Search

mahonnathan

JA slide show

നബി ചരിത്രം

ഇസ്ലാമിനു മുമ്പുള്ള അറബ്സമൂഹം Print E-mail

ഉപദ്വീപിലെ രാഷ്ട്രീയ-മതകാര്യങ്ങള്‍ നാം ചര്‍ച്ച ചെയ്തു. ഇനി അവശേഷിക്കുന്നത് അവരുടെ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയാണ്.

സാമൂഹിക ജീവിതം:
അറേബ്യന്‍ സമൂഹം വെച്ചുപുലര്‍ത്തിയിരുന്നത്, സ്ഥിതിവ്യത്യാസമനുസരിച്ച് നിലവാരത്തില്‍ ഭിന്നത പുലര്‍ത്തുന്ന ഒരു സാമൂഹിക വ്യവസ്ഥയായിരുന്നു. അഭിജാത കുടുംബങ്ങളില്‍ സ്ത്രീ പുരുഷബന്ധം അത്യുന്നത നിലവാരം പുലര്‍ത്തിയിരുന്നു. സ്ത്രീ പൂര്‍ണ ഇച്ഛാ സ്വാതന്ത്യ്രവും പൂര്‍ണ ആജ്ഞാശക്തിയുമുള്ളവളായിരുന്നു. ആദരണീയയായ അവളുടെ സംരക്ഷണത്തിനു വേണ്ടി പുരുഷന്‍ നിഷ്പ്രയാസം വാളേന്തുകയോ രക്തം ചിന്തുകയോ ചെയ്യുമായിരുന്നു. അതുകൊണ്ടുതന്നെ, സ്ത്രീ, ഗോത്രങ്ങള്‍ക്കിടയില്‍ രക്തരൂക്ഷിത യുദ്ധത്തിനും സൌഹൃദ സമാധാനത്തിനും ഹേതുവായി വര്‍ത്തിച്ചു. കാര്യങ്ങള്‍ ഇവ്വിധമെങ്കിലും, പുരുഷന്‍ തന്നെയായിരുന്നു ഭിന്നതയന്യെ കുടുംബ സാരഥ്യം വഹിച്ചിരുന്നത്. വിവാഹ ഉടമ്പടിയുടെ പൂര്‍ണാധികാരം അവളുടെ രക്ഷിതാവിന്റെ കൈവശമായിരുന്നു. അത് ചോദ്യം ചെയ്യാന്‍ അവള്‍ക്കൊട്ടവകാശവുമില്ലായിരുന്നു.

എന്നാല്‍ മറുഭാഗത്ത് മറ്റൊരുതരം സ്ത്രീ പുരുഷബന്ധം നിലനിന്നിരുന്നു. വൃത്തികെട്ടതും അശ്ളീലപരവുമായ ഒരു തരം വ്യഭിചാരവൃത്തി. ബുഖാരിയും അബൂദാവൂദും ആയിശ (റ)യില്‍ നിന്ന് നിവേദനം ചെയ്യുന്നു. "ജാഹിലിയ്യത്തില്‍ (ഇസ്ലാമിനു മുമ്പുള്ള സമൂഹം) നാലുതരം വിവാഹബന്ധങ്ങള്‍ നടന്നിരുന്നു. ഒന്ന് ഇന്നു നടപ്പിലുള്ളതുപോലെ പുരുഷന്‍ മറ്റൊരു പുരുഷനോട് അയാളുടെ കീഴിലുള്ള സ്ത്രീയെ വിവാഹമന്വേഷിക്കുകയും മഹര്‍ നല്കി വിവാഹം നടത്തുകയും ചെയ്യുക. മറ്റൊന്ന്; പുരുഷന്‍ തന്‍റെ ഭാര്യയെ അവള്‍ ഋതുരക്തത്തില്‍നിന്ന് ശുദ്ധിയായ ശേഷം മറ്റൊരു പുരുഷന്‍റെ അടുക്കല്‍ പറഞ്ഞു വിടുന്നു. അവനില്‍ നിന്ന് അവള്‍ ഗര്‍ഭിണിയാകുവോളം ഭര്‍ത്താവ് അവളുമായി ലൈംഗീക ബന്ധം പുലര്‍ത്തുകയില്ല. ഇങ്ങനെ ചെയ്തിരുന്നത് സന്തതി ഉന്നതകുലജാതനാകാന്‍ വേണ്ടിയായിരുന്നു. മൂന്നാമത്തേത്; പത്തില്‍ താഴെ പുരുഷന്മാര്‍ ഒരു സ്ത്രീയുമായി ലൈംഗീകബന്ധത്തിലേര്‍പ്പെടുന്നു, പ്രസവശേഷം അവരെല്ലാം ഒരുമിച്ചുകൂടി കുട്ടിയെ അവളിഷ്ടപ്പെട്ട ഒരാളിലേക്ക് ചേര്‍ത്തുപറയുന്നു. നാലാമത്തേത്; ധാരാളംപുരുഷന്മാര്‍ ഒരു സ്ത്രീയുമായി-വേശ്യ-ലൈംഗീകബന്ധത്തിലേര്‍പ്പെടുന്നു. ഇത്തരം വേശ്യകള്‍ ആവശ്യമുള്ളവര്‍ക്ക് അവരെ സമീപിക്കാന്‍ വേണ്ടി പടിവാതില്‍ക്കല്‍ കൊടി നാട്ടുമായിരുന്നു. പ്രസവാനന്തരം ഇവരെ ഒരുമിച്ചു കൂട്ടി കുട്ടി ആരുടേതെന്ന് അവള്‍ പ്രഖ്യാപിക്കുന്നു. അതോടെ കുട്ടി അയാളുടെതായി അറിയപ്പെടും. റസൂല്‍(സ) നിയുക്തമായപ്പോള്‍ ഈ ജാഹിലിയ്യ സമ്പ്രദായങ്ങളെല്ലാം തകര്‍ത്ത് ഇന്ന് നിലവിലുള്ള ഇസ്ലാമിക വിവാഹം നിലനിര്‍ത്തി.''(1)
യോദ്ധാക്കള്‍ സംഘടിപ്പിക്കുന്ന ഒരു തരം സ്ത്രീപുരുഷ സംഗമമുണ്ടായിരുന്നു അറബികള്‍ക്കിടയില്‍. പരാജിത ഗോത്രത്തിലെ സ്ത്രീകളെ വിജയികള്‍ സ്വന്തമാക്കുന്നു. പക്ഷേ, അതില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ ജീവിതകാലം മുഴുവന്‍ ഈ അപമാനം പേറണം.

അനിയന്ത്രിതമായ ബഹുഭാര്യത്വം ജാഹിലിയ്യാ അറബികളില്‍ വ്യാപകമായിരുന്നു. ഇസ്ലാം ഇതുനാലില്‍ പരിമിതപ്പെടുത്തി സഹോദരിമാരെ ഒരുമിച്ച് വേള്‍ക്കുകയും പിതാവിന്റെ രണ്ടാം ഭാര്യയെ അദ്ദേഹം വിവാഹമുക്തയാക്കിയ ശേഷമോ അദ്ദേഹത്തിന്റെ മരണശേഷമോ മക്കള്‍ വേള്‍ക്കുമായിരുന്നു. ഇതും ഇസ്ലാം നിരോധിച്ചു. (വി.ക്വു: 4:22,23) വിവാഹമോചനാധികാരം പുരുഷന്റെ കൈയ്യിലെ അനിയന്ത്രിതമായ ഒരായുധമായിരുന്നു. ഇതിനെ ഇസ്ലാം പരിമിതപ്പെടുത്തി.(2)

വ്യഭിചാരം എല്ലാ വിഭാഗങ്ങളിലും വ്യാപകമായിരുന്നു. ആത്മാഭിമാനത്താല്‍ ഈ നീചവൃത്തിയില്‍ നിന്ന് മാറി നില്‍ക്കുന്ന ഏതാനും പുരുഷന്മാരും സ്ത്രീകളുമൊഴികെ. സ്വതന്ത്ര സ്ത്രീകള്‍ അടിമസ്ത്രീകളെക്കാള്‍ ഈ രംഗത്ത് സുസ്ഥിതിയുള്ളവരായിരുന്നു. ഇത് മനസ്സിലാക്കിത്തരുന്നത്, ജാഹിലിയ്യത്തിലെ ഭൂരിപക്ഷത്തിനും ഈ മ്ളേച്ഛവൃത്തിയുമായി ബന്ധപ്പെടുന്നത് ഒരപമാനമായി തോന്നിയിരുന്നില്ല എന്നതാണ്. അബൂദാവൂദ് നിവേദനം ചെയ്യുന്ന ഒരു സംഭവം നോക്കുക: ഒരു മനുഷ്യന്‍ എഴുന്നേറ്റ് നിന്ന് പറഞ്ഞു. ദൈവദൂതരേ, ഇന്ന വ്യക്തി എന്‍റെ പുത്രനാണ്. ജാഹിലിയ്യത്തില്‍ അവന്റെ ഉമ്മയുമായി ഞാന്‍ ലൈംഗീകബന്ധം പുലര്‍ത്തിയിരുന്നു. അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു. "ആരുടെ വിരിപ്പിലാണോ ജനിച്ചത് അവര്‍ക്കാണ് കുട്ടിയുടെ അവകാശം. വ്യഭിചാരിക്ക് കല്ലേറാണുള്ളത്''.(3)

സന്താനങ്ങളുമായുള്ള ബന്ധത്തില്‍ ജാഹിലിയ്യ അറബികളുടെ ഒരു മങ്ങിയ ചിത്രമാണ് നമുക്ക് ലഭിക്കുക. ചിലര്‍ പുരുഷസന്തതികളെ കരളിന്റെ കഷണമായി വിശേഷിപ്പിച്ചപ്പോള്‍ പെണ്‍കുട്ടികളെ അപമാനം ഭയന്ന് കുഴിച്ചുമൂടിയിരുന്നു. ചിലര്‍ ആണ്‍മക്കളെ ദാരിദ്യ്രം ഭയന്ന് വധിക്കുകയും ചെയ്തിരുന്നു. (ക്വുര്‍ആന്‍ 6:151, 16:58, 59, 17:31, 81:8) ഇതുപക്ഷെ ഒരു വ്യാപകമായ സ്വഭാവമായിരുന്നുവെന്നു മനസ്സിലാക്കാന്‍ കഴിയുന്നില്ല. കാരണം അറബികള്‍ പ്രതിരോധത്തിനു ആണ്‍മക്കളെ ആവശ്യമുളളവരായിരുന്നു.

സഹോദരന്മാര്‍, പിതൃവ്യപുത്രന്മാര്‍, കുടുംബാംഗങ്ങള്‍ ഇവര്‍ക്കിടയിലെ ബന്ധം അതിശക്തമായിരുന്നു. ഗോത്ര പക്ഷപാതിത്വത്തിനുവേണ്ടി അവര്‍ ജീവിക്കുകയും മരിക്കുകുയും ചെയ്യുമായിരുന്നു. സാമൂഹിക ബോധത്തിന്റെ ചാലക ശക്തി പൂര്‍ണമായും ഗോത്രപക്ഷപാതമായിരുന്നു. അവരുടെ പ്രഖ്യാപിത നയം: "നിന്‍റെ സഹോദരനെ സഹായിക്കുക. അവന്‍ മര്‍ദകനായാലും മര്‍ദിതനായാലും '' ഇതിന്‍റെ ഇസ്ലാമിക മാനം മര്‍ദകനെ സഹായിക്കുന്നത് മര്‍ദനത്തില്‍ നിന്ന് തടഞ്ഞുകൊണ്ടും മര്‍ദിതനെ രക്ഷിച്ചുകൊണ്ടുമാകണം എന്നതാണ്. എന്നാല്‍ ചിലപ്പോള്‍ ഒരു പിതാമഹന്‍റെ കീഴില്‍ തന്നെയുള്ള ഗോത്രങ്ങളെ, നേതൃത്വത്തിനും സ്ഥാനങ്ങള്‍ക്കും വേണ്ടിയുള്ള കിടമത്സരം യുദ്ധത്തിലേക്ക് തന്നെ എത്തിച്ചെന്ന് വരും. ഉദാ: ഔസ്-ഖസ്റജ്, അബ്സ് -ദുബ്യാന്‍, ബക്റ്-സഅല്ബ് തുടങ്ങിയ ഗോത്രങ്ങള്‍.

ഭിന്ന ഗോത്രങ്ങള്‍ക്കിടയിലുള്ള ബന്ധം തീര്‍ത്തും ദുര്‍ബലമായിരുന്നു. നിരന്തര യുദ്ധങ്ങള്‍ അവരുടെ ശക്തി ചോര്‍ത്തിക്കളഞ്ഞിരുന്നു. മതത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും ഇടയില്‍ കണ്ണിചേര്‍ന്ന് നില്‍ക്കുന്ന സമ്പ്രദായങ്ങളോടും ആചാരങ്ങളോടുമുള്ള ആശങ്കയും ഭയവും ചിലപ്പോള്‍ ഇത്തരം ഗോത്രകലഹങ്ങളുടെ മൂര്‍ച്ചക്ക് അല്പം കുറവ് വരുത്തിയേക്കാം, അപൂര്‍വമായി സഖ്യവും ഐക്യവും വിഭിന്ന ഗോത്രങ്ങളെ ഏകീകരിച്ചേക്കാം. യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ അവര്‍ക്കൊരു ആശ്വാസവും ജീവിത സന്ധാരണത്തിനുള്ള ഒരു അവസരവുമായിരുന്നു.

ചുരുക്കത്തില്‍, ജാഹിലിയ്യാ സാമൂഹിക ജീവിതം അജ്ഞതയുടെയും അന്ധകാരത്തിന്‍റെയും വേദിയായിരുന്നു. മനുഷ്യര്‍ മൃഗങ്ങളെപ്പോലെ കഴിഞ്ഞുകൂടുന്നു. സ്ത്രീ കമ്പോളങ്ങളില്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യപ്പെടുന്ന കേവലമൊരു വിപണന വസ്തു. വ്യക്തിബന്ധങ്ങള്‍ വെറുമൊരു പ്രഹേളിക. ഭരണകൂടമാകട്ടെ, അതിന്‍റെ മുഖ്യജോലി പ്രജകളെ പിഴിയുകയും ഖജനാവ് നിറക്കുകയും ചെയ്യുക, അല്ലെങ്കില്‍ പ്രതിയോഗികള്‍ക്കെതിരില്‍ യുദ്ധം നയിക്കുക എന്നതും.

സാമ്പത്തിക സ്ഥിതി
സാമ്പത്തിക സ്ഥിതി അവരുടെ സാമൂഹികാവസ്ഥയുടെ അനുപൂരകമായിരുന്നു. അവരുടെ ജീവതായോധന മാര്‍ഗം പരിശോധിച്ചാല്‍ ഇത് ബോധ്യമാകും. കച്ചവടമായിരുന്നു അവരുടെ പ്രധാന ജീവിതോപാധി. വാണിജ്യയാത്രയാകട്ടെ ശാന്തിയും സമാധാനവും കളിയാടുന്നേടത്തല്ലാതെ സുഗമവുമല്ല. ഇതാകട്ടെ ഉപദ്വീപിന് തീര്‍ത്തും അന്യവും യുദ്ധം നിഷിദ്ധമായ വിശുദ്ധമാസങ്ങളിലൊഴികെ. ഈ മാസങ്ങളിലായിരുന്നു പ്രസിദ്ധചന്തകളായ ഉക്കാള്, ദുല്‍മജാസ്, മജന്ന എന്നിവ അറബികള്‍ സംഘടിപ്പിച്ചിരുന്നത്.

വ്യവസായം അറേബ്യക്ക് അന്യമായിരുന്നു. അറേബ്യയില്‍ കാണപ്പെട്ടിരുന്ന നെയ്ത്ത്, തുകല്‍ സംസ്കരണം പോലെയുള്ള അധികവും യമന്‍, ഹീറ, സിറിയ എന്നിവിടങ്ങളില്‍ നിന്നെത്തിയവരാല്‍ നടത്തപ്പെടുന്നവയായിരുന്നു. എന്നാല്‍ ഉപദ്വീപില്‍ കൃഷിയും, കന്നുകാലി വളര്‍ത്തലും നടന്നിരുന്നു. അറബ്സ്ത്രീകള്‍ മൊത്തത്തില്‍ നെയ്ത്തുവേല ചെയ്യുന്നവരുമായിരുന്നു. പക്ഷേ, ഇതിന്‍റെ ഉപകരണങ്ങള്‍ പലപ്പോഴായി അരങ്ങേറുന്ന ഗോത്രയുദ്ധങ്ങള്‍ നശിപ്പിക്കും. ഫലമോ, പട്ടിണിയും ദാരിദ്യ്രവും വസ്ത്രക്ഷാമവും അവരെ വിടാതെ പിടികൂടി.

സാംസ്കാരികം
ജാഹിലിയ്യ അറബികളില്‍ മനുഷ്യബുദ്ധിയും യുക്തിയും അംഗീകരിക്കാത്ത നീചവും നികൃഷ്ടവുമായ സ്വഭാവശീലങ്ങള്‍ നിലനിന്നിരുന്നതോടൊപ്പം തന്നെ ആകര്‍ഷവും വശ്യവുമായ അത്യുന്നത സ്വഭാവങ്ങളും മൂല്യങ്ങളും ഉണ്ടായിരുന്നു.

ഔദാര്യം ഇതിലൊന്നായിരുന്നു. ഇതില്‍ അഭിമാനംകൊള്ളുകയും മേന്മനടിക്കുകയും ചെയ്തിരുന്നു അവര്‍. അവരുടെ കവിതയുടെ പകുതിയോളം ഭാഗം ഈ സദ്സ്വഭാവത്തെ വാഴ്ത്തിക്കൊണ്ടുള്ളതായിരുന്നു. അതിശൈത്യവും പട്ടിണിയുമുള്ള നാളില്‍, ഒരറബിയുടെ അടുക്കല്‍ ഒരു അതിഥി എത്തുന്നു. തന്‍റെയും കുടുംബത്തിന്റെയും ഏകാശ്രയമായ ഒട്ടകമല്ലാതെ മറ്റൊന്നും അദ്ദേഹത്തിന്‍റെ പക്കലില്ല. ആ ഒട്ടകത്തെ അതിഥിക്ക് വേണ്ടി അറുത്ത് തന്റെ ഔദാര്യ മനഃസ്ഥിതി അറബി പ്രകടിപ്പിക്കുന്നു. കനത്ത രക്തമൂല്യവും ബാധ്യതകളും ഏറ്റെടുത്ത് വധക്കുറ്റത്തില്‍ നിന്നും മനുഷ്യനഷ്ടത്തില്‍ നിന്നും മുക്തി നേടിയിരുന്ന സ്വഭാവം അവരുടെ ഔദാര്യ മനഃസ്ഥിതിയുടെ നിദര്‍ശനമാകുന്നു. ഇതര ഗോത്രനായകന്മാര്‍ക്കും സാരഥികള്‍ക്കും മുമ്പില്‍ ഇവര്‍ ഇക്കാര്യത്തില്‍ അഭിമാനം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

മദ്യപാനത്തില്‍ ഇവര്‍ സ്വയം അഭിമാനം കൊണ്ടിരുന്നു. മദ്യപാനം സ്വന്തം നിലക്ക് അഭിമാനിക്കാവുന്ന ഒരു കാര്യമായിരുന്നത് കൊണ്ടല്ല; പ്രത്യുത പരിധിക്കപ്പുറമുള്ള വ്യയം പോലും ഇത് എളുപ്പമാക്കുന്നുവെന്നത് കൊണ്ടാണ്. ഇത് കാരണം ഇവര്‍ മുന്തിരിവള്ളിയെ 'കറം' (ഔദാര്യം) എന്നും അതിന്‍റെ മദ്യത്തെ 'ഔദാര്യ പുത്രി' (ബിന്‍തുല്‍ കറം) എന്നുമാണ് വിശേഷിപ്പിച്ചിരുന്നത്. ജാഹിലിയ്യ കവിതാ സമാഹാരം പരിശോധിച്ചാല്‍ ഇത്തരം ഔദാര്യത്തെ മുക്തകണ്ഠം പുകഴ്ത്തുന്ന അനേകം വരികള്‍ തന്നെ കണ്ടെത്താന്‍ കഴിയും.

ചൂതാട്ടവും ഔദാര്യത്തിന്‍റെ വഴിയായിട്ടായിരുന്നു ഇവര്‍ കണ്ടിരുന്നത്. ഇതുവഴി നേടുന്ന ലാഭം അഗതികളെ ഭക്ഷണമൂട്ടാന്‍ വേണ്ടി വിനിയോഗിക്കപ്പെട്ടിരുന്നതിനാല്‍ ഖുര്‍ആന്‍ മദ്യത്തിന്‍റെയും ചൂതാട്ടത്തിന്‍റെയും ഉപകാരത്തെ നിഷേധിക്കാതെ അതുവഴിയുണ്ടാകുന്ന പാപം എടുത്തുകാട്ടുകയാണ് ചെയ്യുന്നത്. "എന്നാല്‍ അതിലെ പാപത്തിന്‍റെ അംശമാണ് പ്രയോജനത്തിന്‍റെ അംശത്തേക്കാള്‍ വലുത്'' (2:219)
കരാര്‍ പാലനം അവരുടെ മുഖമുദ്രയായിരുന്നു. ഇത് അവരെ സംബന്ധിച്ചിടത്തോളം കൈവിട്ടുകളയാനാവാത്ത ഒരു മതം തന്നെയായിരുന്നു. കരാര്‍ പാലനത്തിനു വേണ്ടി സന്താനനഷ്ടവും ഭവനനഷ്ടവും പോലും അവര്‍ നിസ്സാരമായി ഗണിച്ചു. അവരുടെ സാഹിത്യങ്ങള്‍ പരിശോധിച്ചാല്‍ വേണ്ടത്ര ഉദാഹരണങ്ങള്‍ ഇതിനു കണ്ടെത്താനാവും. ഹാനിഉബ്നു മസ്ഊദ് അശൈബാനിയുടെയും സമൂവല്‍ബിന്‍ ആദിയായുടേയും ഹാജിബു ബ്നു സുറാറ അത്തമീമിയുടേയും കഥ ഈ രംഗത്ത് പ്രശസ്തമാണ്.

യാതൊരുവിധ പതിത്വവും അപമാനവും അംഗീകരിക്കാത്ത ആത്മാഭിമാനബോധം ജാഹിലിയ്യ അറബിയുടെ ഒരു പ്രത്യേകത തന്നെയാണ്. ഇതിന്റെ സ്വാഭാവിക ഫലമാണല്ലോ അതിധീരതയും, ആത്മരക്ഷാബോധവും, ക്ഷിപ്രകോപവും. അപമാനത്തിന്റെയോ നിന്ദ്യയുടെയോ ഗന്ധമുള്ള വാക്കുകള്‍ പോലും അവരെ വാളേന്താന്‍ പ്രേരിപ്പിച്ചിരുന്നു. നീണ്ടയുദ്ധങ്ങള്‍ക്കു തന്നെ ഇത് കാരണമായിരുന്നു. ഇതിനുവേണ്ടി ആത്മബലി നടത്താന്‍ അവര്‍ക്കൊട്ടും മടിയുണ്ടായിരുന്നില്ല.
തീരുമാനങ്ങളില്‍ മുന്നേറുന്ന പ്രകൃതി: മഹത്വവും അഭിമാനവും അവകാശപ്പെടാവുന്ന ഒരു തീരുമാനത്തെ ആരെതിര്‍ത്താലും എന്തും ത്യജിച്ച് അത് അവര്‍ നടപ്പില്‍ വരുത്തുമായിരുന്നു.

സഹനവും അവധാനതയും ദൃഢചിത്തതയും അവര്‍ അഭിമാനത്തോടെ പുലര്‍ത്തിയിരുന്ന സ്വഭാവങ്ങളാണ്. ഇതുപക്ഷേ അവരില്‍ അപൂര്‍വാവസരങ്ങളില്‍ മാത്രമുള്ളതായിരുന്നു. കാരണം, അവര്‍ ധൈര്യപ്രകടനത്തിനും യുദ്ധത്തിന്നും എടുത്തുചാടുന്നവരായിരുന്നല്ലോ.
നാഗരികതയുടെ മാലിന്യമോ ജാടകളോ ഇല്ലാത്ത ഗ്രാമീണശുദ്ധത ഇവരുടെ പ്രത്യേകതയാണ്. സത്യസന്ധത, വിശ്വസ്തത, ചതിയും വഞ്ചനുയുമില്ലായ്മ തുടങ്ങിയ മൂല്യങ്ങള്‍ ഈ ശുദ്ധതയുടെ ഉല്‍പന്നങ്ങളായിരുന്നു.

ഈ ഉന്നത മൂല്യങ്ങളും സ്വഭാവങ്ങളുമാണ്-ഭൂമിശാസ്ത്രപരമായി ഇതര നാടുകളെ അപേക്ഷിച്ച് പ്രത്യേക സ്ഥാനവും കൂടിയുള്ള ഈ ഉപദ്വീപ് നിവാസികള്‍ സാര്‍വ ലൌകിക സന്ദേശത്തിന്‍റെ വാഹകരും മാനവതയുടെ നായകരുമാകേണ്ടതിന് തിരഞ്ഞെടുക്കപ്പെടാന്‍ കാരണം. ഈ സ്വഭാവങ്ങളില്‍ ചിലത് തിന്മയിലേക്കും വേദനാജനകമായ പര്യവസാനത്തിലേക്കുമെത്തിക്കുന്നവയാണെങ്കിലും മൌലികമായി, അവ ഉയര്‍ന്ന മൂല്യങ്ങളുള്ളവയാണ്. ചില പരിഷ്കരണസംസ്കാരങ്ങളിലൂടെ മാനവതയ്ക്കാകമാനം നന്മകൈവരുത്തുവാന്‍ അതിനു സാധിക്കുകുയും ചെയ്യും. യഥാര്‍ഥത്തില്‍ ഇസ്ലാം ചെയ്തതുംഅതുതന്നെയാണ്.

കരാര്‍ പാലനം കഴിഞ്ഞാല്‍ അവരുടെ ഏറ്റവും ഉന്നതവും അമൂല്യവുമായ സ്വഭാവം ആത്മാഭിമാനബോധവും എടുത്ത തീരുമാനങ്ങളില്‍ മുന്നോട്ട് കുതിക്കാന്‍ വെമ്പുന്ന പ്രകൃതിയുമാണ്. ഗൌരവപൂര്‍ണവും ശക്തവുമായ ഈ സ്വഭാവങ്ങളില്ലാതെ തിന്മയുടെയും അധര്‍മത്തിന്‍റെയും മസ്തകം തകര്‍ക്കാനോ നീതിന്യായവ്യവസ്ഥ സ്ഥാപിക്കുവാനോ സാധ്യമാവുകയില്ല തന്നെ.

ഇതുപോലെ ഇനിയുമനേകം മൂല്യവത്തായ സ്വഭാവഗുണങ്ങളുടെ ഉടമകളായിരുന്നു അവര്‍. പക്ഷെ, അവ നിര്‍ണയിച്ച് വിശദീകരിക്കേണ്ട സന്ദര്‍ഭമല്ലല്ലോ ഇത്.1 .ബുഖാരി ഹദീസ് 5127 ,അബൂദാവൂദ് കിതാബുന്നികാഹ്.
2 .അബൂദാവൂദ്: കിതാബുന്നികാഹ് അത് ത്വലാഖുമര്‍റതാന്‍ (2 :229 )എന്ന സൂക്തത്തിന്റെ അവതരണ ഹേതു ഇതാണെന്ന് ഖുര്‍ആന്‍ വ്യക്താക്കള്‍ പറയുന്നു.
3 .അബൂദാവൂദ് അല്‍വലദു ലില്‍ഫിറാശ് എന്ന അദ്ധ്യായം.


സി. സലീം സുല്ലമി വിവര്‍ത്തനം ചെയ്ത ശൈഖ് സ്വഫീഹുറഹ്മാന്‍ മുബാറക് പൂരിയുടെ 'അര്‍റഹീക്വുല്‍ മഖ്തൂം' എന്ന ഗ്രന്ഥത്തില്‍ നിന്ന്...

 

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH