Search

mahonnathan

JA slide show

നബി ചരിത്രം

ക്ഷമയുടെയും ദാര്‍ഢ്യതയുടെയും പ്രേരകങ്ങള്‍ Print E-mail

ബുദ്ധിജീവികളും വിവേകികളുമായ ആളുകള്‍ പരസ്പരം ചോദിച്ചുപോകും, എന്താണ് മുസ്ലിംകളെ ഇവ്വിധം ക്ഷമയുടെയും മനോദാര്‍ഢ്യത്തിന്‍റെയും പാരമ്യതയിലേക്കെത്തിച്ച പ്രേരകം? ശ്രവണമാത്രയില്‍ത്തന്നെ നടുക്കിക്കളയുകയും രോമാഞ്ചിതരാവുകയും ചെയ്യുന്ന ഈ മതമര്‍ദനങ്ങളെ എങ്ങനെയാണ് മുസ്ലിംകള്‍ ക്ഷമിച്ചതും അതിജീവിച്ചതും? ഇതിന്‍റെ  യഥാര്‍ഥ പ്രേരകങ്ങളെക്കുറിച്ച് പഠിച്ചാല്‍ അടിസ്ഥാനപരമായ ചിലകാര്യങ്ങള്‍ കണ്ടെത്താവുന്നതാണ്.

1. ദൃഢവും അചഞ്ചലവുമായ ദൈവവിശ്വാസം: ഇതാണ് പ്രഥമവും പ്രധാനവുമായ കാരണം. സുദൃഢമായ വിശ്വാസം മനസ്സിന്‍റെ പ്രസന്നതയുമായി അലിഞ്ഞുചേര്‍ന്നാല്‍ അചഞ്ചലമായ പര്‍വതസമാനമായി അത് മാറുന്നതാണ്. ഇത്തരമൊരു വിശ്വാസത്തിന്‍റെ  ഉടമക്ക്, ഭൌതിക ലോകത്തെ പ്രശ്നങ്ങള്‍ അതെത്ര ശക്തവും കഠിനവും വിപുലവുമായിരുന്നാലും തന്‍റെ  വിശ്വാസവുമായി താരതമ്യം ചെയ്യുമ്പോള്‍, കനത്ത കോട്ടകളെയും കെട്ടുകളെയും തകര്‍ക്കാനായി ഒഴുകിയെത്തുന്ന മലവെള്ളത്തിലെ ചപ്പു ചവറുകള്‍പോലെ നിസാരമായിരിക്കും അത്. തന്റെ വിശ്വാസം സംഭാവന ചെയ്യുന്ന പ്രസന്നതയുടെയും വിധേയത്വത്തിന്‍റെയും മാധുര്യത്തിന്‍റെയും മുന്നില്‍ അതെത്രയോ നിസാരവും അവഗണനീയവുമായിരിക്കും.
"ആ നുര ചവറായിപ്പോകുന്നു. മനുഷ്യര്‍ക്കുപകാരമുള്ളതാകട്ടെ ഭൂമിയില്‍ തങ്ങിനില്ക്കുന്നു.''(13:17)
ഈ പ്രഥമകാരണത്തില്‍നിന്നുല്‍ഭൂതമാകുന്ന മറ്റനേകം കാരണങ്ങളുണ്ട്. അവയാകട്ടെ ഇതിനെ ശക്തിപ്പെടുത്തുന്നവയുമാണ്.

2. വശ്യമായ നേതൃത്വം: നബിതിരുമേനി മുസ്ലിം സമുദായത്തിന്‍റെ  അത്യുന്നതനായനേതാവാണ്. എന്നല്ല, മാനവതയുടെ മൊത്തം സാരഥിയാണ്. അവിടുന്ന്, അവര്‍ണനീയമായ സ്വഭാവശീലങ്ങളുടെയും അനുകരണീയമായ മാതൃകകളുടെയും അതുല്യമായ വ്യക്തിത്വത്തിന്‍റെയും മനസ്സുകളെ ഹഠാതാകര്‍ഷിക്കുകയും കീഴ്പെടുത്തുകയും ചെയ്യുന്ന അനുപമവും അനന്യവുമായ വ്യക്തിപ്രഭാവത്തിന്‍റെയും ഉടമയാണ്. ശത്രുക്കള്‍ക്കുപോലും അശേഷം സംശയമില്ലാത്ത സത്യസന്ധതയുടെയും വിശ്വസ്തതയുടെയും വിശുദ്ധിയുടെയും ഔന്നിത്യത്തിന്‍റെയും ഔദാര്യത്തിന്‍റെയും അത്യുന്നത ശിഖരത്തിലായിരുന്നു അവിടുന്ന്. അവിടുന്ന് ഉരിയാടുന്ന സകല വാക്കുകളും പൂര്‍ണമായും സത്യസന്ധമായി പുലരുമെന്ന് അവര്‍ ഉറച്ചു വിശ്വസിച്ചു.

ഒരിക്കല്‍ ഖുറൈശികളിലെ മൂന്നുപേര്‍ സമ്മേളിച്ചു. ഇവര്‍ മൂന്നുപേരും രഹസ്യമായി ക്വുര്‍ആന്‍ കേള്‍ക്കുന്നവരായിരുന്നു. പിന്നീടത് പരസ്പരം അറിഞ്ഞു. ഇതില്‍ ഒരാള്‍ അബൂജഹലിനോട് ചോദിച്ചു: 'മുഹമ്മദില്‍ നിന്നു കേട്ടതിനെകുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്? അബൂജഹല്‍ പറഞ്ഞു: അബ്ദുമനാഫ് ഗോത്രവുമായി ഞങ്ങള്‍ മഹത്വത്തിന്റെ കാര്യത്തില്‍ മത്സരിക്കുകയാണ്. അവസാനം അവരിപ്പോള്‍ ഇതാ പറയുന്നു. ഉപരിലോകത്ത്നിന്ന് വഹ് യ് വരുന്ന ഒരു പ്രവാചകനും അവര്‍ക്കുണ്ട് എന്ന്. ഇതെന്നാണ് നമുക്ക് പ്രാപിക്കാനാവുക? അല്ലാഹുവാണെ, ആ പ്രവാചകനില്‍ നാം ഒരിക്കലും വിശ്വസിക്കുകയില്ല'(1)
അവിടുത്തെ മുഖ്യശത്രുവായിരുന്ന അബൂജഹല്‍പോലും പറയാറുണ്ടായിരുന്നത്, 'മുഹമ്മദ്, നിന്‍റെ വാക്കുകളെ ഞങ്ങള്‍ കളവാക്കുന്നില്ല, പ്രത്യുത, നീ കൊണ്ടുവന്നതിനേയാണ് ഞങ്ങള്‍ കളവാക്കുന്നത്?' ഇതിനെയെല്ലാം കുറിച്ചാണ് അല്ലാഹു പറയുന്നത്: "എന്നാല്‍ (യഥാര്‍ഥത്തില്‍) നിന്നെയല്ല അവര്‍ നിഷേധിക്കുന്നത്, പ്രത്യുത അല്ലാഹുവിന്‍റെ  ദൃഷ്ടാന്തങ്ങളെയാണ് ആ അക്രമികള്‍ നിഷേധിക്കുന്നത്'' (6:33).
ഒരിക്കല്‍ അവിടുന്ന് കഅബ പ്രദക്ഷിണം ചെയ്യുമ്പോള്‍ അദ്ദേഹത്തെ പരിഹസിച്ച ഖുറൈശികളോട് പറഞ്ഞു: "ഖുറൈശികളേ, നിങ്ങള്‍ അറുത്തുമുറിക്കപ്പെടുന്നത് പ്രതീക്ഷിച്ചിരിക്കുക'. ഇത് കേട്ടപ്പോള്‍ സ്തബ്ധരായ അവരിലെ ഏറ്റവും വലിയ ക്രൂരന്‍ പോലും കാരുണ്യത്തിനുവേണ്ടി അദ്ദേഹത്തോടു യാചിക്കുകയുണ്ടായി.

തന്‍റെ ശിരസില്‍ ഒട്ടകത്തിന്‍റെ കുടല്‍ മാലകള്‍ ചാര്‍ത്തിയവര്‍ക്കെതിരെ അവിടുന്നു പ്രാര്‍ഥിച്ചപ്പോള്‍ അവരുടെ എല്ലാ പരിഹാസച്ചിരിയും അവസാനിക്കുകയും അവരുടെ നാശം അവര്‍ ഉറപ്പിക്കുകയും ചെയ്തു.

അബൂലഹബിന്‍റെ പുത്രന്‍ ഉതൈബക്കെതിരെ പ്രാര്‍ഥിച്ചപ്പോള്‍ ആ പ്രാര്‍ഥന തന്നെ ബാധിക്കുമെന്നവന്‍ ഉറപ്പിച്ചു. അവസാനം, സിംഹം അവനെ വേട്ടയാടിയപ്പോള്‍ അവന്‍ പറഞ്ഞു: മക്കയിലിരുന്നുകൊണ്ട് മുഹമ്മദ് എന്നെ കൊന്നുകളഞ്ഞല്ലോ.'

ഉബയ്യ്ബിന്‍ ഖലഫ് നബി(സ)യെ വധിക്കുമെന്ന് ഭീഷണിമുഴക്കിയിരുന്നു. റസൂല്‍(സ) പറഞ്ഞു: 'നിന്നെ ഞാന്‍ വധിക്കുന്നതാണ് ഇന്‍ശാ അല്ലാഹ്.' അങ്ങനെ ഉഹ്ദ് യുദ്ധത്തില്‍ അവന്‍റെ  കഴുത്തില്‍ ചെറിയ ഒരു പോറലേറ്റപ്പോള്‍ അവന്‍ പറഞ്ഞു. 'മുഹമ്മദ് എന്നെ വധിക്കുമെന്ന് മക്കയില്‍വെച്ച് പ്രഖ്യാപിച്ചിരുന്നു. അല്ലാഹുവാണേ, അവന്‍ എന്‍റെ  മേല്‍ ഒന്നു തുപ്പിയാല്‍ തന്നെ ഞാന്‍ മരിച്ചുപോകുമായിരുന്നു.'(2)

മക്കയില്‍വെച്ച് സഅദ്ബിന്‍മുആദ്, ഉമയ്യത്ബിന്‍ ഖലഫിനോടു പറഞ്ഞു: മുസ്ലിംകള്‍നിന്നെ വധിക്കുമെന്ന് റസൂല്‍(സ) പ്രഖ്യാപിക്കുന്നത് ഞാന്‍ കേട്ടു. ഏറെ ഭയന്ന ഉമയ്യ മക്കയില്‍നിന്ന് പുറത്തു പോവുകയില്ലെന്ന് തീരുമാനമെടുത്തു. ബദ്റ് യുദ്ധദിവസം അതിന് പുറപ്പെടാന്‍ അബൂജഹല്‍ നിര്‍ബന്ധിച്ചപ്പോള്‍, ഓടിരക്ഷപ്പെടാന്‍ സൗകര്യപ്പെടുമാറ് ഏറ്റവും വേഗതയുള്ള ഒട്ടകത്തെ അവന്‍ വാങ്ങി. ഭാര്യചോദിച്ചു. അബൂസ്വഫ്വാന്‍! യഥ്രിബ്കാരന്റെ-(നബി(സ)- ഭീഷണി താങ്കള്‍ മറന്നുവോ? അദ്ദേഹം: ഇല്ല, ഞാനതിനു അവരുടെ കൂടെ അല്പദൂരം മാത്രമേ പോവുകയുള്ളൂ. (3)

ഇതത്രയും ശത്രുക്കളുടെ സ്ഥിതി. എന്നാല്‍ അവിടുത്തെ സഹചരന്മാരുടേയും സ്നേഹിതന്മാരുടേയുമോ? അവര്‍ക്കദ്ദേഹം ആത്മാവും കണ്ണിലുണ്ണിയുമായിരുന്നു. സ്നേഹം കൊണ്ടവര്‍ അദ്ദേഹത്തെ വീര്‍പ്പുമുട്ടിച്ചു. ഇരുമ്പ്, കാന്തത്തിലേക്കെന്നപോലെ അദ്ദേഹത്തിലേക്കവര്‍ ആകര്‍ഷിക്കപ്പെട്ടു. അദ്ദേഹത്തിനുവേണ്ടി എന്തും ത്യജിക്കുവാന്‍ പ്രേരിപ്പിക്കുവോളം ഇത് അവരെ സ്വാധീനിച്ചു.

ഒരിക്കല്‍ അബൂബക്കര്‍ബിന്‍ അബീഖുഹാഫയെ ഉത്ബത്ബിന്‍ റബീഅ മക്കയില്‍വെച്ച് കഠിനമായി മര്‍ദിച്ചവശനാക്കി. ചെരുപ്പഴിച്ച് മുഖത്തും മുതുകിലുമെല്ലാം ശക്തിയായി പ്രഹരിച്ചു. അദ്ദേഹത്തിന്‍റെ  ശരീരമാസകലം രക്തം പൊടിഞ്ഞു മൃതപ്രായമായി. അവസാനം ബനൂതൈംകാര്‍ അദ്ദേഹത്തെ വീട്ടിലെത്തിച്ചു. പകലിന്‍റെ  അന്ത്യത്തില്‍ അദ്ദേഹം സംസാരിച്ചുതുടങ്ങിയപ്പോള്‍ അദ്ദേഹമാദ്യം അന്വേഷിക്കുന്നത് നബിതിരുമേനിക്ക് എന്തുപ്പറ്റിയെന്നാണ്. അവസാനം തന്‍റെ  മാതാവ് ഉമ്മുല്‍ ഖൈറിനെ ഖതാബിന്‍റെ  പുത്രി ഉമ്മു ജമീലിന്‍റെ  അടുക്കല്‍ പറഞ്ഞുവിട്ട് അന്വേഷിപ്പിച്ചു. അവര്‍ മടങ്ങിവന്ന് അര്‍ക്വമിന്‍റെ  വീട്ടില്‍ നബിതിരുമേനി സുരക്ഷിതനാണ് എന്ന വിവരം അറിയിച്ചപ്പോഴാണ് അദ്ദേഹം സ്വസ്ഥനായത്. എന്നിട്ട് പറഞ്ഞു 'നബിതിരുമേനിയെ കാണുവോളം ഞാന്‍ ഭക്ഷണമൊന്നും കഴിക്കില്ല.' അവരദ്ദേഹത്തെ ചുമലിലേറ്റി അവിടെ എത്തിച്ചു.(4) ഇതുപോലെ മറ്റനേകം സംഭവങ്ങള്‍ വേറെയുമുണ്ട്. അവ തുടര്‍ന്ന് വരുന്നതാണ്.

3. ഉത്തരവാദിത്തബോധം: മനുഷ്യന്‍റെ മുതുകിലുള്ള കനത്ത ഉത്തരവാദിത്തത്തെ കുറിച്ചു ശരിയായ ബോധമുള്ളവരായിരുന്നു സ്വഹാബികള്‍. ഇതില്‍നിന്ന് ഒരിക്കലും ഒളിച്ചോടുക സാധ്യമല്ല. ഒളിച്ചോട്ടം തങ്ങളനുഭവിക്കുന്ന പീഡനങ്ങളേക്കാള്‍  കഠിനമായി അവര്‍ മനസ്സിലാക്കി. താല്കാലികമായ ഈ പീഡനങ്ങളെക്കാള്‍ കനത്തതാണ് ഉത്തരവാദിത്ത്വത്തില്‍നിന്ന് ഒളിച്ചോടുമ്പോഴുണ്ടാകുന്ന ഭവിഷ്യത്ത്.

4. സുദൃഢമായ പരലോകവിശ്വാസം: ഉത്തരവാദിത്തബോധത്തെ ശക്തിപ്പെടുത്തിയിരുന്നത് ഈ വിശ്വാസമായിരുന്നു. തങ്ങളുടെ സൂക്ഷ്മവും സ്ഥൂലവുമായ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍വാധിനാഥന്‍റെ  മുമ്പില്‍ കണക്കുപറയേണ്ടിവരുമെന്നും, ഒന്നുകില്‍ ശാശ്വത സ്വര്‍ഗത്തിലേക്കോ അല്ലെങ്കില്‍ നലകത്തിലേക്കോ പോകേണ്ടിവരുമെന്നുള്ള വിശ്വാസം. ഇതുകാരണം തികഞ്ഞ ആശയ്ക്കും ആശങ്കയ്ക്കുമിടയിലാണവര്‍ ജീവിച്ചത്. തങ്ങളുടെ നാഥന്‍റെ  കാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ചും അവന്‍റെ  ശിക്ഷയെ ഭയന്നും "രക്ഷിതാവിങ്കലേക്ക് തങ്ങള്‍ മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന് മനസ്സില്‍ ഭയമുള്ളതോട് കൂടി ദാനം ചെയ്യുന്നവര്‍.'' (23:60) ഇഹലോക ജീവിതം അത് സുഖമോ ദു:ഖമോ ആയിരുന്നാലും പാരത്രിക ജീവിതവുമായി തുലനം ചെയ്യുമ്പോള്‍ ഒരു കൊതുകിന്‍റെ  ചിറകിന്‍റെ  വിലപോലുമില്ലെന്ന് അവര്‍ മനസ്സിലാക്കി. ഇത് കാരണം, ഇഹലോകജീവിതത്തിലെ പ്രയാസങ്ങള്‍ അവര്‍ പരിഗണിച്ചതേയില്ല.

5. ക്വുര്‍ആന്‍: പ്രതിസന്ധികളാല്‍ നിര്‍ഭരവും ഭീതിതവുമായ ഈ സന്ദര്‍ഭത്തില്‍ ഏറെ ആകര്‍ഷകവും മനസ്സിനെ കീഴടക്കുന്നതുമായ രചനാ ശൈലിയില്‍ വി. ഖുര്‍ആന്‍ ഇസ്ലാമിന്‍റെ മൌലിക വിശ്വാസങ്ങളെ സ്ഥാപിച്ചുകൊണ്ടുള്ള  തെളിവുകളും  പ്രമാണങ്ങളും അവതരിപ്പിച്ചുകൊണ്ടിരുന്നു. ഒരു മാതൃകാ ഇസ്ലാമിക സമൂഹത്തിന്‍റെ സൃഷ്ടിക്കാവശ്യമായ മൌലികമായ നിര്‍ദേശങ്ങളും മാര്‍ഗദര്‍ശനങ്ങളും ലഭിച്ചുകൊണ്ടിരുന്നു. ഇതിനാവശ്യമായ സഹനത്തിന്‍റെയും ദൃഢചിത്തതയുടെയും പ്രാധാന്യം സോദാഹരണം വിവരിച്ചു നല്കുകയും ചെയ്തു.

"അല്ല,  നിങ്ങളുടെ  മുമ്പു  കഴിഞ്ഞുപോയ വിശ്വാസികള്‍ക്കുണ്ടായതുപോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും വന്നെത്താതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാനാകുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കയാണോ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്‍റെ സഹായം എപ്പോഴായിരിക്കും എന്ന് അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ് അവര്‍ വിറപ്പിക്കപ്പെടുകയുണ്ടായി. എന്നാല്‍ അല്ലാഹുവിന്‍റെ സഹായം അടുത്തുതന്നെയുണ്ട്.'' (2:214)

'അലിഫ്-ലാം-മീം. ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്നു പറയുന്നതുകൊണ്ടുമാത്രം തങ്ങള്‍ പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനുഷ്യര്‍ വിചാരിച്ചിരിക്കയാണോ? അവരുടെ മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട്. അപ്പോള്‍ സത്യം പറഞ്ഞവര്‍ ആരെന്ന് അല്ലാഹു അറിയുകതന്നെചെയ്യും. കള്ളം പറയുന്നവരെയും അവനറിയും'' (29:13)

അവിശ്വാസികളുടെയും എതിരാളികളുടെയും വാദമുഖങ്ങള്‍ക്ക് ഒരു പഴുതും നല്‍കാത്ത ഖണ്ഡനവും കൂടിയാണ് ഈ സൂക്തങ്ങള്‍. പുറമെ, ധിക്കാരത്തിലും നിഷേധത്തിലും തന്നെ അനസ്യുതം തുടരുകയാണെങ്കില്‍ അവര്‍ക്കനുഭവിക്കാനിരിക്കുന്നപരിതാപകരമായ അന്ത്യത്തെക്കുറിച്ചും, സ്പഷ്ടവും വ്യക്തവുമായ ശൈലിയില്‍, അല്ലാഹുവിന്‍റെ ശിക്ഷയുടെ നാളുകളും ഇഷ്ടദാസന്മാരുടെയും ശത്രുക്കളുടെയും കാര്യത്തില്‍ അല്ലാഹു കൈകൊണ്ട നടപടികളുടെ ചരിത്ര ഉദ്ധരണത്തിലൂടെ ശക്തിയായ താക്കീതും നല്കുന്നു.

മറുഭാഗത്ത്, സത്യവിശ്വാസികളെ അല്ലാഹു ഒരു പുതിയലോകത്തേക്ക് കൊണ്ടുപോകുന്നു, പ്രപഞ്ചസാക്ഷ്യങ്ങള്‍ അവതരിപ്പിച്ചുകൊണ്ടും അല്ലാഹുവിന്‍റെ  റുബൂബിയ്യത്തിന്‍റെയും 'ഉലൂഹിയ്യത്തിന്‍റെയും സമ്പൂര്‍ണതയും സൗന്ദര്യവും ദര്‍ശിച്ചുകൊണ്ടും അനുകമ്പയുടെയും കാരുണ്യത്തിന്‍റെയും വ്യക്തമായ രേഖകള്‍  നല്‍കിക്കൊണ്ടും അവരെ നയിക്കുന്നു.

വിശ്വാസികള്‍ക്ക് അല്ലാഹുവിന്‍റെ കാരുണ്യവും സംതൃപ്തിയും അനശ്വരസ്വര്‍ഗത്തെക്കുറിച്ച സുവിശേഷവും, അവിശ്വാസികള്‍ക്കും ധിക്കാരികള്‍ക്കും കടുത്ത ശിക്ഷയെക്കുറിച്ച ചിത്രീകരണങ്ങളും ഈ സൂക്തങ്ങളില്‍ ഉള്ളടങ്ങിയിട്ടുണ്ട്.

6. വിജയത്തെക്കുറിച്ച സുവിശേഷം: മര്‍ദനപീഡനങ്ങളുടെ അനുസ്യൂതമായ പ്രവാഹമുണ്ടായപ്പോള്‍തന്നെ ഇസ്ലാമിന്‍റെ ആദ്യകാല വിശ്വാസികള്‍ക്കറിയാവുന്ന ഒരുകാര്യമുണ്ടായിരുന്നു, ഇസ്ലാമിക പ്രവേശത്തിന്‍റെ അര്‍ഥം പ്രതിസന്ധികളും പ്രയാസങ്ങളും വലിച്ചിഴച്ചു കൊണ്ടുവരികയെന്നല്ല പ്രത്യുത, ഇസ്ലാമിക പ്രബോധനം, അജ്ഞാനകാലഘട്ടത്തിനും അജ്ഞാനികള്‍ക്കും അവരുടെ മര്‍ദക വ്യവസ്ഥിതിക്കുമെതിരിലുള്ള ഒരു വിധിതീര്‍പ്പും ഭൂമിയില്‍, മുസ്ലിം സമൂഹത്തെയും മൊത്തം ജനപദത്തെയും ദൈവിക സംതൃപ്തിയിലേക്കും സൃഷ്ടിപൂജയില്‍നിന്ന് സ്രഷ്ടാവിനെ ആരാധിക്കുന്നതിലേക്കും നയിക്കുന്ന അധികാരാധിപത്യങ്ങളുടെ  സ്ഥാപനത്തിനുമുള്ള  ഒരു ഉപാധികൂടിയാണെന്നും അവര്‍ മനസ്സിലാക്കിയിരുന്നു.

ഈ സുവിശേഷം വ്യക്തമായും വ്യംഗ്യമായും അറിയിച്ചുകൊണ്ട് വി.ക്വുര്‍ആന്‍ അവതരിച്ചുകൊണ്ടിരുന്നു. മുസ്ലിംകള്‍ക്ക് ജീവന്‍പോലും നഷ്ടപ്പെടുമാറ് സംഘര്‍ഷവും ഭൂമി ഇടുങ്ങിയതായുള്ള അനുഭവവും ഉണ്ടായപ്പോള്‍ പൂര്‍വകാല പ്രവാചകന്മാരുടെയും അവരെ നിഷേധിച്ച ജനതതികളുടെയും ചരിത്രം ക്വുര്‍ആന്‍ അവതരിപ്പിച്ചുകൊണ്ടിരുന്നു. ഇവയത്രയും മക്കാ മുസ്ലിംകളോടും നിഷേധികളോടും പൂര്‍ണമായും തുലനം ചെയ്യാവുന്നവയായിരുന്നു. തുടര്‍ന്നു ഈ സാഹചര്യം എങ്ങനെയാണ് അവിശ്വാസികളുടെ നാശത്തിനും വിശ്വാസികളുടെ വിജയത്തിലുമെത്തിച്ചതെന്ന് പരാമര്‍ശിക്കുകയും ചെയ്യുന്നു. ഇതിലത്രയും വ്യക്തമായ ഒരു സൂചന ഒളിഞ്ഞിരിപ്പുണ്ടായിരുന്നു, ഭാവിയില്‍ മക്കാനിവാസികളുടെ പരാജയവും മുസ്ലിംകളുടെ പ്രബോധന വിജയവും.

മുസ്ലിം വിജയം സ്പഷ്ടമായി സുവിശേഷമറിയിക്കുന്ന ധാരാളം സൂക്തങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ അവതരിച്ചു. "ദൂതന്മാരായി നിയോഗിക്കപ്പെട്ട നമ്മുടെ ദാസന്മാരോട് നമ്മുടെ വചനം മുമ്പേ ഉണ്ടായിട്ടുണ്ട് തീര്‍ച്ചയായും അവര്‍ തന്നെയായിരിക്കും സഹായം നല്‍കപ്പെടുന്നവരെന്നും തീര്‍ച്ചയായും നമ്മുടെ സൈന്യം തന്നെയാണ് ജേതാക്കളായിരിക്കുക എന്നും. അതിനാല്‍ ഒരവധിവരെ നീ അവരില്‍നിന്ന് തിരിഞ്ഞുകളയുക. അവര്‍ പിന്നീട് അറിഞ്ഞുകൊള്ളും. അപ്പോള്‍ നമ്മുടെ ശിക്ഷയുടെ കാര്യത്തിലാണോ അവര്‍ ധൃതികാണിച്ചുകൊണ്ടിരിക്കുന്നത്? എന്നാല്‍ അത് അവരുടെ മുറ്റത്ത് വന്നിറങ്ങിയാല്‍ ആ താക്കീതു നല്‍കപ്പെട്ടവരുടെ പ്രഭാതം എത്രമോശമായിരിക്കും!''(37:177)

"എന്നാല്‍ വഴിയെ ആ സംഘം തോല്‍പിക്കപ്പെടുന്നതാണ്. അവര്‍ പിന്തിരിഞ്ഞു ഓടുകയും ചെയ്യും.''(38:11)
അബ്സീനിയായിലേക്ക് പലായനം ചെയ്തവരെ പറ്റി അവതരിച്ചു: "അക്രമത്തിന് വിധേയരായതിനുശേഷം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞുപോയവരാരോ അവര്‍ക്ക് ഇഹലോകത്ത് നാം നല്ല സൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കുക തന്നെ ചെയ്യും എന്നാല്‍, പരലോകത്തെ പ്രതിഫലം തന്നെയാകുന്നു ഏറ്റവും മഹത്തായത്. അവര്‍ അത് അറിഞ്ഞിരുന്നെങ്കില്‍!''(16:41)

യൂസുഫ് നബിയുടെ കഥയെപ്പറ്റി അവര്‍ ചോദിച്ചപ്പോള്‍ അല്ലാഹു അവതരിപ്പിച്ചു: "തീര്‍ച്ചയായും യൂസുഫിലും അദ്ദേഹത്തിന്‍റെ സഹോദരന്മാരിലും ചോദിച്ച് മനസ്സിലാക്കുന്നവര്‍ക്ക് പലദൃഷ്ടാന്തങ്ങളുമുണ്ട്.'' (12:7). അഥവാ ചോദ്യകര്‍ത്താക്കളായ മക്കക്കാര്‍ക്ക് യൂസുഫിന്‍റെ സഹോദരന്മാര്‍ക്ക് ഭവിച്ചതുപോലെ  സംഭവിക്കാന്‍  പോകുന്നുവെന്നര്‍ഥം. പ്രവാചകന്മാരെപ്പറ്റി: "അവിശ്വാസികള്‍ തങ്ങളിലേക്കുള്ള ദൈവ ദൂതന്മാരോടു പറഞ്ഞു: ഞങ്ങളുടെ നാട്ടില്‍നിന്ന് നിങ്ങളെ പുറത്താക്കുകതന്നെ ചെയ്യും അല്ലാത്തപക്ഷം നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്ക് തിരിച്ചുവന്നേ തീരൂ. അപ്പോള്‍ അവര്‍ക്ക് (ആ ദൂതന്മാര്‍ക്ക്) അവരുടെ രക്ഷിതാവ് സന്ദേശം നല്കി: തീര്‍ച്ചയായും നാം ആ അക്രമികളെ നശിപ്പിക്കുകയും, അവര്‍ക്കുശേഷം നിങ്ങളെ നാം നാട്ടില്‍ അധിവസിപ്പിക്കുകയും ചെയ്യുന്നതാണ്. എന്‍റെ സ്ഥാനത്തെപ്പറ്റി ഭയപ്പെടുകയും എന്‍റെ താക്കീതിനെ ഭയപ്പെടുകയും ചെയ്തവര്‍ക്കുള്ളതാണ് ആ അനുഗ്രഹം(14:13,14).
പേര്‍ഷ്യന്‍- റോം യുദ്ധമുണ്ടായപ്പോള്‍ അവിശ്വാസികള്‍ പേര്‍ഷ്യയുടെ വിജയം കൊതിച്ചു. കാരണം അവരും ഇവരെപ്പോലെ ബഹുദൈവാരാധകരായിരുന്നു. മുസ്ലിംകള്‍ റോമിന്‍റെ  വിജയവും കൊതിച്ചു. കാരണം ക്രൈസ്തവരായ അവര്‍ തത്വത്തില്‍, അല്ലാഹുവിലും പ്രവാചകനിലും വഹ് യിലും വേദഗ്രന്ഥങ്ങളിലും അന്ത്യനാളിലുമെല്ലാം വിശ്വസിക്കുന്നവരായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ റോം വിജയം വരിക്കുന്നതായി ക്വുര്‍ആന്‍ സുവിശേഷമറിയിക്കുകയും ചെയ്തു. എന്നാല്‍ ഈ സന്തോഷ വാര്‍ത്തയില്‍മാത്രം ഖുര്‍ആന്‍ പരിമിതപ്പെടുത്തിയില്ല, മറ്റൊരുസന്തോഷവാര്‍ത്തയും കൂടി പ്രഖ്യാപിച്ചു, അതാകട്ടെ വിശ്വാസികളുടെ വിജയത്തെകുറിച്ചായിരുന്നു.

"അന്നേദിവസം സത്യവിശ്വാസികള്‍ അല്ലാഹുവിന്‍റെ സഹായംകൊണ്ട് സന്തുഷ്ടരാകുന്നതാണ്'' (30:4,5). റസൂല്‍(സ) തന്നെയും ഇതുപോലെയുള്ള സുവിശേഷങ്ങള്‍ അറിയിച്ചിരുന്നു. ഉകാള, മജന്ന, ദുല്‍മജാസ് പോലെയുള്ള മേളകളില്‍ സംബന്ധിച്ചു തന്‍റെ സന്ദേശം ജനങ്ങള്‍ക്ക് കൈമാറുമ്പോള്‍ സ്വര്‍ഗത്തെകുറിച്ച സന്തോഷവാര്‍ത്ത മാത്രമായിരുന്നില്ല നല്കിയിരുന്നത് മറിച്ചു, അത്യുച്ചത്തില്‍ അവിടുന്നു വിളംബരം ചെയ്തിരുന്നത് "ജനങ്ങളേ 'ലാഇലാഹഇല്ലല്ലാഹു' എന്ന് പ്രഖ്യാപിക്കൂ എങ്കില്‍ നിങ്ങള്‍ വിജയിക്കും. അതുവഴി അറബികളും അനറബികളും നിങ്ങള്‍ക്കു കീഴില്‍വരും, അഥവാ നിങ്ങള്‍ മരിച്ചാല്‍ നിങ്ങള്‍ സ്വര്‍ഗത്തിലെ രാജാക്കളാകും.''(5)

ഖബ്ബാബ് ബിന്‍ അറത് പറയുന്നു: ഖുറൈശികളില്‍നിന്ന് കഠിനമായ മര്‍ദനങ്ങള്‍ ഏറ്റപ്പോള്‍, കഅ്ബയുടെ തണലില്‍ വിശ്രമിക്കുകയായിരുന്ന നബി(സ)യെ സമീപിച്ചു ഞാന്‍ പറഞ്ഞു: 'അങ്ങ് അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നില്ലേ?'' അവിടുന്ന് വിവര്‍ണമുഖനായി എഴുന്നേറ്റിരുന്നു. എന്നിട്ട് പറഞ്ഞു: "നിങ്ങളുടെ പൂര്‍വികര്‍ക്ക്, ഇരുമ്പിന്‍റെ ചീര്‍പ്പുപയോഗിച്ചു എല്ലുകളില്‍നിന്നു മാംസം വാര്‍ന്നെടുക്കുന്ന അനുഭവങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, അതൊന്നും അവരെ മതത്തില്‍നിന്ന് വ്യതിചലിപ്പിച്ചിട്ടില്ല. അല്ലാഹു ഈ കാര്യം പൂര്‍ത്തിയാക്കുക തന്നെ ചെയ്യും. അങ്ങനെ, ഒരു യാത്രക്കാരന് സ്വന്‍ആഅ് മുതല്‍ ഹളര്‍മൌത് വരെ അല്ലാഹുവിനെയും തന്റെ ആടിന്‍റെ കാര്യത്തില്‍ ചെന്നായയേയുമല്ലാതെ ഭയപ്പെടേണ്ടതില്ലാത്ത ഒരു സാഹചര്യം സംജാതമാകാന്‍ പോകുന്നു. പക്ഷേ നിങ്ങള്‍ ധൃതികാണിക്കുകയാണ്.''(6)

ഈ സുവിശേഷങ്ങളത്രയും ഗോപ്യമോ രഹസ്യമോ ആയിരുന്നില്ല. പ്രത്യുത, മുസ്ലിംകള്‍ക്കും അമുസ്ലിംകള്‍ക്കും ഒരുപോലെ അറിയാവുന്നതായിരുന്നു. അസ്വദുബ്നുല്‍ മുത്വലിബും അവന്‍റെ സഹചാരികളും പ്രവാചകശിഷ്യന്മാരെ കണ്ടാല്‍ കണ്ണിറുക്കി പരിഹസിക്കുകയും ഇതാ ഭൂമിയിലെ രാജാക്കന്മാര്‍ വന്നിരിക്കുന്നു, ഇവര്‍ കിസ്റയെയും കൈസറിനെയും കീഴടക്കാന്‍ പോകുന്നു.' എന്നു പറഞ്ഞു പരിഹസിച്ചുകൈകൊട്ടുകയും ചൂളം വിളിക്കുകയും ചെയ്യുമായിരുന്നു. (7)

സുന്ദരവും ശോഭനവുമായ ഭാവിയെ സംബന്ധിച്ച ഈ സുവിശേഷത്തോടൊപ്പംതന്നെ പരലോകത്ത് അറ്റുപോകാത്ത അനുഗ്രഹങ്ങളുടെ കേദാരമായ സ്വര്‍ഗീയസുഖങ്ങളെ സംബന്ധിച്ച് പ്രതീക്ഷയും ലഭിച്ചപ്പോള്‍ അവരനുഭവിച്ച വേദനകളെയും മര്‍ദനങ്ങളെയും അവ നിസ്സാരമാക്കിത്തോന്നിപ്പിച്ചു. മര്‍ദനങ്ങളത്രയും അവര്‍ക്കൊരു വേനല്‍ക്കാലമഴപോലെ മാത്രമാണ് തോന്നിയത്.

ഇതെല്ലാം, റസൂല്‍(സ) മുസ്ലിംകളുടെ ആത്മാവുകളെ വിശ്വാസത്തിന്‍റെ പ്രകാശത്താല്‍ ഊട്ടുകയും ഖുര്‍ആനും ഹിക്മതും കൊണ്ട് സംസ്കരിക്കുകയും മനസ്സുകളെ അതിസൂക്ഷ്മതലത്തില്‍ പാകപ്പെടുത്തിയെടുക്കുകയും ചെയ്തുകൊണ്ടാണ് സാധിച്ചത്. ഇതവരെ, വിശുദ്ധ ആത്മീയതയിലേക്കും ഭൌതികതയുടെ ബന്ധനങ്ങളില്‍നിന്നുള്ള വിമോചനത്തിലേക്കും ശാരീരിക ഇച്ഛകളില്‍നിന്ന് മുക്തിനേടി പ്രപഞ്ചനാഥന്‍റെ നേരെ നീങ്ങാനും അതുവഴി ഇരുട്ടുകളില്‍നിന്ന് പ്രകാശത്തിലേക്ക് ചലിക്കാനും സഹായിയായി വര്‍ത്തിച്ചു. കൂടാതെ, ക്ഷമ, സഹനം, ആത്മീയ വിശുദ്ധി, സല്‍സ്വഭാവം, വിശാലത, ശക്തിയായ മതനിഷ്ഠ, ഇച്ഛകളെ പരിത്യജിച്ച് ദൈവീകാഭിഷ്ടത്തിനുള്ള സമര്‍പ്പണം. സ്വര്‍ഗതല്പരത, വിജ്ഞാനതൃഷ്ണ, മതപഠനം, ആത്മപരിശോധന, ക്ഷണികതാല്പര്യങ്ങളോടുള്ള വിമുഖത, ശാന്ത ഗംഭീരഭാവം തുടങ്ങിയ ഒട്ടനേകം സല്‍ഗുണങ്ങളുടെ വിളനിലമാക്കി മാറ്റുകയും ചെയ്തു.1 .ഇബ്‌നു ഹിശാം 1 /316
2 .ഇബ്‌നു ഹിശാം 1 /316
3 .ബുഖാരി 2 :563
4 .അല്‍ ബിദായ വന്നിഹായ :3 :30
5 .ഇബ്‌നു സഅദ് 1 :216
6 .ബുഖാരി 1 /543
7 .ആസീറത്തുല്‍  ഹല്‍ബിയ്യ 1 /511 ,12


സി. സലീം സുല്ലമി വിവര്‍ത്തനം ചെയ്ത ശൈഖ് സ്വഫീഹുറഹ്മാന്‍ മുബാറക് പൂരിയുടെ 'അര്‍റഹീക്വുല്‍ മഖ്തൂം' എന്ന ഗ്രന്ഥത്തില്‍ നിന്ന്...

 

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH