Search

mahonnathan

JA slide show

നബി ചരിത്രം

മദീനാ കാലഘട്ടം Print E-mail

മദീനാഘട്ടം മൂന്നായി വിഭജിക്കാം.
1. ഇസ്ലാമിക സമൂഹത്തിന്റെ സ്ഥാപനവും പ്രബോധനപ്രവര്‍ത്തനങ്ങളും. ഈ ഘട്ടത്തില്‍, ആഭ്യന്തരപ്രശ്നങ്ങളും കുഴപ്പങ്ങളും അരങ്ങേറുകയും മദീനയിലേക്ക് ശത്രുക്കള്‍ യുദ്ധം നയിക്കുകയും ചെയ്തു. ഇത് ഹിജ്റ ആറാംവര്‍ഷം ദുല്‍ഖഅദയില്‍ നടന്ന ഹുദൈബിയാ സന്ധിയുടെ കാലംവരെ നീണ്ടുനില്ക്കുന്നതാണ്.

2. മുഖ്യശത്രുവുമായുള്ള ഐക്യകരാര്‍, രാജാക്കന്മാരെ ഇസ്ലാമിലേക്ക് ക്ഷണിക്കല്‍, ഇസ്ലാമികവിരുദ്ധ ഗൂഢാലോചന തകര്‍ക്കല്‍ എന്നിവയുടെ ഘട്ടം. ഇത് ഹിജ്റ, എട്ടാംവര്‍ഷം റമദാനിലെ മക്കാവിജയത്തോടെ അവസാനിക്കുന്നതാണ്.

3. ദൌത്യസംഘങ്ങളുടെ സ്വീകരണത്തിന്റെയും ജനങ്ങളുടെ സംഘങ്ങളായുള്ള ഇസ്ലാം ആശ്ളേഷണത്തിന്റെയും ഘട്ടം. ഇത് ഹിജ്റ പതിനൊന്നാം വര്‍ഷം റബീഉല്‍ അവ്വലില്‍ തുടങ്ങി പ്രവാചകതിരുമേനിയുടെ ദേഹവിയോഗം വരെ നീണ്ടുനില്ക്കുന്നതാണ്.

പലായനകാലത്തെ മദീന

പലായനമെന്നത് കുഴപ്പങ്ങളില്‍നിന്നും പ്രശ്നങ്ങളില്‍നിന്നുമുള്ള ഒരൊളിച്ചോട്ടം മാത്രമല്ല, പ്രത്യുത, നിര്‍ഭയമായ ഒരു നാട്ടില്‍ ഒരു സമൂഹസൃഷ്ടിക്കുള്ള മുന്നേറ്റം കൂടിയാണ്. അതിനാല്‍ ഈ ഘട്ടത്തില്‍ ഈ പുതിയ സ്വദേശത്തിന്റെ സ്ഥാപനത്തിലും സംരക്ഷണത്തിലും സര്‍വതോന്മുഖമായ അതിന്റെ പുരോഗതിയിലും പങ്കുവഹിക്കുക എന്നത് ഓരോ മുസ്ലിമിന്റെയും ബാധ്യതയായി മാറുന്നു. സംശയമില്ല, ഈ സമൂഹസൃഷ്ടിയുടെ നേതാവും മാര്‍ഗദര്‍ശിയും റസൂല്‍(സ) യായിരുന്നു. സകലകാര്യങ്ങളുടെയും കടിഞ്ഞാണ്‍ അവിടുത്തെ കൈകളില്‍ തന്നെ.

തികച്ചും ഭിന്നവും വ്യത്യസ്തവുമായ പ്രശ്നങ്ങളുള്ള മൂന്ന് വിഭാഗം ജനങ്ങളെയായിരുന്നു നബി(സ)ക്ക് മദീനയില്‍ അഭിമുഖീകരിക്കാനുണ്ടായിരുന്നത്.

1. തന്റെ സഹചരന്മാര്‍, പുണ്യവാളന്മാരും മാന്യരുമായവര്‍.

2. അതുവരേയും വിശ്വാസികളായിട്ടില്ലാത്ത മദീനയിലെ പൂര്‍വികരായ ബഹുദൈവാരാധകര്‍

3. ജൂതന്മാര്‍

മദീനയിലെ സാഹചര്യം മക്കാജീവിതത്തില്‍നിന്നും തീര്‍ത്തും ഭിന്നമായിരുന്നു. മക്കയില്‍, ഒരേ ലക്ഷ്യത്തിലേക്ക് ഐക്യത്തോടെ നീങ്ങുന്നവരായിരുന്നുവെങ്കിലും പല ഗേഹങ്ങളിലും ചിതറപ്പെട്ടവരായിരുന്നു മുസ്ലിംകള്‍. നിന്ദിതരും ആട്ടിയോടിക്കപ്പെട്ടവരും സ്വയം നിര്‍ണയാവകാശമില്ലാതെ ശത്രുക്കളുടെ നിയന്ത്രണത്തിന്‍ കീഴിലുമായിരുന്നു. ഒരു സമൂഹസൃഷ്ടിക്കനിവാര്യമായ മൌലികഘടകങ്ങളൊന്നുമില്ലാതെ ഒരു നവ സമൂഹത്തെ സൃഷ്ടിക്കുക സാധ്യമായിരുന്നില്ല. അതിനാല്‍, മക്കയില്‍, അവതരിച്ച ഖുര്‍ആന്‍ സൂക്തങ്ങള്‍ ഇസ്ലാമിന്റെ പ്രാഥമികവും അടിസ്ഥാനപരവുമായ കാര്യങ്ങളും വ്യക്തിബാധ്യതയായി നിര്‍വഹിക്കേണ്ട നിയമകാര്യങ്ങളും വിശദീകരിക്കുന്നു. പൊതുവായ പുണ്യകര്‍മങ്ങളും സല്‍സ്വഭാവങ്ങളും പ്രോത്സാഹിപ്പിക്കുകയും നികൃഷ്ടവും നിന്ദ്യവുമായ കാര്യങ്ങള്‍ കൈയൊഴിക്കാന്‍ നിര്‍ദേശിക്കുകയുമാണ് ചെയ്തത്.

മദീനയില്‍, കാര്യങ്ങള്‍ അതിന്റെ ആദ്യനാള്‍ മുതല്‍ത്തന്നെ പൂര്‍ണമായും മുസ്ലിം കരങ്ങളിലായിരുന്നതിനാല്‍ സ്വാഭാവികമായും നാഗരികവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ഭരണപരവും യുദ്ധവും സമാധാനവുമായി ബന്ധപ്പെട്ടതുമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ അവസരമുണ്ടായി. വിധിവിലക്കുകള്‍, ആരാധനാകാര്യങ്ങള്‍, സ്വഭാവസംസ്കരണ വിഷയങ്ങള്‍ തുടങ്ങി ജീവിതപ്രശ്നങ്ങള്‍വരെ പൂര്‍ണമായി ശരിപ്പെടുത്തത്തക്കവിധത്തില്‍ വിശദീകരണങ്ങളുടെ ആവശ്യവുമുണ്ടായി. ജാഹിലിയ്യാ സമൂഹത്തില്‍നിന്ന് പൂര്‍ണമായും ഭിന്നവും ഇതരലോക സമൂഹങ്ങളില്‍നിന്ന് വ്യതിരിക്തവുമായ ഒരു നവസമൂഹമായി മാറാന്‍ ഇതോടെ അവര്‍ക്കവസരം ലഭിച്ചു. നീണ്ട പത്തുവര്‍ഷത്തിന്നിടയില്‍ പീഡനമര്‍ദനങ്ങളിലൂടെ പ്രബോധനംചെയ്ത ഇസ്ലാമിക സന്ദേശത്തിന്റെ നിദര്‍ശനമായ സമൂഹം.

ഈ മാതൃകയിലുള്ള ഒരു സമൂഹസൃഷ്ടി ഒരു ദിവസംകൊണ്ടോ മാസംകൊണ്ടോ വര്‍ഷംകൊണ്ടോ നിലവില്‍വരിക സാധ്യമല്ലെന്നകാര്യം വ്യക്തമാണ്. പ്രത്യുത, ദീര്‍ഘനാളത്തെ ക്രമപ്രവൃദ്ധമായ സംസ്കരണ, ശിക്ഷണ നിയമനിര്‍മാണനിര്‍വഹണ പദ്ധതികള്‍ പൂര്‍ത്തിയാകേണ്ടതുണ്ട്. ഈ നിയമാവിഷ്കരണത്തിന്റെ കര്‍ത്താവ് അല്ലാഹുവും പ്രബോധകനും പ്രയോക്താവും ശിക്ഷകനും ദൈവദൂതനുമാണ്.

"അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പ്പിക്കുകയും അവരെ സംസ്കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കാന്‍ അവരില്‍നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍!'' (62:2) സ്വഹാബികള്‍ ഇസ്ലാമിനോട് അങ്ങേയറ്റം ആഭിമുഖ്യം കാണിക്കുകയും അതിന്റെ നിയമനിര്‍ദേശങ്ങള്‍ സര്‍വാത്മനാ അംഗീകരിക്കുകയും ചെയ്തു.

"അവന്റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പ്പിക്കപ്പെട്ടാല്‍ അത് അവര്‍ക്ക് വിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.'' (8:2)
ഇതായിരുന്നു പ്രവാചകന്‍ മുസ്ലിംകളുമായി ബന്ധപ്പെട്ട് അഭിമുഖീകരിച്ച മുഖ്യവിഷയം. വിശാലാര്‍ഥത്തില്‍ ഇതുതന്നെയായിരുന്നു ഇസ്ലാമിക ദൌത്യമെങ്കിലും അടിയന്തിര പരിഹാരം തേടുന്ന ഒരു പ്രശ്നമായിരുന്നില്ല ഇത്. ഇതിനപ്പുറം അടിയന്തിര പരിഹാരം തേടുന്ന മറ്റ് അടിസ്ഥാനപ്രശ്നങ്ങളുമുണ്ടായിരുന്നു ഇതില്‍ പ്രധാനപ്പെട്ടത്.

മുസ്ലിം സമൂഹം രണ്ടുവിഭാഗമായിരുന്നു. ഒന്ന്, സ്വന്തം നാട്ടിലും വീട്ടിലും സ്വത്തിലും സുരക്ഷിതബോധത്തോടെ ജീവിക്കുന്ന അന്‍സ്വാറുകള്‍. ഇവര്‍ക്കിടയില്‍ അതിവിദൂരമായ കാലം മുതലെ നേതൃസമരവും ശത്രുതയും നിലനിന്നിരുന്നു. മറ്റൊന്ന്, സകലതും നഷ്ടപ്പെട്ട് ജീവരക്ഷാര്‍ഥം മദീനയില്‍ അഭയംതേടിയ മുഹാജിറുകള്‍ ഇവര്‍ക്ക് ഒരഭയകേന്ദ്രമോ ഉപജീവനമോ സാമ്പത്തികാടിത്തറയോ ഇല്ലായിരുന്നു. എണ്ണത്തില്‍ കുറവല്ലാതിരുന്ന ഇവര്‍, വിശ്വാസികള്‍ക്കെല്ലാം ഹിജ്റക്ക് അനുമതി ലഭിച്ചതോടെ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരുന്നു. ഏറെ സമ്പന്നമല്ലാതിരുന്ന മദീനയുടെ സാമ്പത്തിക സന്തുലിതാവസ്ഥയെ ഇത് തകിടംമറിക്കുകയുണ്ടായി. ഈ സന്നിഗ്ദഘട്ടത്തില്‍ത്തന്നെ ഇസ്ലാമിന്റെ ശത്രുക്കള്‍ മദീനയുടെമേല്‍ ഭാഗികമായ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും അങ്ങനെ ഇറക്കുമതി ഗണ്യമായി കുറയുകയും പ്രശ്നങ്ങള്‍ മേല്‍ക്കുമേല്‍ വര്‍ധിക്കുകയും ചെയ്തു.

രണ്ടാമത്തെ വിഭാഗം മദീനയിലെ ബഹുദൈവാരാധകരായിരുന്നു. ഇവര്‍ക്ക് മുസ്ലിംകളുടെ മേല്‍ ഒരാധിപത്യവുമില്ലായിരുന്നു. ഇവര്‍ പൂര്‍വപിതാക്കളുടെ ബഹുദൈവത്വമതം കയ്യൊഴിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയവരായിരുന്നു. എന്നാല്‍ ഇസ്ലാമിനും മുസ്ലിംകള്‍ക്കും നേരെ ശത്രുതയും കുതന്ത്രങ്ങളും ഒളിപ്പിച്ചുവെക്കുന്നവരായിരുന്നില്ല. ഏറെക്കാലം പിന്നിടുന്നതിന് മുമ്പുതന്നെ ഇവരെല്ലാം ഇസ്ലാം ആശ്ളേഷിക്കുകയുണ്ടായി.

ഇസ്ലാമിനും അതിന്റെ പ്രവാചകനും നേരെ കടുത്ത ശത്രുതയും വിദ്വേഷവും വെച്ചുപുലര്‍ത്തിയിരുന്നവരും ഇവരില്‍ ഉണ്ടായിരുന്നു. ഇതുപക്ഷെ, പ്രത്യക്ഷമാക്കാതെ മനസ്സിലൊളിപ്പിക്കുകയും സാഹചര്യത്തിന്റെ സമ്മര്‍ദത്തിന് വിധേയമായി സ്നേഹവും സൌഹൃദവും പ്രകടിപ്പിക്കുകയുമായിരുന്നു അവര്‍ ചെയ്തിരുന്നത്. ഇവരുടെ നേതാവായിരുന്നു അബ്ദുല്ലഹിബ്നു ഉബയ്യ്, ബുഗാസ് യുദ്ധാനന്തരം, മുമ്പാരുടേയും പൊതുനേതൃത്വമംഗീകരിച്ചിട്ടില്ലാത്ത ഔസ്, ഖസ്റജ് ഗോത്രങ്ങള്‍ ഇദ്ദേഹത്തിന്റെ പൊതുനേതൃത്വം അംഗീകരിച്ചിരുന്നു. അദ്ദേഹത്തെ അവരുടെ രാജാവായി വാഴിക്കാനുള്ള പദ്ധതികളൊരുങ്ങുന്നേടത്താണ് റസൂല്‍(സ)യുടെ മദീനാ ആഗമനമുണ്ടാകുന്നതും തന്റെ അനുയായികള്‍ റസൂല്‍(സ)യുടെ അടുക്കലേക്ക് നീങ്ങുന്നതും, തന്റെ അധികാരം റസൂല്‍(സ) തട്ടിയെടുത്തുവെന്ന് വിശ്വസിച്ചിരുന്ന അദ്ദേഹം നബി(സ)ക്ക് എതിരില്‍ കഠിനമായ ശത്രുത വെച്ചുപുലര്‍ത്തുകയാണുണ്ടായത്. സാഹചര്യം ബഹുദൈവാരാധനയ്ക്ക് അനുകൂലമല്ലായെന്ന് കണ്ടപ്പോള്‍ ബദ്ര്‍ യുദ്ധാനന്തരം അദ്ദേഹം ഇസ്ലാം സ്വീകരിച്ചതായി പ്രകടിപ്പിച്ചു. എന്നാല്‍ നിഷേധം മനസ്സിലൊളിപ്പിച്ച്, ഇസ്ലാമിന്നെതിരില്‍ തനിക്ക് ലഭിച്ച എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തുകയും അതിനുവേണ്ടി തന്റെ രാജത്വം പ്രതീക്ഷിച്ചിരുന്ന അനുയായികളേയും മുസ്ലിംകളിലെ ബുദ്ധിപരമായി കഴിവുകുറഞ്ഞവരേയും ഉപയോഗപ്പെടുത്തുകയുമാണ് ചെയ്തത്.

മൂന്നാം വിഭാഗം ജൂതന്മാരാണ്. യഥാര്‍ഥത്തില്‍ അബ്റാനികളായിരുന്ന ഇവര്‍ റോമിന്റേയും അശൂറികളുടെയും മര്‍ദനങ്ങള്‍ കാരണം ഹിജാസിലേക്ക് ഓടിപ്പോന്നവരാണ്. പക്ഷെ, പിന്നീട് വേഷത്തിലും ഭാഷയിലും നാഗരികതയിലും അറബ് വത്കരിച്ച ഇവര്‍ വ്യക്തിനാമങ്ങളും ഗോത്രങ്ങളുംവരെ അറബീകരിക്കുകയുണ്ടായി. അങ്ങനെ അവര്‍ക്കും അറബികള്‍ക്കുമിടയില്‍ വൈവാഹികബന്ധങ്ങളും കുടുംബബന്ധങ്ങളും നിലവില്‍വന്നു. എന്നാല്‍ ഇതോടൊപ്പം തന്നെ തങ്ങളുടെ വംശീയതയും ദേശീയതയും കയ്യൊഴിക്കാതെ ഇവര്‍ പരിരക്ഷിക്കുകയും ചെയ്തിരുന്നു. അറബികളെ വളരെ നിസ്സാരരും നിന്ദ്യരുമായി കണ്ടിരുന്ന ഇവര്‍ അവരുടെ സമ്പത്ത് തങ്ങള്‍ക്ക് അനുവദനീയമായി ഗണിച്ചിരുന്നു. ഉമ്മിയ്യുകളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് കുറ്റമുണ്ടാകാന്‍ വഴിയില്ലെന്ന് അവര്‍ പറഞ്ഞു. (3:75). തങ്ങളുടെ മതം പ്രബോധനം ചെയ്യുന്നതില്‍ ഒരു വ്യഗ്രതയൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. അവരുടെ മതമെന്നതുതന്നെ മാരണവും മന്ത്രവും ഉറുക്കും ശകുനം നോക്കലുമായിരുന്നു. ഇതെല്ലാംകാരണം അവര്‍ സ്വയം യോഗ്യരും മതനേതാക്കളുമായി ധരിക്കുകയും ചെയ്തിരുന്നു.

ജീവിതായോധന മാര്‍ഗങ്ങളില്‍ നിപുണരായിരുന്ന ഇവര്‍ വാണിജ്യരംഗം കയ്യടക്കിവെച്ചിരുന്നു. വസ്ത്രങ്ങളും ധാന്യങ്ങളും മദ്യവും മദീനയില്‍ ഇറക്കുമതിചെയ്യുകയും ഈത്തപ്പഴം കയറ്റുമതി ചെയ്യുകയും ചെയ്യുന്നതിന് പുറമെ മറ്റു ജോലികളിലും ഇവര്‍ ഏര്‍പ്പെട്ടിരുന്നു. സാധാരണ അറബികളില്‍നിന്നു കൊള്ളലാഭമെടുത്തിരുന്ന ഇവര്‍ പലിശ ഭുജിക്കുന്നവരായിരുന്നു. അറബി നേതാക്കളില്‍നിന്ന് ഭൂമിയും കൃഷിസ്ഥലങ്ങളും പണയംവാങ്ങി പണം കടംകൊടുക്കുകയും പിന്നീട് അവര്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു.

ചതിയും ഗൂഢതന്ത്രങ്ങളും സ്വഭാവമാക്കിയിരുന്ന ഇവര്‍ സഹകരിച്ചുകഴിയുന്ന ഗോത്രങ്ങള്‍ക്കിടയില്‍ പകയും വിദ്വേഷവും കടത്തിവിട്ട് പരസ്പരം ശത്രുക്കളാക്കി മാറ്റുകയും അതു പലപ്പോഴും രക്തപങ്കിലമായ യുദ്ധത്തിലേക്ക് വഴിതെളിക്കുകയും ചെയ്യും. ഇത്തരം യുദ്ധങ്ങള്‍ കെട്ടടങ്ങാറായാല്‍ ജൂതകരങ്ങള്‍ അവ കുത്തിപ്പൊക്കുകയും എന്നിട്ട് ഒന്നുമറിയാത്തതുപോലെ അവര്‍ മാറിനില്ക്കുകയും ചെയ്യും. അല്ല, അവര്‍ പണം പലിശയ്ക്ക് കടം കൊടുത്ത് യുദ്ധരംഗത്ത് അവരെ പിടിച്ചുനിര്‍ത്തുകതന്നെ ചെയ്യുമായിരുന്നു. ഇതുവഴി രണ്ടു വന്‍ നേട്ടങ്ങളാണവര്‍ക്ക്, ജൂത ഐക്യം നിലനിര്‍ത്തുകയും പലിശക്കമ്പോളത്തില്‍ കൊള്ളലാഭമടിക്കുകയും ചെയ്യുക.

ഇതില്‍ പ്രശസ്തമായ മൂന്നു ഗോത്രങ്ങളുണ്ടായിരുന്നു. മദീനയില്‍, (1) ബനൂഖൈനുഖാഅ്, ഇവര്‍ ഖസ്റജിന്റെ സഖ്യകക്ഷിയാണ്, മദീനക്കുള്ളിലായിരുന്നു ഇവരുടെ താമസം. (2) ബനൂനളിര്‍: ഖസ്റജിന്റെ സഖ്യകക്ഷി. താമസം മദീനയുടെ പ്രാന്തപ്രദേശങ്ങളില്‍. (3) ബനൂഖുറൈള; ഔസിന്റെ സഖ്യകക്ഷി. മദീനയുടെ പ്രാന്തപ്രദേശങ്ങളിലായിരുന്നു ഇവരുടെ താമസം. ഈ ജൂതഗോത്രങ്ങളായിരുന്നു പൂര്‍വകാലം മുതലേ ഔസ്, ഖസ്വ്റജ് ഗോത്രങ്ങള്‍ക്കിടയില്‍ യുദ്ധം ഇളക്കിവിട്ടിരുന്നത്. ഇവരില്‍ ഓരോരുത്തരും തങ്ങളുടെ സഖ്യകക്ഷിയുമായിച്ചേര്‍ന്ന് ബുഗാസ് യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

ഇസ്ലാമിനുനേരെ ഇവര്‍ പകയുടെയും വിദ്വേഷത്തിന്റെയും നേത്രങ്ങള്‍കൊണ്ടാണ് നോക്കിയിരുന്നത് എന്നത് സ്വാഭാവികമാണ്. കാരണം, ജൂതമനസ്സുകളെയും ബുദ്ധിയെയും കീഴടക്കിയിരുന്ന വംശീയവും വിഭാഗീയവുമായ അസ്വസ്ഥത ശമിപ്പിക്കാന്‍ മറ്റൊരു വംശജനായ പ്രവാചകന് കഴിയുമായിരുന്നില്ല. പുറമെ ഇസ്ലാമിക പ്രബോധനം. ശത്രുതയുടെയും വിദ്വേഷത്തിന്റെയും തീനാളങ്ങള്‍ അണച്ചുകളഞ്ഞ് മനസ്സുകള്‍ക്കിടയില്‍ രഞ്ജിപ്പും സ്നേഹവും വളരുന്നതും, ജീവിതഇടപാടുകളില്‍ വിധിവിലക്കുകള്‍ പരിഗണിച്ചും വിശ്വസ്തത പാലിക്കണമെന്ന് ശഠിക്കുന്നതുമായതിനാല്‍ ഗോത്രങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയും അതുവഴി പലിശക്കമ്പോളം വളര്‍ത്തിയും സമ്പന്നരായിരുന്ന ജൂതന്മാര്‍ക്ക് തങ്ങളുടെ ദംഷ്ട്രങ്ങള്‍ ഉള്‍വലിക്കേണ്ടിവന്നു. ഇതുവഴി തങ്ങളുടെ സമ്പത്തിന്റെ നട്ടെല്ലൊടിയുകയും ചെയ്തു. ചിലപ്പോള്‍ ഈ ഗോത്രങ്ങളെല്ലാം ഉണര്‍ന്നുചിന്തിച്ചു പലിശയിടപാട് വഴി തങ്ങള്‍ കയ്യടക്കിവെച്ച ഭൂസ്വത്തും തോട്ടങ്ങളുമെല്ലാം തിരിച്ചുപിടിക്കാന്‍ സന്നദ്ധരായെന്നും വന്നേക്കാം. ഇതെല്ലാം ജൂതന്മാരുടെ ഇസ്ലാം വിരോധത്തിന് ഹേതുവായി വര്‍ത്തിച്ചു.

ഇസ്ലാം മദീനയില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് മനസ്സിലായ അന്നുമുതലേ ജൂതര്‍ ശത്രുതയുമായി വന്നിട്ടുണ്ട്. ഇതുപക്ഷെ, അവര്‍ അല്പകാലത്തിനുശേഷമേ പ്രകടിപ്പിച്ചുള്ളൂവെന്ന് മാത്രം. ഇതിന് വ്യക്തമായ ഒരു ഉദാഹരണമാണ് പ്രവാചകപത്നി സ്വഫിയ്യ (റ)യുടെ വിവരണം: "എന്റെ പിതാവ് ഹുയയ്ബ്ന്‍ അഖ്തബിനും പിതൃസഹോദരന്‍ അബൂയാസിറിനും ഏറെ പ്രിയപ്പെട്ടവളായിരുന്നു ഞാന്‍. നബി(സ) ഖുബാഇല്‍ ഇറങ്ങിയപ്പോള്‍ പിതാവും പിതൃവ്യനും നബി(സ)യെ സന്ദര്‍ശിക്കാനായി ചെന്നു. കാലത്ത് പുറപ്പെട്ട അവര്‍ അസ്തമയത്തോടനുബന്ധിച്ചാണ് തിരിച്ചത്. ഏറെ നിരാശരും അലസരുമായിട്ടാണവര്‍ കാണപ്പെട്ടത്. വളരെ ഉന്മേഷവതിയായി ഞാനവരെ സമീപിച്ചു. പക്ഷെ, അവരുടെ ദുഖഭാവം കണ്ടു ഞാന്‍ അവരെ ആരേയും തിരിഞ്ഞുനോക്കിയതുതന്നെയില്ല. ഇതിനിടയില്‍ പിതൃവ്യന്‍ പിതാവിനോട് ചോദിക്കുന്നത് കേട്ടു: "അത് അദ്ദേഹം തന്നെയാണോ?'' അതെ തീര്‍ച്ചയായും പിതാവ് പറഞ്ഞു. വീണ്ടും ചോദിച്ചു: 'നീ അറിയുകയും ഉറപ്പിക്കുകയും ചെയ്യുന്നോ?'' അതെ. പിതാവ് പറഞ്ഞു. അദ്ദേഹം ചോദിച്ചു: അദ്ദേഹത്തോടുള്ള നിന്റെ സമീപനമെന്താണ്? അവസാനംവരെ ശത്രുത, തീര്‍ച്ച, പിതാവ് പറഞ്ഞു. (1)

ഇതിന് മറ്റൊരു ഉദാഹരണമാണ് അബ്ദുല്ലാഹിബിന്‍ സലാമിന്റെ ഇസ്ലാം ആശ്ളേഷ സംഭവം. ഇദ്ദേഹം ഒരു ഉയര്‍ന്ന ജൂതപണ്ഡിതനായിരുന്നു. മദീനയില്‍ പ്രവാചകന്‍ എത്തിയ വിവരമറിഞ്ഞ ഉടനെ അദ്ദേഹം നബി(സ)യെ സന്ദര്‍ശിച്ചു. ഒരു പ്രവാചകനല്ലാതെ ഉത്തരം പറയാന്‍ കഴിയാത്ത ഏതാനും ചോദ്യങ്ങള്‍ ഉന്നയിച്ചു. അതിനുള്ള മറുപടി ശ്രവിച്ചപ്പോള്‍ തത്സ്ഥാനത്ത് വെച്ച് തന്നെ ഇസ്ലാം സ്വീകരിച്ചു. തുടര്‍ന്ന് നബി(സ)യോടു പറഞ്ഞു: 'ജൂതര്‍ കളവാരോപിക്കുന്ന ഒരു ജനതയാണ്. താങ്കള്‍ അവരോട് എന്നെക്കുറിച്ച് ചോദിക്കുന്നതിനുമുമ്പ് ഞാന്‍ ഇസ്ലാം സ്വീകരിച്ചതായി അവര്‍ അറിഞ്ഞാല്‍ അവര്‍ എന്റെ പേരില്‍ കളവാരോപിക്കും.' അപ്പോള്‍ റസൂല്‍(സ) ജൂതരെ വിളിപ്പിച്ചു. അബ്ദുല്ലഹിബ്നു സലാം വീടിന്നകത്ത് പ്രവേശിക്കുകയും ചെയ്തു. റസൂല്‍(സ) ചോദിച്ചു: 'അബ്ദുല്ലാഹിബ്നു സലാം നിങ്ങളുടെയിടയില്‍ എങ്ങനെയാണ്?' 'ഞങ്ങളില്‍ ഏറ്റം അറിവുള്ളവന്‍, ഏറ്റം ശ്രേഷ്ഠന്‍, നേതാവ്, നേതാവിന്റെ പുത്രന്‍, ഉന്നതകുലന്‍.' അവര്‍ പറഞ്ഞു. റസൂല്‍(സ) ചോദിച്ചു: 'അബ്ദുല്ല ഇസ്ലാം ആശ്ളേഷിച്ചാലോ?' അവര്‍ പറഞ്ഞു: 'അല്ലാഹു അതില്‍നിന്ന് അദ്ദേഹത്തെ രക്ഷിക്കട്ടെ.' ഇത് രണ്ടോ മൂന്നോ തവണ ആവര്‍ത്തിച്ചു. അപ്പോള്‍ അബ്ദുല്ല അവിടെ പ്രത്യക്ഷപ്പെട്ടുകൊണ്ട് പറഞ്ഞു. 'അശ്ഹദുഅന്‍ലാ ഇലാഹ ഇല്ലല്ലാഹ്, വഅശ്ഹദു അന്നമുഹമ്മദന്‍ റസൂലുല്ലാഹ്' അവരെല്ലാവരും കൂടി ഒച്ചവെച്ചു. ദുഷ്ടന്‍! ദുഷ്ടന്‍! ദുഷ്ടപുത്രന്‍!' എന്നിട്ടദ്ദേഹത്തിന്റെ നേരെ ചാടിവീഴുകയും ചെയ്തു. മറ്റൊരു നിവേദനമനുസരിച്ച്, അബ്ദുല്ല അവരോട് പറഞ്ഞു: ജൂതരേ! നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. അല്ലാഹുവല്ലാതെ മറ്റൊരാരാധ്യനില്ലാത്ത അവന്‍ തന്നെ സത്യം! നിങ്ങള്‍ക്കറിയാമല്ലൊ അദ്ദേഹം ദൈവദൂതനാണെന്നും സത്യവുമായാണ് അദ്ദേഹം ആഗതനായിട്ടുള്ളതെന്നും.' അവര്‍ പറഞ്ഞു: 'നീ കളവാണ് പറഞ്ഞത്.'(2)
മദീനയില്‍ പ്രവേശിച്ച ആദ്യനാളുകളില്‍ത്തന്നെ റസൂല്‍(സ)ക്ക് ജൂതരില്‍നിന്ന് കിട്ടിയ അനുഭവമാണിത്.

ഇതത്രയും ആഭ്യന്തര പ്രശ്നങ്ങളായിരുന്നു. എന്നാല്‍ വൈദേശിക പ്രശ്നമെന്ന നിലയ്ക്ക് ഇസ്ലാമിന്റെ ബദ്ധവൈരികളും ശത്രുക്കളുമായിരുന്ന ക്വുറൈശികളുടെ ശത്രുതയായിരുന്നു. ഇത് കഴിഞ്ഞ പത്തുവര്‍ഷം മുസ്ലിംകള്‍ അവരുടെ കൈക്കീഴിലായിരുന്ന സമയത്ത് അനുഭവിച്ചതാണ്. തുല്യതയില്ലാത്ത പീഡനങ്ങളും മര്‍ദനങ്ങളും അഴിച്ചുവിടുകയും എല്ലാം ഭയന്ന് നാടുവിട്ടോടിയ മുസ്ലിംകളുടെ സ്വത്ത് കയ്യടക്കിവെക്കുകയും ദമ്പതികളെ വേര്‍പിരിക്കുകയും പ്രവാചകന് നേരെ വധശ്രമം നടത്തുകയും എല്ലാം കഴിഞ്ഞ് അഞ്ഞൂറ് കിലോമീറ്റര്‍ അകലെയുള്ള മദീനയില്‍ അഭയം തേടിയെത്തിയപ്പോള്‍, തങ്ങളുടെ മത-രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഉപദ്വീപിലെ ഇതര ഗോത്രങ്ങളെയും ബഹുദൈവാരാധകരെയും മദീനയ്ക്ക് നേരെ തിരിച്ചുവിട്ട് മദീനയെ ഒരു ഉപരോധമേഖലയാക്കി മാറ്റുകയും ചെയ്തു. ദിനംപ്രതി അഭയാര്‍ഥികള്‍ കടന്നുവന്നിരുന്ന മദീനയിലേക്ക് പുറംനാടുകളില്‍നിന്ന് വിഭവങ്ങള്‍ ഇറക്കുമതി ചെയ്യപ്പെടാതായി. അറേബ്യയില്‍ ഈ അതിക്രമകാരികള്‍ക്കും ഈ അഭയാര്‍ഥികള്‍ക്കുമിടയില്‍ ഒരു യുദ്ധസാഹചര്യം നിലവില്‍വന്നു. ഈ അതിക്രമകാരികള്‍ തങ്ങളുടെ സ്വത്ത് കയ്യടക്കിയതുപോലെയും പ്രതികാരനടപടികള്‍ എടുത്തതുപോലെയും തിരിച്ചും പ്രതികാരം സ്വീകരിക്കാനും സ്വത്ത് വസൂലാക്കാനും തികച്ചും അര്‍ഹതയുള്ളവരാണ് മുസ്ലിംകള്‍. അല്ലാത്തപക്ഷം, ഇനിയുമിവര്‍ നാടുകടത്തപ്പെടുകയും പിഴുതെറിയപ്പെടുകയും ചെയ്യും.

ഒരു മാര്‍ഗദര്‍ശിയും നേതാവുമെന്ന നിലയില്‍ ഇതെല്ലാമായിരുന്നു മദീനയിലെ ആഗമനഘട്ടത്തില്‍ പ്രവാചകന്‍ അഭിമുഖീകരിച്ചിരുന്ന പ്രശ്നം.

റസൂല്‍(സ) തന്റെ സന്ദേശപ്രബോധനത്തിന്റെയും നേതൃത്വത്തിന്റെയും സാധ്യത പൂര്‍ണമായും ഈ രംഗത്ത് നിര്‍വഹിച്ചു. ഇവയില്‍ ഓരോ വിഭാഗത്തിനും അര്‍ഹമായ കാരുണ്യവും കാര്‍ക്കശ്യവും ഒരുപോലെ നല്കി. പക്ഷെ, കാരുണ്യമായിരുന്നു മികച്ചുനിന്നിരുന്നത്. അങ്ങനെ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ നിയന്ത്രണാധികാരം പൂര്‍ണമായി ഇസ്ലാമിന്റെ കരങ്ങളില്‍ അര്‍പ്പിതമായി. തുടര്‍ന്നുള്ള പുറങ്ങളില്‍ വായനക്കാര്‍ക്ക് ഇവ കാണാവുന്നതാണ്.
1. ഇബ്നു ഹിഷാം 1 /518, 19
പ്രവാചക പത്നി സഫിയ ജൂത വംശയായിരുന്നു.(വിവ)

2. ബുഖാരി 1 /459, 556, 561.

 


സി. സലീം സുല്ലമി വിവര്‍ത്തനം ചെയ്ത ശൈഖ് സ്വഫീഹുറഹ്മാന്‍ മുബാറക് പൂരിയുടെ 'അര്‍റഹീക്വുല്‍ മഖ്തൂം' എന്ന ഗ്രന്ഥത്തില്‍ നിന്ന്...

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH