Search

mahonnathan

JA slide show

നബി ചരിത്രം

പരസ്യപ്രബോധനം Print E-mail

പരസ്യപ്രബോധനത്തിനുള്ള ആദ്യകല്പന ശുഅ്റാഅ് അധ്യായത്തിലെ 'നിന്‍റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീതു നല്കുകയും ചെയ്യുക' (26:214) എന്ന സൂക്തത്തിന്‍റെ അവതരണത്തോടെയാണ് തുടങ്ങുന്നത്. ഈ അധ്യായത്തില്‍ മൂസാ(അ)യുടെ കഥ, പ്രവാചകത്വത്തിന്‍റെ ആരംഭം മുതല്‍ ഇസ്റാഈല്യരുടെ കൂടെയുള്ള പലായനം, ഫിര്‍ഔന്‍ പ്രഭൃതികളില്‍നിന്നുള്ള മോചനം, ഫിര്‍ഔന്‍ പ്രഭൃതികളുടെ പതനം തുടങ്ങി പ്രബോധനത്തിന്‍റെ എല്ലാ കൈവഴികളും പൂര്‍ണമായി വിശദീകരിച്ചിരിക്കുന്നു.

ഈ വിശദീകരണം, പരസ്യപ്രബോധനത്തിലൂടെ മുഹമ്മദ് നബിയും അനുയായികളും അഭിമുഖീകരിക്കാനിരിക്കുന്ന പ്രതിസന്ധികളുടെയും മര്‍ദനങ്ങളുടെയും ചിത്രം നേരത്തെ അവതരിപ്പിക്കുകയും അതുവഴി, പ്രവാചകനെയും അനുയായികളെയും പ്രബുദ്ധരും ദീര്‍ഘദൃഷ്ടിയുള്ളവരുമാക്കുകയുമാണ് ചെയ്യുന്നത്.
മറ്റൊരു വശത്തിലൂടെ ഈ അധ്യായം പ്രവാചകന്മാരെ നിഷേധിച്ച നൂഹ്, ആദ്, ഥമൂദ്, ഇബ്റാഹീം, ലൂത്വ്, ഐകത്തുകാര്‍ എന്നീ ജനതകളുടെ ദുരന്തവും വിശദീകരിക്കുന്നു. ഇതുവഴി നിഷേധത്തില്‍ ഉറച്ചുനില്ക്കുന്ന ജനതയുടെ അന്ത്യമെന്തായിരിക്കുമെന്ന് കാണിക്കുകയും ആത്യന്തിക വിജയം വിശ്വാസികളുടെ പക്ഷത്തിനായിരിക്കുമെന്ന് അറിയിക്കുകയും ചെയ്യുന്നു.

അടുത്ത ബന്ധുക്കളില്‍

ഈ സൂക്തത്തിന്‍റെ അവതരണത്തോടെ നബിതിരുമേനി, ഹാശിം കുടുംബത്തെ ക്ഷണിച്ചു. ഇവരോടൊപ്പം മുത്വലിബ്ബ്നു അബ്ദുമനാഫ് കുടുംബത്തിലെ ചിലരും വന്നുചേര്‍ന്നു. മൊത്തം അവര്‍ നാല്‍പ്പത്തഞ്ചുപേരുണ്ടായിരുന്നു. എല്ലാവരും സമ്മേളിച്ചതോടെ നബി(സ) സംസാരിക്കാന്‍ മുതിര്‍ന്നപ്പോള്‍ അബൂലഹബ് നേരത്തെ എഴുന്നേറ്റ് പ്രസ്താവിച്ചു: 'ഇവരെല്ലാം നിന്‍റെ പിതൃവ്യന്മാരും പിതൃവ്യപുത്രന്മാരുമാണ്. ഇവരുമായിട്ട് സംസാരിക്കുക, നിന്‍റെ പുതുവിശ്വാസങ്ങളെ വര്‍ജിക്കുക. നീയൊരു കാര്യമറിയുക, നിന്‍റെ ജനതയ്ക്ക് അറബികളെ മൊത്തം നേരിടാന്‍ കഴിയില്ല. നിന്നെ പിടിച്ചുകെട്ടാന്‍ ഏറ്റവും അര്‍ഹതയുള്ളത് എനിക്കാണ്. അപ്പോള്‍ നിനക്ക് നിന്‍റെ പിതൃകുടുംബംതന്നെ മതിയാകും. നീയിപ്പോഴുള്ള അവസ്ഥ തുടരുകയാണെങ്കില്‍ ഖുറൈശ് ഗോത്രങ്ങള്‍ നിന്‍റെ നേരെ ചാടിവീഴും. അറബികള്‍ അവരെ സഹായിക്കുകയും ചെയ്യും. നിന്‍റെ കുടുംബത്തിനെതിരെ നീ ഈ കൊണ്ടുവന്നതുപോലെ മോശമായത് കൊണ്ടുവന്ന് ആരേയും ഞാന്‍ കണ്ടിട്ടില്ല. ഇതുകേട്ട് ഒന്നും സംസാരിക്കാനാവാതെ റസൂല്‍(സ) മൌനമവലംബിച്ചു.

പിന്നീട് മറ്റൊരിക്കല്‍ റസൂല്‍(സ) അവരെ വീണ്ടും വിളിച്ചുവരുത്തി. എന്നിട്ട് പ്രഖ്യാപിച്ചു: 'ഞാന്‍ അല്ലാഹുവിനെ സ്തുതിക്കുന്നു. അവനോട് സഹായമര്‍ഥിക്കുന്നു. അവനില്‍ വിശ്വസിക്കുന്നു. അവനെ ഭരമേല്പിക്കുകയും ചെയ്യുന്നു. അല്ലാഹുവല്ലാതെ ഒരാരാധ്യനുമില്ലെന്നും അവന് ഒരു പങ്കുകാരില്ലെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.' തുടര്‍ന്നദ്ദേഹം പറഞ്ഞു: 'നിശ്ചയം ഒരു മാര്‍ഗദര്‍ശി ഒരിക്കലും തന്‍റെ ജനങ്ങളോട് കളവു പറയുകയില്ല. അല്ലാഹുവല്ലാതെ മറ്റൊരാരാധ്യനുമില്ലാത്തവനെ സാക്ഷ്യപ്പെടുത്തി ഞാന്‍ പറയുന്നു. ഞാന്‍ നിങ്ങളിലേക്ക് പ്രത്യേകവും ജനങ്ങളിലേക്ക് മൊത്തവുമുള്ള ദൈവത്തിന്‍റെ ദൂതനാകുന്നു. അല്ലാഹുതന്നെ സത്യം, നിങ്ങളെല്ലാം ഉറങ്ങുന്നതുപോലെ മരിക്കും, ഉണരുന്നതുപോലെ പുനര്‍ജനിക്കുകയും ചെയ്യും. പിന്നീട് നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിചാരണ ചെയ്യും ഒന്നുകില്‍ ശാശ്വതസ്വര്‍ഗം അല്ലെങ്കില്‍ ശാശ്വതനരകം'. അപ്പോള്‍ അബൂത്വാലിബ് പറഞ്ഞു: 'നിന്നെ സഹായിക്കുന്നത് ഇഷ്ടപ്പെടുന്നവരാണ് ഞങ്ങള്‍. നിന്‍റെ വാക്ക് വിശ്വസിച്ചു നിന്‍റെ ഉപദേശം കേള്‍ക്കാനാണ് ഞങ്ങള്‍ എത്തിയത്. ഇവരെല്ലാം നിന്‍റെ പിതൃവ്യപുത്രന്മാരാണ്. ഞാനും ഇവരിലൊരുത്തനാണ്. പക്ഷെ, നിന്‍റെ ഇഷ്ടത്തോട് അവരേക്കാളെല്ലാം താല്പര്യമുള്ളവനാണ് ഞാന്‍. നീ കല്പിക്കപ്പെട്ടതുമായി മുന്നോട്ട് പോവുക. അല്ലാഹുവാണെ സത്യം! നിന്നെ സംരക്ഷിക്കുകയും നിനക്ക് വേണ്ടി ഞാന്‍ പ്രതിരോധിക്കുകയും ചെയ്യും. പക്ഷെ, എനിക്ക് അബ്ദുല്‍മുത്വലിബിന്റെ മതം കയ്യൊഴിക്കാന്‍ കഴിയില്ല.

ഉടനെ അബുലഹബ് പ്രതികരിച്ചു: 'അല്ലാഹുവാണ് സത്യം! ഇതൊരു നാശം തന്നെയാണ്. അവന്‍റെ കൈപിടിച്ചു കെട്ടുക! മറ്റാരെങ്കിലും അത് ചെയ്യുന്നതിന് മുമ്പ്. അപ്പോള്‍ അബൂത്വാലിബ് മറുപടി പറഞ്ഞു, അല്ലാഹുവില്‍ സത്യം! ഞാന്‍ മരിക്കുവോളം അവനുവേണ്ടി പ്രതിരോധിക്കുകതന്നെ ചെയ്യും.(1)

സ്വഫാ മലയില്‍
അബൂത്വാലിബിന്‍റെ സംരക്ഷണം ഉറപ്പായപ്പോള്‍ അവിടുന്ന് ഒരു ദിവസം സ്വഫാ മലയുടെ നെറുകയില്‍ കേറി പ്രഖ്യാപിച്ചു. ഓ സ്വബാഹാഹ്!(2) അപ്പോള്‍ ഖുറൈശ് ഗോത്രത്തിലെ ഉപശാഖകളെല്ലാം അവിടെ സമ്മേളിച്ചു. അദ്ദേഹം അവരെയെല്ലാം തൌഹീദും പ്രവാചകത്വവും അംഗീകരിക്കാനും അന്ത്യനാളിലെ വിചാരണയില്‍ വിശ്വസിക്കാനും ക്ഷണിച്ചു. ഈ സംഭവം ബുഖാരി ഇബ്നു അബ്ബാസില്‍ നിന്ന് ഇങ്ങനെ ഉദ്ധരിക്കുന്നു. നബി തിരുമേനി(സ)ക്ക് "നിന്‍റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീതു നല്കുകയും ചെയ്യുക' എന്ന സൂക്തമവതരിച്ചപ്പോള്‍ അദ്ദേഹം സ്വഫാ കുന്നിന്‍റെ മുകളില്‍ കേറി ഇങ്ങനെ വിളംബരം ചെയ്തു. ഹേ, ഫിഹ്റ് ഗോത്രക്കാരേ! ഹേ., അദിയ്യ് ഗോത്രക്കാരേ (രണ്ടും ക്വുറൈശ് ഗോത്രത്തിലെ ശാഖകള്‍) ഉടനെ അവരെല്ലാം അവിടെ സമ്മേളിച്ചു. എത്തിച്ചേരാന്‍ കഴിയാത്തവര്‍ പ്രതിനിധികളെ നിയോഗിച്ചു. അബൂലഹബും സന്നിഹിതനായി. നബി(സ) പറഞ്ഞു: ഈ താഴ്വരയില്‍ അശ്വരൂഢരായ ഒരു സൈന്യം നിങ്ങളെ ആക്രമിക്കാന്‍ സജ്ജരായി നില്ക്കുന്നുവെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? അവര്‍: അതെ, നീ സത്യം പറയുന്നതായിട്ടല്ലാതെ ഞങ്ങള്‍ക്കറിയില്ല. അദ്ദേഹം: എന്നാല്‍, നിങ്ങള്‍ക്ക് വരാനിരിക്കുന്ന കഠിനശിക്ഷയെക്കുറിച്ചു താക്കീതു നല്കുന്ന ദൈവദൂതനാണ് ഞാന്‍. അപ്പോള്‍ അബൂലഹബ്: നിനക്കെന്നെന്നും നാശം! ഇതിനാണോ നീ ഞങ്ങളെ വിളിച്ചു ചേര്‍ത്തത്? അപ്പോള്‍ അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു എന്ന അധ്യായം അവതരിച്ചു.(3)

മുസ്ലിം, അബൂഹുറൈറയില്‍നിന്ന് ഈ കഥയുടെ മറ്റൊരുഭാഗം ഉദ്ധരിക്കുന്നു: 'നിന്റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീതു നല്കുകയും ചെയ്യുക എന്ന സൂക്തമവതരിച്ചപ്പോള്‍ നബി(സ) പൊതുവായും പ്രത്യേകമായും ഓരോരുത്തരേയും വിളിച്ചു. 'ഖുറൈശ് സമൂഹമേ, നിങ്ങള്‍ നിങ്ങളെ നരകത്തില്‍നിന്ന് രക്ഷിക്കുക. കഅബ് ഗോത്രമേ! നിങ്ങള്‍ നിങ്ങളെ നരകത്തില്‍നിന്ന് രക്ഷിക്കുക. മുഹമ്മദിന്‍റെ പുത്രി ഫാത്വിമ! നിന്‍റെ ശരീരത്തെ നീ നരകത്തില്‍ നിന്ന് രക്ഷിക്കുക. അല്ലാഹുവാണെ! നിങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും അധീനപ്പെടുത്താന്‍ എനിക്ക് കഴിയില്ല. പക്ഷെ, നിങ്ങളുമായെനിക്ക് കുടുംബബന്ധമുണ്ട്. ഞാനത് തെളിനീരൊഴിച്ചു പുഷ്ടിപ്പെടുത്തുന്നതാണ്.(4)

ഈ വിളംബരത്തിലൂടെ, ഈ ദൌത്യമംഗീകരിക്കുകയെന്നതാണ് അവര്‍ക്കിടയിലെ സ്നേഹബന്ധത്തിന്‍റെ ചൈതന്യമെന്നും. അറബ് സമൂഹത്തിന്‍റെ അടിത്തറയായിവര്‍ത്തിക്കുന്ന വിഭാഗീയ കുടുംബവീക്ഷണം ദൈവികമായ ഈ താക്കീതിന്‍റെ ചൂടില്‍ ഇവിടെ എരിഞ്ഞില്ലാതായിത്തീരുന്നുവെന്നും റസൂല്‍(സ) അവരെ അറിയിക്കുകയായിരുന്നു.

ഈ വിളംബരം മക്കയുടെ ചക്രവാളങ്ങളില്‍ പ്രകമ്പനം സൃഷ്ടിച്ചുകൊണ്ടിരിക്കേ അതാവരുന്നു മറ്റൊരു പ്രഖ്യാപനം കൂടി.
"അതിനാല്‍ നീ കല്പിക്കപ്പെടുന്നതെന്തോ അത് ഉച്ചത്തില്‍ പ്രഖ്യാപിച്ചുകൊള്ളുക. ബഹുദൈവവാദികളില്‍ നിന്ന് തിരിഞ്ഞുകളയുകയും ചെയ്യുക.'' (15:94). ഉടനെത്തന്നെ, നബി(സ) ബഹുദൈവാരാധനക്കെതിരെ ശക്തിയായ പോരാട്ടം തുടങ്ങി. വിഗ്രഹങ്ങളുടെ നിജസ്ഥിതി ഉദാഹരണങ്ങളിലൂടെ വിശദീകരിക്കുകയും, അല്ലാഹുവിനുപുറമെ അവയെ ആരാധിക്കുകയും വസീലയാക്കുകയും ചെയ്തവര്‍ സ്പഷ്ടമായ വഴി പിഴവിലാണെന്ന് ഉണര്‍ത്തുകയും കഅബാലയത്തിന്‍റെ മുറ്റത്തുവെച്ച് അല്ലാഹുവെ ആരാധിച്ചുകൊണ്ട് പരസ്യമായി നമസ്കാരം നിര്‍വഹിച്ചുതുടങ്ങുകയും ചെയ്തു.

അങ്ങനെ പ്രബോധനം കൂടുതല്‍ സ്വീകാര്യത ലഭിച്ചതോടെ ഓരോരുത്തരായി ഇസ്ലാമില്‍ പ്രവേശിച്ചുതുടങ്ങി. ഇത് ഖുറൈശികളെ അസ്വസ്ഥരാക്കി. ഇതോടെ മുസ്ലിംകള്‍ക്കും അവര്‍ക്കുമിടയില്‍ ശക്തമായ വിദ്വേഷവും കോപവും തന്നെ നിലവില്‍വന്നു.

കൂടിയാലോചനാ സമിതി

പരസ്യപ്രബോധനം ഏതാനും മാസങ്ങള്‍ മാത്രം പിന്നിട്ടപ്പോഴേക്കും അറബികള്‍ക്ക് ഒരു പുതിയ പ്രശ്നവും കൂടി വന്നുചേര്‍ന്നു. ഹജ്ജുമാസം സമീപത്തെത്തിയതിനാല്‍ പുറം രാജ്യങ്ങളില്‍ നിന്നുവരുന്ന ഹാജിമാരെ മുഹമ്മദിന്റെ വാക്കുകള്‍ സ്വാധീനിക്കാതിരിക്കാന്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ ഏകകണ്ഠമായ ഒരു തീരുമാനം പ്രഖ്യാപിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. ഈ തീരുമാനത്തിനായി അവര്‍ വലീദുബ്നു മുഗീറയെ സമീപിച്ചു. വലീദ് പറഞ്ഞു: നിങ്ങളെല്ലാവരും അവന്റെ കാര്യത്തില്‍ ഏകകണ്ഠമായ അഭിപ്രായം പറയുക. മറിച്ചായാല്‍, നിങ്ങള്‍ തന്നെ പരസ്പരം ഖണ്ഡിക്കുന്നവരായി മാറും. അവര്‍ പറഞ്ഞു: താങ്കള്‍തന്നെ ഇത് പറഞ്ഞുതരണം. അദ്ദേഹം: നിങ്ങള്‍ പറയൂ ഞാന്‍ കേള്‍ക്കട്ടെ, അവര്‍ പറഞ്ഞു: ജ്യോത്സ്യന്‍ എന്ന് പറയാം. അദ്ദേഹം: ഒരിക്കലുമല്ല, ജ്യോത്സ്യന്മാരെ നാം കണ്ടതാണ്. ഇത് ജ്യോത്സ്യന്മാരുടെ മുഴക്കവും കുറുകലുമൊന്നുമല്ല. എന്നാല്‍ നമുക്ക് ഭ്രാന്തന്‍ എന്ന് പറയാം? അദ്ദേഹം: അവന്‍ ഭ്രാന്തനല്ല, ഭ്രാന്തെന്തെന്ന് നമുക്കറിയാം. ഇത് ഭ്രാന്തന്റെ ഗോഷ്ഠികളോ ശണ്ഠയോ വസ്വാസുകളോ അല്ല. എന്നാല്‍ നമുക്ക് കവിയെന്നാരോപിക്കാം. അദ്ദേഹം: അവന്‍ കവിയല്ല. കവിതയെന്തെന്ന് പൂര്‍ണമായി നമുക്കറിയാം. ഇത് കവിതയുടെ വൃത്തമോ ഈണമോ പാരായണമോ നീട്ടലോ ചുരുക്കലോ ഒന്നുമല്ല. എന്നാല്‍ നമുക്ക് സാഹിര്‍ അഥവാ മാരണക്കാരന്‍ എന്നാരോപിച്ചാലോ? അദ്ദേഹം:അവന്‍ മാരണക്കാരനല്ല, അവരെ നമുക്കറിയാം, അവരുടെ ഉറുക്കും ഊത്തുമെല്ലാം. അവര്‍ ചോദിച്ചു, പിന്നെ നാമെന്തു പറയും? അദ്ദേഹം പ്രതിവചിച്ചു. അല്ലാഹുവാണെ, അവന്‍റെ വാക്കുകള്‍ക്കൊരു വല്ലാത്ത മാധുര്യമുണ്ട്. അതിന്‍റെ മുലം പരിമളപൂരിതവും ശാഖ ഫലനിര്‍ഭരവുമാണ്. നിങ്ങള്‍ ഇപ്പറഞ്ഞ ഏതെങ്കിലുമൊന്നാരോപിച്ചാല്‍ ഉറപ്പായും ജനങ്ങള്‍ പറയും ഇത് ശരിയല്ലെന്ന്. നിങ്ങള്‍ക്കാരോപിക്കാവുന്നതില്‍ താരതമ്യേന മെച്ചപ്പെട്ടത്, സാഹിര്‍ അഥവാ മാരണക്കാരന്‍ എന്നതാണ്. കാരണം അവന്‍ തന്‍റെ മാരണവിദ്യകൊണ്ട് ഒരു വ്യക്തിയുടെയും അവന്‍റെ പിതാവിന്‍റെയും അവന്‍റെ സഹോദരന്‍റെയും അവന്‍റെ ഭാര്യയുടെയും അവന്‍റെ കുടുംബത്തിന്‍റെയുമെല്ലാംമിടയില്‍ ഭിന്നതയുണ്ടാക്കുന്നു. ഈ തീരുമാനത്തില്‍ അവരെല്ലാം പിരിഞ്ഞു. (5)

മറ്റു ചില റിപ്പോര്‍ട്ടുകളില്‍, വലീദ് അവരുടെ മുഴുവന്‍ അഭിപ്രായവും നിരസിച്ചപ്പോള്‍ അവര്‍ അദ്ദേഹത്തോട് പകരം എന്തെന്ന് അന്വേഷിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞത്, എനിക്ക് ആലോചിക്കാന്‍ സമയം വേണം. എന്നാണ്. ഗാഢമായ ചിന്തക്കും ആലോചനയ്ക്കും ശേഷം മേലുദ്ധരിച്ച അഭിപ്രായം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു.

ഈ വലീദിനെക്കുറിച്ച് 'മുദ്ദഥിര്‍' എന്ന അധ്യായത്തിലെ 11-26 വരെയുള്ള പതിനാറ് സൂക്തങ്ങളവതരിച്ചു. അതില്‍ അവന്‍റെ ചിന്തയുടെ രൂപം ചിത്രീകരിക്കുന്നുണ്ട്.

"നിശ്ചയം, അവനൊന്നു ചിന്തിച്ചു, അവനൊന്ന് കണക്കാക്കുകയും ചെയ്തു, അതിനാലവന്‍ നശിക്കട്ടെ, എങ്ങനെയാണവന്‍ കണക്കാക്കിയത്? വീണ്ടുമവന്‍ തുലയട്ടെ, എങ്ങനെയാണവന്‍ കണക്കാക്കിയത്? പിന്നീടവനൊന്നു നോക്കി. പിന്നീടവന്‍ മുഖം ചുളിക്കുകയും മുഖം കറുപ്പിക്കുകയും ചെയ്തു. പിന്നെ അവന്‍ പിന്നോട്ട് മാറുകയും അഹങ്കാരം നടിക്കുകയും ചെയ്തു. എന്നിട്ടവന്‍ മൊഴിഞ്ഞു. ഇതാരില്‍നിന്നോ ഉദ്ധരിക്കപ്പെടുന്ന മാരണമല്ലാതെ മറ്റൊന്നുമല്ല. ഇത് മനുഷ്യവചനങ്ങളല്ലാതെ മറ്റൊന്നുമല്ല.'' (74:18-25)

ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അത് നടപ്പില്‍ വരുത്താനായി സഭ പിരിയുകയും ജനങ്ങള്‍ ഹജ്ജിനെത്തുന്ന സകലവഴികളിലുമിരുന്ന് മുഹമ്മദിനെക്കുറിച്ച് മുന്നറിയിപ്പ് നല്കുകയും ചെയ്തു.(6)

ഈ ദുഷ്പ്രചരണത്തിന് നേതൃത്വം നല്കിയത് അബൂലഹബ് തന്നെയായിരുന്നു. ഹജ്ജ് വേളയില്‍ നബി തിരുമേനി, വീടുകളിലും ജനങ്ങള്‍ സമ്മേളിക്കുന്ന ഉകാള്, മജന്ന, ദുര്‍മജാസ് തുടങ്ങിയ മേള സ്ഥലങ്ങളിലും ചെന്ന് ജനങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിച്ചപ്പോഴെല്ലാം പിറകെ അബൂലഹബും എത്തി ജനങ്ങളോട് പറയും, ഈ മനുഷ്യനെ നിങ്ങള്‍ അനുസരിക്കരുത്. അവന്‍ മതം മാറിയവനും കള്ളവാദിയുമാണ്. (7) ഈ പ്രചാരവേല പക്ഷെ, റസൂല്‍(സ)യുടെ കീര്‍ത്തി ഹജ്ജിനുവന്നവര്‍ക്കിടയിലും അറബ് നാടുകളിലും പ്രചരിക്കാനിടയായി.

പ്രതിരോധമുറകള്‍

മേല്‍പറഞ്ഞതൊന്നും മുഹമ്മദിനെ തന്‍റെ ദൌത്യത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നില്ലെന്ന് കണ്ട ഖുറൈശികള്‍, ഹജ്ജിനുശേഷം ഈ സന്ദേശത്തിന്‍റെ മൂര്‍ദ്ധാവ് തകര്‍ക്കാനെന്നവണ്ണം വിവിധതരത്തിലുള്ള പ്രതിരോധമാര്‍ഗങ്ങളാണ് അവലംബിച്ചത്.

1. പരിഹാസം, പരനിന്ദ, കളവാരോപണം, പുഛ്ചം തുടങ്ങിയവയിലൂടെ നവമുസ്ലിംകളെ ഒറ്റപ്പെടുത്തുകയും ആശയതലത്തില്‍ ശക്തി ക്ഷയിപ്പിക്കുകയും ചെയ്യുക. നബിക്കുനേരെ ദുരാരോപണങ്ങളും വിലകുറഞ്ഞ പ്രചാരണങ്ങളും നടത്തുക. നബി(സ)യെ ഭ്രാന്തനെന്ന് വിളിച്ചാക്ഷേപിക്കുക.
"അവര്‍ പറഞ്ഞു: ഹേ, ഉല്‍ബോധനം അവതരിപ്പിക്കപ്പെട്ടിട്ടുള്ള മനുഷ്യാ! തീര്‍ച്ചയായും നീ ഒരു ഭ്രാന്തന്‍ തന്നെ'' (15:6)
മാരണക്കാരന്‍, കള്ളവാദി എന്നെല്ലാം പറഞ്ഞു അടച്ചാക്ഷേപിക്കുക.
"അവരില്‍നിന്നുതന്നെയുള്ള ഒരു താക്കീതുകാരന്‍ അവരുടെ അടുത്തുവന്നതില്‍ അവര്‍ക്ക് ആശ്ചര്യം തോന്നിയിരിക്കുന്നു. സത്യനിഷേധികള്‍ പറഞ്ഞു: ഇവന്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരനാകുന്നു.'' (38:4)

നബി(സ)യെ ജ്വലിക്കുന്ന ദൃഷ്ടികളാല്‍ അഭിഷേകം ചെയ്യുക. വികാരങ്ങളെ ഇളക്കിവിടുന്ന തരത്തില്‍ പെരുമാറുക.
'സത്യനിഷേധികള്‍ ഈ ഉല്‍ബോധനം കേള്‍ക്കുമ്പോള്‍ അവരുടെ കണ്ണുകള്‍കൊണ്ട് നോക്കിയിട്ട് നീ ഇടറിവീഴുമാറാകുകതന്നെ ചെയ്യും. തീര്‍ച്ചയായും ഇവന്‍ ഒരു ഭ്രാന്തന്‍ തന്നെയാണെന്നവര്‍ പറയും.'' (68:51)

പ്രവാചകന് ചുറ്റും സമ്മേളിക്കുന്ന ദുര്‍ബലരായ വിശ്വാസികളെ നോക്കി പരിഹസിച്ചുകൊണ്ടു ചോദിക്കും 'ഇവരെയാണോ ഞങ്ങളുടെ കൂട്ടത്തില്‍നിന്ന് അനുഗ്രഹിച്ചിട്ടുള്ളത്.' (6:53)

അല്ലാഹു മറുപടി പറഞ്ഞു:
"നന്ദി കാണിക്കുന്നവരെ പറ്റി അല്ലാഹു നല്ലപോലെ അറിയുന്നവനല്ലേ?'' (6:53)
അവര്‍ അല്ലാഹു വിശദീകരിച്ചതുപോലെ:
"തീര്‍ച്ചയായും കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ സത്യവിശ്വാസികളെ കളിയാക്കി ചിരിക്കുമായിരുന്നു. അവരുടെ (വിശ്വാസികളുടെ) മുന്നിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ പരസ്പരം കണ്ണിട്ടുകാണിക്കുമായിരുന്നു. അവരുടെ സ്വന്തക്കാരുടെ അടുക്കലേക്ക് തിരിച്ചുചെല്ലുമ്പോള്‍ രസിച്ചുകൊണ്ടവര്‍ തിരിച്ചുചെല്ലുമായിരുന്നു. അവരെ (സത്യവിശ്വാസികളെ) കാണുമ്പോള്‍ തീര്‍ച്ചയായും ഇവര്‍ വഴിപിഴച്ചവര്‍തന്നെ എന്ന് അവര്‍ പറയുകയും ചെയ്യുമായിരുന്നു. സത്യവിശ്വാസികളുടെ മേല്‍നോട്ടക്കാരായിട്ട് അവര്‍ നിയോഗിക്കപ്പെട്ടിട്ടൊന്നുമില്ല.'' (83:29-33)

2. പ്രവാചകന്‍റെ അധ്യാപനങ്ങള്‍ വികൃതമാക്കുകയും അവയ്ക്ക് ചുറ്റും സംശയങ്ങളുടെ മാറാലകള്‍ സൃഷ്ടിക്കുകയും അദ്ദേഹത്തിന്റെ വിശുദ്ധവ്യക്തിത്വത്തിനെതിരെ വിലകുറഞ്ഞ ആരോപണങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുക ഇവയുടെ വ്യാപനത്താല്‍ സാധാരണക്കാരന് ഇസ്ലാമിനെക്കുറിച്ച് പഠിക്കാനോ ചിന്തിക്കാനോ സന്ദര്‍ഭമില്ലാതാക്കുക. ക്വുര്‍ആന്‍ പറയുന്നു:
"ഇത് (ക്വുര്‍ആന്‍) പൂര്‍വികരുടെ കെട്ടുകഥകള്‍ മാത്രമാണ്. ഇവന്‍ അത് എഴുതി വെച്ചിരിക്കുന്നു. എന്നിട്ടത് രാവിലെയും വൈകുന്നേരവും അവന് വായിച്ചുകേള്‍പ്പിക്കപ്പെടുന്നു.'' (25:5)
"ഇത് (ക്വുര്‍ആന്‍) അവന്‍ കെട്ടിച്ചമച്ച നുണ മാത്രമാകുന്നു. വേറെ ചില ആളുകള്‍ അവനെ അതിന് സഹായിച്ചിട്ടുമുണ്ട്.'' (25:4)
'ഒരു മനുഷ്യന്‍ തന്നെയാണ് അവനത് പഠിപ്പിച്ചുകൊടുക്കുന്നത്.' (16:103). ജ്യോത്സ്യന്മാരെപ്പോലെ പൈശാചികബാധയുള്ളവനാണെന്ന് ദുഷ്പ്രചാരണവും (26:221,222) മാസ്മരികമായ വിദ്യകളിലൂടെ ആകര്‍ഷകമായ ആശയങ്ങള്‍ സമര്‍പ്പിക്കുന്ന വെറുമൊരു കവി മാത്രമാണെന്നും (26: 224-226) പ്രചാരണമുണ്ടായി.

മുഖ്യമായും അവര്‍ സംശയമുന്നയിച്ചിരുന്നത് തൌഹീദ്, രിസാലത്, ആഖിറത് എന്നീ മൌലിക വിഷയങ്ങളിലായിരുന്നു. ഇവയോരോന്നിനും വി. ക്വുര്‍ആന്‍ ഉചിതവും വിശദവുമായ മറുപടികള്‍ നല്കിയിട്ടുണ്ട്. തൌഹീദിനെക്കുറിച്ചവര്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് വിശദമായ മറുപടി നല്കി അവരുടെ ദൈവങ്ങളുടെയും ശില്പങ്ങളുടെയും കഴിവുകേട് ബോധ്യപ്പെടുത്തിയതാകാം ഒരുപക്ഷേ, അവരെ ഏറെചൊടിപ്പിച്ചത്.
നബിതിരുമേനിയുടെ സത്യസന്ധതയും വിശ്വാസ്യതയും ജീവിതവിശുദ്ധിയുമെല്ലാം അംഗീകരിക്കുന്നതോടൊപ്പംതന്നെ പ്രവാചകത്വം എന്നത് മനുഷ്യന് ലഭ്യമാകുന്ന ഒന്നാണെന്ന് അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല. ഒരു മനുഷ്യന്‍ പ്രവാചകനാകുന്നതും മറിച്ചും അചിന്ത്യമായിരുന്നു അവര്‍ക്ക്. അവര്‍ ഉന്നയിച്ചത് 'എന്താണീ ദൈവദൂതന്‍ ഭക്ഷണം കഴിക്കുകയും അങ്ങാടികളില്‍ നടക്കുകയും ചെയ്യുന്നു' (25:7) 'മനുഷ്യന് അല്ലാഹു വെളിപാടിറക്കുകയൊന്നുമില്ല' (6:91) 'നീ ഞങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ തന്നെയാണല്ലോ' (14:10) എന്നു തുടങ്ങിയവയായിരുന്നു. ഇതിനെല്ലാം ന്യായയുക്തമായ വിധത്തില്‍ ക്വുര്‍ആന്‍ മറുപടി പറഞ്ഞിട്ടുണ്ട്.

മരണാനന്തരം പുനര്‍ജീവിപ്പിക്കപ്പെടുന്നത് അവരെ സംബന്ധിച്ച് അത്ഭുതമുളവാക്കുന്ന കാര്യമായിരുന്നു. അവരുടെ യുക്തിക്കോ ബുദ്ധിക്കോ വഴങ്ങാത്ത അപരിചിതവും അത്ഭുതകരവുമായ ഒരു പ്രതിഭാസം. "അവര്‍ ചോദിച്ചു: ഞങ്ങള്‍ മരിച്ചു മണ്ണും എല്ലുമായിത്തീര്‍ന്നശേഷം പുനര്‍ജീവിപ്പിക്കപ്പെടുകയോ? ഞങ്ങളുടെ പൂര്‍വപിതാക്കളും അങ്ങനെത്തന്നെയോ?' (37:16,17). മനുഷ്യനെ മരണാനന്തരം പുനരാവിഷ്കരിക്കുകയെന്നത് ബുദ്ധിക്ക് അപ്രാപ്യമാണെന്ന അവരുടെ വാദത്തെ ഖണ്ഡിച്ചുകൊണ്ട് ക്വുര്‍ആന്‍ സംസാരിക്കുന്നുണ്ട്. ആകാശ ഭൂമികളുടെ സൃഷ്ടിപ്പ് നടത്തിയ അല്ലാഹുവിന് അതിനെക്കാള്‍ നിസ്സാരമായ മനുഷ്യ സൃഷ്ടിയെ പുനരാവിഷ്കരിക്കാനാവില്ലേ എന്ന പ്രസക്തമായ മറുചോദ്യമാണ് ഇതിനുന്നയിക്കുന്നത് (46:35). ഒന്നാം സൃഷ്ടിപ്പിനേക്കാള്‍ എളുപ്പമാണ് പുനരാവിഷ്കരണമെന്ന ലളിതമായ യുക്തിയും അവരുടെ മുമ്പില്‍ വെക്കുന്നു. (30:27)

3. പൂര്‍വീകരുടെ കെട്ടുകഥകള്‍ പ്രചരിപ്പിച്ചു ജനശ്രദ്ധതിരിച്ചുവിട്ടുകൊണ്ട് ക്വുര്‍ആനില്‍നിന്ന് ജനങ്ങളെ വിമുഖരാക്കുക:
മേല്‍പറഞ്ഞ സംശയങ്ങളിളക്കിവിടുന്നതിന് പുറമെ സാധ്യമാകുന്ന എല്ലാവഴിക്കും അവര്‍ ക്വുര്‍ആനില്‍നിന്ന് ജനങ്ങളെ തടഞ്ഞു. നബിതിരുമേനി നമസ്കാരത്തിലോ അല്ലാതെയോ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നത് കേട്ടാല്‍ അവര്‍ പറയും: 'നിങ്ങള്‍ ഈ ക്വുര്‍ആന്‍ ശ്രവിക്കരുത്. ബഹളമുണ്ടാക്കുക, എങ്കില്‍ നിങ്ങള്‍ക്ക് വിജയിക്കാനാകും'' ഇത് കാരണം, അവരുടെ സദസ്സുകളിലും സമ്മേളനങ്ങളിലും പ്രബോധനത്തിന്‍റെ അഞ്ചാം വര്‍ഷം വരെ നബിതിരുമേനിക്ക് ക്വുര്‍ആന്‍ പാരായണം ചെയ്ത് കേള്‍പ്പിക്കാന്‍ സാധ്യമായിരുന്നില്ല. വല്ലപ്പോഴും യാദൃഛികമായി ഓതികേള്‍പ്പിച്ചാലല്ലാതെ.
ഖുറൈശി പിശാചുക്കളില്‍ ഒരുവനായ നദ്റുബിന്‍ ഹാരിഥ് ഹീറയില്‍ചെന്ന് അവിടെനിന്ന് പേര്‍ഷ്യന്‍ രാജാക്കന്മാരുടെയും റുസ്തമിന്‍റെയും അസ്ഫന്‍ദിയാറുടെയും വീരകഥകള്‍ പഠിച്ചു തിരിച്ചുവന്നു. നബി(സ) എവിടെയെങ്കിലും ഉത്ബോധനം നടത്തിയാല്‍ നദ്റ് അവിടെ പ്രത്യക്ഷപ്പെട്ടു പറയും, ഖുറൈശീ സമൂഹമേ, അല്ലാഹുവാണെ ഞാന്‍ മുഹമ്മദിനെക്കാള്‍ സുഭാഷിതനാണ്. തുടര്‍ന്ന് പേര്‍ഷ്യന്‍ രാജാക്കന്മാരുടെയും റുസ്തമിന്‍റെയും ഇസ്ഫന്‍ദിയാറിന്‍റെയും കഥകള്‍ വിളമ്പും. പിന്നീട്ചോദിക്കും. മുഹമ്മദ് എങ്ങനെയാണ് എന്നെക്കാള്‍ നന്നായി സംസാരിക്കുന്നവനാകുന്നത്?(8)
ഇബ്നു അബ്ബാസിന്‍റെ റിപ്പോര്‍ട്ടില്‍ നദ്റ് ഏതാനും നര്‍ത്തകികളെയും വിലക്കെടുത്തിരുന്നു. ഇസ്ലാമിലേക്ക് ചായ് വ് കാണിക്കുന്നുവെന്ന് തോന്നുന്ന വ്യക്തികളെ സ്വാധീനിക്കാന്‍ ഇവരെ ഉപയോഗപ്പെടുത്തി. അവര്‍ക്ക് മദ്യം വിളമ്പിയും പാട്ടുപാടിയും സ്വാധീനിച്ചു. ഇതിനെ കുറിച്ചാണ്,
"യാതൊരറിവുമില്ലാതെ ദൈവമാര്‍ഗത്തില്‍നിന്ന് ജനങ്ങളെ തെറ്റിച്ചുകളയാന്‍ വിനോദ വാര്‍ത്തകള്‍ വിലക്കുവാങ്ങുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട് (31:6) എന്ന സൂക്തമവതരിച്ചത്.

മര്‍ദനങ്ങള്‍
നാലാം വര്‍ഷാരംഭം മുതല്‍ മേല്‍ പറഞ്ഞ ശൈലിയിലുള്ള പ്രതിരോധമുറകളുമായി മുശ്രിക്കുകള്‍ ഏതാനും ആഴ്ചകളും മാസങ്ങളും മുന്നോട്ടു പോയെങ്കിലും പ്രതീക്ഷിച്ചതുപോലുള്ള ഫലങ്ങളൊന്നും അതിനു കാണാത്തതുകാരണം അവര്‍ ഒരിക്കല്‍ കൂടി സമ്മേളിച്ചു. മുസ്ലിംകളെ മര്‍ദിക്കാനും പീഢിപ്പിക്കാനും തീരുമാനമെടുത്തു. അങ്ങനെ, ഓരോ ഗോത്രനേതാവും തന്റെ ഗോത്രത്തില്‍നിന്നും, ഓരോ യജമാനനും തന്റെ അടിമകളില്‍നിന്നും ഇസ്ലാം ആശ്ളേഷിച്ചവരെ മര്‍ദിക്കാന്‍ തുടങ്ങി. ഇതിന്‍റെ സ്വാഭാവിക ഫലം നീചന്മാരും നിസ്സാരന്മാരും നേതാക്കളെയും യജമാനന്മാരെയും പിന്തുടരുകയെന്നതുതന്നെയാണ്. അങ്ങനെ മുസ്ലിംകള്‍ക്കെതിരില്‍- പ്രത്യേകിച്ച് അതിലെ ദുര്‍ബ്ബലര്‍ക്കെതിരില്‍ മനസ്സറക്കുന്ന, കര്‍ണപുടങ്ങള്‍ പൊട്ടിപ്പോകുന്ന അത്രയും ക്രൂരമായ മര്‍ദനങ്ങള്‍ അഴിച്ചു വിടുകയുണ്ടായി.

അബൂജഹല്‍, അല്പം സ്ഥാനമാനങ്ങളും സാമ്പത്തിക സുസ്ഥിതിയുമുള്ളവര്‍ ഇസ്ലാമാശ്ളേഷിച്ചത് അറിഞ്ഞാല്‍ തന്‍റെ സ്ഥാനമാനങ്ങളും സമ്പത്തും നഷ്ടപ്പെടുമെന്ന് ഭീഷണിപ്പെടുത്തുകയായി. ദുര്‍ബലനാണെങ്കില്‍ കഠിനമായി മര്‍ദിക്കുകയും ചെയ്യും.
ഉസ്മാന്‍ബിന്‍ അഫ്ഫാനെ അദ്ദേഹത്തിന്‍റെ ഒരു പിതൃസഹോദരന്‍ ഈന്തപ്പനയോലയുടെ ഒരു പായയില്‍ പൊതിഞ്ഞ് താഴെ പുകയിട്ടു! മുസ്വ്അബ്ബിന്‍ ഉമൈര്‍ വിശ്വാസിയായതറിഞ്ഞ മാതാവ്, ഏറെ സമ്പന്നനും സുഖലോലുപനുമായി ജീവിക്കാന്‍ സൌകര്യങ്ങളുള്ള അദ്ദേഹത്തെ പട്ടിണിയിടുകയും വീട്ടില്‍നിന്ന് പുറത്താക്കുകയും ചെയ്തു. പട്ടിണിയും കഷ്ടപ്പാടും കാരണം അദ്ദേഹത്തിന്റെ തൊലിയെല്ലാം വിണ്ടുകീറാന്‍ തുടങ്ങി. റോമക്കാരനായിരുന്ന സ്വുഹൈബിന് മര്‍ദനങ്ങള്‍ കാരണം ഗ്രാഹ്യശേഷി നഷ്ടപ്പെടുകയുണ്ടായി.

ഉമയ്യബിന്‍ ഖലഫ് അല്‍ജുംഹിയുടെ അടിമയായിരുന്നു ബിലാല്‍. ഉമയ്യ, ബിലാലിന്റെ കഴുത്തില്‍ കയറുകെട്ടി മക്കാ മലകളില്‍ കറങ്ങി കളിക്കുന്ന കുട്ടികളെ ഏല്പിച്ചു. പട്ടിണിക്കിട്ടും ചുടുവെയിലില്‍ നെഞ്ചത്ത് പാറക്കല്ല് കയറ്റിവെച്ച് ചുടുമണലില്‍ കിടത്തിയും പീഢനങ്ങളുടെ ബീഭത്സരൂപം അരങ്ങേറുകതന്നെ ചെയ്തു! ഒന്നുകില്‍ മുഹമ്മദിനെ അവിശ്വസിക്കുക അല്ലെങ്കില്‍ ലാത്തയെയും ഉസ്സയെയും ആരാധിക്കുക, തയ്യാറില്ലെങ്കില്‍ ഇതിനിയും തുടരുമെന്ന് ക്രൂരനായ യജമാനന്‍ ഇടക്കിടെ ആക്രോശിച്ചുകൊണ്ടിരുന്നു. അപ്പോഴും ബിലാല്‍ അഹദ്! അഹദ്! (ഏകന്‍, ഏകന്‍) എന്നിങ്ങനെ പിറുപിറുത്തുകൊണ്ടിരുന്നു. അങ്ങനെ ഒരിക്കല്‍ ആ വഴിക്കു നടന്നുപോവുകയായിരുന്ന അബൂബക്കര്‍ ഈ ദയനീയദൃശ്യം കണ്ടു അലിവുതോന്നി ഒരു കറുത്ത അടിമയെ പകരം നല്കി ബിലാലിനെ വാങ്ങിമോചിപ്പിച്ചു. ഏഴോ അഞ്ചോ ഊഖിയവെള്ളിക്കാണ് വാങ്ങിയതെന്ന ഒരഭിപ്രായവുമുണ്ട്(9)

അമ്മാര്‍ബിന്‍ യാസിര്‍, മഖ്സൂം ഗോത്രത്തിന്‍റെ അടിമയായിരുന്നു. അദ്ദേഹവും പിതാവും മാതാവും ഒന്നിച്ചു ഇസ്ലാം ആശ്ളേഷിച്ചു. മുശ്രിക്കുകള്‍ അബൂജഹലിന്‍റെ നേതൃത്വത്തില്‍ അവരെ നട്ടുച്ചനേരത്ത് ചുട്ടുപഴുത്ത മണല്‍ കാട്ടിലേക്ക് ഇറക്കിവിട്ടു പീഡിപ്പിച്ചു. അതുവഴി നടന്നുപോവുകയായിരുന്ന നബിതിരുമേനി ഇതുകാണാനിടയായി. അവിടുത്തേക്ക് ഇങ്ങനെ പറയാനല്ലാതെ കഴിയുമായിരുന്നില്ല. "യാസിര്‍ കുടുംബമേ ക്ഷമിക്കൂ! നിങ്ങളുടെ വാഗ്ദത്തസ്ഥാനം സ്വര്‍ഗമാണ്.'' യാസിര്‍ ഈ പീഢനത്തില്‍ മൃതിയടഞ്ഞു. സുമയ്യയുടെ ഗുഹ്യഭാഗത്ത് കുന്തമിറക്കി അബൂജഹല്‍ അവരെയും നിഷ്ഠൂരമായി വധിച്ചു. അങ്ങനെ ഈ വയോവൃദ്ധ ഇസ്ലാമിലെ ഒന്നാമത്തെ വനിതാ രക്തസാക്ഷിയായി. അമ്മാറിനെ ചുവന്ന പാറക്കഷ്ണം നെഞ്ചത്ത് വെച്ചും ശ്വാസം മുട്ടിച്ചും മര്‍ദിച്ചുകൊണ്ടേയിരുന്നു. ഇടക്കിടെ യജമാനന്‍ ആക്രോശിക്കും. 'മുഹമ്മദിനെ അധിക്ഷേപിക്കുകയും ലാത്തയെയും ഉസ്സയേയും അംഗീകരിക്കുകയും ചെയ്യുക' നിര്‍ബന്ധിതാവസ്ഥയില്‍ അതുപറയാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. പിന്നീട്, തന്റെ പ്രവൃത്തിയില്‍ മനസ്സ് നൊന്ത് ക്ഷമയാചിച്ച് കരഞ്ഞുകൊണ്ട് അദ്ദേഹം നബി(സ)യെ സമീപിച്ചു. അപ്പോള്‍ അതിനെകുറിച്ചു ആയത്ത് അവതരിച്ചു. "വിശ്വസിച്ചതിനുശേഷം തങ്ങളുടെ മനസ്സ് വിശ്വാസത്തില്‍ സമാധാനം പൂണ്ടതായിരിക്കെ നിര്‍ബന്ധിതരായി അവിശ്വസിച്ചവര്‍.... (കള്ളവാദികളല്ല)'' (16:106) (10)

അബൂ ഫുകയ്ഹ എന്നറിയപ്പെടുന്ന അഫ്ലഹിനെ യജമാനന്മാരായ അബ്ദുദ്ദാര്‍ ഗോത്രക്കാര്‍ കാലില്‍ ചങ്ങലബന്ധിച്ച് നട്ടുച്ചനേരത്ത്, വിവസ്ത്രനാക്കി പുറത്ത് പാറകയറ്റിവെച്ച് മരുഭൂമിയില്‍ കെട്ടിവലിച്ചു. സഹിക്കവയ്യാതെ അദ്ദേഹം എത്യോപ്യയിലേക്കുള്ള രണ്ടാം തവണ പലായനത്തില്‍ പങ്കുചേര്‍ന്നു. മറ്റൊരിക്കല്‍ അദ്ദേഹത്തെ ബന്ധിച്ച് മരുഭൂമിയില്‍ കെട്ടിവലിക്കുന്നതിനിടയില്‍ ശ്വാസതടസമുണ്ടായി. മരിച്ചെന്ന് ധരിച്ച് ഉപേക്ഷിക്കുമ്പോള്‍ അബൂബക്കര്‍ അതുവഴിവന്ന് അദ്ദേഹത്തെ വിലക്ക് വാങ്ങിമോചിപ്പിച്ചു.

ഖബ്ബാബ്ബിന്‍ അല്‍ അറത്, ഖുസാഅ: ഗോത്രക്കാരി സിബാഇന്റെ പുത്രി ഉമ്മുഅമ്മാറിന്‍റെ അടിമയായിരുന്നു. കൊല്ലപ്പണിക്കാരനായ ഇദ്ദേഹത്തെ യജമാനത്തി ഇരുമ്പ് പഴുപ്പിച്ച് മുതുകിലും തലയിലും ചൂടുവെക്കുകയുണ്ടായി. മുശ്രിക്കുകള്‍ അദ്ദേഹത്തിന്‍റെ പിരടി പിടിച്ചൊടിച്ച് മുടിവലിച്ച് തീയിലെറിയുകയുണ്ടായി. (11)

സിന്നീറ, ഒരു റോമന്‍ അടിമ സ്ത്രീയായിരുന്നു. ഇസ്ലാം ആശ്ളേഷിച്ചതു കാരണം അവരെയും മര്‍ദിച്ചു. മര്‍ദനം കാരണം കാഴ്ചനഷ്ടപ്പെട്ടപ്പോള്‍ ഇത് ലാത്തയുടെയും ഉസ്സയുടെയും ശാപം കാരണമാണെന്ന് പറയുകയുണ്ടായി. അവര്‍ പ്രതികരിച്ചത്: 'അല്ലാഹുവാണെ, ഒരിക്കലുമല്ല. ഇത് അല്ലാഹുവില്‍ നിന്നുള്ളതാണ്. അവന്‍ ഉദ്ദേശിച്ചാല്‍ ഇത് ഭേദപ്പെടുകയും ചെയ്യും. പിറ്റേന്നു കാഴ്ചതിരിച്ചുകിട്ടി അവര്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഖുറൈശികള്‍ പ്രചരിപ്പിച്ചത്, ഇതെല്ലാം മുഹമ്മദിന്‍റെ മാന്ത്രിക വിദ്യയില്‍ പെട്ടതാണ് എന്നായിരുന്നു.

സഹ്റ ഗോത്രക്കാരുടെ അടിമപ്പെണ്‍കുട്ടിയായ ഉമ്മു ഉബൈസ് വിശ്വാസിനിയായപ്പോള്‍ അവരേയും മുശ്രിക്കുകള്‍ പീഡിപ്പിക്കുകയുണ്ടായി. യജമാനന്‍ അസ്വദ് ബിന്‍ അബ്ദു യഗൂസ് ഇതില്‍ മുന്‍ പന്തിയിലായിരുന്നു. ഇദ്ദേഹം നബി തിരുമേനിയുടെ കടുത്ത വിരോധിയും ശത്രുവുമായിരുന്നു.
അദിയ്യഗോത്രക്കാരന്‍ അംറ്ബ്നു മുഅമലിന്‍റെ ഒരടിമപ്പെണ്‍കുട്ടി വിശ്വാസിനിയായതിന്‍റെ പേരില്‍ ഉമര്‍ ബഹുദൈവവിശ്വാസിയായിരുന്ന കാലത്ത് കഠിനമായി മര്‍ദിച്ചിരുന്നു. അവളെ അടിച്ചത് കാരണം ശരീരത്തില്‍ നീരുവന്നപ്പോള്‍ ഉമര്‍ പറഞ്ഞത്, മടുത്തതുകൊണ്ടാണ് നിന്നെ തല്ക്കാലം ഒഴിവാക്കി വിടുന്നത് എന്നതായിരുന്നു. അവര്‍ പ്രതികരിച്ചത്. 'ഇതുപോലെ നിന്റെ രക്ഷിതാവ് നിന്നോടും ചെയ്യും.'
ഇതുപോലെ അടിമ സ്ത്രീകളില്‍നിന്ന് വിശ്വാസരംഗത്തേക്ക് വന്നതിന്റെ പേരില്‍ മര്‍ദിക്കപ്പെട്ടവരാണ് നഹ്ദിയ്യയും പുത്രിയും ഇവര്‍ രണ്ടുപേരും ഒരു അബുദ്ദാര്‍ഗോത്രക്കാരിയുടെ കീഴിലായിരുന്നു.

ആമിര്‍ബിന്‍ ഫുഹൈറ മര്‍ദിക്കപ്പെട്ട അടിമയായ ഒരു മുസ്ലിമായിരുന്നു. മര്‍ദനം കാരണം അദ്ദേഹത്തിന്റെ ഗ്രാഹ്യശേഷി നഷ്ടപ്പെടുകയുണ്ടായി.
ഈ അടിമകളെയെല്ലാം അബൂബക്കര്‍ (റ) വിലകൊടുത്തുവാങ്ങി സ്വതന്ത്രരാക്കി. ഇത് കണ്ട് അദ്ദേഹത്തിന്റെ പിതാവ് അബൂഖുഹാഫ: പ്രതികരിച്ചത്: 'നീ ഈദുര്‍ബലരായ അടിമകളെയാണല്ലോ മോചിപ്പിച്ചത് ശക്തരായ വരെയായിരുന്നെങ്കില്‍ നിനക്കുവേണ്ടി പ്രതിരോധിക്കാനെങ്കിലും അവര്‍ക്കാകുമായിരുന്നു.' അദ്ദേഹം പറഞ്ഞു: 'ഞാന്‍ അല്ലാഹുവിന്‍റെ പ്രീതി മാത്രമാണുദ്ദേശിക്കുന്നത്.' ഇതിനെതുടര്‍ന്ന് അബൂബക്കര്‍(റ)വിനെ പ്രശംസിച്ചുകൊണ്ടും ശത്രുക്കളെ ആക്ഷേപിച്ചുകൊണ്ടും ക്വുര്‍ആന്‍ അവതരിച്ചു:

"അതിനാല്‍ ആളിക്കത്തിക്കൊണ്ടിരിക്കുന്ന അഗ്നിയെപ്പറ്റി ഞാന്‍ നിങ്ങള്‍ക്കുതാക്കീതു നല്‍കിയിരിക്കുന്നു. നിഷേധിച്ചുതള്ളുകയും പിന്തിരിഞ്ഞുകളയുകയും ചെയ്ത ഏറ്റവും ദുഷ്ടനായ വ്യക്തിയല്ലാതെ അതില്‍ പ്രവേശിക്കുകയില്ല''. (92:14-16) ഈ സൂക്തത്തില്‍ പരാമര്‍ശിച്ച വ്യക്തി ഉമയ്യത്ത് ബിന്‍ ഖലഫും അദ്ദേഹത്തെ പോലുള്ളവരുമാണ്.

തുടര്‍ന്ന് ക്വുര്‍ആന്‍ പറയുന്നു:
"പരിശുദ്ധിനേടുവാനായി തന്‍റെ ധനം നല്കുന്ന ഏറ്റവും സൂക്ഷ്മതയുള്ള വ്യക്തി അതില്‍നിന്ന് അകറ്റിനിര്‍ത്തപ്പെടുന്നതാണ്. പ്രത്യുപകാരം നല്കപ്പെടേണ്ടതായ യാതൊരനുഗ്രഹവും അവന്റെ പക്കല്‍ ഒരാള്‍ക്കുമില്ല. തന്റെ അത്യുന്നതനായ രക്ഷിതാവിന്‍റെ പ്രീതിനേടുക എന്നതല്ലാതെ. വഴിയെ അവന്‍ തൃപ്തിപ്പെടുന്നതാണ്. (92:1721). ഈ സൂക്തത്തില്‍ പരാമര്‍ശിച്ച വ്യക്തി അബൂബക്കര്‍(റ)വാണ് (12)

അബൂബക്കര്‍(റ)തന്നെയും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. നൌഫല്‍ ബിന്‍ ഖുവൈലിദ് അല്‍ അദ്വി ഇദ്ദേഹത്തേയും ത്വല്‍ഹബിന്‍ അബ്ദില്ലയേയും, നമസ്കരിക്കാതിരിക്കാന്‍ ഒരു കയറില്‍ ബന്ധിച്ചു. രണ്ടുപേരും തുടര്‍ന്നും നമസ്കരിച്ചുകൊണ്ടിരുന്നത് കാരണം അവരെ അഴിച്ചുവിട്ടു. ഇത് കാരണം ഇവര്‍ക്ക് 'ക്വരീനൈന്‍' (കൂട്ടുകാര്‍) എന്ന് പേര്‍ വരികയുണ്ടായി. ഇത്, ചെയ്തത് ത്വല്‍ഹബ്നു ഉബൈദുല്ലയുടെ സഹോദരന്‍ ഉഥ്മാന്‍ ബിന്‍ ഉബൈദുല്ലയാണെന്ന ഒരഭിപ്രായവുമുണ്ട്.

ചുരുക്കത്തില്‍ ഇസ്ലാമിലേക്ക് കടന്നുവന്ന എല്ലാവരെയും ഏതെങ്കിലും തരത്തില്‍ ഇവര്‍ പീഡിപ്പിച്ചിട്ടുണ്ട്. ദുര്‍ബലരും അടിമകളുമാണെങ്കില്‍ ഇത് ഏറെ എളുപ്പമായിരുന്നു. കാരണം അവരെ സംരക്ഷിക്കാന്‍ ആര്‍ക്കും ബാധ്യതയില്ലല്ലോ. യജമാനന്മാരില്‍നിന്ന് തന്നെ പീഡനമേല്‍ക്കുമ്പോള്‍ പ്രത്യേകിച്ചും. ഉന്നതരോ അഭിജാതരോ ആകുമ്പോള്‍ ഇത് തുലോം കുറവായിരുന്നു. അവര്‍ക്ക് ഗോത്രത്തിന്റെയും ജനങ്ങളുടെയും സംരക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ തന്നെയും സ്വന്തം ഗോത്രത്തിലെ പ്രമുഖര്‍ ഇവര്‍ക്കെതിരിലും ചില നീക്കങ്ങള്‍ നടത്താന്‍ ധൈര്യം കാണിക്കാതിരുന്നിട്ടില്ല.

നബി(സ)യോടുള്ള സമീപനം
പ്രൌഢഗംഭീരവും അനന്യസാധാരണവുമായ വ്യക്തിത്വത്തിന്‍റെയും പ്രതിയോഗികളില്‍പോലും മതിപ്പുളവാക്കുന്ന ആദരണീയമായ സ്വഭാവങ്ങളുടെയും ഉടമയായ നബിതിരുമേനിയുടെ നേരെ തീരെ നിലവാരം കുറഞ്ഞവരും വിഡ്ഢികളും അവിവേകികളുമല്ലാതെ നീചകൃത്യത്തിന് മുതിരുകയില്ല. പ്രത്യേകിച്ച്, തന്‍റെ സ്വന്തം ജനങ്ങള്‍ക്കിടയിലും മൊത്തം അറബികള്‍ക്കിടയില്‍തന്നെയും മഹനീയ സ്ഥാനത്ത് നില്ക്കുന്ന അബൂത്വാലിബിന്‍റെ സംരക്ഷണയിലുള്ള ഒരു വ്യക്തിക്ക്നേരെ. ഈ സാഹചര്യം ക്വുറൈശികളുടെ ഉറക്ക് കെടുത്തി. അവരെ അസ്വസ്ഥരും ആലോചനാ നിമഗ്നരുമാക്കി. ഈ ഊരാക്കുടുക്കില്‍നിന്ന് രക്ഷപ്പെടാവുന്ന ഒരു തീരുമാനത്തെക്കുറിച്ചവര്‍ ഗാഢചിന്തയിലാണ്ടു. ഇതിനവര്‍ കണ്ടെത്തിയ സുചിന്തിതമായ അഭിപ്രായമാണ് അനുരഞ്ജനത്തിന്റെതും അല്പം ഭീഷണിയുടേതുമായ സമീപനം. നബിയുടെ സംരംക്ഷകനായ അബൂത്വാലിബുമായി സംസാരിക്കുകതന്നെ.

അബൂത്വാലിബിന്‍റെ മുന്നില്‍
ചരിത്രകാരനായ ഇബ്നു ഇസ്ഹാഖ് രേഖപ്പെടുത്തുന്നു: ഏതാനും ഖുറൈശി പ്രമുഖര്‍ അബൂത്വാലിബിനെ സമീപിച്ചു പറഞ്ഞു: "അബൂത്വാലിബ്! താങ്കളുടെ സഹോദരപുത്രന്‍ ഞങ്ങളുടെ ദൈവങ്ങളെ ആക്ഷേപിക്കുന്നു. മതത്തെ നിന്ദിക്കുന്നു. നമ്മെ വിഡ്ഢികളായി ചിത്രീകരിക്കുന്നു. നമ്മുടെ പൂര്‍വപിതാക്കളെ പിഴച്ചവരായികാണുന്നു. അതിനാല്‍ താങ്കള്‍ അവനെ തടയുക. അല്ലെങ്കില്‍ അവനെ ഞങ്ങളെ ഏല്പിക്കുക. താങ്കളാകട്ടെ ഞങ്ങളുടെ വഴിയില്‍ തന്നെയാണുതാനും.' മൃദുലവും സൌമ്യവുമായി പ്രതികരിച്ചുകൊണ്ട് അബൂത്വാലിബ് അവരെ തിരിച്ചയച്ചു. നബിതിരുമേനി അല്ലാഹുവിന്‍റെ മതം പ്രബോധനം ചെയ്തുകൊണ്ട് തന്റെ വഴിക്കു നീങ്ങുകയും ചെയ്തു.(13) ഇത് ഖുറൈശികള്‍ക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. അവര്‍ ഒരിക്കല്‍ കൂടി അബൂത്വാലിബിനെ സമീപിച്ച് കൂടുതല്‍ കര്‍ക്കശവും കര്‍ശനവുമായ രീതിയില്‍ സംസാരിക്കാന്‍ തീരുമാനിച്ചു.

ക്വുറൈശീ പ്രമുഖര്‍ അബൂത്വാലിബിനെ വീണ്ടും സമീപിച്ചു പറഞ്ഞു: "അബൂത്വാലിബ്! താങ്കള്‍ ഞങ്ങള്‍ക്കിടയില്‍ ആദരണീയനും മുതിര്‍ന്നവനുമാണ്. താങ്കളുടെ സഹോദരപുത്രനെ തടയാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടതാണ്. പക്ഷേ, അതുണ്ടായില്ല. അല്ലാഹുവാണെ, ഞങ്ങള്‍ക്കിത് അസഹ്യമാണ്. ഞങ്ങളുടെ പൂര്‍വപിതാക്കന്മാരെ ആക്ഷേപിക്കുകയും ഞങ്ങളെ വിഡ്ഢികളാക്കുകയും ദൈവങ്ങളെ അധിക്ഷേപിക്കുകയും ചെയ്യുന്ന ഇവനെ താങ്കള്‍ തടയുക. അല്ലാത്തപക്ഷം, താങ്കളോടും അവനോടും ഞങ്ങള്‍ പോരാടുക തന്നെ ചെയ്യും. ഏതെങ്കിലുമൊരു കക്ഷി പരാജയപ്പെടുവോളം ഇത് ഞങ്ങള്‍ തുടരും.''
കടുത്ത ഈ ഭീഷണി അബൂത്വാലിബിന് പ്രയാസകരമാവുകതന്നെ ചെയ്തു. അദ്ദേഹം നബി തിരുമേനിയെ വിളിച്ചു പറഞ്ഞു: "സഹോദര പുത്രാ! നിന്റെ ജനങ്ങള്‍ എന്നെ സമീപിച്ചു. അവര്‍ ചില കാര്യങ്ങളെല്ലാം പറഞ്ഞു. അതിനാല്‍ നീ എന്‍റെയും നിന്‍റെയും കാര്യത്തില്‍ അല്പം കനിവുകാണിക്കണം. എന്നാലാവാത്തത് എന്നെ നീ വഹിപ്പിക്കരുത്'' തന്‍റെ പിതൃവ്യന്‍ തന്നെ കയ്യൊഴിക്കുകയാണെന്ന് മനസ്സിലാക്കിയ റസൂല്‍(സ) പറഞ്ഞു: 'പിതൃവ്യാ! അല്ലാഹുവാണെ സത്യം! അവരെന്‍റെ വലതുകൈയില്‍ സൂര്യനും ഇടതുകൈയില്‍ ചന്ദ്രനും വെച്ചുതന്നാല്‍പോലും ഞാനിതില്‍നിന്ന് വിരമിക്കുന്ന പ്രശ്നമില്ല. ഒന്നുകില്‍ ഇത് വിജയിക്കുക. അല്ലെങ്കില്‍ ഈ മാര്‍ഗത്തില്‍ ഞാന്‍ മരിച്ചു വീഴുക.'' ഇത് പറഞ്ഞ് കരഞ്ഞുകൊണ്ട് അവിടുന്ന് പുറത്തേക്കിറങ്ങി. ഉടനെ അബൂത്വാലിബ് തിരികെ വിളിച്ചുകൊണ്ട് പറഞ്ഞു. സഹോദരപുത്രാ! നീ പോയി നിനക്കിഷ്ടമുള്ളത് പറഞ്ഞോളൂ. ഒരു കാരണവശാലും നിന്നെ ഞാന്‍ കയ്യൊഴിക്കില്ല. തുടര്‍ന്നദ്ദേഹം രണ്ടുവരി കവിതയാലപിച്ചു:

"അവരാരും തിരിയില്ല നിന്‍റെ നേരെ, അല്ലാഹുവാണേ,
മണ്ണില്‍ ഞാന്‍ മറമാടപ്പെടുവോളം
പ്രഖ്യാപിക്കുക നീനിന്‍റെ കാര്യം, ഭയലേശമന്യേ,
കുളിരട്ടെ നിന്‍റെ നയനങ്ങള്‍, സന്തുഷ്ടി പൂകട്ടെ.''(14)

പ്രവാചകന്‍ തന്‍റെ ദൌത്യത്തില്‍തന്നെ മുന്നേറുകയാണെന്നും അബൂത്വാലിബ് അദ്ദേഹത്തെ കയ്യൊഴിക്കാന്‍ തയ്യാറില്ലെന്നും മനസ്സിലാക്കിയ ഖുറൈശികള്‍ ഉമാറബിന്‍ അല്‍വലീദുബിന്‍ മുഗീറ എന്ന യുവാവിനെയും കൊണ്ട് അബൂത്വാലിബിനെ സമീപിച്ചു. അവര്‍ പറഞ്ഞു: "അബൂത്വാലിബ്, ഇവന്‍ ഖുറൈശികളിലെ അഴകും ശക്തിയുമുള്ള യുവാവാണ്. താങ്കള്‍ക്ക് സഹായിയും പുത്രനുമായി ഇവനെ സ്വീകരിക്കുക. താങ്കളുടെയും പിതാക്കളുടെയും മതത്തെ എതിര്‍ക്കുകയും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുകയും അവരെ വിഡ്ഢികളായി ചിത്രീകരിക്കുകയും ചെയ്യുന്ന താങ്കളുടെ സഹോദര പുത്രനെ ഞങ്ങള്‍ക്കേല്പിക്കുക. അവനെ വധിച്ചോളാം. താങ്കള്‍ക്കു പകരത്തിനുപകരവുമായി.'' അദ്ദേഹം ആക്രോശിച്ചു: 'എന്തൊരു ദുഷിച്ച വിലപേശലാണിത്?! നിങ്ങളുടെ മകനെ ഞാന്‍ പോറ്റുക എന്റെ മകനെ വധിക്കാന്‍ ഞാന്‍ നിങ്ങള്‍ക്കു വിട്ടുതരികയും ചെയ്യുക! അല്ലാഹുവാണേ, ഇത് ഒരിക്കലും നടക്കുന്ന കാര്യമല്ല'' അപ്പോള്‍ കൂട്ടത്തിലുണ്ടായിരുന്ന മുത്വ്ഇംബിന്‍ അദിയ്യ് പറഞ്ഞു: അബൂത്വാലിബ് താങ്കളുടെ ജനത താങ്കളോട് നീതിയാണ് കാണിച്ചത്. താങ്കള്‍ തന്നെ വെറുക്കുന്ന ഒരു കാര്യത്തില്‍നിന്ന് അവര്‍ താങ്കളെ രക്ഷപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതിലൊന്നും താങ്കള്‍ സ്വീകരിക്കുന്നതായി കാണുന്നില്ലല്ലോ.' വീണ്ടുമദ്ദേഹം ആക്രോശിച്ചു. "നിങ്ങളെന്നോട് നീതിയല്ല കാണിച്ചത്. എന്നല്ല, എന്നെ കയ്യൊഴിക്കാനും ജനങ്ങളെ എനിക്കുനേരെ തിരിച്ചുവിടാനുമാണ് തയ്യാറായിട്ടുള്ളത്. നിനക്ക് തോന്നിയതുപോലെ ചെയ്യാം.(15)

ഖുറൈശികളുടെ ഈ ദൌത്യവും പരാജയപ്പെട്ടു. അബൂത്വാലിബിനെ തൃപ്തിപ്പെടുത്തി റസൂല്‍(സ)യെ തടയാമെന്ന പ്രതീക്ഷയുമില്ലാതായി. അങ്ങനെ അവര്‍ മറ്റൊരു മാര്‍ഗം തേടി. നബിതിരുമേനിയെ വധിച്ചു കളയുകതന്നെ.

കയ്യേറ്റം നബി(സ)ക്ക് നേരെയും
പ്രബോധനരംഗം വിജയിച്ചുവരുന്നത് ഏറെ ക്ഷമയോടെ കണ്ടിരിക്കാന്‍ ക്വുറൈശി പ്രമാണിമാര്‍ക്കാകുമായിരുന്നില്ല. കടുത്ത പരിഹാസവും നിന്ദയും അപഹാസവുമെല്ലാം തുടരുന്നതിനിടക്ക്തന്നെ നബിതിരുമേനിയെ കയ്യേറ്റം ചെയ്യാനും അവര്‍ ധൃഷ്ടരായി. ഇതിന്റെ മുന്‍പന്തിയില്‍ അബൂലഹബുണ്ടാവുകയെന്നത് സ്വാഭാവികം മാത്രം. കാരണം ഹാശിം കുടുംബത്തിലെ നേതാക്കളില്‍ ഒരുവനും ഇസ്ലാമിന്റെ കഠിന ശത്രുക്കളില്‍ പ്രമുഖനുമായിരുന്നു, അയാള്‍ ഇസ്ലാമിന്‍റെ പ്രാരംഭഘട്ടം മുതലേ നബിതിരുമേനിയുടെ ശത്രുവായി മാറിയിരുന്നു. അയാള്‍ ക്വുറൈശികള്‍ ചിന്തിച്ചു തുടങ്ങുന്നതിന് മുമ്പേ നബിതിരുമേനിക്കെതിരെ കയ്യേറ്റം നടത്തിത്തുടങ്ങിയിരുന്നു. ഹാശിം ഗോത്രത്തിന്‍റെ സദസ്സില്‍വെച്ചും സ്വഫാതാഴ്വരയില്‍ വെച്ചും ഇയാള്‍ ചെയ്തത് നാം നേരത്തെ വായിച്ചുവല്ലോ.

അബൂലഹബ് തന്റെ രണ്ടു മക്കളായ ഉത്ബയേയും ഉതൈബയേയുംകൊണ്ട്, പ്രവാചകത്വത്തിനുമുമ്പ് നബിതിരുമേനിയുടെ രണ്ട് പെണ്‍മക്കളായ റുക്വിയ്യ ഉമ്മുകുത്സൂം എന്നിവരെ വിവാഹം കഴിപ്പിച്ചതാണ്. പക്ഷേ, പ്രവാചകത്വത്തിനുശേഷം കര്‍ക്കശമായ നിലപാടെടുത്ത് വിവാഹമോചനം നടത്തിക്കുകയും ചെയ്തു.
നബിതിരുമേനിയുടെ ദ്വിതീയ പുത്രനായ അബ്ദുല്ല മരിച്ച വിവരമറിഞ്ഞ് സന്തോഷത്തോടെ അബൂലഹബ് തന്റെ കൂട്ടുകാരുടെയടുക്കലേക്ക് തിരിച്ചു, മുഹമ്മദ് ആണ്‍മക്കളില്ലാതെ മുരടറ്റവനാണെന്ന് പ്രഖ്യാപിക്കാന്‍.

ഹജ്ജ് വേളയിലും മേളകളിലുമെല്ലാം പ്രവാചകനെ കള്ളവാദിയായി ചിത്രീകരിക്കാന്‍ അബൂലഹബ് പിറകെ നടന്നത് നാം നേരത്തെ ഉദ്ധരിക്കുകയുണ്ടായി. ഈ വിഷയകമായി ത്വാരീഖ്ബിന്‍ അബ്ദുല്ലാഹില്‍ മുഹാരിബിയുടെ നിവേദനത്തില്‍ നബി(സ)യെ അബൂലഹബ് കല്ലെറിഞ്ഞു മുറിവേല്പിച്ചു എന്നുകൂടിയുണ്ട്.
അബൂലഹബിന്റെ ഭാര്യ ഹര്‍ബ്ബിന്‍ ഉമയ്യയുടെ പുത്രിയും അബൂസുഫ് യാന്‍റെ സഹോദരിയുമായ ഉമ്മുജമീല്‍ അര്‍വ നബി (സ)യോടുള്ള ശാത്രവത്തില്‍ ഒട്ടും കുറവു വരുത്തിയിരുന്നില്ല. അവള്‍ മുള്ളുകള്‍ ശേഖരിച്ച് അവിടുത്തെ നടവഴികളിലും പടിവാതുക്കലും രാത്രിയില്‍പോയി ചിതറുമായിരുന്നു. വായാടിയായിരുന്ന അവള്‍ തന്റെ മൂര്‍ച്ചയേറിയനാവ് നബിതിരുമേനിക്കെതിരെ നിര്‍ലോഭം പ്രയോഗിച്ചു. അതുവഴി കളവാരോപണങ്ങളും ചതിപ്രയോഗങ്ങളും നടത്തി കുഴപ്പം ആളിക്കത്തിക്കുകയും നബിക്കെതിരില്‍ നാനാതലങ്ങളിലും ഒരു പോരാട്ടം തന്നെ ഇളക്കി വിടുകയും ചെയ്തു. ഇതുകാരണം ക്വുര്‍ആന്‍ അവളെ 'വിറകു ചുമട്ടുകാരി' എന്ന് വിശേഷിപ്പിച്ചു.

തന്നെയും ഭര്‍ത്താവിനെയും കുറിച്ച് ക്വുര്‍ആന്‍ അവതരിച്ചത് കേട്ടു, കോപാന്ധയായി കൈയില്‍ ഒരു പിടി കല്ലുവാരി കഅബയുടെ തണലില്‍ വിശ്രമിക്കുകയായിരുന്ന നബി(സ)യുടെയും അബൂബക്കറിന്‍റെയും നേരെ അവള്‍ കുതിച്ചു. അവരുടെ മുന്നിലെത്തിയ അവള്‍ അബൂബക്കറിനെയല്ലാതെ കാണുന്നില്ല. അവളുടെ കാഴ്ചശക്തി അല്ലാഹു തട്ടിയെടുത്തുകളഞ്ഞു! അവള്‍ കോപം കൊണ്ടു ഗര്‍ജ്ജിച്ചു: അബൂബക്കര്‍! എവിടെ നിന്‍റെ കൂട്ടുകാരന്‍? അവനെന്നെ അധിക്ഷേപിച്ചുവല്ലെ? അവനെന്‍റെ കണ്ണില്‍ പെട്ടാല്‍ ഈ പിടി കല്ല് അവന്‍റെ വായില്‍ ഞാന്‍ എറിയും. നബി(സ)യെ കാണാതെ വന്നപ്പോള്‍ പക്ഷേ, എനിക്ക് കവിത ചൊല്ലാനറിയാമെന്ന് പറഞ്ഞ് അവള്‍ പാടി:

നിന്ദിതന്‍, ഞങ്ങളവനെ ധിക്കരിച്ചു
അവന്‍റെ കാര്യവും തിരസ്കരിച്ചു.
അവന്‍റെ മതവും ബഹിഷ്കരിച്ചു.

ഇതും പാടി അവള്‍ പിരിഞ്ഞുപോയി. അബൂബക്കര്‍(റ) തിരുമേനിയുടെ നേരെ തിരിഞ്ഞു ചോദിച്ചു: 'അല്ലാഹുവിന്‍റെ ദൂതരെ, അങ്ങയെ അവള്‍ കണ്ടില്ലേ?' അവിടുന്നു പറഞ്ഞു: 'അവളുടെ ദൃഷ്ടി എന്നില്‍നിന്ന് അല്ലാഹു തട്ടിയെടുത്തു.'(16)

അബൂലഹബ് പിതൃവ്യനും അയല്‍ക്കാരനുമായിരിക്കെ ഇവ്വിധമെല്ലാം നബിതിരുമേനിയോടു ചെയ്തു. നബി(സ)യെ വീട്ടില്‍വെച്ച് ഉപദ്രവിക്കാന്‍ അബൂലഹബിനുപുറമെ, ഹികമുബ്നു അബില്‍ ആസ്വ്ബ്നു ഉമയ്യ, ഉഖ്ബബ്നു അബീമുഅയ്ത്വ്, അദിയ്യിബ്നു ഹംറാ അഥഖ്ഫീ, ഇബിന്‍ അല്‍അസ്വ്ദാഅ് അല്‍ഹുദ്ലീ എന്നിവരുമുണ്ടായിരുന്നു. ഇവരെല്ലാം അയല്‍ക്കാരുമായിരുന്നു. ഇവരില്‍ നിന്ന് ഹികം മാത്രമാണ് പിന്നീട് ഇസ്ലാമാശ്ളേഷിച്ചത്.(17)
ഇവരില്‍ ചിലര്‍ ആടിന്‍റെ കുടല്‍മാലകള്‍ അവിടുന്ന് നമസ്കരിക്കുമ്പോള്‍ അവിടുത്തെ മുതുകില്‍ ചാര്‍ത്തിയതുകാരണം പിന്നീട് നമസ്കരിക്കുമ്പോള്‍ അവരുടെ ദൃഷ്ടിയില്‍ പെടാതിരിക്കാന്‍ അവിടുന്ന് മറ സ്വീകരിച്ചു. തിരുമേനി, ഈ കുടല്‍മാലയും പേറി അവര്‍ മടങ്ങിവരുന്നതും പ്രതീക്ഷിച്ചു പടിവാതില്‍ക്കല്‍ നില്ക്കും. എന്നിട്ട്, 'അബ്ദുമനാഫിന്‍റെ ഗോത്രമേ!, ഇതാണോ അയല്‍വാസബന്ധം? എന്ന് ചോദിച്ചുകൊണ്ട് അവ ഒഴിവാക്കും.(18)

ഇബ്നുമസ്ഊദ് പറയുന്നു: നബി(സ) കഅബയുടെ അരികെ നമസ്കരിക്കുമ്പോള്‍ അബൂജഹലും കൂട്ടരും അവിടെ ഇരിക്കുന്നുണ്ട്. അവര്‍ പരസ്പരം ചോദിച്ചു: 'ആരാണ് ഒരൊട്ടകത്തിന്‍റെ കുടല്‍മാല അവന്‍റെ ശിരസ്സില്‍ ചാര്‍ത്തുക' ദുഷ്ടനായ ഉഖ്ബത്തുബ്നു അബീ മുഅയ്ത്വ് അതിന് ധൃഷ്ടനായി തിരുമേനിയുടെ പിരടിയില്‍ അത് ചാര്‍ത്തുന്നത് കണ്ട ഞാന്‍ പറഞ്ഞു. 'എനിക്ക് ഇവനെ നേരിടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍? ഇതുകേട്ട് അവര്‍ ആടിയാടി ചിരിച്ചു. ഇത് കണ്ട് അവിടുത്തെ പുത്രി ഫാത്വിമ വന്ന് അതെടുത്തുകളഞ്ഞു. അവിടുന്ന് ശിരസ്സുയര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് നബി(സ) പ്രാര്‍ഥിച്ചു. 'അല്ലാഹുവേ, ക്വുറൈശികളെ നീ പിടികൂടണേ.' മൂന്നുതവണ ഇതാവര്‍ത്തിച്ചു. തുടര്‍ന്ന്, അബൂജഹലിനെയും ഉത്ബതുബ്നു റബീഅയേയും ശൈബബിന്‍ റബീഅയെയും വലീദുബ്നു ഉത്ബയെയും ഉമയ്യബിന്‍ ഖലഫിനേയും ഉഖ്ബബിനു അബീമുഅയ്തിനേയും -ഏഴാമതൊരു പേരും കൂടി എണ്ണി-എല്ലാം നീ പിടികൂടി ശിക്ഷിക്കണേ എന്ന് പ്രാര്‍ഥിച്ചു. പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിക്കുന്ന സ്ഥാനത്തുവെച്ചുള്ള ഈ പ്രാര്‍ഥന അവര്‍ക്ക് വലിയ പ്രയാസമായി. ഇവരെല്ലാം ബദ്റിലെ പൊട്ടക്കിണറ്റില്‍ എറിയപ്പെടുന്നത് ഞാന്‍ പിന്നീട് കാണുകയുണ്ടായി.(19)

ഉമയ്യബ്നു ഖലഫ് നബി(സ)യെ കണ്ടാല്‍ അധിക്ഷേപിക്കുകയും കണ്ണിറുക്കി നിസ്സാരമാക്കുകയും ചെയ്യുമായിരുന്നു. ഇതിനെക്കുറിച്ചാണ് ക്വുര്‍ആന്‍ അവതരിച്ചത്.

"അവഹേളിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും നാശം'' (104:1)(20)
ഒരിക്കല്‍ ഉഖ്ബ നബിയുടെ സദസ്സില്‍ സന്നിഹിതനായി അവിടുന്ന് സംസാരിക്കുന്നത് ശ്രദ്ധിച്ചു. ഇതറിഞ്ഞ ഉബയ്യ് ബിന്‍ ഖലഫ് ഇദ്ദേഹം ഉമയ്യയുടെ സഹോദരനാണ്- അദ്ദേഹത്തെ ആക്ഷേപിക്കുകയും നബി (സ)യുടെ മുഖത്ത് കാര്‍ക്കിച്ചുതുപ്പാന്‍ ആവശ്യപ്പെടുകയും ചെയ്തു. അവന്‍ അങ്ങനെത്തന്നെ ചെയ്തു. ഈ ഉബയ്യ് തന്നെ മറ്റൊരിക്കല്‍ നബിയുടെ മുഖത്തേക്ക് നുരുമ്പിയ എല്ലിന്‍പൊടി പറപ്പിച്ചുവിടുകയുമുണ്ടായി.(21)
നബിക്കെതിരെ പ്രവര്‍ത്തിച്ചിരുന്ന അഖ്നസ്ബ്നു ശരീഖ് അഥഖ്ഫീയെ ക്വുര്‍ആന്‍ ഒമ്പതുവിശേഷണങ്ങളിലൂടെയാണ് പരിചയപ്പെടുത്തുന്നത്. ഓരോന്നും അവന്റെ ദുഃസ്വഭാവം പ്രകടമാക്കിത്തരുന്നു:

"(അന്യരെ വിശ്വസിപ്പിക്കാന്‍ വേണ്ടി) അധികമായി സത്യം ചെയ്യുന്നവനും, നീചനും കുത്തുവാക്ക് പറയുന്നവനും, ഏഷണിയുമായി നടക്കുന്നവനും നന്മയ്ക്ക് തടസ്സം നില്ക്കുന്നവനും അതിക്രമിയും മഹാപാപിയും ക്രൂരനും അതിനുപുറമെ ദുഷ്കീര്‍ത്തിനേടിയതുമായ ഒരാളെയും നീ അനുസരിച്ചു പോകരുത്.' (68:10-13)
അബൂജഹല്‍ ചിലപ്പോള്‍ പ്രവാചകന്റെ അരികെ വന്നു ക്വുര്‍ആന്‍ ശ്രവിച്ച്, അതിനോട് തീര്‍ത്തും വിമുഖത കാണിച്ച് തരിച്ചുപോകും. ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് പ്രതിരോധിക്കുകയും ചെയ്തുകൊണ്ട് അഹങ്കാരപൂര്‍വം നടന്നു നീങ്ങും. ഈ ചെയ്തതത്രയും ഒരു വന്‍ കാര്യമാണ് എന്ന നിലയ്ക്ക്. അല്ലാഹു പറഞ്ഞു: "എന്നാല്‍ അവന്‍ വിശ്വസിച്ചില്ല നമസ്കരിച്ചതുമില്ല'' (75-31) നബി ഹറമില്‍ നമസ്കരിക്കുന്നത് അബൂജഹല്‍ നേരത്തെ തടഞ്ഞിരുന്നു. ഒരിക്കല്‍ മക്വാമു ഇബ്റാഹീമിന്റെ അരികെ നബി നമസ്കരിക്കുന്നത് കണ്ട് അബൂജഹല്‍ ആക്രോശിച്ചു. 'മുഹമ്മദ്, ഇവിടെ നമസ്കരിക്കുന്നത് നിന്നെ ഞാന്‍ വിരോധിച്ചതല്ലേ? "ഭീഷണിപ്പെടുത്തിയപ്പോള്‍ തിരുമേനി തിരിച്ചും പരുഷഭാവത്തില്‍ പെരുമാറുകയും തിരിച്ചും ഭീഷണിപ്പെടുത്തുകയും ചെയ്തു. അവന്‍ ചോദിച്ചു.'' "മുഹമ്മദ്! എന്തുകണ്ടാണ് നീ എന്നെ ഭീഷണിപ്പെടുത്തുന്നത്? അല്ലാഹുവാണെ, ഈ താഴ്വരയില്‍ ഏറ്റവും വലിയ സംഘബലമുള്ളവനാണ് ഞാന്‍!.'' അപ്പോള്‍ അല്ലാഹു, 'അവന്‍ അവന്റെ സഭക്കാരെ വിളിക്കട്ടെ! (96:17) എന്ന് തുടങ്ങുന്ന സൂക്തങ്ങള്‍ അവതരിപ്പിച്ചു.(22) ഈ സംഭവംതന്നെ മറ്റൊരു നിവേദനമനുസരിച്ച്, പ്രവാചകന്‍ അബൂജഹലിന്റെ കഴുത്തുപിടിച്ചു ഞെരിച്ചുകൊണ്ട് പറഞ്ഞു:
"നിനക്കേറ്റവും അര്‍ഹമായത് തന്നെ, നിനക്കേറ്റവും അര്‍ഹമായതുതന്നെ. വീണ്ടും, നിനക്കേറ്റവും അര്‍ഹമായതുതന്നെ. നിനക്കേറ്റവും അര്‍ഹമായതുതന്നെ.'' (75:34, 35) എന്ന് അപ്പോള്‍ അല്ലാഹുവിന്റെ ശത്രു ആക്രോശിച്ചു: "മുഹമ്മദ്! നീ എന്നെ ഭീഷണിപ്പെടുത്തുകയാണോ നിനക്കും നിന്റെ റബ്ബിനും എന്നെ ഒന്നും ചെയ്യാനാവില്ല.''

ഇതൊന്നും അബൂജഹലിന് ബോധോദയമുണ്ടാക്കിയില്ല. എന്നല്ല, പൂര്‍വോപരി ശക്തിയായി അക്രമത്തില്‍ മുഴുകുകയാണ് അവന്‍ ചെയ്തത്. ഒരിക്കലവന്‍ ജനങ്ങളോട് ചോദിച്ചു:' മുഹമ്മദ് നിങ്ങളുടെ മുമ്പില്‍വെച്ച് സുജൂദില്‍ വീഴുമോ? ആരോ പറഞ്ഞു: അതെ, അബൂജഹല്‍: ലാത്തയും ഉസ്സയും തന്നെ സത്യം! ഞാനത് കണ്ടാല്‍ അവന്റെ പിരടിക്ക് ചവിട്ടുകയും അവന്റെ മുഖം മണ്ണില്‍ പൂഴ്ത്തുകയും ചെയ്യും. "ചവിട്ടാന്‍വേണ്ടി നബിയെ സമീപിച്ച അവന്‍ കൈകൊണ്ട് തടുത്തു പിന്തിരിഞ്ഞോടുന്നതാണ് കണ്ടത്. കണ്ടുനിന്നവര്‍ ചോദിച്ചു: 'എന്തുപറ്റി അബുല്‍ഹകം? 'എന്റെയും അവന്റെയുമിടയില്‍ അഗ്നിയാലുള്ള ഒരു കിടങ്ങ്. മലക്കുകളുടെ ചിറകുകളും' അവന്‍ പറഞ്ഞു. റസൂല്‍(സ) പറഞ്ഞു: അവന്‍ എന്നെ സമീപിച്ചിരുന്നുവെങ്കില്‍ അവന്റെ ഓരോ അവയവങ്ങളും മലക്കുകള്‍ തട്ടിയെടുക്കുമായിരുന്നു. (23)

അല്ലാഹുവിന്റെ ആളുകളും ഹറം നിവാസികളുമെന്ന് അവകാശപ്പെട്ടിരുന്ന മുശ്രിക്കുകളില്‍നിന്ന് റസൂല്‍(സ)യും വിശ്വാസികളും അനുഭവിച്ച കിരാതവും അത്യധികം ക്രൂരവുമായ പീഡന മര്‍ദനങ്ങളുടെ ഒരു ലഘുചിത്രമാണിത്.
ഈ സാഹചര്യങ്ങളുടെയെല്ലാം സ്വാഭാവിക താല്പര്യമെന്നോണം, നവ മുസ്ലിംകളുടെ സുരക്ഷക്കുവേണ്ടിയും, പ്രബോധനരംഗത്ത് പരമാവധി പ്രയാസരാഹിത്യം സൃഷ്ടിച്ചെടുക്കുകയെന്ന ഉദ്ദേശ്യത്തോടെയും നബിതിരുമേനി സുപ്രധാങ്ങളായ രണ്ടു തീരുമാനങ്ങളെടുക്കുകയുണ്ടായി.

1. മഖ്സും ഗോത്രക്കാരന്‍ അര്‍ഖംബിന്‍ അബില്‍ അര്‍ക്വമിന്റെ വീട് പ്രബോധനത്തിനും അനുയായികള്‍ക്ക് ശിക്ഷണം നല്കുന്നതിനുമുള്ള കേന്ദ്രമായി തെരഞ്ഞെടുക്കുക.
2. മുസ്ലിംകളോട് എത്യോപ്യയി(ഹബ്ശ)ലേക്ക് പലായനം ചെയ്യാന്‍ നിര്‍ദേശിക്കുക.

അര്‍ക്വമിന്റെ വീട്ടില്‍:
അര്‍ക്വമിന്റെ വീട് ഈ ധിക്കാരികളുടെ ദൃഷ്ടിയില്‍നിന്ന് മറഞ്ഞ് സ്വഫാ മലയുടെ കീഴെ ഒരു സ്ഥലത്തായിരുന്നു. അതിനാല്‍നബി(സ) രഹസ്യമായി സന്ധിക്കാന്‍ ഈ വീട് തെരഞ്ഞെടുത്തു. അവിടെ നിര്‍ഭയത്തോടെ ക്വുര്‍ആന്‍ പഠന-സംസ്കരണ പരിപാടികള്‍ നടന്നു. പുതുതായി ഇസ്ലാം സ്വീകരിക്കുന്നവര്‍ക്ക് സുരക്ഷിതമായ ഒരു സ്ഥാനവുമായിരുന്നു ഇത്.

പരമരഹസ്യമായിട്ടായിരുന്നു റസൂല്‍(സ) ഇവിടെ എത്തിയിരുന്നത്. പരസ്യമായ ഒരു സമീപനമായിരുന്നു സ്വീകരിച്ചിരുന്നതെങ്കില്‍ തികഞ്ഞ പാരുഷ്യത്തോടെ മുസ്ലിംകളുടെ പഠന-സംസ്കരണ പരിപാടികള്‍ക്ക് മുശ്രിക്കുകള്‍ വിഘ്നം സൃഷ്ടിക്കുമായിരുന്നു. ഇത് ചിലപ്പോള്‍ ഒരു സംഘട്ടനത്തിന് തന്നെ വഴിതെളിയിക്കുകയും ചെയ്തേക്കാം. എന്നല്ല, അത്തരമൊന്ന് സംഭവിക്കുകതന്നെ ചെയ്തു. അത്, മുസ്ലിംകളില്‍ ചിലര്‍ താഴ്വരകളില്‍ സമ്മേളിച്ച് രഹസ്യമായി നമസ്കരിക്കുന്നത് ചില ക്വുറൈശി നിഷേധികളുടെ ദൃഷ്ടിയില്‍പെട്ടു. അവര്‍ മുസ്ലിംകളെ അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തു. അപ്പോള്‍ സഅദ്ബിനു അബീവഖാസ് ഒരൊട്ടകത്തിന്റെ താടിയെല്ലെടുത്ത് അവരില്‍ ഒരാളെ അടിച്ചു. അവന്റെ ശരീരത്തില്‍നിന്ന് രക്തമൊലിച്ചു. ഇസ്ലാമിക ഘട്ടത്തില്‍ ആദ്യമായുണ്ടായ രക്തച്ചൊരിച്ചില്‍ ഇതായിരുന്നു.

സംഘട്ടനങ്ങളുടെ ആധിക്യം മുസ്ലിംകളുടെ നാശത്തിനും തിരോധാനത്തിനും കാരണമാകുമെന്നുള്ളത് വ്യക്തമാണല്ലോ. അതിനാല്‍ ഏറെ സ്വഹാബികളും അവരുടെ ഇസ്ലാം സ്വീകരണവും പ്രബോധന പ്രവര്‍ത്തനങ്ങളും ആരാധനാകര്‍മങ്ങളും സമ്മേളനവുമെല്ലാം അതീവ രഹസ്യമായിട്ടായിരുന്നു നടത്തിയിരുന്നത്. എന്നാല്‍, നബി തിരുമേനി എല്ലാം അവഗണിച്ച് മുശ്രിക്കുകളുടെ മുമ്പില്‍ തന്നെയായിരുന്നു എല്ലാ കാര്യങ്ങളും നിര്‍വഹിച്ചിരുന്നത്. പക്ഷെ, മുസ്ലിംകളുടെ സമ്മേളനസ്ഥലത്ത് അദ്ദേഹം എത്തിയിരുന്നത് രഹസ്യമായിത്തന്നെയായിരുന്നു ഇത് തന്റെ അനുയായികളുടെ നന്മയിലും ഗുണത്തിലുമുള്ള താല്പര്യവും ആശയും കൊണ്ടുമാത്രമായിരുന്നു.

ഒന്നാം അബ്സീനിയന്‍ പലായനം
പ്രവാചകത്വത്തിന്റെ നാലാം വര്‍ഷം മധ്യത്തിലോ അന്ത്യത്തിലോ ആണ് ഈ മര്‍ദനങ്ങളുടെയെല്ലാം തുടക്കം. ലഘുവായി തുടങ്ങിയ ഈ മര്‍ദനങ്ങള്‍ ദിവസങ്ങളും മാസങ്ങളും പിന്നിട്ട് അഞ്ചാം വര്‍ഷത്തിന്റെ മധ്യത്തിലെത്തുമ്പോഴേക്കും ഗുരുതരാവസ്ഥ കൈവരിച്ചിരുന്നു. ഇത് പുതിയ മാര്‍ഗങ്ങളന്വേഷിക്കാന്‍ മുസ്ലിംകളെ പ്രേരിപ്പിച്ചു. ഇങ്ങനെ, കടുത്ത പ്രതിസന്ധികളും കഠിന ശിക്ഷകളും ക്ളേശകരമായ ജീവിതവുമായി നാളുകള്‍ കഴിക്കുമ്പോഴാണ്, അസ്സുമര്‍ അധ്യായം, അല്ലാഹുവിന്റെ ഭൂമി പ്രവിശാലമാണെന്ന അറിയിപ്പോടെ പലായനത്തിന് സൂചന നല്കിക്കൊണ്ടവതരിച്ചത്.
"ഈ ഐഹികജീവിതത്തില്‍ നന്മ പ്രവര്‍ത്തിച്ചവര്‍ക്കാണ് സല്‍ഫലമുള്ളത്. അല്ലാഹുവിന്റെ ഭൂമിയാകട്ടെ വിശാലമാകുന്നു. ക്ഷമാശീലര്‍ക്ക് തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റിക്കൊടുക്കപ്പെടുന്നത്. (39:10)''

നീതിനിഷ്ഠനും മാന്യനും അന്യരെ അക്രമിക്കാത്തവനുമാണ് അമ്പ്സീനിയ (എത്യോപ്യ)യിലെ രാജാവ് നേഗസ്(നജ്ജാശി) എന്ന് നബി തിരുമേനി അറിഞ്ഞിരുന്നു. അതിനാല്‍, മതസംരക്ഷണാര്‍ഥം അങ്ങോട്ട് പലായനം ചെയ്യാന്‍ നബി(സ) മുസ്ലിംകളോടു കല്പിച്ചു.(24)
ഇതിന്റെ അടിസ്ഥാനത്തില്‍ നുബൂവ്വത്തിന്റെ അഞ്ചാം വര്‍ഷം റജബ് മാസത്തില്‍ ഒന്നാം സംഘം അബ്സീനിയയിലേക്ക് പലായനം ചെയ്തു. പന്ത്രണ്ട് പുരുഷന്മാരും നാല് സ്ത്രീകളും അടങ്ങുന്ന ഈ സംഘത്തിന്റെ നേതാവ് ഉസ്മാന്‍ ബിന്‍ അഫ്ഫാനായിരുന്നു. കൂടെ അദ്ദേഹത്തിന്റെ ഭാര്യ, പ്രവാചകപുത്രി റുഖിയയുമുണ്ടായിരുന്നു. ഈ രണ്ടുപേരെയും ആദരിച്ചുകൊണ്ട് റസൂല്‍(സ) പറഞ്ഞു:

'ഇബ്റാഹീം, ലൂത്വ്(അ) എന്നിവര്‍ക്ക് ശേഷം ദൈവമാര്‍ഗത്തില്‍ പലായനം ചെയ്ത രണ്ട് വ്യക്തികളാണവര്‍.'
കനത്ത കൂരിരുട്ടിന്റെ മറവില്‍ ആ കൊച്ചുസംഘം ആരാരുമറിയാതെ തുറമുഖം ലക്ഷ്യമാക്കി നീങ്ങി. അബ്സീനിയായിലേക്ക് പുറപ്പെടാന്‍ തയ്യാറായി നില്ക്കുന്ന രണ്ട് കപ്പലുകള്‍ അവിടെ കാത്തുനില്ക്കുന്നുണ്ടായിരുന്നു. അതുവഴി അവര്‍ സ്ഥലം വിട്ടു. വിവരമറിഞ്ഞ ക്വുറൈശികള്‍ പിന്തുടര്‍ന്നെങ്കിലും അവരെത്തുമ്പോഴേക്കും അവര്‍ കടന്നുകഴിഞ്ഞിരുന്നു. അബ്സീനിയയില്‍ എത്തിയ മുസ്ലിംകള്‍ ഏറെ സൌകര്യത്തോടെയാണ് കഴിഞ്ഞുകൂടിയത്.

ഇതേ വര്‍ഷം റമളാനില്‍ തിരുമേനി ഹറമിലേക്ക് പുറപ്പെട്ടു. അവിടെവെച്ച് ഒരു സംഘം ക്വുറൈശി പ്രമുഖരുടെ മുമ്പാകെ വി. ക്വുര്‍ആനിലെ അന്നജ്മ്. അധ്യായം പാരായണം ചെയ്തു. ഈ ക്വുറൈശികള്‍ ക്വുര്‍ആന്‍ മുമ്പ് കേട്ടിരുന്നില്ല. കാരണം കേള്‍ക്കുന്നത് അവര്‍തന്നെ പരസ്പരം വിലക്കിയിരുന്നു.

"നിങ്ങള്‍ ഈ ക്വുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കരുത്. അത് പാരായണം ചെയ്യുമ്പോള്‍ നിങ്ങള്‍ ബഹളമുണ്ടാക്കുക. നിങ്ങള്‍ക്ക് (അതിനെ) അതിജയിക്കാന്‍ കഴിഞ്ഞേക്കാം.' (41:26). ദൈവവാക്യങ്ങളുടെ ആകര്‍ഷണീയതയും മനസ്സുകളെ കയ്യടക്കാനുള്ള അവയുടെ അനന്യസാധാരണ കഴിവും പ്രവാചകന്റെ പാരായണവും ഒത്തിണങ്ങിയപ്പോള്‍ ആ നിഷേധികളുടെ മനസ്സിനെ അല്പനേരത്തേക്ക് അത് കീഴടക്കിക്കളഞ്ഞു. എല്ലാം വെടിഞ്ഞ് അവര്‍ അതില്‍ മുഴുകി. അധ്യായത്തില്‍ അന്ത്യഭാഗത്ത് നിഷേധികള്‍ക്ക് ലഭിക്കുന്ന ഇഹപരശിക്ഷകളെ സംബന്ധിച്ച താക്കീതോടുകൂടി, അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന് പ്രണാമം ചെയ്യുക (അവനെ) ആരാധിക്കുകയും ചെയ്യുവീന്‍' (53:62) എന്ന് പാരായണം ചെയ്തുകൊണ്ട് പ്രവാചകന്‍ സുജൂദില്‍ (പ്രണാമം) വീണു. കേട്ടുനിന്ന മുശ്രിക്കുകള്‍ ഒന്നടങ്കം പ്രവാചകന്റെ കൂടെ സുജൂദില്‍! സത്യത്തിന്റെ വെളിച്ചം അല്പനേരത്തേക്ക് ആ അഹങ്കാരികളുടെ മനസ്സിനെ കീഴടക്കുകയായിരുന്നു. (25)

ദൈവിക വാക്യം അവരെ കീഴടക്കിക്കളയുമെന്ന വിവരം അവരറിഞ്ഞപ്പോള്‍ അവര്‍ ദുഃഖാകുലരായി. ഇതില്‍ സംബന്ധിക്കാത്ത മുശ്രിക്കുകള്‍ക്കിടയില്‍ നിന്നുള്ള ആക്ഷേപശരങ്ങള്‍ തുടരെത്തുടരെ വന്നപ്പോള്‍ പ്രവാചകന്റെ പേരില്‍ കളവ് പ്രചരിപ്പിക്കാന്‍ അവര്‍ ധൃഷ്ടരായി. അദ്ദേഹം അവരുടെ വിഗ്രഹങ്ങളെ ആദരപൂര്‍വം അതില്‍ പരാമര്‍ശിച്ചതിനാലാണ് അങ്ങനെ ചെയ്തത് എന്നും അവിടുത്തെ വിഗ്രഹങ്ങളെക്കുറിച്ച് 'ആ ഉന്നതശില്പങ്ങളുടെ ശുപാര്‍ശ പ്രതീക്ഷിതമാണ്' എന്ന് പാരായണം ചെയ്തതായും പ്രചരിപ്പിച്ചു. ചതിയും വഞ്ചനയും കുടില തന്ത്രങ്ങളും ജീവിതശൈലിയാക്കി മാറ്റിയ ഇവരില്‍ നിന്ന് ഇത് ഉത്ഭവിച്ചതില്‍ ഒരത്ഭുതവുമില്ല.(26)

ഈ വാര്‍ത്ത എത്യോപ്യയിലെ അഭയാര്‍ഥികളുടെ ചെവികളിലുമെത്തി. പക്ഷെ, തികച്ചും വ്യത്യസ്തമായ രൂപത്തില്‍, ക്വുറൈശികളെല്ലാം ഇസ്ലാം ആശ്ളേഷിച്ചിരിക്കുന്നു! സന്തുഷ്ടരായ അവര്‍ ഉടനെ മടങ്ങി. ഇത് അതേവര്‍ഷം ശവ്വാലിലായിരുന്നു. മക്കയോട് ഒരു മണിക്കൂര്‍ മാത്രം അകലമെത്തിയപ്പോഴാണ് സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമായത്. ചിലര്‍ തിരിച്ചുപോയി. ബാക്കിയുള്ളവര്‍ ഒതുങ്ങിയും പതുങ്ങിയും ക്വുറൈശികളുടെ സംരക്ഷണത്തിലുമായി മക്കയില്‍ പ്രവേശിച്ചു.

ക്വുറൈശികള്‍ മര്‍ദനം പൂര്‍വോപരി തീക്ഷ്ണമാക്കുകയാണുണ്ടായത്. നജ്ജാശി മുസ്ലിംകളെ നല്ല നിലയില്‍ സ്വീകരിച്ചുവെന്ന വിവരംകൂടി ലഭിച്ചപ്പോള്‍
അവരുടെ പക അധികരിക്കുകയും ചെയ്തു. ഇവരെ രണ്ടാമതും പലായനത്തിന് നിര്‍ദേശിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും നബിതിരുമേനിയുടെ മുമ്പിലുണ്ടായിരുന്നില്ല.

രണ്ടാം അബ്സീനിയന്‍ പലായനം: കൂടുതല്‍ അംഗങ്ങളുള്ള മറ്റൊരു പലായനത്തിനുകൂടി മുസ്ലിംകള്‍ ഒരുങ്ങിക്കഴിഞ്ഞു. ഇതുപക്ഷെ ആദ്യത്തെതിലും പ്രയാസകരമായ ഹിജ്റ ആയിരുന്നു. ക്വുറൈശികള്‍ മുസ്ലിംകളെ തടയാനും പിടിക്കാനും ജാഗരൂകമായിരുന്നു. പക്ഷെ, അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ പിടികൂടപ്പെടുന്നതിന് മുമ്പായി നജ്ജാശിയുടെ അടുക്കല്‍ അവരെത്തി.
ഈ യാത്രയില്‍ അമ്മാര്‍ ഉള്‍പ്പെടെ എണ്‍പത്തിമൂന്ന് പുരുഷന്മാരുണ്ടായിരുന്നു. അമ്മാറിന്റെ കാര്യത്തില്‍ സംശയമുണ്ട്. പതിനെട്ടോ പത്തൊമ്പതോ സ്ത്രീകളുമുണ്ടായിരുന്നു.

ക്വുറൈശികളുടെ ഗൂഢതന്ത്രം.
അഭയാര്‍ഥികളായ വിശ്വാസികള്‍ അവരുടെ വിശ്വാസത്തിനും ജീവനും ഒരുപോലെ സുരക്ഷിതത്വമുള്ള സ്ഥലത്താണ് എത്തിയത് എന്നത് ക്വുറൈശികള്‍ക്ക് പ്രയാസകരമായി. തങ്ങളുടെ കൂട്ടത്തില്‍ ശക്തരും ബുദ്ധിമാന്മാരുമായ അംറുബ്നു ആസ്വ്, അബ്ദുല്ലാഹിബ്നു അബീ റബീഅ എന്നീ രണ്ടുപേരെ തെരഞ്ഞെടുത്ത് ആകര്‍ഷകമായ സമ്മാനങ്ങളുമായി നജ്ജാശി രാജാവിന്റെയും അദ്ദേഹത്തിന്റെ സൈന്യാധിപന്മാരുടെയും അടുക്കലേക്ക് ക്വുറൈശികള്‍ അയച്ചു. സൈന്യാധിപന്മാരെ കണ്ട് ആവശ്യമായ രൂപത്തിലെല്ലാം സംസാരിച്ചശേഷം രണ്ടുപേരും സമ്മാനങ്ങളുമായി നജ്ജാശിയെ സമീപിച്ചുകൊണ്ട് പറഞ്ഞു:
"മഹാരാജാവേ, ഞങ്ങളുടെ നാട്ടില്‍നിന്ന് ഏതാനും അവിവേകികള്‍ താങ്കളുടെ നാട്ടില്‍ നുഴഞ്ഞുകയറിയിരിക്കുന്നു. അവര്‍ സ്വജനതയുടെ മതം പരിത്യജിച്ചവരും ഞങ്ങള്‍ക്കോ താങ്കള്‍ക്കോ പരിചയമില്ലാത്ത പുതിയ മതം കൊണ്ടുവന്നവരുമാണ്. താങ്കളുടെ മതത്തിലൊട്ട് പ്രവേശിച്ചിട്ടുമില്ല. അവരുടെ പിതാക്കളും പിതൃവ്യരും അടുത്ത ബന്ധുക്കളും അവരെ തിരിച്ചുകൊണ്ടുവരാന്‍ വേണ്ടി ഞങ്ങളെ നിയോഗിച്ചതാണ്. അവര്‍ ഇവരുടെ ന്യൂനതകളെക്കുറിച്ച് ശരിയായ ബോധമുള്ളവരാണ്.

സൈന്യാധിപന്മാര്‍ പറഞ്ഞു: 'മഹാരാജാവേ, ഇവര്‍ രണ്ടുപേരും പറയുന്നത് സത്യമാണ്. അവരെ ഇവരുടെ കൂടെ നാട്ടിലേക്ക് തിരിച്ചയച്ചാലും.'' എന്നാല്‍, നജ്ജാശി ചക്രവര്‍ത്തി പ്രശ്നം അന്വേഷിച്ചു പഠിക്കാന്‍ തീരുമാനിച്ചു. മുസ്ലിംകളെ തന്റെ സന്നിധിയില്‍ വിളിച്ചുവരുത്തി. എന്തുതന്നെയായാലും സത്യംതന്നെ പറയണമെന്ന തീരുമാനത്തിലെത്തിയിരുന്നു മുസ്ലിംകള്‍. നജ്ജാശി ചോദിച്ചു: നിങ്ങളുടെ സ്വന്തം മതം പരിത്യജിക്കാനും എന്റെ മതമോ മറ്റേതെങ്കിലും മതമോ സ്വീകരിക്കാതിരിക്കാനും നിങ്ങളെ പ്രേരിപ്പിച്ച ഈ മതമേതാണ്?

മുസ്ലിംകളുടെ ഭാഗത്ത് നിന്ന് സംസാരിച്ചത് ജഅ്ഫര്‍ ബിന്‍ അബീത്വാലിബാണ്. അദ്ദേഹം പറഞ്ഞു: രാജാവേ, ഞങ്ങള്‍ അജ്ഞരായ ഒരു ജനതയായിരുന്നു. വിഗ്രഹത്തെ പൂജിക്കുകയും ശവം ഭുജിക്കുകയും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും കുടുംബബന്ധം വിഛേദിക്കുകയും അയല്‍ക്കാരെ ദ്രോഹിക്കുകയും ഞങ്ങളിലെ ശക്തര്‍ ദുര്‍ബലരെ ചൂഷണം നടത്തുകയും ചെയ്യുന്ന ഒരു ജനത. അങ്ങനെയിരിക്കെ, അല്ലാഹു ഞങ്ങള്‍ക്ക് ഞങ്ങളില്‍നിന്നുതന്നെ ഒരു ദൈവദൂതനെ നിയോഗിച്ചുതന്നു. അദ്ദേഹത്തിന്റെ കുടുംബവും സത്യസന്ധതയും വിശ്വസ്തതയും മാന്യതയും ഞങ്ങള്‍ക്ക് നന്നായറിയാം. അദ്ദേഹം ഞങ്ങളെ ഏകദൈവാരാധനയിലേക്ക് ക്ഷണിച്ചു. ഞങ്ങളും ഞങ്ങളുടെ പൂര്‍വപിതാക്കളും ആരാധിച്ചിരുന്ന ശിലകളെയും ശില്പങ്ങളെയും കയ്യൊഴിക്കാനും ആവശ്യപ്പെട്ടു. സത്യം പറയുക, വിശ്വസ്തത പാലിക്കുക, കുടുംബബന്ധം ചേര്‍ക്കുക, അയല്‍ക്കാരോട് നന്നായി വര്‍ത്തിക്കുക, രക്തം ചിന്താതിരിക്കുക, അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ വര്‍ജിക്കുക, കള്ളം പറയാതിരിക്കുക, അനാഥകളുടെ സ്വത്ത് ഭുജിക്കാതിരിക്കുക, പതിവ്രതകളെക്കുറിച്ച് അപവാദം പറയാതിരിക്കുക തുടങ്ങിയ ധാര്‍മിക മുറകള്‍ അദ്ദേഹം ഞങ്ങളോടു കല്പിച്ചു. അല്ലാഹുവിനെ മാത്രം ആരാധിക്കാനും അവനില്‍ ഒന്നിനേയും പങ്കു ചേര്‍ക്കാതിരിക്കാനും നമസ്കാരം, നോമ്പ്, സകാത്ത് തുടങ്ങിയ ഇസ്ലാമിക കാര്യങ്ങള്‍ നിര്‍വഹിക്കാനും ഞങ്ങളോട് ആജ്ഞാപിച്ചു. ഞങ്ങളദ്ദേഹത്തെ വിശ്വസിച്ചു. അല്ലാഹുവില്‍നിന്ന് കൊണ്ടുവന്നതില്‍ അദ്ദേഹത്തെ ഞങ്ങള്‍ അനുഗമിക്കുകയും ചെയ്തു. അങ്ങനെ ഞങ്ങള്‍, അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരും ഒന്നിനേയും അവനില്‍ പങ്കുചേര്‍ക്കാത്തവരും അല്ലാഹു നിഷിദ്ധമാക്കിയത് വര്‍ജിക്കുന്നവരും അനുവദിച്ചത് ഉപയോഗിക്കുന്നവരുമായി മാറി. അപ്പോള്‍ ഞങ്ങളുടെ ജനത ഞങ്ങളെ കയ്യേറുകയും മതകാര്യത്തില്‍ മര്‍ദ്ദിക്കുകയും ചെയ്തു. ഞങ്ങളെ ഏകദൈവാരാധനയില്‍നിന്ന് വിഗ്രഹപൂജയിലേക്കും ഞങ്ങള്‍ കയ്യൊഴിച്ച മ്ളേഛതകളിലേക്കും തിരിച്ചുകൊണ്ടുപോകാന്‍ ബലം പ്രയോഗിച്ചു. ഞങ്ങളുടെ മതകാര്യങ്ങളില്‍ ഞങ്ങളെ കഷ്ടപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ അങ്ങയുടെ നാട്ടിലേക്ക് പോന്നു. മറ്റുള്ളവരേക്കാള്‍ താങ്കളെയാണ് ഞങ്ങള്‍ തെരഞ്ഞെടുത്തത്. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. അങ്ങയുടെ അടുക്കല്‍ ഞങ്ങള്‍ അക്രമിക്കപ്പെടുകയില്ലെന്ന പ്രതീക്ഷയുമാണ് ഞങ്ങള്‍ക്കുള്ളത്:

അപ്പോള്‍ നേഗസ് ചോദിച്ചു: "അല്ലാഹുവില്‍നിന്ന് ലഭിച്ച വല്ലതും താങ്കളുടെ കൂടെയുണ്ടോ?'' ജഅ്ഫര്‍: 'അതെ ഉണ്ട്.' നേഗസ് പറഞ്ഞു. അതെന്നെയൊന്ന് പാരായണം ചെയ്ത് കേള്‍പ്പിക്കുക.' അപ്പോള്‍ മറിയം അധ്യായത്തിന്റെ ആദ്യഭാഗം ഓതി കേള്‍പ്പിച്ചു. ഇതുകേട്ട് നജ്ജാശി കരഞ്ഞു. അദ്ദേഹത്തിന്റെ താടിയിലൂടെ കണ്ണീര്‍ ചാലിട്ടു. പുരോഹിതന്മാരും അതു കേട്ട് കരഞ്ഞു. അവരുടെ കൈവശമുണ്ടായിരുന്ന വേദഗ്രന്ഥത്തിന്റെ താളുകളെ അതു നനച്ചു. അപ്പോള്‍ നജ്ജാശി അവര്‍ രണ്ടുപേരോടും പറഞ്ഞു: തീര്‍ച്ചയായും ഇത് ഈസാ(അ)ക്കു ലഭിച്ച അതേ പ്രഭാകേന്ദ്രത്തില്‍ നിന്നുതന്നെ ലഭിച്ചതാണ്. ഞാനൊരിക്കലും ഇവരെ നിങ്ങള്‍ക്കേല്പിച്ചുതരില്ല. നിങ്ങള്‍ രണ്ടുപേര്‍ക്കും പോകാം.' രണ്ടുപേരും പുറത്തിറങ്ങി. അംറുബ്നുല്‍ ആസ്, അബ്ദുല്ലാ ഹിബ്നു റബീഅയോട് പറഞ്ഞു, അല്ലാഹുവാണേ, അവരില്‍ നേതാക്കളുടെ വേരറുത്തുകളയുന്ന ചില കാര്യങ്ങളുമായി നാളെ ഞാനവരെ സമീപിക്കുന്നതാണ്. അപ്പോള്‍ അബ്ദുല്ലാഹിബ്നു റബീഅ: പറഞ്ഞു: അങ്ങനെ ചെയ്യരുത്. അവര്‍ നമുക്ക് എതിരാണെങ്കിലും അവര്‍ക്ക് സഹായിക്കാന്‍ കുടുംബാംഗങ്ങളുണ്ട്. പക്ഷെ, അംറ് വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.

അടുത്തദിവസം അദ്ദേഹം നേഗസിനെ സമീപിച്ചു പറഞ്ഞു: "അല്ലയോ രാജാവേ, ഇവര്‍ മറിയമിന്റെ പുത്രന്‍ ഈസയെക്കുറിച്ച് വളരെ ഗുരുതരമായ ചില വാക്കുകളാണ് പറയുന്നത്? ഇതന്വേഷിക്കാന്‍ നേഗസ് അവരുടെ അടുക്കലേക്ക് ആളെ വിട്ടു. അവര്‍ ഭയപ്പെട്ടു. പക്ഷെ, എന്തുതന്നെ വന്നാലും സത്യം തുറന്നു പറയാന്‍ അവര്‍ തീരുമാനിച്ചു. അവര്‍ രാജാവിന്റെയരികെ പ്രവേശിച്ചപ്പോള്‍ രാജാവ് അവരോട് ഇതിനെക്കുറിച്ച് ചോദിച്ചു: ജഅ്ഫര്‍ മറുപടി പറഞ്ഞു: അദ്ദേഹത്തെക്കുറിച്ച് ഞങ്ങളുടെ പ്രവാചകന്‍ ഞങ്ങള്‍ക്ക് കൊണ്ടുവന്നു തന്നതാണ് ഞങ്ങള്‍ പറയുന്നത്: "അദ്ദേഹം, ദൈവദാസനും ദൂതനും ദിവ്യാത്മാവും കന്യാമറിയമില്‍ നിക്ഷേപിച്ച ദിവ്യവചനവുമാകുന്നു. അപ്പോള്‍ നജ്ജാശി നിലത്തുനിന്ന് ഒരു കമ്പെടുത്ത് കൊണ്ടുപറഞ്ഞു: മറിയമിന്റെ പുത്രന്‍ ഈസയെ കുറിച്ചു താങ്കള്‍ പറഞ്ഞത് ഈ കമ്പിന്റെ അത്രപോലും വ്യത്യാസത്തിലല്ല, തീര്‍ച്ച. അതുകേട്ട് സൈന്യാധിപന്മാര്‍ ശബ്ദമുണ്ടാക്കാന്‍ തുടങ്ങി. നേഗസ് പറഞ്ഞു: നിങ്ങള്‍ ശബ്ദമുണ്ടാക്കിയാലും.

തുടര്‍ന്ന് മുസ്ലിംകളോട് പറഞ്ഞു: നിങ്ങള്‍ പോകൂ, നിങ്ങള്‍ എന്റെ നാട്ടില്‍ നിര്‍ഭയരാണ്. നിങ്ങളെ ആക്ഷേപിക്കുന്നവര്‍ ശിക്ഷാര്‍ഹരാണ്. ഇത് മൂന്നുതവണ ആവര്‍ത്തിച്ചു. എനിക്കൊരു മലയോളം സ്വര്‍ണം ലഭിച്ചാലും നിങ്ങളിലൊരാളെയും ആക്ഷേപിക്കുന്നത് എനിക്കിഷ്ടമല്ല.
തന്റെ പരിവാരങ്ങളോടു പറഞ്ഞു: അവരുടെ സമ്മാനങ്ങള്‍ തിരിച്ചുകൊടുക്കുക. എനിക്കതാവശ്യമില്ല. എന്റെ ഭരണാധികാരം എനിക്ക് തിരിച്ചു നല്കിയപ്പോള്‍ അല്ലാഹു എന്നോട് കോഴവാങ്ങിയിട്ടില്ല എന്നിട്ട് ഞാനതില്‍ കോഴ വാങ്ങുകയോ? ജനങ്ങള്‍ എന്നെ അനുസരിക്കാത്ത കാര്യത്തില്‍ ഞാന്‍ അവരെ അനുസരിക്കുകയോ?

സംഭവം റിപ്പോര്‍ട്ട് ചെയ്യുന്ന ഉമ്മു സലമ പറയുന്നു: അവര്‍ അവരുടെ സമ്മാനവുംകൊണ്ട് നിന്ദ്യരായി നാട്ടിലേക്ക് തിരിച്ചു. ഞങ്ങള്‍ നേഗസിന്റെ അടുക്കല്‍ നന്മയോടെ സുഖമായി വസിച്ചു.(27)

ഈ സംഭവം ബദ്റിന് ശേഷമാണെന്നും അല്ല, രണ്ടുതവണ ഇതുപോലെ ദൌത്യസംഘം മുസ്ലിംകള്‍ക്കെതിരെ നജ്ജാശിയെ സമീപിച്ചിട്ടുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.

നബി(സ)ക്കെതിരെ വധശ്രമം
മുസ്ലിംകളെ തിരിച്ചുകൊണ്ടുവരാനുള്ള മുശ്രിക്കുകളുടെ തന്ത്രം പരാജയപ്പെട്ടതോടെ മക്കയില്‍ അവശേഷിച്ച വിശ്വാസികള്‍ക്ക് നേരെ കടുത്ത സമീപനങ്ങള്‍ അവര്‍ സ്വീകരിച്ചു തുടങ്ങി. നബിതിരുമേനിയുടെ നേരെയും അവരുടെ കരങ്ങള്‍ നീണ്ടു. അവരുടെ ഉറക്കം കെടുത്തിക്കളയുന്ന ഫിത്നയുടെ വേരറുക്കാന്‍ റസൂല്‍(സ)യെ വധിക്കുകയാണ് വേണ്ടതെന്ന നിലയ്ക്കുള്ള ചില നീക്കങ്ങളും അവരില്‍ നിന്ന് പ്രത്യക്ഷപ്പെട്ടു.

മക്കയില്‍ അവശേഷിച്ചിരുന്ന വിശ്വാസികള്‍ വളരെ തുച്ഛമായിരുന്നു. അവരാകട്ടെ പ്രമുഖരും സംരക്ഷണയുള്ളവരും തങ്ങളുടെ ഇസ്ലാം സ്വീകരണം രഹസ്യമായി സൂക്ഷിക്കുന്നവരുമായിരുന്നു. എന്നാലും അതിക്രമകാരികളുടെ കൈയറ്റങ്ങളില്‍നിന്ന് പൂര്‍ണ സുരക്ഷിതരായിരുന്നില്ല.

റസൂല്‍(സ) പക്ഷേ, പരസ്യമായിത്തന്നെയായിരുന്നു നമസ്കരിച്ചതും പ്രബോധനപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതും. യാതൊന്നും നബി(സ)യെ ഇതില്‍ നിന്ന് തടഞ്ഞിരുന്നില്ല. കാരണം,

"അതിനാല്‍ നീ കല്പിക്കപ്പെടുന്നതെന്തോ അത് ഉറക്കെ പ്രഖ്യാപിച്ചുകൊള്ളുക. ബഹുദൈവവാദികളില്‍ നിന്ന് തിരിഞ്ഞുകളയുകയും ചെയ്യുക'' (15: 94) എന്ന വിശുദ്ധ ക്വുര്‍ആന്റെ പ്രഖ്യാപനത്തിന്റെ താല്പര്യമായിരുന്നു ഇത്. അതിനാല്‍, മുശ്രിക്കുകള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അതിന് സൌകര്യപ്പെടുമായിരുന്നു. എന്നാല്‍ ആദരണീയമായ വ്യക്തിത്വത്തിന്റെയും പ്രൌഢോജ്വലമായ ഭാവത്തിന്റെയും ഉടമയെന്നതും അബൂത്വാലിബിന്റെ സംരക്ഷണയിലുള്ള വ്യക്തിയാണെന്നതും, അദ്ദേഹത്തെ കടന്നാക്രമിച്ചാല്‍ ഹാശിം കുടുംബം ഒന്നടങ്കം തിരിച്ചടിക്കുമെന്ന ആശങ്കയും മാത്രമായിരുന്നു പ്രത്യക്ഷത്തില്‍ അവരെ നബി(സ)യെ കയ്യേറ്റം ചെയ്യുന്നതിന് തടസ്സമായി നിന്നിരുന്നത്. എന്നാല്‍, ഇതിന്തന്നെയും വളരെ നേരിയ ഒരു സ്വാധീനമേയുണ്ടായിരുന്നുള്ളൂ. തങ്ങളുടെ ബഹുദൈവത്വപരമായ അന്തരീക്ഷവും മതപരമായ നേതൃത്വവും നബി തിരുമേനിയുടെ പ്രബോധനത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ നഷ്ടപ്പെട്ടുപോകുന്നുണ്ട് എന്ന് തോന്നിയതുമുതല്‍ തന്നെ അവര്‍ അദ്ദേഹത്തിന്നെതിരിലുള്ള നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞിരുന്നു.

നബിചര്യാ- ചരിത്രഗ്രന്ഥങ്ങള്‍ ഈ കാലഘട്ടത്തില്‍ നടന്നതെന്ന നിലയ്ക്ക് നമുക്ക് മുമ്പില്‍ അവതരിപ്പിക്കുന്ന സംഭവമാണ് അബൂലഹബിന്റെ പുത്രന്‍ ഉതൈബയുടേത്. ഇവന്‍ ഒരിക്കല്‍ നബി തിരുമേനിയുടെ അടുക്കല്‍ വന്നുപറഞ്ഞു:

"നക്ഷത്രം അസ്തമിക്കുമ്പോള്‍ അതിനെത്തന്നെയാണ് സത്യം' (53:1) എന്നതും അദ്ദേഹം (ജിബ്രീല്‍) അടുത്തുവന്നു, അങ്ങനെ കൂടുതല്‍ അടുത്തു'' (53:8) എന്നതും ഞാന്‍ അവിശ്വസിക്കുന്നു. പിന്നീട്, നബിയെ മര്‍ദിക്കുകയും കുപ്പായം വലിച്ചുകീറുകയും മുഖത്ത് കാര്‍ക്കിച്ച് തുപ്പുകയും ചെയ്തു. പക്ഷെ, അവന്‍ കാര്‍ക്കിച്ച് തുപ്പിയത് അവിടുത്തെ തിരുവചനത്തില്‍ പതിയുകയുണ്ടായില്ല. ഈ സന്ദര്‍ഭത്തില്‍ തിരുദൂതര്‍ അവനെതിരില്‍ പ്രാര്‍ഥിച്ചു. "അല്ലാഹുവേ, നിന്റെ നായ്ക്കളില്‍ ഒന്നിനെ അവന്റെ നേരെ നീ നിയോഗിക്കണമേ:'' അവിടുത്തെ പ്രാര്‍ഥന സ്വീകരിക്കപ്പെട്ടു. ഈ ഉതൈബ ഒരിക്കല്‍ ഒരു സംഘം ക്വുറൈശികള്‍ക്കൊപ്പം ശാമില്‍ ചെന്ന് അവിടെ സര്‍ഖാഅ് എന്ന സ്ഥലത്ത് താമസിക്കുകയായിരുന്നു. അന്ന് രാത്രി ഒരു സിംഹം അവരുടെയടുക്കല്‍ പ്രത്യക്ഷപ്പെട്ടു. ഉടനെ ഉത്ബ പറയാന്‍ തുടങ്ങി. 'നാശം! സഹോദരാ! മുഹമ്മദ് എനിക്കെതിരില്‍ പ്രാര്‍ഥിച്ചതുപോലെ അതെന്നെ പിടിച്ചുതിന്നും. ഞാന്‍ ശാമിലായിരിക്കെ മക്കയില്‍ നിന്ന് അവനെന്നെ കൊന്നു.'' അവരെല്ലാം കൂടി അവനെ അവര്‍ക്ക് മധ്യേയാക്കി കിടന്നുറങ്ങി. പക്ഷെ, സിംഹം അവര്‍ക്കിടയില്‍ നിന്ന് അവനെ പിടിച്ചു തലയറുത്തുകളഞ്ഞു.*

ഇതുപോലെ, ഉഖ്ബത്ബിന്‍ അബീമുഅയത് നബി(സ) സുജൂദിലിരിക്കെ അവിടുത്തെ പിരടിക്ക് ചവിട്ടി. തിരുമേനിയുടെ കണ്ണുതുറിച്ചുപോയി, ചവിട്ടിന്റെ ആഘാതം കൊണ്ട്. ശത്രുക്കള്‍ തിരുദൂതരെ വധിക്കാനുദ്ദേശിച്ചിരുന്നുവെന്ന് തെളിയിക്കുന്ന മറ്റൊരു സംഭവമാണ് ചരിത്രകാരനായ ഇബ്നു ഇസ്ഹാഖ് അബ്ദില്ലാഹിബിന്‍ അംറ്ബിന്‍ ആസ്വില്‍ നിന്നുദ്ധരിക്കുന്നത്: ക്വുറൈശികള്‍ ഹിജ്റില്‍ സമ്മേളിച്ചുകൊണ്ട് പറയുകയാണ്, 'ഈ മനുഷ്യന്റെ കാര്യത്തില്‍ നാം സഹിച്ചതുപോലെ മറ്റാരുടെ കാര്യത്തിലും നാം സഹിച്ചില്ല. അത്യധികം ഗുരുതരമായ ഒരു വിഷയത്തിലാണ് നാം ഈ സഹിക്കുന്നത്. ഇതുപറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ നബി(സ) അവിടെ പ്രത്യക്ഷപ്പെട്ട് കഅ്ബ ത്വവാഫ് (പ്രദക്ഷിണം) ചെയ്യാന്‍ തുടങ്ങി. ഓരോ തവണയിലും അവര്‍ അദ്ദേഹത്തെ ആക്ഷേപിച്ചുകൊണ്ടിരുന്നു. ഈ പ്രയാസം അവിടുത്തെ മുഖത്ത് പ്രത്യക്ഷമായിരുന്നു. മൂന്നാം തവണയും ഇതാവര്‍ത്തിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: 'ക്വുറൈശീ സമൂഹമെ! എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ തന്നെ സത്യം! നിങ്ങളെല്ലാം ഒരുനാള്‍ തുണ്ടങ്ങളായി മുറിക്കപ്പെടുന്നതാണ്.'' ഇതുകേട്ട് ജനങ്ങള്‍ സ്തബ്ധരായി നിന്നുപോയി. അവരില്‍ ഏറ്റവും ക്രൂരന്‍പോലും കരുണക്കായി യാചിച്ചുകൊണ്ട് പറഞ്ഞു: "അബുല്‍ക്വാസിം, മതിയാക്കൂ താങ്കളൊരിക്കലും വിഡ്ഢിയാക്കപ്പെട്ടിട്ടില്ല.''

പിറ്റേന്ന് അവര്‍ ഇതുപോലെ സംസാരിച്ചുകൊണ്ടിരിക്കേ നബി(സ) അവിടെ പ്രത്യക്ഷപ്പെട്ടു. ഉടനെ അവരൊന്നിച്ചു അദ്ദേഹത്തിനുമേല്‍ ചാടിവീണു. അതിലൊരാള്‍ അദ്ദേഹത്തിന്റെ വസ്ത്രമൊന്നാകെ ചുറ്റിപ്പിടിച്ചു. ഇതുകണ്ട അബൂബക്കര്‍(റ) കരഞ്ഞുകൊണ്ടവിടെ എത്തി. അദ്ദേഹമവരോട് ചോദിച്ചു: 'തന്റെ റബ്ബ് അല്ലാഹുവാണെന്ന് പറഞ്ഞതിന് നിങ്ങള്‍ ഒരു മനുഷ്യനെ വധിക്കുകയോ?' ഇതുകേട്ട് അവരെല്ലാം പിരിഞ്ഞുപോയി. ഇബ്നുഅംറ് പറയുന്നു: 'ഞാന്‍ കണ്ടതില്‍, ക്വുറൈശികള്‍ അദ്ദേഹത്തിന്നെതിരില്‍ നടത്തിയ ഏറ്റവും ശക്തമായ ഒരു നീക്കമായിരുന്നു അത്.'
ബുഖാരിയുടെ റിപ്പോര്‍ട്ടില്‍, ഉര്‍വതുബ്നു സുബൈര്‍ ഇബ്നു അംറിനോട് ചോദിച്ചു: 'നബി(സ)യോട് മുശ്രിക്കുകള്‍ ചെയ്ത കടുംകയ്യെന്താണ്?' അദ്ദേഹം പറഞ്ഞു: നബി(സ) കഅ്ബയുടെ 'ഹിജ്റി'ല്‍ നമസ്കരിച്ചുകൊണ്ടിരിക്കെ ഉത്ബതുബ്നു അബൂമുഅയ്ത് അവിടുത്തെ കഴുത്തില്‍ മുണ്ടിട്ട് മുറുക്കി ശ്വാസം മുട്ടിച്ചു കൊല്ലാന്‍ ശ്രമിച്ചു. അപ്പോള്‍ അബൂബക്കര്‍(റ) കടന്നുവന്ന് അവനെ തള്ളിമാറ്റിക്കൊണ്ട് ചോദിച്ചു: 'തന്റെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറഞ്ഞതിന് നിങ്ങളൊരു മനുഷ്യനെ വധിക്കുകയാണോ?'(28)

ഹംസ(റ)യുടെ ഇസ്ലാമാശ്ളേഷം
അക്രമത്തിന്റെയും മര്‍ദനങ്ങളുടെയും ദുഃഖപൂര്‍ണമായ അന്തരീക്ഷത്തിലും മര്‍ദിതര്‍ക്കായി പ്രകാശകിരണങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. അതിലൊന്നാണത്രെ ഹംസ(റ)വിന്റെ ഇസ്ലാം സ്വീകരണം. നുബുവ്വത്തിന്റെ ആറാം വര്‍ഷം അന്ത്യത്തില്‍ ഭൂരിപക്ഷാഭിപ്രായമനുസരിച്ച് ദുല്‍ഹജ്ജ് മാസത്തിലായിരുന്നു ഇത്.

ഇദ്ദേഹത്തിന്റെ ഇസ്ലാം സ്വീകരണത്തിന് ഹേതു അബൂജഹലാണ്. സ്വഫാ മലയുടെ അരികെവെച്ച് നബിതിരുമേനിയെ അബൂജഹല്‍ കഠിനമായി മര്‍ദിച്ച് അവശനാക്കി. റസൂല്‍(സ) ഒന്നുമുരിയാടാതെ അങ്ങനെത്തന്നെ നിന്നു. പിന്നീട് അവന്‍ ഒരു കല്ലെടുത്ത് അവിടുത്തെ ശിരസ്സില്‍ ശക്തിയായി ഇടിച്ചു. ഇതുകാരണം രക്തം ധാരയായി ഒഴുകി. എന്നിട്ട്, കഅബയുടെ സമീപം ക്വുറൈശികളുടെകൂടെ ചെന്നിരുന്നു. അബ്ദുല്ലാഹിബ്നു ജുദ്ആന്റെ ഒരടിമസ്ത്രീ ഇതെല്ലാം തന്റെ വീട്ടിലിരുന്നു കാണുന്നുണ്ടായിരുന്നു. അപ്പോള്‍ ആ വഴിക്ക് വേട്ടയും കഴിഞ്ഞ് വില്ല് ചുമലില്‍ തൂക്കി വന്ന ഹംസയോട് ഇവള്‍ കണ്ടെതെല്ലാം പറഞ്ഞു. ഒട്ടും വഴങ്ങാത്ത ശക്തനും ധീരനുമായ ഹംസയെ ഇത് പ്രകോപിപ്പിച്ചു. ആരോടും ഒന്നും സംസാരിക്കാതെ നേരിട്ട് അബൂജഹലിനെ ലക്ഷ്യമാക്കി ഹംസ കുതിച്ചു. കഅബയില്‍ ക്വുറൈശികള്‍ക്കിടയില്‍ ഇരിക്കുകയായിരുന്ന അബൂജഹലിന്റെ അടുക്കല്‍ ചെന്ന് ആക്രോശിച്ചു. 'ദുഷ്ടാ, നീ അവനെ അധിക്ഷേപിച്ചുവല്ലേ? നീ എന്റെ സഹോദരപുത്രനെ അധിക്ഷേപിക്കുകയോ, ഞാനും അവന്റെ മതം സ്വീകരിച്ചിരിക്കേ?' പിന്നെ വില്ലുകൊണ്ട് ശക്തിയായി പ്രഹരിച്ചു. അപ്പോഴേക്കും, അബൂജഹലിന്റെ മഖ്സും ഗോത്രക്കാരും ഹംസയുടെ ഹാശിം ഗോത്രക്കാരും പ്രത്യക്ഷപ്പെട്ടു. അബൂജഹല്‍ പറഞ്ഞു: 'അബൂഉമാറയെ വിട്ടേക്കുക. ഞാനവന്റെ സഹോദരപുത്രനെ മോശമായി ചീത്തവിളിച്ചതുകൊണ്ടാണ്.'(29)
ഹംസയുടെ ഇസ്ലാം സ്വീകരണത്തിന് കാരണമിതായിരുന്നുവെങ്കിലും പിന്നീട് അല്ലാഹു അദ്ദേഹത്തെ പരിശുദ്ധനാക്കി. ഇതുവഴി ഇസ്ലാം ഏറെ യശസ്സാര്‍ജിച്ചിട്ടുണ്ട്.

ഉമര്‍ ഇസ്ലാമിലേക്ക്
ഇക്കാലത്ത് തന്നെ മറ്റൊരു പ്രകാശകിരണവും കൂടി പ്രത്യക്ഷപ്പെട്ടു. അത് നേരത്തേതിലും ശക്തമായിരുന്നു. അതത്രെ ഉമറിന്റെ ഇസ്ലാം സ്വീകരണം. നുബുവ്വത്തിന്റെ ആറാം വര്‍ഷം ദുല്‍ഹിജ്ജ മാസത്തിലാണ് ഇത്. ഹംസയുടെ ഇസ്ലാം സ്വീകരണത്തിന്റെ മൂന്നു നാളിനുശേഷം ഉമറിന്റെ ഇസ്ലാം സ്വീകരണത്തിനുവേണ്ടി നബി തിരുമേനി പ്രാര്‍ഥിച്ചിരുന്നു. തിര്‍മുദി ഇബ്നു ഉമറില്‍ നിന്നും ത്വബ്റാനി ഇബ്നു മസ്ഊദില്‍ നിന്നും അനസില്‍ നിന്നും റിപ്പോര്‍ട്ടുചെയ്യുന്നു. നബി(സ) പ്രാര്‍ഥിച്ചു: 'അല്ലാഹുവേ, ഉമറുബിന്‍ ഖത്വാബോ അബൂജഹല്‍ ബിന്‍ഹിശാമോ, ഇവരില്‍ നീ ഇഷ്ടപ്പെടുന്ന ഒരാള്‍ ഇസ്ലാം സ്വീകരിച്ചുകൊണ്ട് ഇസ്ലാമിനെ നീ ശക്തിപ്പെടുത്തിത്തരേണമേ!'' അല്ലാഹു ഇഷ്ടപ്പെട്ടത് ഉമര്‍ബിന്‍ ഖത്വാബിനെയായിരുന്നു. (30)

ഉമറിന്റെ ഇസ്ലാം സ്വീകരണത്തെക്കുറിച്ച റിപ്പോര്‍ട്ടുകള്‍ മുഴുവന്‍ പരതി പരിശോധിച്ചാല്‍ അദ്ദേഹത്തിന്റെ ഇസ്ലാം സ്വീകരണം ക്രമപ്രവൃദ്ധമായിരുന്നുവെന്ന് കാണാന്‍ കഴിയും. പക്ഷെ, അതിനുമുമ്പ് അദ്ദേഹത്തിന്റെ പ്രകൃതിപരമായ ചില പ്രത്യേകതകള്‍ വിശദീകരിക്കുന്നത് നല്ലതാണ്.

ആര്‍ക്കും വഴങ്ങാത്ത പരുക്കന്‍ പ്രകൃതിയുടെ ഉടമയായിരുന്നു ഉമര്‍. ദീര്‍ഘകാലം മുസ്ലിംകള്‍ അദ്ദേഹത്തില്‍ നിന്ന് മര്‍ദനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ഉമറിന്റെ ആത്മാവ് വൈരുദ്ധ്യങ്ങളുടെ സംഘട്ടനമായിരുന്നു. പൂര്‍വപിതാക്കളുടെ സമ്പ്രദായങ്ങളോടും ആചാരങ്ങളോടുമുള്ള ആദരവും വിനോദങ്ങളോടും ലഹരിയോടുമുള്ള വിധേയത്വവും ഒരുഭാഗത്ത്, എന്നാല്‍ മുസ്ലിംകളുടെ ദൃഢമനസ്കതയിലും വിശ്വാസകാര്യങ്ങളില്‍ പരീക്ഷണങ്ങളെ അതിജീവിക്കാനുള്ള താല്പര്യങ്ങളോടുമുള്ള മതിപ്പ് മറുഭാഗത്തും. കൂടാതെ, ഏതൊരു വ്യക്തിയേയും സ്വാധീനിക്കുന്ന സംശയം, അതായത് ക്ഷണിക്കപ്പെടുന്ന ഇസ്ലാം മറ്റുള്ളതിനേക്കാളെല്ലാം ശ്രേഷ്ഠമാണെന്ന തോന്നല്‍, ഇതുകാരണം ചീറ്റപ്പുലിയെപ്പോലെ പ്രത്യക്ഷപ്പെടുന്ന ഉമര്‍ മാന്‍പേടയെപ്പോലെ ശാന്തനുമാകും.
ഒരു ദിവസം ഉമര്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങി കഅബയില്‍ വന്നു. അപ്പോഴവിടെ നബി(സ) നിന്ന് നമസ്കരിക്കുന്നത് കണ്ടു. അവിടുന്ന് വിശുദ്ധ ക്വുര്‍ആനിലെ അല്‍ഹാക്ക്വ (69ാം അധ്യായം) പാരായണം ചെയ്തുതുടങ്ങി. ഉമര്‍ അത് ശ്രദ്ധിച്ചുകേട്ടു. അതദ്ദേഹത്തിന്റെ മനസ്സിലേക്ക് സാവധാനത്തില്‍ ഇറങ്ങിച്ചെന്നുകൊണ്ടിരുന്നു. അപ്പോഴദ്ദേഹം ക്വുറൈശികള്‍ പറയുന്നതുപോലെ ഇദ്ദേഹമൊരു കവിയാണ്, ജ്യോത്സ്യനാണ് എന്നെല്ലാം പറയാന്‍ തുടങ്ങി. നബിതിരുമേനി തുടര്‍ന്ന് പാരായണം ചെയ്തു:

"തീര്‍ച്ചയായും ഇത് മാന്യനായ ഒരു ദൂതന്റെ വാക്കുതന്നെയാകുന്നു. ഇതൊരു കവിയുടെ വാക്കല്ല. വളരെ കുറച്ചേ നിങ്ങള്‍ വിശ്വസിക്കുന്നുള്ളൂ. ഒരു ജ്യോത്സ്യന്റെ വാക്കുമല്ല. വളരെ കുറച്ചേ നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ. ഇത് ലോകരക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതാകുന്നു.'' (69:40-43) തുടര്‍ന്ന് അധ്യായം മുഴുവന്‍ പാരായണം ചെയ്തു. ഉമര്‍ പറയുന്നു: അന്ന് ഇസ്ലാം എന്റെ മനസ്സില്‍ സ്ഥാനം പിടിച്ചതാണ്.(31)
പക്ഷെ, അജ്ഞാനകാലഘട്ടത്തിന്റെ പ്രേരകങ്ങളും വിഭാഗീയമായ അനുകരണങ്ങളും, പിതാക്കളുടെ മതത്തോടുള്ള ആദരവും യാഥാര്‍ഥ്യബോധത്തെ അതിജയിക്കുകയും മനസ്സില്‍ മന്ത്രിക്കുകയും ചെയ്തുകൊണ്ടിരുന്നു. അതുകാരണം, ജാഹിലിയ്യത്തിന്റെ പുറംതൊലിക്ക് താഴെ ഒളിഞ്ഞിരുന്ന ഈ വികാരത്തെ അവഗണിച്ചുകൊണ്ട് ഇസ്ലാമിനുനേരെ പ്രവര്‍ത്തിക്കാന്‍ തന്നെ തുനിഞ്ഞു.

പ്രകൃതിജന്യമായ തന്റെ പാരുഷ്യവും നബിതിരുമേനിയോടുള്ള ശത്രുതയും കാരണം അവിടുത്തെ വധിച്ചുകളയാനായി വാളുമേന്തി ഉമര്‍ ഒരിക്കല്‍ പുറപ്പെട്ടു. വഴിയില്‍ നൂഐംബിന്‍ അബ്ദുല്ല അന്നഹാം അല്‍അദ്വിയെ കണ്ടുമുട്ടി (സഹ്റ: ഗോത്രക്കാരനോ മഖ്സൂം ഗോത്രക്കാരനോ ആയ ഒരാളെയാണെന്നും പക്ഷമുണ്ട്) "ഉമര്‍ എവിടെപോകുന്നു?'' അദ്ദേഹം ചോദിച്ചു. "ഞാന്‍ മുഹമ്മദിനെ വധിക്കാന്‍ പോവുകയാണ്.'' ഉമറിന്റെ മറുപടി. അദ്ദേഹം ചോദിച്ചു: "മുഹമ്മദിനെ വധിച്ചശേഷം ഹാശിം ഗോത്രവും സഹ്റ ഗോത്രവും നിന്നെ വെറുതെ വിടുമെന്നാണോ ധരിക്കുന്നത്?'' അപ്പോള്‍ ഉമര്‍ പറഞ്ഞു: "സ്വപിതാക്കളുടെ മതം ഉപേക്ഷിച്ച് താനും പുതിയ മതം സ്വീകരിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്?

അദ്ദേഹം: നിനക്ക് ഞാനൊരു അത്ഭുതം കാണിച്ചുതരട്ടെ ഉമറേ! നിന്റെ സഹോദരിയും ഭര്‍ത്താവും ഇസ്ലാം ആശ്ളേഷിച്ചിരിക്കുന്നു. നിന്റെ മതം അവര്‍ കയ്യൊഴിക്കുകയും ചെയ്തിരിക്കുന്നു. കേട്ടപാടെ, ഉമര്‍ ധൃതിയില്‍ അങ്ങോട്ടു കുതിച്ചു. അവിടെ അപ്പോള്‍ ഖബ്ബാബ് ബിന്‍ അറതുമുണ്ടായിരുന്നു. അവരുടെ കൂടെ വിശുദ്ധ ക്വുര്‍ആനിലെ ത്വാഹാ എന്ന അദ്ധ്യായത്തിന്റെ ലിഖിതവുമുണ്ട്. ഉമറിന്റെ ആഗമനം മനസ്സിലാക്കിയ ഖബ്ബാബ് വീട്ടില്‍ ഒളിച്ചു. സഹോദരി ഫാത്വിമ ആ ലിഖിതവും ഒളിപ്പിച്ചു. ഉമര്‍ വീടിനോടടുത്തപ്പോള്‍ ഖബ്ബാബിന്റെ പാരായണം കേട്ടതായിരുന്നു. അകത്തു കടന്ന ഉമര്‍ ഗര്‍ജിച്ചു. ഞാനാകേട്ട മൂളല്‍ എന്തായിരുന്നു? രണ്ടുപേരും പറഞ്ഞു. ഞങ്ങള്‍ സംസാരിച്ചതല്ലാതെ ഒന്നുമില്ല. ഉമര്‍ പറഞ്ഞു. നിങ്ങള്‍ രണ്ടുപേരും മതം മാറിയിട്ടുണ്ടല്ലോ? സഹോദരി ഭര്‍ത്താവ് പറഞ്ഞു: ഉമര്‍ നിന്റേതല്ലാത്ത മതമാണ് സത്യമെങ്കില്‍? ഉടനെ ഉമര്‍ അദ്ദേഹത്തിന്റെ മേല്‍ ചാടിവീണ് ശക്തിയായി അടിച്ചു. പ്രതിരോധിക്കാന്‍ എത്തിയ സഹോദരിയേയും പ്രഹരിച്ചു. അവളുടെ മുഖത്ത് നിന്ന് രക്തം പൊടിഞ്ഞു. കോപിഷ്ഠയായി അവള്‍ പ്രഖ്യാപിച്ചു: "ഉമര്‍, സത്യം നിന്റെ മതത്തിലല്ലെങ്കില്‍, ഞാനിതാ അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുന്നു.''
ആശയറ്റ ഉമര്‍, തന്റെ സഹോദരിയുടെ മുഖത്തെ രക്തപ്പാടുകള്‍ കണ്ടപ്പോള്‍ ദുഃഖിക്കുകയും ലജ്ജിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ പാരായണം ചെയ്ത ലിഖിതം എന്നെയൊന്ന് കാണിക്കൂ. ഞാനൊന്ന് പാരായണം ചെയ്യട്ടെ. സഹോദരി പറഞ്ഞു: നീ മലിനമാണ്. വൃത്തിയില്ലാതെ ഇത് സ്പര്‍ശിച്ചുകൂടാ. കുളിച്ചുവരൂ. കുളിച്ചുവന്ന് അതെടുത്ത് പരായണം ചെയ്തു. "പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍:'' ഹാ എന്തൊരു നല്ല നാമങ്ങള്‍! തുടര്‍ന്ന് ത്വാഹാ അധ്യായം ആദ്യം മുതല്‍ പരായണം ചെയ്തു. "തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍ എന്നെ നീ ആരാധിക്കുകയും എന്നെ ഓര്‍മിക്കുന്നതിനായി നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക.'' (20:1-14) എന്നതുവരെയെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: "ഇതെത്ര സുന്ദരമായ വാക്യങ്ങളാണ്. മുഹമ്മദ് എവിടെയെന്ന് എനിക്ക് കാണിച്ചുതരൂ.''

ഇതുകേട്ടപ്പോള്‍ ഖബ്ബാബ് വീട്ടില്‍ നിന്ന് പുറത്തുവന്നു. സന്തോഷിക്കൂ ഉമര്‍! പ്രവാചകന്റെ ബുധനാഴ്ച രാത്രിയിലെ പ്രാര്‍ഥന താങ്കള്‍ക്ക് ലഭിച്ചിരിക്കുന്നുവെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ഉമര്‍ തന്റെ ഖഡ്ഗവുമണിഞ്ഞ് അര്‍ക്വമിന്റെ വീടു ലക്ഷ്യമാക്കി നടന്നു. വാതിലില്‍ മുട്ടി. അകത്തുനിന്നൊരാള്‍ വാതില്‍ പാളിയിലൂടെ നോക്കുമ്പോള്‍ ഖഡ്ഗവുമണിഞ്ഞ് ഉമര്‍ പുറത്തുനില്‍ക്കുന്നു! വിവരം റസൂലുല്ലാഹ്യോട് പറഞ്ഞു. ജനങ്ങള്‍ സജ്ജരായി. ഹംസ ചോദിച്ചു: എന്താണ്? ഉമര്‍! അവര്‍ പറഞ്ഞു, ഹംസ: ഉമര്‍, വാതില്‍ തുറന്നുകൊടുത്തേക്കൂ. സൌഹൃദത്തിലാണ് വരുന്നതെങ്കില്‍ നമുക്ക് സ്വീകരിക്കാം. മറിച്ചാണെങ്കില്‍ അവന്റെ വാളുകൊണ്ടുതന്നെ അവന്റെ തലകൊയ്യാം. റസൂല്‍(സ) പുതിയ അതിഥിയെ സ്വീകരിക്കാനെത്തി. തന്റെ വസ്ത്രങ്ങള്‍കൂട്ടി അദ്ദേഹത്തെ പിടിച്ചു. "നീ വലീദിനെപോലെ നിന്ദ്യനാകാന്‍ വേണ്ടി ആഗതനായതാണോ? അല്ലാഹുവേ, ഉമര്‍ ഇതാ, ഇദ്ദേഹത്തെക്കൊണ്ട് നീ ഇസ്ലാം ശക്തിപ്പെടുത്തേണമേ, അപ്പോള്‍ ഉമര്‍ പ്രഖ്യാപിച്ചു. 'അശ്ഹദുഅന്‍ലാ ഇലാഹ.........'' അതോടെ, കഅ്ബയിലുള്ളവര്‍ കേള്‍ക്കുമാറുച്ചത്തില്‍ എല്ലാവരും തക്ബീര്‍ മുഴക്കി.
ഉമറിന്റെ ഇസ്ലാം സ്വീകരണം ബഹുദൈവാരാധകര്‍ക്ക് നിന്ദ്യതയും വിശ്വാസികള്‍ക്ക് പ്രതാപവും വര്‍ധിപ്പിക്കുകയുണ്ടായി. ഉമര്‍ പറയുന്നു: ഞാന്‍ മുസ്ലിമായപ്പോള്‍ ചോദിച്ചു: മക്കയില്‍ ആരാണ് പ്രവാചകനോട് ഏറെ ശത്രുത കാണിക്കുന്നത്? 'അബൂജഹല്‍' മറുപടി കിട്ടി. ഞാന്‍ അബൂജഹലിന്റെ വാതിലില്‍ ചെന്നുമുട്ടി. അവന്‍ പുറത്തുവന്നു പറഞ്ഞു: "സ്വാഗതം, എന്തേ വന്നത്?'' ഞാന്‍ പറഞ്ഞു: "അല്ലാഹുവിലും അവന്റെ ദൂതന്‍ മുഹമ്മദിലും അദ്ദേഹം കൊണ്ടുവന്നതിലും ഞാന്‍ വിശ്വസിച്ചിരിക്കുന്നുവെന്ന് നിന്നെ അറിയിക്കാന്‍' ഉടനെ എന്റെ നേരെ വാതില്‍ കൊട്ടിയടച്ചു പറഞ്ഞു: അല്ലാഹു നിന്നെ നശിപ്പിക്കട്ടെ. നീ കൊണ്ടുവന്നതിനേയും.''(32)

ഉമര്‍ ഇസ്ലാം സ്വീകരിച്ചപ്പോള്‍ ജുമൈല്‍ബിന്‍ മുഅമ്മര്‍ അല്‍ജംഹിയെ സമീപിച്ചു. താന്‍ മുസ്ലിമായെന്ന് അദ്ദേഹത്തെ അറിയിച്ചു. ഇദ്ദേഹം പള്ളിയില്‍ചെന്ന് ക്വുറൈശികള്‍ക്ക് വാര്‍ത്തകള്‍ എത്തിക്കുന്ന ആളാണ്. ഉടനെ ജുമൈല്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: "ഖത്വാബിന്റെ പുത്രന്‍ മതം മാറിയിരിക്കുന്നു. അപ്പോള്‍ പിന്നില്‍ തന്നെയുണ്ടായിരുന്ന ഉമര്‍ പറഞ്ഞു: കളവ്! ഞാന്‍ ഇസ്ലാം സ്വീകരിക്കുകയാണ് ചെയ്തത്. എല്ലാവരും കൂടി അദ്ദേഹത്തിന്റെ നേരെ ചാടിവീണു. അവര്‍ പരസ്പരം ഏറ്റുമുട്ടി. സൂര്യന്‍ മധ്യാഹ്നത്തിലെത്തുവോളം ഏറ്റുമുട്ടിയതുകാരണം ഉമര്‍ തളര്‍ന്ന് ഇരുന്നു. അദ്ദേഹം അവരോട് പറഞ്ഞു: നിങ്ങള്‍ക്ക് തോന്നിയതുപോലെ ചെയ്യുക. ഞാന്‍ അല്ലാഹുവില്‍ സത്യം ചെയ്തു പറയുന്നു: ഞങ്ങള്‍ മുന്നൂറ് പേര്‍ തികഞ്ഞാല്‍ ഇത്, ഒന്നുകില്‍ നിങ്ങള്‍ക്ക് അല്ലെങ്കില്‍ ഞങ്ങള്‍ക്ക്. (33)

പിന്നീടൊരിക്കല്‍ ബഹുദൈവാരാധകര്‍ ഉമറിനെ വധിക്കാനായി അദ്ദേഹത്തിന്റെ വീട് ലക്ഷ്യമാക്കി നീങ്ങി. അദ്ദേഹം വീട്ടിനകത്ത് ഭയന്നുകഴിഞ്ഞുകൂടുകയായിരുന്നു. യമനീ ശൈത്യവസ്ത്രവും പട്ടുകൊണ്ട് കഫ്ഫുമുള്ള കുപ്പായവുമണിഞ്ഞ് ആസ്വ്ബിന്‍ വാഇല്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. ഇദ്ദേഹം സഹ്മ് ഗോത്രക്കാരനാണ്. ജാഹിലിയ്യത്തില്‍ ഉമറിന്റെ സഖ്യകക്ഷിയാണ്. അദ്ദേഹം ചോദിച്ചു: "നിനക്കെന്താണ് ഉമര്‍?' 'നിന്റെ ജനങ്ങള്‍ ഞാന്‍ മുസ്ലിമായതിന്റെ പേരില്‍ എന്നെ വധിക്കുമെന്നാണ് പറയുന്നത്.' അദ്ദേഹം പറഞ്ഞു. 'അത് ഒരിക്കലും സാധ്യമല്ല. ഞാന്‍ നിനക്ക് സംരക്ഷണം നല്കിയിരിക്കെ.' ഇതുപറഞ്ഞ് അദ്ദേഹം പുറത്തിറങ്ങിയപ്പോള്‍ ജനങ്ങളൊന്നാകെ താഴ്വരയിലൂടെ ഒഴുകുന്നതുകണ്ട് അദ്ദേഹം ചോദിച്ചു: നിങ്ങള്‍ എവിടെപോകുന്നു? മതം മാറിയ ഉമറിനെ നേരിടാന്‍. അദ്ദേഹം പറഞ്ഞു: 'അതിനൊരു വഴിയുമില്ല.' ഇതുകേട്ട ജനങ്ങളെല്ലാം തിരിച്ചുപോയി. (34)

ഇതത്രയും മുശ്രിക്കുകളുമായി ബന്ധപ്പെട്ടത് എന്നാല്‍ മുസ്ലിംകളുടെ സ്ഥിതിയോ? മുജാഹിദ്, ഇബ്നു അബ്ബാസില്‍ നിന്ന് നിവേദനം: "ഞാന്‍ ഉമറിനോട് ചോദിച്ചു. 'എങ്ങനെയാണ് അല്‍ ഫാറൂഖ് (സത്യാസത്യ വിവേചകന്‍) എന്ന് താങ്കള്‍ വിളിക്കപ്പെട്ടത്? ഉമര്‍: എന്റെ മൂന്ന് നാള്‍മുമ്പാണ് ഹംസ മുസ്ലിമായത്. ഞാന്‍ മുസ്ലിമായപ്പോള്‍ ദൈവദൂതരോട് ഞാന്‍ ചോദിച്ചു. 'ജീവിച്ചാലും മരിച്ചാലും നാം സത്യത്തില്‍ തന്നെയല്ലേ? നബി (സ) പറഞ്ഞു: അല്ലാതെ, എന്റെ ആത്മാവു ആരുടെ കൈകളിലാണോ അവന്‍ തന്നെ സത്യം! നിങ്ങള്‍ ജീവിച്ചാലും മരിച്ചാലും നിങ്ങള്‍ സത്യത്തില്‍ തന്നെ.' ഞാന്‍ ചോദിച്ചു: 'പിന്നെയെന്തിനാണ് നാം ഇങ്ങിനെ ഒളിഞ്ഞിരിക്കുന്നത്? താങ്കളെ സത്യവുമായി നിയോഗിച്ചവനില്‍ സത്യം. നാം പുറത്തിറങ്ങുകതന്നെ ചെയ്യും.' 'ഞങ്ങള്‍ രണ്ടു വിഭാഗങ്ങളായി പുറത്തിറങ്ങി. ഒന്നിന് ഹംസയും അടുത്തതിന് ഞാനും നേതൃത്വം നല്‍കി. അങ്ങനെ ഞങ്ങള്‍ ഹറമില്‍ പ്രവേശിച്ചു. അപ്പോള്‍ ഞാന്‍ ക്വുറൈശികളേയും ഹംസയേയും വീക്ഷിച്ചു. അവര്‍ക്ക് മുമ്പ് ഒരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്ത മ്ളാനത അവരുടെ മുഖത്ത് പ്രകടമായിരുന്നു. അന്നാണ് റസൂല്‍(സ) എന്നെ 'അല്‍ഫാറൂക്വ്' എന്ന നാമകരണം ചെയ്തത്. (35)

ഇബ്നുമസ്ഊദ് പറയുന്നു: ഉമര്‍ ഇസ്ലാമാകുന്നതുവരെ ഞങ്ങള്‍ക്ക് കഅബയുടെ സമീപം പരസ്യമായി നമസ്കരിക്കാന്‍ കഴിയുമായിരുന്നില്ല.

റോംകാരനായ സ്വുഹൈബുബിനു സിനാന്‍ പറയുന്നു: "ഉമര്‍ ഇസ്ലാം സ്വീകരിച്ചതോടെ ഇസ്ലാം വിജയിച്ചു. പരസ്യമായി ജനങ്ങളെ ക്ഷണിച്ചുതുടങ്ങി. ഞങ്ങള്‍ കഅബക്ക് ചുറ്റുമിരിക്കുകയും ത്വവാഫ് നിര്‍വഹിക്കുകയും ചെയ്തു. ഞങ്ങളെ മര്‍ദിക്കുന്നവര്‍ക്ക് പകരം നല്‍കാനും തുടങ്ങി.

ഇബ്നു മസ്ഊദ് പറയുന്നു: ഉമറിന്റെ ഇസ്ലാമോടുകൂടെ ഞങ്ങള്‍ പ്രതാപവാന്മാരായി.

ക്വുറൈശീപ്രതിനിധികള്‍ തിരുസന്നിധിയില്‍ വീരശൂരരായ ഈ രണ്ടുവ്യക്തികളുടെയും ഇസ്ലാം മതാശ്ളേഷം അന്തരീക്ഷം തന്നെ മാറ്റിക്കളഞ്ഞു. മുസ്ലിംകളെ എക്കാലത്തും പീഡിപ്പിച്ചു കളയാമെന്ന വ്യാമോഹത്തില്‍ നിന്ന് മുശ്രിക്കുകള്‍ ഉണര്‍ന്നു. അഭിമുഖീകരണത്തിന്റെ ശൈലിയില്‍ നിന്ന് എന്തും നല്കി പ്രബോധന പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കാന്‍ അനുരഞ്ജനത്തിന്റെ മാര്‍ഗത്തിലേക്കവര്‍ വന്നു. പക്ഷെ, ഈ സാധുക്കള്‍ക്കറിയുമോ? ഈ ഭൂമുഖം മുഴുവന്‍ നല്കിയാലും ഈ സന്ദേശത്തിന്റെ മുമ്പില്‍ അതൊരു കൊതുകിന്റെ ചിറകിന്റെ വിലപോലുമില്ലാത്തതാണെന്ന്!

ഇബ്നു ഇസ്ഹാക്വ് ഉദ്ധരിക്കുന്നു: ഉത്ബത്ബിന്‍ റബീഅ ക്വുറൈശീ സദസ്സിലിരിക്കുമ്പോള്‍ -അദ്ദേഹം അവരുടെ നേതാവാണ്- ഒരിക്കല്‍ പറഞ്ഞു: ക്വുറൈശി സമൂഹമേ! മുഹമ്മദ് പള്ളിയില്‍ ഏകനായിരിക്കുന്നു. ഞാന്‍ എഴുന്നേറ്റുചെന്ന് അവനുമായി സംസാരിക്കട്ടെ. അവന്റെ മുമ്പില്‍ ചില വാഗ്ദാനങ്ങളെല്ലാം സമര്‍പ്പിക്കുകയും ചെയ്യാം. അവന്‍ അതില്‍ നിന്ന് സ്വീകരിക്കുന്നത് നമുക്ക് നല്കി ഈ പ്രശ്നത്തില്‍ നിന്ന് ഒഴിവാകാം- ഇത് ഹംസയുടെ ഇസ്ലാം സ്വീകരണത്തിന് ശേഷം മുസ്ലിംകള്‍ വര്‍ധിച്ചപ്പോഴായിരുന്നു- അവര്‍ പറഞ്ഞു: അതെ, അബുല്‍വലീദ്! നീചെന്ന് അവനുമായി സംസാരിക്കുക: ഉത്ബ എഴുന്നേറ്റു നബി(സ)യുടെ അരികെ ചെന്നിരുന്നു. എന്നിട്ട് പറഞ്ഞുതുടങ്ങി. 'സഹോദരപുത്രാ! നിങ്ങളുടെയിടയില്‍, നിനക്ക് തന്നെ അറിയാവുന്നതുപോലെ, ആഭിജാതനും ഉന്നതസ്ഥാനീയനുമാണ്. നീ നിന്റെ ഈ സന്ദേശം വഴി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുകയും അവരുടെ വിവേകത്തെ വിഡ്ഢിത്തമായി ചിത്രീകരിക്കുകയും അവരുടെ മതത്തേയും ദൈവങ്ങളേയും ആക്ഷേപിക്കുകയും പൂര്‍വപിതാക്കളെ നിഷേധിക്കുകയും ചെയ്യുന്ന അതിഗുരുതരമായ ഒരു കാര്യമാണ് ചെയ്തിരിക്കുന്നത്. നീ, ഞാന്‍ പറയുന്നതൊന്ന് ശ്രദ്ധിച്ചുകേള്‍ക്കുക! ചില കാര്യങ്ങള്‍ നിന്റെ മുമ്പില്‍ ഞാന്‍ വെക്കാം. നീ അതുനോക്കുക, അതില്‍ ചിലതെങ്കിലും നിനക്ക് സ്വീകാര്യമായേക്കാം. അപ്പോള്‍ നബിതിരുമേനി പ്രതിവചിച്ചു: പറയൂ, അബുല്‍വലീദ് ഞാന്‍ കേള്‍ക്കാം.'

അദ്ദേഹം പറഞ്ഞു: 'സഹോദരപുത്രാ, നീ ഇതുകൊണ്ടുദ്ദേശിക്കുന്നത് സമ്പത്താണെങ്കില്‍ അത് ഞങ്ങള്‍ നിനക്ക് സംഘടിപ്പിച്ചു തരാം. അങ്ങനെ ഞങ്ങളിലെ വലിയ സമ്പന്നനാകാം, നിനക്ക്. നേതൃത്വമാണ് ഉദ്ദേശ്യമെങ്കില്‍ നിന്നെ നേതാവാക്കാം. നീ പറയുന്നതിനപ്പുറം ഞങ്ങള്‍ തീരുമാനമെടുക്കില്ല. രാജത്വമാണ് ഉദ്ദേശ്യമെങ്കിലോ രാജാവാക്കാം. ഇനി അതൊന്നുമല്ല, ഇത് നിനക്ക് ഒഴിവാക്കാന്‍ കഴിയാത്ത വല്ല പൈശാചിക ബാധയുമാണെങ്കില്‍ ഞങ്ങള്‍ അതിനു ചികിത്സ നടത്താം. ഞങ്ങളുടെ സമ്പത്തെല്ലാം അതിനായി വിനിയോഗിക്കുകയുമാവാം.' പറഞ്ഞുതീരുവോളം, നബി(സ) ശ്രദ്ധിച്ചുകേട്ടു. തുടര്‍ന്ന് ചോദിച്ചു: 'അബുല്‍വലീദ് എല്ലാം പറഞ്ഞുതീര്‍ന്നോ?' അദ്ദേഹം: 'അതെ. നബി(സ) പറഞ്ഞു: 'ഇനി ഞാന്‍ പറയുന്നത് കേള്‍ക്കുക. അദ്ദേഹം 'അതെ.' അങ്ങനെ റസൂല്‍(സ) വിശുദ്ധ ക്വുര്‍ആനിലെ 'ഫുസ്സ്വിലത്' എന്ന അധ്യായം പാരായണം ചെയ്തുതുടങ്ങി.

"പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍, ഹാമീം, പരമകാരുണികനും കരുണാനിധിയുമായുള്ളവന്റെ പക്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ ഇത്. വചനങ്ങള്‍ വിശദീകരിക്കപ്പെട്ട ഒരു വേദഗ്രന്ഥം. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അറബിഭാഷയില്‍ പാരായണം ചെയ്യപ്പെടുന്ന (ഒരു ഗ്രന്ഥം). സന്തോഷവാര്‍ത്ത അറിയിക്കുന്നതും താക്കീതുനല്കുന്നതുമായിട്ടുള്ള 'ഗ്രന്ഥം.' എന്നാല്‍ അവരില്‍ അധികപേരും തിരിഞ്ഞുകളഞ്ഞു. അവര്‍ കേട്ടു മനസ്സിലാക്കുന്നില്ല. അവര്‍ പറഞ്ഞു: നീ ഞങ്ങളെ എന്തൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതു മനസ്സിലാക്കാനാവാത്ത വിധം ഞങ്ങളുടെ ഹൃദയങ്ങള്‍ മൂടികള്‍ക്കുള്ളിലാണ്.'' (41:1-5) പ്രവാചകന്‍ തുടര്‍ന്നും പാരായണം ചെയ്തുകൊണ്ടിരുന്നു. ഇതിന്റെ വശ്യതയില്‍ അകപ്പെട്ടു തന്റെ കൈ രണ്ടും പിന്നിലേക്ക് ചാരി ഉത്ബ അതുമുഴുവനും കേട്ടു. ക്വുര്‍ആന്‍ പാരായണത്തിന്റെ സുജൂദ് പ്രവാചകന്‍ ചെയ്തപ്പോള്‍ ഉത്ബയും അതുപോലെ ചെയ്തു. എന്നിട്ട് നബി(സ) പറഞ്ഞു: അബുല്‍ വലീദ് എന്റെ മറുപടി നീ ശ്രവിച്ചില്ലേ, ഇനി നിനക്കുവേണ്ടതുപോലെ തീരുമാനമെടുക്കാം.'' വിവര്‍ണമുഖനായി ഉത്ബ തിരിച്ചുചെന്നപ്പോള്‍ അവര്‍ പറഞ്ഞു: 'പോയതുപോലെയല്ലല്ലോ ഇപ്പോഴത്തെ മുഖഭാവം. ഉത്ബ അവരുടെയരികെയിരുന്നു നടന്ന സംഭവം' വിശദീകരിച്ചു. "ഞാന്‍ ചില വാക്യങ്ങള്‍ കേട്ടു. ഇതുപോലൊന്ന് മുമ്പ് ഞാന്‍ കേട്ടിട്ടേയില്ല. അല്ലാഹുവാണേ, അത് കവിതയുമല്ല, മാരണവുമല്ല, ജ്യോത്സ്യവുമല്ല. ക്വുറൈശികളേ, ഞാന്‍ പറയുന്നതുപോലെ കേള്‍ക്കുക, ഈ മനുഷ്യനെ നമുക്കവന്റെ പാട്ടിന് വിട്ടേക്കാം. അല്ലാഹുവാണേ, ഞാന്‍ കേട്ട ആ വാര്‍ത്തയ്ക്ക് ഒരു ഭാവിയുണ്ട്. അതിനാല്‍ അറബികള്‍ ഒന്നായി അവനെ നേരിട്ടു പരാജയപ്പെടുത്തിയാല്‍, അവര്‍ മുഖേന അവന്റെ പ്രശ്നം തീര്‍ന്നുകിട്ടും. ഇനി അവന്‍ അറബികളെ അതിജയിച്ചാലോ, അവന്റെ ആധിപത്യം നിങ്ങളുടെയും ആധിപത്യമാണല്ലോ. അവന്റെ പ്രതാപം നിങ്ങളുടെയും പ്രതാപമാണല്ലോ. അവര്‍ മുഖേന ഏറെ സൌഭാഗ്യവാന്മാര്‍ നിങ്ങളായി മാറുകയും ചെയ്യും.'' അവര്‍ പ്രതികരിച്ചു: 'അബ്ദുല്‍വലീദ് ! താങ്കള്‍ അവന്റെ നാവിന്റെ മായാവലയത്തിലകപ്പെട്ടിരിക്കുന്നു, തീര്‍ച്ച.' അദ്ദേഹം പറഞ്ഞു: 'ഇതാണെനിക്ക് പറയാനുള്ളത്. ഇനി നിങ്ങള്‍ക്ക് വേണ്ടതുപോലെ ചെയ്യാവുന്നതാണ്.'(36)

മറ്റു നിവേദനങ്ങളില്‍ ഉത്ബ തിരുമേനിയുടെ പാരായണം ശ്രദ്ധിച്ചുകേട്ടു. അങ്ങനെ

"എന്നിട്ട് അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം നീ പറഞ്ഞേക്കുക; ആദ്, ഥമൂദ് എന്നീ സമുദായങ്ങള്‍ക്കുനേരിട്ട ഭയങ്കരശിക്ഷകള്‍ പോലെയുള്ള ഒരു ശിക്ഷയെപ്പറ്റി ഞാനിതാ നിങ്ങള്‍ക്ക് താക്കീത് നല്കുന്നു.'' (41: 13) എന്നതു എത്തിയപ്പോള്‍ വിഭ്രാന്തനായി ചാടിയെഴുന്നേറ്റു. തന്റെ കൈകൊണ്ട് റസൂല്‍(സ)യുടെ വായ്പൊത്തി. എന്നിട്ട് പറഞ്ഞു: "ഒന്നു നിറുത്താന്‍ ദയവുണ്ടാകണം.'' താക്കീതുചെയ്ത ശിക്ഷ വന്നുഭവിക്കുമോ എന്നദ്ദേഹം ഭയപ്പെട്ടു. തുടര്‍ന്ന് തന്റെ ജനങ്ങളുടെ അടുത്തേക്ക് മടങ്ങി മേല്‍പറഞ്ഞതുപോലെയെല്ലാം ചെയ്തു.(37)

ക്വുറൈശീ നേതാക്കള്‍ അനുരഞ്ജനത്തിന്
നബി തിരുമേനിയുടെ ഈ പ്രതികരണത്തില്‍ ക്വുറൈശികള്‍ നിരാശരാകാത്തതുപോലെയായിരുന്നു. കാരണം, ഇത് സ്വീകരിച്ചോ, തിരസ്കരിച്ചോ ഉള്ള ഒരു മറുപടിയായിരുന്നില്ല. പ്രത്യുത, വിശുദ്ധ ഖുര്‍ആനിലെ ഏതാനും സൂക്തങ്ങള്‍ പാരായണം ചെയ്തുകൊടുക്കുക മാത്രമായിരുന്നു. ഉത്ബക്കാകട്ടെ അത് വേണ്ടത്ര മനസ്സിലായിട്ടുമുണ്ടാകില്ല. അതിനാല്‍ അദ്ദേഹം തിരിച്ചുചെന്ന് ക്വുറൈശി നേതാക്കളോട് വിഷയത്തിന്റെ നാനാഭാഗങ്ങളും വിശദമായി ചര്‍ച്ചചെയ്തു. തുടര്‍ന്ന് അവരെല്ലാം ഒരു ദിവസം അസ്തമയശേഷം കഅ്ബക്ക് സമീപം സമ്മേളിച്ചു. എന്നിട്ട് തിരുദൂതരെ ആളെ അയച്ചുവരുത്തി. ഏറിയ പ്രതീക്ഷയോടെയാണ് ധൃതിപ്പെട്ട് അവിടുന്ന് കടന്നുവന്നത്. പക്ഷെ ഉത്ബയുടെ വാക്കുകള്‍ ആവര്‍ത്തിക്കുക മാത്രമാണവര്‍ ചെയ്തത്. ഉത്ബ ഒറ്റയ്ക്ക് സംസാരിച്ചതിനാല്‍ വിഷയത്തിന്റെ ഗൌരവം നബിക്ക് വേണ്ടത്ര മനസ്സിലായിട്ടുണ്ടാവില്ല എന്ന് ധരിച്ചപോലെയായിരുന്നു അവരുടെ സംസാരം. പക്ഷെ തിരുദൂതര്‍ അവരോട് മറുപടി പറഞ്ഞു:

'നിങ്ങള്‍ പറയുന്നതിലൊന്നും എനിക്കൊരു താല്പര്യവുമില്ല. ഞാന്‍ ഈ സന്ദേശവുമായി വന്നത് നിങ്ങളുടെ സമ്പത്ത് നേടാനോ നേതൃത്വം ചമയാനോ, നിങ്ങളുടെ രാജാവാകാനോ ഒന്നുമല്ല. പ്രത്യുത, അല്ലാഹു എന്നെ നിങ്ങളിലേക്ക് അവന്റെ ദൂതനായി നിയോഗിച്ചു. എനിക്ക് ഗ്രന്ഥമവതരിപ്പിക്കുകയും നിങ്ങള്‍ക്ക് സുവിശേഷവും താക്കീതും നല്‍കാന്‍ എന്നോട് കല്പിക്കുകയും ചെയ്തു. ഞാനങ്ങനെ എന്റെ രക്ഷിതാവിന്റെ സന്ദേശം നിങ്ങള്‍ക്കെത്തിച്ചു തരികയും ഗുണദോഷിക്കുകയും ചെയ്തുവെന്ന് മാത്രം. അതിനാല്‍ നിങ്ങളിത് സ്വീകരിക്കുകയാണെങ്കില്‍ അത് നിങ്ങള്‍ക്ക് ഇഹത്തിലും പരത്തിലും നിങ്ങളുടെ വിഹിതമായിരിക്കും. ഇനി നിങ്ങള്‍ തിരസ്കരിക്കുകയാണെങ്കില്‍ അല്ലാഹു നമുക്കിടയില്‍ ഒരു തീരുമാനമെടുക്കുന്നതുവരെ ഞാന്‍ ക്ഷമിക്കും.''

ഇതോടെ അവര്‍ മറ്റൊരു പോയിന്റിലേക്ക് നീങ്ങി. തങ്ങളുടെ നാട്ടില്‍ നിന്ന് പര്‍വതങ്ങള്‍ നീക്കി നാട് വിശാലമാക്കിക്കൊടുക്കാനും അവിടെ നദികളൊഴുക്കിക്കൊടുക്കാനും മരിച്ചവരെ പുനര്‍ജീവന്‍ നല്കാനും- പ്രത്യേകിച്ച് കിലാബിന്റെ പുത്രന്‍ ഖുസ്വയ്യിനെ തന്റെ നാഥനോട് പ്രാര്‍ഥിക്കുക. ഇത് സംഭവിച്ചാല്‍ അവര്‍ അദ്ദേഹത്തില്‍ വിശ്വസിക്കാമെന്നേറ്റു. ഇതിനും മേല്‍ മറുപടിതന്നെ ആവര്‍ത്തിച്ചു.

ഇതോടെ മൂന്നാമതൊരു ഭാഗത്തേക്ക് നീങ്ങി. തങ്ങള്‍ക്ക് കാര്യങ്ങള്‍ സംസാരിച്ച് തീരുമാനമാക്കാന്‍ ഒരു മലക്കിനെ ഇറക്കിക്കൊടുക്കുക. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കോട്ടകളും നിധിനിക്ഷേപങ്ങളും ലഭിക്കാനായി നിന്റെ റബ്ബിനോട് ചോദിക്കുക. ഇതിനും അതേ മറുപടിതന്നെ ആവര്‍ത്തിച്ചപ്പോള്‍ മറ്റൊരു ശൈലിയില്‍ അവര്‍ സമീപിച്ചു. അവര്‍ പറഞ്ഞു: എന്നാല്‍ നീ ഭീഷണിപ്പെടുത്തുന്നതുപോലെ, ആകാശമെല്ലാം തീക്ഷണങ്ങളായി താഴെ പതിക്കട്ടെ. അവിടുന്ന് മറുപടി പറഞ്ഞു. അത് അല്ലാഹുവിന്റെ തീരുമാനത്തിന് വിധേയമാണ്. അവനുദ്ദേശിച്ചാല്‍ അത് ചെയ്യും. 'അതോടെ അവര്‍ പറഞ്ഞു. നിന്റെ റബ്ബിന് അറിയാമായിരുന്നല്ലോ ഞങ്ങള്‍ നിന്റെയടുക്കല്‍ വന്ന് നിന്നോട് സംസാരിക്കുകയും കാര്യങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യുമെന്നെല്ലാം. അതിനാല്‍ ഞങ്ങളോട് പറയാന്‍ നിനക്കവന്‍ മറുപടി പഠിപ്പിച്ചുതന്നിരിക്കുമല്ലോ, ഞങ്ങളിത് സ്വീകരിച്ചില്ലെങ്കില്‍ ഞങ്ങളെ അവന്‍ എന്തുചെയ്യുമെന്നും അറിയിച്ചിരിക്കുമല്ലോ.'

അവസാനത്തെ കടുത്ത ഭീഷണിയും അവര്‍ ഇറക്കിക്കഴിഞ്ഞു. അവര്‍ പറഞ്ഞു: 'അല്ലാഹുവില്‍ സത്യം! നിന്നേയും നീ ഞങ്ങളെക്കൊണ്ട് ചെയ്തതും ഞങ്ങളൊരിക്കലും ഒഴിവാക്കയില്ല. ഒന്നുകില്‍ നീ ഞങ്ങളെ നശിപ്പിക്കുക, അല്ലെങ്കില്‍ ഞങ്ങള്‍ നിന്നെ നശിപ്പിക്കുക രണ്ടാലൊന്ന് സംഭവിക്കുന്നത് വരെ. അതോടെ തന്റെ ജനതയുടെ വിശ്വാസ പ്രതീക്ഷ മങ്ങി, കടുത്ത ദുഃഖത്തോടെ അവിടുന്ന് തന്റെ വീട്ടിലേക്ക് തിരിച്ചുപോയി.(38)

അബൂജഹല്‍ നബിയെ വധിക്കാന്‍:
നബി തിരുമേനി(സ) തിരിച്ചുപോയതോടെ നേതാക്കളുടെ മുമ്പാകെ അബൂജഹല്‍ ഒരു പ്രസംഗം നടത്തി. അവന്‍ പറഞ്ഞു. ക്വുറൈശികളേ, മുഹമ്മദ് ഇപ്പോഴും നമ്മുടെ മതത്തെ ആക്ഷേപിക്കുന്നതും പിതാക്കളെ അവഹേളിക്കുന്നതും നമ്മെയെല്ലാം വിഡ്ഢികളാക്കുന്നതും നമ്മുടെ ദൈവങ്ങളെ ആക്ഷേപിക്കുന്നതും തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഇനി അവന്‍ സുജൂദില്‍ വീഴുമ്പോള്‍ അവന്റെ ശിരസ്സ് ഒരു പാറക്കല്ലുകൊണ്ട് എറിഞ്ഞുചതച്ചുകളയുമെന്ന് ഞാന്‍ അല്ലാഹുവോട് പ്രതിജ്ഞചെയ്തിട്ടുണ്ട്. തദവസരത്തില്‍ നിങ്ങളെല്ലാം എന്നെ സംരക്ഷിക്കണം. അതിന് ശേഷം അബ്ദുമനാഫ് കുടുംബം എന്തുവേണമെങ്കിലും ചെയ്തോട്ടെ. അവരൊന്നിച്ചു പറഞ്ഞു: 'താങ്കളെ ഞങ്ങളൊരിക്കലും കയ്യൊഴിക്കില്ല. താങ്കള്‍ ഉദ്ദേശിച്ചത് നിര്‍വഹിച്ചുകൊള്ളുക.'

കല്ലും ചുമന്ന് നബിയെ കാത്തിരുന്നു. പ്രഭാതനമസ്കാരത്തിന് നബി തിരുമേനി (സ) എത്തുകയും ചെയ്തു. അബൂജഹലിന്റെ കര്‍മം കാണാന്‍ ക്വുറൈശികളെല്ലാം സമ്മേളിച്ചിട്ടുണ്ട്. നബി(സ) തന്റെ നാഥന്‍റെ മുമ്പില്‍ സുജൂദില്‍ വീണപ്പോള്‍ ഒരു വലിയ കല്ല് ചുമന്ന് അബൂജഹല്‍ മുന്നോട്ട് വന്നു. പക്ഷെ, അവിടേക്കടുത്തപ്പോള്‍ വിവര്‍ണവിവശനായി അവന്‍ പിന്നോട്ടോടി. കല്ല് കൈയില്‍നിന്ന് താഴെ വീഴുകയും ചെയ്തു. ക്വുറൈശികള്‍ ഓടിവന്നുചോദിച്ചു. അബുല്‍ഹകം! താങ്കള്‍ക്കെന്തുപറ്റി? അവന്‍ പറഞ്ഞു: 'ഞാന്‍, ഇന്നലെ പറഞ്ഞതുപോലെ ചെയ്യാനായി അവനെ സമീപിച്ചപ്പോള്‍ എന്റെ മുമ്പില്‍ ഒരു പടുകൂറ്റന്‍ ഒട്ടകം പ്രത്യക്ഷപ്പെട്ടു. അതുപോലെ വലിയ തലയും കഴുത്തും തേറ്റയുമുള്ള ഒരു ഒട്ടകക്കൂറ്റനെ ഞാന്‍ കണ്ടിട്ടേയില്ല. അതുണ്ട് എന്നെ പിടിച്ചുവിഴുങ്ങാന്‍ വരുന്നു.' ഇബ്നു ഇസ്ഹാഖ് പറയുന്നു: റസൂല്‍(സ) പറഞ്ഞത്, അത് ജിബ്രീല്‍ ആയിരുന്നു. അവനെങ്ങാനും അടുത്തുവന്നിരുന്നെങ്കില്‍ അതവനെ പിടിച്ചേനെ.''

വിലപേശല്‍
ക്വുറൈശികളുടെ പ്രലോഭനവും പ്രകോപനവും ഭീഷണിയും നിറഞ്ഞ അനുരഞ്ജനശ്രമം പാളിയതോടെ, വിഷയത്തിന്‍റെ ഗൌരവം അവഗണിക്കപ്പെട്ടുപോകുന്നോ എന്ന് അബൂജുഹല്‍ ഭയപ്പെട്ടതിനാല്‍ ബുദ്ധിപരമായ ഒരു പരിഹാരത്തിലൂടെ അവരെ രക്ഷപ്പെടുത്താമെന്ന ബോധമുണ്ടായി. വിശുദ്ധ ക്വുര്‍ആന്‍, 'അവര്‍ അതിനെക്കുറിച്ച് അവിശ്വാസ ജനകമായ സംശയത്തിലാകുന്നു.' (42: 14) എന്ന് പറഞ്ഞതുപോലെ നബി(സ) തീര്‍ത്തും ഒരബദ്ധത്തിലാണെന്ന തീരുമാനത്തിലാണെന്നും അവര്‍ എത്തിയിരുന്നില്ല? അതിനാല്‍, നബി തിരുമേനിയുമായി മതവിഷയങ്ങളില്‍ ഒരു വിലപേശല്‍ നടത്തിയാലോ എന്നവര്‍ ആലോചിച്ചു. അതിന്നായി, പ്രവാചകന്‍ തന്റെ ഭാഗത്തുനിന്ന് ചിലതും മുശ്രിക്കുകള്‍ അവരുടെ ഭാഗത്തുനിന്ന് ചിലതും കയ്യൊഴിയുക. അങ്ങിനെ പ്രവാചകന്‍ പറയുന്നത് സത്യമാണെങ്കില്‍ അവര്‍ക്കും അതിന്റെ ആളുകളാകാമല്ലോ എന്നവര്‍ ആശിച്ചു.

ഇബ്നു ഇസ്ഹാക്വ് റിപ്പോര്‍ട്ട് ചെയ്യുന്നു: നബി(സ) കഅബ ത്വവാഫ് ചെയ്തുകൊണ്ടിരിക്കെ, അസ്വദ് ബിന്‍ മുത്വലിബും, വലീദുബിന്‍ മുഗീറയും ഉമ്മയ്യത്ത് ബിന്‍ ഖലഫും ആസ്വ്ബിന് വാഇല്‍ അസ്സഹ്മിയും- ഇവരെല്ലാം അവരുടെ സമുദായ നേതാക്കളാണ്- പ്രവാചകരെ സമീപിച്ചുപറഞ്ഞു: 'മുഹമ്മദ്, നീ ആരാധിക്കുന്നതിനെ ഞങ്ങള്‍ ആരാധിക്കാം ഞങ്ങള്‍ ആരാധിക്കുന്നതിനെ നീയും ആരാധിക്കുക. അങ്ങനെ നമുക്ക് ആരാധയില്‍ പങ്കുചേരാം. ഇനി നീ ആരാധിക്കുന്നതാണ് ഞങ്ങളാരാധിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമെങ്കില്‍ ഞങ്ങളുടെ പങ്ക് ഞങ്ങള്‍ക്ക ലഭിക്കുമല്ലോ. മറിച്ചു ഞങ്ങള്‍ ആരാധിക്കുന്നതാണ് നീ ആരാധിക്കുന്നതിനെക്കാള്‍ ശ്രേഷ്ഠമെങ്കില്‍ നിനക്ക് നിന്റെ പങ്കും ലഭിക്കുമല്ലോ. ഇതിനുള്ള പ്രതികരണമായിട്ടാണ് അല്ലാഹു വിശുദ്ധ ക്വുര്‍ആന്‍ അല്‍കാഫിറൂന്‍ അധ്യായം പൂര്‍ണമായും അവതരിപ്പിച്ചത്.

തികച്ചും കര്‍ശനവും കര്‍ക്കശവുമായ സമീപനത്തിലൂടെ പരിഹാസ്യമായ അവരുടെ ഈ ഐക്യശ്രമം അല്ലാഹു തകര്‍ത്തെങ്കിലും പൂര്‍ണമായും ക്വുറൈശികള്‍ നിരാശരായി പിന്‍വാങ്ങാന്‍ തയ്യാറായിരുന്നില്ല. പ്രവാചകന്‍ തന്റെ സന്ദേശത്തില്‍- ക്വുര്‍ആനില്‍- അല്പം ചില ഭേദഗതികള്‍ സ്വീകരിച്ചാല്‍ മതിയെന്ന നിലപാടിലേക്ക് ഇറങ്ങിവരാന്‍ അവര്‍ തയാറാവുകയുണ്ടായി. അതിനുള്ള ശ്രമവും അവര്‍ നടത്തിനോക്കി. അവര്‍ പറഞ്ഞു:
"നീ ഇതല്ലാത്ത ഒരു ക്വുര്‍ആന്‍ കൊണ്ടുവരികയോ ഇതില്‍ ഭേദഗതി വരുത്തുകയോ ചെയ്യുക.'' (10:15) ഈ മാര്‍ഗവും അല്ലാഹു അടച്ചുകളഞ്ഞു. മറുപടിയായി അല്ലാഹു അവതരിപ്പിച്ചു.

''(നബിയെ) പറയുക, എന്‍റെ സ്വന്തം വകയായി അത് ഭേദഗതി ചെയ്യുവാന്‍ എനിക്ക് പാടുള്ളതല്ല. എനിക്ക് ബോധനം നല്കുന്നതിനെ പിന്‍പറ്റുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. തീര്‍ച്ചയായും എന്റെ രക്ഷിതാവിനെ ഞാന്‍ ധിക്കരിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ ഞാന്‍ പേടിക്കുന്നു.'' (10:15) ഇത്തരം ഭേദഗതികളുടെ ഗൌരവം അല്ലാഹു ചൂണ്ടിക്കാട്ടുന്നു.

"തീര്‍ച്ചയായും നാം നിനക്ക് ബോധനം നല്കിയിട്ടുള്ളതില്‍ നിന്ന് അവര്‍ നിന്നെ തെറ്റിച്ചുകളയാന്‍ ഒരുങ്ങിയിരിക്കുന്നു. നീ നമ്മുടെമേല്‍ അതല്ലാത്ത വല്ലതും കെട്ടിച്ചമക്കുവാനാണ് (അവര്‍ ആഗ്രഹിക്കുന്നത്). അപ്പോള്‍ അവര്‍ നിന്നെ മിത്രമായി സ്വീകരിക്കുക തന്നെ ചെയ്യും. നിന്നെ നാം ഉറപ്പിച്ചു നിര്‍ത്തിയിട്ടില്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും നീ അവരിലേക്ക് അല്പമൊക്കെ ചാഞ്ഞുപോകുമായിരുന്നു. എങ്കില്‍ ജീവിതത്തിലും ഇരട്ടിശിക്ഷ മരണത്തിലും ഇരട്ടിശിക്ഷ. അതായിരിക്കും നാം നിനക്ക് ആസ്വദിപ്പിക്കുന്നത്. പിന്നീട് നമുക്കെതിരില്‍ നിനക്ക് സഹായം നല്കാന്‍ യാതൊരാളെയും നീ കണ്ടെത്തുകയില്ല. (17: 73 -75)

ഖുറൈശികളുടെ പരിഭ്രമവും ജൂതബാന്ധവവും
ഈ അനുരഞ്ജനവും അനുനയവും വിലപേശലും വിട്ടുവീഴ്ചയും എല്ലാം നടന്നിട്ടും ഖുറൈശികളുടെ മുമ്പില്‍ പ്രതീക്ഷയുടെ സര്‍വകവാടങ്ങളും കൊട്ടിയടക്കപ്പെടുകയാണുണ്ടായത്. എന്തു ചെയ്യണമെന്നറിയാതെ അവര്‍ പരിഭ്രാന്തരായി. അങ്ങനെ അവരുടെ നേതാക്കളില്‍ ഒരുവനായ നദ്റ്ബിന്‍ഹാരിഥ് ഒരിക്കല്‍ ക്വുറൈശികളുടെ മുമ്പില്‍ എഴുന്നേറ്റുനിന്നുകൊണ്ട് പ്രസംഗിച്ചു: 'ക്വുറൈശി സമൂഹമേ നിങ്ങള്‍ക്കിതാ ഇതുവരെയും ഒരു തന്ത്രവും ആവിഷ്കരിക്കാനായിട്ടില്ലാത്ത ഒരു വിപത്തിറങ്ങിയിരിക്കുന്നു. മുഹമ്മദ് നിങ്ങളുടെയിടയില്‍ സുസമ്മതനും സത്യസന്ധനും വിശ്വസ്തനുമായി വളര്‍ന്നുവന്നു. ഇപ്പോള്‍ അവന്‍റെ ചെന്നിയില്‍ നര പ്രത്യക്ഷപ്പെട്ടപ്പോള്‍ അവനിതാ ഒരു പുതിയ വൃത്താന്തവുമായി രംഗത്തുവന്നിരിക്കുന്നു. നിങ്ങള്‍ പറഞ്ഞു: മാരണക്കാരനാണെന്ന്, ഒരിക്കലും അവനൊരു മാരണക്കാരനല്ല, കാരണം, മാരണക്കാരുടെ ഉറുക്കും മന്ത്രവുമെല്ലാം നാം കണ്ടതാണ്. നിങ്ങള്‍ പറഞ്ഞു: ജ്യോത്സ്യനാണെന്ന്, അവനൊരു ജ്യോത്സ്യനല്ല തീര്‍ച്ച. ജ്യോത്സ്യന്മാരുടെ കുറുകലും ഗോഷ്ഠിയും നമുക്കറിയാം. നിങ്ങള്‍ പറഞ്ഞു: കവിയാണെന്ന്. അവനൊരു കവിയല്ലതന്നെ. കവിതയുടെ വൃത്തവും ഈണവുമെല്ലാം നമുക്കറിയാമല്ലോ. പിന്നെ, നിങ്ങള്‍ പറഞ്ഞു അവന്‍ ഭ്രാന്തനാണെന്ന്. ഒരിക്കലും അവനൊരു ഭ്രാന്തനല്ല. ഭ്രാന്തന്റെ ഗോഷ്ഠികളോ വസ്വാസുകളോ അല്ലിത്. അതിനാല്‍ ക്വുറൈശീ സമൂഹമേ, നിങ്ങളുടെ കാര്യം നിങ്ങള്‍ ശ്രദ്ധിക്കുക. അല്ലാഹുവാണെ, അത്യധികം ഗൌരവമുള്ള കാര്യമാണ് വന്നിരിക്കുന്നത്.

നബി തിരുമേനി(സ)യുടെ ജീവിതത്തിലുടനീളം സകല വെല്ലുവിളികളുടെയും പ്രതിസന്ധികളുടെയും മുമ്പില്‍ പതറാതെയും സത്യസന്ധതയും വിശുദ്ധിയും സ്വഭാവഗുണവും പരിരക്ഷിച്ചും പോരുന്നത് കണ്ട് ക്വുറൈശികള്‍ക്ക് അദ്ദേഹം ഒരു യഥാര്‍ഥ പ്രവാചകനായിരിക്കുമോയെന്ന സംശയം ബലപ്പെട്ടുവന്നു. അങ്ങനെ ജൂതരുമായി ബന്ധപ്പെട്ട് പ്രശ്നം തീര്‍പ്പാക്കാന്‍ അവര്‍ തീരുമാനിച്ചു. ഇതിനായി നേരത്തെ അവരെ ഉപദേശിച്ച നദ്റുബിന്‍ഹാരിഥ:യെയും അദ്ദേഹത്തോടൊപ്പം ഒന്നോ രണ്ടോ പേരേയും മദീനയിലെ ജൂതരുമായി ബന്ധപ്പെടാന്‍ ചുമതലപ്പെടുത്തി. മദീനയിലെ ജൂതപണ്ഡിതരെ സമീപിച്ചു കാര്യം ധരിപ്പിച്ചപ്പോള്‍ അവര്‍, മൂന്നു കാര്യങ്ങളെക്കുറിച്ച് പ്രവാചകനോട് ചോദിക്കുക, അതിനവന്‍ ശരിയായ ഉത്തരം നല്കുകയാണെങ്കില്‍ സത്യപ്രവാചകനും മറിച്ചാണെങ്കില്‍ കള്ളനുമാണെന്ന് ഉറപ്പിക്കാം എന്ന് പറഞ്ഞു. കഴിഞ്ഞ കാലത്ത് കടന്നുപോയ മൂന്നുയുവാക്കളുണ്ട്. അവരവരുടെ കഥയെന്താണ്? ഭൂമിയുടെ കിഴക്കും പടിഞ്ഞാറും ചുറ്റി സഞ്ചരിച്ച ഒരു വ്യക്തിയുണ്ട്. അദ്ദേഹത്തിന്റെ വൃത്താന്തമെന്താണ്? ആത്മാവ് എന്താണ്? ഇവയാണ് ചോദ്യങ്ങള്‍.

മക്കയില്‍ തിരിച്ചെത്തിയ ഇവര്‍, ഞങ്ങള്‍ മുഹമ്മദിന്‍റെയും നിങ്ങളുടെയുമിടയില്‍ ഒരു തീരുമാനവുമായിട്ടാണ് വന്നിരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് ജൂതപുരോഹിതന്മാര്‍ പറഞ്ഞകാര്യം ഇവരെ ധരിപ്പിച്ചു.

അങ്ങനെ ഖുറൈശികള്‍ നബി തിരുമേനിയോട് മൂന്നുകാര്യങ്ങളെക്കുറിച്ചും ചോദിച്ചു. ഏതാനും ദിവസം പിന്നിട്ടപ്പോള്‍ വി. ക്വുര്‍ആനിലെ അല്‍കഹ്ഫ് എന്ന അധ്യായം അവതരിച്ചു. അതില്‍ ഗുഹാനിവാസികളായ ആ മൂന്ന് യുവാക്കളുടെ കഥനവും കിഴക്കും പടിഞ്ഞാറും ചുറ്റിസഞ്ചരിച്ച 'ദുല്‍ഖര്‍നൈനി' യുടെ കഥയും ഉണ്ടായിരുന്നു. ആത്മാവിനെക്കുറിച്ച ചോദ്യത്തിന് 'ഇസ്റാഅ്' എന്ന അധ്യായത്തില്‍ മറുപടിയും വന്നു. ഇതോടെ ഖുറൈശികള്‍ക്ക് അദ്ദേഹം സത്യസന്ധമായ പ്രവാചകനാണെന്ന് ബോധ്യമായെങ്കിലും അക്രമികളായ അവര്‍ നിഷേധത്തില്‍ തന്നെ ഉറച്ചുനില്ക്കുകയാണുണ്ടായത്. (39)

ഇതാണ് നബി തിരുമേനിയുടെ പ്രബോധന പ്രവര്‍ത്തനത്തിനുനേരെ മുശ്രിക്കുകള്‍ സ്വീകരിച്ച നിലപാടുകളുടെ സംക്ഷിപ്ത രൂപം. അങ്ങന്നിങ്ങോളം അവര്‍ ഈ രംഗത്ത് പരസ്പരം ചുമല്‍ചേര്‍ന്ന് നിന്നു. കഠിനവും രൂക്ഷവുമായ നിലപാടെടുത്ത അവര്‍ തന്നെ, അനുരഞ്ജനത്തിന്‍റെയും ചിലപ്പോള്‍ ഭീഷണിയുടെയും പ്രകോപനത്തിന്‍റെയും മാര്‍ഗവും സ്വീകരിച്ചിട്ടുണ്ട്. മുന്നോട്ടാഞ്ഞ അവര്‍ തന്നെ ചിലപ്പോള്‍ പിന്നോട്ടടിച്ചിട്ടുണ്ട്. മറ്റുചിലപ്പോള്‍ സംവാദത്തിന്‍റെയും തര്‍ക്കത്തിന്‍റെയും ശൈലി സ്വീകരിച്ച ഇവര്‍ അതെല്ലാം കൈയ്യൊഴിച്ച് അനുരഞ്ജനത്തിന്‍റെ വഴിതേടിയ സന്ദര്‍ഭവുമുണ്ട്. ഒരു സ്ഥിരനിലപാടെടുക്കാന്‍ ഇവര്‍ക്കില്ലായിരുന്നു. തികച്ചും വിഭ്രാന്തവും വികൃതവുമായ അവസ്ഥയില്‍ നബി തിരുമേനി(സ)യുടെ പ്രബോധന പ്രവര്‍ത്തനങ്ങളെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഇവര്‍ക്ക് മുഴുവന്‍ ശ്രമങ്ങളും ചെലവഴിച്ച ശേഷവും ഭയന്നോടേണ്ടിവരികയാണുണ്ടായത്. ഇനിയവരുടെ മുന്നില്‍ വാളേന്തുകയല്ലാതെ മറ്റുവഴികളൊന്നുമില്ലായിരുന്നു.

അബൂത്വാലിബിന്‍റെ നിലപാട്
നബി തിരുമേനി(സ)യെ വധിക്കാന്‍ വേണ്ടി വിട്ടുകൊടുക്കണമെന്ന് ഖുറൈശികള്‍ ആവശ്യപ്പെട്ടതും, അവരുടെ നീക്കങ്ങളിലും ചലനങ്ങളിലുമെല്ലാം നബിയെ വധിക്കാനും തന്റെ സംരക്ഷണ ഉത്തരവാദിത്തം ലംഘിച്ചു കളയാനുമുള്ള ശ്രമവും അബൂത്വാലിബ് കണ്ടപ്പോള്‍, ഹാശിം കുടുംബത്തേയും മുത്വലിബ് കുടുംബത്തേയും അദ്ദേഹം വിളിച്ചുചേര്‍ത്തു. എന്നിട്ട്, നബി തിരുമേനിയെ സംരക്ഷിക്കാനും അദ്ദേഹത്തിന് വേണ്ടി പ്രതിരോധിക്കാനും അവരോട് ആവശ്യപ്പെട്ടു. അറബ് അയല്‍പക്കവികാരത്തിന്റെ അടിസ്ഥാനത്തില്‍ ഈ ആവശ്യം അവരെല്ലാം മുസ്ലിം അമുസ്ലിം ഭേദമെന്യേ സ്വീകരിച്ചു. ഇതിന്നായി കഅ്ബക്ക് സമീപം വെച്ച് അവരെല്ലാം പരസ്പരം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷെ, അബൂജഹല്‍ ഇതില്‍ നിന്നെല്ലാം മാറിനിന്ന് അദ്ദേഹം ക്വുറൈശികള്‍ക്കൊപ്പം തന്നെ വേറിട്ടുനില്‍ക്കുകയാണുണ്ടായത്.

ഊരു വിലക്കും പീഢനവും
വാദിഅല്‍ മുഹസ്സ്വബില്‍ കിനാന ഗോത്രത്തിന്റെ പ്രദേശത്ത് ഒരു യോഗം വിളിച്ചുചേര്‍ത്തു. അതില്‍ ഹാശിം, മുത്വലിബ് ഗോത്രങ്ങള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ കരാര്‍ ചെയ്തു. മുഹമ്മദിനെ ഇവര്‍ക്ക് വധിക്കാന്‍ വിട്ടുകൊടുക്കുന്നതുവരെ, അവരുമായി വിവാഹ, കച്ചവട, ഇടപാടുകള്‍ നടത്തുകയോ അവരുമായി സഹവസിക്കുകയോ സഹകരിക്കുകയോ അവരുടെ വീടുകളില്‍ പ്രവേശിക്കുകയോ ചെയ്യരുതെന്നും അവര്‍ തീരുമാനിച്ചു. ഇതൊരു പത്രികയായി എഴുതി കഅബയുടെയുള്ളില്‍ പതിക്കുകയും ചെയ്തു: "ഹാശിം ഗോത്രത്തോട് ഒരു വിധത്തിലും സന്ധി പാടില്ല. അവര്‍ മുഹമ്മദിനെ വധിക്കാന്‍ വിട്ടുതരുന്നതുവരെ അവരുടെ കാര്യത്തില്‍ ഒരു അനുകമ്പയും കാണിക്കരുത്.'' എന്നായിരുന്നു പത്രിക. ഇബ്നുക്വയ്യിം രേഖപ്പെടുത്തുന്നു: ഈ പത്രിക എഴുതിയത് ബഗീളുബിന്‍ ആമിര്‍ ബിന്‍ ഹാശിം ആയിരുന്നു.

നബി(സ) അദ്ദേഹത്തിന്നെതിരില്‍ പ്രാര്‍ഥിച്ചതുകാരണം അദ്ദേഹത്തിന്‍റെ കൈ പിന്നീട് തളര്‍ന്നുപോയി. മന്‍സ്വൂര്‍ ബിന്‍ ഇക്രിമയോ നള്ര്‍ബ്നു അല്‍ഹാരിഥോ ആണ് എഴുതിയതെന്ന അഭിപ്രായവുമുണ്ട്. ഇതോടെ, ഹാശിം, മുത്വലിബ് കുടുംബം ഒന്നടങ്കം-അവരിലെ അവിശ്വാസികളടക്കം- അബൂജഹല്‍ ഒഴികെ, ശിഅ്ബ് അബൂത്വാലിബിലേക്ക് നീങ്ങുകയും അവിടെ താവളമടിക്കുകയും ചെയ്തു. ഇത് പ്രവാചകത്വത്തിന്റെ ഏഴാം വര്‍ഷം മുഹര്‍റം മാസത്തിന്‍റെ തുടക്കത്തിലായിരുന്നു. മറ്റു അഭിപ്രായങ്ങളുമുണ്ട്.

ശിഅ്ബു അബൂത്വാലിബില്‍ മൂന്നുവര്‍ഷം
ഉപരോധം ശക്തമായി, എല്ലാ ബന്ധങ്ങളും വിഛേദിച്ചു. മക്കയിലെത്തുന്ന ഭക്ഷ്യവസ്തുക്കളും കച്ചവടസാധനങ്ങളും ഇവര്‍ക്ക് ലഭിക്കുന്നതിന് മുമ്പെ മുശ്രിക്കുകള്‍ നേരത്തെ ചെന്ന് കയ്യടക്കി. കഷ്ടപ്പാട് അതികഠിനമായപ്പോള്‍ അവര്‍ പച്ചിലകളും തോലും ഭക്ഷിക്കാന്‍ തുടങ്ങി. പട്ടിണിയുടെ കാഠിന്യം സഹിക്കവയ്യാതെ പിഞ്ചുമക്കളും സ്ത്രീകളും വാവിട്ടുകരയാന്‍ തുടങ്ങി. അവരുടെ ദീനരോദനം താഴ്വരയെ ശബ്ദമുഖരിതമാക്കി. വളരെ രഹസ്യമായി എത്തുന്ന സാധനങ്ങള്‍ മാത്രമായിരുന്നു അവര്‍ക്ക് ലഭിച്ചിരുന്നത്. യുദ്ധം നിഷിദ്ധമായ മാസങ്ങളിലല്ലാതെ സാധനങ്ങള്‍ വാങ്ങാന്‍ അവര്‍ പുറത്തിറങ്ങിയില്ല. മക്കയ്ക്ക് പുറത്തുനിന്ന് വിപണിയിലേക്ക് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നവരില്‍നിന്ന് ഇവര്‍ അവശ്യസാധനങ്ങള്‍ വാങ്ങി. പക്ഷെ, മക്കക്കാര്‍ വിലവര്‍ധിപ്പിക്കുക കാരണം അതു വാങ്ങാന്‍ കഴിയാതായി.

ഒരിക്കല്‍, ഹകീമുബ്നു ഹസ്സാം തന്റെ പിതൃസഹോദരി ഖദീജ(റ)ക്ക് അല്പം ഗോതമ്പ് സ്വകാര്യമായി എത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ അബൂജഹല്‍ അതു മുടക്കാന്‍ ശ്രമിച്ചു. അബുല്‍ ബുഖ്തരി ഇടപെട്ടു അതെത്തിക്കാന്‍ സൌകര്യം ചെയ്തുകൊടുത്തു.

റസൂല്‍(സ)യുടെ കാര്യത്തില്‍ അബൂത്വാലിബ്നു ഭയമായിരുന്നു. എല്ലാവരും ഉറങ്ങിക്കഴിഞ്ഞാല്‍ നബിതിരുമേനിയെ അദ്ദേഹം തന്‍റെ വിരിപ്പില്‍ കിടത്തും തന്‍റെ മക്കളെയൊ സഹോദരങ്ങളെയോ റസൂല്‍ (സ)യുടെ വിരിപ്പിലും അവരുടെ വിരിപ്പ് നബി(സ)ക്ക് നല്കുകയും ചെയ്യും.

നബി(സ)യും അനുയായികളും ഹജ്ജ് മാസങ്ങളില്‍ പുറത്തിറങ്ങി ജനങ്ങളുമായി സന്ധിക്കുകയും ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തു. അബൂലഹബ് ഇവിടെ ചെയ്തത് നാം മുമ്പുദ്ധരിച്ചതാണ്.

ഉപരോധം പിന്‍വലിക്കുന്നു
കാര്യങ്ങള്‍ ഇമ്മട്ടില്‍ നീങ്ങിക്കൊണ്ടു രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ പിന്നിട്ടു. പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം മുഹര്‍റത്തില്‍ ഈ ഉപരോധവിളംബരപത്രിക ദുര്‍ബലപ്പെടുത്തപ്പെട്ടു. കാരണം, ഖുറൈശികളില്‍ ഇതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ടായിരുന്നു. പ്രതികൂലിക്കുന്നവരാണ് ഇതിന് ശ്രമം നടത്തിയത്.

ഇതിന് നേതൃത്വം നല്കിയത് ഹിശാംബിന്‍ അംറ് ആണ്. ഇദ്ദേഹമായിരുന്നു പാതിരാവില്‍ സ്വകാര്യമായി അവര്‍ക്ക് ഭക്ഷണമെത്തിച്ചുകൊടുത്തിരുന്നത്. ഇദ്ദേഹം മഖ്സും ഗോത്രക്കാരനായ സുഹൈര്‍ബിന്‍ അബീഉമയ്യയെ- അബ്ദുല്‍ മുത്വലിബിന്റെ പുത്രി ആതികയുടെ പുത്രന്‍-സമീപിച്ചു പറഞ്ഞു: അല്ലയോ സുഹൈര്‍! നിന്‍റെ അമ്മാവന്‍മാര്‍ ഇവ്വിധം കഷ്ടപ്പെടുമ്പോള്‍ നീ തിന്നും കുടിച്ചും സംതൃപ്തനായിരിക്കുകയാണോ? ഉടനെ, സുഹൈര്‍ ചോദിച്ചു: നാശം! ഞാനൊറ്റക്ക് എന്ത് ചെയ്യാനാണ്? എന്‍റെ കൂടെ മറ്റൊരാളെയും കൂടി കിട്ടിയാല്‍ ഞാനാ വിളംബരം പിച്ചിച്ചീന്തുകതന്നെ ചെയ്യും. അല്ലാഹുവില്‍ സത്യം! ഹിശാം പറഞ്ഞു: 'താങ്കള്‍ക്കൊരാളെ ലഭിച്ചിരിക്കുന്നു' 'ആരാണത്?' 'ഞാന്‍ തന്നെ' ഹിശാം പറഞ്ഞു. 'നമുക്ക് മൂന്നാമതൊരാളെക്കൂടി ലഭിക്കുമോ?' 'സുഹൈര്‍ ചോദിച്ചു: അവര്‍ മുത്വഇംബിന്‍ അദിയ്യിനെ തേടിച്ചെന്നു. ഹാശിം, മുത്വലിബ് കുടുംബവുമായുള്ള ബന്ധം അദ്ദേഹത്തെ സ്മരിപ്പിച്ചശേഷം, ഈ കരാറുമായി യോജിച്ചതിന്‍റെ പേരില്‍ ആക്ഷേപിച്ചു സംസാരിച്ചപ്പോള്‍ അദ്ദേഹം ചോദിച്ചു: 'നാശം! ഞാനെന്തുചെയ്യാനാണ്? ഞാനൊരു മനുഷ്യനല്ലേയുള്ളൂ.' 'താങ്കള്‍ക്ക് രണ്ടാമതൊരാളും കൂടിയുണ്ട്.' 'ആരാണത്?' അദ്ദേഹം ചോദിച്ചു. 'ഞാന്‍' 'നമുക്ക് മൂന്നാമതൊരാളെ തേടാം.' അദ്ദേഹം പറഞ്ഞു. 'അത് ലഭിച്ചുകഴിഞ്ഞിരിക്കുന്നു.' 'ആരാണത്?' 'സുഹൈര്‍ ബിന്‍ അബീ ഉമയ്യ:' നമുക്ക് നാലാമതൊരാളെ തേടാമെന്ന് പറഞ്ഞ് അബുല്‍ ബുഖ്തരിബിന്‍ ഹിഷാമിനെ സമീപിച്ചു. മുത്വഇമിനോട് പറഞ്ഞതുപോലെ അവനോടും, പറഞ്ഞു. അവന്‍ ചോദിച്ചു. 'ഇതിന് മറ്റാരെയെങ്കിലും ലഭിക്കുമോ?' 'അതെ,' അദ്ദേഹം മറുപടി പറഞ്ഞു. 'ആരെ?' വീണ്ടും ചോദിച്ചു: അദ്ദേഹം പറഞ്ഞു. സുഹൈര്‍ബിന്‍ അബീഉമയ്യ:, മുത്വ്ഇം, പിന്നെ ഞാനും. നമുക്ക് അഞ്ചാമതൊരാളെ കണ്ടെത്താം എന്ന് പറഞ്ഞു അവര്‍ സംഅബിന്‍ അല്‍ അസ്വദിനെ സമീപിച്ചു. കുടുംബബന്ധവും കടപ്പാടും അദ്ദേഹത്തെ അനുസ്മരിപ്പിച്ചശേഷം കാര്യം സംസാരിച്ചു. ഉടനെ ചോദിച്ചു. നിങ്ങളീപ്പറയുന്ന കാര്യത്തിനു യോജിച്ച മറ്റാരെയെങ്കിലും നിങ്ങള്‍ക്ക് ലഭിച്ചുവോ? അദ്ദേഹം പറഞ്ഞു: 'അതെ' സഹകരണ വാഗ്ദാനം ചെയ്ത പേരുകള്‍ പറഞ്ഞുകൊടുത്തു. എല്ലാവരും സമ്മേളിച്ചു വിളംബര പത്രിക പിച്ചിച്ചീന്താന്‍ തീരുമാനിച്ചു. സുഹൈര്‍ പറഞ്ഞു, 'ഞാനായിരിക്കും ഇതിനെക്കുറിച്ച് ആദ്യം വിളംബരം ചെയ്യുക. സുഹൈര്‍ പിറ്റേന്ന് വസ്ത്രമണിഞ്ഞ് കഅബയെ ഏഴുതവണ പ്രദക്ഷിണം ചെയ്തശേഷം ജനങ്ങളെ അഭിമുഖീകരിച്ചു: 'മക്കാ നിവാസികളേ! ഹാശിം കുടുംബം വാങ്ങാനോ വില്ക്കാനോ കഴിയാതെ നശിച്ചുകൊണ്ടിരിക്കുമ്പോള്‍ നാം ഉണ്ണുകയും അണിയുകയുമാണോ? അല്ലാഹുവാണേ! ബന്ധങ്ങള്‍ തകര്‍ക്കുന്ന അക്രമിയായ ഈ പത്രിക പിച്ചിച്ചീന്തപ്പെടുന്നതുവരെ ഞാന്‍ അടങ്ങിയിരിക്കില്ല.' പള്ളിയുടെ ഒരു മൂലയിലിരിക്കുകയായിരുന്ന അബൂജഹല്‍ ഉടന്‍ പ്രതികരിച്ചു. 'കള്ളം! അതാര്‍ക്കും പിച്ചിച്ചീന്താനാവില്ല.' ഉടനെ സംഅ പറഞ്ഞു: 'നീയാണ് പെരും കള്ളന്‍! അതെഴുതപ്പെട്ട അന്നേ ഞങ്ങള്‍ക്ക് ഇഷ്ടമല്ലായിരുന്നു. അപ്പോള്‍ അബുല്‍ ബുഖ്തുരി അതിനെ പിന്താങ്ങിക്കൊണ്ട് പറഞ്ഞു: സംഅ പറഞ്ഞതാണ് ശരി. ഞങ്ങള്‍ക്ക് ഇഷ്ടമല്ലായിരുന്നു. ഞങ്ങളത് അംഗീകരിക്കുകയുമില്ല.' മുത്വ്ഇമും ഇതുതന്നെ പറഞ്ഞു 'ആ പത്രികയിലെ വരികളില്‍ നിന്ന് ഞങ്ങളിതാ ഞങ്ങളുടെ നിരപരാധിത്വം അല്ലാഹുവിലേക്ക് സമര്‍പ്പിക്കുന്നു.' ഹിശാമും ഇത് ഏറ്റുപറഞ്ഞപ്പോള്‍ അബൂജഹല്‍ പറഞ്ഞു: 'ഇത് രാത്രിയില്‍ നടത്തിയ ഒരു ഗൂഢാലോചനയാണ്.'

അബൂത്വാലിബ് പള്ളിയുടെ ഒരു മൂലയില്‍ ഇരിക്കുന്നുണ്ടായിരുന്നു, അദ്ദേഹം വന്നത്, നബി(സ)ക്ക് പത്രികയുടെ കാര്യത്തില്‍ അല്ലാഹുവില്‍നിന്ന് കിട്ടിയ വിവരം മക്കക്കാരെ അറിയിക്കാനായിരുന്നു. പത്രികയിലെ അക്രമപരമായ എല്ലാ ഭാഗങ്ങളും- അല്ലാഹുവിന്‍റെ നാമം ഒഴികെ-ചിതല്‍ തിന്നിരിക്കുന്നു. അദ്ദേഹം ഖുറൈശികളോട് പറഞ്ഞു: അവന്‍ പറയുന്നത് കളവാണെങ്കില്‍ അവനെ നിങ്ങള്‍ക്ക് ഏല്പിച്ചു തരാം. മറിച്ചാണെങ്കില്‍ ഞങ്ങളോടുള്ള ഈ അക്രമത്തില്‍നിന്ന് നിങ്ങള്‍ പിന്മാറുക. അവര്‍ പറഞ്ഞു: നീ പറഞ്ഞത് ഒരു മര്യാദയാണ്.
അബൂജഹലിന്‍റെയും അവരുടേയും ഇടയിലെ സംസാരത്തിനുശേഷം മുത്വ്ഇം പത്രിക പിച്ചിച്ചീന്താനായി ചെന്നപ്പോള്‍ അതെല്ലാം ചിതല്‍ തിന്നുകഴിഞ്ഞതായിട്ടാണ് കണ്ടത്. 'അല്ലാഹുവേ നിന്‍റെ നാമത്തില്‍' എന്നത് ഒഴികെ.
ഉപരോധം അതോടെ പൂര്‍ണമായി അവസാനിച്ചു. റസൂല്‍(സ)യും സഹചാരികളും താഴ്വരയില്‍നിന്നു പുറത്ത് കടന്നു. മുശ്രിക്കുകള്‍ക്ക് നബി(സ)യുടെ പ്രവാചകത്വം ബോധ്യമാകുമാറ് ഒരു വലിയ അടയാളം അല്ലാഹു കാണിച്ചുകൊടുത്തുവെങ്കിലും അവര്‍ പഴയ പടിതന്നെ തുടര്‍ന്നുപോയി. അല്ലാഹു പറഞ്ഞതുപോലെ.

"ഏതൊരു ദൃഷ്ടാന്തം അവര്‍ കാണുകയാണെങ്കിലും അവര്‍ പിന്തിരിഞ്ഞു കളയുകയും ഇത് നിലനിന്ന് വരുന്ന ജാലവിദ്യയാകുന്നു എന്ന് അവര്‍ പറയുകയും ചെയ്യും.'' (54:2)40

ക്വുറൈശികളുടെ അന്ത്യ പ്രലോഭനം
റസൂല്‍(സ), ഉപരോധനിരോധനത്തിനുശേഷം പഴയ പടി പ്രവര്‍ത്തിച്ചുതുടങ്ങി. ക്വുറൈശികള്‍ ഉപരോധം പിന്‍വലിച്ചെങ്കിലും മുസ്ലിംകളെ ബുദ്ധിമുട്ടിക്കുന്നതില്‍ കാര്യമായ കുറവൊന്നും വരുത്തിയില്ല. അബൂത്വാലിബ് പഴയതുപോലെ സഹോദരപുത്രന്റെ സംരക്ഷണവും നിര്‍വഹിച്ചു. പക്ഷെ, അദ്ദേഹമിപ്പോള്‍ എണ്‍പത് പിന്നിട്ട വൃദ്ധനാണ്. ദീര്‍ഘനാളത്തെ വേദനകളും കഷ്ടപ്പാടുകളും- പ്രത്യേകിച്ച് താഴ്വരയില്‍ ബന്ദികളായ കാലത്ത്-അദ്ദേഹത്തെ പരിക്ഷീണിതനാക്കുകയും മുതുകൊടിക്കുകയും ചെയ്തിരിക്കുന്നു. താഴ്വരയില്‍നിന്ന് പുറത്ത് വന്ന് മാസങ്ങള്‍ പിന്നിടുമ്പോഴേക്കും അദ്ദേഹം രോഗത്തിന്റെ പിടിയിലമര്‍ന്നു. അബൂത്വാലിബിന്റെ മരണാനന്തരം അദ്ദേഹത്തിന്റെ സഹോദരപുത്രനെതിരെ എന്തെങ്കിലും ചെയ്ത് അറബികള്‍ക്കിടയില്‍ ദുഷ്കീര്‍ത്തി സമ്പാദിക്കുന്നതിനെ അവര്‍ ഭയന്നു. അതുകാരണം, ഒരിക്കല്‍ കൂടി അബൂത്വാലിബിന്റെ സന്നിധിയില്‍ ഒരു സംഭാഷണത്തിന് അവര്‍ കളമൊരുക്കി. നേരത്തെ ചെയ്തിട്ടില്ലാത്ത പുതിയ വിട്ടുവീഴ്ചകളും ആവാമെന്നവര്‍ തീരുമാനിച്ചു.

ഇബ്നു ഇസ്ഹാഖും മറ്റും ഇത് നിവേദനം ചെയ്യുന്നു: അബൂത്വാലിബിന് രോഗം കഠിനമായപ്പോള്‍ ക്വുറൈശികള്‍ പരസ്പരം പറഞ്ഞു. ഹംസയും ഉമറും മുസ്ലിമായി. മുഹമ്മദിന്‍റെ സന്ദേശം ക്വുറൈശി ഗോത്രത്തിലെല്ലാം വ്യാപിക്കുകയും ചെയ്തു. നമുക്ക് അബൂത്വാലിബിനെ സമീപിച്ച് മുഹമ്മദിന്റെ കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കാം. നമ്മുടെ കാര്യം അവന്‍ തട്ടിയെടുക്കുമോ എന്ന കാര്യത്തില്‍ ഒരു നിര്‍ഭയത്വവും നമുക്കില്ല. അഥവാ, അബൂത്വാലിബിന്റെ മരണം വരെ അവനെ വിട്ടേക്കുകയും മരണശേഷം അവനെ പിടികൂടുകയും ചെയ്തുവെന്ന് അറബികള്‍ ആക്ഷേപിക്കും.

ഇതിന്നായി, ഉത്ബ ശൈബ, അബൂജഹല്‍, ഉമയ്യ, അബൂസുഫ്യാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഏകദേശം ഇരുപത്തഞ്ചു പേരടങ്ങുന്ന പ്രമുഖരുടെ ഒരു വ്യൂഹം തന്നെ നിയുക്തരായി. ഈ സംഘം അബൂത്വാലിബിനെ സമീപിച്ചു പറഞ്ഞു: 'അബൂത്വാലിബ്! താങ്കള്‍ക്ക് ഞങ്ങള്‍ക്കിടയിലുള്ള സ്ഥാനവും താങ്കളുടെ ഇപ്പോഴത്തെ സ്ഥിതിയും അറിയാമല്ലോ. താങ്കളുടെ സഹോദരപുത്രനും ഞങ്ങള്‍ക്കുമിടയിലുള്ള പ്രശ്നവും താങ്കള്‍ക്ക് അറിയാം. താങ്കളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ഭയമുണ്ട്. അതിനാല്‍ മുഹമ്മദിനെ വിളിച്ച് ഈ പ്രശ്നമൊന്ന് തീരുമാനമാക്കാം. ഓരോരുത്തര്‍ക്കും പറയാനും കേള്‍ക്കാനും ഉള്ളത് കഴിഞ്ഞ് ഓരോ വിഭാഗത്തേയും അവരുടെ മതവുമായി വിടാം.' അബൂത്വാലിബ് അദ്ദേഹത്തെ വരുത്തി. എന്നിട്ട് പറഞ്ഞു: 'സഹോദരപുത്രാ! ഇവര്‍ നിന്റെ സമൂഹത്തിലെ പ്രധാനികളാണ്. നിന്റെ കാര്യം തീരുമാനിക്കാനായി വന്നതാണ്.' എന്നിട്ട് അവര്‍ പറഞ്ഞത് അബൂത്വാലിബ് തിരുമേനിയുടെ മുമ്പില്‍ വെച്ചു. അവര്‍ പരസ്പരം ഏറ്റുമുട്ടാന്‍ അവസരം നല്കിയില്ല. അതിന് മറുപടിയായി റസൂല്‍(സ) പറഞ്ഞു: 'ഞാന്‍ നിങ്ങള്‍ക്കൊരു വാക്ക് പറഞ്ഞുതരാം. അത് നിങ്ങള്‍ പ്രഖ്യാപിച്ചാല്‍ അറബികളെ അതുവഴി നിങ്ങള്‍ക്ക് കീഴ്പ്പെടുത്താം. അനറബികള്‍ നിങ്ങളുടെ കീഴില്‍ വരികയും ചെയ്യും. നിങ്ങളെന്തു പറയുന്നു? ഇതു കേട്ടപ്പോള്‍ അവരെല്ലാം സ്തബ്ദരായി നിന്നുപോയി. ഇത്രയേറെ നേട്ടങ്ങള്‍ കൈവരുത്തുന്ന ആ ഒരു വാക്ക്. എങ്ങനെ തള്ളിക്കളയാനാകുമെന്നവര്‍ക്കറിയാതായി. അബൂജഹല്‍ അന്വേഷിച്ചു. എന്താണത്? നിന്റെ പിതാവ് തന്നെ സത്യം, അതും അതുപോലെ പത്തും നിനക്ക് ഞങ്ങള്‍ നല്കുന്നതാണ്.' അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ അല്ലാഹുവല്ലാതെ ഒരാരാധ്യനുമില്ലെന്ന് പ്രഖ്യാപിക്കുക. എന്നിട്ട് അതിനുപുറമെ ആരാധിക്കുന്നവയെ കയ്യൊഴിക്കുകയും ചെയ്യുക! അവര്‍ പെട്ടെന്ന് അവരുടെ കൈകള്‍ തമ്മില്‍ അടിച്ചുപോയി. എന്നിട്ട് പറഞ്ഞു: 'മുഹമ്മദ് നീ ഞങ്ങളുടെ ദൈവങ്ങളെയൊക്കെ ഒരൊറ്റ ദൈവമാക്കാനാണോ ഉദ്ദേശിക്കുന്നത്? നിന്റെ കാര്യം അത്ഭുതം തന്നെ! അല്ലാഹുവാണേ, ഈ മനുഷ്യന്‍ നിങ്ങളുദ്ദേശിക്കുന്ന ഒന്നും നിങ്ങള്‍ക്ക് വകവെച്ചു തരില്ല. നിങ്ങള്‍ നിങ്ങളുടെ പിതാക്കളുടെ മതവുമായി കഴിയുക. നിങ്ങള്‍ക്കും അവനും ഇടയില്‍ അല്ലാഹു തീരുമാനിക്കട്ടെ.' എന്ന് പരസ്പരം പിറുപിറുത്തുകൊണ്ട് അവര്‍ പിരിഞ്ഞു.
ഇവരെ സംബന്ധിച്ചാണ് താഴെ വാക്യം അവതരിച്ചത്

"സ്വാദ്- ഉല്‍ബോധനം ഉള്‍ക്കൊള്ളുന്ന ക്വുര്‍ആന്‍ തന്നെ സത്യം. എന്നാല്‍ സത്യനിഷേധികള്‍ ദുരഭിമാനത്തിലും കക്ഷിമാത്സര്യത്തിലുമാകുന്നു. അവര്‍ക്ക് മുമ്പ് എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചു. അപ്പോള്‍ അവര്‍ മുറവിളി കൂട്ടി. എന്നാല്‍ അത് രക്ഷപ്രാപിക്കാനുള്ള സമയമല്ല. അവരില്‍ നിന്നുതന്നെയുള്ള ഒരു താക്കീതുകാരന്‍ അവരുടെയടുക്കല്‍ വന്നതില്‍ അവര്‍ക്ക് ആശ്ചര്യം തോന്നിയിരിക്കുന്നു. സത്യനിഷേധികള്‍ പറഞ്ഞു. ഇവന്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരനാകുന്നു. ഇവന്‍ പല ദൈവങ്ങളെ ഒരൊറ്റ ദൈവമാക്കിയിരിക്കയാണോ? തീര്‍ച്ചയായും ഇത് ഒരത്ഭുതകരമായ കാര്യം തന്നെ. അവരിലെ പ്രധാനികള്‍ (ഇപ്രകാരം പറഞ്ഞുകൊണ്ട്)പോയി. നിങ്ങള്‍ മുന്നോട്ട് പോയിക്കൊള്ളുക. നിങ്ങളുടെ ദൈവങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ ക്ഷമാപൂര്‍വം ഉറച്ചുനില്ക്കുകയും ചെയ്യുക. തീര്‍ച്ചയായും ഇത് ഉദ്ദേശ്യപൂര്‍വം ചെയ്യപ്പെടുന്ന ഒരു കാര്യം തന്നെയാകുന്നു. അവസാനത്തെ മതത്തില്‍ ഇതിനെപ്പറ്റി ഞങ്ങള്‍ കേള്‍ക്കുകയുണ്ടായിട്ടില്ല. ഇത് ഒരു കൃത്രിമ സൃഷ്ടി മാത്രമാകുന്നു.'' (38:1-7)(41)

ദുഃഖവര്‍ഷം:

അബൂത്വാലിബിന്റെ മരണം:
അബൂത്വാലിബിന്റെ രോഗം കഠിനമായി. മരണം പിന്നീട് അധികം താമസിച്ചില്ല. പ്രവാചകത്വത്തിന്‍റെ പത്താംവര്‍ഷം റജബ് മാസത്തില്‍ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. ഇത് താഴ്വരയില്‍ നിന്ന് മടങ്ങി ആറുമാസം കഴിഞ്ഞാണ്. ഖദീജയുടെ മരണത്തിന് മൂന്നുനാള്‍ മുമ്പ് റമദാനിലാണ് മരണമെന്ന് ഒരഭിപ്രായമുണ്ട്.

മരണാസന്നനായ അബൂത്വാലിബിനെ നബി(സ) സന്ദര്‍ശിച്ചു. തത്സമയം അബൂജഹലും അവിടെയുണ്ട്. നബി(സ) പറഞ്ഞു: 'പിതൃവ്യാ അങ്ങ് ലാ ഇലാഹ ഇല്ലല്ലാഹ് മൊഴിയൂ. ആ പദമുപയോഗിച്ച് ഞാന്‍ അല്ലാഹുവില്‍ താങ്കള്‍ക്ക് വേണ്ടി വാദിക്കാം.' അപ്പോള്‍ അബൂജഹലും അബ്ദുല്ലാബിന്‍ അബീഉമയ്യയും കൂടി പറഞ്ഞു: 'അബൂത്വാലിബ്! താങ്കള്‍ അബ്ദുല്‍ മുത്വലിബിന്‍റെ മതത്തില്‍നിന്ന് വ്യതിചലിക്കുകയാണോ? അവരദ്ദേഹത്തോട് സംസാരിച്ചുകൊണ്ടേയിരുന്നു. അവസാനം, 'അബ്ദുല്‍ മുത്വലിബിന്റെ മതത്തില്‍ എന്ന് മൊഴിഞ്ഞു മരിക്കുകയും ചെയ്തു. നബി(സ) പറഞ്ഞു: അല്ലാഹു നിരോധിക്കാത്ത കാലം വരെ താങ്കള്‍ക്ക് വേണ്ടി ഞാന്‍ അല്ലാഹുവോട് പാപമോചനം നടത്തുക തന്നെ ചെയ്യും. അപ്പോള്‍ നിരോധിച്ചുകൊണ്ട് ആയത്തവതരിച്ചു:
"ബഹുദൈവവിശ്വാസികള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളാണെന്ന് തങ്ങള്‍ക്ക് വ്യക്തമായിക്കഴിഞ്ഞശേഷം അവര്‍ക്ക് വേണ്ടി പാപമോചനം തേടുവാന്‍- അവര്‍ അടുത്ത ബന്ധുക്കളായാല്‍പോലും- പ്രവാചകനും സത്യവിശ്വാസികള്‍ക്കും പാടുള്ളതല്ല.'' (9:113) വീണ്ടും അവതരിച്ചു:

"നിശ്ചയം നിനക്കിഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല.....'' (28:56)(42)
അബൂത്വാലിബ് നബി(സ)ക്ക് നല്കിയ സംരക്ഷണവും പ്രതിരോധവും വിശദീകരിക്കേണ്ട ആവശ്യമില്ല. ഭോഷന്മാരുടേയും അഹങ്കാരികളുടെയും കയ്യേറ്റത്തില്‍ നിന്ന് ഇസ്ലാമിക പ്രബോധനത്തെ കോട്ടകണക്കെ അദ്ദേഹം സംരക്ഷിച്ചു. പക്ഷെ, അദ്ദേഹമപ്പോഴും പിതാക്കളുടെ മതത്തില്‍ തന്നെ അവശേഷിച്ചു. അതുകാരണം, പൂര്‍ണ വിജയം കൈവരിക്കാനായതുമില്ല. അബ്ബാസുബ്നു അബ്ദുല്‍ മുത്വലിബ് നബി(സ)യോട് ചോദിച്ചു. താങ്കളുടെ പിതൃവ്യന് താങ്കള്‍ക്കൊന്നും ഉപകരിക്കാനാവില്ലെ? അദ്ദേഹം താങ്കളെ സംരക്ഷിക്കുകയും താങ്കള്‍ക്ക് വേണ്ടി കോപിക്കുകയും ചെയ്തിട്ടില്ലേ. നബി(സ) പറഞ്ഞു: 'അദ്ദേഹം നരകാഗ്നിയിലെ ആഴം കുറഞ്ഞ സ്ഥലത്തായിരിക്കും. ഞാനില്ലായിരുന്നുവെങ്കില്‍ നരകത്തിന്റെ അടിത്തട്ടിലാകുമായിരുന്നു.'(43)
അബൂസഈദില്‍ ഖുദ്രിയില്‍നിന്ന്: നബി(സ) പറഞ്ഞു: 'അന്ത്യനാളില്‍ എന്റെ ശുപാര്‍ശ അദ്ദേഹത്തിന് ലഭിച്ചേക്കാം. അങ്ങനെ നരകത്തിലെ ആഴം കുറഞ്ഞ ഭാഗത്ത് അദ്ദേഹം എത്തും. അത് നെരിയാണിവരെയുണ്ടാകും.'(44)

ഖദീജ(റ)യുടെ വേര്‍പാട്
അബൂത്വാലിബിന്റെ മരണത്തിനു രണ്ടോ മൂന്നോ മാസങ്ങള്‍ക്ക് ശേഷം വിശ്വാസികളുടെ മാതാവ് ഖദീജ(റ)യും ഇഹലോകത്തോട് വിട പറഞ്ഞു: പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം റമദാനില്‍ 65 -)൦ വയസിലാണ് ഇത്. റസൂല്‍(സ)ക്ക് അന്ന് അമ്പത് വയസ്സായിരുന്നു. (45)

റസൂല്‍(സ)ക്ക് ലഭിച്ച അല്ലാഹുവിന്‍റെ മഹത്തായ അനുഗ്രഹങ്ങളില്‍ ഒന്നാണ് ഖദീജ, കാല്‍നൂറ്റാണ്ട് കാലം നബിയോടൊന്നിച്ചുകഴിച്ചു കൂട്ടി. പ്രതിസന്ധികളിലും പ്രയാസങ്ങളിലും പ്രവാചകന് ശക്തി പകരുകയും പ്രബോധനരംഗത്തും കടുത്ത ധര്‍മസമരരംഗങ്ങളിലും പങ്കുചേരുകയും തന്റെ സമ്പത്തുകൊണ്ടും ശരീരം കൊണ്ടും സഹായിക്കുകയും ചെയ്ത മഹനീയ മഹിള. റസൂല്‍(സ) പറയുന്നു. "ജനങ്ങളെന്നെ അവിശ്വസിച്ചപ്പോള്‍ അവളെന്നെ വിശ്വസിച്ചു. കള്ളവാദിയെന്നാരോപിച്ചപ്പോള്‍ അവളെന്നെ സത്യവാനായംഗീകരിച്ചു. അവളുടെ സമ്പത്തില്‍ അവളെന്നെ പങ്കുചേര്‍ത്തു, ജനങ്ങള്‍ അതെനിക്ക് തടഞ്ഞപ്പോള്‍. അവളില്‍ അല്ലാഹു എനിക്ക് സന്തതികളെ നല്കി, മറ്റുള്ളവരില്‍ അത് തടഞ്ഞപ്പോള്‍.....'' (46)
അബൂഹുറയ്റ(റ) നിവേദനം ചെയ്യുന്നു: ഒരിക്കല്‍ ജിബ്രീല്‍ നബി(സ)യുടെ അടുക്കല്‍ വന്നുപറഞ്ഞു: ദൈവദൂതരേ! ഇതാ ഖദീജ, അവള്‍ ഒരു പാത്രത്തില്‍ അന്നപാനങ്ങളുമായി വരുന്നു. അവള്‍ താങ്കളുടെ അരികെയെത്തിയാല്‍ റബ്ബിന്‍റെ സലാം അവളെ അറിയിക്കുക. സ്വര്‍ഗത്തില്‍ ബഹളമോ വിഷമമോ ഇല്ലാത്ത മുത്താല്‍ നിര്‍മ്മിതമായ ഒരു ഭവനവും അവള്‍ക്ക് ലഭിക്കുമെന്ന് സുവിശേഷവുമറിയിക്കുക.' (47)

ഉരുണ്ടുകൂടിയ ദുഃഖം
വേദനാജനകമായ ഈ രണ്ടു സംഭവങ്ങളും ഏതാനും നാളുകള്‍ക്കിടയിലാണ് സംഭവിച്ചത്. നബി(സ)യുടെ ദുഃഖം അണപൊട്ടിയൊഴുകി. അതിനുശേഷം സ്വസമുദായത്തില്‍നിന്നുള്ള പീഡനങ്ങള്‍ അനുസ്യൂതം തുടരുകയും ചെയ്തു. അവര്‍ അദ്ദേഹത്തിനു നേരെ തിരിഞ്ഞു. പ്രതികാരനടപടികളും മര്‍ദനങ്ങളും കഠിനതരമാക്കുകയും ചെയ്തു. കനത്ത ദുഃഖഭാരവും പേറി, നിരാശനായി നബി(സ) ത്വാഇഫിലേക്ക് അഭയം തേടി പുറപ്പെട്ടു. അവര്‍ തനിക്കഭയം നല്കുമെന്നും തന്‍റെ സന്ദേശം സ്വീകരിക്കുമെന്നും ഉള്ള പ്രതീക്ഷയായിരുന്നു അദ്ദേഹത്തിന്. പക്ഷെ, അതുണ്ടായില്ല. എന്നല്ല, തന്റെ സമൂഹത്തില്‍ നിന്ന് ഏറ്റതിലും ക്രൂരമായ മര്‍ദനങ്ങളാണ് അവിടെനിന്ന് ഏറ്റുവാങ്ങേണ്ടിവന്നത്.

നബിക്ക് നേരെ ഉണ്ടായതുപോലുള്ള പീഡനമര്‍ദനങ്ങള്‍ മക്കയില്‍ സ്വഹാബികള്‍ക്ക് നേരെയുണ്ടായി. ആത്മമിത്രം അബൂബക്കര്‍ സിദ്ദീഖ് ഇതുകാരണം നാടുവിടാന്‍ തീരുമാനിച്ചു. എത്യോപ്യ ഉദ്ദേശിച്ച് പുറപ്പെട്ട അദ്ദേഹം ബര്‍കുല്‍ ഗിമാദ് എന്നിടംവരെയെത്തിയപ്പോള്‍ വിവരമറിഞ്ഞ ഇബ്നുദ്ദുഗുന്ന തന്റെ സംരക്ഷണത്തില്‍ അദ്ദേഹത്തെ മക്കയിലേക്ക് തന്നെ തിരിച്ചുകൊണ്ടുവന്നു. (48)

ഇബ്നുഇസ്ഹാഖ് രേഖപ്പെടുത്തുന്നു: അബൂത്വാലിബ് മൃതിയടഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ ജീവിതകാലത്ത് ധൈര്യപ്പെടാത്ത കാര്യങ്ങള്‍ അവര്‍ ചെയ്തു. ഖുറൈശികളിലെ ഭോഷന്മാരായ ചിലര്‍ അവിടുത്തെ തിരുശിരസ്സില്‍ മണ്ണുവാരിയെറിഞ്ഞു. മണ്ണുമായി വീട്ടില്‍ ചെന്ന തിരുമേനിയുടെ ശിരസ്സ് അവിടുത്തെ പുത്രി കഴുകി ശുദ്ധിയാക്കി. അവര്‍ അപ്പോള്‍ പിതാവിന്‍റെ സ്ഥിതിയോര്‍ത്ത് തേങ്ങുന്നുണ്ടായിരുന്നു. അദ്ദേഹം മോളെ കരയാതെ, നിന്റെ പിതാവിനെ അല്ലാഹു കാത്തുകൊള്ളും! എന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. അതിന്നിടയ്ക്ക് അദ്ദേഹം പറയുന്നുണ്ട് 'അബൂത്വാലിബ് മരിക്കുന്നതുവരെ ഖുറൈശികള്‍ക്ക് ഇത്രയേറെ മോശമായി ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.''

അനുസ്യൂതമായ വേദനകളാല്‍ നിറഞ്ഞ ഈ വര്‍ഷത്തെ റസൂല്‍(സ) ദുഃഖവര്‍ഷമെന്ന് പേരിട്ടു. ഇത് പിന്നീട് ചരിത്രത്തില്‍ അറിയപ്പെടുകയാണുണ്ടായത്. (49)

സൌദയുമായുള്ള വിവാഹം
പ്രവാചകത്വത്തിന്‍റെ പത്താം വര്‍ഷം ശവ്വാലില്‍ റസൂല്‍(സ) സംഅയുടെ പുത്രി സൌദയെ വിവാഹം ചെയ്തു. ഇവര്‍ നേരത്തെത്തന്നെ വിശ്വസിക്കുകയും രണ്ടാം അബ്സീനിയന്‍ പലായനത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവ് സക്റാന്‍ബിന്‍ അംറ് ഇസ്ലാം സ്വീകരിക്കുകയും കൂടെ പലായനം നടത്തുകയും ചെയ്തു. അബ്സീനിയയില്‍ വെച്ചോ അവിടെനിന്ന് മടങ്ങിയശേഷം മക്കയില്‍ വെച്ചോ അദ്ദേഹം മൃതിയടഞ്ഞു. അതിനെത്തുടര്‍ന്നാണ് റസൂല്‍(സ) ഇവരെ വിവാഹം ചെയ്തത്. ഖദീജ(റ)യുടെ മരണശേഷം അവിടുന്ന് ആദ്യം വിവാഹം ചെയ്ത വനിത ഇവരാണ്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ദിവസങ്ങള്‍ ഇവര്‍ ആഇശ(റ)ക്ക് ഒഴിവാക്കിക്കൊടുക്കുകയായിരുന്നു.(50)1 .ഇബ്‌നു അഥീര്‍ 1 :584 ,85
2 .എന്തെങ്കിലും സഹായമ ര്തിക്കാനോ ആപായവാര്‍ത്ത അറിയിക്കാനോ വേണ്ടി അറബികള്‍ ഉപയോഗിച്ചിരുന്ന ഒരു സംബോധനാ ശൈലി.
3 .ബുഖാരി 2 :703 ,മുസ്‌ലിം 1 :114
4.മുസ്‌ലിം 1 :114
5.ഇബ്നുഹിശാം 1 :271
6.ibid
7.അഹ്മദ് 3 :492 ൪:341 ,ബിദായ 5 /75
8 .ഇബ്നുഹിശാം ൧:299 ,300 .358
9 .ഇബ്നുഹിശാം 1 :137
10 .ഇബ്നുഹിശാം 1 :319 ,ഇബ്‌നു സഅദ് 3 /248
11 .ഉസ്ദുല്‍ ഗാബ 1 :591 ,92
12 .ഇബ്‌നു ഹിശാം 1 :318 ,ഇബ്‌നു സഅദ് 3 /248
13 .ഇബ്നുഹിശാം 1 :265
14 .ദലാഇലുന്നുബുവ്വാ :ബൈഹഖി 2 /188
15 .ഇബ്‌നു ഹിശാം 1 /266 ,67
16 .ഇബ്നുഹിശാം 1 /335 ,36
17 .ഇദ്ദേഹം അമവീഖലീഫ മര്‍വാന്റെ പിതാവാണ്.
18 .ഇബ്നുഹിശാം 1 /416
19 .ബുഖാരി 1 /37 എഴാമാത്തെയാള്‍ ഇമാറത്തുബിനുല്‍ വലീദാ ണെന്നു ൫൨൦ നമ്പര്‍ ഹദീസില്‍ വന്നിരിക്കുന്നു.
20 .ഇബ്നുഹിശാം 1 :356
21 .ഇബ്നുഹിശാം 1 :361 ,62
22 .ഇബ്‌നു ജരീര്‍ തന്‍റെ തഫ്സീറില്‍ ഉദ്ധരിച്ചത്.
23 .മുസ്‌ലിം ഹദീസ് :38
24 .ബൈഹഖിയുടെ സുനനുല്‍ കുബ്ര 9 :9
25 .ബുഖാരി 1 :146
26 :ഗറാനീഖിന്റെ കഥ പറയുന്ന ഈ സംഭവത്തിന്റെ നിവേദനം തീര്‍ത്തും ദുര്‍ബലവും അസ്വീകാര്യവുമാണ്,ഇബ്‌നു സഅദ് ത്വബഖാതിയും ത്വബ്രി തന്‍റെ തഫ്സീറിലും ബൈഹഖി ദലാഇലുമാണ് ഇത് നിവേദനം ചെയ്തത് മൂന്നും ദുര്‍ബലമായ പരമ്പരകളാണ്.ഇബ്‌നു കഥീര്‍ അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ പറയുന്നു ഇവിടെ ഗറാനീഖിന്റെ കഥ പലരും ഉദ്ധരിച്ചിട്ടുണ്ട് പക്ഷെ സ്വീകാര്യമായ ഒരു നിവേദക ശ്രേണിയുംനാനതിനു കണ്ടിട്ടില്ല (3 :299 )ഖാദീഇയാദ് അശ്ശിഫ(2 :750 )മുതലുള്ള പുറങ്ങളില്‍ ഇതിനെ ഖണ്ഡിക്കുന്നു.എല്ലാറ്റിനും പുറമേ നിവേദനം ചെയ്ത പ്രമേയം ഖുരാനിനു വിരുദ്ധവുമാണ് .ഭാഷാ തത്വങ്ങള്‍ക്കും അവതരണ പശ്ചാത്തലത്തിനുമെല്ലാം ഈ കഥ തീര്‍ത്തും വിരുദ്ധ മാകയാല്‍ തികച്ചും അസ്വീകാര്യമാണെന്ന് പല പണ്ഡിതന്മാരും വിലയിരുത്തുന്നു വിശദീ കരണത്തിന്(സീറത്തുന്നബഹീ ഫീളോഹീ മസ്വാദിരില്‍ ആസ്വലിയ്യ :199 :205 വരെ നോക്കുക,വിവ)
27 .ഇബ്നു ഹിഷാം 1 -334 ,38
ദലാഇലുന്നുബുവ്വ 2 /285 (ഇത് പ്രബലമായ റിപ്പോര്‍ട്ട് അല്ല(സീറത്തുന്നബവിയ്യ
-- പുറം 181 നോക്കുക )
ഈ സംഭവം ഹാക്കിം തന്‍റെ മുസ്തദ്റകിലും ഉദ്ധരിച്ചിട്ടുണ്ട് ഇതിന്‍റെ പരമ്പരയിലുള്ള അബൂബക്കര്‍ ബിന്‍ അബീ നസ്വര്‍ അല്‍ മുസക്കീ അന്ജാതനാണ് അത് പോലെ ഹാരിധുബ്നു ഉസാമ ദുര്‍ബലനും അല്‍ അബ്ബാസ് ബിന്‍ അബില്‍ ഫദ്ല്‍ സ്വീകാര്യനുമാണ്.(വിവ)
28 .ബുഖാരി 1 :544
29 . ഇബ്നുഹിശാം 1 /291 ,92
30 . തിര്‍മിദി 5 :576 ,ഹ :3681
31 .താരിഖ് ഉമറുബ്നു ഖത്വാബ് ,ഇബ്നുല്‍ ജൌസി പുറം ൬
32 .ഇബ്‌നു ഹിശാം 1 :349
33 .ഇബ്‌നു ഹിശാം 9 :16
34 .ബുഖാരി 1 :545
35 . താരീഖ് ഉമര്‍ ഇബ്‌നു ജൌസി :ഉമറിന്റെ ഇസ്‌ലാം ഇസ്‌ലാം സ്വീകരണവുമായി ബന്ധപ്പെട്ടു വെന്ന പല റിപ്പോര്‍ട്ട് കളും ഹദീസ് സ്വീകാര്യ - തിരസ്കാര മാനദണ്ടമനുസരിച്ച് സ്വീകാര്യ മല്ലെങ്കിലും പൊതുവേ സ്വീകാരിക്കാവുന്നതാണ് .കാരണം ,അവയൊന്നും മതത്തിന്റെ ഏതെങ്കിലുമൊരു വിധി അടിസ്ഥാനപരമായി സ്ഥാപിക്കുന്നവയല്ല.പുറമേ റസൂല്‍ (സ്വ) യുടെ ഉമറിനെ വേണ്ടിയുള്ള പ്രാര്‍ഥനയില്‍ ഇസ്ലാമിനെ ഉമര്‍ മുഖേന ശക്തിപ്പെടുത്താന്‍ പറയുന്നുമുണ്ട് .
(സീറ ത്തുന്നബവീ ...................പുറം 216 )വിവ.
36 . ഇബ്‌നു ഹിശാം 1 :293 ,94 ,മുഅജമു സ്സഗീര്‍ ,ത്വബ്രാനി 1 :265
37 .ഇബനുകധീര്‍ 4 :95 ,96
38 .ഇബ്‌നു ഹിശാം 1 /295 -98
39 .ഇബ്‌നു ഹിശാം 1 :299 -301
40 .ബുഖാരി 1 :216 ,548 ,സാദുല്‍ മആദ് ൨:൨൪൬ 1 :350 -357
തുടങ്ങിയവയില്‍ നിന്ന് സംപ്ക്ഷിച്ചത് സ്രോതസ്സുകളില്‍ ഭിന്നതയുണ്ട് കൂടുതല്‍ ശരിയെന്നു തോന്നിയവ ചേര്‍ത്തിരിക്കുന്നു
സംഭവത്തിന്റെ ചുരുക്കം ബുഖാരിയിലുണ്ടെങ്കിലും പല ഭാഗങ്ങളും സ്വീകാര്യമായ നിവേദക പരമ്പര വഴി വന്ന റിപ്പോട്ട് ആണ് (സീറത്തുന്നബവി..........218,221 നോക്കുക ) വിവ.
41 .ഇബ്‌നു ഹിശാം 1 :417 ,19 തിര്‍മിദി ഹദീസ് 3232
42 .ബുഖാരി 1 :48
43 .ibid
44 .ibid
45 .ഇബ്‌നു ജൌസി റമളാനിലാണ് മരണമെന്ന് സ്ഥാപിക്കുന്നു.
46 .അഹ്മദ് 6 :118
47 . ബുഖാരി 1 /539
48 :ബുഖാരി 1 :552 ,553 , ഇബ്‌നു ഹിശാം 1 :372
49 .ദു:ഖവര്‍ഷമെന്ന് നാമകരണം നബി(സ്വ)യില്‍ നിന്ന് ശരിയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല ഈ റിപ്പോര്‍ട്ട് ദുര്‍ബലമാണെന്ന് അല്‍ബാനി പറയുന്നു ദിഫാഉന്‍ ആനി ല്‍ ഹദീസി വസ്സീറ,പുറം 8 (സീറത്തുന്നബവി .........പുറം 225 .)വിവ.

സി. സലീം സുല്ലമി വിവര്‍ത്തനം ചെയ്ത ശൈഖ് സ്വഫീഹുറഹ്മാന്‍ മുബാറക് പൂരിയുടെ 'അര്‍റഹീക്വുല്‍ മഖ്തൂം' എന്ന ഗ്രന്ഥത്തില്‍ നിന്ന്...

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH