Search

mahonnathan

JA slide show

നബി ചരിത്രം

പ്രബോധനം മക്കയ്ക്ക് പുറത്ത് Print E-mail

റസൂല്‍(സ) ത്വാഇഫില്‍
പ്രവാചകത്വത്തിന്റെ പത്താംവര്‍ഷം ശവ്വാല്‍ മാസത്തില്‍ (ക്രിസ്തംബ്ദം 619 മേയ് അന്ത്യത്തിലോ ജൂണ്‍ ആദ്യത്തിലോ) റസൂല്‍(സ) ത്വാഇഫിലേക്ക് പുറപ്പെട്ടു. ഇത് മക്കയില്‍നിന്ന് ഏകദേശം 60കി. മീ. അകലെയാണ്. യാത്രയും മടക്കവും ഒരുപോലെ കാല്‍നടയായിരുന്നു. കൂടെ ഭൃത്യന്‍ സൈദ്ബ്നു ഹാരിഥയുമുണ്ടായിരുന്നു. പോകുന്നവഴിയില്‍ ഓരോ ഗോത്രങ്ങളെയും ഇസ്ലാമിലേക്ക് ക്ഷണിച്ചപ്പോള്‍ ആരും സ്വീകരിക്കുകയുണ്ടായില്ല. ത്വാഇഫില്‍ എത്തിയപ്പോള്‍, ഥഖീഫ് ഗോത്രനേതാക്കളായ അബ്ദുയാലീന്‍, മസ്ഊദ്, ഹബീബ് എന്നീ മൂന്ന് സഹോദരന്മാരെയും- ഇവര്‍ അംറുബ്നു ഉമൈര്‍ അഥ്ഥഖ് ഫിയുടെ പുത്രന്മാരാണ്- സമീപിച്ച് ഇസ്ലാമിലേക്ക് ക്ഷണിക്കുകയും സഹായം ആവശ്യപ്പെടുകയും ചെയ്തു. ഒരാള്‍ പറഞ്ഞു: നിന്നെയാണ് അല്ലാഹു ദൂതനായി നിയോഗിച്ചതെങ്കില്‍ കഅബയുടെ മൂടുപടം ഞാന്‍ വലിച്ചുകീറും. അടുത്തയാള്‍ പറഞ്ഞു. അല്ലാഹുവിന് നിന്നെയല്ലാതെ മറ്റാരെയും ഇതിനു കിട്ടിയില്ലേ? മൂന്നാമത്തെയാള്‍ പറഞ്ഞു: ഞാന്‍ നിന്നോട് ഒരിക്കലും സംസാരിക്കില്ല, കാരണം, നീ പ്രവാചകനാണെങ്കില്‍ നിന്റെ വാക്കുകളെ എതിര്‍ക്കുകയെന്നത് വലിയ അപകടമാണ്. ഇനി, നീ അല്ലാഹുവിന്റെ പേരില്‍ കളവുപറയുന്നവനാണെങ്കില്‍ നീയുമായി സംസാരിക്കേണ്‍ ആവശ്യവുമെനിക്കില്ല. ഇതുകേട്ട് റസൂല്‍(സ) എഴുന്നേറ്റ് പോകുമ്പോള്‍ പറഞ്ഞു: 'നിങ്ങള്‍ ചെയ്തത് ചെയ്തു, പക്ഷെ, നിങ്ങളിക്കാര്യം മറച്ചുപിടിക്കണം.'

ത്വാഇഫുകാര്‍ക്കിടയില്‍ റസൂല്‍(സ) പത്തുദിവസം തങ്ങി. ഇതിന്നിടയ്ക്ക് എല്ലാ പ്രമുഖരേയും സമീപിച്ച് സംസാരിച്ചു. അവരെല്ലാം പറഞ്ഞു. ഞങ്ങളുടെ നാട്ടില്‍നിന്ന് പുറത്തേക്ക് കടക്കുക. ഭോഷന്മാരെ അദ്ദേഹത്തിന് നേരെ തിരിച്ചുവിടുകയും ചെയ്തു. അദ്ദേഹം പുറത്തുകടക്കാന്‍ ശ്രമിച്ചപ്പോള്‍ വിഡ്ഢികളേയും അടിമകളേയും വിട്ട് തെറിവിളിപ്പിക്കുകയും കൂക്കിവിളിപ്പിക്കുകയും ചെയ്തു. അതുകേട്ട് ജനങ്ങള്‍ അവിടുത്തേക്ക് ചുറ്റും തടിച്ചുകൂടി. അവര്‍ രണ്ടു വരിയായി നിന്ന് അധിക്ഷേപിക്കുകയും കല്ലെറിയുകയും ചെയ്തു. നെരിയാണിയില്‍ കല്ലുകൊണ്‍് അവിടുത്തെ ചെരുപ്പില്‍ രക്തം പതിച്ചു. ഈ സമയത്ത്, സൈദുബ്നു ഹാരിഥ തന്റെ ശരീരംകൊണ്‍് തടുത്തതുകാരണം തലയ്ക്ക് മുറിവുപറ്റി. മൂന്നു മൈല്‍ അകലെ, റബീഅയുടെ പുത്രന്‍മാരായ ഉത്ബയുടെയും ശൈബയുടെയും ഒരു മതില്‍കെട്ടിനുള്ളിലേക്ക് അവിടുന്ന് അഭയം പ്രാപിക്കുന്നതുവരെ ഇത് തുടര്‍ന്നുകൊണ്ടേയിരുന്നു. അതോടെ അവര്‍ മടങ്ങി. തുടര്‍ന്ന് റസൂല്‍(സ) ഒരു മുന്തിരിവള്ളിയുടെ തണലില്‍ ചെന്ന് ചുമരിലേക്ക് ചാരിയിരുന്ന് സ്വസ്ഥനായി. അവിടെവെച്ച്, ആരും വിശ്വസിക്കാത്തതിലുള്ള ദുഃഖവും പ്രയാസവും മനസ്സ് നിറച്ചുകൊണ്ടും താന്‍ അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങള്‍ ഉള്‍ക്കൊണ്ടും അവിടുന്ന് പ്രാര്‍ഥിച്ചു!

"അല്ലാഹുവേ, എന്റെ ബലഹീനതയും തന്ത്രക്കുറവും ജനങ്ങള്‍ക്കിടയിലെ എന്റെ നിസാരതയും സംബന്ധിച്ച് കരുണാവാരിധിയായ നാഥാ നിന്നോട് മാത്രമേ എനിക്ക് പരാതിപ്പെടാനുള്ളൂ. ദുര്‍ബലന്‍മാരുടെ രക്ഷകനാണ് നീ. എന്റെയും നാഥന്‍ നീയാണ്. നീ എന്നെ ആര്‍ക്കാണ് ഏല്പിച്ചുകൊടുക്കുന്നത്. എന്റെ നേരെ നീരസം പ്രകടിപ്പിക്കുന്ന അകന്ന ബന്ധുക്കള്‍ക്കോ അതല്ല, എന്നെ കയ്യടക്കുന്ന ശത്രുക്കള്‍ക്കോ? നിനക്കെന്നോടു കോപമില്ലാതിരുന്നാല്‍ മാത്രം മതിയെനിക്ക്. എന്നാല്‍ നിന്റെ സമാശ്വാസം എന്നെക്കൂടി ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമാണല്ലോ! നിന്റെ കോപക്രോധങ്ങള്‍ എന്നില്‍ പതിക്കുന്നതില്‍നിന്ന് ഇരുളുകളെ പ്രകാശിപ്പിക്കുകയും ഇഹപര കാര്യങ്ങളെ ശരിയാക്കുകയും ചെയ്യുന്ന നിന്റെ മുഖദീപ്തിയില്‍ ഞാന്‍ അഭയം തേടുന്നു. നീ തൃപ്തനാകുവോളം നിനക്കെന്നെ ആക്ഷേപിക്കാം. സകല കഴിവുകളും ശക്തിയും നിനക്ക് തന്നെ.''

അവിടുത്തെ ഈ ദയനീയാവസ്ഥകണ്‍് ഉത്ബയുടെയും ശൈബയുടെയും മനമിളകി. അവര്‍ തങ്ങളുടെ ക്രിസ്തീയഭൃത്യന്‍ അദ്ദാസിനെ വിളിച്ചു ഒരുകുല മുന്തിരിയുമായി അദ്ദേഹത്തിന്റെ അടുത്തേക്കയച്ചു. അവിടുന്ന് ബിസ്മില്ലാഹ് എന്നുച്ചരിച്ചുകൊണ്‍് കഴിക്കാന്‍ തുടങ്ങി. ഇതുകേട്ട അദ്ദാസ് ചോദിച്ചു: ഇത് ഈ നാട്ടുകാരാരും പറയാത്ത ഒരു വാക്യമാണല്ലോ? ഉടനെ നബിതിരുമേനി അവനോട് അവന്റെ നാടും മതവുമന്വേഷിച്ചു. അവന്‍ പറഞ്ഞു: ഞാന്‍ നീനവക്കാരനായ ഒരു ക്രൈസ്തവനാണ്.' അപ്പോള്‍ റസൂല്‍(സ) ചോദിച്ചു: 'പുണ്യവാളനായ യൂനുസ്ബ്നു മത്തായുടെ നാട്ടുകാരനാണല്ലേ?' 'യൂനുസബ്നു മത്തയെ താങ്കള്‍ക്കെങ്ങനെയാണ് അറിയുന്നത്? അദ്ദാസ് ചോദിച്ചു: റസൂല്‍(സ) പറഞ്ഞു: 'അദ്ദേഹമെന്റെ സഹോദരനാണ്. അദ്ദേഹമൊരു പ്രവാചകനായിരുന്നു. ഞാനും ഒരു പ്രവാചകനാണ്. ഇതുകേട്ട അദ്ദാസ് തിരുമേനിയുടെ ശിരസിലും കൈകാലുകളിലും ചുംബനമര്‍പ്പിച്ചു.

ഇത് വീക്ഷിക്കുകയായിരുന്ന റബീഅയുടെ പുത്രന്‍മാരില്‍ ഒരുവന്‍ അപരനോട്: 'നിന്റെ ഭൃത്യന്‍ പിഴച്ചുപോയി. അദ്ദാസ് തിരിച്ചുവന്നപ്പോള്‍ അവര്‍ അവനോട് ചോദിച്ചു: 'നാശം! എന്താണ് നീ കാണിക്കുന്നത്'' അവന്‍ പറഞ്ഞു: യജമാനരേ! ഭൂമിയില്‍ ഇതിനേക്കാള്‍ ശ്രേഷ്ഠനായ ആരുമില്ല. നബിമാര്‍ക്ക് മാത്രമറിയുന്ന കാര്യമാണദ്ദേഹം എന്നോട് സംസാരിച്ചത്. അവര്‍ പ്രതികരിച്ചു. "അദ്ദാസ്! നിനക്ക് നാശം. നിന്റെ മതത്തില്‍നിന്ന് അവന്‍ നിന്നെ തെറ്റിച്ചുകളയാതിരിക്കട്ടെ. നിന്റെ മതമാണ് അവന്റെ മതത്തേക്കാള്‍ ഉത്തമം.''(1)

കഠിനദുഃഖവും കലങ്ങിയ മനസുമായി റസൂല്‍(സ) മക്കയിലേക്ക് പോയി. ഖര്‍നുല്‍മനാസില്‍ എന്നിടത്ത് എത്തിയപ്പോള്‍ ജിബ്രീല്‍ പര്‍വതങ്ങളുടെ മാലാഖയുമായി അദ്ദേഹത്തെ സമീപിച്ചു. രണ്ടു പര്‍വതങ്ങള്‍ മക്കക്കാര്‍ക്ക് മീതെ എറിയുന്നതിനെപ്പറ്റി അന്വേഷിച്ചുകൊണ്ട്.

ബുഖാരി ഇത് വിശദമായി നിവേദനം ചെയ്യുന്നു. ആഇശ(റ) നബി(സ)യോട് ചോദിച്ചു. 'ഉഹ്ദിനേക്കാള്‍ താങ്കള്‍ക്ക് പ്രയാസകരമായ ദിവസമുണ്ടായിട്ടുണ്ടോ?' അവിടുന്ന് പറഞ്ഞു: 'അറബികളില്‍നിന്ന് ഏറെ ഏറ്റിട്ടുണ്ട്. എനിക്ക് ഏറ്റവും കഠിനമായത് അക്വബ* ദിവസം അനുഭവിച്ചതാണ്. ഞാന്‍ സഹായമന്വേഷിച്ച് ഇബ്നുഅബ്ദുയാലിലിനെ സമീപിച്ചപ്പോള്‍ അദ്ദേഹമത് നിരസിച്ചു. ഞാന്‍ കഠിനദുഃഖവും പേറി മടങ്ങി. ഖര്‍നുഥആ്ലബില്‍ എത്തിയപ്പോഴാണ് എനിക്ക് ബോധമുദിച്ചത് (ഇന്ന് ഈ സ്ഥലം ഖര്‍നു ഥഅ്ലബിന്‍ എന്നാണ് അറിയപ്പെടുന്നത്) ഞാന്‍ മേലോട്ട് നോക്കുമ്പോള്‍ മേഘപാളികള്‍ എനിക്ക് തണലിട്ടിരിക്കുന്നു. ജിബ്രീല്‍ എന്നെ വിളിച്ചുപറഞ്ഞു. താങ്കളുടെ ജനത പറഞ്ഞത് താങ്കളുടെ റബ്ബ് കേട്ടിരിക്കുന്നു. താങ്കളുടെ അടുക്കലേക്ക് പര്‍വതങ്ങളുടെ മലക്കിനെ നിയോഗിച്ചിരിക്കുന്നു. അപ്പോള്‍ മലക്ക് എന്നെ വിളിച്ചു. എനിക്ക് സലാം പറഞ്ഞു. എന്നിട്ട് സംസാരിച്ചു: മുഹമ്മദ്! നീ ഉദ്ദേശിക്കുന്നതുപോലെയാണ് കാര്യം. നീ ഉദ്ദേശിക്കുകയാണെങ്കില്‍ മക്കയിലെ അബുഖുബൈസും അതിനഭിമുഖമായി നില്ക്കുന്ന ഖുഐഖിആന്‍ എന്ന മലയും അവര്‍ക്ക് മീതെ എറിയുന്നതാണ്. നബി(സ) മറുപടി പറഞ്ഞു: എന്നാല്‍ ഞാന്‍ പ്രതീക്ഷിക്കുന്നത് അവരുടെ സന്താനപരമ്പരകളില്‍നിന്ന് അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന, അവനില്‍ ആരെയും പങ്കുചേര്‍ക്കാത്തവരെ അല്ലാഹു ഉത്ഭവിപ്പിക്കുമെന്നാണ്. (2)

ഏഴാകാശങ്ങള്‍ക്കപ്പുറം നിന്ന് ലഭിച്ച ഈ സഹായത്തില്‍ സന്തുഷ്ടനായി മന:സ്സമാധാനത്തോടെ നബി(സ) മക്കയിലേക്ക് മടങ്ങി. വഴിയില്‍ വാദിനഖ്ലയില്‍ ഏതാനും ദിവസങ്ങള്‍ തങ്ങി.

ഈ സന്ദര്‍ഭത്തിലാണ് ഏതാനും ജിന്നുകളെ ക്വുര്‍ആന്‍ ശ്രവിക്കാന്‍ അവിടുത്തെ അടുത്തേക്ക് അല്ലാഹു അയച്ചത്. രണ്ടിടങ്ങളില്‍ ക്വുര്‍ആന്‍ ഇത് പരാമര്‍ശിക്കുന്നുണ്‍്.

"ജിന്നുകളില്‍നിന്ന് ഒരു സംഘത്തെ നാം നിന്റെ അടുത്തേക്ക് ക്വുര്‍ആന്‍ ശ്രദ്ധിച്ചുകേള്‍ക്കുവാനായി തിരിച്ചുവിട്ട സന്ദര്‍ഭം (ശ്രദ്ധേയമാണ്). അങ്ങനെ അവര്‍ അതിന് സന്നിഹിതരായപ്പോള്‍ അവര്‍ പരസ്പരം പറഞ്ഞു: നിങ്ങള്‍ നിശബ്ദരായിരിക്കൂ. അങ്ങനെ അത് കഴിഞ്ഞപ്പോള്‍ അവര്‍ തങ്ങളുടെ സമുദായത്തിലേക്ക് താക്കീതുകാരായിക്കൊണ്‍് തിരിച്ചുപോയി. അവര്‍ പറഞ്ഞു; ഞങ്ങളുടെ സമുദായമേ, തീര്‍ച്ചയായും മൂസായ്ക്ക് ശേഷം അവതരിപ്പിക്കപ്പെട്ടതും അതിനുമുമ്പുള്ളതിനെ സത്യപ്പെടുത്തുന്നതുമായ ഒരു വേദഗ്രന്ഥം ഞങ്ങള്‍ കേട്ടിരിക്കുന്നു. സത്യത്തിലേക്കും നേരായ പാതയിലേക്കും അത് വഴികാട്ടുന്നു. ഞങ്ങളുടെ സമുദായമേ, അല്ലാഹുവിലേക്ക് വിളിക്കുന്ന ആള്‍ക്ക് നിങ്ങള്‍ ഉത്തരം നല്കുകയും അദ്ദേഹത്തില്‍ നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുക. അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും വേദനയേറിയ ശിക്ഷയില്‍നിന്ന് അവന്‍ നിങ്ങള്‍ക്ക് അഭയം നല്കുകയും ചെയ്യുന്നതാണ്.''(46:2931)

"(നബിയേ) പറയുക, ജിന്നുകളില്‍ നിന്നുള്ള ഒരു സംഘം ക്വുര്‍ആന്‍ ശ്രദ്ധിച്ചുകേള്‍ക്കുകയുണ്ടായി എന്ന് എനിക്ക് ദിവ്യബോധനം നല്കപ്പെട്ടിരിക്കുന്നു. എന്നിട്ടവര്‍ (സ്വന്തം സമൂഹത്തോട്) പറഞ്ഞു: തീര്‍ച്ചയായും അത്ഭുതകരമായ ഒരു ക്വുര്‍ആന്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു. അത് സന്‍മാര്‍ഗത്തിലേക്ക് വഴികാണിക്കുന്നു. അതുകൊണ്‍് ഞങ്ങള്‍ അതില്‍ വിശ്വസിച്ചു. മേലില്‍ ഞങ്ങളുടെ രക്ഷിതാവിനോട് ആരേയും ഞങ്ങള്‍ പങ്കുചേര്‍ക്കുകയേ ഇല്ല.'' (72:1-2) തുടര്‍ന്നുള്ള പതിനഞ്ച് സൂക്തങ്ങള്‍വരെ.

ഈ സൂക്തങ്ങളുടെ അവതരണപശ്ചാത്തലത്തില്‍ നിന്ന് വ്യക്തമാകുന്നത്, ജിന്നുകളുടെ ആഗമനം, അതിനെക്കുറിച്ച് അല്ലാഹു ദിവ്യബോധനം നല്കിയപ്പോള്‍ മാത്രമാണ് റസൂല്‍(സ) അറിഞ്ഞത് എന്നാണ്. ഇത് ഒന്നാമത്തെ തവണയാണ്. തുടര്‍ന്ന് പലപ്രാവശ്യം വരികയുണ്‍ായി.
ഈ സംഭവവും അല്ലാഹുവിന്റെ അദൃശ്യമായ ഒരു സഹായമാണ്. ഇതുസംബന്ധമായി അവതരിച്ച സൂക്തങ്ങളില്‍ ഒരു ഭൌതികശക്തിക്കും മാറ്റാനാവാത്ത സുനിശ്ചിത വിജയത്തെക്കുറിച്ച സുവിശേഷവുമുണ്‍്.

"അല്ലാഹുവിലേക്ക് വിളിക്കുന്ന ആള്‍ക്ക് വല്ലവനും ഉത്തരം നല്കാതിരിക്കുന്ന പക്ഷം ഈ ഭൂമിയില്‍(അല്ലാഹുവെ) അവന് തോല്പിക്കാനാവില്ല. അല്ലാഹുവിന് പുറമെ അവന് രക്ഷാധികാരികളുണ്ടായിരിക്കുകയുമില്ല. അത്തരക്കാര്‍ വ്യക്തമായ വഴികേടിലാകുന്നു.'' (46:32)

"ഭൂമിയില്‍വെച്ച് അല്ലാഹുവെ ഞങ്ങള്‍ക്ക് തോല്പിക്കാനാവില്ല എന്നും ഓടിമാറിക്കളഞ്ഞിട്ട് അവനെ തോല്പിക്കാനാവില്ലെന്നും ഞങ്ങള്‍ ധരിച്ചിരിക്കുന്നു.'' (72:12)

ഈ സഹായത്തിന്റെയും സുവിശേഷത്തിന്റെയും മുന്നില്‍ ത്വാഇഫില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട് പുറത്തുപോരുമ്പോള്‍ വിടാതെ പിടികൂടിയ നൈരാശ്യത്തിന്റെയും ദുഃഖത്തിന്റെയും മേഘപാളികള്‍ ഓടിയൊളിച്ചു. അതോടെ മക്കയിലേക്ക് തിരിച്ചുചെല്ലാനും പൂര്‍വോപരി ശക്തിയോടെയും നവോന്മേഷത്തോടെയും തന്റെ അനശ്വരസന്ദേശം ജനങ്ങള്‍ക്കെത്തിക്കാനും തീരുമാനിച്ചു.

ഈ സന്ദര്‍ഭത്തില്‍ സൈദുബ്നു ഹാരിഥ ചോദിച്ചു: അങ്ങ് എങ്ങനെയാണ് അവിടേക്ക് തിരിച്ചുചെല്ലുക അവര്‍ അങ്ങയെ പുറത്താക്കിയതല്ലേ? അവിടുന്ന് പ്രതിവചിച്ചു: സൈദ്! അല്ലാഹു എല്ലാറ്റിനും ഒരു പോംവഴി ഉണ്ടാക്കിത്തരും തന്റെ പ്രവാചകനെ സഹായിക്കുകയും വിജയിപ്പിക്കുകയും ചെയ്യും.

മക്കയോടടുത്തപ്പോള്‍ നബി(സ) ഹിറാഗുഹയില്‍ അല്പം തങ്ങി. എന്നിട്ട് ഒരു ഖുസാഅ ഗോത്രക്കാരനെ അഖ്നസ്ബിന്‍ ശരീഖിന്റെ അടുക്കലേക്ക് തനിക്കഭയം നല്കണമെന്നാവശ്യപ്പെട്ടു പറഞ്ഞുവിട്ടു. പക്ഷെ, അദ്ദേഹം മറ്റൊരു ഗോത്രത്തിന്റെ സഖ്യകക്ഷിയായതുകൊണ്‍് സംരക്ഷണം ഏല്ക്കാനാവില്ല എന്നറിയിച്ചു. അപ്പോള്‍ സുഹൈലിന്റെ അടുക്കലേക്ക് പറഞ്ഞുവിട്ടു. സുഹൈല്‍ പറഞ്ഞു: ആമിര്‍ ഗോത്രം കഅബ് ഗോത്രത്തിന് സംരക്ഷണം നല്കില്ല. അവസാനം മുത്വഇംബിന്‍ അദിയിന്റെ അടുക്കല്‍ ആളെ അയച്ചു. അദ്ദേഹം സംരക്ഷണമേറ്റെടുത്തു. അദ്ദേഹം ആയുധമണിയുകയും തന്റെ പുത്രന്‍മാരെ വിളിച്ചു ആയുധമണിയിക്കുകയും എന്നിട്ട് കഅബയുടെ കോണുകളില്‍ നില്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അവരോട് താന്‍ മുഹമ്മദിന്റെ സംരക്ഷണമേറ്റെടുത്തിട്ടുണ്ടെന്നറിയിച്ചു. പിന്നീട് റസൂല്‍(സ) സൈദ്ബ്നു ഹാരിഥയുടെ കൂടെ മക്കയില്‍ പ്രവേശിച്ചു ഹറമിന്റെയടുത്തെത്തിയപ്പോള്‍ മുത്വ്ഇം തന്റെ വാഹനപ്പുറത്തേറി പ്രഖ്യാപിച്ചു: ക്വുറൈശികളേ ഞാന്‍ മുഹമ്മദിന് അഭയം നല്കിയിരിക്കുന്നു. അതിനാല്‍ ആരും അദ്ദേഹത്തെ ആക്ഷേപിക്കരുത്. റസൂല്‍(സ) കഅബയുടെ മൂലയില്‍ തൊട്ടുതടവി രണ്ടു റക്അത്ത് നമസ്കരിച്ചു വീട്ടിലേക്ക് തിരിച്ചു. മുത്വ്ഇമും പുത്രന്‍മാരും വീട്ടിലെത്തുവോളം അദ്ദേഹത്തെ വലയം ചെയ്തു. അബുജഹല്‍ മുത്വ്ഇമിനോടു ചോദിച്ചു. നീ അഭയം നല്കിയവനോ പിന്തുടര്‍ന്നവനോ? അദ്ദേഹം: അഭയം നല്കിയവന്‍, എന്നാല്‍ താങ്കള്‍ അഭയം നല്കിയവന് ഞങ്ങളും അഭയം നല്കുന്നു.' (3)

മുത്വഇമിന്റെ ഈ സഹായം റസൂല്‍(സ) മറന്നില്ല. പിന്നീട് ബദ്റില്‍ ബന്ദികളുടെ പ്രശ്നത്തില്‍ അവിടുന്ന് പറഞ്ഞു: 'മുത്വ്ഇം ജീവിച്ചിരിക്കുകയും എന്നോട് ഇവരുടെ കാര്യത്തില്‍ സംസാരിക്കുകയും ചെയ്താല്‍ ഞാന്‍ അദ്ദേഹത്തിന് ഇവരെ വിട്ടുകൊടുക്കുമായിരുന്നു.' (4)
1. ഇബ്നു ഹിശാം 1/419 -421

നബി(സ്വ)യുടെ ത്വാഇഫ് യാത്ര ഇബ്നു ഇസ്ഹാഖ് രേഖപ്പെടുത്തുന്നുണ്ട്, പക്ഷെ അതില്‍ നിങ്ങള്‍ ഇക്കാര്യം മക്കക്കാരോട് പറയാതെ മറച്ചു വെക്കണം, എന്നതും പ്രാര്‍ഥനയുടെ ഭാഗവും നിവേദന പരമ്പരയില്ലാതെയാണ് ഉദ്ധരിച്ചിരിക്കുന്നത്. ഇബ്നു ജരീറും ത്വബ്റാനീയും പരമ്പരയോടെ ഉദ്ധരിച്ചിട്ടുണ്ടെങ്കിലും അത് ദുര്‍ബലമാണ്.(ഫിഖ്ഹുസ്സീറയ്ക്ക് അല്‍ബാനിയുടെ അടിക്കുറിപ്പ് നോക്കുക പുറം 126. ദിഫാഉന്‍ അനിസുന്ന ........പുറം 19 അസ്സീറത്തുന്നബവിയ്യ ........പുറം 226 ഉം നോക്കുക.) വിവ.

2. ബുഖാരി ഹദീസ് 3231, 7389

3. ഇബ്നു ഹിശാം 1/419 -422

4. ബുഖാരി 2/573


സി. സലീം സുല്ലമി വിവര്‍ത്തനം ചെയ്ത ശൈഖ് സ്വഫീഹുറഹ്മാന്‍ മുബാറക് പൂരിയുടെ 'അര്‍റഹീക്വുല്‍ മഖ്തൂം' എന്ന ഗ്രന്ഥത്തില്‍ നിന്ന്...

 

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH