Search

mahonnathan

JA slide show

നബി ചരിത്രം

മക്കാ കാലഘട്ടം Print E-mail

പ്രബോധനഘട്ടങ്ങളും വിഭാഗങ്ങളും

നബി(സ)യുടെ പ്രബോധനത്തെ തികച്ചും വ്യതിരിക്തവും സവിശേഷവുമായ രണ്ട് ഘട്ടങ്ങളായി വിഭജിക്കാവുന്നതാണ്.
1. മക്കാ കാലഘട്ടം: ഏകദേശം പതിമൂന്ന് വര്‍ഷം.
2. മദീനാ കാലഘട്ടം: പൂര്‍ണമായ പത്ത് വര്‍ഷം. ഈ രണ്ടു കാലഘട്ടങ്ങളില്‍ ഓരോന്നിനും അതിനെ വ്യതിരിക്തമാക്കുന്ന ചില പ്രത്യേകതകള്‍ ഉണ്ട്. സൂക്ഷ്മ പഠനം ഇക്കാര്യം വ്യക്തമാക്കും. മക്കാകാലഘട്ടം മൂന്നായി വിഭജിക്കാം.
1. രഹസ്യ പ്രബോധന കാലം. മൂന്ന് വര്‍ഷം.
2. മക്കക്കാര്‍ക്കിടയിലെ പരസ്യപ്രബോധനം: നാലാം വര്‍ഷം മുതല്‍ പത്താം വര്‍ഷത്തിന്‍റെ അന്ത്യം വരെ.
3. മക്കക്ക് പുറത്തുള്ള പ്രബോധനം. പത്താം വര്‍ഷത്തിന്‍റെ അവസാനം മുതല്‍ തുടങ്ങുകയും തുടര്‍ന്ന് ജീവിതാന്ത്യം വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു. മദീനാ കാലഘട്ടത്തെക്കുറിച്ച വിശദീകരണം പിന്നീട് വരുന്നതാണ്.

പ്രവാചകത്വത്തിന്‍റെ തണലില്‍
ഹിറാഗുഹയില്‍:
നാല്പതിനോടടുത്തപ്പോള്‍ തന്‍റെ മനസ്സില്‍ അങ്കുരിച്ച ചിന്തകള്‍ തന്‍റെയും സമൂഹത്തിന്‍റെയുമിടയിലുള്ള ബുദ്ധിപരമായ അകലം വര്‍ദ്ധിപ്പിച്ചു കഴിഞ്ഞിരുന്നു. തുടര്‍ന്ന് ഏകാന്തവാസം പ്രിയങ്കരമായി തോന്നി. മാവും പാനജലവുമെടുത്ത് മക്കയില്‍ നിന്നും രണ്ട് മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന നൂര്‍മലയിലെ ഹിറാഗുഹയിലേക്ക് പോകും. (ഇത്, 4 മുഴം നീളവും 1.75 മുഴം വീതിയുമുള്ള ഒരു ചെറിയ ഗുഹയാണ്) റമദാനില്‍, ആരാധനയില്‍ മുഴുകിയും പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളിലും അതിന്‍റെ പിന്നിലെ ആശ്ചര്യകരമായ കഴിവുകളില്‍ ചിന്തിച്ചുകൊണ്ടും സമയം ചെലവിഴിക്കും. മനസ്സപ്പോഴും തന്‍റെ സമൂഹത്തിന്‍റെ അര്‍ഥമില്ലാത്ത ഭാവനകളെ കുറിച്ചും ബഹുദൈവാരാധനകളെ കുറിച്ചും ചിന്തിച്ച് അസ്വസ്ഥനാകും. പക്ഷേ മുന്നിലൊരു വ്യക്തമായ വഴിയുമില്ല, നിര്‍ണിതമായ രൂപവുമില്ല, മനസ്സിനു സമാധാനം വരുത്താവുന്ന ഒരു ഉദ്ദിഷ്ട സ്ഥാനവുമില്ല.

ഈ ഏകാന്തതയുടെ പിന്നില്‍ അല്ലാഹുവിന്‍റെതായ ഒരു നിയന്ത്രണവും സജ്ജീകരണവുമുണ്ട്. മഹത്തായൊരു ദൌത്യത്തിന്‍റെ വാഹകനാകാനും ഭൂമുഖം പരിവര്‍ത്തിപ്പിക്കാനും ചരിത്രം തിരുത്തിക്കുറിക്കാനും വേണ്ടി അല്ലാഹു മുഹമ്മദ് നബി(സ)യെ ഇവ്വിധം ഒരുക്കിയെടുക്കുകയായിരുന്നു. പ്രവാചകത്വത്തിന്‍റെ മൂന്നുവര്‍ഷം മുമ്പേ ഈ ഏകാന്തത തുടങ്ങിയതാണ്. സ്വതന്ത്രമായ ആത്മാവുമായി വിരക്തിയുടെ ഒരു മാസക്കാലം പ്രപഞ്ചത്തിന്‍റെ അണിയറ രഹസ്യങ്ങളെക്കുറിച്ചദ്ദേഹം പരിചിന്തനം നടത്തും. അല്ലാഹുവിന്‍റെ അനുമതിയുണ്ടായപ്പോള്‍ ആ അഭൌതികതയുമായി ബന്ധപ്പെടാന്‍ അദ്ദേഹത്തിനു അവസരമൊരുക്കുകയും ചെയ്തു.(1)

ജിബ്രീല്‍ വഹ് യുമായി : നാല്പത് വയസ് പൂര്‍ത്തിയായപ്പോള്‍-ഇത് പക്വതയുടെ പ്രായമാണ്- പ്രവാചകത്വത്തിന്‍റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. അതത്രെ പുലരുന്ന സ്വപ്നങ്ങള്‍. അവിടുന്നു കാണുന്ന സ്വപ്നങ്ങള്‍ പ്രാഭാതം പോലെ പൂര്‍ണ്ണമായി പുലരാന്‍ തുടങ്ങി. ഇങ്ങനെ ആറുമാസം പിന്നിട്ടു- പ്രവാചകത്വകാലം 23 വര്‍ഷമാണ്. ഈ സ്വപ്നം പ്രവാചകത്വത്തിന്‍റെ 46ല്‍ ഒരംശമായി പരിഗണിക്കപ്പെടുന്നു-തന്‍റെ ഏകാന്തവാസത്തിന്‍റെ മൂന്നാം വര്‍ഷം റമദാനില്‍ ഹിറാഗുഹയില്‍ വെച്ച് ഭൂമിലോകത്തിന് ഒന്നടങ്കം അനുഗ്രഹമായി നുബുവ്വത്തുമായി അല്ലാഹു ജിബ്രീലിനെ അദ്ദേഹത്തിന്‍റെയടുക്കലേക്ക് നിയോഗിച്ചു. ജിബ്രീല്‍ ഏതാനും ഖുര്‍ആന്‍ വാക്യങ്ങള്‍ അദ്ദേഹത്തിന് ചൊല്ലിക്കൊടുക്കുകയും ചെയ്തു.(2)
തെളിവുകളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ ഇത്, റമദാന്‍ ഇരുപത്തിഒന്ന് തിങ്കളാഴ്ച രാത്രിയാണെന്ന് നിര്‍ണ്ണയിക്കാവുന്നതാണ്. അഥവാ ക്രിസ്താബ്ദം 610 ആഗസ്ത് 10 ന്. അന്നവിടുത്തെ പ്രായം കൃത്യമായി ചന്ദ്രവര്‍ഷമനുസരിച്ച് 40 വര്‍ഷവും 6 മാസവും 12 ദിവസവുമാണ്. സൌരവര്‍ഷമനുസരിച്ച് 39 വര്‍ഷവും 3 മാസവും 20 ദിവസവും.(3)

അവിശ്വാസത്തിന്‍റെ അന്ധകാരങ്ങളില്‍ നിന്ന് ദൈവിക പ്രഭയില്‍ മാനവതയെ അതിന്‍റെ ശരിയായ പാതയിലേക്ക് നയിച്ച, പ്രഥമ ദിവ്യവെളിപാടിന്‍റെ ചിത്രം ആയിശ(റ) അവതരിപ്പിക്കുന്നത് ശ്രദ്ധിക്കുക.

റസൂല്‍(സ)ക്ക് വെളിപാട് ആരംഭിക്കുന്നത് ഉറക്കത്തില്‍ സ്വപ്നദര്‍ശനമുണ്ടായിക്കൊണ്ടാണ്. അവിടുന്നു കാണുന്ന സ്വപ്നങ്ങള്‍ പ്രഭാതം കണക്കെ പുലര്‍ന്നിരുന്നു. പിന്നീട് അവിടുത്തേക്ക് ഏകാന്തവാസം ഇഷ്ടമായിത്തോന്നി. ഹിറാഗുഹയില്‍ ദിവസങ്ങളോളം രാത്രിയില്‍ ആരാധനയില്‍ മുഴുകും. പിന്നീട് ഭാര്യ ഖദീജയുടെ അരികെവന്ന് ഭക്ഷണങ്ങളൊരുക്കി വീണ്ടും പോകും. അങ്ങനെയിരിക്കെ 'വഹ് യു'മായി ജിബ്രീല്‍ പ്രത്യക്ഷപ്പെട്ടു. ജിബ്രീല്‍ പറഞ്ഞു: വായിക്കുക, നബി(സ) പറഞ്ഞു, ഞാന്‍ വായന അറിയുന്നവനല്ല. അപ്പോള്‍ ജിബ്രീല്‍ ശക്തിയായി തന്നോട് ചേര്‍ത്തു പിടിച്ചുവിട്ടു. എന്നിട്ടു പറഞ്ഞു :വായിക്കുക. അപ്പോഴവിടുന്നു പറഞ്ഞു: ഞാന്‍ വായന അറിയുന്നവനല്ല. അങ്ങനെ മൂന്നുതവണ ചേര്‍ത്തണച്ചു വിട്ടു. എന്നിട്ട് പറഞ്ഞു.
"സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ നീ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക, നിന്‍റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു.......'' (96:13)

റസൂല്‍(സ) ഭയന്നുവിറച്ചുകൊണ്ട് ഖദീജ(റ)യുടെ അടുക്കലേക്ക് മടങ്ങി. എനിക്ക് പുതച്ചു തരൂ.........എനിക്ക് പുതച്ചു തരൂ.......... എന്ന് പറഞ്ഞ് കൊണ്ട്. പുതച്ചുകൊടുത്തപ്പോള്‍ ഭയമകന്നു. അവിടുന്ന് സംഭവം ഖദീജയോട് പറഞ്ഞു. എനിക്ക് ജീവനെക്കുറിച്ച് ഭയം തോന്നി. ഖദീജ പറഞ്ഞു. "ഇല്ല, അല്ലാഹു താങ്കളെ ഒരിക്കലും നിന്ദിക്കുകയില്ല. കാരണം താങ്കള്‍ കുടുംബബന്ധം ചേര്‍ക്കുന്നു, ഭാരം ചുമക്കുന്നു, അശരണരെ സഹായിക്കുന്നു, അതിഥികളെ സല്‍ക്കരിക്കുന്നു, വിപത്തുകളില്‍ സഹായിക്കുന്നു.'' ഖദീജ നബിയെയും കൊണ്ട് തന്‍റെ പിതൃസഹോദരപുത്രനായ വറഖത്ത് ബിന്‍ നൌഫലിന്‍റെ അടുക്കല്‍ ചെന്നു. ഇദ്ദേഹം ജാഹിലിയ്യത്തില്‍ ക്രൈസ്തവത ആശ്ളേഷിച്ച ഒരു പണ്ഡിതനായിരുന്നു. അന്ധനുമായിരുന്നു. ഹിബ്രു ഭാഷയില്‍ ഗ്രന്ഥങ്ങള്‍ എഴുതുകയും സുവിശേഷം ഹിബ്രുവിലേക്ക് പകര്‍ത്തുകയും ചെയ്തിരുന്നു. ഖദീജ അദ്ദേഹത്തോട് പറഞ്ഞു: "പിതൃവ്യപുത്രാ, താങ്കളുടെ സഹോദര പുത്രന് താങ്കളോട് എന്തോ പറയാനുണ്ട്, അതൊന്ന് കേള്‍ക്കണം.'' വറഖത്:"എന്താണ് കാര്യം?'' അപ്പോള്‍ റസൂല്‍(സ) കണ്ടതെല്ലാം വിവരിച്ചു. അപ്പോള്‍ വറഖത്: "ഇത് മൂസായുടെ അടുക്കല്‍ അല്ലാഹു നിയോഗിച്ച അതേ ജിബ്രീല്‍ എന്ന മലക്കാണ്. താങ്കളെ താങ്കളുടെ ജനങ്ങള്‍ നാട്ടില്‍നിന്ന് പുറത്താക്കുന്ന സമയത്ത് ആരോഗ്യവാനായി ഞാന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍!?'' ഇതുകേട്ട് റസൂല്‍(സ) ചോദിച്ചു: "എന്‍റെ സമൂഹം എന്നെ പുറത്താക്കുകയോ?'' വറഖത്: "അതെ, താങ്കള്‍ പ്രബോധനം ചെയ്യുന്നത് പോലുള്ളത് പ്രബോധനം ചെയ്ത ആരെയും ജനങ്ങള്‍ ശത്രുവായി കാണാതിരുന്നില്ല. അന്ന് ഞാന്‍ ജീവച്ചിരിപ്പുണ്ടെങ്കില്‍ ഞാന്‍ ശക്തമായി താങ്കളെ പിന്തുണക്കുക തന്നെ ചെയ്യും.'' പിന്നീട് വറഖത് അധികനാള്‍ ജീവിച്ചിരുന്നില്ല. വഹ് യു നിലക്കുകയും ചെയ്തു.(4)

വഹ് യു നിലച്ച ഇടവേള:
എത്രകാലമാണ് വഹ് യു നിലച്ചതെന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. ഇബ്നു അബ്ബാസില്‍ നിന്ന് ഇബ്നുസഅദ് രേഖപ്പെടുത്തുന്ന നിവേദനമനുസരിച്ച് അത് ഏതാനും നാളുകള്‍ മാത്രമായിരുന്നുവെന്നാണ് മനസ്സിലാകുന്നത്.(5) എന്നാല്‍ ഇത് മൂന്ന് വര്‍ഷമായിരുന്നുവെന്നും 2 1/2 വര്‍ഷമായിരുന്നുവെന്നുമുള്ള അഭിപ്രായങ്ങള്‍ ഒട്ടും ശരിയല്ല തന്നെ.

പണ്ഡിതാഭിപ്രായങ്ങള്‍ അപഗ്രഥിച്ച ശേഷം എനിക്ക് വ്യക്തമായ ഒരു കാര്യം, പ്രവാചകന്‍ ഹിറാഗുഹയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ഓരോ റമദാനിലും കഴിച്ചുകൂട്ടിയിട്ടുണ്ട്. ഇതില്‍ അവസാന വര്‍ഷമാണ് വഹ് യു വന്നത്. റമദാനിനുശേഷം ശവ്വാല്‍ ഒന്നിനാണ് അവിടുന്ന് ഗുഹയില്‍നിന്ന് പുറത്തുവരുന്നത്. ബുഖാരിയുടെയും മുസ്ലിമിന്‍റെയും നിവേദനങ്ങളില്‍ ഖണ്ഡിതമായി പരാമര്‍ശിക്കുന്നത്, വെളിപാട് നിലച്ചശേഷം അത് ആവര്‍ത്തിക്കുന്നത് ഗുഹാവാസം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുപോകുന്ന സന്ദര്‍ഭത്തിലാണ് എന്നതാണ്. ഇതിന്‍റെയടിസ്ഥാനത്തില്‍ പ്രവാചകന് വെളിപാട് ആരംഭിക്കുന്നത് റമദാന്‍ ഇരുപത്തിഒന്ന് തിങ്കളാഴ്ച രാവിനാണെങ്കില്‍ വഹ് യു നിലച്ച ഇടവേള കേവലം പത്തു ദിവസം മാത്രമായിരിക്കും. കാരണം ഇതിനുശേഷം വഹ് യു അവതരിപ്പിക്കുന്നത് പ്രവാചകത്വത്തിന്‍റെ ആദ്യവര്‍ഷം ശവ്വാല്‍ ഒന്നിന് വ്യാഴാഴ്ച കാലത്ത് ആണ്. ഒരു പക്ഷെ, റമദാന്‍ അവസാന പത്തിലെ ഇഅ്തികാഫിന്റെയും ശവ്വാല്‍ ഒന്നിലെ പെരുന്നാളാഘോഷത്തിന്‍റെയും രഹസ്യം ഈ സംഭവമായിരിക്കും. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.

ഈ ഇടവേള കഠിനദുഃഖിതനായാണ് പ്രവാചകന്‍ കഴിച്ചുകൂട്ടിയത്. അത്ഭുതവും പരിഭ്രാന്തിയും അദ്ദേഹത്തെ പിടികൂടി. ബുഖാരി രേഖപ്പെടുത്തുന്നു:
വെളിപാട് നിലച്ച വേളയില്‍ ദുഃഖാധിക്യത്താല്‍ പലതവണ ആത്മഹത്യ ചെയ്താലോ എന്ന് തോന്നി പര്‍വത ശിഖരത്തിലേക്ക് കുതിക്കുകയുണ്ടായി. ഉച്ചിയിലെത്തുമ്പോള്‍ ജിബ്രീല്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട് പറയും.: "മുഹമ്മദ്! നിശ്ചയം താങ്കള്‍ ദൈവദൂതനാണ്.' അതുകേട്ട് സമാധാനചിത്തനായി വീട്ടിലേക്കു മടങ്ങും. വീണ്ടും ഇടവേള നീണ്ടുപോകുമ്പോള്‍ ഇതുപോലെത്തന്നെ ആവര്‍ത്തിക്കും.(6)

വഹ് യുമായി ജിബ്രീല്‍ വീണ്ടും:
ഇബ്നുഹജര്‍ പറയുന്നു. ഏതാനും നാള്‍ വെളിപാട് നിലച്ചത്, മനസ്സിന്‍റെ വിഭ്രാന്തിയകറ്റാനും വീണ്ടും വെളിപാട് സ്വീകരിക്കാനുള്ള സജ്ജീകരണത്തിനും വേണ്ടിയായിരുന്നു. അസ്വസ്ഥതയകന്ന് യഥാര്‍ഥത്തിന്‍റെ പ്രഭതെളിഞ്ഞപ്പോള്‍ താന്‍ അത്യുന്നതനായ ദൈവത്താല്‍ പ്രവാചകനായി നിയുക്തനായതായി അദ്ദേഹം മനസ്സിലാക്കി. ആകാശവൃത്താന്തങ്ങളുമായി തന്നെ സമീപിക്കുന്നത് വെളിപാടിന്‍റെ ദൂതനാണെന്നും അദ്ദേഹമറിഞ്ഞു. അങ്ങനെ വഹ് യിനുവേണ്ടിയുള്ള പ്രതീക്ഷയും സജ്ജീകരണവും ദൃഡചിത്തനാകാനും ദൌത്യം ഏറ്റെടുക്കാനുമുള്ള കാരണമായി വര്‍ത്തിച്ചു. ഈ കാര്യം തിരുനബിയില്‍ നിന്ന് ജാബിര്‍ ബിന്‍ അബ്ദുല്ല നിവേദനം ചെയ്യുന്നു:

ഒരു മാസം ഹിറായില്‍ ഞാന്‍ താമസിച്ചു. താമസം പൂര്‍ത്തിയാക്കി ഞാനിറങ്ങി. അപ്പോള്‍ ഞാന്‍ ഒരു വിളി കേട്ടു. വലത്തും ഇടത്തും മുന്നിലും പിന്നുലുമെല്ലാം നോക്കി. ഒന്നും കണ്ടില്ല. പിന്നീട് മേലോട്ട് നോക്കുമ്പോള്‍ ഹിറയില്‍ എന്‍റെയടുക്കല്‍ പ്രത്യക്ഷപ്പെട്ട ആ മലക്ക് ആകാശഭൂമിക്കിടയില്‍ ഒരു കസേരയില്‍ ഉപവിഷ്ടനായിരിക്കുന്നു. അതിന്‍റെ ഭാരം താങ്ങാനാവാതെ ഞാന്‍ ഭൂമിയിലേക്ക് ഇരുന്നുപോയി. ഞാന്‍ ഖദീജ(റ)യുടെ അടുക്കല്‍ ചെന്ന് പുതച്ചു തരൂ...... എന്നെ പുതച്ചു തരൂ............. എന്നെ പുതച്ചു തരൂ..... എന്‍റെ ദേഹത്തില്‍ ശീതജലം ഒഴിക്കു എന്ന് പറഞ്ഞു. അപ്പോള്‍ അവരെന്നെ പുതപ്പിക്കുകയും ദേഹത്തില്‍ ശീതജലം ഒഴിക്കുകയും ചെയ്തു. അല്ലാഹു.

"ഹേ, പുതച്ചു മൂടിയവനേ എഴുന്നേറ്റു ജനങ്ങളെ താക്കീതു ചെയ്യുക. നിന്‍റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുകയും നിന്‍റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും പാപം വെടിയുകയും ചെയ്യുക''(74:16) എന്ന ആയത്തുകള്‍ അവതരിപ്പിച്ചു. പിന്നീട് അനുസ്യൂതം വഹ് യു തുടര്‍ന്നു (7)

വെളിപാട് നിലച്ചതിനുശേഷം അവതരിപ്പിച്ച ഈ സൂക്തങ്ങള്‍ രണ്ടുതരം കല്പനകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അവ താഴെ വിവരിക്കുന്നു:

ഒന്ന് : 'എഴുന്നേറ്റ് ജനങ്ങളെ താക്കീതു ചെയ്യുക' എന്നതിലൂടെ പ്രബോധനപരമായ മുന്നറിയിപ്പ് സംബന്ധിച്ച ഉത്തരവാദിത്തമാണ് കാണിക്കുന്നത്. അഥവാ, അത്യുന്നതനായ നാഥനില്‍ പങ്ക്ചേര്‍ക്കുന്നതില്‍ നിന്നും, വ്യതിചലിച്ച ജീവിതരീതിയില്‍ നിന്നും മാറാത്ത പക്ഷം അല്ലാഹുവിന്‍റെ കഠിനമായ ശിക്ഷക്ക് പാത്രീഭവിക്കുമെന്ന താക്കീത്, ജനങ്ങള്‍ക്കെത്തിക്കണമെന്ന ഉത്തരവാദിത്തം.

രണ്ട്: അല്ലാഹുവിന്‍റെ കല്പനകള്‍ അല്ലാഹുവിന്‍റെ പ്രീതി കാംക്ഷിച്ചും ജനങ്ങള്‍ക്ക് മാതൃകയാകാന്‍ വേണ്ടിയും സ്വന്തം ജീവിതത്തില്‍ പുലര്‍ത്താനുള്ള കല്പന. തുടര്‍ന്നുള്ള ഓരോ സൂക്തങ്ങളും ഈ കാര്യം വ്യക്തമാക്കുന്നു. എന്നാല്‍, അവസാനസൂക്തം തനിക്ക് പ്രബോധനപ്രവര്‍ത്തന രംഗത്ത് ഭാവിയില്‍ അനുഭവിക്കാന്‍ പോകുന്ന വിപത്തുകളെ സംബന്ധിച്ച മുന്നറിയിപ്പും അത്തരം ഘട്ടങ്ങളില്‍ അനുവര്‍ത്തിക്കേണ്ട ക്ഷമാശീലത്തെയും സൂചിപ്പിക്കുന്നു.
സര്‍വോപരി പ്രാരംഭ സൂക്തം അത്യുച്ചത്തില്‍ ഒരുവിളംബരം നടത്തുന്നത,. നബി(സ) തന്‍റെ ആലസ്യവും മയക്കവുമൊഴിഞ്ഞ് ചടുലമായി എഴുന്നേറ്റ് ഈ വിശിഷ്ട ദൌത്യം സര്‍വത്യാഗപരിശ്രമങ്ങളും നടത്തി ഏറ്റെടുത്ത് നിര്‍വഹിക്കാനുള്ള കല്‍പനയാണ്.
"ഹേ, പുതച്ചുമൂടിയവനെ, എഴുന്നേറ്റു ജനങ്ങളെ താക്കീതു ചെയ്യുക.''

ഈ സൂക്തം നബി(സ)യോടു ഇങ്ങനെ പറയുന്നത് പോലെയാണ്: തനിക്കുവേണ്ടി മാത്രം ജീവിതം കഴിച്ചുകൂട്ടുന്നവര്‍ വിശ്രമജീവിതം നയിക്കുന്നു. എന്നാല്‍ നീയോ ഈ കനത്ത ഭാരം ചുമക്കേണ്ടവനാണ്. നിനക്കെങ്ങനെയാണ് വിശ്രമിക്കാനാവുന്നത്? നിനക്കെങ്ങനെയാണ് വിരിപ്പില്‍ ചുരുണ്ടുകൂടാന്‍ കഴിയുക? നിനക്കെവിടുന്നാണ് സ്വസ്ഥജീവിതം? എഴുന്നേല്‍ക്കുക! നിന്നെ കാത്തിരിക്കുന്നു, ഭാരിച്ച ഉത്തരവാദിത്തവും കടുത്ത പ്രതിസന്ധികളും. എഴുന്നേല്‍ക്കുക! കഷ്ടനഷ്ടങ്ങളും ജീവിത പ്രയാസങ്ങളും അഭിമുഖീകരിക്കാന്‍. എഴുന്നേല്‍ക്കുക! നിദ്രയുടെയും വിശ്രമത്തിന്‍റെയും കാലം കഴിഞ്ഞു. ഇന്നു മുതല്‍ അനന്തമായ ഉറക്കമൊഴിക്കലുകളാണ്. അനുസ്യൂതമായ സമരമാണ്. എഴുന്നേറ്റ് എല്ലാറ്റിനും വേണ്ടി സുസജ്ജനാവുക.

ശാന്തമായ ഗാര്‍ഹികാന്തരീക്ഷത്തിലെ മൃദുലമായ വിരിപ്പിന്‍റെ സ്പര്‍ശമേറ്റുള്ള ശയനസുഖത്തില്‍ നിന്ന് ക്ളേശകരമായ ഒരു ജീവിത തുറയിലേക്ക് തിരുമേനിയെ ഈ വാക്കുകള്‍ ചെന്നെത്തിച്ചു. വിശ്രമമെന്തെന്നറിയാതെ കാല്‍ നൂറ്റാണ്ടോളം കാലം അദ്ദേഹം ഈ മാര്‍ഗത്തില്‍ പിന്നിട്ടു. മുതുകില്‍ ദഅ്വത്തിന്റെ കനത്ത ഭാരവും പേറി, ഭൂമിയിലെ തന്റെ 'അമാനത്ത്' നിര്‍വഹിച്ചുകൊണ്ട്. പ്രതികരണത്തിന്‍റെയും പ്രതിഷേധത്തിന്‍റെയും പിടിച്ചു നില്‍ക്കലിന്റെയും ധര്‍മസമരത്തിന്റെയും അഭിമുഖീകരണത്തിന്റെയും പോരാട്ടത്തിന്‍റെയും നീണ്ട ദിനരാത്രങ്ങള്‍ പിന്നിട്ട്കൊണ്ട് തന്നെയേല്പിച്ച ദൌത്യം അദ്ദേഹം പരിപൂര്‍ണമായി നിര്‍വഹിച്ചു. അല്ലാഹു അവിടുത്തേക്ക് അര്‍ഹമായ പ്രതിഫലം നല്‍കുമാറാകട്ടെ.

ഈ സുദീര്‍ഘമായ പോരാട്ടത്തിന്‍റെ ഹ്രസ്വമായ ചിത്രമാണ് തുടര്‍ന്നുള്ള പേജുകളില്‍

വഹ് യിന്‍റെ ഇനങ്ങള്‍: തിരുമേനിയുടെ ഈ ധര്‍മസമരത്തെക്കുറിച്ചു പരാമര്‍ശിക്കുന്നതിന് മുമ്പ് അവിടുത്തേക്ക് വെളിപാട് ലഭിച്ചിരുന്ന രൂപം ഏതൊക്കെയെന്ന് പരിശോധിക്കാം. ഇബ്നു ഖയ്യിം അതിന്‍റെ രൂപങ്ങള്‍ വിശദീകരിക്കുന്നു:
(1) പുലരുന്ന സ്വപ്നങ്ങള്‍. ഇതായിരുന്നു വഹ് യിന്‍റെ പ്രാരംഭം.
(2) മലക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാതെ അവിടുത്തെ മനസ്സിലോ ഹൃദയത്തിലോ സന്ദേശം നിക്ഷേപിക്കുക.
റസൂല്‍(സ)യുടെ ഈ പ്രസ്താവന ഇതിനുദാഹരണമാണ്.: "പരിശുദ്ധാത്മാവ് (ജിബ്രീല്‍) എന്‍റെ മനസ്സില്‍ തോന്നിച്ചു, ഒരാത്മാവും തനിക്ക് നിശ്ചയിച്ച ഉപജീവനം പൂര്‍ത്തീകരിക്കാതെ മരിക്കുകയില്ല. അത്കൊണ്ട് നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. നല്ല നിലക്ക് ഉപജീവനം തേടുകയും ചെയ്യുക. ഉപജീവനം പിന്തിയതിന്റെ പേരില്‍ തെറ്റായ രൂപത്തില്‍ അതു കരസ്ഥമാക്കാന്‍ നിങ്ങള്‍ ശ്രമിക്കരുത്. അല്ലാഹുവിന്‍റെ പക്കലുള്ളത് അവനെ അനുസരിക്കുന്നതിലൂടെയേ ലഭിക്കുകയുള്ളൂ''
(3) ചിലപ്പോള്‍ മലക്ക് മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ട് സംസാരിക്കുന്നു. അദ്ദേഹം അത് പഠിച്ചിരിക്കും. ഈ സന്ദര്‍ഭത്തില്‍ സ്വഹാബികള്‍ ചിലപ്പോള്‍ മലക്കിനെ കാണാറുണ്ട്.
(4) ചിലപ്പോള്‍ മണിയടിക്കുന്നതു പോലെ പ്രത്യക്ഷപ്പെടും. ഇത് ഏറെ പ്രയാസകരമാണ്. കഠിന തണുപ്പുള്ള ദിവസങ്ങളില്‍പോലും അവിടുത്തെ നെറ്റി വിയര്‍ത്തുപോകും. വാഹനപ്പുറത്താണെങ്കില്‍ ഒട്ടകം ഇരുന്നുപോകും. അവിടുന്ന് സൈദ്ബിന്‍ ഥാബിതിന്റെ കാലിന്മേല്‍ കാല്‍വെച്ച് ഇരിക്കുമ്പോള്‍ ഈ രൂപത്തില്‍ വഹ് യു വരികയും സൈദിന്‍റെ കാല് നെരിയുകയുമുണ്ടായി.
(5) മലക്കിനെ യഥാര്‍ഥ രൂപത്തില്‍ കാണുകയും മലക്ക് വഹ് യു നല്കുകയും ചെയ്യുന്നു. സൂറത്തു അന്നജ്മില്‍ പരാമര്‍ശിച്ചപോലെ ഇത് രണ്ട് തവണ മാത്രം.
(6) ഏഴാനാകാശത്തിന് അപ്പുറത്ത് നിന്ന് മിഅ്റാജ് രാത്രിയില്‍ അല്ലാഹു വഹ്യ് നല്കിയത്. നമസ്കാരം പോലെ.
(7) മാധ്യമമില്ലാതെ അല്ലാഹു സംസാരിക്കുക. മൂസാ നബിയോട് സംസാരിച്ചതുപോലെ. ഇസ്റാഅ് സംഭവത്തില്‍ നബിയോടും ഇമ്മട്ടില്‍ സംസാരിച്ചിട്ടുണ്ട്.
മറയില്ലാതെ അല്ലാഹു അഭിമുഖമായി സംസാരിക്കുക എന്ന 8ാമത്തെ ഒരിനവും പൂര്‍വികരും ആധുനികരുമായ ചിലര്‍ എണ്ണിയിട്ടുണ്ട്. ഇതു പക്ഷേ സ്ഥാപിതമായതല്ല. (8)1.ഇതിന്‍റെ വിശദീകരണത്തിന് ബുഖാരി ഹദീസ് മൂന്നും ഇബ്‌നു ഹിശാം 1 :2 35,2 36ഉം മറ്റു നബി ചരിത്രങ്ങളും നോക്കുക.
അബ്ദുല്‍ മുത്ത്വലിബ് ആണ് ആദ്യം ഹീറാ ഗുഹയില്‍ ഇങ്ങനെ ഇരുന്നതെന്ന് പറയപ്പെടുന്നു.റമദാനില്‍ അദ്ദേഹം അവിടെ അഗതികള്‍ക്ക് ഭക്ഷണം വിതരണം ചെയ്തിരുന്നു.(അല്കാമില1:553)
2 .ഇബ്‌നു ഹജര്‍ പറയുന്നു:സ്വപ്നകാലം ആറ്‌ മാസമായിരുന്നു വെന്ന്‌ ബൈഹഖി ഉദ്ധരിച്ചിട്ടുണ്ട്.ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്വപ്ന കാലം ആരംഭിച്ചത് അവിടുത്തെ ജനന മാസമായ റബീഉല്‍ അവ്വലില്‍ ആണ്.നാല്പതു പൂര്‍ണ്ണമായ ശേഷം .വഹ്യിന്റെ തുടക്കമാകട്ടെ റമദാനിലും (ഫത്ഹുല്‍ ബാരി 1 :27 )
3 .പ്രവാചകത്വ നിയോഗവും വെളിപാട് ആരംഭവും ഉണ്ടായതാണെന്ന കാര്യത്തില്‍ ചരിത്ര കാരന്മാര്‍ ഭിന്നിക്കുന്നു റബീഉല്‍ അവ്വലില്‍ ആണെന്നും റമളാനില്‍ ആണെന്നുമുല്‍ അഭിപ്രായങ്ങള്‍ക്ക് പുറമേ രജബില്‍ ആണെന്ന ഊന്നാംതൊരു അഭിപ്രായവും കൂടിയുണ്ട്.നാം തെരഞ്ഞെടുത്തത് റമദാന്‍ എന്ന വീക്ഷണമാണ് കാരണം അല്ലാഹു പറയുന്നു.
ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. അതു കൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌.) നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്‌. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും, നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചുതന്നതിന്റെപേരില്‍ അല്ലാഹുവിന്റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്‌.) (2 -185)
തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണയത്തിന്‍റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. (97 -1 )
1)ഈ ഖദര്‍ ന്‍റെ രാത്രി റമദാനിലാനെന്നത് വ്യക്തവും ഇതിനെ കുറിച്ച് തന്നെയാണ് അല്ലാഹു തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു. (44 -3)എന്ന് പറഞ്ഞതും.പ്രവാചകന്റെ ഗുഹാവാസവും റമദാനില്‍ തന്നെയായിരുന്നുവല്ലോ .അപ്പോള്‍ ജിബരീലിന്റെ ആഗമനവും അന്ന് തന്നെ റമളാനിലെ ഏത് നാളില്‍ എന്നതിലും ഭിന്നതയുണ്ട് റമദാന്‍ ൭,൧൭,൧൮ എന്നെല്ലാം അഭിപ്രായങ്ങള്‍ ഇബ്‌നു ഇസ്ഹാഖുംമറ്റു ചിലരും അത് പതിനെഴിലാണെന്ന പക്ഷത്താണ്.
റമദാന്‍ 21 നാണെന്ന അഭിപ്രായമാണ് നാം മുന്‍ഗണന നല്‍കിയത്,കാരണം ചരിത്രകാരന്മാര്‍ പൂര്‍ണ്ണമായോ ഭൂരിപക്ഷമോ പ്രവാചകന്റെ നിയോഗാരംഭം തിങ്കളാഴ്ചയായിരുന്നു വന്നതില്‍ യോജിക്കുന്നു.അബൂഖതദയുടെ ഒരു നിവേദനവും ഇതിന് ബലമേകുന്നു,റസൂല്‍ (സ്വ)യോട് തിങ്കളാഴ്ച നോമ്പിനെ കുറിച്ചന്വേഷിച്ചപ്പോള്‍അവിടുന്ന് പറഞ്ഞത് എന്‍റെ ജനനവും എനിക്ക് വഹ് യ് ലഭിച്ചതും അന്നാനെന്നാണ്.(മുസ്‌ലിം 1 :368 ,അഹ്മദ് 5 -297 ,ബൈഹഖി :4 :286 , 300 ,ഹാകിം 2 :26 )പ്രസ്തുത റമളാനില്‍ തിങ്കളാഴ്ച ദിവസം ൭,൧൪,൨൧,൨൮ തീയതികളില്‍ മാത്രമേ വരികയുള്ളൂ.സ്വഹീയായ നിവേദനങ്ങള്‍ ലൈലത്തുല്‍ ഖദര്‍ റമളാനിലെ അവസാന പ്പത്തിലെ ഒറ്റയായ രാവുകളിലായിരിക്കുമെന്നു വ്യക്തമാക്കുകയും ചെയ്യുന്നു.ഇനി നാം അതിനെ ലൈലത്തുല്‍ ഖദര്‍ അവതരിപ്പിച്ചു വെന്ന അല്ലാഹുവിന്‍റെ പ്രസ്താവനയെയും തിങ്കളാഴ്ചയാണ് നിയോഗാരംഭാമെന്ന അബൂഖദാതയുടെ നിവേദനത്തെയും ശാസ്ത്രീയമായ കലണ്ടറിന്‍റെ കണക്കിനേയും സമന്വയിപ്പിച്ചാല്‍ അത് റമദാന്‍ 21 നായിരുന്നുവെന്നു വ്യക്തമാകും.
4 .ബുഖാരി ഹദീദ് 3 ,മുസ്‌ലിം ഹദീദ് 252
5 .ത്വബഖാത് 1 /196
6 .ബുഖാരി ഹദീസ് 6982
ആത്മഹത്യാ ശ്രമം ദുര്‍ബലമാണെന്നാണ് അല്‍ബാനിയുടെ പക്ഷം ,ഇത് നിവേദകനായ സുഹ്റിയുടെ ആലങ്കാരിക ശൈലിയായിരിക്കുമെന്ന നിഗമനമാണദേഹത്തിനുള്ളത്.(സീറത്തുന്നബവിയ്യ .....പുറം 151 നോക്കുക,വിവ)
7 .ബുഖാരി തഫ്സീര്‍ സൂറത്തുല്‍ മുദ്ധധിര്‍.
8 .സാദുല്‍ മആദ് 1 :18 ഒന്നും എട്ടും നമ്പര്‍ അല്പം ചുരുക്കിയിട്ടുണ്ട്.

 

 


സി. സലീം സുല്ലമി വിവര്‍ത്തനം ചെയ്ത ശൈഖ് സ്വഫീഹുറഹ്മാന്‍ മുബാറക് പൂരിയുടെ 'അര്‍റഹീക്വുല്‍ മഖ്തൂം' എന്ന ഗ്രന്ഥത്തില്‍ നിന്ന്...

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH