Search

mahonnathan

JA slide show

നബി ചരിത്രം

നവസമൂഹസൃഷ്ടി Print E-mail

നബി(സ) മദീനയില്‍ എത്തിയത് ഒരു വെള്ളിയാഴ്ച(ഹി. 1 റബീഉല്‍അവ്വല്‍ 12ന് ക്രി. 622 സെപ്തംബര്‍ 27ന്)യായിരുന്നുവെന്നും തുടര്‍ന്ന് അബുഅയ്യൂബ് അല്‍അന്‍സാരിയുടെ വീട് ഒരു താല്ക്കാലിക താമസസ്ഥലമായി സ്വീകരിച്ചുവെന്നുമുള്ളതും നാം നേരത്തെ പരാമര്‍ശിക്കുകയുണ്ടായി.

മസ്ജിദുന്നബവിയുടെ നിര്‍മ്മാണം
മദീനയില്‍ എത്തിയ ഉടനെ തിരുമേനി(സ) ആദ്യം ഏര്‍പ്പെട്ടത് ഒരു പള്ളിനിര്‍മ്മാണത്തിലാണ്. തന്റെ ഒട്ടകം മുട്ടുകുത്തിയ സ്ഥലം രണ്ടു അനാഥകളുടേതായിരുന്നു. അത് പള്ളിക്കായി വാങ്ങുകയാണുണ്ടായത്. പള്ളിക്കാവശ്യമായ ഇഷ്ടികയും കല്ലും ചുമന്നുകൊണ്ട് റസൂല്‍(സ)യും വ്യക്തിപരമായി നിര്‍മാണത്തില്‍ പങ്കുചേര്‍ന്നു. അവിടുന്നു പാടി: "അല്ലാഹുവേ! പാരത്രികജീവിതമല്ലാതൊരു ജീവിതവുമില്ല, അന്‍സ്വാറുകള്‍ക്കും മുഹാജിറുകള്‍ക്കും നീ പൊറുത്തുകൊടുക്കേണേ.''

'മുന്തിരിയും ഈത്തപ്പഴവും പോലെ ക്വൈബറിലെ ചുമടല്ലിത് വിശുദ്ധവും പുണ്യകരവുമായ ഇഷ്ടികച്ചുമടത്രെ.''
ഇതുകേട്ട് ആവേശഭരിതരായ സ്വഹാബികളില്‍ ഒരാള്‍ പാടി: "പ്രവാചകന്‍ ജോലിചെയ്യുമ്പോള്‍ ഞങ്ങള്‍ വിശ്രമിച്ചാല്‍ ഞങ്ങളുടെ പ്രവര്‍ത്തനം പിഴച്ചതുതന്നെ.''

ആ സ്ഥലത്ത് ബഹുദൈവാരാധകരുടെ ചില ചുടലകളും കുഴിമാടങ്ങളും ഈത്തപ്പനകളുമുണ്ടായിരുന്നു. ചുടലകള്‍ മാന്തുവാനും കുഴിമാടങ്ങള്‍ നശിപ്പിക്കുവാനും ഈത്തപ്പനകള്‍ മുറിച്ചൊഴിക്കുവാനും അവിടുന്ന് കല്പിച്ചു. ബൈത്തുല്‍ മുഖദ്ദസ് ക്വിബ്ല(അഭിമുഖകേന്ദ്രം)യായി നിശ്ചയിച്ചു. വാതിലിന്റെ കട്ടിലക്കാലുകള്‍ ഈത്തപ്പനത്തടികള്‍ക്കൊണ്ടും മേല്‍പ്പുര ഈത്തപ്പനയോലകൊണ്ടും നിര്‍മിച്ചശേഷം താഴെ മണലും കല്ലുകളും വിതറി മൂന്നു വാതിലുകള്‍വെച്ചു. ക്വിബ്ലയുടെ ഭാഗത്തുനിന്ന് ഇരുപാര്‍ശ്വങ്ങളിലേക്കും പിന്നോട്ടും നൂറ് മുഴം വീതം നീളമുണ്ടായിരുന്നു. അടിത്തറ ഏകദേശം മൂന്ന് മുഴവും. പള്ളിയുടെ ഒരു ഭാഗത്ത് ഭാര്യമാര്‍ക്കുള്ള മുറികളുണ്ടാക്കി. ഇത് നിര്‍മ്മിച്ചത് കല്ലും ഇഷ്ടികയും ഉപയോഗിച്ചും മേല്‍പ്പുര ഈത്തപ്പനത്തടിയിലും ഓലയുമുപയോഗിച്ചുമായിരുന്നു. ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ അബൂഅയ്യുബിന്റെ വീട്ടില്‍നിന്ന് നബി(സ) ഇങ്ങോട്ടു താമസം മാറ്റി. (1)

പള്ളി, നമസ്കാരം നിര്‍വഹിക്കാനുള്ള സ്ഥലം എന്നതിനോടൊപ്പം വിജ്ഞാനം നുകരാനുള്ള സര്‍വകലാശാലയും പ്രശ്നപരിഹാരത്തിനുള്ള കേന്ദ്രവും ചര്‍ച്ചകളും സമ്മേളനങ്ങളും തീരുമാനങ്ങളും രൂപീകരിക്കുന്ന പാര്‍ലമെന്റുമായിരുന്നു പുറമെ അഭയാര്‍ഥികളായ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ ദരിദ്രര്‍ക്കുള്ള വാസസ്ഥലവുംകൂടിയായിരുന്നു.

ഹിജ്റ വര്‍ഷത്തിന്റെ പ്രാരംഭത്തിലാണ് ബാങ്ക് നിയമമായത്. ഇതുമായി ബന്ധപ്പെട്ട സ്വപ്നകഥ ഹദീസ് ഗ്രന്ഥങ്ങളായ തിര്‍മിദി, അബൂദാവൂദ്, അഹ്മദ്, ഇബ്നുഖുസൈമ എന്നിവയില്‍ ഉദ്ധരിച്ചിട്ടുണ്ട്. (2)

സാഹോദര പ്രഖ്യാപനം
പള്ളിനിര്‍മ്മാണം പോലെ ചരിത്രമായിത്തീര്‍ന്ന മറ്റൊരു സംഭവമാണ് മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കുമിടയിലെ സൌഹൃദപ്രഖ്യാപനം. ഇബ്നുഖയ്യിം രേഖപ്പെടുത്തുന്നു: 'റസൂല്‍(സ) അനസ്ബിന്‍ മാലികിന്റെ വീട്ടില്‍വെച്ച് മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കുമിടയില്‍ സൌഹൃദം പ്രഖ്യാപിച്ചു. തൊണ്ണൂറ് പേരുണ്ടായിരുന്ന ഇവരില്‍ പകുതി മുഹാജിറുകളും പകുതി അന്‍സ്വാറുകളുമായിരുന്നു. എല്ലാ കാര്യങ്ങളും തുല്യമായി പങ്കിടുക എന്ന വ്യവസ്ഥയിലായിരുന്നു സൌഹൃദം. ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ രക്തബന്ധമില്ലാതെ അനന്തിരസ്വത്തുവരെ ഓഹരിവെച്ചു. പിന്നീട് ബദ്റ് യുദ്ധത്തോടനുബന്ധിച്ച്, "രക്തബന്ധമുള്ളവര്‍ അല്ലാഹുവിന്റെ രേഖയില്‍ അന്യോന്യം കൂടുതല്‍ ബന്ധപ്പെട്ടവരാകുന്നു.'' (8:75) എന്ന ക്വുര്‍ആന്‍ സൂക്തമവതരിക്കുവോളം ഇതു തുടര്‍ന്നു. ഇതോടനുബന്ധിച്ച് അനന്തിരാവകാശം നിര്‍ത്തലാക്കുകയും മൈത്രീബന്ധം തുടരുകയും ചെയ്തു. (3)

ഈ മൈത്രീബന്ധം 'ജാഹിലിയ്യത്തിന്റെ മുഴുവന്‍ ദുരഭിമാനവും അലിഞ്ഞില്ലാതാവുന്നതും അന്തസ്സ് ഇസ്ലാമിന്റെ പേരില്‍ മാത്രമായി മാറുന്നതും ദേശ-വര്‍ണ-വര്‍ഗവ്യത്യാസത്തിന്റെ അടിത്തറയില്‍ സ്ഥാപിതമായിരുന്ന അതിര്‍വരമ്പുകള്‍ തകര്‍ന്ന് പോകുന്നതും ഓരോരുത്തരുടേയും മുന്‍ഗണനയും പിന്‍ഗണനയും അവന്റെ മനുഷ്യത്വത്തിന്റേയും ധര്‍മനിഷ്ഠയുടേയും അടിസ്ഥാനത്തിലാക്കി മാറ്റുന്നതുമാണ്. ഈ സൌഹൃദപ്രഖ്യാപനം കേവലം വാക്കുകളിലൊതുങ്ങാതെ രക്തവും സമ്പത്തുമായും കണ്ണിചേരുന്ന ഒരു സുദൃഢബന്ധമാക്കി മാറ്റുകയാണ് പ്രവാചകന്‍ ചെയ്തത്. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും വികാരങ്ങള്‍ ഈ സൌഹൃദത്തില്‍ ഇഴുകിച്ചേരുകയും തല്‍ഫലമായി ഈ നവസമൂഹം അനര്‍ഘമാതൃകകള്‍ സൃഷ്ടിക്കുകയുമാണ് ചെയ്തത്.

ബുഖാരി നിവേദനം ചെയ്യുന്ന ഒരു സംഭവം, 'റസൂല്‍(സ) അബ്ദുര്‍റഹ്മാന്‍ബിന്‍ഔഫിന്റേയും സഅദ്ബിന്‍ അര്‍റബീഇന്റേയുമിടയില്‍ മൈത്രീബന്ധം സ്ഥാപിച്ചു. അബ്ദുര്‍റഹ്മാനോട് സഅദ് പറഞ്ഞു: "ഞാന്‍ അന്‍സ്വാറുകളിലെ സമ്പന്നനാണ്. എന്റെ പകുതി സ്വത്ത് നീയെടുക്കുക, എനിക്ക് രണ്ടു ഭാര്യമാരുണ്ട്. നീ ഇഷ്ടപ്പെടുന്നവളെ പറഞ്ഞാല്‍ അവളെ വിവാഹമുക്തയാക്കി ദീക്ഷാകാലം കഴിഞ്ഞ് നിനക്ക് അവളെ വിവാഹം കഴിക്കാം.'' അബ്ദുര്‍റഹ്മാന്‍ പറഞ്ഞു: 'താങ്കളുടെ സ്വത്തിലും ഭാര്യമാരിലും അല്ലാഹു താങ്കള്‍ക്ക് അനുഗ്രഹം ചൊരിയട്ടെ. എവിടെയാണ് നിങ്ങളുടെ ചന്ത?' ഖൈനുഖാഅ് അങ്ങാടി അദ്ദേഹത്തിന് കാണിച്ചുകൊടുത്തു. അവിടെ പാല്‍ക്കട്ടിയും വെണ്ണയുമായി കച്ചവടം തുടങ്ങി. ഒരുനാള്‍ മഞ്ഞയണിഞ്ഞു വരുന്നതുകണ്ട് നബി(സ) അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: "വിവാഹം കഴിഞ്ഞു.'' "എത്ര മഹ്റ് കൊടുത്തു''. 'അഞ്ച് ദിര്‍ഹം വിലയുള്ള സ്വര്‍ണം' അദ്ദേഹം പറഞ്ഞു. (4)

ഈ അഭയാര്‍ഥികളുടെ കാര്യത്തിലുള്ള അതീവതാല്പര്യം കാരണം അന്‍സ്വാറുകള്‍, മുഹാജിറുകളേയുംകൊണ്ട് തിരുസന്നിധിയില്‍ ചെന്ന് പറഞ്ഞു. ഈത്തപ്പനത്തോട്ടം ഞങ്ങള്‍ക്കും ഞങ്ങളുടെ ഈ സഹോദരങ്ങള്‍ക്കുമിടയില്‍ അങ്ങ് വിഭജിക്കണം. അവിടുന്ന് പറഞ്ഞു: അതുവേണ്ട. അപ്പോള്‍ അവര്‍ പറയുന്നു! 'എന്നാല്‍ നിങ്ങള്‍ ഞങ്ങളെ ജോലിയില്‍ സഹായിക്കുക, ഈത്തപ്പഴം നമുക്ക് തുല്യമായി പങ്കുവെക്കാം.' അപ്പോള്‍ അവര്‍ പറഞ്ഞു: 'ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു.'' (5)

ഈ സംഭവങ്ങള്‍ അഭയാര്‍ഥികളായി വന്ന മുഹാജിറുകളെ ആതിഥേയരായ അന്‍സ്വാറുകള്‍ സ്വീകരിച്ചു സ്വാഗതം ചെയ്ത മാതൃക നമുക്ക് കാണിച്ചുതരുന്നു. അവരുടെ ഈ മഹാമനസ്കതയ്ക്കും സ്വീകരണത്തിനും മുഹാജിറുകള്‍ കല്പിച്ച വിലയും ആദരവും വ്യക്തമാക്കിത്തരുന്നു. സ്വന്തം അത്യാവശ്യത്തില്‍ കവിഞ്ഞ ഒന്നും അവര്‍ സ്വീകരിക്കുകയുണ്ടായില്ല. ഈ അനശ്വര സൌഹൃദമാണ് അവരഭിമുഖീകരിച്ചിരുന്ന ഒട്ടനവധി പ്രശ്നങ്ങള്‍ നിഷ്പ്രയാസം പരിഹരിച്ചത്.

മദീനാ വിളംബരം
വിശ്വാസികള്‍ക്കിടയിലും പ്രവാചകന്‍ ഒരു സന്ധിയുണ്ടാക്കി. ഇതുവഴി ജാഹിലിയ്യത്തിന്റെയും ഗോത്രമഹിമയുടെയും മുഴുവന്‍ പ്രേരകങ്ങളും നിര്‍മൂലനം ചെയ്തു. ജാഹിലിയ്യത്ത് കടന്നുവരുന്ന മുഴുവന്‍ പഴുതുകളും അടയ്ക്കുകയും ചെയ്തു. അതിലെ മുഖ്യ വ്യവസ്ഥകള്‍ ഇനി പറയുന്നവയാണ്.

ഇത് പ്രവാചകനായ മുഹമ്മദ്, ക്വുറൈശികളിലും യഥ്രിബിലും പെട്ട വിശ്വാസികളോടും മുസ്ലിംകളോട് അവരെ അനുഗമിക്കുകയും അവരോട് ചേരുകയും അവരോടുകൂടെ പോരാടുകയും ചെയ്ത എല്ലാവരോടും ചെയ്യുന്ന ഉടമ്പടിയാണ്.

1. ഇവര്‍ എല്ലാം ഒറ്റ ജനതയാണ്. മറ്റുള്ളവര്‍ ഇതില്‍ പെടുകയില്ല.

2. ക്വുറൈശികളിലെ മുഹാജിറുകള്‍ ഒന്നിച്ചുചേര്‍ന്ന് അവരിലെ ബന്ധനസ്ഥരെ മോചനദ്രവ്യം നല്കി മോചിപ്പിക്കേണ്ടതാണ്. അന്‍സാറുകളിലെ എല്ലാ ഗോത്രങ്ങളും അവര്‍ നേരത്തെ ഉണ്ടായിരുന്നുതുപോലെ ഒന്നിച്ചുനിന്ന് ഓരോ വിഭാഗവും അവരിലെ ബന്ദികളെ മാന്യമായ മോചനദ്രവ്യം നല്കി മോചിപ്പിക്കേണ്ടതാണ്.

3. സത്യവിശ്വാസികള്‍ക്കിടയില്‍ ആരേയും മര്യാദപൂര്‍വം മോചനദ്രവ്യമോ പ്രായശ്ചിത്തമോ നല്കാതെ ദരിദ്രനായി വിടുന്നതല്ല.

4. വിശ്വാസികളില്‍ പെട്ട ആരെങ്കിലും അക്രമമോ അനീതിയോ പാപമോ ചെയ്യുകയോ, വിശ്വാസികള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ അയാള്‍ വിശ്വാസികളിലൊരാളുടെ സന്താനമാണെങ്കില്‍ പോലും വിശ്വാസികളും ദൈവഭക്തരും അയാള്‍ക്കെതിരെ ഒറ്റക്കെട്ടായിരിക്കും.

5. ഒരു അവിശ്വാസിക്ക് പകരമായി ഒരു വിശ്വാസി മറ്റൊരു വിശ്വാസിയെ വധിക്കാവതല്ല. ഒരു സത്യനിഷേധിയെ ഒരു വിശ്വാസിക്കെതിരില്‍ സഹായിക്കാവതുമല്ല.

6. അല്ലാഹുവിന്റെ ഈ സംരക്ഷണ ഉത്തരവാദിത്തം അഖണ്ഡമാണ്. വിശ്വാസികളിലെ ഏറ്റം നിസ്സാരനായ വ്യക്തിക്കുപോലും ഇതിന്റെ സംരക്ഷണം ലഭ്യമാണ്.

7. വിശ്വാസികള്‍ പരസ്പരം സംരക്ഷണബാധ്യതയുള്ളവരാണ്.

8. ജൂതന്മാരില്‍ ആരെങ്കിലും നമ്മെ അനുഗമിക്കുന്നപക്ഷം നിശ്ചയം അയാള്‍ക്ക് സഹായവും സംരക്ഷണവും ലഭിക്കുന്നതാണ്. അയാള്‍ അക്രമിക്കപ്പെടുകയോ അയാള്‍ക്കെതിരില്‍ ശത്രുവെ സഹായിക്കുകയോ ചെയ്യില്ല.

9. വിശ്വാസികള്‍ ചെയ്യുന്ന സന്ധി എല്ലാവര്‍ക്കും ബാധകമാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധത്തിലേര്‍പ്പെടുമ്പോള്‍ പൊതുവായും നീതിനിഷ്ഠമായുമല്ലാതെ ഒരു വിശ്വാസി മറ്റൊരു വിശ്വാസിയെ അവഗണിച്ച് സ്വന്തമായി സന്ധിചെയ്യാവതല്ല.

10. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടിമരിക്കുന്ന ഓരോ വിശ്വാസിക്കുവേണ്ടിയും പ്രതികാരം ചെയ്യാന്‍ മറ്റെല്ലാ വിശ്വാസികളും ബാധ്യസ്ഥരാണ്.

11. ഒരു ബഹുദൈവവിശ്വാസി, ക്വുറൈശിക്കോ അവന്റെ സമ്പത്തിനോ സംരക്ഷണം നല്കുകയോ സത്യവിശ്വാസികളില്‍നിന്ന് ഇത് മറച്ചുവെക്കുകയോ ചെയ്യാവതല്ല.

12. ന്യായമായ കാരണങ്ങളില്ലാതെ ഒരു വിശ്വാസിയെ ആരെങ്കിലും വധിക്കുന്നപക്ഷം അയാള്‍ വധിക്കപ്പെടുന്നവന്റെ ബന്ധുക്കളോടു കടപ്പെട്ടവനായിരിക്കും. ബന്ധുക്കള്‍ സംതൃപ്തരാകുവോളം ഘാതകനെതിരെ നടപടി സ്വീകരിക്കുവാന്‍ എല്ലാ സത്യവിശ്വാസികളും ബാധ്യസ്ഥരത്രെ. ഇതില്‍നിന്ന് ആര്‍ക്കും മാറിനില്ക്കാവതല്ല.

13. ഒരു സത്യവിശ്വാസിക്കും ഒരു കുറ്റവാളിയെ സഹായിക്കുവാനോ അയാള്‍ക്കഭയം നല്കുവാനോ പാടുള്ളതല്ല. അങ്ങനെ വല്ലവനും ചെയ്യുന്നപക്ഷം അവര്‍ക്ക് അന്ത്യനാളില്‍ അല്ലാഹുവിന്റെ ശാപകോപങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. അവരില്‍നിന്ന് പ്രായശ്ചിത്തം സ്വീകരിക്കപ്പെടുന്നതല്ല.

14. നിങ്ങള്‍ ഏതെങ്കിലും കാര്യത്തില്‍ ഭിന്നിക്കുന്ന പക്ഷം അത് അല്ലാഹുവിലേക്കും മുഹമ്മദ്(സ)യിലേക്കും മടക്കേണ്ടതാണ്. (6)

സമൂഹതലത്തിലെ ആശയസ്വാധീനം
ഇവ്വിധം നിപുണമായ ഒരാസൂത്രണത്തിലൂടെ ദൈവദൂതന്‍ ഒരു നവസമൂഹത്തിന്റെ അടിത്തറ പാകി. എന്നാല്‍ ഇവയെല്ലാം പ്രവാചക സഹവാസം വഴിയും അദ്ദേഹത്തില്‍നിന്ന് ലഭിച്ച ശിക്ഷണത്തിലൂടെയും അത്യുല്‍കൃഷ്ടമായ സ്വഭാവമൂല്യങ്ങള്‍ വഴിയും മാന്യരായ ആ സഹചരന്മാരില്‍ സ്വാധീനിച്ച ആശയങ്ങളുടെ പ്രത്യക്ഷീകരണമായിരുന്നു.

ഒരിക്കല്‍ ഒരാള്‍ വന്നുചോദിച്ചു: "ഏറ്റവും ശ്രേഷ്ഠമായ ഇസ്ലാം ഏതാണ്? അവിടുന്ന് വിവരിച്ചുകൊടുത്തു. ഭക്ഷണമൂട്ടലും അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും സലാം പറയലും.'' (7)
അബ്ദുല്ലാഹിബ്ന്‍ സലാം പറയുന്നു: നബി(സ) മദീനയില്‍ ആഗതനായപ്പോള്‍ ഞാന്‍ അദ്ദേഹത്തെ സമീപിച്ചു. അവിടുത്തെ മുഖം ദര്‍ശിച്ചപ്പോള്‍ എനിക്ക് ബോധ്യമായി അദ്ദേഹം ഒരു കള്ളവാദിയല്ലെന്ന്. അവിടുന്ന് ആദ്യം തന്നെ പ്രഖ്യാപിച്ചത്, "ജനങ്ങളേ! നിങ്ങള്‍ സലാം പ്രചരിപ്പിക്കുക, ഭക്ഷണമൂട്ടുക, കുടുംബബന്ധം ചേര്‍ക്കുക, ജനങ്ങള്‍ ഉറങ്ങുന്നവരായിരിക്കെ രാത്രി നിങ്ങള്‍ എഴുന്നേറ്റ് നമസ്കരിക്കുക എന്നാല്‍ നിങ്ങള്‍ക്ക് സമാധാനമായി സ്വര്‍ഗത്തില്‍ പ്രവേശിക്കാം.' (8)
"ആരുടെ അയല്‍ക്കാരന്‍ തന്റെ ഉപദ്രവത്തില്‍ നിന്ന് സുരക്ഷിതനല്ലയോ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.'' (9)
"ആരുടെ നാവില്‍ നിന്നും കൈകളില്‍നിന്നും മുസ്ലിംകള്‍ സുരക്ഷിതരാണോ അവനാണ് മുസ്ലിം.'' (10)
"തനിക്കുവേണ്ടി ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനുവേണ്ടിയും ഇഷ്ടപ്പെടുവോളം നിങ്ങളാരും വിശ്വാസികളാവുകയില്ല.'' (11)
"സത്യവിശ്വാസികളെല്ലാം ഒരു വ്യക്തിയെപ്പോലെയാണ് അവന്റെ കണ്ണുവേദനിച്ചാല്‍ ശരീരമാസകലം അതില്‍ പങ്കുചേരുന്നു. തലവേദനിച്ചാല്‍ ശരീരമാസകലം അതില്‍ പങ്കുചേരുന്നു.''(12)
"വിശ്വാസികള്‍ ഒരു കെട്ടിടംപോലെ പരസ്പരം ശക്തിപ്പെടുത്തുന്നു.''
"നിങ്ങള്‍ പരസ്പരം കോപിക്കുകയോ അസൂയ പുലര്‍ത്തുകയോ വിമുഖത കാണിക്കുകയോ അരുത്. എല്ലാവരും സഹോദരന്മാരായി അല്ലാഹുവിന്റെ ദാസന്മാരാവുക. ഒരു മുസ്ലിമിന് തന്റെ സഹോദരനെ മൂന്നുനാളില്‍ കൂടുതല്‍ പിരിഞ്ഞിരിക്കാവതല്ല.'' (13)
"ഒരു മുസ്ലിം മറ്റൊരു മുസ്ലിമിന്റെ സഹോദരനാകുന്നു. അവന്‍ അവനെ അക്രമിക്കുകയോ കയ്യൊഴിക്കുകയോ ചെയ്യില്ല. തന്റെ സഹോദരന്റെ ആവശ്യം നിര്‍വഹിച്ചാല്‍ അവന്റെ ആവശ്യങ്ങള്‍ അല്ലാഹുവും പൂര്‍ത്തീകരിക്കുന്നതാണ്. മുസ്ലിമിന്റെ പ്രയാസങ്ങളകറ്റുന്നവന്റെ പ്രയാസം അന്ത്യനാളില്‍ അല്ലാഹുവും അകറ്റുന്നതാണ്. മുസ്ലിമിന്റെ സ്വകാര്യങ്ങള്‍ മറച്ചുവെച്ചാല്‍ അന്ത്യനാളില്‍ അവന്റേത് അല്ലാഹുവും മറച്ചുവെക്കുന്നതാണ്. (14)
"ഭൂമിയിലുള്ളവരോട് കരുണ കാണിക്കൂ, ആകാശത്തിലുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും.'' (15)
"അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയറുനിറക്കുന്നവനല്ല വിശ്വാസി.'' (16)
"വിശ്വാസിയെ ആക്ഷേപിക്കുന്നത് അധര്‍മവും വധിക്കുന്നത് അവിശ്വാസവുമാണ്.'' (17)
അതുപോലെ വഴികളില്‍നിന്ന് മാര്‍ഗതടസ്സം നീക്കുന്നതും മാലിന്യങ്ങള്‍ നീക്കുന്നതും വിശ്വാസത്തിന്റെ ശാഖയായിട്ടാണ് അവിടുന്ന് എണ്ണിയിട്ടുള്ളത്. (18)
ദാനധര്‍മങ്ങളെ പ്രോത്സാഹിപ്പിക്കുകയും മനസ്സുകളെ അതിലേക്ക് ആകര്‍ഷിക്കുകയും ചെയ്തിരുന്നു, അവിടുന്ന്.
"വെള്ളം അഗ്നിയെ അണച്ചുകളയുന്നതുപോലെ ദാനം പാപങ്ങളെ നീക്കിക്കളയും.'' (19)
"ഒരു മുസ്ലിം മറ്റൊരു മുസ്ലിമിനെ വസ്ത്രം ധരിപ്പിച്ചാല്‍ അല്ലാഹു അവനെ സ്വര്‍ഗവസ്ത്രമണിയിക്കുന്നതാണ്. ഭക്ഷണമൂട്ടിയവന് സ്വര്‍ഗത്തിലെ ഫലം നല്കുന്നതാണ്. ദാഹം ശമിപ്പിച്ചാല്‍ സ്വര്‍ഗത്തില്‍ മുദ്രിതമായ മദ്യം നല്കുന്നതാണ്.'' (20)
"ഒരു ഈത്തപ്പഴച്ചീള് ദാനം ചെയ്തെങ്കിലും നീ നരകത്തെ സൂക്ഷിക്കുക. അതില്ലെങ്കില്‍, ഒരു നല്ലവാക്കെങ്കിലും പറഞ്ഞുകൊണ്ട്.'' (21)
ഇതോടൊപ്പംതന്നെ യാചിക്കാതെ, അഭിമാനത്തോടെ മാന്യമായി ജീവിക്കാന്‍ ശക്തമായ പ്രോത്സാഹനവും പ്രേരണയും അവിടുന്ന് നല്കിയിരിക്കുന്നു. നിര്‍ബന്ധിത സാഹചര്യത്തിലല്ലാതെയുള്ള യാചന അപമാനവും മുഖത്ത് കറുത്തപാടുകളാണെന്നും പഠിപ്പിക്കപ്പെട്ടു. അതുപോലെ ആരാധനാകര്‍മങ്ങളുടെ മഹത്വവും പുണ്യവും ക്വുര്‍ആന്‍ സൂക്തങ്ങളുടെ അടിസ്ഥാനത്തില്‍ പഠിപ്പിക്കപ്പെട്ടിരുന്നു.

ഇവ്വിധം ആശയസ്വാധീനങ്ങളാല്‍ ഔന്നത്യത്തിന്റെ അത്യുന്നത ശ്രേണികള്‍ അവര്‍ പ്രാപിച്ചു. ചരിത്രമറിഞ്ഞിടത്തോളം പൂര്‍ണതയുടെ മകുടോദാഹരണങ്ങളായി അവര്‍ മാറി. അബ്ദുല്ലാഹിബ്നു മസ്ഊദ് പറയുന്നു: ആരെങ്കിലും നല്ല മാതൃക പിന്‍പറ്റണമെന്നാഗ്രഹിക്കുന്നുവെങ്കില്‍ മരണമടഞ്ഞ പ്രവാചകശിഷ്യന്‍മാരെ മാതൃകയാക്കുക. അവര്‍ ഈ സമൂഹത്തിലെ ഉത്കൃഷ്ടരും പുണ്യവാളന്മാരും വിജ്ഞരും കൃത്രിമരഹിതരുമാണ്. അവരെ അല്ലാഹു തന്റെ പ്രവാചകനോട് സഹവസിക്കുവാനും മതം നിലനിര്‍ത്തുവാനുമായി തെരഞ്ഞെടുത്തതാണ്. അവരുടെ മഹത്വം അറിഞ്ഞ് അവരുടെ മാര്‍ഗം പിന്‍പറ്റുകയും സ്വഭാവശീലങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുക. കാരണം അവര്‍ ഏറ്റവും ശരിയായ മാര്‍ഗത്തിലായിരുന്നു.'' (22)

കൂടാതെ, മഹാനായ ഈ നേതാവ് മുഹമ്മദ് നബി(സ), അത്യുല്‍കൃഷ്ടമായ സ്വഭാവങ്ങളുടെയും മനസ്സുകളെ ഹഠാതാകര്‍ഷിക്കുന്ന പെരുമാറ്റശീലങ്ങളുടെയും യഥാര്‍ഥ വക്താവായിരുന്നു. അദ്ദേഹത്തിന്റെ തിരുനാവില്‍ നിന്നുതിരുന്ന വാക്കുകള്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാന്‍ ശിഷ്യന്മാരെല്ലാം അഹമഹമികയാ മുന്നോട്ടുവരുമായിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത ലക്ഷണമൊത്ത ഒരു സമൂഹസൃഷ്ടി നിഷ്പ്രയാസം നടത്താനായി. അതിദീര്‍ഘകാലം കനത്ത കൂരിരുട്ടില്‍ തപ്പിത്തടഞ്ഞിരുന്ന മാനവതയ്ക്ക് പ്രശ്നങ്ങള്‍ ഇറക്കിവെച്ച് നെടുനിശ്വാസമയക്കാന്‍ അവസരവും ലഭിച്ചു. ഈ ഉത്കൃഷ്ടമായ ആശയങ്ങളുടെ സ്വാധീനഫലമായി ഈ നവസമൂഹത്തിന്, അതിന്റെ ഘടകങ്ങള്‍ പൂര്‍ത്തിയാക്കാനും കാലത്തിന്റെയും ചരിത്രത്തിന്റെയും ഗതിമാറ്റുവാനും അനായാസം സാധിച്ചു.

ജൂതരുമായി ഉടമ്പടി
മദീനയില്‍, മുസ്ലിംകള്‍ക്കിടയില്‍ വിശ്വാസപരവും രാഷ്ട്രീയവും നിയമപരവുമായ ഐക്യം സ്ഥാപിച്ചുകൊണ്ട് നവ ഇസ്ലാമിക സമൂഹത്തിന്റെ അടിത്തറ പാകിയതോടെ മുസ്ലിംകളല്ലാത്തവരുമായും ബന്ധം സ്ഥാപിക്കാനാണ് നബി(സ) ചിന്തിച്ചത്. ഇതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചിരുന്നത് ഈ ഭൂപ്രദേശമാകെ ഒരു ഏകരാഷ്ട്രമാക്കി, സമാധാനവും സൌഭാഗ്യവും ക്ഷേമവും മൊത്തം മാനവതയ്ക്കാകെ ലഭ്യമാക്കുക എന്നതായിരുന്നു. വിഭാഗീയതയും മേല്‍ക്കോയ്മയും കൊടികുത്തിവാണിരുന്ന ഭൂമിയില്‍ വിട്ടുവീഴ്ചയുടേയും വിശാലമനസ്കതയുടെയും പുതിയ ചരിത്രം ഇതുവഴി രചിക്കുകയാണ് അവിടുന്ന് ചെയ്തത്.

മദീനയുടെ സമീപവാസികളായ അമുസ്ലിംകള്‍ ജൂതന്മാരായിരുന്നു. ഇവര്‍ ഇസ്ലാമിനോട് ആന്തരികമായി ശത്രുതപുലര്‍ത്തിയിരുന്നവരായിരുന്നുവെങ്കിലും പ്രത്യക്ഷമായി ഒന്നും പ്രകടിപ്പിച്ചിരുന്നില്ല. അതിനാല്‍ അവരുമായി ഒരു ഉടമ്പടിയുണ്ടാക്കി. ഉന്മൂലനത്തിന്റെ മാര്‍ഗത്തിനുപകരം നിരുപാധിക മതസ്വാതന്ത്യ്രവും സാമ്പത്തിക അധികാരവും വകവെച്ചുകൊടുക്കുകയാണ് ഇതിലൂടെ ചെയ്തത്.

ഈ ഉടമ്പടിയിലെ മുഖ്യഖണ്ഡങ്ങള്‍ ഇവയായിരുന്നു
1. ബനൂഔഫിലെ ജൂതര്‍ മുസ്ലിംകളോടൊപ്പം ഒരൊറ്റ സമൂഹമാണ്. മുസ്ലിംകള്‍ക്ക് അവരുടെ മതവും ജൂതര്‍ക്ക് അവരുടെ മതവും ആചരിക്കാവുന്നതാണ്. ബനൂഔഫ് അല്ലാത്ത മറ്റു ജൂതഗോത്രങ്ങള്‍ക്കും ഇത് ബാധകമാണ്.
2. മുസ്ലിംകളുടെ ചെലവ് അവരും ജൂതരുടേത് അവരും വഹിക്കേണ്ടതാണ്.
3. ഈ പത്രിക അംഗീകരിച്ചവര്‍ക്കെതിരില്‍ ആരെങ്കിലും യുദ്ധം ചെയ്താല്‍ അവരെ ഒറ്റക്കെട്ടായി നേരിടേണ്ടതാണ്.
4. പുണ്യത്തില്‍ എല്ലാവരും പരസ്പരം ഗുണകാംക്ഷികളായി വര്‍ത്തിക്കേണ്ടതാണ്. പാപത്തില്‍ സഹകരണമില്ല.
5. തന്റെ സഖ്യത്തിലുള്ളവനെ അക്രമിച്ചു കൂടാത്തതാണ്.
6. മര്‍ദിതന്‍ സഹായത്തിനര്‍ഹനായിരിക്കും.
7. മുസ്ലിംകളുമായി ജൂതര്‍ യുദ്ധത്തില്‍ സഹകരിക്കേണ്ടതാണ്.
8. ഈ പത്രികയുടെ അടിസ്ഥാനത്തില്‍ യഥ്രിബ് വിശുദ്ധവും നിര്‍ഭയവുമായ മേഖലയായിരിക്കും.
9. ഈ പത്രിക അംഗീകരിച്ചവര്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുന്ന എന്തെങ്കിലും പ്രശ്നങ്ങള്‍ ഉത്ഭവിച്ചാല്‍ അതിന്റെ തീര്‍പ്പ് അല്ലാഹുവിനും അവന്റെ തിരുദൂതനുമായിരിക്കും.
10. ക്വുറൈശികള്‍ക്കോ അവരെ സഹായിക്കുന്നവര്‍ക്കോ അഭയം നല്കാവതല്ല.
11. മദീനയുടെ വിശുദ്ധ പ്രദേശത്തിന്നെതിരില്‍ പുറത്തുനിന്ന് അക്രമണമുണ്ടായാല്‍ ഓരോ വിഭാഗവും അവര്‍ക്കെതിരില്‍ പരസ്പരം സഹായിക്കേണ്ടതാണ്.
12. അക്രമിക്കോ കുറ്റവാളിക്കോ എതിരില്‍ ശിക്ഷാ നടപടിയെടുക്കുന്നതിന് ഈ പത്രിക ഒരു തടസ്സവും നില്ക്കുന്നതല്ല. (23)

ഈ കരാറിന്റെ അടിസ്ഥാനത്തില്‍ മദീനയും പ്രാന്തപ്രദേശങ്ങളും ഒരു ഏകരാഷ്ട്രമായി. അതിന്റെ തലസ്ഥാനം മദീനയും. നേതാവ് (ഇങ്ങനെ പറയാമെങ്കില്‍) ദൈവദൂതനുമായി.
ഇതുപോലെ ഇതേ ആവശ്യങ്ങള്‍ക്കായി പില്‍ക്കാലത്ത് മറ്റു ഗോത്രങ്ങളുമായും നബി(സ) കരാറുകള്‍ സ്ഥാപിക്കുകയുണ്ടായി. ഇതിനെക്കുറിച്ച് പിന്നീട് പരാമര്‍ശിക്കുന്നതാണ്.
1. ബുഖാരി 1:71, 555, 560 സാദുല്‍ മആദ് 2: 56

2. തിര്‍മിദി ഹദീസ്: 189

3. സാദുല്‍ മആദ് 2: 56

4. ബുഖാരി 1: 553 7 ബുഖാരി 1 :312

5. ബുഖാരി ഹ: 2049

6 .ഇബ്നു ഹിശാം :1 /502, 503

7. ബുഖാരി 1:6, 9

8. തിര്‍മിദി, ഇബ്നുമാജ, ദാരിമി, മിശ്കാത്

9. മുസ്ലിം മിശ്കാത്ത് 2: 422

10. ബുഖാരി 1: 6

11. ബുഖാരി 1 :6

12. മുസ്ലിം, മിശ്കാത് 2: 422

13. ബുഖാരി 2: 896

14. മുത്തഫഖുന്‍ അലൈഹി

15. അബൂദാവൂദ്, തിര്‍മിദി 2: 14

16. ബൈഹഖി, മിശ്കാത് 2: 424

17. ബുഖൈ 2: 893

18. ബുഖാരി, മുസ്ലിം, മിശ്കാത്ത് 1:12, 68

19. അഹ്മദ്, തിര്‍മിദി, ഇബ്നുമാജ, മിശ്കാത് 1:169

21. ബുഖാരി 1:190, 2:890

22. മിശ്കാത് 1: 32

23.ഇബ്നു ഹിശാം: 1/503, 504

 


സി. സലീം സുല്ലമി വിവര്‍ത്തനം ചെയ്ത ശൈഖ് സ്വഫീഹുറഹ്മാന്‍ മുബാറക് പൂരിയുടെ 'അര്‍റഹീക്വുല്‍ മഖ്തൂം' എന്ന ഗ്രന്ഥത്തില്‍ നിന്ന്...

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH