യം നല്കാന്‍ കഴിയാത്തവരോട് മദീനയിലെ പത്തുപേര്‍ക്ക് വീതം എഴുത്ത് പഠിപ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ചിലരെയെല്ലാം ഔദാര്യമായും വിട്ടയച്ചു. മുത്വലിബ് ബിന്‍ ഹന്‍ത്വബ്, സ്വൈഫീയ്ബിന്‍ അബീറിഫാഅ, അബൂഉസ്സത്തുല്‍ ജംഹി-ഇദ്ദേഹം പിന്നീട് ഉഹ്ദ് യുദ്ധത്തില്‍ പിടിക്കപ്പെട്ടശേഷം വധിക്കപ്പെട്ടു-എന്നിവരാണവര്‍. പ്രവാചകന്റെ പുത്രി സൈനബിന്റെ ഭര്‍ത്താവ് അബുല്‍ആസ്വിനെ ചില വ്യവസ്ഥകള്‍ക്ക് വിധേയമായി വിട്ടയച്ചു. ഭര്‍ത്താവിനെ മോചിപ്പിക്കാന്‍ മക്കയില്‍നിന്ന് സൈനബ് കൊടുത്തുവിട്ട ദ്രവ്യങ്ങളുടെ കൂട്ടത്തില്‍ ഒരു മാലയുണ്ടായിരുന്നു. ഇത് ഖദീജയുടേതായിരുന്നു. അബുല്‍ ആസ്വുമായുള്ള വിവാഹദിനത്തില്‍ അവര്‍ അത് സൈനബിന് സമ്മാനിച്ചതായിരുന്നു. ആ മാല കണ്ടപ്പോള്‍ പ്രവാചകന്റെ മനസ്സലിഞ്ഞു. അവിടുന്ന് തന്റെ സഹചരന്മാരോട് അബുല്‍ ആസ്വിനെ സ്വതന്ത്രമാക്കാന്‍ അപേക്ഷിച്ചു. അവര്‍ ആ അപേക്ഷ സ്വീകരിച്ചു. പക്ഷെ, അബുല്‍ ആസ്വിനോട് പ്രവാചകന്‍ സൈനബിനെ മക്കയില്‍നിന്ന് മദീനയിലേക്ക് വിടണമെന്ന് വ്യവസ്ഥ ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ പ്രവാചകന്‍ സൈദ്ബിന്‍ ഹാരിഥയേയും മറ്റൊരു അന്‍സ്വാരിയേയും പറഞ്ഞുവിട്ട് സൈനബിനെ മദീനയില്‍ എത്തിച്ചു.

ബന്ദികളുടെ കൂട്ടത്തില്‍ ഉജ്വലപ്രഭാഷകനായിരുന്ന സുഹൈല്‍ബിന്‍ അംറുമുണ്ടായിരുന്നു. അദ്ദേഹം മോചിതനാകുന്നത് ഇഷ്ടപ്പെടാത്ത ഉമര്‍ പ്രവാചകനോട് പറഞ്ഞു: 'തിരുദൂതരേ! സുഹൈലിന്റെ മുന്‍നിരയിലെ രണ്ട് പല്ലുകള്‍ തട്ടിക്കളഞ്ഞാലും. എന്നാല്‍ ഇനിയൊരിക്കലും അദ്ദേഹം അങ്ങേക്കെതിരില്‍ വാചാലനാവുകയില്ല.' പക്ഷെ, നബിതിരുമേനി ഈ അപേക്ഷ നിരസിക്കുകയുണ്ടായി. അവിടുന്ന് പ്രതിവചിച്ചു: 'അന്ത്യനാളില്‍ എന്നെയും അതുപോലെ അംഗഭംഗം വരുത്തുന്നത് ഞാന്‍ ഭയപ്പെടുന്നു.''

ഉംറ നിര്‍വഹിക്കാന്‍ ചെന്ന സഅദ്ബിന്‍ നുഅ്മാനെ അബൂസുഫ്യാന്‍ തടഞ്ഞുവെച്ചു. ബന്ദികളുടെ കൂട്ടത്തിലുണ്ടായിരുന്ന അബൂസുഫ്യാന്റെ പുത്രന്‍ അംറിനെ മോചിതനാക്കാമെന്ന വ്യവസ്ഥയില്‍ സഅ്ദിനെ പിന്നീട് സ്വതന്ത്രനാക്കി.

ബദ്ര്‍ യുദ്ധം ക്വുര്‍ആനില്‍:

വിശുദ്ധ ക്വുര്‍ആനിലെ എട്ടാമത്തെ അധ്യായം അല്‍അന്‍ഫാല്‍ (സമരാര്‍ജിത സ്വത്തുക്കള്‍)ബദ്ര്‍ യുദ്ധത്തെ സംബന്ധിച്ച് അവതരിച്ച അധ്യായമാണ്-ഈ അധ്യായം ഈ യുദ്ധത്തിന് ദൈവികമായ ഒരു അടിക്കുറിപ്പാണ്. (ഇങ്ങനെ പറയാമെങ്കില്‍.)
ഒന്നാമതായി, മുസ്ലിംകളില്‍ കാണാനിടയായ ചില സ്വഭാവദൂഷ്യങ്ങള്‍ ചൂണ്ടിക്കാണിച്ച്, സമ്പൂര്‍ണതക്കാവശ്യമായ നിയമനിര്‍ദേശങ്ങള്‍ നല്കുന്നു. തുടര്‍ന്ന് ബദ്റിലെ വിജയം അല്ലാഹുവിന്റെ അദൃശ്യമായ സഹായംകൊണ്ട് ലഭിച്ചതാണെന്ന് ഉണര്‍ത്തുന്നു. മുസ്ലിംകള്‍, തങ്ങളുടെ ധീരതയും യുദ്ധതന്ത്രവും കൊണ്ടാണ് വിജയം വരിച്ചതെന്ന തോന്നലിലൂടെ അഹന്തയും അഹങ്കാരവും നാമ്പെടുക്കാതിരിക്കാനും പൂര്‍ണമായി അല്ലാഹുവില്‍ അര്‍പ്പിക്കാനുള്ള പ്രേരണയുമായിട്ടാണിത്.
റസൂല്‍(സ) ഈ യുദ്ധംകൊണ്ടുദ്ദേശിച്ച അത്യുന്നതമായ ലക്ഷ്യങ്ങളും വിജയത്തിന് സഹായമായി വര്‍ത്തിച്ച അവിടുത്തെ സ്വഭാവമൂല്യങ്ങളും മുസ്ലിംകളെ പരിചയപ്പെടുത്തുന്നു. തുടര്‍ന്ന് മുശ്രിക്കുകള്‍, കപടന്മാര്‍, ജൂതന്മാര്‍, ബന്ദികള്‍ എന്നിവരോട് സത്യമംഗീകരിക്കാന്‍ പ്രേരിപ്പിക്കുമാറ് നടത്തുന്ന ഹൃദയസ്പൃക്കായ ഉപദേശങ്ങള്‍, മുസ്ലിംകള്‍ക്ക് സമരാര്‍ജിത സമ്പത്തിനെ സംബന്ധിച്ച നിര്‍ദേശങ്ങളും നിയമങ്ങളും അടങ്ങുന്ന ഉപദേശങ്ങള്‍ എന്നിവ നല്കുന്നു. യുദ്ധത്തിന്റേയും സമാധാനത്തിന്റെയും നിയമങ്ങളും ഇസ്ലാമിന്റെ യുദ്ധവീക്ഷണവും ജാഹിലിയ്യത്തിന്റെ വീക്ഷണവും തമ്മിലുള്ള ഭിന്നത, മുസ്ലിംകള്‍ പാലിക്കേണ്ട സ്വഭാവഗുണങ്ങള്‍ എന്നിവ വിശദീകരിക്കുന്നു.

തുടര്‍ന്ന് ഇസ്ലാമിക ഭരണകൂടത്തിന്‍ കീഴില്‍ അധിവസിക്കുന്ന മുസ്ലിംകളും അല്ലാത്തവരും തമ്മിലുള്ള വ്യത്യാസം കുറിക്കുന്ന ഏതാനും നിയമപരമായ ഖണ്ഡികകളും സമര്‍പ്പിക്കുന്നു.

ഹിജ്റ രണ്ടാം വര്‍ഷം റമദാന്‍ വ്രതവും ഫിത്വര്‍ സകാത്തും നിര്‍ബന്ധമായി. ഫിത്വര്‍ സകാത്തും മറ്റുനിര്‍ബന്ധമായ സകാത്തിന്റെ കാര്യങ്ങളും വിശദീകരിച്ചത് അഭയാര്‍ഥികളായി എത്തിയ പലായനക്കാരുടെയും മറ്റും ഭാരം ലഘൂകരിക്കുകയെന്ന രൂപത്തിലായിരുന്നു.

ഏറ്റം ഹൃദ്യമായ ചിത്രം, മുസ്ലിംകള്‍ അവരുടെ ജീവിതത്തില്‍ ആദ്യമായി ആഘോഷിക്കുന്ന 'ഈദ്' (പെരുന്നാള്‍), ബദ്റിലെ നിര്‍ണായക വിജയത്തിന് ശേഷം ഹിജ്റ രണ്ടാം വര്‍ഷം ശവ്വാല്‍ മാസത്തില്‍ കടന്നുവന്ന ചെറിയ പെരുന്നാളാണ്. വിജയത്തിന്റെയും യശസ്സിന്റെയും കിരീടം ശിരസ്സില്‍ ചാര്‍ത്തി തക്ബീറുകള്‍ മുഴക്കി അല്ലാഹുവിന്റെ സഹായത്തില്‍ പ്രതീക്ഷയര്‍പ്പിച്ചുള്ള അവരുടെ ഈദ് നമസ്കാരം എന്തുമാത്രം ഹൃദ്യമായ ഒരു ചിത്രമല്ല. മുഴുവനും നഷ്ടപ്പെട്ട അവരെ അല്ലാഹു എല്ലാ ഔദാര്യവും നല്കി അനുഗ്രഹിച്ചത് അവരെ ഓര്‍മപ്പെടുത്തുന്നു. "നിങ്ങള്‍ ഭൂമിയില്‍ ബലഹീനരായി ഗണിക്കപ്പെട്ടിരുന്ന കുറച്ചുപേര്‍ മാത്രമായിരുന്ന സന്ദര്‍ഭം നിങ്ങളോര്‍ക്കുക. ജനങ്ങള്‍ നിങ്ങളെ റാഞ്ചിയെടുത്തുകളയുമെന്ന് നിങ്ങള്‍ ഭയപ്പെട്ടിരുന്നു. എന്നിട്ട് അവന്‍ നിങ്ങള്‍ക്ക് ആശ്രയം നല്കുകയും അവന്റെ സഹായംകൊണ്ട് നിങ്ങള്‍ക്ക് പിന്‍ബലം നല്കുകയും വിശിഷ്ട വസ്തുക്കളില്‍നിന്ന് നിങ്ങള്‍ക്ക് ഉപജീവനം നല്കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടി.'' (8: 26)
1. അഹ്മദിന്റെയും അബൂദാവൂദിന്റെയും റിപ്പോര്‍ട്ടുകളില്‍ ഉബൈദ,വലീദിനോടും അലി,ശൈബയോടും ഹംസ,ഉത്ബയോടും ദ്വന്ദ യുദ്ധം നടത്തിയെന്നാണ് മിശ്കാത്ത് 2:343 . ഇത് ഇബ്നു ഇസ് ഹാഖിന്റെ റിപ്പോര്‍ട്ടാണ്.

2. മുസ്ലിം 2: 139, മിശ്കാത്ത് 2: 331

3. ഈ റിപ്പോര്‍ടിനെ കുറിച്ച് ഹൈഥമി പറയുന്നത് ഇതിന്റെ പരമ്പരയിലുള്ള അബ്ദുല്‍ അസീസ്‌ ബിന്‍ ഉംറാന്‍ ദുര്‍ബലനാണ് എന്നാണ്‌. ത്വബ് രി, ഇത് ഹസനും, മുര്സലുമായ,പരമ്പരയോടെ ഉദ്ധരിച്ചിട്ടുണ്ട് വി:8:48 ന്റെ അവതരണഹേതു ഈ സംഭവങ്ങളാണെന്ന റിപ്പോട്ട്കളും സ്വീകാര്യമല്ല.(സ്വീറ ത്തുന്നബവി പേജ് 353 വിവ:)

4. ബുഖാരി 1: 444, 2:568, മിശ്കാത്ത് 2: 352

5. ഈ മുആദ് ഉഥ്മാന്‍ ബിന്‍ അഫ്ഫാന്റെ കാലം വരെ ജീവിക്കുകയുണ്ടായി.

6. ഇതിനു പുറമേ, ഹാഷിം കുടുംബമായിരുന്നു.

7. ഈ സംഭവത്തിന്റെ നിവേദക പരമ്പര തീരെ ദുര്‍ബലമായത് കാരണം സ്വീകാര്യമല്ല. പരമ്പരയിലെ നജേഹ് ബിന്‍ അബ്ദുര്‍റഹ്മാന്‍ ദുര്‍ബലനാണ്.കൂടാതെ മുര്സല്‍ അഥവാ സ്വഹാബിയെ വിട്ടു കൊണ്ടുള്ള നിവേദനവുമാണ്(അസ്സീറത്തുന്നബവി ...........പേജ് 353 നോക്കുക.വിവ)

8. അഹ്മദ് 5:323, ഹാകിം 2:326.

 


സി. സലീം സുല്ലമി വിവര്‍ത്തനം ചെയ്ത ശൈഖ് സ്വഫീഹുറഹ്മാന്‍ മുബാറക് പൂരിയുടെ 'അര്‍റഹീക്വുല്‍ മഖ്തൂം' എന്ന ഗ്രന്ഥത്തില്‍ നിന്ന്...

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH