Search

mahonnathan

JA slide show

നബി ചരിത്രം

അറബികളുടെ മതങ്ങള്‍ Print E-mail

ഇബ്റാഹീം നബി(അ)യുടെ സന്തതികള്‍ അറേബ്യന്‍ ഉപദ്വീപില്‍ വ്യാപിച്ചതു കാരണം അവരെല്ലാം ആചരിച്ചിരുന്നത് ഇബ്റാഹീം നബിയുടെ മതം തന്നെയായിരുന്നു. അവര്‍ മതചിഹ്നങ്ങള്‍ അംഗീകരിക്കുന്നവരും ഏക ദൈവാരാധകരുമായിരുന്നു. കാലദൈര്‍ഘ്യം കാരണം പലതും അവര്‍ വിസ്മരിച്ചെങ്കിലും തൌഹീദും (ഏകദൈവവിശ്വാസം) ഇബ്റാഹീം (അ)യുടെ മതത്തിന്‍റെ ചില ചിഹ്നങ്ങളും അവരില്‍ അവശേഷിച്ചിരുന്നു. പിന്നീട് ഖുസാഅ ഗോത്രക്കാരനായ അംറുബ്നുലുഹയ്യ് രംഗത്ത് വന്നു. അദ്ദേഹം പുണ്യകര്‍മങ്ങളിലും ദാനധര്‍മങ്ങളിലും മതനിഷ്ഠയിലും ഏറെ തല്പരനായിരുന്നതിനാല്‍ സ്വാഭാവികമായും ജനങ്ങളദ്ദേഹത്തെ ഇഷ്ടപ്പെടുകയും മഹാപണ്ഡിതനും സിദ്ധനുമായി ഗണിക്കുകയും ചെയ്തു. ഒരിക്കല്‍ അദ്ദേഹം സിറിയന്‍ യാത്ര കഴിഞ്ഞ് മടങ്ങുമ്പോള്‍ 'ഹുബ്ല്‍' എന്ന പേരില്‍ ഒരു വിഗ്രഹവും കൂടെ കൊണ്ടുപോന്നു. സിറിയ പ്രവാചകരുടെയും വേദഗ്രന്ഥങ്ങളുടേയും പ്രദേശമായിരുന്നതിനാല്‍ അതൊരു നല്ലകാര്യമായിരിക്കുമെന്നാണ് അദ്ദേഹം ധരിച്ചത്. കഅ്ബയുടെ മധ്യത്തില്‍ അത് പ്രതിഷ്ഠിച്ച് മക്കക്കാരോട് അതിനെ പൂജിക്കാന്‍ ആഹ്വാനം ചെയ്തു. എല്ലാവരും അതംഗീകരിച്ചു. പിന്നീട് ഹിജാസ് നിവാസികള്‍ മൊത്തം ഈ പ്രവൃത്തിയില്‍ മക്കക്കാരെ പിന്തുടരാന്‍ ഒട്ടും താമസമുണ്ടായില്ല. കാരണം അവര്‍ക്കായിരുന്നല്ലോ വിശുദ്ധ ഗേഹത്തിന്‍റെയും വിശുദ്ധ ഹറമിന്‍റെയും സാരഥ്യം. ഹുബുല്‍ക്വുറയ്ശികളുടെ സമീപമെത്തുമ്പോള്‍ വലതുകൈ നഷ്ടപ്പെട്ട ചെമന്ന നിറത്തിലുള്ള ഒരു മനുഷ്യരൂപമായിരുന്നു. ഖുറൈശികള്‍ അതിനൊരു സ്വര്‍ണക്കരം വച്ചു. ഇതായിരുന്നു മക്കയിലെ ബഹുദൈവാരാധകരുടെ പ്രഥമവും പ്രധാനവുമായ വിഗ്രഹം.(1)

പൂര്‍വ്വികമായി ഇവര്‍ക്കുണ്ടായിരുന്ന വിഗ്രഹമാണ് മനാത്. ഹുദൈല്, ഖുസാഅഃഗോത്രക്കാരുടെതായിരുന്നു ഇത്. ചെങ്കടല്‍തീരത്ത് ഖുദയ്ദിന് സമീപത്തുള്ള മണല്‍കുന്നായ മുശല്ലലിലായിരുന്നു അത് പ്രതിഷ്ഠിച്ചിരുന്നത്. പിന്നീട് ഥഖീഫ് ഗോത്രക്കാര്‍ ത്വാഇഫില്‍ ലാത് വിഗ്രഹത്തെ സ്ഥാപിച്ചു. ഇത് ത്വാഇഫ് പള്ളിയുടെ ഇടത്തെ മിനാരത്തിന്‍റെ സ്ഥാനത്തായിരുന്നു. പിന്നീടവര്‍ വാദിനഖ്ലയില്‍ ഉസ്സയേയും പ്രതിഷ്ഠിച്ചു. ഇത് ഖുറൈശ്, കിനാന എന്നിവരടക്കം മറ്റനേകം ഗോത്രങ്ങളുടേതുമായിരുന്നു. ഇവയായിരുന്നു അറബികളുടെ പ്രധാനപ്പെട്ട മൂന്നു വിഗ്രഹങ്ങള്‍. ഇതോടെ അവര്‍ക്കിടയില്‍ എല്ലായിടത്തും വിഗ്രഹ പൂജ വ്യാപകമായി.

അംറൂബിന്‍ ലുഹയ്യിന് ജിന്നില്‍ നിന്നുള്ള വെളിപാടനുസരിച്ച്, നൂഹ് നബിയുടെ കാലത്തുണ്ടായിരുന്ന വദ്ദ്, സുവാഅ്, യഗൂസ്, യഊഖ്, നസ്ര്‍, എന്നീ വിഗ്രഹങ്ങള്‍ ജിദ്ദയില്‍ കുഴിച്ചുമൂടപ്പെട്ടിട്ടുണ്ടെന്ന് വിവരം ലഭിച്ചു. തദടിസ്ഥാനത്തില്‍ അവ കുഴിച്ചെടുത്ത് തിഹാമയില്‍ കൊണ്ടുവരികയും ഹജ്ജ് കാലത്ത് ഓരോ ഗോത്രങ്ങള്‍ക്കും വിതരണം നടത്തുകയും ചെയ്തു. അങ്ങനെ വദ്ദ്ഇറാഖിന് സമീപം സിറിയയിലെ ദൌമത്ത് ജന്ദലിലെ കല്‍ബ് ഗോത്രക്കാരുടേതും, സുവാഅ് മക്കയുടെ തീരപ്രദേശമായ റൂഹാത്വിലെ ഹുദൈല്‍കാരുടേതും, യഊഖ് യമനിലെ ഖയ്വാന്‍ ഗ്രാമത്തിലെ ഹമദാന്‍കാരുടേതും, നസ്ര്‍ ഹിംയര്‍കാരുടേതുമായി മാറി.(2)

ഈ ദേവന്‍മാര്‍ക്കെല്ലാം ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയും അവിടെ പൂജാരികളെയും പരിചാരകരേയും നിശ്ചയിക്കുകയും, അവിടേക്ക് കാണിക്കകള്‍ അര്‍പ്പിക്കുകയും കഅബദേവാലയം ആദരിക്കപ്പെടുന്നതു പോലെ ആദരിക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ കഅബക്ക് ഇതിനേക്കാളെല്ലാമുള്ള മഹത്വം അംഗീകരിക്കുകയും ചെയ്തിരുന്നു.

ഇതോടെ മറ്റു ഗോത്രങ്ങളും ഇതേ മാര്‍ഗം തന്നെ പിന്തുടര്‍ന്ന് വിഗ്രഹങ്ങളും ദേവാലയങ്ങളും സ്ഥാപിച്ചു. അങ്ങനെ ദുല്‍ഖലസ്വ എന്ന വിഗ്രഹം യമന്‍കാരായ ദൌസ്, ഖസ്അം, ബുജയ്ല എന്നീ ഗോത്രങ്ങള്‍ മക്കയ്ക്കും യമനിനും ഇടയ്ക്കുള്ള തബാലയില്‍ പ്രതിഷ്ഠിച്ചു. ഫീല്‍സ വിഗ്രഹം സല്‍മാ, അജാ എന്നീ പര്‍വ്വതങ്ങള്‍ക്കിടയില്‍ വസിച്ചിരുന്ന ത്വയ്ഗോത്രക്കാരുടേതായിരുന്നു. റയാം സ്വന്‍ആഅ്കാരുടെതും, റളാഅ് ബനൂറബിഅ, കഅബാത്, ബക്ര്‍, ഥഅ്ലബ്, ഇയാദ് എന്നിവരുടേതുമായി. ദൌസിന് ദൂല്‍കഫ്ഫയിന്‍ എന്ന ഒരു വിഗ്രഹവും കിനാനയുടെ സന്തതികളായ ബക്ര്‍, മാലിക്, മലകാന്‍ എന്നിവര്‍ക്ക് സഅദ് എന്ന വിഗ്രഹവും ഉദ്റക്കാര്‍ക്ക് ശംസ് എന്ന വിഗ്രഹവും ഖൌലാനിന് ഉംയാനീസ് എന്ന വിഗ്രഹവുമുണ്ടായിരുന്നു.(3)

ഇങ്ങനെ അറേബ്യന്‍ ഉപദ്വീപിലെ എല്ലാ ഗോത്രങ്ങള്‍ക്കും പിന്നീട് ഓരോ വീടുകള്‍ക്കും ഓരോ വിഗ്രഹങ്ങള്‍ വീതമായി അറേബ്യ മുഴുവന്‍ വിഗ്രഹങ്ങളാല്‍ നിറച്ചു. പ്രവാചകന്‍ മക്ക ജയിച്ചടക്കുന്ന സമയത്ത് കഅബക്ക് ചുറ്റും 360 വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കപ്പെട്ടത് കാണുകയുണ്ടായി. ഓരോന്നും അവിടുന്ന് തച്ചുടച്ച് പുറത്തെറിഞ്ഞു കരിച്ചു കളഞ്ഞു. കഅബയ്ക്കുള്ളിലും ശില്പങ്ങളും ചിത്രങ്ങളുമുണ്ടായിരുന്നു. അതില്‍ ഇബ്റാഹീം പുത്രന്‍ ഇസ്മാഈലും ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ നിര്‍ണയിക്കുന്ന ലക്ഷണക്കോലുമേന്തി നില്‍ക്കുന്ന ചിത്രവുമുണ്ടായിരുന്നു.! എല്ലാം അവിടുന്ന് തുടച്ചു നീക്കി ശുദ്ധീകരിച്ചു.(4)

അറബികളുടെ ഈ വിഗ്രഹപൂജാ സംസ്കാരം എത്രത്തോളം അധഃസ്ഥിതിയിലെത്തിയിരുന്നുവെന്ന് അബൂറജാഅ് അല്‍ ഉത്വാരിദി (റ)ന്‍റെ വാക്കുകളില്‍ നിന്ന് വ്യക്തമാകും. "ഞങ്ങള്‍ ഒരു കല്ലിനെ പൂജിക്കും. അതിനേക്കാള്‍ മെച്ചപ്പെട്ട ഒരു കല്ല് കണ്ടാല്‍ ഇതൊഴിവാക്കി അത് സ്വീകരിക്കും. ഇനി കല്ലൊന്നും കിട്ടിയില്ലെങ്കില്‍ മണ്‍കൂനയുണ്ടാക്കി അതിലേക്ക് ആടിനെ കറന്ന് അതിനുചുറ്റും പ്രദക്ഷിണം ചെയ്യും.''(5) ചുരുക്കത്തില്‍, ഇബ്റാഹീം നബിയുടെ മതത്തിലാണെന്ന് വാദിച്ചിരുന്ന അവരെ വിഗ്രഹപൂജ ആമൂലാഗ്രം ഗ്രസിച്ചു കഴിഞ്ഞിരുന്നു.

വിഗ്രഹപൂജയുടെയും ബഹുദൈവത്വത്തിന്‍റെയും ചിന്ത ഇവരില്‍ ഉടലെടുത്തത്, മലക്കുകളും പ്രവാചകന്മാരും പുണ്യപുരുഷന്മാരുമെല്ലാം ദൈവത്തിന്‍റെ സാമീപ്യം സിദ്ധിച്ചവരാണെന്നും ഇവരിലൂടെ പ്രകടമാകുന്ന അസാധാരണ സംഭവങ്ങള്‍ ഇവരുടെ ദിവ്യത്വത്തിനു രേഖയാണെന്നും അങ്ങനെ ഇവര്‍ക്ക് അല്ലാഹുവിനുമാത്രമവകാശപ്പെട്ട ചില കാര്യങ്ങളില്‍ കൈകാര്യാവകാശമുണ്ടെന്നും ഇവരുടെ മാധ്യസ്ഥത്തിലൂടെയും ശൂപാര്‍ശയിലൂടെയുമല്ലാതെ ദൈവസാമീപ്യം നേടാനാവുകയുമില്ലെന്നുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. അങ്ങനെ ദൈവത്തിന്‍റെയടുക്കലേക്ക് തങ്ങളെ അടുപ്പിക്കാനായി ഈ മഹത്തുക്കളുടെ ചിഹ്നവും ചിത്രവും രൂപവും കൊത്തിവെച്ചുകൊണ്ട് അവയെ പൂജിക്കാന്‍ ഇവര്‍ തുടങ്ങി. ഇവര്‍ കൊത്തിയുണ്ടാക്കിയതും വരച്ചതുമായ ചിത്രങ്ങള്‍ പലതും അവരുടെ യഥാര്‍ഥരൂപത്തിലും ചിലത് ഭാവനാ സങ്കല്‍പ്പങ്ങളുമായിരുന്നു.

ചിലര്‍ ചിത്രങ്ങള്‍ക്കും ശില്പങ്ങള്‍ക്കും പകരം അവരുടെ കുഴിമാടങ്ങളും വിശ്രമ സ്ഥലങ്ങളും വിശുദ്ധ കേന്ദ്രങ്ങളായി കരുതി അവിടേക്ക് നേര്‍ച്ചകളും കാഴ്ചകളും സമര്‍പ്പിക്കുകയും ചെയ്തു. ഇങ്ങനെയാണ് വിഗ്രഹങ്ങളും ശില്പങ്ങളുമെല്ലാം ആരാധ്യവസ്തുക്കളായി മാറിയത്.

ഇവര്‍ക്ക് പൂജാകര്‍മങ്ങള്‍ക്കായി ആചാരങ്ങളും സമ്പ്രദായങ്ങളുമുണ്ടായിരുന്നു. ഇവയിലധികവും അംറുബ്നുലുഹയ്യിനാല്‍ സ്ഥാപിതമായതാണ്. അംറ് സ്ഥാപിക്കുന്ന സമ്പ്രദായങ്ങളത്രയും നല്ല ആചാരങ്ങളായി അവര്‍ ധരിച്ചു. അവരുടെ ചില ആചാരങ്ങള്‍ ശ്രദ്ധിക്കുക.

(1) ഭജനമിരിക്കുക, അഭയാര്‍ഥന നടത്തുക, സന്നിഗ്ധ ഘട്ടങ്ങളില്‍ സഹായാര്‍ഥന, ആവശ്യപൂര്‍ത്തീകരണത്തിന് ശുപാര്‍ശകരെന്ന നിലക്കുള്ള പ്രാര്‍ഥന.

(2) വിഗ്രഹങ്ങളെ ഉദ്ദേശിച്ച് തീര്‍ഥാടനവും അവയെ പ്രദക്ഷിണവും ചെയ്യുക. അവയുടെ മുമ്പില്‍ വിധേയത്വവും സാഷ്ടാംഗവും സമര്‍പ്പിക്കുക.

(3) വിഗ്രഹങ്ങള്‍ക്ക് ക്വുര്‍ബാന്‍ അര്‍പ്പിക്കുകയും അവയുടെ നാമത്തില്‍ ബലി നടത്തുകയും ചെയ്യുക.
ഇതിനെക്കുറിച്ചാണ് അല്ലാഹു ക്വുര്‍ആനില്‍ പരാമര്‍ശിച്ചത്:

"പ്രതിഷ്ഠകള്‍ക്കു മുമ്പില്‍ ബലിയര്‍പ്പിക്കപ്പെട്ടത്'' (5:3)എന്നും "അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപ്പെടാത്തതില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കരുത്'' (6:121) എന്നും.

(4) വിഗ്രഹങ്ങള്‍ക്ക് തങ്ങളുടെ ഭക്ഷ്യവസ്തുക്കളില്‍ നിന്നും കന്നുകാലികളില്‍ നിന്നും കൃഷിയില്‍ നിന്നുമുള്ള ഓഹരികളും അവര്‍ സമര്‍പ്പിച്ചിരുന്നു. കൌതുകകരമായ കാര്യം അല്ലാഹുവിനും അവര്‍ ഇതില്‍ ഓഹരി നല്കിയിരുന്നുവെന്നതാണ്. പക്ഷെ, ദൈവത്തിനുള്ള ഓഹരി വിഗ്രഹങ്ങളിലേക്ക് മാറ്റാന്‍ അനേകം കാരണങ്ങള്‍ അവര്‍ കണ്ടെത്തിയിരുന്നു. മറിച്ചൊരു അവസ്ഥ ഒരിക്കലുമുണ്ടാകാറുമില്ല! ഇതിനെ കുറിച്ച് അല്ലാഹു പരാമര്‍ശിക്കുന്നു.
"അല്ലാഹു സൃഷ്ടിച്ചുണ്ടാക്കിയ കൃഷിയില്‍ നിന്നും കന്നുകാലികളില്‍ നിന്നും അവര്‍ ഓഹരി നിശ്ചയിച്ചു കൊടുത്തിരിക്കയാണ്. എന്നിട്ട് അവരുടെ ജല്‍പനമനുസരിച്ച് ഇത് അല്ലാഹുവിനുള്ളതും മറ്റേത് തങ്ങള്‍ പങ്കാളികളാക്കിയ ദൈവങ്ങള്‍ക്കുള്ളതുമാണെന്നവര്‍ പറഞ്ഞു. എന്നാല്‍ അവരുടെ പങ്കാളികള്‍ക്കുള്ളത് അല്ലാഹുവിനെത്തുകയില്ല. അല്ലാഹുവിനുള്ളതാകട്ടെ അവരുടെ പങ്കാളികള്‍ക്കെത്തുകയും ചെയ്യും. അവര്‍ തീര്‍പ്പ് കല്പിക്കുന്നത് എത്ര മോശം''(6:136)

(5) കന്നുകാലികളില്‍ നിന്നും കൃഷിയില്‍ നിന്നും വിഗ്രഹങ്ങള്‍ക്ക് അവര്‍ നേര്‍ച്ചയാക്കിയിരുന്നു. അല്ലാഹു പറയുന്നു
"അവര്‍ പറഞ്ഞു: ഇവ വിലക്കപ്പെട്ട കാലികളും കൃഷിയുമാകുന്നു. ഞങ്ങള്‍ ഉദ്ദേശിക്കുന്ന ചിലരല്ലാതെ അവ ഭക്ഷിച്ചു കൂടാ. അതവരുടെ ജല്‍പനമത്രെ. പുറത്ത് സവാരി ചെയ്യുന്നത് നിഷിദ്ധമാക്കപ്പെട്ട ചില കാലികളുണ്ട്. വേറെ ചില കാലികളുണ്ട്. അവയുടെ മേല്‍ അവര്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കുകയില്ല. ഇതെല്ലാം അല്ലാഹുവിന്റെ പേരില്‍ ചമച്ചുണ്ടാക്കിയതാണ്.'' (6:138)

(6) അവരുടെ നേര്‍ച്ചയിനങ്ങളില്‍ പെട്ടതായിരുന്നു - ബഹീറ, സാഇബ, വസ്വീല, ഹാം എന്നിവ. ചരിത്രകാരനായ ഇബ്നു ഇസ്ഹാഖ് രേഖപ്പെടുത്തുന്നു. ബഹീറ എന്നത് സാഇബയുടെ പുത്രിയാണ്. അതായത് ഒരൊട്ടകം തുടര്‍ച്ചയായി പത്ത് പ്രസവത്തിലും പെണ്‍കുഞ്ഞിനു മാത്രം ജന്മം നല്‍കിയാല്‍ അതിനെ സാഇബയായി പ്രഖ്യാപിച്ച് നേര്‍ച്ചയാക്കിയിടും. അതിനെ വാഹനമായി ഉപയോഗിക്കുകയില്ല. അതുപോലെ അതിന്റെ രോമവും പാലും അതിഥികള്‍ അല്ലാതെ മറ്റാരും ഉപയോഗിക്കുകയുമില്ല. പിന്നെയും പെണ്‍കുഞ്ഞിനു ജന്മം നല്‍കിയാല്‍ അതിന്റെ ചെവി കീറി തള്ളയുടെ കൂടെ വിടും. അതിനേയും വാഹനമാക്കുകയോ, രോമമോ പാലോ ഉപയോഗിക്കുകയോ ഇല്ല, അതിഥികളൊഴികെ. ഇതാണ് സാഇബ:യുടെ പുത്രി ബഹീറ: ഒരാട് അഞ്ച് പ്രസവത്തിലും ഒരാണ്‍കുഞ്ഞുമില്ലാതെ പത്ത് പെണ്‍കുഞ്ഞുങ്ങള്‍ക്കു മാത്രം ജന്മം നല്‍കിയാല്‍ അതിനെ വസീല എന്ന് നാമകരണം ചെയ്ത് വിഗ്രഹങ്ങള്‍ക്ക് നേര്‍ച്ചയാക്കുന്നു. ഇതിനു ശേഷം അത് പ്രസവിക്കുന്നത് പുരുഷന്മാര്‍ക്ക് അവകാശപ്പെട്ടതാണ്. എന്നാല്‍ അത് ചത്തുപോയാല്‍ പുരുഷന്മാരും സ്ത്രീകളും അതിനെ ഭക്ഷിക്കുന്നതില്‍ പങ്ക് ചേരുന്നു. ഒരു ഒട്ടകക്കൂറ്റന്‍ പത്ത് പെണ്‍സന്തതികളെ തുടര്‍ച്ചയായി ഉല്പാദിപ്പിച്ചാല്‍ അതിനെ വാഹനമാക്കുകയോ അതിന്‍റെ രോമവും പാലും ഉപയോഗിക്കുകയോ ചെയ്യാതെ നേര്‍ച്ചയാക്കി വിടുന്നു. ഇതിനാണ് ഹാം എന്നു പറയുന്നത്. ഇതിനെ കുറിച്ചെല്ലാം ക്വുര്‍ആന്‍ പരാമര്‍ശിക്കുന്നത് നോക്കുക:

"ബാഹീറ, സാഇബ, വസീല, ഹാം എന്നീ നേര്‍ച്ച മൃഗങ്ങളെയൊന്നും അല്ലാഹു നിശ്ചയിച്ചതല്ല. പക്ഷേ, സത്യനിഷേധികള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയാണ്. അവരില്‍ അധികപേരും ചിന്തിച്ചു മനസ്സിലാക്കുന്നില്ല.''(5:103)
"അവര്‍ പറഞ്ഞു: ഈ കാലികളുടെ ഗര്‍ഭാശയത്തിലുള്ളത് ഞങ്ങളിലെ പുരുഷന്മാര്‍ക്ക് മാത്രമുള്ളതും ഞങ്ങളുടെ ഭാര്യമാര്‍ക്കു നിഷിദ്ധമാക്കപ്പെട്ടതുമാണ്. അത് ചത്തതാണെങ്കിലോ അവരെല്ലാം അതില്‍ പങ്കുപറ്റുന്നവരുമായിരിക്കും''(6:139). ഈ നേര്‍ച്ച മൃഗങ്ങളെ കുറിച്ചു വേറെയും വ്യാഖ്യാനങ്ങളുണ്ട്.(6) അംറുബ്നു ലഹയ്യ് ആണ് ആദ്യമായി ഇവയെ നേര്‍ച്ചയാക്കി വിട്ടതെന്നതിനാല്‍ അവന്‍ തന്റെ കുടല്‍മാലയും വലിച്ച് നരകത്തില്‍ നടക്കുന്നത് താന്‍ കാണുകയുണ്ടായെന്ന് നബി(സ) പറഞ്ഞതായി ബുഖാരി രേഖപ്പെടുത്തുന്നുണ്ട്.
വിഗ്രഹങ്ങള്‍ക്ക് ഇവയെല്ലാം അറബികള്‍ നേര്‍ച്ചയാക്കിയത് ഇവരെല്ലാം ദൈവത്തിന്‍റെയടുക്കല്‍ ശുപാര്‍ശചെയ്യുമെന്നും ദൈവത്തിലേക്ക് അടുപ്പിക്കുമെന്നും വിശ്വസിച്ചുകൊണ്ടായിരുന്നു ക്വുര്‍ആന്‍ പറയുന്നു: "അല്ലാഹുവിന് പുറമെ അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചുകൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്ക് ശുപാര്‍ശക്കാരാണെന്ന് പറയുകയും ചെയ്യുന്നു.(10:18)
അറബികളുടെ മറ്റൊരു സമ്പ്രദായമായിരുന്നു 'അസ്ലാം'. 'സലം' എന്നാല്‍ തൂവല്‍ പിടിപ്പിക്കാത്ത അമ്പ്. ഇത് മൂന്നിനമായിരുന്നു. ഒന്ന്: 'അതെ' എന്നും മറ്റൊന്നില്‍ 'അല്ല' എന്നും രേഖപ്പെടുത്തിയതും മൂന്നാമത്തെത് ഒന്നും രേഖപ്പെടുത്താത്തുമായ അമ്പുകളാണ്. യാത്ര, വിവാഹം പോലെയുള്ള ഗൌരവമുള്ള കാര്യങ്ങളില്‍ തീരുമാനമാവശ്യമായി വരുമ്പോള്‍ അവര്‍ ഈ അമ്പുകളുപയോഗിച്ച് ശകുനം നോക്കും. 'അതെ'യെന്നു വന്നാല്‍ നടപ്പിലാക്കുകയും 'അല്ല' എന്നു വന്നാല്‍ അടുത്ത വര്‍ഷത്തേക്കു നീട്ടിവെക്കുകയും ചെയ്യും. ഒന്നും രേഖപ്പെടുത്താത്തതു വന്നാല്‍ രണ്ടിലൊരു തീരുമാനം വരുന്നതുവരെ ആവര്‍ത്തിച്ചു നോക്കും.

രണ്ടാമത്തെ ഇനം: വെള്ളത്തിന്‍റെയും പ്രായശ്ചിത്തത്തിന്‍റെയും തീരുമാനത്തിനു വേണ്ടിയുള്ള 'സലമു'കളാണ്.
മൂന്നാമത്തെ ഇനം: അമ്പില്‍ 'നിങ്ങളുടെ' 'മറ്റുള്ളവരുടെ' 'ചേര്‍ന്നു നില്‍ക്കുന്ന' എന്നിങ്ങനെ രേഖപ്പെടുത്തിയിരിക്കും. ഒരു വ്യക്തിയുടെ വംശപാരമ്പര്യത്തില്‍ സംശയമുദിച്ചാല്‍ അവര്‍ അദ്ദേഹത്തെയുംകൊണ്ട് ഹുബ്ല്‍ വിഗ്രഹത്തെ സമീപിക്കും. കൂടെ നൂറ് ഒട്ടകവും. നൂറ് ഒട്ടകങ്ങളെ അവിടെ സമര്‍പ്പിക്കും. എന്നിട്ട്, 'നിങ്ങളുടെ' എന്നത് പുറത്തെടുത്താല്‍ അദ്ദേഹം ആ കുടുംബത്തിലെ മാന്യനായി അംഗീകരിക്കപ്പെടും. 'മറ്റുള്ളവരുടെ' വന്നാല്‍ സഖ്യകക്ഷികളില്‍ പെടുത്തും. 'ചേര്‍ന്നു നില്‍ക്കുന്ന' വന്നാല്‍ പൂര്‍വ സ്ഥിതി തിരിച്ചു കിട്ടും. പക്ഷേ വംശമാഹാത്മ്യമോ സഖ്യമോ ലഭിക്കുകയില്ല. (7) ഇതിനോട് ഏറെ സാദൃശ്യം പുലര്‍ത്തിയിരുന്ന ഒരു തരം ചൂതാട്ടവും നിലവിലുണ്ടായിരുന്നു. ഈ മാര്‍ഗമവലംബിച്ച്
ഒട്ടകമാംസം ഓഹരിയിടുമായിരുന്നു.

'കാഹിനിലും' 'അര്‍റാഫി'ലും 'മുനജ്ജിമി'ലും ഇവര്‍ വിശ്വസിച്ചിരുന്നു. ഭാവിയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ പ്രവചിക്കുക, സ്വകാര്യങ്ങള്‍ അറിയുക, എന്നതെല്ലാം കാഹിനി (ഭാവി പ്രവചിക്കുന്നവന്‍)ന്റെ ജോലിയായിരുന്നു. തനിക്ക് ജിന്ന് സേവയുണ്ടെന്നും അതിന്‍റെയടിസ്ഥാനത്തില്‍ അദൃശ്യജ്ഞാനമുണ്ടെന്നും ഇവരില്‍ ചിലര്‍ വാദിച്ചിരുന്നു. സാഹചര്യങ്ങളും കാരണങ്ങളും വിലയിരുത്തിയും ചോദ്യകര്‍ത്താവിന്റെ സംസാരവും പ്രവൃത്തിയും സ്ഥിതിഗതികളും വിലയിരുത്തിയും കാര്യങ്ങള്‍ അറിയാന്‍ കഴിയുമെന്ന ചില വാദക്കാരുമുണ്ടായിരുന്നു. 'അര്‍റാഫ്' (പ്രശ്നക്കാര്‍) എന്ന് ഇവര്‍ അറിയപ്പെട്ടു. ഇന്ന് നഷ്ടപ്പെട്ട വസ്തുക്കളും മോഷണവസ്തുക്കളും സ്ഥലവുമെല്ലാം പ്രഖ്യാപിക്കുന്ന ചിലരെപ്പോലെ. വേറെ ചിലര്‍ നക്ഷത്രങ്ങളും ഗോളങ്ങളും വീക്ഷിച്ച് അതിന്‍റെ സഞ്ചാരവും സമയവും ഗണിച്ച് അതിന്റെയടിസ്ഥാനത്തില്‍ ലോകത്ത് ഭാവിയില്‍ അരങ്ങേറുന്ന കാര്യങ്ങള്‍ പ്രവചിക്കുന്നു. ഇവരെ മുനജ്ജിം (ജ്യോതിഷക്കാരന്‍) എന്ന് പറയുന്നു. ഈ പ്രവചനങ്ങളിലുള്ള വിശ്വാസം നക്ഷത്രഫലങ്ങളിലും ഞാറ്റുവേലകളിലുമുള്ള വിശ്വാസമാണ്. അതിനാല്‍ അവര്‍ മഴവര്‍ഷിച്ചാല്‍ ഇന്ന ഞാറ്റുവേലകൊണ്ടാണ് മഴ വര്‍ഷിച്ചതെന്ന് പറയാറുണ്ടായിരുന്നു.(8)

ശകുനം നോക്കുന്ന സമ്പ്രദായവും അവര്‍ക്കിടയിലുണ്ടായിരുന്നു. പക്ഷികളെയോ മാനുകളെയോ ഇളക്കിവിട്ടു, അവ വലത്തോട്ട് ചലിച്ചാല്‍ തീരുമാനം നടപ്പാക്കുകയും ശുഭലക്ഷണമായി ഗണിക്കുകയും, ഇടത്തോട്ടു ചലിച്ചാല്‍ തീരുമാനത്തില്‍ നിന്ന് വിരമിക്കുകയും അശുഭലക്ഷണമായി ഗണിക്കുകയും ചെയ്യും. പക്ഷികളും മൃഗങ്ങളും വഴി മുറിക്കുന്നതും ദുഃശ്ശകുനമായി കണ്ടിരുന്നു. ചില ദിവസങ്ങളും മാസങ്ങളും ജീവികളും വീടുകളും സ്ത്രീകളും ദുഃശ്ശകുനമായി ഗണിച്ചിരുന്നു. വധിക്കപ്പെട്ടവന്റെ കാര്യത്തില്‍ പ്രതികാരം ചെയ്യാത്ത കാലമത്രയും പരേതാത്മാവ് അസ്വസ്ഥമായി വിജനമായ മരുഭൂമിയില്‍ ചുറ്റിക്കറങ്ങി "എന്റെ ദാഹം ശമിപ്പിക്കൂ....എന്റെ ദാഹം ശമിപ്പിക്കൂ...............'' എന്ന് വിലപിച്ചുകൊണ്ടേയിരിക്കുമെന്നും പ്രതികാരം ചെയ്താല്‍ ആത്മാവ് സ്വസ്ഥത കൈവരിക്കുമെന്നും അവര്‍ വിശ്വസിച്ചിരുന്നു.

അവശേഷിച്ച ചില മതചിഹ്നങ്ങള്‍
ഇവ്വിധം അന്ധവിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുമ്പോള്‍ തന്നെ ഇബ്റാഹീം നബിയുടെ മതത്തിന്‍റെ ചില ചിഹ്നങ്ങള്‍ അവര്‍ കാത്തുസൂക്ഷിച്ചിരുന്നു. കഅബ:യോടുള്ള ആദരവ്, പ്രദക്ഷിണം, ഹജ്ജ്, ഉംറ, അറഫയിലേയും മുസ്ദലിഫയിലേയും താമസം, ബലിദാനം തുടങ്ങിയവ ഇവയില്‍പെടുന്നു. എന്നാല്‍ ഇതിലും ചില നൂതനാചാരങ്ങള്‍ അവര്‍ സ്വീകരിച്ചിരുന്നു.

ഖുറൈശികള്‍, തങ്ങള്‍ ഇബ്റാഹീം സന്തതികളും ഹറമിന്റെയും കഅബയുടെയും അധിപരും, മക്കാനിവാസികളും, മതതീക്ഷ്ണതയുള്ളവരുമാണെന്നതിനാലും, ഇവ്വിധം സ്ഥാനങ്ങള്‍ മറ്റാര്‍ക്കുമില്ലാത്തതിനാലും ഹജ്ജ് വേളയില്‍ വിശുദ്ധ'ഹറം' വിട്ട് പുറത്ത് പോകേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്ന് വാദിച്ചുകൊണ്ട് അറഫയില്‍ നില്ക്കുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്യാതെ മുസ്ദലിഫയില്‍ നിന്ന് മിനായിലേക്ക് മടങ്ങുകയായിരുന്നു. ഇതിനെപ്പറ്റി ഖുര്‍ആന്‍ പറയുന്നു: " എന്നിട്ട് ജനങ്ങള്‍ എവിടെനിന്നു പുറപ്പെടുന്നുവോ അവിടെ നിന്നു തന്നെ നിങ്ങളും പുറപ്പെടുക''(2:199)

മതതീക്ഷ്ണതയുള്ള ജനങ്ങള്‍ക്ക് ഇഹ്റാമില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പാല്‍ക്കട്ടിയോ, മൃഗങ്ങളുടെ കൊഴുപ്പോ കഴിച്ചുകൂടെന്നും, മൃഗങ്ങളുടെ രോമനിര്‍മിതമായ കൂടാരങ്ങളില്‍ പ്രവേശിച്ചു കൂടെന്നും പ്രത്യുത, തോല്‍ക്കൂടാരങ്ങളില്‍ മാത്രമെ താമസിച്ചുകൂടൂ എന്നുമെല്ലാം അവര്‍ പ്രഖ്യാപിച്ചിരുന്നു.
ഹറമിനു പുറത്ത് നിന്ന് ഉംറയ്ക്കോ ഹജ്ജിനോ വരുന്നവര്‍ പുറത്തുനിന്നു കൊണ്ടുവരുന്ന ഭക്ഷണം കഴിച്ചുകൂടാ എന്നും അവര്‍ പറഞ്ഞിരുന്നു.

വെളിയില്‍ നിന്ന് ഹജ്ജിനു വരുന്നവര്‍ കഅബാ പ്രദക്ഷിണ വേളയില്‍ ഖുറൈശി വേഷമണിയണമെന്നും ഇല്ലെങ്കില്‍ പുരുഷന്‍ പൂര്‍ണനഗ്നനായും സ്ത്രീകള്‍ നാമമാത്രമായ അടിവസ്ത്രം അണിഞ്ഞും ത്വാവാഫ് നിര്‍വഹിക്കണമെന്നും അവര്‍ കല്പിച്ചിരുന്നു. ഇതിനെക്കുറിച്ച് അല്ലാഹു പറഞ്ഞു: "ആദം സന്തതികളേ എല്ലാ ആരാധനാലയങ്ങളിലും നിങ്ങള്‍ക്കലങ്കാരമായിട്ടുള്ള വസ്ത്രങ്ങളണിയുക'' (7:31). ഇനി വസ്തമണിഞ്ഞു ആരെങ്കിലും ത്വവാഫ് ചെയ്താല്‍ വിരമിച്ച ശേഷം തനിക്കും മറ്റാര്‍ക്കും ഉപകരിക്കാത്ത മട്ടില്‍ അതഴിച്ച് ഒഴിവാക്കുമായിരുന്നു.!(10)
ഇതുപോലെ ഇഹ്റാമില്‍ പ്രവേശിച്ചാല്‍ വീടിന്‍റെ വാതിലിലൂടെ അകത്തുകടക്കാതെ പിന്നില്‍ ദ്വാരമുണ്ടാക്കി അതിലൂടെ കടക്കുകയും പുറത്തുവരികയും ഇതൊരു പുണ്യകര്‍മമായി കരുതുകയും ചെയ്തിരുന്നു. ക്വുര്‍ആന്‍ 2:189 ല്‍ ഇത് വിലക്കുന്നുണ്ട്.

മറ്റു മതങ്ങളുടെ കുടിയേറ്റം
ഇവ്വിധം ബഹുദൈവത്വവും വിഗ്രഹപൂജയും അന്ധവിശ്വാസങ്ങളും മതമായി അംഗീകരിച്ച അറബികളിലേക്ക് ജൂതായിസത്തിനും ക്രൈസ്തവതയ്ക്കും മജൂസികള്‍ക്കും സ്വാബിഉകള്‍ക്കും അതിവേഗം കടന്നുകയറാന്‍ സാധിച്ചു.
ഫലസ്ത്വീനില്‍ നിന്ന് അറേബ്യയിലേക്കുള്ള ജൂത കുടിയേറ്റം പ്രധാനപ്പെട്ട രണ്ടു ഘട്ടങ്ങളിലൂടെ കടന്നു പോന്നു.
ഒന്ന്: 587 ബി സി യില്‍ ബാബിലോണ്‍, അസ്സീറിയ വിജയകാലത്ത് ബുക്തനസര്‍ രാജാവ് ജൂതന്മാരെ ബന്ദികളാക്കി ബാബിലോണിലേക്ക് കടത്തിയും അവരുടെ ആരാധനാലയവും നാടും തകര്‍ക്കുകയും ചെയ്തു. അവരെ ഫലസ്ത്വീനില്‍ നിന്ന് ഹിജാസിലേക്ക് നാടുകടക്കാന്‍ നിര്‍ബന്ധിച്ചു. അവര്‍ ഹിജാസിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ സ്ഥാനമുറപ്പിച്ചു.(11)

രണ്ടാമത്തേത്: ക്രി. 70 ല്‍ റോമന്‍ റ്റൈറ്റസിന്‍റെ നേതൃത്വത്തില്‍ റോമിന്‍റെ ഫലസ്ത്വീന്‍ അധിനിവേശകാലത്ത് തുടങ്ങുന്നു. ജൂതരുടെ നാടും സിനഗോഗും തകര്‍ത്തത് കാരണം ധാരാളം ജൂതഗോത്രങ്ങള്‍ ഹിജാസിലേക്ക് നാടുകടന്നു. ഇവര്‍ യഥ്രിബ്, ഖൈബര്‍, തൈമാഅ് എന്നിവിടങ്ങളില്‍ വാസമുറപ്പിച്ചു. അവിടെ ഗ്രാമങ്ങളും കോട്ടകളും നിര്‍മിച്ചു. ഈ കുടിയേറ്റക്കാര്‍ വഴി ജൂതമതം അറബികളില്‍ സ്വാധീനമുറപ്പിക്കാന്‍ ഇടയായി. ഇസ്ലാമിന്റെ ആഗമന കാലത്തും അതിന് മുമ്പും അരങ്ങേറിയ ചില രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്ക് ഇതില്‍ ഗണ്യമായ പങ്കുണ്ട്. ഇസ്ലാമിന്റെ ആഗമനകാലത്ത് അറിയപ്പെട്ടിരുന്ന പ്രധാന ജൂതഗോത്രങ്ങള്‍: ഖൈബര്‍, നളീര്‍, മുസ്ത്വലഖ്, ക്വുറൈള, ക്വൈനുക്വാഅ് എന്നിവയാണ്. മൊത്തം ഇരുപതില്‍ പരം ഗോത്രങ്ങളുണ്ടായിരുന്നുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

യമനില്‍ ജൂതമതം കടന്നുവരുന്നത് തിബാന്‍ അസ്അദ് അബുകര്‍ബ് എന്നയാള്‍ വഴിയാണ്. യഥ്രിബിലേക്ക് യുദ്ധത്തിന് പോയ ഇദ്ദേഹം അവിടെ വെച്ച് ജൂതമതമവലംബിക്കുകയും ക്വുറൈള ഗോത്രത്തില്‍ നിന്ന് രണ്ട് ജൂതപുരോഹിതന്മാരെയും കൊണ്ട് യമനിലേക്ക് തിരിക്കുകയും ചെയ്തു. അതോടെ അവിടെ ജൂതമതം പ്രചുര പ്രചാരം നേടി. ഇദ്ദേഹത്തിന് ശേഷം പുത്രന്‍ യൂസുഫ് ദൂനുവാസ് യമനിന്‍റെ സാരഥ്യത്തിലേക്ക് വന്നപ്പോള്‍, നജ്റാനിലെ ക്രൈസ്തവര്‍ക്കെതിരെ കടന്നാക്രമണം നടത്തുകയും ജൂതമതം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. അവരതിന് വിസമ്മതിച്ചപ്പോള്‍ വലിയ കിടങ്ങ്കീറി തീക്കുണ്ടമുണ്ടാക്കി സ്ത്രീ-പുരുഷ-ശിശു-വൃദ്ധ വ്യത്യാസമില്ലാതെ എല്ലാ ക്രൈസ്തവരെയും അതില്‍ എരിച്ചുകളഞ്ഞു! ഇവരുടെ എണ്ണം ഇരുപതിനായിരത്തിന്റെയും നാല്പതിനായിരത്തിന്‍റെയും ഇടയ്ക്കാണെന്ന് കണക്കാക്കപ്പെടുന്നു. സംഭവം ക്രിസ്താബ്ദം 523 ഒക്ടോബറിലായിരുന്നു. ക്വുര്‍ആന്‍ അല്‍ബുറൂജ് അധ്യായത്തില്‍ ഈ സംഭവം സൂചിപ്പിക്കുന്നുണ്ട്.

ക്രൈസ്തവത അറബ് രാജ്യത്ത് കുടിയേറ്റം നടത്തിയത് എത്യോപ്യന്‍, റോമന്‍ അധിനിവേശത്തോടൊപ്പമാണ്. ആദ്യം എത്യോപ്യ യമനില്‍ പ്രവേശിക്കുന്നത് ക്രി. 340 ആണ്. അത് ക്രി. 378 വരെ തുടരുകയും ചെയ്തു. ഈ കാലത്ത് ക്രൈസ്തവ മിഷനറിമാരും യമനില്‍ പ്രവേശിക്കുകയുണ്ടായി. ഏകദേശം ഈ കാലത്ത് തന്നെ വിരക്തനും സിദ്ധനുമായി അറിയപ്പെടുന്ന ഫിമ്യൂന്‍ നജ്റാനിലും ക്രൈസ്തവത പ്രചരിപ്പിച്ചു. നജ്റാന്‍ നിവാസികള്‍ അദ്ദേഹത്തില്‍ ആകൃഷ്ടരായി ക്രിസ്തുമതം സ്വീകരിച്ചു.(12)

ക്രിസ്തുവര്‍ഷം 525 എത്യോപ്യയുടെ യമന്‍ അധിനിവേശത്തോടെ ക്രൈസ്തവത അവിടെ പ്രചാരം നേടി. ഇത് ദൂനുവാസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു പ്രതികരണമെന്നോണമായിരുന്നു. ഇവിടെ അബ്റഹ: അധികാരത്തില്‍ വന്നപ്പോള്‍ ഇതിനു ശക്തി പകരുകയും ചെയ്തു. ഇതിന്നായി അയാള്‍ ഒരു ചര്‍ച്ച് പണിത് അതിന് 'യമന്‍ കഅ്ബ' എന്നു പേരുവിളിച്ചു. അയാള്‍ അതുകൊണ്ടുദ്ദേശിച്ചത് മക്കയില്‍ നിന്ന് ഹജ്ജ് അങ്ങോട്ട് തിരിക്കാനും കഅ്ബാലയം തകര്‍ക്കാനുമായിരുന്നു. പക്ഷേ, അല്ലാഹു അയാളെ കഠിനമായി ശിക്ഷിച്ചു.

ക്രിസ്തുമതം സ്വീകരിച്ച മറ്റു പ്രധാന ഗോത്രങ്ങള്‍ ഗസ്സാന്‍, തഗ്ലബ്, ത്വയ് തുടങ്ങിയവയും ചില ഹിംയര്‍ രാജാക്കന്മാരുമായിരുന്നു. ഇവരത്രയും റോമിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവരുമായിരുന്നു.
മജൂസി മതം (അഗ്നി പൂജകര്‍) സ്വാധീനിച്ചത് പേര്‍ഷ്യയുടെ അയല്‍പക്കത്ത് വസിച്ചിരുന്ന ഇറാഖ്, ബഹ്റൈന്‍, അല്‍അഹ്സാ എന്നിവിടങ്ങളിലും അറേബ്യന്‍ ഗള്‍ഫിന്റെ തീരങ്ങളില്‍ വസിച്ചിരുന്ന ചിലരെയുമാണ്. അതുപോലെ ചില യമനികളും പേര്‍ഷ്യന്‍ അധിനിവേശ കാലത്ത് മജൂസികളാവുകയുണ്ടായി.

സ്വാബീ മതം: ഇറാഖിയന്‍ പ്രദേശത്ത് നടന്ന ഖനനഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നതുപോലെ ഇബ്റാഹീം നബിയുടെ ജനതയായ കല്‍ദാനികളുടെ മതമാണ് ഇത്. ഏതാനും സിറിയക്കാരും യമനികളും ഇത് സ്വീകരിച്ചിരുന്നു. പുതിയ, ജൂത ക്രൈസ്തവ മതങ്ങളുടെ ആഗമനത്തോടെ ഇതിന്‍റെ അടിത്തറ തകരുകയും നാമാവശേഷമാവുകയും ചെയ്തുവെങ്കിലും ഇന്നും ഇതിന്‍റെ അവശിഷ്ടം അതുമായി സഹവസിക്കുകയോ കൂടിക്കലരുകയോ ചെയ്യുന്ന ഇറാക്വിലും അറബ് ഗള്‍ഫ് തീരങ്ങളിലും ദൃശ്യമാണ്.

മതപരമായ സ്ഥിതിഗതികള്‍
ഇസ്ലാമിന്റെ ആഗമനകാലത്തെ മതകീയ അവസ്ഥകളാണ് ഇതെല്ലാം. ഈ മതങ്ങള്‍ക്കെല്ലാം ക്ഷയവും ന്യൂനതകളും ബാധിച്ചുകഴിഞ്ഞിരുന്നു. ഇബ്റാഹീമി മതത്തിലാണെന്ന് വാദിച്ചിരുന്ന ബഹുദൈവവിശ്വാസികള്‍ അതുമായി അത്യധികം അകന്നുകഴിഞ്ഞിരുന്നതിനാല്‍ അതിന്റെ സ്വഭാവ സംസ്കരണ പാഠങ്ങള്‍ അവഗണിക്കുകയും വിസ്മരിക്കുകയും ചെയ്തു. ഫലമോ! അധാര്‍മികത അവരില്‍ വ്യാപിച്ചു. കാലദൈര്‍ഘ്യം കാരണം വിഗ്രഹപൂജാ മതത്തിന്റെതായ സകല ആചാരങ്ങളും സമ്പ്രദായങ്ങളും അന്ധവിശ്വാസങ്ങളും അവരില്‍ വേരോടി. ഇതെല്ലാം അറേബ്യയുടെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ അതിയായി സ്വാധീനിക്കുകയും ചെയ്തിരുന്നു.

ജൂത മതം പ്രകടനപരതയിലേക്കും അഹന്തയിലേക്കും മാറിക്കഴിഞ്ഞിരുന്നു. നേതാക്കള്‍ ദൈവത്തിന്റെ സ്ഥാനം കയ്യേറ്റുകൊണ്ട് മനുഷ്യ മനസ്സുകളുടെ മേല്‍ പോലും തീര്‍പ്പുകല്പിച്ചു തുടങ്ങി. നേതൃത്വവും ധനവും ഉറപ്പുവരുത്തുന്നതില്‍ ശ്രദ്ധയൂന്നി, അത് മതത്തിന്റെ പവിത്രത ലംഘിക്കപ്പെടാനോ മതപാഠങ്ങള്‍ അവഗണിക്കാനോ നിഷേധിക്കാനോ കാരണമായാലും ശരി.

ക്രൈസ്തവതയും വിഗ്രഹപൂജാധിഷ്ഠിതമായെങ്കിലും ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ വിചിത്രമായ ഒരു ബന്ധം അത് അവതരിപ്പിച്ചതു കാരണം അറബി മനസ്സുകളില്‍ യാഥാര്‍ഥത്തില്‍ ഒരു സ്വാധീനവും അതുണ്ടാക്കിയില്ല. അതിന്റെ സംജ്ഞകളോ പാഠങ്ങളോ മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിയാതെ പോയി എന്നതാണ് അതിന്റെ മൂലഹേതു. പുറമെ അറബികള്‍ ശീലിച്ച ജീവിതശൈലിയോടും സമ്പ്രദായങ്ങളോടും ഈ പുതിയ ആശയം ഇണങ്ങുന്നതുമായിരുന്നില്ല.
അറേബ്യയിലെ ഇതര മതങ്ങളാകട്ടെ, ആശയത്തിലും ശൈലിയിലും സമ്പ്രദായങ്ങളിലുമെല്ലാം ബഹുദൈവത്വ മതത്തോട് സമരസപ്പെടുകയും സാദൃശ്യം പുലര്‍ത്തുകയും ചെയ്തു കഴിഞ്ഞിരുന്നു.

 1. കിതാബുല്‍ അസ്വ്നാം-ഇബ്നുല്‍കല്‍ബി പുറം: 28
2. ബുഖാരി ഹ: 4920
3. ഇബ്നുഹിശാം 1/78, 80,89
4. ബുഖാരി ഹ: 1610
5. ബുഖാരി ഹ: 4376
6. ഇബ്നുഹിശാം 1/89
7. ഫത്ഹുല്‍ബാരി 8/277
8. ബുഖാരി ഹ: 846, മുസ്ലിം ഹ: 71
9. ബുഖാരി 5757
10. ഇബ്നുഹിശാം 1/202, 203, ബുഖാരി:ഹ:1665
11. ഖല്‍ബുജസീറത്തില്‍ അറബ് പുറം: 251
12. ഇബ്നുഹിശാം 1/31-34


സി. സലീം സുല്ലമി വിവര്‍ത്തനം ചെയ്ത ശൈഖ് സ്വഫീഹുറഹ്മാന്‍ മുബാറക് പൂരിയുടെ 'അര്‍റഹീക്വുല്‍ മഖ്തൂം' എന്ന ഗ്രന്ഥത്തില്‍ നിന്ന്...

 

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH