Search

mahonnathan

JA slide show

നബി ചരിത്രം

ഇസ്റാഉം മിഅ’റാജും Print E-mail

മക്കാജീവിതത്തിന്റെ അന്ത്യഘട്ടത്തില്‍ നബി(സ)യുടെ പ്രബോധനം ഒരു ഭാഗത്ത് വിജയവും മറുഭാഗത്ത് മര്‍ദനങ്ങളേകുന്ന അനുഭവങ്ങളുമായി മുന്നോട്ട് പോയി. വിദൂരചക്രവാളങ്ങളില്‍ പ്രതീക്ഷയുടെ മിന്നലാട്ടങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന ഈ സമയത്താണ് ഇസ്റാഉം (മക്കയില്‍നിന്ന് ജറുസലേമിലെ ബൈത്തുല്‍ മുഖദ്ദസിലേക്കുള്ള നിശായാത്ര) മിഅ്റാജും (വാനാരോഹണം) സംഭവിക്കുന്നത്.

ഇതിന്റെ കാലനിര്‍ണയത്തില്‍ പണ്ഡിതന്മാര്‍ക്കിയില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. പ്രവാചകത്വം ലഭിച്ച അതേ, വര്‍ഷം തന്നെയാണെന്നും അഞ്ചുവര്‍ഷത്തിനുശേഷമാണെന്നും പത്താം വര്‍ഷം റജബ് 27നാണെന്നും മദീനാപലായനത്തിന്റെ16 മാസം മുമ്പ് റമദാനിലാണെന്നും 14 മാസം മുമ്പ് മുഹര്‍റത്തിലാണെന്നും 12 മാസം മുമ്പ് റബീഉല്‍ അവ്വലിലാണെന്നും അഭിപ്രായങ്ങളുണ്ട്.

ആദ്യത്തെ മൂന്നഭിപ്രായങ്ങളും പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം റമദാനില്‍ ഖദീജ(റ), അഞ്ചുനേരത്തെ നമസ്കാരം നിര്‍ബന്ധമാക്കുന്നതിന് മുമ്പാണ് മൃതിയടഞ്ഞത് എന്നതിന്റെ അടിസ്ഥാനത്തില്‍ രൂപീകൃതമായതാണ്. അഥവാ അഞ്ചുനേരത്തെ നമ്സകാരം വിധിയാകുന്നത് ഈ യാത്രയിലാണ്. അവസാനത്തെ മൂന്നഭിപ്രായങ്ങളാകട്ടെ, ഈ വിഷയം പരാമര്‍ശിക്കുന്ന ഇസ്റാഅ് അധ്യായത്തിന്റെ പശ്ചാത്തലം, സംഭവം വളരെ പിന്തിയാണ് നടന്നതെന്ന് സൂചിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്. ഈ സംഭവം ഇബ്നുല്‍ഖയ്യിം ഇങ്ങനെ വിശദീകരിക്കുന്നു.

റസൂല്‍(സ) യെ ശാരീരികമായി മക്കയിലെ മസ്ജിദുല്‍ ഹറാമില്‍നിന്ന് ജറുസലേമിലെ ബൈതുല്‍ മുക്വദ്ദസിലേക്ക് ബുറാക്വ് എന്ന വാഹനപ്പുറത്ത് ജിബ്രീലിന്റെ അകമ്പടിയോടെ കൊണ്ടുപോയി. വാഹനം പള്ളിയുടെ വാതിലില്‍ ബന്ധിച്ചശേഷം തിരുമേനി നബിമാര്‍ക്ക് ഇമാമായി നമസ്കരിച്ചു. തുടര്‍ന്ന് അന്നുരാത്രിതന്നെ ജിബ്രീല്‍ നബിയെ ഒന്നാനാകാശത്തേക്ക് കൊണ്ടുപോയി. ആകാശകവാടം തുറക്കാന്‍ ജിബ്രീല്‍ ആവശ്യപ്പെട്ടപ്പോള്‍ തുറക്കുകയും അവിടെ മനുഷ്യപിതാവ് ആദമിനെ കാണുകയും സലാം പറയുകയും സലാം മടക്കുകയും ചെയ്തു. തന്റെ വലതുഭാഗത്ത് രക്തസാക്ഷികളുടെ ആത്മാക്കളും ഇടതുഭാഗത്ത് ദൌര്‍ഭാഗ്യവാന്മാരുടെ ആത്മാക്കളും കാണുകയുണ്ടായി.

തുടര്‍ന്ന് രണ്ടാനാകാശത്തേക്ക് കൊണ്ടുപോയി. അവിടെ യഹ്യാ, ഈസാ(അ) എന്നിവരെ കണ്ടു സലാം പറയുകയും മടക്കുകയും അവര്‍ നബി(സ)യുടെ പ്രവാചകത്വം അംഗീകരിക്കുകയും ചെയ്തു. പിന്നീട് മൂന്നാനാകാശത്തേക്ക് കൊണ്ടുപോയി അവിടെ യൂസുഫ്(അ)യെ കണ്ടു മേല്‍പ്പറഞ്ഞതെല്ലാം ഇവിടേയുമുണ്ടായി. തുടര്‍ന്ന് നാലാനാകാശത്ത് ഇദ്രീസ്(അ)യെയും പിന്നീട് അഞ്ചാനാകാശത്ത് ഹാറൂന്‍ (അ)യേയും തുടര്‍ന്ന് ആറാനാകാശത്ത് മൂസാ (അ)യെയും കണ്ടു. മേല്‍പറഞ്ഞതുപോലെ ഇവിടങ്ങളിലെല്ലാമുണ്ടായി. അവിടെനിന്ന് മുന്നോട്ടുപോകുമ്പോള്‍ മൂസാ(അ) കരയുന്നതായി കണ്ടു. എന്താണ് കരയുന്നതെന്നന്വേഷിച്ചപ്പോള്‍ ഒരു പ്രവാചകന്റെ അനുയായികള്‍ എന്റെ അനുയായികളേക്കാള്‍ കൂടുതലായി സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നു. (മുഹമ്മദ് നബി(സ)യെയാണ് ഇവിടെ ഉദ്ദേശിച്ചത്). തുടര്‍ന്ന് ഏഴാനാകാശത്ത് ചെന്നപ്പോള്‍ ഇബ്റാഹീം നബി(അ)യെ കണ്ടു. സലാം പറയുകയും മടക്കുകയും ഇബ്റാഹീം നബി(അ) നബി (സ)യുടെ പ്രവാചകത്വം അംഗീകരിക്കുകയും ചെയ്തു. പിന്നീട് സിദ്റത്തുല്‍ മുന്‍തഹാ (അറ്റത്തുള്ള ഇലന്തമരം)യിലേക്കും അവിടെനിന്ന് 'ബൈത്തുല്‍ മഅ്മൂറി' (ജനനിബിഡമായ വീട്)ലേക്കും പോയി ദിവസവും എഴുപതിനായിരം മലക്കുകള്‍ ഇവിടെ പ്രവേശിക്കുന്നു. പിന്നീട് അന്ത്യനാള്‍വരെ അവര്‍ മടങ്ങിവരികയില്ല. (തുടര്‍ന്ന് സ്വര്‍ഗത്തിലും പ്രവേശിക്കുന്നു. അവിടെനിന്ന് കാര്യങ്ങള്‍ രേഖപ്പെടുത്തുന്ന പേനയുടെ ശബ്ദം കേള്‍ക്കുന്ന വിതാനം വരെ ഉയരുകയുണ്ടായി)

പിന്നീട് അത്യുന്നതനും പ്രതാപിയുമായ രാജതമ്പുരാന്റെ അടുക്കലേക്ക് കയറിപ്പോയി. അങ്ങനെ രണ്ടു വില്ലുകളുടെ അകലത്തിലോ അതിനേക്കാള്‍ അടുത്തോ ആയി സമീപിച്ചു. അവിടെവെച്ച് അല്ലാഹു തന്റെ ദാസന് ചിലതെല്ലാം ബോധനം നല്കി. അമ്പത് സമയത്തെ നമസ്കാരം നിര്‍ബന്ധമാക്കി. അതുമായി മൂസാ(അ)യുടെ അരികിലേക്ക് മടങ്ങുമ്പോള്‍ അദ്ദേഹം ചോദിച്ചു. 'എന്തു കല്പനയാണുള്ളത്' അമ്പത് സമയത്തെ നമസ്കാരം.' നബി(സ) പറഞ്ഞു. മൂസാ(അ) പറഞ്ഞു: താങ്കളുടെ സമുദായത്തിന് അത് നിര്‍വഹിക്കാന്‍ കഴിയില്ല. താങ്കളുടെ നാഥന്റെ അടുക്കലേക്ക് തന്നെ മടങ്ങി ലഘൂകരിക്കാന്‍ ആവശ്യപ്പെടുക.'' ഉടനെ ജിബ്രീലുമായി കൂടിയാലോചിച്ച് അല്ലാഹുവിന്റെ അടുക്കലേക്ക് തന്നെ മടങ്ങി. അപ്പോള്‍ പത്ത് സമയത്തേക്ക് ലഘൂകരിച്ചുകിട്ടി. വീണ്ടും മൂസാ(അ)യുടെ അടുക്കലെത്തിയപ്പോള്‍ തിരിച്ചുചെന്ന് ലഘൂകരണമാവശ്യപ്പെടാന്‍ ഉപദേശിച്ചു. ഇങ്ങനെ പലതവണ ആവര്‍ത്തിച്ചു. അവസാനം അഞ്ചു സമയമായി ചുരുക്കിക്കിട്ടി. വീണ്ടും മൂസാ(അ) ഉപദേശിച്ചപ്പോള്‍ നബി(സ) പറഞ്ഞു. ഇനിയും ചോദിക്കാന്‍ എനിക്ക് ലജ്ജയാകുന്നു. പക്ഷെ, ഞാന്‍ തൃപ്തിപ്പെടുകയും സമ്മതിക്കുകയും ചെയ്യുന്നു. നബി(സ) അവിടെനിന്ന് മുന്നോട്ട് നീങ്ങിയപ്പോള്‍ ഒരശരീരി മുഴങ്ങി: എന്റെ കല്പന പ്രാബല്യത്തില്‍ വന്നിരിക്കുന്നു. എന്റെ ദാസന്മാര്‍ക്ക് ഞാന്‍ ലഘൂകരണം നല്കുകയും ചെയ്തിരിക്കുന്നു.'' (1)

പിന്നീട് ഇബ്നുല്‍ഖയ്യിം, നബി(സ) അല്ലാഹുവിനെ കണ്ടുവോ ഇല്ലയോ എന്ന വിഷയം ചര്‍ച്ചചെയ്യുന്നു. ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയയുടെ വാക്കുകള്‍ ഉദ്ധരിച്ച് വിഷയം സ്ഥാപിക്കുന്ന ചര്‍ച്ചയുടെ രത്നച്ചുരുക്കം. നഗ്നദൃഷ്ടികൊണ്ട് നബി(സ) അല്ലാഹുവെ കണ്ടിട്ടില്ല എന്നും സ്വഹാബികളാരും അഭിപ്രായപ്പെട്ടിട്ടില്ല എന്നുമാണ്. എന്നാല്‍, ഇബ്നു അബ്ബാസില്‍നിന്ന് നിവേദനം ചെയ്ത കേവല ദൃശ്യവും ആന്തരികദൃഷ്ടികൊണ്ടുള്ള ദൃശ്യവും തമ്മില്‍ വൈരുധ്യവുമില്ല.

തുടര്‍ന്നദ്ദേഹം പറയുന്നു: സൂറത്തു അന്നജ്മിലെ 'പിന്നെ അദ്ദേഹം അടുത്തുവന്നു. അങ്ങനെ കൂടുതല്‍ അടുത്തു (53:8) എന്ന് പറയുന്നത് സൂറത്ത് ഇസ്റാഇല്‍ പറയുന്ന 'അടുപ്പ'വുമായി ബന്ധമില്ല. ഇതിന്റെ പാശ്ചാത്തലം മനസ്സിലാക്കിത്തരുന്നതും ആഇശ(റ)യും ഇബ്നുമസ്ഈദ്(റ)ലും പറയുന്നതുപോലെയും ജിബ്രീല്‍ എന്ന മലക്കാണ് ഇത് എന്നാണ്. എന്നാല്‍ ഇസ്റാഅ് അധ്യായത്തിലേത് അല്ലാഹുവാണ് താനും. സുറത്തുഅന്നജ്മില്‍ അദ്ദേഹം 'മറ്റൊരു ഇറക്കത്തിലും അറ്റത്തെ ഇലന്തമരത്തിനടുത്തുവെച്ച് കണ്ടു.' എന്ന് പറയുന്നത് നബി(സ) ജിബ്രീലിനെ കണ്ടതിനെ കുറിച്ചാണ്. രണ്ടുതവണ ജിബ്രീലിനെ യഥാര്‍ഥ രൂപത്തില്‍ നബി(സ) കണ്ടിട്ടുണ്ട്. ഒന്ന് ഭൂമിയില്‍ വെച്ചും മറ്റൊന്ന് ഇലന്തമരത്തിന്റെ അരികെവെച്ചും.

ഇത്തവണയും നബി(സ)യുടെ നെഞ്ച് ഭേദിച്ച സംഭവം നടന്നതായി ചില റിപ്പോര്‍ട്ടുകളില്‍ വന്നിരിക്കുന്നു. ഈ യാത്രയില്‍ മറ്റനേകം കാര്യങ്ങളും അദ്ദേഹം കാണുകയുണ്ടായി. അദ്ദേഹത്തിന്റെ മുമ്പില്‍ പാലും മദ്യവും പ്രദര്‍ശിക്കപ്പെട്ടപ്പോള്‍ അവിടുന്ന് പാല്‍ തെരഞ്ഞെടുത്തു. ഉടനെ താങ്കള്‍ പ്രകൃതി തെരഞ്ഞെടുത്തു. മദ്യമായിരുന്നു തെരഞ്ഞെടുത്തിരുന്നതെങ്കില്‍ താങ്കളുടെ സമുദായത്തെ താങ്കള്‍ പിഴപ്പിച്ചതുതന്നെയെന്ന് പറയുകയുണ്ടായി. സിദ്റത്തുല്‍ മുന്‍തഹായുടെ കീഴില്‍ നിന്ന് ഉത്ഭവിക്കുന്ന നാല് അരുവികള്‍ കണ്ടു. രണ്ടെണ്ണം പ്രത്യക്ഷമായതും രണ്ടെണ്ണം ആന്തരികമായതും. പ്രത്യക്ഷമായത് യൂഫ്രട്ടീസും ടൈഗ്രീസുമാണ്. ഇതിന്റെ ഉദ്ദേശ്യം, തന്റെ സന്ദേശം യൂഫ്രട്ടീസിന്റെയും ടൈഗ്രീസിന്റെയും ഫലഭൂയിഷ്ടമായ തീരങ്ങളില്‍ പച്ചപിടിക്കുമെന്നും അന്നാട്ടുകാര്‍ തലമുറകളിലൂടെ ഇതിന്റെ വാഹകരായിരിക്കുമെന്നും സൂചനയായിരിക്കാം. ആന്തരികമായത് സ്വര്‍ഗത്തിലെ രണ്ടു നദികളാണ്. സ്വര്‍ഗവും നരകവും, നരകത്തിന്റെ പാറാവുകാരന്‍ മാലിക് എന്ന മലക്കിനേയും കാണുകയുണ്ടായി. അദ്ദേഹത്തിന്റെ മുഖം ഒട്ടും പുഞ്ചിരിയില്ലാത്ത പരുഷഭാവമായിരുന്നു.

അനാഥകളുടെ സമ്പത്ത് അക്രമമായി ഭുജിച്ചിരുന്നവരെ ഒട്ടകത്തിന്റെ ചുണ്ടുപോലുള്ള ചുണ്ടുകളുമായി കണ്ടു. മിനുസമുള്ള കല്ലുകള്‍ പോലെയുള്ള തീക്കട്ടകള്‍ അവര്‍ വിഴുങ്ങുകയും പൃഷ്ടത്തിലൂടെ പുറത്തുവരികയും ചെയ്തു. പലിശ ഭുജിക്കുന്നവരെ ചലിക്കാനാകാത്തവിധം വലിയ കുടവയറന്മാരായും കണ്ടു. ഫിര്‍ഔന്‍ പ്രഭൃതികള്‍ അതുവഴി പോകുമ്പോള്‍ അവരെ ചവിട്ടുകയും ചെയ്യുന്നു.

വ്യഭിചാരികളെ, അവരുടെ മുമ്പില്‍ പോഷകമുള്ള നല്ല മാംസവും അടുത്തുതന്നെ ദുഷിച്ചുനാറിയ വൃത്തികെട്ട മാംസവും വെച്ചിരിക്കുന്നു. അവര്‍ നല്ലതിന് പകരം ചീത്തമാംസം തെരഞ്ഞെടുക്കുന്നു. അന്യരുടെ സന്തതികളെ സ്വന്തം ഭര്‍ത്താവിന്റെ പേരില്‍ ആരോപിക്കുന്ന സ്ത്രീകളെ മൂലകളില്‍ ബന്ധിച്ചവരായി കാണപ്പെട്ടു.

നേരം പുലര്‍ന്നപ്പോള്‍ താന്‍ കണ്ടതെല്ലാം റസൂല്‍(സ) ജനങ്ങളുടെ മുമ്പാകെ പറഞ്ഞു. അവര്‍ ശക്തിയായി ഇതിനെ നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്തു. അവര്‍ ബൈതുല്‍ മുഖദ്ദസിന്റെ രൂപം വിശദീകരിക്കാനാവശ്യപ്പെട്ടു. അല്ലാഹു അത് അദ്ദേഹത്തിന്റെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചു. എന്നിട്ട് ഓരോന്നും കൃത്യമായി വിശദീകരിച്ചു കൊടുത്തു. പിന്നീടവര്‍ അവരുടെ കച്ചവടസംഘം എവിടെയെത്തിയെന്നും എപ്പോള്‍ മടങ്ങിയെത്തുമെന്നും ചോദിച്ചു. സമയം കൃത്യമായി പറഞ്ഞതിനു പുറമെ ആദ്യം എത്തുന്ന ഒട്ടകത്തക്കുറിച്ചും പറഞ്ഞുകൊടുത്തു. സംഭവങ്ങളെല്ലാം പറഞ്ഞതുപോലെത്തന്നെ പുലര്‍ന്നു. ഒന്നും നിഷേധിക്കാനാവാത്ത അവര്‍ വിശ്വസിക്കാന്‍ വിസമ്മതിച്ചു. എല്ലാവരും ഇതത്രയും കളവാക്കുകയും തള്ളിപ്പറയുകയും ചെയ്തപ്പോള്‍ സംശയലേശമന്യേ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്തതിനാലാണ് അബൂബക്കര്‍(റ)വിന് 'സിദ്ദീക്വ്' എന്ന് പേരുവന്നത്. (2) ഈ അത്ഭുത യാത്രയുടെ മുഖ്യോദ്ദേശ്യം അല്ലാഹു ഇങ്ങനെ വിശദീകരിക്കുന്നു. "നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹത്തിന് നാം കാണിച്ചുകൊടുക്കുവാന്‍ വേണ്ടിയത്രെ അത്.'' (17:1). ഇത് പ്രവാചകന്മാരില്‍ അല്ലാഹു നടത്തുന്ന ഒരു നടപടിക്രമവുമാണ്. ഇബ്റാഹീം(അ)യെ പറ്റി പറയുന്നു. "അപ്രകാരം ഇബ്റാഹീമിന് നാം ആകാശങ്ങളുടേയും ഭൂമിയുടേയും ആധിപത്യരഹസ്യങ്ങള്‍ കാണിച്ചുകൊടുക്കുന്നു. അദ്ദേഹം ദൃഢബോധ്യമുള്ളവരുടെ കൂട്ടത്തില്‍ ആയിരിക്കാന്‍ വേണ്ടിയും കൂടിയാണത്. (6:75). മൂസാ(അ) പറയുന്നു: "നമ്മുടെ മഹത്തായ ദൃഷ്ടാന്തങ്ങളില്‍ ചിലത് നിനക്ക് നാം കാണിച്ചുതരുവാന്‍ വേണ്ടിയത്രെ അത്.'' (20:23). ഇതിന്റെയെല്ലാം പൊതുവായ ഉദ്ദേശ്യം അല്ലാഹു വിശദീകരിച്ചത് 'അദ്ദേഹം ദൃഢബോധ്യമുള്ളവരുടെ കൂട്ടത്തില്‍ ആയിരിക്കുവാനും' എന്നാണ്. ഇതുവഴി പ്രവാചകന്മാര്‍ ഇതരരേക്കാള്‍ പ്രയാസങ്ങള്‍ സഹിക്കാനും പ്രതിസന്ധികള്‍ തരണംചെയ്യാനും പ്രാപ്തരായി മാറുന്നു. പരീക്ഷണങ്ങളുടേയും പ്രതിസന്ധികളുടേയും മുമ്പില്‍, ഇഹലോകസൌകര്യവും സഹായവും കേവലം നിസ്സാരമായി അവര്‍ക്കനുഭവപ്പെടുകയും ചെയ്യുന്നു.

ഈ യാത്രയുടെ ഉദ്ദേശ്യരഹസ്യങ്ങള്‍ വിശദീകരിക്കുക നമ്മുടെ ലക്ഷ്യമല്ലെങ്കിലും ചിലത് ഇവിടെ സൂചിപ്പിക്കുന്നത് നല്ലതാണെന്ന് തോന്നുന്നു.

അല്ലാഹു ഈ യാത്ര ഇസ്റാഅ് അധ്യായത്തിലെ ഒരു സൂക്തത്തില്‍ മാത്രമാണ് പരാമര്‍ശിക്കുന്നത്. പിന്നീട് നേരിട്ട് ജൂതന്മാരുടെ ദുഷ്കൃത്യങ്ങളിലേക്കും കുറ്റകൃത്യങ്ങളിലേക്കും തിരിയുന്നു. തുടര്‍ന്ന് ക്വുര്‍ആന്‍ അവ ക്രമമായ വഴിയിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുമന്ന് അറിയിക്കുകയും ചെയ്യുന്നു. പ്രഥമദൃഷ്ട്യാ ഒരു വായനക്കാരന്‍ ഇവയൊന്നും പരസ്പരം ബന്ധമില്ലെന്ന് ധരിച്ചേക്കാം. എന്നാല്‍ അല്ലാഹു ചൂണ്ടുന്നത്, ഈ രാപ്രയാണം ബൈത്തുല്‍മുഖദ്ദസിലേക്ക് നടത്തിച്ചത്, ദുഷ്കൃത്യങ്ങളാല്‍ അര്‍ഹതനഷ്ടപ്പെട്ട ജൂതരെ മനുഷ്യസഞ്ചയത്തിന്റെ നേതൃസ്ഥാനത്തുനിന്ന് നീക്കി നബിതിരുമേനിയെ താല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ഇബ്റാഹീമീ പ്രബോധനത്തിന്റെ കൂടി കടിഞ്ഞാണ്‍ പ്രവാചകന്റെ കൈകളില്‍ ഏല്പിച്ചുകൊണ്ട്, മാനവതയുടെ ആത്മീയ നേതൃത്വം പൂര്‍ണമായും ജൂതന്മാരുടെ കൈകളില്‍നിന്ന് മോചിപ്പിച്ച് ദൈവികബോധനത്തിന്റെ ഉടമയും മാര്‍ഗദര്‍ശക ഗ്രന്ഥമായ വിശുദ്ധ ക്വുര്‍ആനിന്റെ അവകാശികളുമായ പ്രവാചകനേയും സമുദായത്തേയും ഏല്പിക്കുകയും ചെയ്യുക എന്നതാണ്.

പക്ഷെ, ഇതെങ്ങനെ സാധ്യമാകും? പ്രവാചകന്‍ മക്കയുടെ മലമടക്കുകളില്‍ ആട്ടിയോടിക്കപ്പെട്ടവനായി ജീവിക്കുമ്പോള്‍? ഈ ചോദ്യം മറ്റൊരു വസ്തുതയുടെ മറനീക്കുന്നു. അത് പ്രബോധനത്തിന്റെ ഈ പ്രഥമഘട്ടം അവസാനിക്കാനായിരിക്കുന്നുവെന്നും ഇതില്‍നിന്ന് തികച്ചും ഭിന്നമായ ഒരു പുതിയ ഘട്ടം ആരംഭിക്കാന്‍ പോകുന്നുവെന്നുമാണ്. അതിനാല്‍ ബഹുദൈവാരാധകരെ ശക്തിയായി താക്കീതു ചെയ്യുന്ന ഏതാനും സൂക്തങ്ങളും ഈ അധ്യായത്തില്‍ കാണാം.

"ഏതെങ്കിലും ഒരു രാജ്യം നാം നശിപ്പിക്കാന്‍ ഉദ്ദേശിച്ചാല്‍ അവിടുത്തെ സുഖലോലുപന്മാര്‍ക്ക് നാം ആജ്ഞകള്‍ നല്കും. എന്നാല്‍ , (അത് വകവെക്കാതെ) അവര്‍ അവിടെ താന്തോന്നിത്തം നടത്തും. (ശിക്ഷയെ പറ്റിയുള്ള) വാക്ക് അങ്ങനെ അതിന്റെ (രാജ്യത്തിന്റെ) കാര്യത്തില്‍ സ്ഥിരപ്പെടുകയും നാം അതിനെ നിശ്ശേഷം തകര്‍ക്കുകയും ചെയ്യുന്നു. നൂഹിന്റെ ശേഷം എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്. തന്റെ ദാസന്മാരുടെ പാപങ്ങളെ സംബന്ധിച്ച് സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമായി നിന്റെ രക്ഷിതാവുതന്നെ മതി.'' (17:16,17)

ഈ സൂക്തങ്ങളോടനുബന്ധിച്ച്, ഒരു നവ ഇസ്ലാമിക സമൂഹത്തിന്റെ അടിത്തറ പണിയേണ്ടതെങ്ങനെയെന്നും നാഗരികവികാസങ്ങളുടെ മാനങ്ങളെന്തൊക്കെയെന്നും പഠിപ്പിക്കുന്ന സൂക്തങ്ങളുണ്ട്. ഭൂമിയില്‍ ആധിപത്യമുറപ്പിച്ച് അതിനുചുറ്റും സമൂഹം മൊത്തം കറങ്ങുന്നതുപോലെ. റസൂല്‍ (സ)ക്ക് ഒരഭയകേന്ദ്രവും ആസ്ഥാനവും കൈവരാന്‍ പോകുന്നുവെന്നും അതുവഴി ഇസ്ലാമിന്റെ സന്ദേശം ലോകത്തിന്റെ ഇതരഭാഗങ്ങളിലേക്ക് തിരിച്ചുവിടാന്‍ പോകുന്നുവെന്നുമുള്ള ഒരു സൂചനയും ഇതിലുണ്ട്. ഇതാണ്. ഈ നിശാപ്രയാണത്തിന്റെ ആന്തരിക രഹസ്യം. ഇതെല്ലാം ഉദ്ദേശിക്കുന്നതുകൊണ്ടാണ്. ഇസ്റാഅ് സംഭവം ഒന്നാം അക്വബ ഉടമ്പടിയുടെ തൊട്ടുമുമ്പോ അല്ലെങ്കില്‍ രണ്ടിന്റേയും ഇടയ്ക്കോ ആണ് സംഭവിച്ചതെന്ന് നാം കരുതുന്നത്.
1. സാദുല്‍ മആദ് 2/47, 48

2. ഇബ്നു ഹിഷാം 1/399

 


സി. സലീം സുല്ലമി വിവര്‍ത്തനം ചെയ്ത ശൈഖ് സ്വഫീഹുറഹ്മാന്‍ മുബാറക് പൂരിയുടെ 'അര്‍റഹീക്വുല്‍ മഖ്തൂം' എന്ന ഗ്രന്ഥത്തില്‍ നിന്ന്...

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH