Search

mahonnathan

JA slide show

നബി ചരിത്രം

പ്രബോധന സമരം Print E-mail

മക്കയാണല്ലോ അറബികളുടെ മതകേന്ദ്രം. അവിടെയാണ് കഅ്ബാലയം, ഇതര അറബിഗോത്രങ്ങളിലുള്ള വിഗ്രഹങ്ങളുടെയും പ്രതിമകളുടെയും നേതൃസ്ഥാനവും അവിടെത്തന്നെ. അതിനാല്‍ തന്നെ ഉദ്ദേശിക്കുന്ന പരിഷ്കരണ സംസ്കരണ സംരംഭങ്ങള്‍, പ്രതിസന്ധികള്‍ക്കും ദുരന്തങ്ങള്‍ക്കും മുമ്പില്‍ പതറിപ്പോവാതെ തികഞ്ഞ അവധാനതയോടും പക്വതയോടും നിര്‍വഹിക്കേണ്‍ ശ്രമകരമായ ഒരു ജോലിയാണ്. പ്രബോധനത്തിന്റെ പ്രാഥമിക ഘട്ടം രഹസ്യമായിരിക്കുകയെന്നത് ഇതിന്‍റെ താല്പര്യം.

പ്രഥമവിശ്വാസികള്‍
തന്‍റെ വീട്ടുകാരുടെയും താനുമായി ഏറെ സാമീപ്യമുള്ള കൂട്ടുകാരുടെയും മുമ്പില്‍ ഇസ്ലാം സമര്‍പ്പിക്കുകയും, തന്‍റെ സത്യസന്ധതയെ അംഗീകരിക്കുകയും ഗുണകാംക്ഷികളായി അഭിപ്രായപ്പെടുകയും ചെയ്യുന്നവരെ ആദ്യമായി ഇസ്ലാമിലേക്ക് ക്ഷണിക്കുകയാണ് അദ്ദേഹം ചെയ്തത്. അവര്‍ സംശയലേശമെന്യേ അദ്ദേഹത്തില്‍ വിശ്വസിക്കുകയും ചെയ്തു. ഇവര്‍ ഇസ്ലാമിക ചരിത്രത്തിലെ പ്രഥമവിശ്വാസികളായി അറിയപ്പെടുന്നു. ഇവരുടെ മുന്‍പന്തിയില്‍ പ്രിയപത്നി ഖദീജയും അടിമ കല്‍ബ് ഗോത്രക്കാരന്‍ സൈദ്ബിന്‍ ഹാരിഥ് ബ്നു ശറാഹീലും(1) പിതൃവ്യപുത്രന്‍ അലിയുബിനു അബീത്വാലിബും (ഇദ്ദേഹം അന്ന് നബി (സ)യുടെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന ബാലനായിരുന്നു.) ആത്മമിത്രം അബൂബക്കര്‍ സിദ്ദീഖും ഉള്‍പ്പെടുന്നു. പ്രബോധനത്തിന്റെ ഒന്നാം നാളില്‍ തന്നെ ഇവര്‍ ഇസ്ലാം ആശ്ളേഷിക്കുകയു ണ്ടായി. തുടര്‍ന്ന് അബൂബക്കര്‍ (റ) പ്രബോധനരംഗത്ത് സജീവമാകുകയുണ്ടായി. ഇദ്ദേഹം, സല്‍സ്വഭാവിയും സമൂഹത്തിന് പ്രിയപ്പെട്ടവനും അവരുമായി ഇണങ്ങിക്കഴിയുന്നവനുമായിരുന്നു. തന്‍റെ വിജ്ഞാനവും സൌഹൃദവും കച്ചവടവും പ്രസന്നതയും കാരണം ജനങ്ങള്‍ അദ്ദേഹവുമായി സ്ഥിരസമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. അവരെയെല്ലാം അദ്ദേഹം ഇസ്ലാമിലേക്ക് ക്ഷണിച്ചു. അങ്ങനെ അദ്ദേഹത്തിന്‍റെ ക്ഷണംവഴി ഉസ്മാന്‍ ബിന്‍അഫ്ഫാന്‍ അല്‍അമവീ, സുബൈര്‍ ബിന്‍ അല്‍ അവ്വാം അല്‍ അസദി, അബ്ദുറഹ്മാന്‍ ബിന്‍ ഔഫ്, സഅദ്ബിന്‍ അബീവഖ്ഖാസ് അ ുഹ്രീ, ത്വല്‍ഹബിന്‍ ഉബൈദില്ല അത്തൈമീ എന്നീ എട്ടുപേര്‍ ആദ്യമായിത്തന്നെ ഇസ്ലാം ആശ്ളേഷിച്ചു. ഇവരായിരുന്നു ഇസ്ലാമിന്‍റെ മുന്നണിപ്പോരാളികള്‍.

തുടര്‍ന്ന് വിശ്വാസരംഗത്തേക്ക് കടന്നുവന്നവരാണ് 'ഈ സമുദായത്തിന്‍റെ വിശ്വസ്തന്‍' എന്ന് നബിതിരുമേനി(സ) വിശേഷിപ്പിച്ച അബൂഉബൈദ ആമിര്‍ബ്നു അല്‍ജര്‍റാഹ്. ഇദ്ദേഹം ഹാരിഥ് ബിന്‍ ഫഹ്റ് ഗോത്രക്കാരനാണ്. അബൂസലമബിന്‍ അബ്ദില്‍ അസദ് അല്‍മഖ്സൂമി, ഇദ്ദേഹത്തിന്റെ ഭാര്യ ഉമ്മുസലമ, അര്‍ഖംബ്നു അബില്‍അര്‍ഖം അല്‍ മഖ്സൂമി, ഉസ്മാനുബ്നു മദ്വ്ഊന്‍ അല്‍ജൂമഹി, ഇദ്ദേഹത്തിന്‍റെ സഹോദരന്‍മാരായ ഖുദാമയും അബ്ദുല്ലയും, ഉബൈദബ്നു അല്‍ ഹാരിഥ്, സഈദുബ്നു സൈദ് അല്‍ അദവി, ഇദ്ദേഹത്തിന്‍റെ ഭാര്യയും ഉമര്‍ബിന്‍ഖത്വാബിന്‍റെ സഹോദരിയുമായ ഫാത്വിമ ബിന്‍ത് അല്‍ഖത്വാബ് അല്‍അദവിയ്യ, ഖബ്ബാബ് ബിന്‍ അല്‍അറത് അത്തമീമി, ജഅ്ഫറുബിന്‍ അബീത്വാലിബ്, ഭാര്യ അസ്മാഅ്ബിന്‍ത് ഉമൈസ്, ഖാലിദ് ബ്നുസഈദ് ബിന്‍ അല്‍ആസ്വ് അമവീ, ഭാര്യ അമീന ബിന്‍ത് ഖലഫ്, ഖാലിദിന്റെ സഹോദരന്‍ അംറ് ബിന്‍ സഈദ് ബിന്‍ അല്‍ ആസ്വ്. ഹാത്വിബ് ബിന്‍ അല്‍ഹാരിഥ് അല്‍ജുഹി, ഭാര്യ ഫാത്വിമ ബിന്‍ത് അല്‍മുജല്ലില്‍, ഇദ്ദേഹത്തിന്റെ സഹോദരന്‍ ഖത്വാബ് ബിന്‍ അല്‍ഹാരിഥ്, ഭാര്യ ഫുകൈഹ ബിന്‍ത് യസാര്‍ ഇദ്ദേഹത്തിന്‍റെ സഹോദരന്‍ മുഹമ്മര്‍ ബിന്‍ അസ്ഹര്‍ അല്‍ഹാരിഥ്, മുത്വലിബ് ബിന്‍ അ ുഹ്രി, ഭാര്യ റംലബിന്‍ത് അബീ ഔഫ്, നഈമുബിന്‍ അബ്ദില്ല അല്‍അദവി, ഇവരെല്ലാം ഖുറൈശ് ഗോത്രത്തിലെ വിവിധ ശാഖകളില്‍ നിന്നുള്ളവരാണ്.

ഖുറൈശ് ഗോത്രത്തില്‍ നിന്നല്ലാതെ ആദ്യം ഇസ്ലാമിലേക്ക് കടന്നുവന്നവരില്‍ പെട്ടവരാണ് അബ്ദില്ലാഹിബിന്‍ മസ്ഊദ് അല്‍ഹുദൈലി, മസ്ഊദ്ബിന്‍ റബീഅ: അല്‍ഖാരി, അബ്ദുല്ലാഹിബിന്‍ ജഹശ് അല്‍അസദി, സഹോദരന്‍ അബൂ അഹ്മദ് ബിന്‍ ജഹ്ശ്, ബിലാല്‍ ബിന്‍ റബാഹ് അല്‍ഹബ്ശി, സ്വുഹൈബ് ബിന്‍ സിനാന്‍ അര്‍റൂമി, അമ്മാര്‍ ബിന്‍യാസിര്‍ അല്‍ അനസി, ഇദ്ദേഹത്തിന്‍റെ പിതാവ് യാസിര്‍, മാതാവ് സുമയ്യ:, ആമീര്‍ബിന്‍ ഫുഹൈറ എന്നിവര്‍.

സ്ത്രീകളില്‍ നിന്ന് കടന്നുവന്ന മറ്റുള്ളവര്‍: ഉമ്മു ഐമന്‍ബറക: അല്‍ഹബ്ശിയ്യ: അബ്ബാസ്ബിന്‍ അബ്ദില്‍ മുത്വലിബിന്റെ ഭാര്യ ഉമ്മുല്‍ ഫദ്വല്‍ ലുബാബ ബിന്‍ത് അല്‍ഹാരിഥ് അല്‍ഹിലാലിയ്യ, അസ്മാഅ്ബിന്‍ത് അബീബക്കര്‍ (റ).(2) ഇവരാണ് പ്രഥമവിശ്വാസികളായി അറിയപ്പെടുന്നത്. സൂക്ഷ്മപരിശോധന നടത്തിയാല്‍ സ്ത്രീപരുഷന്‍മാരായ നൂറ്റിമുപ്പതോളം പേര്‍ വിശ്വാസികളായി കടന്നുവന്നവരായി കാണാവുന്നതാണ്. പക്ഷെ, ഇവരൊക്കെ രഹസ്യപ്രബോധന കാലഘട്ടത്തില്‍ തന്നെയാണ് ഇസ്ലാമാശ്ളേഷിച്ചതെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ല.

നമസ്കാരം
കല്പനകളില്‍ ആദ്യമവതരിച്ചത് നമസ്കാരമാണ്. ഇബ്നുഹജര്‍(റ) പറയുന്നു: 'ഇസ്റാഅ് സംഭവത്തിനുമുമ്പ് നബിയും സ്വഹാബികളും നമസ്കരിച്ചിരുന്നുവെന്നുള്ളത് സംശയരഹിതമാണ്. എന്നാല്‍, അഞ്ചുനേരത്തെ നമസ്കാരത്തിനുമുമ്പ് വല്ല നമസ്കാരവും നിര്‍ബന്ധമായിരുന്നോ എന്ന കാര്യം സംശയാസ്പദമാണ്. ഉദയാസ്തമയങ്ങള്‍ക്ക് മുമ്പായി നിര്‍വഹിക്കേണ്‍ നമസ്കാരം നിര്‍ബന്ധമായിരുന്നു എന്ന ഒരു അഭിപ്രായമുണ്‍്.' സൈദ്ബിന്‍ ഹാരിഥ നിവേദനം ചെയ്യുന്നു: തിരുമേനിക്ക് ആദ്യം വെളിപാട് ലഭിച്ചപ്പോള്‍ ജിബ്രീല്‍ അദ്ദേഹത്തിന് വുളു പഠിപ്പിച്ചു. വുളുവിനുശേഷം അല്പം വെള്ളമെടുത്ത് തന്‍റെ ഗുഹ്യഭാഗത്ത് കുടയുകയും ചെയ്തു. ഇതേ ആശയം ഇബ്നുമാജയും നിവേദനം ചെയ്തിട്ടുണ്‍്. ഇതേ ആശയംതന്നെ, ബറാഅ്ബിന്‍ ആസിബില്‍ നിന്നും ഇബ്നു അബ്ബാസില്‍ നിന്നും വന്നിട്ടുണ്‍്.3

ഇബ്നുഹിശാം, നബിയും സ്വഹാബികളും നമസ്കാരസമയമായാല്‍ താഴ്വരയിലേക്ക് നീങ്ങി അവിടെവെച്ച് രഹസ്യമായി നമസ്കരിച്ച സംഭവം ഉദ്ധരിക്കുന്നു. അങ്ങനെ ഒരിക്കല്‍ അബൂത്വാലിബ്, നബിയും അലിയും നമസ്കരിക്കുന്നത് കാണുകയും അതെന്താണെന്ന് അന്വേഷിക്കുകയുമുണ്ടായി. കാര്യം മനസിലായ അദ്ദേഹം ദൃഢചിത്തനായി അത് നിര്‍വഹിക്കാന്‍ ആവശ്യപ്പെട്ടു.4
ഈ നമസ്കാരമായിരുന്നു അന്ന് വിശ്വാസികള്‍ ചെയ്യാന്‍ കല്പിക്കപ്പെട്ടിരുന്ന ആരാധന. ഇതുമായി ബന്ധപ്പെട്ടതല്ലാതെ, മറ്റേതെങ്കിലും ആരാധനാകര്‍മങ്ങളുടെ കല്പനകളോ നിര്‍ദേശങ്ങളോ നിരോധങ്ങളോ അവര്‍ക്ക് വന്നിരുന്നതായി അറിയപ്പെട്ടിട്ടില്ല. പ്രത്യുത, തൌഹീദിന്‍റെ (ഏകദൈവവിശ്വാസം) വിവിധ വശങ്ങള്‍ വിശദീകരിച്ചും ആത്മ-സ്വഭാവസംസ്കരണത്തെ പ്രോത്സാഹിപ്പിച്ചും സ്വര്‍ഗനരകങ്ങളെ ദൃഷ്ടിഗോചരമാക്കുന്നതുപോലെ വര്‍ണിച്ചും മനസ് തുറക്കുംവിധം ആത്മപോഷണം സിദ്ധിക്കുംവിധവും ഹൃദ്യമായ ഉപദേശങ്ങള്‍ നല്കി അവരെ അക്കാലത്ത് മനുഷ്യസമൂഹത്തിന് പരിചിതമല്ലാത്ത ഒരു ഉയര്‍ന്ന വിതാനത്തിലേക്ക് ഉയര്‍ത്തിയും കൊണ്ട് ദിവ്യവെളിപാടുകള്‍ അവതരിപ്പിച്ചിരുന്നുവെന്ന് മാത്രം.

മൂന്നുവര്‍ഷം ഇവ്വിധം കടന്നുപോകുന്നതിന്നിടയ്ക്ക് പരസ്പരം ഐക്യവും സൌഹൃദവും പ്രബോധനതല്പരതയുമുള്ള ഒരു സംഘത്തെ അവിടുന്ന് രൂപപ്പെടുത്തിയിരുന്നു. പിന്നീട് പരസ്യപ്രബോധനാജ്ഞയും ആരാധ്യമൂര്‍ത്തികള്‍ക്കെതിരെ ശക്തിയായി പ്രതികരിക്കാനുള്ള ആജ്ഞ വരികയും ചെയ്തു.


സി. സലീം സുല്ലമി വിവര്‍ത്തനം ചെയ്ത ശൈഖ് സ്വഫീഹുറഹ്മാന്‍ മുബാറക് പൂരിയുടെ 'അര്‍റഹീക്വുല്‍ മഖ്തൂം' എന്ന ഗ്രന്ഥത്തില്‍ നിന്ന്...

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH