Search

mahonnathan

JA slide show

നബി ചരിത്രം

ഹിജ്റ Print E-mail

ആദ്യഘട്ട പലായനം
രണ്ടാം അക്വബാ ഉടമ്പടി പൂര്‍ത്തിയായതോടെ നിഷേധവും അജ്ഞതയും വിളയാടിയിരുന്ന ആ ഊഷര ഭൂവില്‍ ഇസ്ലാമിന് ഒരു സ്വദേശം സ്ഥാപിതമാവുകയാണ്. ഇത്രയും കാലത്തിനിടക്ക് ഇസ്ലാം കൈവരിച്ച ഏറ്റവുംവലിയ നേട്ടമായിരുന്നു ഇത്. യഥ്രീബിലേക്ക് പലായനം ചെയ്യാന്‍ റസൂല്‍(സ) മുസ്ലിംകള്‍ക്ക് അനുമതി നല്കി.

പലായനമെന്നത് സമ്പാദ്യങ്ങളും നേട്ടങ്ങളും പാടെ പരിത്യജിച്ച് ശാരീരിക സുരക്ഷയും തേടി പോകുകയെന്നത് മാത്രമല്ല. അതിനപ്പുറം യാത്രയുടെ പ്രാരംഭത്തിലോ അന്ത്യത്തിലോ എവിടെവെച്ചും പിച്ചിച്ചീന്തപ്പെടാനും വധിക്കപ്പെടാനുമുള്ള സാധ്യതയോടെ, എന്തുതരം പ്രതിസന്ധികളും ദുഃഖപൂര്‍ണമായ അവസ്ഥകളുമാണ് തന്നെ പ്രതീക്ഷിച്ചിരിക്കുന്നതെന്നുമറിയാതെ അവ്യക്തമായ ഭാവിയില്‍ കണ്ണുംനട്ട് കൊണ്ടുള്ള ഒരു യാത്രയാണ്. മുസ്ലിംകള്‍ പലായനം തുടങ്ങി. ബഹുദൈവാരാധകര്‍ അവര്‍ക്ക് മുമ്പില്‍ ബഹുവിധ മാര്‍ഗ്ഗതട ങ്ങള്‍ സൃഷ്ടിച്ചു കൊണ്ടുമിരുന്നു. ചില ഉദാഹരണങ്ങള്‍ നോക്കുക.

1. ആദ്യഘട്ടത്തില്‍ പെട്ട ഒരാളാണ് അബൂസലമ. രണ്ടാം അക്വബാ ഉടമ്പടിയുടെ ഒരു വര്‍ഷം മുമ്പാണിദ്ദേഹം പലായനം ചെയ്തത്. ഭാര്യയേയും പുത്രനേയും കൊണ്‍് നാടുവിടാനൊരുങ്ങിയപ്പോള്‍ ഭാര്യയുടെ ബന്ധുക്കള്‍ അവളെ പിടിച്ചുവെച്ചു. അദ്ദേഹത്തിന്റെ കുടുംബമാകട്ടെ കുട്ടിയെ അവളോടൊപ്പം വിട്ടുകൊടുക്കുകയില്ലെന്നും വാശിയായി. കുട്ടിക്ക് വേണ്ടി ഇരുവിഭാഗവും പിടിവലിയായി. പിടിവലിയില്‍ പുത്രന്റെ കൈ നഷ്ടപ്പെട്ടു. അങ്ങനെ തന്റെ ഭാര്യയേയും കുഞ്ഞിനെയും അല്ലാഹുവിലേല്പ്പിച്ച് ഏകനായി അദ്ദേഹം യാത്രയായി. ഏകദേശം ഒരു വര്‍ഷത്തോളം ഭാര്യ ഉമ്മുസലമ കരഞ്ഞുകണ്ണീര്‍ വാര്‍ത്തു മക്കയില്‍ കഴിച്ചുകൂട്ടി. അവസാനം അവളുടെ അടുത്ത ബന്ധുക്കളില്‍ ഒരാള്‍ ശുപാര്‍ശ ചെയ്തു. അവള്‍ക്കും കുഞ്ഞിനും മദീനയിലേക്ക് പുറപ്പെടാന്‍ അനുമതി ലഭിച്ചു. ഏകദേശം അഞ്ഞൂറ് കിലോമീറ്ററോളം അകലെയുള്ള മദീനയിലേക്ക് അവള്‍ മകനേയും കൂട്ടി ഏകയായി യാത്ര പുറപ്പെട്ടു. അങ്ങനെ തന്‍ഈമിലെത്തിയപ്പോള്‍ ഉസ്മാന്‍ ബിന്‍ ത്വല്‍ഹയെ കണ്ടുമുട്ടി. അദ്ദേഹം അവരെ ഭര്‍ത്താവിന്റെയടുക്കല്‍ ഖുബാഅ് വരെ എത്തിച്ചു തിരിച്ചുപോന്നു.(1)

2. റോംകാരന്‍ സുഹൈബ് പലായനത്തിനൊരുങ്ങിയപ്പോള്‍ ക്വുറൈശികള്‍ രംഗത്ത് വന്നു ആക്രോശിച്ചു. നീ ഞങ്ങളുടെയടുക്കല്‍ ദരിദ്രനും നി ാരനുമായി വന്നു, ഈ കാണുന്ന ധനമെല്ലാം സമ്പാദിച്ചു. ഇനിയിപ്പോള്‍ ആ ധനവുമായി നീ കടന്നുകളയുകയാണോ? ദൈവത്താണേ അതിനൊരിക്കലും ഞങ്ങളനുവദിക്കില്ല. സുഹൈബ് ചോദിച്ചു. "നിങ്ങളുടെ ധനം തിരിച്ചുതന്നാല്‍ എന്നെ വിട്ടേക്കുമോ? അവര്‍: "അതേ''. അദ്ദേഹം സമ്പത്തെല്ലാം അവിടെ ഉപേക്ഷിച്ചു മദീനയിലേക്ക് തിരിച്ചു. ഈ വിവരമറിഞ്ഞ റസൂല്‍(സ) പ്രതികരിച്ചു. 'സുഹൈബ് ലാഭം നേടി! സുഹൈബ് ലാഭം നേടി!''(2)

3. ഉമറുബ്നുല്‍ ഖത്താബ് അയ്യാശ് ബിന്‍ അബീറബിഅ, ഹിശാം ബിന് അല്‍ ആസ് എന്നിവര്‍ സഖീഫിന് മീതെ തനാളുബ് എന്ന ഒരു സ്ഥലത്ത് ഒരുമിച്ച്കൂടാനും കാലത്ത് അവിടെനിന്ന് യാത്ര പുറപ്പെടാനും തീരുമാനിച്ചു. ഉമറും അയ്യാശും എത്തി ഹിഷാം എത്തിയില്ല. അദ്ദേഹത്തെ ശത്രുക്കള്‍ പിടിച്ചുകെട്ടിയിട്ടതായിരുന്നു. രണ്ടു പേരും മദീനയില്‍ എത്തി ഖുബാഇല്‍ ഇറങ്ങി. അല്പം കഴിഞ്ഞ് അബൂജഹലും സഹോദരന്‍ ഹാരിഥും അയ്യാശിനെ തേടി അവിടെയെത്തി. ഇവര്‍ മൂവരുടെയും മാതാവ് ഒന്നാണ്. അസ്മാഅ്. അയ്യാശിനോട് പറഞ്ഞു: 'നിന്റെ മാതാവ് നിന്നെ കാണാതെ മുടിചീകുകയോ തണലേല്ക്കുകയോ ചെയ്യില്ലെന്ന് ശപഥം ചെയ്തിരിക്കുന്നു. അതിനാല്‍ നീ അവരോട് കനിയുക.' ഉമര്‍ പറഞ്ഞു. "അയ്യാശ് നിന്റെ ജനങ്ങള്‍ നിന്നെ കുഴപ്പത്തിലാക്കാനാണ് ഉദ്ദേശിക്കുന്നത്. അത്കൊണ്‍് സൂക്ഷിക്കുക! നിന്റെ മാതാവിന് പേനുപദ്രവിച്ചാല്‍ അവള്‍ മുടിചീകിക്കൊള്ളും.' ചൂട് കഠിനമായാല്‍ തണലേല്ക്കുകയും ചെയ്തുകൊള്ളും. പക്ഷേ അയ്യാശ് മാതാവിന്റെ സത്യം പാലിക്കാന്‍ വേണ്ടി അവരുടെ കൂടെ പോകാന്‍ തന്നെ തീരുമാനിച്ചു. അപ്പോള്‍ ഉമര്‍ പറഞ്ഞു. "നീ പോകാനാണ് തീരുമാനിക്കുന്നതെങ്കില്‍ എന്റെ ഒട്ടകത്തെയെടുത്തോളൂ. അത് വേഗതയുള്ള ഒതുക്കമുള്ള ഒട്ടകമാണ്. വഴിയില്‍ വെച്ച് വല്ല സംശയവും തോന്നിയാല്‍ ഇതിന്റെ പുറത്ത് രക്ഷപ്പെടുക.' അങ്ങനെ അവര്‍ യാത്രയായി. അല്പം ദൂരം പിന്നിട്ടപ്പോള്‍ അബൂജഹല്‍ പറഞ്ഞു: "സഹോദരാ എന്റെ ഈ ഒട്ടകം വല്ലാതെ പരുക്കനായിരിക്കുന്നു. ഞാനും നിന്റെ ഒട്ടകപ്പുറത്തേറിയാലോ?' അയ്യാശ് പറഞ്ഞു. 'വിരോധമില്ല' അതിലേക്ക് മാറാനായി ഒട്ടകത്തെ മുട്ടുകുത്തിച്ചു. ഈ സമയം നോക്കി അവര്‍ അദ്ദേഹത്തെ പിടിച്ചു ബന്ധിക്കുകയും പകല്‍ സമയത്ത് തന്നെ മക്കയില്‍ മടങ്ങിയെത്തുകയും ചെയ്തു. എന്നിട്ട് രണ്ടു പേരും വിളിച്ചു പറഞ്ഞു: "മക്കക്കാരേ! നിങ്ങളെല്ലാവരും നിങ്ങളുടെ കൂട്ടത്തിലെ വിഡ്ഢികളെ ഇവ്വിധം കൈകാര്യം ചെയ്യുവിന്‍''(3)

ഇത് മൂന്നുദാഹരണങ്ങള്‍ മാത്രമാണ്. എന്നാല്‍ ജനങ്ങള്‍ അപ്പോഴും നിരന്തരം മദീനയെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടെയിരുന്നു. രണ്ടാം അക്വബാ ഉടമ്പടിക്ക് ശേഷം രണ്ടു മാസവും ഏതാനും നാളുകളും പിന്നിട്ടപ്പോള്‍ മക്കയില്‍ റസൂല്‍ (സ)യും അബൂബക്കറും അലിയും മുശ്രിക്കുകള്‍ തടഞ്ഞുവെച്ച ചിലരുമല്ലാതെ ആരും അവശേഷിച്ചിരുന്നില്ല. നബി(സ)യും അബൂബക്കര്‍ (റ) വും യാത്രക്കുള്ള കല്പനയും പ്രതീക്ഷിച്ചു സന്നാഹങ്ങളൊരുക്കി കാത്തിരിക്കുകയായിരുന്നു. (4)

മദീനാ പലായനത്തിന്റെ വിവരമറിഞ്ഞതോടെ നേരത്തെ അബീശിനിയയിലേക്ക് പലായനം ചെയ്ത ഭൂരിഭാഗവും മദീനയിലേക്ക് മടങ്ങി. അബൂബക്കര്‍ (റ) പലായനത്തിന് അനുമതി തേടിയപ്പോള്‍, റസൂല്‍ (സ) കാത്തിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. 'എനിക്കും അനുമതി കിട്ടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്'. അവിടുന്ന് പറഞ്ഞു. അങ്ങനെ അബൂബക്കര്‍ (റ) രണ്ടു വാഹനങ്ങള്‍ സജ്ജമാക്കി. നാലുമാസം തീറ്റിപ്പോറ്റി. റസൂല്‍ (സ)യുടെ കൂടെ പുറപ്പെടാനായി കാത്തിരുന്നു. (5)

ദാറുന്നദ് വ
മുസ്ലിംകള്‍ ഒന്നടങ്കം മദീന ലക്ഷ്യമാക്കി നീങ്ങുന്നത് കണ്‍ ക്വുറൈശികള്‍ അക്ഷരാര്‍ഥത്തില്‍ തന്നെ നടുങ്ങി. മുമ്പൊന്നുമുണ്ടാ യിട്ടില്ലാത്ത ദുഃഖവും ഉല്‍ക്കണ്ഠയും അവരെ ശക്തിയായി പിടികൂടി. അവരുടെ വിഗ്രഹപൂജയുടേയും സാമ്പത്തിക അസ്തിത്വത്തിന്റെയും നടുവൊടിച്ചു കളയുന്ന അപകട സാധ്യതകള്‍ അവരുടെ മുമ്പില്‍ തെളിഞ്ഞു. ശക്തമായ നേതൃപാടവമുള്ള മുഹമ്മദി (സ)ന്റെ സ്വാധീനശക്തിയെക്കുറിച്ചും തന്റെ അനുയായികളുടെ ദൃഢചിത്തതയേയും സമര്‍പ്പണബോധത്തെയും കുറിച്ചും ഔസ്-ഖസ്റജ് ഗോത്രങ്ങള്‍ക്കുള്ള പ്രതിരോധശക്തിയെക്കുറിച്ചും, സുദീര്‍ഘമായ ആഭ്യന്തര യുദ്ധത്തിന്റെ കൈപ്പുനീരുകുടിച്ച ശേഷം ഐക്യത്തിന്റെയും രഞ്ജിപ്പിന്റെയും മാര്‍ഗം തേടിയ ഈ രണ്ടു ഗോത്രങ്ങളുടെ ബുദ്ധിമതികളായ നേതാക്കളെക്കുറിച്ചും വേണ്ടുവോളം അറിവുള്ളവരായിരുന്നു അവര്‍.

ഇതോടൊപ്പം ചെങ്കടല്‍ തീരം വഴി യമനിലേക്കും സിറിയയിലേക്കുമുള്ള കച്ചവടയാത്രയുടെ വഴിയില്‍ മദീനക്കുള്ള തന്ത്രപരമായ സ്ഥാനത്തെക്കുറിച്ചും ഇവര്‍ക്ക് ബോധ്യമുണ്ടായിരുന്നു. സിറിയയിലേക്ക് മാത്രമായി മക്കക്കാര്‍ ഒരു വര്‍ഷം രണ്‍ര ലക്ഷം സ്വര്‍ണദീനാറിന്റെ കച്ചവടയാത്രകള്‍ നടത്താറുണ്‍ായിരുന്നു. ത്വാഇഫുകാരുടെയും മറ്റും ഇതിനുപുറമേയാണ്. ഈ കച്ചവടയാത്രകളത്രയും നടത്തിയിരുന്നത് സുരക്ഷിതവും നിര്‍ഭയവുമായ ഈ വഴിയിലൂടെയായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ മദീനയില്‍ ഇസ്ലാം വളരുന്നത് അപകടമാണെന്നവര്‍ക്കറിയാമായിരുന്നു. ഈഅപകടം മനസ്സിലാക്കിയ ക്വുറൈശികള്‍ ഇതിനെ പ്രതിരോധിക്കാന്‍ ഫലപ്രദമായ മാര്‍ഗങ്ങളന്വേഷിക്കുക സ്വാഭാവികമാണ്.

പ്രവാചകത്വത്തിന്റെ പതിനാലാം വര്‍ഷം സഫര്‍മാസം 26ന് വ്യാഴാഴ്ച (ക്രിസ്താബ്ദം 622 സെപ്തംബര്‍ 12 ന്) അഥവാ രണ്ടാം അക്വബാ ഉടമ്പടിയുടെ രണ്‍രമാസത്തിന് ശേഷം ദാറുന്നദ്വയില്‍ ക്വുറൈശികളുടെ ഒരു പാര്‍ലമെന്റ് ചേര്‍ന്നു. ദാറുന്നദ്വയുടെ ചരിത്രത്തിലെ പരമപ്രാധാനമായ ഒരു സമ്മേളനമായിരുന്നു ഇത്. ഈ സമ്മേളനത്തില്‍ ക്വുറൈശ് ഗോത്രത്തിലെ എല്ലാ ശാഖകളുടെയും പ്രതിനിധികള്‍ സംബന്ധിക്കുകയുണ്ടായി. സമ്മേളനത്തിന്റെ അജണ്ട ഒന്നുമാത്രമായിരുന്നു. ഇസ്ലാമിനും അതിന്റെ സാരഥിക്കുമെതിരെ ഖണ്ഡിതവും അന്തിമവുമായ ഒരു തീരുമാനമെടുക്കുക. ക്വുറൈശികളിലെ ഓരോ ശാഖയിലേയും പൌരമുഖ്യന്മാര്‍ ഇതില്‍ സംബന്ധിച്ചു. 1. അബൂജഹല്‍ ബിന്‍ ഹിശാം-മഖ്സും ശാഖ. 2,3,4 ജുബൈര്‍ ബിന്‍ മുത്വ്ഇം, ത്വുഐമത്ത് ബിന്‍ അദിയ്യ്, അല്‍ ഹാരിഥ് ബിന്‍ ആമിര്‍- നൌഫല്‍ബിന്‍ അബ്ദുമനാഫ് ശാഖ-5,6,7 റബീഅയുടെ രണ്‍് പുത്രന്മാരായ ശൈബയും ഉത്ബയും, അബൂസുഫ്യാന്‍- അബ്ദുശംസുബിന്‍ അബ്ദുമനാഫ് ശാഖ. 8 നള്ര്‍ ബിന്‍ ഹാരിഥ്- നബിയുടെ ശിരസില്‍ കുടല്‍മാല ചാര്‍ത്തിയവന്‍-അബ്ദുദ്ദാര്‍ ശാഖ 9,101,11 അബുല്‍ ബഖ്ത്തരി ബിന്‍ ഹിശാം. സംഅബിന്‍ അല്‍അസ്വദ്, ഹകിംബിന്‍ ഹസാം. അസ്ദ്ബിന്‍ അബ്ദുല്‍ ഉ ാ ശാഖ. 12,13 ഹജ്ജാജിന്റെ പുത്രന്മാര്‍ നുബൈഹും മുനബ്ബിഹും-സഹ്മ് ശാഖ 14 ഉമയ്യബിന്‍ ഖലഫ് - ജൂമഹ് ശാഖ.

എല്ലാവരും ദാറുന്നദ്വയിലെത്തുമ്പോള്‍ ഇബ്ലീസ് പരുക്കന്‍ വസ്ത്രങ്ങളണിഞ്ഞ് ഒരു വയോവൃദ്ധനായ ശൈഖിന്റെ രൂപത്തില്‍ പടിവാതുക്കല്‍ നില്‍ക്കുന്നു. അവന്‍ സ്വയം പരിചയപ്പെടുത്തി. 'നജ്ദില്‍ നിന്നുള്ള ശൈഖാണ്. നിങ്ങളുടെ പരിപാടിയില്‍ സംബന്ധിക്കാനും വിജയമാശംസിക്കാനുമായി എത്തിയതാണ്'' അതോടെ അവന് യോഗത്തില്‍ പ്രവേശനാനുമതി ലഭിച്ചു.

സദസ്സ് പൂര്‍ണമായപ്പോള്‍ പ്രശ്നത്തെ അധികരിച്ചുള്ള നീണ്ട ചര്‍ച്ചകളും അഭിപ്രായങ്ങളും നടന്നു. അബുല്‍ അസ്വദ് ആദ്യംതന്നെ തന്റെ അഭിപ്രായം മുന്നോട്ട് വച്ചു. "നമുക്കവനെ നാടുകടത്താം പിന്നീടവന്‍ എന്തായി എന്ന് നാം ഗൌനിക്കേണ്‍തില്ല. അതോടെ നമ്മുടെ പ്രശ്നം തീരും.'' ഉടനെ നജ്ദിയന്‍ ശൈഖ് ഇടപെട്ടു. 'ഇതൊരഭിപ്രായമേയല്ല, അവന്റെ വാക്ചാതുരിയിലും സംഭാഷണ വൈദഗ്ധ്യത്തിലും അകപ്പെട്ടു ഏതെങ്കിലും ഗോത്രങ്ങളെ സംഘടിപ്പിച്ചു അവന്‍ നിങ്ങള്‍ക്കെതിരില്‍ തിരിയും. മറ്റേതെങ്കിലും അഭിപ്രായമുണ്ടോ എന്നന്വേഷിക്കുക' ഉടനെ അബുല്‍ ബഖ്തരി തന്റെ അഭിപ്രായം രേഖപ്പെടുത്തി. "അവനെ ചങ്ങലയില്‍ ബന്ധിച്ചു ഒരു മുറിയിലിട്ടു പൂട്ടുക. എന്നിട്ട് മുമ്പ് അവന്റേത് പോലുള്ള രോഗം ബാധിച്ചിരുന്ന സുഹൈര്‍ നാബിഗ പോലുള്ള കവികള്‍ക്ക് ബാധിച്ചത് പോലുള്ളത് ബാധിക്കുന്നത് വരെ കാത്തിരിക്കുക'' നജ്ദിയന്‍ ശൈഖ് വീണ്ടും: "ഇതും ഒരഭിപ്രായം തന്നെയല്ല. നിങ്ങള്‍ പറയുന്നത് പോലെ അവനെ ചങ്ങലയില്‍ബന്ധിച്ചു മുറിയിലിട്ടു പൂട്ടിയെന്ന് വെയ്ക്കുക. എന്നാലും വിവരം അവന്റെ ആളുകളുടെ അടുക്കല്‍ എത്തും. അവര്‍ നിങ്ങളെ ആക്രമിച്ച് അവനെ തട്ടിയെടുക്കും. നിങ്ങളെ അവര്‍ കീഴടക്കുകയും ചെയ്യും. മറ്റേതെങ്കിലും അഭിപ്രായം ആരായുക''

ഈ രണ്‍ഭിപ്രായങ്ങളും തിരസ്കരിക്കപ്പെട്ടപ്പോള്‍ മൂന്നാമതൊരഭിപ്രായം രംഗത്ത് വന്നു. അതിന്മേല്‍ എല്ലാവരും ഏകീകരിക്കുകയും ചെയ്തു. ഇത് മുന്നോട്ട് വെച്ചത് മക്കയിലെ കുപ്രസിദ്ധനായ അബൂജഹല്‍ തന്നെയായിരുന്നു. അവന്‍ പറഞ്ഞു തുടങ്ങി. 'ദൈവത്താണേ, എനിക്ക് ചില അഭിപ്രായങ്ങളെല്ലാമുണ്ട്. ഇതുവരെ നിങ്ങളാരും പറഞ്ഞിട്ടില്ലാത്ത അഭിപ്രായം.' സദസ്സ് ഒന്നടങ്കം അങ്ങോട്ട് തിരിഞ്ഞു. എന്നിട്ട് ചോദിച്ചു: 'എന്താണത്?' അവന്‍ വിശദീകരിച്ചു. 'നമ്മുടെ ഓരോ ഗോത്രത്തില്‍ നിന്നും ധീരരും ശക്തരുമായ ഓരോ യുവാക്കളെ തെരഞ്ഞെടുക്കുക. അവരുടെ കൈകളിലെല്ലാം മൂര്‍ച്ചയുള്ള വാള്‍കൊടുക്കുക. എന്നിട്ട് എല്ലാവരും ചേര്‍ന്ന് ഒന്നായി അവനെ വെട്ടുക. അതോടെ അവന്റെ പ്രശ്നം നമുക്കവസാനിപ്പിക്കാം. ഇങ്ങനെ ചെയ്താല്‍ എല്ലാവരോടും ഒന്നിച്ച് പകരം ചോദിക്കാന്‍ അബ്ദുമനാഫ് ഗോത്രത്തിന് കഴിയുകയില്ല......... അവര്‍ പ്രായശ്ചിത്തത്തുക അംഗീകരിക്കാന്‍ തയ്യാറാകും. അത് നമുക്ക് നല്കുകയുമാവാം'' നജ്ദിയന്‍ ശൈഖ്: "ഇതാണ് ശരിയായ അഭിപ്രായം. ഇതല്ലാതെ മറ്റൊരഭിപ്രായമേ ഞാന്‍ കാണുന്നില്ല.'' ഈ കൊടും പാതകം എത്രയും വേഗം നടപ്പാക്കാനുള്ള ഏകകണ്ഠ തീരുമാനവുമായി അവര്‍ പിരിഞ്ഞു.(6)

നബി (സ)യുടെ പലായനം
നബി(സ)യെ വധിക്കാനുള്ള ഗൂഢമായ തീരുമാനമായിക്കഴിഞ്ഞപ്പോള്‍ അല്ലാഹുവിന്റെ കല്പനയുമായി ജീബ്രീല്‍ പ്രവാചകനെ സമീപിച്ചു. ക്വുറൈശികളുടെ ഗൂഢാലോചനയും പലായനത്തിനുള്ള അല്ലാഹുവിന്റെ അനുമതിയും അറിയിച്ചുകൊണ്‍് ജിബ്രീല്‍ പറഞ്ഞു: "താങ്കള്‍ സാധാരണ ഉറങ്ങുന്ന വിരിപ്പില്‍ ഇന്നുറങ്ങരുത്''

മധ്യാഹ്ന സമയത്ത് നബി(സ) യാത്രയുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ സ്നേഹിതന്‍ അബൂബക്കറിന്റെ വീട് ലക്ഷ്യമാക്കി നീങ്ങി. ഈ സംഭവം ആയിശ (റ) പറയുന്നു: "ഞങ്ങള്‍ അബൂബക്കര്‍ (റ) ന്റെ വീട്ടിലിരിക്കെ പതിവില്ലാതെ മധ്യാഹ്ന സമയത്ത് റസൂല്‍(സ) കടന്നുവരുന്നത് കണ്‍് അബൂബക്കര്‍(റ) പറഞ്ഞു: 'എന്തോ പ്രശ്നമില്ലാതെ ഈ സമയത്ത് വരില്ലല്ലോ. റസൂല്‍(സ) അനുമതി തേടി അകത്ത് പ്രവേശിച്ചു. എന്നിട്ട് അകത്തുള്ളവരോട് പുറത്ത്പോകണമെന്ന് നിര്‍ദേശിക്കാന്‍ അബൂബക്കര്‍ (റ)നോട് പറഞ്ഞശേഷം അവിടുന്ന് പറഞ്ഞു: എനിക്കു പുറപ്പെടാന്‍ അനുമതിലഭിച്ചിരിക്കുന്നു.' അബൂബക്കര്‍ ചോദിച്ചു. എനിക്കും കൂടെ പോരാമോ? അവിടുന്ന് പറഞ്ഞു 'വരണം.'(7) പലായനത്തിനുള്ള പദ്ധതികളാവിഷ്കരിച്ച ശേഷം റസൂല്‍(സ) വീട്ടിലേക്ക് മടങ്ങി. താന്‍ പലായനത്തിന് തീരുമാനമെടുത്തത് മറ്റാരും അറിയാത്തവണ്ണം.

വീട് വളയുന്നു: ദൈനംദിനപ്രവര്‍ത്തനങ്ങളില്‍ സാധാരണപോലെ മുഴുകിയ ക്വുറൈശി പ്രമുഖര്‍ പാതിരാവും പ്രതീക്ഷിച്ചിരിക്കുകയാണ്, എടുത്ത തീരുമാനം നടപ്പാക്കാന്‍. പതിനൊന്ന് പേരെ ഇതിനായി തെരഞ്ഞെടുത്തു. (1) അബൂജഹല്‍ (2) അല്‍ഹകം ബിന്‍ അബില്‍ ആസ് (3) ഉഖ്ബത്തു ബിന്‍ അബീ മുഐത് (4) അന്നള്ര്‍ ബിന്‍ അല്‍ ഹാരിഥ് (5) ഉമയ്യ ബിന്‍ ഖലഫ് (6) സംഅ ബിന്‍ അല്‍അസ്വദ് (7) ത്വഐമ ബിന്‍ അദിയ്യ് (8) അബൂലഹബ് (9) ഉബയ്യ് ബിന്‍ ഖലഫ് (10) നുബൈഹ് ബിന്‍ അല്‍ ഹജ്ജാജ് (11) സഹോദരന്‍ മുനബ്ബിഹ് ബിന്‍ അല്‍ ഹജ്ജാജ്. (8)

മുന്‍ തീരുമാനമനുസരിച്ച് രാത്രിയില്‍ എല്ലാം ശാന്തമായിരിക്കെ മുന്‍പറഞ്ഞ എല്ലാവരും നബി(സ)യുടെ വീടിന്റെ മുമ്പില്‍ എത്തി. അവിടുന്ന് പുറത്തിറങ്ങുന്നതും പ്രതീക്ഷിച്ചു അവര്‍ വാതില്‍ക്കല്‍ നിന്നു. ഈ തന്ത്രം പൂര്‍ണമായും വിജയിക്കുമെന്ന പ്രതീക്ഷയില്‍ അവര്‍ കഴിച്ചുകൂട്ടി. ഇതിനിടക്ക് വീട് വളഞ്ഞവരുടെ മുമ്പില്‍ ദുഷ്ടനായ അബൂജഹല്‍ തികഞ്ഞ അഹങ്കാരത്തോടെയും പരിഹാസത്തോടെയും പ്രഖ്യാപിച്ചു.: "മുഹമ്മദ് വീമ്പിളക്കുന്നത്, നിങ്ങള്‍ അവനെ പിന്‍തുടര്‍ന്നാല്‍ അറബികളുടെയും അനറബികളുടെയും രാജാക്കള്‍ നിങ്ങളാകുമെന്നും മരണശേഷം നിങ്ങളെ പുനരുജ്ജീവിപ്പിച്ച് നിങ്ങള്‍ക്ക് ജോര്‍ദ്ദാനിലെ തോട്ടങ്ങള്‍ പോലെ തോട്ടങ്ങള്‍ നല്കുമെന്നും, അനുസരിക്കാത്തവരെ അറുകൊല നടത്തുമെന്നും പരലോകത്ത് അഗ്നിക്കിരയാക്കുമെന്നുമാണ്?!''

ഉറക്കൊഴിച്ച് അവര്‍ കാത്തിരുന്നു. പക്ഷെ, അല്ലാഹു അവനുദ്ദേശിച്ചത് നടത്തുന്നു. അവനാണാധിപത്യം. അല്ലാഹു ചെയ്തത് പിന്നീട് പ്രവാചകനെ അറിയിച്ചതിങ്ങനെയാണ്.

"നിന്നെ ബന്ധനസ്ഥനാക്കുകയോ കൊല്ലുകയോ നാട്ടില്‍ നിന്നും പുറത്താക്കുകയോ ചെയ്യാന്‍വേണ്ടി നിനക്കെതിരായി സത്യനിഷേധികള്‍ തന്ത്രം പ്രയോഗിച്ചിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക) അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. എന്നാല്‍ അല്ലാഹുവാണ് തന്ത്രം പ്രയോഗിക്കുന്നവരില്‍ മെച്ചപ്പെട്ടവന്‍.''(8:30)

ക്വുറൈശികള്‍ അവരുടെ ഈ നീചകൃത്യം നിര്‍വഹിക്കാന്‍ സന്നദ്ധമായ ആ കരാള നിമിഷങ്ങളില്‍ റസൂല്‍(സ) തന്റെ കൂടെയുണ്ടാ യിരുന്ന അലി (റ)വിനോട് പറഞ്ഞു."നീ എന്റെ വിരിപ്പില്‍ ഉറങ്ങുക. എന്റെ പച്ചപ്പുതപ്പ് പുതക്കുകയും ചെയ്യുക. നിനക്കൊരപകടവും അവരില്‍ നിന്നേല്‍ക്കില്ല''

ഇത് പറഞ്ഞ് റസൂല്‍ (സ) പുറത്തിറങ്ങി. ഒരു പിടിമണ്ണുവാരി.
"അവരുടെ മുന്നില്‍ ഒരു തടവും പിന്നില്‍ ഒരു തടവും നാം വെച്ചിരിക്കുന്നു. അങ്ങനെ നാം അവരെ മൂടിക്കളഞ്ഞു. അതിനാല്‍ അവര്‍ക്ക് കാണാന്‍ കഴിയില്ല.'' (36:9) എന്ന ക്വുര്‍ആന്‍ സൂക്തവും പരായാണം ചെയ്ത് മണ്ണ് അവരുടെ തലക്കുമുകളിലെറിഞ്ഞ് അവരുടെ നിരകള്‍ക്കിടയിലൂടെ പുറത്ത് കടന്ന് നേരിട്ട് അബൂബക്കര്‍ (റ) വിന്റെ വീട് ലക്ഷ്യമാക്കി നീങ്ങി. അവിടെനിന്ന് രണ്ടു പേരും ഇരുളിന്റെ മറവിലൂടെ യമന്‍ ഭാഗത്തേക്കുള്ള വഴിയില്‍ പ്രവേശിച്ച് 'ഥൌര്‍' ഗുഹയില്‍ അഭയം തേടി.(9)

വീട് വളഞ്ഞവര്‍, പുലരുന്നതും പ്രതീക്ഷിച്ചിരുന്നു. പുലര്‍ച്ചയുടെ തൊട്ടുമുമ്പ് അവര്‍ വിഭ്രാന്തരായി കാണപ്പെട്ടു. പുറത്തുനിന്നുവന്ന ഒരാള്‍ അവര്‍ വാതില്‍ക്കല്‍ നില്ക്കുന്നത് കണ്‍് ചോദിച്ചു: 'എന്താണ് നിങ്ങള്‍ പ്രതീക്ഷിച്ചു നില്ക്കുന്നത്?''. "മുഹമ്മദിനെ'' അവര്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞു. "കഷ്ടം! കഷ്ടം! അദ്ദേഹം നിങ്ങളുടെ ശിരസ്സില്‍ മണ്ണിട്ട് കടന്നുകളഞ്ഞിരിക്കുന്നു.'' "ഞങ്ങളവനെ ക ണ്ടില്ലല്ലോ?'' അവര്‍ പറഞ്ഞു. അവര്‍ ശിരസ്സില്‍ നിന്നും മണ്ണ് തട്ടിയെഴുന്നേറ്റു. വാതില്‍പഴുതിലൂടെ അകത്തേക്ക് നോക്കിയപ്പോള്‍ പുതച്ചുകിടക്കുന്ന അലിയെകണ്ട് നബി (സ)യാണെന്ന് ധരിച്ച് പുലരുവോളം അവര്‍ കാത്തിരുന്നു. അല്പം കഴിഞ്ഞു അലി പുതപ്പുമാറ്റി എഴുന്നേറ്റ് വരുന്നത് കണ്‍് അവര്‍ തികച്ചും സ്ത്ബിധരായി. അവര്‍ അദ്ദേഹത്തോട് നബിയെക്കുറിച്ച് ചോദിച്ചു. "എനിക്കറിയില്ല'' അലി(റ) വിന്റെ മറുപടി.(10)

ഥൌര്‍ ഗുഹയില്‍
നബി(സ) തന്റെ വീട് വിടുന്നത് പ്രവാചകത്വത്തിന്റെ പതിനാലാം വര്‍ഷം സഫര്‍മാസം 27ന് രാത്രിയാണ്. (ക്രിസ്താബ്ദം 622 സെപ്തംബര്‍ 12 നോ 13നോ ആണ്) തുടര്‍ന്ന് നേരിട്ട് അബൂബക്കറിന്റെ വീട്ടിലെത്തി വീടിന്റെ പിന്നിലൂടെ അതിദ്രുതം രക്ഷപ്പെട്ടു. ക്വുറൈശികള്‍ തന്നെ അന്വേഷിക്കുമെന്ന് അറിയാവുന്നതുകൊണ്‍് മദീനയിലേക്ക് പോകുന്ന വടക്ക് ഭാഗത്തുള്ള പ്രധാന വഴിയിലൂടെ പ്രവേശിക്കാതെ തന്ത്രപരമായി യമന്‍ ഭാഗത്തേക്ക് പോകുന്ന തെക്ക് ഭാഗത്തുള്ള വഴിയില്‍ പ്രവേശിച്ചു. ഏകദേശം അഞ്ചുമൈലോളം നടന്നു ഥൌര്‍ മലയില്‍ ഒരു ഗുഹയില്‍ എത്തിച്ചേര്‍ന്നു. കല്ലും മുള്ളും നിറഞ്ഞ ഏറെ പ്രയാസകരമായ ഈ വഴിയും കുത്തനെയുള്ള മലയും ചവിട്ടി റസൂല്‍ (സ)യുടെ കാല്‍പൊട്ടി. നടന്നു പോകുമ്പോള്‍ കാല്‍പ്പാടുകള്‍ പതിയാതിരിക്കാന്‍ നബി(സ) വിരലുകളില്‍ നടക്കുകയും മലയിലെത്തിയപ്പോള്‍ അബൂബക്കര്‍ (റ) അദ്ദേഹത്തെ ചുമലിലേല്ക്കുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. (11)

ഗുഹയില്‍ ആദ്യം അബൂബക്കര്‍(റ) പ്രവേശിച്ചുകൊണ്‍് അതിന്റെ ഉള്‍ഭാഗം തൂത്തുവാരി വൃത്തിയാക്കി. ദ്വാരങ്ങളില്‍ തുണിയിട്ടടച്ചു. അവശേഷിച്ച രണ്ടെണ്ണത്തില്‍ തന്റെ കാല്‍വെക്കുകയും ചെയ്തു.

ഗുഹയില്‍ പ്രവേശിച്ച ഉടന്‍ അബൂബക്കര്‍ (റ)വിന്റെ മടിയില്‍ ശിരസ്സ് താഴ്ത്തി പ്രവാചകന്‍ ഉറങ്ങി. ഇതിന്നിടയില്‍ അബൂബക്കര്‍(റ)വിന്റെ കാലില്‍ എന്തോ വിഷജീവികൊത്തി. പ്രവാചകനെ ഉണര്‍ത്താതെ അടങ്ങിയിരുന്ന അബൂബക്കര്‍ (റ)വിന്റെ കണ്ണീര്‍കണങ്ങള്‍ അവിടുത്തെ തിരുമുഖത്ത് പതിച്ചു. ഉടനെ അദ്ദേഹം ചോദിച്ചു: "എന്താണ് അബൂബക്കര്‍?''. " എന്നെ എന്തോ കടിച്ചു'' ഉടനെ പ്രവാചകന്‍ അവിടെ തന്റെ ഉമിനീര്‍ പുരട്ടി. അതോടെ അബൂബക്കര്‍ (റ)വിന് ആശ്വാസമായി. (12)

മൂന്ന് രാത്രി-വെള്ളി, ശനി, ഞായര്‍- അവര്‍ ഗുഹയില്‍ കഴിച്ചുകൂട്ടി. ഇതിന്നിടയില്‍ അബൂബക്കര്‍ (റ)വിന്റെ ബുദ്ധിമാനായ പുത്രന്‍ അബ്ദുല്ല പകല്‍ മക്കയില്‍ നിന്നും വാര്‍ത്തകള്‍ ശേഖരിച്ച് രാത്രിയില്‍ അവര്‍ക്കെത്തിച്ചുകൊണ്ടിരുന്നു. അബൂബക്കര്‍ (റ)വിന്റെ ഭൃത്യന്‍ ആമിര്‍ ബിന്‍ ഫുഹൈറ ആടുകളെ മേയ്ച് അവിടെയെത്തി. അവര്‍ക്ക് കഴിക്കാന്‍ പാല്‍ നല്‍കിക്കൊണ്ടുമിരുന്നു. പുലരുന്നതിനു മുമ്പ് മക്കയിലേക്ക് തിരിക്കുന്ന അബ്ദുല്ലയുടെ പിന്നില്‍ ആടുകളെ തെളിച്ച് അവന്റെ കാല്പ്പാടുകള്‍ ആമിര്‍ മായ്ചു കളയുകയും ചെയ്യും.(13)

റസൂല്‍(സ), തങ്ങളുടെ കൈകളില്‍ നിന്ന് രക്ഷപ്പെട്ടതോടെ ക്വുറൈശികള്‍ ഭ്രാന്തമായ അവസ്ഥയിലെത്തി. അവര്‍ അലിയെ പിടിച്ചു മര്‍ദിക്കുകയും വലിച്ചിഴച്ച് കഅബയില്‍ കൊണ്ടു പോയി അല്പനേരം ബന്ധിക്കുകയും ചെയ്തു. അലിയില്‍ നിന്നും എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയോടെ. ഒരു വിവരവും അവര്‍ക്ക് ലഭിച്ചില്ല. ഉടനെ അവര്‍ അബൂബക്കര്‍ (റ)വിന്റെ വീട്ടിലേക്ക് കുതിച്ചു വാതില്‍ മുട്ടി തുറന്നു. അവിടെയുണ്ടായിരുന്ന പുത്രി അസ്മാഇനോട് പിതാവിനെപ്പറ്റി അന്വേഷിച്ചു. തനിക്കറിഞ്ഞുകൂടെന്ന് പറഞ്ഞ അവരെ, ദുഷ്ടനും ക്രൂരനുമായ അബൂജഹല്‍ മുഖത്തടിച്ചു. അടിയുടെ ശക്തികാരണം അവരുടെ കമ്മല്‍ തെറിച്ചുപോയി.(14)

ഉടനെ ക്വുറൈശികള്‍ നാനാവഴിക്കും അന്വേഷണം വ്യാപിപ്പിച്ചു. ജീവനോടെയോ അല്ലാതെയോ പിടിച്ചുകൊണ്ടുവരുന്നവര്‍ക്ക് നൂറ് ഒട്ടകങ്ങള്‍ വീതം ഇനാം പ്രഖ്യാപിക്കുകയും ചെയ്തു.(15)

അന്വേഷകസംഘം ഗുഹാമുഖത്തും എത്തി. അബൂബക്കര്‍ (റ) പറയുന്നു: 'ഞാന്‍ ശിരസുയര്‍ത്തി നോക്കുമ്പോള്‍ ശത്രുക്കളുടെ കാല്‍പാദങ്ങള്‍ കാണുന്നു. ഞാന്‍ പറഞ്ഞു."പ്രവാചകരേ! അവരെങ്ങാനും താഴോട്ട് നോക്കിയാല്‍ നമ്മെ കണ്ടതുതന്നെ!'' അപ്പോള്‍ അചഞ്ചലനായി റസൂല്‍ (സ) പറഞ്ഞു:

"മൌനമായിരിക്കൂ അബൂബക്കര്‍! ഈ രണ്ടു പേരുടെ കൂടെ മൂന്നാമനായി അല്ലാഹുവുണ്ടു.''(16)
ഇവര്‍ താമസിക്കുന്ന ഗുഹാമുഖത്തെത്തിയ അവര്‍ തിരിച്ചുപോവുകയാണുണ്ടായത്! റസൂല്‍(സ)യെ അല്ലാഹു സഹായിച്ചു!

മദീനയിലേക്ക്
മൂന്ന് ദിവസത്തോടെ ഒരു പ്രയോജനവുമില്ലാതെ അന്വേഷണ യാത്രകളും ബഹളങ്ങളും കെട്ടടങ്ങി. അതോടെ റസൂല്‍ (സ)യും കൂട്ടുകാരനും മദീനയിലേക്ക് നീങ്ങാന്‍ ശട്ടം കെട്ടി. അവിശ്വാസിയായിരുന്നെങ്കിലും വിശ്വസ്തനും വഴികളെ സംബന്ധിച്ചു അറിവുള്ളയാളുമായിരുന്ന അബ്ദുല്ലാ ബിന്‍ ഉറൈഖിത്വ് അല്ലൈഥിയെ നേരത്തെ ഇതിനുവേണ്ടി ഏര്‍പ്പാട് ചെയ്തിരുന്നു. യാത്രക്ക് വേണ്ടി ഒരുക്കിയിരുന്ന വാഹനം അവനെ ഏല്പിച്ചു. മൂന്ന് രാത്രിക്ക് ശേഷം സൌര്‍ ഗുഹയില്‍ എത്താന്‍ അവന് നിര്‍ദേശവും നല്കി. തിങ്കളാഴ്ച രാത്രി ഹിജ്റ വര്‍ഷം ഒന്ന് റബീഉല്‍ അവ്വല്‍ ഒന്നിന് (ക്രി: 622 സെപ്തംബര്‍ 16) അബ്ദുല്ല ഇരുവാഹനങ്ങളുമായി എത്തി. അതില്‍ നല്ല വാഹനം അബൂബക്കര്‍ (റ) നബി(സ)ക്ക് നേരെ നീട്ടി. നബി(സ) പറഞ്ഞു: വിലതന്ന് മാത്രമേ ഞാന്‍ സ്വീകരിക്കുകയുള്ളൂ.'

അസ്മാഅ് ഭക്ഷണവുമായെത്തി. അത് വാഹനപ്പുറത്ത് ബന്ധിക്കാന്‍ കയറില്ലാതെ വന്നപ്പോള്‍ തന്റെ അരപ്പട്ട രണ്ടായി പകുത്ത് ഒന്ന് കൊണ്‍് അത് വാഹനപ്പുറത്ത് ബന്ധിച്ചു. മറ്റേഭാഗം അരപ്പട്ടയാക്കുകയും ചെയ്തു. ഇത് കാരണം അവര്‍ പിന്നീട് 'ദാതുന്നിതാഖൈന്‍' (ഇരട്ടപട്ടക്കാരി) എന്ന പേരിലറിയപ്പെട്ടു.(17)

റസൂല്‍(സ)യും അബൂബക്കറും ഭൃത്യന്‍ ആമിര്‍ ബിന്‍ ഫുഹൈറയും വഴികാട്ടി അബ്ദുല്ലാ ബിന്‍ ഉറൈഖിത്വും കൂടിയാത്രയായി. ഇവര്‍ ആദ്യം യമനിന്റെ നേരെ തെക്ക് ഭാഗത്തുകൂടെ പ്രവേശിക്കുകയും പിന്നീട് ചെങ്കടല്‍ തീരത്തേക്ക് പടിഞ്ഞാറ് ഭാഗത്തുകൂടെ തിരിക്കുകയും അങ്ങനെ മറ്റുള്ളവര്‍ക്കപരിചിതമായ വഴിക്ക് പ്രവേശിച്ച് വടക്കോട്ട് തിരിഞ്ഞ് ചെങ്കടല്‍ത്തീരത്തിന് സമാന്തരമായി യാത്ര തുടരുകയും ചെയ്തു. ഇത് അപൂര്‍വമായി മാത്രം സഞ്ചാരമുള്ള വഴിയാണ്. അവസാനം അവര്‍ 'ഖുബാ' ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നു. ഈ യാത്രയിലുണ്ടായ ചില സംഭവങ്ങള്‍ ശ്രദ്ധേയമാണ്.

1. അബൂബക്കര്‍ (റ) പറയുന്നു: ഞങ്ങള്‍ രാത്രി മുഴുവന്‍ സഞ്ചരിച്ചു. പിറ്റേന്ന് മധ്യാഹ്നമായപ്പോള്‍ കടുത്ത ചൂട് അനുഭവപ്പെട്ടു. ആരും വഴി നടക്കുന്നില്ല. അപ്പോള്‍ ഞങ്ങള്‍ക്ക് വലിയൊരു പാറയുടെ തണല്‍ കിട്ടി. അവിടെ വൃത്തിയാക്കി തിരുമേനിക്ക് ഞാന്‍ ഉറങ്ങാന്‍ സൌകര്യം ചെയ്തുകൊടുത്തു. പിന്നീട് ഞാന്‍ പുറത്തിറങ്ങി. അപ്പോള്‍ ഒരു ഇടയന്‍ തണലുമന്വേഷിച്ചു വരുന്നത്കണ്ടു ഞാന്‍ ചോദിച്ചു. 'നീയാരുടേതാണ് മോനേ?'' "ഞാന്‍ മക്കയിലോ അതോ മദീനയിലോ ഉള്ള ഒരാളുടേതാണെ''ന്ന് അവന്‍ മറുപടി പറഞ്ഞു. "പാലുണ്ടോ ആടിന്'' ഞാന്‍ ചോദിച്ചു. "ഉണ്ടല്ലോ'' അവന്‍ മറുപടി പറഞ്ഞു. അങ്ങനെ ആടിന്റെ അകിടെല്ലാം വൃത്തിയാക്കി പാല് കറന്നെടുത്തു. അല്പം വെള്ളം ചേര്‍ത്ത് തണുപ്പിച്ച് റസൂല്‍(സ)ക്ക് നല്കി. ക്ഷീണം മാറിയ ശേഷം ഞങ്ങള്‍ യാത്ര തുടര്‍ന്നു. (18)

2. യാത്രയില്‍ അബൂബക്കര്‍ (റ) നബിതിരുമേനിയുടെ പിന്നിലായിരുന്നു സഞ്ചരിച്ചിരുന്നത്. അബൂബക്കര്‍ അറിയപ്പെടുന്ന ഒരു വൃദ്ധനും റസൂല്‍ (സ) അറിയപ്പെടാത്ത യുവാവുമായിരുന്നു. വഴിയില്‍ വച്ചു കാണുന്നവര്‍ അബൂബക്കറിനോട് ചോദിക്കുമായിരുന്നു. 'ആരാണ് ഈ മുന്നില്‍ നടക്കുന്ന മനുഷ്യന്‍?' അബൂബക്കര്‍ (റ) പറഞ്ഞു. 'ഇതെനിക്ക് ശരിയായ വഴി കാണിക്കുന്ന ഒരാളാണ്.' കേള്‍ക്കുന്നവന്‍ ധരിക്കും യാത്രക്കുള്ള വഴികാണിക്കുകയാണെന്ന്, അബൂബക്കര്‍ ഉദ്ദേശിക്കുന്നതോ സന്മാര്‍ഗവും. (19)

3. സംഘം മുന്നോട്ട് നീങ്ങി. അവര്‍ ഖുസാഅ ഗോത്രക്കാരി ഉമ്മു മഅ്ബദിന്റെ കൂടാരത്തിനു സമീപമെത്തി. ഇവര്‍, വഴിയാത്രക്കാര്‍ക്ക് അന്നപാനീയങ്ങളും സൌകര്യങ്ങളും ചെയ്തുകൊടുക്കുന്ന ഒരു ധര്‍മിഷ്ഠയും ധീരയുമായ വനിതയായിരുന്നു. കൂടാരത്തിനുമുന്നില്‍ അവര്‍ എന്നുമുപവിഷ്ഠയാകും. ഇവിടെയെത്തിയപ്പോള്‍ എന്തെങ്കിലുമുണ്‍ോ എന്നന്വേഷിച്ചു. വരള്‍ച്ച ബാധിച്ചതുകാരണം ഭക്ഷ്യസാധനങ്ങളൊന്നുമില്ല. ആടുകള്‍ക്ക് പാലുമില്ല, ഉണ്ടെങ്കില്‍ നിങ്ങളെ പ്രയാസപ്പെടുത്തുമായിരുന്നില്ല എന്നവര്‍ പറഞ്ഞു.

കൂടാരത്തിന്റെ മൂലയില്‍ കെട്ടിയിട്ടിരുന്ന കറവയില്ലാത്ത ഒരാടിനെ ചൂണ്ടി റസൂല്‍(സ) കറക്കാന്‍ അനുമതി ചോദിച്ചു. അവള്‍ പറഞ്ഞു. 'പാലുണ്ടെങ്കില്‍ കറക്കുന്നതിന് വിരോധമൊന്നുമില്ല.' നബി(സ) ബിസ്മി ചൊല്ലി പ്രാര്‍ഥിച്ചുകൊണ്‍് തന്റെ കരങ്ങള്‍ക്കൊണ്‍് ആടിന്റെ അകിടുതടവി. ഉടനെ അത് പാലുചുരത്തി. പാല്‍ ഒരു പാത്രത്തിലേക്ക് കറന്നെടുത്തു. അവരും അവളും മതിവരുവോളം കുടിച്ചു. വീണ്ടും പാത്രം നിറയെ കറന്നെടുത്തു അവള്‍ക്ക് നല്കി അവര്‍ യാത്രയായി.

അല്പം കഴിഞ്ഞ് അവളുടെ ഭര്‍ത്താവ് മെലിഞ്ഞൊട്ടിയ ആടുകളെയും തെളിച്ചു കയറിവന്നു. പാല്‍ കണ്‍് അദ്ദേഹം അത്ഭുതപ്പെട്ടു. അദ്ദേഹം ചോദിച്ചു: "ഇതെവിടെ നിന്നും കിട്ടി? ആടിന് കറവയില്ലല്ലോ, വീട്ടില്‍ വേറെ പാലുമില്ലല്ലോ?'' അവള്‍ നടന്ന സംഭവം വിശദീകരിച്ചു. റസൂല്‍ (സ)യെ ഏറെ കൌതുകകരവും ഹൃദ്യവുമായ ശൈലിയില്‍ അവള്‍ അദ്ദേഹത്തിന് പരിചയപ്പെടുത്തി. ഇത് കേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: "അല്ലാഹുവാണേ, ഇതാണ് ക്വുറൈശികള്‍ പറയുന്ന ആ മനുഷ്യന്‍! അദ്ദേഹത്തെ കണ്‍െത്തിയാല്‍ ഞാനദ്ദേഹവുമായി സഹവസിക്കും!(20)

4. യാത്രയില്‍ അവരെ പിന്തുടര്‍ന്ന ഒരാളായിരുന്നു സുറാഖ ബിന്‍ മാലിക് അദ്ദേഹം പറയുന്നു. "ഞാന്‍ എന്റെ ഗോത്രമായ മുദ്ലിജ് ഗോത്രക്കാര്‍ക്കിടയില്‍ ഇരിക്കുമ്പോള്‍ ഒരാള്‍ വന്നു പറഞ്ഞു: 'സുറാഖ! ചില ആളുകള്‍ തീരം വഴി കടന്നുപോകുന്നത് ഞാന്‍ കണ്ടു. അത് ചിലപ്പോള്‍ മുഹമ്മദും കൂട്ടരുമായിരിക്കും'. അത് അവരാണെന്ന് എനിക്ക് മനസ്സിലായി, പക്ഷേ ഞാന്‍ മറുപടി പറഞ്ഞു. അത് ഇപ്പോള്‍ ഇവിടെനിന്ന് പുറത്തുപോയവരാരെങ്കിലുമായിരിക്കും.' എന്നിട്ട് ഞാന്‍ അല്പസമയം കൂടി അവിടെ കഴിച്ചു കൂട്ടി. സദസ്സ് വിട്ടു. നേരിട്ട് വീട്ടിലേക്ക് കുതിച്ചു. അവിടെ നിന്നും ആയുധങ്ങളണിഞ്ഞു കുതിരപ്പുറത്തേറി മറ്റാരും കാണാതെ വിവരംകിട്ടിയ ദിക്കിലേക്ക് കുതിച്ചു. നബിയുടെയും സഹയാത്രികരുടെയും അടുത്തെത്താറായപ്പോള്‍ പെട്ടെന്ന് കുതിര മുട്ടുകുത്തിവീഴുകയും ഞാന്‍ നിലം പതിക്കുകയും ചെയ്തു. ഞാന്‍ എഴുന്നേറ്റു കുറ്റിയില്‍നിന്ന് പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളെടുത്തു. പ്രശ്നം വെച്ചപ്പോള്‍ വിധി എനിക്കെതിരായിരുന്നു. പക്ഷെ, പ്രശ്നക്കോലുകളുടെ വിധിക്കെതിരില്‍ ഞാന്‍ യാത്ര തുടര്‍ന്നു. അങ്ങനെ റസൂല്‍(സ)യുടെ ക്വുര്‍ആന്‍ പാരായണം കേട്ടുതുടങ്ങി. അദ്ദേഹം എങ്ങോട്ടും തിരിഞ്ഞുനോക്കാതെ അചഞ്ചലനായി മുന്നോട്ട് നീങ്ങുക തന്നെയാണ്. അബൂബക്കര്‍ നാലുപാടും ദൃഷ്ടി തിരിക്കുന്നുണ്ട്. അടുത്തെത്താറായപ്പോള്‍ വീണ്ടും കുതിരയുടെ കൈകള്‍ മുട്ടോളം മണലില്‍ പുതഞ്ഞുപോയി. ഞാന്‍ താഴേ വീഴുകയും ചെയ്തു. എഴുന്നേറ്റു കുതിരയുടെ കൈകള്‍ വലിച്ചെടുക്കാന്‍ ശ്രമിച്ചു. കുതിര നേരെ നിവര്‍ന്നു നിന്നപ്പോള്‍ ഒന്നാകെ പൊടിപടലങ്ങള്‍ ഉതിര്‍ന്നു. അന്തരീക്ഷമാകെ പുകമൂടിയതുപോലെയായി, വീണ്ടും ഞാന്‍ ലക്ഷണക്കോലുകളെടുത്തു. വിധി എനിക്കെതിരായിരുന്നു. അതോടെ, ഞാനെന്റെ ഉദ്യമത്തില്‍ നിന്നു വിരമിച്ചു. ഉടനെ അത്യുച്ചത്തില്‍ അഭയം ആവശ്യപ്പെട്ടുകൊണ്‍് ഞാന്‍ അവരെ വിളിച്ചു. അവര്‍ നിന്നു. ഞാനെന്റെ കുതിരയേയും ഓടിച്ചു അവരെ സമീപിച്ചു. എന്റെ ഉദ്യമത്തിനുമുന്നില്‍ നിരന്തരം തടസ്സങ്ങള്‍ വീണപ്പോഴേ ഞാന്‍ മനസ്സി ലാക്കിയിരുന്നു ഈ സന്ദേശം ഇവിടെ വിജയിക്കുവാന്‍ പോവുകയാണെന്ന്. അങ്ങനെ ഞാന്‍ റസൂല്‍(സ)യോട് പറഞ്ഞു. താങ്കളുടെ ജനത താങ്കളെ പിടിച്ചുകൊണ്‍് വരുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചിരിക്കുന്നു. ജനങ്ങളുടെ എല്ലാ പദ്ധതികളും ഞാന്‍ അവരുടെ മുമ്പില്‍ അവതരിപ്പിച്ചു. എന്റെ കൈവശമുണ്ടായിരുന്ന ഭക്ഷണസാധനങ്ങളും മറ്റും ഞാനവര്‍ക്ക് വെച്ചുനീട്ടിയെങ്കിലും അവരതൊന്നും സ്വീകരിച്ചില്ല. എന്നോട് ഇങ്ങനെ മാത്രം പറഞ്ഞു. 'ഇക്കാര്യം രഹസ്യമാക്കി വെക്കുക' ഞാനവരോട് അഭയം നല്കിയതായി കാണിക്കുന്ന ഒരു രേഖ എഴുതിത്തരാന്‍ ആവശ്യപ്പെട്ടു. നബി(സ) ആമിര്‍ ബിന്‍ ഫുഹൈറയോട് എഴുതാന്‍ കല്പിച്ചു. അദ്ദേഹം ഒരു തോല്‍ ചീളില്‍ എഴുതിത്തന്നു. പിന്നീടവര്‍ യാത്ര തുടരുകയും ചെയ്തു. (21)

അബൂബക്കര്‍ (റ)വില്‍ നിന്നുള്ള നിവേദനത്തില്‍ അന്വേഷകസംഘത്തില്‍ തങ്ങളുടെ ജനതയില്‍ നിന്നും സുറാഖയല്ലാതെ മറ്റാരും ഞങ്ങളുടെ സമീപമെത്തിയിരുന്നില്ല. സുറാഖയെത്തിയപ്പോള്‍ ഞാന്‍, പറഞ്ഞു: 'ദൈവദൂതരേ! ഇതാ നമ്മെത്തേടിയെത്തിയിരിക്കുന്നു! അപ്പോള്‍ അവിടുന്നു അചഞ്ചലനായി മൊഴിഞ്ഞു.

"ഒരിക്കലും ദുഃഖിക്കേണ്ട, നിശ്ചയം അല്ലാഹു നമ്മുടെ കൂടെയുണ്‍്.''(22) സുറാഖ നാട്ടിലേക്ക് മടങ്ങി. ജനങ്ങള്‍ അന്വേഷണം തുടരുന്നതായി അദ്ദേഹം കണ്ടു. അവരെയെല്ലാം അദ്ദേഹം പിന്തിരിപ്പിച്ചു. കീഴടക്കാനായി വന്നവന്‍ കാവല്‍ക്കാരനായി തിരിച്ചുപോയി.

5. യാത്രക്കിടയില്‍ നബി(സ) ബുറൈദബ്നുഅല്‍ഹുസ്വൈബിനെ കണ്ടുമുട്ടി. അദ്ദേഹത്തോടൊപ്പം ഏകദേശം എണ്‍പതുകുടുംബങ്ങളുണ്ടായിരുന്നു. അവരെല്ലാം ഇസ്ലാം സ്വീകരിക്കുകയും പ്രവാചകന് പിന്നില്‍നിന്ന് ഇശാനമസ്കാരം നിര്‍വഹിക്കുകയും ചെയ്തു. തന്റെ ജനങ്ങള്‍ക്കിടയില്‍ തന്നെ കഴിച്ചുകൂട്ടിയ ബുറൈദ പിന്നീട് ഉഹ്ദു യുദ്ധാനന്തരം തിരുസന്നിധിയില്‍ വരികയുണ്ടായി.

6. അബീ ഔസ് തമീംബിന്‍ ഹജര്‍ എന്നോ അബി തമീം ഔസ് ബിന്‍ ഹജര്‍അല്‍അസ്ലമി എന്നോ പേരുള്ള ഒരാളുടെ അരികിലൂടെ റസൂല്‍(സ) പോയി. ഇദ്ദേഹം അല്‍ അറജിലെ ജൂഹ്ഫക്കും ഹര്‍ശക്കും ഇടയിലെ ഖഹ്ദാവാത് എന്ന സ്ഥലത്തായിരുന്നു. റസൂല്‍(സ)യുടെ ഒരൊട്ടകം പിന്തിയതുകാരണം റസൂലും അബൂബക്കറും ഒരൊറ്റ വാഹനപ്പുറത്തായിരുന്നു വന്നിരുന്നത്. ഔസ് ഒരാണൊട്ടകത്തെയും മസ്ഊദ് എന്ന സേവകനേയും അവര്‍ക്ക് നല്കി. മദീനവരെയുള്ള വഴി കാണിച്ചുകൊടുക്കാന്‍ മസ്ഊദിനെ ചുമതലപ്പെടുത്തുകയും ചെയ്തു. അങ്ങനെ അവരുമായി അദ്ദേഹം മദീനയിലെത്തി. അവരെ തിരിച്ചറിയാനുള്ള ഒരടയാളമെന്ന നിലയില്‍ കുതിരയുടെ കഴുത്തില്‍ അണിയിക്കുന്ന വളയങ്ങള്‍ ഒട്ടകത്തിന്റെ കഴുത്തില്‍അണിയിക്കാന്‍ ഔസിനോട് പറയണമെന്ന് ഏല്‍പ്പിച്ച്കൊണ്‍് നബി(സ) അദ്ദേഹത്തെ യജമാനന്റെ അടുക്കലേക്ക് തിരിച്ചയച്ചു. പിന്നീട്, മുശ്രിക്കുകള്‍ ഉഹ്ദില്‍ വന്ന ദിവസം അവരെകക്കുറിച്ച് റസൂലിനെ വിവരമറിയാക്കാന്‍ ഔസ് തന്റെ അടിമ മസ്ഊദിനെ അറജില്‍ നിന്ന് കാല്‍നടയായി പ്രവാചകന്റെ അടുക്കലേക്ക് പറഞ്ഞയക്കുകയുണ്ടായി. ഇദ്ദേഹം നബിയുടെ മദീനാ ഗമനാന്തനരം ഇസ്ലാം ആശ്ളേഷിച്ചു.(23)

7. വഴിയില്‍ റിം താഴ്വരയില്‍ വെച്ച് സുബൈറിനെ കണ്ടുമുട്ടി. അദ്ദേഹം ശാമില്‍ നിന്ന് മടങ്ങുന്ന ഒരു മുസ്ലിം കച്ചവടസംഘത്തിന്റെ നേതാവായിരുന്നു. അദ്ദേഹം നബി(സ)യേയും അബൂബക്കര്‍ (റ)നേയും വെള്ള പുതപ്പണിയിച്ചു ഹൃദ്യമായി സ്വീകരിച്ചു.(24)

ക്വുബാ ഗ്രാമത്തില്‍
പ്രാവാചകത്വത്തിന്റെ പതിനാലാം വര്‍ഷം റബീഉല്‍ അവ്വല്‍ എട്ടിന് തിങ്കളാഴ്ച ക്രി: 622 സെപ്തംബര്‍ 23 ന് റസൂല്‍(സ) ക്വുബാ ഗ്രാമത്തില്‍ ഇറങ്ങി.(25)

റസൂല്‍(സ) മക്കയില്‍ നിന്ന് പുറപ്പെട്ട വിവരം ലഭിച്ച അന്ന് മുതല്‍ എന്നും കാലത്ത് മദീനാ മുസ്ലിംകള്‍ പുറത്ത് വന്ന് പ്രതീക്ഷിച്ചിരിക്കുകയും മധ്യാഹ്നത്തോടെ ചൂട് കഠിനമാകുമ്പോള്‍ തിരിച്ചുപോവുകയും ചെയ്യുമായിരുന്നു. ഇവ്വിധം ദിവസങ്ങള്‍ നീണ്ടു പോയി. ഇതിനിടെ ഒരു ജൂതന്‍ എന്തോ കാര്യങ്ങള്‍ക്ക് വേണ്ടി തന്റെ കോട്ടക്ക് മുകളില്‍ കേറിയപ്പോള്‍ അകലെ വെള്ളയണിഞ്ഞ് റസൂല്‍(സ)യും കൂട്ടുകാരും പ്രത്യക്ഷപ്പെടുന്നത് കണ്‍് നിയന്ത്രണം വിട്ട് വിളിച്ചു പറഞ്ഞു! "അറബീ സമൂഹമേ, ഇതാ നിങ്ങള്‍ പ്രതീക്ഷിച്ചുകൊണ്‍ിരിക്കുന്ന ജനനായകന്‍ എത്തിയിരിക്കുന്നു. ഉടനെ മുസ്ലിംകള്‍ എല്ലാം ആയുധമണിഞ്ഞു പ്രവാചകനെ സ്വീകരിക്കാനെത്തി. അല്‍ഹര്‍റയുടെ സമീപത്ത് വെച്ചവര്‍ പ്രവാചകനെ സ്വീകരിച്ചു.(26)

ഇബ്നു ഖയ്യിം പറയുന്നു:"അംറ് ബിന്‍ ഔഫ് ഗോത്രത്തില്‍ തക്ബീര്‍ ധ്വനികള്‍ മുഴങ്ങി. അത്യാഹ്ളാദത്തോടെ അവര്‍ നബി(സ)യെ സ്വീകരിക്കാനെത്തി അഭിവാദനങ്ങളര്‍പ്പിച്ചുകൊണ്‍് അദ്ദേഹത്തിനു ചുറ്റുമവര്‍ തുള്ളിച്ചാടാന്‍ തുടങ്ങി. ശാന്തിയും സമാധാനവും അവരെ പൊതിഞ്ഞു. ദിവ്യബോധനം അവതരിപ്പിച്ചുകൊണ്ടിരുന്നു''.

"അപ്പോള്‍ അല്ലാഹുവാകുന്നു അദ്ദേഹത്തിന്റെ യജമാനന്‍. ജിബ്രീലും സദ്വൃത്തരായ സത്യവിശ്വാസികളും അതിനുപുറമേ മലക്കുകളും അദ്ദേഹത്തിന് സഹായികളായിരിക്കുന്നതാണ്'' (വി.ക്വു.66:4) (27)

ഉര്‍വത്ത് ബിന്‍ സുബൈര്‍ പറയുന്നു. "മദീനക്കാര്‍ നബി(സ)യെ സ്വീകരിച്ചു. അവരേയും കൊണ്‍് റസൂല്‍(സ) വലതുഭാഗത്തേക്ക് തിരിഞ്ഞു അംറ് ബിന്‍ ഔഫ്കാരുടെ താമസസ്ഥലത്ത് ഇറങ്ങി. ഇത് റബീഉല്‍അവ്വല്‍ മാസത്തില്‍ തിങ്കളാഴ്ചയായിരുന്നു. മൌനമായി റസൂല്‍(സ) അല്പനേരം അവിടെ ഇരുന്നു. അതിനിടെ നബി(സ)യെ തീരെ കണ്ടിട്ടില്ലാത്ത അന്‍സ്വാറുകള്‍ (മദീനയിലെ സഹായികള്‍) വന്നു ആവേശപൂര്‍വം ആശംസകളര്‍പ്പിച്ചുകൊണ്‍ിരുന്നു. അല്പം കഴിഞ്ഞ് ചൂട് പിടിച്ചപ്പോള്‍ അബൂബക്കര്‍ തന്റെ തട്ടം കൊണ്‍് തണല്‍ നല്കിക്കൊണ്ടിരുന്നു. (28) മദീനയുടെ ചരിത്രത്തില്‍ ഇതുപോലൊരു സംഭവമുണ്ടായിട്ടില്ല. എല്ലാവരും ആവേശഭരിതരായി സ്വീകരണത്തിനൊരുങ്ങി. ഹബക്കൂക്ക് പ്രവാചകന്റെ സുവിശേഷം പുലരുന്നത് ജൂതന്മാര്‍ ഇവിടെ കാണുകയാണ്. "ദൈവം തേമാനില്‍ നിന്നും പരിശുദ്ധന്‍ പാറാന്‍ പര്‍വ്വതത്തില്‍ നിന്നും വരുന്നു.''(29)

നബി(സ) ഖുബാഇല്‍ കുത്സും ബിന്‍ ഹദമിന്റെ അടുത്തു തങ്ങി ഇതിനിടെ അലി(റ) മക്കയില്‍ മൂന്ന് ദിവസം തങ്ങി തന്നെ ഏല്പിച്ച നിക്ഷേപങ്ങളെല്ലാം തിരിച്ചേല്പിച്ച് കാല്‍നടയായി മദീനയിലേക്ക് പുറപ്പെട്ടിരുന്നു. ഖുബാഇല്‍ എത്തിയപ്പോള്‍ കുത്സുമിന്റെ അടുത്തിറങ്ങി അവിടെ തങ്ങി.(30)

നബി(സ) ക്വുബാഇല്‍ തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം എന്നീ നാലു ദിവസങ്ങള്‍ താമസിച്ചു. ഇതിന്നിടയില്‍ ദൈവഭക്തിയുടെ അടിത്തറയില്‍ അവിടെ ഖുബാ പള്ളി നിര്‍മിക്കുകയും അതില്‍ നമസ്കാരം നിര്‍വഹിക്കുകയും ചെയ്തു. പിറ്റേന്ന് നബിയും അബൂബക്കറും മദീനയിലേക്ക് യാത്രയായി. നബി(സ)യുടെ അമ്മാവന്മാരായ ബനൂനജ്ജാര്‍കാര്‍ ആയുധപാണികളായി സ്വീകരിക്കാനെത്തിയിരുന്നു. ജൂമുഅ സമയത്താണ് അവിടെ എത്തിച്ചേര്‍ന്നത്. സാലിം ബിന്‍ ഔഫ്കാരുടെ താഴ്വരയിലുണ്ടാ യിരുന്ന പള്ളിയില്‍ വെച്ച് ജുമുഅ നമസ്കാരം നിര്‍വഹിച്ചു. മൊത്തം നൂറ് പേര്‍ ഇതില്‍ പങ്കെടുത്തു.(31)

മദീനാ പ്രവേശം
ജുമുഅ നമസ്കാരാന്തരം നബിതിരുമേനി മദീനയില്‍ പ്രവേശിച്ചു. അന്നുമുതല്‍ യഥ്രിബ്, മദീനത്തുര്‍ റസൂല്‍ (ദൈവദൂതരുടെ പട്ടണം) ആയിമാറി.
മദീനാവാസികളുടെ ചരിത്രത്തിലെ അനര്‍ഘ നിമിഷങ്ങളായിരുന്നു അത്. വീടുകളും തെരുവീഥികളും തക്ബീറുകളാലും സ്തുതിവാക്യങ്ങളാലും ശബ്ദമുഖരിതമായി. അന്‍സാരി പെണ്‍കുട്ടികള്‍ ആഹ്ളാദാവേശത്താല്‍ പാടി.

"അല്‍വദാഅ് മലയിടുക്കുകളിലൂടെയതാ ഞങ്ങള്‍ക്ക് മീതെ പൌര്‍ണമി ഉദയം ചെയ്തിരുക്കുന്നു! അല്ലാഹുവിലേക്കുള്ള വിളിയാളം നിലക്കാത്ത കാലമത്രയും ഞങ്ങളിതിന് നന്ദികാണിക്കാന്‍ ബാധ്യസ്ഥരത്രെ! ഞങ്ങളിലേക്ക് നിയുക്തരായവരേ! അങ്ങയുടെ കല്പനകള്‍ അനുസരിക്കപ്പെടുന്നതാണ്.!!''32

ഏറെ സമ്പന്നരല്ലാതിരുന്നിട്ടും അന്‍സ്വാറുകള്‍ ഓരോരുത്തരും പ്രവാചകന്‍ തന്റെ അതിഥിയായെങ്കില്‍ എന്നാഗ്രഹിച്ചു. ഒട്ടകം അന്‍സ്വാറുകളുടെ കൊച്ചുവീടുകള്‍ക്കിടയിലൂടെ അടിവെച്ചുനീങ്ങിയപ്പോള്‍ ഓരോ വീട്ടുകാരും അതിന്റെ കടിഞ്ഞാണ്‍ പിടിച്ചുവലിച്ചുകൊണ്‍് പറഞ്ഞു. "ഞങ്ങള്‍ അഭയവും സംരക്ഷണവും നല്കാം. ഞങ്ങളുടെ കൂടെ താമസിക്കണം'' അതെല്ലാം അവിടുന്ന് സ്നേഹപൂര്‍വ്വം നിരസിച്ചു. അവിടുന്ന് പറഞ്ഞു: "ഒട്ടകത്തെ വിട്ടേക്കൂ. അതിന് കല്പന ലഭിച്ചിട്ടുണ്ട് '' ഒട്ടകം പിന്നേയും മുന്നോട്ട്നീങ്ങി. അത് ഇന്ന് മദീനാ പള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്തെത്തിയപ്പോള്‍ മുട്ടുകുത്തി. അവിടെ റസൂല്‍(സ) ഇറങ്ങിയില്ല. ഒട്ടകം എഴുന്നേറ്റു വീണ്ടും അല്പം മുന്നോട്ട്നീങ്ങി തിരിഞ്ഞു ആദ്യത്തെസ്ഥലത്ത് മുട്ടുകുത്തി. അപ്പോള്‍ റസൂല്‍(സ) താഴേയിറങ്ങി. ഇത് നബി(സ)യുടെ അമ്മാവന്‍ നജ്ജാര്‍ ഗോത്രക്കാരുടെ സ്ഥലമായിരുന്നു. അല്ലാഹുവിന്റെ വിധിയനുസരിച്ച് തന്റെ അമ്മാവന്മാരുടെ സ്ഥലംതന്നെ തെരെഞ്ഞെടുത്തതില്‍ അവിടുന്ന് അതിയായി സന്തോഷിച്ചു. അന്‍സ്വാറുകള്‍ ഓരോരുത്തരും നബിതിരുമേനിയെ തങ്ങളുടെ കൊച്ചുവീടുകളിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്തുകൊ ണ്ടിരുന്നു. എന്നാല്‍ അബൂ അയ്യുബ് അല്‍ അന്‍സ്വാരി വളരെ വേഗത്തില്‍ ഒട്ടകത്തെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. റസൂല്‍(സ) പറഞ്ഞു. 'ഉടമസ്ഥന്‍ തന്റെ വാഹനത്തോടൊപ്പമാണുണ്ടാവുക.' അസ്അദ്ബിന്‍ സുറാറ വന്നു വാഹനത്തിന്റെ കടിഞ്ഞാണ് പിടിച്ചു. അത് പിന്നീട് അദ്ദേഹത്തിന്റെ കൈവശമായിരുന്നു.(33)

അനസ്(റ)വിന്റെ നിവേദനമനുസരിച്ച് നബി(സ) 'ആരുടെ വീടാണ് ഏറ്റം അടുത്തുള്ളത്?. എന്നന്വേഷിച്ചപ്പോള്‍ അബൂഅയ്യൂബ് അല്‍അന്‍സ്വാരി പറഞ്ഞു: "എന്റേത് ദൈവദൂതരേ! ഇതാണെന്റെ വീട്. ഇതാണ് വാതിലും'' എന്നാല്‍ ചെന്ന് സ്ഥലം ശരിയാക്കൂ. റസൂല്‍(സ) പറഞ്ഞു. "അല്ലാഹുവിന്റെ അനുഗ്രഹമുള്ള ജനത.'' അവിടുന്ന് മൊഴിഞ്ഞു.(34)

ഏതാനും നാളുകള്‍ക്ക് ശേഷം പ്രവാചക പത്നി സൌദയും മക്കളായ ഫാത്വിമയും ഉമ്മുകുത്സുവും സൈദിന്റെ പുത്രന്‍ ഉസാമയും ഉമ്മുഐമനും എത്തിച്ചേര്‍ന്നു. ഇവരുടെ കൂടെ അബൂബക്കറിന്റെ കുടുംബത്തേയും കൂട്ടി പുത്രന്‍ അബ്ദുല്ലയുമുണ്ടയിരുന്നു. കൂടെ ആയിശയും. പ്രവാചകപുത്രി സൈനബ് ഭര്‍ത്താവ് അബുല്‍ ആസിന്റെ അരികെത്തന്നെ അവശേഷിച്ചു. അബുല്‍ആസ് അന്ന് മുസ്ലിമല്ലാത്തത് കാരണം അവരെ വിട്ടില്ല. പിന്നീട് ബദ്ര്‍ യുദ്ധത്തിന് ശേഷമാണ് അവര്‍ മദീനയിലേക്ക് ഹിജ്റ പോയത്.(35)

ആയിശ (റ) നിവേദനം ചെയ്യുന്നു. മദീനയില്‍ എത്തിയപാടെ അബൂബക്കറിനും ബിലാലിനും രോഗം പിടിപെട്ടു. ഞാന്‍ അവരെ സന്ദര്‍ശിച്ചു. രോഗവിവരങ്ങളന്വേഷിച്ചു. രോഗം ബാധിച്ചാല്‍ അബൂബക്കര്‍ പാടും.

"മനുഷ്യരെല്ലാം അവരുടെ വീടുകളില്‍ കഴിച്ചുകൂട്ടുന്നു. പക്ഷെ, മരണം അവരുടെ ചെരുപ്പിന്റെ വാറിനേക്കാള്‍ സമീപമിരിക്കുന്നു.''

ബിലാല്‍ തന്റെ രോഗം വിട്ടുമാറിയപ്പോള്‍ മുറിഞ്ഞ ശബ്ദത്തില്‍ മക്കയിലെ പോയ്മറഞ്ഞ ജീവിതമയവിറക്കി പാടി.
"ഇദ്ഖറും ജലീലും പുല്ലുകള്‍ നിറഞ്ഞുനില്ക്കുന്ന താഴ്വരകളില്‍ ഇനിയെന്നാണെനിക്ക് കഴിച്ചുകൂട്ടാനാവുക. മിജന്നയിലെ നീരുറവയും ശാമ ത്വുഫൈല്‍ കുന്നുകളും ഇനിയെന്നാണെന്റെ കണ്ണുകളില്‍ തെളിയുക''

ആഇശ (റ) പറഞ്ഞു:
ഗൃഹാതുരത്വത്തിന്റെ പ്രശ്നം ഞാന്‍ നബി(സ)യുടെ മുമ്പിലവതരിപ്പിച്ചു. അപ്പോള്‍ അവിടുന്ന് പ്രാര്‍ഥിച്ചു.
"അല്ലാഹുവേ ശൈബ ബിന്‍ റബിഅ, ഉത്ബ ബിന്റബീഅ, ഉമയ്യബിന്‍ ഖലഫ് എന്നിവരെ, നീ ശപിക്കേണമെ, അവരാണല്ലോ ഈ സാംക്രമിക രോഗമുള്ള നാട്ടിലേക്ക് ഞങ്ങളെ നാടുകടത്തിയത്''

"അല്ലാഹുവേ! മക്ക ഞങ്ങള്‍ക്ക് പ്രിയങ്കരമായത് പോലെയോ അതിനപ്പുറമോ മദീനയും ഞങ്ങള്‍ക്ക് നീ പ്രിയപ്പെട്ടതാക്കണേ. മദീനയെ നീ സുഖക്ഷേമകരമാക്കുകയും അവിടുത്തെ ഭക്ഷണത്തില്‍ അനുഗ്രഹം ചൊരിയുകയും ചെയ്യേണമേ. ഇവിടുത്തെ രോഗം നീ ജുഹ്ഫ മരുഭൂമിയിലേക്ക് നീക്കണേ''(36)

പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു. പാറിപ്പറന്ന മുടിയുമായി ഒരു കറുത്ത പെണ്ണ്, മദീനയില്‍ നിന്നും പുറപ്പെട്ട് ജൂഹ്ഫയിലെ മഹ്യഅയില്‍ ചെന്നിറങ്ങുന്നതായി അവിടുത്തേക്ക് സ്വപ്നദര്‍ശനമുണ്ടായി. മദീനയില്‍നിന്നും രോഗം ജൂഹുഫയിലേക്ക് മാറുന്നതിന്റെ സൂചനയായിരുന്നു അത്. ഇതോടെ പ്രവാസിമുസ്ലിംകളുടെ ആ വിഷമം തീര്‍ന്നു.

ഇതോടെ നബി(സ)യുടെ ജീവിതത്തിലെ സുപ്രധാനമായ ഒരുഘട്ടം അവസാനിക്കുകയാണ്. അഥവാ മക്കാ കാലഘട്ടം.1. ഇബ്നു ഹിഷാം 1: 468/70

2. ഇബ്നു ഹിഷാം 1/477

3. നബി(സ്വ)പാലായനം ചെയ്യുവോളം ഹിശാമും അയ്യാഷും അവിശ്വാസികളുടെ ബന്ധികളായി മക്കയില്‍ തന്നെ കഴിച്ചു കൂട്ടി. ഹിജ്റക്ക് ശേഷം റസൂല്‍ (സ്വ)ഒരു ദിവസം ചോദിച്ചു അയ്യാഷിനെയും, ഹിശാമിനെയും കൊണ്ട് വരാന്‍ ആര്‍ക്കാണ് കഴിയുക?വലീദ് ബിന്‍ വലീദ് പറഞ്ഞു "ഞാന്‍ കൊണ്ട് വരാം"വലീദ് രഹസ്യമായി മക്കയിലെത്തി ഇവര്‍ക്ക് ഭക്ഷണം കൊണ്ട് പോയിരുന്ന ഒരു സ്ത്രീയെ പിന്തുടര്‍ന്ന് അവര്‍ താമസിക്കുന്ന സ്ഥലം കണ്ടുപിടിച്ചു. എന്നിട്ട് രാത്രി മതില്‍ ചാടി ബന്ധനത്തില്‍ നിന്ന് മോചിപ്പിച്ചു. തന്റെ ഒട്ടകപ്പുറത്ത് വഹിച്ചു അവരെ മദീനയിലേക്ക് കൊണ്ടുവന്നു (ഇബ്നു ഹിഷാം 1:474, 476)

ഉമര്‍ മദീനയില്‍ വന്നത് ഇരുപത് സഹാബികളുടെ കൂടെയായിരുന്നു (ബുഖാരി1: 558)

4. സാദുല്‍ മആദ് 2: 52

5. ബുഖാരി 1: 553

6. ഇബ്നു ഹിഷാം 1: 480-82

7. ബുഖാരി 1: 553

8. സാദുല്‍ മആദ് 2: 52

9. ഇബ്നു ഹിഷാം 1: 482/83 സാദ് 2: 52

10. ibid

11. മുഖ്തസര്‍ പുറം 167

12. ഉമര്‍(റ)വില്‍ നിന്നും റസീന്‍ ഉദ്ധരിക്കുന്നതില്‍, ഈ വിഷം പിന്നീട് മരണ സമയത്ത് അനുഭവപ്പെടുകയും അതാണ്‌ മരണ കാരണമെന്നും പറയുക യുണ്ടായി മിശ്കാത്തുല്‍ മസ്വാബിഹ് 2:556 നോക്കുക.
നടന്നു റസൂല്‍(സ്വ)യുടെ കാല്‍ പൊട്ടിയപ്പോള്‍ അബൂബക്കര്‍(റ)അദ്ദേഹത്തെ ചുമലില്‍ ചുമന്നു വെന്നും ഗുഹയിലെ ദ്വാരത്തില്‍ കാല്‍പാദം കൊണ്ട് ചവിട്ടിപ്പിടിക്കുകയും വിഷ ജന്തുവിന്റെ കടിയെല്‍ക്കുകയും ചെയ്തുവേന്നെല്ലാം പറയുന്ന നിവേദനം സ്വീകാര്യമാല്ലെന്നാണ് പണ്ഡിതന്മാര്‍ പറയുന്നത്. ദഹബി മുന്കര്‍ (അപരിചിതം)എന്നും, ബൈഹഖി ഒന്നും പറയാതെ മൌനം അവലംഭിക്കുകയും ഇബ്നു കഥീര്‍ തീരെ അപരിചിതമായ റിപ്പോര്‍ട്ട് എന്നും ഇതിനെ കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് അസ്സീ റത്തുന്നബവിയ്യ .......പുറം 273 നോക്കുക.(വിവ)

13. ഫത്ഹു ല്‍ബാരി 7/336 ബുഖാരി 1/553, 54, ഇബ്നുഹിശാം 1/486

14. ഇബ്നു ഹിഷാം 1/487

15. ബുഖാരി 1/554

16. ബുഖാരി 1:516, 558

17. ബുഖാരി 1/553

18. ബുഖാരി 1/510

19. ബുഖാരി അനസില്‍ നിന്ന് 1: 556

20. സദ്ദുല്‍ മആദ് 2: 53, 54 ഹാകിം 3:9,10

21. ബുഖാരി 1/554
മുദ് ലജ് ഗോതക്കാരുടെ താമസം രാബിഗിന്‌ സമീപത്താണ്. ഖുദൈദ് കയറുമ്പോഴാണ് സുറാഖ അവരെ പിന്തുടര്‍ന്നത്‌.

22. ബുഖാരി 1: 516

23. ഉസുദുല്‍ ഗ്വാബ 1:173 ഇബ്നു ഹിഷാം 1/491

24. ബുഖാരി ഉര്‍വതുബിന്‍ സുബൈറില്‍ നിന്ന് 1/554

25. റഹ്മത്ത് ലില്‍ ആലമീന്‍ 1/102
ഈ ദിവസം റസൂല്‍ (സ്വ)ക്ക് അമ്പത്തി മൂന്നു വയസ്സ് പൂര്‍ത്തിയാകുന്നു.പ്രവാചകത്വത്തിനു 13 വര്‍ഷവും തികയുന്നു.ഇത് ആനക്കലഹ സംഭവത്തിനു ശേഷം 41 ആം വര്ഷം റമളാനിലാണ് പ്രവാചകത്വം ആരംഭിക്കുന്നത് എന്ന പക്ഷമനുസരിച്ച് അന്നേക്ക് 12 വര്‍ഷവും നാല് മാസവും പതിനെട്ടോ ഇരുപത്തിരണ്ടോ ദിവസവുമായിരിക്കും.

26. ബുഖാരി 1:556

27. സാദുല്‍ മആദ് 2:54

28. ബുഖാരി 1:555

29. പഴയ നിയമം ഹബക്കുക 3: 3

30. സാദുല്‍ മആദ് 2: 54, ഇബ്നു ഹിഷാം

31. സാദുല്‍ മആദ് 2:55, ഇബ്നുഹിശാം 1:493, 94
ബുഖാരിയില്‍ അവിടുന്ന് ക്വുബാഇല്‍ നിന്ന് 24 രാത്രി തങ്ങിയെന്നും (1/61)പത്തില്‍ ചില്ലാനം രാത്രിയെന്നും (1:555)പതിനാലു രാത്രിയെന്നും (1:560)വന്നിട്ടുണ്ട് അവസാനത്തെ അഭിപ്രായമാണ് ഇബ്നു ഖയ്യിം തെരഞ്ഞെടുത്തത് അദ്ദേഹം തന്നെ വ്യക്തമാക്കുന്നത് ഖുബാഇല്‍ ഇറങ്ങിയത്‌ തിങ്കളാഴ്ചയും ഖുബാഇല്‍ നിന്ന് പുറപ്പെട്ടത്‌ വെള്ളിയാഴ്ചയുമാനെന്നാണ് (സാദ് 2:54, 55) രണ്ടാഴ്ചയ്ക്ക് ഇടയിലാണ് ഈ സംഭവമെങ്കില്‍ ഇത് പത്തു ദിവസത്തില്‍ കൂടുകയില്ല വന്നതും പോയതുമായ ദിവസങ്ങള്‍ കൂട്ടിയാല്‍ പന്തണ്ട് ദിവസമേ ആകുന്നുള്ളൂ.

32. തബൂക്കില്‍ മടങ്ങുന്ന സന്ദ൪ഭത്തിലാണ് ഈ വരികള്‍ പാടിയതെന്നാണ് ഇബ്നുല്‍ കയ്യിമിന്റെ പക്ഷം (സാദ് 3/10)എന്നാല്‍ ഇതിനു സ്വീകാര്യമായ തെളിവൊന്നും അദ്ദേഹം കൊണ്ടുവന്നില്ല മന്‍സ്വൂര്‍ പൂരി ഇത് മദീന പ്രവേശന സമയത്താണെന്ന് സമര്‍ഥിക്കുന്നു. ഇതാണ് ശക്തമായ അഭിപ്രായം. രണ്ടു സന്ദര്‍ഭങ്ങളിലും പാടിയിരിക്കാനും സാധ്യതയുണ്ട്.

33. സാദ് 2/55

34. ബുഖാരി 1/556

35. സാദ് 2/55

36. ബുഖാരി 4 /119

 


സി. സലീം സുല്ലമി വിവര്‍ത്തനം ചെയ്ത ശൈഖ് സ്വഫീഹുറഹ്മാന്‍ മുബാറക് പൂരിയുടെ 'അര്‍റഹീക്വുല്‍ മഖ്തൂം' എന്ന ഗ്രന്ഥത്തില്‍ നിന്ന്...

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH