Search

mahonnathan

JA slide show

നബി ചരിത്രം

പ്രവാചകന്‍ യുദ്ധരംഗത്തേക്ക് Print E-mail

മുസ്ലിംകള്‍ മക്കയിലെ മര്‍ദനപീഡനങ്ങളില്‍ നിന്ന് രക്ഷപ്പെട്ടു മദീനയില്‍ അഭയം തേടുകയും ഒരു സുരക്ഷിതമേഖലയായി അതിനെ കാണുകയും ചെയ്തതോടെ ക്വുറൈശികള്‍ അസ്വസ്ഥരായി. ഉടനെത്തന്നെ അവര്‍ മദീനയിലെ ഔസ്-ഖസ്റജ് ഗോത്രങ്ങളുടെയും മറ്റു ബഹുദൈവാരാധകന്മാരുടെയും പൊതുനേതാവായിരുന്ന അബ്ദുല്ലാഹിബിന്‍ ഉബയ്യ്ബ്നു സുലൂലുമായി ബന്ധപ്പെട്ടു. പ്രവാചകന്റെ പലായനം നടന്നിട്ടില്ലായിരുന്നുവെങ്കില്‍ ഇദ്ദേഹത്തെ രാജാവായി വാഴിക്കാനുള്ള പദ്ധതിയിലായിരുന്നു അവര്‍. ക്വുറൈശികള്‍ അബ്ദുല്ലാഹിബ്നു ഉബയ്യുബിന്‍സുലൂലിന് എഴുതി: "ഞങ്ങളുടെ നാട്ടില്‍നിന്ന് അഭയംതേടിയെത്തിയ മുഹമ്മദിനെ നിങ്ങള്‍ അവിടെനിന്ന് ബഹിഷ്കരിക്കാത്തപക്ഷം ഒരു വന്‍ സൈന്യത്തോടെ നിങ്ങളുമായി ഞങ്ങള്‍ ഏറ്റുമുട്ടുന്നതാണ്. നിങ്ങളുടെ സ്ത്രീകളെ ഞങ്ങള്‍ ബന്ദികളാക്കി പിടിക്കുന്നതുമാണ്.'' (1)

ഈ എഴുത്തിന്റെ അടിസ്ഥാനത്തില്‍ അബ്ദുല്ലാഹിബ്നു ഉബയ്യ് തന്റെ മക്കാ കൂട്ടുകാരുടെ കല്പന നടപ്പാക്കാന്‍ തയ്യാറായി. പ്രവാചകന്റെ ആഗമനത്തോടെ നേതൃത്വം നഷ്ടമായ പകയും അദ്ദേഹം ഉള്ളിലൊതുക്കിയിരുന്നു. അബ്ദുര്‍റഹ്മാന്‍ ബിന്‍ കഅബ് പറയുന്നു. 'ഈ വിവരം കിട്ടിയതോടെ അബ്ദുല്ലാഹിബ്നു ഉബയ്യും സഹചാരികളായ ബഹുദൈവാരാധകരും നബി(സ)ക്കെതിരില്‍ യുദ്ധം നടത്താന്‍ ഒരുങ്ങി. വിവരമറിഞ്ഞ പ്രവാചകന്‍ അവരെ സമീപിച്ചു പറഞ്ഞു: ക്വുറൈശികളുടെ ഭീഷണി നിങ്ങളെ അങ്ങേയറ്റം സ്വാധീനിച്ചിരിക്കുന്നു. നിങ്ങളുദ്ദേശിക്കുന്നതിലും വലിയ കുതന്ത്രമാണ് അത്. നിങ്ങള്‍ നിങ്ങളുടെ മക്കളോടും സഹോദരങ്ങളോടുമാണോ യുദ്ധത്തിന്നൊരുങ്ങുന്നത്? ഈ ചോദ്യം കേട്ടതോടെ അവര്‍ പിരിഞ്ഞുപോയി (2) യുദ്ധോദ്യമത്തില്‍ നിന്ന് തല്ക്കാലം അബ്ദുല്ലാഹിബ്ന്‍ ഉബയ്യ് വിരമിച്ചെങ്കിലും ക്വുറൈശികളുടെ അഭിപ്രായത്തോട് അദ്ദേഹത്തിന് യോജിപ്പായിരുന്നു. ജുതരുടെ പക്ഷത്തുചേര്‍ത്തു മുസ്ലിംകള്‍ക്കും ബഹുദൈവാരാധകര്‍ക്കുമിടയില്‍ കുഴപ്പമുണ്ടാക്കാന്‍ കിട്ടിയ അവസരങ്ങളെല്ലാം അദ്ദേഹം ഉപയോഗപ്പെടുത്തി.

പിന്നീടൊരിക്കല്‍ സഅദ്ബിന്‍ മുആദ് ഉംറ നിര്‍വഹിക്കാനായി മക്കയിലേക്ക് പുറപ്പെട്ടു. മക്കയില്‍ ഉമയ്യബ്നു ക്വലഫിന്റെ സഹകരണത്തില്‍ ഉംറ നിര്‍വഹിക്കാനായി കഅബയുടെ സമീപത്തേക്ക് നീങ്ങുമ്പോള്‍ വഴിയില്‍വെച്ച് അബൂജഹലിനെ കണ്ടുമുട്ടി. അബൂജഹല്‍ പ്രഖ്യാപിച്ചു: "നിങ്ങള്‍ മതംമാറി വന്ന ആളുകളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുകയും ഇവിടെ വന്ന് നിര്‍ഭയരായി ഉംറ നിര്‍വഹിക്കുകയും ചെയ്യുന്നു അല്ലേ,' അല്ലാഹുവാണേ, അബുസ്വഫ്വാന്റെ കൂടെയല്ലായിരുന്നു നീ ഉണ്ടായിരുന്നതെങ്കില്‍ സുരക്ഷിതനായി നീ വീട്ടിലേക്ക് മടങ്ങുമായിരുന്നില്ല. ഉടനെ സഅദ് അത്യുച്ചത്തില്‍ മറുപടി പറഞ്ഞു: നീ എന്നെ ഇവിടെ തടഞ്ഞാല്‍ ഇതിലും പ്രധാനപ്പെട്ട നിന്റെ മദീനയാത്ര ഞാനും തടയും.'' (3)

നബി(സ) സുരക്ഷാവലയത്തില്‍
ക്വുറൈശികള്‍ മദീനാ മുസ്ലിംകളെ അറിയിച്ചു. 'നിങ്ങള്‍ ഇവിടെനിന്ന് രക്ഷപ്പെട്ടു മദീനയില്‍ അഭയം തേടിയാലും നിങ്ങളെ ഞങ്ങള്‍ വെറുതെ വിടാന്‍ പോകുന്നില്ല.' ഇത് കേവലമൊരു ഭീഷണിയിലൊതുങ്ങിയില്ല. പ്രത്യുത, പ്രവാചകനും അനുയായികള്‍ക്കുമെതിരെ ക്വുറൈശികള്‍ പലവിധ കുതന്ത്രങ്ങളും ആവിഷ്കരിച്ചു. ഇതുകാരണം അവിടുത്തേക്ക് ഉറങ്ങാന്‍ കഴിയാതായി. ആഇശ(റ) പറയുന്നു: "മദീനയില്‍ വന്ന ഉടനെ നബി(സ) ഒരു രാത്രി പൂര്‍ണമായി ഉറക്കൊഴിച്ചു. അവിടുന്ന് പറഞ്ഞു: ഒരു നല്ല മനുഷ്യനെ എന്റെ സഹചരന്മാരില്‍ എനിക്ക് കാവല്‍നില്ക്കാന്‍ ലഭിച്ചിരുന്നെങ്കില്‍! ഞങ്ങള്‍ ഇത് സംസാരിക്കുന്നതിന്നിടയില്‍ ആയുധങ്ങള്‍ കിലുങ്ങുന്ന ശബ്ദം കേള്‍ക്കുകയുണ്ടായി. ഉടനെ അതാരാണെന്ന് അന്വേഷിച്ചപ്പോള്‍ സഅദ്ബിന്‍ അബീവഖ്ഖാസ് ആയിരുന്നു. എന്താണ് ഇപ്പോള്‍ വന്നത്? അല്ലാഹുവിന്റെ ദൂതരുടെ കാര്യത്തില്‍ എനിക്ക് ഭയം തോന്നിയപ്പോള്‍ അങ്ങേയ്ക്ക് കാവല്‍ നില്ക്കാന്‍ വേണ്ടി വന്നതാണ്. അദ്ദേഹം പറഞ്ഞു. റസൂല്‍(സ) അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിക്കുകയും ശാന്തമായി ഉറങ്ങുകയും ചെയ്തു. (4) ഈ പാറാവ് അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരുന്നു. അവസാനം, അല്ലാഹു: 'ജനങ്ങളില്‍നിന്ന് അല്ലാഹു താങ്കളെ സംരക്ഷിക്കുന്നതാണ്'' (5:67) എന്ന ക്വുര്‍ആന്‍ സൂക്തം അവതരിപ്പിച്ചു. ഉടനെ റസൂല്‍(സ) പ്രഖ്യാപിച്ചു. "ജനങ്ങളേ നിങ്ങള്‍ പിരിഞ്ഞുപോകൂ, അല്ലാഹു എന്നെ സംരക്ഷിക്കുന്നതാണ്.'' (5)
ഈ ഭീഷണി റസൂല്‍(സ)യില്‍ മാത്രം പരിമിതമായിരുന്നില്ല, ശിഷ്യന്മാരെല്ലാം രാത്രി കഴിച്ചുകൂട്ടിയിരുന്നത് ആയുധധാരികളായിട്ടായിരുന്നു.

യുദ്ധാനുമതി
ക്വുറൈശികളുടെ ധിക്കാരപരമായ നിലപാടില്‍നിന്ന് അവര്‍ വിരമിക്കാന്‍ തയ്യാറില്ലാതിരിക്കുകയും മുസ്ലിംകളുടെ നട്ടെല്ലൊടിക്കുന്ന അപകടകരമായ സാഹചര്യം നിലനില്ക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ വിശ്വാസികള്‍ക്ക് അല്ലാഹു പ്രത്യാക്രമണത്തിനുള്ള അനുമതി നല്കി.
"യുദ്ധത്തിനിരയാകുന്നവര്‍ക്ക് അവര്‍ മര്‍ദിതരായതിനാല്‍ (തിരിച്ചടിക്കാന്‍) അനുവാദം നല്കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു.'' (22:39).

യുദ്ധാനുമതി അതിന്റെ പ്രാരംഭദശയില്‍ ക്വുറൈശികള്‍ക്കെതിരെ മാത്രമായിരുന്നു. പക്ഷെ, സ്ഥിതിഗതികള്‍ മാറിവന്നതോടെ യുദ്ധത്തിനുള്ള കല്പന നിര്‍ബന്ധമാവുകയും ക്വുറൈശികളില്‍നിന്ന് ഇതരരിലേക്ക് കൂടി നീങ്ങുകയും ചെയ്തു. യുദ്ധത്തിന്റെ ഈ ഘട്ടങ്ങള്‍ താഴെ:

1. ക്വുറൈശികളായ ബഹുദൈവാരാധകരോട്, മുസ്ലിംകളോട് യുദ്ധംചെയ്യുന്നവരെന്ന നിലയ്ക്ക് യുദ്ധം ചെയ്യുകയും അവരുടെ സമ്പത്ത് പിടിച്ചെടുക്കുകയും ചെയ്യുക. കാരണം ഇവരാണ് ഒന്നാമതായി ശത്രുത ആരംഭിച്ചത്. മറ്റുള്ള ബഹുദൈവാരാധകരോട് ഈ നിലപാട് പാടില്ല.
2. ക്വുറൈശികളോട് ഐക്യപ്പെട്ടുകൊണ്ട് മുസ്ലിംകള്‍ക്കെതിരെ അക്രമത്തിന് മുതിരുന്ന മറ്റു ബഹുദൈവാരാധകര്‍ക്കെതിരെയുള്ള പോരാട്ടം.
3. മുസ്ലിംകളോടുള്ള കരാര്‍ ലംഘിച്ച ജൂതന്മാരോടുള്ള യുദ്ധം.
4. മുസ്ലിംകളോട് ശത്രുത കാണിക്കുന്ന വേദക്കാരില്‍ പെട്ട ക്രൈസ്തവരോടുള്ള യുദ്ധം. അല്ലാത്തപക്ഷം അവര്‍ ജിസ്യ നല്കി കീഴടങ്ങുക.
5. ബഹുദൈവാരാധകരില്‍നിന്നോ ജൂതന്മാരില്‍നിന്നോ ക്രൈസ്തവരില്‍നിന്നോ മറ്റോ ഇസ്ലാം സ്വീകരിച്ചവരുടെ സംരക്ഷണാര്‍ഥമുള്ള യുദ്ധം അവരുടെ സമ്പത്തും ശരീരവും ഇസ്ലാമിക നിയമമനുസരിച്ചല്ലാതെ തൊട്ടുകൂടാത്തതാണ്.

യുദ്ധാനുമതി ലഭിച്ചതോടെ പ്രവാചകന്‍ മക്കയില്‍നിന്ന് സിറിയയിലേക്കുള്ള ക്വുറൈശികളുടെ പ്രധാനവ്യാപാരമാര്‍ഗത്തില്‍ തന്റെ ആധിപത്യം ഉറപ്പിക്കാന്‍ തീരുമാനിച്ചു. ഇതിന്നായി രണ്ട് മാര്‍ഗമാണ് അവിടുന്ന് തെരഞ്ഞെടുത്തത്.

ഒന്ന്: ഈ മാര്‍ഗത്തില്‍ താമസിക്കുന്ന ഗോത്രങ്ങളുമായി സഖ്യമുണ്ടാക്കുകയോ അവരെ അക്രമിക്കാതിരിക്കുകയോ ചെയ്യുക. സൈനിക നടപടി തുടങ്ങുന്നതിന് മുമ്പുതന്നെ മദീനയില്‍നിന്ന് ഏകദേശം നൂറ്റിഇരുപത് കിലോമീറ്റര്‍ അകലെ താമസിക്കുന്ന ജുഹൈന ഗോത്രവുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. ഇതുപോലെ സൈനിക പര്യടനങ്ങള്‍ക്കിടയില്‍ പലരുമായും സഖ്യമുണ്ടാക്കുകയുണ്ടായി. ഇതിനെക്കുറിച്ച് പിന്നീട് പരാമര്‍ശിക്കുന്നതാണ്.
രണ്ട്: ഈ മാര്‍ഗത്തില്‍ നിരന്തരം സൈന്യത്തെ നിയോഗിക്കുക.

ബദ്റിനുമുമ്പ് നടന്ന സൈനികനടപടികളും സംഘട്ടനങ്ങളും*
ഈ രണ്ട് പദ്ധതികളും നടപ്പിലാക്കാനായി ഏതാനും ചില സൈനിക മുന്നേറ്റങ്ങള്‍ മുസ്ലിംകള്‍ നടത്തുകയുണ്ടായി. ഇവയെല്ലാം സത്യത്തില്‍ ഓരോ അന്വേഷണസംഘങ്ങളായിരുന്നു. നാം നേരത്തെ സൂചിപ്പിച്ചതുപോലെ ഈ മേഖലയെപ്പറ്റി അറിയുകയും അവിടങ്ങളില്‍ ബന്ധം സ്ഥാപിക്കുകയും ചെയ്യുക എന്നതിന് പുറമെ മദീനയില്‍ വസിക്കുന്ന ജൂതരെയും ബഹുദൈവാരാധകരെയും ചുറ്റുഭാഗങ്ങളില്‍ അധിവസിക്കുന്ന ബദവികളെയും മക്കയിലെ ക്വുറൈശികളെയും തങ്ങള്‍ ശക്തരും പ്രബലരുമാണെന്ന് അറിയിക്കുക എന്ന ദൌത്യവുംകൂടിയുണ്ടായിരുന്നു. ഇതുവഴി ക്വുറൈശികള്‍ അവരുടെ പഴയ അബോധാവസ്ഥയില്‍ നിന്ന് ഉണരുകയും മുസ്ലിംകള്‍ക്ക് നേരെ അഴിച്ചുവിട്ടിരുന്ന മര്‍ദനപീഡനങ്ങളില്‍ നിന്ന് പിന്തിരിയുകയും ചെയ്യുന്നതിലൂടെ ഉപദ്വീപില്‍ മുസ്ലിംകള്‍ക്ക് പ്രബോധനപ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രമായി നടത്താനുള്ള അവസരം ലഭ്യമാവുകയെന്ന ലക്ഷ്യം കൂടി സാധിതമാക്കുന്നതാണ്.
ഈ സൈന്യനിയോഗങ്ങളുടെ സംക്ഷിപ്തവിവരണം താഴെ:

1. സൈഫുല്‍ ബഹ്ര്‍: ഹിജ്റാബ്ദം ഒന്ന് റമദാനില്‍ (ക്രി. 623 മാര്‍ച്ച്) ഹംസബിന്‍ അബ്ദുല്‍ മുത്വലിബിന്റെ നേതൃത്വത്തില്‍ മുപ്പത് മുഹാജിറുകളെ ശാമില്‍നിന്ന് മടങ്ങുന്ന ഒരു വാണിജ്യസംഘത്തെ തടയുവാനായി നബി(സ) നിയോഗിച്ചു. ചെങ്കടലിന്റെ ഭാഗത്ത് യന്‍ബുഇന്റേയും മര്‍വയുടേയും ഇടയിലുള്ള അല്‍ ഈസ്വിന്റെ ഭാഗത്ത് എത്തിയപ്പോള്‍ അബൂജഹലിന്റെ നേതൃത്വത്തിലുള്ള മുന്നൂറുപേരുമായി ഇവര്‍ കണ്ടുമുട്ടി. ഇരുവിഭാഗവും യുദ്ധത്തിനായി അണിനിരന്നപ്പോള്‍ ഇരുവിഭാഗവുമായി സഖ്യത്തിലുണ്ടായിരുന്ന ജൂഹ്നാ ഗോത്രക്കാരന്‍ മജ്ദീബിന്‍ അംറ് ഇടപെട്ട് യുദ്ധം ഒഴിവാക്കി. ഇതാണ് നബി(സ) കെട്ടിക്കൊടുത്ത ആദ്യത്തെ ധ്വജം. ഇതിന്റെ നിറം വെള്ളയായിരുന്നു. ധ്വജവാഹകന്‍ അബൂ മര്‍ഥദ് കെന്നാസ് ബിന്‍ ഹുസ്വയ്ന്‍ അല്‍ഗനവീയായിരുന്നു.

2. റാബിഗ് നിയോഗം: (ഹിജ്റ ഒന്നാംവര്‍ഷം ശവ്വാല്‍ മാസം ക്രിസ്തുവര്‍ഷം 623 ഏപ്രില്‍) ഉബയ്ദബ്നു അല്‍ഹാരിഥിന്റെ നേതൃത്വത്തില്‍ അറുപത് കുതിരപ്പടയാളികളായ മുഹാജിറുകളെ റസൂല്‍ (സ) നിയോഗിച്ചു. ഇവര്‍ റാബിഗ് താഴ്വരയില്‍ വെച്ച് ഇരുനൂറുപേരടങ്ങുന്ന അബൂസുഫ്യാന്റെ കച്ചവടസംഘവുമായി ഏറ്റുമുട്ടി. പരസ്പരം അമ്പെയ്ത്തു നടത്തിയെങ്കിലും ഒരു യുദ്ധം നടന്നില്ല. ഈ സംഭവത്തിലും മക്കാ സൈന്യത്തില്‍നിന്ന് മിഖ്ദാദ് ബിന്‍ അംറ് അല്‍ബഹ്റാനിയും ഉത്ബത്ബിന്‍ഗസുവാന്‍അല്‍മാസിനിയും മുസ്ലിം പക്ഷംചേര്‍ന്നു നേരത്തെ മുസ്ലിംകളായി മാറിയിരുന്ന ഇവര്‍ മദീനയില്‍ എത്താന്‍ ശത്രുക്കളുടെ കൂടെ പുറപ്പെട്ടതായിരുന്നു. പതാകയുടെ നിറം വെള്ളയും വാഹകന്‍ മിസ്വ്ത്വഹ്ബിന്‍ അഥാഥയുമായിരുന്നു.

3. ഖര്‍റാസ് നിയോഗം (ജുഹ്ഫ സമീപമുള്ള ഒരു സ്ഥലം)
ദുല്‍ഖഅദയില്‍-ക്രി. 623 മെയ്-സഅദ്ബിന്‍ അബീവഖാസിന്റെ നേതൃത്വത്തില്‍ ഇരുപത് പേരെ നിയോഗിച്ചു. ഇവരോട് ഖര്‍റാസിനപ്പുറം പോകരുതെന്ന് നിര്‍ദേശിച്ചിരുന്നു. ഇവര്‍ പകലുകളില്‍ വിശ്രമിച്ചും രാത്രി യാത്ര ചെയ്തും കാല്‍നടയായി അവിടെയെത്തിയപ്പോഴേക്കും കച്ചവടസംഘം തലേന്നാള്‍ത്തന്നെ അവിടം കടന്നുപോയിരുന്നു. ധ്വജവാഹകന്‍ മിഖ്ദാദബിന്‍ അംറു ആയിരുന്നു. പതാക വെള്ളയും.

4. അബ്വാഅ് അല്ലെങ്കില്‍ വദ്ദാന്‍* ഹിജ്റാബ്ദം 2ന് സ്വഫര്‍ മാസം -ക്രി 623 ആഗസ്ത്-മദീനയില്‍ സഅദ്ബിന്‍ ഉബാദ ചുമതലയേല്പിച്ച് നബി(സ) തന്നെ മുഹാജിറുകളില്‍ നിന്ന് എഴുപതുപേരെയും കൊണ്ട് ക്വുറൈശികളുടെ വാണിജ്യസംഘത്തെ തടയാനായി പുറപ്പെട്ടു. വദ്ദാനില്‍ എത്തിയെങ്കിലും യുദ്ധമൊന്നുമുണ്ടായില്ല. ഈ യാത്രയില്‍ ളംറ ഗോത്രത്തിന്റെ നേതാവ് അംറുബ്നു മഖ്ശിയുമായി സഖ്യമുണ്ടാക്കി. ഇങ്ങനെയായിരുന്നു കരാര്‍. "ഇത് അല്ലാഹുവിന്റെ ദൂതന്‍ മുഹമ്മദില്‍ നിന്ന് ളംറഗോത്രക്കാര്‍ക്കുള്ള ലിഖിതമാണ്. സമ്പത്തിന്റെയും ശരീരത്തിന്റെയും കാര്യത്തില്‍ അവര്‍ നിര്‍ഭയരായിരിക്കും. അല്ലാഹുവിന്റെ മതവുമായി യുദ്ധത്തിലേര്‍പ്പെടാത്ത കാലമത്രയും അവരോട് യുദ്ധം ചെയ്യുന്നവര്‍ക്കെതിരില്‍ അവര്‍ക്ക് സഹായം ലഭിക്കുന്നതാണ്. മറിച്ച് സഹായം ആവശ്യപ്പെടുമ്പോള്‍ അവരും സഹായിക്കേണ്ടതാണ്.''(6) ഇതാണ് നബി(സ) നേതൃത്വം കൊടുത്ത ആദ്യയുദ്ധം. പതിനഞ്ച് ദിവസം ഇതിനുവേണ്ടി ഉപയോഗിച്ചു. വെളുത്ത പതാക വഹിച്ചിരുന്നത് ഹംസബിന്‍ അബ്ദുല്‍ മുത്തലിബായിരുന്നു.

5. ബുവാത്വ് സംഘട്ടനം: ഹി. രണ്ടാം വര്‍ഷം റബീഉല്‍ അവ്വലില്‍-ക്രി 623 സെപ്തംബര്‍- ഉമയ്യത്തുബിന്‍ ക്വലഫിന്റെ നേതൃത്വത്തിലുള്ള രണ്ടായിരത്തി അഞ്ഞൂറ് ഒട്ടകങ്ങളും നൂറ് ക്വുറൈശികളുമടങ്ങുന്ന വാണിജ്യസംഘത്തെ തടയുവാന്‍ റസൂല്‍(സ) തന്റെ ഇരുനൂറ് സ്വഹാബികളുമായി പുറപ്പെട്ടു. റള്വാ പര്‍വതത്തിനുസമീപം എത്തിയെങ്കിലും ഏറ്റുമുട്ടലുകളൊന്നും ഉണ്ടായില്ല. മദീനയില്‍ നബി(സ)യെ പ്രതിനിധീകരിച്ചിരുന്നത് സഅദ്ബിന്‍ മുആദ് ആയിരുന്നു. വെള്ള പതാക വഹിച്ചിരുന്നത് സഅദ്ബിന്‍ അബീവഖാസും.

6. സഫ്വാന്‍ സംഘട്ടനം: ഹി. രണ്ടാംവര്‍ഷം റബീഉല്‍ അവ്വലില്‍ 623 സെപ്തംബര്‍ഫിഹ്ര്‍ ഗോത്രക്കാരന്‍ കുര്‍സ്ബിന്‍ ജാബിര്‍ ഏതാനും ആളുകളോടുകൂടി മദീനയിലെ മേച്ചില്‍ സ്ഥലം അക്രമിച്ചു. ആടുകളെയും ഒട്ടകങ്ങളെയും തട്ടിയെടുത്തു. ഇതോടെ റസൂല്‍(സ) അവനെ തുരത്താന്‍വേണ്ടി എഴുപതു സ്വഹാബികളോടുകൂടി പുറപ്പെട്ടു. ബദ്റിന്റെ ഭാഗത്ത് സ്വഫ്വാന്‍ എന്നയിടംവരെ എത്തിയെങ്കിലും കുര്‍സിനേയോ അനുയായികളെയോ കണ്ടില്ല. ഏറ്റുമുട്ടലുകളൊന്നുമില്ലാതെ തിരിച്ചുപോന്നു. ഇതിനെ ഒന്നാം ബദ്ര്‍ യുദ്ധം എന്ന് വിളിക്കുന്നു. മദീനയില്‍ നബി(സ)യെ പ്രതിനിധീകരിച്ചത് സൈദ്ബിന്‍ ഹാരിഥയും വെളുത്ത പതാക വഹിച്ചിരുന്നത് അലിയുബ്നു അബീത്വാലിബുമായിരുന്നു.

7. ദുല്‍ഉശൈറ സംഘട്ടനം: ഹിജ്റ 2ാം വര്‍ഷം ജുമാദല്‍ ഊലായിലോ ജുമാദല്‍ ആഖിറ- ക്രിസ്തു: 523 നവംബര്‍, സെപ്തംബര്‍-യിലോ നൂറ്റമ്പതോ ഇരുന്നൂറോ മുഹാജിറുകളും മുപ്പത് ഒട്ടകങ്ങളുമുള്ള ഒരു സംഘത്തോടുകൂടി ശാമിലേക്ക് പുറപ്പെട്ട ക്വുറൈശി വാണിജ്യസംഘത്തെ തടയാനായി പുറപ്പെട്ടു. ക്വുറൈശികളുടെ വമ്പിച്ച സ്വത്തുമായി വാണിജ്യസംഘം പുറപ്പെട്ടവിവരം നബി(സ)ക്ക് മക്കയില്‍നിന്ന് ലഭിച്ചിരുന്നു. പക്ഷെ, ദുല്‍ഉശൈറയില്‍ എത്തിയപ്പോഴേക്കും സംഘം അവിടംവിട്ടിരുന്നു. ശാമില്‍നിന്ന് മടങ്ങുമ്പോഴും ഇവരെ അന്വേഷിച്ച് പുറപ്പെട്ടു. ഇത് പിന്നീട് ബദ്ര്‍ യുദ്ധത്തിന് കാരണമാവുകയുണ്ടായി. ഈ യാത്രയില്‍ മുദ്ലിജ് ഗോത്രക്കാരോടും അവരുടെ സഖ്യകക്ഷിയായ ളംറ ഗോത്രക്കാരോടും അനാക്രമണ സന്ധിയിലേര്‍പ്പെടുകയുണ്ടായി. അബൂസലമയായിരുന്നും മദീനയിലെ പ്രതിനിധി, ഹംസ(റ)യായിരുന്നു വെള്ളപ്പതാക വഹിച്ചിരുന്നത്.

8. നഖ്ല നിയോഗം: ഹി: രണ്ടാം വര്‍ഷം റജബില്‍ -ക്രി. 623 ജനുവരി-റസൂല്‍(സ) അബ്ദുല്ലാഹിബ്നു ജഹ്ശിന്റെ നേതൃത്വത്തില്‍ പന്ത്രണ്ട് മുഹാജിറുകളോടുകൂടി നഖ്ലയിലേക്ക് നിയോഗിച്ചു. ഈരണ്ടുപേര്‍ക്ക് ഓരോ ഒട്ടകംവീതമുണ്ടായിരുന്നു. അവരുടെ കൈയില്‍ ഒരു ലിഖിതം കൊടുത്ത് റസൂല്‍(സ) പറഞ്ഞു: രണ്ടുദിവസത്തെ യാത്ര കഴിഞ്ഞേ ഇതു തുറന്നുനോക്കാവൂ. രണ്ടുദിവസത്തിനുശേഷം തുറന്നുവായിച്ചപ്പോള്‍ അതില്‍ ഈ എഴുത്ത് വായിച്ച് മക്കക്കും ത്വഇഫിനുമിടക്കുള്ള നഖ്ലവരെ പോയി ക്വുറൈശികളുടെ വാണിജ്യസംഘത്തെ നിരീക്ഷിച്ച് വിവരമറിയിക്കുക എന്നായിരുന്നു. എഴുത്തിലെ വിവരം സഹയാത്രികരെ അറിയിച്ചു എല്ലാവരും ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നുവെന്ന് പ്രഖ്യാപിച്ചു. നഖ്ലയിലെത്തിയപ്പോള്‍ ക്വുറൈശി വ്യാപാരസംഘം ചരക്കുകളുമായി നീങ്ങുന്നത് കണ്ടു. അതില്‍ അംറ്, ഉഥ്മാന്‍, നൌഫല്‍, ഹംകം തുടങ്ങിയവരെല്ലാമുണ്ട്. യുദ്ധം നിഷിദ്ധമായ റജബ് മാസത്തിന്റെ അവസാനദിവസമായിരുന്ന അന്ന് മുസ്ലിംകള്‍ അവരെ അക്രമിക്കാന്‍ തീരുമാനിച്ചു. അല്ലാത്തപക്ഷം അവര്‍ കടന്നുകളയുമെന്ന് അവര്‍ മനസ്സിലാക്കി. അംറിനെ വധിക്കുകയും ഉഥ്മാനേയും ഹകമിനേയും ബന്ദികളാക്കുകയും ചെയ്തു. നൌഫല്‍ ഓടിരക്ഷപ്പെട്ടു. ഒട്ടകങ്ങളെ മദീനയിലേക്ക് തെളിച്ചുകൊണ്ടുപോവുകയും ചെയ്തു. ഇസ്ലാമില്‍ ആദ്യത്തെ യുദ്ധാര്‍ജ്ജിതസ്വത്തും വധവും ബന്ദികളുമെല്ലാം ഇതായിരുന്നു തന്റെ കല്പനയില്ലാതെ നിഷിദ്ധ മാസത്തില്‍ യുദ്ധം ചെയ്തതിന് റസൂല്‍(സ) വിയോജിപ്പ് പ്രകടിപ്പിച്ചു. ബഹുദൈവാരാധകര്‍ ഈ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ മുസ്ലിംകള്‍ക്കെതിരില്‍ കിട്ടിയ സുവര്‍ണാവസരമെന്ന നിലയ്ക്ക് പ്രചരണങ്ങള്‍ നടത്തുകയും ചെയ്തു. അവസാനം തീരുമാനവുമായി ക്വുര്‍ആന്‍ സൂക്തമവതരിച്ചു.

"വിലക്കപ്പെട്ട മാസത്തില്‍ യുദ്ധം ചെയ്യുന്നതിനെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു പറയുക: ആ മാസത്തില്‍ യുദ്ധം ചെയ്യുന്നത് വലിയ അപരാധം തന്നെയാകുന്നു. എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് (ജനങ്ങളെ) തടയുന്നതും അവനില്‍ അവിശ്വസിക്കുകയും മസ്ജിദുല്‍ ഹറാമില്‍നിന്ന് (ജനങ്ങളെ) തടയുന്നതും അതിന്റെ അവകാശികളെ അവിടെനിന്ന് പുറത്താക്കുന്നതും അല്ലാഹുവിന്റെ അടുക്കല്‍ കൂടുതല്‍ ഗൌരവമുള്ളതാകുന്നു. കുഴപ്പം കൊലയേക്കാള്‍ ഗുരുതരമാകുന്നു. (2:217)

മുസ്ലിംകള്‍ക്കെതിരില്‍ പ്രചരിപ്പിക്കപ്പെട്ട ഈ കാര്യം ഒട്ടും അടിസ്ഥാനമില്ലാത്തതാണെന്ന് ഇവിടെ സമര്‍ഥിക്കുന്നു. കാരണം, മുസ്ലിംകള്‍ക്കെതിരില്‍ പോരാടിയപ്പോഴും മര്‍ദിച്ചപ്പോഴും പ്രവാചകനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയപ്പോഴും അതെല്ലാം വിശുദ്ധ നാടായ മക്കയില്‍വെച്ചായിരുന്നല്ലോ, പിന്നെയെന്താണ് മുമ്പെങ്ങുമില്ലാത്ത ഒരു വിശുദ്ധി പെട്ടെന്ന് കടന്നുവരാന്‍!
തുടര്‍ന്ന് ബന്ദികളെ സ്വതന്ത്രരായി വിടുകയും വധിക്കപ്പെട്ടവരുടെ അധികാരികള്‍ക്ക് പ്രായശ്ചിത്തം നല്കുകയും ചെയ്തു. (7)
ബദ്റിനുമുമ്പ് കൊച്ചുകൊച്ചു പടനീക്കങ്ങളും ഏറ്റുമുട്ടലുകളും അടിക്കടി നടന്നെങ്കിലും സഫ്വാന്‍ യുദ്ധത്തില്‍ കര്‍സുബിന്‍ ജാബിറിന്റെ നേതൃത്വത്തില്‍ നടത്തിയ ആടുകളുടെ കവര്‍ച്ചയും അതിനുമുമ്പ് അരങ്ങേറിയ കുറ്റകൃത്യങ്ങളും തടയുന്നതുവരെ ഇതില്‍ ഒന്നുംതന്നെ ആള്‍ നഷ്ടമോ സാമ്പത്തിക നഷ്ടമോ ഉണ്ടായിരുന്നില്ല.

അബ്ദുല്ലാഹിബിന്‍ ജഹ്ശിന്റെ നേതൃത്വത്തില്‍ നടന്ന നഖ്ല പടനീക്കം കഴിഞ്ഞതോടെ, ബഹുദൈവാരാധകര്‍ കനത്ത ഭയത്തിനടിമപ്പെട്ടു. സംഭവിക്കാനിരിക്കുന്ന യഥാര്‍ഥ അപകടം അവരുടെ മനസ്സില്‍ തെളിഞ്ഞു. മദീന തികഞ്ഞ ജാഗ്രതയിലും ഉണര്‍വിലും തങ്ങളുടെ ഓരോ ചലനങ്ങളും നീക്കങ്ങളും സൂക്ഷ്മമായ നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ടെന്നും അവര്‍ മനസ്സിലാക്കി. മുന്നൂറ് നാഴികയോളം അകലത്തില്‍ മുസ്ലിംകള്‍ക്ക് സ്വൈര്യമായി കടന്നുവരാനും യുദ്ധം നയിക്കാനും തങ്ങളുടെ ആളും അര്‍ഥവും പിടിച്ചടക്കാനും സുരക്ഷിതരായി തിരിച്ചുപോകാനും കഴിയുന്ന അവസ്ഥ സംജാതമായിരിക്കുന്നതും തങ്ങളുടെ ശാമിലേക്കുള്ള വാണിജ്യയാത്ര സ്ഥിരമായി ഒരു അപകടസന്ധിയെ നേരിടുകയാണെന്നും അവര്‍ മനസ്സിലാക്കി. എന്നാല്‍, തങ്ങളുടെ ധിക്കാര-ധാര്‍ഷ്ട്യ മനഃസ്ഥിതിയില്‍നിന്ന് പിന്‍വാങ്ങി നന്മയുടെ വഴിയിലേക്ക് വരുന്നതിന് പകരം (ജുഹൈന, ളംറ ഗോത്രങ്ങള്‍ ചെയ്തതുപോലെ) കടുത്ത പകയും വിദ്വേഷവും പൂര്‍വോപരി വര്‍ധിപ്പിക്കുകയാണവര്‍ ചെയ്തത്. മുസ്ലിംകളെ അവര്‍ അഭയംതേടി ചെന്ന ഗേഹത്തില്‍നിന്നുപോലും തുരത്താന്‍ അവര്‍ പദ്ധതികളാവിഷ്കരിച്ചു. ഇതത്രെ അവരെ ബദ്റില്‍ എത്തിച്ച സാഹചര്യം.

ഹിജ്റ രണ്ട് ശഅ്ബാന്‍ മാസത്തിലെ അബ്ദുല്ലാഹിബിന്‍ ജഹ്ശിന്റെ സംഭവത്തോടെ മുസ്ലിംകള്‍ക്ക് യുദ്ധം വിധിയായിക്കഴിഞ്ഞിരുന്നു. "നിങ്ങളോടു യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്. പരിധിവിട്ട് പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകതന്നെയില്ല. അവരെ കണ്ടുമുട്ടുന്നേടത്തുവെച്ച് നിങ്ങളവരെ കൊന്നുകളയുക. അവര്‍ നിങ്ങളെ പുറത്താക്കിയേടത്തുനിന്ന് നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുക. (കാരണം അവര്‍ നടത്തുന്ന) മര്‍ദനം കൊലയേക്കാള്‍ നിഷ്ഠൂരമാകുന്നു. മസ്ജിദുല്‍ ഹറാമിന്നടുത്തുവെച്ച് നിങ്ങള്‍ അവരോട് യുദ്ധം ചെയ്യരുത്. അവര്‍ നിങ്ങളോട് അവിടെവെച്ച് യുദ്ധം ചെയ്യുന്നതുവരെ. ഇനി അവര്‍ നിങ്ങളോട് (അവിടെവെച്ച്) യുദ്ധത്തിലേര്‍പ്പെടുകയാണെങ്കില്‍ അവരെ കൊന്നുകളയുക. അപ്രകാരമാണ് സത്യനിഷേധിക്കുള്ള പ്രതിഫലം. ഇനി അവര്‍ (പശ്ചാത്തപിച്ച് എതിര്‍പ്പില്‍നിന്ന്) വിരമിക്കുകയാണെങ്കിലോ തീര്‍ച്ചയായും ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണല്ലാഹു. മര്‍ദനം ഇല്ലാതാവുകയും മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നതുവരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ (യുദ്ധത്തില്‍ നിന്ന്) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല.'' (2:190-193)

പിന്നീട് താമസിയാതെ തന്നെ യുദ്ധത്തിന് പ്രേരണയും മാര്‍ഗനിര്‍ദേശങ്ങളുമടങ്ങുന്ന സൂക്തങ്ങളുമവതരിച്ചു. "ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ചചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിപ്പിക്കുക. എന്നിട്ട് അതിനുശേഷം (അവരോട്) ദാക്ഷിണ്യം കാണിക്കുകയോ അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടേക്കുകയോ ചെയ്യുക. യുദ്ധം അതിന്റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നതുവരെയത്രെ അത്. അതാണ് (യുദ്ധത്തിന്റെ) മുറ. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരുടെ നേരെ അവന്‍ ശിക്ഷാനടപടി സ്വീകരിക്കുമായിരുന്നു. പക്ഷെ, നിങ്ങളില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് പരീക്ഷിക്കേണ്ടതിനായിട്ടാകുന്നു ഇത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ അല്ലാഹു അവരുടെ കര്‍മങ്ങള്‍ പാഴാക്കുകയേ ഇല്ല. അവന്‍ അവരെ ലക്ഷ്യത്തിലേക്ക് നയിക്കുകയും അവരുടെ അവസ്ഥ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാണ്. സ്വര്‍ഗത്തില്‍ അവരെ അവന്‍ പ്രവേശിപ്പിക്കുകയും ചെയ്യും. അവര്‍ക്ക് അതിനെ അവന്‍ മുമ്പേ പരിചയപ്പെടുത്തിക്കൊടുത്തിട്ടുണ്ട്.

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ചുനിര്‍ത്തുകയും ചെയ്യുന്നതാണ്. (47:4-7) തുടര്‍ന്ന് യുദ്ധമെന്ന് കേള്‍ക്കുമ്പോള്‍ ഭയചകിതരാകുന്നവരെ ആക്ഷേപിച്ചുകൊണ്ടുള്ള സൂക്തങ്ങളും അവതരിച്ചു.

"എന്നാല്‍ ഖണ്ഡിതമായ നിയമങ്ങളുള്ള ഒരു സൂറത്ത് അവതരിപ്പിക്കുകയും അതില്‍ യുദ്ധത്തെപ്പറ്റി പ്രസ്താവിക്കപ്പെടുകയും ചെയ്താല്‍ ഹൃദയങ്ങളില്‍ രോഗമുള്ളവര്‍ മരണം ആസന്നമായതിനാല്‍ ബോധരഹിതനായ ആള്‍ നോക്കുന്നതുപോലെ നിന്റെ നേര്‍ക്ക് നോക്കുന്നത് കാണാം.'' (47:20)

സാഹചര്യം തികച്ചും ഒരു യുദ്ധം ആവശ്യപ്പെടുന്നതായിരുന്നു. കാര്യങ്ങള്‍ സസൂക്ഷ്മം പരിശോധിക്കുകയും സൈന്യസജ്ജീകരണത്തിന് അനുയോജ്യമായ സാഹചര്യങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്ന സൈന്യാധിപന്‍ നിലവിലുള്ളപ്പോള്‍ അത്യുന്നതനായ നാഥന്‍ അതിന് അനുയോജ്യമായ നിലപാട് സ്വീകരിക്കുന്നു. ധര്‍മത്തിനും അധര്‍മത്തിനുമിടയില്‍ രക്തപങ്കിലമായ ഒരു സംഘട്ടനത്തിനുള്ള സാഹചര്യം സംജാതമായിരിക്കുന്നു. അബ്ദുല്ലാഹിബ്നു ജഹ്ശിന്റെ നേതൃത്വത്തില്‍ നടന്ന നഖ്ല സംഭവം ബഹുദൈവാരാധകരുടെ ധാര്‍ഷ്ഠ്യത്തിനേറ്റ ശക്തമായ പ്രഹരമായിരുന്നു. അതവര്‍ക്ക് തീക്കനലില്‍ ഇരിക്കുന്ന അവസ്ഥയുണ്ടാക്കുകയും ചെയ്തു.

യുദ്ധസംബന്ധിയായി അവതരിച്ച സൂക്തങ്ങള്‍ രക്തരൂക്ഷിതമായ ഒരു സംഘട്ടനത്തിന്റെ സാധ്യത വിളിച്ചറിയിക്കുന്നതായിരുന്നു. യുദ്ധത്തെ സംബന്ധിച്ച നിയമനിര്‍ദേശങ്ങള്‍ അന്തിമവിജയം മുസ്ലിംകള്‍ക്ക് ലഭിക്കുമെന്ന സൂചനയും നല്കുന്നുണ്ട്. പക്ഷെ, അത് പരസ്യമാക്കാതിരുന്നത് ഓരോരുത്തര്‍ക്കും അവരുടേതായ ഭാഗം നന്നായി പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കാന്‍വേണ്ടിയായിരുന്നു.

ക്വിബ്ല മാറ്റം
ഈ കാലത്താണ് ഹിജ്റ മൂന്നാം വര്‍ഷം ശഅബാനില്‍ (ക്രി. 624 ഫെബ്രുവരിയില്‍) ക്വിബ്ല ബൈതുല്‍ മുഖദ്ദസില്‍നിന്ന് മസ്ജിദുല്‍ ഹറാമിലേക്ക് മാറ്റിക്കൊണ്ടുള്ള കല്പന വരുന്നത്. മുസ്ലിം അണികളില്‍ കയറിക്കൂടിയ ദുര്‍ബലരും കപടന്മാരുമായ ജൂതരുടെ തനിമ വ്യക്തമാക്കുവാന്‍ ഇത് അവസരമൊരുക്കി. അവരെല്ലാം അവരുടെ പൂര്‍വസ്ഥിതിയിലേക്ക് തന്നെ തിരിച്ചുപോയതുകാരണം മുസ്ലിം അണികള്‍ കൂടുതല്‍ ഭദ്രവും സുസജ്ജവുമായി.
ക്വിബ്ല മാറ്റത്തില്‍ സാഹചര്യമാറ്റത്തിന്റെ ഒരു ലഘുസൂചനകൂടി അടങ്ങിയതായി കാണാന്‍ കഴിയും. ഒരു ജനതയുടെ ക്വിബ്ല അവരുടെ ശത്രുക്കളുടെ കൈകളിലായിരിക്കുകയെന്നത് അത്ഭുതകരമല്ലേ? ഇനി അവരുടെ കൈകളിലാണെങ്കില്‍ തന്നെ അതിനെ മോചിപ്പിക്കലും അനിവാര്യമാണല്ലോ.

ഇതോടെ മുസ്ലിം അണികള്‍ പൂര്‍ണമായും സുസജ്ജരായിക്കഴിഞ്ഞു. ശത്രുവുമായി ഏറ്റുമുട്ടാനുള്ള ഒരു 'ജിഹാദി'നായി അവര്‍ കാത്തിരുന്നു. അതെ, വിധിനിര്‍ണായകമായ ഒരു സംഘട്ടനം.1. അബൂദാവൂദ് 2 :154

2. ibid

3. ബുഖാരി 2: 563

4. തിര്‍മിദി 5:234
നബി(സ്വ)നേരിട്ട് പങ്കെടുത്ത യുദ്ധത്തിനു ഗസ്‌വ എന്നും സൈന്യാധിപന്മാരുടെ നേത്രിത്വത്തിലുള്ളതിന് സരിയ്യ എന്നുമാണ് ചരിത്രഭാഷ്യം.

6. അല്‍മവാഹിബു ലദുന്നിയ്യ 1: 75
മക്കക്കും മദീനയ്ക്കും ഇടയിലുള്ള സ്ഥലമാണ് വദ്ധാന്‍ രാബിഗിലി ലേക്ക് 29 മൈല്‍ ദൂരം ഇവിടെ നിന്നുണ്ട്.

7. ഈ പടനീക്കങ്ങളുടെയും സംഘട്ടനങ്ങളുടെയം വിശദീകരണങ്ങള്‍ ശേഖരിച്ചത് സാദുല്‍ മആ ദ് 2:83, 85 ഇബ്നു ഹിഷാം 1:591, 605 എന്നിവയില്‍ നിന്നാണ്. ഈ സംഭവങ്ങളുടെ ക്രമീകരണ ത്തിലും പങ്കെടുക്കുന്നവരുടെ എണ്ണത്തിലും ചരിത്ര സ്രോതസ്സുകള്‍ ക്കിടയില്‍ ഭിന്നതയുണ്ട് നാം ഇവിടെ അവലംഭിച്ചത് ഇബ്നു ഖയ്യിമിനെയാണ്.

 


സി. സലീം സുല്ലമി വിവര്‍ത്തനം ചെയ്ത ശൈഖ് സ്വഫീഹുറഹ്മാന്‍ മുബാറക് പൂരിയുടെ 'അര്‍റഹീക്വുല്‍ മഖ്തൂം' എന്ന ഗ്രന്ഥത്തില്‍ നിന്ന്...

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH