Search

mahonnathan

JA slide show

നബി ചരിത്രം

വിവിധ ഗോത്രങ്ങളിലേക്ക് Print E-mail

പ്രവാചകത്വത്തിന്റെ പത്താംവര്‍ഷം ദുല്‍ഖഅദയില്‍ (ക്രി 619 ജൂണ്‍ ആദ്യത്തിലോ ജൂലൈ ആദ്യത്തിലോ) നബി(സ) തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനായി മക്കയിലേക്ക് തന്നെ മടങ്ങി. ഹജ്ജ് കാലം സമീപിച്ചിരുന്നതിനാല്‍ ജനങ്ങള്‍ നാലുപാടുനിന്നും കാല്‍നടയായും വാഹനപ്പുറത്തേറിയും ഹജ്ജ് നിര്‍വഹിക്കാനും അല്ലാഹുവിനെ നിര്‍ണിതമായ ചില നാളുകളില്‍ സ്മരിക്കാനും എത്തിക്കൊണ്ടിരുന്നു. ഈ സന്ദര്‍ഭം റസൂല്‍(സ) ഉപയോഗപ്പെടുത്തി. പ്രവാചകത്വത്തിന്റെ നാലാം വര്‍ഷം മുതല്‍ അവിടുന്ന് ആരംഭിച്ചതുപോലെ. അങ്ങനെ ഓരോരോ ഗോത്രങ്ങളേയും സമീപിച്ചു അവരെയെല്ലാം ഇസ്ലാമിലേക്ക് ക്ഷണിച്ചു. ഈ വര്‍ഷം മുതല്‍ പത്താം വര്‍ഷം വരെ ദൌത്യനിര്‍വഹണത്തില്‍ തന്നെ സംരക്ഷിക്കാനും സഹായിക്കാനും അവിടുന്ന് ജനങ്ങളോട് ആവശ്യപ്പെട്ടുതുടങ്ങി.

സുഹ്രി പറയുന്നു: നബി(സ) ഇസ്ലാമിലേക്ക് ക്ഷണിച്ച ഗോത്രങ്ങള്‍ ബനൂആമിര്‍ ബിന്‍സ്വഅ്സ്വഅ, മുഹാരിബ് ബിന്‍ ഖസ്വ്ഫ, ഫുസാറ, ഗസ്സാന്‍, മുര്‍റ, ഹനീഫ, സുലൈം, അബ്സ്, ബനൂനസ്വ്റ്, ബനൂഅല്‍ബക്കാഅ്, കിന്‍ദ, കല്‍ബ്, അല്‍ഹാരിഥ് ബിന്‍ കഅ്ബ്, ഉദ്റ, ഹളാറമ എന്നിവയാണ്. പക്ഷെ, ഇവയിലാരും തന്നെ ഇസ്ലാം ആശ്ളേഷിച്ചില്ല.(1) ഇവരെയെല്ലാം ഒരേ വര്‍ഷത്തിലല്ല ഇസ്ലാമിലേക്ക് ക്ഷണിച്ചത്. പ്രത്യുത, നാലാം വര്‍ഷം മുതല്‍ മദീനാ പലായനത്തിന്റെ തൊട്ടുമുമ്പത്തെ ഹജ്ജ് കാലയളവിനുള്ളില്‍ വിവിധ സന്ദര്‍ഭങ്ങളിലായിക്കൊണ്ടാണ്.

ഇബ്നുഇസ്ഹാഖ് ഇതിന്റെ രീതി വിശദീകരിക്കുന്നു.

1. ബനൂകല്‍ബ്: ഇതിലെ ബനൂഅബ്ദുല്ലാ ഉപഗോത്രത്തെ സമീപിച്ചു അവിടുന്ന് ഇസ്ലാം അവരുടെ മുമ്പില്‍ അവതരിപ്പിച്ചു. അവരോട് പറഞ്ഞു: അല്ലാഹു നിങ്ങളുടെ പിതാവിന്റെ നാമം വിശിഷ്ടമാക്കിയിരിക്കുന്നു. (അബ്ദുല്ല= ദൈവദാസന്‍). പക്ഷെ, അവരാരും ഇസ്ലാം സ്വീകരിച്ചില്ല.

2. ബനൂഹനീഫ: അവരുടെ വീടുകളില്‍ ചെന്ന് ക്ഷണിച്ചെങ്കിലും ഏറ്റവും മോശമായ രീതിയില്‍ പ്രതികരിക്കുകയാണിവര്‍ ചെയ്തത്.

3. ബനൂആമിറുബ്നു സ്വഅ്സ്വഅ: ഇവരെ അല്ലാഹുവിലേക്ക് ക്ഷണിച്ചു. അപ്പോള്‍ അവരിലെ ബൈഹറബ്നു ഫിറാസ് എന്നൊരാള്‍ സംസാരിച്ചു. താങ്കളുമായി ഞങ്ങള്‍ ഉടമ്പടി ചെയ്യുകയും എന്നിട്ട് പ്രതിയോഗികളുടെ മേല്‍ താങ്കള്‍ വിജയം വരിക്കുകയും ചെയ്താല്‍ താങ്കളുടെ കാലശേഷം നേതൃത്വം ഞങ്ങള്‍ക്ക് ലഭിക്കുമോ? റസൂല്‍(സ) മറുപടി പറഞ്ഞു: കാര്യം അല്ലാഹുവിന്റെ കൈകളിലാണ്. അവനുദ്ദേശിക്കുന്നേടത്ത് അത് വെക്കുന്നതാണ്. അപ്പോള്‍ അവന്‍ പറഞ്ഞു: ഞങ്ങള്‍ നിനക്കുവേണ്ടി ഞങ്ങളുടെ വിരിമാറ് അറബികള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുകയും അവസാനം വിജയം വരിക്കുമ്പോള്‍ നേതൃത്വം മറ്റുള്ളവര്‍ക്കുമല്ലേ? നിന്റെ ഈ കാര്യം ഞങ്ങള്‍ക്കാവശ്യമില്ല.

ഹജ്ജ് കഴിഞ്ഞ് നാട്ടിലെത്തിയപ്പോള്‍ വാര്‍ധക്യം കാരണം ഹജ്ജിന് വരാത്ത ഒരു വൃദ്ധനോട് സംഭവം അവര്‍ വിശദീകരിച്ചു. ആശ്ചര്യത്തോടെ തന്റെ കൈകള്‍ തലയില്‍വെച്ച് അദ്ദേഹം ചോദിച്ചു: ആമിറിന്റെ സന്തതികളേ, ഈ നഷ്ടത്തിന് നമുക്ക് വല്ല പരിഹാരവുമുണ്ടോ? ഒരു ഇസ്മാഈല്‍ വംശജന്‍ അത് പറയുന്നുവെങ്കില്‍ അത് സത്യമായിരിക്കും. തീര്‍ച്ച. അവനൊരു പ്രവാചകനാണ്. നിങ്ങളുടെ അഭിപ്രായം എന്തായിപ്പോയി? (2)

മക്കയ്ക്കുപുറത്തുനിന്നുള്ള വിശ്വാസികള്‍
ഗോത്രങ്ങളുടെയും ദൌത്യസംഘങ്ങളുടെയും വ്യക്തികളുടെയും മുമ്പില്‍ നബി(സ) ഇസ്ലാം സമര്‍പ്പിച്ചു. ഇതില്‍ ചിലരെല്ലാം ഈ ഹജ്ജ്കാലത്തിന് ശേഷം ഇസ്ലാം അംഗീകരിച്ചു.

1. സുവൈദ് ബിന്‍ സ്വാമിത്: യസ്രിബ്കാരനായ ഇദ്ദേഹം കവിയും ബുദ്ധിമാനുമായിരുന്നു. ഇദ്ദേഹത്തിന്റെ കരുത്തും കവിതയും ഔന്നത്യവും കുലീനതയും കാരണം ജനങ്ങള്‍ അല്‍കാമില്‍ (സമ്പൂര്‍ണന്‍) എന്നായിരുന്നു വിളിച്ചത്. അദ്ദേഹത്തെ റസൂല്‍ ഇസ്ലാമിലേക്ക് ക്ഷണിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ഒരു പക്ഷെ എന്റെയടുക്കലുള്ളതുപോലെ തന്നെയായിരിക്കും താങ്കളുടെ പക്കലുമുള്ളത്. റസൂല്‍(സ) ചോദിച്ചു. എന്താണ് താങ്കളുടെ പക്കലുള്ളത്? അദ്ദേഹം 'ലുക്മാന്റെ തത്വജ്ഞാനം.' നബി(സ) പറഞ്ഞു: എന്നെയൊന്ന് കാണിക്കൂ. അപ്പോഴദ്ദേഹമത് അവതരിപ്പിച്ചു. റസൂല്‍(സ) പറഞ്ഞു: ഇതൊരു നല്ല വാക്യമാണ്. പക്ഷെ, എന്റെ പക്കലുള്ളത് ഇതിലും എത്രയോ ശ്രേഷ്ടമാണ്. വിശുദ്ധ ക്വുര്‍ആന്‍ അല്ലാഹു സന്മാര്‍ഗവും പ്രകാശവുമായി എനിക്ക് അവതരിച്ചുതന്നത്. തുടര്‍ന്ന് റസൂല്‍(സ) ക്വുര്‍ആന്‍ പാരായണം ചെയ്ത് കേള്‍പ്പിച്ചുകൊണ്ട് അദ്ദേഹത്തെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. ഉടനെത്തന്നെ അദ്ദേഹം വിശ്വസിച്ചു. എന്നിട്ട് പറഞ്ഞു: ഇതൊരു നല്ല വാക്യംതന്നെയാണ്. പിന്നീടദ്ദേഹം മദീനയില്‍ പ്രവേശിച്ചു. ഏറെക്കഴിയുംമുമ്പെ-ബുഗാസ് യുദ്ധത്തിന് മുമ്പ്-ഔസ്- ഖസ്റജ് ഗോത്രങ്ങള്‍ക്കിടയില്‍ നടന്ന യുദ്ധത്തില്‍ വധിക്കപ്പെടുകയാണുണ്ടായത്. പ്രവാചകത്വത്തിന്റെ പതിനൊന്നാം വര്‍ഷാരംഭത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ഇസ്ലാമാശ്ളേഷം എന്നതാണ് പ്രബലാഭിപ്രായം.

2. ഇയാസ്ബിന്‍ മുആദ്: ഇദ്ദേഹം യഥ്രിബിലെ ഒരു യുവാവാണ് മദീനയില്‍ ഖസ്റജ് ഗോത്രത്തിനെതിരില്‍ കക്ഷിചേരാന്‍ ക്വുറൈശികളെ ക്ഷണിക്കാന്‍ വന്ന ഔസ് ദൌത്യസംഘത്തിലെ ഒരംഗം. റസൂല്‍(സ) അവരെ സമീപിക്കുകയും ഇസ്ലാം പരിചയപ്പെടുത്തുകയും ക്വുര്‍ആന്‍ പാരായണം ചെയ്ത് കേള്‍പ്പിക്കുകയും ചെയ്തു. ഇതുകേട്ടപാടെ മനസ്സില്‍ സ്വാധീനിച്ച ഇയാസ് പറഞ്ഞു: ജനങ്ങളേ! നിങ്ങള്‍വന്ന ആവശ്യത്തേക്കാള്‍ മെച്ചപ്പെട്ടത് ഇതാണ്. ഇതുകേട്ട് അബുല്‍ഹൈസര്‍ അനസ്ബിന്‍ റാഫിഅ് ഒരുപിടി മണ്ണുവാരി അവന്റെ മുഖത്തെറിഞ്ഞു. എന്നിട്ട് പറഞ്ഞു. ഇവനെ ഒഴിവാക്കുക. ഇതിനല്ലല്ലോ നാം ഇവിടെ വന്നത്. ഇയാസ് മൌനിയായി. റസൂല്‍(സ) എഴുന്നേറ്റു പോവുകയും ചെയ്തു. അവരുടെ ദൌത്യം വിജയം കണ്ടെത്താതെ അവര്‍ മദീനയിലേക്ക് തിരിച്ചു. മദീനയില്‍ എത്തി ഏറെക്കഴിയുംമുമ്പ് ഇയാസ് മൃതിയടഞ്ഞു. പക്ഷെ, അദ്ദേഹം പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും നടത്തി മുസ്ലിമായാണ് മരിച്ചത്. (3)

3. അബൂദര്‍റുല്‍ ഗിഫ്ഫാരി: ഇദ്ദേഹം യഥ്രിബിന്റെ പ്രാന്തപ്രദേശങ്ങളില്‍ വസിച്ചിരുന്ന വ്യക്തിയാണ്. സുവൈദിന്റെയും ഇയാസിന്റെയും ഇസ്ലാം സ്വീകരണവാര്‍ത്ത ഇദ്ദേഹത്തെയും ഒരു വഴിത്തിരിവിലെത്തിച്ചു. ഇദ്ദേഹം തന്റെ സഹോദരനെ പുതിയ നബിയെപ്പറ്റി അന്വേഷിക്കാന്‍ മക്കയിലേക്കയച്ചു. പക്ഷെ, സഹോദരന്റെ റിപ്പോര്‍ട്ട് അബൂദര്‍റിന് തൃപ്തികരമായില്ല. അതിനാല്‍ നേരിട്ട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു മക്കയിലേക്ക് യാത്ര പുറപ്പെട്ടു. അവിടെവെച്ച് നബിയെ കണ്ടുമുട്ടി. ആഗമനോദ്ദേശ്യം അലിയെ തെര്യപ്പെടുത്തിയപ്പോള്‍ നബി(സ)യെ കണ്ടെത്താനുള്ള മാര്‍ഗം അലി വിശദീകരിച്ചുകൊടുത്തു. നബി(സ)യെ സമീപിച്ചു ഇസ്ലാമിനെപ്പറ്റി അന്വേഷിച്ചു പഠിച്ചു. അവിടെവെച്ചുതന്നെ ഇസ്ലാം ആശ്ളേഷിക്കുകയുണ്ടായി. നബി(സ) ഉപദേശിച്ചു. അബൂദര്‍റ് ഇത് നീ രഹസ്യമാക്കി നിന്റെ നാട്ടിലേക്ക് മടങ്ങുക. ഇസ്ലാമിന് വിജയമുണ്ടായാല്‍ ഇങ്ങോട്ടുതന്നെ വരാം. അബൂദര്‍റ് പറഞ്ഞു. താങ്കളെ അയച്ചവന്‍തന്നെയാണ് സത്യം! ഇത് ഞാന്‍ പരസ്യമായി പ്രഖ്യാപിക്കുക തന്നെ ചെയ്യും. അങ്ങനെ കഅബയുടെ അരികെച്ചെന്ന് വിളിച്ചുപറഞ്ഞു. ക്വുറൈശികളേ! അല്ലാഹു മാത്രമാണ് ആരാധ്യനെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. മതം മാറിയവനെ പിടികൂടൂ എന്നാക്രോശിച്ച് അവരെല്ലാം അദ്ദേഹത്തിന്റെ നേരെ ചാടിവീണു. ശക്തിയായി മര്‍ദിച്ചവശനാക്കി. മരിക്കുമെന്ന അവസ്ഥയെത്തിയപ്പോള്‍ അബ്ബാസ് വന്ന് രക്ഷപ്പെടുത്തി. അദ്ദേഹം പ്രഖ്യാപിച്ചു. നിങ്ങള്‍ക്ക് നാശം ഗഫ്ഫാര്‍ ഗോത്രക്കാരനെയാണോ നിങ്ങള്‍ വധിക്കുന്നത്? നിങ്ങളുടെ കച്ചവടയാത്ര ഗഫ്ഫാറ്കാരുടെ അരികിലൂടെയല്ലേ? അവരദ്ദേഹത്തെ ഒഴിവാക്കി പിറ്റേന്ന് കാലത്തും അതുപോലെ പ്രഖ്യാപിച്ചു. അവര്‍ വീണ്ടും ആക്രമിച്ചപ്പോള്‍ അബ്ബാസ് വന്ന് വീണ്ടും രക്ഷപ്പെടുത്തി. (4)

4. ത്വുഫൈല്‍ബിന്‍ അംറ് അദ്ദൌസിയ്: ഇദ്ദേഹം മാന്യനായ ഒരു മനുഷ്യനും ബുദ്ധിമാനായ ഒരു കവിയും ദൌസ്, ഗോത്രത്തിലെ നേതാവുമായിരുന്നു. അറേബ്യയുടെ തെക്ക് യമനിന്റെ ചില ഭാഗങ്ങളില്‍ ഇവര്‍ ഭാഗികമായ അധികാരം വാണിരുന്നു. പ്രവാചകത്വത്തിന്റെ പതിനൊന്നാം വര്‍ഷം ഇദ്ദേഹം മക്ക സന്ദര്‍ശിച്ചു. ഇതിനോടനുബന്ധിച്ച് മക്കക്കാര്‍ വലിയ സ്വീകരണപരിപാടികള്‍ ഏര്‍പ്പെടുത്തി അദ്ദേഹത്തെ ആദരിച്ചു. ഇദ്ദേഹം മക്കയില്‍ പ്രവേശിച്ച ഉടനെ ക്വുറൈശികള്‍ നബിയെക്കുറിച്ച് പരിചയപ്പെടുത്തി. അവന്റെ വാക്കുകള്‍ ശ്രവിക്കുകയോ അവനുമായി സംസാരിക്കുകയോ അരുത് കാരണം അവന്‍ സമുദായത്തില്‍ അനൈക്യവും ഛിദ്രതയുമുണ്ടാക്കുന്ന, ഭാര്യാഭര്‍ത്താക്കന്മാര്‍ക്കും കുടുംബങ്ങള്‍ക്കുമിടയില്‍ ഭിന്നതയുണ്ടാക്കുന്ന മാരണക്കാരനാണ്. ഇത് കാരണം തുഫൈല്‍ ചെവിയില്‍ പരുത്തിയും തിരുകിയാണ് പള്ളിയില്‍ പ്രവേശിച്ചത്. ആ സമയം നബി(സ) പള്ളിയില്‍ നമസ്കരിക്കുന്നുണ്ട്. അദ്ദേഹം അതിനടുത്തുനിന്നു. അങ്ങനെ അദ്ദേഹത്തിന്റെ ക്വുര്‍ആന്‍ പാരായണം അല്പം കേട്ടപ്പോള്‍ ആകര്‍ഷകമായിതോന്നി. കൂടുതല്‍ കേള്‍ക്കാന്‍ ആഗ്രഹവും ജനിച്ചു. ശരിയാണെങ്കില്‍ സ്വീകരിക്കാനും കൊള്ളരുതാത്തതാണെങ്കില്‍ തിരസ്കരിക്കാനുള്ള ബുദ്ധിയും വിവേകവും തനിക്കുണ്ടല്ലോ എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നബി തിരുമേനി(സ)യുടെ കൂടെ വീട്ടിലേക്ക് പുറപ്പെട്ടു. വീട്ടിലെത്തി, ക്വുറൈശികള്‍ പറഞ്ഞതെല്ലാം നബി(സ)യോട് പറഞ്ഞു. നബി(സ) ഇസ്ലാം പരിചയപ്പെടുത്തുകയും ക്വുര്‍ആന്‍ പാരായണം ചെയ്ത് കേള്‍പ്പിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞു. അല്ലാഹുവാണേ ഇതിനേക്കാള്‍ ശ്രേഷ്ഠവും നീതിപൂര്‍വകവുമായ ഒന്നും ഞാന്‍ കേട്ടിട്ടേയില്ല. അവിടെവെച്ചുതന്നെ ഇസ്ലാം സ്വീകരിച്ചു. തുടര്‍ന്നദ്ദേഹം നബി(സ)യോട് പറഞ്ഞു: 'ഞാന്‍ എന്റെ ജനതയുടെ നേതാവാണ് ഞാന്‍ പറഞ്ഞാല്‍ അവര്‍ അനുസരിക്കും. ഞാന്‍ നാട്ടിലേക്ക് മടങ്ങി അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കും. അതിനാല്‍ അവരുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ ഒരു ദൃഷ്ടാന്തത്തിന് അങ്ങ് അല്ലാഹുവോടു പ്രാര്‍ഥിക്കണം. റസൂല്‍(സ) പ്രാര്‍ഥിച്ചു. അദ്ദേഹം തന്റെ സമൂഹത്തില്‍ മടങ്ങിയെത്തിയപ്പോള്‍ തന്റെ മുഖത്ത് ഒരു പ്രത്യേക പ്രകാശം ജ്വലിച്ചുനിന്നു. പിന്നീടത് അദ്ദേഹത്തിന്റെ ചാട്ടവാറിലേക്കും നീങ്ങി. തന്റെ പിതാവും ഭാര്യയും ഇസ്ലാം ആശ്ളേഷിച്ചെങ്കിലും സമുദായം വിസമ്മതിക്കുകയാണുണ്ടായത്. പക്ഷെ, അദ്ദേഹം ഖന്‍ദഖ് യുദ്ധാനന്തരം എഴുപതോ എണ്‍പതോ കുടുംബങ്ങളോടുകൂടി മദീനയിലേക്ക് പലായനം ചെയ്തു. ഇസ്ലാമിനുവേണ്ടി ഏറെ ത്യാഗങ്ങള്‍ സഹിച്ച ഇദ്ദേഹം യമാമ യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിച്ചു. (5)

5. ളിമാദുല്‍ അസ്ദി: യമനിലെ അസ്ദ്ശനൂഅക്കാരന്‍. മന്ത്രചികിത്സയില്‍ വിദഗ്ദന്‍. മക്കയില്‍വന്നപ്പോള്‍ ഭ്രാന്തനായ മുഹമ്മദിനെക്കുറിച്ച് അവിടുത്തെ ഭോഷന്മാര്‍ ഇദ്ദേഹത്തിന് പരിചയപ്പെടുത്തി. ഇദ്ദേഹം പറഞ്ഞു. 'ഞാന്‍ അവനെ സമീപിച്ചാല്‍ എന്റെ മന്ത്രംകൊണ്ട് അവന് ഭേദമായേക്കാം. നബി(സ)യെ സമീപിച്ചപ്പോള്‍ അവിടുന്ന് ചൊല്ലി. സര്‍വസ്തുതിയും അല്ലാഹുവിന്. ഞങ്ങള്‍ അവനെ സ്തുതിക്കുകയും സഹായം തേടുകയും ചെയ്യുന്നു. അല്ലാഹുമാര്‍ഗം കാണിച്ചവനെ പിഴപ്പിക്കാനോ പിഴപ്പിച്ചവനെ മാര്‍ഗം കാണിക്കുവാനോ ആരുമില്ല. അല്ലാഹു മാത്രമാണ് ആരാധ്യനെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാകുന്നു. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനും ദാസനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.'' ഇതുകേട്ടപ്പോള്‍ ഒന്നുകൂടി ആവര്‍ത്തിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. റസൂല്‍(സ) മൂന്നുതവണ ചൊല്ലിക്കൊടുത്തു. അദ്ദേഹം പ്രതികരിച്ചു. ഞാന്‍ ജ്യോത്സ്യന്മാരുടെയും മാരണക്കാരുടെയും കവികളുടേയും വാക്കുകള്‍ കേട്ടിട്ടുണ്ട്. പക്ഷെ, ഇതുപോലൊന്ന് കേട്ടിട്ടില്ല. ഇതൊരു ആഴക്കടലാണ്! ഉടനെ നബി(സ)യുടെ കൈയില്‍ ബൈഅത്തും ചെയ്ത് ഇസ്ലാം സ്വീകരിച്ചു.(6)

മദീനാ പ്രതിനിധികള്‍
പ്രവാചകത്വത്തിന്റെ പതിനൊന്നാം വര്‍ഷം ഹജ്ജ് കാലത്ത് -ക്രി 620 ജൂലൈ മാസം- ഇസ്ലാമിന് ഒരു നല്ല വിത്ത് ലഭിച്ചു. ഇത് പടര്‍ന്നു പന്തലിച്ച് വന്‍ വൃക്ഷമായി. അതിന്റെ ശീതളഛായയില്‍ ഏറെക്കാലം മര്‍ദന-പീഡനങ്ങള്‍ക്കിരയായ വിശ്വാസിസമൂഹത്തിന് അഭയം ലഭിക്കുകയും ചെയ്തു. ഇത് ചരിത്രത്തിന്റെ ഗതിതന്നെ മാറ്റി. ശത്രുക്കളുടെ ഉപദ്രവങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍വേണ്ടി ഒരു തന്ത്രമെന്ന നിലയ്ക്ക് റസൂല്‍(സ) രാത്രികാലങ്ങളിലായിരുന്നു ഗോത്രങ്ങളെ സമീപിച്ചിരുന്നത്. ഒരു രാത്രി അബൂബക്കര്‍, അലി എന്നിവരുമായി ദുഹ്ല്‍, ശൈബാന്‍ബിന്‍ഥഅ്ലബ എന്നിവര്‍ താമസിക്കുന്നിടത്ത് ചെന്ന് അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. അബൂബക്കറിന്റെയും ഒരു ദുഹ്ല്‍ ഗോത്രക്കാരന്റെയും ഇടയില്‍ ആകര്‍ഷകമായ സംഭാഷണങ്ങള്‍ നടന്നു. ശൈബാന്‍കാര്‍ പ്രതീക്ഷാനിര്‍ഭരമായ മറുപടിയും നല്കി. പക്ഷെ, ഇസ്ലാം സ്വീകരണത്തിന്റെ കാര്യം അവര്‍ തല്ക്കാലം നിര്‍ത്തിവെച്ചു.

പിന്നീട് റസൂല്‍(സ) മിനയില്‍ അക്വബയുടെ അരികെ പോകുമ്പോള്‍ അവിടെ ഏതാനു പുരുഷന്മാര്‍ സംസാരിക്കുന്നത് കേട്ടു. ഉടനെ അവരുമായി സന്ധിച്ചു. അവര്‍ യഥ്രിബിലെ ഖസ്റജ് ഗോത്രക്കാരായ ആറു യുവാക്കളായിരുന്നു. ഇവര്‍; അസ്അദ്ബിന്‍ സുറാറ, ഔഫ്ബിന്‍ ഹാരിഥ്, റാഫിഅ്ബിനു മാലിക്, ഖുത്വ്ബ ബിന്‍ ആമിര്‍, ഉഖ്ബബിന്‍ ആമിര്‍, ജാബിര്‍ ബിന്‍ അബ്ദുല്ല എന്നിവരായിരുന്നു.

മദീനയില്‍ താമസിച്ചിരുന്ന ജൂതന്മാരില്‍നിന്ന്, ഒരു പ്രവാചകന്റെ നിയോഗത്തെക്കുറിച്ച് മദീനക്കാര്‍ കേട്ടിരുന്നു. അദ്ദേഹം പ്രത്യക്ഷപ്പെട്ടാല്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് ആദ്, ഇറം ഗോത്രങ്ങളേയെന്നപോലെ നിങ്ങളെ വധിച്ചുകളയുമെന്ന് അവര്‍ പറയാറുണ്ടായിരുന്നു.

ഇവരെ കണ്ടപ്പോള്‍, 'നിങ്ങള്‍ ഏത് ഗോത്രക്കാരാണ്?' റസൂല്‍ (സ) ചോദിച്ചു. 'ഖസ്റജ്' അവര്‍ മറുപടി പറഞ്ഞു. 'ജൂതന്മാരുമായി സഖ്യത്തിലുള്ളവരാണോ? നബി(സ) അന്വേഷിച്ചു. അതെ, അവര്‍ പറഞ്ഞു: അല്പസമയം ഇരിക്കാമോ എനിക്ക് ചിലതെല്ലാം സംസാരിക്കാനുണ്ട്? നബി(സ) ചോദിച്ചു. വിരോധമില്ല. അവര്‍ പ്രതികരിച്ചു. അവര്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തി. ക്വുര്‍ആന്‍ പാരായണം ചെയ്തു കേള്‍പ്പിച്ചു, ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തു. അപ്പോള്‍ അവര്‍ പരസ്പരം പറഞ്ഞു. ജനങ്ങളേ നിങ്ങള്‍ക്കറിയുമോ? നിങ്ങളെ ജൂതന്മാര്‍ ഭീഷണിപ്പെടുത്തിയ ആ പ്രവാചകനാണിത്. അവര്‍ വിശ്വസിക്കുന്നതിന് മുമ്പ് നമുക്കിദ്ദേഹത്തെ വിശ്വസിക്കാം. അതോടെ അവരെല്ലാം വിശ്വസിച്ചു.

ബുദ്ധിമാന്മാരായ ഈ നവമുസ്ലിംകള്‍ നബി(സ)യോടു പറഞ്ഞു."ഞങ്ങളുടെ ജനത ആഭ്യന്തര യുദ്ധങ്ങളാല്‍ പരസ്പരം ശത്രുതയില്‍ വര്‍ത്തിക്കുന്നവരാണ്. ഒരുപക്ഷേ, താങ്കള്‍ മുഖേന അല്ലാഹു അവരെ ഏകീകരിച്ചേക്കാം. ഞങ്ങള്‍, അവരിലേക്ക് തിരിച്ചുചെന്ന് താങ്കളുടെ കാര്യം അവരോട് സംസാരിക്കുകയും ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്യാം. താങ്കള്‍ മുഖേന അവരെ അല്ലാഹു ഏകീകരിക്കുകയാണെങ്കില്‍ താങ്കളേക്കാള്‍ പ്രതാപവാനായി ആരുംതന്നെ ഉണ്ടാവില്ല.'' ഇസ്ലാമുമായി അവര്‍ യഥ്രിബിലേക്ക് തിരിച്ചു. അവസാനം നബി(സ)യുടെ നാമം പറയപ്പെടാത്ത ഒരു വീടുപോലും അവിടെ അവശേഷിച്ചിരുന്നില്ല. (7)

ആഇശ(റ)യുമായുള്ള വിവാഹം
ഇതേ വര്‍ഷം ശവ്വാലില്‍ റസൂല്‍(സ) ആഇശ(റ)യുമായി വിവാഹബന്ധത്തിലേര്‍പ്പെട്ടു. അന്നവര്‍ക്ക് ആറു വയസ്സായിരുന്നു. ഹിജ്റയ്ക്ക് ശേഷം ഒന്നാംവര്‍ഷം ശവ്വാലില്‍ അവരുമായി വീടുകൂടുമ്പോള്‍ ഒമ്പതുവയസ്സ് പ്രായമുണ്ട്.(8)
1. ഇബ്നു സഅദ് 1 /216

2. ഇബ്നു ഹിഷാം 1 /424, 25

3. ഇബ്നു ഹിഷാം 1 /427, 28

4. ബുഖാരി 1 /499, 544, 45

5. ഇബ്നു ഹിഷാം 1 /382, 85

6. മുസ്ലിം 46

7. ഇബ്നു ഹിഷാം 1 /428-30

8. ബുഖാരി 1 /551.

 


സി. സലീം സുല്ലമി വിവര്‍ത്തനം ചെയ്ത ശൈഖ് സ്വഫീഹുറഹ്മാന്‍ മുബാറക് പൂരിയുടെ 'അര്‍റഹീക്വുല്‍ മഖ്തൂം' എന്ന ഗ്രന്ഥത്തില്‍ നിന്ന്...

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH